കർക്കടകം

കൊല്ലവർഷത്തിലെ മാസം
(കർക്കിടകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർക്കടകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കർക്കടകം (വിവക്ഷകൾ) എന്ന താൾ കാണുക. കർക്കടകം (വിവക്ഷകൾ)

കൊല്ലവർഷത്തിലെ 12-മത്തെ മാസമാണ് കർക്കടകം, പഞ്ഞമാസം അഥവാ രാമായണമാസം. സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. ജൂലൈ - ഓഗസ്റ്റ് മാസങ്ങൾക്ക് ഇടക്കായി ആണ് കർക്കടക മാസം വരുന്നത്. ഈ മാസത്തിന്റെ പേര് 'കർക്കിടകം' എന്ന് തെറ്റായി ഉച്ചരിയ്ക്കുകയും പത്രങ്ങളും മാസികകളും അങ്ങനെ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്.

കേരളത്തിൽ കനത്ത മഴ ലഭിക്കുന്ന മാസമാണ് കർക്കടകം. അപ്രതീക്ഷിതമായി മഴ പെയ്യുന്നു എന്നതിനാൽ "കള്ളക്കർക്കടകം" എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. അതിനാൽ 'മഴക്കാല രോഗങ്ങൾ' ഈ കാലഘട്ടത്തിൽ കൂടുതലായി ഉണ്ടാകുന്നു. കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാൽ "പഞ്ഞമാസം" എന്നും വിളിക്കപ്പെടുന്നു. ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണം വായന ഈ മാസമാണ് നടത്താറുള്ളത്. അതോടൊപ്പം ചിലർ വ്രതമെടുക്കുന്നു. അതിനാൽ കർക്കടകത്തിനെ രാമായണമാസം എന്നും അറിയപ്പെടുന്നു. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, കോട്ടയം രാമപുരം ക്ഷേത്രം, മലപ്പുറം രാമപുരം ക്ഷേത്രം എന്നിവ കേന്ദ്രീകരിച്ചു നടക്കുന്ന പ്രസിദ്ധമായ 'നാലമ്പലദർശനം' എന്ന തീർത്ഥാടനം ഈ മാസത്തിലാണ് നടക്കാറുള്ളത്. പണ്ട് കാലത്ത് സ്ത്രീകൾ ദശപുഷ്പം ചൂടിയിരുന്നതും ഈ കാലത്താണ്. മലയാളികൾ ശരീരപുഷ്ടിക്കും ആയുരാരോഗ്യ വർദ്ധനവിനുമായി ഔഷധകഞ്ഞി കഴിക്കുന്നതും ആയുർവേദ/ നാട്ടുവൈദ്യ വിധിപ്രകാരം 'സുഖചികിത്സ' നടത്തുന്നതും കർക്കടകത്തിലാണ്.

കർക്കടക മാസത്തിൽ ആരോഗ്യ പരിപാലനത്തിനായി കർക്കടകക്കഞ്ഞി കുടിക്കുന്നത് ഇന്ന് ഒരു വലിയ വിപണി തന്നെ ആയിട്ടുണ്ട്. മുക്കുറ്റി, പൂവാം കുറുന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി മുതലായ ഔഷധമൂല്യമുള്ള ചെടികളും ഞവരനെല്ലു, മുതിര തുടങ്ങിയ ധാന്യങ്ങളും കർക്കടകക്കഞ്ഞി തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു. പല ആയുർ‌വ്വേദ കേന്ദ്രങ്ങളും കർക്കടകത്തിൽ 'എണ്ണത്തോണി' മുതലായ പ്രത്യേക സുഖചികിൽസയും ഇന്ന് ഒരുക്കുന്നുണ്ട്.


മലയാള മാസങ്ങൾ
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം
"https://ml.wikipedia.org/w/index.php?title=കർക്കടകം&oldid=3944482" എന്ന താളിൽനിന്ന് ശേഖരിച്ചത്