മോഹിനിയാട്ടം

കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപം

മോഹിനിയാട്ടം (Mohiniyattam) കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ്[1]. നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും അവതരിപ്പിച്ചുകാണുന്നു. കേരളീയക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസീനൃത്തത്തിന്റെ പരിഷ്കരിച്ച രൂപമാണ് മോഹിനിയാട്ടം.[2] കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയായിരുന്നു.

കേരള സ്കൂൾ കലോത്സവത്തിൽ നിന്നും
മോഹിനിയാട്ട നർത്തകി

ചരിത്രം തിരുത്തുക

ഊഹാപോഹങ്ങളുടേയും ദുരൂഹതകളുടേയും ,വിവാദങ്ങളുടേയും ഉള്ളിൽ ആഴ്‌ന്നിറങ്ങിയിരിക്കുന്ന അവസ്ഥയാണു മോഹിനിയാട്ടത്തിന്റെ ചരിത്രപഠനത്തിനുള്ളത്. ഇന്ത്യയിലെ മറ്റിടങ്ങളിലെന്ന പോലെ, കേരളത്തിലും ദേവദാസി സമ്പ്രദായം നിലനിന്നിരുന്നു എന്നും, അതിന്റെ പിന്തുടർച്ചയായി വന്ന തേവിടിശ്ശിയാട്ടത്തിന്റെ പരിഷ്കൃത രൂപമാണു ഇന്നു കാണുന്ന മോഹിനിയാട്ടം എന്നും വാദിക്കുന്നവരുണ്ട്. എങ്കിലും ഇതിനു ഉപോൽബലകമായ തെളിവുകൾ ചരിത്രരേഖകളിൽ തുലോം കുറവാണ്. "മോഹിനിയാട്ട "ത്തെക്കുറിച്ച് രേഖാമൂലമുള്ള പരാമർശം ആദ്യമായി കാണുന്നതു മഴമംഗലം നാരായണൻ നമ്പൂതിരി ക്രിസ്ത്വബ്ദം 1809-ൽ എഴുതിയതെന്നു കരുതപ്പെടുന്ന വ്യവഹാരമാലയിലാണ്. പ്രസ്തുത കൃതിയിൽ ഒരു മോഹിനിയാട്ട പ്രദർശനത്തിനു ശേഷം കലാകാരന്മാർ അവർക്കു കിട്ടിയ പ്രതിഫലം പരസ്പരം പങ്കിട്ടെടുക്കുന്നതിന്റെ കണക്കിനെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. നാരായണൻ നമ്പൂതിരിക്ക് സമകാലീനനായിരുന്ന കുഞ്ചൻനമ്പ്യാരുടെ തുള്ളൽകൃതിയിലും ഈ നൃത്തരൂപത്തെക്കുറിച്ചു പരാമർശമുണ്ട്. "ഘോഷയാത്ര" എന്ന തുള്ളൽക്കവിതയിൽ ചുറ്റുമുള്ള ഐശ്വര്യസമൃദ്ധിയെ വർണ്ണിക്കുന്നതിനിടയ്ക്ക് അദ്ദേഹം ആ കാലത്തു നാട്ടിൽ നിലവിലുള്ള എല്ലാ കലകളേയും വിവരിക്കുന്നു:


ചന്ദ്രാംഗദചരിതം തുള്ളലിൽ ചന്ദ്രാംഗദന്റെ വിവാഹാഘോഷ വർണ്ണന ഇപ്രകാരം:


പണ്ട് ദേവദാസികള്എത്ര തന്നെ ആരാധ്യരായിരുന്നെങ്കിലും, നമ്പ്യാരുടെ കാലമായപ്പോഴേയ്ക്കും മോഹിനിയാട്ടം ഒരു നൃത്തരൂപമെന്ന നിലയിൽ വളരെ അധഃപതിച്ചിരുന്നു എന്നു കാണാം.

തെന്നിന്ത്യയിലെ പ്രധാന നാടകശാലകളിൽ‍ ഒന്നായിരുന്ന തിരുവനന്തപുരത്ത് മോഹിനിയാട്ടത്തിനു കാര്യമായ പ്രോത്സാഹനങ്ങൾ ലഭിച്ചു എന്നുവേണം കരുതുവാൻ. തമിഴ്, ഹിന്ദി, കന്നട, സംസ്കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ കൃതികളും മോഹിനിയാട്ടത്തിന് ഉപയോഗിച്ചു കാണാറുണ്ട്. ഇതിൽ നിന്നു ദക്ഷിണഭാരതത്തിലെ സുപ്രധാന നാടകശാലകളായിരുന്ന വിജയനഗരം, തഞ്ചാവൂർ എന്നിവിടങ്ങളിലെ കലാകാരന്മാർ കേരളത്തിലുള്ള നാടകശാലകളുമായി സഹകരിച്ചുപോന്നിരിക്കണം.

സ്വാതിതിരുനാൾ തിരുത്തുക

പ്രധാന ലേഖനം: സ്വാതി തിരുനാൾ

പത്തൊമ്പതാം നൂറ്റാണ്ടിൽ സ്വാതിതിരുനാൾ ബാലരാമവർമ്മയുടെ (1829) സ്ഥാനാരോഹണത്തോടെയാണ് മോഹിനിയാട്ടത്തിനു ഒരു പുതിയ ഉണർവ്വുണ്ടായത്[3]. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്പുരാൻ‍ തുടങ്ങിയ കവിരത്നങ്ങളാലും, ഷഡ്കാല ഗോവിന്ദമാരാർ തുടങ്ങിയ സംഗീതപ്രതിഭകളാലും, വടിവേലു, ചിന്നയ്യ, പൊന്നയ്യ എന്നീ നട്ടുവന്മാരാലും അലങ്കരിക്കപ്പെട്ടിരുന്നു[4]. നാടിന്റെ നാനാഭാഗത്തുനിന്നുള്ള നർത്തകികളെ അദ്ദേഹം തന്റെ സദസ്സിലേക്ക് ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. വിദഗ്ദ്ധകളായ മോഹിനിയാട്ടം നർത്തകിമാരെ തന്റെ സദസ്സിലേയ്ക്ക് അയച്ചു തരുവാൻ ആവശ്യപ്പെട്ടുകൊണ്ട്‌ അദ്ദേഹം മീനച്ചിൽ കർത്തായ്ക്ക്‌ എഴുതിയ കത്തിന്റെ പതിപ്പ്‌ തിരുവനന്തപുരം ഗ്രന്ഥപ്പുരയിൽ കാണാം.

സ്വാതിതിരുനാൾ രചിച്ച പദങ്ങളും വർണ്ണങ്ങളും തില്ലാനകളും തന്നെയാണ് ഇന്നും മോഹിനിയാട്ടവേദിയിൽ കൂടുതലായും അവതരിപ്പിക്കപ്പെട്ടു വരുന്നത്‌. ഭരതനാട്യവുമായി നിരന്തരസമ്പർക്കം നിലനിന്നിരുന്ന ഈ കാലഘട്ടത്തിൽ തന്നെയായിരിക്കണം മോഹിനിയാട്ടവും ഭരതനാട്യം ശൈലിയിലുള്ള കച്ചേരി സമ്പ്രദായത്തിൽ അവതരിപ്പിച്ചു തുടങ്ങിയത്‌. ഇതിനു മുമ്പ് മോഹിനിയാട്ടത്തിൽ അവതരിപ്പിച്ചിരുന്ന ഇനങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരണങ്ങൾ വെളിപ്പെട്ടിട്ടില്ല. എന്തായാലും സദിരിൽ നിന്നും ഭരതനാട്യത്തിലെത്തി നിന്നിരുന്ന ദാസിനൃത്തത്തിനും, തേവിടിശ്ശിയാട്ടത്തിലൂടെ മോഹിനിയാട്ടമായ കൈരളിയുടെ സ്വന്തം ലാസ്യനൃത്തത്തിനും ഒരേ മാതൃകയിലുള്ള അവതരണരീതി കൈവന്നത്‌ തികച്ചും യാദൃച്ഛികമാകാൻ നിവൃത്തിയില്ല.

സ്വാതിതിരുനാളിനു ശേഷം തിരുത്തുക

ലാസ്യനൃത്തപ്രിയനായിരുന്ന സ്വാതിതിരുനാളിനുശേഷം സ്ഥാനാരോഹണം ചെയ്ത ഉത്രം തിരുനാളാകട്ടെ, ഒരു തികഞ്ഞ കഥകളി പ്രിയനായിരുന്നു. മോഹിനിയാട്ടം അതിന്റെ സുവർണസിംഹാസനത്തിൽ നിന്നും ചവറ്റുകുട്ടയിലേയ്ക്ക് എന്ന പോലെ അധഃപതിക്കുകയാണു പിന്നീടുണ്ടായത്. കേരളത്തിലുടനീളം കഥകളിക്കു പ്രിയം വർദ്ധിക്കുകയും മോഹിനിയാട്ടവും, നർത്തകികളും അവഹേളനത്തിന്റെ പാതയിലേയ്ക്കു തള്ളപ്പെടുകയും ചെയ്തു. സ്വാതിതിരുനാളിന്റെ കാലത്തു മോഹിനിയാട്ടം നട്ടുവരും ഭാഗവതരുമായിരുന്ന പാലക്കാട് പരമേശ്വരഭാഗവതർ തിരുവനന്തപുരം വിട്ടു സ്വദേശത്തേക്കു തിരിച്ചു വരാൻ നിർബന്ധിതനായി. നർത്തകിമാരാവട്ടെ, ഉപജീവനത്തിൽ മറ്റൊരു മാർഗ്ഗവും അറിയാഞ്ഞതിനാലാവണം, തങ്ങളുടെ നൃത്തത്തിൽ ശൃംഗാരത്തിന്റെ അതിപ്രസരം വരുത്താൻ തുടങ്ങി. പൊലികളി, ഏശൻ, മൂക്കുത്തി, ചന്ദനം തുടങ്ങിയ പുതിയ ഇനങ്ങൾ രംഗത്തവതരിപ്പിച്ച് സ്ത്രീലമ്പടന്മാരായ കാണികളുടെ പ്രീതി പിടിച്ചു പറ്റി, തൽക്കാലം തങ്ങളുടെ നിലനിൽപ്പു സുരക്ഷിതമാക്കാൻ ശ്രമിച്ചു.

ചന്ദനം എന്ന നൃത്ത ഇനത്തിൽ നർത്തകി ചന്ദനം വിൽക്കാനെന്ന വ്യാജേന നൃത്തം ചെയ്തുകൊണ്ടു കാണികളുടെ ഇടയിലേയ്ക്കു ഇറങ്ങി വരുന്നു. പിന്നീട് അവരുടെ കയ്യിൽ നിന്നും പണം വാങ്ങിക്കൊണ്ടു ചന്ദനം അവരുടെ നെറ്റിയിൽ ചാർത്തിക്കൊടുക്കുന്നു. മറ്റൊരു ഇനമായ "മൂക്കുത്തി"യിലാകട്ടെ, തന്റെ മൂക്കുത്തി കളഞ്ഞു പോയതായി നർത്തകി വേദിയിൽ നിന്നുപറയുന്നു. പിന്നീട് കാണികളുടെ ഇടയ്ക്ക് വന്നു തിരഞ്ഞ് തന്റെ മൂക്കുത്തി കണ്ടെടുക്കുന്നു.

മോഹിനിയാട്ടത്തിൽ വന്ന ഈ അധഃപതനം അതിനെയും നർത്തകികളെയും സമൂഹത്തിന്റെ മാന്യവേദികളിൽ നിന്നും അകറ്റി. കൊല്ലവർഷം 1070-ൽ ഇറങ്ങിയ വിദ്യാവിനോദിനി എന്ന മാസികയില്‍ മോഹിനിയാട്ടം സാംസ്കാരികകേരളത്തിന്റെ ഏറ്റവും വലിയ ശാപമാണെന്നും, തന്മൂലം എത്രയും വേഗം ഈ നൃത്തരൂപത്തെ നിരോധിക്കണമെന്നും പറഞ്ഞുകൊണ്ടൊരു ലേഖനമുള്ളതായി നിർമ്മലാ പണിക്കർ തന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. 1920-കളിൽ കൊരട്ടിക്കര എന്നയിടത്തു കൈകൊട്ടിക്കളി പഠിപ്പിച്ചു വന്നിരുന്ന കളമൊഴി കൃഷ്ണമേനോന്റെ ശിഷ്യകളിൽ നിന്നു പഴയന്നൂർ ചിന്നമ്മുഅമ്മ, പെരിങ്ങോട്ടുകുറിശ്ശി ഓ.കല്യാണിഅമ്മ, കൊരട്ടിക്കര മാധവിഅമ്മ, ഇരിങ്ങാലക്കുട നടവരമ്പ് കല്യാണിഅമ്മ തുടങ്ങിയവരെ അപ്പേക്കാട്ടു കൃഷ്ണമേനോൻ മോഹിനിയാട്ടം അഭ്യസിപ്പിക്കുവാൻ തുടങ്ങി.

ഹസ്തമുദ്ര തിരുത്തുക

 

മോഹിനിയാട്ടം, കഥകളി, കൂടിയാട്ടം എന്നിവയ്ക്ക് പൊതുവേ ഹസ്തമുദ്രകൾക്ക് പ്രാധാന്യമുണ്ട്. മുദ്രകൾക്ക് അക്ഷരങ്ങളുടെ സ്ഥാനമാണ്. വ്യത്യസ്തമുദ്രകൾ വ്യത്യസ്തവാക്കുകളെ സൂചിപ്പിക്കുന്നു. 'ഹസ്തലക്ഷണ ദീപിക' എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഇരുപത്തിനാല് മുദ്രകളാണ് ഇവയ്ക്കടിസ്ഥാനം. ഇരുപത്തിനാല് ഹസ്തമുദ്രകൾ ഇവയാണ്.

പതാക, മുദ്രാഖ്യം, കടകം, മുഷ്ടി, കർത്തരീമുഖം, ശുകതുണ്ഡം, കപിത്ഥകം, ഹംസപക്ഷം, ശിഖരം, ഹംസാസ്യം, അഞ്ജലി, അർദ്ധചന്ദ്രം, മുകുരം, ഭ്രമരം, സൂചികാമുഖം, പല്ലവം, ത്രിപതാക, മൃഗശീർഷം, സർപ്പശിരസ്സ്, വർധമാനകം, അരാളം, ഊർണ്ണനാഭം, മുകുളം, കടകാമുഖം.

കേരളകലാമണ്ഡലം തിരുത്തുക

പ്രധാന ലേഖനം: കേരളകലാമണ്ഡലം

1930 -ൽ ചെറുതുരുത്തിയിൽ വള്ളത്തോൾ നാരായണമേനോൻ തുടങ്ങിയ കേരളകലാമണ്ഡലത്തിൽ കഥകളിയോടൊപ്പം മോഹിനിയാട്ടത്തിന്റെ പഠനത്തിനും സൗകര്യമുണ്ടായിരുന്നു. മോഹിനിയാട്ടം തന്റെ സ്ഥാപനത്തിലെ പഠനവിഷയമാക്കണമെന്നു തീരുമാനിച്ച വള്ളത്തോൾ അതിനു യോഗ്യതയുള്ള അദ്ധ്യാപികയെ കണ്ടെത്തുന്നതു അപ്പേക്കാട്ട്കൃഷ്ണപ്പണിക്കരുടെ ശിഷ്യകളിൽ പ്രഥമസ്ഥാനീയയായിരുന്ന ഒരിക്കലേടത്ത് കല്യാണി അമ്മയിലാണ്[5].അന്നു മോഹിനിയാട്ടം പഠിക്കാൻ പെൺകുട്ടികളെ കിട്ടാൻ പ്രയാസമായിരുന്നു. സാധാരണയായി സ്ത്രീകളൊന്നും മോഹിനിയാട്ടം പഠിക്കാൻ തയ്യാറായിരുന്നില്ല.അതുകൊണ്ട് കലാമണ്ഡലം സെക്രട്ടറിയായിരുന്ന മണക്കുളം മുകുന്ദ രാജയുടെ ആശ്രിതനായ കുന്നംകുളം പന്തലത്ത് ഗോവിന്ദൻ നായരുടെ മകൾ മുളയ്ക്കൽ തങ്കമണിയെ കലാമണ്ഡലത്തിലെ ആദ്യത്തെ മോഹിനിയാട്ടം വിദ്യാർത്ഥിനിയാക്കി. തങ്കമണി പിന്നീട് ഗുരു ഗോപിനാഥിന്റെ സഹധർമ്മിണിയായി.അന്നു വരെ മോഹിനിയാട്ടത്തിൽ നിലവിലുണ്ടായിരുന്ന പല സമ്പ്രദായങ്ങളും വള്ളത്തോളിന്റെ നേതൃത്വത്തിൽ മാറ്റപ്പെട്ടു. ഇതിന്റെ ആദ്യപടിയായി മോഹിനിയാട്ടത്തിലെ അശ്ലീലത്തിന്റെ കടന്നു കയറ്റത്തിനെ മഹാകവി ഇല്ലാതാക്കി. കുറേക്കൂടി സഭ്യമായ കൃതികളും, ചലനങ്ങളുമായിരിക്കണം പുതിയ മോഹിനിയാട്ടത്തിനു വേണ്ടതെന്നു അദ്ദേഹം കല്യാണിയമ്മയ്ക്ക് നിർദ്ദേശം കൊടുക്കുകയുണ്ടായത്രെ. നട്ടുവന്റേയും, പിന്നണിഗായകരടക്കമുള്ള പക്കമേളക്കാരുടേയും സ്ഥാനം വേദിയുടെ വശത്തായി നിശ്ചയിച്ചതാണു മറ്റൊരു മാറ്റം. കുഴിത്താളം കയ്യിലേന്തി, ഉച്ചത്തിൽ വായ്‌ത്താരി പറഞ്ഞുകൊണ്ടു നർത്തകിയ്ക്കൊപ്പം നീങ്ങുകയായിരുന്നു നട്ടുവന്മാരുടെ അതുവരെയുണ്ടായിരുന്ന പതിവ്.

1950ൽ വള്ളത്തോൾ മഹാകവി ചിന്നമ്മുഅമ്മ എന്ന പഴയന്നൂർകാരിയായ കലാകാരിയെ കണ്ടെത്തി. അവർ ശ്രീ കലമൊഴി കൃഷ്ണ മേനോന്റെ ശിഷ്യയായിരുന്നു. കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയും സത്യഭാമയും ചിന്നമ്മു അമ്മയുടെ ശിഷ്യയായിരുന്നു.[6]

ഉയർച്ച തിരുത്തുക

കുറെക്കാലം മോഹിനിയാട്ടം പ്രസിദ്ധിയാർജ്ജിക്കാതെ പോയി. ഡോ. കനക് റെലെയും ഭാരതി ശിവജിയും ഇതിൽ ശ്രദ്ധപതിപ്പിച്ചതോടെ സ്ഥിതിമാറി. അവർ മോഹിനിയാട്ടത്തിന് നല്ല സംഭാവന കൾ നൽകി. ഭാരതീയ വിദ്യാഭവനിലെ പ്രൊ. ഉപാദ്ധ്യയുടേയും ദോ. മോത്തി ചന്ദ്രയുടേയും കീഴിൽ ഗവേഷണം നടത്തി ഡോ. കനക് റെലെ 1977 ൽ മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടി. അവർ മഹാരാഷ്ട്രയിൽ നളന്ദ നൃത്ത ഗവേഷണ കേന്ദ്രവും നളന്ദ നാട്യകലാ മഹാവിദ്യാലയവും തുടങ്ങി.[6]

സങ്കേതങ്ങൾ തിരുത്തുക

 
  • പ്രണാമം(നമസ്കാരം)

ഏകതാളം, വിളംബരകാലത്തിൽ പതിനാറ് അക്ഷരകാലം, സമപാദത്തിൽനിന്ന് ഇരുകൈകളും മാറിനു നേരെ മലർത്തിപ്പിടിച്ച്, ഇരുപാർശ്വങ്ങളിൽക്കൂടി, ശിരസ്സിനു മേലേ അഞ്ജലി പിടിച്ച് താഴ്ത്തി മാറിനു നേരേ കൊണ്ടുവന്ന്, വലതുകാൽ മുന്നോട്ട് വച്ച്, ഇടതുകാലും സമപാദത്തിൽ കൊണ്ടുവന്ന്, ഉപ്പൂറ്റിചേർത്ത്, പാദം വിരിച്ച് കാൽമുട്ടുകൾ മടക്കി ഉപ്പൂറ്റി ഉയർത്തിയിരുന്ന് അഞ്ജലിയുടെ അഗ്രം ഭൂമിയിൽ തൊടീച്ച്, എഴുന്നേറ്റ്, ഇടതുകാൽ പുറകോട്ടാക്കി സമപാദത്തിൽ നിന്ന് ശിരസ്സ് നമിക്കുക.

  • പാദഭേദങ്ങൾ
  • സോപാനനില (സമനില)

സമപാദം കാലുകൾ ചേർത്ത്, ഉടൽ നിവർത്തി, ഇടതുകൈയുടെ മണിബന്ധം ഇടുപ്പിൽ മടക്കിവയ്‌ക്കുകയും, വലതുകൈ വർദ്ധമാനകമുദ്ര പിടിച്ച്, പെരുവിരൽ ഇടതുകൈയിൽ തൊടീച്ച്, ഉള്ളംകൈ പുറത്ത് കാണത്തക്കവിധം പിടിച്ച്, മുഖം പ്രസന്നമാക്കി സമദൃഷ്ടിയായി നിൽക്കുക.

  • അർദ്ധസോപാനനില (അരമണ്ഡലം)

കാലുകൾ ഉപ്പൂറ്റിചേർത്തു വച്ച്, രണ്ടു ഭാഗത്തേക്കും മുട്ടുമടക്കി കൈകൾ ഒന്നാം നിലയിൽ വച്ച് താഴ്ന്നു നിൽക്കുക. മുഖം പ്രസന്നവും സമദൃഷ്ടിയുമായിരിക്കണം.

  • മുഴുസോപാനനില (മുഴുമണ്ഡലം)

കാലുകൾ ഉപ്പൂറ്റിചേർത്തു വച്ച്, രണ്ട് ഭാഗത്തേക്കും മുട്ടുമടക്കി, കൈകൾ അകവും പുറവും മലർത്തി, മുട്ടു മലർത്തി ഇരിക്കുക. മുഖം പ്രസന്നവും സമദൃഷ്ടിയുമായിരിക്കണം.

  • അടവുകൾ

മോഹിനിയാട്ടത്തിൽ മൊത്തം നാൽപ്പതോളം ‘അടവുകൾ’ എന്നറിയപ്പെടുന്ന അടിസ്ഥാന ശരീര ചലനങ്ങൾ ആണ് ഉള്ളത്‌. മുഖ്യമായ അടവുകൾ താഴേ പറയുന്നവയാണ്.

  • തിത്ത-തിത്ത

സമപാദത്തിൽ നിന്ന് കാലുകൾ രണ്ടും മുട്ടുമടക്കി അരയിലമർന്ന് രണ്ട് കൈകളും മുട്ടുമടക്കി ഒരക്ഷരകാലത്തിൽ ഓരോപാദം അമർത്തി നാലു തവണ ചവിട്ടുക.

  • തൈയ്യത്ത

രണ്ടാം സോപാനനിലയിൽ നിന്ന് മെയ്യമർന്ന് രണ്ട് കൈകളും കൊണ്ട് മാറിൽ നിന്ന് ഒരു ചാൺ അകലെ ഹംസാസ്യമുദ്രപിടിച്ച്, വലതുകാൽ വലതുഭാഗത്ത് ഒരടി അകലത്തിൽ ഉപ്പൂറ്റി കുത്തി പാദം ഉയർത്തി, മുട്ടു കുറച്ചൊന്ന് മടക്കി ചവിട്ടി വലതുകൈ അർദ്ധചന്ദ്ര മുദ്രപിടിച്ച് പാദത്തോട് അടുപ്പിച്ച്, മെയ് ആ ഭാഗത്തേക്ക് ചരിച്ച്, മുഖം അല്പം കുനിച്ച് നിൽക്കുക.

  • തത്ത-താധി

വലതുകാൽ ഇടതുപാദത്തിന്റെ പുറകുവശം പാദം കുത്തി ഉപ്പൂറ്റി ഉയർത്തി, വലതുകൈ വലതുഭാഗത്ത് അഞ്ജലിമുദ്ര പിടിച്ച് ഇടുപ്പിൽ മലർത്തികുത്തി, വലംഭാഗം ചരിഞ്ഞ് ഇടതുകൈ ഇടതുഭാഗം കമിഴ്ത്തി, ശരീരം വലതുഭാഗം താഴ്ത്തി, കണ്ണുകൾ ഇടതുവശം ദൂരെ നോക്കിയശേഷം ഇടതുകാൽ ചവിട്ടി വലതുകാൽ തത്സ്ഥാനത്ത് ചവിട്ടുക. ഇതേ അടവുതന്നെ ഇടതുവശത്ത് ചവിട്ടിയാൽ തകുത-താധി അടവ് വരും.

  • ധിത്തജഗജഗജം

വലതുകാൽ തത്സ്ഥാനത്ത് ഒരുചുവടുവച്ച് വലതുകൈ കമിഴ്ത്തി ഇടതുകൈ മലർത്തി തൊടീച്ച് വലതു ഭാഗത്തേക്ക് ഉപ്പൂറ്റി ഉയർത്തി നാല് ചുവടുകൾ വച്ച് നിറുത്തുക. നിറുത്തുമ്പോൾ രണ്ട് കൈകളും മലർന്നും കമിഴ്ന്നും വരും. ഈ അടവ് തന്നെ ഇരുഭാഗങ്ങളിലേക്കും ചെയ്യാം.

  • ജഗത്താധി-തകധിമി

വലതുകൈ അർദ്ധചന്ദ്രമുദ്രയും ഇടതുകൈ ഹംസാസ്യമുദ്രയും പിടിച്ച് വലതുകാൽ വലംഭാഗം ഒരു ചാൺ അകലെ ഉപ്പൂറ്റി അമർത്തി ചവിട്ടി, ഇടതുകാൽ സമംചവിട്ടി വലതുകാലും സമം ചവിട്ടി നിറുത്തുക. കൈകളിലെ മുദ്രകൾ അർദ്ധചന്ദ്രവും ഹംസാസ്യവുമായി മാറി മാറി വരണം.

  • ജഗത്തണം തരി

മെയ് അമർത്തി മുട്ടുമടക്കി വലതുകൈ വലംഭാഗം നീട്ടിയമർത്തി വലം വശം നോക്കി, ഇടതുകൈ നെഞ്ചിനുനേരെ അഞ്ജലിമുദ്ര പിടിച്ച് കമിഴ്ത്തിവിട്ട് അഞ്ജലിമുദ്രപിടിച്ച് താഴ്ന്ന് ഉയരുക.

  • കുംതരിക

കുഴിഞ്ഞനിലയിൽനിന്നും കൈകൾ മലർത്തിയും കമിഴ്ത്തിയും മെയ് ചുഴിഞ്ഞ് വട്ടംചുറ്റി സമനിലയിൽ നിൽക്കുക.

  • താധിൽതരി-ധിന്തരിത

രണ്ട് കൈകളിലും ഹംസാസ്യമുദ്ര മാറിനു നേരെ പിടിച്ച് മൂന്നാം സോപാനനിലയിൽ ഇരുന്ന് ഇടതുകാൽ പുറകോട്ട് നിർത്തിക്കുത്തുകയും, വലതുകാൽ മുട്ടുമടക്കി നിൽക്കുകയും, വലതുകൈ ഹംസാസ്യ മുദ്ര പിടിച്ച് വലതു ഭാഗത്ത് മുകളിലേക്ക് നീട്ടുകയും, ഇടതുകൈ ഹംസാസ്യ മുദ്ര പിടിച്ച് ഇടതുകാലിന്റെ ഒപ്പം നീട്ടുകയും, വലതുകൈയ്യിൽ നോക്കുകയും ചെയ്യണം. ഇപ്രകാരം രണ്ടുഭാഗത്തേക്കും ചെയ്യണം.

  • താംകിടധിംത

രണ്ടാം സോപാന നിലയിൽ നിന്ന് ഇടതുകൈ തത്ഭാഗത്ത് ദോളമായിനീട്ടി, വലതുകൈ ഹംസാസ്യമുദ്ര പിടിച്ച്, വലതുകാൽ ഉയർത്തി തത്സ്ഥാനത്ത് ചവുട്ടി വലതുകൈ മാറിൽ നിന്ന് വലതുഭാഗത്തേക്ക് വീശി രണ്ട് കാലുകളും സമത്തിൽ പാദം ചവിട്ടി ഉപ്പൂറ്റി ഉയർത്തി നിൽക്കുക. രണ്ടുകൈകളും മാറിനു നേരെ അർദ്ധചന്ദ്രമുദ്ര പിടിച്ച് നിൽക്കുക.

  • തക്കിട്ട

വലതുകാൽ പുറകിലേക്ക് ഉപ്പൂറ്റി ഉയർത്തി ചവിട്ടി ഇടതുകാൽ സമം ചവിട്ടി നിറുത്തുക. ഇത് രണ്ടു ഭാഗത്തേക്കും ചെയ്യാം.

  • തക്കിടകിടതകി

വലതുകാൽ മുൻഭാഗം ഉപ്പൂറ്റി കുത്തിവച്ച് പിന്നാക്കം ചവിട്ടി, വലതുകൈ അർദ്ധചന്ദ്ര മുദ്ര പിടിച്ച്, ഇടതുകാലും വലതുകാലും ഓരോന്ന് ചവിട്ടുക. വലതുകൈ അർദ്ധചന്ദ്ര മുദ്ര പിടിച്ച് തിരിച്ചുകൊണ്ട് വന്ന് ഇടതുകൈ സൂചിമുഖ മുദ്ര പിടിച്ച് നിറുത്തുക.

  • ധിത്തി തൈ

രണ്ട് കൈകളും അഞ്ജലിമുദ്രപിടിച്ച് വലതുകാൽ മുന്നാക്കം ഉപ്പൂറ്റികുത്തി ഇടതു കാലും വലതു കാലും സമംചവിട്ടുക.

  • തൈ തിത്തി തൈ

വലതുകാൽ സമത്തിൽ ഒന്ന് ചവിട്ടിയിട്ട് മുൻഭാഗത്ത് ഉപ്പൂറ്റി കുത്തി ഇടതും വലതും പാദങ്ങൾ സമമായി ചവിട്ടുക. വലതുഭാഗത്ത് ചവിട്ടുമ്പോൾ വലതുകൈ മലർത്തി മുകളിലേക്ക് കൊണ്ടുവയ്ക്കണം.

  • തൈ തൈ തിത്തി തൈ

രണ്ട് കാലുകളും മുട്ടുമടക്കി, രണ്ട് ഭാഗത്തും ഓരോന്ന് ചവിട്ടി, വലതുകാൽ മുന്നാക്കം ഉപ്പൂറ്റി ചവിട്ടി, ഇടതുകാൽ ഇടതു ഭാഗത്ത് ഒന്നും വലതുകാൽ വലത്ത് ഒന്നും ചവുട്ടുക.

  • തളാംഗു ധൃകുത തകത ധിംകിണ തോം

മുട്ടുമടക്കിയ കാലുകൾ, വലതുകാൽ ഇടതുകാലിന്റെ പുറകുവശം പാദം ഊന്നി ഹംസാസ്യമുദ്ര പിടിച്ച്, ഇടതുകൈ ഉയർത്തി, അർധചന്ദ്രമുദ്ര പിടിച്ച്, ഇടതുകാൽ തത്സ്ഥനത്ത് ഒന്ന് ചവിട്ടി, വലതുകാൽ വലംഭാഗം മുന്നാക്കം ഉപ്പൂറ്റി കുത്തി, ഇടതുകാൽ തത്സ്ഥാനത്ത് ഒന്ന് ചവിട്ടി, വലതുകാൽ തിരിച്ചു കൊണ്ട് വന്ന് രണ്ടുകാലും സമം ചവിട്ടി നിറുത്തുക.

  • താം കിടധിത്തി തരികിട ധിതക-തൊംഗു ത്ളാംഗു തധിം കിണ

വലതുകാൽ വലംഭാഗത്ത് ഒരടി അകലം ഉപ്പൂറ്റികുത്തി, കൈ അർദ്ധചന്ദ്രമുദ്ര പിടിച്ച് നീട്ടി ഇടതുകാൽ തത്സ്ഥാനത്ത് നിർത്തി ഒന്ന് ചവിട്ടി, വലതുകാൽ ഇടതുകാലിൻറെ പുറകുവശം പാദം ഊണിചവിട്ടി, കൈ ഹംസാസ്യമാക്കി, തിരിച്ചു കൊണ്ടുവന്ന് വലംഭാഗം രണ്ട് ചുവട് ചവിട്ടി, വീണ്ടും ഇടതുകാൽ തത്സ്ഥാനത്ത് ഒരു ചുവട് വച്ച് വലതുകാൽ ഒരടി അകലം വലംഭാഗത്ത് ചവിട്ടിനിറുത്തുക. കൈ അർദ്ധചന്ദ്രമായിരിക്കണം. ഇടതുകൈ ദേളമായി ഇടതുഭാഗത്ത് നിറുത്തുക.

  • തകുംതരി

വലത് പാദം വലം ഭാഗത്ത് മുമ്പിൽ ഉപ്പൂറ്റികുത്തി, വലത് കൈ ഹംസാസ്യം പിടിച്ച്, ഇടത് കാൽ സമത്തിൽ ഒന്നു ചവിട്ടി വലതുകാൽ പുറകുവശം ഒന്നുകൂടി ചവിട്ടുക. കൈകൾ രണ്ടും അർദ്ധചന്ദ്രമാകണം.

അവതരണശൈലി തിരുത്തുക

 
‍‍

ലാസ്യപ്രധാനമായ ഈ ദൃശ്യകലയിൽ നൃത്യശില്പങ്ങൾ പൊതുവേ ശൃംഗാരരസ പ്രധാനങ്ങളാണ്. ചൊൽക്കെട്ട്, ജതിസ്വരം, പദം, പദവർണം, തില്ലാന എന്നിവയാണ് ഇന്നു പ്രചാരത്തിലുള്ള മോഹിനിയാട്ടം ഇനങ്ങൾ. ‘ചൊൽക്കെട്ട്‘ എന്ന നൃത്തം നൃത്യമൂർത്തികളായ ശിവപാർവ്വതിമാരെ സ്‌തുതിച്ച് കൊണ്ട് തുടങ്ങുന്നു. ചൊല്ലുകളുടെ സമാഹാരങ്ങളും പദസാഹിത്യവും ചേർന്ന് ലാസ്യ പ്രധാനമാണ് ചൊൽക്കെട്ട്. മോഹിനിയാട്ടത്തിൽ മാത്രം കാണാവുന്ന രൂപമാണ് ചൊൽക്കെട്ട്.[7]

അടവുകൾക്ക് യോജിച്ച ഭാവം കൊടുക്കുകയും കൈ, മെയ്, കാലുകൾ, കണ്ണുകള്‍, ശിരസ്സ് തുടങ്ങിയ അംഗോപാംഗങ്ങൾ ഭംഗിയോടെ ചലിപ്പിക്കുകയും വേണം. ഓരോ അടവുകളും തീരുമാനങ്ങളും കഴിഞ്ഞാൽ ‘ചാരി’ എടുക്കേണ്ടതാണ്. പുറകോട്ട് പാദം ഊന്നിപ്പോകുന്ന ചാരി മോഹിനിയാട്ടത്തിന്റെ പ്രത്യേകതയാണ്.

വേഷവിധാനം തിരുത്തുക

വേഷവിധാനത്തിൽ സമീപകാലത്ത് ചില പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. ഒമ്പതുമുഴം കസവുസാരി ഞൊറിവച്ച് അരയിൽ ഒഡ്യാണം കെട്ടി, കസവുകര വച്ച ബ്ലൗസ്സ് ധരിക്കുന്നു. തലമുടി ഇടതുഭാഗം വച്ച് വട്ടക്കെട്ട് കെട്ടി പൂമാലകൊണ്ട് അലങ്കരിക്കുകയും നെറ്റിചുട്ടി, കാതിൽതോട(തക്ക), കഴുത്തിൽ കാശുമാല, പൂത്താലിമാല എന്നിവയും അണിയുന്നു. മുഖം ചായം തേച്ചാണ് നർത്തകി രംഗത്ത് വരുന്നത്. ഇത്തരം വേഷഭൂഷാദികൊണ്ടും ലാസ്യപ്രധാനമായ ശൈലികൊണ്ടും ഈ കല ആസ്വാദകരുടെ ശ്രദ്ധ ആകർഷിക്കുന്നു.

വാദ്യങ്ങൾ തിരുത്തുക

കുറേക്കാലം മുമ്പ് വരെ സോപാനരീതിയിലുള്ള വായ്‌പാട്ടും, തൊപ്പിമദ്ദളം, തിത്തി, തുടങ്ങിയ വാദ്യങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. കേരളീയ താളങ്ങളാണ് മോഹിനിയാട്ടത്തിന് പശ്ചാത്തലം ഒരുക്കിയിരുന്നത്. എന്നാൽ ഇന്ന് കർണാടക സംഗീതവും, മൃദംഗം, വയലിൻ‍, കൈമണി തുടങ്ങിയ വാദ്യങ്ങളുമാണ് ഉപയോഗിച്ചുവരുന്നത്.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. http://www.mohiniyattam.com/mohiniyattam.html
  2. Mathrubhumi Thozhilvartha Harisree, 2012 June 23, page 8
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-19. Retrieved 2011-08-04.
  4. http://www.swathithirunal.in/articles/vssarma.htm
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-26. Retrieved 2011-08-04.
  6. 6.0 6.1 Prof. M Bhaskara Prassad, K,- Mohiniyattam The dance of Enchantress, page 32-37, Kerala Calling, November2012.
  7. പി.കെ.വിജയഭാനുവിൻറെ “നൃത്യപ്രകാശിക”-അധ്യായം നാല്

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക




"https://ml.wikipedia.org/w/index.php?title=മോഹിനിയാട്ടം&oldid=3947462" എന്ന താളിൽനിന്ന് ശേഖരിച്ചത്