മലക്കപ്പാറ
മദ്ധ്യകേരളത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ സ്ഥിതിചെയ്യുന്നതും അതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ (Malakkappara). സമുദ്രനിരപ്പിൽനിന്ന് ഏകദേശം 900 മീറ്ററാണ് ഈ പ്രദേശത്തിൻറെ ശരാശരി ഉയരം. ജില്ലാ തലസ്ഥാനമായ തൃശൂരിൽനിന്ന് ഏകദേശം 110 കിലോമീറ്റർ തെക്കുഭാഗത്തേയ്ക്ക് മാറിയാണ് ഈ ഗ്രാമം നിലനില്ക്കുന്നത്. ഈ ഗ്രാമത്തിൻറെ അതിരുകൾ തെക്ക് അങ്കമാലി, പാറക്കടവ് എന്നിവയും പടിഞ്ഞാറ് മാള, വടക്ക് കൊടകര എന്നിവയാണ്. മലക്കപ്പാറയ്ക്കു ഏറ്റവും സമീപസ്ഥമായ പ്രധാന പട്ടണങ്ങൾ ചാലക്കുടി (ദൂരം 83 കിലോമീറ്റർ), അഷ്ടമിച്ചിറ (ദൂരം 90 കിലോമീറ്റർ), ഇരിഞ്ഞാലക്കുട (ദൂരം 96 കിലോമീറ്റർ), ഗുരുവായൂർ എന്നിവയാണ്. എറണാകുളം, തൃശൂർ ജില്ലകളുടെ അതിർത്തിയിലാണ് ഇതിന്റെ സ്ഥാനം. എറണാകുളം ജില്ലയിലെ പാറക്കടവ് ഈ പ്രദേശത്തിന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഏറ്റവുമടുത്ത റെയിൽവേസ്റ്റേഷൻ 83 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ചാലക്കുടിയാണ്.
മലക്കപ്പാറ മലയ്ക്കപ്പാറ | |
---|---|
മലക്കപ്പാറ ഹിൽസ്റ്റേഷൻ | |
Nickname(s): Angel Rock | |
Coordinates: 10°16′40″N 76°51′15″E / 10.27778°N 76.85417°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | തൃശൂർ |
ഉയരം | 948.64 മീ(3,112.34 അടി) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 680721 |
വാഹന റെജിസ്ട്രേഷൻ | KL-08, KL-64 |
സമീപ പട്ടണം | ചാലക്കുടി (80 കിലോമീറ്റർ) |
സമീപസ്ഥ റെയിൽവേസ്റ്റേഷൻ | ചാലക്കുടി (83 കിലോമീറ്റർ), ഇരിഞ്ഞാലക്കുട (ദൂരം 87 കിലോമീറ്റർ), ആലുവ (96 കിലോമീറ്റർ) |
ഭൂമിശാസ്ത്രം
തിരുത്തുകഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടില്ലാത്ത ഒരു വിനോദസഞ്ചാരകേന്ദ്രമായ മലക്കപ്പാറയിലേയ്ക്ക് ചാലക്കുടിയിൽനിന്ന് സംസ്ഥാന ഹൈവേ-21 ലൂടെ തുമ്പൂർമൂഴി, അതിരപ്പള്ളി, വാഴച്ചാൽ, ഷോലയാർ വഴി 86 കിലോമീറ്റർ ദൂരമുണ്ട്. മലക്കപ്പാറയിലേക്ക് പോകുന്ന വഴിയിലാണ് ലോവർ ഷോളയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. എന്നാൽ, തമിഴ്നാട്ടിലെ അപ്പർ ഷോലയാർ ഡാം മലക്കപ്പാറയിൽനിന്ന് വാൽപ്പാറയിലേക്ക് പോകുന്ന വഴിയിൽ ഏകദേശം 5 കിലോമീറ്റർ (3.1 മൈൽ) ദൂരത്തിലായി സ്ഥിതിചെയ്യുന്നു.[1] ടാറ്റാ ടീയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടം, വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷൻറേയും മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻറെയും കീഴിലുള്ള കേരള വനം വകുപ്പിൻറെ വനപ്രദേശം എന്നിവയുൾപ്പെട്ടതാണ് ഈ പ്രദേശം. വംശനാശഭീഷണി നേരിടുന്ന നിരവധിയിനം സസ്യജന്തുജാലങ്ങളെ ഈ പ്രദേശത്തു കണ്ടെത്തിയിട്ടുണ്ട്.