മലയാളഭാഷയിലെ ആദ്യത്തെ സ്വരാക്ഷരം
(Near-open central vowel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള അക്ഷരമാല യിലെ ആദ്യത്തെ അക്ഷരമാണ് . അ ഒരു ഹ്രസ്വസ്വരമാണ്. ഒരു മാത്രയിൽ ഉച്ചരിക്കുന്ന ശബ്ദങ്ങളെയാണ് ഹ്രസ്വസ്വരം എന്ന് വിശേഷിപ്പിക്കുന്നത്.[3]

മലയാള അക്ഷരം
എന്ന മലയാളം അക്ഷരം
വിഭാഗം സ്വരാക്ഷരം
ഉച്ചാരണമൂല്യം A (a)
തരം ലഘു
ക്രമാവലി (ഒന്ന്-1)
ഉച്ചാരണസ്ഥാനം കണ്ഠ്യം
ഉച്ചാരണരീതി അസ്പൃഷ്ട്ടം
സമാനാക്ഷരം
സന്ധ്യാക്ഷരം അം,അഃ
സർവ്വാക്ഷരസംഹിത U+0D05[1]
ഉപയോഗതോത് ഏറ്റവും കൂടുതൽ
ഉച്ചാരണം
ഓതനവാക്യം അമ്മ[2]
പേരിൽ അനാമിക(👧)അർജുൻ(👦)
അ്
മലയാളം അക്ഷരമാല
അം അഃ
റ്റ
ൿ

തമിഴ്, കന്നഡ, തെലുഗു എന്നീ ദ്രാവിഡഭാഷകളിലും സംസ്കൃതം, പാലി, പ്രാകൃതം, അപഭ്രംശം എന്നീ പ്രാചീന ഭാരതീയ ഭാഷകളിലും ഹിന്ദി, ബംഗാളി, മറാഠി, ഗുജറാത്തി തുടങ്ങിയ ആധുനിക ഭാരതീയ ആര്യഭാഷകളിലും ആദ്യത്തെ അക്ഷരം 'അ' തന്നെയാണ്. ഹീബ്രുഭാഷയിലെ അലെഫ് (Aleph), അറബി ഭാഷയിലെ അലിഫ, ലത്തീൻ-ഗ്രീക്ക് ഭാഷകളിലെ 'ആൽഫ' (Alpha) എന്നിവയും ഇംഗ്ലീഷിലെ 'എ' (A)യും പ്രതിനിധാനം ചെയ്യുന്നത് 'അ'യുടെ ഉച്ചാരണത്തെയാണ്. ബ്രാഹ്മി, ഖരോഷ്ഠി, ഗ്രന്ഥാക്ഷരം, വട്ടെഴുത്ത്, കോലെഴുത്ത് എന്നീ ലിപിമാലകളെല്ലാം ആരംഭിക്കുന്നത് 'അ'യിൽ ആകുന്നു.

വ്യഞ്ജനാക്ഷരങ്ങളുടെ കൂടെ സ്വരം ഉപയോഗിക്കുമ്പോൾ അവയുടെ ചിഹ്നങ്ങൾ ഉപയോഗിച്ചാണ് എഴുതുന്നത്. ഉദാഹരണത്തിന് ക്+ഇ, ക്+ഉ, ക്+ഒ എന്നിവ യഥാക്രമം കി, കു, കൊ, എന്നിങ്ങനെ. എന്നാൽ ഇത്തരം സ്വരചിഹ്നം ഇല്ലാത്ത ഒരേഒരു സ്വരാക്ഷരമാണ് 'അ'. വ്യഞ്ജനാക്ഷരങ്ങൾ അവയുടെ വർണ്ണത്തോടൊപ്പം 'അ' എന്ന അക്ഷരം ചേർന്ന രീതിയിൽ എഴുതുന്നതിനാലാണ് സ്വരചിഹ്നം ഇല്ലാതെ വന്നത്. ക,ഖ,ഗ തുടങ്ങിയ അക്ഷരങ്ങൾ ക്+അ, ഖ്+അ, ഗ്+അ, എന്ന രീതിയിൽ പിരിക്കാവുന്നവയാണ്.

'ന' (ന്+അ) എന്ന നിഷേധപ്രത്യയത്തിന്റെ നകാരം ലോപിക്കുമ്പോൾ ലഭിക്കുന്ന നിഷേധാർത്ഥം കുറിക്കുവാൻ ഉപയോഗിക്കുന്ന ഒരു അക്ഷരമാണ് 'അ'. നാമങ്ങളുടെയോ വിശേഷണങ്ങളുടേയോ അവ്യയങ്ങളുടേയോ, ചിലപ്പോൾ ക്രിയകളുടേയോ മുൻപിൽ ചേർത്താൽ വിരുദ്ധാർത്ഥം ലഭിക്കും. ഉദാഹരണത്തിന് അശക്തൻ, അശുദ്ധം, അക്ഷീണവിക്രമം, തുടങ്ങിയവ. അതേ സമയം സ്വരങ്ങൾക്കു മുൻപിലാണ് നിഷേധാർത്ഥം കുറിക്കുവാൻ 'അ' ചേർക്കുന്നതെങ്കിൽ 'അൻ' എന്ന് രൂപാന്തരപ്പെടും. ഉദാഹരണത്തിന് അ+ഇഷ്ടം എന്നത് അനിഷ്ടം (അൻ+ഇഷ്ടം) എന്നായിമാറും. എന്നാൽ ഋണീ എന്ന പദത്തിനു മുൻപ് ചേർക്കുമ്പോൾ അഋണി എന്നാണ് എഴുതുന്നത്.

ഉച്ചാരണവും ഉച്ചാരണഭേദങ്ങളും തിരുത്തുക

ഉച്ചാരണസ്ഥാനമനുസരിച്ച് തരം തിരിക്കുമ്പോൾ കണ്ഠ്യം എന്ന വർഗ്ഗത്തിലാണ് സംസ്കൃതവൈയാകരണന്മാർ 'അ' എന്ന വർണത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.കേരളപാണിനീയത്തിന്റെ പീഠികയിൽ ഇതിനെ കണ്ഠ്യം എന്ന വർഗത്തിലാണ് പെടുത്തിയിരിക്കുന്നതെങ്കിലും പിന്നീട് അതേ ഗ്രന്ഥത്തിൽ തന്നെ ഇതിന്റെ ധ്വനിമൂല്യം ഔഷ്ഠ്യമാണെന്നും അത് ചിലയിടങ്ങളിൽ ദുഷിച്ച് താലവ്യമാകുമെന്നും പറയുന്നു. കണ്ഠത്തിൽ നിന്ന്‌ (തൊണ്ടയിൽ നിന്ന്) പുറപ്പെടുന്ന വർണ്ണമായതിനാലാണ് ഇപ്രകാരം തരം തിരിച്ചിരിക്കുന്നത്. ഉച്ചാരണരീതി തീവ്രയത്നം.

ഭട്ടോജി ദീക്ഷിതർ തുടങ്ങിയ സംസ്കൃതവൈയാകരണൻമാർ ഈ സ്വരത്തിന്റെ ഉച്ചാരണസ്വഭാവത്തെപ്പറ്റി വിശദമായി വിവരിച്ചിട്ടുണ്ട്. 'അ'കാരത്തിന്റെ ഉച്ചാരണം തീവ്രയത്നമാകയാൽ പല വാക്കുകളിലും മാറ്റം വന്നിട്ടുണ്ട്. മലയാളത്തിൽ 'അ'കാരത്തിന്റെ ധ്വനി ചിലപ്പോൾ 'എ'കാരത്തിന്റെ ഛായയിൽ ആകുന്നു. ഉദാ. ഗന്ധം - ഗെന്ധം, ജനം - ജെനം, ദയ - ദെയ. ഈ ഉദാഹരണങ്ങളിൽ നിന്നും സംസ്കൃതത്തിലെ മൃദുക്കളോടും മധ്യമങ്ങളോടും ചേർന്ന 'അ'കാരത്തെ മലയാളികൾ ഏതാണ്ട് 'എ'കാരംപോലെ ഉച്ചരിക്കുന്നു എന്നു വ്യക്തമാകുന്നു. പദമധ്യത്തിലെ 'അ'കാരത്തിലും ഈ 'എ'കാരച്ഛായ വരുന്നു.

ഉദാ. വിളക്ക് -- വിളെക്ക്

അലക് -- അലെക്

പ്രയോഗങ്ങൾ തിരുത്തുക

വിവേചകാർഥത്തിൽ സർവനാമങ്ങളുടെ ആദ്യഭാഗമായി കാണപ്പെടുന്ന എന്നിവയിൽ പെട്ട ഒരു ചുട്ടെഴുത്താണ് 'അ' എന്ന അക്ഷരം. വിവേചകമായി ദൂരെയുള്ള ഒരു വസ്തുവിനെ നിർദ്ദേശിക്കാൻ ഉപയോഗിക്കുന്ന ചുട്ടെഴുത്തായി 'അ' വ്യവഹരിക്കപ്പെടുന്നു. ഉദാഹരണത്തിന് ‘അവൻ’, ‘അവൾ’, ‘അക്കര’, ‘അപ്പുറം’ തുടങ്ങിയവ പരിഗണിച്ചാൽ 'അ' എന്ന അക്ഷരത്തിന് ‘അടുത്തല്ലാത്ത’ എന്നർഥം ലഭിക്കും.

ഉദാ.

അ + ഇടം = അവിടം

അ + കുതിര = അക്കുതിര

അ + തരം = അത്തരം

പേരെച്ചപ്രത്യയം എന്ന നിലയിലും 'അ' മലയാളത്തിൽ പ്രയോഗിച്ചുപോരുന്നു.

ഉദാ.

വരുന്നു + അ = വരുന്ന

വന്നു + അ = വന്ന

വിശേഷണ പ്രത്യയം:

ഉദാ.

നല് + അ = നല്ല

ഒരു + അ = ഒറ്റ

നപുംസക ബഹുവചന പ്രത്യയം :

ഉദാ.

അ + അ = അവ് = അവ

നിഷേധാർഥകനിപാതം. ഇത് സംസ്കൃതത്തിലെ സമ്പ്രദായമാണ്. സമാസമുള്ളിടത്തു മാത്രമേ ഈ നിപാതം പ്രയോഗിക്കാറുള്ളു.

ഉദാ.

അ + ധർമം = അധർമം

അ + ശുദ്ധം = അശുദ്ധം

നിയോജകപ്രകാരാർഥത്തിലുള്ള ഒരു പ്രത്യയം:

ഉദാ.

പോക് + അ = പോക

അറിക് + അ = അറിക

ഒരു ആശംസകപ്രകാരപ്രത്യയം

ഉദാ.

വാഴ്ക് + അ = വാഴ്ക

വിജയിക്ക് + അ = വിജയിക്ക

അർത്ഥങ്ങൾ തിരുത്തുക

അ എന്ന അക്ഷരത്തിന് ബ്രഹ്മാവ്, വിഷ്ണു, ശിവൻ, കാമദേവൻ, വായു, അഗ്നി എന്നീ അർത്ഥങ്ങൾ കല്പിച്ചുവരുന്നു. [അവലംബം ആവശ്യമാണ്]

പ്രാധാന്യം തിരുത്തുക

അകാരത്തിന് എല്ലാഭാഷകളും വളരെയേറെ പ്രാധാന്യം കല്പിക്കുന്നു. 'ഭഗവദ്ഗീതയിൽ' കൃഷ്ണൻ 'അക്ഷരാണാമകാരോസ്മി' (അക്ഷരങ്ങളിൽ അകാരമാണുഞാൻ) എന്ന് പറയുന്നതിലൂടെ പണ്ടുമുതല്ക്കേ അകാരത്തിന് മറ്റക്ഷരങ്ങളേക്കാൾ മഹത്ത്വം കല്പിക്കപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കാം.

അ ഉൾപ്പെടുന്ന ചില വാക്കുകൾ തിരുത്തുക

അ സ്വരാക്ഷരം ആയതിനാൽ പദാതിയിൽ മാത്രമാണ് അതേപടി ഉപയോഗിക്കുന്നത് അല്ലാത്ത പക്ഷം വ്യഞ്ജനത്തിനോട് ചേർന്നോ അവസാനമോ വന്നാൽ ഹിഹ്നം ആയാണ് ഉപയോഗിക്കേണ്ടത് എന്നാൽ അ എന്ന അക്ഷരം പിരിക്കാൻ കഴിയാത്ത വിതം എല്ലാ വ്യഞ്ജനത്തിലും ഇഴ ചേർന്നിരിക്കുന്നതിനാൽ പ്രത്യക സ്വര ഹിഹ്നം ഇല്ല.

അ പദാതിയിൽ തിരുത്തുക

  • അമ്മ
  • അണ്ണാൻ
  • അമ്പിളി
  • അണ്ണൻ
  • അരണ
  • അരവണ
  • അരക്ക്
  • അര
  • അറ
  • അറ്റം
  • അഴ
  • അയ
  • അഴുക്ക്
  • അഴക്
  • അടുപ്പം
  • അരയൻ
  • അരചൻ
  • അരി
  • അടിയൻ
  • അടിമ
  • അരിപ്പ
  • അറപ്പ്

അ പദാതിയിൽ അല്ലാതെ ഒറ്റക്ക് വരുന്നില്ല വ്യഞ്ജനത്തിന് ഒപ്പം മാത്രം ചേർന്ന്വരുന്നു.

അ പദമധ്യത്തിൽ അന്ത്യത്തിൽ തിരുത്തുക

  • കപ്പൽ
  • കടുക്ക
  • കനകം
  • അനക്കം
  • വിലക്കം
  • അവൻ
  • മകൻ
  • ജനന
  • ഗമന
  • നമഹ

വ എന്നത് സ്വയം വ്+അ ആകുന്നു അതു പോലെ എല്ലാ അക്ഷരങ്ങളിലും അ ഉൽച്ചേർന്നു കാണപ്പെടുന്നു അ ഇല്ലാത്ത പദങ്ങളും വാക്കുകളും മലയാളത്തിൽ വിരളമാണ്.

അ മിശ്രിതാക്ഷരങ്ങൾ തിരുത്തുക

അ+അ,അ+ഇ,അ+ഉ ഇത്യാദി ക്രമത്തിൽ മറ്റ് അക്ഷരങ്ങളോട് ചേർന്നു നില കൊണ്ടാൽ അപ്രകാരം ചേർന്നുണ്ടാകുന്ന അക്ഷരങ്ങൾ കാണുക. സ്വരാക്ഷരങ്ങൾക്ക് സ്വരാക്ഷരങ്ങളോട് മാത്രമേ ചേരുവാൻ സാധിക്കു.

എല്ലാ അക്ഷരങ്ങളും പൊതുവെ സ്വരാക്ഷരങ്ങളോട് ആണ് ചേരാറുള്ളത്. എല്ലാ വ്യഞ്ജനങ്ങളും അ ഓട് ചേർന്നാണ് നിലകൊള്ളുന്നത്. എന്നാൽ അ എന്ന അക്ഷരം മറ്റ് അക്ഷരങ്ങളോടും ചേരാൻ സാധ്യതമാണ്.

ഇത്തരത്തിൽ കൃത്യമായ ഉച്ചാരണം ഉള്ള അക്ഷരങ്ങളും മലയാള വ്യകരണത്തിന്റ അതീനതയിൽ ഇല്ലാത്ത ഉച്ചാരണങ്ങളും അക്ഷരങ്ങൾ വിളക്കി ചേർക്കുന്നതിലൂടെ ഉളവാകുന്നതാണ്. ഖമർ ചൈനീസ് മുതലായ ഒരുപാട് ഭാഷകളിൽ ഇത്തരത്തിൽ ശുദ്ധമല്ലാത്ത സ്വനിമങ്ങൾ ചേർന്ന് അക്ഷരങ്ങൾ നിലകൊള്ളുന്നുണ്ട് എങ്കിലും മലയാളത്തിൽ ഉച്ചാരണ സ്പഷ്ടവും ശുദ്ധവുമായ സ്വനിമങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്.

കടപ്പാട് തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

അവലമ്പം തിരുത്തുക

  1. സർവ്വാക്ഷര സഹിതം,അക്ഷരം അ.
  2. എ.ആർ. രാജരാജവർമ്മ (1896). "പീഠിക -> മലയാളദേശവും ഭാഷയും". കേരളപാണിനീയം.
  3. വിക്കി നിഘണ്ടു-മലയാള അക്ഷരം അ.
"https://ml.wikipedia.org/w/index.php?title=അ&oldid=3909596" എന്ന താളിൽനിന്ന് ശേഖരിച്ചത്