ജോൺ പോൾ രണ്ടാമൻ

ആഗോള കത്തോലിക്കാ സഭയുടെ മുൻ തലവൻ
(ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആഗോള കത്തോലിക്കാ സഭയുടെ മുൻ തലവനാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ. (ലാറ്റിൻ: Ioannes Paulus PP. II, ഇറ്റാലിയൻ: Giovanni Paolo II, പോളിഷ്: Jan Paweł II), ജന്മനാമം-Karol Józef Wojtyła (1920 മേയ് 18 – 2005 ഏപ്രിൽ 2) [1]

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ
John Paul II
Pope John Paul II on 12 August 1993 in Denver (Colorado)
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 1993-ൽ
സ്ഥാനാരോഹണം16 ഒക്ടോബർ 1978
ഭരണം അവസാനിച്ചത്2 ഏപ്രിൽ 2005 (26 വർഷം, 168 ദിവസം)
മുൻഗാമിജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ
പിൻഗാമിബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ
വൈദിക പട്ടത്വം1 നവംബർ 1946
മെത്രാഭിഷേകം28 സെപ്റ്റംബർ 1958
കർദ്ദിനാൾ സ്ഥാനം26 ജൂൺ 1967
വ്യക്തി വിവരങ്ങൾ
ജനന നാമംകാരോൾ ജോസഫ് വോയ്റ്റീല
ജനനം(1920-05-18)18 മേയ് 1920
വാഡൊവൈസ്, പോളണ്ട്
മരണം2 ഏപ്രിൽ 2005(2005-04-02) (പ്രായം 84)
വത്തിക്കാൻ സിറ്റി
ദേശീയതപോളിഷ്
ഒപ്പ്ജോൺ പോൾ രണ്ടാമൻ's signature
വിശുദ്ധപദവി
തിരുനാൾ ദിനം22 ഒക്ടോബർ
വണങ്ങുന്നത്കത്തോലിക്കാ സഭ
രക്ഷാധികാരിWorld Youth Day (Co- Patron)
Other Popes named John Paul

ജീവിതരേഖ

തിരുത്തുക

ആദ്യകാലജീവിതം

തിരുത്തുക
 
ജോൺ പോൾ മാർപ്പാപ്പയുടെ മാതാപിതാക്കൾ

1920 മേയ് 18-ന് എമിലിയ, കാരോൾ വോയ്റ്റീല എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപ്പാപ്പയുടെ ജനനം. കാരോൾ ജോസഫ് വോയ്റ്റീല രണ്ടാമൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. കാരോൾ ഒന്നാമൻ-എമിലിയ ദമ്പതികളുടെ ഇളയമകനായിരുന്നു കാരോൾ. എഡ്മണ്ട് എന്ന പേരിൽ ഒരു ജ്യേഷ്ഠനും ഓൾഗ എന്ന പേരിൽ ഒരു ജ്യേഷ്ഠത്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇവരിൽ ഓൾഗ അദ്ദേഹം ജനിക്കും മുമ്പേ മരിച്ചുകഴിഞ്ഞിരുന്നു. ലോലക്ക് എന്നായിരുന്നു കാരോളിന്റെ വിളിപ്പേര്. അദ്ദേഹത്തിന്റെ അച്ഛൻ ഒരു സൈനികനും അമ്മ ഒരു അദ്ധ്യാപികയുമായിരുന്നു.

വളരെയധികം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു കാരോളിന്റെ ബാല്യകാലം. ഒമ്പതാം വയസ്സിൽ അദ്ദേഹത്തിന് അമ്മയെ നഷ്ടപ്പെട്ടു. ഹൃദ്രോഗവും വൃക്കത്തകരാറുമായിരുന്നു 45കാരിയായിരുന്ന എമിലിയയുടെ മരണകാരണം. പിന്നീട് അദ്ദേഹത്തെ വളർത്തിയത് അച്ഛനായിരുന്നു. ജ്യേഷ്ഠൻ എഡ്മണ്ടുമായി 14 വയസ്സ് വ്യത്യാസമുണ്ടായിരുന്നെങ്കിലും വളരെ അടുത്ത ബന്ധമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത്. ദാരിദ്ര്യത്തിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസത്തിന് അക്കാലത്ത് തടസ്സങ്ങളൊന്നുമുണ്ടായില്ല. ആറാമത്തെ വയസ്സിൽ സ്കൂളിൽ ചേർന്ന കാരോൾ പഠനത്തിലും നീന്തൽ, തുഴച്ചിൽ, സ്കീയിങ്, പർവ്വതാരോഹണം, ഫുട്ബോൾ തുടങ്ങിയവയിലും നാടകത്തിലും അഗാധമായ പ്രാവീണ്യം തെളിയിച്ചിരുന്നു.

1930-ൽ ജ്യേഷ്ഠൻ എഡ്മണ്ട് സർവ്വകലാശാലയിൽ പഠിക്കാൻ പോയതോടെ വീട്ടിൽ അച്ഛനും ഇളയ മകനായ കാരോളും മാത്രമായി. എഡ്മണ്ട് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി സർവ്വീസ് ആരംഭിച്ചെങ്കിലും 1932-ൽ പനി ബാധിച്ച് മരിച്ചു. ഇതിനുശേഷം വോയ്റ്റീല സീനിയറും കാരോളും വാഡോവൈസ് വിട്ട് താമസം ക്രാക്കോവിലേക്ക് മാറ്റി. പതിമൂന്നാം വയസ്സിൽ മാതൃഭാഷയായ പോളിഷിനൊപ്പം ലാറ്റിൻ, ഗ്രീക്ക് എന്നീ ഭാഷകളും അദ്ദേഹം പഠിച്ചു. 1938 മേയ് മാസത്തിൽ അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ക്രാക്കോവ് സർവ്വകലാശാലയിൽ ചേർന്നു.

സർവ്വകലാശാലയിലെ പഠനകാലത്തും കാരോൾ എല്ലാ മേഖലകളിലും ശോഭിച്ചുനിന്നു. ഫ്രഞ്ച് ഭാഷ സ്വയം പഠിച്ച അദ്ദേഹം ധാരാളം ഫ്രഞ്ച് കൃതികൾ വായിച്ചു. നാടകങ്ങൾ സ്വയം എഴുതി സംവിധാനം ചെയ്ത് അവയിൽ അഭിനയിക്കുന്നതായിരുന്നു കാരോളിന്റെ ഇഷ്ടവിനോദം. ക്രാക്കോവിൽ ബഹുഭൂരിപക്ഷം യഹൂദമതവിശ്വാസികളായിരുന്നു. അവരുമായി നല്ല ബന്ധമാണ് കാരോൾ പുലർത്തിയിരുന്നത്. സ്കൂൾ, കോളേജ് പഠനകാലത്ത് ഫുട്ബോൾ മത്സരങ്ങളിൽ പലപ്പോഴും യഹൂദരുടെ കൂടെ അദ്ദേഹം കളിച്ചിരുന്നു. ഒരിക്കൽ ഒരു യഹൂദപെൺകുട്ടിയെ അദ്ദേഹം അതിസാഹസികമായി രക്ഷപ്പെടുത്തിയത് ഇതിന് ഉദാഹരണം. നാസി ലേബർ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട് റെയിൽവേ ട്രാക്കിൽ തളർന്നുവീണ ഈഡിത് സയറർ എന്ന പതിനാലുകാരിയെയാണ് കാരോൾ പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുത്തിയത്.

1939-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള ജർമ്മൻ സൈന്യം പോളണ്ടിനെ ആക്രമിച്ചു. ധാരാളം ജൂതന്മാർ ഇതിനിടയിൽ കൊല്ലപ്പെട്ടു. ക്രാക്കോവിലും അതിന്റെ ആഘാതമുണ്ടായി. ക്രാക്കോവ് സർവ്വകലാശാല അടച്ചുപൂട്ടി. പഠനം പാതിവഴിയിൽ നിർത്തിയ കാരോൾ തുടർന്ന് നിർബന്ധിത പട്ടാളസേവനത്തിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ കഴിച്ചുകൂട്ടി. ഇതിനിടയിൽ പാറമടയിലും വെടിമരുന്നുശാലയിലും അദ്ദേഹത്തിന് പണിയെടുക്കേണ്ടി വന്നു. ഇതിനിടയിലും അദ്ദേഹം യുദ്ധത്തിനെതിരെ കവിതകളും നാടകങ്ങളും എഴുതുകയും പ്രാർത്ഥന തുടരുകയും ചെയ്തു.

1941-ൽ കാരോൾ വോയ്റ്റീല സീനിയർ അന്തരിച്ചു. അച്ഛന്റെ മരണം കാരോൾ ജൂനിയറിനെ തളർത്തിക്കളഞ്ഞു. തുടർന്ന് അദ്ദേഹം വൈദികനാകാൻ തീരുമാനിയ്ക്കുകയായിരുന്നു. ക്രാക്കോവിലെ സെമിനാരിയിൽ ചേർന്ന് അവിടത്തെ ആർച്ച്ബിഷപ്പ് ആദം സ്റ്റെഫാൻ സപീഹയുടെ കീഴിൽ രഹസ്യപരിശീലനം നടത്തി.

1944 ഓഗസ്റ്റ് 6-ന് നിരവധി പോളണ്ടുകാരെ പട്ടാളക്കാർ അതിക്രൂരമായി കൊലപ്പെടുത്തി. ഈ ദിവസം ബ്ലാക്ക് സൺഡേ (കറുത്ത ഞായറാഴ്ച) എന്നറിയപ്പെടുന്നു. ക്രാക്കോവിലും പരിസരത്തുമായി ആയിരങ്ങളാണ് മരിച്ചുവീണത്. ക്രാക്കോവ് സെമിനാരിയിലും പട്ടാളക്കാരെത്തിയെങ്കിലും സെമിനാരിക്കാരെ ളോഹ ധരിപ്പിച്ച് ആർച്ച്ബിഷപ്പ് സംരക്ഷിച്ചു. ഇതിനിടയിൽ കാരോളിനെ തിരഞ്ഞ് പട്ടാളക്കാർ അദ്ദേഹം പണിയെടുത്തിരുന്ന പാറമടയിലും വന്നെങ്കിലും അദ്ദേഹത്തെ കണ്ടുപിടിയ്ക്കാൻ കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹത്തെ നാടുകടത്തിയവനാക്കി പ്രഖ്യാപിച്ചു. ഇതിനിടയിൽ, കാരോളിന്റെ ബുദ്ധിശക്തിയും നിരീക്ഷണപാടവവും മനസ്സിലാക്കിയ ആർച്ച്ബിഷപ്പ് 1944 സെപ്റ്റംബർ 9-ന് അദ്ദേഹത്തിന് പുതിയ പട്ടം നൽകി.

പൗരോഹിത്യത്തിലേക്ക്

തിരുത്തുക

1945-ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ സർവ്വകലാശാലകൾ വീണ്ടും തുറന്നു. നിന്നുപോയ പഠനം പൂർത്തിയാക്കാൻ കാരോൾ സർവ്വകലാശാലയിലെത്തി. ഇക്കാലത്താണ് അദ്ദേഹം ഒരു നിഘണ്ടുവിന്റെ സഹായത്തോടെ സ്പാനിഷ് ഭാഷ പഠിച്ചത്. കൂടാതെ ബൈബിളിലും ദൈവശാസ്ത്രത്തിലും കാനൻ നിയമങ്ങളിലും മറ്റും അദ്ദേഹം പ്രാവീണ്യം തെളിയിച്ചു. 1946 ജൂലൈ മാസത്തിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹത്തെ അപ്പോഴേയ്ക്കും കർദ്ദിനാളാക്കി ഉയർത്തപ്പെട്ട ആർച്ച്ബിഷപ്പ് റോമിലേയ്ക്ക് ഉപരിപഠനത്തിന് അയയ്ക്കാൻ തീരുമാനിച്ചു. തുടർന്ന് നാലുമാസം കഠിനപ്രാർത്ഥനകളും ധ്യാനവും കൂടിയ കാരോൾ വോയ്റ്റീല രണ്ടാമൻ സകല വിശുദ്ധരുടെയും ദിനമായ 1946 നവംബർ 1-ന് ആർച്ച്ബിഷപ്പിന്റെ സ്വകാര്യ കപ്പേളയിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു. തീർത്തും ലളിതമായ ചടങ്ങുകളാണ് വൈദികാഭിഷേകത്തിനുണ്ടായിരുന്നത്. പാറമടയിലെയും നാടകസംഘത്തിലെയും സഹപ്രവർത്തകർക്കൊപ്പം തന്റെ ആദ്യ ദിവ്യബലി നടത്തിയ പുതിയ പള്ളിയിലച്ചൻ തുടർന്ന് എല്ലാവർക്കും സ്വന്തം കൈപ്പടയിൽ പ്രാർത്ഥനയെഴുതിയ കാർഡ് സമ്മാനിച്ചു. എല്ലാറ്റിനും മുമ്പ് സെമിത്തേരിയിലെ മാതാപിതാക്കളുടെയും ജ്യേഷ്ഠന്റെയും അന്ത്യവിശ്രമസ്ഥാനങ്ങളിൽ വന്ന് അദ്ദേഹം അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു.

രണ്ടാഴ്ചയ്ക്കുശേഷം ഉപരിപഠനത്തിനായി വോയ്റ്റീലയച്ചൻ റോമിലെത്തി. ഒരു ഹാൻഡ്ബാഗിലൊതുങ്ങുന്ന സാധങ്ങൾ മാത്രമാണ് അന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്. കുറച്ചുദിവസങ്ങൾക്കുശേഷം അദ്ദേഹം അവിടെയുള്ള ബെൽജിയം കോളേജിൽ പഠനത്തിന് ചേർന്നു. അവിടെ പ്രശസ്തരായ ദൈവശാസ്ത്രജ്ഞരെ അച്ചൻ കണ്ടുമുട്ടി. ഈവ് കോംഗർ, ഹെന്രി ദെ ലൂബക്ക്, ജീൻ ദാനിയേൽ തുടങ്ങിയവർ അവരിൽ പ്രധാനപ്പെട്ടവരായിരുന്നു. തൊഴിലാളിക്ഷേമപ്രവർത്തനങ്ങളിൽ ധാരാളം ഏർപ്പെട്ടിരുന്ന അച്ചനെ അതിന് സഹായിച്ചത് യുവക്രൈസ്തവ തൊഴിലാളിസംഘത്തിന്റെ സ്ഥാപകൻ കർദ്ദിനാൾ ജോസഫ് കാർഡീനാണ്.

ബെൽജിയം കോളേജിലെ പഠനകാലത്തും വോറ്റീലയച്ചൻ ഭാഷാപഠനത്തിലും മറ്റും ശ്രദ്ധിച്ചിരുന്നു. ഇംഗ്ലീഷ്, ജർമ്മൻ, ഇറ്റാലിയൻ, റഷ്യൻ ഭാഷകൾ അദ്ദേഹം പഠിച്ചത് ഇക്കാലത്താണ്. 1947-ലെ ഈസ്റ്റർ കാലത്ത് പാദ്രേ പിയോയുടെ പക്കൽ അദ്ദേഹം കുമ്പസരിയ്ക്കാൻ പോയിരുന്നു. പാദ്രേ പിയോയുടെ കുർബാനയിൽ പങ്കെടുത്തത് തന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമായി അദ്ദേഹം മരണം വരെയും കണ്ടിരുന്നു. മാക്സ് മില്ല്യൺ കോൾബെയും ജോൺ വിയാനിയും പാദ്രേ പിയോയുമായിരുന്നു അദ്ദേഹത്തിന്റെ മാതൃകാപുരുഷന്മാർ.

1948-ൽ കുരിശിന്റെ യോഹന്നാന്റെ വിശ്വാസദർശനത്തെക്കുറിച്ച് പ്രബന്ധമവതരിപ്പിച്ച വോയ്റ്റീലയച്ചൻ ജാഗല്ലോണിയൻ സർവ്വകലാശാലയ്ക്കുമുന്നിൽ അത് സമർപ്പിച്ച് ഡോക്ടറേറ്റ് നേടി. തൊട്ടുപിന്നാലെ ക്രാക്കോവിൽ നിന്ന് 50 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന നിയോഗോവിച്ച് ഇടവകയിൽ സഹവൈദികനായി അദ്ദേഹം ചേർന്നു. അക്കാലത്ത് അവിടത്തെ വികാരിയച്ചനോടൊപ്പം സജീവജപമാലസഖ്യം തുടങ്ങിയ അദ്ദേഹം കലാപരിപാടികൾക്കും സമയം ചെലവഴിച്ചു. വികാരിയച്ചന്റെ പൗരോഹിത്യ സുവർണ്ണജൂബിലിയോടനുബന്ധിച്ച് അവിടത്തെ പള്ളി പുതുക്കിപ്പണിയാനും വോയ്റ്റീലയച്ചൻ നിർദ്ദേശം നൽകി. എട്ടുമാസത്തിനുശേഷം അവിടെ നിന്ന് ഫ്ലോറിയൻ ഇടവകയിലേയ്ക്ക് മാറിയ അച്ചൻ പോളണ്ടിൽ അന്നുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ ശക്തമായി പ്രസംഗങ്ങൾ നടത്തിപ്പോന്നു. മതപഠനത്തിനും മറ്റും ഊന്നൽ നൽകാനാണ് അവിടെ അദ്ദേഹം ശ്രമിച്ചത്.

1951-ൽ ആർച്ച്ബിഷപ്പ് കർദ്ദിനാൽ സപീഹ കാലം ചെയ്തു. അക്കാലത്ത് പോളിഷ് സഭയും സർക്കാരും തമ്മിലുള്ള കരാറിന്റെ ഭാഗമായി റോമും സർക്കാരും ഒന്നിച്ച് അംഗീകരിയ്ക്കുന്ന വ്യക്തി മാത്രമേ രൂപതയുടെ മെത്രോപ്പോലീത്തയാകൂ. അത്തരത്തിലൊരാളില്ലാതെ വന്നതിനാൽ പദവി ശൂന്യമായി. താൽക്കാലിക അഡ്മിനിസ്ട്രേറ്ററായി യൂജനിയൂസ് ബാസിയാക്കിനെ നിയമിച്ചു. ഇതിനിടയിൽ വോയ്റ്റീലച്ചന് 1954-ൽ വീണ്ടും ഡോക്ടറേറ്റ് കിട്ടി. മാക്സ് ഷെല്ലറുടെ വീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രബന്ധത്തിനാണ് അദ്ദേഹത്തിന് രണ്ടാമത്തെ ഡോക്ടറേറ്റ് ലഭിച്ചത്. തുടർന്ന് ലുബ്ലിനിലെ കത്തോലിക്കാ സർവ്വകലാശാലയിൽ അദ്ദേഹം ധർമ്മശാസ്ത്ര അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീട് അദ്ധ്യാപനം ഉപേക്ഷിച്ച് ദൈവവഴിയിലേയ്ക്ക് തിരിഞ്ഞു.

മെത്രാഭിഷേകം

തിരുത്തുക

1958 ജൂലൈ ആദ്യവാരത്തിൽ ഒരു ദിവസം വോയ്റ്റീലയച്ചൻ കൂട്ടുകാരോടൊത്ത് ലൈൻ നദിക്കരയിൽ ഒരു ഉല്ലാസയാത്രയ്ക്ക് പോയി. അവിടെ പല പരിപാടികളുമായി ഇരിയ്ക്കുന്ന സമയത്താണ് പെട്ടെന്ന് അദ്ദേഹത്തിന് ഒരു ടെലിഗ്രാം സന്ദേശം ലഭിച്ചത്. എത്രയും പെട്ടെന്ന് പോളിഷ് സഭാധ്യക്ഷൻ കർദ്ദിനാൾ വിഷൻസ്കിയുടെ അടുത്തെത്താനായിരുന്നു നിർദ്ദേശം. തുടർന്ന് അവിടെയെത്തിയപ്പോൾ തന്നെ ഓംബി രൂപതയുടെ സ്ഥാനികമെത്രാനും ക്രാക്കോവ് അതിരൂപതയുടെ സഹായമെത്രാനുമായി അന്നത്തെ മാർപ്പാപ്പയായിരുന്ന പിയൂസ് പന്ത്രണ്ടാമൻ നിയമിച്ച വാർത്തയറിഞ്ഞ വോയ്റ്റീവയച്ചൻ ഉടനെ അടുത്തുള്ള സിസ്റ്റർമാരുടെ ചാപ്പലിൽ കയറി ദിവ്യകാരുണ്യരൂപത്തിനുമുന്നിൽ മണിക്കൂറുകളോളം പ്രാർത്ഥിച്ചു. തൊട്ടുപിന്നാലെ അദ്ദേഹം ക്രാക്കോവിലേയ്ക്ക് പുറപ്പെട്ടു. ഉടനെ മെത്രാസനമന്ദിരത്തിലെത്തി ആർച്ച്ബിഷപ്പ് കർദ്ദിനാൾ ബാസിയാക്കിനെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു.

തുടർന്ന് സെപ്റ്റംബർ 28-ന് ക്രാക്കോവ് കത്തീഡ്രലിൽ വച്ച് വോയ്റ്റീവയച്ചന്റെ മെത്രാഭിഷേകം നടന്നു. 'തോത്തൂസ് തൂവ്വൂസ്' (മുഴുവനും അങ്ങയുടേത്) എന്ന ആപ്തവാക്യമാണ് പുതിയ മെത്രാൻ സ്വീകരിച്ചത്. ഇതോടെ അദ്ദേഹത്തിന് തിരക്ക് കൂടി. മെത്രാൻ പദവിയുടെ ഭാഗമായി ഒരുപാട് യാത്രകളും പരിപാടികളും വേണ്ടിവന്നു. ഇത് അദ്ദേഹത്തെ രോഗിയാക്കി. കടുത്ത വ്യായാമമാണ് രോഗവിമുക്തിയ്ക്ക് ഡോക്ടർമാർ നിർദ്ദേശിച്ചത്. തോണിതുഴച്ചിലും പർവ്വതാരോഹണവും മറ്റും അദ്ദേഹത്തിന്റെ ജീവിതവൃത്തിയാക്കി.

ആർച്ച്ബിഷപ്പ്

തിരുത്തുക

1962-ൽ കർദ്ദിനാൾ ബാസിയാക്ക് കാലം ചെയ്തു. തുടർന്ന് വോയ്റ്റീവ പിതാവ് രൂപതാ അഡ്മിനിസ്ട്രേറ്ററായി. ബിഷപ്പായി ചുമതലയേറ്റ ശേഷവും അദ്ദേഹം കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രസംഗങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. അപ്പോഴും കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുമായി നല്ല ബന്ധം നടത്തിപ്പോരുകയും ചെയ്തു. സെമിനാരിക്കെട്ടിടത്തിന്റെ താഴത്തെ നില കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസിനായി അദ്ദേഹം നീക്കി. പതുക്കെപ്പതുക്കെ പുതിയ മെത്രാനെ കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ അംഗീകരിയ്ക്കുന്ന കാഴ്ച കാണാൻ തുടങ്ങി.

വത്തിക്കാൻ കൗൺസിലിൽ പോളിഷ് സഭയുടെ പ്രതിനിധി എപ്പോഴും വോയ്റ്റീലയായിരുന്നു. അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പ്രസംഗങ്ങളും വത്തിക്കാനിൽ ഏറെ ശ്രദ്ധേയമായി. തദ്ഫലമായി 1964 മാർച്ച് 8-ന് ക്രാക്കോവ് അതിരൂപതയുടെ ആർച്ച്ബിഷപ്പായി പോൾ ആറാമൻ മാർപ്പാപ്പ വോയ്റ്റീലയെ നിയമിച്ചു. ഒരുപാട് പുരോഹിതന്മാരുടെ പേരുകൾ തള്ളിക്കളഞ്ഞാണ് 44 വയസ്സ് മാത്രമുണ്ടായിരുന്ന വോയ്റ്റീലയെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അംഗീകരിച്ചത്. ഇക്കാലത്ത് ഇടയലേഖനങ്ങൾ പല ഇടവകകളിലുമെത്തിയിരുന്നില്ല. ഈ പ്രശ്നം ഒഴിവാക്കാൻ കാർബൺ കോപ്പികൾ അടിച്ച് എല്ലാ ഇടവകളിലുമെത്തിയ്ക്കാൻ വോയ്റ്റീവ പിതാവ് തീരുമാനിച്ചു.

കർദ്ദിനാൾ

തിരുത്തുക

1967 മേയ് 29-ന് പോൾ ആറാമൻ മാർപ്പാപ്പ വോയ്റ്റീലയെ കർദ്ദിനാളാക്കി ഉയർത്തി. കർദ്ദിനാൾ പദവിയിലെത്തിയ ശേഷവും അദ്ദേഹം ധാരാളം പ്രവർത്തനങ്ങൾ നടത്തിപ്പോന്നു. 1969 മുതൽ 1977 വരെയുള്ള എല്ലാ സിനഡുകളിലും അദ്ദേഹം അംഗമായിരുന്നു.

ആഗോള കത്തോലിക്കാസഭയുടെ തലപ്പത്തേയ്ക്ക്

തിരുത്തുക

1978 ഓഗസ്റ്റ് 6-ന് പോൾ ആറാമൻ മാർപ്പാപ്പ കാലം ചെയ്തു. തുടർന്ന് ലോകത്തുള്ള കർദ്ദിനാളുമാരെല്ലാവരും കൂടി റോമിലെത്തി നടത്തിയ കോൺക്ലേവിൽ ഇറ്റാലിക്കാരനായിരുന്ന കർദ്ദിനാൾ അൽബിനോ ലൂസിയാനി പുതിയ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ മുൻഗാമികളായിരുന്ന ജോൺ ഇരുപത്തിമൂന്നാമനോടും പോൾ ആറാമനോടുമുള്ള ആദരസൂചകമായി 'ജോൺ പോൾ' എന്ന ഇരട്ടനാമം സ്വീകരിച്ച അദ്ദേഹത്തിന് (ഇരട്ടനാമം സ്വീകരിച്ച ആദ്യ മാർപ്പാപ്പയായിരുന്നു അദ്ദേഹം), നിർഭാഗ്യവശാൽ 33 ദിവസമേ അധികാരത്തിൽ തുടരാൻ കഴിഞ്ഞുള്ളൂ. 1978 സെപ്റ്റംബർ 28-ന് ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ കാലം ചെയ്തു. പിറ്റേന്ന് രാവിലെ അദ്ദേഹത്തിന് കാപ്പി കൊടുക്കാൻ വന്ന പരിചാരകനാണ് അദ്ദേഹത്തെ കാലം ചെയ്ത നിലയിൽ കണ്ടെത്തിയത്. ഹൃദയസ്തംഭനമായിരുന്നു ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയുടെ മരണകാരണം.

'ചിരിയ്ക്കുന്ന മാർപ്പാപ്പ' എന്ന പേരിൽ വെറും 33 ദിവസം കൊണ്ട് ശ്രദ്ധേയനായി മാറിയ പുതിയ പാപ്പയുടെ അപ്രതീക്ഷിതവിയോഗം ലോകത്തെ നടുക്കി. കർദ്ദിനാളുമാർ വീണ്ടും റോമിലേയ്ക്ക് പുറപ്പെട്ടു. ഒക്ടോബർ 14-ന് കോൺക്ലേവ് ഹാളിൽ യോഗം കൂടി. അതിന് മുന്നോടിയായി ഹാൾ അകത്തുനിന്നും പുറത്തുനിന്നും പൂട്ടി. വാർത്താമാധ്യമ ഉപാധികളും ഫോണുകളുമെല്ലാം എടുത്തുമാറ്റി. അടുത്ത ദിവസമായിരുന്നു വോട്ടെടുപ്പിന്റെ ആരംഭം.

ആദ്യം പാപ്പാസ്ഥാനത്തേയ്ക്ക് പറഞ്ഞുകേട്ടിരുന്നത് ജനീവയിൽ നിന്നുള്ള കർദ്ദിനാൾ ജുസപ്പേ സീരിയുടെയും ഫ്ലോറൻസിൽ നിന്നുള്ള കർദ്ദിനാൾ ജിയോവന്നി ബെനെല്ലിയുടെയും പേരുകളാണ്. രണ്ടുപേരും ഇറ്റലിക്കാരായിരുന്നു. എന്നാൽ, ഇറ്റലിയ്ക്ക് പുറത്തേയ്ക്ക് പോകാനുള്ള സാധ്യതയും അപ്പോൾ തള്ളിക്കളയാൻ കഴിയുമായിരുന്നില്ല. പിന്നീട് പാപ്പയായ ജർമ്മനിക്കാരൻ കർദ്ദിനാൾ ജോസഫ് റാറ്റ്സിങ്ങർ (ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ) അഭിപ്രായപ്പെട്ടത് പുതിയ പാപ്പയുടെ മരണം ഒരു മുന്നറിയിപ്പായാണ്.

ആദ്യഘട്ട പോളിങ്ങിൽ കർദ്ദിനാൾ സീരിയ്ക്കും കർദ്ദിനാൾ ബെനെല്ലിയ്ക്കും 30 വീതം വോട്ടുകൾ ലഭിച്ചു. ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ ബാലറ്റ് പേപ്പർ മുഴുവൻ കത്തിച്ചു. പുറത്ത് ചിമ്മിനിയിൽ കറുത്ത പുക ഉയർന്നുവന്നു. രണ്ടാമത്തെ വോട്ടിങ്ങിൽ അവരുടെ വോട്ടുകളുടെ എണ്ണം കൂടി. എന്നാൽ ഉച്ചകഴിഞ്ഞ് സ്ഥിതിഗതികൾ മാറിമറിഞ്ഞു. ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസ് ചെയർമാൻ കർദ്ദിനാൾ യൂഗേ പോളിറ്റി മുപ്പത് വോട്ടുകൾ നേടി. എന്നാൽ, ഫലമുണ്ടായില്ല. വീണ്ടും കറുത്ത പുക ഉയർന്നു. നാലാമത്തെ വോട്ടിങ്ങിൽ കർദ്ദിനാൾ പെരിക്കിൾ ഫെലിച്ചിയ്ക്കായിരുന്നു കൂടുതൽ വോട്ട്. അങ്ങനെ ആർക്കും ഭൂരിപക്ഷമില്ലാതെ ഒന്നാം ദിവസം അവസാനിച്ചു.

അടുത്ത ദിവസം (ഒക്ടോബർ 16) രാവിലെ നടന്ന അഞ്ചാം ഘട്ട വോട്ടിങ്ങിൽ 27 ഇറ്റാലിയൻ കർദ്ദിനാൾമാർക്കായി വോട്ട് ചിതറിയതോടെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ഇറ്റലിക്കാർക്ക് വിശേഷിച്ചും കാര്യങ്ങൾ ഏതാണ്ട് മനസ്സിലായിത്തുടങ്ങി. തുടർന്നങ്ങോട്ട് കർദ്ദിനാൾ വോയ്റ്റീലയുടെ പ്രയാണമായിരുന്നു. അവസാനത്തെ വോട്ടിങ്ങിൽ അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ വോയ്റ്റീല ആഗോള കത്തോലിക്കാസഭയുടെ പുതിയ തലവനായി. ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു. യേശുക്രിസ്തുവിന്റെ ശിഷ്യനായ പത്രോസ് ശ്ലീഹാ തുടങ്ങിവച്ചതെന്ന് പറയുന്ന കത്തോലിക്കാസഭയുടെ 264-ആമത്തെ തലവനായിരുന്നു വോയ്റ്റീല. പോളണ്ടിൽ നിന്നുള്ള ആദ്യ മാർപ്പാപ്പ, 455 വർഷങ്ങൾക്കുശേഷം വരുന്ന ഇറ്റലിക്കാരനല്ലാത്ത ആദ്യ മാർപ്പാപ്പ, സമീപ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മാർപ്പാപ്പ (58 വയസ്സ്) - അങ്ങനെ നിരവധി പ്രത്യേകതകൾ അദ്ദേഹത്തിനുണ്ടായിരുന്നു. 33 ദിവസം മാത്രം അധികാരത്തിലിരുന്ന തന്റെ മുൻഗാമിയോടുള്ള ആദരസൂചകമായി അദ്ദേഹം ജോൺ പോൾ രണ്ടാമൻ എന്ന പേര് സ്വീകരിച്ചു. ഒക്ടോബർ 22-ന് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ വച്ച് അദ്ദേഹം സ്ഥാനമേറ്റു.

ഏറെക്കാലമായി നിലനിന്നിരുന്ന പല പരിപാടികളും പുതിയ പാപ്പ നിർത്തലാക്കി. പതിവിന് വിപരീതമായി അദ്ദേഹം ആദ്യ പ്രസംഗം നടത്തിയത് ഇറ്റാലിയൻ ഭാഷയിലാണ്. കർദ്ദിനാളുമാർ പാപ്പയുടെ മുന്നിൽ മുട്ടുകുത്തുന്ന ചടങ്ങും അദ്ദേഹം റദ്ദാക്കി. വത്തിക്കാനിൽ പല്ലക്ക് ഉപയോഗിയ്ക്കുന്ന പരിപാടിയും അദ്ദേഹം നിർത്തി. തന്റെ ആദ്യ ദിവ്യബലിയിൽ ഒരു ബഹുഭാഷാപ്രസംഗം നടത്തി അദ്ദേഹം ശ്രദ്ധേയനായി. തുടർന്ന് ആൾക്കൂട്ടത്തിലേയ്ക്കിറങ്ങി ഒരു കൊച്ചുകുഞ്ഞിനെ വാരിയെടുത്ത് ചുംബിച്ചു.

പാപ്പാസ്ഥാനത്ത്

തിരുത്തുക

സുദീർഘമായ ഇരുപത്തിയാറര വർഷമാണ് ജോൺ പോൾ രണ്ടാമൻ കത്തോലിക്കാ സഭയെ നയിച്ചത്. ആദ്യ പാപ്പയായി കണക്കാക്കപ്പെടുന്ന പത്രോസ് ശ്ലീഹായ്ക്കും (34 വർഷം), പീയൂസ് ഒമ്പതാമനും (32 വർഷം) ശേഷം ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ തുടർന്ന പാപ്പ അദ്ദേഹമായിരുന്നു. സംഭവബഹുലമായ ഒരു കാലയളവായിരുന്നു അത്. നാലരപ്പതിറ്റാണ്ട് നീണ്ടുനിന്ന ശീതയുദ്ധം അവസാനിച്ചതും, പാപ്പയുടെ ജന്മനാടായ പോളണ്ടിലും മറ്റും കമ്മ്യൂണിസം തകർന്നുവീണതുമെല്ലാം ഈ സമയത്താണ്. സോവിയറ്റ് യൂണിയന്റെ അവസാന നേതാവ് മിഖായേൽ ഗോർബച്ചേവ് ദൈവവിശ്വാസം പ്രഖ്യാപിച്ചതും ഭാര്യ റൈസയോടൊപ്പം പാപ്പയെ സന്ദർശിച്ചതും ശ്രദ്ധേയമായി. ക്യൂബൻ വിപ്ലവ ഇതിഹാസം ഫിദൽ കാസ്ട്രോ മാർപ്പാപ്പയെ കണ്ട് അനുഗ്രഹം വാങ്ങിയതും ഏറെ ശ്രദ്ധേയമായിരുന്നു.

ഇക്കാലയളവിൽ ലോകം നേരിട്ട പ്രതിസന്ധികളിൽ മാർപ്പാപ്പയുടെ സ്വരം നിർണ്ണായകമായിരുന്നു. ലോകരാജ്യങ്ങളുടെ നേതാക്കന്മാർക്ക് അദ്ദേഹം എഴുതിയ കത്തുകളിൽ സമാധാനം സൂക്ഷിയ്ക്കുന്നതിന്റെ ആവശ്യകത സൂചിപ്പിയ്ക്കുകയുണ്ടായി. 2001 സെപ്റ്റംബർ 11-ന് ന്യൂയോർക്കിലെ സുപ്രസിദ്ധമായ വേൾഡ് ട്രേഡ് സെന്റർ തകർക്കപ്പെട്ടപ്പോൾ ഭീകരതയ്ക്കെതിരെ ശക്തമായ ആഹ്വാനം അദ്ദേഹം ഉന്നയിച്ചു. 2003-ലെ ഇറാഖ് അധിനിവേശ യുദ്ധത്തെയും അദ്ദേഹം വിമർശിച്ചിരുന്നു. റുവാണ്ടൻ വംശഹത്യ, ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം, ഗൾഫ് യുദ്ധം, വിവിധ രാജ്യങ്ങളിലെ ഏകാധിപത്യം, ഇറ്റലിയിലെ മാഫിയ ഭീകരത തുടങ്ങിയവയ്ക്കെതിരെ ശക്തമായ പ്രതിഷേധം അദ്ദേഹം ഉയർത്തി. യുവജനങ്ങളെ ഉദ്ബോധിപ്പിയ്ക്കുന്നതിന് പാപ്പ നടത്തിയതിന്റെ ഫലമായിരുന്നു 1985-ൽ തുടങ്ങിയ, മൂന്ന് വർഷങ്ങളിലൊരിയ്ക്കൽ നടന്നുവരുന്ന ലോക യുവജനദിനാഘോഷങ്ങൾ.

മതപരമായ കാര്യങ്ങളിലും ചില പരിഷ്കാരങ്ങൾക്ക് മാർപ്പാപ്പ ശ്രദ്ധിച്ചിരുന്നു. 1983-ൽ അദ്ദേഹം പാസാക്കിയ ലത്തീൻ കാനോനിക നിയമം 1917-ൽ ബെനഡിക്ട് പതിനഞ്ചാമൻ മാർപ്പാപ്പ കൊണ്ടുവന്ന നിയമത്തെ മാറ്റിമറിച്ചു. 1990-ൽ അദ്ദേഹം പൗരസ്ത്യസഭകളുടെ മേലും ഇത്തരത്തിൽ പുതിയ നിയമങ്ങൾ പാസാക്കി. വിവാഹിതർക്കും പൗരോഹിത്യത്തിനുള്ള അവകാശം വേണമെന്ന ആവശ്യങ്ങൾ ഉയർന്നുവരുന്നതിനിടയിൽ 1984-ൽ വിവാഹിതനായ ഒരു മുൻ ആംഗ്ലിക്കൻ പുരോഹിതനെ കത്തോലിക്കാസഭയിൽ ചേർത്തത് വാർത്തയായി. എന്നാൽ, ബ്രഹ്മചര്യത്തിന്റെ കാര്യത്തിൽ മറ്റ് നിയമങ്ങളൊന്നും ഉണ്ടായില്ല.

വിമർശനങ്ങൾ

തിരുത്തുക

ഒരുപാട് വിമർശനങ്ങളും പാപ്പ ഇക്കാലത്ത് നേരിട്ടു. ലോകത്ത് നടക്കുന്ന ശിശുപീഡനത്തിലും മറ്റും പാപ്പ മൗനം പാലിച്ചുവരുന്നതായി ചിലർ ആരോപണമുയർത്തിയിരുന്നു. എന്നാൽ, കുട്ടികളെ പീഡിപ്പിയ്ക്കുന്നവർക്ക് സഭയിൽ സ്ഥാനമുണ്ടാകില്ലെന്ന് പറഞ്ഞ് അദ്ദേഹം ഈ ആരോപണങ്ങൾ പൊളിച്ചു. സ്ത്രീകൾക്ക് പൗരോഹിത്യം അനുവദിച്ചുകൊടുക്കുന്നതിനെയും മാർപ്പാപ്പ എതിർത്തിരുന്നു. ലിംഗസ്വഭാവം, ലൈംഗികത, ദയാവധം, കൃത്രിമബീജസങ്കലനം, ഗർഭഛിദ്രം തുടങ്ങിയവയ്ക്കെതിരെ അദ്ദേഹം നടത്തിയ നിലപാടുകൾ കടുത്ത വിമർശനം ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ ചില പരിഷ്കാരങ്ങളും വിമർശനം ഏറ്റുവാങ്ങിയിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിൽ കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങൾ വഴി നിർത്തലാക്കിയ ലത്തീൻ ഭാഷയിലെ ആരാധനാക്രമവും, പ്രാദേശികഭാഷയുടെ ഉപയോഗവും പരമ്പരാഗതവാദികളുടെ വിമർശനം ഏറ്റുവാങ്ങി. കത്തോലിക്കാസഭയെ പുനഃകേന്ദ്രീകരണത്തിന് കാരണക്കാരനായും അദ്ദേഹം കണക്കാക്കപ്പെടുന്നു. പീഡനം, പരസ്ത്രീബന്ധം തുടങ്ങിയവയിൽ ആരോപണവിധേയനായ മാർസിയൽ മാർസെൽ എന്ന ക്രിസ്തീയപുരോഹിതനെതിരെ നടത്തിയ അന്വേഷണം മന്ദീഭവിപ്പിച്ചതിലും പാപ്പയുടെ പങ്ക് ആരോപിയ്ക്കപ്പെടുന്നുണ്ട്.

വിദേശയാത്രകളും അന്യമതങ്ങളുമായുള്ള ബന്ധവും

തിരുത്തുക

തന്റെ നീണ്ട അധികാരകാലയളവിൽ 129 രാജ്യങ്ങളിൽ മാർപ്പാപ്പ സന്ദർശനം നടത്തി. 1979-ൽ ഡൊമനിക്കൻ റിപ്പബ്ലിക്, മെക്സിക്കോ എന്നീ രാജ്യങ്ങൾ സന്ദർശിച്ചുകൊണ്ട് തുടങ്ങിയ അദ്ദേഹത്തിന്റെ വിദേശയാത്ര അവസാനിച്ചത് 2004-ൽ ഫ്രാൻസിലെ പ്രസിദ്ധ മറിയൻ തീർത്ഥാടനകേന്ദ്രമായ ലൂർദ്ദ് സന്ദർശിച്ചുകൊണ്ടാണ്. ജന്മനാടായ പോളണ്ടിലാണ് ഏറ്റവും കൂടുതൽ തവണ അദ്ദേഹം സന്ദർശനം നടത്തിയത്. ഒമ്പതുതവണ അദ്ദേഹം അവിടം സന്ദർശിച്ചു. ആദ്യതവണ പോളണ്ടിൽ ചെല്ലുമ്പോൾ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വിലക്കുകൾ ലംഘിച്ച് ലക്ഷക്കണക്കിന് പുരോഹിതരും കന്യാസ്ത്രീകളുമാണ് അദ്ദേഹത്തെ കാണാനെത്തിയത്. ലോകത്ത് ആരും സന്ദർശിയ്ക്കാത്ത രാജ്യങ്ങളിൽ വരെ സന്ദർശനം നടത്താൻ പാപ്പയ്ക്ക് കഴിഞ്ഞു. തന്റെ മുൻഗാമികൾ എല്ലാവരും കൂടി നടത്തിയതിലും കൂടുതൽ യാത്രകൾ അദ്ദേഹം നടത്തി. ക്രിസ്തുമതത്തിലെ മറ്റ് സഭകളുമായും മറ്റ് മതങ്ങളുമായുമെല്ലാം അദ്ദേഹം മികച്ച ബന്ധം പുലർത്തി. 2001 മേയ് 6-ന് സിറിയയിലെ പ്രസിദ്ധമായ ഉമയ്യാദ് പള്ളിയിൽ പ്രാർത്ഥന നടത്തിയ അദ്ദേഹം ഒരു മുസ്ലീം ദേവാലയത്തിൽ പ്രാർത്ഥിച്ച ആദ്യ ക്രിസ്തീയ സഭാദ്ധ്യക്ഷനായി. സ്നാപകയോഹന്നാന്റെ അന്ത്യവിശ്രമസ്ഥലം എന്ന രീതിയിൽ പ്രസിദ്ധമാണ് ഉമയ്യാദ് പള്ളി. ചെറുപ്പത്തിൽ യഹൂദവിഭാഗക്കാരുമായി നല്ല അടുപ്പം പുലർത്തിയിരുന്ന പാപ്പ 2000-ൽ ജെറുസലേം സന്ദർശിച്ചപ്പോൾ യഹൂദർ നേരിട്ട പീഡനങ്ങൾക്ക് സ്വന്തം പേരുചൊല്ലി മാപ്പുപറഞ്ഞു. ഹിറ്റ്ലരുടെ കാലത്ത് നടന്ന ജൂതക്കൂട്ടക്കൊലയുടെ സമയത്ത് കത്തോലിക്കാസഭ പുലർത്തിയ നിസ്സംഗതയ്ക്കും അദ്ദേഹം മാപ്പുപറഞ്ഞു.

ക്രിസ്ത്യൻ ഓർത്തഡോക്സ്‌ സഭകളുമായും പാപ്പ അടുത്ത ബന്ധം സ്ഥാപിയ്ക്കാൻ ശ്രമിച്ചിരുന്നു. ആദ്യകാല ക്രിസ്തുമതത്തിൽ നേരിട്ട വിവിധ പ്രതിസന്ധികളെയും അവ മൂലമുണ്ടായ പിളർപ്പുകളെയും കുറിച്ച് ഇരുസഭകളും വിശദമായി സംവദിച്ചിരുന്നു. 1999-ൽ റൊമേനിയൻ ഓർത്തഡോക്സ് സഭയുടെ അന്നത്തെ തലവനായിരുന്ന പാത്രീയാർക്കീസ് തിയോക്ടിസിന്റെ ക്ഷണമനുസരിച്ച് റൊമേനിയ സന്ദർശിച്ച പാപ്പ തുടർന്ന് നടത്തിയ പ്രസംഗത്തിൽ ക്രിസ്തുമതത്തിന്റെ പുനരേകീകരണത്തിനാണ് താൻ ശ്രമിയ്ക്കുന്നതെന്ന് പറഞ്ഞു. ആ സന്ദർശനത്തിനിടയിൽ ഇരുവരും പരസ്പരം എതിരായ പ്രാർത്ഥനകളിൽ പങ്കെടുത്തു. 1054-ൽ ക്രിസ്തുമതത്തിലുണ്ടായ വൻ പിളർപ്പിനുശേഷം ഒരു ഓർത്തഡോക്സ് രാജ്യം സന്ദർശിയ്ക്കുന്ന ആദ്യ മാർപ്പാപ്പയായിരുന്നു ജോൺ പോൾ രണ്ടാമൻ. 2001-ൽ ഉക്രൈനിൽ അദ്ദേഹം നടത്തിയ സന്ദർശനം വൻ വിവാദത്തിലായിരുന്നു. ഉക്രൈനിയൻ ഓർത്തഡോക്സ് സഭയിൽ നിന്ന് വൻ പ്രതിഷേധങ്ങൾ ഉയർന്നു. എന്നിട്ടും നിരവധിയാളുകളാണ് അദ്ദേഹത്തെ കാണാനെത്തിയത്.

ഹിന്ദു, ജൈന, ബുദ്ധ, സിഖ് മതങ്ങളുമായും അദ്ദേഹം മികച്ച ബന്ധം പുലർത്തി. ഇന്ത്യ സന്ദർശിച്ച രണ്ട് അവസരങ്ങളിലും ഈ നാല് മതങ്ങളുടെയും നേതാക്കന്മാരെ അദ്ദേഹം സന്ദർശിച്ചിരുന്നു.

വാഴ്ത്തപ്പെട്ടവരും വിശുദ്ധരും

തിരുത്തുക

തന്റെ സുദീർഘമായ അധികാരകാലയളവിൽ നിരവധി പേരെ വാഴ്ത്തപ്പെട്ടവരും വിശുദ്ധരുമാക്കാൻ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയ്ക്ക് കഴിഞ്ഞു. തന്റെ എല്ലാ മുൻഗാമികളും ചേർന്ന് ഈ പദവികളിലെത്തിച്ചവരെക്കാൾ കൂടുതൽ പേരെ അദ്ദേഹം ഈ പദവികളിലെത്തിച്ചു. 1327 പേരെയാണ് അദ്ദേഹം വാഴ്ത്തപ്പെട്ടവരാക്കിയത്. ചാവറയച്ചൻ, അൽഫോൺസാമ്മ, മദർ തെരേസ തുടങ്ങിയവർ അതിൽ പ്രധാനപ്പെട്ടവരാണ്. കൂടാതെ രണ്ടാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട 108 പേരെ 1999 ജൂൺ 13-ന് വാഴ്ത്തപ്പെട്ടവരാക്കി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സയിൽ വച്ചാണ് അദ്ദേഹം ഈ വമ്പൻ കർമ്മം നടത്തിയത്. 2001 മാർച്ച് 11-ന് 233 സ്പാനിഷ് രക്തസാക്ഷികളെയും അദ്ദേഹം വാഴ്ത്തപ്പെട്ടവരാക്കി ഉയർത്തി. 111 പേരെയാണ് അദ്ദേഹം വിശുദ്ധരാക്കിയത്.

1986-ൽ ഇന്ത്യാസന്ദർശനവേളയിൽ അദ്ദേഹം കേരളവും സന്ദർശിച്ചിരുന്നു. ആ സമയത്താണ് ചാവയറയച്ചനെയും അൽഫോൺസാമ്മയെയും അദ്ദേഹം വാഴ്ത്തപ്പെട്ടവരാക്കി ഉയർത്തിയത്. 2003 ഒക്ടോബർ 19-ന് അദ്ദേഹം മദർ തെരേസയെയും ഈ പദവിയിലെത്തിച്ചു. തന്റെ കാലത്ത് ജീവിച്ചിരുന്ന ഒരു വ്യക്തിയെ വാഴ്ത്തപ്പെട്ടവരുടെ നിരയിലെത്തിയ്ക്കാൻ ഭാഗ്യം ലഭിച്ച മാർപ്പാപ്പയായിരുന്നു അദ്ദേഹം. മദർ തെരേസയുമായി വളരെ അടുത്ത ബന്ധമാണ് മാർപ്പാപ്പ പുലർത്തിയിരുന്നത്. 1986-ൽ ആദ്യ ഇന്ത്യാസന്ദർശനത്തിനിടയിൽ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തി. പലയവസരങ്ങളിലും മദർ വത്തിക്കാനിലെത്തി മാർപ്പാപ്പയെയും കണ്ടിരുന്നു. 1997-ൽ മദർ മരിച്ചപ്പോൾ മാർപ്പാപ്പ പറഞ്ഞത് ഇങ്ങനെയാണ്: 'മദറിന്റെ വിയോഗം അവരുടെ സ്നേഹമനുഭവിച്ചവർക്ക് വലിയൊരു നഷ്ടമാണ്. അതുപോലൊരു വ്യക്തി ഇനിയുണ്ടാകില്ല.' അഞ്ചുവർഷത്തെ സമയം കാത്തിരുന്ന ശേഷമാണ് മദറിനെ വിശുദ്ധപദവിയിലെത്തിയ്ക്കുന്നതിനുള്ള പരിശ്രമങ്ങൾ തുടങ്ങിയത്.

വധശ്രമങ്ങൾ

തിരുത്തുക

രണ്ടുതവണയാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയ്ക്കുനേരെ വധശ്രമം ഉണ്ടായത്. കൂടാതെ ഏതാനും തവണ അദ്ദേഹത്തെ വധിയ്ക്കാൻ ചില ഗൂഢാലോചനകൾ നടക്കുകയും ചെയ്തിരുന്നു. ഇവയിൽ ആദ്യത്തെ വധശ്രമം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിയ്ക്കുകയും ചെയ്തു. രണ്ടാമത്തെ വധശ്രമത്തിൽ നിസ്സാരപരുക്കുകളേ ഉണ്ടായുള്ളൂ.

 
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയ്ക്ക് വെടിയേറ്റപ്പോൾ

1981 മേയ് 13-നാണ് മാർപ്പാപ്പയ്ക്കുനേരെ ആദ്യം വധശ്രമം നടന്നത്. 1917-ൽ പോർച്ചുഗലിലെ ഫാത്തിമയിൽ വച്ച് മൂന്ന് കുട്ടികൾക്ക് കന്യാമറിയം ദർശനം നൽകി എന്ന് പറയപ്പെടുന്ന ദിവസത്തിന്റെ വാർഷികമായിരുന്നു അന്ന്. മാർപ്പാപ്പ ഭക്തിപൂർവ്വം കൊണ്ടാടിയിരുന്ന ദിവസമായിരുന്നു ഫാത്തിമമാതാവിന്റെ ദർശനവാർഷികം. അന്ന് വൈകീട്ട് അഞ്ചേകാലോടെ മെഹമത് അലി ആഗ എന്ന തുർക്കിഷ് തീവ്രവാദി അദ്ദേഹത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. വൻ ജനക്കൂട്ടമാണ് അന്ന് അദ്ദേഹത്തെ കാണാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയത്. ഇതിനിടയിൽ എല്ലാ സുരക്ഷാവലയങ്ങളും ഭേദിച്ചുവന്ന ആഗ മാർപ്പാപ്പയ്ക്കുനേരെ വെടിയുതിർത്തു. നാല് വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ദേഹത്ത് കൊണ്ടത്. തുടർന്ന് മാർപ്പാപ്പയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

1980 നവംബർ 26-ന് മാർപ്പാപ്പയെ വധിയ്ക്കുമെന്ന് ആഗ ഭീഷണിപ്പെടുത്തിയിരുന്നു. മുമ്പ് ഒരാളെ കൊന്നശേഷം ജയിലിൽ കഴിയുകയായിരുന്ന ആഗ ജയിൽ ചാടിയ ശേഷം ബൾഗേറിയയിലേയ്ക്ക് നാടുകടക്കുകയും തുടർന്ന് 1981 മേയ് 10-ന് റോമിലെത്തി പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു. അതിൻപ്രകാരം മേയ് 13-ന് വൈകീട്ട് മാർപ്പാപ്പയെ വധിയ്ക്കാൻ ആഗ പുറപ്പെട്ടു. 5:13-ന് പാപ്പ തുറന്ന വാഹനത്തിൽ ആൾക്കൂട്ടത്തെ അഭിവാദനം ചെയ്തുകൊണ്ട് കടന്നുപോകുകയായിരുന്നു. ഒരു കുട്ടിയെ വാരിയെടുത്ത് ഉമ്മ വച്ച് അതിന്റെ മാതാപിതാക്കൾക്ക് സമ്മാനിച്ചശേഷം കടന്നുപോകുന്നതിനിടയിലാണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആഗ കടന്നുവന്ന് തന്റെ കയ്യിലുണ്ടായിരുന്ന ബ്രൗണിങ്ങ് 9 എം.എം. സെമി-ഓട്ടോമാറ്റിക് പിസ്റ്റൾ കൊണ്ട് പാപ്പയെ വെടിവച്ചുവീഴ്ത്തിയത്. വെടിയുണ്ടകൾ പാപ്പയുടെ അടിവയറ്റിലും ചെറുകുടലിലും തറച്ചു. ഉടനെ ഒരു ആംബുലൻസ് വിളിച്ചുവരുത്തി പാപ്പയെ റോമിലെ പ്രസിദ്ധമായ ജെമെല്ലി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ ശരീരത്തിലെ രക്തത്തിന്റെ മുക്കാൽ ഭാഗവും നഷ്ടപ്പെട്ടിരുന്നു. പിന്നീട് വെടിയുണ്ടകൾ പുറത്തെടുക്കാൻ വിശദമായ ഒരു ശസ്ത്രക്രിയ നടത്തി. ഇടയിൽ അല്പനേരം ബോധം വന്നപ്പോൾ തന്റെ ദേഹത്തെ മാതാവിന്റെ രൂപം എടുക്കരുതെന്ന് അദ്ദേഹം ഡോക്ടർമാരോട് നിർദ്ദേശിച്ചു. ഏറെ ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ ജൂൺ പകുതിയോടെ മാർപ്പാപ്പ ആശുപത്രി വിട്ടു. ജൂലൈ അവസാനത്തോടെ അദ്ദേഹം പ്രവർത്തനങ്ങളിൽ മുഴുകി.

ഇറ്റലിയിലെ സുപ്രീം കോടതി ആഗയെ ജീവപര്യന്തം കഠിനതടവിന് വിധിച്ചു. എന്നാൽ ആരോഗ്യം വീണ്ടെടുത്ത മാർപ്പാപ്പ അയാളോട് പൊറുക്കുകയും വിശ്വാസികളോട് അയാൾക്കുവേണ്ടി പ്രാർത്ഥിയ്ക്കാൻ നിർദ്ദേശിയ്ക്കുകയും ചെയ്തു. തുടർന്ന് അക്രമം ഉപേക്ഷിച്ച ആഗയെ 1983 ഡിസംബർ 27-ന് മാർപ്പാപ്പ ജയിലിൽ വന്ന് കണ്ടു. 2000-ൽ അന്നത്തെ ഇറ്റാലിയൻ പ്രസിഡന്റായിരുന്ന കാർലോ സിയാംപിയെ സന്ദർശിച്ച മാർപ്പാപ്പ ആഗയെ കുറ്റവിമുക്തനാക്കാൻ നിർദ്ദേശിച്ചു. 2005 ഫെബ്രുവരിയിൽ മാർപ്പാപ്പ രോഗബാധിതനായപ്പോൾ അദ്ദേഹത്തിന്റെ സൗഖ്യത്തിനായി താൻ പ്രാർത്ഥിയ്ക്കുന്നുവെന്ന് ആഗ പറഞ്ഞു. 2006 ജനുവരിയിൽ 25 വർഷത്തെ ജയിൽ വാസത്തിനൊടുവിൽ അയാൾ ജയിൽ മോചിതനായി. അപ്പോഴേയ്ക്കും മാർപ്പാപ്പ കാലം ചെയ്തുകഴിഞ്ഞിരുന്നു. 2014-ൽ അയാൾ പാപ്പയുടെ ശവകുടീരം കാണുകയും ചെയ്തു.

ഫാത്തിമമാതാവിന്റെ തിരുനാൾ ദിനത്തിൽ നടന്ന വധശ്രമത്തിൽ നിന്ന് താൻ രക്ഷപ്പെട്ടത് മാതാവിന്റെ കാരുണ്യം കൊണ്ട് മാത്രമാണെന്ന് മാർപ്പാപ്പ അഭിപ്രായപ്പെട്ടു. പിന്നീട് പല തവണ അദ്ദേഹം ഫാത്തിമ സന്ദർശിച്ചു. മാതാവിനെ ദർശിച്ച മൂന്ന് കുട്ടികളിൽ അവശേഷിച്ച ഏക കുട്ടിയായിരുന്ന സിസ്റ്റർ ലൂസിയയെ അദ്ദേഹം കാണുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. വധശ്രമത്തിന്റെ 19-ആം വാർഷികമായിരുന്ന 2000 മേയ് 13-ന് തന്റെ ശരീരത്തിൽ നിന്ന് ലഭിച്ച വെടിയുണ്ടകൾ അദ്ദേഹം ഫാത്തിമമാതാവിന് സമർപ്പിച്ചു.

ആദ്യത്തെ വധശ്രമത്തിന്റെ ഒന്നാം വാർഷികത്തിന്റെ തലേദിവസമായിരുന്ന 1982 മേയ് 12-നാണ് രണ്ടാം വധശ്രമം നടന്നത്. ഫാത്തിമയിൽ വച്ചാണ് ഈ വധശ്രമമുണ്ടായത്. ജുവാൻ മരിയ ഫെർണാണ്ടസ് എന്ന വ്യാജവൈദികൻ ഫാത്തിമമാതാവിന് നന്ദിപറയാനെത്തിയ മാർപ്പാപ്പയ്ക്കുനേരെ കത്തിയുമായി പാഞ്ഞടുക്കുകയും അദ്ദേഹത്തെ കത്തികൊണ്ട് കുത്തുകയുമാണ് ഉണ്ടായത്. എന്നാൽ, കുത്ത് വയറ്റത്ത് കൊള്ളും മുമ്പ് അദ്ദേഹം കൈകൊണ്ട് തടഞ്ഞതിനാൽ കുത്ത് കയ്യിലായി. തുടർന്ന് കൈ പ്ലാസ്റ്റർ കൊണ്ട് തുന്നിപ്പിടിപ്പിച്ച് അദ്ദേഹം ചടങ്ങുകളിൽ പങ്കെടുത്തു. ഫെർണാണ്ടസിനെ പിന്നീട് സഭയിൽ നിന്ന് പുറത്താക്കി.

1995 ജനുവരി 15-ന് ലോകയുവജനദിനാഘോഷത്തിന്റെ ഭാഗമായി ഫിലിപ്പൈൻസിന്റെ തലസ്ഥാനമായ മനില സന്ദർശിയ്ക്കാനെത്തിയ പാപ്പയെ കൊല്ലാൻ ഒരുകൂട്ടം ഭീകരവാദികൾ പദ്ധതിയിട്ടു. 1993-ൽ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിൽ ബോംബാക്രമണം നടത്തിയ ഭീകരവാദികളാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചത്. പാപ്പയെ കൊല്ലുന്നതിനൊപ്പം അമേരിക്കയിലേയ്ക്കുള്ള വിമാനങ്ങൾ തകർക്കാനും അതുവഴി നാലായിരത്തോളം ജനങ്ങളെ കൊല്ലാനും അമേരിക്കൻ രഹസ്യാന്വേഷണസംഘടനയായ സി.ഐ.എ.യുടെ ആസ്ഥാനം തകർക്കാനും ഇവർ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഫിലിപ്പൈൻസ് പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ഈ പദ്ധതി പരാജയപ്പെട്ടു. പിൽക്കാലത്ത് അൽ ഖ്വയ്ദ എന്ന കുപ്രസിദ്ധ ഭീകരവാദ സംഘടന സ്ഥാപിച്ച് അതിന്റെ തലവനായി മാറിയ ഒസാമാ ബിൻ ലാദനാണ് ഈ പദ്ധതിയ്ക്ക് ധനസഹായം നൽകിയത്.

ആരോഗ്യം

തിരുത്തുക

1978-ൽ തന്റെ 58-ആം വയസ്സിൽ അധികാരത്തിലേറുമ്പോൾ മികച്ച ആരോഗ്യമാണ് ജോൺ പോൾ രണ്ടാമൻ പുലർത്തിയത്. താരതമ്യേന അനാരോഗ്യവാന്മാരായിരുന്ന മുൻഗാമികളുമായി അദ്ദേഹത്തെ അന്ന് താരതമ്യം ചെയ്യുകവരെ ചെയ്തിരുന്നു. നീന്തലിലും പർവ്വതാരോഹണത്തിലും തുഴച്ചിലിലുമെല്ലാം അദ്ദേഹം മികവ് പുലർത്തിയിരുന്നു. ഒരിയ്ക്കൽ ഔദ്യോഗികവസതിയായ അപോസ്റ്റലിക് പാലസിൽ ഒരു നീന്തൽക്കുളം പണിയുന്ന കാര്യം ഉദ്ദേശിച്ചപ്പോൾ എതിർത്ത കർദ്ദിനാളുമാരോട് അദ്ദേഹം പറഞ്ഞത് 'ഒരു കോൺക്ലേവ് നടത്തുന്നതിലും ചെലവ് കുറവാണ് ഒരു നീന്തൽക്കുളം പണിയാൻ' എന്നാണ്. ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിലൂടെ ദിവസവും നടക്കുകയും ഓടുകയും ചെയ്തിരുന്ന അദ്ദേഹം കാഴ്ചക്കാർക്ക് ഒരു അത്ഭുതമായിരുന്നു.

എന്നാൽ 1981-ലുണ്ടായ വധശ്രമം അദ്ദേഹത്തിന്റെ ആരോഗ്യം തകിടം മറിച്ചു. 80-കളിൽ കുറേയൊക്കെ മികച്ച ആരോഗ്യം പുലർത്തിയിരുന്ന അദ്ദേഹം 90-കളുടെ തുടക്കത്തോടെ ക്ഷയിച്ചുതുടങ്ങി. 1992-ൽ അദ്ദേഹത്തിന്റെ കുടലിൽ നിന്ന് ഒരു വൻ മുഴ നീക്കം ചെയ്തു. തൊട്ടടുത്ത വർഷങ്ങളിൽ (1993, 1994) രണ്ടുതവണ കുളിമുറിയിൽ തെന്നിവീണ് അദ്ദേഹത്തിന് പരിക്കേൽക്കുയുണ്ടായി. ആദ്യത്തെ വീഴ്ചയിൽ അദ്ദേഹത്തിന്റെ തോളുകൾ തെന്നിപ്പോകുകയും രണ്ടാമത്തെ വീഴ്ചയിൽ തുടയെല്ല് പൊട്ടുകയും ചെയ്തു. അനാരോഗ്യത്തെത്തുടർന്ന് 1995-ലെ ക്രിസ്മസ്ദിന സന്ദേശം അദ്ദേഹത്തിന് റദ്ദാക്കേണ്ടിവന്നു. 1996-ൽ അദ്ദേഹത്തിന് ഒരു അപ്പൻഡക്ടോമിയും നടത്തി.

2001-ൽ ഒരു അസ്ഥിരോഗവിദഗ്ദ്ധൻ മാർപ്പാപ്പയ്ക്ക് പാർക്കിൻസൺസ് രോഗം സ്ഥിരീകരിച്ചു. അതിനുമുമ്പുതന്നെ ചില സംശയങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ഉയർന്നുവന്നിരുന്നു. എന്നാൽ, അത് വത്തിക്കാൻ നേതൃത്വം തള്ളിക്കളഞ്ഞു. കേൾവിശക്തിയിലെ തകരാറും സംസാരിയ്ക്കാനും നടക്കാനുമുള്ള ബുദ്ധിമുട്ടും അനുഭവിച്ചിരുന്നിട്ടും അദ്ദേഹം യാത്രകൾ തുടർന്നുപോന്നു. 2003-ൽ അദ്ദേഹം തീർത്തും അവശനായി. തുടർന്ന് അദ്ദേഹം വീൽച്ചെയറിലാണ് അധികവും സഞ്ചരിച്ചിരുന്നത്. പലരും മാനസികമായി നല്ല നിലയിലായിരുന്നു അദ്ദേഹമെന്ന് പറഞ്ഞുവെങ്കിലും ആംഗ്ലിക്കൻ സഭാധ്യക്ഷനായിരുന്ന റോവൻ വില്ല്യംസും ഐറിഷ് പ്രസിഡന്റായിരുന്ന മേരി മക്കാലീസും വത്തിക്കാൻ സന്ദർശനവേളയിൽ മാർപ്പാപ്പ തങ്ങളെ തിരിച്ചറിഞ്ഞില്ലെന്ന് പറഞ്ഞു.

മരണവും ശവസംസ്കാരവും

തിരുത്തുക

2005 ഫെബ്രുവരി 1-ന് ഫ്ലൂവും സ്വനപേടകത്തിലുണ്ടായ ജ്വലനവും കാരണം മാർപ്പാപ്പയെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് ആശുപത്രി വിട്ടെങ്കിലും ശ്വാസതടസ്സത്തെത്തുടർന്ന് അധികം വൈകാതെ അദ്ദേഹത്തിന് തിരിച്ചുചെല്ലേണ്ടിവന്നു. തുടർന്ന് അദ്ദേഹത്തിന് ഒരു ട്രക്കിയോട്ടോമി നടത്തി. അതുമൂലം അദ്ദേഹത്തിന് ശ്വാസതടസ്സം നീങ്ങിയെങ്കിലും സംസാരിയ്ക്കാൻ ബുദ്ധിമുട്ടുണ്ടായി. ആശുപത്രിയിൽ വച്ച് കാണാനെത്തിയ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തെങ്കിലും സംസാരിയ്ക്കാൻ അദ്ദേഹത്തിന് വളരെയധികം ബുദ്ധിമുട്ടേണ്ടിവന്നു.

അനാരോഗ്യം കാരണം 2005-ലെ വിശുദ്ധ വാരത്തിൽ പങ്കെടുക്കാൻ പാപ്പയ്ക്ക് സാധിച്ചില്ല. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ മുതിർന്ന കർദ്ദിനാളുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ഓശാന ഞായർ ദിവസമായിരുന്ന മാർച്ച് 20-ന് അല്പനേരം തന്റെ വസതിയിലെ ജനലിൽ പ്രത്യക്ഷപ്പെട്ട പാപ്പ കയ്യിൽ ഒരു ഒലീവിലയും പിടിച്ച് ആരാധകർക്ക് ദർശനം നൽകി. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന ദർശനം.

രണ്ടുദിവസങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കൂടുതൽ ആശങ്കകൾ ഉയർന്നു. പാപ്പ മരണാസന്നനാണെന്നുവരെ പറഞ്ഞുകേട്ടു. ഒടുവിൽ വത്തിക്കാൻ അത് അംഗീകരിച്ചു. മാർച്ച് 31-ന് സ്വകാര്യ ചാപ്പലിൽ ബലിയർപ്പിയ്ക്കുന്നതിനിടയിൽ പാപ്പയ്ക്ക് മൂത്രാശയത്തിൽ അണുബാധയുണ്ടായി. ആശുപത്രിയിൽ പോകാൻ പാപ്പയുടെ സെക്രട്ടറി അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് അംഗീകരിച്ചില്ല. തന്റെ മരണം ആശുപത്രിയിൽ വച്ചാകരുതെന്നും പകരം വത്തിക്കാനിൽ വച്ചുതന്നെയാകണമെന്നും പാപ്പ ആഗ്രഹിച്ചിരുന്നു. മരണാസന്നനായ പാപ്പയെ ഉടനെ ഔദ്യോഗിക വസതിയിലേയ്ക്ക് കൊണ്ടുപോയി. അവിടെ ആരോഗ്യനില നോക്കാനായി ഏതാനും ഡോക്ടർമാരെ നിയോഗിച്ചു. മരണാസന്നനായ പാപ്പയ്ക്ക് കർദ്ദിനാളുമാർ അന്ത്യകൂദാശ നൽകി. ഏപ്രിൽ 2-ന് വൈകീട്ട് 3:30-ന് അദ്ദേഹം അവസാനവാക്കുകൾ ഉരുവിട്ടു: 'ഞാൻ എന്റെ പിതാവിന്റെ സവിധത്തിലേയ്ക്ക് പോകുന്നു' എന്നായിരുന്നു അവസാന വാക്കുകൾ. തുടർന്ന് അബോധാവസ്ഥയിലായ അദ്ദേഹം ആറുമണിക്കൂറുകൾക്കുശേഷം രാത്രി 9:37-ന് (ഇന്ത്യൻ സമയം ഏപ്രിൽ 3 പുലർച്ചെ 1:07) കാലം ചെയ്തു. 84 വയസ്സായിരുന്നു അദ്ദേഹത്തിന്. അണുബാധയെത്തുടർന്നുണ്ടായ രക്തദൂഷ്യവും ഹൃദയസ്തംഭനവുമായിരുന്നു മരണകാരണം.

2000-ൽ മാർപ്പാപ്പ പുണ്യദിനമായി പ്രഖ്യാപിച്ച ദിവ്യകാരുണ്യത്തിരുനാളിന്റെ തലേന്നാണ് അദ്ദേഹം കാലം ചെയ്തത്. ദിവ്യകാരുണ്യത്തിരുനാളിനോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാന അദ്ദേഹത്തിന്റെ മരണത്തിനും രണ്ട് മണിക്കൂർ മുമ്പ് ആരംഭിച്ചിരുന്നു. മരണവാർത്ത അറിഞ്ഞതോടെ വത്തിക്കാനിലേയ്ക്ക് ജനപ്രവാഹമായി. ലക്ഷക്കണക്കിന് ജനങ്ങളാണ് ആഗോള കത്തോലിക്കാസഭയുടെ തലവന് അന്തിമോപചാരം അർപ്പിയ്ക്കാൻ സെന്റ് പീറ്റേഴ്സ് ദേവാലയത്തിലെത്തിച്ചേർന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ഭൈറോൺ സിങ് ശെഖാവത്ത്, തൊഴിൽ മന്ത്രി ഓസ്കാർ ഫെർണാണ്ടസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാർപ്പാപ്പയുടെ ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ ഒരാഴ്ച പൊതുദർശനത്തിന് വച്ചശേഷം ഏപ്രിൽ 8-ന് ദേവാലയത്തിന്റെ താഴെയുള്ള ഭൂഗർഭ അറയിൽ ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പയുടെ ശവകുടീരത്തിനടുത്ത് സംസ്കരിച്ചു. തന്നെ വെറും മണ്ണിൽ അടക്കിയാൽ മതി എന്ന അന്ത്യാഭിലാഷം കണക്കിലെടുത്താണ് ശവസംസ്കാരകർമ്മം നടത്തിയത്. 1965-ൽ വിൻസ്റ്റൺ ചർച്ചിലിന്റെ ശവസംസ്കാരത്തിനുശേഷം ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ശവസംസ്കാരച്ചടങ്ങായിരുന്നു മാർപ്പാപ്പയുടേത്.

മാർപ്പാപ്പയുടെ നിര്യാണത്തെത്തുടർന്ന് സഭയുടെ അദ്ധ്യക്ഷപദവി ഒഴിവുവന്നു. തുടർന്ന് ഏപ്രിൽ 17-ന് കോൺക്ലേവ് നടത്തി. രണ്ടുദിവസം നീണ്ട കോൺക്ലേവിനൊടുവിൽ ജർമ്മനിക്കാരനായ കർദ്ദിനാൾ ജോസഫ് റാറ്റിസിങ്ങർ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ബെനഡിക്ട് പതിനാറാമൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച അദ്ദേഹം പാപ്പാസ്ഥാനത്തെത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തികളിൽ ഒരാളായിരുന്നു (78 വയസ്സ്). തന്റെ മുൻഗാമിയുടെ ശവസംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയതും ബെനഡിക്ട് പതിനാറാമനാണ്.

ധന്യപദവി

തിരുത്തുക

വിശുദ്ധ പദവിയിലേക്ക്‌ ഉയർത്തുന്നതിന്റെ ഭാഗമായി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2009 ഡിസംബർ 19 - ന് ധന്യപദവിയിലേക്ക്‌ ഉയർത്തി[1]. വിശുദ്ധനായി ഉയർത്തുന്നതിന്റെ രണ്ടാമത്തെ നടപടിക്രമമാണിത്‌. ഇതിനായുള്ള ഡിക്രിയിൽ ബനഡിക്ട്‌ പതിനാറാമൻ മാർപാപ്പ അന്നേ ദിവസം ഒപ്പുവച്ചു.

വാഴ്ത്തപ്പെടൽ

തിരുത്തുക

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ മാധ്യസ്ഥതയാൽ ഫ്രഞ്ച്‌ സന്യാസിനി മരിയേ സൈമണ് പാർക്കിൻസൺസ് രോഗം സുഖപ്പെട്ട സംഭവം സഭാകോടതിയിൽ തെളിയിക്കപ്പെട്ടതിനാൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ 2011 മേയ് 1 നു വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു[2][3] . സന്യാസി മരിയേ സൈമൺ ഉൾപ്പെടെ 40 ലക്ഷം പേരുടെ സാന്നിധ്യത്തിലാണ് ഈ ചടങ്ങ് നടന്നത്. വത്തിക്കാൻ ഗ്രോട്ടോയിൽ സംസ്കരിച്ചിരുന്ന മാർപാപ്പായുടെ മൃതദേഹം വാഴ്ത്തപ്പെടൽ പ്രഖ്യാപന ഭാഗമായി വെള്ളിയാഴ്ച പുറത്തെടുത്തു. തുടർന്ന് പ്രഖ്യാപന ശേഷം തിങ്കളാഴ്ച സെൻറ് പീറ്റേഴ്‌സ് ബസലിക്കയിലെ സെൻറ് സെബാസ്റ്റ്യൻ ചാപ്പലിൽ സംസ്‌കരിച്ചു.

2011 ഓഗസ്റ്റിൽ മെക്സിക്കോ നഗരത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മരണത്തിന്‌ മുമ്പ്‌ അദ്ദേഹത്തിന്റെ ശരീരത്തുനിന്നും എടുത്ത രക്തം തിരുശേഷിപ്പായി എത്തിച്ചിരുന്നു[4].

വിശുദ്ധപദവി

തിരുത്തുക

2013 ജൂലൈ ആദ്യത്തിൽ വിശുദ്ധ പദവി സംബന്ധിച്ച തീരുമാനമെടുക്കുന്ന കർദിനാൾമാരുടെ കമ്മിഷൻ ചേർന്ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ പരിഗണിച്ചു. തുടർന്ന് 2014 ഏപ്രിൽ 27ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചു.[5]

ഭാരതത്തിൽ

തിരുത്തുക

രണ്ടു പ്രാവശ്യമാണ് പോപ്പ് ഇന്ത്യയിൽ സന്ദശനം നടത്തിയത്.1986 ഫെബ്രുവരി 1 മുതൽ 10 വരെയാണ് ജോൺ പോൾ മാർപ്പാപ്പാ ആദ്യ ഭാരതസന്ദർശനം നടത്തിയത്. 1999-ലായിരുന്നു രണ്ടാമത്തെ ഭാരതസന്ദർശനം.

കേരളത്തിൽ

തിരുത്തുക

1986-ൽ നടത്തിയ ആദ്യസന്ദർശനത്തിന്റെ കാലയളവിൽ അദ്ദേഹം കേരളത്തിലും സന്ദർശനം നടത്തിയിരുന്നു. കേരളത്തിൽ എറണാകുളം ജില്ലയിലെ കളമശ്ശേരി, കോട്ടയം, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ഈ സന്ദർശന വേളയിൽ കോട്ടയത്തു വച്ചാണ് അദ്ദേഹം അൽഫോൻസാമ്മ, ചാവറയച്ചൻ എന്നിവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.

എറണാകുളം നഗരത്തിലെ സെന്റ്. മേരീസ് ബസിലിക്കാ (സ്ഥാപിതം:1112) പള്ളിയിൽ 2011 ഫെബ്രുവരി 7-ന് മാർപ്പാപ്പയുടെ ഭാരതസന്ദർശനത്തിന്റെ 25 -ആം വർഷം തികയുന്നതിന്റെ ആഘോഷങ്ങൾ നടത്തപ്പെട്ടു. അന്നേ ദിവസം കേരളത്തിലെ എല്ലാ മെത്രാന്മാരും ഒത്തുചേർന്നുള്ള കുർബാനയും നടന്നു.

സന്ദർശിച്ച രാജ്യങ്ങൾ

തിരുത്തുക
 
ജോൺ പോൾ മാർപാപ്പ സന്ദർശിച്ച രാജ്യങ്ങൾ നീലനിറത്തിൽ സൂചിപ്പിച്ചിരിക്കുന്നു

ജോൺ പോൾ മാർപ്പാപ്പായുടെ സ്ഥാനം വഹിച്ചിരുന്ന കാലങ്ങളിൽ 129 രാജ്യങ്ങളിലാണ് സന്ദർശനം നടത്തിയത് [6]:-

മൂന്ന് പ്രാവശ്യം സന്ദർശിച്ച രാജ്യങ്ങൾ

തിരുത്തുക

ഓസ്ട്രിയ, കാനഡ, ഐവറി കോസ്റ്റ്, ക്രൊയേഷ്യ, ചെക്ക്‌ റിപ്പബ്ലിക്ക്‌ ( ചെക്കോസ്ലൊവാക്യയിലെ ഒരു സന്ദർശനം ഉൾപ്പെടുന്നു ), ഡൊമിനിക്കൻ റിപ്പബ്ലിക്, ജെർമനി, ഗ്വാട്ടിമാല, കെനിയ, മാൾട്ട (including one stopover in Luqa[7][8][9]), സ്ലോവാക്യ (ചെക്കോസ്ലൊവാക്യയിലെ ഒരു സന്ദർശനം ഉൾപ്പെടുന്നു),

രണ്ട് പ്രാവശ്യം സന്ദർശിച്ച രാജ്യങ്ങൾ

തിരുത്തുക

അർജന്റീന, ഓസ്ട്രേലിയ, ബെൽജിയം, ബെനിൻ, ബോസ്നിയ ഹെർസെഗോവിന, ബർക്കിനാ ഫാസോ, കാമറൂൺ, ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ, എൽ സാൽവദോർ, ഹങ്കറി, ഇന്ത്യ, നിക്കരാഗ്വ, നൈജീരിയ, പാപുവ ന്യൂ ഗിനിയ, പെറു, ഫിലിപ്പീൻസ്, സ്ലോവേനിയ, ദക്ഷിണ കൊറിയ, ഉറുഗ്വേ, വെനിസ്വേല

ഒരിക്കൽ മാത്രം സന്ദർശിച്ച രാജ്യങ്ങൾ

തിരുത്തുക

അൽബേനിയ, അംഗോള, അർമേനിയ, അസെർബൈജാൻ, ബഹാമാസ്, ബംഗ്ലാദേശ്, ബെലീസ്, ബൊളീവിയ, ബോട്സ്വാന, ബൾഗേറിയ, ബറുണ്ടി, കേപ്പ് വേർഡ്, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ഛാഡ്, ചിലി, കൊളംബിയ, കോംഗോ, കോസ്റ്റ റീക്ക, ക്യൂബ, Curaçao (Netherlands Antilles), ഡെന്മാർക്ക്, കിഴക്കൻ ടിമോർ ( ഇന്തോനേഷ്യയുടെ ഒരു ഭാഗം), ഇക്വഡോർ, ഈജിപ്റ്റ്‌, ഇക്വറ്റോറിയൽ ഗിനി, എസ്റ്റോണിയ, ഫിജി, ഫിൻലാൻഡ്, ഗാബോൺ, ഗാംബിയ, ജോർജ്ജിയ, ഘാന, ഗ്രീസ്, Guam, ഗിനി, ഗിനി-ബിസൗ, ഹെയ്റ്റി, ഹോണ്ടുറാസ്, ഐസ്‌ലാന്റ്, ഇന്തോനേഷ്യ, അയർലണ്ട്, ഇസ്രയേൽ, ജമൈക്ക, ജപ്പാൻ, ജോർദാൻ, ഖസാഖ്‌സ്ഥാൻ, ലാത്‌വിയ, ലെബനാൻ, ലെസോത്തോ, ലിക്റ്റൻ‌സ്റ്റൈൻ, ലിത്വാനിയ, ലക്സംബർഗ്, മഡഗാസ്കർ, മലാവി, മാലി, മൗറീഷ്യസ്, മൊറോക്കൊ, മൊസാംബിക്ക്, നെതർലന്റ്സ്, ന്യൂസിലൻഡ്, നോർവെ, പാകിസ്താൻ, പലസ്തീൻ, പനാമ, പരഗ്വെ, പോർട്ടോ റിക്കോ, റൊമാനിയ, റുവാണ്ട, സെയ്ന്റ് ലൂസിയ, സാൻ മരീനോ, സാവോ ടോം ആൻഡ് പ്രിൻസിപ്പെ, സെനെഗൽ, സെയ്‌ഷെൽസ്, സിംഗപ്പൂർ, സോളമൻ ദ്വീപുകൾ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സുഡാൻ, സ്വാസിലാന്റ്, സ്വീഡൻ, സിറിയ, ടാൻസാനിയ, തായ്‌ലാന്റ്, ടോഗോ, ട്രിനിഡാഡ് ടൊബാഗോ, ടുണീഷ്യ, തുർക്കി, ഉഗാണ്ട, യുക്രെയിൻ, യുണൈറ്റഡ് കിങ്ഡം, സാംബിയ, സിംബാബ്‌വെ

  1. http://blogs.abcnews.com/theworldnewser/2009/11/pope-john-paul-iis-sainthood-on-fast-track.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-04. Retrieved 2011-05-01.
  3. "വാഴ്ത്തപ്പെട്ട ജോൺപോൾ രണ്ടാമൻ". ദേശാഭിമാനി, ചിന്ത. Archived from the original on 2013-09-05. Retrieved 2013 സെപ്റ്റംബർ 5. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  4. A capsule containing the blood of Pope John Paul II heading to Mexico
  5. http://www.deshabhimani.com/newscontent.php?id=422666
  6. Vatican News Services (in Italian)
  7. "The Malta Independent". Archived from the original on 2011-09-12. Retrieved 2011-02-06.
  8. The Travels of Pope John Paul II
  9. Apostolic Journeys of His Holiness Pope John Paul II (in Italian)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
റോമൻ കത്തോലിക്കാ സഭയിലെ അധികാരപദവികൾ
മുൻഗാമി മാർപ്പാപ്പ
ഒക്ടോബർ 16, 1978 – ഏപ്രിൽ 2, 2005
പിൻഗാമി


"https://ml.wikipedia.org/w/index.php?title=ജോൺ_പോൾ_രണ്ടാമൻ&oldid=4045701" എന്ന താളിൽനിന്ന് ശേഖരിച്ചത്