വിശുദ്ധ വാരം

പാശ്ചാത്യ ക്രൈസ്തവ സഭയുടെ ആരാധനക്രമം

പാശ്ചാത്യ ക്രൈസ്തവ സഭയുടെ ആരാധനക്രമ വർഷം അനുസരിച്ച് [1]ഈസ്റ്ററിന് മുൻപുള്ള ഒരാഴ്ച അല്ലെങ്കിൽ തപസ്സ് കാലത്തിലെ (നോമ്പുകാലം) അവസാന ആഴ്ചയാണ് വിശുദ്ധ വാരമായി ആചരിക്കുന്നത്. ഓശാന ഞായർ, പെസഹ വ്യാഴാഴ്ച, ദുഃഖവെള്ളിയാഴ്ച, വലിയ ശനിയാഴ്ച എന്നിവ അടങ്ങുന്നതാണ് വിശുദ്ധ വാരം. ഈസ്റ്റർ ഞായറാഴ്ച ഉയിർപ്പുകാലം ആദ്യ ഞായർ ആകയാൽ വിശുദ്ധ വാരത്തിൽ ഉൾപ്പെടുന്നില്ല. [2]പൗരസ്ത്യ ഓർത്തഡോക്സ് സഭ ഓശാന ഞായറിന് മുൻപ് വരുന്ന ശനിയാഴ്ചയാണ് വിശുദ്ധ വാരാരംഭമായി കരുതുന്നത്. ലാസറിന്റെ ശനി എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. കേരളത്തിൽ കൊഴുക്കട്ട ശനി എന്നും അറിയപ്പെടുന്നു. കൊഴുക്കട്ട എന്ന പ്രത്യേക പലഹാരം ഈ ദിവസം ക്രൈസ്തവർ ഭവനങ്ങളിൽ ഉണ്ടാക്കുന്നതിനാലാണ് ഈ പേരു വന്നത്.

ആരാധനക്രമ വർഷം
റോമൻ ആചാരക്രമം
കൽദായ ആചാരക്രമം

വിശുദ്ധ വാരം റോമൻ കത്തോലിക്കാ സഭയിൽ

തിരുത്തുക

[3]പീഡാനുഭവ ഞായർ, ഓശാന ഞായർ എന്ന് വിളിക്കപ്പെടുന്ന തപസ്സ് കാലം അവസാന ഞായറാഴ്ചയോടെയാണ് റോമൻ കത്തോലിക്കാ സഭ വിശുദ്ധ വാരം ആരംഭിക്കുന്നത്. [4]1955 വരെ ഓശാന ഞായർ എന്നുമാത്രമാണ് ഈ ദിവസം അറിയപ്പെട്ടിരുന്നത്. അക്കാലത്ത് തപസ്സ് കാലം അവസാന രണ്ടാഴ്ചകൾ പീഡാനുഭവകാലമായിട്ടാണ് ആചരിച്ചിരുന്നത്. പീഡാനുഭവകാലം ആദ്യഞായർ പീഡാനുഭവ ഞായറായും രണ്ടാം ഞായർ ഓശാന ഞായറായും ആചരിച്ചു പോന്നിരുന്നു.

ഓശാന ഞായർ

തിരുത്തുക
പ്രധാന ലേഖനം: ഓശാന ഞായർ
 

[5]തന്റെ പെസഹാരഹസ്യങ്ങളുടെ പൂർത്തീകരണത്തിനായി യേശു നടത്തിയ ജെറുസലേം രാജകീയ പ്രവേശനം അനുസ്മരിച്ചു കൊണ്ട് അന്നേ ദിവസം കുർബ്ബാനയ്ക്ക് മുൻപ് വിശ്വാസികൾ വെഞ്ചിരിച്ച കുരുത്തോലകൾ (ഒലിവ്, വില്ല്ലോ എന്നീ മരങ്ങളുടെ ശാഖകൾ, പ്രാദേശിക വൃക്ഷങ്ങളുടെ ശാഖകൾ എന്നിവയും ഉപയോഗിക്കാറുണ്ട്.) കൈയിലേന്തി പ്രദക്ഷിണമായി ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു. ദേവാലയത്തിന് പുറത്ത് പ്രത്യേകമായി സജ്ജീകരിച്ച ഇടത്ത് വെച്ചാണ് കുരുത്തോലകൾ കാർമ്മികൻ വെഞ്ചിരിക്കുന്നത്. യേശു കഴുതയുടെ പുറത്ത് കയറി ജെറുസലേമിൽ പ്രവേശിച്ചതും, ഓശാന പാടിയും തരുശിഖരങ്ങൾ നിലത്തു വിരിച്ചും ജനങ്ങൾ യേശുവിനെ എതിരേറ്റതും അടങ്ങുന്ന [6]സുവിശേഷ ഭാഗം ഈ സമയത്ത് വായിക്കപ്പെടുന്നു. [7]തുടർന്ന് വിശ്വാസികളും കർമ്മികരും ദേവാലയത്തിൽ പ്രവേശിച്ച് ദിവ്യബലിയർപ്പിക്കുന്നു. ദിവ്യബലി മദ്ധ്യേയുള്ള സുവിശേഷ വായന യേശുവിന്റെ പീഡാനുഭവവും കുരിശുമരണവും വിവരിക്കുന്ന സമാന്തര സുവിശേഷങ്ങളിൽ നിന്നുള്ള ഭാഗം ആയിരിക്കും. പീഡാനുഭവ വായന എന്നാണ് ഇതിനെ വിളിക്കുന്നത്.

തിങ്കൾ മുതൽ ബുധൻ വരെ

തിരുത്തുക

വിശുദ്ധ വാരത്തിൽ തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ പ്രത്യേക പ്രാർത്ഥനകളോ, ആചരണങ്ങളോ ഇല്ലെങ്കിലും വലിയ തിങ്കളാഴ്ച (വിശുദ്ധ തിങ്കൾ), വലിയ ചൊവ്വാഴ്ച (വിശുദ്ധ ചൊവ്വ), വലിയ ബുധനാഴ്ച (വിശുദ്ധ ബുധൻ )എന്നാണ് അറിയപ്പെടുന്നത്. സാധാരണ അർപ്പിക്കപ്പെടുന്ന കുർബാന ഈ ദിവസങ്ങളിൽ ഉണ്ടായിരിക്കും.

വലിയ ബുധനാഴ്ചയെ "ചാര ബുധൻ " എന്നും വിളിക്കാറുണ്ട്. [8]യേശുവിന്റെ ശിഷ്യനായ യൂദാസ് സ്കറിയോത്ത മുപ്പത് വെള്ളിക്കാശിനു വേണ്ടി യേശുവിനെ ഒറ്റിക്കൊടുക്കാൻ മഹാപുരോഹിതരുമായി ഗൂഢാലോചന നടത്തിയത് ഈ ദിവസമാണ് എന്ന് കരുതപ്പെടുന്നു.

പെസഹാ വ്യാഴം

തിരുത്തുക
പ്രധാന ലേഖനം: പെസഹാ വ്യാഴം

ക്രിസം മാസ്

തിരുത്തുക

പെസഹ വ്യാഴാഴ്ച ദേവലായങ്ങളിൽ രാവിലെ ദിവ്യബലി ഉണ്ടായിരിക്കില്ല [9]എന്നാൽ അന്നേദിവസം രാവിലെ ഒരു രൂപതയിലെ എല്ലാ രൂപതാ വൈദികരും, സന്യസ്ത വൈദികരും രൂപതാധ്യക്ഷന്റെ കൂടെ ദിവ്യബലി അർപ്പിക്കുന്നു. അടുത്ത വർഷത്തേക്ക് ഉപയോഗിക്കാനുള്ള വിശുദ്ധ തൈലങ്ങൾ ഈ ദിവ്യബലി മധ്യേയാണ് ആശിർവദിക്കുന്നത്. മാമോദീസ, സ്ഥൈര്യലേപനം, തിരുപ്പട്ടം എന്നിവയ്ക്ക് ഉപയോഗിക്കുന്നതും സമ്പൂർണ്ണത, ദൈവവരപ്രസാദം, ആത്മശക്തി എന്നിവയുടെ പ്രതീകവുമായ അഭിഷിക്ത തൈല(ക്രിസം)ത്തിന്റെ ആശിർവാദവും ഇതോടൊപ്പം നടക്കുന്നതിനാൽ ഈ ദിവ്യബലിക്ക് ക്രിസം മാസ് എന്ന് പേരുവന്നു.

അന്ത്യത്താഴ അനുസ്മരണം

തിരുത്തുക

റോമൻ കത്തോലിക്കാ ദേവാലയങ്ങളിൽ പെസഹ വ്യാഴാഴ്ച വൈകുന്നേരമാണ് വിശുദ്ധ കർമ്മങ്ങൾ ആരംഭിക്കുന്നത്. അന്ന് വൈകുന്നേരം ചൊല്ലുന്ന യാമപ്രാർത്ഥനയോട് കൂടി ഈസ്റ്റർ ത്രിദിനം (പെസഹാ ത്രിദിനം)ആരംഭിക്കും. (ദുഃഖവെള്ളിയാഴ്ച, വലിയ ശനിയാഴ്ച, ഈസ്റ്റർ എന്നിവ ചേരുന്നതാണ് ഈസ്റ്റർ ത്രിദിനം എങ്കിലും [10]ആരാധനക്രമം അനുസരിച്ച് തലേ ദിവസം വൈകുന്നേരം ചൊല്ലുന്ന യാമപ്രാർത്ഥന മുതലാണ് ഒരു പ്രധാനപ്പെട്ട ദിനങ്ങൾ ആരംഭിക്കുന്നത് എന്നതിനാലാണ് പെസഹ വ്യാഴാഴ്ച വൈകുന്നേരം മുതൽ ഈസ്റ്റർ ത്രിദിനം ആരംഭിക്കുന്നത്.)

അന്ത്യാത്താഴ ദിവ്യബലി വാക്കിൽ തന്നെ അർത്ഥമാക്കുന്നത് പോലെ, കുരിശുമരണത്തിന് മുന്നോടിയായി യേശുവിന്റെ അന്ത്യത്താഴമാണ് അനുസ്മരിക്കുന്നത്. പരിശുദ്ധ കുർബാനയുടെ സ്ഥാപനം, ക്രിസ്തീയ പൗരോഹിത്യത്തിന്റെ സ്ഥാപനം എന്നിവയും അനുസ്മരിക്കുന്നു. ഇവയുടെ സ്ഥാപകതിരുനാൾ ഈ ദിനം ആചരിക്കുന്നതിനാൽ ഗ്ലോറിയ ആലപിക്കാറുണ്ട് (തപസ് കാലത്ത് ആരാധനക്രമത്തിൽ നിന്ന് ഗ്ലോറിയ ഒഴിവാക്കിയിട്ടുണ്ട് ഈ കാലയളവിൽ വരുന്ന തിരുനാൾ ദിനങ്ങളിൽ ഗ്ലോറിയ ആലപിക്കാറുണ്ട്.

പാദക്ഷാളന കർമ്മം

തിരുത്തുക

പെസഹാ വ്യാഴാഴ്ചയിലെ തിരുക്കർമങ്ങളിൽ പ്രധാനപ്പെട്ടതാണ് പാദക്ഷാളന കർമ്മം. പെസഹാ ഭക്ഷിക്കുന്നതിനു മുൻപായി യേശു തന്റെ ശിഷ്യന്മാരുടെ പാദം കഴുകിയ സംഭവം ആണ് ഇതിലൂടെ സഭ അനുസ്മരിക്കുന്നത്. അല്മായരായ പന്ത്രണ്ടു പേരുടെ കാലുകളാണ് മുഖ്യകാർമ്മികൻ കഴുകുന്നത്.

വി. കുർബാനയുടെ ആരാധന

തിരുത്തുക

ദുഃഖവെള്ളിയാഴ്ചയിലെ തിരുക്കർമ്മങ്ങളിൽ ദിവ്യബലി ഇല്ലാത്തതിനാൽ പെസഹാ വ്യാഴാഴ്ചയിലെ ദിവ്യബലി മദ്ധ്യേ ആശീർവദിച്ച ഓസ്തി ദേവാലയത്തിൽ തന്നെ പ്രത്യേകമായി സജ്ജീകരിച്ച ഒരിടത്തേക്ക് മാറ്റി വെക്കുന്നു. ദുഃഖവെള്ളിയാഴ്ച കുർബ്ബാന സ്വീകരണത്തിന് ഈ ഓസ്തിയാണ് ഉപയോഗിക്കുന്നത്. പെസഹാ വ്യാഴാഴ്ച തിരുക്കർമ്മങ്ങളുടെ അവസാനം മുഖ്യകർമ്മികനോ സഹ കാർമ്മീകരിൽ ആരെങ്കിലുമോ ഓസ്തി സംവഹിച്ച് അൾത്താരയിൽ നിന്നും പ്രദക്ഷിണമായി പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നിടത്ത് വെക്കുന്നു. തുടർന്ന് അർദ്ധരാത്രി വരെ ദിവ്യകാരുണ്യ ആരാധനയായിരിക്കും.

 
പെസഹാ വ്യാഴാഴ്ചയിലെ തിരുക്കർമ്മങ്ങൾക്ക് ശേഷം ശൂന്യമാപ്പെട്ട അൾത്താര . അൾത്താര വിരികൾ, വിളക്കുകൾ തുടങ്ങിയ എല്ലാം തന്നെ അൾത്താരയിൽ നിന്ന് മാറ്റിയിരിക്കുന്നു. ക്രൂശിത രൂപങ്ങൾ മറച്ചു വെച്ചിരിക്കുന്നു.

അൾത്താര അന്നേ ദിനത്തെ തിരുക്കർമ്മങ്ങൾക്ക് ശേഷം ശൂന്യമാക്കും. വിരികൾ, വിളക്കുകൾ തുടങ്ങിയ എല്ലാം തന്നെ അൾത്താരയിൽ നിന്ന് മാറ്റും. ക്രൂശിത രൂപങ്ങൾ മറച്ചു തന്നെ വെക്കും. റോമൻ കത്തോലിക്കാ ക്രിസ്ത്യാനികൾ പെസഹാ വ്യാഴാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം ജാഗരണ പ്രാർത്ഥനയിൽ ഏർപ്പെടും. കുരിശിന്റെ വഴി, കേരളത്തിൽ പ്രത്യേകമായി പുത്തൻ പാന പാരായണം എന്നിവ ഈ ജാഗരണത്തിന്റെ ഭാഗമാണ്.

[11]ദുഃഖവെള്ളിയാഴ്ച

തിരുത്തുക
പ്രധാന ലേഖനം: ദുഃഖവെള്ളിയാഴ്ച

റോമൻ കത്തോലിക്കാ റീത്ത് അനുസരിച്ച് ദുഃഖവെള്ളിയാഴ്ച ഉപവസിക്കേണ്ട ദിവസമാണ്. [12]ഉപവാസ ദിനത്തിൽ ഒരു നേരത്തെ സമ്പൂർണ്ണ ഭക്ഷണമാണ് അനുവദിച്ചിട്ടുള്ളത്‌. എന്നാൽ അതേദിവസം രണ്ടു ലഘുഭക്ഷണവും ജലപാനവും ഉപവാസലംഘനമല്ല.

ഉച്ചക്ക് ശേഷമാണ് ദുഃഖവെള്ളിയാഴ്ച ദിവസം തിരുക്കർമ്മങ്ങൾ ആരംഭിക്കുന്നത്. പീഡാനുഭവ വായന, സാർവത്രിക പ്രാർത്ഥന, കുരിശാരാരാധന, കുർബ്ബാന സ്വീകരണം, നഗരികാണിക്കൽ പ്രദക്ഷിണം, തിരുശരീര ചുംബനം, കബറടക്കം എന്നിവയാണ് ആ ദിവസത്തെ പ്രധാന ചടങ്ങുകൾ.

പീഡാനുഭവ വായന

തിരുത്തുക

വി. യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ യേശുവിന്റെ പീഡാനുഭവം വിവരിക്കുന്ന ഭാഗമാണ് വായനക്ക് എടുക്കുന്നത്. മുഖ്യ കാർമ്മികൻ , രണ്ടു ഡീക്കൻമാർ അല്ലെങ്കിൽ രണ്ടു അല്മായർ എന്നിവർ ചേർന്നാണ് പീഡാനുഭവ വായന നടത്തുന്നത്. യേശുവിന്റെ സംഭാഷണം വരുന്ന ഭാഗം മുഖ്യ കാർമ്മികനും, മറ്റുള്ളവരുടെ സംഭാഷണ ഭാഗങ്ങൾ ഒന്നാമത്തെ ഡീക്കൻ (അല്ലെങ്കിൽ ഒന്നാമത്തെ ല്മായൻ ) വിവരണം ഉള്ള ഭാഗങ്ങൾ രണ്ടാമത്തെ ഡീക്കൻ (അല്ലെങ്കിൽ രണ്ടാമത്തെ അല്മായൻ ) എന്ന ക്രമത്തിലാണ് വായന. ഈ സമയം എല്ലാവരും എഴുന്നേറ്റ് നിൽക്കണം. ദൈർഘ്യമേറിയ വായനയായതിനാൽ രോഗികളും വൃദ്ധരുമായവർ എഴുന്നെറ്റു നിൽക്കേണ്ടതില്ല.

സാർവ്വത്രിക പ്രാർത്ഥന

തിരുത്തുക

സഭ, രാഷ്ട്രത്തലവന്മാർ, സുവിശേഷത്തിൽ വിശ്വസിക്കാത്തവർ തുടങ്ങിയവർക്ക് വേണ്ടിയും അവരുടെ നിയോഗങ്ങൾക്ക് വേണ്ടിയും മുഖ്യകാർമ്മികൻ പ്രാർത്ഥിക്കുന്ന ഭാഗമാണ് സാർവത്രിക പ്രാർത്ഥന. ഓരോ പ്രാർത്ഥനക്ക് മുൻപ് മുഖ്യകാർമ്മികൻ ആർക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് എന്നും നിയോഗം എന്താണ് എന്നും പറയുകയും പ്രാർഥിക്കുകയും ചെയ്യുന്നു. ജനങ്ങൾ പ്രാർത്ഥന കേൾക്കണമെന്ന് ഏറ്റു ചൊല്ലുകയും ചെയ്യുന്നു.

കുരിശാരാധന

തിരുത്തുക

അൾത്താരയുടെ മുന്നിലായി ഏവരും കാണും വിധം നാട്ടിയിരിക്കുന്ന കുരിശിന് മുന്നിൽ മുഖ്യകാർമ്മികൻ സ്രാഷ്ടാഗപ്രണാമം നടത്തുന്നതോടെയാണ് കുരിശാരാധന ആരംഭിക്കുന്നത്. ക്രൂശിതരൂപമാണ് ആരാധനക്ക് ഉപയോഗിക്കുന്നതെങ്കിൽ വെള്ളയോ വയലറ്റോ തുണി കൊണ്ട് രൂപം മറച്ച് മൂന്ന് ചരടുകൾ കൊണ്ട് കെട്ടി വെച്ചിരിക്കും. "ഇതാ...ഇതാ കുരിശുമരം, ഇതിലാണ് ലോകൈക രക്ഷകൻ മരണം വരിച്ചതീ മണ്ണിന്നായ്" എന്ന് വൈദികൻ മൂന്നു തവണ പറയുകയോ ആലപിക്കുകയോ ചെയ്യും. ഓരോ തവണയും മുഖ്യകാർമ്മികൻ ഇത് പറയുമ്പോൾ "വരുവിൻ വണങ്ങാം ആരാധിക്കാം" എന്ന് എല്ലാവരും പ്രത്യുത്തരിക്കുകയുംചെയ്യും. ഓരോ തവണയും ഉച്ചരിക്കും മുൻപ് മുഖ്യകാർമ്മികൻ ഓരോ കെട്ടുകളും അഴിക്കുകയും മൂന്നാമത്തെ തവണ പറയും മുൻപ് ക്രൂശിതരൂപം പൂർണമായി അനാവരണം ചെയ്യുകയും ചെയ്യും. പിന്നീട് മുഖ്യകാർമ്മികൻ കുരിശിൽ ചുംബിക്കുകയും തുടർന്ന് വിശ്വാസികൾ കുരിശുചുംബനം നടത്തുകയും ചെയ്യും.

കുർബാന സ്വീകരണം

തിരുത്തുക

ദുഃഖവെള്ളിയാഴ്ച ദിവ്യബലിയർപ്പിക്കാറില്ല. പെസഹ വ്യാഴാഴ്ച ആശിർവദിച്ചു വെച്ച ഓസ്തിയാണ് കുർബാന സ്വീകരണത്തിന് ഉപയോഗിക്കുന്നത്. തുടർന്ന് യേശുവിന്റെ മൃതശരീരത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതിമ വഹിച്ചു കൊണ്ട് നഗരികാണിക്കൽ പ്രദക്ഷിണവും അന്തിമോപചാരം അർപ്പിക്കുന്നതിന്റെയും മൃതശരീരം കല്ലറയിൽ സംസ്കരിച്ചതിന്റെ പ്രതീകാത്മകമായി തിരുശരീരചുംബനവും കബറടക്കവും നടത്തുന്നു.

വലിയശനി (വിശുദ്ധ ശനി)

തിരുത്തുക

യേശുവിന്റെ ശരീരം കല്ലറയിൽ ശയിച്ച മണിക്കൂറുകളാണ് സഭ ഈ ദിവസം അനുസ്മരിക്കുന്നത്. ദേവാലയങ്ങളിൽ പ്രത്യേകമായി ചടങ്ങുകൾ ഒന്നും തന്നെ ഉണ്ടാകില്ല. അന്നേ ദിവസം കുർബ്ബാനയും ഉണ്ടായിരിക്കില്ല. അൾത്താര ദുഃഖ വെള്ളിയാഴ്ചയിൽ എന്ന പോലെ ശൂന്യമായിരിക്കും. സക്രാരി തുറന്നിട്ടിരിക്കും. ആശിർവദിച്ച അപ്പമോ, പെസഹാ വ്യാഴാഴ്ച ആശിർവദിച്ച ഒസ്തികളിൽ ബാക്കി വന്നവയോ സക്രാരിയിൽ വെക്കില്ല. സാധാരണഗതിയിൽ സങ്കീർത്തിയിൽ തെളിച്ചു വെച്ച തിരിയുടെ അകമ്പടിയോടെ പ്രത്യേക പീഠത്തിലാണ് ആശിർവദിച്ച ഒസ്തികൾ സൂക്ഷിച്ചു വെക്കുന്നത്. അടിയന്തരമായി അന്ത്യ കൂദാശ നൽകേണ്ട അവസരത്തിൽ ഈ ഒസ്തിയാണ് ഉപയോഗിക്കുന്നത്.

അന്ന് വൈകുന്നേരമാണ് ഈസ്റ്റർ ജാഗരണം ആരംഭിക്കുന്നത്. പൊതു കലണ്ടർ പ്രകാരം അന്ന് ശനിയാഴ്ച തന്നെയാണെങ്കിലും ആരാധനക്രമം അനുസരിച്ച് തിരുനാളുകൾ കണക്കാക്കുന്നത് തലേ ദിവസത്തെ സായാഹ്ന പ്രാർത്ഥന മുതലായതിനാൽ ഈസ്റ്റർ ജാഗരണം വലിയ ശനിയാഴ്ച വൈകുന്നേരത്തോടെ ആരംഭിക്കും.

ഈസ്റ്റർ ജാഗരണം

തിരുത്തുക

റോമൻ കത്തോലിക്കാ ആരാധനക്രമത്തിൽ ഏറ്റവും ദൈർഘ്യമേറിയ അനുഷ്ഠാനം ഈസ്റ്റർ ജാഗരണമാണ്. മൂന്നോ നാലോ മണിക്കൂർ ദൈർഘ്യമുള്ള ജാഗരണത്തിന്റെ പ്രധാനഭാഗങ്ങൾ പെസഹാ തിരിതെളിക്കൽ, വചനശുശ്രൂഷ, ജ്ഞാനസ്നാന ശുശ്രൂഷ, കുർബാന (ദിവ്യബലിയർപ്പണം) എന്നിവയാണ്.

[13]ഈസ്റ്റർ ജാഗരണത്തിന് മുന്നോടിയായി ദേവാലയത്തിലെ വെളിച്ചം എല്ലാം അണയ്ക്കും. ഒന്നുകിൽ ദേവാലയത്തിന് പുറത്തോ അല്ലെങ്കിൽ ദേവാലയത്തിന്റെ ഏതെങ്കിലും ഒരു മൂലയ്ക്കോ വിശ്വാസികൾ ഒന്നിച്ചു കൂടും. അവിടെ വെച്ച് കനലൂതി കാർമ്മികൻ തീയുണ്ടാക്കും. പാപത്തിന്റെയും മരണത്തിന്റെ അന്ധകാരം ദൂരെയകറ്റി യേശുവിന്റെ ഉത്ഥാനത്തിലൂടെ ദൈവം ലോകത്തിന് നൽകിയ രക്ഷയുടെയും പ്രത്യാശയുടെയും പ്രകാശത്തെയാണ് ഈ പുതിയ തീ പ്രതിനിധാനം ചെയ്യുന്നത്. വൈദികൻ ഈ തീ പ്രത്യേകമായി തയ്യാറാക്കിയ പെസഹാതിരിയിലേക്ക് പകരുന്നു. തുടർന്ന് ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ള എല്ലാവരും ഈ പെസഹാ തിരിയിൽ നിന്ന് തങ്ങളുടെ കൈവശമുള്ള തിരി കത്തിക്കുകയും അടുത്തുള്ളവരുടെ തിരികളിലേക്ക് നാളം പകരുകയും ചെയ്യുന്നു.

പ്രദക്ഷിണമായി എല്ലാവരും ദേവാലയത്തിൽ പ്രവേശിക്കുന്നതാണ് അടുത്തത്. ഈ പ്രദക്ഷിണത്തിനടയിൽ മൂന്നിടങ്ങളിൽ നിൽക്കുകയും കാർമ്മികൻ 'ക്രിസ്തുവിൻ പ്രകാശം' എന്ന് പറയുകയും മറ്റുള്ളവർ 'ദൈവത്തിന് സ്തോത്രം' എന്ന് പ്രതിവചിക്കുകയും ചെയ്യും. പ്രദക്ഷിണമായി അൾത്താരയിൽ എത്തിയ ശേഷം പെസഹാ തിരി നാട്ടി നിർത്തും. ഉയിർപ്പ് കാലം മുഴുവൻ ഈ തിരി ഇവിടെ തന്നെ തെളിച്ച് വെക്കും. ബാക്കി വരുന്ന തിരി പിന്നീട് വരുന്ന ഒരു വർഷം നടക്കുന്ന ജ്ഞാനസ്നാന സമയത്തും മൃതസംസ്കാര സമയത്തും ഉപയോഗിക്കാനുള്ളതാണ്. ക്രിസ്തു ജീവനും പ്രകാശവുമാണ് എന്നത്തിന്റെ പ്രതീകമായാണ് ഇത്തരം അവസരങ്ങളിൽ പെസഹാത്തിരി തെളിക്കുന്നത്.

തുടർന്ന് വചനശുശ്രൂഷയാണ്. പഴയനിയമത്തിൽ നിന്നും രണ്ടു മുതൽ ഏഴുവരെ വായനകളും ഓരോ വായനയേയും തുടർന്ന് പ്രതിവചനസങ്കീർത്തനവും അടങ്ങിയ ആദ്യഭാഗം തീരുന്നതോടെ ഗായകസംഘം ഗ്ലോറിയ ആലപിക്കും. ഈ സമയത്ത് സമൂഹം തങ്ങളുടെ കൈകളിലെ തിരികൾ അണക്കുകയും ദേവാലയത്തിലെ ദീപസംവിധാനങ്ങൾ തെളിയുകയും ചെയ്യും. പുതിയ നിയമത്തിൽ നിന്നുള്ള വായനയാണ് തുടർന്ന് വരുന്നത്. വി. പൗലോസ് അപ്പോസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്നുള്ള ഭാഗമാണ് വായിക്കുന്നത്. പിന്നീട് ഗായകസംഘം ആലേലൂയ ആലപിക്കുന്നു. തപസുകാലം ആരംഭം മുതൽ നിർത്തി വെക്കുന്ന ആലേലൂയ ആലാപനം‌ ഈസ്റ്റർ ആചരണത്തിലാണ് പുനരാരംഭിക്കുന്നത്. തുടർന്ന് സുവിശേഷം പ്രഘോഷണ കർമ്മമാണ്‌ വൈദികൻ യേശുവിന്റെ ഉയിർപ്പിനെ വിവരിക്കുന്ന സുവിശേഷഭാഗം വായിക്കുകയും തുടർന്ന് വചനപ്രഘോഷണം നടത്തുകയും ചെയ്യുന്നു.

ജ്ഞാനസ്നാന ശുശ്രൂഷയിൽ ആദ്യത്തേത് ജ്ഞാനസ്നാനജലം ആശിർവദിക്കലാണ്. തുടർന്ന് ജ്ഞാനസ്നാനാർത്ഥികളുണ്ട് എങ്കിൽ അവരുടെ ജ്ഞാനസ്നാനവും ജ്ഞാനസ്നാനം നേരത്തെ സ്വീകരിച്ചവരുടെ വ്രതനവീകരണവും വിശ്വാസികളുടെ മേലുള്ള തീർത്ഥം തളിക്കലും നടക്കും. ജ്ഞാനസ്നാനശുശ്രൂഷക്ക് ശേഷം ദിവ്യബലി തുടരുന്നു.

ഈസ്റ്റർ ഞായർ

തിരുത്തുക
പ്രധാന ലേഖനം: ഈസ്റ്റർ

ക്രൈസ്തവസഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഈസ്റ്റർ ഞായർ. ക്രിസ്തുവിന്റെ ഉയിർപ്പാണ് ഈ ദിവസം ക്രൈസ്തവസഭ അനുസ്മരിക്കുന്നത്. ഉയിർപ്പുകാലത്തിന്റെ തുടക്കം ഈസ്റ്റർ ഞായർ ആണ്. സാർവത്രിക സഭയിൽ ഞായറാഴ്ചയ്ക്ക് ഇത്രയേറെ പ്രാധാന്യം ലഭിക്കാനുള്ള പ്രധാനകാരണവും ഈസ്റ്റർ ഞായറാണ്.


ഇതും കാണുക

തിരുത്തുക
 1. Catholic Encyclopedia
 2. Orthodox Wiki
 3. Holyweek, Catholic.org
 4. Holy Week]
 5. What is Palm Sunnday
 6. [Gospel According to St. John, Chapter 12]
 7. "1920 typical edition of the Roman Missal" (PDF). Archived from the original (PDF) on 2013-06-03. Retrieved 2013-02-06.
 8. Spy Wednesday
 9. Chrism Mass, Catholic Exchange
 10. [Divine Office]
 11. Good Friday Liturgy
 12. "What is the Church's official position concerning penance and abstinence from meat during Lent?". Archived from the original on 2013-02-09. Retrieved 2013-02-06.
 13. Easter Vigil, Catholic Culture
"https://ml.wikipedia.org/w/index.php?title=വിശുദ്ധ_വാരം&oldid=3657164" എന്ന താളിൽനിന്ന് ശേഖരിച്ചത്