അൽഫോൻസാമ്മ

ഭാരതത്തിൽനിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ആദ്യ വനിത

സീറോ മലബാർ കത്തോലിക്കാസഭയിലെ ഒരു വിശുദ്ധയും ഭാരതത്തിൽനിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ആദ്യവനിതയുമാണ്‌ വിശുദ്ധ അൽഫോൻസാമ്മ എന്നറിയപ്പെടുന്ന അന്നകുട്ടി മുട്ടത്തുപാടം (ജീവിതകാലം: 1910 ഓഗസ്റ്റ് 191946 ജൂലൈ 28 ).ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിതയാണ് അൽഫോൻസാമ്മ.

വിശുദ്ധ അൽഫോൻസാമ്മ
അൽഫോൺസാ മുട്ടത്തുപാടം
വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യൻ വനിത
ജനനംഓഗസ്റ്റ് 19, 1910
കോട്ടയം ജില്ല, കേരളം, ഇന്ത്യ
മരണംജൂലൈ 28, 1946
ഭരണങ്ങാനം
വണങ്ങുന്നത്കത്തോലിക്കാസഭ
വാഴ്ത്തപ്പെട്ടത്February 1986, കോട്ടയം by ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ
നാമകരണംഒക്ടോബർ 12, 2008 by ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ
ഓർമ്മത്തിരുന്നാൾജൂലൈ 28
മദ്ധ്യസ്ഥംശാരീരികവും അല്ലാത്തതുമായ രോഗശാന്തി,
മാതാപിതാക്കളുടെ ദീർഘായുസ്സ്

ജീവിതരേഖ തിരുത്തുക

 
ഭരണങ്ങാനത്തെ അൽഫോൻസാ തീർഥാടന കേന്ദ്രം, വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനു മുൻപ് ചിത്രീകരിച്ചത്
 
ഇതിനുള്ളിലാണ് അൽഫോൻസാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്നത്, വിശുദ്ധയായി പ്രഖ്യാപിച്ച ശേഷം പുതുക്കി പണിത രൂപത്തിൽ

ജനനം തിരുത്തുക

കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി സീറോ മലബാർ കത്തോലിക്കാ അതിരൂപതയിലെ കുടമാളൂർ ഇടവകയിൽ ഉൾപ്പെട്ട ആർപ്പൂക്കര ഗ്രാമത്തിലെ മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടെയും നാലാമത് മകളായി 1910 ഓഗസ്റ്റ് 19 - ന് ജനിച്ചു[1]. അന്നക്കുട്ടി എന്ന പേരാണ് അവർ മകൾക്ക് നൽകിയത്. ചെമ്പകശ്ശേരി രാജഭരണകാലത്ത് മുട്ടത്തുപാടം കുടുംബം പള്ളി സ്ഥാപനത്തോട് അനുബന്ധിച്ച് ആർപ്പൂക്കരയിൽ സ്ഥിരതാമസമാക്കുകയും പിന്നീട് കൊട്ടാരം വൈദ്യന്മാരായി പ്രവർത്തിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു.[2] ഇന്നും ഈ കുടുംബത്തിലെ ചില അംഗങ്ങൾ വൈദ്യന്മാരായി അറിയപ്പെടുന്നു. അന്നക്കുട്ടിയുടെ ജനനത്തിനു മുൻപ് അമ്മ ഒരു പാമ്പിനെ കണ്ട് ഭയപ്പെട്ടതിനെ തുടർന്ന് ഗർഭകാലം തികയുന്നതിനു മുൻപ്, എട്ടാം മാസത്തിലാണ് അന്നക്കുട്ടി ജനിച്ചത്.[1]

ഓഗസ്റ്റ് 27 - ന് പരിശുദ്ധ കന്യകാമറിയത്തിന്റെ പേരിലുള്ള കുടമാളൂർ ഇടവക ദേവാലയത്തിൽ വെച്ച് മാമ്മോദീസ നൽകി. പ്രസവത്തിനു ശേഷം അന്നക്കുട്ടിയുടെ മാതാവിന്റെ അസുഖം ദിനംപ്രതി വർദ്ധിച്ചു വന്നു. ഈ വേളയിൽ അവരെ കാണുവാൻ വന്ന സഹോദരി മുട്ടുചിറ മുരിക്കൻ അന്നമ്മയോട് തന്റെ കുഞ്ഞിന്റെ കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് അഭ്യർഥിച്ചു. അന്നക്കുട്ടി ജനിച്ച് ഇരുപത്തിയേഴാം ദിവസം അമ്മ മരിച്ചു. പരിപാലിക്കാൻ ആരുമില്ലാതിരുന്നതിനാൽ മാതൃസഹോദരി അന്നമ്മ അന്നക്കുട്ടിയെ മുട്ടുചിറയിലേക്ക് കൊണ്ടു പോയി. എങ്കിലും, ഗർഭിണിയായിരുന്ന അന്നമ്മയ്ക്ക് കുഞ്ഞിനെ അധികനാൾ നോക്കുവാൻ സാധിക്കാതിരുന്നതിനാൽ വീട്ടിൽ തിരികെ കൊണ്ടുപോയി. അവിടെ കുഞ്ഞിനെ പരിപാലിച്ചത് വല്ല്യമ്മ ത്രേസ്യാമ്മയാണ്. ഇക്കാലയളവിൽ കരപ്പൻ എന്ന അസുഖം പിടിപെട്ട് കുഞ്ഞിന്റെ മേനി മുഴുവൻ വൃണപ്പെട്ടിരുന്നു. രോഗത്തിന്റെ പിടിയിൽ നിന്നും വർഷങ്ങൾ കൊണ്ടാണ് സുഖം പ്രാപിച്ചത്[3].

ബാല്യം തിരുത്തുക

കുടമാളൂർ പള്ളിയിൽ 1917 നവംബർ 27 - ന് അന്നക്കുട്ടി അദ്യകുർബ്ബാന കൈക്കൊണ്ടു.[4]. ചെറുപ്പത്തിൽ തന്നെ അന്നക്കുട്ടി പാവങ്ങളോട് അനുകമ്പ കാട്ടിയിരുന്നു. ആർപ്പൂക്കരയിലെ തൊണ്ണംകുഴി സർക്കാർ സ്കൂളിൽ എ.ഇ. അന്ന എന്ന പേരിൽ വിദ്യാഭ്യാസത്തിനായി 1916 മേയ് 16 മാസത്തിൽ ചേർത്തു. സ്കൂളിൽ ചേർക്കുവാൻ ഒപ്പം പോയ പിതാവിന്റെ സഹോദരനായ ഏലൂപ്പറമ്പിൽ ഈപ്പന്റെ പേരിൽ നിന്നുമാണ് എ.ഇ. എന്ന ഇനിഷ്യൽ ചേർക്കപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്നു. അന്നക്കുട്ടിയെ പെട്ടെന്നു സഹപാഠികൾക്ക് ഇഷ്ടപ്പെട്ടു. പഠിപ്പിക്കുന്ന കാര്യങ്ങൾ ഓരോ ദിവസവും മനഃപാഠമാക്കിയിരുന്നു. സഹവിദ്യാർഥികളുടെ കുസൃതികളെ അവൾ സന്തോഷത്തോടെ നേരിട്ടു. മറ്റുള്ളവർ വിഷമിപ്പിച്ചാലും പരാതിയും പരിഭവവും കൂടാതെ അവരോട് പെരുമാറിയിരുന്നു.

1920-ൽ, മൂന്നാം ക്ലാസ് പഠനം പൂർത്തിയാക്കിയ അന്നക്കുട്ടിയെ പിതാവ് അതേ വർഷം ജൂൺ 30 - ന് മുട്ടുച്ചിറ ഗവൺമെന്റ് സ്കൂളിൽ നാലാം ക്ലാസിൽ ചേർത്തു. മുട്ടുച്ചിറ പുതുക്കരി കുടുംബാംഗമായിരുന്നു അന്നക്കുട്ടിയുടെ അമ്മ മേരി. അമ്മയുടെ സഹോദരിയായ മുട്ടുച്ചിറ മുരിക്കൻ അന്നമ്മയുടെ വീട്ടിൽ താമസിച്ചായിരുന്നു പഠനം. അങ്ങനെ 1920 മുതൽ അന്നക്കുട്ടിയ്ക്ക്, വല്ല്യമ്മ വളർത്തമ്മയായി. അന്നക്കുട്ടിയുടെ മുട്ടത്തുപാടം കുടുംബം പോലെ പേരുകേട്ടതായിരുന്നു മുരിക്കൻ കുടുംബവും. അന്നക്കുട്ടിയെ ഭംഗിയുള്ള വസ്ത്രങ്ങൾ അണിയിക്കുന്നതിലും അവ വൃത്തിയായി സൂക്ഷിക്കുന്നതിലും വല്ല്യമ്മ ശ്രദ്ധിച്ചിരുന്നു. ദേവാലയത്തിൽ തന്നോടോപ്പമാണ് അവർ വളർത്തുമകളെ കൊണ്ടു പോയിരുന്നത്[5]. അന്നക്കുട്ടിക്കു പതിനൊന്നു വയസ്സായതോടെ ബാലാരിഷ്ഠതകൾ നീങ്ങി ആരോഗ്യവും സൗന്ദര്യവും കൈവന്നു.

കൗമാരവും വിവാഹാലോചനകളും തിരുത്തുക

കൗമാരപ്രായത്തിലേക്കു കടന്ന അന്നക്കുട്ടിയുടെ സൗന്ദര്യം എല്ലാവരിലും അസൂയ ജനിപ്പിക്കുന്നതായിരുന്നു[6]. മോടിയായി വസ്ത്രം ധരിച്ച് പള്ളിയിലും സ്കൂളിലും പോകുന്ന അന്നക്കുട്ടിയെ ശ്രദ്ധിക്കുന്നവർ അനുദിനം വർദ്ധിച്ചു വന്നു. സൗന്ദര്യവും ഐശ്വര്യവും ഒത്തു ചേർന്ന അന്നക്കുട്ടിയെ തങ്ങളുടെ കുടുംബത്തിലേക്ക് വിവാഹം കഴിപ്പിച്ച് ആനയിക്കുവാൻ പല മാതാപിതാക്കളും ആഗ്രഹിച്ചു. അവർ ഇക്കാര്യം മുരിക്കൻ തറവാട്ടിലേക്ക് ദല്ലാൾമാരു വഴി അറിയിച്ചു തുടങ്ങി. പന്ത്രണ്ടു വയസാകുമ്പോൾ വിവാഹം നടത്തിയിരുന്ന അക്കാലത്ത് അന്നക്കുട്ടിയെയും വിവാഹം കഴിപ്പിച്ചയക്കണമെന്ന് പേരമ്മയിൽ ആഗ്രഹം ഉടലെടുത്തു. അവർ ഇക്കാര്യം ഭർത്താവിനോട് ഉണർത്തിച്ചു. അങ്ങനെ സൽസ്വഭാവിയായ ഒരാളെക്കൊണ്ട് അന്നക്കുട്ടിയെ വിവാഹം കഴിപ്പിക്കുവാൻ അവർ തീരുമാനിച്ചു. അന്നക്കുട്ടിയെ മഠത്തിൽ ചേർക്കുന്നതിനെക്കുറിച്ച് അവർ ചിന്തിച്ചിരുന്നില്ല. കൂടാതെ വിവാഹാലോചനകൾ നടക്കുന്ന വിവരം അന്നക്കുട്ടിയുടെ ശ്രദ്ധയിൽ പെട്ടിരുന്നുമില്ല. അക്കാലത്ത് ചെറുക്കന്റെയും പെണ്ണിന്റെയും പിതാവ്, പിതൃസഹോദരന്മാർ, അമ്മാവന്മാർ എന്നിവർ പരസ്പരം കണ്ട് തീരുമാനങ്ങൾ പറഞ്ഞുറപ്പിച്ചാണ് വിവാഹങ്ങൾ നടന്നിരുന്നത്. അവരുടെ തീരുമാനങ്ങൾക്ക് വധൂവരന്മാർ വഴങ്ങുക എന്ന രീതി മാത്രമേ അക്കാലത്ത് നിലനിന്നിരുന്നുള്ളു.

വിവാഹ ഉറപ്പിക്കൽ തീയതി നിശ്ചയിച്ച ശേഷമാണ് അന്നക്കുട്ടി ഈ വിവരമറിയുന്നത്. യാതൊരു കാരണവശാലും വിവാഹത്തിനു സമ്മതം നൽകില്ല എന്നത് അന്നക്കുട്ടി ദൃഢനിശ്ചയം ചെയ്തു. അവസാനം അന്നക്കുട്ടി ശാന്തശീലനായ പേരപ്പനോട് വിവരം തുറന്നു പറയുവാൻ തീരുമാനിച്ചു. ഈ വിവരം അവൾ പേരപ്പനോട് പറഞ്ഞു: എന്റെ പേരപ്പാ, ഈശോയുടെ അഞ്ചു തിരുമുറിവുകളെ ഓർത്ത് എന്നെ കല്ല്യാണത്തിനു നിർബന്ധിക്കരുതേ എന്നു പറയുകയും ബോധമറ്റു നിലം പതിക്കുകയും ചെയ്തു. ഈ സംഭവം മൂലം മനസലിഞ്ഞ അദ്ദേഹം അന്നക്കുട്ടിയെ ആശ്വസിപ്പിച്ചു. എങ്കിലും പേരമ്മ അന്നക്കുട്ടിയുടെ നിസ്സഹായാവസ്ഥയിലും ആലോചന തുടരുകയും ഭർത്താവിനെ നിർബന്ധിക്കുകയും ചെയ്തു. അമ്മയില്ലാതെ വളർന്ന കുട്ടിയെ സന്യസിക്കുവാനായി അയക്കുന്നത് സാമ്പത്തിക ലാഭത്തിനായാണെന്ന് മറ്റുള്ളവർ കരുതുമെന്നും തനിക്കും കുടുംബത്തിനും അത് അപമാനമാകുമെന്ന് അവർ കരുതി. അവർ തുടർന്നും അന്നക്കുട്ടിയെ ശകാരിക്കുകയും നിർബന്ധിക്കുകയും ചെയ്തു. ഈ അവസരത്തിൽ തന്റെ ശാരീരിക സൗന്ദര്യത്തെ അന്നക്കുട്ടി സ്വയം പഴിച്ചു. വിവാഹത്തിനു സമ്മതമല്ല എന്നത് എല്ലാ പെൺകുട്ടികളുടെയും പതിവ് പല്ലവി എന്ന നിലയ്ക്കു കണ്ട പേരമ്മ അന്നക്കുട്ടിയുടെ അഭിപ്രായവും അത്തരത്തിലുള്ളതാണെന്ന് തെറ്റിദ്ധരിച്ചു. ഒരിക്കലും അനുസരണക്കേട് കാണിക്കാത്ത അന്നക്കുട്ടി അവസാന നിമിഷം വിവാഹത്തിനു തയ്യാറാകുമെന്ന് ആ ദമ്പതികൾ കരുതി.

തീപ്പൊള്ളൽ തിരുത്തുക

എന്നാൽ, തന്നിൽ ദൃശ്യമായിരിക്കുന്ന സൗന്ദര്യത്തിനു മങ്ങലേറ്റാൽ എല്ലാ ആലോചനകളും അക്കാരണത്താൽ പിന്മാറപ്പെടുമെന്ന ചിന്ത അന്നക്കുട്ടിയിൽ ഈ വേളയിൽ ഉടലെടുത്തു. അതിനായി ശരീരഭാഗം പൊള്ളിക്കുക എന്ന തീരുമാനത്തിലും അന്നക്കുട്ടി എത്തിച്ചേർന്നു ആ പ്രവർത്തിക്കായി മകരക്കൊയ്ത്തു കഴിഞ്ഞ കളത്തിലെ പതിരുകൾ തീയിട്ടു നശിപ്പിക്കുന്ന കൂന തിരഞ്ഞെടുക്കുവാൻ അവൾ തയ്യാറായി. അടുക്കളയിൽ നിന്നും തീപ്പൊള്ളൽ ഏൽപ്പിച്ചാൽ അത് തന്റെ കള്ളക്കളിയാണെന്നു മറ്റുള്ളവർ തെറ്റിദ്ധരിച്ചാലോ എന്നു കരുതിയാണ് അന്നക്കുട്ടി ഉമിത്തീ തിരഞ്ഞെടുത്തത്. ഉമിത്തീയാണെങ്കിൽ പുറമെനിന്നുള്ള ദർശനത്തിൽ എല്ലായ്പ്പോഴും ചാരം മൂടി തീ അദൃശ്യമായ അവസ്ഥയിലുമായിരിക്കും. എല്ലാം തീരുമാനിച്ചുറപ്പിച്ച അന്നക്കുട്ടി പുലർകാലെ ഉമിത്തീയുടെ സമീപത്തെത്തി കാൽ കൂനയിലേക്ക് കുത്തി. നിർഭാഗ്യവശാൽ പ്രതീക്ഷിച്ചതിലും ആഴമുണ്ടായിരുന്ന കൂനയിൽ ഒരു കാൽ കുത്തിയ അന്നക്കുട്ടിയുടെ ഇരു കാലുകളും കൂനയിലേക്ക് പതിച്ചു. തീയിൽ മുട്ടോളം താണു പോകുകയും അതിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടി കരയിൽ പ്രവേശിക്കുവാൻ ശ്രമിച്ചെങ്കിലും ഇതിനിടയിൽ തീ വസ്ത്രത്തിലും മുടിയിലും പിടിക്കുകയും രക്ഷപെട്ടത് ദൈവകൃപയാൽ മാത്രമാണെന്നും അല്ലാത്തപക്ഷം ആ ഉമിത്തീയിൽ കത്തിച്ചാമ്പലാകുമായിരുന്നു എന്ന് അന്നക്കുട്ടി പിന്നീട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അന്നക്കുട്ടിയുടെ കാൽത്തളകൾ ചുട്ടുപഴുക്കുകയും അസഹനീയമായ വേദന മൂലം തൂത്തപ്പോൾ കാലിലെ തൊലി ഉരിഞ്ഞു പോകുകയും ചെയ്തു.

പുലർകാലെ മുരിക്കൻ വീട്ടിൽനിന്നും ഉയർന്ന ദീനരോദനത്താൽ അയൽ‌വാസികൾ ഓടിയെത്തുകയും വേദന മൂലം പുളയുന്ന അന്നക്കുട്ടിക്ക് അവർ പ്രഥമശുശ്രൂഷ നൽകുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. പുറം തൊലി പൂർണ്ണമായും അടർന്നു പോയതിനാൽ അന്നക്കുട്ടിയുടെ പാദങ്ങൾ വെള്ള നിറത്താൽ കാണപ്പെട്ടു. ഭവനത്തിലില്ലാതിരുന്ന പേരപ്പനെ ഉടൻ തന്നെ ആളയച്ചു വരുത്തി. കാലിൽ ഒട്ടിച്ചേർന്ന കാൽത്തളകൾ തട്ടാനെ വരുത്തി മുറിച്ച് നീക്കം ചെയ്തു. ഈ സമയം അന്നക്കുട്ടിയുടെ പിതാവിനെയും ആളയച്ചു വരുത്തി. ഈ രംഗം കണ്ട് അന്നക്കുട്ടിയുടെ പിതാവ് ഹൃദയം നൊന്തു കരഞ്ഞു. തുടർന്നുള്ള ദിനങ്ങളിൽ അന്നക്കുട്ടിയുടെ അദ്ധ്യാപകരും സഹപാഠികളും ഭവനത്തിലെത്തുകയും അവളെ ആശ്വസിപ്പിക്കുകയും ചെയ്തു. ഒരു വൈദ്യൻ കൂടിയായ വല്യപ്പന്റെ നിർദ്ദേശാനുസരണം അന്നക്കുട്ടിയെ കൂടുതൽ ചികിത്സക്കായി ആർപ്പൂക്കരയിലെത്തിച്ചു. അതിവിശിഷ്ടവും ദുർലഭവുമായിരുന്ന ഔഷധപ്രയോഗത്തിലൂടെ അന്നക്കുട്ടിയുടെ കാലിലെ വൃണം ഭേദപ്പെടുത്തി. എങ്കിലും കാലിൽ ഒരു കരിവാളിപ്പ് അവശേഷിച്ചിരുന്നു.

വിദ്യാഭ്യാസം തിരുത്തുക

ആറാം തരത്തിൽ പഠിക്കുമ്പോൾ കൃത്യമായി സ്കൂളിൽ ഹാജരാകാതിരിക്കുകയും വർഷാവസാന പരീക്ഷയിൽ പങ്കെടുക്കാതിരിക്കുകയും ചെയ്തതിനാൽ ആ വർഷം തോൽവി ഏറ്റു വാങ്ങി. തുടർന്ന് അസുഖം ഭേദമായി അടുത്ത വർഷമാണ് ആറാം ക്ലാസ് വിജയിച്ചത്. അന്നക്കുട്ടിയുടെ ഉറച്ച തീരുമാനം മൂലം പേരമ്മ വിവാഹാലോചനകളിൽ നിന്നും സാവധാനം പിന്നോക്കം നീങ്ങിത്തുടങ്ങി. ആലോചനകളുമായി വന്ന കുടുംബങ്ങളും സാവധാനം പിന്മാറി. അന്നക്കുട്ടി വിവാഹത്തിനു സമ്മതിക്കില്ല എന്ന പൂർണ്ണബോധ്യം വന്നതിനാൽ പേരമ്മ ആ ശ്രമത്തിൽ നിന്നും പൂർണ്ണമായി പിന്മാറി. എങ്കിലും അന്നക്കുട്ടിക്ക് തന്റെ ഇംഗിതങ്ങൾ അറിയാമായിരുന്ന പേരപ്പൻ തന്നെയായിരുന്നു ഏക ആശ്രയം. ചെറിയ ഒരു പൊള്ളൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ പുറപ്പെട്ട അന്നക്കുട്ടി തനിക്കു സംഭവിച്ച പരുക്കിൽ വിഷമിച്ചു. അതൊരു പക്ഷേ തന്റെ ജീവൻ തന്നെ അപകടത്തിലാക്കുമായിരുന്നെന്ന് അവൾ വിശ്വസിച്ചു. ആറാം തരം ജയിച്ച ശേഷം അന്നക്കുട്ടി മുട്ടുചിറ ഗവ.യു.പി. സ്കൂളിൽ നിന്നും പിരിഞ്ഞു മുട്ടുച്ചിറ ഭവനത്തിൽ പേരമ്മയെ സഹായിച്ചു കഴിഞ്ഞു കൂടി.

സ്ഥൈര്യലേപനം തിരുത്തുക

1925 ജനുവരി 21-നാണ് അന്നക്കുട്ടി മുട്ടുചിറ പള്ളിയിൽ വച്ചു സ്ഥൈര്യലേപനം സ്വീകരിച്ചത്.

സഭാ പ്രവേശനം തിരുത്തുക

ഈ കാലഘട്ടത്തിൽ മുട്ടുചിറ കർമ്മലീത്ത മഠത്തിൽ നിന്നും കന്യാസ്ത്രീകൾ പേരമ്മയുടെ അടുക്കലെത്തി അന്നക്കുട്ടിയെ മഠത്തിൽ ചേർക്കുവാനായി നിർബന്ധിച്ചിരുന്നു. മഠത്തിൽ ചേരുക എന്നതിലുപരിയായി ഏതു സഭ സ്വീകരിക്കണമെന്ന് അന്നക്കുട്ടി മുൻകൂട്ടി നിശ്ചയിച്ചിരുന്നില്ല. മറ്റുള്ളവരുടെ തീരുമാനം പോലെ എന്തും സ്വീകരിക്കുവാൻ അന്നക്കുട്ടി തയ്യാറായിരുന്നു. ആ നാളുകളിൽ മുട്ടുചിറ പള്ളിയിൽ വിശ്രമ ജീവിതം നയിച്ചിരുന്ന മുരിക്കൻ പോത്തച്ചനും, അരുവിത്തുറ പള്ളി വികാരിയായിരുന്ന മുട്ടത്തുപാടത്ത് യൗസേപ്പച്ചനും അന്നക്കുട്ടിയ്ക്ക് ഭാവി ഉപദേശം നൽകി. വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയെ ആദ്ധ്യാത്മിക നേതാവായി കാണുന്ന ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിൽ ചേരുക എന്നതായിരുന്നു അവർ നൽകിയ ഉപദേശം. അതിനായി അവർ ഭരണങ്ങാനം മഠത്തിൽ നിന്നും ഉർസുലാമ്മയെയും ചില കന്യാസ്ത്രീകളെയും മുട്ടുചിറയിലെത്തിച്ചു. അവരും അന്നക്കുട്ടിയും തമ്മിൽ പള്ളിമുറിയിൽ വച്ച് നേരിൽ കാണുകയും സംസാരിക്കുകയും ചെയ്തു. എല്ലാവർക്കും അന്നക്കുട്ടിയിൽ മതിപ്പുണ്ടാകുകയും അവൾ തങ്ങളുടെ മഠത്തിൽ ചേരണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. അന്നക്കുട്ടിയെ ഭരണങ്ങാനത്തിനു ക്ഷണിച്ചു കൊണ്ട് അവർ യാത്രയായി. ആ സഭയിൽ തന്നെ ചേരുവാൻ തീരുമാനിച്ച അന്നക്കുട്ടി തന്റെ മഠപ്രവേശന ദിനം കാത്ത് സന്തോഷവതിയായിത്തീർന്നു.

വിവാഹവസ്ത്രങ്ങൾ ഒരുക്കുകയായിരുന്ന കുടുംബാംഗങ്ങൾ ഈ സമയം അന്നക്കുട്ടിക്കാവശ്യമായ വെള്ള വസ്ത്രങ്ങൾ ഒരുക്കുവാൻ തുടങ്ങി. 1927 ൽ പന്തക്കുസ്താ ദിനത്തിലാണ് അന്നക്കുട്ടി ഭരണങ്ങാനം ഫ്രാൻസിസ്കൻ ക്ലാരമഠത്തിൽ പ്രവേശിച്ചത്. അന്നക്കുട്ടിയുടെ ജന്മഗൃഹത്തിനു സമീപമുള്ള അർപ്പൂക്കര അങ്ങാടി പള്ളിയിൽ പന്തക്കുസ്താതിരുനാളിൽ സംബന്ധിച്ച ശേഷമാണ് അന്നക്കുട്ടിയും പിതാവും ഭരണങ്ങാനത്തേക്ക് യാത്ര തിരിച്ചത്. മഠത്തിലെത്തിയ അന്നക്കുട്ടിയെ മദർ സുപ്പീരിയർ ഊർസുലാമ്മ അവരെ സ്വീകരിച്ചു. അന്നക്കുട്ടിയുടെ പിതാവിന്റെ പിതൃസഹോദരനായ മുട്ടത്തുപാടത്ത് യൗസേപ്പച്ചനാണ് അന്നക്കുട്ടിക്കു മഠത്തിൽ പ്രവേശിക്കുവാനുള്ള ധനമായി പത്രമേനിയടക്കം 700 രൂപ നൽകിയത്. പുതിയ സാഹചര്യവുമായി അതിവേഗം ഇണങ്ങിച്ചേർന്ന അന്നക്കുട്ടി അധികാരികളടക്കം എല്ലാവരുടെയും പ്രീതി വളരെ പെട്ടെന്നു നേടിയെടുത്തു. തുടർന്ന് ഭരണങ്ങാനം മഠം വക വിദ്യാലയത്തിൽ ഏഴാം ക്ലാസ് വിദ്യാഭ്യാസത്തിനായി ചേർന്നു. പഠനത്തോടൊപ്പം സാഹിത്യസമാജപ്രവർത്തനങ്ങളിലും അന്നക്കുട്ടി പ്രവർത്തിച്ചു. വൈകാതെ സമാജം സെക്രട്ടറിയായി അന്നക്കുട്ടിയെ തിരഞ്ഞെടുത്തു. ഒരു പ്രസംഗകയുമായി അവൾ മാറി. അന്നക്കുട്ടിയുടെ പ്രവർത്തനങ്ങളും സൗന്ദര്യത്തിലും അസുയാലുക്കളായ ചിലരിൽ നിന്നും അവൾക്ക് പലവിധ അസൗകര്യങ്ങളും അനുഭവിക്കേണ്ടി വന്നു. അത്തരക്കാരോടു പോലും അവൾ സൗമ്യമായാണ് പെരുമാറിയിരുന്നത്.

ശിരോവസ്ത്രസ്വീകരണം തിരുത്തുക

കന്യാസ്ത്രീയാകുന്നതിന്റെ ആദ്യപടിയായി 1928 ഓഗസ്റ്റ് രണ്ടിന്‌ വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ തിരുനാൾ ദിവസം കൂട്ടുകാരോടൊപ്പം അന്നക്കുട്ടി ശിരോവസ്ത്രം സ്വീകരിച്ചു. ഈ ദിവസത്തിന്റെ പ്രത്യേകത മൂലമായിരിക്കാം മഠാധികാരികൾ അന്നേ ദിവസം അൽഫോൻസ എന്ന നാമവും അന്നത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. അങ്ങനെ അന്നക്കുട്ടിക്ക് അൽഫോൻസ എന്ന നാമം സ്വീകരിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചു. ഏഴാം ക്ലാസ് വിജയിച്ച അൽഫോൻസയെ തുടർവിദ്യാഭ്യാസം നടത്തി അദ്ധ്യാപികയാക്കുവാനാണ് മഠാധികാരികൾ തീരുമാനിച്ചത്. ഭരണങ്ങാനത്ത് ഏഴാം തരം മാത്രം പഠനസൗകര്യമേ അക്കാലത്ത് ലഭിച്ചിരുന്നുള്ളു. അതിനാൽ അൽഫോൻസയെ അധികാരികൾ ചങ്ങനാശേരി വാഴപ്പള്ളിയിലെ ആരാധനാ മഠം വക സ്കൂളിൽ ചേർക്കുവാൻ തീരുമാനിച്ചു. അങ്ങനെ 1929 മേയ് മാസത്തിൽ അൽഫോൻസ ചങ്ങനാശ്ശേരി ക്ലാരമഠത്തിലെ ബോർഡിങ്ങിൽ നിന്ന് വാഴപ്പള്ളി സ്കൂളിൽ എട്ടാം ക്ലാസ് പഠനമാരംഭിച്ചു.

സഭാവസ്ത്രസ്വീകരണം തിരുത്തുക

സഭാവസ്ത്രസ്വീകരണത്തിനായി അൽഫോൻസ ഭരണങ്ങാനത്ത് തിരിച്ചെത്തുകയും 1930 മേയ് 19-ന് ഭരണങ്ങാനം ഫൊറോന പള്ളിയിൽ വച്ച് ചങ്ങനാശ്ശേരി രൂപതാ മെത്രാൻ മാർ ജെയിംസ് കാളാശ്ശേരിയിൽ നിന്നും മറ്റ് ഏഴു പേരോടൊപ്പം സഭാവസ്ത്രം സ്വീകരിക്കുകയും ചെയ്തു. അന്നു മുതൽ തൂവെള്ള വസ്ത്രത്തിൽ നിന്നും തവിട്ടു നിറമുള്ള സന്യാസ വേഷത്തിലേക്ക് അൽഫോൻസ മാറി. തുടർന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷം അൽഫോൻസ ചങ്ങനാശ്ശേരിയിലേക്ക് തിരിച്ചെത്തുകയും എട്ടാം ക്ലാസ് പഠനം തുടരുകയും ചെയ്തു. എട്ടാം തരം വിജയിച്ച അൽഫോൻസ തുടർന്ന് ഒൻപതാം ക്ലാസിൽ പരാജിതയായി.

രോഗപീഡകൾ തിരുത്തുക

തുടർന്ന് ഭരങ്ങാനത്ത് തിരിച്ചെത്തിയ അൽഫോൻസ മഠത്തിലെ പ്രവർത്തങ്ങളിൽ മുഴുകി. അൽഫോൻസയുടെ ഇരുപത്തിയൊന്നാമത് വയസ്സിൽ അവളെ രക്തസ്രാവം ബാധിക്കുകയും ധാരാളം ചികിത്സകൾ നടത്തുകയും ചെയ്തു. എന്നാൽ അവയിലൊന്നും ഫലം ലഭിക്കാത്തതിനാൽ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് അൽഫോൻസയെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. അതിലൂടെ താത്കാലികമായെങ്കിലും അവൾക്ക് സൗഖ്യം ലഭിച്ചു. തുടർന്ന് കോട്ടയം ജില്ലയിലെ വാകക്കാട് എന്ന സ്ഥലത്തെ ക്ലാരമഠം വക പ്രൈമറി സ്കൂളിൽ മൂന്നാം തരത്തിലെ അദ്ധ്യാപികയായി പ്രവർത്തിച്ചു. എന്നാൽ അനാരോഗ്യം നിമിത്തം ഒരു വർഷം മാത്രമാണ് ആ സ്ഥാനത്തു തുടരുവാൻ സാധിച്ചത്.

നൊവിഷ്യേറ്റ് തിരുത്തുക

കഠിനമായ രോഗപീഡകളാൽ 1933 മാർച്ച് മാസത്തിൽ അദ്ധ്യാപനവൃത്തി ഉപേക്ഷിച്ച് ഭരണങ്ങാനത്തേക്ക് തിരിച്ചു. രോഗത്തിന്റെ കാഠിന്യത്താൽ തുടർന്നുള്ള രണ്ടു വർഷക്കാലം മഠത്തിൽതന്നെ കഴിച്ചുകൂട്ടി. രോഗാവസ്ഥ തുടർന്നാൽ നൊവിഷ്യേറ്റിൽ അൽഫോൻസയെ എങ്ങനെ പ്രവേശിപ്പിക്കും എന്ന ചിന്ത മഠാധികാരികളിൽ ഈ സമയം ഉടലെടുത്തിരുന്നു. വ്രതവാഗ്ദാനത്തിന് ഒരുക്കമായുള്ള കർക്കശവും അന്തിമവുമായ നൊവിഷ്യേറ്റ് എന്ന കാലഘട്ടത്തിലാണ് വ്യക്തി സ്വയവും അധികാരികളും പരീക്ഷിക്കുന്നത്. രോഗമില്ലാത്തവർ പോലും ക്ലേശിക്കുന്ന ഈ സാഹചര്യം അൽഫോൻസ എങ്ങനെ പൂർത്തിയാക്കും എന്നതായിരുന്നു അധികാരികളെ അലട്ടിയിരുന്നത്.

തുടർന്ന് 1935 ഓഗസ്റ്റ് മാസം ചങ്ങനാശ്ശേരി ക്ലാരമഠത്തിൽ നൊവിഷ്യേറ്റിനായി പ്രവേശിക്കപ്പെട്ടു. അൽഫോൻസയെ ഭരണങ്ങാനം മഠത്തിൽ സ്വീകരിച്ച ഉർസുലാമ്മയും സി.എം.ഐ. വൈദികനും അൽഫോൻസയുടെ ഇടവകാംഗവുമായ ളൂയീസച്ചനുമാണ് യഥാക്രമം ഗുരുത്തിയമ്മയായും ആദ്ധ്യാത്മിക ഗുരുവായും ലഭിച്ചത്. നൊവിഷ്യേറ്റ് ആരംഭിച്ച് ആദ്യനാളുകളിൽ തന്നെ അൽഫോൻസയെ രോഗം വീണ്ടും ബാധിച്ചു. അതിനാൽ നൊവിഷ്യേറ്റിനിടയിൽ പഠനം അവസാനിപ്പിച്ച് അൽഫോൻസയെ തിരിച്ചയക്കുവാനായി മഠാധികാരികൾ തീരുമാനമെടുത്തു. എന്നാൽ ഈ സാഹചര്യത്തിൽ നിന്നും ഒരാളെ തിരിച്ചയക്കാനായി രൂപതാ മെത്രാന്റെ അനുമതി ആവശ്യമായതിനാൽ അധികാരികൾ ചങ്ങനാശ്ശേരി മെത്രാൻ കാളാശ്ശേരിയെ വിവരമറിയിച്ചു. അൽഫോൻസയ്ക്കൊപ്പം മറ്റു മൂന്നു പേരെയും ചില രോഗങ്ങൾ ബാധിച്ചിരുന്നു. മെത്രാൻ ഇവരെ സന്ദർശിക്കുകയും അൽഫോൻസയെ തിരിച്ചയക്കേണ്ടതില്ല എന്നു തീരുമാനിക്കുകയും മറ്റു മൂന്നു പേരെ ഭവനത്തിലേക്ക് അയക്കുകയും ചെയ്തു.

ഈ രോഗവസ്ഥകൾ യാതൊരു വിധ കുറവും സംഭവിക്കാതെ വർദ്ധിച്ചുവന്നു. ളൂയീസച്ചന്റെ നിർദ്ദേശപ്രകാരം സ്വസഭാസ്ഥാപകനായ ചാവറ കുരിയാക്കോസ് ഏലിയാസച്ചന്റെ നവനാൾ ചൊല്ലുവാൻ അദ്ദേഹം ഉപദേശിച്ചു. സ്ഥിരമായി അൽഫോൻസ ഇതനുഷ്ഠിച്ചു വന്നു. രോഗത്താൽ വലഞ്ഞിരുന്ന അൽഫോൻസയെ പലരും രാത്രിയിൽ വീക്ഷിച്ചിരുന്നു. ഒരു ദിവസം അൽഫോൻസ രാത്രിയിൽ ഒറ്റയ്ക്ക് മറ്റാരോടോ സംസാരിക്കുന്നതായി ഗുരുത്തിയമ്മയുടെ ശ്രദ്ധയിൽപെട്ടു. അവർ അൽഫോൻസയോട് അപ്പോൾ തന്നെ ഇതേ പറ്റി തിരക്കിയപ്പോൾ അമ്മ ചാവറയച്ചനെ കാണുന്നില്ലേ ഞാൻ അച്ചനോടാണ് സംസാരിക്കുന്നത് എന്ന് മറുപടി പറഞ്ഞു. ഉടൻ തന്നെ അൽഫോൻസ കട്ടിലിൽ എഴുന്നേറ്റിരുന്നു. സ്വയം ശരീരം ചലിപ്പിക്കാൻ പോലും ബുദ്ധിമുട്ടിയിരുന്ന അൽഫോൻസയുടെ മാറ്റം കണ്ടപ്പോൾ അവൾ രോഗത്തിൽ നിന്നും രക്ഷപെട്ടിരിക്കുന്നു എന്ന് ഗുരുത്തിയമ്മക്ക് തോന്നി. അൽഫോൻസ കുര്യാക്കോസച്ചൻ തന്റെ രോഗം മാറ്റി എന്ന് പറയുകയും ചെയ്തു. എന്നാൽ ഈ വിവരം അൽഫോൻസയുടെ ആവശ്യപ്രകാരം ആരോടും അറിയിച്ചിരുന്നില്ല. പിറ്റേന്ന് രാവിലെ അൽഫോൻസ ദിവ്യബലിയിൽ സംബന്ധിക്കുകയും ചെയ്തു. കുര്യാക്കോസച്ചനാൽ രക്തസ്രാവത്തിൽ നിന്നും മോചിതയായെങ്കിലും വീണ്ടും മറ്റു രോഗപീഡകളാൽ ഇനിയും ദുരിതങ്ങൾ നേരിടേണ്ടി വരുമെന്ന് അവൾക്ക് അതോടൊപ്പം അരുളപ്പാടും ലഭിച്ചിരുന്നു.

നിത്യവ്രതവാഗ്‌ദാനം തിരുത്തുക

രോഗപീഡകളിൽ നിന്നും താൽകാലികമായെങ്കിലും മോചിതയായ അൽഫോൻസ 1936 ഓഗസ്റ്റ് 12-ന് ചങ്ങനാശ്ശേരി മഠത്തിൽ വച്ച് നിത്യവ്രതവാഗ്ദാനം നടത്തി. തുടർന്ന് ഏതാനും ദിവസങ്ങൾക്കു ശേഷം അൽഫോൻസ ഭരണങ്ങാനത്ത് എത്തിച്ചേർന്നു. ആഘോഷവേളകളിൽ പങ്കെടുക്കാനോ ദൂരയാത്രകൾ നടത്തുന്നതിനോ അൽഫോൻസ താൽപര്യം കാണിച്ചിരുന്നില്ല. തികച്ചും ഒരു സന്യാസിനിയായി തന്നെ അവൾ കഴിഞ്ഞുകൂടി. തന്റെ പ്രവർത്തനങ്ങളോ ഏതെങ്കിലും തരത്തിലുള്ള കഴിവുകളോ അവൾ മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാൻ ആഗ്രഹിച്ചിരുന്നില്ല. പ്രത്യേകിച്ചും ഒരു ഭക്ഷണത്തോടും പ്രത്യേക താൽപര്യം കാണിക്കാതിരുന്ന അൽഫോൻസ ഭക്ഷണകാര്യങ്ങളിൽ മിതത്വം പാലിച്ചിരുന്നു.

നിത്യവ്രതവാഗ്‌ദാനത്തിനു ശേഷം അൽഫോൻസ വീണ്ടും രോഗത്തിന്റെ പിടിയിലമർന്നു. കഠിനമായ പനിയും ചുമയും അവളെ പിടികൂടി. ക്ഷയരോഗമെന്നു തെറ്റിദ്ധരിച്ചാണ് പലരും അവളെ വീക്ഷിച്ചിരുന്നത്. ചികിത്സകൾ യാതൊരു ഫലവും നൽകാതിരുന്നതിനാൽ വീണ്ടും പ്രാർഥനയുടെ വഴിയിലേക്ക് ഏവരും തിരിഞ്ഞു. ചാവറ കുര്യാക്കോസച്ചന്റെയും കൊച്ചുത്രേസ്യായുടെയും നൊവേനകൾ പ്രത്യേകമായി നടത്തി. നൊവേനയുടെ എട്ടാം ദിവസം പോലും 105 ഡിഗ്രി അനുഭവപ്പെട്ടിരുന്ന പനി ഒൻപതാം ദിവസം പൂർണ്ണമായും വിട്ടു മാറിയതായി അനുഭവപ്പെട്ടു. ചാവറ കുര്യാക്കോസച്ചനും കൊച്ചുത്രേസ്യാ പുണ്യവതിയും തനിക്കു പ്രത്യേകം പ്രത്യക്ഷപ്പെട്ടതായി അൽഫോൻസ പിറ്റേന്ന് പറയുകയുണ്ടായി. അങ്ങനെ 1936 ഡിസംബറിൽ അൽഫോൻസ വീണ്ടും രോഗവിമുക്തയായി. എന്നിരുന്നാലും പനിയുടെ ശാരീരികാസ്വസ്ഥതകൾ ഇടയ്ക്കിടെ അവളെ പിന്തുടർന്നിരുന്നു.

പലതരം രോഗപീഡകൾ അലട്ടുമ്പോഴും അൽഫോൻസ പ്രസന്നവദനായി തന്നെ കാണപ്പെട്ടിരുന്നു. തന്നിൽ കുടിയിരുന്ന വിശുദ്ധി അവൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകാൻ തയ്യാറായിരുന്നു. നവസന്യാസിനികൾക്ക് അൽഫോൻസ എന്നും ആത്മമിത്രമായിരുന്നു. ഒരിക്കൽ അൽഫോൻസ അവർക്കായി ഒരു സദൂപദേശം തന്നെ നൽകിയിരുന്നു. അതിപ്രകാരമായിരുന്നു:- ഗോതമ്പുമണികൾ നല്ലതുപോലെ ഇടിച്ചുപൊടിക്കുമ്പോൾ വെൺമയുള്ള മാവു ലഭിക്കുന്നു. അതു ചുട്ടെടുക്കുമ്പോൾ വിശുദ്ധ കുർബാനയ്ക്കുള്ള ഓസ്തിയായിത്തീരുന്നു. ഇതുപോലെ നാമൊരോരുത്തരും കഷ്ടാരിഷ്ടതകളാൽ ഞെക്കിഞെരുക്കപ്പെട്ട് ഓസ്തിപോലെ ആയിത്തീരണം. മുന്തിരിപ്പഴങ്ങൾ ചക്കിലിട്ട് ഞെരിക്കുമ്പോൾ നല്ല ചാറ് നല്ല വീഞ്ഞായിത്തീരുന്നു. അവ വെറുതെ വച്ചിരുന്നാൽ നമുക്കു വീഞ്ഞു കിട്ടുകയില്ലല്ലോ. കഷ്ടതകളാൽ ദൈവം നമ്മെ ശുദ്ധീകരിക്കുമ്പോൾ നല്ല വീഞ്ഞു പോലെ നാം ഗുണമേന്മയേറിയവരായിത്തീരുന്നു.

തുടരുന്ന രോഗപീഡകൾ തിരുത്തുക

പനിയും ചുമയും വീണ്ടും വർധിച്ചതിനാൽ പലരും അൽഫോൻസയ്ക്ക് ക്ഷയരോഗമെന്നു തെറ്റിദ്ധരിച്ചു. ഈ ആശങ്ക മൂലം അവർ ഒരു ഡോക്ടറെ വരുത്തി വിശദമായ പരിശോധന നടത്തുകയും ക്ഷയരോഗമല്ലെന്നു സ്ഥിരീകരിക്കുകയും ചെയ്തു. സഹസന്യാസിനിമാർ ദേവാലയത്തിലും മഠം വക ചാപ്പലിലും മറ്റും പ്രാർഥനകൾക്കായി പോകുമ്പോഴും അൽഫോൻസ തന്റെ കട്ടിലിൽ തന്നെ പ്രാർത്ഥനകളുമായി കഴിഞ്ഞുകൂടി.

1940 ഒക്ടോബർ മാസം സന്ധ്യാപ്രർഥനകൾക്കായി എല്ലാവരും ചാപ്പലിൽ കൂടിയ സമയത്ത് അൽഫോൻസ തന്റെ കട്ടിലിൽ പ്രാർഥനയുമായി ഒതുങ്ങിക്കൂടിയ സമയത്ത് ഒരു കാൽപ്പെരുമാറ്റം കേട്ടു. അവിടേക്ക് തന്റെ ദൃഷ്ടികളെ അയച്ചപ്പോൾ കറുത്തിരുണ്ട ഒരു മനുഷ്യനെ കണ്ടു. ഭയന്നു നിലവിളിച്ച അൽഫോൻസയുടെ ശബ്ദം കേട്ട മറ്റുള്ളവർ ഉടൻ ഓടി എത്തുകയും കള്ളൻ രക്ഷപ്പെടുകയും ചെയ്തു. എന്നാൽ മോഷണവസ്തുക്കൾ അവിടെ നിന്നും ലഭിച്ചതിനാൽ സംഭവം സത്യമെന്നു മറ്റുള്ളവർ വിശ്വസിച്ചു. ഈ സംഭവത്താൽ ഭയപ്പെട്ട അൽഫോൻസ തളർന്നു പോയി. ഓർമ്മശക്തി പോലും നഷ്ടപ്പെട്ട അൽഫോൻസ ബുദ്ധിമാന്ദ്യം സംഭവിച്ചതു പോലെ പുലമ്പിക്കൊണ്ടിരുന്നു. എന്നാൽ തന്റെ പദവിക്കു നിരക്കാത്ത തരത്തിലുള്ള ഒരു സംഭാഷണവും അവളിൽ നിന്നും പുറത്തുവന്നില്ല. അൽഫോൻസയിൽ അസൂയപൂണ്ടിരുന്നവർ പോലും ഈ വേളയിൽ അവളെ വളരെ മതിപ്പോടെ വിലയിരുത്തി. പിന്നീട് ചികിത്സകൾ നടത്തി അവളുടെ ഓർമ്മ തൽസ്ഥിതി പ്രാപിച്ചു.

അടുത്തതായി അൽഫോൻസയെ കാത്തിരുന്നത് ഉദരഭാഗത്തായുള്ള ഒരു പരുവാണ്. വലിപ്പമേറിയ പരുവിന്റെ വേദനയാൽ മാസങ്ങളോളം കട്ടിലിൽ ഒരേ കിടപ്പുതന്നെ കിടക്കേണ്ടി വന്നിരുന്നു. ഇതു മൂലം ശരീരമാസകലം നീരു വ്യാപിക്കുകയും പരു പൊട്ടി വൃണമായി മാറുകയും ചെയ്തു. നോവിഷ്യേറ്റ് സമയത്ത് അൽഫോൻസാമ്മയെ സന്ദർശിച്ചിട്ടുള്ള കാളാശേരി മെത്രാൻ ഈ അവസരത്തിലും അവരെ സന്ദർശിച്ചു. തുടർന്ന് പലപ്പോഴും പാലാ പ്രദേശത്തു എത്തുന്ന അവസരങ്ങളിൽ അദ്ദേഹം അൽഫോൻസാമ്മയെ സന്ദർശിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു. നേരിട്ടു സന്ദർശിക്കാൻ സാധിക്കാത്ത അവസരങ്ങളിൽ കത്തുകൾ അയച്ചും മറ്റും മെത്രാൻ അൽഫോൻസാമ്മയ്ക്ക് ആശ്വാസമരുളിയിരുന്നു.

അസഹനീയമായ വേദനയും തുടർച്ചയായുണ്ടാകുന്ന ഛർദ്ദിയും മൂലം അൽഫോസൻസാമ്മ വളരെ അവശതയിലെത്തുകയും രോഗപീഡകൾ തുടരുന്നതു മൂലം മരിച്ചു പോകുകയും ചെയ്യുമെന്നു മറ്റുള്ളവർ കരുതി. അവർ അൽഫോൻസാമ്മയ്ക്ക് അന്ത്യകൂദാശ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. എന്നാൽ താൻ ഇപ്പോൾ മരിക്കുകയില്ലെന്നും ഒപ്രുശുമ ഇപ്പോൾ നൽകേണ്ടതില്ലെന്നും അവൾ അറിയിച്ചു. എങ്കിലും ചാപ്ലയിൽ അച്ചൻ അൽഫോൻസാമ്മയ്ക്ക് രോഗീലേപനം എന്ന കൂദാശ നൽകി. പിന്നീട് അവൾക്ക് ചെറുസൗഖ്യം ലഭിച്ചു.

നാളുകളോളം രോഗത്താൽ വലഞ്ഞ അൽഫോൻസാമ്മ 1940 സെപ്റ്റംബർ 30-ന് തനിച്ച് കിടക്കയിൽ എഴുന്നേറ്റിരുന്നു. വിശുദ്ധ കൊച്ചുത്രേസ്യായുടെ ചരമദിനത്തിലാണ് അവൾ മുൻകൂട്ടി അറിയിച്ച പ്രകാരം താൽക്കാലികമായെങ്കിലും സൗഖ്യം ഉണ്ടായത്. ഒരിക്കലും പഠിക്കാത്ത തമിഴ് ഭാഷയിലുള്ള പുസ്തകങ്ങൾ അവൾ വായിച്ച് അവ മറ്റുള്ളവർക്ക് പറഞ്ഞു മനസ്സിലാക്കി നൽകിയിരുന്നു. ഈ അവസരങ്ങളിൽ അവൾ തന്റെ ജോലികൾ യഥാവിധി നിർവഹിച്ചിരുന്നു. റോമിളൂസ് സി.എം.ഐ. വൈദികനെയാണ് ളൂയീസച്ചനു ശേഷം അൽഫോൻസാമ്മയ്ക്ക് ആദ്ധ്യാത്മിക നിയന്താതാവായി ലഭിച്ചത്. അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന അവസരത്തിൽ ളൂയീസച്ചൻ സന്നിഹിതനായിരുന്നു.

പാരവശ്യം തിരുത്തുക

തുടരുന്ന രോഗപീഡകളാൽ 1945 ജൂലൈ മാസത്തിൽ കഠിനമായ പാരവശ്യം അൽഫോൻസാമ്മയ്ക്ക് അനുഭവപ്പെട്ടു. ഈ സമയത്ത് കട്ടിൽ കിടന്ന് ഉരുളുന്ന അവളുടെ ദേഹം തണുത്തു മരവിക്കുകയും വിയർത്തു വിളറുകയും ചെയ്തു. ഈ അവസ്ഥ ഒരു അവസരത്തിൽ അഞ്ചു മണിക്കൂറോളം തുടർന്നിരുന്നു. മാസങ്ങളോളം ഈ അസ്വസ്ഥതകൾ തുടർന്നു. ഈ അവസരത്തിൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമാണ് അവൾ ദിവ്യകാരുണ്യം സ്വീകരിച്ചിരുന്നത്. ഒരിക്കൽ മദർ അൽഫോൻസാമ്മയോട് ചോദിച്ചു: മറ്റുള്ളവരുടെ രോഗങ്ങൾ സുഖപ്പെടുത്തുവാൻ പ്രാർഥിച്ച് കാര്യം സാധിച്ചുകൊടുക്കുന്ന കുഞ്ഞിന് സ്വന്തം രോഗം കുറയ്ക്കുവാൻ അപേക്ഷിക്കരുതോ? എന്ന്. ഇതല്ല ഇതിൽ കൂടുതൽ വേദന അനുഭവിക്കുവാൻ ഞാൻ സന്നദ്ധയാണ്. സുഖസന്തോഷങ്ങളിൽ മുഴുകി ദൈവത്തിൽ നിന്നകന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകം നാശോന്മുഖതയിൽ നിന്നും പിന്തിരിയുന്നതിനും സമാധാനവും സ്നേഹവും നിലനിൽക്കുന്നതിനും വേണ്ടി കൂടുതൽ കൂടുതൽ സഹിക്കുവാൻ ഞാൻ സന്നദ്ധയാണ്. ഈ ബലിവസ്തുവിനെ ആയതിനു ഞാൻ വിട്ടുകൊടുക്കുകയാണ്. എന്നാണ് അൽഫോസാമ്മ മറുപടി നൽകിയത്.

പാരവശ്യത്തോടൊപ്പം തുടർന്ന് മലേറിയ രോഗവും അൽഫോൻസാമ്മയെ ബാധിച്ചു. കാളാശേരി പിതാവിനും മഠത്തിലെ തന്നെ മറ്റൊരു സന്യാസിനിക്കും ഈ അവസരത്തിൽ മലേറിയ ബാധിച്ചിരുന്നു.

മരണ ഒരുക്കം തിരുത്തുക

ഈ രോഗാവസ്ഥകളിൽ ഇനി അധികനാൾ ജീവിച്ചിരിക്കില്ലെന്നു ബോധ്യമായതിനാലാവാം അൽഫോൻസാമ്മ 1946 ജൂൺ അവസാനം അവൾ റോമുളൂസ് അച്ചന് കത്തെഴുതി. ഉടൻ ഭരണങ്ങാനത്തെത്തിച്ചേരണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. അപ്രകാരം അച്ചൻ ജൂലൈ 5-ന് ഭരണങ്ങാനത്തെത്തിച്ചേർന്നു. അച്ചനോട് അൽഫോൻസ തന്റെ അവസ്ഥ മൂലം മറ്റുള്ളവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അച്ചനെ ബോധിപ്പിച്ചു. അച്ചന്റെ ഉപദേശങ്ങൾ സശ്രദ്ധം വീക്ഷിച്ച അവൾ അവസാനം ഞാൻ ഏറ്റവും വേഗം മരിക്കുവാൻ പ്രാർഥിക്കട്ടെ അന്ന് അച്ചനോട് അഭ്യർഥിച്ചു. മനസ്സില്ലാമനസ്സോടെ അച്ചൻ ദൈവത്തിനിഷ്ടമെങ്കിൽ എന്നു ചേർത്തു പ്രാർഥിക്കുവാൻ അനുവാദം നൽകി. ഇടക്കിടെ തന്നെ സന്ദർശിച്ചിരുന്ന ഭരണങ്ങാനം പള്ളി വികാരിയും മഠം അധികാരിയുമായ കുരുവിള പ്ലാത്തോട്ടത്തോട് തന്റെ മരണത്തിന്റെ തലേദിവസം 1946 ജൂലൈ 27-ന് ശനിയാഴ്ച തന്നെ സന്ദർശിച്ചപ്പോൾ നാളെ ഒരു യുദ്ധമുണ്ട്. ഞാൻ അതിനായി ഒരുങ്ങുകയാണ് എന്ന് അൽഫോൻസാമ്മ അറിയിച്ചു.

മരണം തിരുത്തുക

1946 ജുലൈ മാസം 28 ഞായറാഴ്ച രാവിലത്തെ കുർബാനയിൽ പൂർണ്ണമായും പങ്കെടുക്കാനായി അൽഫോൻസ നേരത്തെതന്നെ ചാപ്പലിലെത്തി. കുർബാന ആരംഭിച്ച് അല്പസമയത്തിനകം അൽഫോൻസയെ പാരവശ്യം പിടികൂടി. വിഷമത കലശലായതിനാൽ അവൾ തന്റെ മുറിയിലേക്ക് നടന്നു നീങ്ങി കട്ടിലിൽ കിടന്നു. ഗബ്രിയേലമ്മ എത്തി അൽഫോൻസയ്ക്ക് പരിചരണം നൽകി. രാവിലെ 8 മണിക്ക് ആരംഭിച്ച അവശതകൾ രണ്ടു മണിക്കൂറോളം തുടർന്നു. 10 മണിയോടെ അല്പം ശമനം ലഭിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പാരവശ്യം വീണ്ടും തുടങ്ങി. രോഗാവസ്ഥ ഗുരുതരമായി തുടർന്നതിനാൽ അന്ത്യകൂദാശ നൽകുവാനായി വൈദികനേയും ഒപ്പം ഡോക്ടറേയും വരുത്തി. രോഗം ശക്തിപ്പെട്ട് ഉച്ച തിരിഞ്ഞു രണ്ടു മണിയോടെ അൽഫോൻസ അന്തരിച്ചു[7]. പിറ്റേന്ന് ബന്ധുക്കളുടെയും, മറ്റു കന്യാസ്ത്രീകളുടെയും സാന്നിധ്യത്തിൽ അൽഫോൻസയെ ഭരണങ്ങാനം സിമിത്തേരി കപ്പേളയിൽ സംസ്കരിച്ചു. സഹസന്യാസിനിമാരാണ് അൽഫോൻസയുടെ ശരീരം സെമിത്തേരി കപ്പേളയിലേക്ക് വഹിച്ചത്. മഠത്തിൽനിന്നും സെമിത്തേരി കപ്പേളയി ശവസംസ്കാര വേളയിൽ റോമുളൂസച്ചൻ ചരമ പ്രസംഗം നടത്തി[8].

അത്ഭുതങ്ങൾ തിരുത്തുക

1985 ൽ ഒരു കുട്ടിയുടെ അസുഖം അൽഫോൻസാമ്മയെ പ്രാർത്ഥിച്ചതിനാൽ സുഖപ്പെടുകുയുണ്ടായി. ഈ അത്ഭുതപ്രവൃത്തിയാണ് അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കാനായി വത്തിക്കാൻ നടപടികളെടുക്കാൻ കാരണം [9][10]. ബിഷപ്പ് സെബാസ്റ്റ്യൻ ഇതെക്കുറിച്ച് പറയുന്നു. ഞാൻ വയനാട്ടിലായിരിക്കുമ്പോൾ ജൻമനാ കാലിനു അസുഖം ബാധിച്ച ഒരു കുട്ടിയെ കാണാനിടയായി. ആ കുട്ടിയുടെ കാലുകൾ ജനിച്ചപ്പോൾ തന്നെ ഉള്ളിലേക്കു വളഞ്ഞിരിക്കുകയായിരുന്നു. നടക്കാൻ അവന് ഒരു വടിയുടെ സഹായം ആവശ്യമായിരുന്നു. ഇത് കണ്ട് സഹതാപം പൂണ്ട ഞാൻ , എന്റെ കുപ്പായത്തിന്റെ പോക്കറ്റിലുണ്ടായിരുന്ന അൽഫോൻസാമ്മയുടെ ചിത്രങ്ങളുള്ള രണ്ട് കാർഡുകൾ അവന് നൽകിയശേഷം പ്രാർത്ഥിക്കുവാൻ പറഞ്ഞു. അവന് അതിൽ സംശയാലുവായിരുന്നു , കാരണം അവൻ ഒരു മുസ്ലീം കുട്ടിയായിരുന്നു. ഞാൻ പറഞ്ഞു, ദൈവം വളരെ ശക്തിയുള്ളവനാണ്. ഏതാനും മാസങ്ങൾക്കുശേഷം അവൻ എന്നെ കാണാൻ വന്നു ആദ്യ കാഴ്ചയിൽതന്നെ എനിക്കവനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. അവന്റെ അസുഖമെല്ലാം പൂർണ്ണമായി സുഖപ്പെട്ടിരുന്നു.അവർ തിരിച്ചുപോകുന്നതിനു മുമ്പ് ഞങ്ങൾ ഒരുമിച്ച് ഒരു ചിത്രം എടുക്കുകയുണ്ടായി [11]

നാമകരണ നടപടികൾ തിരുത്തുക

അൽഫോൻസായുടെ ധന്യ ജീവതത്തിന്റെ പ്രസിദ്ധി, അവളുടെ നാമകരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന അഭ്യർത്ഥനകളിലേക്കു നയിക്കപ്പെട്ടു. നാനാ ദിക്കുകളിൽ നിന്നുള്ള അഭ്യർത്ഥനകൾ മാനിച്ചു പാലാ രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ നാമകരണ നടപടികൾക്കു തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി മെത്രാന്റെ നിർദ്ദേശ പ്രകാരം പ്രാഥമിക അന്വേഷണം നടത്തുവാൻ മോൺ. ജെ. സി. കാപ്പൻ നിയമിതനായി. ആഴത്തിലുള്ള അന്വേഷണങ്ങൾക്ക് ശേഷം, നാമകരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന അനുകൂല ശുപാർശയോടു കൂടിയ അന്വേഷണ ഫലം അദ്ദേഹം മെത്രാന് സമർപ്പിച്ചു. ഈ ശുപാർശ പ്രകാരം 1953 ഡിസംബർ 2നു ഫാ.റോമയോ സി.എം.ഐ പ്രധാന ജഡ്ജിയായി രൂപതാ കോടതി രൂപവത്കരിച്ചു.

രണ്ടാമത്തെ രൂപതാ കോടതി 1955ൽ പ്രവർത്തനം ആരംഭിച്ചു. 1957 ഏപ്രിൽ 13ന് അൽഫോൻസാമ്മയുടെ കബറിടം തുറന്നു പരിശോധന നടത്തി. 1960ൽ മൂന്നാമെത്തെ കോടതി സ്ഥാപിതമായി. നാമകരണ നടപടികളുടെ ഭാഗമായി ആദ്യ ഒമ്പത് വർഷം കൊണ്ട് തന്നെ 822 തവണ ട്രൈബൂണൽ കൂടുകയും, 126 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു.

വാഴ്ത്തപ്പെടൽ തിരുത്തുക

 
ഭരണങ്ങാനത്തെ അൽഫോൻസാമ്മയുടെ കബറിടം

മരിച്ചുകഴിഞ്ഞ് ഏതാണ്ട് 40 വർഷങ്ങൾക്കുശേഷം 1986 ഫെബ്രുവരി എട്ടാം തീയതി അൽഫോൻസാമ്മയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു [12]. കോട്ടയത്തു വച്ച് അൽഫോൻസാമ്മയെയും ചാവറയച്ചനേയും ഒരേ ദിവസമാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.

വിശുദ്ധപദവി തിരുത്തുക

2007 ജൂൺ ഒന്നിനു ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ട അൽഫോൻസായുടെ മാധ്യസ്ഥതയിൽ നടന്ന അത്ഭുതം സ്ഥിരീകരിച്ചു അതു സംഭവിച്ച രേഖയിൽ ഒപ്പുവച്ചു. 2008 മാർച്ച് ഒന്നാം തിയതി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അൽഫോൺസാമ്മയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്താൻ തീരുമാനിക്കുകയും, 2008 ഒക്ടോബർ പന്ത്രണ്ടിന്‌ മറ്റു മൂന്ന് വാഴ്ത്തപ്പെട്ടവരോടൊപ്പം വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയെ വിശുദ്ധ എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു[13][14].

തിരുനാൾ തിരുത്തുക

എല്ലാ വർഷവും ജൂലൈ മാസം 19മുതൽ 28 വരെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷിക്കാൻ പതിനായിരങ്ങൾ അൽഫോൻസാ ജീവിച്ചിരുന്നതും, വിശുദ്ധയുടെ കബറിടം സ്ഥിതി ചെയുന്നതുമായ ഭരണങ്ങാനത്ത് ഒത്തു ചേരുന്നു.

തീർത്ഥാടനം തിരുത്തുക

കോട്ടയം ജില്ലയിലെ കുടമാളൂരിലെ ജന്മഗൃഹമായ മുട്ടത്തു പാടം വീട്, അൽഫോൺസാമ്മയെ ജ്ഞാനസ്നാനം നടത്തിയ കുടമാളൂർ സെന്റ് മേരീസ് ഫെറോന പള്ളി, മുട്ടുചിറ മുരിക്കൻ തറവാട്, ഭരണങ്ങാനത്തെ സെന്റ് അൽഫോൺസാ കോൺവെന്റ്, ഭരണങ്ങാനത്തെ കബറിടം എന്നിവ വിശ്വാസികൾ ധാരാളമായി സന്ദർശിക്കുന്നു.

അൽഫോൻസാമ്മ - നാഴികക്കല്ലുകൾ തിരുത്തുക

ജീവിതരേഖ ദിവസം
ജനനം 1910 ഓഗസ്റ്റ് 19
ജ്ഞാനസ്നാനം 1910 ഓഗസ്റ്റ് 27
ആദ്യ കുർബ്ബാന സ്വീകരണം 1917 നവംബർ 27
ശിരോവസ്ത്ര സ്വീകരണം 1928 ഓഗസ്റ്റ് 2
സഭാവസ്ത്ര സ്വീകരണം 1930 മേയ് 19
നിത്യവ്രത വാഗ്ദാനം 1936 ഓഗസ്റ്റ് 12
മരണം 1946 ജുലൈ 28
നാമകരണ കോടതി രൂപവത്കരണം 1953 ഡിസംബർ 2
അപ്പസ്തോലിക കോടതി ആരംഭം 1980 ജുലൈ 15
വാഴ്ത്തപ്പെടൽ 1986 ഫെബ്രുവരി 8
വിശുദ്ധ 2008 ഒക്ടോബർ 12

അൽഫോൻസാ സൂക്തങ്ങൾ തിരുത്തുക

 1. കഠിനമായ വേദനകളിലും വലിയ പരീക്ഷണങ്ങളിലും മണവാളനോടുള്ള സ്നേഹ ബന്ധത്തിൽ എന്നെ ഓർപ്പിച്ചു നിർത്തിയത് കുരിശിൻ ചുവട്ടിലെ സ്ത്രീയാണ്.
 2. മനസറിവോടെ ഒരു നിസാര പാപം പോലും ചെയ്തു നല്ല ദൈവത്തെ ഉപദ്രവിക്കുന്നെതിനേക്കാൾ മരിക്കുന്നതാണ് എന്നിക്കിഷ്ടം.....

അവലംബം തിരുത്തുക

 1. 1.0 1.1 "catholic.org". Archived from the original on 2008-10-29. Retrieved 2011-09-17.
 2. സഹനസാഫല്യം അഥവാ വിശുദ്ധ അൽഫോൻസാമ്മ (ഗ്രന്ഥം), മാണി ജോസഫ് അറേക്കാട്ടിൽ, കോട്ടയം, ഏട് 10
 3. സഹനസാഫല്യം അഥവാ വിശുദ്ധ അൽഫോൻസാമ്മ (ഗ്രന്ഥം), മാണി ജോസഫ് അറേക്കാട്ടിൽ, കോട്ടയം, ഏട് 13
 4. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-13. Retrieved 2011-09-17.
 5. സഹനസാഫല്യം അഥവാ വിശുദ്ധ അൽഫോൻസാമ്മ (ഗ്രന്ഥം), മാണി ജോസഫ് അറേക്കാട്ടിൽ, കോട്ടയം, ഏട് 16 - 17
 6. സഹനസാഫല്യം അഥവാ വിശുദ്ധ അൽഫോൻസാമ്മ (ഗ്രന്ഥം), മാണി ജോസഫ് അറേക്കാട്ടിൽ, കോട്ടയം, ഏട് 22 - 25
 7. സ്നേഹ ബലി അഥവാ അൽഫോൻസാമ്മ (ഗ്രന്ഥം), ഫാ. റോമുളൂസ് സി. എം. ഐ, ഏട് 156
 8. സ്നേഹ ബലി അഥവാ അൽഫോൻസാമ്മ (ഗ്രന്ഥം), ഫാ. റോമുളൂസ് സി. എം. ഐ, ഏട് 163
 9. "Malayala Manorama News Story, March 7, 2008". മലയാളമനോരമ. Archived from the original on 2012-02-13. Retrieved 2012-04-08. {{cite web}}: Unknown parameter |ശേഖരിച്ച തീയതി= ignored (help)
 10. "A life of suffering, September 02, 2007". ഹിന്ദു. Archived from the original on 2011-04-05. Retrieved 2012-04-08. {{cite web}}: Unknown parameter |സ്വീകരിച്ച തീയതി= ignored (help)
 11. "കൊറിൻ.ജി.ഡിംപ്സി 1999 pp. 150-176"
 12. http://cs.nyu.edu/kandathi/devasahayam.html#alphonsa Archived 2010-08-11 at the Wayback Machine. St. Alphonsa Anna Muttathupadam of the Immaculate Conception, F. C. C.
 13. "Sister Alphonsa to be declared saint". NDTV. Archived from the original on 2008-10-15. Retrieved 2008-10-05.
 14. "Pope Announces Canonisation of India's First Native Woman Saint". Vatican Radio.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അൽഫോൻസാമ്മ&oldid=4015931" എന്ന താളിൽനിന്ന് ശേഖരിച്ചത്