അഡോൾഫ് ഹിറ്റ്‌ലർ

1933 മുതൽ 1945 വരെ ജർമ്മനിയുടെ ചാൻസലര്‍

1933 മുതൽ 1945 വരെ ജർമ്മനിയുടെ ചാൻസലറായിരുന്നു അഡോൾഫ് ഹിറ്റ്‌ലർ (കേൾക്കുക) (ഐ.പി.എ: ['a: dɔlf 'hɪtlɚ]) (ഏപ്രിൽ 20, 1889ഏപ്രിൽ 30, 1945). 1934 മുതൽ 1945 വരെ ഹിറ്റ്‌ലർ ഫ്യൂറർ എന്ന് അറിയപ്പെട്ടു. ഓസ്ട്രിയയിൽ ജനിച്ച ജർമൻ രാഷ്ട്രീയപ്രവർത്തകനും നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടിയുടെ (നാഷണാത്സോഷ്യലിസ്റ്റീഷ് ഡോയിഷ് ആർബീറ്റെർപാർട്ടി, ചുരുക്കെഴുത്ത് എൻ.എസ്.ഡി.എ.പി അല്ലെങ്കിൽ നാസി പാർട്ടി) തലവനും ആയിരുന്ന ഹിറ്റ്‌ലർ ആയിരുന്നു നാസി ജർമ്മനിയുടേയും രണ്ടാം ലോകമഹായുദ്ധത്തിലെ യൂറോപ്പിന്റേയും ഹോളോകാസ്റ്റിന്റേയും കേന്ദ്രം. നാസിസത്തിന്റെ ഉപജ്ഞാതാവായി ഹിറ്റ്‌ലർ കരുതപ്പെടുന്നു.

അഡോൾഫ് ഹിറ്റ്‌ലർ
ഹിറ്റ്ലർ 1937ൽ.
ഫ്യൂറർ
ഓഫീസിൽ
2 ആഗസ്റ്റ് 1934 – 30 ഏപ്രിൽ 1945
മുൻഗാമിപോൾ വോൺ ഹിൻഡൻബർഗ്ഗ്
(രാഷ്ട്രപതി)
പിൻഗാമികാൾ ഡോണിറ്റ്സ്
(രാഷ്ട്രപതി)
റീച്ച്ചാൻസലർ
ഓഫീസിൽ
30 ജനുവരി 1933 – 30 ഏപ്രിൽ 1945
രാഷ്ട്രപതിപോൾ വോൺ ഹിൻഡൻബർഗ്ഗ്
Deputy
മുൻഗാമികർട്ട് വോൺ ഷ്ലീഷെർ
പിൻഗാമിജോസഫ് ഗീബൽസ്
പ്രഷ്യൻ റീച്ച്സ്താത്താൽട്ടർ
ഓഫീസിൽ
30 ജനുവരി 1933 – 30 ജനുവരി 1935
പ്രധാനമന്ത്രി
മുൻഗാമിഓഫീസ് നിർമ്മിക്കപ്പെട്ടു
പിൻഗാമിഓഫീസ് നശിപ്പിക്കപ്പെട്ടു
വ്യക്തിഗത വിവരങ്ങൾ
ജനനം(1889-04-20)20 ഏപ്രിൽ 1889
ബ്രണൗ ആം ഇൻ, ഓസ്ട്രിയ-ഹങ്കറി
മരണം30 ഏപ്രിൽ 1945(1945-04-30) (പ്രായം 56)
ബെർലിൻ, ജർമ്മനി
Cause of deathആത്മഹത്യ
ദേശീയത
  • ഓസ്ട്രിയൻ, 7 ഏപ്രിൽ 1925 വരെ [1]
  • പിന്നീട് ജർമ്മൻ 25 ഫെബ്രുവരി 1932ന് ശേഷം
രാഷ്ട്രീയ കക്ഷിനാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി (എൻ.എസ്.ഡി.എ.പി)
മറ്റ് രാഷ്ട്രീയ
അംഗത്വം
ജെർമ്മൻ വർക്കേഴ്സ് പാർട്ടി (1920–1921)
പങ്കാളികൾഇവാ ബ്രൌൺ
(29–30 ഏപ്രിൽ 1945)
ജോലിരാഷ്ട്രീയ പ്രവർത്തകൻ, സൈനികൻ, എഴുത്തുകാരൻ, ചിത്രകാരൻ
അവാർഡുകൾ
ഒപ്പ്
Military service
Allegiance German Empire
Branch/service Reichsheer
Years of service1914–1918
Rankജെഫ്രൈറ്റർ
Unit16ആം ബവേറിയൻ റിസെർവ് റെജിമെന്റ്
Battles/warsഒന്നാം ലോകമഹായുദ്ധം

ഒന്നാം ലോകമഹായുദ്ധത്തിൽ സൈനികനായി ഹിറ്റ്‌ലർ പങ്കെടുത്തിട്ടുണ്ട്. പിന്നീട് എൻ.എസ്.ഡി.എ.പിയുടെ മുൻരൂപമായിരുന്ന ജെർമൻ വർക്കേഴ്സ് പാർട്ടിയിൽ 1919ൽ ഹിറ്റ്‌ലർ അംഗമായി. 1921ൽ എൻ.എസ്.ഡി.എ.പിയുടെ തലവനുമായി. 1923 -ൽ ഹിറ്റ്‌ലർ ഭരണകൂടത്തെ പട്ടാള വിപ്ലവത്തിലൂടെ അട്ടിമറിക്കാൻ ശ്രമിച്ചു. ബീർ ഹാൾ പുഷ് എന്നറിയപ്പെട്ട ഈ അട്ടിമറി ശ്രമം പരാജയപ്പെട്ടു. പിടിയിലായ ഹിറ്റ്‌ലർ ജയിലിലടക്കപ്പെട്ടു. ജയിലിൽ വെച്ചാണ് ഹിറ്റ്‌ലർ തന്റെ ആത്മകഥയായ മെയ്ൻ കാംഫ് (എന്റെ പോരാട്ടം) എഴുതുന്നത്. 1924ൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഹിറ്റ്‌ലറുടെ ജനപിന്തുണ വർദ്ധിച്ചു. ഊർജ്ജിത പ്രഭാവത്തോടെയുള്ള പ്രസംഗങ്ങളിലൂടെ വേഴ്സായി ഉടമ്പടിയെ ആക്രമിച്ചും ജെർമ്മൻ ദേശീയത, കമ്യൂണിസ്റ്റ് വിരുദ്ധത, ജൂത വിരുദ്ധത എന്നിവയെ പ്രോത്സാഹിപ്പിച്ചുമാണ് ഹിറ്റ്‌ലർ ജനപ്രീതി വർദ്ധിപ്പിച്ചത്. ഇതിലൂടെ ഹിറ്റ്‌ലർ നാസി പ്രചാരണം ശക്തിപ്പെടുത്തി. 1933 -ൽ ചാൻസലറായി അവരോധിക്കപ്പെട്ട ശേഷം ഹിറ്റ്‌ലർ വെയ്മർ റിപ്പബ്ലിക്കിനെ (പുരാതന ജർമ്മനി) മൂന്നാം സാമ്രാജ്യമായി മാറ്റി. നാസിസത്തിന്റെ ആശയസംഹിത പ്രകാരമായിരുന്നു ഹിറ്റ്‌ലർ ഇത് നടപ്പിലാക്കിയത്.

യൂറോപ്യൻ വൻകരയിൽ നാസി പാർട്ടിയുടെ ആധിപത്യത്തിലുള്ള ഒരു പുതിയ ഭരണക്രമം സ്ഥാപിക്കുക എന്നതായിരുന്നു ഹിറ്റ്‌ലറുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജെർമ്മൻ ജനതക്ക് വാസസ്ഥലം ഒരുക്കുക (ലെബെൻസ്രോം) എന്ന ലക്ഷ്യം അയാളുടെ ദേശീയ, പ്രാദേശിക നയങ്ങളിലുണ്ടായിരുന്നു. 1939 -ലെ പോളണ്ട് അധിനിവേശത്തിലൂടെയാണ് തന്റെ ജർമ്മൻ വിപുലീകരണം ഹിറ്റ്‌ലർ ആരംഭിക്കുന്നത്. ഈ സൈനിക നീക്കമാണ് രണ്ടാം ലോകമഹായുദ്ധത്തിന് കാരണമായത്. ഹിറ്റ്‌ലറുടെ കീഴിൽ 1941 -ൽ ജർമ്മനിയും സഖ്യകക്ഷികളും യൂറോപ്പിന്റേയും വടക്കേ ആഫ്രിക്കയുടേയും ഭൂരിഭാഗവും കൈക്കലാക്കി. എന്നാൽ 1943 ആയപ്പോഴേക്കും ഹിറ്റ്‌ലറിന് തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. യുദ്ധത്തിന്റെ അവസാന ദിനങ്ങൾക്കിടയിൽ, ബെർലിൻ യുദ്ധത്തിനിടയിൽ ഹിറ്റ്‌ലർ തന്റെ ദീർഘകാല ജീവിതപങ്കാളി ഇവ ബ്രൗണിനെ വിവാഹം ചെയ്തു. രണ്ടു ദിവസത്തിനു ശേഷം 1945 ഏപ്രിൽ 30ന് ചെമ്പട പിടിക്കപ്പെടുന്നത് ഒഴിവാക്കാൻ ഹിറ്റ്‌ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു. അവരുടെ ശവശരീരങ്ങൾ പിന്നീട് കത്തിക്കപ്പെട്ടു.

ഹിറ്റ്‌ലറിന്റെ സ്വേച്ഛാധിപത്യപരവും വംശീയ യാഥാസ്ഥിതികത്വവും രണ്ടാം ലോകമഹായുദ്ധകാലത്ത് അഞ്ച് കോടിയോളം പേരുടെ ജീവനപഹരിച്ചു. ഇതിൽ ആറ് ദശലക്ഷം ജൂതന്മാർ ഉണ്ടായിരുന്നു. ജൂതന്മാരെ കൂടാതെ ജിപ്സികൾ, കമ്മ്യൂണിസ്റ്റുകാർ, യഹോവയുടെ സാക്ഷികൾ , സ്വവർഗ അനുരാഗികൾ തുടങ്ങിയവരെയും പീഡനത്തിന് വിധേയർ ആക്കുകയും വധിക്കുകയും ചെയ്തു. ജൂതരുടെ വ്യവസ്ഥാപിതമായ ഉന്മൂലനത്തിന് നേതൃത്വം നൽകിയത് ഹിറ്റ്‌ലറും അടുത്ത കൂട്ടാളികളുമായിരുന്നു. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമായ ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978 -ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ മുപ്പത്തി ഒമ്പതാം സ്ഥാനം ഹിറ്റ്‌ലർക്കാണ്. ചാർളി ചാപ്ലിന്റെ ദ ഗ്രേറ്റ് ഡിക്ടേറ്റർ എന്ന ചലച്ചിത്രം ഹിറ്റ്‌ലറുടെ അധികാരത്വര ലോകത്തെ ആകമാനം നശിപ്പിക്കുന്നതിനെപ്പറ്റിയുള്ളതാണ്.

ആദ്യകാലം

തിരുത്തുക

വംശപരമ്പര

തിരുത്തുക

ഹിറ്റ്‌ലറുടെ പിതാവ് അലോയ്സ് ഹിറ്റ്‌ലർ (1837–1903) മരിയ അന്ന ഷിക്കിൽഗ്രബർ എന്നവരുടെ നിയമാനുസൃതമല്ലാത്ത പുത്രനായിരുന്നു. മാമോദീസ രേഖകളിൽ അലോയ്സിന്റെ പിതാവിന്റെ പേരുണ്ടായിരുന്നില്ല. അതിനാൽ അമ്മയുടെ കുടുംബപേരായിരുന്നു അലോയ്സിന്റെ നാമത്തോടൊപ്പം ചേർത്തത്. 1842 -ൽ ജൊഹാൻ ജോർജ് ഹിറ്റ്‌ലർ എന്നയാൾ മരിയ ഷ്കിൽഗ്രബറെ വിവാഹം ചെയ്തു. 1847ൽ മരിയയും 1856ൽ ജോർജും മരണപ്പെട്ട ശേഷം ജോർജിന്റെ സഹോദരനായിരുന്ന ജൊഹാൻ നെപോമുക് ഹിറ്റ്‌ലറുടെ കുടുബത്തിലാണ് അലോയിസ് വളർന്നത്.[3] 1876ൽ അലോയ്സിനെ നിയമാനുസൃത പുത്രനാക്കുകയും മൂന്ന് സാക്ഷികളുടെ മുമ്പാകെ മാമോദീസ രേഖകൾ തിരുത്തുകയും ചെയ്തു.[4] അലോയ്സിന്റെ അമ്മ വിയന്നയിലെ ഗ്രാസ് എന്ന പ്രദേശത്തെ ഒരു ജൂത കുടുംബത്തിൽ കാര്യസ്ഥയായിരുന്നെന്നും ആ കുടുംബത്തിലെ 19 -കാരനായിരുന്ന ലിയോപോൾഡ് ഫ്രാങ്കെൻബർഗർ ആണ് അലോയ്സിന്റെ പിതാവെന്നും തെളിയിക്കുന്ന കത്തുകൾ ഉണ്ടെന്ന് 1945 -ൽ നൂറംബർഗിൽ ഒരു കേസ് വിചാരണക്കിടെ നാസി ഓഫീസറായിരുന്ന ഹാൻസ് ഫ്രാങ്ക് വെളിപ്പെടുത്തിയിരുന്നു.[5] എന്നാൽ അക്കാലത്ത് ഗ്രാസിൽ ഫ്രാങ്കൻബർഗർ കുടുംബം ജീവിച്ചിരുന്നതിനോ ലിയോപോൾഡ് ഫ്രാങ്കൻബർഗറിന്റെ അസ്തിത്വത്തിനോ തെളിവില്ല.[6] എങ്കിലും അലോയ്സിന്റെ പിതാവ് ജൂതനായിരിക്കാമെന്നാണ് ചരിത്രകാരന്മാർ കരുതുന്നത്.[7][8]

39 -ആം വയസ്സിലാണ് അലോയ്സിന് ഹിറ്റ്‌ലർ എന്ന പേര് ലഭിക്കുന്നത്. ഇത് ഹീഡ്ലർ, ഹട്ട്ലർ, ഹ്യൂറ്റ്ലർ എന്നെല്ലാം ഉച്ഛരിക്കപ്പെട്ടിരുന്നു. കുടിലിൽ താമസിക്കുന്നവൻ (ജെർമ്മൻ ഭാഷയിൽ ഹട്ട്), ആട്ടിടയൻ (ജെർമ്മൻ ഹ്യൂട്ടൻ) അല്ലെങ്കിൽ സ്ലാവിക് വാക്കുകളായ ഹിഡ്ലാർ, ഹിഡ്ലാർസെക് എന്നിവയിൽ നിന്നോ ആകാം ഹിറ്റ്‌ലർ എന്ന പേര് അലോയ്സിന് ലഭിച്ചതെന്ന് കരുതപ്പെടുന്നു.[9]

ബാല്യവും വിദ്യാഭ്യാസവും

തിരുത്തുക
 
ഹിറ്റ്‌ലർ ശിശുവായ സമയത്തെ ചിത്രം (c. 1889–1890)

1889 ഏപ്രിൽ 20നു കസ്റ്റംസിലെ ജീവനക്കാരനായ അലോയ്സ് ഹിറ്റ്‌ലറുടെയും ക്ലാര പോൾസിലിന്റെയും മകനായി അഡോൾഫ് ഹിറ്റ്‌ലർ ജനിച്ചു. ഓസ്ട്രിയ-ഹങ്കറി പ്രദേശമായ ബ്രോണൗ ആം ഇൻ ആയിരുന്നു അഡോൾഫിൻറെ ജന്മദേശം. ബ്രോണൗവിലെ സാൽസ്ബർഗർ വോൾസ്റ്റാഡ്റ്റ് 15 എന്ന സ്ഥലത്തെ ഗസ്തോഫ് സം പോമർ എന്ന സത്രത്തിലായിരുന്നു ഹിറ്റ്‌ലറിന്റെ ജനനം.[10] ക്ലാരയുടേയും അലോയ്സിന്റേയും ആറു മക്കളിൽ നാലാമനായിരുന്നു അഡോൾഫ്. അഡോൾഫിന്റെ മൂത്ത സഹോദരങ്ങളായ ഗുസ്താവ്, ഇഡ, ഓട്ടോ എന്നിവർ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു.[11] ഹിറ്റ്‌ലറിന് മൂന്നു വയസ്സുള്ളപ്പോൾ കുടുംബം ജെർമ്മനിയിലെ പസാവുവിലേക്ക് കുടിയേറി.[12] അവിടെ വെച്ചാണ് അഡോൾഫ് ബവേറിയൻ ഭാഷ പഠിക്കുന്നത്. ഹിറ്റ്‌ലർ തന്റെ പ്രസംഗങ്ങളിൽ ഓസ്ട്രിയൻ-ജെർമ്മൻ ഭാഷയേക്കാൾ ബവേറിയനായിരുന്നു കൂടുതലായി ഉപയോഗിച്ചിരുന്നത്.[13][14][15] 1894 -ൽ കുടുംബം ലിൻസിലെ ലിയോണ്ടിംഗിലേക്ക് താമസം മാറ്റി. 1895 ജൂണിൽ അലോയ്സ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുകയും ലംബാക്കിനു സമീപത്തെ ഹാഫെൽഡിൽ സ്ഥലം വാങ്ങി താമസം മാറ്റുകയും തേനീച്ച വളർത്തൽ തുടങ്ങുകയും ചെയ്തു. ഫിസ്കൽഹാമിനടുത്തുള്ള ഒരു ടെക്നിക്കൽ സ്കൂളിലായിരുന്നു അഡോൾഫിന്റെ പ്രാഥമിക വിദ്യാഭ്യാസം. അച്ഛന്റെ അടുത്തുണ്ടായിരുന്ന ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തെ കുറിച്ചുള്ള ഒരു ചിത്രപുസ്തകം കണ്ടെത്തിയതിലൂടെയായിരുന്നു ആദ്യമായി അഡോൾഫിന് യുദ്ധത്തോട് അഭിനിവേശം തോന്നിയത്.[16][17]

ഹാഫെൽഡിലെത്തിയ ശേഷം അഡോൾഫ് അച്ഛനുമായി വഴക്കുണ്ടാക്കി. വിദ്യാലയത്തിലെ കണിശമായ നിയമങ്ങളോട് തനിക്ക് ഒത്തു പോകാനാവില്ല എന്ന് അഡോൾഫ് അച്ഛനെ അറിയിച്ചതായിരുന്നു വഴക്കിന് കാരണം.[18] അലോയിസിന്റെ കൃഷി പരാജയത്തിലേക്ക് നീങ്ങിയപ്പോൾ കുടുംബം കൃഷി നിർത്തി ഹാഫെൽഡിൽ നിന്ന് ലംബാക്കിലേക്ക് നീങ്ങി. 1897 -ലായിരുന്നു ഇത്. ഹിറ്റ്‌ലറെ ദൈവഭക്തിയുള്ളവനും സ്വഭാവശുദ്ധിയുള്ളവനുമായി വളർത്തിയെടുക്കാനായിരുന്നു ക്ലാരയുടെ ശ്രമം. മകൻ വൈദികനായി കാണണമെന്ന് അവർ ആഗ്രഹിച്ചു.[19] എട്ടു വയസ്സുള്ളപ്പോൾ ഹിറ്റ്‌ലർ പള്ളികളിലെ ചടങ്ങുകളിൽ ഭക്തിപൂർവ്വം പങ്കെടുക്കുകയും സംഗീതം പഠിക്കുകയും ചെയ്തിരുന്നു. പള്ളിയിലെ ഗായകസഘത്തിലെ അംഗവുമായിരുന്നു അദ്ദേഹം. 1898 -ൽ കുടുംബം വീണ്ടും ലിയോണ്ടിംഗിലേക്ക് നീങ്ങി. 1900 ഫെബ്രുവരി രണ്ടിന് ഇളയ സഹോദരനായിരുന്ന എഡ്മണ്ട് അഞ്ചാംപനി വന്ന് മരണപ്പെട്ടത് അഡോൾഫിനെ മാനസികമായി ബാധിച്ചു. ഇതിനെ തുടർന്ന് ക്ലാസിലെ മിടുക്കരിലൊരാളായിരുന്നു അഡോൾഫ് ദുർമുഖനും കോപശീലനും അധ്യാപകരോടും അച്ഛനോടും സ്ഥിരമായി വഴക്കുണ്ടാക്കുന്ന കുട്ടിയുമായി മാറി.[20]

 
ഹിറ്റ്‌ലറുടെ മാതാവ്‌ ക്ലാര

അലോയ്സിന് കസ്റ്റംസിൽ വളരെ വിജയകരമായ ഒരു കരിയറുണ്ടായിരുന്നു. തന്റെ മകനും ആ വഴി പിന്തുടരണമെന്ന് അലോയ്സ് കരുതി.[21] ഒരിക്കൽ അലോയ്സ് അഡോൾഫിനെ കസ്റ്റംസ് ഓഫീസ് സന്ദർശനത്തിനായി കൊണ്ടു പോയതിനെ ദൃഢനിശ്ചയചിത്തരായ രണ്ടു പേരുടെ മത്സരം തുടങ്ങിയ സംഭവമായി പിന്നീട് ഹിറ്റ്‌ലർ വിവരിച്ചിരുന്നു.[22][23][24] ഒരു ക്ലാസിക്കൽ ഹൈസ്കൂളിൽ പോകാനും ചിത്രകാരനാവാനുമുള്ള അഡോൾഫിന്റെ ആഗ്രഹത്തെ അവഗണിച്ച് 1900 സെപ്റ്റംബറിൽ അലോയ്സ് മകനെ ലിൻസിലെ ഒരു റിയൽ സ്കൂളിലേക്കയച്ചു.[25] (17 വർഷത്തിനു ശേഷം മറ്റൊരു നാസി പ്രമുഖനായിരുന്ന അഡോൾഫ് എയ്ഷ്മാൻ പഠിച്ചതും ഇതേ സ്കൂളിലായിരുന്നു.[26]) അഡോൾഫ് ഇതിനെ എതിർത്തു. അച്ഛന്റെ തീരുമാനത്തെ എതിർക്കാൻ അഡോൾഫ് സ്കൂളിൽ ഉഴപ്പി. തന്റെ പ്രോഗ്രസ് കാർഡ് കാണുമ്പോൾ അച്ഛന് താൻ ചെയ്തത് തെറ്റായിരുന്നുവെന്ന് ബോധ്യപ്പെടുമെന്നും തന്നെ ടെക്നിക്കൽ സ്കൂളിൽ മാറ്റിപ്പഠിപ്പിക്കുമെന്നും കരുതിയാണ് താനങ്ങനെ ചെയ്തതെന്ന് ഹിറ്റ്‌ലർ മെയിൻ കാംഫിൽ വീശദീകരിക്കുന്നുണ്ട്.[27]

ചെറുപ്പത്തിൽ തന്നെ ജെർമ്മൻ ദേശീയതയുടെ ഭാഗമായിരുന്നു.[28] അഡോൾഫ്. ഹിറ്റ്‌ലർ ജെർമ്മൻ ഭരണകൂടത്തോട് മാത്രമേ മേധാവിത്വം പ്രകടിപ്പിച്ചിരുന്നുള്ളൂ. വംശീയമായി തീർത്തും വ്യത്യസ്തരായ ഒരു ജനതയെ ഹാബ്സ്ബർഗ് ഭരണകൂടം ഭരിക്കുന്നതിനോടും ഹിറ്റ്‌ലറിന് വിമുഖതയുണ്ടായിരുന്നു.[29][30] ജെർമ്മൻ അഭിവാദന വാക്കായിരുന്ന "ഹെയിൽ" എന്ന വാക്കായിരുന്നു ഹിറ്റ്‌ലറും കൂട്ടുകാരും ഉപയോഗിച്ചിരുന്നത്. ഓസ്ട്രിയൻ സാമ്രാജ്യ ദേശീയഗാനത്തിനു പകരം ജർമ്മൻ ദേശീയഗാനമായിരുന്ന ഡീഷ്ലാൻഡ് യൂബർ എയ്ൽസ് ആയിരുന്നു അവർ ആലപിച്ചിരുന്നത്.[31]

1903 ജനുവരി 13ന് ഹിറ്റ്‌ലറുടെ പതിനാലാം വയസ്സിൽ പിതാവ് മരിച്ചു. ഇതിനെത്തുടർന്ന് ഹൈസ്കൂളിലെ അഡോൾഫിന്റെ പെരുമാറ്റം ദുഷിച്ചതായി. സംസ്ക്കാരശുശ്രൂഷയിൽ പങ്കെടുക്കില്ലെന്നു ഹിറ്റ്‌ലർ വാശിപിടിച്ചു. എങ്കിലും ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങി ഒടുവിൽ സമ്മതിച്ചു. ദുഃഖസൂചകമായി കറുത്ത ടൈ ധരിക്കില്ല എന്ന നിബന്ധനയും വെച്ചു. (പക്ഷേ,പിന്നീട് ഹിറ്റ്‌ലർ ഈ പ്രവൃത്തിയിൽ പശ്ചാത്തപിച്ചു.പിതാവിന്റെ കല്ലറയിൽ കൊത്തുപണികൾ ചെയ്ത് പേരു കൊത്തിയ ഫലകം സ്ഥാപിച്ചാണ് പരിഹാരം ചെയ്തത്). 1904 ലെ സെപ്റ്റംബറിൽ അഡോൾഫ് സ്റ്റൈറിലെ ഒരു റിയൽ സ്കൂളിൽ ചേർന്നു. പിന്നീട് അഡോൾഫിന്റെ പെരുമാറ്റത്തിൽ ചെറിയ പുരോഗതിയുണ്ടായി.[32] 1905 -ൽ സ്കൂൾ ജീവിതം അവസാനിപ്പിക്കാൻ അഡോൾഫിന് അമ്മ സമ്മതം നൽകി.[33] പഠനം പൂർത്തിയാക്കിയ ശേഷം പ്രത്യേകിച്ച് ലക്ഷ്യങ്ങളോ തുടർ പഠന മോഹങ്ങളോ ഇല്ലാതെ ഹിറ്റ്‌ലർ പുറത്തിറങ്ങി.[34]

അലോയ്സ് ഹിറ്റ്‌ലർ മുഴുക്കുടിയനായിരുന്നെങ്കിലും ഭാര്യക്കും മകനുമായി ധാരാളം സ്വത്ത് ബാക്കി വെച്ചിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ പെൻഷന്റെ 50 ശതമാനം മരണശേഷം ക്ലാരക്ക് ലഭിച്ചിരുന്നു. അലോയ്സിന്റെ മറ്റൊരു ഭാര്യയുടെ മക്കളായിരുന്ന (ഹിറ്റ്‌ലറുടെ അർദ്ധസഹോദരങ്ങൾ)ഏഞ്ചലക്കും അലോയ്സ് ജൂനിയറിനും അക്കാലത്ത് സ്വന്തമായി ജോലി ലഭിച്ചിരുന്നു. അതിനാൽ കിട്ടിയ പണം മുഴുവൻ അഡോൾഫിന്റെ വിദ്യാഭ്യാസത്തിനാണ് ക്ലാര ചിലവഴിച്ചിരുന്നത്. പക്ഷേ ഹിറ്റ്‌ലർക്ക് പഠനത്തിൽ താല്പര്യമില്ലായിരുന്നു. നല്ല വേഷം ധരിക്കാനും ചിത്രം വരക്കാനും മാത്രമായിരുന്നു അഡോൾഫിനു താല്പര്യം. ലക്ഷ്യമില്ലാത്ത വായനയും കലാകാരനാകാനുള്ള അലച്ചിലും ഹിറ്റ്‌ലറെ എങ്ങുമെത്തിച്ചില്ല.

കൗമാരം - വിയന്ന, മ്യൂണിച്ച്

തിരുത്തുക

"ആദ്യം കൂലിപ്പണിക്കാരനായും പിന്നീട് ചിത്രകാരനായും ഞാൻ ആ നഗരത്തിൽ അരച്ചാൻ വയര് നിറക്കാൻ പാടുപെട്ടു. ജോലിയിൽ നിന്ന് കിട്ടിയ തുച്ചമായ വരുമാനം, സദാ കൂടെയുണ്ടായിരുന്ന വിശപ്പിനെ അടക്കാൻ പോയിട്ട് ആശ്വസിപ്പിക്കാൻ പോലും തികയില്ലായിരുന്നു. വിശപ്പ് ഒരിക്കലും വിട്ടു പിരിയാത്ത കൂട്ടാളിയായി. വാങ്ങുന്ന ഓരോ പുസ്തകവും കാണുന്ന ഓരോ ഓപ്പറയും തുടർന്നുള്ള നേരങ്ങളിൽ പട്ടിണിക്ക് കാരണമായി. വാസ്തുശില്പ പഠനവും ഊണോഴിഞ്ഞുള്ള ഓപ്പറയും ഏതാനും പുസ്തകങ്ങളും മാത്രമായിരുന്നു ഏക ആശ്രയം".

മെയ്ൻ കാംഫിൽ ഹിറ്റ്ലർ തന്റെ വിയന്നാ ജീവിതത്തെക്കുറിച്ച്.

1905 മുതൽ ഹിറ്റ്‌ലർ വിയന്നയിൽ ഒരു ബൊഹീമിയൻ ജീവിതം നയിച്ചു. അനാഥർക്കുള്ള ആനുകൂല്യങ്ങളും അമ്മ നൽകിയ സാമ്പത്തിക സഹായങ്ങളുമായിരുന്നു ഹിറ്റ്‌ലറുടെ കൈമുതൽ. ഒരു സാധാരണ ജോലിക്കാരനായും ചിത്രകാരനായും ജലച്ഛായ വിൽപ്പനക്കാരനായും ഹിറ്റ്‌ലർ കഴിഞ്ഞുകൂടി. പിന്നീട് വിയന്നയിലെത്തന്നെ അക്കാദമി ഓഫ് ഫൈൻ ആർട്സ് കോളേജിൽ പ്രവേശനം നേടാനായി ഹിറ്റ്‌ലറുടെ ശ്രമം. രണ്ടു തവണ പ്രവേശനപരീക്ഷ എഴുതിയിട്ടും വിജയിക്കാനായില്ല. ഹിറ്റ്‌ലറിന് ചിത്രകാരനാകാനുള്ള കഴിവില്ലെന്നും ആർക്കിടെക്റ്റാവാനുള്ള ഭാവിയുണ്ടെന്നും സ്ഥാപനമേധാവി ഹിറ്റ്‌ലറിനോട് പറഞ്ഞു.[35] എന്നാൽ അതിനുള്ള വിദ്യാഭ്യാസ യോഗ്യത ഹിറ്റ്‌ലർക്കുണ്ടായിരുന്നില്ല.[36]

പ്രമാണം:The Courtyard of the Old Residency in Munich - Adolf Hitler.jpg
വിയന്നയിൽ വെച്ച് ഹിറ്റ്‌ലർ വരച്ച ഒരു പെയിന്റിംഗ്, 1914

ഇതിനിടെ ക്ലാരയുടെ രോഗം വളരെ കൂടുതലായി. അവസാനകാലത്ത് മകൻ ഒപ്പമുണ്ടായിരിക്കണമെന്ന് അവർ ആഗ്രഹിച്ചു. പലവട്ടം ഹിറ്റ്‌ലറെ വിവരമറിയിച്ചു. എന്നാൽ ഫൈൻ ആർട്സ് കോളേജിൽ പ്രവേശനം കിട്ടാതെ വീട്ടിലേക്കില്ലെന്ന് ഹിറ്റ്‌ലർ വാശിപിടിച്ചു. ഒടുവിൽ മകനെ കാണാതെ ആ അമ്മ 47 -ആം വയസ്സിൽ മരണത്തിനു കീഴടങ്ങി. ഹിറ്റ്‌ലർ നാട്ടിൽ മടങ്ങിയെത്തുന്നത് അമ്മയുടെ സംസ്ക്കാരചടങ്ങിൽ പങ്കെടുക്കാനായിരുന്നു. അമ്മയോട് ഹിറ്റ്‌ലർക്ക് ഗാഢമായ ആത്മബന്ധം ഉണ്ടായിരുന്നു.അദ്ദേഹം അമ്മയുടെ ചിത്രം ഒപ്പം കൊണ്ടു നടന്നു. അമ്മ മരിക്കുമ്പോൾ 18 വയസ്സായിരുന്നു ഹിറ്റ്‌ലർക്ക്. അമ്മയുടെ ഒസ്യത്ത് പ്രകാരം കാര്യമായ സ്വത്തൊന്നും മകനു വേണ്ടി അവശേഷിച്ചിരുന്നില്ല.ഹിറ്റ്‌ലറുടെ പഠനത്തിനു വേണ്ടിയും ക്ലാരയുടെ ചികിത്സക്കു വേണ്ടിയും സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം ചെലവായിക്കഴിഞ്ഞിരുന്നു. ഒടുവിൽ ഒരു ബൈബിളും നൂറ് ക്രോനനുമായി ഹിറ്റ്‌ലർ വിയന്നയിലേക്ക് മടങ്ങി.

അക്കാദമി രണ്ടാം തവണയും അപേക്ഷ നിരസിച്ചപ്പോൾ ഹിറ്റ്‌ലർ തീർത്തും ദരിദ്രനായി. 1909 -ൽ ഹിറ്റ്‌ലർ സ്വന്തമായി വീടില്ലാതെ കഴിച്ചുകൂട്ടുകയായിരുന്നു. എന്നാൽ 1910 -ൽ മെൽഡെമാൻസ്ട്രേസിലെ പാവപ്പെട്ട ജോലിക്കാർക്കുള്ള താമസസ്ഥലത്ത് ഹിറ്റ്‌ലർ താമസം ആരംഭിച്ചു.[37] അക്കാലത്ത് വിയന്ന മതവിപ്രതിപത്തിയുടേയും വംശീയവിവേചനത്തിന്റേയും കേന്ദ്രമായിരുന്നു.[38] കിഴക്കുനിന്നുള്ള കുടിയേറ്റക്കാർ ആ പ്രദേശം കൈയടുമെന്നുള്ള പ്രചാരണങ്ങൾക്കിടെ ജനാധിപത്യ സിദ്ധാന്തവാദിയായിരുന്ന മേയർ കാൾ ലൂഗർ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സെമെറ്റിക്ക് വിരുദ്ധപ്രസ്ഥാനത്തെ നിരോധിച്ചു. ജോർജ് ഷോനററുടെ ഐക്യ ജെർമ്മൻ പ്രസ്ഥാനത്തിന് വിയന്ന ഉൾപ്പെടുന്ന മരിയഹിൽഫ് ജില്ലയിൽ ശക്തമായ പിന്തുണ ഉണ്ടായിരുന്നു.[39] ഡീഷസ് വോൾക്ക്സ്ബാറ്റ് പോലെയുള്ള പ്രാദേശിക പത്രങ്ങളായിരുന്നു ഹിറ്റ്‌ലർ അക്കാലത്ത് വായിച്ചിരുന്നത്. കടുത്ത മുൻവിധികളോടെ ഇറങ്ങിയിരുന്ന അത്തരം പത്രങ്ങൾ കിഴക്കു നിന്നുള്ള ജൂതകുടിയേറ്റം ക്രിസ്ത്യാനികളെ അലട്ടിയിരുന്ന ഭീതികൾ അതിശയോക്തി കലർത്തി പ്രചരിപ്പിച്ചിരുന്നു.[40] ഇതിന്റെയെല്ലാം ഫലമായി കത്തോലിക് പുരോഹിതനായിരുന്ന മാർട്ടിൻ ലൂതറിനോട് ഹിറ്റ്‌ലർ ആദരവ് വെച്ചു പുലർത്തിയിരുന്നു.[41]

ഹിറ്റ്‌ലർ തന്റെ സെമെറ്റിക് വിരുദ്ധ സ്വഭാവം ആദ്യമായി പ്രകടിപ്പിച്ചത് എന്നാണെന്നും അതിന്റെ ഹേതുവും കൃത്യമായി പറയാനാവില്ല.[42] താൻ ആദ്യമായി സെമെറ്റിക് വിരുദ്ധനായത് വിയന്നയിൽ വെച്ചാണെന്ന് മെയ്ൻകാംഫിൽ ഹിറ്റ്‌ലർ പറയുന്നുണ്ട്.[43] എന്നാൽ ഹിറ്റ്‌ലറുടെ അടുത്ത സുഹൃത്തായിരുന്ന ആഗസ്റ്റ് കുബീസെകിന്റെ അഭിപ്രായം ലിൻസ് വിടുമ്പോൾ തന്നെ ഹിറ്റ്‌ലർ ഒരു ഉറച്ച സെമെറ്റിക് വിരുദ്ധനായിരുന്നു എന്നതാണ്.[44] പക്ഷേ ചരിത്രകാരനായ ബ്രിഗൈറ്റ് ഹാമാൻ കുബീസെക്കിന്റെ ഈ അഭിപ്രായത്തെ വെല്ലുവിളിച്ചു. ബാലനായിരുന്ന ഹിറ്റ്‌ലർ ഒരു സെമെറ്റിക് വിരുദ്ധനാണെന്ന് അഭിപ്രായപ്പെട്ട ഒരേയൊരു വ്യക്തി കുബീസെക് മാത്രമാണെന്ന് ഹാമാൻ എഴുതി.[45] മാത്രമല്ല വിയന്നയിലായിരിക്കുമ്പോഴാണ് ഹിറ്റ്‌ലർ സെമെറ്റിക് വിരുദ്ധനായതെന്നും ഹാമാൻ വ്യക്തമാക്കുകയുണ്ടായി.[46] ചരിത്രകാരനായ ഇയാൻ കെർഷോയുടെ അഭിപ്രായം "അക്കാലത്ത് ഹിറ്റ്‌ലറിൽ സെമെറ്റിക് വിരുദ്ധത ഉണ്ടായിരിക്കാമെങ്കിലും വിയന്നയിൽ സ്വാധീനമുണ്ടായിരുന്ന സെമെറ്റിക് വിരുദ്ധ പ്രസ്ഥാനങ്ങൾ കാരണം അത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി" എന്നതാണ്.[47] എന്നാൽ ഹോസ്റ്റലിലും മറ്റുമായി ഹിറ്റ്‌ലറിന് വിയന്നയിൽ ധാരാളം ജൂതസുഹൃത്തുക്കളുണ്ടായിരുന്നതിന് നിരവധി തെളിവുകളുണ്ട്.[48][49] ചരിത്രകാരനായ റിച്ചാർഡ് ജെ. ഇവാൻസ് പറയുന്നത് "ഹിറ്റ്‌ലറുടെ ക്രൂരവും കൊലപാതക താൽപര്യത്തോടെയുമുള്ള സെമെറ്റിക് വിരുദ്ധത രൂപം കൊള്ളുന്നത് ജെർമ്മനിയുടെ പരാജയത്തിന്റേയും (ഒന്നാം ലോകയുദ്ധത്തിൽ) ആ മഹാദുരന്തം സംഭവിച്ചത് പിറകിൽ നിന്ന് കുത്തിയത് വഴിയാണെന്ന വലതുപക്ഷ പ്രചാരണത്തിന്റേയും പ്രതിഫലനമായിട്ടുണ്ടായതാണെന്ന് ഏറെക്കുറെ എല്ലാ ചരിത്രകാരന്മാരും അംഗീകരിച്ചതാണ്" എന്നാണ്.[50]

1913 -ൽ അച്ഛന്റെ എസ്റ്റേറ്റിന്റെ ശേഷിക്കുന്ന ഭാഗവും ഹിറ്റ്‌ലർക്ക് സ്വന്തമായി. ഹിറ്റ്‌ലർ മ്യൂണിച്ചിലേക്ക് തിരിച്ചു.[51] ആസ്ട്രിയൻ സൈന്യത്തിന്റെ നിർബന്ധയുദ്ധസേവനത്തിൽ ഒഴിഞ്ഞ്മാറാനാണ് ഹിറ്റ്‌ലർ വിയന്ന വിട്ടതെന്ന് ഭൂരിഭാഗം ചരിത്രകാരന്മാരും കരുതുന്നു.[52] താൻ ഹാബ്സ്ബർഗ് സാമ്രാജ്യത്തിന്റെ സൈന്യത്തിനു വേണ്ടി സേവനം ചെയ്യാനാഗ്രിക്കുന്നില്ലെന്നും, കാരണം അത് നിരവധി വംശങ്ങളുടെ മിശ്രിതമാണെന്നും ഹിറ്റ്‌ലർ പിന്നീട് വ്യക്തമാക്കുകയുണ്ടായി.[51] ശാരീരിക യോഗ്യതകൾക്കായുള്ള പരീക്ഷയിൽ പരാജയപ്പെട്ട ശേഷം സൈന്യത്തിൽ ചേരാതെ 1914 -ൽ ഹിറ്റ്‌ലർ മ്യൂണിച്ചിലേക്ക് മടങ്ങി.[53]

ഒന്നാം ലോകയുദ്ധം

തിരുത്തുക

ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് ഹിറ്റ്ലർ ഒരു മ്യൂണിച്ച് നിവാസിയും ഒരു ആസ്ട്രിയൻ പൗരനായി ബവേറിയൻ സൈന്യത്തിൽ സേവനമനുഷ്ടിക്കുകയുമായിരുന്നു.[54] ഫ്രാൻസിലും ബെൽജിയത്തിലുമായി പശ്ചിമ മുന്നണിയിൽ[55] ലിസ്റ്റ് റെജിമെന്റിലെ ഒന്നാം കമ്പനിയായ ബവേറിയൻ റിസർവ് ഇൻഫൻട്രി റെജിമെന്റ് 16ൽ ഒരു റണ്ണറായായിരുന്നു ഹിറ്റ്ലർ സേവനമനുഷ്ടിച്ചിരുന്നത്.[56][54] സൈന്യത്തിലെ മുന്നേറ്റ നിരയിൽ തന്നെയായിരുന്നു ഹിറ്റ്ലറുടെ സ്ഥാനം.[57][58] ഒന്നാം വൈപ്രസ് യുദ്ധം, സോം യുദ്ധം, അറാസ് യുദ്ധം, പാഷെൻഡീൽ യുദ്ധം എന്നിവയിലെല്ലാം ഹിറ്റ്ലർ പങ്കെടുക്കുകയും സോം യുദ്ധത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.[59]

സൈനികസേവനത്തിനിടെ ഹിറ്റ്ലർ ധീരതക്കുള്ള പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. 1914ൽ സെക്കന്റ് ക്ലാസ് അയേൺ ക്രോസ് സൈനിക ഹിറ്റ്ലറിനു ലഭിച്ചു.[59] പിന്നീട് 1918 ആഗസ്റ്റ് നാലിന് ഹ്യൂഗോ ഗട്ട്മാന്റെ ശുപാർശപ്രകാരം ഹിറ്റ്ലറിന് ഫസ്റ്റ് ക്ലാസ് അയേൺ ക്രോസ് ബഹുമതിയും ലഭിച്ചു.[60] ഹിറ്റ്ലറിന്റെ റാങ്കിലുള്ള(ജെഫ്രൈറ്റർ) സൈനികർക്ക് വളരെ അപൂർവ്വമായേ ഈ ബഹുമതി സമ്മാനിക്കാറുള്ളൂ. റെജിമെന്റ് ആസ്ഥാനത്ത് ഹിറ്റ്ലറിന് ജോലി ലഭിച്ചതും മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള സ്ഥിരസമ്പർക്കവും വഴിയാകാം ഹിറ്റ്ലറിന് ഈ നേട്ടം കൈവരിക്കാനായത്.[61] ബഹുമതിക്കർഹമായ പ്രവൃത്തികൾ മികച്ചതായിരുന്നുവെങ്കിലും അവ പ്രത്യേകതകളുള്ളതാണെന്ന് പറയാനാവില്ല.[62] 1918 മെയ് 18ന് ബ്ലാക്ക് വൂണ്ട് ബാഡ്ജ് ഹിറ്റ്ലറിന് ലഭിച്ചിട്ടുണ്ട്.[63]

റെജിമെന്റ് ആസ്ഥാനത്തുള്ള ജോലിക്കിടയിൽ ഒരു സൈനിക പത്രത്തിനു വേണ്ടി ഹിറ്റ്ലർ കാർട്ടൂണുകളും ചിത്രങ്ങളും വരക്കുകയും അവക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. 1916 ഒക്റ്റോബറിൽ സോം യുദ്ധത്തിനിടയിൽ ഹിറ്റിലറിന് പരിക്കേറ്റത് നാഭിക്കോ[64] ഇടത് തുടക്കോ ആണെന്ന് കരുതപ്പെടുന്നു. റണ്ണർമാരുടെ മാർച്ചിനിടയിലേക്ക് ഷെല്ലുകൾ പതിച്ചപ്പോഴായിരുന്നു ഹിറ്റ്ലറിന് ഈ മുറിവേറ്റത്.[65] അതിനു ശേഷം രണ്ട് മാസത്തോളം ഹിറ്റ്ലർ ബീലിറ്റ്സിലെ റെഡ്ക്രോസ് ആശുപത്രിയിൽ കഴിഞ്ഞു. പിന്നീട് ഹിറ്റ്ലർ റെജിമെന്റിലേക്ക് തിരിച്ചെത്തിയത് 1917 മാർച്ച് അഞ്ചിനായിരുന്നു.[66] ഒരു മസ്റ്റാഡ് വാതകപ്രയോഗത്തെ തുടർന്ന് 1918 ഒക്റ്റോബർ 15ന് ഹിറ്റ്ലറിന് ഭാഗികമായി അന്ധത ബാധിക്കുകയും പേസ് വാക്കിലെ ഒരു ആശുപത്രിയിലാവുകയും ചെയ്തു.[67] ഹിറ്റ്ലർ പേസ് വാക്കിലാകുമ്പോഴായിരുന്നു ജർമ്മനി യുദ്ധത്തിൽ പരാജയപ്പെട്ടത്.[68] ഈ വാർത്ത കേൾക്കുന്ന സമയത്ത് ഹിറ്റ്ലർ തന്റെ അന്ധതയുടെ രണ്ടാം രോഗാവസ്ഥയിലായിരുന്നു.[69]

യുദ്ധപരാജയം ഹിറ്റ്ലറിൽ വേദനയും നിരാശയും ജനിപ്പിച്ചു. ഇതിനെ തുടർന്നാണ് ഹിറ്റ്ലർ തന്റെ ആശയങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നത്.[70] ഹിറ്റ്ലർ യുദ്ധത്തെ തന്റെ എക്കാലത്തേയും വലിയ അനുഭവമായി കരുതി. മേലുദ്യോഗസ്ഥർ ഹിറ്റ്ലറിന്റെ ധീരതയെ വാഴ്ത്തി.[71] ഈ അനുഭവങ്ങൾ ഹിറ്റ്ലറിനുള്ളിലെ ദേശീയവാദിയെ ഉണർത്തി. എന്നാൽ 1918ലെ ജർമ്മനിയുടെ കീഴടങ്ങൽ ഹിറ്റ്ലറിനൊരു ഞെട്ടലായി.[72] മറ്റേതൊരു ദേശീയവാദിയെയും പോലെത്തന്നെ ഹിറ്റ്ലറും പുറകിൽ കുത്ത് അപവാദകഥയിൽ(ഡോൾഷ്റ്റോബ്ലിജെൻഡ്) വിശ്വസിച്ചിരുന്നു. ജെർമ്മൻ സൈന്യം യുദ്ധമുഖത്ത് വിജയമായിരുന്നെന്നും എന്നാൽ സിവിലിയൻ നേതാക്കളും മാർക്സിസ്റ്റുകാരും (ഇവർ പിന്നീട് നവംബർ കുറ്റവാളികൾഎന്ന് വിളിക്കപ്പെട്ടു.) പിറകിൽ നിന്ന് കുത്തി ജർമ്മനിയെ പരാജയപ്പെടുത്തിയെന്നുമായിരുന്നു ഈ കഥയുടെ അടിസ്ഥാനം.[73]

വാഴ്സാ ഉടമ്പടി പ്രകാരം ജർമ്മനി തങ്ങളുടെ ധാരാളം ഭൂപ്രദേശങ്ങൾ വിട്ടുകൊടുക്കേണ്ടതായും റൈൻലാൻഡിൽനിന്ന് പട്ടാളത്തെ പിൻവലിക്കേണ്ടതായും വന്നു. ഈ ഉടമ്പടി ജർമ്മനിയുടെ മേൽ നിരവധി സാമ്പത്തിക ബാദ്ധ്യതകൾ കെട്ടിവെച്ചു. ഭൂരിഭാഗം ജർമ്മൻകാരും ഈ ഉടമ്പടിയെ എതിർത്തു. പ്രത്യേകിച്ചും രാജ്യത്തെ അപമാനിച്ച ജർമ്മനിയാണ് യുദ്ധത്തിന് കാരണമെന്ന് പ്രഖ്യാപിക്കുന്ന വകുപ്പ് 231നെ.[74] വാഴ്സാ ഉടമ്പടി, യുദ്ധാനന്തര ജർമ്മനിയുടെ രാഷ്ടീയ, സാമ്പത്തിക, സാമൂഹിക അവസ്ഥകൾ എന്നിവയെ പിന്നീട് ഹിറ്റ്ലർ തന്റെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്തു.[75]

രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം

തിരുത്തുക

ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഹിറ്റ്ലർ മ്യൂണിച്ചിലേക്ക് മടങ്ങി. ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവും മികച്ച് വിദ്യാഭ്യാസ യോഗ്യതകൾ ഇല്ലാത്തതും സൈന്യത്തിൽ തന്നെ പിടിച്ചുനിൽക്കാൻ ഹിറ്റ്ലറിനെ പ്രേരിപ്പിച്ചു. 1919 ജൂലൈയിൽ ഹിറ്റ്ലർ റീഷ്സ്വെറിലെ ഒരു ഓഫ്ലോറെഗ്സ് കമാൻഡോയുടെ (നിരീക്ഷണോദ്യോഗസ്ഥൻ) വെർബിൻഡംഗ്സ്മാനായി (രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ) നിയമിക്കപ്പെട്ടു. മറ്റു സൈനികരെ സ്വാധീനിക്കലും ജെർമ്മൻ വർക്കേഴ്സ് പാർട്ടിയിലേക്ക്(ഡിഏപി) നുഴഞ്ഞുകയറാനുമായിരുന്നു ഹിറ്റ്ലറിനെ നിയോഗിച്ചത്. ഡിഏപിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനിടെ ഹിറ്റ്ലറിനെ ഡിഏപി സ്ഥാപകനായ ആന്റൺ ഡ്രെഗ്സ്ലറുടെ സെമെറ്റിക് വിരുദ്ധ, ദേശീയവാദ, മുതലാളിത്ത വിരുദ്ധ, മാർക്സിസ്റ്റ് വിരുദ്ധ ആശയങ്ങൾ സ്വാധീനിച്ചു. ജൂതന്മാരില്ലാത്ത സോഷ്യലിസ്റ്റ്, സാമൂഹിക സമത്വത്തോടെയുള്ള ശക്തവും സജീവവുമായ ഒരു സർക്കാർ അധികാരത്തിലെത്തുന്നതിനെ ഡ്രെഗ്സ്ലർ പിന്തുണച്ചിരുന്നു. ഹിറ്റ്ലറുടെ പ്രസംഗക വൈഭവത്തിൽ ആകൃഷ്ടനായ ഡ്രെഗ്സ്ലർ ഹിറ്റ്ലറിനെ ഡിഏപിയിലേക്ക് ക്ഷണിച്ചു. ഈ ക്ഷണം സ്വീകരിച്ച് 1919 സെപ്റ്റംബർ 12ന് ഹിറ്റ്ലർ ഡിഏപിയിലെ 55ആം ഔദ്യോഗികാംഗമായി.

ഡിഏപിയിൽ വെച്ച് ഹിറ്റ്ലർ ഡീട്രിച്ച് എക്കാർട്ടിനെ പരിചയപ്പെട്ടു. എക്കാർട്ട് പാർട്ടിയുടെ സ്ഥാപകാംഗവും ഒക്കൾട്ട് തൂൾ സൊസൈറ്റിയിലെ അംഗവുമായിരുന്നു. എക്കാർട്ട് പിന്നീട് ഹിറ്റ്ലറുടെ ഗുരുവായിമാറി. ആശയങ്ങൾ പരസ്പരം പങ്കുവെച്ചും സമൂഹത്തിലെ വിവിധ തുറകളിലുള്ളവരെ പരിചയപ്പെടുത്തിക്കൊടുത്തും എക്കാർട്ട് ഹിറ്റ്ലറുടെ ഗുരുവായി മാറി. കൂടുതൽ പേരെ ആകർഷിക്കാനായി ഡിഏപി തങ്ങളുടെ പേര് നാഷണൽസോഷ്യലിസ്റ്റിച്ച് ഡോയിച്ച് ആർബിറ്റേർപാർട്ടൈ (നാഷണൽ സോഷ്യലിസ്റ്റ് ജെർമ്മൻ വർക്കേഴ്സ് പാർട്ടി) - എൻഎസ്ഡിഏപി എന്നാക്കി മാറ്റി. മാത്രമല്ല പതാക ഹിറ്റ്ലർ ചുവന്ന പശ്ചാത്തലത്തിൽ വെള്ള വൃത്തത്തിൽ സ്വസ്തികയോടു കൂടിയതാക്കി നവീകരിച്ചു.

1920ൽ ഹിറ്റ്ലറിനെ സൈന്യത്തിൽ നിന്ന് പിരിച്ചുവിട്ടു. പിന്നീട് ഹിറ്റ്ലർ എൻഎസ്ഡിഏപിയുടെ മുഴുവൻ സമയ പ്രവർത്തകനായി മാറി. ഇതിനകം തന്നെ മികച്ച പ്രസംഗകനെന്ന് പേരു കേട്ട ഹിറ്റ്ലർ 1921 ഫെബ്രുവരിയിൽ മ്യൂണിച്ചിലെ ഒരു മൈതാനത്ത് 6000ത്തോളം വരുന്ന ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സമ്മേളനത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കാൻ രണ്ട് ട്രക്കുകളിൽ സ്വസ്തികാ പതാകയും ലഘുലേഖളോടും കൂടിയ പ്രവർത്തകരെ കൊണ്ടു വരികയും ചെയ്തിരുന്നു. മാർക്സിസ്റ്റ് - ജൂത വിരുദ്ധത, വാഴ്സാ ഉടമ്പടി എന്നിവക്കെതിരെ ഹിറ്റ്ലർ നടത്തിയ വിവാദപരമായ പ്രസംഗങ്ങൾ വളരെ പെട്ടെന്ന് തന്നെ ഹിറ്റ്ലറിന് കുപ്രസിദ്ധി നേടിക്കൊടുത്തു. അക്കാലത്ത് എൻഎസ്ഡിഏപിയുടെ കേന്ദ്രം മ്യൂണിച്ചായിരുന്നു. അവിടെവെച്ച് സർക്കാർ വിരുദ്ധരായ ജെർമ്മൻ ദേശീയവാദികൾ മാർക്സിസത്തെ അടിച്ചമർത്താനും വെയ്മർ റിപ്പബ്ലിക്കിനെ (സർക്കാർ) അട്ടിമറിക്കാനും തീരുമാനിച്ചു.

1921 ജൂണിൽ ഫണ്ട് ശേഖരണാർത്ഥം ഹിറ്റ്ലറും എക്കാർട്ടും ബെർലിനിൽ പോയ സമയത്ത് മ്യൂണിച്ചിൽ എൻഎസ്ഡിഏപി പിളർന്നു. പാർട്ടിയുടെ എക്സിക്യുട്ടീവ് അംഗങ്ങളിൽ ചിലർ ഹിറ്റ്ലറുടെ പെരുമാറ്റം ധിക്കാരം നിറഞ്ഞതാണെന്ന് ആരോപിക്കുകയും എൻഎസ്ഡിഏപിയുടെ എതിരാളികളായ ജെർമ്മൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ (ഡിഎസ്പി) ചേരാൻ തീരുമാനിക്കുകയും ചെയ്തു. ജൂലൈ 11ന് തിരിച്ചെത്തിയ ഹിറ്റ്ലർ രോഷാകുലനാവുകയും തന്റെ രാജി സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഹിറ്റ്ലറില്ലെങ്കിൽ അത് പാർട്ടിയുടെ അന്ത്യമായിരിക്കുമെന്ന് കമ്മിറ്റീ അംഗങ്ങൾക്ക് മനസ്സിലായി. എന്നാൽ താൻ പാർട്ടിയിൽ തിരികെ വരണമെങ്കിൽ ഡ്രെക്സ്ലെർക്ക് പകരം തന്നെ പുതിയ പാർട്ടി അധ്യക്ഷനാക്കണമെന്നും പാർട്ടി ആസ്ഥാനം മ്യൂണിച്ചിൽ തന്നെയായിരിക്കണമെന്നും പ്രഖ്യാപിച്ചു. കമ്മിറ്റ ഇതംഗീകരിച്ചു. ഇതിനെത്തുടർന്ന് ജൂലൈ 26ന് ഹിറ്റ്ലർ പാർട്ടിയിലെ 3680ആം അംഗമായി ചേർന്നു. എന്നാൽ എൻഎസ്ഡിഏപിയിൽ ഹിറ്റ്ലർക്ക് അപ്പോളും ശത്രുക്കളുണ്ടായിരുന്നു.

ഓഷ്വിറ്റ്സ് ക്യാംപ്

തിരുത്തുക

1941 സെപ്റ്റംബറിൽ ഓഷ്വിറ്റ്സ് ക്യാംപിൽ പട്ടിണിക്കിട്ട് അവശരാക്കിയ 850 പേരെ ഒരു മുറിയിലടച്ച് രാസവാതകം പ്രയോഗിച്ച് കൂട്ടക്കൊല നടത്തി. ഓഷ്വിറ്റ്സ് ക്യാംപിൽ മാത്രം 30 ലക്ഷം പേരെയാണ് രാസവാതകം പ്രയോഗിച്ചും പട്ടിണിക്കിട്ടും തീകൊടുത്തും വെടിവെച്ചും കൊന്നത്. ശവക്കൂനകൾ നീക്കം ചെയ്യുന്നതിനനുസരിച്ചു പുതിയ സംഘങ്ങളെ കൊണ്ടുവന്നു.1944 മേയ് 14-നും ജൂലൈ എട്ടിനുമിടയിൽ 48 തീവണ്ടികളിലായി 4,37,402 ഹംഗേറിയൻ യഹൂദരെയാണ് ഈ ക്യാംപിൽ കൂട്ടക്കൊല നടത്തിയത്. നരകവാതിൽ എന്നായിരുന്നു ഓഷ്വിറ്റ്സ് ക്യാംപിന്റെ ഓമനപ്പേര്. ഒറ്റ ദിവസം കൊണ്ട് 56,545 പേരെ ഇവിടെ കൊന്നൊടുക്കിയിട്ടുണ്ട്.

പരീക്ഷണം നടത്താനുള്ള ഉപകരണങ്ങളായിരുന്നു ഓഷ്വിറ്റ്സ് ക്യാംപിലെ കുട്ടികൾ. ഒരാളിൽ തന്നെ നാലും അഞ്ചും ശസ്ത്രക്രിയകൾ ചെയ്തിരുന്നു.

യഹോവയുടെ സാക്ഷികൾ

തിരുത്തുക

യഹോവയുടെ സാക്ഷികൾ 1935 മുതൾ 1945 വരെ നാസി ജർമനിയിൽ സൈനിക സേവനം നടത്താതതു നിമിത്തം ക്രുരമായി പീഡിപ്പിക്കപെട്ടു. 12,000 അധികം പേരെ തടങ്കൽ പാളയങ്ങളിലേക്ക് അയയ്ക്കുകയും ഏകദേശം 2,500 പേരെ നേരിട്ട് വധിക്കുകയും 5,000-തോളം പേർ തടങ്കൽ പാളയങ്ങളിൽ കൊല്ലപെട്ടതായും കണക്കാക്കുന്നു.[76][77] കാൾ അർ.എ. വിറ്റിഗിന്റെ ദൃക്സാക്ഷിവിവരണം ഇപ്രകാരം പറയുകയുണ്ടായി,"യഹോവയുടെ സാക്ഷികളുടെ സൈനിക സേവന വിസ്സമ്മതത്തിനു നേരെ ക്രുദ്ധിതനായ ഹിറ്റ്ലർ യഹോവയുടെ സാക്ഷികളെ ജർമ്മനിയിൽ നിന്ന് ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. അതെ തുടർന്ന് മറ്റൊരു തടവുകാരോടും കാണിക്കാത്ത വിധത്തിൽ യഹോവയുടെ സാക്ഷികളെ മാനസികമായും, ശാരീരികമായും, വാക്കുകളാൽ വിവരിക്കാൻ സാധിക്കാത്ത വിധത്തിൽ മനുഷ്യത്വരഹിതമായി ക്രുരമായി പീഡിപ്പിക്കുകയുണ്ടായി".[78][79][80] വർഗ്ഗത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട യഹൂദ,റോമാനിയ തടവുകാരിൽ നിന്ന് വ്യത്യസ്തമായി,തങ്ങളുടെ വിശ്വാസം തള്ളി പറഞ്ഞുകൊണ്ട് സൈനികസേവനം നടത്താമെന്ന് ഒരു സമ്മതപത്രത്തിൽ ഒപ്പിട്ടാൽ വെറുതെവിടാമെന്ന് പറഞ്ഞുകൊണ്ട് യഹോവയുടെ സാക്ഷികൾക്ക് രക്ഷപ്പെടാൻ നാസികൾ ഒരു സുവർണ്ണ അവസരം നൽകി.[81] എന്നിരുന്നാലും മിക്കവാറും എല്ലാവരും തന്നെ ഈ അവസരം തിരസ്കരിച്ചു.[82][83] ചരിത്രകാരനായ സിബിൽ മിൽട്ടൺ ഇപ്രകാരം ഉപസംഹരിച്ചു,"ഇവരുടെ ധൈര്യവും,വിശ്വാസവും,സഹിഷ്ണുതയും കാരണം നാസികളുടെ ക്രൂരമായ ഏകാധിപത്യഭരണത്തിനു ഇവരുടെമേൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല."[84][85] അന്ന് ജർമ്മനിയിൽ കേവലം പതിനായിരം ആയിരുന്ന സാക്ഷികൾ 21-ാം നൂറ്റാണ്ടിന്റെ ആദ്യഭാഗങ്ങളിൽ 1,65,000-ത്തിലധികമായി വർദ്ധിച്ചിരിക്കുന്നു.[86] 2005-ലാണ് യഹോവയുടെ സാക്ഷികളെ ജർമനിയിൽ നിയമപരമായ മതമായി അംഗീകരിച്ചത്.[87]

ജർമ്മനിയുടെ പരാജയവും ഹിറ്റ്ലറുടെ മരണവും

തിരുത്തുക

സഖ്യസേന യുദ്ധത്തിൽ മുന്നേറിക്കൊണ്ടിരുന്നു. സോവിയറ്റ് സൈന്യം ഓസ്ട്രിയയിലേക്കും പാശ്ചാത്യസേന റൈനിലേക്കും കടന്നു. 1945 ഏപ്രിൽ അവസാനത്തോടെ പാശ്ചാത്യസേന എൽബ് നദീതീരത്തേക്കു മുന്നേറി റഷ്യൻസേനയുമായി സന്ധിച്ചു. ഹിറ്റ്ലറുടെ ഒളിയിടത്തിനു സമീപം സഖ്യസേന ഷെല്ലാക്രമണം തുടങ്ങി.ഇതിനിടെ ഇറ്റലിയിൽ മുസ്സോളിനി പിടിക്കപ്പെട്ട വാർത്തയുമെത്തി.പരാജയം പൂർണമായെന്നു ഹിറ്റ്ലർ മനസ്സിലാക്കി. മരണത്തിനു കീഴടങ്ങും മുൻപ് 16 വർഷക്കാലം വിശ്വസ്തയായികൂടെ നിന്ന ഇവാ ബ്രൗണിനെ വിവാഹം കഴിക്കാൻ ഹിറ്റ്ലർ തീരുമാനിച്ചു.1945 ഏപ്രിൽ 29.അന്ന് ഹിറ്റ്ലറുടെ വിവാഹമായിരുന്നു.ഒളിവുസങ്കേതത്തിലെ സ്റ്റോർമുറിയായിരുന്നു വിവാഹവേദി.അപ്പോൾ സോവിയറ്റ് സൈന്യം ബെർലിൻ നഗരത്തിന്റെ മുക്കിലും മൂലയിലും ഹിറ്റ്ലറെ തിരയുകയായിരുന്നു.പത്തു മിനിട്ടിനുള്ളിൽ വിവാഹചടങ്ങുകൾ അവസാനിച്ചു. ഇതിനിടെ 200 ലിറ്റർ പെട്രോൾ ചാൻസലറി ഗാർഡനിൽ എത്തിക്കാൻ ഹിറ്റ്ലർ അനുയായികൾക്ക് നിർദ്ദേശവും നൽകി. തനിക്കൊപ്പം ജർമ്മനിയും അവസാനിക്കണമെന്നായിരുന്നു ഹിറ്റ്ലറുടെ ആഗ്രഹം.1945 ഏപ്രിൽ 30. പുലർച്ചെ രണ്ടു മണി.ഗീബൽസിന്റെ ആറു കുട്ടികൾ ഒഴികെയുള്ളവർ ഒരു മേശക്കു ചുറ്റും കൂടിയിരുന്നു.തിരക്കിട്ട് മരണപ്പത്രം തയ്യാറാക്കി. ആ മരണപ്പത്രത്തിൽ യഹൂദരാണ് യുദ്ധത്തിനു കാരണമെന്ന് ഹിറ്റ്ലർ ആവർത്തിച്ചു.ജർമ്മനിയെ രക്ഷിക്കാനുള്ള തന്റെ പോരാട്ടത്തിൽ രാഷ്ട്രം നന്ദികേട് കാണിച്ചെന്നും നിലനില്പ്പിനായുള്ള പോരാട്ടത്തിൽ ജർമ്മനി പരാജയപ്പെട്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നാവികാസേനാ മേധാവിയായിരുന്ന അഡ്മിറൽ ഡനിറ്റ്സിനെ തന്റെ പിൻഗാമിയായി ഹിറ്റ്ലർ നിർദ്ദേശിച്ചു. തന്റെ എല്ലാം നാസീപ്പാർട്ടികൾക്കു അഥവാ ജർമ്മനിക്ക് നൽകണമെന്നും ഹിറ്റ്ലർ എഴുതി വച്ചു. തനിക്കൊപ്പം ജർമ്മനിയും അവസാനിക്കണമെന്നായിരുന്നു ഹിറ്റ്ലറുടെ ആഗ്രഹം.കീഴടങ്ങും മുൻപ് നാടാകെ തീ കൊളുത്തണമെന്നും ശത്രുക്കൾക്ക് ജർമ്മനിയിൽ നിന്ന് ഒന്നും കിട്ടരുതെന്നും അദ്ദേഹം ഉത്തരവിട്ടു. എന്നാൽ അതുവരെ ഒപ്പം നിന്നിരുന്ന സൈനികമേധാവികളും മന്ത്രിമാരും ആ ഉത്തരവിനു യാതൊരു വിലയും കല്പ്പിച്ചില്ല. ഗീബൽസ്ദമ്പതികളോടും ജനറൽ ക്രെബ്സ്,ജനറൽ ബർഗ്ഡോർഫ് എന്നിവരോടും യാത്രപറഞ്ഞ് ഹിറ്റ്ലറും ഭാര്യയും സ്വന്തം മുറിയിലേക്കു പിൻവാങ്ങി.അതിനു മുൻപ് തന്നെ ഹിറ്റ്ലറുടെ നിർദ്ദേശം അനുസരിച്ച് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വളർത്തു നായ 'ബ്ലോണ്ടിയെ' വിഷം കുത്തിവെച്ചു കൊന്നിരുന്നു. അന്ന് വൈകിട്ട് മൂന്നു മണിക്ക് ഹിറ്റ്ലർ സ്വന്തം തലക്കു നേരെ വെടിവെച്ചു ജീവിതം അവസാനിപ്പിച്ചു. ഹിറ്റ്ലറുടെ ആത്മഹത്യക്കു തൊട്ടു മുമ്പേ ഇവാ ബ്രൗൺ സയനൈഡ് കഴിച്ച് മരിച്ചിരുന്നു.

അധികം വൈകാതെ ഗീബൽസ് ദമ്പതികൾ തങ്ങളുടെ ആറു കുട്ടികൾക്കു വിഷം നൽകി.പിന്നീട് അവരും സ്വയം മരണം വരിച്ചു.

മൃതദേഹങ്ങൾ കത്തിക്കുന്നു

തിരുത്തുക

ഹിറ്റ്ലറുടെ ബങ്കർ തകർത്ത് ഉള്ളിൽകടന്ന റഷ്യൻസേന എതിരേറ്റതു പത്ത് മൃതദേഹങ്ങളാണ്.അവർ ഈ മൃതദേഹങ്ങൾ പെട്ടിയിലാക്കി മറവു ചെയ്തു. ഹിറ്റ്ലറുടെ ശരീരം സംസ്ക്കരിച്ച സ്ഥലം നാസികൾ തീർത്ഥാടനകേന്ദ്രമാക്കി മാറ്റിയേക്കുമെന്ന് റഷ്യൻസേന ഭയപ്പെട്ടു.അതുകൊണ്ടു തന്നെ സൈന്യം അവ മാന്തി പുറത്തെടുത്തു.അഞ്ചുപെട്ടികളിലാക്കി ലോറിയിൽ കയറ്റി അടുത്തുള്ള സൈനികതാവളത്തിലേക്കു കൊണ്ടുപോയി. സൈനികർ ആ പെട്ടികളുടെ മേൽ പെട്രോൾ ഒഴിച്ചു തീകൊടുത്തു. റഷ്യൻഭരണാധികാരി സ്റ്റാലിന്റെ ഉത്തരവുപ്രകാരം ഹിറ്റ്ലറുടെ ശരീരം രണ്ടു വട്ടം പോസ്റ്റ്മോർട്ടം നടത്തിയതായി പറയപ്പെടുന്നു. കത്തിക്കരിഞ്ഞ ജഡാവശിഷ്ടങ്ങൾ ഹിറ്റ്ലറുടേതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളുടെ അകമ്പടിയോടെയാണ് സ്റ്റാലിൻ തെളിയിച്ചത്.

ഹിറ്റ്ലറുടെ തലയോട്ടി റഷ്യയിലെ സ്റ്റേറ്റ് ആർകൈവിലാണ് സൂക്ഷിച്ചിരിക്കുന്നത്.വെടിയേറ്റുണ്ടായ ദ്വാരം ഇതിൽ വ്യക്തമായി കാണാം.ഹിറ്റ്ലർ തോക്കിൻ കുഴൽ വായിൽ വച്ച് വെടി വെക്കുകയായിരുന്നുവെന്നാണ് തലയോട്ടി പരിശോധിച്ച വിദഗ്ധരുടെ അഭിപ്രായം.ഹിറ്റ്ലറുടെ രക്തത്തുള്ളികൾ പറ്റിയ സോഫയുടെ ഭാഗങ്ങളും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

ഹിറ്റ്ലർ ജനിച്ച വീട് ഇന്ന് സ്മാരകമാണ്.അനുരഞ്ജന സ്മാരകം എന്നാണ് ഇത് അറിയപ്പെടുന്നത്. ഭാവിതലമുറ വംശ വിദ്വേഷത്തിനും ഫാസിസത്തിനും കീഴ്പ്പെടാതിരിക്കാനുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.യൂറോപ്യൻ യൂണിയനാണ് അനുരഞ്ജനസ്മാരകത്തിനു സാമ്പത്തികസഹായം ചെയ്യുന്നത്.

ഹിറ്റലറുടെ കാലത്ത് ഹിറ്റ്ലറെ കളിയാക്കിക്കൊണ്ടിറങ്ങിയ സിനിമയാണ് ദ ഗ്രേറ്റ് ഡിക്റ്റേറ്റർ.1940-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ഹിറ്റ്ലറെ അവതരിപ്പിച്ചത് ചാർളി ചാപ്ലിനാണ്.

മൈൻ കാംഫ് (എന്റെ പോരാട്ടം)

തിരുത്തുക

നാസിസത്തിന്റെ ബൈബിൾ എന്നാണ് മെയ്ൻ കാംഫ് അറിയപ്പെട്ടത്.

(നോർമൻ കസിൻസ്)

ആത്മകഥയാണെങ്കിലും 'മെയ്ൻ കാംഫി'ൽ ഹിറ്റ്ലറുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഏറെയില്ല.ബാല്യത്തെക്കുറിച്ചും മാതാപിതാക്കളെയും കുറിച്ചുള്ള ചില സ്മരണകൾ ഒഴിച്ചാൽ ബാക്കിയെല്ലാം തന്റെ രാക്ഷ്ട്രീയനിലപാടുകളുടെ പ്രഖ്യാപനങ്ങളാണ്.1923 നവംബർ ഒൻപതിനു നടന്ന പ്രക്ഷോഭത്തിൽ മരിച്ചുവീണ 16 പേർക്കാണ് ഹിറ്റ്ലർ മെയ്ൻ കാംഫിന്റെ ആദ്യഭാഗം സമർപ്പിച്ചത്.

ഹിറ്റ്ലറുടെ കൊലയാളിപ്പടയാളിയായ സ്റ്റോം ട്രൂപ്പേഴ്സ് ആയുധങ്ങൾക്കൊപ്പം ഈ പുസ്തകവും കൊണ്ടു നടന്നു.രണ്ടാംലോകമഹായുദ്ധത്തിനു മുമ്പു തന്നെ മെയ്ൻകാംഫിന്റെ 60 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞിരുന്നു.ഓരോ വർഷവും പത്തുലക്ഷം ഡോളർ ഹിറ്റ്ലർക്ക് റോയൽറ്റിയായി ലഭിച്ചിരുന്നെന്നണ് കണക്ക്.

ഈ കാലത്താണ് ഹിറ്റ്ലറുടെ രാഷ്ട്രീയപ്രവേശം.ജർമ്മൻ സൈന്യത്തിലെ ക്യാപ്റ്റൻ ഏണസ്റ്റ് റോം സൈനികസേവനം മതിയാക്കി രാഷ്ട്രീയപ്രവർത്തനത്തിനായി ഡി.എ.പി. എന്നറിയപ്പെട്ടിരുന്ന ജർമ്മൻ വർക്കേഴ്സ് പാർട്ടിയിൽ ചേർന്നു.പ്രസംഗകലയിൽ മിടുക്കനായ ഹിറ്റ്ലറെയും റോം ഒപ്പം കൂട്ടി.

എന്നാൽ പിന്നീട് ഹിറ്റ്ലറെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്ന ഏൺസ്റ്റ് റോമിനെ തന്നെ പുറത്താക്കാൻ ഗൂഡ്ഡാലോചന നടത്തിയെന്നാരോപിച്ച് 1934 ജൂൺ 29-ന് രാത്രി ഏണസ്റ്റ് റോമിനെയും മറ്റ് നാനൂറ് പേരെയും വധിച്ചു. നൈറ്റ് ഓഫ് ദ ലോങ് നൈവ്സ് എന്നാണ് ഈ രാത്രി അറിയപ്പെടുന്നത്.

  1. NS-Archiv, 7 April 1925.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-04-30. Retrieved 2008-03-09.
  3. Maser 1973, പുറം. 4.
  4. Maser 1973, പുറം. 15.
  5. Rosenbaum 1999.
  6. Hamann 2010, പുറം. 50.
  7. Toland 1992, പുറങ്ങൾ. 246–47.
  8. Kershaw 1999, പുറങ്ങൾ. 8–9.
  9. Jetzinger 1976, പുറം. 32.
  10. House of Responsibility.
  11. Shirer 1960, പുറം. 6–9.
  12. Rosmus 2004, പുറം. 33.
  13. Keller 2010, പുറം. 15.
  14. Hamann 2010, പുറങ്ങൾ. 7–8.
  15. Kubizek 2006, പുറം. 37.
  16. Kubizek 2006, പുറം. 92.
  17. Hitler 1999, പുറം. 6.
  18. Fromm 1977, പുറങ്ങൾ. 493–498.
  19. Shirer 1960, പുറങ്ങൾ. 10–11.
  20. Payne 1990, പുറം. 22.
  21. Kershaw 2008, പുറം. 9.
  22. Hitler 1999, പുറം. 8.
  23. Keller 2010, പുറങ്ങൾ. 33–34.
  24. Fest 1977, പുറം. 32.
  25. Kershaw 2008, പുറം. 8.
  26. Lipstadt 2011, പുറം. 272.
  27. Hitler 1999, പുറം. 10.
  28. Evans 2003, പുറം. 163–164.
  29. Bendersky 2000, പുറം. 26.
  30. Ryschka 2008, പുറം. 35.
  31. Hamann 2010, പുറം. 13.
  32. Kershaw 1999, പുറം. 19.
  33. Kershaw 2008, പുറം. 10.
  34. Kershaw 1999, പുറം. 20.
  35. Bullock 1962, പുറങ്ങൾ. 30–31.
  36. Hitler 1999, പുറം. 20.
  37. Bullock 1999, പുറങ്ങൾ. 30–33.
  38. Shirer 1960, പുറം. 26.
  39. Hamann 2010, പുറങ്ങൾ. 243–246.
  40. Hamann 2010, പുറങ്ങൾ. 341–345.
  41. Hamann 2010, പുറം. 350.
  42. Kershaw 1999, പുറങ്ങൾ. 60–67.
  43. Hitler 1999, പുറം. 52.
  44. Shirer 1960, പുറം. 25.
  45. Hamann 1999, പുറം. 176.
  46. Hamann 2010, പുറം. 348.
  47. Kershaw 1999, പുറം. 66.
  48. Hamann 2010, പുറങ്ങൾ. 347–359.
  49. Kershaw 1999, പുറം. 64.
  50. Evans 2011.
  51. 51.0 51.1 Shirer 1960, പുറം. 27.
  52. Weber 2010, പുറം. 13.
  53. Shirer 1960, പുറം. 27, footnote.
  54. 54.0 54.1 Kershaw 1999, പുറം. 90.
  55. Kershaw 2008, പുറം. 53.
  56. Weber 2010, പുറങ്ങൾ. 12–13.
  57. Kershaw 2008, പുറം. 54.
  58. Weber 2010, പുറം. 100.
  59. 59.0 59.1 Shirer 1960, പുറം. 30.
  60. Kershaw 2008, പുറം. 59.
  61. Bullock 1962, പുറം. 52.
  62. Kershaw 1999, പുറം. 96.
  63. Steiner 1976, പുറം. 392.
  64. Jamieson 2008.
  65. Kershaw 2008, പുറം. 57.
  66. Kershaw 2008, പുറം. 58.
  67. Kershaw 2008, പുറങ്ങൾ. 59, 60.
  68. Kershaw 1999, പുറം. 97.
  69. Kershaw 1999, പുറം. 102.
  70. Kershaw 2008, പുറങ്ങൾ. 61, 62.
  71. Keegan 1987, പുറങ്ങൾ. 238–240.
  72. Bullock 1962, പുറം. 60.
  73. Kershaw 2008, പുറങ്ങൾ. 61–63.
  74. Kershaw 2008, പുറം. 96.
  75. Kershaw 2008, പുറങ്ങൾ. 80, 90, 92.
  76. Revelation Its Grand Climax At Hand p.185 updated in 2006
  77. Shulman, William L. A State of Terror: Germany 1933–1939. Bayside, New York: Holocaust Resource Center and Archives.
  78. "Foreign Activities Under Fascist-Nazi Persecution", The Watchtower, August 1, 1955, page 462
  79. "Germany", 1974 Yearbook of Jehovah's Witnesses, page 138
  80. "My Hate Turned to Love", Awake!, January 8, 1995, page 11
  81. see scholar Michael Berenbaum comments here
  82. Hans Hesse (2001). Persecution and Resistance of Jehovah's Witnesses During the Nazi Regime. p. 10.
  83. JEHOVAH'S WITNESSES: PERSECUTION 1870-1936 on the United States Holocaust Memorial Museum website.
  84. http://books.google.co.in/books?vid=ISBN3861087502&id=mcxD0qxHMO0C&printsec=frontcover&redir_esc=y
  85. Judith Tydor Baumel, Walter Laqueur:The Holocaust Encyclopedia. pp.346-350.
  86. official website of jehovah's witnesses,world wide report--Germany 2010
  87. "Germany Federal Administrative Court Upholds Witnesses' Full Exercise of Faith", Authorized Site of the Office of Public Information of Jehovah's Witnesses, As Retrieved 2009-08-26 Archived 2009-11-05 at the Wayback Machine.

സ്രോതസ്സുകൾ

തിരുത്തുക
Online
"https://ml.wikipedia.org/w/index.php?title=അഡോൾഫ്_ഹിറ്റ്‌ലർ&oldid=4108274" എന്ന താളിൽനിന്ന് ശേഖരിച്ചത്