പരിശുദ്ധ കന്യകാമറിയത്തെ ഫ്രാൻസിലെ ലൂർദ് എന്ന പ്രദേശത്തുള്ള ജനങ്ങൾ അഭിസംബോധന ചെയ്തിരുന്ന പേരാണ് ലൂർദ് മാതാവ്. ക്രൈസ്തവസഭയുടെ പ്രശസ്തമായ ഒരു മരിയൻ തീർത്ഥാടന കേന്ദ്രമാണ് ഫ്രാൻസിലെ ലൂർദ്. നഗരത്തിൽ നിന്നും 11 മൈൽ അകലെ വിറക് ശേഖരിക്കാൻ പോയ ബർണദീത്തായ്ക്കും അവളുടെ സഹോദരിക്കും സുഹൃത്തിനുമാണ് 1858 ഫെബ്രുവരി 11ന് ആദ്യമായി ദർശനമുണ്ടായത്. തുടർന്ന് പതിനൊന്ന് പ്രാവശ്യം ദർശനമുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ലൂർദ്ദുമാതാവ്
സ്ഥാനംLourdes, ഫ്രാൻസ്
തിയതി11 February — 16 July 1858
സാക്ഷിSaint ബർണദീത്ത സുബീരു
തരംMarian apparition
അംഗീകാരം നൽകിയത്1862, during the pontificate of ഒൻപതാം പീയൂസ് മാർപ്പാപ്പ
ദേവാലയംSanctuary of Our Lady of Lourdes, Lourdes, ഫ്രാൻസ്

ചരിത്രം

തിരുത്തുക

1858 ഫെബ്രുവരി 11 വ്യാഴാഴ്ച, ഫ്രാൻസിലെ ലൂർദ്ദു ഗ്രാമത്തിലെ, ഒരു ദരിദ്രകുടുംബത്തിൽ ജനിച്ചു വളർന്ന അക്ഷരാഭ്യാസമില്ലാത്ത പതിനാലുവയസ്സുകാരി ബെർണദീത്തായും അനുജത്തി ട്വാനെത്തും ഒരുകൂട്ടുകാരിയുംകൂടി വിറകു ശേഖരിക്കുന്നതിനായി മസബിയേൻ എന്ന വനത്തിലേക്കു പോയി. മാർഗ്ഗമദ്ധ്യേയുണ്ടായിരുന്ന ഒരു കൊച്ചരുവി കടക്കുന്നതിനു രോഗിയായ ബെർണദീത്തയ്ക്കു സാധ്യമല്ലാതിരുന്നതിനാൽ ഇക്കരെത്തന്നെ നിന്നു. അപ്പോൾ ഒരു കാറ്റുവീശി. അടുത്തുള്ള ഗ്രോട്ടോയിലേക്ക് ചില വൃക്ഷങ്ങളുടെ ശാഖകൾ അവളെ മാടിവിളിക്കുന്നതുപ്പോലെ തോന്നി. കണ്ണഞ്ചിക്കുന്ന വെള്ളവസ്ത്രവും നീലനിറത്തിലുള്ള അരക്കെട്ടും തത്തുല്യമായ ഒരു ശിരോവസ്ത്രവുംധരിച്ചു്, ഒരു സ്വർണ്ണജപമാല കൈയിലേന്തി, ഒരു യുവതി ആ ഗ്രോട്ടോയിൽ നിൽക്കുന്നതു കണ്ടു. സ്വർണ്ണദീപ്തിയോടുകൂടിയൊരു പ്രകാശം ആ യുവതിയുടെ പാദത്തിന്റെ താഴെയുണ്ടായിരുന്നു. ബെർണദീത്തയും ആ യുവതിയുമൊരുമിച്ചു ജപമാല ചൊല്ലി. ത്രിത്വസ്തുതി മാത്രമേ ആ യുവതി ചൊല്ലിയിരുന്നുള്ളൂ. ജപമാലയുടെ അന്ത്യത്തിൽ പുഞ്ചിരിച്ചുകൊണ്ട് അല്പമൊന്നു കുനിഞ്ഞു് അവൾ തിരോധാനം ചെയ്തു.

പതിനൊന്നു തവണ ഇത്തരത്തിൽ മാതാവു പ്രത്യക്ഷപ്പെട്ടു.

ഒമ്പതാമത്ത ദർശനത്തിൽ ഫെബ്രുവരി 25നു് ആ യുവതി പറഞ്ഞു "നീ ആ ഉറവയിൽ നിന്നും കുടിക്കുക, ദേഹം കഴുകുക, അവിടെ കാണുന്ന സസ്യങ്ങൾ ഭക്ഷിക്കുക". അവിടെ ഇവയൊന്നും കാണാതിരുന്നതിനാൽ അവൾ അടുത്തുള്ള ഗേവു നദിയുടെയടുത്തേക്കുപോയി. ഉടനെ ആ സ്ത്രീ അവളെ വിളിച്ചു സ്ഥലം ചൂണ്ടികാണിച്ചു. ബെർണദീത്ത ആ സ്ഥലത്ത് ഇളക്കിനോക്കി. ഉടൻ അവിടെ നിന്നൊരുറവ പുറപ്പെട്ടു. ആ സ്ത്രീ പറഞ്ഞതുപോലെ അവൾ ചെയ്തു. നാലുദിവസങ്ങൾക്കുശേഷം, ളൂയിബൂറിയറ്റ് എന്ന അന്ധനായ കല്ലുവെട്ടുകാരൻ ആ ഉറവയിൽ മുഖം കഴുകാനെത്തുകയും, ഉറവയിലെ ജലം കണ്ണിൽ തളിച്ചപ്പോൾ അദ്ദേഹത്തിനു കാഴ്ച ലഭിക്കുകയും ചെയ്തു. ദിനംപ്രതി ആ ഉറവയിൽ നിന്നും 2,000 ഗ്യാലൻ വെള്ളം വന്നുകൊണ്ടിരുന്നു. 1858 മാർച്ച് 25നു മംഗലവാർത്താതിരുന്നാൾ ദിവസം ബെർണദീത്തയ്ക്കു കാണപ്പെട്ടുകൊണ്ടിരുന്ന യുവതി, 'അമലോത്ഭവ' എന്നാണു തന്റെ പേരെന്നു വെളിപ്പെടുത്തി. ജൂലൈ 16നായിരുന്നു അവസാന ദർശനം.

ലോകത്തിൽ പ്രശസ്തമായ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നാം സ്ഥാനം ലൂർദ്ദിനാണു്. ദിവസംതോറും അവിടെ ദിവ്യകാരുണ്യ പ്രദക്ഷിണവും ജപമാല പ്രദക്ഷിണവും നടത്തുന്നുണ്ടു്. തിരുന്നാൾ ദിവസങ്ങളിൽ ഇവിടെ അനേകം രോഗശാന്തികൾ നടക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടു്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലൂർദുമാതാവ്&oldid=3829328" എന്ന താളിൽനിന്ന് ശേഖരിച്ചത്