യുവാൻ ഡി യെപെസ് ആൽവരസ് ആയി ജനിച്ച (ജൂൺ 24 1542ഡിസംബർ 14 1591) കുരിശിന്റെ യോഹന്നാൻ (San Juan de la Cruz), പൊട്ടസ്റ്റന്റ് നവീകരണത്തെ തുടർന്നു നടന്ന കത്തോലിക്കാ പ്രതിനവീകരണപ്രസ്ഥാനത്തിന്റെ മുഖ്യനേതാക്കളിലൊരാളും, സ്പാനിഷ് മിസ്റ്റിക്ക് കവിയും, കർമ്മലീത്താ സന്യാസിയും, കത്തോലിക്കാ പുരോഹിതനും ആയിരുന്നു. സ്പെയിനിൽ ആവിലാക്കടുത്തുള്ള ഫൊണ്ടിവെരോസ് എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്.

കുരിശിന്റെ വിശുദ്ധ യോഹന്നാൻ
വേദപാരംഗതൻ
ജനനം24 ജൂൺ 1542
ഫൊണ്ടിവെരോസ്, സ്പെയിൻ
മരണംഡിസംബർ 14, 1591(1591-12-14) (പ്രായം 49)
ഉബേദാ, ആൻഡലൂസിയ, സ്പെയിൻ
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ; ആംഗ്ലിക്കൻ കൂട്ടയ്മ; ലൂഥറൻ സഭ
വാഴ്ത്തപ്പെട്ടത്25 ജനുവരി 1675 by ക്ലെമന്റ് പത്താമൻ മാർപ്പാപ്പ
നാമകരണം27 ഡിസംബർ 1726 by ബെനഡിക്ട് പതിമൂന്നാമൻ മാർപ്പപ്പ
പ്രധാന തീർത്ഥാടനകേന്ദ്രംസ്പെയിനിൽ സെഗോവിയയിലെ ശവകൂടീരം
ഓർമ്മത്തിരുന്നാൾ14 ഡിസംബർ
24 നവംബർ (പൊതു റോമൻ പഞ്ചാംഗം, 1738-1969)
മദ്ധ്യസ്ഥംധ്യാനാത്മകജീവിതം; സന്യാസികൾ; മിസ്റ്റിക്കൽ ദൈവശാസ്ത്രം; മിസ്റ്റിക്കുകൾ; സ്പാനിഷ് കവികൾ


കർമ്മലീത്താസഭയുടെ നവീകർത്താക്കളിലൊരാളായി കണക്കാക്കപ്പെടുന്ന യോഹന്നാൻ, ആവിലായിലെ ത്രേസ്യായോടൊപ്പം നിഷ്പാദുക കർമ്മലീത്താസഭയുടെ സ്ഥാപകനായും അറിയപ്പെടുന്നു. ഇതിനുപുറമേ, എണ്ണപ്പെട്ട എഴുത്തുകാരൻ കൂടിയായിരുന്നു അദ്ദേഹം. യോഹന്നാന്റെ കവിതകളും ആത്മീയ പുരോഗതിയെക്കുറിച്ചുള്ള പഠനങ്ങളും സ്പാനിഷ് മിസ്റ്റിക്കൽ സാഹിത്യത്തിലേയും മൊത്തം സ്പാനിഷ് സാഹിത്യത്തിലെ തന്നെയും ഒന്നാംകിട രചനകളിൽ പെടുന്നു. 1726-ൽ, പതിമൂന്നാം ബെനഡിക്ട് മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തു. കത്തോലിക്കാസഭയിലെ 33 വേദപാരംഗതൻമാരിൽ ഒരാളാണ് യോഹന്നാൻ. മരണദിനമായ ഡിസംബർ 14 അദ്ദേഹത്തിന്റെ തിരുനാളായി കോണ്ടാടപ്പെടുന്നു.

ജനനം, വിദ്യാഭ്യാസം

തിരുത്തുക

യുവാൻ ഡി യെപെസ് ആൽവരസ് എന്ന് നാമകരണം ചെയ്യപ്പെട്ട[1] യോഹന്നാൻ ജനിച്ചത്, യഹൂദമതത്തിൽ നിന്ന് കത്തോലിക്കാസഭയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ഒരുകുടുംബത്തിലാണ്.[2] പിതാവ് ധനികകുടുംബത്തിൽ നിന്നായിരുന്നെങ്കിലും ഒരു നെയ്ത്തുകാരന്റെ മകളായ യോഹന്നാന്റെ അമ്മയെ വിവാഹം കഴിച്ചതിനെ തുടർന്ന്, കുടുംബം അദ്ദേഹത്തെ പുറത്താക്കുകയും കുടുംബസ്വത്തിനുള്ള അവകാശം എടുത്തുകളയുകയും ചെയ്തിരുന്നു.[3] യോഹന്നാൻ ബാലനായിരിക്കുമ്പോൾ തന്നെ പിതാവ് മരിച്ചു. യോഹന്നാനും അദ്ദേഹത്തിന്റെ രണ്ട് മൂത്ത സഹോദരന്മാരും വിധവയായ അമ്മയും ദാരിദ്ര്യവുമായി മല്ലടിച്ച് സ്പെയിനിലെ കാസ്റ്റീൽ പ്രവിശ്യയിലെ പലഗ്രാമങ്ങളിലും മാറിമാറി താമസിച്ചു. ആ അലഞ്ഞുതിരിയലിനൊടുവിൽ 1551-ൽ അവർ മെദീന ദെൽ കാമ്പോ എന്ന ഗ്രാമത്തിലെത്തി. അവിടെ ആശുപത്രിയിൽ ജോലിചെയ്ത യോഹന്നാൻ 1559 മുതൽ 1563 വരെ പാവപ്പെട്ട കുട്ടികൾക്കുവേണ്ടി ഈശോസഭക്കാർ നടത്തിയിരുന്ന ഒരു സ്കൂളിൽ പഠിച്ചു.[4] സ്പാനിഷ് വിശുദ്ധൻ ഇഗ്നേഷ്യൻ ലയോള അടുത്തകാലത്ത് സ്ഥാപിച്ച ഒരു പുതിയ പ്രസ്ഥാനമായിരുന്നു ഈശോസഭ അന്ന്. 1563 ഫെബ്രുവരി 24-ന് അദ്ദേഹം കർമ്മലീത്താ സന്യാസസഭയിൽ പ്രവേശിച്ച്, യോഹന്നാൻ ഹുവാൻ ഡി സാന്തോ മറ്റിയ എന്ന പേരിൽ സന്യാസാർത്ഥിയായി.


അടുത്ത വർഷം(1564) കർമ്മലീത്താസന്യാസിയായി വ്രതവാഗ്ദാനം നടത്തിയതിനെ തുടർന്ന്, അദ്ദേഹം സലമാങ്കായിലെത്തി അവിടത്തെ പ്രസിദ്ധമായ സർവകലാശാലയിലെ വിശുദ്ധ അന്ത്രയോസിന്റെ കോളേജിൽ ദൈവശാസ്ത്രവും തത്ത്വശാസ്ത്രവും പഠിച്ചു. വേദപുസ്തകവ്യാഖ്യാനത്തിലും, എബ്രായ-അരമായ ഭാഷകളിലും അതത് വിഷയങ്ങളിലെ വിദഗ്ദ്ധന്മാരിൽ നിന്ന് അക്കാലത്ത് നേടിയ അറിവ്, യോഹന്നാന്റെ പിൽക്കാലരചനകളെയൊക്ക സ്വാധീനിച്ചിട്ടുണ്ട്. ബൈബിൾ വ്യാഖ്യാനത്തിൽ അവിടെ അദ്ദേഹത്തിന്റെ ഗുരുവായിരുന്ന ളൂയീസ് ഡി ലിയോൺ എന്ന സന്യാസി ആ രംഗത്തെ ഒന്നാം‌കിടക്കാരിൽ ഒരാളായിരുന്നു. എബ്രായബൈബിളിലെ ഉത്തമഗീതം അദ്ദേഹം സ്പാനിഷ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു. ബൈബിൾ ഗ്രന്ഥങ്ങളെ നാട്ടുഭാഷയിലേക്ക് പരിഭാഷചെയ്യുന്നത് വിലക്കപ്പെട്ടിരുന്ന അക്കാലത്ത്, ആ മൊഴിമാറ്റം വിവാദപരമായി.

നവീകരണത്തിൽ ത്രേസ്യായോടൊപ്പം

തിരുത്തുക

1567-ൽ പൗരോഹിത്യം സ്വീകരിച്ച യോഹന്നാൻ, കാർത്തൂസിയൻ സന്യാസസഭയിൽ പ്രവേശിക്കുവാൻ ആഗ്രഹിച്ചു. നിശ്ശബ്ദമായ ഏകാന്തധ്യാനത്തിനുള്ള അവസരമാണ്, കഠിനമായ തപോനിഷ്ടക്ക് പേരുകേട്ടിരുന്ന ആ സഭയിൽ അദ്ദേഹം കണ്ട ആകർഷണം. എന്നാൽ ഈ തീരുമാനം നടപ്പാക്കുന്നതിനുമുൻപ് മെദീനാ ഡി കാമ്പോയിലേക്കു നടത്തിയ യാത്രയിൽ അദ്ദേഹം വിശുദ്ധിക്കും മാസ്മരികമായ വ്യക്തിത്വത്തിനും പേരെടുത്തിരുന്ന ആവിലായിലെ ത്രേസ്യായെ കണ്ടുമുട്ടി. കർമ്മലീത്താസഭയുടെ നവീകരണത്തെക്കുറിച്ച് തനിക്കുള്ള ആശയങ്ങളെക്കുറിച്ച് യോഹന്നാനോട് സംസാരിച്ച അവർ കാർത്തൂസിയൻ സഭയിൽ ചേരാനുള്ള തീരുമാനം മാറ്റാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അടുത്ത വർഷം നവംബർ 28-ആം തിയതി യോഹന്നാനും അദ്ദേഹത്തിന്റെ സഹകാരിയായിരുന്ന യേശുവിന്റെ അന്തോനീസ് ഹെറെഡിയ എന്ന വൈദികനും ചേർന്ന് ത്രേസ്യായുടെ പദ്ധതി അനുസരിച്ചുള്ള നവീകരണത്തിന് തുടക്കമിട്ടു. നേരത്തേ, ചെറുതും ദരിദ്രവുമായിരുന്ന ദുരുവേലോ എന്ന പട്ടണം അതോടെ, മതപരമായ ഒരു നവീകരണത്തിന്റെ കേന്ദ്രസ്ഥാനമായി മാറി.


മുപ്പത് വയസ്സിൽ താഴെ മാത്രം പ്രായം ഉണ്ടായിരുന്ന യോഹന്നാൻ സന്യാസാലയങ്ങളുടെ സ്ഥാപനത്തിലും അവയുടെ ഭരണത്തിലും ആവിലായിലെ ത്രേസ്യായുടെ വലം‌കൈയ്യായി 1577 വരെ തുടർന്നു. എന്നാൽ ഈ പുതിയ തുടക്കങ്ങളും പരിഷ്കരണങ്ങളും കർമ്മലീത്താ സന്യാസികളിൽ ഒട്ടേറെപ്പേരുടെ എതിർപ്പിന് കാരണമായി. പുതിയ സം‌വിധാനവും സ്ഥാപനങ്ങളും ഏറെ കർക്കശമാണെന്ന് പലരും കരുതി. ഈ എതിരാളികളിൽ ചിലർ, നവീകർത്താക്കൾ തങ്ങളുടെ സന്യാസാലയങ്ങളിൽ പ്രവേശിക്കുന്നത് ബലം പ്രയോഗിച്ച് തടയുകപോലും ചെയ്തു.

യോഹന്നാനേയും ത്രേസ്യായേയും പിന്തുടർന്ന സന്യാസികൾ, നിഷ്പാദുകർ (discalced - നഗ്നപാദർ) എന്നറിയപ്പെട്ടു. നവീകരണത്തിനു പുറത്തുനിന്ന സന്യാസികളെ പാദുകർ (calced) എന്നാണ് വിളിച്ചിരുന്നത്.

തടവ്, എഴുത്ത്

തിരുത്തുക

1577 ഡിസംബർ മൂന്നാം തിയതി രാത്രി, നവീകരണശ്രമങ്ങളിൽ മുഴുകിയിരുന്ന യോഹന്നാൻ തടവിലായി. മേലധികാരിയുടെ ആജ്ഞയനുസരിച്ച് സ്ഥലം വിട്ടുപോയില്ല എന്നതായിരുന്നു അദ്ദേഹത്തിനെതിരായുള്ള ആരോപണം.[4] ടൊലേദോ എന്ന സ്ഥലത്താണ് അദ്ദേഹത്തെ ജയിലിൽ ഇട്ടത്. സമൂഹത്തിനുമുൻപിൽ അഴ്ചയിലൊരിക്കലെങ്കിലുമുള്ള പരസ്യമായ ചാട്ടവാറടി, ശരീരം ചലിപ്പിക്കാൻ കഷ്ടിച്ചുമാത്രം മതിയാകുമായിരുന്ന ഒരു ചെറിയ അറയിലെ താമസം എന്നിവയൊക്കെ അതികഠിനമായ ആ തടവിന്റെ ഭാഗമായിരുന്നു. ഒൻപതുമാസം കഴിഞ്ഞ്, 1578 ഓഗസ്റ്റ് 15-ആം തിയതി, അറയോടുചേർന്നുള്ള മുറിയിലെ ഒരു ചെറിയ ജനാലവഴി അദ്ദേഹം രക്ഷപെട്ടു. നേരത്തെ, പകൽസമയം അദ്ദേഹം അറയുടെ വാതിൽ വിജാഗിരികൾ മാറ്റി വേർപെടുത്തിയിരുന്നു. രക്ഷപെടുന്നതിനുമുൻപ്, ജയിലിൽ വച്ച് അദ്ദേഹം ആത്മീയഗീതം" Archived 2009-02-27 at the Wayback Machine. എന്ന തന്റെ പ്രസിദ്ധകവിത മിക്കവാറും പൂർത്തിയാക്കിയിരുന്നു; ജയിലറയുടെ കാവൽക്കാരനായി നിയോഗിക്കപ്പെട്ട സന്യാസികളിലൊരുവനാണ് എഴുതാൻ വേണ്ട കടലാസ് അദ്ദേഹത്തിന് എത്തിച്ചുകൊടുത്തിരുന്നത്. ഇക്കാലത്തെ കഠിനമായ പീഡനങ്ങളും ആത്മീയപരീക്ഷണങ്ങളും യോഹന്നാന്റെ പിൽക്കാലരചനകളിലെല്ലാം പ്രതിഫലിക്കുന്നുണ്ട്.[5].

ജയിൽമുക്തിക്കുശേഷം, നവീകരണസംരംഭങ്ങളും, ത്രേസ്യായോടൊപ്പം താൻ സ്ഥാപിച്ച കർമ്മലീത്താ നിഷ്പാദുകസഭക്ക് പുതിയ ആശ്രമങ്ങൾ സ്ഥാപിക്കുന്നതും എല്ലാം അദ്ദേഹം പുനരാരംഭിച്ചു.

മരണം, വിശുദ്ധപദവി

തിരുത്തുക

1591 ഡിസംബർ 14-ന് ചർമ്മത്തെ ബാധിക്കുന്ന സെല്ലുലൈറ്റിസ് രോഗം മൂർച്ഛിച്ച് അദ്ദേഹം മരിച്ചു. യോഹന്നാന്റെ രചനകൾ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് അദ്ദേഹം മരിച്ച് 27 വർഷം കഴിഞ്ഞ് 1618-ലാണ്. 1726-ൽ ബെനഡിക്ട് പതിമൂന്നാമൻ മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തു. 1926-ൽ പതിനൊന്നാം പീയൂസ് മാർപ്പാപ്പ യോഹന്നാനെ വേദപാരംഗതനായി പ്രഖ്യാപിച്ചു. 1738-ൽ കത്തോലിക്കാവിശുദ്ധന്മാരുടെ പഞ്ചാംഗത്തിൽ അദ്ദേഹത്തെ ഉൾപെടുത്തിയപ്പോൾ, തിരുനാൾ ദിനമായി തെരഞ്ഞെടുത്തത് നവംബർ 24 ആയിരുന്നു.[6] പിന്നീട് പോൾ ആറാമൻ മാർപ്പാപ്പ അത് ചരമദിനമായ ഡിസംബർ 14-ലേക്കു മാറ്റി.[7] ആംഗ്ലിക്കൻ സഭയും അതേദിവസം തന്നെ വിശ്വാസപ്രബോധകനായി യോഹന്നാനെ അനുസ്മരിക്കുന്നു.

എഴുത്തുകാരൻ

തിരുത്തുക

സ്പാനിഷ് ഭാഷയിലെ ഒന്നാം‌കിട കവികളിലൊരാളായി കുരിശിന്റെ യോഹന്നാൻ എണ്ണപ്പെടുന്നു. യോഹന്നാന്റെ പ്രശസ്തി രചനാസമൃദ്ധിയുടെ പേരിലല്ല. അദ്ദേഹത്തിന്റെ കവിതകളുടെ മൊത്തം ദൈർഘ്യം 2500-ൽ താഴെ വരികൾ മാത്രമേ വരൂ. എന്നാൽ, "ആത്മീയഗീതം"(Spiritual Canticle), "ആത്മാവിന്റെ ഇരുണ്ട രാത്രി" (Dark Night of the Soul) മുതലായ കവിതകൾ ശൈലീഗുണത്തിലും ഭാവനയുടേയും ബിംബങ്ങളുടേയും സമൃദ്ധിയിലും സ്പാനിഷ് ഭാഷയിൽ എക്കാലത്തേയും ഏറ്റവും നല്ല സൃഷ്ടികളായി പരക്കെ പരിഗണിക്കപ്പെടുന്നു.

ആത്മീയഗീതം

തിരുത്തുക

തനിക്ക് പ്രിയപ്പെട്ട യേശുവിൽ നിന്ന് വേർപിരിഞ്ഞ് പരവശമായ ആത്മാവ്, നഷ്ടപ്പെട്ട മണവാളനെ അന്വേഷിച്ചുഴലുന്ന വധുവിനെപ്പോലെ അവനെ തേടിപ്പോകുന്നതാണ് ആത്മീയഗീതത്തിലെ പ്രമേയം; ഒടുവിൽ പുന:സംഗമം ഇരുവരേയും ആനന്ദത്തിന്റെ പരകോടിയിലെത്തിക്കുന്നു. നാട്ടുഭാഷകളിലേക്ക് ബൈബിൾ ഗ്രന്ഥങ്ങൾ പരിഭാഷ ചെയ്യപ്പെടുന്നത് വിലക്കപ്പെട്ടിരുന്ന കാലത്ത് സ്പാനിഷ് ഭാഷയിൽ ബൈബിളിലെ ഉത്തമഗീതത്തിനുകിട്ടിയ സ്വതന്ത്രപുനരാഖ്യാനമാണ് ആത്മീയഗീതം എന്നു പറയാം.

അത്മാവിന്റെ ഇരുണ്ട രാത്രി

തിരുത്തുക

യോഹന്നാന്റെ "ആത്മാവിന്റെ ഇരുണ്ട രാത്രി" എന്ന രചനയുടെ പേര്, ആത്മീയപ്രതിസന്ധികളെ സൂചിപ്പിക്കാൻ ഇന്ന് പരക്കെ ഉപയോഗിക്കപ്പെടാറുണ്ട്. ശരീരമെന്ന വീട്ടിൽ നിന്നിറങ്ങി ദൈവസാമീപ്യത്തിലേക്കുള്ള മനുഷ്യാത്മാവിന്റെ യാത്രയാണ് ആ രചനയുടെ വിഷയം. അതിന്റെ പശ്ചാത്തലമായി രാത്രിയെ തെരഞ്ഞെടുത്തത് സ്രഷ്ടാവിനെ അന്വേഷിക്കുന്ന ആത്മാവിന് അവന്റെ സാമീപ്യത്തിന്റെ വെളിച്ചം ലഭിക്കുന്നതിനുമുൻപ് നേരിടേണ്ടിവരുന്ന കഷ്ടപ്പാടുകളുടേയും ഏകാന്തതയുടേയും ഇരുട്ടിനെ സൂചിപ്പിക്കാനാണ്. കവിതയിലെ ഖണ്ഡങ്ങൾ ഇരുണ്ട രാത്രിയുടെ പുരോഗതിയിലെ ഘട്ടങ്ങളാണ്. അത്മീയമായ പക്വതയിലേക്കും ദൈവസംസർഗത്തിലേക്കുമുള്ള മനുഷ്യന്റെ വേദനാനിർഭരമായ യാത്രയുടെ ചിത്രമാണ് ഈ കവിത. 1586-ൽ, ഈ കവിത രചിച്ച് ഒരുവർഷം കഴിഞ്ഞ്, അതേപേരിൽ തന്നെ യോഹന്നാൻ അതിനൊരു വ്യാഖ്യാനവും എഴുതി. അതിൽ അദ്ദേഹം കവിതയെ വരികളായെടുത്ത് വിശദീകരിച്ചു.

കർമ്മല മലകയറ്റവും മറ്റും

തിരുത്തുക

യോഹന്നാന്റെ മറ്റൊരു പദ്യകൃതിയായ "കർമ്മല മലകയറ്റം" (Ascent of Mount Carmel) ദൈവസം‌പ്രാപ്തിയിലേക്കുള്ള തപസ്സിന്റെ വഴിയുടേയും അതിലെ അനുഭവങ്ങളുടേയും ചിട്ടയായ പഠനമാണ്. പ്രേമത്തിന്റെ ജീവജ്വാല (Living Flame of Life) എന്ന നാലു ഖണ്ഡികൾ മാത്രമുള്ള കൃതി, ദൈവസ്നേഹത്തോട് പ്രതികരിക്കുന്ന അത്മാവിന് കൈവരുന്ന തീവ്രമായ ദൈവാനുഭവത്തിന്റെ വിവരണമാണ്. "പ്രകാശത്തിന്റേയും പ്രേമത്തിന്റേയും മൊഴികൾ" എന്ന കൃതി, യോഹന്നാന്റെ ചിന്തയിൽ മുളച്ച ആപ്തവാക്യങ്ങളുടെ ശേഖരമാണ്.

യോഹന്നാന്റെ സ്വാധീനം

തിരുത്തുക

കുരിശിന്റെ യോഹാന്നാന്റെ രചനകൾ സ്പാനിഷ് ഭാഷയിലെ ഏറ്റവും പ്രധാനപ്പെട്ട യോഗാത്മരചനകളിൽ പെടുന്നു. അവ പിൽക്കാലങ്ങളിലെ ലേഖകരേയും തത്ത്വാന്വേഷകരേയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. പ്രഖ്യാതകവി ടി.എസ്സ്. ഇലിയറ്റ്, കത്തോലിക്കാസഭയിലെ ആധുനിക വിശുദ്ധകളായ ലിസ്യൂവിലെ ത്രേസ്യാ, എഡിത്ത് സ്റ്റീൻ, മിസ്റ്റിക്ക് എഴുത്തുകാരനും സന്യാസിയുമായിരുന്ന തോമസ് മെർട്ടൺ തുടങ്ങിയവർ യോഹന്നാന്റെ കൃതികളുടെ സ്വാധീനത്തിൽ വന്ന ആധുനികരിൽ ചിലരാണ്. തത്ത്വചിന്തകൻ ഴാക്ക് മാരിറ്റേൻ ദൈവശാസ്ത്രജ്ഞൻ ഹാൻസ് ഉർസ് വോൺ ബാൽത്തസർ തുടങ്ങിയവരും ഈ രചനകളുടെ പ്രഭാവത്തിൽ വന്നു. തന്റെ ദൈവശാസ്ത്രപഠനത്തിന്റെ ഭാഗമായ ഗവേഷണത്തിന് രണ്ടാം യോഹന്നാൻ പൗലോസ് മാർപ്പാപ്പ വിഷയമാക്കിയത് "കുരിശിന്റെ യോഹന്നാന്റെ യോഗാത്മദൈവശാസ്ത്രം" ആയിരുന്നു.

  1. Roddriguez, Jose Vincente, Biographical Narrative. God Speaks in the Night. The Life, Times, and Teaching of St. John of the Cross, Washington D.C.: ICS Publications, 1991, p. 3
  2. Norman Roth, Conversos, Inquisition, and the Expulsion of the Jews from Spain, Madison, WI: The University of Wisconsin Press, 1995, pp. 157, 369
  3. Catholic Online - St. John of the Cross -
  4. 4.0 4.1 കത്തോലിക്കാ വിജ്ഞാനകോശത്തിൽ കുരിശിന്റെ യോഹന്നാനെക്കുറിച്ചുള്ള ലേഖനം
  5. ആത്മാവിന്റെ ഇരുണ്ട രാത്രി translation by Mirabai Starr ISBN 1-57322=974-1 p.8
  6. Calendarium Romanum (Libreria Editrice Vaticana, 1969), p. 110
  7. Calendarium Romanum (Libreria Editrice Vaticana, 1969), p. 146
"https://ml.wikipedia.org/w/index.php?title=കുരിശിന്റെ_യോഹന്നാൻ&oldid=3995271" എന്ന താളിൽനിന്ന് ശേഖരിച്ചത്