കുര്യാക്കോസ് ഏലിയാസ് ചാവറ

കേരളത്തിലെ ക്രിസ്തീയപുരോഹിതൻ

Saint ‌ ചാവറ അഥവാ ചാവറയച്ചൻ (ജനനം: 1805 ഫെബ്രുവരി 10 ആലപ്പുഴ ജി‍ല്ലയിലെ കൈനകരിയിൽ; മരണം: 1871 ജനുവരി 3 , കൂനമ്മാവ് കൊച്ചിയിൽ). കേരളത്തിലെ നവോത്ഥാന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളാണ്. സീറോ മലബാർ കത്തോലിക്ക സഭയിലെ സി.എം.ഐ (കാർമ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു.‍ ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായ പരിഷ്കർത്താവ്‌ ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീ‍വകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്. 1986 ഫെബ്രുവരി 8-ന് രണ്ടാം ജോൺ പോൾ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവൻ ആയി പ്രഖ്യാ‍പിച്ചു. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ചാവറയച്ചനെ വിശുദ്ധൻ എന്ന് നാമകരണം ചെയ്തു.[3]

കുര്യാക്കോസ് ഏലിയാസ് ചാവറ
Kuriakose Chavara und Hl. Familie.jpg
സി‌.എം‌.ഐ. , സി‌.എം‌.സി. സഭകളുടെ സ്ഥാപകൻ[1][2]
ജനനം(1805-02-10)ഫെബ്രുവരി 10, 1805
ഇന്ത്യകൈനകരി, കേരളം, ഇന്ത്യ
മരണംജനുവരി 3, 1871(1871-01-03) (പ്രായം 55)
കൂനമ്മാവ്,കൊച്ചി, ഇന്ത്യ
വണങ്ങുന്നത്കത്തോലിക്കാ സഭ
വാഴ്ത്തപ്പെട്ടത്1986
പ്രധാന തീർത്ഥാടനകേന്ദ്രംസെന്റ് ജോസഫ്സ് സിറോ മലബാർ ദയറ പള്ളി, മാന്നാനം
ഓർമ്മത്തിരുന്നാൾജനുവരി 3

ജീവിതരേഖതിരുത്തുക

1805 ഫെബ്രുവരി 10നു ഇപ്പോഴത്തെ ആലപ്പുഴ ജില്ലയിലെ കൈനകരിയിലായിരുന്നു ജനനം. മാതാപിതാക്കൾ കുര്യാക്കോസ് ചാവറയും മറിയവും. കൈനകരി സെന്റ് ജോസഫ് പള്ളി വികാരിയുടെ കീഴിലാണ് പൗരോഹിത്യത്തിനു പഠിച്ചു തുടങ്ങിയത്. 1818ൽ പതിമൂന്നാം വയസ്സിൽ പള്ളിപ്പുറത്തെ സെമിനാരിയിൽ ചേർന്നു. തോമസ് പാലയ്ക്കൽ മൽപാൻ ആയിരുന്നു റെക്ടർ. 1829 നവംബർ 29നു് അദ്ദേഹം പുരോഹിതനായി ചേന്നങ്കരി പള്ളിയിൽ ആദ്യമായി കുർബാനയർപ്പണം നടത്തി. 1830ലാണ് ചാവറയച്ചൻ മാന്നാനത്തേക്ക് പോയത്. പിൽക്കാലത്ത് ഫാ. ചാവറയുടെ പ്രധാന കർമ്മമണ്ഡലം ഇപ്പോൾ കോട്ടയം ജില്ലയിലുള്ള ഈ ഗ്രാമമായിരുന്നു.

പുരോഹിതവൃത്തിയോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളും കൈകാര്യം ചെയ്ത അദ്ദേഹം അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയായിരുന്നു.ജാതിമതഭേദ ചിന്തകൾക്കെതിരെ പ്രവർത്തിക്കുകയും പാവപ്പെട്ട ദളിത് വിദ്യാർത്ഥികൾക്കു സൗജന്യ ഭക്ഷണം നൽകുകയും ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരിൽ അസമത്വം നിലനിന്നിരുന്ന അക്കാലത്ത് പുരോഹിതന്മാരുടെ ഭാഗത്ത് നിന്ന് ഇത്തരം സേവന പ്രവർത്തനങ്ങൾ അപൂർവ്വമായിരുന്നു.

എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനും ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. 1864ൽ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറൽ ആയിരിക്കവേ മാർ കുര്യാക്കോസ് ഏലിയാസ് ചാവറ ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു.[1][2] ഇത് പിന്നീട് പള്ളിക്കൂടം എന്ന വാക്കിന്റെ ഉൽഭവത്തിന് കാരണമായി.[4]

സാംസ്കാരിക രംഗത്തും ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കോട്ടയത്തെ മാന്നാനത്ത് ഒരു മുദ്രണാലയം അദ്ദേഹം സ്ഥാപിച്ചു. നസ്രാണി ദീപിക എന്ന പേരിൽ ഇറങ്ങിയ പത്രം അച്ചടിച്ചത് മാന്നാനം സെന്റ് ജോസഫ്സ് പ്രസ് എന്ന ഈ മുദ്രണശാലയിലായിരുന്നു.

1871 ജനുവരി മൂന്നിന് കൂനമ്മാവിൽ കുര്യാക്കോസ് ഏലിയാസ് അന്തരിച്ചു. അവിടെ അദ്ദേഹം ഉപയോഗിച്ചിരുന്ന മുറി കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിലെ ചരിത്രമ്യൂസിയത്തിൽ ഇപ്പോൾ സംരക്ഷിക്കപ്പെടുന്നു. കുര്യാക്കോസ് ഏലിയാസ് അവസാന നാളുകൾ കഴിച്ചുകൂട്ടിയതും ഭൗതിക ശരീരം ഉൾക്കൊള്ളുന്ന പുണ്യസ്ഥലവുമായ കൂനമ്മാവ് സെൻറ് ഫിലോമിനാസ് പള്ളി ഇന്ന് ഒരു തീർഥാടന കേന്ദ്രമാണ്. 1889 മെയ്‌ മാസത്തിൽ കൂനമ്മാവിൽ നിന്ന് തിരുശേഷിപ്പുകൾ മാന്നാനത്തെ സിറോ മലബാർ ദയറാ പള്ളിയിൽ കൊണ്ടു പോയി സംസ്കരിച്ചു.[1][2][5]

2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

പിടിയരി സമ്പ്രദായംതിരുത്തുക

സാധാരണക്കാർക്ക്‌ വേണ്ടി സ്കൂളുകളിൽ ഉച്ചക്കഞ്ഞി നൽകാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമായിരുന്നു പിടിയരി സമ്പ്രദായം. ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്ന് പാത്രത്തിലിടുമ്പോൾ ഒരു പിടി മറ്റൊരു പാത്രത്തിലിട്ട് സൂക്ഷിച്ചുവയ്ക്കാൻ പ്രേരിപ്പിച്ചു. ആഴ്ചയുടെ അവസാനം ഈ അരി ആശ്രമത്തിൽ എത്തിച്ച് പാവപ്പെട്ട വിദ്യാർഥികൾക്ക് നൽകി. ഇങ്ങനെ നൽകാൻ ജനങ്ങളെ പ്രേരിപ്പിക്കുകയുംചെയ്തു.

രചനകൾതിരുത്തുക

ചാവറയച്ചന്റെ കൃതികളിൽ ചിലത് താഴെപ്പറയുന്നവയാണ്:-

  • മാന്നാനം നാളാഗമം ഒന്നാം വാല്യം
  • മാന്നാനം നാളാഗമം രണ്ടാം വാല്യം
  • മാന്നാനത്തു സന്യാസസമൂഹത്തിന്റെ ആരംഭം
  • അമ്പഴക്കാട്ട് കൊവേന്തയുടെ നാളാഗമം
  • കൂനമ്മാവ് മഠം നാളാഗമം (ചരിത്ര കൃതികൾ)
  • ആത്മാനുതാപം
  • മരണവീട്ടിൽ പാടുവാനുള്ള പാന
  • അനസ്താസ്യായുടെ രക്തസാക്ഷിത്വം (സാഹിത്യകൃതികൾ)
  • ധ്യാനസല്ലാപങ്ങൾ
  • ദൈവ വിളിമെൻധ്യാനം
  • ദൈവ മനൊഗുണങ്ങൾമ്മെൽ ധ്യാനം
  • ചാവുദോഷത്തിമ്മെൽ ധ്യാനം
  • രണ്ടച്ചന്മാരുടെ വെല എന്നതിന്മെൽ
  • ഭക്തിയില്ലാത്ത പട്ടസുഖക്കാരന്റെ മരണം (ആദ്ധ്യാത്മിക കൃതികൾ) കത്തുകൾ
  • കാനോനനമസ്കാരം (സുറിയാനി)
  • സീറൊമലബാർ സഭയുടെ കലണ്ടർ (മലയാളം)
  • ശവസംസ്കാര ശുശ്രൂഷകൾ (സുറിയാനി)
  • നാല്പതു മണിയുടെ ക്രമം (ആരാധനക്രമം)
  • ഒരു നല്ല അപ്പന്റെ ചാവരുൾ
  • മറ്റു പല പഴയ ചരിത്രങ്ങൾ

വിമർശനങ്ങൾതിരുത്തുക

  • "അല്പജ്ഞാനിയും വേണ്ടത്ര അറിവില്ലാത്തവനും" എന്നാണ്‌ ഫാ. പ്ലാസിഡ് അദ്ദേഹത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത് [6]
  • അദ്ദേഹം പാശ്ചാത്യരുടെ ദല്ലാൾ ആയി പ്രവർത്തിച്ചുവെന്ന് വിമർശനമുണ്ട്[അവലംബം ആവശ്യമാണ്].
  • അദ്ദേഹം ആദർശപരമായ സ്വാർത്ഥതക്കടിമയായിരുന്നു. താൻ സ്ഥാപിച്ച സന്യാസി സഭ, വരാപ്പുഴ അധികാരികളുടെ കയ്യാൽ നശിക്കപ്പെടരുതെന്ന സ്വാർത്ഥതയായിരുന്നു അത്. അതുകൊണ്ട് കാലഘട്ടത്തിന്റെ സമഗ്രമായ വെല്ലുവിളികളെ നേരിടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. സ്വതന്ത്രമായി സ്ഥാപിക്കപ്പെട്ട ഈ സന്യാസി സഭയെ 1861-ൽ സന്യാസിസഭാംഗങ്ങളുടെ സമ്മതമോ ചാവറയുടെ അറിവോ കൂടാതെ റോമിൽ കൂടിയ നിഷ്പാദുക ഒന്നാം സഭക്കാർ അവരുടെ സഭയുടെ കീഴിലാക്കിയതിനെതിരെ പ്രതിഷേധിക്കാൻ പോലും ചാവറക്ക് കഴിഞ്ഞില്ല.[7]

ചിത്രശാലതിരുത്തുക

പുറം കണ്ണികൾതിരുത്തുക

അവലംബങ്ങൾതിരുത്തുക

  1. 1.0 1.1 1.2 "Indian Express article on Mar Chavara Kuriakose Elias Kathanar".
  2. 2.0 2.1 2.2 "Manorama article on Mar Chavara Kuriakose Elias Kathanar". മൂലതാളിൽ നിന്നും 2014-11-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-11-24.
  3. "ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചു". മൂലതാളിൽ നിന്നും 2014-11-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-11-23.
  4. "Malayala Manorama Kochi. Retrieved 23 November 2014".
  5. "The Hindu article on Mar Chavara Kuriakose Elias Kathanar".
  6. കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികൾ പേജ് 262
  7. ജോസഫ് പുലിക്കുന്നേൽ കേരള ക്രൈസ്തവ ചരിത്രം വിയോജനക്കുറിപ്പുകൾ