അർജന്റീന

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഒരു രാജ്യം

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഒരു രാജ്യമാണ്‌ അർജന്റീന, ഔദ്യോഗികമായി അർജന്റീന റിപ്പബ്ലിക്ക്[11] (ഇംഗ്ലീഷ്: Argentina, സ്പാനിഷ്: República Argentina) 23 പ്രവിശ്യകളും ഒരു സ്വയം ഭരണ നഗരമായ ബ്യൂണോ എയ്റെസും ചേർന്നതാണ്‌ ഈ രാജ്യം. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ രണ്ടാമത്തെ വലിയ രാജ്യവും ലോകരാജ്യങ്ങളിൽ വലിപ്പത്തിൽ എട്ടാം സ്ഥാനവുമാണ് ഈ രാജ്യത്തിന്‌. സ്പാനിഷ് ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യം ഇതാണ്‌ (മെക്സിക്കൊ, കൊളംബിയ, സ്പെയിൻ എന്നിവയിലാണ്‌ കൂടുതൽ ജനസംഖ്യയെങ്കിലും). പടിഞ്ഞാറ് ആന്തിസ് പർവ്വതനിരയ്ക്കും കിഴക്കും തെക്കും ദക്ഷിണ അറ്റ്ലാന്റിക്ക് സമുദ്രത്തിനും ഇടയിൽ 2,766,890 ചതുരശ്ര കി.മീ ഭൂവിസ്തൃതി ഈ രാജ്യത്തിനുണ്ട്. വടക്ക് പരാഗ്വെ, ബൊളീവിയ എന്നിവയും വടക്കുകിഴക്ക് ബ്രസീൽ, ഉറുഗ്വേ എന്നിവയും പടിഞ്ഞാറും തെക്കും ചിലിയുമാണ്‌ അർജന്റീനയുമായി അതിർത്തിയുള്ള രാജ്യങ്ങൾ. അന്റാർട്ടിക്കയിലുള്ള 969,464 ച.കി.മീ പ്രദേശത്ത് അർജന്റീന അവകാശമുന്നയിക്കുന്നു, ഇത് ചിലി, യുനൈറ്റഡ് കിങ്ഡം തുടങ്ങിയ രാജ്യങ്ങൾ അവകാശമുന്നയിക്കുന്ന പ്രദേശങ്ങളുമായി ചേർന്നതാണ്‌, ഇത്തരം അവകാശവാദങ്ങളെല്ലാം 1961 ൽ നിലവിൽ വന്ന അന്റാർട്ടിക്ക ഉടമ്പടി പ്രകാരം റദ്ദുചെയ്തിരിക്കുകയാണ്‌.

Argentine Republic[A]

          República Argentina  (Spanish)
Flag of Argentina
Flag
Coat of arms of Argentina
Coat of arms
ദേശീയ മുദ്രാവാക്യം: 
ദേശീയ ഗാനം: 
    Sol de Mayo[2]
(Sun of May)

Sol de Mayo
Mainland Argentina shown in dark green, with territorial claims shown in light green
Mainland Argentina shown in dark green, with territorial claims shown in light green
തലസ്ഥാനം
and largest city
Buenos Aires
ഔദ്യോഗിക ഭാഷകൾSpanish[a]
വംശീയ വിഭാഗങ്ങൾ
(2013[3])
നിവാസികളുടെ പേര്
ഭരണസമ്പ്രദായംFederal presidential constitutional republic
• President
Cristina Fernández de Kirchner
Amado Boudou
Ricardo Lorenzetti
നിയമനിർമ്മാണസഭCongress
Senate
Chamber of Deputies
Independence 
from Spain
25 May 1810
• Declared
9 July 1816
1 May 1853
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
2,780,400 km2 (1,073,500 sq mi)[B] (8th)
•  ജലം (%)
1.57
ജനസംഖ്യ
• 2014 estimate
42,669,500[5]
• 2010 census
40,117,096[4] (32nd)
•  ജനസാന്ദ്രത
14.4/km2 (37.3/sq mi)[4] (212th)
ജി.ഡി.പി. (PPP)2014 estimate
• ആകെ
$927.382 billion[6] (25th)
• പ്രതിശീർഷം
$22,101[6] (55th)
ജി.ഡി.പി. (നോമിനൽ)2014 estimate
• ആകെ
$536.155 billion[6] (24th)
• Per capita
$12,778[6] (60th)
ജിനി (2010)positive decrease 44.49[7]
medium
എച്ച്.ഡി.ഐ. (2013)Increase 0.808[8]
very high · 49th
നാണയവ്യവസ്ഥPeso ($) (ARS)
സമയമേഖലUTC−3 (ART)
തീയതി ഘടനdd.mm.yyyy (CE)
ഡ്രൈവിങ് രീതിright[b]
കോളിംഗ് കോഡ്+54
ISO കോഡ്AR
ഇൻ്റർനെറ്റ് ഡൊമൈൻ.ar
  1. ^ De facto at all government levels.[C] In addition, some provinces have official de jure languages:
     · Guaraní in Corrientes Province.[9]
     · Kom, Moqoit and Wichi, in Chaco Province.[10]
  2. ^ Trains ride on left.

ഭൂമിശാസ്ത്രം

തിരുത്തുക
 
Topographic map of Argentina (including some territorial claims).

പ്രധാന സവിശേഷതകൾ

തിരുത്തുക

അർജന്റീനയുടെ ആകെ ഭൂവിസ്തൃതി 2,766,891 ച.കിമീ ആണ്, ഇതിൽ 2,736,691 ച.കി.മീ കരപ്രദേശവും 30,200 ച.കി.മീ (1.1%) ജലപ്രദേശവുമാണ്‌.

വടക്ക് നിന്നും തെക്ക് വരെ 3,900 കി.മീ നീളവും പടിഞ്ഞാറ് മുതൽ കിഴക്ക് വരെ 1,400 കി.മീ വീതിയുമുണ്ട് ഈ രാജ്യത്തിന്‌. രാജ്യത്തെ പ്രധാനമായും നാല് വ്യത്യസ്ത മേഖലകളായി തിരിക്കാം മധ്യഭാഗത്തുള്ള ഫലഭൂയിഷ്ഠ്മായ പമ്പാസ്, ഇവിടെയാണ്‌ രാജ്യത്തിന്റെ പ്രധാന കാർഷികമേഖലകൾ സ്ഥിതിചെയ്യുന്നത്; ദക്ഷിണ ഭാഗത്ത് നിരപ്പായതും എണ്ണ നിക്ഷേപങ്ങളുമുള്ള പാതഗോണിയ ഫലകം, ഉപോഷ്ണവും നിരപ്പായതുമായ ഗ്രാൻ ചാകൊ ഉത്തരഭാഗത്തും, നിരപ്പല്ലാത്ത ആന്തിസ് പർവ്വതനിര പടിഞ്ഞാറും, ഇവിടം ചിലിയുമായി അർജന്റീന അതിർത്തി പങ്കിടുന്നു.

സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരം കൂടിയ ഭാഗം സ്ഥിതിചെയ്യുന്നത് മെൻഡോസയിലുള്ളാ കെറോ അകൊൻ‍കാഗ്വ ആണ്‌, 6,962 മീറ്റർ ഉയരമുള്ള ഇതാണ്‌ തെക്കേ അമേരിക്കയിലേയും ദക്ഷിണ[12] പശ്ചിമ[13] അർദ്ധഗോളങ്ങളിലേയും ഏറ്റവും ഉയരം കൂടിയ പർവ്വതം. ഏറ്റവും താഴ്ന പ്രദേശം സാന്ത ക്രൂസിലുള്ള ലഗൂണ ദെൽ കാർബൊൺ ആണ്‌,[14] സമുദ്രനിരപ്പിൽ നിന്നും 105 മീറ്റർ താഴെയാണ്‌ ഇത്. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും താഴ്ന പ്രദേശവും ഇതു തന്നെയാണ്‌.

ഭൂമിശാസ്ത്ര മേഖലകൾ

തിരുത്തുക
 
Source: CIA[3] Political map of Argentina showing the area it controls. The Falkland Islands (Islas Malvinas) are controlled by the United Kingdom but are claimed by Argentina.

രാജ്യത്തെ പ്രധാനമായും ഏതാനു ഭൂമിശാസ്ത്ര മേഖലകളായി തിരിക്കാം:

പമ്പാസ്
ബ്യൂണോ എയ്റസിൽ നിന്നും പടിഞ്ഞാറും തെക്കും ഉള്ള ഫലകമാണ്‌ ഇത്. ആർദ്ര പമ്പാ എന്ന് വിളിക്കുന്ന ഇതിൽ ബ്യൂണോ എയ്റസ്, കൊറോദോബ എന്നീ പ്രവിശ്യകളുടെ ഭൂരിഭാഗവും സാന്താ ഫെ, ലാ പമ്പാ എന്നീ പ്രവിശ്യകളുടെ വലിയൊരു ഭാഗവും ഉൾപ്പെടുന്നു. ലാ പമ്പായുടെ പശ്ചിമ ഭാഗവും സാൻ ലൂയിസ് പ്രവിശ്യയും ഈ ഫലകത്തിൽപ്പെട്ടതാണെങ്കിലും ഇവ താരതമ്യേന വരണ്ടതും ഈ പ്രദേശം തരിശയും പുൽമേടുകളുള്ളതുമാണ്‌. ഇതേ പ്രവിശ്യയിൽപ്പെട്ട് സിയേറ ദെ കൊർദോബ ആണ് പമ്പാസിന്റെ ഏറ്റവും സവിശേഷമായ ഭാഗം.
ഗ്രാൻ ചാകൊ
രാജ്യത്തിന്റെ വടക്കു ഭാഗത്തുള്ള ഗ്രാൻ ചാകൊ മേഖല വർഷത്തിൽ വരണ്ടതും ആർദ്രവുമായി മാറിമാറിവരുന്നു. ഈ മേഖല പ്രധാനമായി പരുത്തി ഉല്പാദനത്തിനും കന്നുകാലി വളർത്തലിനും ഉപയോഗിക്കപ്പെടുന്നു. ചാകൊ, ഫോർമോസ എന്നീ പ്രവിശ്യകൾ ഇതിൽപ്പെടുന്നു. ഇടയ്ക്ക് ഉപോഷ്ണ വനങ്ങളും കുറ്റിച്ചെടികൾ നിറഞ്ഞ പ്രദേശങ്ങളും, വരണ്ട പ്രദേശങ്ങളും ഇവിടെ കാണുന്നു, വളരെ വലിയ എണ്ണം ജന്തു-സസ്യ സ്പീഷീസുകളുടെ ആവാസ മേഖലയുമാണ്‌ ഈ മേഖല. സാന്റിയാഗോ ദെൽ എസ്റ്റീറോ പ്രവിശ്യ ഗ്രാൻ ചാകൊയിലെ വരണ്ട മേഖലയിലാണുള്ളത്.
മെസൊപ്പൊട്ടോമിയ
പരാനാ, ഉറുഗ്വേ നദികൾക്കിടയിലുള്ള ഭാഗം മെസൊപ്പൊട്ടോമിയ എന്ന് വിളിക്കപ്പെടുന്നു. കൊറിയെന്റെസ്, എന്റ്റേ റയോസ് എന്നീ പ്രവിശ്യകൾ ഇതിൽപ്പെടുന്നു. പുൽമേടുകളുള്ളതും മരങ്ങൾക്ക് വളരാൻ അനുയോജ്യമായതുമായതും, കൊറിയെന്റെസിന്റെ മധ്യത്തിലുള്ള ഇബെറ വർണ്ട പ്രദേശങ്ങൾ എന്നിവ ഈ മേഖലയുടെ സവിശേഷതകളാണ്‌. മിഷണെസ് പ്രവിശ്യ കൂടുതൽ ഉഷ്ണമേഖലയും ബ്രസീലിലെ ഉന്നത ഭൂമേഖലയോട് സാമ്യമുള്ളതുമാണ്‌. ഉപോഷ്ണമേഖല മഴക്കാടുകളും ഇഗ്വാസു വെള്ളച്ചാട്ടങ്ങളു ഈ മേഖലയുടെ സവിശേഷതകളിൽപ്പെടുന്നു.
പാറ്റഗോണിയ
വളരെ പുരാതനകാലം മുതലേ നിലനിൽക്കുന്നവയാണ്‌ ന്യൂക്വെൻ, റയോ നീഗ്രോ, ചുബുത്, സാന്താ ക്രൂസ് എന്നീ പ്രവിശ്യകളിലായി വ്യാപിച്ചു കിടക്കുന്ന പാറ്റഗോണിയൻ മേഖലയിലുള്ള സ്റ്റെപ്പികൾ. ഈ മേഖലയുടെ വടക്ക് ഉപാർദ്രതയുള്ളതും ഏറ്റവും തെക്ക് തണുപ്പുള്ളതും വരണ്ടതുമാണ്‌. ഇടയ്ക്കിടക്കായി തടാകങ്ങളുള്ള പടിഞ്ഞാറൻ അതിർത്തിയിൽ വനങ്ങൾ നിലനിൽക്കുന്നുണ്ട്. ടിയേറ ദെൽ ഫ്യൂഗൊ തണുത്തതും വരണ്ടതുമാണ്‌, സമുദ്രകാലാവസ്ഥയുടെ സ്വാധീനമുള്ളതുമാണ്‌. ഉത്തര പാറ്റഗോണിയയെ (റയോ നീഗ്രൊ, ന്യൂക്വെൻ)‍ കൊമാഹ്യു എന്നും വിശേഷിപ്പിക്കുന്നു.
കുയൊ
മധ്യ-പശ്ചിമ അർജന്റീനയിൽ ആന്തിസ് പർവ്വതനിരയുടെ ഭാഗങ്ങൾ കാണുന്നു. ഇതിന്റെ കിഴക്കുഭാഗത്തുള്ള ആർദ്രതയുള്ള മേഖലയാണ് കുയൊ. താഴ്ന്ന സമതലങ്ങളിലേക്ക് ഉയർന്ന പർവ്വതങ്ങളിൽ നിന്നുംമുള്ള ജലം ലഭിക്കുന്നതിനാൽ ഫലവൃക്ഷങ്ങൾ വളരുന്ന ഈ മേഖലയിൽപ്പെട്ടതാണ്‌ മെൻഡോസ, സാൻ ജുവാൻ പ്രവിശ്യകൾ. ഇതിന് കുറച്ച വടക്ക് ലാ റയോജ പ്രവിശ്യയിൽ കൂടുതൽ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ്‌. ഈ മേഖലയുടെ കിഴക്കേഭാഗം സിയേറാസ് പാമ്പിയൻസ് എന്ന ഉയരം കുറഞ്ഞ മൂന്നു പർവ്വതനിരകൾ സ്ഥിതിചെയ്യുന്നു, ഇവ സാൻ ലൂയിസ് പ്രവിശ്യയുടെ ഉത്തര പകുതിയിൽ വടക്കുമുതൽ തെക്ക് വരെ വ്യാപിച്ച് കിടക്കുന്നു.
വടക്കുപടിഞ്ഞാറ്
ശരാശരി ഉയരത്തിൽ കൂടുതലുള്ള മേഖലയാണിത്. സമാന്തരമായുള്ള പർവ്വതനിരകൾ ഇവിടെ പ്രധാനമായും കാണുന്നു, അവയിൽ പല പർവ്വതങ്ങൾക്കും 6,000 മീറ്ററിൽ കൂടുതൽ ഉയരമുണ്ട്. വടക്കോട് സഞ്ചരിക്കുന്നോറും ഈ നിരകളുടെ വ്യാപ്തി വർദ്ധിക്കുന്നു. ഇവയുടെ ഇടയിൽ ഫലഭൂയിഷ്ഠമായ താഴ്വരകൾ കാണപ്പെടുന്നു, ഇത്തരം താഴ്വരകളി പ്രധാനപ്പെട്ടതാണ്‌ കാത്തമർക്ക, തുകുമാൻ, സാൾട്ട എന്നീ പ്രവിശ്യകളിലുള്ള കാലചാക്വി താഴ്വരകൾ. കുറച്ചുകൂടി വടക്ക് ബൊളോവിയക്കു സമീപമുള്ള ജുജൂയ് പ്രവിശ്യ പ്രധാനമയും മധ്യ ആന്തിസിന്റെ അൾട്ടിപ്ലാനോ ഫലകത്തിൽ സ്ഥിതിചെയ്യുന്നു.

പ്രവിശ്യകൾ

തിരുത്തുക
 
അർജന്റീനയിൽ പ്രവിശ്യകൾ. ഫാക്ക്‌ലാന്റ് ദ്വീപുകളും അർജന്റീനയുടെ ഒരു ഭാഗവും അർജന്റീന അവരുടേതാണെന്ന വാദത്തിൽ ടിയേറ ദെൽ ഫ്യൂഗൊ എന്ന പ്രവിശ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

അർജന്റീനയെ ഇരുപത്തിമൂന്ന് പ്രവിശ്യകളായും ഒരു സ്വയംഭരണ നഗരവുമായും (സാധാരണയായി കാപിറ്റൽ ഫെഡെറൽ എന്നറിയപ്പെടുന്നു, പക്ഷെ ഔദ്യോഗികമായി Ciudad Autónoma de Buenos Aires) തിരിച്ചിരിക്കുന്നു.

പ്രവിശ്യ തലസ്ഥാനം പ്രവിശ്യ തലസ്ഥാനം
  Buenos Aires Autonomous City   Mendoza Mendoza
  Provincia
de Buenos Aires
La Plata   Misiones Posadas
  Catamarca San Fdo. del Valle
de Catamarca
  Neuquén Neuquén
  Chaco Resistencia   Río Negro Viedma
  Chubut Rawson   Salta Salta
  Córdoba Córdoba   San Luis San Luis
  Corrientes Corrientes   San Juan San Juan
  Entre Ríos Paraná   Santa Cruz Río Gallegos
  Formosa Formosa   Santa Fe Santa Fe
  Jujuy San Salvador
de Jujuy
  Santiago
del Estero
Santiago
del Estero
  La Pampa Santa Rosa   Tierra del Fuego Ushuaia
  La Rioja La Rioja   Tucumán San Miguel
de Tucumán

തലസ്ഥാനം 1853 ൽ തന്നെ പ്രഖ്യാപിക്കപ്പെട്ടതാണെങ്കിലും 1880 വരെ അത് നടന്നില്ല. തലസ്ഥാനം മറ്റെവിടെയെങ്കിലും മാറ്റുവാനുള്ള നീക്കങ്ങളുമുണ്ടായി. റൗൾ അൽഫോൺസിനിന്റെ ഭരണകാലത്ത് തലസ്ഥാനം വിയേദ്മയിലേക്ക് മാറ്റാൻ നിയമം പസാക്കി, പാതഗോണിയൻ പ്രവിശ്യയായ റയോ നീഗ്രൊവിൽപ്പെട്ട ഒരു നഗരമാണിത്. 1989 ൽ നടന്ന സാമ്പത്തിക പ്രശ്നങ്ങൾ ഇതിന്റെ സാധ്യത പഠനത്തെ കാര്യമായി ബാധിക്കുകയും പദ്ധതി നിർത്തുകയും ചെയ്തു. ഔദ്യോഗികമായി ഇതുവരെ റദ്ദു ചെയ്യപ്പെട്ടില്ലെങ്കിലും അതൊരു സ്വപ്നമായി നിൽക്കുന്നു.

പ്രവിശ്യകൾ ഡിപ്പാർട്ട്മെന്റോസ് (departamentos ("departments")) എന്ന ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഇങ്ങനെ ആകെ 376 എണ്ണമുണ്ട്. ബ്യൂണോഎയ്റസ് പ്രവിശ്യയേയും ഇതുപോലെ പാർതിഡോസ് എന്ന് വിളിക്കുന്ന 134 ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഡിപ്പാർട്ട്മെന്റോകളേയും പാർതിഡൊകളേയും വീണ്ടും മുനിസിപ്പാലിറ്റികളോ ജില്ലകളോ ആയി വിഭജിച്ചിരിക്കുന്നു.

അർജന്റീനയിലെ പ്രധാന നഗരങ്ങൾ ഇവയാണ് (ജനസംഖ്യ കുറയുന്ന ക്രമത്തിൽ): ബ്യൂണോ എയ്റസ്, കൊർദോബ, റൊസാരിയോ, മെൻഡോസ, തുകുമൻ, ലാ പ്ലാറ്റ, മാർ ദെൽ പ്ലാറ്റ, സാൾട്ട, സാന്ത ഫെ, സാൻ ജുവാൻ, റെസിസ്റ്റൻസിയ, ന്യൂക്വെൻ.

നദികളും തടാകങ്ങളും

തിരുത്തുക
 
ഉറുഗ്വെ നദിയിലെ യാത്രാതോണികൾ
 
Salta

അർജന്റീനയിലെ പ്രധാന നദികൾ ഇവയാണ്‌ പിൽകോമായൊ, പാരഗ്വെ, ബെർമെജൊ, കൊളൊറാഡൊ, റയോ നോഗ്രൊ, സലാഡൊ, ഉറുഗ്വെ കൂടാതെ ഏറ്റവും വലിയ നദി പരാന. അവസാനത്തെ രണ്ട് നദികൾ അറ്റ്ലാന്റിക്ക് സമുദ്രങ്ങളിൽ ചേരുന്നതിനു മുൻപായി ഒന്നിച്ചു ചേരുന്നു. പ്രദേശികമായി പ്രധാന്യമുള്ള നദികൾ ഏറ്റ്വെൽ, മെൻഡോസ എന്നിവ പാതഗോണിയയിലെ ചുബുത് പ്രവിശ്യയിലും, ജുജൂയ് ലെ റയോ ഗ്രാൻഡെയും, സാൾട്ടയിലെ സാൻ ഫ്രാൻസിസ്കൊ നദിയും.

അർജന്റീനയിൽ ഏതാനു വലിയ തടാകങ്ങളുണ്ട്, അവയിൽ പലതും പാതഗോണിയ മേഖലയിലാണ്‌. സാന്ത ക്രൂസിലുള്ള അർജന്റീനൊ, വിയെദ്മ; റയോ നീഗ്ഗ്രോക്കും ന്യൂക്വെനും ഇടയിലുള്ള നഹ്വെൽ ഹൗപി; ടിയെറ ദെൽ ഫ്യൂഗൊയിലുള്ള ഫഗനാനൊ; ചുബുതിലുള്ള കോൾഹ്യു, മ്യൂസ്റ്റെർസ്; ബ്യൂണോ എയ്റസ്, ഓ'ഹിഗ്ഗിൻസ്/സാൻ മാർട്ടിൻ എന്നിവ ചിലിയുമായി പങ്കിടുന്നു. കൊർദോബയിലുള്ള മാർ ചിക്വിതയാണ്‌ രാജ്യത്തുള്ള ഏറ്റവും വലിയ ഉപ്പുജല തടാകം. അണക്കെട്ടുകളാൽ നിർമ്മിക്കപ്പെട്ട ഏതാനും ജലസംഭരണികളും രാജ്യത്തുണ്ട്. വ്യത്യസ്ത തരത്തിലുള്ള ചൂടുറവകളും അർജന്റീനയിലുണ്ട്, 65 °C നു 89 °C ഇടയിൽ ചൂടുള്ള ടേമാസ് ദെ റയോ ഹോണ്ടോവിലുള്ളത് അതിൽപ്പെട്ടതാണ്‌.[15]

1999 ജനുവരി 15 ൽ ഷെൽ കമ്പനിയുടെ എണ്ണടാങ്കർ കപ്പലിൽ നിന്നും റയോ ദെ ല പ്ലാറ്റൊ നദിയിൽ എണ്ണ ഒഴുകിപ്പരന്നത് വലിയ മലിനീകരണത്തിനു കാരണമായിരുന്നു. പരിസ്ഥിതിക്ക് നാശം വരുത്തിയ ഇത് ജന്തു-സസ്യജാലങ്ങളുടെ കുടിവെള്ളത്തെ ബാധിക്കുകയും ചെയ്തു.[16]

തീരങ്ങളും കടലുകളും

തിരുത്തുക

അർജന്റീനയ്ക്ക് 4,665 കി,മീ നീളമുള്ള തീരമുണ്ട്.[17] ഭൂഖണ്ഡ അടിത്തറ സവിശേഷമായി വിശാലമായതാണ്‌, ഇവിടെയുള്ളഅറ്റ്ലാന്റിക്ക് സമുദ്രത്തിൽ ആഴം കുറഞ്ഞ ഭാഗം മാർ അർജന്റീനൊ എന്നു വിളിക്കപ്പെടുന്നു. അർജന്റീനയിലെ അറ്റ്ലാന്റിക്ക് തീരങ്ങൾ പ്രാദേശിക അവധിക്കാല സഞ്ചാരികൾക്ക് പ്രിയങ്കരമാണ്‌. മൽസ്യസമ്പത്തിനാൽ സമ്പുഷ്ടമാണ്‌ ഇവിടം, ഹൈഡ്രോകാർബൺ ഊർജ്ജനിക്ഷേപങ്ങളും ഇവിടെയുണ്ട്. മണൽകൂനകളും തിട്ടകളും അർജന്റീനയിൽ തീരങ്ങളിലുണ്ട്. തീരങ്ങളെ സ്വാധീനിക്കുന്ന രണ്ട് പ്രധാന സമുദ്രജല പ്രവാഹങ്ങളാണ്‌ ചൂടുള്ള ബ്രസീൽ പ്രവാഹവും തണുത്ത ഫോക്ക്‌ലാന്റ് പ്രവാഹവും. തീരപ്രദേശം ഒരേപോലെയല്ലാത്തതിനാൽ രണ്ട് പ്രവാഹങ്ങളും കാലാവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുന്നു, ഉയർന്ന പ്രദേശങ്ങളിൽ പോലും ഊഷ്മാവിന്റെ കുറവിനെ ഇത് തടയുന്നു.

ചരിത്രം

തിരുത്തുക

പൂർവചരിത്രം.

തിരുത്തുക

അർജന്റീനയിലെ യൂറോപ്യൻ കുടിയേറ്റം ആരംഭിച്ചത് 1500-നു ശേഷമാണ്. അതിനുമുൻപ് ഈ പ്രദേശത്തെ അധിവസിച്ചിരുന്നത് അമേരിന്ത്യർ ആയിരുന്നു; ഏതാണ്ട് 20,000 വർഷങ്ങൾക്കുമുൻപ് ഏഷ്യാവൻകരയിൽനിന്ന് പശ്ചിമാർധ ഗോളത്തിൽ ചെന്നെത്തിയ മംഗോളിയൻ ജനതയുടെ പിൻഗാമികളായാണ് ഇക്കൂട്ടർ കരുതപ്പെടുന്നത്; അർജന്റീനയിൽ ജനവാസം ആരംഭിച്ചിട്ട് 8,000 വർഷത്തിലേറെയായിരിക്കാനിടയില്ല. ക്രിസ്ത്വബ്ദത്തിന്റെ ആരംഭശതകത്തിൽ തെക്കേ അമേരിക്കയുടെ പസിഫിക് തീരത്ത് വസിച്ചിരുന്ന പരിഷ്കൃതരായ അമേരിന്ത്യർ സമുദ്രം തരണം ചെയ്ത് പോളിനേഷ്യയിലും ദക്ഷിണപൂർവേഷ്യയിലുമുള്ള ജനവിഭാഗങ്ങളുമായി സമ്പർക്കം പുലർത്തിയിരുന്നുവെന്നും ഈ ബന്ധത്തിലൂടെ നേടിയെടുത്ത സാംസ്കാരികപുരോഗതി തങ്ങളുടെ അയൽപ്രദേശമായ അർജന്റീനയിലെ ജനവിഭാഗങ്ങൾക്കു കൂടി പകർന്നുകൊടുത്തിരുന്നുവെന്നും വിശ്വസിക്കുവാൻ ന്യായം കാണുന്നു. എ.ഡി. 1500-ൽ അർജന്റീനയിലെ വിവിധ ഗോത്രങ്ങളിൽ പ്പെട്ട അമേരിന്ത്യരുടെ സംഖ്യ 3,00,000 ആയിരുന്നു.

അർജന്റീനയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് സാംസ്കാരിക വളർച്ച ഉച്ചകോടിയിലെത്തിയിരുന്നത്. ഇത് ഇങ്കാസംസ്കാരവുമായുള്ള സഹവർത്തിത്വം മൂലമായിരുന്നു. എന്നാൽ രാജ്യത്തിന്റെ തെക്കരികിലുള്ള ആദിവാസികൾ മീൻപിടിച്ചും വേട്ടയാടിയും ഫലമൂലാദികൾ ശേഖരിച്ചും കാലയാപനം ചെയ്തുപോന്നു. അമേരിന്ത്യരിലെ വിവിധ ഗോത്രക്കാർ തമ്മിൽ നിലനിന്നിരുന്ന ശത്രുത മിക്കപ്പോഴും കടുത്ത പോരാട്ടങ്ങൾക്കു കളമൊരുക്കിയിരുന്നു. സാംസ്കാരിക പുരോഗതിക്കുള്ള പ്രധാനതടസ്സവും ഇതുതന്നെയായിരുന്നു.

യൂറോപ്യൻ കുടിയേറ്റം.

തിരുത്തുക

സ്പെയിനിൽനിന്നുള്ള കുടിയേറ്റക്കാരെ (1516) ഏറ്റവും ആകർഷിച്ചത് തദ്ദേശീയർ ധാരാളമായി ഉപയോഗിച്ചുപോന്ന വെള്ളി ഉപകരണങ്ങളായിരുന്നു. ഈ പ്രദേശത്തിന് 'വെള്ളിയുടെ നാട്' എന്നു പേരിടുവാനുള്ള കാരണവും ഇതുതന്നെയാണ്. ചിലിയിൽനിന്നുള്ള (1553) കുടിയേറ്റക്കാർ സ്ഥാപിച്ച സാന്തിയാഗോ ദെൽ എസ്റ്റെറോ നഗരമാണ് ആദ്യത്തെ യൂറോപ്യൻ അധിവാസകേന്ദ്രം. വെള്ളിഖനനമായിരുന്നു യൂറോപ്യരുടെ ലക്ഷ്യം. ഇതേത്തുടർന്ന് ടക്കൂമൻ (1565), സന്താഫേ, കൊർദോബ (1573), ബ്യൂനസ് അയർസ് (1580) എന്നീ നഗരങ്ങൾ സ്ഥാപിതമായി. ആദ്യകാലത്ത് അധീശഗവൺമെന്റിന് ഈ പ്രദേശങ്ങളിൽ മതിയായ താത്പര്യമുണ്ടായിരുന്നില്ല; എന്നാൽ ഉറുഗ്വേയിലെ പോർച്ചുഗീസ് അധിനിവേശം, തങ്ങളുടെ ആധിപത്യത്തിനു ബാധകമാവുമെന്നു കണ്ടപ്പോൾ ബ്രസീൽ പ്രദേശത്തിന്റെ വ്യാപ്തി ലാപ്ലാറ്റ നദീമുഖം വരെ വർധിപ്പിച്ച് അർജന്റീനയുമായി കൂട്ടിയിണക്കുവാനുള്ള ശ്രമം സ്പെയിൻ ആരംഭിച്ചു. ഇതിനായി 1776-ൽ ബ്യൂനസ് അയർസിലേക്ക് ഒരു വൈസ്രോയിയെ നിയോഗിച്ച് അർജന്റീനാപ്രദേശത്തിന്റെ ഭരണപരമായ ചുമതല ഏറ്റെടുക്കുവാൻ സ്പെയിൻ തയ്യാറായി. 1806-ൽ ബ്രിട്ടീഷ് നാവികമേധാവികളായ സർ ഹോം പോപാം, ജനറൽ വില്യം ബെറസ്ഫോഡ് എന്നിവർ ചേർന്ന് ബ്യൂനസ് അയർസ് പിടിച്ചെടുത്തെങ്കിലും അവർക്ക് ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞില്ല.

കലാപങ്ങൾ.

തിരുത്തുക

സ്പെയിനിലെ രാജാവായ ഫെർഡിനൻഡ് VII-നെ ഫ്രഞ്ചുകാർ കീഴടക്കിയതിനെത്തുടർന്ന് തെക്കേ അമേരിക്കയിലെ കോളണികളിൽ വമ്പിച്ച കലാപം പൊട്ടിപ്പുറപ്പെട്ടു. മറ്റു നഗരങ്ങളുടെ മാതൃക പിന്തുടർന്ന് 1810 മേയിൽ ബ്യൂനസ് അയർസിലെ ജനങ്ങൾ വിപ്ലവം സംഘടിപ്പിക്കുകയും വൈസ്രോയിയെ ധിക്കരിച്ച് ഒരു സ്വയംഭരണസമിതി അധികാരം പ്രഖ്യാപിക്കുകയും ചെയ്തു. 1816 ജൂലൈ 9-ന് ടക്കൂമൻ നഗരത്തിൽ വിളിച്ചുചേർത്ത ദേശീയനേതാക്കളുടെ സമ്മേളനം സ്വാതന്ത്ര്യപ്രഖ്യാപനം ഒപ്പുവച്ചു; തുടർന്ന് 1817-ൽ ജനറൽ ജോസ് ദെ സാൻമാർട്ടിന്റെ നേതൃത്വത്തിലുള്ള വിമോചനസേന ആൻഡീസ് പ്രദേശത്തുകൂടെ ചിലി, പെറു എന്നിവിടങ്ങളിലേക്ക് പടനീക്കം നടത്തി.

ഫെഡറൽ വ്യവസ്ഥയിലുള്ള ഒരു ഭരണസംവിധാനമാണ് കാഡില്ലോകൾ എന്നറിയപ്പെട്ടിരുന്ന പ്രാദേശിക നേതാക്കൾ ആഗ്രഹിച്ചത്. തങ്ങളുടെ നേതൃത്വത്തിലുള്ള ഒരു കേന്ദ്രീകൃത ഭരണമുണ്ടാവണമെന്നുള്ള ബ്യൂനസ് അയർസിലെ നേതാക്കളുടെ വാദം സാമൂഹികസംഘർഷത്തിനു വഴിതെളിച്ചു. 1835-ൽ ബ്യൂനസ് അയർസിലെ ഗവർണറായിത്തീർന്ന ജോൻ മാനുവൽ ദെ റോസാ ഫെഡറൽ കാഴ്ചപ്പാടുള്ള ഒരു കേന്ദ്രീകൃതഭരണം നടപ്പാക്കി. 1852-ൽ ഇദ്ദേഹത്തെ ജനറൽ ജസ്റ്റോ ജോസ് ദെ അർക്വിസ പരാജയപ്പെടുത്തിയതോടെ ഈ ഭരണം നിലച്ചു. 1853-ൽ വിളിച്ചുകൂട്ടിയ കൺവൻഷൻ പുതിയ ഒരു ഭരണഘടനയ്ക്കു രൂപംനല്കി. (ഈ ഭരണഘടന 1956 വരെ പ്രാബല്യത്തിൽ തുടർന്നു). പ്രസിഡന്റായി അവരോധിക്കപ്പെട്ട അർക്വിസ (1854) രാഷ്ട്രതലസ്ഥാനം പരാനയിലേക്കു മാറ്റി. 1862-ൽ ബർത്തലോമി മിത്തർ ബ്യൂനസ് അയർസിന്റെ പ്രാമുഖ്യം വീണ്ടെടുക്കുന്നതിനായി കലാപം നയിച്ചതിനെത്തുടർന്ന് ബ്യൂനസ് അയർസ് വീണ്ടും രാഷ്ട്രതലസ്ഥാനമായിത്തീർന്നു. 1865-70 കാലഘട്ടത്തിൽ പരാഗ്വേക്കെതിരേയുള്ള ത്രികക്ഷിസഖ്യത്തിൽ അർജന്റീന ബ്രസീലിനോടും ഉറൂഗ്വേയോടുമൊപ്പം പങ്കാളിയായി.

1868-80 കാലഘട്ടത്തിലാണ് അർജന്റീനയ്ക്ക് സാമ്പത്തികരംഗത്ത് അഭൂതപൂർവമായ പുരോഗതിയുണ്ടായത്. ഇക്കാലത്തെ രാഷ്ട്രത്തലവന്മാരായിരുന്ന ഡോമിൻഗോ ഫാസ്റ്റിനോ സർമിയെന്റോ, നിക്കളാസ് അവെല്ലാനഡ എന്നിവരാണ് ഈ പുരോഗതിക്കു കാരണഭൂതർ. പാംപസ്പ്രദേശം ഒരു കാർഷികമേഖലയായി വികസിപ്പിക്കുവാനും രാജ്യത്തെ റെയിൽ-റോഡ് സൗകര്യങ്ങൾ ഗണ്യമായി വർധിപ്പിക്കുവാനും ഇവർക്കു സാധിച്ചു.

ആദ്യത്തെ തെരഞ്ഞെടുപ്പ്

തിരുത്തുക

പ്രാദേശികമായ ഭിന്നതകൾ അവസാനിപ്പിക്കുന്നതിനായി 1880-ൽ തലസ്ഥാനമായ ബ്യൂനസ് അയർസ് നഗരത്തെ അതേ പേരിലുള്ള പ്രവിശ്യയിൽനിന്നു സ്വതന്ത്രമാക്കി ഒരു കേന്ദ്രഭരണപ്രദേശമാക്കി; ബ്യൂനസ് അയർസ് പ്രവിശ്യയുടെ തലസ്ഥാനം ലാപ്ളാറ്റ നഗരത്തിലേക്കു മാറ്റുകയും ചെയ്തു. 1916-ൽ രഹസ്യബാലറ്റ് സമ്പ്രദായത്തിലുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്നു; ഹിപ്പൊലിതോ ഇറിഗോയൻ ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. ഒന്നാം ലോകയുദ്ധത്തിൽ അർജന്റീന നിഷ്പക്ഷത പാലിച്ചു. 1930-ൽ ഒരു സൈനികകാലപത്തെത്തുടർന്ന് ഇറിഗോയൻ സ്ഥാനഭ്രഷ്ടനായി. അദ്ദേഹത്തിനുശേഷം പ്രസിഡന്റായ ജനറൽ അഗസ്റ്റിൻ ജസ്റ്റോ (ഭ.കാ. 1932-38) അർജന്റീനയുടെ വാണിജ്യ-സാമ്പത്തിക വികസനത്തിൽ ശ്രദ്ധ പതിപ്പിക്കുകയുണ്ടായി.

രണ്ടാം ലോകയുദ്ധത്തിന്റെ ആദ്യഘട്ടങ്ങളിൽ അർജന്റീന നിഷ്പക്ഷനിലയാണ് സ്വീകരിച്ചത്. ഒരു ഉറച്ച ഗവൺമെന്റിന്റെ അഭാവത്തിൽ പോലും ത്വരിതമായ വ്യവസായവത്കരണം സാധിക്കുവാൻ ഈ കാലഘട്ടം ഉപകരിച്ചു. 1943-ൽ അന്നത്തെ പ്രസിഡന്റ് ഡോ. രമോൺ എസ്. കാസില്ലോ അധികാരത്തിൽ നിന്നും നിഷ്കാസിതനായി; തുടർന്ന് വിവിധ സൈനിക മേധാവികൾ മാറിമാറി ഭരണസാരഥ്യം വഹിച്ചു; 1946-ൽ പൊതുതെരഞ്ഞെടുപ്പ് നടത്തുകയും ജനറൽ (അന്നത്തെ കേണൽ) ജുവാൺ ഡോമിങ്ഗോ പെറോൺ പ്രസിഡന്റായിത്തീരുകയും ചെയ്തു. ഇതിനകം തന്നെ അച്ചുതണ്ടുകക്ഷികൾക്കുവേണ്ടി അർജന്റീന യുദ്ധത്തിൽ പങ്കു ചേർന്നിരുന്നു (1945). പെറോണിന്റെ ഭരണകാലത്ത് സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മേഖലകളിൽ വിപ്ളവകരമായ മാറ്റങ്ങൾ വരുത്തുകയുണ്ടായി. രാജ്യത്തെ അധ്വാനിക്കുന്ന വിഭാഗത്തിന്റെയും സൈന്യത്തിന്റെയും ശക്തമായ പിന്തുണ പെറോൺ നേടിയിരുന്നു. 1955 സെപ്റ്റംബറിൽ ഒരു സൈനികവിപ്ളവത്തിലൂടെ അദ്ദേഹം സ്ഥാനഭ്രഷ്ടനായി; തുടർന്നുണ്ടായ താത്കാലിക ഗവൺമെന്റ് പെറോണിന്റെ അനുയായികളെ (പെറോണിസ്റ്റുകൾ) മർദിച്ചൊതുക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു; എന്നാൽ 1958-ൽ പെറോണിസ്റ്റുകളുടെ സഹായത്തോടെ റാഡിക്കൽപാർട്ടി നേതാവായ അർത്തൂറോ ഫ്രോണ്ടിസി പ്രസിഡന്റായി. ഇദ്ദേഹത്തിന്റെ ഭരണകൂടം പെട്രോളിയം ഉത്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശക്കമ്പനികൾക്ക് പല ആനുകൂല്യങ്ങളും നല്കിയത് രാഷ്ട്രീയകുഴപ്പങ്ങൾക്കു കാരണമാവുകയും 1961-62 കാലത്തെ തെരഞ്ഞെടുപ്പിൽ പെറോണിസ്റ്റുകൾ വമ്പിച്ച ഭൂരിപക്ഷം നേടുകയും ചെയ്തു.

സൈനിക വിപ്ലവം

തിരുത്തുക

ഈ അവസരത്തിലുണ്ടായ സൈനികവിപ്ലവം ഫ്രോണ്ടിസിയെ സ്ഥാനഭ്രഷ്ടനാക്കി; പെറോണിസ്റ്റുകൾ അധികാരത്തിൽവരുന്നതു തടഞ്ഞു. 1964 മധ്യത്തിലെ പുതിയ തെരഞ്ഞെടുപ്പിലൂടെ മിതവാദിയായ ഡോ. അർത്തൂറോ ഇല്ലിയ പ്രസിഡന്റായി. അമേരിക്കൻ എണ്ണക്കമ്പനികളുമായി ഏർപ്പെടുത്തിയിരുന്ന കരാറുകൾ ഇദ്ദേഹം റദ്ദാക്കി. വിദേശമൂലധനം പിൻവലിക്കപ്പെട്ടത് രാജ്യത്ത് സാമ്പത്തികകുഴപ്പത്തിനു കാരണമായി. 1966-ൽ പെറോണിസ്റ്റുകൾ വീണ്ടും വിജയിച്ചതിനെത്തുടർന്ന് സൈന്യം അധികാരമേറ്റെടുത്തു. ലഫ്. ജനറൽ ജോൻ കാർലോസ് ഓൻഗാനിയ പ്രസിഡന്റായുള്ള ഒരുതരം ഏകാധിപത്യഭരണമാണ് പിന്നീടു നടന്നത്. 1969-70 കാലമായപ്പോഴേക്കും രാഷ്ട്രീയകുഴപ്പങ്ങൾ മൂർച്ഛിച്ചു. രാജ്യമാകെ കലാപങ്ങൾ നടന്നു. 1970 ജൂണിൽ ഓൻഗാനിയ സൈനികമേധാവികളാൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു; പകരം ജനറൽ റോബർട്ടോ മാർസെലോ ലിവിങ്സ്റ്റൺ പ്രസിഡന്റായിത്തീർന്നു. 1971 മാർച്ചിൽ ലിവിങ്സ്റ്റൺ അധികാരഭ്രഷ്ടനായി. സൈനികനേതാവായ ലെഫ്. ജനറൽ അലെജാൻഡ്രോ ലാനുസ് സെ അധികാരം ഏറ്റെടുത്തു. 1971-72-ൽ സാമ്പത്തികനില മോശമായതിനെത്തുടർന്ന് രാജ്യമൊട്ടാകെ അസ്വസ്ഥത പൊട്ടിപ്പുറപ്പെട്ടു. പെറോൺ വീണ്ടും രംഗത്തുവന്നു.

രാഷ്ട്രീയ കാരണങ്ങളാൽ 1973 മാർച്ചിലെ തെരഞ്ഞെടുപ്പിൽ നിന്നു പിന്മാറിയ പെറോൺ സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേറി. 1974-ൽ പെറോൺ അന്തരിച്ചതിനെ ത്തുടർന്ന് അദ്ദേഹത്തിന്റെ പത്നി ഇസബെൽ മാർട്ടിനസ് പെറോൺ അധികാരത്തിൽവന്നു.

1976-ൽ നടന്ന സൈനിക അട്ടിമറിയിൽ ഇസബെൽ പെറോൺ സ്ഥാനഭ്രഷ്ടയാക്കപ്പെടുകയും ജോർജ് റാഫേൽ വിദേല പ്രസിഡന്റായി അവരോധിക്കപ്പെടുകയും ചെയ്തു. 1981 വരെ ഭരണം നടത്തിയ വിദേല രാഷ്ട്രീയ പ്രവർത്തനങ്ങളും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളും നിരോധിക്കുകയും ഭരണഘടനയിൽ പല മാറ്റങ്ങളും വരുത്തുകയും ചെയ്തു. 1981-ൽ ഫാക്ലൻഡ് ദ്വീപുകളുടെ മേലുള്ള അവകാശം അർജന്റീന ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ചു.

1982-ൽ പ്രസിഡന്റായിരുന്ന ലെഫ്റ്റ. ജനറൽ ലിയോപോൾഡോ ഗൽത്തിരി ഫാക്ക്ലൻഡ് ദ്വീപസമൂഹം ആക്രമിച്ചു കീഴടക്കി. ബ്രിട്ടീഷ് സൈന്യം താമസം വിനാ തിരിച്ചടിക്കുകയും ദ്വീപസമൂഹം കൈയടക്കുകയും ചെയ്തതിനെത്തുടർന്ന് ഗൽത്തിരി സ്ഥാനഭ്രഷ്ടനാകുകയും സൈനികഭരണം അവസാനിക്കുകയും ചെയ്തു. 1983-ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽവന്ന റാൽ അൽഫോൺസിൽ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടത്തിനെത്തുടർന്ന് 1988-ൽ പെറോണിസ്റ്റ് പാർട്ടിക്കാരനായ കാർലോസ് സാൽമെനം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സ്വകാര്യവത്കരണത്തിലൂടെയും ഉദാരീകരണ(liberalisation)ത്തിലൂടെയും ഇദ്ദേഹം സാമ്പത്തിക നിലമെച്ചപ്പെടുത്തി. ഭരണഘടനാപരിഷ്കാരങ്ങളിലൂടെയും മറ്റും ജനപ്രീതി നേടിയ മെനം 1995-ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എങ്കിലും സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും രൂക്ഷമായതിനെത്തുടർന്ന് 1997-ൽ പ്രതിപക്ഷം അധികാരത്തിൽവന്നു.

1999 ഒക്ടോബറിൽ അധികാരമേറ്റ ഫെർണാൻഡാ ഡിലാറുവ ബ്രൂണോ ബ്യൂറോക്രസിയെ നിയന്ത്രിക്കുകയും സാമ്പത്തികനില മെച്ചപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്തു. 2001 ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പെറോണിസ്റ്റ് പാർട്ടി വീണ്ടും ഭൂരിപക്ഷം നേടി. ഡിസംബറിൽ നടന്ന പട്ടിണി സമരങ്ങൾ രൂക്ഷമായപ്പോൾ പ്രസിഡന്റ് രാജിവക്കാൻ നിർബന്ധിതനായി. തുടർന്ന് ഭരണതലത്തിൽ പല മാറ്റങ്ങൾ സംഭവിക്കുകയും 2002 ജനുവരിയിൽ എഡ്വേഡോ ആൽബർട്ടോ ദുഹാൻദെ പ്രസിഡന്റായി ഭരണമേല്ക്കുകയും ചെയ്തു. ഡിവാല്വേഷനിലൂടെ സാമ്പത്തിക നിലമെച്ചപ്പെടുത്താൻ ശ്രമിച്ച ദുൽഹാൻദെയുടെ നീക്കങ്ങൾ രാജ്യത്താകെ അസ്വാസ്ഥ്യം ജനിക്കാൻ ഇടയാക്കി. സർക്കാരുകൾ മാറിമാറി അധികാരമേൽക്കുകയും പ്രശ്നം പരിഹരിക്കാനാകാതെ രാജിവച്ചു പോവുകയും ചെയ്തു. ഒടുവിൽ 2003 സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് കക്ഷികളുടെ സഹായത്തോടെ നെസ്റ്റർകാർലോസ് കിർച്നർ വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നു. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന സൈനികമേധാവികളെ ശിക്ഷിക്കുന്നതിനുവേണ്ടി പുതിയ ഭരണകൂടം രൂപംനല്കിയ നിയമത്തിന് 2005-ൽ സുപ്രീംകോടതി അംഗീകാരം നല്കി. സാമ്പത്തികരംഗത്തും പുരോഗമനപരമായ നടപടികളുണ്ടായി.

2005 ഒക്ടോബറിൽ പെറോണിസ്റ്റുകൾക്ക് സെനറ്റിൽ നിർണായക ഭൂരിപക്ഷം ലഭിച്ചു. 2007 ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ കിർച്നറുടെ സഹധർമിണി ക്രിസ്റ്റീന ഫെർണാണ്ടസ് കിർച്നർ വൻ ഭൂരിപക്ഷത്തോടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

ഭരണസംവിധാനം

തിരുത്തുക

ഒരു സ്വതന്ത്രപരാധികാര രാഷ്ട്രമാണ് അർജന്റീന. പ്രസിഡന്റാണ് രാഷ്ട്രത്തലവൻ. ഭരണസൗകര്യാർഥം, രാജ്യത്തെ 23 പ്രവിശ്യകളും ഒരു ഫെഡറൽ ഡിസ്ട്രിക്റ്റുമായി (ബ്യൂനസ് അയർസ്) വിഭജിച്ചിരിക്കുന്നു. 1853-ൽ നിലവിൽവന്ന ഭരണഘടന ഒരു ഫെഡറൽ ഗവൺമെന്റ് വിഭാവന ചെയ്യുന്നു. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും നാലു വർഷത്തേക്കു നേരിട്ടു തെരഞ്ഞെടുക്കുന്നു രണ്ടു മണ്ഡലങ്ങളുള്ള നാഷണൽ കോൺഗ്രസാണ് പരമോന്നത നിയമനിർമ്മാണ സഭ. ഇതിൽ 72 സെനറ്റർമാരും, 257 ഡെപ്യൂട്ടികളും അംഗങ്ങളായുണ്ട്. നാല് വർഷമാണ് ഇവരുടെ കാലാവധി. നാലംഗ സുപ്രീംകോടതിയാണ് രാജ്യത്തെ പരമോന്നത നീതിന്യായ കോടതി. ഓരോ പ്രവിശ്യയ്ക്കും തെരഞ്ഞെടുക്കപ്പെടുന്ന ഗവർണർമാരും നിയമസഭയും കോടതികളുമുണ്ട്.

2001-ലെ സെൻസസ് പ്രകാരം അർജന്റീനയിലെ ജനസംഖ്യ 36,260,130 ആയിരുന്നു. 2010 സെൻസസ് അനുസരിച്ച് ലഭ്യമായ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 40,091,359 ആണ്.[18][19]

Historical population
YearPop.±%
186918,77,490—    
189540,44,911+115.4%
191479,03,662+95.4%
19471,58,93,811+101.1%
19602,00,13,793+25.9%
19702,33,64,431+16.7%
19802,79,47,446+19.6%
19913,26,15,528+16.7%
20013,62,60,130+11.2%
20104,00,91,359+10.6%

തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ മുപ്പത്തിമൂന്നാം സ്ഥാനത്തുമായ അർജന്റീനയിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് 15 ആളുകൾ എന്ന നിരക്കിലാണ് (ആഗോള ജനസാന്ദ്രത 50). ജനനനിരക്ക് 17.75-ഉം മരണനിരക്ക് 7.39-ഉം ആയ അർജന്റീനയിലെ പ്രതിവർഷ ജനസംഖ്യാവർദ്ധനവിന്റെ നിരക്ക് 2010-ൽ ഏകദേശം 1.036% ആയിരുന്നു.[20]

ജനവിതരണം

തിരുത്തുക

തെക്കേ അമേരിക്കയിൽ യൂറോപ്യൻ ഭൂരിപക്ഷമുള്ള ഏക രാജ്യമാണ് അർജന്റീന. സ്പാനിഷ് ഇറ്റാലിയൻ വംശജരാണ് ജനസംഖ്യയിൽ 97 ശതമാനവും. ശേഷിക്കുന്നവരിൽ മെസ്റ്റിസോകളും അമേരിന്ത്യരും ഉൾ പ്പെടുന്നു. വ. പടിഞ്ഞാറുള്ള അതിർത്തി പ്രദേശങ്ങളെ ഏറിയകൂറും മെസ്റ്റിസോവർഗക്കാർ (വെള്ളക്കാരുടെയും അമേരിന്ത്യരുടെയും സങ്കരവർഗം) അധിവസിക്കുന്നു. രാജ്യത്തിന്റെ വ.പടിഞ്ഞാറരികിൽ തനി അമേരിന്ത്യരുടേതായ അധിവാസങ്ങളും കാണാം; എങ്കിലും ജനബാഹുല്യമുള്ള നഗരപ്രദേശങ്ങളിൽ ഒട്ടുമുക്കാലും യൂറോപ്യരാണുള്ളത്. 19-ാം ശ.-ത്തിന്റെ ഉത്തരാർധത്തിൽ രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിലുണ്ടായ അഭൂതപൂർവമായ യൂറോപ്യൻ കുടിയേറ്റമാണ് ജനസംഖ്യയിൽ തദ്ദേശീയർക്കുണ്ടായിരുന്ന ഭൂരിപക്ഷം നഷ്ടപ്പെടുത്തിയത്. പാംപസ് പ്രദേശത്തെ കാർഷിക-വ്യാവസായികവികസനം രണ്ടാമതും യൂറോപ്യൻകുടിയേറ്റം പ്രോത്സാഹിപ്പിച്ചതോടെ തദ്ദേശീയർ തികച്ചും ന്യൂനപക്ഷമായിത്തീർന്നു.

ജനങ്ങളിൽ 85 ശതമാനവും നഗരങ്ങളിൽ വസിക്കുന്നു; തലസ്ഥാന നഗരമായ ബ്യൂനസ്അയർസ് ഭരണ നിർവഹണം വാണിജ്യം, ഉത്പാദനം, സംസ്കാരം എന്നിവയുടെ കേന്ദ്രമാകയാൽ ഇവിടം ജനസംഖ്യയിൽ മുന്നിൽ നില്ക്കുന്നു. (27,68,772) തലസ്ഥാന നഗരിയിൽ ധാരാളം യൂറോപ്യരും താമസമാക്കിയിട്ടുണ്ട്. മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെക്കാൾ ഏറ്റവും കൂടുതൽ മധ്യവർഗങ്ങൾ ഉള്ളതും അർജന്റീനയിലാണ്. ഇവരിൽ ഭൂരിഭാഗവും അധിവസിക്കുന്നത് നഗരങ്ങളെയാകുന്നു. അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ നഗരങ്ങളിൽ സാധാരണമാണ്. ആധുനിക സുഖസൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങളും ധാരാളമുണ്ട്.

1930-കളോടെ ഗ്രാമീണരായ തൊഴിലാളികളിൽ നല്ലൊരു ശ.മാ. തൊഴിലവസരങ്ങൾ തേടി നഗരങ്ങളിലേക്ക് കുടിയേറി. ഇതു നഗരജനസംഖ്യയിൽ ഗണ്യമായ വർധനവുണ്ടാക്കുകയും ജീവിത സൗകര്യങ്ങളിൽ അപര്യാപ്തത സൃഷ്ടിക്കുകയും ചെയ്തു.

അർജന്റീനിയൻ ജനസംഖ്യയുടെ 15 ശതമാനത്തോളം ഗ്രാമീണരാകുന്നു. കൃഷിയും കൈത്തൊഴിലുമാണ് ഇവരുടെ മുഖ്യ ഉപജീവനമാർഗങ്ങൾ. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഗ്രാമീണരെ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും കുടിയേറാൻ പ്രേരിപ്പിക്കുന്നു.

ഭൂരിഭാഗം ജനങ്ങളും കാക്കസോയ്ഡ് വർഗത്തിൽപ്പെട്ട യൂറോപ്യരാണ്. സങ്കരവർഗക്കാരായ മെസ്റ്റിസോകൾ ഏതാണ്ട് 10 ശതമാനത്തോളമേ വരൂ. അടുത്തകാലത്തായി പരാഗ്വേ, ബൊളീവിയ എന്നിവിടങ്ങളിൽനിന്നു കുടിയേറുന്ന തൊഴിലാളികൾ മെസ്റ്റിസോകളുടെ അംഗസംഖ്യയിൽ ഗണ്യമായ വർധനവുണ്ടാക്കിയിട്ടുണ്ട്. കറുത്തവർഗക്കാരും മലാതോകളും ചേർന്ന് മൊത്തം 15,000ത്തോളം വരും. ഏഷ്യൻ വംശജരും നാമമാത്രമായുണ്ട്; ജപ്പാനിൽനിന്നു കുടിയേറിപ്പാർത്തിട്ടുള്ളവരാണിവർ.

അർജന്റീനയിലെ ഔദ്യോഗികഭാഷ സ്പാനിഷ്]] [[ആണ്; ദേശീയഭാഷകളിലെ ധാരാളം പദങ്ങൾ സ്വീകരിക്കപ്പെട്ട് വിപുലീകൃതമായ ഒരു പദാവലിയാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. ബ്യൂനസ് അയർസ് മേഖലയിലെ ആദിമവർഗക്കാർക്കിടയിൽ പ്രചാരമുള്ള ഒരു മിശ്രഭാഷയും നിലവിലുണ്ട്; ലുൺഫാർഡോ എന്നറിയപ്പെടുന്ന ഈ ഭാഷയ്ക്ക് പുഷ്ടമായ ഒരു സാഹിത്യവും ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. അതിർത്തി പ്രദേശങ്ങളിൽ അമേരിന്ത്യൻഭാഷകൾക്കാണ് പ്രചാരം. ഇവ കൂടാതെ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ എന്നിവയും ഉപയോഗത്തിലുണ്ട്. വിദ്യാഭ്യാസം.

സാക്ഷരതയിൽ മുന്നിൽ നില്ക്കുന്ന തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഒന്നാണ് അർജന്റീന. പ്രായപൂർത്തിയായവരിൽ 96.7 ശതമാനവും സാക്ഷരരാണ്. ഗവൺമെന്റിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ വിദ്യാഭ്യാസം സൗജന്യമാണ്. ധാരാളം സ്വകാര്യസ്കൂളുകളും ഉണ്ട്. ആറിനും പതിനാലിനും മധ്യേ പ്രായമുള്ള എല്ലാ കുട്ടികളും സ്കൂളുകളിൽ ഹാജരാകണമെന്ന് നിർബന്ധമുണ്ടെങ്കിലും വളരെ ചെറിയൊരു ശ.മാ. കുട്ടികൾ മാത്രമേ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നുള്ളൂ.

1996-ലെ കണക്കനുസരിച്ച് 33 സർവകലാശാലകൾ പൊതുമേഖലയിലും 15 സർവകലാശാലകൾ സ്വകാര്യമേഖലയിലും പ്രവർത്തിക്കുന്നുണ്ട്. ടെക്നിക്കൽ സർവകലാശാലയ്ക്കു പുറമേ മിലിറ്ററി സ്റ്റഡീസ്, നേവൽ ആൻഡ് മാരിടൈം സ്റ്റഡീസ് എന്നിവയ്ക്കും വെവ്വേറെ സ്ഥാപനങ്ങളുണ്ട്. ഏഴ് റോമൻ കത്തോലിക്കാ സർവകലാശാലകൾ, ഒരു അഡ്വെന്റിസ്റ്റ് സർവകലാശാല, ബിസിനസ് അഡ്മിനിസ്ട്രേഷൻ സർവകലാശാലകൾ തുടങ്ങിയവയും ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നു. മതം.

ജനങ്ങളിൽ ബഹുഭൂരിപക്ഷം (90 ശ.മാ.) റോമൻ കത്തോലിക്കാ വിഭാഗത്തിൽ പ്പെട്ടവരാണ്; ഇത് ഔദ്യോഗികമതമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. സ്പെയിൻകാരാണ് അർജന്റീനയിൽ പ്രസ്തുത മതം പ്രചരിപ്പിച്ചത്. പരിപൂർണമായ ആരാധനാസ്വാതന്ത്ര്യം നിയമംമൂലം ഉറപ്പുവരുത്തിയിട്ടുണ്ട്; യൂറോപ്യൻകുടിയേറ്റം പ്രോത്സാഹിപ്പിക്കുവാനുദ്ദേശിച്ച് 19-ാം ശ.-ത്തിൽ നിലവിൽ വരുത്തിയതാണീ നിയമം. പെറോൺ ഭരണകാലത്ത് (1946-55) സ്ത്രീകൾക്കു സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ സമത്വം നിയമപരമായി അനുവദിക്കപ്പെട്ടു. ജനസംഖ്യയിൽ മൂന്നു ശ.മാ. പ്രൊട്ടസ്റ്റന്റുകളാണ്. രണ്ടു ശതമാനത്തോളം ജൂതരും നാമമാത്രമായി മുസ്ലിങ്ങളുമുണ്ട്.

സമ്പദ്‌വ്യവസ്ഥ

തിരുത്തുക

പരമ്പരാഗതമായി കൃഷിയായിരുന്നു അർജന്റീനിയൻ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ. ഇപ്പോൾ വ്യാവസായിക സേവനമേഖലകൾ കാർഷിക മേഖലയ്ക്കൊപ്പം പ്രാധാന്യം നേടിയിരിക്കുന്നു. കന്നുകാലി വളർത്തലും ധാന്യവിളകളുടെ ഉത്പാദനവും അർജന്റീനയയുടെ ധനാഗമ മാർഗങ്ങളിൽ ഇപ്പോഴും നിർണായക സ്ഥാനം അലങ്കരിക്കുന്നു. ഗോതമ്പ്, ചോളം, ഓട്സ്, മാട്ടിറച്ചി, ആട്ടിറച്ചി, കമ്പിളി, തുകൽ എന്നിവയുടെ കയറ്റുമതിയിൽ അർജന്റീന, യു.എസ്., കാനഡ, ആസ്റ്റ്രേലിയ എന്നീ രാജ്യങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നു.

കാലാവസ്ഥയിലെ വൈവിധ്യത്താൽഅനുഗൃഹീതമായ അർജന്റീനയിൽ വിവിധയിനം വിളകൾ ഉത്പാദിപ്പിക്കപ്പെടുന്നു. പാംപസ് ആണ് രാജ്യത്തെ മുഖ്യകാർഷികോത്പാദനകേന്ദ്രം. ഈ പ്രദേശത്ത് ധാന്യങ്ങളാണ് മുഖ്യകൃഷി. കാലിത്തീറ്റയ്ക്കുള്ള പുൽവർഗങ്ങളും ഗോതമ്പ്, ചോളം എന്നീ ധാന്യങ്ങളും ഇടവിട്ടിടവിട്ട് കൃഷി ചെയ്യപ്പെടുന്നു. ബാർലി, ഓട്സ്, റായി തുടങ്ങിയ പരുക്കൻ ധാന്യങ്ങളും നേരിയതോതിൽ കൃഷിചെയ്യപ്പെടുന്നുണ്ട്. ശാസ്ത്രീയകൃഷി സമ്പ്രദായങ്ങൾ പ്രാവർത്തികമായിട്ടുണ്ട്. പരുത്തി, കരിമ്പ്, പുകയില, എണ്ണക്കുരുക്കൾ, സൂര്യകാന്തി, സൊയാബീൻ, മുന്തിരി എന്നിവയാണ് നാണ്യവിളകൾ. നെൽകൃഷിയും നാമമാത്രമായുണ്ട്.

രാജ്യത്തിന്റെ ഉത്തരമധ്യഭാഗത്തുള്ള ജലസേചിത പ്രദേശങ്ങളിൽ നാരകം, ആപ്പിൾ, പ്ലം, പീച്ച്, മുന്തിരി തുടങ്ങിയ ഫലവർഗങ്ങൾ സമൃദ്ധമായി കൃഷി ചെയ്യുന്നു.

പാംപസ് പുൽപ്രദേശം കാലിവളർത്തലിനു പറ്റിയതാണ്. ഷോർട്ട്ഹോൺ, അബർദീൻ ആംഗസ്, ഹിയർഫോഡ് തുടങ്ങിയ മുന്തിയയിനം കാലികൾ ഇവിടെ വളർത്തപ്പെടുന്നു. ജനപ്പെരുപ്പത്തിനനുസരിച്ച് മൃഗങ്ങളുടെ എണ്ണം വർധിക്കുന്നില്ലാത്തതിനാൽ പ്രതിശീർഷ-അനുപാതം ക്രമമായി കുറഞ്ഞു കാണുന്നു. വരൾച്ചയും ഇടയ്ക്കിടെ പിടിപെടുന്ന പകർച്ചവ്യാധികളും കാലികളുടെ എണ്ണത്തിൽ കുറവുവരുത്തുന്നു. കൊമ്പും തുകലുമാണ് കയറ്റുമതി ചെയ്യപ്പെടുന്ന മുഖ്യവസ്തുക്കൾ. അർജന്റീനയുടെ മിക്കഭാഗങ്ങളിലും ആടുവളർത്തൽ ഗണ്യമായ തോതിൽ പുരോഗമിച്ചിട്ടുണ്ട്; പാറ്റഗോണിയ, പാംപസ് എന്നീ പ്രദേശങ്ങളാണ് മുൻപന്തിയിൽ നില്ക്കുന്നത്. കോറീഡേൽ, ലിങ്കൺ, മെരിനൊ, റോംനിമാർഷ് എന്നീ വിശേഷപ്പെട്ടയിനം ആടുകളെ ഇവിടെ കാണാം. പ്രതിശീർഷ മാംസാഹാരത്തിന്റെ കാര്യത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഉറുഗ്വേയെത്തുടർന്ന് രണ്ടാംസ്ഥാനത്തു നില്ക്കുന്ന അർജന്റീനയിലെ ജനങ്ങൾ ആട്ടിറച്ചിയെക്കാൾ മാട്ടിറച്ചി ഇഷ്ടപ്പെടുന്നവരാണ്.

വനവിഭവങ്ങൾ

തിരുത്തുക

ഗ്രാൻചാക്കോ പ്രദേശത്തു ലഭിക്കുന്ന കാബ്രാക്കോ എന്നയിനം തടി സമ്പദ് പ്രധാനമാണ്; ഇതിന്റെ കറ ഊറയ്ക്കിടുന്നതിന് ഉപകരിക്കുന്നു; തടി റെയിൽവേ സ്ലീപ്പറുകൾക്ക് പ്രസിദ്ധമാണ്. അനിയന്ത്രിതമായ ഉപഭോഗം നിമിത്തം ഈ തടി ദുർലഭമായിത്തീർന്നിട്ടുണ്ട്. ധാതുക്കൾ.

ടൈറ്റാനിയം, ലിൻസീഡ് ഓയിൽ എന്നിവയുടെ ലോകത്തെ ഏറ്റവും വലിയ നിക്ഷേപങ്ങൾ അർജന്റീനയിലാണ് ഉപസ്ഥിതമായിട്ടുള്ളത്. ഗാർഹികാവശ്യത്തിനുവേണ്ട പ്രകൃതി എണ്ണ, പ്രകൃതി വാതകം എന്നിവയുടെ നിക്ഷേപവും അർജന്റീനയിലുണ്ട്. പാറ്റഗോണിയാപ്രദേശത്ത് ബ്യൂനസ് അയർസിന് 1,440 കി.മീ. തെ. അത്ലാന്തിക് തീരത്തും വ. ഭാഗത്തുള്ള സാൾട്ടാപ്രവിശ്യയിലും വൻതോതിൽ എണ്ണ ഖനനം ചെയ്യപ്പെടുന്നു. മെൻഡോസാ പ്രവിശ്യയിലെ ലാഹെരാസിൽനിന്ന് യുറേനിയം ലഭിക്കുന്നു. ലോകത്താകെയുള്ള ടങ്സ്റ്റൻ ഉത്പാദനത്തിന്റെ 10 ശതമാനത്തോളം അർജന്റീനയിൽ നിന്നാണ്. സ്വർണം, വെള്ളി, ചെമ്പ്, കറുത്തീയം, നാകം എന്നിവ അല്പമായ തോതിൽ ഖനനം ചെയ്തുവരുന്നു. ഉപ്പ്, ബോറാക്സ്, ആന്റിമണി എന്നിവയും ലഭിക്കുന്നുണ്ട്. വ്യവസായവും വാണിജ്യവും.

കൽക്കരിയുടെ അഭാവം വ്യവസായപുരോഗതിയെ സാരമായി ബാധിക്കുന്നു. പെട്രോളിയവും പ്രകൃതിവാതകവുമാണ് പ്രധാന ഊർജ ഖനിജങ്ങൾ. എണ്ണഖനികളെയും അധിവാസകേന്ദ്രങ്ങളെയും പൈപ്ലൈനുകൾ വഴി ബന്ധിച്ചിരിക്കുന്നു. പ്രധാന ഖനിയായ കൊമൊഡോറോ റിവാദേവിയയിൽനിന്ന് തലസ്ഥാനമായ ബ്യൂനസ് അയർസിലേക്കുള്ള പൈപ്ലൈനിന്റെ നീളം 1,600 കി.മീ. ആണ്. ജലവൈദ്യുതി ഉത്പാദനത്തിനുള്ള സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തിയിട്ടില്ല. മെൻഡോസ, റയോനീഗ്രോ, കൊർദോബ എന്നീ പ്രവിശ്യകളിലാണ് ജലവൈദ്യുതകേന്ദ്രങ്ങളുള്ളത്. ബ്യൂനസ് അയർസ് സമീപസ്ഥമായ സാൻ നിക്കളാസിലെ താപവൈദ്യുതകേന്ദ്രത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. ലാപ്ലാറ്റയിലെ എണ്ണ ശുദ്ധീകരണശാല

ഭക്ഷ്യസംസ്കരണമാണ് പ്രധാന ഉത്പാദന വ്യവസായം. വാഹനങ്ങൾ, വസ്ത്രങ്ങൾ, രാസപദാർഥങ്ങൾ, പെട്രോകെമിക്കൽസ്, സ്റ്റീൽ എന്നിവയും പ്രധാനം തന്നെ. യന്ത്രസാമഗ്രികൾ, വാഹനങ്ങൾ, രാസപദാർഥങ്ങൾ, ലോഹങ്ങൾ, പ്ലാസ്റ്റിക് തുടങ്ങിയവയാണ് പ്രധാന കയറ്റുമതി ഉത്പന്നങ്ങൾ. ബ്രസീൽ, യു.എസ്., ചൈന, ചിലി എന്നിവയാണ് അർജന്റീനയുടെ പ്രധാന വാണിജ്യ പങ്കാളികൾ.

1990-കളിൽ സ്വകാര്യവത്കരണം ഉൾ പ്പെടെയുള്ള സാമ്പത്തിക പരിഷ്കാരങ്ങൾക്ക് അർജന്റീന തുടക്കം കുറിച്ചു. സാമ്പത്തിക പരിഷ്കാരങ്ങൾ സാമ്പത്തിക വളർച്ചാനിരക്കിൽ വർധനവുണ്ടാക്കിയെങ്കിലും തൊഴിലില്ലായ്മയുടെ വർധന സൃഷ്ടിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായില്ല. 2004-05 കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായി. എന്നാൽ 2006 ജനു.-യിൽ അന്തർദേശീയ നാണ്യനിധിയുടെ കടം മുഴുവൻ തിരിച്ചടച്ച് അർജന്റീന സാമ്പത്തികരംഗത്ത് ഒരു പുത്തനുണർവ് കൈവരിച്ചു.

റെയിൽപ്പാതയിൽ ഏറിയകൂറും പാംപസ് പ്രദേശത്താണ് കേന്ദ്രീകരിച്ചിട്ടുള്ളത്. ഈ കാർഷിക മേഖലയിലെ ചെറുനഗരങ്ങളൊക്കെത്തന്നെ കിഴക്കൻതീരത്തുള്ള ബ്യൂനസ് അയർസ്, ബാഹിയാ ബ്ലാങ്ക തുടങ്ങിയ തുറമുഖങ്ങളുമായി റെയിൽമാർഗ്ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ രാജ്യത്തിന്റെ തെ. ഭാഗത്തുള്ള എണ്ണഖനനകേന്ദ്രങ്ങളോളം റെയിൽപ്പാതകൾ ദീർഘിപ്പിച്ചിട്ടില്ല. അർജന്റീനയുടെ വിദേശവാണിജ്യം മൊത്തമായും കപ്പൽമാർഗ്ഗമാണു നടക്കുന്നത്; രാജ്യത്തിന് വാണിജ്യക്കപ്പലുകളുടെ വിപുലമായ ഒരു വ്യൂഹംതന്നെ സ്വായത്തമാണ്. പരാനാ നദി മുഖാന്തരം ഉൾനാടൻ നഗരങ്ങൾ ബ്യൂനസ് അയർസുമായി ബന്ധം പുലർത്തുന്നു. രാജ്യത്തിലെ വിവിധനഗരങ്ങൾ തമ്മിൽ വ്യോമസമ്പർക്കവുമുണ്ട്; ലാറ്റിൻ അമേരിക്കയിലെ അന്യരാജ്യങ്ങളിലേക്കും, യു.എസ്., യൂറോപ്യൻരാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും വിമാനസർവീസുകൾ നിലവിലിരിക്കുന്നു.

കാലാവസ്ഥ

തിരുത്തുക

മിതമായ കാലാവസ്ഥയാണ് അർജന്റീനയുടേത്. രാജ്യത്തിന്റെ ഏറിയഭാഗവും മധ്യ-അക്ഷാംശീയമേഖലയിൽ സ്ഥിതിചെയ്യുന്നതുമൂലം താപനിലയിൽ ഗണ്യമായ ഏറ്റക്കുറച്ചിലുകളും ഋതുവ്യവസ്ഥയിൽ സാരമായ വ്യതിയാനങ്ങളും അനുഭവപ്പെടാവുന്നതാണ്; എന്നാൽ അർജന്റീനയെ സംബന്ധിച്ചിടത്തോളം വൻകരഭാഗത്തിന്റെ വ്യാപ്തി തെക്കോട്ടു ചെല്ലുന്തോറും ക്രമേണ കുറഞ്ഞുവരുന്നതിനാൽ കാലാവസ്ഥ പൊതുവേ സമീകൃതമായിരിക്കുന്നു. രാജ്യത്തിന്റെ തെക്കരികിൽ പ്പോലും താപനിലയിലെ വാർഷികാന്തരം 16 oC-ൽ കൂടുതലല്ല.

താരതമ്യേന ചൂടുകുറഞ്ഞ ഗ്രീഷ്മകാലവും കാഠിന്യം കുറഞ്ഞ ശൈത്യകാലവും ദക്ഷിണ അർജിന്റീനയിലെ കാലാവസ്ഥയുടെ സവിശേഷതയാണ്. പാറ്റഗോണിയ പ്രദേശത്തിന്റെ വടക്കരികിലോളം ഈ സ്ഥിതിയാണുള്ളത്. പാംപസ് പ്രദേശത്തിന്റെ കിഴക്കൻഭാഗങ്ങളിൽ ഫാക്ലൻഡ് ശീതജലപ്രവാഹത്തിന്റെ സ്വാധീനംമൂലം വേനൽക്കാലം ചൂടുകുറഞ്ഞതായിരിക്കുന്നു. എന്നാൽ രാജ്യത്തിന്റെ വടക്കൻഭാഗങ്ങളിൽ വേനൽക്കാലത്തു കഠിനമായ ചൂടാണ്; ഈ ഭാഗമൊഴിച്ച് മറ്റെല്ലായിടത്തും തന്നെ ശൈത്യകാലത്ത് ഹിമബാധ സാധാരണമാണ്.

വർഷപാതം, താരതമ്യേന കുറവാണ്. തെ. ടിറാദെൽ ഫൂഗോയിലും രാജ്യത്തിന്റെ വ.കിഴക്കരികിലും മാത്രമാണ് വർഷം മുഴുവനും സാമാന്യമായ തോതിൽ മഴയുള്ളത്. മറ്റു പ്രദേശങ്ങളിലൊക്കെത്തന്നെ വരണ്ട കാലാവസ്ഥയാണ്. പാംപസ് പ്രദേശത്തെ ശ.ശ. വർഷപാതം 95 സെ.മീ. ആണ്. ഉൾഭാഗത്ത് പരാനാ തടത്തിലെത്തുമ്പോഴേക്കും ഇത് 15 സെ.മീ.-ൽ താഴെയായിത്തീരുന്നു. വ.പടിഞ്ഞാറൻ ഭാഗങ്ങളിൽ മഴ തീരെ ലഭിക്കുന്നില്ല.

അന്റാർട്ടിക്കയിൽനിന്നു വീശുന്ന ശീതക്കാറ്റുകൾ കടൽ കടന്നെത്തുന്നതോടെ ധാരാളം നീരാവി ഉൾ ക്കൊള്ളുന്നതുമൂലം വൻകരയുടെ പടിഞ്ഞാറൻതീരത്ത് സമൃദ്ധമായ മഴ ലഭിക്കുന്നു. എന്നാൽ ആൻഡീസ് പർവതങ്ങൾ കടക്കുമ്പോഴേക്കും ഇവ പ്രായേണ ശുഷ്കമായിത്തീരും. തത്ഫലമായി അർജന്റീനയുടെ പശ്ചിമഭാഗം പൊതുവേ മഴനിഴൽ പ്രദേശമായി വർത്തിക്കുന്നു. ചുരങ്ങൾക്കിടയിലൂടെ കടന്നെത്തുന്ന പടിഞ്ഞാറൻകാറ്റുകൾ നിശ്ചിത മേഖലകളിൽമാത്രം ധാരാളം മഴപെയ്യിക്കുന്നു. ആൻഡീസിനു കിഴക്കായി വൻകരയെ സ്പർശിക്കുന്ന ശീതക്കാറ്റുകൾ ചുഴലിക്കാറ്റുകളായി രൂപം പ്രാപിച്ച് ഘടികാരദിശയിൽ സഞ്ചരിക്കുന്നു. നന്നേ താണ ഊഷ്മാവിലുള്ള ഈ വായുപിണ്ഡങ്ങൾ മഴപെയ്യിക്കുന്നില്ലെങ്കിലും ശക്തമായ കൊടുങ്കാറ്റുകൾക്കു കാരണമാവുന്നു.

താപമർദവ്യവസ്ഥകളിലെ വൈവിധ്യംമൂലം അർജന്റീനയുടെ വിവിധഭാഗങ്ങളിൽ പ്രാദേശികവാതങ്ങളുടെ പ്രഭാവം പ്രകടമാണ്. തെക്കും തെ.പടിഞ്ഞാറും നിന്നുവീശുന്ന നോർതേ, ആൻഡീസ് പർവതസാനുക്കളിൽ അനുഭവപ്പെടുന്ന 'സോണ്ട' എന്നീ ഉഷ്ണക്കാറ്റുകളും ഇക്കൂട്ടത്തിൽപ്പെടുന്നു.

സസ്യജാലം

തിരുത്തുക
 
The ceibo is the national flower of Argentina

കാലാവസ്ഥയിലെ വൈവിധ്യം സസ്യജാലങ്ങളുടെ വിതരണം ക്രമപ്പെടുത്തുന്നു. മഴ കൂടുതലുള്ള ഭാഗങ്ങളിൽ മാത്രമേ വനങ്ങൾ ഉള്ളൂ. സാമാന്യം മഴയുള്ളിടത്ത് കുറ്റിക്കാടുകളും ഉയരംകുറഞ്ഞ വൃക്ഷങ്ങളുമാണുള്ളത്. മഴക്കുറവുമൂലം സസ്യരഹിതമായ മരുപ്രദേശങ്ങൾ വ്യാപകമായി കാണാം. പാംപസ് പ്രദേശത്ത് സാമാന്യം നല്ല മഴ ലഭിക്കുന്നെങ്കിൽ പ്പോലും ഉയരംകൂടിയ പുൽവർഗങ്ങളാണ് സമൃദ്ധമായുള്ളത്.

ഉത്തര അർജന്റീനയിലെ ഗ്രാൻചാക്കോ എന്നറിയപ്പെടുന്ന എക്കൽ സമതലങ്ങളിൽ ഉയരംകുറഞ്ഞ പത്രപാതി വൃക്ഷങ്ങളും സവന്നാ മാതൃകയിലുള്ള പുൽമേടുകളും കണ്ടുവരുന്നു; മുൾക്കൂട്ടങ്ങളും ധാരാളമുണ്ട്. നദീതീരങ്ങളിൽ ഇലകൊഴിയാത്ത വൻവൃക്ഷങ്ങൾ നിബിഡമായി വളരുന്നതു സാധാരണമാണ്. ഇതിനു തെക്കുള്ള വരണ്ട പ്രദേശങ്ങളിൽ മരുരുഹങ്ങളാണ് പ്രധാനമായുള്ളത്; മോണ്ടേ എന്നു വിളിക്കപ്പെടുന്ന മുൾ ച്ചെടി ധാരാളമുണ്ട്. ജലസേചനസൗകര്യങ്ങൾ വർധിച്ചതോടെ ഈ പ്രദേശങ്ങൾ കൃഷിസ്ഥലങ്ങളായി മാറിയിട്ടുണ്ട്. പാറ്റഗോണിയ പൊതുവേ സസ്യരഹിതമാണ്. മരുരുഹങ്ങളായ മുൾ ച്ചെടികളാണ് ഇവിടത്തെയും സസ്യസമ്പത്ത്. അർജന്റീനയുടെ തെക്കരികിലെ ആൻഡീസ് പ്രാന്തങ്ങളിൽ സ്റ്റെപ്പ് മാതൃകയിലുള്ള പുൽവർഗങ്ങളും ടീറാദെൽ ഫൂഗോ പ്രദേശത്തെ മലഞ്ചരിവുകളിൽ നിത്യഹരിതവനങ്ങളും കാണപ്പെടുന്നു.

ജന്തുജാലം

തിരുത്തുക
 
പൂമ

പരാനാ-പരാഗ്വേ തടപ്രദേശത്തുള്ള വനങ്ങളും ചതുപ്പുകളും കുരങ്ങുകൾ, തപീർ, മാൻ, ഉറുമ്പുതീനി, പുള്ളിപ്പുലി എന്നിവയുടെയും മൂഷികവർഗങ്ങളുടെയും നീർപ്പന്നി (Capybara), കോയ്പു (Coypu) തുടങ്ങിയ ജലജീവികളുടെയും ആവാസകേന്ദ്രങ്ങളാണ്. പുൽമേടുകളിലും മരുപ്രദേശങ്ങളിലുമുള്ള സവിശേഷ ജീവികൾ അർജന്റീനയിൽ മാത്രമേ കാണപ്പെടുന്നുളളു. ഒട്ടകവർഗത്തിൽ പ്പെട്ട ഗൊണാക്കോ, ഒട്ടകപ്പക്ഷിയുടെ ഇനത്തിൽ പ്പെട്ട റിയ എന്നിവ ഇക്കൂട്ടത്തിൽ പ്പെടുന്നു. പാറ്റഗോണിയൻ കാവി (Dolichotis), വിസാക്ക എന്നിവയും മരുപ്രദേശത്തു കാണപ്പെടുന്ന ആർമഡിലോ, പിച്ചി സീയാഗോ എന്നിവയും അപൂർവ ജന്തുക്കളാണ്. പ്യൂമയും രാജ്യമൊട്ടാകെ കാണപ്പെടുന്നു. പക്ഷികളുടെ കൂട്ടത്തിൽ കോൺഡർ (Vulture gryplaus) പെർദിസ്, ഓവൻബേർഡ് എന്നിവയാണു ധാരാളമുള്ളത്. പാമ്പ്, ആമ, ഉരഗവർഗങ്ങൾ, തവള എന്നിവയും ധാരാളമായുണ്ട്. അർജന്റീനയിലെ നദികളിൽ സാധാരണമായി കണ്ടുവരുന്ന ഡൊറാഡോ എന്ന മത്സ്യം സമ്പദ്പ്രധാനമാണ്.

  1. Constitution of Argentina, art. 35.
  2. Crow 1992, p. 457: "In the meantime, while the crowd assembled in the plaza continued to shout its demands at the cabildo, the sun suddenly broke through the overhanging clouds and clothed the scene in brilliant light. The people looked upward with one accord and took it as a favorable omen for their cause. This was the origin of the ″sun of May″ which has appeared in the center of the Argentine flag and on the Argentine coat of arms ever since."; Kopka 2011, p. 5: "The sun's features are those of Inti, the Incan sun god. The sun commemorates the appearance of the sun through cloudy skies on May 25, 1810, during the first mass demonstration in favor of independence."
  3. 3.0 3.1 "CIA - The World Factbook - Argentina". Archived from the original on 2009-05-13. Retrieved 2008-10-11.
  4. 4.0 4.1 4.2 "Población por sexo e índice de masculinidad. Superficie censada y densidad, según provincia. Total del país. Año 2010" (XLS). Censo Nacional de Población, Hogares y Viviendas 2010 (in സ്‌പാനിഷ്). Buenos Aires: INDEC – Instituto Nacional de Estadística y Censos. 2010. Archived from the original on 2014-06-08. Retrieved 2014-11-09.
  5. "Cuadro 1. Población estimada al 1 de julio de cada año calendario por sexo. Total del país. Años 2010–2040" (XLS). Censo Nacional de Población, Hogares y Viviendas 2010 (in സ്‌പാനിഷ്). Buenos Aires: INDEC – Instituto Nacional de Estadística y Censos. 2010. Archived from the original on 2014-06-08. Retrieved 2014-11-09.
  6. 6.0 6.1 6.2 6.3 "Argentina". World Economic Outlook Database, October 2014. International Monetary Fund. 2 November 2014.
  7. "Argentina – GINI index". Index Mundi – World Bank, Development Research Group. 2011. Archived from the original on 2013-11-11. Retrieved 2014-11-09.
  8. "Human Development Report 2014 – Summary" (PDF). New York, NY, USA: United Nations Development Programme. 2014. pp. 15, 16. Archived (PDF) from the original on 2014-07-27. Retrieved 2014-11-09.
  9. Ley No. 5598 de la Provincia de Corrientes, 22 de octubre de 2004
  10. Ley No. 6604 de la Provincia de Chaco, 28 de julio de 2010, B.O., (9092)
  11. "Article 35 of the Argentine Constitution". Archived from the original on 2009-02-21. Retrieved 2009-05-23.
  12. Mountains of the Earth The Highest Mountain Peak on Each Continent
  13. Aconcagua, the highest in the Western Hemisphere
  14. Depressions The Lowest Surface Point on Each Continent
  15. About Termas de Río Hondo Archived 2006-11-12 at the Wayback Machine..
  16. Magdalena oil spill
  17. "Global Argentina". National Law Center for Inter-American Free Trade. 1997. Archived from the original on 2007-02-05. Retrieved 2009-05-23.
  18. "Proyecciones provinciales de población por sexo y grupos de edad 2001–2015" (PDF). Gustavo Pérez. INDEC. Archived (PDF) from the original on 2005-11-09. Retrieved 2008-06-24. {{cite web}}: Unknown parameter |formato= ignored (|format= suggested) (help); Unknown parameter |idioma= ignored (|language= suggested) (help); Unknown parameter |páginas= ignored (|pages= suggested) (help)
  19. Censo 2010: Censo Nacional de Población, Hogares y Viviendas (in Spanish)
  20. "Argentina". The World Factbook. CIA. Archived from the original on 2007-06-12. Retrieved 2011-02-02.


തെക്കേ അമേരിക്ക

അർജന്റീനബൊളീവിയബ്രസീൽചിലികൊളംബിയഇക്വഡോർഫോക്ക്‌ലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ)ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം)ഗയാനപരാഗ്വെപെറുസുരിനാംഉറുഗ്വെവെനിസ്വേല

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അർജന്റീന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. Article 35 of the Argentine Constitution gives equal recognition to the names "United Provinces of the River Plate", "Argentine Republic" and "Argentine Confederation" and authorizes the use of "Argentine Nation" in the making and enactment of laws.[1]
  2. Area does not include territorial claims in Antarctica (965,597 km2, including the South Orkney Islands), the Falkland Islands (11,410 km2), the South Georgia (3,560 km2) and the South Sandwich Islands (307 km2).[4]
  3. Though not declared official de jure, the Spanish language is the only one used in the wording of laws, decrees, resolutions, official documents and public acts.
"https://ml.wikipedia.org/w/index.php?title=അർജന്റീന&oldid=3990046" എന്ന താളിൽനിന്ന് ശേഖരിച്ചത്