സൗത്ത് ആഫ്രിക്ക

ദക്ഷിണ ആഫ്രിക്കൻ രാജ്യം
(ദക്ഷിണാഫ്രിക്ക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തുള്ള രാജ്യമാണ് റിപ്പബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക. ഈ രാജ്യത്തിന്റെ അതിർത്തികൾ നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, മൊസാംബിക്ക്, സ്വാസിലാന്റ്, ലെസോത്തോ എന്നിവയാണ്. (ലെസോത്തോ സൗത്ത് ആഫ്രിക്കയാൽ നാലു വശവും ചുറ്റപ്പെട്ട ഒരു സ്വതന്ത്ര രാജ്യമാണ്).[1] ദക്ഷിണാഫിക്കയ്ക്ക് അറ്റ്‌ലാന്റിക് സമുദ്രത്തിനോടും ഇന്ത്യൻ മഹാസമുദ്രത്തിനോടുമായി തൊട്ടുകിടക്കുന്ന 2,798 കിലോമീറ്റർ (9,180,000 അടി) കടൽത്തീരമുണ്ട് [2][3] കോമൺ‌വെൽത്ത് ഓഫ് നേഷൻസിന്റെ അംഗമായ സൗത്ത് ആഫ്രിക്ക, ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും സാമൂഹികമായും സാമ്പത്തികമായും വികസിച്ച രാഷ്ട്രമായി കരുതപ്പെടുന്നു. സാംസ്കാരികമായി വളരേയേറെ വൈവിധ്യം പുലർത്തുന്ന് ഇവിടെ ഭരണഘടന [3] ആഫ്രിക്കാൻസ് (Afrikaans), ഇംഗ്ലീഷ്, , ഇസിസുലു (Zulu), സെറ്റ്സ്വാന (Tswana) ഇസിക്സ്ഹോസ (Xhosa), സിറ്റ്സോങ്ഗ (Tsonga, Xitsonga), സെസോതോ (Southern Sotho), സെസോതോ സ ലെബൊ (Northern Sotho), ഇസിന്റിബെലെ (Southern Ndebele), സിസ്വാതി (Swazi), ഷിവെൻഡ (Venda), എന്നീ പതിനൊന്ന് ഭാഷകളെ ഔദ്യോഗികഭാഷയായി അംഗീകരിച്ചിട്ടുണ്ട് . [4]

റിപ്പബ്ലിക്ക് ഓഫ് സൗത്ത്
  • Republiek van Suid-Afrika
  • IRiphabliki yeSewula Afrika
  • IRiphabliki yaseMzantsi Afrika
  • IRiphabliki yaseNingizimu Afrika
  • IRiphabhulikhi yeNingizimu Afrika
  • Rephaboliki ya Afrika-Borwa
  • Rephaboliki ya Afrika Borwa
  • Rephaboliki ya Aforika Borwa
  • Riphabliki ra Afrika Dzonga
  • Riphabuiki ya Afurika Tshipembe

Flag of South Africa
Flag
Coat of arms of South Africa
Coat of arms
ദേശീയ മുദ്രാവാക്യം: !ke e: ǀxarra ǁke  (ǀXam)
“Unity In Diversity” (literally “Diverse People Unite”)
ദേശീയ ഗാനം: National anthem of South Africa
Location of South Africa
തലസ്ഥാനംPretoria (executive)
Bloemfontein (judicial)
Cape Town (legislative)
വലിയ നഗരംJohannesburg (2006) [1]
ഔദ്യോഗിക ഭാഷകൾ
നിവാസികളുടെ പേര്South African
ഭരണസമ്പ്രദായംParliamentary republic
• President
സിറിൽ റമഫോസ
ഡേവിഡ് മാബൂസ
Independence 
• Union
31 മേയ് 1910
11 ഡിസംബർ 1931
31 മേയ് 1961
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
1,221,037 കി.m2 (471,445 ച മൈ) (24th)
•  ജലം (%)
Negligible
ജനസംഖ്യ
• 2008 CIA estimate
43.9 million (25th)
•  ജനസാന്ദ്രത
39/കിമീ2 (101.0/ച മൈ) (136th)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$467,95 billion Increase (25th)
• പ്രതിശീർഷം
$10,600 Decrease (57th)
ജിനി (2000)57.8
high
എച്ച്.ഡി.ഐ. (2007)0.674 Increase
Error: Invalid HDI value · 121st
നാണയവ്യവസ്ഥSouth African rand (ZAR)
സമയമേഖലUTC+2 (SAST)
കോളിംഗ് കോഡ്+27
ISO കോഡ്ZA
ഇൻ്റർനെറ്റ് ഡൊമൈൻ.za

ഭരണകൂടം

തിരുത്തുക
 
പ്രിട്ടോറിയയിലെ യൂണീയൻ ബിൽഡിങ്
 
പാർലമെന്റ് കേപ് ടൗൺ

പ്രസിഡന്റ് രാഷ്ട്രത്തലവനായുള്ള ഭരണസമ്പ്രദായമാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. ഗവണ്മെന്റിന്റെ തലവൻകൂടിയായ പ്രസിഡന്റിനെ അഞ്ചുവർഷക്കാലത്തേക്കു തെരഞ്ഞെടുക്കുന്നു. പാർലമെന്റിന്റെ രണ്ട് സഭകളിൽ ഒന്നായ നാഷണൽ അസംബ്ലിയാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ഭരണ കാര്യങ്ങൾക്കായി മന്ത്രിസഭയെ നിയമിക്കുന്നത് പ്രസിഡന്റാണ്.

നാഷണൽ അസംബ്ലിയും നാഷണൽ കൗൺസിൽ ഒഫ് പ്രോവിൻസസും ആണ് പാർലമെന്റിന്റെ രണ്ട് സഭകൾ. നാഷണൽ അസംബ്ളിയിൽ 400 അംഗങ്ങളുണ്ട്. ഇവരെ ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുന്നു. അഞ്ചുവർഷമാണ് സഭയുടെ കാലാവധി. നാഷണൽ കൌൺസിൽ ഒഫ് പ്രോവിൻസസിൽ 90 അംഗങ്ങളാണുള്ളത്. രാജ്യത്തിലെ ഒൻപത് പ്രവിശ്യാനിയമസഭകൾ ഓരോന്നും പത്ത് അംഗങ്ങളെ വീതം ഈ സഭയിലേക്കു തെരഞ്ഞെടുക്കുന്നു. ഈ സഭയുടെയും കാലാവധി അഞ്ചുവർഷമാണ്. പ്രാദേശിക താത്പര്യങ്ങൾ സംരക്ഷിക്കുവാനുള്ള പ്രത്യേക അധികാരങ്ങൾ നാഷണൽ കൌൺസിൽ ഒഫ് പ്രോവിൻസസിനുണ്ട്.

നിരവധി രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ സംഘടനകളും രാജ്യത്ത് പ്രവർത്തിക്കുന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (A.N.C), കൺസർവേറ്റിവ് പാർട്ടി (C.P), ഡെമോക്രാറ്റിക് പാർട്ടി (D.P.), ലേബർ പാർട്ടി (L.P.), നാഷണൽ പാർട്ടി (N.P. അഥവാ Nats), നാഷണൽ പീപ്പിൾസ് പാർട്ടി (N.P.P) എന്നിവയാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ. ആഫ്രിക്കൻ റെസിസ്റ്റൻസ് മൂവ്മെന്റ്, അസാനിയൻ പീപ്പിൾസ് ഓർഗനൈസേഷൻ, പാൻ ആഫ്രിക്കനിസ്റ്റ് കോൺഗ്രസ് തുടങ്ങിയ രാഷ്ട്രീയ സംഘടനകളും ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്നു.

ഭരണഘടനാ കോടതി (Constitutional Court), സുപ്രീം കോടതി (Supreme court of appeals), ഹൈക്കോടതികൾ, മജിസ്റ്റ്രേറ്റ് കോടതികൾ എന്നിവയാണ് നീതിന്യായരംഗത്തുള്ള കോടതികൾ. റോമൻ-ഡച്ച് ലോ, ഇംഗ്ലിഷ് കോമൺ ലോ എന്നിവയാണ് നീതിന്യായ നിർവഹണത്തിന് അടിസ്ഥാനം.

 
ദക്ഷിണാഫ്രിക്കയിലെ പ്രോവിൻസുകൾ

ഭൂമിശാസ്ത്രം

തിരുത്തുക

വിസ്തൃതമായ പീഠഭൂമികളും ഉത്തുംഗമായ പർവതങ്ങളും ആഴമേറിയ താഴ്വരകളും മരുഭൂമികളും നിറഞ്ഞ ഭൂപ്രകൃതിയാണ് ദക്ഷിണാഫ്രിക്കയുടേത്. അസാധാരണമായ പ്രകൃതിസൗന്ദര്യവും മനോഹരമായ കടൽത്തീരങ്ങളും പ്രസിദ്ധമായ സഫാരി പാർക്കുകളും വന്യജീവി സംരക്ഷണകേന്ദ്രങ്ങളും ഊഷ്മളമായ കാലാവസ്ഥയും ദക്ഷിണാഫ്രിക്കയെ ഒരു വിനോദസഞ്ചാരകേന്ദ്രമാക്കുന്നു.

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കേയറ്റത്തു സ്ഥിതിചെയ്യുന്ന ദക്ഷിണാഫ്രിക്കയെ ഭൂപ്രകൃതിയനുസരിച്ച് അഞ്ച് പ്രധാന മേഖലകളായി വിഭജിച്ചിരിക്കുന്നു. പീഠഭൂമി, തീരദേശം, കേപ് പർവതപ്രദേശം, കൽഹാരി മരുഭൂമി, നമീബ് മരുഭൂമി എന്നിവയാണ് ആ മേഖലകൾ.

പീഠഭൂമി

തിരുത്തുക
 
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതനിരകളായ ഡ്രാക്കൻസ്ബർഗ്

ദക്ഷിണാഫ്രിക്കയുടെ പ്രധാന ഭൂഭാഗമാണിത്. രാജ്യത്തിന്റെ മധ്യഭാഗത്തായി വ്യാപിച്ചിരിക്കുന്ന പീഠഭൂമിയെ വലയംചെയ്തു കാണപ്പെടുന്ന 'ദ് ഗ്രെയ്റ്റ് എസ്കാർപ്മെന്റ്' പീഠഭൂമിയെ തീരദേശത്തിൽനിന്നു വേർതിരിക്കുന്നു. ചെങ്കുത്തായ നിരവധി കുന്നുകളും പർവതങ്ങളും നിറഞ്ഞ ഗ്രെയ്റ്റ് എസ്കാർപ്മെന്റിന് രാജ്യത്തിന്റെ കിഴക്കൻ ഡ്രാക്കൻസ്ബർഗിലാണ് ഏറ്റവും കൂടിയ ഉയരം (3,350 മീ.) ഉള്ളത്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ചാമ്പാജിൻ കാസ്റ്റൽ (3,375 മീ.) സ്ഥിതിചെയ്യുന്നത് ഡ്രാക്കൻസ്ബർഗിലാണ്. എസ്കാർപ്മെന്റിൽ നിന്ന് താഴേക്കു വരുന്തോറും ചരിവ് കുറഞ്ഞുവരുന്ന പീഠഭൂമിക്ക് ഹൈ വെൽഡ് (High Veld), മിഡിൽ വെൽഡ് (Middle Veld), ട്രാൻസ്വാൾ തടം (Transvaal Basin) എന്നിങ്ങനെ മൂന്ന് പ്രധാന ഉപമേഖലകളുണ്ട്. പീഠഭൂമിയുടെ വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ അഗ്രഭാഗങ്ങൾ ഒഴികെയുള്ള മേഖലയെ പ്രതിനിധാനം ചെയ്യുന്ന ഉപമേഖലയാണ് ഹൈ വെൽഡ്. സമുദ്രനിരപ്പിൽനിന്ന് സു. 1200 മീ.-നും 1800 മീ.-നും മധ്യേ ഉയരത്തിൽ സ്ഥിതിചെയ്യുന്ന വെൽഡ് ഉപമേഖലയുടെ ഭൂരിഭാഗവും പുൽമേടുകൾ നിറഞ്ഞ നിരപ്പാർന്ന ഭൂപ്രദേശമാണ്. ചിലയിടങ്ങളിൽ നിരപ്പാർന്ന മുകൾത്തട്ടോടുകൂടിയ പർവതങ്ങൾ ഉയർന്നു നില്ക്കുന്നു. ജോഹന്നാസ്ബർഗിനു ചുറ്റുമുള്ള ഹൈ വെൽഡ് ഉപമേഖലാപ്രദേശം വിറ്റ്വാട്ടേഴ്സ് റാൻഡ് (Witwaters Rand) അഥവാ റാൻഡ് എന്നറിയപ്പെടുന്നു. ഉദ്ദേശം 2,600 ച.കി.മീ. വിസ്തൃതിയുള്ള വിറ്റ്വാട്ടേഴ്സ് റാൻഡിലാണ് ലോകത്തിലെ ഏറ്റവും വലിയ സ്വർണഖനിയും ദക്ഷിണാഫ്രിക്കയിലെ പ്രധാന വ്യാവസായിക-വിപണന കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്നത്. ഫലവർഗങ്ങൾ, ചോളം, ഉരുളക്കിഴങ്ങ്, ഗോതമ്പ് എന്നിവയാണ് ഇവിടത്തെ പ്രധാന കാർഷികോത്പന്നങ്ങൾ. കന്നുകാലിവളർത്തലിലും ഇവിടം അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്.

സമുദ്രനിരപ്പിൽനിന്ന് 1,200 മീറ്ററോളം ഉയരമുള്ള ആഫ്രിക്കൻ പീഠഭൂമിയുടെ വടക്കു പടിഞ്ഞാറൻ ഭാഗമാണ് മിഡിൽ വെൽഡ്. വരണ്ടതും നിരപ്പാർന്നതുമായ ഈ പ്രദേശത്തിന്റെ കിഴക്കാണ് ട്രാൻസ്വാൾ തടം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് സു. 1,000 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്ന ട്രാൻസ്വാൾ തടത്തിലെ ചില പർവതനിരകൾക്ക് 1,800 മീറ്ററിലധികം ഉയരമുണ്ട്. പ്രധാനമായും പുൽമേടുകൾ നിറഞ്ഞ ട്രാൻസ്വാൾ തടപ്രദേശത്തിൽ മുള്ളുള്ള വൃക്ഷങ്ങൾ അങ്ങിങ്ങായി വളരുന്നുണ്ട്. ലോകപ്രസിദ്ധ ഗെയിം റിസർവ് ആയ ക്രൂഗർ നാഷണൽ പാർക്ക് (Kruger National Park) സ്ഥിതിചെയ്യുന്നത് ട്രാൻസ്വാൾ തടത്തിലാണ്. ഫലങ്ങൾ, ചോളം, പുകയില എന്നിവയുടെ പ്രധാന ഉത്പാദന കേന്ദ്രം കൂടിയാണ് ഈ പ്രദേശം.

തീരദേശം

തിരുത്തുക

ദക്ഷിണാഫ്രിക്കയുടെ തെക്കുകിഴക്ക് മൊസാംബിക് മുതൽ കേപ് പർവതപ്രദേശം വരെയാണ് തീരദേശം വ്യാപിച്ചിരിക്കുന്നത്. തീരദേശത്തിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങൾ ഒഴികെയുള്ള ഭാഗങ്ങൾക്ക് താരതമ്യേന ഉയരം കുറവാണ്. എന്നാൽ ഡർബൻ മേഖലയിൽ ഭൂതലത്തിന് 600 മീറ്ററോളം ഉയരമുണ്ട്. ദക്ഷിണാഫ്രിക്കയിലെ പ്രമുഖ തീരദേശ വ്യാവസായിക കേന്ദ്രമായ ഡർബൻ തിരക്കേറിയ തുറമുഖ നഗരം, സുഖവാസകേന്ദ്രം എന്നീ നിലകളിലും ശ്രദ്ധേയമാണ്.

കേപ് പർവതപ്രദേശം

തിരുത്തുക

തീരപ്രദേശം മുതൽ നമീബ് മരുഭൂമി വരെ വ്യാപിച്ചിരിക്കുന്ന ഭൂഭാഗമാണ് കേപ് പർവതപ്രദേശം. രാജ്യത്തിന്റെ പടിഞ്ഞാറുഭാഗത്ത് തെക്കുവടക്കു ദിശയിലും തെക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറു ദിശയിലുമാണ് ഈ പർവതം സ്ഥിതിചെയ്യുന്നത്. ദക്ഷിണാഫ്രിക്കയിലെ പ്രധാന വ്യാവസായിക-തുറമുഖ നഗരമായ കേപ് ടൌണിന് വടക്കുകിഴക്ക് വച്ച് ഇവ സന്ധിക്കുന്നു. കേപ് ടൗണിനും ഗ്രെയ്റ്റ് എസ്കാർപ്മെന്റിനും മധ്യേസ്ഥിതിചെയ്യുന്ന ടേബിൾ ലാൻഡുകളാണ് ലിറ്റിൽ കരൂ(Little Karoo)വും ഗ്രെയ്റ്റ് കരൂവും (Great Karoo). ചെമ്മരിയാട്‌ വളർത്തലാണ് ഈ മേഖലയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗം.

നമീബ്-കൽഹാരി മരുഭൂമികൾ

തിരുത്തുക

കേപ് പർവതത്തിനു തെക്ക് അത്ലാന്തിക് സമുദ്രത്തിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന നമീബ് മരുഭൂമി നമീബിയ വരെ വ്യാപിച്ചിരിക്കുന്നു. മിഡിൽ വെൽഡിന് വടക്കു സ്ഥിതിചെയ്യുന്ന കൽഹാരി മരുഭൂമി ബോട്സ്വാനയുമായി അതിർത്തി പങ്കിടുന്നുണ്ട്. മരുഭൂമിയിലെ സസ്യ-മൃഗാദികളെ ഭക്ഷിച്ചു ജീവിക്കുന്ന നായാടികളാണ് ഇവിടത്തെ പ്രധാന ജനവിഭാഗം.

 
ദക്ഷിണാഫ്രിക്കയുടെ ഉപഗ്രഹ ചിത്രം

ജലസമ്പത്ത്

തിരുത്തുക

വളരെ ശുഷ്കമാണ് ദക്ഷിണാഫ്രിക്കയുടെ ജലസമ്പത്ത്. നീരൊഴുക്കു കുറഞ്ഞ ഇവിടത്തെ നദികൾ ഒന്നുംതന്നെ ഗതാഗതയോഗ്യമല്ല. ഓറഞ്ച് നദിയാണ് രാജ്യത്തിലെ ഏറ്റവും നീളമുള്ള നദി. ലെസോതോയിൽ നിന്ന് ഉദ്ഭവിക്കുന്ന ഓറഞ്ച് നദി ഉദ്ദേശം 2,100 കി.മീ. പടിഞ്ഞാറോട്ടൊഴുകി അത്ലാന്തിക് സമുദ്രത്തിൽ പതിക്കുന്നു. കിഴക്കൻ ട്രാൻസ്വാളിൽനിന്ന് ഉദ്ഭവിക്കുന്ന വാൾ നദിയാണ് (1,210 മീ.) ഇതിന്റെ പ്രധാന പോഷകനദി. 1,500 കി.മീ. നീളമുള്ള ലിംപോപോയാണ് മറ്റൊരു പ്രധാന നദി. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട തടാകങ്ങളും കാണപ്പെടുന്നുണ്ട്.

കാലാവസ്ഥ

തിരുത്തുക

ഭൂമധ്യരേഖയ്ക്കു തെക്കായി സ്ഥിതി ചെയ്യുന്നതിനാൽ ദക്ഷിണാഫ്രിക്കയിൽ ഉത്തരാർധഗോളത്തിലേതിനു വിപരീതമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വർഷത്തിലുടനീളം ഊഷ്മളമായ കാലാവസ്ഥ അനുഭവപ്പെടുന്നു. തെളിഞ്ഞ ആകാശവും മിതമായ തോതിൽ ലഭിക്കുന്ന സൂര്യപ്രകാശവും ദക്ഷിണാഫ്രിക്കൻ കാലാവസ്ഥയുടെ പ്രത്യേകതയാണ്. എന്നാൽ ഉയരവ്യത്യാസത്തിന് ആനുപാതികമായി കാറ്റും സമുദ്രജലപ്രവാഹവും കാലാവസ്ഥയെ നിർണായകമാംവിധം സ്വാധീനിക്കുന്നുണ്ട്. ഉദാ. കേപ് പർവത പ്രദേശത്ത് മിതോഷ്ണവും വരണ്ടതുമായ വേനലും തണുത്തതും ഈർപ്പഭരിതവുമായ ശൈത്യവും അനുഭവപ്പെടുമ്പോൾ തീരപ്രദേശത്ത് ചൂടു കൂടിയ വേനൽക്കാലവും വരണ്ട ശൈത്യവുമാണ് അനുഭവപ്പെടുന്നത്. എന്നാൽ കിഴക്കൻ പീഠഭൂമി പ്രദേശത്ത് വേനൽക്കാലങ്ങളിൽ പകൽ ഉയർന്ന താപനിലയും രാത്രിയിൽ വളരെ താഴ്ന്ന താപനിലയും അനുഭവപ്പെടുന്നു. രാജ്യത്തിന്റെ നാലിലൊന്നു പ്രദേശത്തു മാത്രമേ വർഷത്തിൽ 65 സെന്റിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാറുള്ളൂ. കേപ് പർവത പ്രദേശം ഒഴികെയുള്ള ഭാഗങ്ങളിൽ വേനൽക്കാലത്താണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. രാജ്യത്തിന്റെ കിഴക്കുനിന്ന് പടിഞ്ഞാറോട്ടു വരുന്തോറും മഴയുടെ അളവ് പൊതുവേ കുറഞ്ഞുവരുന്നു. എന്നാൽ, കിഴക്കൻ തീരപ്രദേശത്തിലെ ചിലയിടങ്ങളിൽ വർഷത്തിൽ 100 സെ.മീ. വരെ മഴ ലഭിക്കാറുണ്ട്.

ജൈവസമ്പത്ത്

തിരുത്തുക

ദക്ഷിണാഫ്രിക്കയുടെ ജൈവസമ്പത്തിൽ സസ്യപ്രകൃതിക്ക് താരതമ്യേന അപ്രധാനമായ സ്ഥാനമേ ഉള്ളൂ. പൊതുവേ വിസ്തൃതി കുറഞ്ഞ വനപ്രദേശങ്ങളും കുറ്റിക്കാടുകളുമാണ് ഇവിടെ ഉള്ളത്. ഈസ്റ്റ് ലണ്ടൻ മുതൽ മൊസാംബിക് വരെയുള്ള തീരദേശത്ത് കുറ്റിച്ചെടികൾ മാത്രം വളരുന്ന കാടുകളും, താരതമ്യേന ഉയരം കൂടിയ പ്രദേശങ്ങളിൽ ബുഷ് വെൽഡ് അഥവാ ലോ വെൽഡ് എന്നു വിളിക്കുന്ന സാവന്നാ വനങ്ങളും കാണാം. തീരദേശത്തുനിന്ന് ഏകദേശം 160 കി.മീ. അകലെ കടലിനഭിമുഖമായി സ്ഥിതിചെയ്യുന്ന പർവത ചരിവുകളിലാണ് വൻ വൃക്ഷങ്ങൾ വളരുന്ന വനങ്ങൾ അധികവും കാണപ്പെടുന്നത്. ഈ വനങ്ങളിൽ ബ്ളാക്ക് സ്റ്റിങ്ക് വുഡിനു പുറമേ ബ്ളാക്ക് അയൺ വുഡ്, വൈറ്റ് പീർ, വാഹന നിർമ്മാണത്തിനുപയോഗിക്കുന്ന അസ്സഗായ് തുടങ്ങിയ വൻ വൃക്ഷങ്ങൾ സമൃദ്ധമായി വളരുന്നു.

ദക്ഷിണാഫ്രിക്കയുടെ ദേശീയ പുഷ്പമാണ് കിങ് പ്രോടിയ.

ലോകപ്രസിദ്ധമായ നിരവധി വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ ദക്ഷിണാഫ്രിക്കയിലുണ്ട്. മൊസാംബിക് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ക്രൂഗർ (21,000 ച.കി.മീ.) ആണ് ദക്ഷിണാഫ്രിക്കയിലെ മുഖ്യ നാഷണൽ പാർക്ക്. ഉപോഷ്ണ മേഖലാ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടെ ആഫ്രിക്കയിൽ കാണപ്പെടുന്ന ഒട്ടുമിക്ക മൃഗങ്ങളുമുണ്ട്. വടക്കൻ നേറ്റാളിൽ ഉള്ള സുലുലൻഡിൽ സ്ഥിതിചെയ്യുന്ന ലുഹ്ലുവെ ഗെയിം റിസർവ് വെളുത്തതും കറുത്തതുമായ കാണ്ടാമൃഗങ്ങളുടെയും വിവിധയിനം കാട്ടുപോത്തുകളുടെയും പ്രധാന സംരക്ഷണ കേന്ദ്രമാണ്. രാജ്യത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന കൽഹാരി നാഷണൽ പാർക്ക് അപൂർവയിനം വർണ മാനുകളുടെ പ്രധാന സംരക്ഷിത കേന്ദ്രമാണ്. പോർട്ട് എലിസബത്തിന് വടക്കു സ്ഥിതിചെയ്യുന്ന അഡോ എലിഫന്റ് പാർക്കിൽ ആന, കാട്ടുപോത്ത് എന്നീ മൃഗങ്ങളെയും അപൂർവയിനം വനസസ്യങ്ങളെയും കാണാം. കേപ് ടൌണിന് കിഴക്കുള്ള സുലുലൻഡ്, ഡ്രാക്കൻസ്ബർഗ് മേഖലകളിലും നിരവധി വന്യജീവി സംരക്ഷണകേന്ദ്രങ്ങൾ ഉണ്ട്.

ദക്ഷിണാഫ്രിക്കയിൽ കാണപ്പെടുന്ന പക്ഷികളിൽ ശ്രദ്ധേയമായ ഒരിനമാണ് ഒട്ടകപ്പക്ഷി. കേപ് പ്രവിശ്യയിലെ ഒട്ടകപ്പക്ഷി വളർത്തൽ കേന്ദ്രം വ്യാവസായികാടിസ്ഥാനത്തിൽ തൂവൽ ഉത്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ്. ബുസ്റ്റാർഡ് ആണ് ദക്ഷിണാഫ്രിക്കയിൽ കൂടുതലായി കാണപ്പെടുന്ന മറ്റൊരിനം പക്ഷി. താറാവ്, എരണ്ട, സ്നിപെസ്, ഗ്വിനിയ ഫോൾ തുടങ്ങിയ ചെറുപക്ഷികളെയും ദക്ഷിണാഫ്രിക്കയിൽ ധാരാളമായി കാണാം. പാമ്പുകളെ കൊല്ലാൻ കഴിവുള്ള സെക്രട്ടറി ബേഡ് (Secretary bird) രാജ്യവ്യാപകമായി സംരക്ഷിക്കപ്പെടുന്നു. ഉരഗവർഗങ്ങളിൽ പാമ്പുകളും മുതലകളുമാണ് കൂടുതലായി ഉള്ളത്.

മത്സ്യസമ്പത്തിനാൽ സമ്പന്നമായ ദക്ഷിണാഫ്രിക്കയുടെ പുറം കടലിൽ വിവിധ ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ കാണപ്പെടുന്നു. ഭക്ഷ്യയോഗ്യമായ നിരവധി മത്സ്യങ്ങൾക്കു പുറമേ മഞ്ഞമത്സ്യം, ബാർബെൽ എന്നീ ഇനങ്ങളെയും ഇവിടെ കാണാം. പിക്കാർഡ്, റെഡ് ഫിഷ്, സൊലെ (sole), സിൽവർ ഫിഷ്, ചിപ്പി തുടങ്ങിയവയും ഇവിടെനിന്ന് ധാരാളമായി ലഭിക്കുന്നു.

ജനങ്ങളും ജീവിതരീതിയും

തിരുത്തുക
Historical population
YearPop.±%
190050,14,000—    
191058,42,000+16.5%
192069,53,000+19.0%
193085,80,000+23.4%
19401,03,41,000+20.5%
19501,33,10,000+28.7%
19601,63,85,000+23.1%
19702,17,94,000+33.0%
19802,42,61,000+11.3%
19903,79,44,000+56.4%
20004,36,86,000+15.1%
2010 (ഉദ്ദേശം)[5]4,91,09,107+12.4%
 
ദക്ഷിണാഫ്രിക്കയുടെ ജനസംഖ്യാസന്ദ്രത

വംശീയ-ഭാഷാ വൈജാത്യങ്ങളുടെ നാടായ ദക്ഷിണാഫ്രിക്കയിൽ വ്യത്യസ്ത സംസ്കൃതികൾ പിന്തുടരുന്ന നിരവധി ജനവിഭാഗങ്ങൾ നിവസിക്കുന്നു. ദക്ഷിണാഫ്രിക്കൻ ജനസമൂഹത്തെ പ്രധാനമായും നാല് വംശീയ വിഭാഗങ്ങളായാണ് വിഭജിച്ചിട്ടുള്ളത്. 75% വരുന്ന കറുത്ത വർഗക്കാരാണ് ജനങ്ങളിൽ ഭൂരിപക്ഷം. എ.ഡി. 100-നും 1000-നും മധ്യേ ആഫ്രിക്കൻ വൻകരയുടെ വടക്കുനിന്ന് ഇന്നത്തെ ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ ഭാഗങ്ങളിൽ അധിവാസമുറപ്പിച്ചവരാണ് കറുത്തവർഗക്കാരുടെ പൂർവികരെന്ന് കരുതപ്പെടുന്നു. പ്രധാനമായും ഒൻപത് വംശീയ വിഭാഗങ്ങൾ ഉൾപ്പെടുന്ന കറുത്തവരിൽ സുലു (Zulu)‍‍‍‍ വിഭാഗമാണ് ഭൂരിപക്ഷം. ഖൗസ (Xhosa) വിഭാഗമാണ് രണ്ടാം സ്ഥാനത്ത്. ശേഷിക്കുന്നവരിൽ സോതോ (Sotho), സ്വാന (Tswana), സ്വാസി (Swazi), ത് സോങ്ക (Tsonga), ഷാൻഗേ (Shangae), എൻഡ്ബെലെയ് (Ndebele), വേൻഡ (Venda) തുടങ്ങിയ വിഭാഗങ്ങൾ ഉൾപ്പെടുന്നു.

ദക്ഷിണാഫ്രിക്കൻ ജനസംഖ്യയുടെ 13 ശതമാനത്തോളം വെള്ളക്കാരായ യൂറോപ്യൻ വംശജരാണ്. 17-ഉം 18-ഉം ശ.-ങ്ങളിൽ നെതർലൻഡ്, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നു കുടിയേറിയ ഇവരിൽ നല്ലൊരു വിഭാഗം മുഖ്യ വ്യവഹാര ഭാഷയായി ഉപയോഗിക്കുന്നത് ആഫ്രിക്കാൻസ് ആണ്. ഇംഗ്ലീഷിനും ഇവർക്കിടയിൽ പ്രചാരമുണ്ട്.

ജനസംഖ്യയുടെ ഒൻപതു ശതമാനത്തോളം വരുന്ന മിശ്ര വംശജരെ പൊതുവേ 'കളേർഡ് പീപ്പിൾ' (Coloured People) എന്നു വിളിക്കുന്നു. ആഫ്രിക്കാൻസ് ആണ് ഇവരിൽ ഭൂരിഭാഗവും ഉപയോഗിക്കുന്ന ഭാഷ. 1860-നും 1911-നും മധ്യേ ഇന്ത്യയിൽനിന്നു കുടിയേറിയ ഏഷ്യൻ വംശജർ ജനസംഖ്യയുടെ മൂന്ന് ശതമാനത്തോളം ഉണ്ട്.

 
ദക്ഷിണാഫ്രിക്കയിലെ കുടിയേറ്റങ്ങൾ

വിദ്യാഭ്യാസം

തിരുത്തുക

വർണവിവേചനത്തിന്റെ കാലഘട്ടത്തിൽ കറുത്ത വർഗക്കാർക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. 1990-കളോടെ രാജ്യത്തിലെ പ്രായപൂർത്തിയായ എല്ലാ വെള്ളക്കാർക്കും സാക്ഷരത കൈവരിക്കാൻ കഴിഞ്ഞപ്പോൾ ഏഷ്യൻ വംശജരിൽ 85 ശതമാനത്തിനും മിശ്രിത വംശജരിൽ 75 ശതമാനത്തിനും കറുത്തവരിൽ 50 ശതമാനത്തിനും മാത്രമേ സാക്ഷരത നേടാൻ കഴിഞ്ഞുള്ളൂ. 1994-ൽ അധികാരത്തിൽവന്ന ഗവണ്മെന്റ് പൂർണസാക്ഷരത കൈവരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി. ഇപ്പോൾ 14 സർവകലാശാലകൾ രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് സേവനം അനുഷ്ഠിക്കുന്നുണ്ട്.


 
ദക്ഷിണാഫ്രിക്കയിൽ ഭാഷകൾ

ആഫ്രിക്കാൻസും ഇംഗ്ലീഷും ഉൾപ്പെടെ 11 ഭാഷകളെ ദക്ഷിണാഫ്രിക്കയിൽ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിട്ടുണ്ട്.[6] ആഫ്രിക്കാൻസും ഇംഗ്ലീഷും ഒഴികെയുള്ള ഔദ്യോഗിക ഭാഷകളെല്ലാംതന്നെ ആഫ്രിക്കൻ ഗോത്രഭാഷകളാണ്. ഇവയെ സോതോ (സെസോതോ, സെസോതോ സലെബൊ, സെറ്റ്സ്വാന), നിഗുനി (ഇസിസുലു, ഇസിസോക്സ, ഇസിനിഡിബെലി, സിസ്വാതി), വേൻഡ (ടിഷിവേൻഡ), ത്സോങ്ക (ക്സിറ്റ്സോങ്ക) എന്നിങ്ങനെ വർഗീകരിച്ചിട്ടുണ്ട്. ഇസിസുലു സംസാരിക്കുന്നവരാണ് ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ജനവിഭാഗം. ആഫ്രിക്കൻ ഗോത്രഭാഷകൾ തമ്മിൽ ബന്ധമുണ്ടെങ്കിലും ഒരു വിഭാഗത്തിന്റെ ഭാഷ മറ്റൊരു വിഭാഗത്തിന് അന്യമാണ്. 1820-കളിൽ ദക്ഷിണാഫ്രിക്കയിലെത്തിയ യൂറോപ്യന്മാർ ഇവിടെ ഇംഗ്ലീഷ് പ്രചരിപ്പിച്ചു. ഗ്രീക്കും പോർച്ചുഗീസും സംസാരിക്കുന്ന ചുരുക്കം ചില വിഭാഗങ്ങളും ദക്ഷിണാഫ്രിക്കയിലുണ്ട്.

ഫുട്ബോൾ , റഗ്‌ബി, ക്രിക്കറ്റ് എന്നിവയാണ് ദക്ഷിണാഫ്രിക്കയിലെ പ്രധാന കായിക വിനോദങ്ങൾ.[7]. 2010-ലെ ഫുട്ബോൾ ലോകകപ്പ് 2010 ജൂൺ 11 മുതൽ ജൂലൈ 11 വരെ ദക്ഷിണാഫ്രിക്കയിലാണ്‌ നടന്നത്.

 
ദക്ഷിണാഫ്രിക്കയിലെ ദേശീയ റഗ്ബി ടീമായ സ്പ്രിങ്ങ്ബോക്സ് 2007 റഗ്‌ബി ലോകകപ്പ് ജയിച്ചതിനുശേഷമുള്ള പ്രകടനത്തിനിടയിൽ

ചരിത്രം

തിരുത്തുക

പ്രധാനമായും സാൻ, ഖൊയ്ഖൊയ്, സുലു, സോസാ എന്നീ ജനവർഗങ്ങളായിരുന്നു മുൻകാലങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ നിവസിച്ചിരുന്നത്. 15-ാം ശ.-ത്തിലാണ് പാശ്ചാത്യ ലോകവുമായി ദക്ഷിണാഫ്രിക്ക ബന്ധപ്പെടുന്നത്. പോർച്ചുഗീസുകാരായിരുന്നു ദക്ഷിണാഫ്രിക്കയിൽ എത്തിയ ആദ്യത്തെ പാശ്ചാത്യർ. ഇന്ത്യയിലേക്കുള്ള കടൽമാർഗ്ഗം തേടിയുള്ള യാത്രയിൽ ആകസ്മികമായാണ് ഇവർ ഗുഡ്ഹോപ് മുനമ്പിൽ എത്തിയത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ അധിനിവേശം ഉറപ്പിച്ച പോർച്ചുഗീസുകാർ ദക്ഷിണാഫ്രിക്കയിൽ കോളനി സ്ഥാപിക്കുന്നതിൽ വിമുഖരായിരുന്നു.

പോർച്ചുഗീസുകാരെ പിന്തുടർന്നു വന്ന ഡച്ചുകാരും ഇംഗ്ലീഷുകാരും ഏഷ്യയിലേക്കുള്ള യാത്രാമധ്യേ ഗുഡ്ഹോപ് മുനമ്പ് ഇടത്താവളമാക്കിയത് ദക്ഷിണാഫ്രിക്കൻ ചരിത്രത്തെ സ്വാധീനിച്ചു. 1602-ൽ ഇംഗ്ളണ്ടിനുവേണ്ടി മുനമ്പ് പിടിച്ചെടുക്കുവാൻ രണ്ട് ഇംഗ്ളിഷ് നാവികർ ശ്രമിച്ചിരുന്നു. ഹോളണ്ടിനും തെക്കുകിഴക്കൻ ഏഷ്യയ്ക്കും മധ്യേ യാത്രചെയ്യുന്ന ഡച്ച് നാവികർക്ക് പച്ചക്കറികൾ, ഇറച്ചി, പാൽഉത്പന്നങ്ങൾ എന്നിവ നല്കുന്നതിനുവേണ്ടി 1652-ൽ കേപ് ഉപദ്വീപിലെ ടേബിൾ ബേയിൽ ഒരു സപ്ളൈ സ്റ്റേഷൻ സ്ഥാപിക്കുവാൻ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി തീരുമാനിച്ചു. ഡച്ചുകാരും തദ്ദേശീയരുമായുണ്ടായിരുന്ന സൗഹാർദപരമായ ബന്ധം ക്രമേണ ഉലഞ്ഞു. കമ്പനി നിശ്ചയിച്ച നിരക്കിൽ സാധനങ്ങൾ നല്കാൻ ഖോയ്ഖോയ്കൾ വിസമ്മതിച്ചതിൽ പ്രകോപിതരായ ഡച്ചുകാർ അവരുടെ ഭൂമി പിടിച്ചെടുക്കുകയും അവരെ ഉൾനാടുകളിലേക്ക് ഓടിക്കുകയും ചെയ്തു.

തദ്ദേശീയരുടെ സഹകരണം നിലച്ചപ്പോൾ പച്ചക്കറികൾ കൃഷി ചെയ്യുന്നതിനും മാടുകളെ വളർത്തുന്നതിനുമായി അടിമകളെ ഇറക്കുമതി ചെയ്യാൻ കമ്പനി തീരുമാനിച്ചു. ഇതോടൊപ്പം കൃഷിയിടങ്ങൾ സ്ഥാപിക്കുവാൻ കമ്പനി ജോലിക്കാർക്ക് അനുമതി നല്കുകയും ചെയ്തു. ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കിയ കമ്പനിയുടെ ഈ തീരുമാനം ഒരു വ്യവസ്ഥാപിത കുടിയേറ്റ സമൂഹത്തിനു വഴിയൊരുക്കി.

1662-ഓടെ കേപ് ടൌൺ ഒരു ഡച്ച് കോളനിയായി രൂപാന്തരപ്പെട്ടിരുന്നു. തുടർന്നുവന്ന ഗവർണർമാർ കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചതോടെ ജർമനി, ഹോളണ്ട്, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റവും വ്യാപകമായി.

ദക്ഷിണാഫ്രിക്കയിലെ ഡച്ച് കൃഷിക്കാർ ബൂറുകൾ എന്നും ഇവരുടെ സംസ്കാരവും ഭാഷയും ആഫ്രിക്കാൻസ് എന്നും അറിയപ്പെട്ടു. 1700-കളിൽ കൃഷിയിടങ്ങൾ തേടി ബൂറുകൾ വടക്ക് ഓറഞ്ച്നദി വരെയും കിഴക്ക് സൂർവെൾഡ് വരെയും വ്യാപിച്ചത് ഖോയ്ഖോയ് ജനതയുമായുള്ള സംഘർഷത്തിലാണ് കലാശിച്ചത്. ദക്ഷിണാഫ്രിക്കയിൽ കറുത്തവരും വെളുത്തവരും തമ്മിൽ ഇന്നും നിലനില്ക്കുന്ന വർഗസംഘർഷത്തിന് ഇത് തുടക്കം കുറിച്ചു.

യൂറോപ്പിൽ ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലുണ്ടായ യുദ്ധത്തിൽ ഡച്ചുകാർ ഫ്രഞ്ച് പക്ഷം ചേർന്നതിൽ പ്രകോപിതരായ ബ്രിട്ടീഷുകാർ 1795-ൽ കേപ് കോളനി പിടിച്ചെടുത്തു. 1802-ലെ അമീൻസ് കരാർ പ്രകാരം ബ്രിട്ടീഷുകാർ കേപ് കോളനിയെ ഡച്ചുകാർക്ക് തിരിച്ചു നല്കിയെങ്കിലും 1815-ലെ വിയന്ന കോൺഗ്രസ്സിന്റെ തീരുമാന പ്രകാരം കോളനിക്കുമേലുള്ള സമ്പൂർണാവകാശം ബ്രിട്ടനു ലഭിച്ചതോടെ ബ്രിട്ടനിൽനിന്ന് കേപ്പിലേക്കുള്ള കുടിയേറ്റക്കാരുടെ വരവിൽ വൻ വർധനവുണ്ടായി. കൃഷിയിടങ്ങൾക്കുവേണ്ടി ഇവരും രംഗത്തെത്തിയതോടെ ബൂർ-ബ്രിട്ടിഷ് ബന്ധം വഷളായി. മറ്റു ചില കാരണങ്ങളാലും ബ്രിട്ടിഷ് കോളനി വാഴ്ച ബൂറുകൾക്ക് അസഹനീയമായിത്തീർന്നിരുന്നു. ഇംഗ്ളീഷിനെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത് തങ്ങളുടെ താത്പര്യങ്ങൾക്കുമേലുള്ള കടന്നാക്രമണമായി ബൂറുകൾ കരുതി. 1807-ൽ ബ്രിട്ടിഷ് പാർലമെന്റ് അടിമത്തം നിരോധിച്ചതോടെ ഈ നിയമം ബ്രിട്ടിഷ് കോളനികളിലും പ്രാബല്യത്തിൽവന്നു. കൃഷിപ്പണിക്ക് അടിമകളെ ആശ്രയിച്ചുപോന്ന ഡച്ച് കർഷകർക്ക് ഇത് വലിയ ആഘാതമായിരുന്നു. ഈ സാഹചര്യത്തിൽ കേപ് കോളനി വിട്ട് വടക്കോട്ടു നീങ്ങാൻ ഭൂരിപക്ഷം ബൂറുകളും തീരുമാനിച്ചു. ബ്രിട്ടിഷ് കൊളോണിയൽ ഭരണസംവിധാനത്തിൽനിന്നു രക്ഷനേടാനുള്ള വ്യഗ്രതയായിരുന്നു ഈ യാത്രയ്ക്കു പിന്നിലെ പ്രേരകശക്തി. ചരിത്രത്തിൽ ഈ പ്രയാണം 'ഗ്രെയ്റ്റ് ട്രെക്' എന്നും ഇതിലെ യാത്രികർ 'വൂർ ട്രെക്കേഴ്സ്' എന്നും അറിയപ്പെട്ടു. സുലുകൾക്ക് ഭൂരിപക്ഷമുള്ള നേറ്റാളിൽ എത്തിയ ഒരു സംഘത്തെ സുലു ഗോത്രത്തലവനായ ഡിങ്കാന വധിച്ചെങ്കിലും 1838-39-ലെ ബ്ളഡ് റിവർ യുദ്ധത്തിൽ സുലുകളെ പരാജയപ്പെടുത്തിക്കൊണ്ട് വൂർ ട്രെക്കേഴ്സ് നേറ്റാൾ പിടിച്ചെടുത്തു. എന്നാൽ 1843-ൽ ബ്രിട്ടൻ നേറ്റാൾ കൈയടക്കിയതോടെ ഓറഞ്ച്-വാൽ നദികൾക്കു വടക്കോട്ടു നീങ്ങിയ ബൂറുകൾ അവിടെ ഓറഞ്ച് ഫ്രീ സ്റ്റേറ്റ്, ട്രാൻസ്വാൾ എന്നീ രണ്ട് റിപ്പബ്ളിക്കുകൾ സ്ഥാപിച്ചു. രണ്ട് ബൂർ റിപ്പബ്ലിക്കുകൾ, ബ്രിട്ടിഷ് കോളനികളായ നേറ്റാൾ, കേപ് എന്നിവയ്ക്കു പുറമേ ഏതാനും സ്വതന്ത്ര ഗോത്ര രാജ്യങ്ങളും ഉൾപ്പെട്ടതായിരുന്നു 19-ാം ശ.-ത്തിലെ ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയെ ഏകീകരിച്ച് ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമാക്കുക എന്നതായിരുന്നു അക്കാലത്ത് ബ്രിട്ടന്റെ അജൻഡ. അങ്ങനെ 1848-ൽ ബ്രിട്ടീഷുകാർ ഓറഞ്ച് ഫ്രീ സ്റ്റേറ്റ് പിടിച്ചെടുത്തെങ്കിലും ബൂറുകളുമായുള്ള നിരന്തര സംഘർഷവും സുഗമമായ ഭരണം നിർവഹിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും കാരണം 1854-ൽ അവർ ഓറഞ്ച് ഫ്രീ സ്റ്റേറ്റിന് സ്വാതന്ത്ര്യം നല്കി. 1877-ൽ ഡിസ്രേലി സർക്കാരിന്റെ തീരുമാനപ്രകാരം കേപ് കോളനിയുടെ ഗവർണർ ട്രാൻസ്വാൾ പിടിച്ചെടുത്തത് ആദ്യത്തെ ആംഗ്ളോ-ബുവർ യുദ്ധത്തിനു വഴിതെളിച്ചു. 1884-ൽ ബൂറുകൾ ബ്രിട്ടിഷ് സേനയെ പരാജയപ്പെടുത്തിയതോടെ ട്രാൻസ്വാളിനു സ്വാതന്ത്ര്യം നല്കാൻ ബ്രിട്ടൻ തയ്യാറായി.

19-ആം ശതകത്തിൽ സ്വർണ-രത്ന നിക്ഷേപങ്ങൾ കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രീയ-സാമ്പത്തിക ഘടനയെ നിർണായകമായി സ്വാധീനിച്ചു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉത്പാദന കേന്ദ്രമായി ദക്ഷിണാഫ്രിക്ക മാറി. സ്വർണനിക്ഷേപങ്ങൾ പ്രധാനമായും ട്രാൻസ്വാളിലാണ് കേന്ദ്രീകരിച്ചിരുന്നത്. ട്രാൻസ്വാൾ ബ്രിട്ടിഷ് ഭരണത്തിനു പുറത്തായിരുന്നെങ്കിലും അവിടത്തെ ഖനികളിലെ ബ്രിട്ടിഷ് മൂലധന നിക്ഷേപം സ്വർണവ്യവസായത്തിൽ ബ്രിട്ടന് ആധിപത്യം നേടിക്കൊടുത്തു. എന്നാൽ കുറഞ്ഞ മൂലധന നിക്ഷേപം ബൂറുകളുടെ ലാഭവിഹിതത്തെ പ്രതികൂലമായി ബാധിച്ചു. തുടർന്ന് നികുതിയിലൂടെ വരുമാനം കൂട്ടാനുള്ള ബൂറുകളുടെ നീക്കം ഖനിഉടമകളായ ബ്രിട്ടീഷുകാരുടെ എതിർപ്പിനു കാരണമായി. സ്വർണനിക്ഷേപങ്ങൾ അന്വേഷിച്ചെത്തിയ ഭാഗ്യാന്വേഷികളുടെ അഭൂതപൂർവമായ വരവിനെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രശ്നങ്ങളും ബൂർ-ബ്രിട്ടിഷ് ബന്ധത്തെ ശിഥിലമാക്കി. കേപ് കോളനിയിൽനിന്നും ഇംഗ്ളണ്ടിൽനിന്നുമുള്ള കുടിയേറ്റക്കാരുടെ വ്യാവസായിക പങ്കാളിത്തം ട്രാൻസ്വാൾ സ്വാഗതം ചെയ്തെങ്കിലും അവർക്ക് വോട്ടവകാശം ഉൾപ്പെടെയുള്ള രാഷ്ട്രീയ ആനുകൂല്യങ്ങൾ ബൂറുകൾ നിഷേധിച്ചത് നിരവധി രാഷ്ട്രീയ പ്രശ്നങ്ങൾക്കു കാരണമായി.

ട്രാൻസ്വാളിന്റെ സാമ്പത്തിക വളർച്ചയോടെ ദക്ഷിണാഫ്രിക്കയിലെ സമ്പന്ന സംസ്ഥാനമെന്ന പദവി കേപ് കോളനിക്കു നഷ്ടമായി. ട്രാൻസ്വാളിന്റെ മുന്നേറ്റം ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടിഷ് മേധാവിത്വത്തിനു വെല്ലുവിളിയാകുമെന്ന് കേപ് കോളനിയുടെ പ്രധാനമന്ത്രിയായ സെസിൻ റോഡ്സ് ആശങ്കപ്പെട്ടു. ട്രാൻസ് വാളിനെ അധീനപ്പെടുത്തി ബ്രിട്ടിഷ് കോളനിയാക്കുന്നതിനായി ഡോ. ജയിംസണിന്റെ കീഴിൽ 500 പേരടങ്ങിയ ഒരു സായുധ സംഘത്തെ 1896-ൽ ഇദ്ദേഹം ട്രാൻസ്വാളിലേക്ക് അയച്ചെങ്കിലും ഈ ഉദ്യമം പരാജയപ്പെട്ടു. വോട്ടവകാശം നിഷേധിക്കപ്പെട്ട കുടിയേറ്റക്കാർ അക്രമികളുടെ പക്ഷം ചേർന്നുകൊണ്ട് ട്രാൻസ്വാൾ സർക്കാരിനെ അട്ടിമറിക്കുമെന്ന ഇദ്ദേഹത്തിന്റെ കണക്കുകൂട്ടൽ അസ്ഥാനത്തായതോടെ 'ജയിംസൺ റെയ്ഡ്' എന്നറിയപ്പെട്ട ഈ ആക്രമണം പരാജയപ്പെട്ടു.

ജയിംസൺ റെയ്ഡിനുശേഷം രണ്ടു റിപ്പബ്ളിക്കുകളിലും ബ്രിട്ടിഷ് വിരുദ്ധ തരംഗം ശക്തമാവുകയാണുണ്ടായത്. സെസിൽ റോഡ്സിനു ശേഷം വന്ന പുതിയ കേപ് കോളനി ഗവർണറും ട്രാൻസ്വാളിനെ പിടിച്ചെടുക്കണമെന്ന പക്ഷക്കാരനായിരുന്നു. വോട്ടവകാശം നിഷേധിക്കപ്പെട്ട ട്രാൻസ്വാളിലെ ബ്രിട്ടീഷുകാർക്കുവേണ്ടി ബ്രിട്ടൻ ഇടപെടണമെന്ന് ഇദ്ദേഹം സമ്മർദം ചെലുത്തിയതോടെ വോട്ടവകാശം നല്കണമെന്ന അന്ത്യശാസനം ബ്രിട്ടീഷുകാർ ട്രാൻസ്വാളിനു നല്കി. ഇതോടൊപ്പം ബ്രിട്ടനിൽനിന്ന് കേപ്പിലേക്ക് പട്ടാളത്തെ അയയ്ക്കുകയും ചെയ്തു. ഈ സേനാ നീക്കത്തെ ബ്രിട്ടന്റെ യുദ്ധപ്രഖ്യാപനത്തിന്റെ മുന്നോടിയായി വീക്ഷിച്ച ട്രാൻസ്വാൾ പ്രസിഡന്റ് ക്രൂഗർ തുടർന്ന് ഓറഞ്ച് ഫ്രീ സ്റ്റേറ്റുമായി ചേർന്ന് ബ്രിട്ടനെതിരെ യുദ്ധം പ്രഖ്യാപിച്ചത് രണ്ടാം ബൂർ യുദ്ധത്തിൽ (1899-1902) കലാശിച്ചു. യുദ്ധത്തിൽ ജയിച്ച ബ്രിട്ടൻ തുടർന്ന് ബൂർ റിപ്പബ്ളിക്കുകളെ ബ്രിട്ടിഷ് കോളനികളാക്കി മാറ്റി.

1906-ൽ ഓറഞ്ച് ഫ്രീ സ്റ്റേറ്റ്, ട്രാൻസ്വാൾ, നേറ്റാൾ, കേപ് എന്നീ കോളനികൾക്ക് ബ്രിട്ടൻ സ്വയംഭരണം നല്കി. 1909-ൽ ഈ കോളനികൾ ചേർന്ന് ഒരു യൂണിയൻ രൂപവത്കരിക്കുന്നതിനു തീരുമാനിച്ചു. ബ്രിട്ടിഷ് പാർലമെന്റ് പാസ്സാക്കിയ സൗത്ത് ആഫ്രിക്ക ആക്റ്റ് പ്രകാരം ഈ നാല് കോളനികൾ സംയോജിപ്പിച്ചുകൊണ്ടുള്ള യൂണിയൻ ഒഫ് സൗത്ത് ആഫ്രിക്ക നിലവിൽ വന്നു. ബ്രിട്ടിഷ് സാമ്രാജ്യത്തിലെ ഒരു സ്വയംഭരണ പ്രദേശമായിരുന്നു യൂണിയൻ ഒഫ് സൗത്ത് ആഫ്രിക്ക.

1910-ൽ നിലവിൽവന്ന യൂണിയൻ ഭൂരിപക്ഷ വിഭാഗമായ കറുത്തവരിൽനിന്നു വെള്ളക്കാരെ പരിരക്ഷിക്കുന്നതിനായി ഒട്ടേറെ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നു. തുടർന്ന് 1911-ലെ മൈൻസ് ആക്റ്റ് പ്രകാരം ഖനി മേഖലയിലെ വിദഗ്ദ്ധ ജോലികൾ വെള്ളക്കാർക്കു മാത്രമായി നീക്കിവച്ചു. 1913-ലെ നേറ്റീവ് ലാൻഡ് ആക്റ്റ് രാജ്യത്തിലെ തൊണ്ണുറു ശതമാനം ഭൂമിയുടെയും ഉടമസ്ഥാവകാശം വെള്ളക്കാരിൽ നിക്ഷിപ്തമാക്കി. യൂണിയൻ പ്രാബല്യത്തിൽ വരുത്തിയ ഈ നിയമങ്ങൾ കറുത്തവരിൽ വൻ പ്രതിഷേധമാണുളവാക്കിയത്. മാത്രമല്ല, കേപ്, നേറ്റാൾ എന്നിവിടങ്ങൾ ഒഴികെ മറ്റെല്ലായിടത്തും വോട്ടവകാശവും ഇവർക്ക് നിഷേധിക്കപ്പെട്ടിരുന്നു. തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അനീതിയെ ചെറുക്കുന്നതിനുമായി കറുത്തവർ രൂപവത്കരിച്ച രാഷ്ട്രീയ സംഘടനകളിൽവച്ച് ഏറ്റവും പ്രമുഖമായിരുന്നു 1912-ൽ നിലവിൽവന്ന ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്.

അധികാരത്തിൽ പങ്കാളിയാകാനുള്ള അർഹത ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർക്കും സങ്കര വംശജർക്കും നിഷേധിക്കപ്പെട്ടിരുന്നു. ഇവിടത്തെ ഇന്ത്യക്കാരുടെ അവകാശങ്ങൾ നേടുന്നതിനായി ഗാന്ധിജി രൂപവത്കരിച്ച നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് ഇന്ത്യക്കാരിൽ ഒരു പുതിയ അവബോധം സൃഷ്ടിക്കുകയുണ്ടായി. വർണവിവേചനത്തിനെതിരെ നടത്തിയ സഹന സമരത്തിനിടയ്ക്കാണ് സത്യഗ്രഹമെന്ന സിദ്ധാന്തം ഗാന്ധിജി ആദ്യമായി പരീക്ഷിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ പൌരാവകാശങ്ങൾക്കുവേണ്ടി ഗാന്ധിജി നടത്തിയ അക്രമരഹിത സമരത്തിലൂടെ ഏതാനും ആനുകൂല്യങ്ങൾ ലഭിച്ചെങ്കിലും അവർക്ക് രാജ്യത്തിലെ രണ്ടാംകിട പൗരന്മാർ എന്ന പരിഗണന മാത്രമേ നേടാനായുള്ളൂ.

മുൻ ബൂർ സേനാ കമാൻഡറും സൗത്ത് ആഫ്രിക്കൻ പാർട്ടി നേതാവുമായ ലൂയി ബോതയായിരുന്നു യൂണിയന്റെ ആദ്യത്തെ പ്രധാനമന്ത്രി. സൗത്ത് ആഫ്രിക്കൻ പാർട്ടി (S.A.P) രൂപവത്കരിക്കുന്നതിൽ ഇദ്ദേഹത്തോടൊപ്പം ജാൻ സ്മട്ട്സും ഹെർട്ട്സോഗും പ്രധാന പങ്കുവഹിച്ചിരുന്നു. പഴയകാല ഭിന്നതകൾ മറന്നുകൊണ്ട് ബൂറുകളും ബ്രിട്ടീഷുകാരും ഒന്നിക്കണമെന്ന പക്ഷക്കാരനായിരുന്നു ബോത. എന്നാൽ ബ്രിട്ടനോടുള്ള ഇദ്ദേഹത്തിന്റെ അമിത ചായ്വ് തങ്ങളുടെ താത്പര്യങ്ങൾ ക്കു ഹാനികരമാകുമെന്ന് ബഹുഭൂരിപക്ഷം ആഫ്രിക്കാനരും ഭയപ്പെട്ടിരുന്നു. ബോതയുടെ ബ്രിട്ടിഷ് അനുകൂല നയത്തിൽ പ്രതിഷേധിച്ചുകൊണ്ട് എസ്.എ.പി.യിൽ നിന്നു മാറിയ ഹെർട്ട്സോഗ് പിന്നീട് നാഷണൽ പാർട്ടി രൂപവത്കരിച്ചു (1914). ബൂർ റിപ്പബ്ളിക്കുകൾ പുനഃസ്ഥാപിക്കുന്നതിനായി 1915-ൽ ആഫ്രിക്കാനർ നടത്തിയ കലാപത്തെ ബോത അടിച്ചമർത്തി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കൻ സേനയാണ് നമീബിയ പിടിച്ചെടുത്തത് (1915). 1919-ൽ ബോതയുടെ നിര്യാണത്തെത്തുടർന്ന് സ്മട്ട്സ് പ്രധാനമന്ത്രിയായി.

1924-ലെ തെരഞ്ഞെടുപ്പിൽ സൗത്ത് ആഫ്രിക്കൻ പാർട്ടി പരാജയപ്പെട്ടതിനെത്തുടർന്ന് നാഷണൽ പാർട്ടി നേതാവായ ഹെർട്ട്സോഗിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭ അധികാരത്തിൽവന്നു. ഹെർട്ട്സോഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് സ്റ്റ്യാറ്റ്യൂട്ട് ഒഫ് വെസ്റ്റ് മിനിസ്റ്റർ പ്രകാരം ദക്ഷിണാഫ്രിക്കയ്ക്ക് ബ്രിട്ടിഷ് സാമ്രാജ്യത്തിൽനിന്ന് പൂർണ സ്വാതന്ത്ര്യം ലഭിച്ചത്. 1934-വരെ ഹെർട്ട്സോഗ് പ്രധാനമന്ത്രിയായി തുടർന്നു. 1934-ൽ നാഷണൽ പാർട്ടിയും ദക്ഷിണാഫ്രിക്കൻ പാർട്ടിയും തമ്മിലുണ്ടായ ലയനത്തെത്തുടർന്ന് യുണൈറ്റഡ് പാർട്ടി (U.P) എന്ന പുതിയ കക്ഷി നിലവിൽ വന്നു. ഹെർട്ട്സോഗ് പ്രധാനമന്ത്രിയും സ്മട്ട്സ് ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ യുണൈറ്റഡ് പാർട്ടി സർക്കാർ രാജ്യത്തിലെ ന്യൂനപക്ഷമായ വെള്ളക്കാരെ ഭൂരിപക്ഷ വിഭാഗമായ ആഫ്രിക്കൻജനതയിൽനിന്നു പരിരക്ഷിക്കുന്നതിനായി കൂടുതൽ ശക്തമായ വർണവിവേചന നയങ്ങൾ നടപ്പിലാക്കി.

രണ്ടാം ലോകയുദ്ധത്തിൽ സഖ്യകക്ഷികൾക്കൊപ്പം ദക്ഷിണാഫ്രിക്ക നില്ക്കണമോ വേണ്ടയോ എന്നതിനെക്കുറിച്ചുണ്ടായ ആശയ സംഘട്ടനത്തെത്തുടർന്ന് 1939-ൽ ഹെർട്ട്സോഗ്-സ്മട്ട്സ് ബന്ധം അവസാനിച്ചു. ഹെർട്ട്സോഗ് അവതരിപ്പിച്ച നിഷ്പക്ഷതാ പ്രമേയം പാർലമെന്റിൽ പരാജയപ്പെട്ടതോടെ ഇദ്ദേഹം രാജി വയ്ക്കുകയും സ്മട്ട്സ് അടുത്ത പ്രധാനമന്ത്രിയാവുകയും ചെയ്തു. 1948-ലെ പൊതു തെരഞ്ഞെടുപ്പിൽ സ്മട്ട്സിന്റെ സർക്കാരിനെ പരാജയപ്പെടുത്തി ഡാനിയൽ എഫ്. മലാന്റെ നാഷണൽ പാർട്ടി അധികാരത്തിൽവന്നു. 1994 വരെ ഈ പാർട്ടിയാണ് ദക്ഷിണാഫ്രിക്കയിൽ അധികാരത്തിലിരുന്നത്.

 
വർണ്ണവിവേചനകാലത്തെ ഇംഗ്ലീഷ്, ആഫ്രികാൻസ് എന്നീ ഭാഷകളിലുള്ള ഒരു ബോർഡ്.

വർണവിവേചന നയങ്ങൾ 'ഗ്രെയ്റ്റ് ട്രെക്' മുതൽ ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്നെങ്കിലും നാഷണൽ പാർട്ടി അധികാരത്തിൽ വന്നതോടെയാണ് അവയ്ക്ക് നിയമസാധുത ലഭിച്ചത്. ഈ നിയമത്തിലൂടെ ഭൂരിപക്ഷം വരുന്ന കറുത്തവർ മുഖ്യധാരയിൽനിന്ന് അകറ്റപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്തു. 1950-ലെ ഗ്രൂപ്പ് ഏരിയാസ് ആക്റ്റ് കറുത്തവർക്കും വെള്ളക്കാർക്കും പ്രത്യേകം അധിവാസ വ്യാപാരമേഖലകൾ വേർതിരിച്ചുനല്കിയത് ഇതിന് ഉദാഹരണമാണ്. 1954-ലെ ലാൻഡ് ആക്റ്റ് പ്രകാരം ഭൂമി കൈവശം വയ്ക്കാനുള്ള കറുത്തവരുടെ അവകാശങ്ങൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ വന്നു. കറുത്തവരും വെളുത്തവരും തമ്മിലുള്ള വൈവാഹിക ബന്ധങ്ങളിൽ നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള പ്രൊഹിബിഷൻ ഒഫ് മിക്സഡ് മാര്യേജ്യസ് ആക്റ്റ് 1949-ലും കറുത്തവരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുമേൽ വിലക്കുകൾ ഏർപ്പെടുത്തിയ പാസ്സ് നിയമങ്ങൾ 1952-ലും പ്രാബല്യത്തിൽ വന്നു. 'അപ്പാർതീഡ്' (വർണവിവേചനം) വ്യവസ്ഥയ്ക്കു കീഴിൽ കറുത്തവർ എവിടെ എങ്ങനെ ജീവിക്കണം എന്നു തീരുമാനിച്ചത് വെള്ളക്കാരായ ഭരണാധികാരികളായിരുന്നു.

1958-ൽ പ്രധാനമന്ത്രിയായ ഫെർവർട്ട് (Verwoerd) അപ്പാർതീഡിന്റെ ശക്തനായ വക്താവായി അറിയപ്പെട്ടു. വെള്ളക്കാരുടെ സർവകലാശാലയിൽ കറുത്തവർക്ക് പ്രവേശനം നിഷേധിച്ചതും പാർലമെന്റിൽ കറുത്തവരുടെ പ്രാതിനിധ്യം അവസാനിപ്പിച്ചതും ഇദ്ദേഹമായിരുന്നു.

പാർശ്വവത്കരിക്കപ്പെട്ട കറുത്തവരുടെ വികാരത്തിന് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (A.N.C), പാൻ ആഫ്രിക്കൻ കോൺഗ്രസ് (P.A.C) തുടങ്ങിയ സംഘടനകൾ നയിച്ച പ്രതിഷേധ പ്രസ്ഥാനങ്ങൾ ശക്തി പകർന്നു. അപ്പാർതീഡ് വ്യവസ്ഥിതിയെ എതിർത്ത വെള്ളക്കാരും ഇന്ത്യക്കാരുമായി സഹകരിച്ചു പ്രവർത്തിച്ച ആഫ്രിക്കൻ നാഷനൽ കോൺഗ്രസ്‌ വർണവിവേചന നിയമങ്ങളെ ലംഘിക്കുവാൻ ജനങ്ങളെ ആഹ്വാനം ചെയ്തു. വർണവിവേചനഭരണം അവസാനിപ്പിക്കാൻ നിയമലംഘനം, പണിമുടക്കുകൾ, പ്രതിഷേധ മാർച്ചുകൾ തുടങ്ങിയ ഗാന്ധിയൻ മാർഗങ്ങൾ 1950-കളിൽ ആഫ്രിക്കൻ നാഷനൽ കോൺഗ്രസ്‌ ആവിഷ്കരിച്ചിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കറുത്തവരുടെ പോരാട്ടത്തെ നയിച്ചത് ഗാന്ധിജിയുടെ സ്വാധീനമായിരുന്നു. 1955-ൽ ആഫ്രിക്കൻ നാഷനൽ കോൺഗ്രസ്‌ പ്രതിനിധികൾ നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്സുമായി ചേർന്ന് തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്ന ഒരു ഫ്രീഡം ചാർട്ടറിനു രൂപംനല്കി. ദക്ഷിണാഫ്രിക്ക എല്ലാ പൌരന്മാർക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്നും എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണെന്നും ആയിരുന്നു ചാർട്ടറിന്റെ ഉള്ളടക്കം.

ഔദ്യോഗിക നയത്തെ എതിർത്തവരെ നാഷണൽ പാർട്ടി സർക്കാർ കർശനമായാണ് നേരിട്ടത്. സമരങ്ങളിലും ബഹിഷ്കരണങ്ങളിലും പങ്കെടുത്തവരെ പീഡിപ്പിച്ച സർക്കാർ ഫ്രീഡം ചാർട്ടറിനു രൂപം നല്കിയ ഒട്ടനവധി പേരെ അറസ്റ്റു ചെയ്തു. പാസ്സ് നിയമത്തിനെതിരെ പ്രതിഷേധിക്കുവാനായി പാൻ ആഫ്രിക്കൻ കോൺഗ്രസ്സിന്റെ (പി.എ.സി.) നേതൃത്വത്തിൽ 1960-ൽ ഷാർപ്പ്വില്ലിൽ സമ്മേളിച്ച കറുത്തവർക്കെതിരെ നടന്ന പൊലീസ് വെടിവയ്പ് നിർണായക വഴിത്തിരിവായി. 67 സമരക്കാർ കൊല്ലപ്പെട്ട ഈ സംഭവം അപ്പാർതീഡിനെതിരെ സായുധ സമരം ആരംഭിക്കാൻ എ.എൻ.സി.യെ പ്രേരിപ്പിച്ചു. വെടിവയ്പിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. ഈ സംഭവത്തിനുശേഷം എ.എൻ.സി., പി.എ.സി. എന്നീ സംഘടനകളെ സർക്കാർ നിരോധിക്കുകയും പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട എ.എൻ.സി. നേതാവ് നെൽസൺ മണ്ഡേല 1999-ലാണ് മോചിപ്പിക്കപ്പെട്ടത്. ആഫ്രിക്കൻ നാഷനൽ കോൺഗ്രസ്‌ സാംബിയയിലേക്ക് ആസ്ഥാനം മാറ്റുകയും ഒളിവർ ടോംബോയുടെ കീഴിൽ അപ്പാർതീഡ് സമരം തുടരുകയും ചെയ്തു.

1960 ഒക്ടോബർ 5-ന് വെള്ളക്കാർ മാത്രം പങ്കെടുത്ത ഹിതപരിശോധന ദക്ഷിണാഫ്രിക്ക ഒരു റിപ്പബ്ളിക്കാകണമെന്ന തീരുമാനം കൈക്കൊണ്ടു. അതേസമയം കോമൺവെൽത്തിലെ അംഗത്വം ദക്ഷിണാഫ്രിക്ക നിലനിർത്തി. എന്നാൽ, 1961-ൽ കോമൺവെൽത്ത് രാജ്യങ്ങൾ ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ വർണവിവേചനനയത്തെ വിമർശിച്ചതിൽ പ്രതിഷേധിച്ച് ദക്ഷിണാഫ്രിക്ക കോമൺവെൽത്ത് വിട്ടു.

അന്താരാഷ്ട്ര സമൂഹത്തിന്റെ വിമർശനം കുറയ്ക്കുന്നതിനായി 1962-ൽ 10 സ്വയംഭരണ ബന്തുസ്ഥാനുകൾ സ്ഥാപിക്കാനുള്ള പദ്ധതി ഗവണ്മെന്റ് തയ്യാറാക്കി. ദക്ഷിണാഫ്രിക്കയിലെ കറുത്തവരെ 10 സ്വയംഭരണ പ്രദേശങ്ങളിലായി ഒതുക്കിയ ഈ നടപടിയിലൂടെ കറുത്തവർക്ക് ദക്ഷിണാഫ്രിക്കയിലെ പൌരത്വം നഷ്ടമാവുകയും അവർ ബന്തുസ്ഥാനിലെ പൗരന്മാരായി മാത്രം പരിമിതപ്പെടുകയും ചെയ്തു. വെള്ളക്കാരുടെ 'വിഭജിച്ചു ഭരിക്കുക' എന്ന നയത്തിന്റെ ദൃഷ്ടാന്തമായിട്ടാണ് കറുത്തവർ ഈ പരിഷ്കരണത്തെ വീക്ഷിച്ചത്. 1973-ൽ അപ്പാർതീഡിനെ മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യമായി യു.എൻ. വിശേഷിപ്പിച്ചു. 1977-ൽ പ്രിട്ടോറിയയിൽ അറസ്റ്റു ചെയ്യപ്പെട്ട കറുത്ത നേതാവ് സ്റ്റീവ്ബിക്കോ പൊലീസ് മർദനത്തെത്തുടർന്ന് ചികിത്സ ലഭിക്കാതെ മരിച്ച സംഭവം കറുത്തവരുടെ സ്വാതന്ത്ര്യ പ്രക്ഷോഭത്തെ കൂടുതൽ സജീവമാക്കി.

1978-ൽ പ്രധാനമന്ത്രിയായ പി.ഡബ്ലൂ. ബോത പ്രായോഗികമതിയായ ഭരണാധികാരി എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. കറുത്തവരുടെ പ്രതിഷേധം നിയന്ത്രണാതീതമായി മാറിയ 1980-കളിൽ 'ഒന്നുകിൽ മാറുക അല്ലെങ്കിൽ മരിക്കുക' (Change or Die) എന്ന് തന്റെ രാജ്യക്കാരോട് ഇദ്ദേഹം ആഹ്വാനം ചെയ്തു. ഒട്ടനവധി പ്രാകൃതമായ അപ്പാർതീഡ് നിയമങ്ങൾ റദ്ദാക്കാൻ ഇദ്ദേഹം സന്നദ്ധനായി. പാസ്സ് നിയമങ്ങൾ റദ്ദാക്കിയതും മിശ്രവിവാഹത്തിനുമേലുള്ള നിരോധനം നീക്കിയതും ഇതിൽപ്പെടുന്നു. 1984-ൽ ഇദ്ദേഹത്തിന്റെ സർക്കാർ പ്രാബല്യത്തിൽ വരുത്തിയ പുതിയ ഭരണഘടന ഇന്ത്യക്കാർക്കും 'കളേർഡ്' ജനതയ്ക്കും പാർലമെന്റിൽ പ്രാതിനിധ്യം നല്കി. എന്നാൽ കറുത്തവർക്ക് രാഷ്ട്രീയ പങ്കാളിത്തം നിഷേധിച്ച നടപടി അവരിൽ വൻ പ്രതിഷേധമുളവാക്കി. പ്രതിഷേധം അക്രമാസക്തമായതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാൻ ബോത നിർബന്ധിതനായി. അടിയന്തരാവസ്ഥക്കാലത്ത് കറുത്തവരും പൊലീസും തമ്മിൽ നടന്ന സംഘട്ടനങ്ങൾക്കു പുറമേ ഇൻകാത്തയും എ.എൻ.സി.യും തമ്മിൽ നടന്ന പോരാട്ടങ്ങളും നിരവധിപേരുടെ ജീവൻ അപഹരിച്ചു. മറ്റു ലോകരാഷ്ട്രങ്ങളെല്ലാം ഉദാരനയങ്ങൾ സ്വീകരിക്കുന്ന ഒരു കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്ക മാത്രം ഒരു അടഞ്ഞ സമൂഹമായി മാറുന്നതിൽ പ്രതിഷേധിച്ച് യൂറോപ്യൻ യൂണിയൻ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സാമ്പത്തിക ഉപരോധമേർപ്പെടുത്തി.

1989-ൽ ഫ്രഡറിക്‌ ഡിക്ലർക്ക് പ്രധാനമന്ത്രിയായതോടെ ദക്ഷിണാഫ്രിക്കൻ ചരിത്രത്തിലെ പുതിയൊരു ഘട്ടം തുടങ്ങുകയായിരുന്നു. അന്താരാഷ്ട്ര സമ്മർദവും ആഭ്യന്തര പ്രശ്നങ്ങളും ഉയർത്തിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അപ്പാർതീഡ് വ്യവസ്ഥിതി തുടർന്നുകൊണ്ടുപോകുന്നത് യുക്തിഹീനമാണ് എന്ന് ഇദ്ദേഹം കരുതി. ദക്ഷിണാഫ്രിക്കയെ ഗ്രസിച്ച വർഗീയ രാഷ്ട്രീയ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി എ.എൻ.സി. ക്കു മേലുള്ള നിരോധനം നീക്കുകയും മണ്ഡേലയെ മോചിപ്പിക്കുകയും ചെയ്തു. 'തുല്യ അവകാശവും ഭൂരിപക്ഷ ഭരണവും' എന്ന ഇദ്ദേഹത്തിന്റെ അജൻഡയെ യാഥാസ്ഥിതികർ എതിർത്തെങ്കിലും 1992-ലെ ഹിതപരിശോധനയിൽ ഭൂരിപക്ഷം വെള്ളക്കാരും ഇദ്ദേഹത്തെ പിന്താങ്ങി. 93-ൽ ദക്ഷിണാഫ്രിക്കൻ സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന ഇടക്കാല ഭരണഘടന എല്ലാ ദക്ഷിണാഫ്രിക്കക്കാർക്കും തുല്യാവകാശം നല്കുകയും ബന്തുസ്ഥാനുകൾ നിർത്തലാക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പിൽ (1994) എ.എൻ.സി. വൻ ഭൂരിപക്ഷം നേടിയതോടെ അപ്പാർതീഡ് യുഗം അവസാനിച്ചു. വംശീയ വിവേചനമില്ലാത്ത ജനാധിപത്യ ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ പ്രസിഡന്റായിരുന്നു നെൽ‌സൺ മണ്ടേല. 1999-ൽ ഇദ്ദേഹത്തെത്തുടർന്ന് താബോ എംബേകി പ്രസിഡന്റായി. 2004 ഏപ്രിലിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ എ.എൻ.സി. വൻ ഭൂരിപക്ഷം നേടിയതോടെ എംബേകി വീണ്ടും പ്രസിഡന്റായി അധികാരമേറ്റു.

  1. "Encyclopædia Britannica Online". Encyclopædia Britannica, Inc.
  2. "കടൽത്തീരം". The World Factbook. CIA. Archived from the original on 2017-07-16. Retrieved 2011 ഫെബ്രുവരി 4. {{cite web}}: Check date values in: |accessdate= (help)
  3. 3.0 3.1 "സൗത്ത് ആഫ്രിക്ക ഫാസ്റ്റ് ഫാക്ടസ്". സൗത്ത്ആഫ്രിക്ക.ഇൻഫോ. ഏപ്രിൽ 2007. Archived from the original on 2008-07-19. Retrieved 2011 ഫെബ്രുവരി 4. {{cite web}}: Check date values in: |accessdate= (help)
  4. http://www.constitutionalcourt.org.za/site/constitution/english-web/ch1.html
  5. "CIA - The World Factbook - South Africa". Archived from the original on 2020-06-21. Retrieved 2011-02-06.
  6. http://www.southafrica.info/about/people/language.htm
  7. "Sport in South Africa". SouthAfrica.info. Retrieved 2010 ജൂൺ 28. {{cite web}}: Check date values in: |accessdate= (help)
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ സൗത്ത് ആഫ്രിക്ക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

30°S 25°E / 30°S 25°E / -30; 25

"https://ml.wikipedia.org/w/index.php?title=സൗത്ത്_ആഫ്രിക്ക&oldid=4083292" എന്ന താളിൽനിന്ന് ശേഖരിച്ചത്