വിൻസെന്റ്

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

ഒരു മലയാളചലച്ചിത്രനടനാണ് വിൻസെന്റ് (English: Vincent). 1970-കളിലെ പ്രമുഖ നായകനടൻമാരിൽ ഒരാളായിരുന്ന അദ്ദേഹം 80-കളിലും ചലച്ചിത്രരംഗത്ത് ഉണ്ടായിരുന്നു. 200-ലേറെ മലയാളചലച്ചിത്രങ്ങളിൽ നായകനായും സഹനടനായും അഭിനയിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിലെ കാല്പനിക നായകനായും സാഹസിക നായകനായും വിൻസെന്റ് അറിയപ്പെട്ടിരുന്നു. [2] [3]

വിൻസെന്റ് (വിൻസന്റ്)
ജനനം1948 നവംബർ 15
മരണം1991 ഓഗസ്റ്റ് 30[1]
ചെന്നൈ
തൊഴിൽചലച്ചിത്രനടൻ
സജീവ കാലം1969–1991
ജീവിതപങ്കാളി(കൾ)മേരി (Died on 15-10-2016)
കുട്ടികൾറോബി, റച്ചാർഡ്

ജീവിതരേഖ തിരുത്തുക

ജനനം 1948 നവംബർ 15. പത്താം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം എറണാകുളത്തെ മെറ്റൽ ഹൗസിൽ ജോലിക്കു ചേർന്നു. വളരെ താമസിയാതെ പണിമുടക്കിന്റെ പേരിൽ സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. മറ്റൊരു ജോലി തേടി മദ്രാസിലെത്തിയ അദ്ദേഹം ഒരു നക്ഷത്ര ഹോട്ടലിലെ മ്യൂസിക്‌ ബാന്റിനൊപ്പം കുറച്ചുനാൾ പ്രവർത്തിച്ചു. സ്കൂൾ യുവജനോൽസവ വേദികളിലെ കലാപരിപാടികളിലെ പരിചയം ഒഴിച്ചു നിർത്തിയാൽ അഭിനയത്തിൽ പ്രത്യേക പരിശീലനമൊന്നും നേടാതെയാണ്‌ ചലച്ചിത്രനടനാകുന്നത്. നാടകത്തിൽ നിന്നോ ഡ്രാമ സ്കൂളിൽ നിന്നോ ഫിലിം ഇന്സ്ടിറ്റ്യൂട്ടിൽ നിന്നോ സിനിമയിൽ വന്നവരായിരുന്നു അന്നത്തെ നായകനടന്മാരിൽ പ്രധാനികൾ. മ്യൂസിക്‌ ബാന്റിലെ സഹകരണം ഉപേക്ഷിച്ചു വിൻസന്റ് മദ്രാസിൽ തന്നെ ഒരു ഓട്ടോമൊബൈൽ വർക്ക് ഷോപ്പിൽ ജോലിയിൽ പ്രവേശിച്ചു. വർക്ക് ഷോപ്പിനു സമീപം താമസിച്ചിരുന്ന നടി ജയഭാരതിയുടെ കുടുംബവുമായുള്ള സൗഹൃദമാണ് അദ്ദേഹത്തിനു ചലച്ചിത്രരംഗത്തേക്കുള്ള വഴിതെളിച്ചത്. [4]

1969-ൽ തന്റെ കൗമാരഘട്ടത്തിന്റെ അവസാന കാലത്തു ചലച്ചിത്രനടനായി. ശശികുമാർ സംവിധാനം ചെയ്ത 'റസ്റ്റ് ഹൗസ്' എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷം ചെയ്തു തുടങ്ങിയ അദ്ദേഹം തുടർന്ന് 1979 വരെ നായകനായും സഹനടനായും വില്ലനായും മലയാളചലച്ചിത്ര രംഗത്തു സജീവമായിരുന്നു. 1970-ൽ റിലീസ് ചെയ്ത 'മധുവിധു' എന്ന ചിത്രത്തിലെ ഇരട്ടവേഷങ്ങളും 'സ്വപ്നങ്ങളി'ലെ നായകവേഷവും അദ്ദേഹത്തെ താരപദവിയിലേക്കുയർത്തി. അക്കാലത്തെ റൊമാന്റിക്‌-ആക്ഷൻ ഹീറോയായിരുന്ന വിൻസന്റ് 'കോളിനോസ് പുഞ്ചിരി' യുള്ള നടൻ എന്നറിയപ്പെട്ടിരുന്നു. (Kolynos Thoothpaste-ന്റെ പരസ്യത്തിലെപ്പോലെ മനോഹരമായ പുഞ്ചിരിയായിരുന്നു അതിനു കാരണം). ജയനു മുൻപ് ഡ്യൂപ്പ് ഇല്ലാതെ സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചിരുന്ന നായകനടൻ കൂടിയാണ് വിൻസന്റ്. അതിനാൽ മലയാളത്തിന്റെ 'ജയിംസ്‌ ബോണ്ട്‌' എന്നും അക്കാലത്തെ ചലച്ചിത്ര ലേഖനങ്ങളിൽ വിൻസന്റിനെക്കുറിച്ചു പരാമർശിച്ചിരുന്നു.[5] 'ചന്ദനച്ചോല' യിലെ സാഹസിക രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ അദ്ദേഹത്തിന് അപകടം പിണഞ്ഞതു വാർത്തയായിരുന്നു. പ്രേം നസീർ, ഉമ്മർ എന്നിവരോടൊപ്പം മൂന്നു നായകന്മാരിൽ ഒരാളായി അഭിനയിച്ച 'കനൽക്കട്ടകൾ' എന്ന ചിത്രത്തിൽ വിൻസന്റ് കാട്ടുവള്ളിയിൽ തൂങ്ങിവരുന്ന സംഘട്ടന രംഗങ്ങളും ഗാനരംഗങ്ങളും അതിസാഹസികമായാണ് ചിത്രീകരിച്ചത്. ഇന്നത്തേപ്പോലെ സാങ്കേതിക സഹായങ്ങൾ അധികം ലഭ്യമായ കാലമല്ലായിരുന്നു.

സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ (1980 മുതൽ 1991 വരെ) മദ്രാസ്സിൽ റിയൽ എസ്റ്റേറ്റ്‌ ബിസിനസിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. എങ്കിലും 1991-ൽ അകാലത്തിൽ മരണമടയുന്നതുവരെ ചെറു വേഷങ്ങളിൽ ഓരോ വർഷവും സാന്നിധ്യം അറിയിച്ചിരുന്നു. ഈ കാലയളവിൽ പ്രാധാന്യം കുറഞ്ഞ വേഷങ്ങളും വില്ലൻ വേഷങ്ങളും അദ്ദേഹം ചെയ്തു. അതിൽ കൂടുതലും ഐ. വി. ശശി ചിത്രങ്ങൾ ആയിരുന്നു. ചില ചിത്രങ്ങളുടെ നിർമ്മാണ സഹകാരിയായും ഈ കാലഘട്ടത്തിൽ പ്രവർത്തിച്ചു. ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഐ. വി. ശശി സംവിധാനം ചെയ്ത 'അംഗീകാരം', ഹരിഹരൻ സംവിധാനം ചെയ്ത 'സംഗമം' എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ 1977-ലെ സംസ്ഥാന അവാർഡ്‌ കമ്മിറ്റി അവസാന റൗണ്ട് വരെ നല്ല നടനുള്ള അവാർഡിനായി പരിഗണിച്ചിരുന്നു.

ലേഡീസ് ഹോസ്റ്റൽ, ലൗ ലെറ്റർ, ബോയ്‌ ഫ്രണ്ട്, പ്രിയേ നിനക്കുവേണ്ടി, ആലിംഗനം, മധുരം തിരുമധുരം, രാജാങ്കണം, പാവാടക്കാരി, കോളേജ് ബ്യൂട്ടി തുടങ്ങിയവ അദ്ദേഹം അഭിനയിച്ചതിൽ റൊമാന്റിക്‌ ഹിറ്റ്‌ പട്ടികയിലുള്ള ചിത്രങ്ങളാണ്.

രാത്രിവണ്ടി, ടാക്സി കാർ, പഞ്ചവടി, പത്മവ്യൂഹം, കാട്, പെൺപട, കുട്ടിച്ചാത്തൻ, ചന്ദനച്ചോല, ക്രിമിനൽസ്, യുദ്ധഭൂമി, പെൺപുലി, പട്ടാളം ജാനകി, ആനയും അമ്പാരിയും, പോക്കറ്റടിക്കാരി, ആനക്കളരി, സൂത്രക്കാരി, കനൽക്കട്ടകൾ, ടൈഗർ സലിം, പുത്തരിയങ്കം, ആൾമാറാട്ടം, ബ്ലാക്ക്‌ ബെൽറ്റ്‌, അടിയ്ക്ക് അടി തുടങ്ങിയവ വിൻസന്റ് നായകനായി അഭിനയിച്ചു ഹിറ്റ് ആയ ആക്ഷൻ ചിത്രങ്ങളാണ്.

അച്ഛനും ബാപ്പയും, മനുഷ്യപുത്രൻ, പൂന്തേനരുവി, കൊച്ചനിയത്തി, ആരാധിക, കാലചക്രം, സതി, അഴകുള്ള സെലീന, അച്ചാണി, കവിത, കേണലും കളക്ടറും, പല്ലവി, വേഴാമ്പൽ, അനുഭവം, അഭിനന്ദനം, അയൽക്കാരി, അംഗീകാരം, അന്തർദ്ദാഹം, സിന്ദൂരം,പ്രിയംവദ, പ്രവാഹം, അനുഗ്രഹം, രാജപരമ്പര, മനസ്സൊരു മയിൽ, ഭാര്യാവിജയം, വരദക്ഷിണ, അവൾ വിശ്വസ്തയായിരുന്നു, സംഗമം, താലപ്പൊലി, സ്നേഹത്തിന്റെ മുഖങ്ങൾ, ജലതരംഗം, സ്വർഗദേവത, സ്നേഹം ഒരു പ്രവാഹം, ഇനിയും കാണാം തുടങ്ങിയ കുടുംബ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലും അദ്ദേഹം തിളങ്ങി.

പ്രേം നസീർ തന്റെ പ്രതാപകാലത്തു ചെയ്ത ഒരേയൊരു പ്രതിനായക വേഷം 'അഴകുള്ള സെലീന'യിലേതാണ്. ആ ചിത്രത്തിലെ നായകവേഷം വിൻസന്റിനായിരുന്നു. മുട്ടത്തു വർക്കിയുടെ കഥയ്ക്കു തോപ്പിൽ ഭാസി തിരക്കഥയൊരുക്കി കെ. എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചിത്രം അക്കാലത്തു (1973) വമ്പൻ ഹിറ്റ് ആയിരുന്നു. [6]

'കാട്' എന്ന പേരിൽ കാടിന്റെയും ആദിവാസികളുടെയും അവരെ ചൂഷണം ചെയ്യുന്നവരുടെയും കഥ പറഞ്ഞ സാഹസിക ചിത്രത്തിൽ വിൻസന്റ് ആയിരുന്നു നായകനായ വീരൻ എന്ന ആദിവാസി യുവാവിനെ അവതരിപ്പിച്ചത്. ഒരു അന്വേഷണോദ്യോഗസ്ഥന്റെ വേഷത്തിൽ രണ്ടാം നായകനായി മധു ആണ് അഭിനയിച്ചത്. എസ്.എൽ. പുരം സദാനന്ദന്റെ തിരക്കഥയിൽ പി. സുബ്രമണ്യം സംവിധാനം ചെയ്ത ഈ ചിത്രവും 1973-ലെ ഹിറ്റ് ആയിരുന്നു.

സത്യൻ നായകനായി അഭിനയിച്ച ഭീകര നിമിഷങ്ങൾ, കരകാണാക്കടൽ, മൂന്നുപൂക്കൾ എന്നീ ചിത്രങ്ങളിൽ വിൻസന്റ് സഹനടനായിരുന്നു. മൂന്നുപൂക്കളിൽ പ്രേം നസീറും മധുവും സത്യനൊപ്പം നായകന്മാരായിരുന്നു. അക്കാലത്തെ നായകനടന്മാർ ഒന്നിച്ചഭിനയിക്കുന്നതിൽ വിമുഖത കാട്ടിയിരുന്നില്ല. കഥാപാത്രത്തിന്റെ വലിപ്പച്ചെറുപ്പവും വലിയ പ്രശ്നം ആയിരുന്നില്ല. നായകനായി അഭിനയിച്ചിരുന്ന കാലത്താണ് 'ജീസസ്' എന്ന ചിത്രത്തിൽ ക്രിസ്തുവിന്റെ ശിഷ്യനായ യോഹന്നാനെ വിൻസന്റ് അവതരിപ്പിച്ചത്.

പ്രേം നസീർ - വിൻസന്റ് നായകകൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ പിറവിയെടുത്തു. പ്രേം നസീറിന്റെ അനുജനായും സുഹൃത്തായും അക്കാലത്തെ ചിത്രങ്ങളിൽ പ്രേക്ഷകർ കൂടുതൽ കാണാൻ ആഗ്രഹിച്ചത് വിൻസന്റിനെയാണ്. അച്ചാണി, പഞ്ചവടി, അനുഗ്രഹം, പ്രവാഹം, പത്മവ്യൂഹം, ഇനിയും കാണാം തുടങ്ങിയവ ഉദാഹരണങ്ങളാണ്. മധു - വിൻസന്റ്, ഉമ്മർ - വിൻസന്റ് കൂട്ടുകെട്ടുകളിലും ഏതാനും നല്ല ചിത്രങ്ങളുണ്ടായി. വിൻസന്റ് - രാഘവൻ, വിൻസന്റ് - സുധീർ, വിൻസന്റ് - സോമൻ, വിൻസന്റ് - സുകുമാരൻ, വിൻസന്റ് - രവികുമാർ, വിൻസന്റ് - രവിമേനോൻ, വിൻസന്റ് - ജോസ്, വിൻസന്റ് - സത്താർ എന്നിങ്ങനെയുള്ള നായകകൂട്ടുകെട്ടുകളിലും നിരവധി വിജയ ചിത്രങ്ങൾ പിറവിയെടുത്തു.

വിൻസന്റിനൊപ്പം നായികയായി ഏറ്റവും കൂടുതൽ അഭിനയിച്ചതു ജയഭാരതിയാണ്. അതിൽ കൂടുതൽ ചിത്രങ്ങളും വലിയ വിജയം നേടിയവയുമായിരുന്നു. ഇന്ത്യയിലെ എക്കാലത്തെയും സൂപ്പർ നായികമാരിൽ മുൻ നിരയിലുള്ള ശ്രീദേവി ആദ്യമായി നായികയായി അഭിനയിച്ചത് വിൻസന്റിനോടൊപ്പമാണ്. ഐ. വി. ശശി സംവിധാനം ചെയ്ത 'ആലിംഗന'ത്തിൽ. ശ്രീവിദ്യ, റാണി ചന്ദ്ര, വിധുബാല, റീന, ശോഭന, സുമിത്ര, സാധന, രേണുക, വിജയലളിത, രാജകോകില, കനകദുർഗ, പ്രമീള, ഉണ്ണിമേരി, സീമ, ശുഭ തുടങ്ങിയ നായികനടിമാർക്കൊപ്പവും നിരവധി ചിത്രങ്ങളിൽ വിൻസന്റ് തിരശ്ശീലയിലെ നായകനായി പാടിത്തകർത്തു.

പ്രേം നസീർ കഴിഞ്ഞാൽ ഗാനരംഗങ്ങളിൽ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്ന നായകൻ വിൻസന്റ് ആയിരുന്നു. സത്യൻ അന്തിക്കാട്‌ രചിച്ച ഗാനങ്ങളിൽ ഏറ്റവും പ്രശസ്തമായ "ഒരു നിമിഷം തരൂ നിന്നിലലിയാൻ...", അപ്പൻ തച്ചേത്ത് എന്ന ഗാനരചയിതാവ് ഓർമ്മിക്കപ്പെടുന്ന "ദേവീ നിൻ ചിരിയിൽ...", എന്നീ ഗാനങ്ങൾ തിരശ്ശീലയിൽ വിൻസന്റ് അവതരിപ്പിച്ചതിൽ ഉൾപ്പെടുന്നു. "ആദ്യസമാഗമ ലജ്ജയിലാതിരാ താരകം...", "ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു...", "എന്തിനെന്നെ വിളിച്ചു നീ വീണ്ടും...", "പുഷ്പതല്പത്തിൽ നീ വീണുറങ്ങി...", "വാകപ്പൂമരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ..." എന്നിവയും ഓർമിക്കപ്പെടുന്ന മികച്ച ഗാനരംഗങ്ങളിൽപ്പെടുന്നു.

ജോഷി സംവിധാനം ചെയ്ത ആദ്യചിത്രമായ ടൈഗർ സലീമിലെ നായകനായിരുന്നു വിൻസന്റ്. പിൽക്കാലത്തു ജോഷി ഹിറ്റ് മേക്കറാവുകയും വിൻസന്റിന് അവസരങ്ങൾ കുറയുകയും ചെയ്തപ്പോൾ ജോഷിയുടെ ചിത്രങ്ങളിൽ ഒരു ചെറിയ വേഷത്തിലെങ്കിലും വിന്സന്റിന്റെ സാന്നിധ്യമില്ലായിരുന്നു എന്നതു ഖേദകരമാണ്. പക്ഷേ ഐ. വി. ശശി തന്റെ പിൽക്കാല ചിത്രങ്ങളിൽ മുൻകാല നായകനെ സഹകരിപ്പിച്ചിരുന്നു. ശശിയുടെ ആദ്യ ചിത്രമായ ഉത്സവത്തിൽ ഉമ്മർ, രാഘവൻ എന്നിവരോടൊപ്പം മൂന്നു നായകന്മാരിൽ ഒരാളായി വിൻസന്റ് ഉണ്ടായിരുന്നു. തുടർന്ന് അനുഭവം, അഭിനന്ദനം, അയൽക്കാരി, അംഗീകാരം, അന്തർദ്ദാഹം, ആലിംഗനം തുടങ്ങി ശശി സംവിധാനം ചെയ്ത ഹിറ്റ്‌ ചിത്രങ്ങളിൽ വിൻസന്റ് ആയിരുന്നു നായകൻ. പിൽക്കാലത്തു ശശി സംവിധാനം ചെയ്ത ഇന്നല്ലെങ്കിൽ നാളെ, അടിയൊഴുക്കുകൾ, അങ്ങാടിക്കപ്പുറത്ത്, 1921, നാൽക്കവല തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. സുകുമാരനെ നായകനാക്കി പി.ചന്ദ്രകുമാർ സംവിധാനം ചെയ്ത 'ആരതി'യിലെ ചിരിച്ചുകൊണ്ടു ചതിക്കുന്ന വില്ലൻ നായകനേക്കാൾ അക്കാലത്തു ശ്രദ്ധ നേടി ('ഇൻ ഹരിഹർ നഗറി'ൽ രിസബാവ അവതരിപ്പിച്ച ജോൺ ഹോനായി പോലൊരു കഥാപാത്രം).

'അടിയൊഴുക്കുകൾ' എന്ന ചിത്രത്തിലെ കുമാരൻ എന്ന കഥാപാത്രം മാത്രമേ തനിക്ക് എം.ടി യുടേതായി ലഭിച്ചിരുന്നുള്ളൂവെന്ന് ഒരഭിമുഖത്തിൽ വിൻസന്റ് തെല്ലു ഖേദത്തോടെ പറഞ്ഞിട്ടുണ്ട്. മോഹൻ ലാലിനെ നായകനാക്കി മണി രത്നം ആദ്യമായി സംവിധാനം ചെയ്ത 'ഉണരൂ'വിലെ ഇടവക വികാരി ഫാ.വില്യംസ് എന്ന കഥാപാത്രം, 'ഇത്തിക്കര പക്കി' യിലെ പൊലീസ് ഓഫീസർ, ജംബുലിംഗത്തിലെ കൊല്ലൻ തുടങ്ങിയവ ചെറിയ വേഷങ്ങളിൽ അഭിനയിച്ച പിൽക്കാലത്തെ ശ്രദ്ധേയ കഥാപാത്രങ്ങളിൽപ്പെടുന്നു.

അവസാനകാലത്ത് ഗുരുതരമായ ചില രോഗങ്ങൾ അലട്ടിയിരുന്ന വിൻസെന്റ്, 1991 ഓഗസ്റ്റ് 30-ന് തന്റെ നാല്പത്തിമൂന്നാം വയസ്സിൽ പെട്ടെന്നുണ്ടായ മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്ന് മദ്രാസിലെ ഒരു ആശുപത്രിയിൽ വച്ച് നിര്യാതനായി. മേരിയായിരുന്നു ഭാര്യ. റോബി, റിച്ചാർഡ് എന്നീ രണ്ട് ആണ്മക്കൾ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ 2016 ഒക്ടോബർ 15-ന് ചെന്നൈയിൽ വച്ചുണ്ടായ ഒരു വാഹനാപകടത്തിൽ അന്തരിച്ചു. [7] [8] [9]

അഭിനയിച്ച ചിത്രങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

https://m3db.com/(https://m3db.com/vincent-actor) https://malayalasangeetham.info/ (https://malayalasangeetham.info/displayProfile.php?category=actors&artist=Vincent) https://sodaram.blogspot.com/2015/11/blog-post_10.html

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  1. "ആക്ഷൻ ഹീറോ റൊമാന്റിക്". manoramaonline.com. 2012 ഓഗസ്റ്റ് 30. Retrieved 2013 ജനുവരി 12. {{cite web}}: Check date values in: |accessdate= and |date= (help)
  2. [1] സംവിധായകൻ വ്യാസൻ  വിൻസെന്റിനെ അനുസ്മരിക്കുന്നു
  3. മനോരമ വിൻസെന്റിൻറെ മുപ്പതാം ചരമ വാർഷിക ഗാനാർച്ചന
  4. [https://www.youtube.com/watch?v=qdNeROnGZEU / കുടുംബവീട്] വിൻസെന്റിന്റെ കുടുംബാംഗങ്ങളുമായി അഭിമുഖം
  5. Politics Kerala നാന മുൻ റിപ്പോർട്ടറുടെ അവലോകനം
  6. [2]അഴകുള്ള സെലീന
  7. [3]Richard Lazar Vincent about his Father
  8. [4]Richard Lazar Vincent about his Father part 2
  9. സ്‌മൃതി ജോൺ പോൾ വിൻസെന്റിനെ അനുസ്മരിക്കുന്നു
"https://ml.wikipedia.org/w/index.php?title=വിൻസെന്റ്&oldid=3946737" എന്ന താളിൽനിന്ന് ശേഖരിച്ചത്