പല്ലവി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2019 ജനുവരി) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പദം, ലയം, വിന്യാസം ഇതു മൂന്നും ചേർന്നതിനെയാണ് പല്ലവിയെന്നു വിവക്ഷിക്കുന്നത്. സൃഷ്ടിപരമായ സംഗീതത്തിൽ പരമപ്രധാനമായ ഒരു ശാഖയാണിത്. കർണ്ണാടകസംഗീതത്തിൽ പല്ലവി പാടുന്നത് ഒരു ഗായകന്റെ സംഗീതപാണ്ഡിത്യത്തെ വ്യക്തമാക്കുന്നു. അത് ഏറ്റവും പ്രധാനപ്പെട്ട ഒരിനവുമാണ്.
ഒരു നിശ്ചിതവിഷയത്തെ സാഹിത്യത്തിന്റെയും രാഗരൂപത്തിന്റെയും സഹായത്തോടുകൂടി പ്രകടിപ്പിക്കുന്നതാണ് പല്ലവി. ഒരു വിദഗ്ദ്ധനായ ഗായകന് ഏതുപല്ലവിയും സ്വന്തം മനോധർമ്മമനുസരിച്ച് ഏറ്റവും കലാപരമായ രീതിയിൽ പുതുതായൊരു മിഴിവും ഓജസ്സും നല്കി പ്രകാശിപ്പിക്കാൻ കഴിയണം. പണ്ടുകാലത്തെ പ്രഗല്ഭരായ സംഗീതജ്ഞന്മാർ ഇങ്ങനെ മിഴിവും ഓജസ്സും നല്കി ശാശ്വതമാക്കിതീർത്ത പല്ലവികളാണ് നാം ഇന്നു കേൾക്കുന്നതിലധികവും. ഒരു പല്ലവി ഏതു താളത്തിലും രാഗത്തിലും ഗതിയിലും ഉണ്ടാക്കാം.പാടുന്ന ആളുടെ സംഗീതനൈപുണിയിലും മനോധർമ്മപ്രകടനത്തിലുമാണ് അതിന്റെ ഭംഗികിടക്കുന്നത്. ഒരു പല്ലവി മെച്ചമാകണമെങ്കിൽ ആദ്യമായി അതിലെ സംഗീതവും സാഹിത്യവും ഇണങ്ങിയിരിക്കണം. പല്ലവി സാഹിത്യം പൊതുവെ അധികം അക്ഷരമില്ലാതെയും താളത്തിന്റെ ഓരോ അംഗങ്ങൾക്കും ഇണങ്ങുന്നതരത്തിലുമായിരിക്കണം.
പല്ലവി സാഹിത്യം ഒന്നോ രണ്ടോ താളവട്ടങ്ങൾക്കുള്ളിൽ ഒതുങ്ങുന്നതായിരിക്കണം. സ്വരാക്ഷര പ്രയോഗത്തിലും ഗോപുച്ഛ, സ്രോതോവഹ എന്നീ യതികളിൽ പല്ലവി സാഹിത്യങ്ങളുണ്ട്. സാഹിത്യത്തിൽ രാഗത്തിന്റെയും താളത്തിന്റെയും പേരുകൾ ഉൾക്കൊള്ളുന്നതും ജാതികൾ ഉൾക്കൊള്ളുന്നതുമായ പല്ലവികളുണ്ട്. രണ്ടോ മൂന്നോ നാലോ രാഗങ്ങളിലുള്ള രാഗമാലികാപല്ലവികളും ഗതിഭേദങ്ങളുള്ള പല്ലവികളും 8,16 എന്നീ കലകളിലുള്ള വിളംബിതകാല പല്ലവികളിലുമുണ്ട്.