തെയ്യം

ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള ആചാര- അനുഷ്ഠാന കർമ്മം

ഉത്തരകേരളത്തിലും, കർണ്ണാടകത്തിലും പ്രചാരത്തിലുള്ള ആരാധനാ സമ്പ്രദായങ്ങളിൽ ഒന്നാണ് അനുഷ്ഠാന കർമ്മമായ തെയ്യം. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു[അവലംബം ആവശ്യമാണ്]. കോഴിക്കോട് ജില്ലയുടെ വടക്കൻ ഭാഗങ്ങളായ വടകര, കൊയിലാണ്ടി എന്നീ പ്രദേശങ്ങളിൽ തിറ എന്ന പേരിൽ ആണ് അവതരിപ്പിക്കുന്നത്.

തെയ്യത്തെപ്പറ്റിയുള്ള വീഡിയോ
മുച്ചിലോട്ടു ഭഗവതി തെയ്യം
കതിവന്നൂർ വീരൻ തെയ്യം

നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്റെ നിർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യം അനുഷ്ഠാനത്തിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ (ഉദാ: മുച്ചിലോട്ട് ഭഗവതി). കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി ആരാധിക്കുന്നു(ഉദ:കതിവന്നൂർ വീരൻ). ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌.

വൃക്ഷാരാധന, പർവതാരാധന, അമ്മദൈവാരാധന, പ്രേതാരാധന, ശൈവ-വൈഷ്ണവാരാധന എന്നിങ്ങനെ പല ആരാധനാരീതികളുടേയും സമന്വയമാണ്, തെയ്യം.[1] ദൈവം എന്ന പദത്തിൽ നിന്നാണ്‌ തെയ്യത്തിന്റെ ഉത്പത്തി എന്നാണ്‌ ഡോ.ഹെർമൻ ഗുണ്ടർട്ട് പറയുന്നത്. തമിഴിൽ തെയ്‌വം എന്ന രൂപമാണ്‌ ദൈവശബ്ദത്തിന്‌ സമമായി കാണപ്പെടുന്നത്. തെയ്യത്തിന്റെ ആട്ടമാണ് തെയ്യാട്ടം. അത് തെയ്യത്തിന്റെ ആട്ടമോ തീ കൊണ്ടുള്ള ആട്ടമോ ആകാമെന്ന് ചേലനാട്ട് അച്യുതമേനോൻ പറയുന്നു..[2]

പുല്ലൂരാളി അല്ലെങ്കിൽ പുലിയൂർ കാളി - ചെറിയ തമ്പുരാട്ടി തെയ്യം
പുള്ളിക്കരിങ്കാളി അല്ലെങ്കിൽ പുലി കരിങ്കാളി (വലിയ തമ്പുരാട്ടി തെയ്യം)
മുച്ചിലോട്ടു ഭഗവതി തെയ്യം

പ്രാചീനകാലത്തെ സാമൂഹികജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്നു നാടൻ കലകൾ. ആചാരാനുഷ്ഠാനം, ആരാധന എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായവയാണ് അവയിൽ ഏറിയകൂറും. സമൂഹത്തിന്റെ ഐക്യത്തെ ദൃഢീകരിക്കാനും വ്യക്തിവികാരങ്ങളുടെ സ്ഥാനത്ത് സമൂഹവികാരത്തെ പ്രതിഷ്ഠിക്കുവാനും നാടൻ കലകൾക്കു കഴിഞ്ഞു. പല നാടൻ കലകളും അടിച്ചമർത്തപ്പെട്ട അധഃസ്ഥിതന്റെ ആത്മപ്രകാശനത്തിനുള്ള ഉപാധികളായി മാറ്റപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള വടക്കേമലബാറിന്റെ തനതു കലാരൂപമാണ് തെയ്യം. കാസർഗോഡ്, കണ്ണൂർ ജില്ലകളിലും കോഴിക്കോട് ജില്ലയുടെ വടക്കൻ ഭാഗങ്ങളിലും തീയ്യർ, നമ്പ്യാർ, നായർ, വാണിയർ, മണിയാണി, എന്നി വിഭാഗക്കാരുടെ കാവുകളിലോ, തറവാടുകളിലോ ആണ് പ്രധാനമായും ഈ അനുഷ്ഠാനകല കെട്ടിയാടുന്നത്. വൈദികേതരമായ അനുഷ്ഠാനചര്യകളോടെ ദൈവപ്രീതിക്കുവേണ്ടി അധഃസ്ഥിതസമുദായക്കാർ നടത്തുന്ന നൃത്തമാണ് തെയ്യം. ദൈവം എന്നതിന്റെ വാമൊഴി രൂപമാണ് തെയ്യം. ഓരോ സമുദായത്തിനും നിശ്ചിത തെയ്യക്കോലങ്ങൾ കെട്ടിയാടാനുള്ള അവകാശം തമ്പുരാൻ നൽകിയിട്ടുണ്ടെന്നാണ് വിശ്വാസം. സങ്കീർണ്ണവും മനോഹരവുമായ മുഖത്തെഴുത്തും കുരുത്തോലകളും പൂക്കളും മറ്റും ഉപയോഗിച്ചുള്ള രക്തവർണ്ണാങ്കിതമായ ആടയാഭരണങ്ങളും ചെണ്ട, ചേങ്ങില, ഇലത്താളം, കറുംകുഴൽ, തകിൽ, തുടങ്ങിയ വാദ്യമേളങ്ങളും, ലാസ്യ താണ്ഡവ നൃത്താദികളും സമ്മോഹനമായി സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനചാതുര്യവും ഉണർത്തുന്ന അപൂർവമായ ഒരു കലാരൂപമാണ്. വർഷങ്ങൾ നീളുന്ന പരിശീലനത്തിലൂടെ മാത്രമെ ഒരാൾക്ക് നല്ല തെയ്യക്കാരനാകാൻ കഴിയുകയുള്ളൂ. തെയ്യത്തെ തോറ്റിച്ച് (പ്രാർത്ഥിച്ച്) ഉണർത്തുന്ന പാട്ടാണ് തോറ്റം പാട്ട്. പ്രത്യേകകാലങ്ങളിൽ സമൂഹജീവിതത്തെ സമർത്ഥമായി പ്രതിഫലിപ്പിക്കുന്ന സാഹിത്യരൂപം കൂടിയാണ് തോറ്റം പാട്ടുകൾ. തോറ്റം പാടുന്ന ഇളം കോലത്തിനും തോറ്റം എന്നു പറയും. ചില തെയ്യങ്ങൾക്ക് തലേന്നാൾ വെള്ളാട്ടമാണ് കെട്ടിയാടുന്നത്. നൃത്തമാടുന്ന ദേവതകൾ

ക്ഷേത്രം,വിഗ്രഹം,വിളക്ക് എന്നിവയിൽ ദൈവികതയെ ഒതുക്കിനിർത്താതെ ദൈവങ്ങൾക്ക് തങ്ങളുടേതായ ദൃഷ്ടികോണുകളിൽ രൂപവും ഭാവവും നല്കി, അതിനു അനുയോജ്യമായ അനുഷ്ഠാനപിൻബലം നല്കി തെയ്യം എന്ന ഇങ്ങനെയൊരു ഉപാസനാരീതിയെ മാനവരാശിക്ക് സമ്മാനിച്ച നമ്മുടെ പിതാമഹന്മാരുടെ ആവിഷ്കാരബോധത്തെ നാം അത്ഭുതത്തോടെയും അസൂയയോടെയും നോക്കിക്കാണേണ്ടിയിരിക്കുന്നു. അത്ര മനോഹരമായിട്ടാണ് അവർ ഓരോ തെയ്യങ്ങളെയും രൂപകല്പന ചെയ്തിട്ടുള്ളത്. മഞ്ജുളമായൊരു മുഖശ്രീയോടെ,വർണ്ണമനോഹരമാം മെയ്യലങ്കാരത്തോടെ, മൂർുദ്ധാവിൽ മുടിയണിഞ്ഞു തറവാട്ടുമുറ്റത്ത് തെയ്യക്കോലങ്ങൾ ആടുമ്പോൾ യഥാർഥത്തിൽ ഇത്ര മനോഹരമായിരുന്നോ നമ്മുടെ ദേവീദേവന്മാനെന്നു ഏവരും ചിന്തിച്ചുപോകും.............

ഭാരതീയ നാഗരികതയുടെ വളർച്ച [3] എന്ന പുസ്തകത്തിൽ ബ്രിഡ്ജെറ്റും റെയ്മണ്ട് അൽചിനും പറയുന്നത് നവീനശിലായുഗത്തിലെയും (Neolithic) ചെമ്പുയുഗത്തിലെയും [4][5](Chalcolithic) സംസ്കാരങ്ങളുടെ സമയത്തുതന്നെ ഉണ്ടായിവന്ന സംസ്കാരത്തിൽ നിന്ന് കാര്യമായ ഒരു വ്യത്യാസവും ഇന്നും ഇവിടുത്തെ ആചാരങ്ങൾക്ക് ഉണ്ടായിട്ടില്ലെന്നതാണ്. തികച്ചും ദ്രാവിഡമാണ്‌ തെയ്യം എന്നതും ഇത് ആര്യന്മാരായ ബ്രാഹ്മണർക്ക് മുന്നേ നിലനിന്നിരുന്ന ആചാരമാണ്‌ എന്നതിന്‌ തെളിവാണ്‌. എങ്കിലും ഈ ആചാരം ബ്രാഹ്മണരുടെ കയ്യിൽ അകപ്പെട്ടു പോയില്ല. മറ്റ് കലകൾ എന്നപോലെ ഇതിനും ചര്യകൾ ആവശ്യമാണ്‌ എന്നതിനാലാവാം ഇത്. മാത്രവുമല്ല ഒരു പ്രത്യേക വർഗ്ഗക്കാരാണ്‌ തെയ്യമണിഞ്ഞിരുന്നത്.

ഉത്തരമലബാറിൽ  തെയ്യക്കാലത്തിനു തുടക്കം കുറിക്കുന്നത് തുലാം പത്തിന്  കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ  തെയ്യത്തിന്റെ വരവോടുകൂടിയാണ് .തെയ്യക്കാലം  ഇവിടെ ആരംഭിക്കുന്നു

ചാമുണ്ഡി തെയ്യം

ഐതിഹ്യം

തിരുത്തുക

ഓരോ തെയ്യത്തിന്റേയും തുടക്കത്തിനു് പിന്നിൽ അതതു ദേശവും കാലവുമനുസരിച്ചു് വ്യത്യസ്ത ഐതിഹ്യങ്ങളുണ്ടു്, ഇന്ത്യയിലെ പ്രാദേശിക ആചാരങ്ങളും അനുഷ്ഠാനങ്ങളും ബ്രാഹ്മണമേധാവിത്വമുള്ള ഹൈന്ദവസംസ്കാരത്തിന്റെ ഭാഗമാണെന്നു് സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ ആദി ശങ്കരാചാര്യരുടെ കാലംതൊട്ടു് നടന്നിട്ടുണ്ടു്[6]. തെയ്യങ്ങളുടെ പിന്നിലും ബ്രാഹ്മണ്യവുമായി ബന്ധപ്പെട്ട ഏക ഐതിഹ്യമുണ്ടെന്നു് സ്ഥാപിക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ടു്. ബ്രാഹ്മണർ അധികമായും കാണപ്പെട്ടിരുന്ന കോലത്തുനാട്ടിലെ പയ്യന്നൂരും പെരിംചെല്ലൂരും (തളിപ്പറമ്പ) അമ്പലങ്ങൾ ധാരാളമായി ഉണ്ടായത് തെയ്യങ്ങളുടേയും മറ്റ് അനുബന്ധകലകളുടേയും പ്രചാരത്തിന് കാരണമായി[അവലംബം ആവശ്യമാണ്]. കേരളോൽപ്പത്തി പ്രകാരം പരശുരാമനാണ് കളിയാട്ടം, പുറവേല, ദേവിയാട്ടം (തെയ്യം) എന്നിവ സൃഷ്ടിച്ചതെന്നാണ്‌ ഐതിഹ്യം[7]. അദ്ദേഹം തെയ്യം കെട്ടാനുള്ള അനുവാദം പാണൻ, വേലൻ, വണ്ണാൻ എന്നീ ജാതികൾക്ക് കൽപ്പിച്ചു കൊടുത്തു[അവലംബം ആവശ്യമാണ്]. ബ്രാഹ്മണന്മാരുടെ മേൽനോട്ടത്തിൽ ഈ ജാതിക്കാർ തെയ്യം രൂപപ്പെടുത്തുകയും വളർത്തിയെടുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തു[അവലംബം ആവശ്യമാണ്]. വളരെ നാൾ കൊണ്ട് സാമൂഹികമായ മാറ്റങ്ങൾ പലതും ഉണ്ടാകുകയും അമ്പലങ്ങൾ മേൽജാതിക്കാരുടെ കൈവശമാകുകയും തെയ്യം താഴ്ന്ന ജാതിക്കാരിൽ മാത്രം നിക്ഷിപ്തമാകുകയും ചെയ്തു. ജാതിവ്യവസ്ഥയ്ക്ക് കാര്യമായ മാറ്റങ്ങൾ ഒരിക്കലും ഉണ്ടാവാതിരുന്നതിനാൽ ഈ ജാതികൾ തമ്മിൽ യാതൊരു സംഘർഷവും നാളിതുവരെ തെയ്യത്തിന്റെ പേരിൽ ഉണ്ടായില്ല. എന്നാൽ തെയ്യങ്ങളിലും അതിന്റെ ഐതിഹ്യങ്ങളിലും വൻതോതിൽ ആര്യവൽക്കരണം നടന്നിട്ടുണ്ട്. കൂടാതെ കാവുകളുടെ പേരിൽ പോലും ഇന്ന് "ക്ഷേത്ര"വല്കരണം നടന്നിരിക്കുന്നു.

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കേരളോല്പത്തി എന്ന താളിലുണ്ട്.
 
കുണ്ടോർ ചാമുണ്ഡി തെയ്യം

സാമൂഹിക പ്രാധാന്യം

തിരുത്തുക

തെയ്യത്തിൽ കാണുന്ന മാപ്പിളച്ചാമുണ്ഡി, മുക്രിത്തെയ്യം, ആലിത്തെയ്യം, ഉമ്മച്ചിത്തെയ്യം മുതലായ മാപ്പിളത്തെയ്യങ്ങൾ മലബാറിന്റെ സാമൂഹികനിഷ്പക്ഷതയ്ക്ക്‌ ഉത്തമോദാഹരണമാണ്‌. 'നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര, നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര'(എല്ലാവരുടേയും രക്തത്തിൻറെ നിറം ഒന്നു തന്നെ എന്ന്) എന്നു ചോദിക്കുന്ന പൊട്ടൻ തെയ്യവും തെളിയിക്കുന്നതും മറ്റൊന്നല്ല.ജന്മിമാരുടെ ആജ്ഞപ്രകാരം, ആജ്ഞാനുവർത്തികളാൽ കൊലചെയ്യപ്പെട്ട താണജാതിയിൽപെട്ട  സ്ത്രീ -പുരുഷന്മാരുടെ ജീവിതവും തെയ്യ കോലങ്ങൾക്ക് ആധാരമാകാറുണ്ട്. [അവലംബം ആവശ്യമാണ്]

തെയ്യക്കാലം

തിരുത്തുക
 
തെയ്യക്കോലവും, തീയർ സമുദായ അച്ഛന്മാരും 1906 ൽ എടുത്തത്.

തുലാമാസത്തിൽ ( ഒക്ടോബർ-നവംബർ) പത്താം തീയതി കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് എന്നിവിടങ്ങളിലെ കളിയാട്ടത്തോടെയാണ് വടക്കേ മലബാറിലെ തെയ്യക്കാലം തുടങ്ങുന്നതു്[8]. ഇടവപ്പാതിയിൽ (ഏകദേശം ജൂൺ 15) വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നൻപുറത്ത് കാവിൽ കലശം എന്നിവയോടെ കളിയാട്ടക്കാലം അവസാനിക്കും. കോലത്തിരിരാജാവിന്റെ ആജ്ഞയനുസരിച്ചു കരിവെള്ളൂർ മണക്കാടൻ ഗുരുക്കൾ ഒറ്റ ദിവസം തന്നെ 39 തെയ്യങ്ങളെ കെട്ടിയെന്നു് ഐതിഹ്യമുണ്ടു്. മണക്കാടൻ ഗുരുക്കളാണ് തെയ്യത്തിന് രൂപവും ഭാവവും നൽകിയത്.[9]

ശ്രീ പാലോട്ട് ഭഗവതി അമ്മ ദേവസ്ഥാനം

തിരുത്തുക

ഓരോ ഊർക്കോവിലകത്തും (ഓരോ നാടിനും കേന്ദ്രമായി നിലകൊള്ളുന്ന പ്രധാന ക്ഷേത്രം) ഏതേതു കാവുകളിലാണ് തെയ്യം തുടങ്ങേണ്ടത് എന്നുള്ളതിനു നിശ്ചിത ക്രമങ്ങളുണ്ട്. പയ്യന്നൂർ ഊർക്കോവിലകത്ത് പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നവംബർ 16 ന് ആരംഭിച്ച് 16 ദിവസം നീണ്ടു നിൽക്കുന്ന ആരാധനാ മഹോത്സവം കഴിഞ്ഞാലുടനെ ഡിസംബർ മൂന്നിന് പയ്യന്നൂർ കൊക്കാനിശ്ശേരി കണ്ടമ്പത്തു ദേവസ്ഥാനത്താണ് തെയ്യം ആരംഭിക്കുക. അടുത്ത കാലത്തായി ചില തറവാട്ടു വീടുകളിൽ തെയ്യം കെട്ടിയാടാറുണ്ടെങ്കിലും പൊതുവാൾ സമുദായക്ഷേത്രമായ കണ്ടമ്പത്തു ദേവസ്ഥാനത്തെ തെയ്യത്തോടെയാണ് ഔപചാരികമായ തുടക്കം കുറിക്കുക. പയ്യന്നൂർ ഊർക്കോവിലകത്തെ മറ്റൊരു പ്രത്യേകത പെരുന്പയിൽ നിന്നാരംഭിച്ച് കൊറ്റിയിൽ അവസാനിക്കുന്ന പ്രധാന നഗരവീഥിയുടെ തെക്കുഭാഗത്ത് തെയ്യം കെട്ടിയാടാൻ പ്രബല സമുദായമായ വണ്ണാൻമാർക്കു മാത്രമേ അവകാശമുള്ളു. റോഡിൻറെ വടക്കു ഭാഗത്ത് വണ്ണാൻമാരും മലയൻമാരും തെയ്യം കെട്ടിയാടാനുള്ള അവസരം പങ്കിടുന്നു. റോഡിൻറെ തെക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന മാവിച്ചേരി ഭഗവതി ക്ഷേത്രത്തിൽ വണ്ണാൻമാർക്കൊപ്പം അവരിൽ ജാതിയിൽ ശ്രേഷ്ഠരായ അഞ്ഞൂറ്റാൻമാരാണ് പ്രധാന ദൈവമായ തുളുവീരൻ ദൈവത്തെ കെട്ടിയാടുന്നത്. ജാതിയിൽ അഞ്ഞൂറ്റാൻമാർ വേലനാണെങ്കിലും സാധാരണ വേലന്മാരുമായി ഇവർക്കു ബന്ധമൊന്നുമില്ല.

കളിയാട്ടവും പെരുങ്കളിയാട്ടവും

തിരുത്തുക

കാവുകളിലോ സ്ഥാപനങ്ങളിലോ തറവാടുകളിലോ നിശ്ചിതകാലത്തു നടത്തിവരുന്ന തെയ്യാട്ടത്തിനു പൊതുവേ 'കളിയാട്ടം' എന്നാണു പറയുന്നത്. കഴകങ്ങളിലും കാവുകളിലും ചില പ്രമുഖ തറവാടുകളിലും ആണ്ടുതോറും തെയ്യാട്ടം നടത്തുന്നതിന് സ്ഥിരമായി മാസവും തീയതിയും നിശ്ചയിച്ചിരിക്കും. ഇത്തരം കളിയാട്ടോത്സവങ്ങളെ കല്പനകളിയാട്ടം എന്നു പറയും. എന്നാൽ, പ്രമുഖങ്ങളായ ചില കഴകങ്ങളിലും കാവുകളിലും വർഷംതോറും കളിയാട്ടം പതിവില്ല. പത്തോ പതിനഞ്ചോ ഇരുപത്തഞ്ചോ വർഷങ്ങൾ കൂടുമ്പോൾ മാത്രമാണ് അവിടങ്ങളിൽ കളിയാട്ടം നടത്തുന്നത്. ആർഭാടപൂർവം നടത്തപ്പെടുന്ന അത്തരം കളിയാട്ടങ്ങളെ 'പെരുങ്കളിയാട്ട'മെന്നാണു പറയുന്നത്. സാധാരണ തെയ്യാട്ടത്തിനോ കളിയാട്ടത്തിനോ ഉള്ളതിനെക്കാൾ ചടങ്ങുകളും അനുഷ്ഠാനങ്ങളും പെരുങ്കളിയാട്ടത്തിനുണ്ട്. ചിലേടങ്ങളിൽ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ആയിരക്കണക്കിനു ഭക്തജനങ്ങൾക്ക് അന്നമൂട്ടുന്ന പതിവുമുണ്ട്. കളിയാട്ടത്തിലെ ദേവതമാരിൽ നല്ലൊരു ഭാഗം കാളിയോ കാളിയുടെ സങ്കല്പഭേദങ്ങളോ ആണെന്നതിൽ പക്ഷാന്തരമില്ല. അതിനാൽ 'കാളിയാട്ട'മാണ് 'കളിയാട്ട'മായതെന്നു ചിലർ കരുതുന്നു. 'കളി'യും 'ആട്ട'വും ഇതിലുള്ളതിനാലാണ് 'കളിയാട്ട'മായതെന്നു മറ്റൊരു പക്ഷം. എന്നാൽ കേരളോത്പത്തി എന്ന ഗ്രന്ഥത്തിൽ തീയാട്ട്, ഭരണിവേല, പൂരവേല തുടങ്ങി കാവുകളിലെ അടിയന്തരങ്ങളുടെ ശൃംഖലയിലാണ് 'കളിയാട്ട'ത്തെയും പെടുത്തിയിരിക്കുന്നത്. 'കളിയാട്ട'ത്തിന്റെ അരങ്ങിൽ എല്ലാ തെയ്യങ്ങൾക്കും പ്രവേശനമില്ല. കാവുകളിലോ കഴകങ്ങളിലോ 'സ്ഥാന'ങ്ങളിലോ തറവാടുകളിലോ വച്ച് നടത്താറുള്ളതിനെ മാത്രമേ 'കളിയാട്ടം' എന്നു പറയാറുള്ളൂ.

തെയ്യം കെട്ടിയാടുന്ന ഇടങ്ങൾ (തെയ്യസ്ഥാനങ്ങൾ)

തിരുത്തുക

നമ്പ്യാർ, മണിയാണി,വാണിയർ, തീയർ വിഭാഗക്കാരുടെ കാവ്, കോട്ടം, താനം (സ്ഥാനം), അറ, പള്ളിയറ, മുണ്ട്യ, കഴകം തുടങ്ങിയവയാണ് തെയ്യങ്ങളെ കെട്ടിയാടിക്കുന്ന മുഖ്യസ്ഥാനങ്ങൾ. ആദ്യസങ്കേതങ്ങൾ വൃക്ഷമൂലങ്ങളായിരുന്നിരിക്കാം. പാല, ചമ്പകം, ആല്, ഇലഞ്ഞി തുടങ്ങിയ വൃക്ഷങ്ങൾ ഇന്നും തെയ്യങ്ങളുടെ സങ്കേതങ്ങളായുണ്ട്. കാവുകളുടെ ഉത്പത്തി വൃക്ഷാരാധനയിൽ നിന്നാകാം. ദേവതാസങ്കേതങ്ങളായ കാവുകളിൽ കൽപീഠമോ കൽത്തറയോ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാൽ ചിലേടങ്ങളിൽ പള്ളിയറ (ശ്രീകോവിൽ) പണിതിട്ടുണ്ടായിരിക്കും. ദുർലഭം ചിലവ ചുറ്റമ്പലവും മറ്റുമുള്ള ക്ഷേത്രങ്ങളായി രൂപാന്തരപ്പെട്ടു കാണാം.

 
തിറ ആഘോഷിക്കുന്ന കണ്ണൂരിലെ ഒരു കാവ്

കാവുകളിൽ മിക്കതും ഭഗവതിക്കാവുകളാണ്. ഒറവങ്കരക്കാവ്, കരക്കീൽകാവ്, കാപ്പാട്ടുകാവ്, കുട്ടിക്കരക്കാവ്, പാറമേൽക്കാവ്, പ്രമാഞ്ചേരിക്കാവ്, വല്ലാകുളങ്ങരക്കാവ്, കക്കരക്കാവ്, പൂമാലക്കാവ്, കണങ്ങാട്ടുകാവ്, മുച്ചിലോട്ടുകാവ്, തിരുവർകാട്ടുകാവ് എന്നിങ്ങനെ മുഖ്യദേവതകളുടെ പേരുകളിലാണ് കാവുകൾ പലതും അറിയപ്പെടുന്നത്. മുണ്ട്യക്കാവ്, ഊർപ്പഴച്ചിക്കാവ്, പാലോട്ടുകാവ്, അണ്ടലൂർക്കാവ് ചാത്തമ്പള്ളി കാവ് എന്നിങ്ങനെ പുരുഷദൈവങ്ങൾക്കു പ്രാമുഖ്യമുള്ള കാവുകളുമുണ്ട്. ഓരോ കാവിലും മുഖ്യദേവതയ്ക്കു പുറമേ മറ്റനേകം ഉപദേവതകളും ഉണ്ടായിരിക്കും. ഒറ്റപ്പെട്ട കാവുകളാണ് കൂടുതലെങ്കിലും ചില ദേവതകളുടെ കാവുകൾ വിവിധ ഗ്രാമങ്ങളിൽ ഉണ്ടാകും. വാണിയ (ചക്കാല നായർ) സമുദായക്കാരുടെ ആരാധനാലയമാണ് മുച്ചിലോട്ടുകാവുകൾ. മുച്ചിലോട്ടു ഭഗവതിയെന്ന മുഖ്യദേവതയ്ക്കു പുറമേ കണ്ണങ്ങാട്ടു ഭഗവതി, പുലിയൂരുകാളി, പുലിക്കണ്ടൻ തുടങ്ങിയ ദേവതകളും ചില മുച്ചിലോട്ടുകാവുകളിലുണ്ടാകും. കരിവെള്ളൂരിലാണ് ആദിമുച്ചിലോട്ടുകാവ്. തൃക്കരിപ്പൂർ, കോറോം, കൊട്ടില, കവിണിശ്ശേരി, വളപട്ടണം,കുന്നാവ്, നമ്പ്രം, പെരുതണ, കരിച്ചാടി, അതിയാൽ, നീലേശ്വരം, ക്ണാവൂർ, ക്ളായിക്കോട്, ചെറുവത്തൂർ, ചന്തേര, കാറോൽ, തായനേരി, പയ്യന്നൂര്, രാമന്തളി, എരമം, മാതമംഗലം, വെള്ളോറ, കുഞ്ഞിമംഗലം, കോക്കോട്, വെങ്ങര, അതിയടം, വെള്ളാവ്, കൂവേരി, തലോറ്, കീയാറ്റൂർ, കുറുമാത്തൂർ, കല്യാശ്ശേരി, അരീക്കുളങ്ങര, എടക്കേപ്പുറം, ആറ്റടപ്പ, മുക്വത്ത് എന്നീ പ്രദേശങ്ങളിൽ മുച്ചിലോട്ടുകാവുകളുണ്ട്. ആരിയപൂമാല ഭഗവതിയുടെ ആരാധനാലയമാണ് പൂമാലക്കാവുകൾ. കുറുവന്തട്ട, മണിയറ, തലേനരി, രാമവില്യം, വയലപ്ര, വടക്കൻകൊവ്വൽ, അന്നീകര, കുട്ടമത്ത്, കൊയോങ്കര, കുന്നച്ചേരി തുടങ്ങിയ അനേകം സ്ഥലങ്ങളിൽ പൂമാലക്കാവുകൾ കാണാം. ഈ കാവുകളിൽ മറ്റ് അനേകം ദേവതകളെക്കൂടി ആരാധിച്ചുപോരുന്നു. കേരളത്തിലെ യാദവ വംശജരെന്നു കരുതപ്പെടുന്ന മണിയാണിമാരിൽ ഒരു വിഭാഗക്കാരായ എരുവാന്മാരുടെ ആരാധനാലയങ്ങളാണ് കണ്ണങ്ങാട്ടുകാവുകൾ. കണ്ണങ്ങാട്ടു ഭഗവതിയുടെ ആദിസങ്കേതം വയത്തൂരാണെന്നാണ് ഐതിഹ്യം. കൊറ്റി, കാരളിക്കര, കൊക്കാനിശ്ശേരി, എടനാട്ട്, കാക്കോൽ, കൂറ്റൂർ, പെരിങ്ങോം കിഴക്കെ ആലക്കാട്, പെരിങ്ങോം, ആലപ്പടമ്പ്, രാമന്തളി, വെള്ളോറ എന്നിവിടങ്ങളിൽ കണ്ണങ്ങാട്ടുകാവുകളുണ്ട്.വസൂരി ദേവതകളായ 'ചീറുമ്പമാ'രുടെ ആരാധനാലയങ്ങളാണ് ചീറുമ്പക്കാവുകൾ. തീയർ, തച്ചന്മാർ (ആശാരിമാർ), മുക്കുവർ, കരിമ്പാലൻ എന്നീ സമുദായക്കാർ ഈ ദേവതമാരെ ആരാധിക്കുന്നു. ചീറുമ്പയ്ക്ക് തെയ്യക്കോലമില്ലെങ്കിലും ആ കാവുകളിൽ മറ്റനേകം തെയ്യങ്ങളുണ്ട്. പീലിക്കോട്, കൊയോൻകര (തൃക്കരിപ്പൂര്), ചെറുവത്തൂർ, പയ്യന്നൂര്, മാടായി എന്നിവിടങ്ങളിലെ ചീറുമ്പക്കാവുകൾ ആശാരിമാരുടേതാണ്.

മുണ്ട്യകൾ

തിരുത്തുക

അത്യുത്തരകേരളത്തിൽ തെയ്യാട്ടം നടത്തുന്ന കാവുകളിൽ മറ്റൊന്നാണ് 'മുണ്ട്യ'കൾ. പണ്ട് ഇവ നായാട്ടു സങ്കേതങ്ങൾ കൂടിആയിരുന്നിരിക്കാം.കടുമേനി, ചീമേനി, ഒളോറ, പടന്ന, കൊഴുമ്മൻ കൊയോൻകര, നടക്കാവ്, പുലിയന്നൂർ, കുലേരി തുടങ്ങിയ പ്രദേശങ്ങളിൽ മുണ്ട്യക്കാവുകൾ കാണാം. മുണ്ട്യകൾ മിക്കവാറും തീയരുടെ ആരാധനാലയങ്ങളാണ്. ചീമേനി മുണ്ട്യക്കാവ് മണിയാണിമാരുടേതത്രെ. വിഷ്ണുമൂർത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി തുടങ്ങിയ ദേവതകളാണ് പ്രായേണ മുണ്ട്യകളിൽ ആരാധിക്കപ്പെടുന്നത്. ചില മുണ്ട്യകളിൽ വയനാട്ടുകുലവൻ ദൈവവും ഉണ്ട്.

തെയ്യാട്ടസ്ഥാനങ്ങളിൽ ഒരു വിഭാഗമാണ് 'കഴകം'. തീയർ, മണിയാണിമാർ തുടങ്ങി പല സമുദായക്കാർക്കും 'കഴക'ങ്ങളുണ്ട്.[10]ഓരോ കഴകത്തിന്റെ കീഴിലും അനേകം കാവുകളും സ്ഥാനങ്ങളും കാണും. കുറുവന്തട്ട, രാമവില്യം, നെല്ലിക്കാത്തുരുത്തി, പാലക്കുന്ന് തുടങ്ങിയ കഴകങ്ങൾ തീയരുടേതാണ്. കാപ്പാട്ടുകഴകം, കല്യോട്ടുകഴകം, മുളയന്നൂർകഴകം, കണ്ണമംഗലംകഴകം തുടങ്ങിയവ മണിയാണിമാരുടെ വകയാണ്. 'കഴക'ങ്ങളിൽ 'കഴകി'യായ ഭഗവതിക്ക് മുഖ്യസ്ഥാനമുണ്ട്. മറ്റനേകം ദേവതമാരും അവിടെ ആരാധിക്കപ്പെടുന്നു.

ഗ്രാമക്കൂട്ടമായ 'കഴകം' തന്നെയാണ് കോട്ടം. ഭഗവതിക്കോട്ടം, ചാമുണ്ഡിക്കോട്ടം, വൈരജാതൻകോട്ടം, പൊട്ടൻ ദൈവത്തിന്റെ കോട്ടം, വേട്ടയ്ക്കൊരുമകൻകോട്ടം എന്നിങ്ങനെയുള്ള കോട്ടങ്ങളിൽ തെയ്യാട്ടം പതിവുണ്ട്.

തെയ്യാട്ടസ്ഥാനങ്ങളായ ചില ആരാധനാലയങ്ങളെ 'കുലോം' (കോവിലകം) എന്നു പറയും. മടിയൻ കുലോം, ഉദിയന്നൂർ കുലോം, മൗവ്വേനി കുലോം, വടക്കുമ്പാടു കുലോം, കീഴറ കുലോം എന്നിവ പ്രഖ്യാതങ്ങളാണ്. ഇത്തരം കോവിലകങ്ങൾ ചില പ്രത്യേക ദേവതകളുടെ ആരാധനാലയങ്ങളായതിന്റെ പിന്നിൽ പുരാസങ്കല്പങ്ങളുണ്ട്.

മടപ്പുര

തിരുത്തുക

മുത്തപ്പൻ ദൈവത്തിന്റെ സ്ഥാനമാണ് പൊടിക്കുളവും മടപ്പുരയും. മടപ്പുര വിപുലമായ ആരാധനാസങ്കേതമാണ്. പ്രധാനമയും കണ്ണൂരിലും കാസർഗോഡും ജില്ലകളിലാണ് മടപ്പുരയും പൊടിക്കളവും ഉള്ളത്. ഏറ്റവും പ്രധാനപെട്ടത്‌ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയും കണ്ണപുരം മടപ്പുരയും ഒപ്പം കുന്നത്തൂർപാടിയും ആണ്.

തെയ്യം കെട്ടുന്നവർ (കോലക്കാർ)

തിരുത്തുക

തെയ്യം കെട്ടിയാടിവരുന്നത് വണ്ണാൻ, മലയൻ, പുലയർ (ചെറുമർ), അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ, വേലൻ, ചിങ്കത്താൻ, മാവിലൻ, കോപ്പാളർ അഥവാ നൽക്കദായ എന്നീ സമുദായങ്ങളിൽപ്പെട്ടവരാണ്.

വണ്ണാന്മാർ

തിരുത്തുക

അത്യുത്തരകേരളത്തിലെ വണ്ണാന്മാർ മറ്റു പ്രദേശങ്ങളിലുള്ള മണ്ണാന്മാരിൽനിന്ന് പലതുകൊണ്ടും ഭിന്നരാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മിക്ക ഗ്രാമപ്രദേശങ്ങളിലും വണ്ണാപ്പുരകൾ ഉണ്ട്. തെയ്യാട്ടത്തിനു പുറമേ തുന്നൽവേല, പാരമ്പര്യവൈദ്യം (പ്രത്യേകിച്ചും ബാലചികിത്സ), എന്നിവയും അവരുടെ കുലത്തൊഴിലുകളാണ്. അകനാൾ നീക്ക്, കെന്ത്രോൻപാട്ട് (ഗന്ധർവൻ പാട്ട്), കുറുന്തിനിപ്പാട്ട്, പക്ഷിപീഡ നീക്ക്, മറ്റു മാന്ത്രികബലികർമങ്ങൾ എന്നിവയിലും വണ്ണാന്മാർ ഏർപ്പെട്ടുവന്നിരുന്നു. ഏറ്റവും കൂടുതൽ തെയ്യങ്ങൾ കെട്ടിയാടിവരുന്നത് വണ്ണാന്മാരാണ്. ഭഗവതി, ഭദ്രകാളി, ഭൂതം, നാഗം, യക്ഷഗന്ധർവൻ, പുലിദൈവങ്ങൾ, വീരന്മാർ തുടങ്ങി വിവിധ തരത്തിലുള്ള തെയ്യങ്ങൾ അവർ കെട്ടിയാടും. ദുർമൃതിയടഞ്ഞ മനുഷ്യരുടെയും മൺമറഞ്ഞ പൂർവികരുടെയും വീരവനിതകളുടെയും വീരപുരുഷന്മാരുടെയും സങ്കല്പങ്ങളിലുള്ള തെയ്യങ്ങളിൽ ഭൂരിഭാഗവും വണ്ണാന്മാരാണ് കെട്ടുന്നത്. ദേവതകളെ പുരസ്കരിച്ചുള്ള തോറ്റംപാട്ടുകളും ഇവർക്കിടയിൽ സമൃദ്ധമായുണ്ട്. ഇവർ മരുമക്കത്തായം സമ്പ്രദായം തുടരുന്നു.വണ്ണാൻ സമുദായത്തിലെ പ്രഗൽഭ കനലാടിയായ ഇ.പി നാരായണ പെരുവണ്ണാൻ,ത്യച്ഛംബരം .2024 വർഷത്തെ രാജ്യത്തിൻ്റെ പരമോന്നത സിവിലിയൻ പദവിയായ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.തെയ്യാട്ടരംഗത്തെ ആദ്യ പത്മശ്രീ ബഹുമതി കൂടിയാണിത്.വണ്ണാൻ സമുദായത്തിൻ്റെ ഗുരുക്കളച്ഛനായി കരിവെള്ളൂർ മണക്കാടൻ ഗുരുക്കളെ" ഉപാസിക്കുന്നു

കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മലയർ തെയ്യം കെട്ടിവരുന്നവരാണ്. മലയക്കുടികളില്ലാത്ത ഗ്രാമങ്ങൾ ഇവിടങ്ങളിൽ കുറവാണ്. ശ്രീമഹാദേവന്റെ പിണിയൊഴിപ്പാൻ പിറന്ന 'ഭദ്രദേവവർഗ'മാണ് തങ്ങളെന്ന് ഇവർ 'കണ്ണേർപാട്ടി'ൽ അവകാശപ്പെടുന്നു. പാടുന്നതിലും കൊട്ടുന്നതിലും മലയർക്കു പ്രത്യേക വൈദഗ്ദ്ധ്യമുണ്ട്. മറ്റു വിഭാഗക്കാരുടെ തെയ്യത്തിനും ഇവർ വാദ്യക്കാരായി പോകും. മലയികൾ നാട്ടുപേറ്റിച്ചികളായിരുന്നു. മാന്ത്രിക പാരമ്പര്യവും മലയർക്കുണ്ട്. മലയൻ കെട്ട്, കണ്ണേർ പാട്ട് എന്നിവ ഇവർ നടത്തിവരുന്ന കർമങ്ങളാണ്. കാർഷിക-ഗോസമൃദ്ധിക്കു വേണ്ടിയുള്ള 'കോതമൂരിയാട്ടം' (ഗോദാവരിയാട്ടം) എന്ന കലയും മലയരുടെ പൈതൃകമാണ്. ഭൈരവൻ, കുട്ടിച്ചാത്തൻ, ഗുളികൻ, പൊട്ടൻ, ഉച്ചിട്ട, കുറത്തി എന്നീ മന്ത്രമൂർത്തികൾ മലയത്തെയ്യങ്ങളിൽ മുഖ്യങ്ങളാണ്. രക്തചാമുണ്ഡി, രക്തേശ്വരി, വിഷ്ണുമൂർത്തി, മടയിൽചാമുണ്ഡി, കണ്ഠാകർണൻ (ഘണ്ടാകർണൻ), വസൂരിമാല, കരിവാൾ എന്നിവയും മലയർ കെട്ടിയാടുന്ന തെയ്യങ്ങളിൽപ്പെടുന്നു.ഇവരിൽ ഓരോ ദേശത്തിനും തെയ്യക്കോലം ധരിക്കാൻ ഓരോ കുടുംബങ്ങൾ ഉണ്ട് അവകാശികൾ ആയിട്ട്, ചില കോലം ധരിക്കാൻ ആചാരപെട്ടവർ തന്നെ വേണം, മൂവാളം കുഴി ചാമുണ്ടി കോലം ഇതിൽ പെടുന്നു. ഇവരുടെ കൂട്ടത്തിൽ ആചാരപെടുന്നവരെ പണിക്കർ എന്നാണ് അറിയപെടുന്നത്. ഓരോ ദേശത്തിനും ഓരോ പെരുമലയൻ സ്ഥാനപേരും ഉണ്ട്.ഇതിൽ പ്രധാന പെട്ടതാണ് കരിവെള്ളൂർ പെരുമലയൻ, കാങ്കോൽ പെരുമലയൻ, ചീമേനി അള്ളടോൻ.

വേലന്മാർ

തിരുത്തുക

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വേലന്മാർ തെയ്യാട്ടക്കാരാണ്. മറ്റു പ്രദേശങ്ങളിലെ വേലന്മാരിൽനിന്ന് ഭിന്നരാണിവർ. 'തുളുവേല'ന്മാരായ ഇവരുടെ ആദിസങ്കേതം തുളുനാട്ടിലെ കുണ്ഡോറ എന്ന സ്ഥലമായിരുന്നുവത്രെ. തെങ്ങുകയറ്റം, ചെത്ത് , വൈദ്യം എന്നിവ കുലത്തൊഴിൽ ആണ് ചെയ്ത് പൊന്നിരുന്നത്. കുണ്ഡോറച്ചാമുണ്ഡി വേലരുടെ പ്രധാന തെയ്യമാണ്. പുള്ളിക്കുറത്തി, കുഞ്ഞാർകുറത്തി, ധൂമഭഗവതി, പഞ്ചുരുളി, മലങ്കുറത്തി, ചുടലഭദ്രകാളി, പുള്ളിച്ചാമുണ്ഡി, കാലചാമുണ്ഡി, ഗുളികൻ, ബപ്പിരിയൻ, അയ്യപ്പൻ തുടങ്ങി അനേകം തെയ്യങ്ങൾ വേലത്തെയ്യങ്ങളിൽപ്പെടുന്നു. തെയ്യാട്ടത്തിന് ചെണ്ടകൊട്ടുവാനും പാടുവാനും വേലത്തികൾകൂടി പങ്കുകൊള്ളാറുണ്ട്.

അഞ്ഞൂറ്റാൻ

തിരുത്തുക

അഞ്ഞൂറ്റാൻ എന്ന ഒരു വിഭാഗക്കാരും തെയ്യം കെട്ടാറുണ്ട്. നീലേശ്വരത്താണ് ഇവരുടെ അംഗസംഖ്യ കൂടുതൽ ഉള്ളത്. ഇവർ വേലന്മാരുടെ ഒരു വിഭാഗമാണെന്നു കരുതുന്നു. വേലൻ അഞ്ഞൂറ്റാൻ എന്നാണ് തങ്ങളുടെ സമുദായത്തിന്റെ പേരെന്ന് ഇവർ പറയുന്നു. എന്നാൽ മറ്റു വേലന്മാരുമായി ഇവർക്ക് ബന്ധം കാണുന്നില്ല. തിറയാട്ടം നടത്തുന്ന മൂന്നൂറ്റാന്മാരുമായിട്ടു മാത്രമേ അല്പം ബന്ധം കാണുന്നുള്ളൂ. തിരുവർകാട്ടു ഭഗവതി, പുതിയ ഭഗവതി, പൂമാരുതൻ, തുളുവീരൻ തുടങ്ങി ഏതാനും തെയ്യങ്ങൾ മാത്രമേ മുന്നൂറ്റാന്മാർ കെട്ടിയാടാറുള്ളൂ.

മുന്നൂറ്റാൻ

തിരുത്തുക

കുട്ടിച്ചാത്തൻ തെയ്യമാണ് ഇവർ കെട്ടിയാടുന്ന പ്രധാന തെയ്യം.നാഗഭഗവതി,ചെറിയ ഭഗവതി, പുള്ളിവേട്ടയ്ക്കൊരുമകൻ,വലിയ തമ്പുരാട്ടി,വസൂരിമാല,ശ്രീപോർക്കലി, തുടങ്ങിയ തെയ്യങ്ങളും ഇവർ കെട്ടിയാടാറുണ്ട്.

ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട്, പയ്യന്നൂർ താലൂക്കുകളിൽ കണ്ടുവരുന്ന മാവിലരും തെയ്യംകെട്ടിവരുന്നവരാണ്. മാവിലരിൽ മലയാളം സംസാരിക്കുന്നവരും തുളു സംസാരിക്കുന്നവരുമുണ്ട്. തുളുമാവിലരുടെ ഒരു അവാന്തരവിഭാഗമാണ് ഹോസ്ദുർഗ് താലൂക്കിലെ ചിറവർ. മാവിലർ കെട്ടിയാടാറുള്ള വിഷ്ണുമൂർത്തി, പേരടുക്കത്ത് ചാമുണ്ഡി കുറത്തി, കുറവൻ, ഗുളികൻ, കാപ്പാളത്തി ചാമുണ്ഡി, പേത്താളൻ, കാട്ടുമടന്ത, മന്ത്രമൂർത്തി, ആട്ടക്കാരത്തി, കരിഞ്ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങളെല്ലാം ചിറവരും കെട്ടിവരുന്നു. മലയാളമാവിലർ ഈ തെയ്യങ്ങൾക്കു പുറമേ മംഗരച്ചാമുണ്ഡി, കരിയത്തുചാമുണ്ഡി, വണ്ണാത്തി ഭഗവതി, കമ്മിയമ്മ, പരാളിയമ്മ, വീരഭദ്രൻ, വീരമ്പിനാർ, ആലാട ഭഗവതി തുടങ്ങിയ തെയ്യങ്ങളും കെട്ടിയാടും.

ചിങ്കത്താന്മാർ

തിരുത്തുക

ഏഴിമല, പെരുവാമ്പ, കുറ്റൂര്, കോയിപ്പാറ, പെരിങ്ങോം എന്നീ പ്രദേശങ്ങളിൽ (കണ്ണൂർ ജില്ലയിൽ) വസിക്കുന്ന ചിങ്കത്താന്മാർ തെയ്യം കെട്ടിയാടുന്നവരാണ്. കോലത്തിരി രാജാക്കന്മാരുടെ ചുങ്കം പിരിവുകാരായിരുന്നു തങ്ങളെന്നും, തമ്പുരാന്റെ കല്പനപ്രകാരമാണ് തങ്ങൾ തെയ്യം കെട്ടുവാൻ തുടങ്ങിയതെന്നും അവരിൽ ചിലർ പറയുന്നു. ഇതെന്തായാലും കോലത്തിരിമാരുടെ ആരാധനാലയങ്ങളായ തിരുവാർകാട്ടുകാവിലും വീരചാമുണ്ഡിക്ഷേത്രത്തിലും ചിങ്കത്താന്മാരുടെ തെയ്യങ്ങൾക്കു പ്രാമുഖ്യമുണ്ട്. മലയാളമാവിലരുമായി പല കാര്യങ്ങളിലും ഇവർക്കു ബന്ധം കാണുന്നു. തായിപ്പരദേവത, വീരചാമുണ്ഡി, പുതിയ ഭഗവതി, കമ്മിയമ്മ, പരാളിയമ്മ, വണ്ണാത്തി ഭഗവതി, നാഗകന്നി, ആനാടി ഭഗവതി, മംഗലച്ചാമുണ്ഡി എന്നീ തെയ്യങ്ങൾ ചിങ്കത്താന്മാർ കെട്ടിയാടാറുണ്ട്.

നൽകദായ [കോപ്പാളർ ]

തിരുത്തുക

കാസർഗോഡ്, ഹോസ്ദുർഗ് എന്നീ താലൂക്കുകളിൽ കണ്ടുവരുന്ന കോപ്പാളർ നൽക്കദായ എന്ന വിഭാഗക്കാർ കോലം കെട്ടിയാടിവരുന്നവരാണ്. കുണ്ടാർചാമുണ്ഡി, കുഞ്ഞാലക്കുറത്തി, ധൂമാഭഗവതി, ഗുളികൻ, കല്ലുരൂട്ടി, പടിഞ്ഞാറെച്ചാമുണ്ഡി, പഞ്ചുരുളി, അണ്ണപ്പഞ്ചുരുളി, ഇളയോർ, മൂത്തോർ, ബണ്ടൻ, പുതുങ്ങൽ ചാമുണ്ഡി, ബപ്പിരിയൻ, മാണിച്ചി, ഗളിഞ്ചൻ [കർക്കിടക മാസത്തിൽ ]എരുതും കോലവും എന്നീ ദേവതകളുടെ തെയ്യങ്ങൾ കോപ്പാളരുടെ തെയ്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്. ചില തെയ്യങ്ങൾ കെട്ടാൻ വള നൽകാറുണ്ട്. തെയ്യം കെട്ടുന്ന പ്രധാനിയെ കലൈപ്പാടി എന്നു വിളിക്കാറുണ്ട്.ഒരു ദേശത്തിന്റെ അധികാരമായി കൽപ്പിച്ച് നൽകുന്ന ആചാര സ്ഥാനമാണ്് പുത്തൂരാൻ [നീലേശ്വരം പുത്തൂരാൻ ,മഡിയൻ പുത്തൂരാൻ ,കോടോത്ത് പുത്തൂരാൻ ,] എന്നിങ്ങനെ.

കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ പുലയർ അവരുടെ ദേവതാസ്ഥാനങ്ങളിലും കാവുകളിലും കോട്ടങ്ങളിലും ഭവനങ്ങളിലും തെയ്യം കെട്ടിയാടാറുണ്ട്. മന്ത്രവാദ ക്രിയകളിൽ ഇവർ അഗ്രഗണ്യരായിരുന്നു, പൂർവികരായ കാരണവന്മാരുടെയും മൺമറഞ്ഞ വീരപുരുഷന്മാരുടെയും സങ്കല്പത്തിലുള്ള കോലങ്ങൾ ധരിച്ചാടുന്നതിൽ പുലയർ പ്രത്യേകം താത്പര്യമുള്ളവരാണ്. പുലിമറഞ്ഞ തൊണ്ടച്ചൻ (കാരികുരിക്കൾ), മരുതിയോടൻ കുരിക്കൾ, പനയാർകുരിക്കൾ, വെള്ളുക്കുരിക്കൾ, സമ്പ്രദായം, ഐപ്പള്ളിത്തെയ്യം, പൊല്ലാലൻകുരിക്കൾ, വട്ട്യൻപൊള്ള എന്നീ തെയ്യങ്ങൾ ആ വിഭാഗത്തിൽപ്പെടുന്നു. കൂടാതെ, പുലപൊട്ടൻ, പുലഗുളികൻ, കുട്ടിച്ചാത്തൻ, ഉച്ചിട്ട, കുറത്തി, കരിഞ്ചാമുണ്ഡി, കരിവാള്, കലന്താട്ട് ഭഗവതി, കാവുമ്പായി ഭഗവതി, കൊവ്വമ്മൽ ഭഗവതി, ചീറങ്ങോട്ടു ഭഗവതി, ചീറത്തു ഭഗവതി, തമ്പുരാട്ടി, തായിപ്പരദേവത, കരിഞ്ചാമുണ്ഡി, തെക്കൻകരിയാത്തൻ, ധർമദൈവം, നാഗകന്നി, പടമടക്കിത്തമ്പുരാട്ടി, തിരുവപ്പൻ, പുലച്ചാമുണ്ഡി, രക്തേശ്വരി, വിഷ്ണുമൂർത്തി തുടങ്ങിയവയും പുലത്തെയ്യങ്ങളിൽപ്പെടുന്നു.

ചമയങ്ങൾ

തിരുത്തുക
 
തെയ്യം കെട്ടിത്തുടങ്ങുന്നു
 
പോർക്കലി തെയ്യം മുടിവയ്ക്കുന്നതിന് മുൻപ്‍‍

മുഖത്തെഴുത്ത്‌, മെയ്യെഴുത്ത്‌, ചമയങ്ങൾ, വേഷങ്ങൾ എന്നിവ ഉപയോഗിച്ചാണു തെയ്യങ്ങളെ പരസ്പരം വേർതിരിക്കുന്നത്‌. അരിപ്പൊടിചാന്ത്‌, ചുട്ടെടുത്ത നൂറ്‌, മഞ്ഞൾപ്പൊടി എന്നിവ നിറങ്ങൾക്കായി ഉപയോഗിക്കുന്നു. ശുദ്ധജലം, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ചാണ്‌ നിറങ്ങളെ ചാലിക്കുന്നത്‌. തെങ്ങോലയുടെ ഈർക്കിൽ ചതച്ചാണ്‌ ചായമെഴുത്തിനുപയൊഗിക്കുന്നത്‌. ചിത്രമെഴുത്തുകാരെ എഴുത്താളർ എന്നു പറയുന്നു. തലപ്പാളി, ചെന്നിമലർ എന്നിവ മുഖത്തും, വള, കടകം, ചൂടകം എന്നിവ കൈകളിലും, ചിലമ്പ്‌, മണിക്കയല്‌, പറ്റുമ്പാടകം എന്നിവ കാലിലും തെയ്യവേഷത്തിൽ നിർബന്ധമാണ്‌. കവുങ്ങിൻ (കമുകിൻ) പാളയും മറ്റും കൊണ്ടുള്ള പൊയ്‌മുഖങ്ങൾ അണിയുന്നവരും, പൊയ്‌ക്കണ്ണ്‌ വെച്ചവരും, താടിമീശവെച്ചവരുമായ തെയ്യങ്ങളേയും കാണാം. ചില തെയ്യങ്ങളുടെ മുടിയിലോ അരയ്ക്കോ തീ പന്തങ്ങളും പിടിപ്പിക്കുന്നു.

അവതരണ രീതിയും അനുഷ്ഠാന രീതിയും പ്രാദേശികമായ സമ്പ്രദായത്തെ മുൻ‌നിർത്തിയാണ് . തീയ്യക്കാവിൽ കെട്ടുന്നതുപോലെയായിരിക്കില്ല വാണിയരുടെ കാവിലെ കെട്ട്. .[11] മുഖത്തെഴുത്ത്, മുടികൾ, അണിയാഭരണങ്ങൾ, ഉടയാടകൾ തുടങ്ങിയ ചമയങ്ങൾ തെയ്യങ്ങൾക്കു രൂപവൈവിധ്യമുണ്ടാക്കുവാൻ സഹായിക്കുന്നവയാണ്. തലച്ചമയം, അരച്ചമയം, കാൽച്ചമയം, കൈച്ചമയം എന്നിങ്ങനെ അവയെ തരംതിരിക്കാം. ലോഹനിർമിതമായവയൊഴിച്ച് ശേഷം ചമയങ്ങളെല്ലാം കലാകാരന്മാർ തന്നെയാണു രൂപപ്പെടുത്തുന്നത്.

മുഖത്തെഴുത്ത്

തിരുത്തുക
 
മുഖത്തെഴുത്ത്
 
നാഗക്കാളി തെയ്യത്തിന് മുഖത്തെഴുതുന്നു.
 
മുഖത്തെഴുത്ത് പൂർത്തിയായ നാഗക്കാളി തെയ്യം
 
അണ്ടലൂർ കാവിലെ ദൈവത്താർ തെയ്യത്തിൻറെ മുഖത്തെഴുത്ത്‌

തെയ്യങ്ങളുടെ മുഖാലങ്കരണം മുഖത്തുതേപ്പ്, മുഖത്തെഴുത്ത് എന്നീ രണ്ടു പ്രകാരമാണ്. കൂടാതെ, മെയ്യെഴുത്തുമുണ്ട്. ദേവതകളുടെ രൂപവൈവിധ്യത്തിന് ഈ അലങ്കരണങ്ങൾ കാരണമാകുന്നു.. അരിച്ചാന്ത്, മഞ്ഞൾ, കടും ചുവപ്പു മഷി, മനയോല, ചായില്യം മുതലായവയാണ് തേപ്പിനും എഴുത്തിനും ഉപയോഗിക്കുന്നത്. കലാകാരന്മാരുടെ സാമുദായിക ഭേദമനുസരിച്ച് അലങ്കരണരീതിക്കും ഉപയോഗിക്കുന്ന വസ്തുക്കൾക്കും വ്യത്യാസം കാണും. വേലൻ, കോപ്പാളൻ തുടങ്ങിയ സമുദായക്കാരുടെ തെയ്യങ്ങൾക്കെല്ലാം മുഖത്തു തേപ്പു മാത്രമേ പതിവുള്ളൂ. വണ്ണാന്മാരുടെ മുത്തപ്പൻ തെയ്യം, കക്കരഭഗവതി, കുറുന്തിനി ഭഗവതി, പുതിയ്യോൻ തെയ്യം തുടങ്ങിയവയ്ക്ക് മുഖത്തുതേപ്പു മാത്രമേ കാണാറുള്ളൂ. എന്നാൽ, മറ്റു തെയ്യങ്ങൾക്കെല്ലാം മുഖത്തെഴുത്തുണ്ടാകും. മുഖത്തെഴുത്ത് പല പേരുകളിലാണ് അറിയപ്പെടുന്നത്. മുച്ചിലോട്ടു ഭഗവതി, കണ്ണങ്കാട്ടു ഭഗവതി, പാടാർകുളങ്ങര ഭഗവതി തുടങ്ങിയ ചില തെയ്യങ്ങൾക്ക് 'കുറ്റിശംഖും പ്രാക്കും' എന്നു പറയുന്ന മുഖത്തെഴുത്താണുള്ളത്. വലിയമുടി വച്ചാടുന്ന തെയ്യങ്ങൾക്കാണ് 'പ്രാക്കെഴുത്ത്' എന്ന പേരിലുള്ള മുഖത്തെഴുത്തു വേണ്ടത്. നരമ്പിൻ ഭഗവതി, അങ്കകുളങ്ങര ഭഗവതി തുടങ്ങിയ സ്ത്രീദേവതകളായ തെയ്യങ്ങൾക്ക് 'വൈരിദളം' എന്ന മുഖത്തെഴുത്തായിരിക്കും. 'മാൻകണ്ണെഴുത്തു'ള്ള തെയ്യങ്ങളാണ് ചെമ്പിലോട്ടു ഭഗവതിയും മരക്കലത്തമ്മയും. 'മാൻകണ്ണും വില്ലുകുറിയും' എന്ന പേരിലുള്ള മുഖത്തെഴുത്തുള്ള തെയ്യമാണ് നാഗകന്നി. 'നരിക്കുറിച്ചെഴുത്താ'ണ് പുലിയുരുകാളി, പുളിക്കരിങ്കാളി എന്നീ തെയ്യങ്ങളുടേത്. കണ്ടനാർകേളൻ, വീരൻ തുടങ്ങിയ തെയ്യങ്ങൾക്ക് 'ഇരട്ടച്ചുരുളിട്ടെഴുത്താ'ണ് വേണ്ടത്. 'ഹനുമാൻകണ്ണിട്ടെഴുത്തു'ള്ള തെയ്യമാണ് ബാലി. പൂമാരുതൻ, ഊർപ്പഴച്ചി, കരിന്തിരി നായർ എന്നീ തെയ്യങ്ങളുടെ മുഖത്തെഴുത്ത് 'കൊടും പുരികം വച്ചെഴുത്ത്' എന്ന പേരിൽ അറിയപ്പെടുന്നു. കൊടും പുരികവും കോയിപ്പൂവും എന്ന മുഖത്തെഴുത്ത് വിഷ്ണുമൂർത്തി തെയ്യത്തിനാണു കാണുന്നത്. വയനാട്ടു കുലവൻ തെയ്യത്തിന് 'വട്ടക്കണ്ണിട്ടെഴുത്താ'ണ്. പുലിക്കണ്ടൻ, പുലിയുരുകണ്ണൻ എന്നീ തെയ്യങ്ങൾ 'കുക്കിരിവാല് വച്ചെഴുത്തു'ള്ളവയത്രെ.കതിവന്നൂർ വീരൻ, വെളുത്തഭൂതം, തെക്കൻ കരിയാത്തൻ, കന്നിക്കൊരു മകൻ തുടങ്ങിയ ചില തെയ്യങ്ങൾക്ക് ശരീരത്തിൽ അരിച്ചാന്തു തേയ്ക്കാറുണ്ട്. വയനാട്ടുകുലവൻ, പൂമാരുതൻ, ബാലി, കണ്ടനാർ കേളൻ, പുലിയുരുകാളി, പുള്ളിക്കരിങ്കാളി തുടങ്ങിയ തെയ്യങ്ങൾ മഞ്ഞളാണ് ശരീരത്തിൽ തേയ്ക്കുക. അരിച്ചാന്തും മഞ്ഞളും ചേർത്ത് ശരീരത്തിൽ പൂശുന്ന തെയ്യങ്ങളാണ് മുത്തപ്പനും തിരുവപ്പനും. പള്ളിക്കരിവേടൻ തെയ്യത്തിന് അരിച്ചാന്തും കടും ചുവപ്പും മെയ്യെഴുതാൻ ഉപയോഗിക്കും. അങ്കക്കാരനാകട്ടെ കറുപ്പും ചുവപ്പും ശരീരത്തിൽ തേയ്ക്കുന്നു. വേട്ടയ്ക്കൊരു മകൻ, ഊർപ്പഴച്ചി എന്നിവയ്ക്ക് പച്ച മനയോല, ചുവപ്പ്, കറുപ്പ് എന്നിവകൊണ്ട് ശരീരത്തിലെഴുതും. 'വരുന്തു വാലിട്ടെഴുത്ത്' എന്ന പേരിലുള്ളതാണ് ഇളം കരുമകൻ തെയ്യത്തിന്റെ മെയ്യെഴുത്ത്.

 
മുഖത്തെഴുത്ത് ആരംഭം


മലർന്നുകിടക്കുന്ന തെയ്യം കലാകാരന്റെ തലയുടെ മുകൾഭാഗത്തിരുന്നാണ് മുഖമെഴുത്തു നടത്തുന്നത്. നത്തുകണ്ണു വെച്ചെഴുത്ത്, പുലിനഖം വെച്ചെഴുത്തു്, കോഴിപുഷ്പം വെച്ചെഴുത്ത് തുടങ്ങി പലതരം വെച്ചെഴുത്തുകളുണ്ട്. തലമുറ കൈമാറി വരുന്ന അറിവുകൾ ഉപയോഗിച്ചാണ് മുഖത്തെഴുത്ത് നടത്തുന്നത്.

 
വിഷ്ണുമൂർത്തി തെയ്യം
 
ഗുളികൻ തെയ്യത്തിനുള്ള മുടി കുരുത്തോലയാൽ തയ്യാറാക്കി വച്ചിരിക്കുന്നു.

'മുടി'യാണ് തലച്ചമയങ്ങളിൽ മുഖ്യം. ദേവന്മാരുടെ കിരീടത്തിന് തുല്യമാണ് മുടി. മുടി കുരുത്തോല കൊണ്ട് അലങ്കരിച്ചതോ തുണി കൊണ്ട് അലങ്കരിച്ചതോ ആവാം. മുടിയെറ്റുക എന്നും തെയ്യം തുടങ്ങുന്നതിനു പറയും.

താഴെ പറയുന്നവയാണു് ആണ് സാധാരണ മുടികൾ

  1. വലിയമുടി,
  2. വട്ടമുടി
  3. പീലിമുടി,
  4. തിരുമുടി,
  5. പൊന്മുടി / സ്വർണ്ണമുടി,
  6. ചട്ടമുടി
  7. കൊണ്ടൽമുടി,
  8. കൊടുമുടി,
  9. കൂമ്പുമുടി,
  10. കൊതച്ചമുടി,
  11. ഓങ്കാരമുടി,
  12. തൊപ്പിച്ചമയം,
  13. ഓലമുടി,
  14. ഇലമുടി,
  15. പൂക്കട്ടിമുടി

മുരിക്ക്, കുമിഴ് തുടങ്ങിയ കനം കുറഞ്ഞ മരങ്ങൾകൊണ്ടാണ് മിക്ക മുടികളും രൂപപ്പെടുത്തുന്നത്. കവുങ്ങിന്റെ അലക്, ഓടമുള, തകിടുകൾ, പലനിറത്തിലുള്ള പട്ടുതുണികൾ, വെള്ളികൊണ്ടോ ഓടുകൊണ്ടോ നിർമിച്ച ചെറുമിന്നികളും ചന്ദ്രക്കലകളും, മയിൽപ്പീലി, ചെക്കിപ്പൂവ്, കുരുത്തോല, കവുങ്ങിൻപാള തുടങ്ങിയവ മുടികളുടെ നിർമ്മാണത്തിന് ഉപയോഗിക്കും. തലച്ചമയങ്ങളിൽപ്പെട്ടവയാണ് കുപ്പി, തലപ്പാളി, ചെന്നിമലർ, ചെന്നിപ്പത്തി, ചെയ്യാക്ക്, കൊമ്പോലക്കാത്, കൊടുവട്ടം, തെക്കൻകാത്, ചെണ്ടെടത്താങ്ങി എന്നിവ.

അരച്ചമയങ്ങൾ

തിരുത്തുക

അരയിലുടുക്കുന്ന വസ്ത്രങ്ങളും അലങ്കാരങ്ങളും വ്യത്യസ്തമായിരിക്കും. പൂക്കട്ടിമുടി വയ്ക്കുന്ന തെയ്യങ്ങൾക്കെല്ലാം 'ചിറകുടുപ്പ്' എന്ന അരച്ചമയമാണ് വേണ്ടത്. 'വെളുമ്പൻ' എന്ന വസ്ത്രാലങ്കാരമുള്ള തെയ്യങ്ങളിൽ ചിലതാണ് രക്തചാമുണ്ഡി, രക്തേശ്വരി, പുലിയുരുകാളി, കരിങ്കാളി, പുതിയഭഗവതി എന്നിവ. വള്ളക്കരിവേടനും പുലയരുടെ ഭൈരവനും 'കാണിമുണ്ട്' ഉടുക്കുന്നു. 'വിതാനത്തറ' എന്ന അരച്ചമയം നാഗകന്നി, ക്ഷേത്രപാലൻ, മുച്ചിലോട്ടു ഭഗവതി, കണ്ണങ്ങാട്ടു ഭഗവതി, പടക്കെത്തി ഭഗവതി, തായിപ്പരദേവത എന്നീ തെയ്യങ്ങൾക്കു കണ്ടുവരുന്നു. കമ്പുകളും പലനിറത്തിലുള്ള പട്ടുകളും തുന്നിയുണ്ടാക്കുന്നതാണത്. കുരുത്തോലകൊണ്ടുള്ള ഉടുപ്പും ഉടയും ഉള്ള തെയ്യങ്ങളുമുണ്ട്. പൊട്ടൻ തെയ്യം, ഗുളികൻ എന്നിവർക്ക് ഒലിയുടുപ്പാണ്. ചില ചാമുണ്ഡിമാർക്കും ഒലിയുടുപ്പ് കാണും. വിഷ്ണൂമൂർത്തിക്ക് വലിയ ഉട കുരുത്തോലകൊണ്ടുണ്ടാക്കും. ചില പുരുഷദേവതകൾക്ക് 'ചെണ്ടരയിൽക്കെട്ട്', 'അടുക്കും കണ്ണിവളയൻ' എന്നീ പേരുകളിലുള്ള ചെറിയ 'വട്ടൊട'കൾ കാണാം. ചില തെയ്യങ്ങൾക്ക് ഒട്ടിയാണം, കൊയ്തം, മത്താമ്മലാടി, പടിയരത്താണം തുടങ്ങിയവയും അരച്ചമയങ്ങളായി ഉപയോഗിച്ചുവരാറുണ്ട്.

കൈ-കാൽ ചമയങ്ങൾ

തിരുത്തുക

കടകം, വളകൾ, ചൂടകം, പൂത്തണ്ട തുടങ്ങിയ കൈച്ചമയങ്ങളും, പറ്റും പാടകവും, മണിക്കയല്, ചിലമ്പ് തുടങ്ങിയ 'കാച്ചമയ'ങ്ങളും, മാർവട്ടവും തെയ്യങ്ങൾ ധരിക്കാറുണ്ട്.

മാർച്ചമയങ്ങൾ

തിരുത്തുക

കഴുത്തിൽകെട്ട്, മാറും മുല, ഏഴിയരം, മേക്കെഴുത്ത് എന്നിവയാണ് മാർച്ചമയങ്ങൾ.

കഴുത്തിൽകെട്ട്: തെയ്യങ്ങളുടെ കണ്ഠാഭരണങ്ങളെയാണ് കഴുത്തിൽകെട്ട് എന്ന പറയുന്നത്. ഇത്തരം കണ്ഠാഭരണങ്ങൾ മുരിക്കും, കാക്കപ്പൊന്നിൻ തകിടോ മറ്റു വർണ്ണതകിടുകളോ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. വിഷ്മുമൂർത്തി തെയ്യത്തിന്റെ കൊരലാരം ഇതിനുദാഹരണമാണ്.

മാറുംമുല: വെള്ളോടു കൊണ്ടും പാളകൊണ്ടുമാണ് മാറുംമുലച്ചമയം നിർമ്മിക്കുന്നത്. പെൺകോലങ്ങൾ മാറുംമുലച്ചമയം (മുലകളും വയറും) പ്രത്യേഗം അണിഞ്ഞിരിക്കും. ഓലകൊണ്ടോ, നൂലുകൊണ്ടോ തീർത്ത പൂണൂലുകൾ ബ്രാഹ്മണ സങ്കൽപ്പത്തിലുള്ള തെയ്യങ്ങൾ ധരിക്കാറുണ്ട്.

ഏഴിരം: ചില പെൺതെയ്യങ്ങൾ അണിയുന്ന ആഭരണണമാണ് ഏഴിയരം. ണാറും വയറും മൂടുന്നതരത്തിയുള്ള ചമയണാണ് ഏഴിരം.

മേക്കെഴുത്ത്: വയറും മാറും ആഭരണങ്ങൾകൊണ്ട് മറയ്ക്കാത്ത തെയ്യങ്ങൾക്ക് മേക്കെഴുത്തിലൂടെയാണ് ദൈവിക പരിവേഷമുണർത്തുന്നത്. മനയോല, ചായില്യം, മഷി, അരിച്ചാന്ത് തുടങ്ങിയവയാണ് മേക്കെഴുത്തിനുപയോഗിക്കുന്നത്.

 
മേക്കെഴുത്ത്

മറ്റു ചമയങ്ങൾ

തിരുത്തുക

സ്ത്രീദേവതകളിൽ പലതും എകിറ് (ദംഷ്ട്രം) ഉപയോഗിക്കും. പുരുഷദേവതകൾക്കു 'താടി' പതിവുണ്ട്. മുത്തപ്പൻ, കണ്ടനാർകേളൻ, വയനാട്ടുകുലവൻ എന്നിവർക്ക് വെളുത്ത താടിയും പൂമാരുതൻ, കതിവന്നൂർ വീരൻ തുടങ്ങിയവർക്ക് കരിന്താടിയുമാണു വേണ്ടത്. ക്ഷേത്രപാലൻ, ഘണ്ടാകർണൻ, കുട്ടിച്ചാത്തൻ, തിരുവപ്പൻ തുടങ്ങിയ തെയ്യങ്ങൾക്കു കറുത്ത തൂക്കുതാടിയാണ്.താടിയുള്ള ഒരു അമ്മദൈവമാണ് പടക്കെത്തി ഭഗവതി,തുളുചേകവരോട് ഏറ്റുമുട്ടി തുളുത്താടിയും മീശയും കയ്യേറ്റു എന്ന് സങ്കൽപം.

പൊയ്മുഖം, പൊയ്ക്കാത്, പൊയ്ക്കണ്ണ് തുടങ്ങിയവ ചില തെയ്യങ്ങൾക്ക് ആവശ്യമാണ്. മരം, ഓട്, പാള എന്നിവകൊണ്ടാണ് പ്രായേണ പൊയ്മുഖങ്ങൾ നിർമ്മിക്കുന്നത്. ഗുളികൻ, പൊട്ടൻ എന്നീ തെയ്യങ്ങൾക്ക് ചായംകൊണ്ടു ചിത്രണം ചെയ്ത പാള (മുഖപാള)യാണ് മുഖാവരണമായി ധരിക്കുന്നത്. ഓടുകൊണ്ട് പാത്തുണ്ടാക്കുന്നതാണ് തെക്കൻ ഗുളികന്റെ പൊയ്മുഖം. കരിംപൂതത്തിന്റേതാകട്ടെ മരം കൊണ്ടുള്ളതും.

ചടങ്ങുകളും അനുഷ്ഠാനങ്ങളും

തിരുത്തുക

തെയ്യാട്ടവുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളുമുണ്ട്. പ്രാദേശികഭേദം മാത്രമല്ല സ്ഥാനങ്ങളുടെ വ്യത്യാസങ്ങളും കെട്ടിയാടുന്ന സമുദായങ്ങളുടെ വ്യത്യാസങ്ങളും അവയിൽ വൈവിധ്യമുളവാക്കുന്ന ഘടകങ്ങളാണ്.

അടയാളം കൊടുക്കൽ

തിരുത്തുക

തെയ്യാട്ടത്തിന്റെ ആദ്യത്തെ ചടങ്ങാണിത്. തെയ്യത്തിന്റെ തീയതി നിശ്ചയിച്ച് കോലം(തെയ്യം) കെട്ടാൻ നിശ്ചിതകോലക്കാരനെ ഏൽപ്പിക്കലാണ്‌ ഈ ചടങ്ങ്. ദേവതാസ്ഥാനത്തിനു മുമ്പ് വെറ്റിലയും പഴുക്കയും പണവും കൂടി കോലക്കാരന്‌ സമ്മാനിച്ച് ഇന്ന കോലം കെട്ടണമെന്ന് ആചാരപ്പേര്‌ പറഞ്ഞേൽ‌പിക്കും.

ചില തെയ്യങ്ങൾക്ക് വ്രതമെടുക്കേണ്ടതായിട്ടുണ്ട്. വ്രതമെടുക്കേണ്ട കോലങ്ങളാണെങ്കിൽ വ്രതാനുഷ്ഠാനം അതോടെ ആരംഭിക്കും. സ്ഥാനികരും കോമരങ്ങളും കോലക്കാരനുമെല്ലാം വ്രതശുദ്ധിയോടെയിരിക്കണം. തെയ്യങ്ങൾക്കുമുന്നേ അനുഷ്ഠിക്കേണ്ട വ്രതത്തിന്‌ ദിവസവ്യത്യാസമുണ്ട്. മൂന്നു ദിവസം, അഞ്ചു ദിവസം, ഏഴു ദിവസം എന്നിങ്ങനെയാണ്‌ സാധാരണ വ്രതാനുഷ്ഠാനത്തിന്റെ ദിവസാക്രമം. ഒറ്റക്കോലം തുടങ്ങിയ തീക്കോലങ്ങൾക്കും മറ്റും ഇരുപത്തി ഒന്ന് ദിവസം വ്രതമനുഷ്ഠിക്കും. വ്രതാനുഷ്ഠാനസംമയത്ത് ഒരു പ്രത്യേക കുച്ചിലിൽ(പുരയിൽ) താമസിച്ച് ശുദ്ധമായി ഭക്ഷണം കഴിക്കണം. മത്സ്യമാംസാദികളെല്ലാം അക്കാലത്ത് നിഷിദ്ധമാണ്‌. മദ്യപിക്കുന്ന തെയ്യമാണെങ്കിൽ പോലും തെയ്യാട്ടത്തിന്റെ അംശമായിട്ടേ മദ്യം കഴിക്കാവൂ.

മുച്ചിലോട്ടുകാവുകളിലും മറ്റും ഇരുപത്തി ഒന്ന് ദിവസം മുമ്പേ കോലക്കാരനും കോമരങ്ങളും വ്രതാനുഷ്ഠാനം ആരംഭിക്കും. അതിന്റെ തുടക്കത്തില്‌ വരച്ചുവയ്ക്കൽ എന്നാണ്‌ പറയുക. വരച്ചുവെച്ചാൽ പിന്നെ കാവിന്റെ പരിസരത്ത് നിന്ന് അകലെപ്പോകുവാനോ അശുദ്ധിയേൽക്കുവാനോ പാടില്ലെന്നാണ്‌ നിയമം. വ്രതകാലത്ത് സാധാരണയായി തിനക്കഞ്ഞിയാണ്‌ ഭക്ഷിക്കുക.

സാധാരണയായി വണ്ണാൻ, കോപ്പാള, മലയ സമുദായക്കാരാണ് തെയ്യം കെട്ടുന്നത്. ക്ഷേത്രപാലകൻ പോലുള്ള തെയ്യങ്ങൾ കെട്ടുന്നത് വണ്ണാന്മാരിലെ 'ചിങ്കം' സ്ഥാനം കിട്ടിയവരാണ്.മുച്ചിലോട്ട് ഭഗവതി പോലുള്ള തെയ്യങ്ങൾ കെട്ടുന്നത് അഞ്ഞൂറ്റാൻ, പുല്ലൂരാൻ വിഭാഗക്കാരാണ്.വിഷ്ണുമൂർത്തി, രക്തചാമുണ്ടി, തീച്ചാമൂണ്ടി ഇത്തരം തെയ്യങ്ങൾ മലയ സമുദായക്കാർ കെട്ടുമ്പോൾ കുറത്തി, കുണ്ടോർ ചാമുണ്ടി തെയ്യങ്ങൾ കെട്ടുന്നത് കോപ്പാള സമുദായക്കാരാണ്. [12]

തെയ്യം കൂടൽ

തിരുത്തുക

തെയ്യാട്ടം ആരംഭിക്കുന്നതിന്‌ തലേന്നാൾ തന്നെ കോലക്കാരനും വാദ്യക്കാരുമെല്ലാം തെയ്യസ്ഥലത്തെത്തിയിരിക്കും. സന്ധ്യക്കുമുന്നേ വാദ്യങ്ങൾ കൊട്ടിയറിയിക്കും. തെയ്യാട്ടത്തിന്റെ ചടങ്ങുകൾ ആരംഭിക്കുന്ന ഈ ചടങ്ങിന്‌ തെയ്യം കൂടൽ എന്നാണ്‌ പറയുക.. സന്ധ്യയോടു കൂടിയോ അതിനു മുന്നിലോ ഉച്ചത്തോറ്റം ആരംഭിക്കും. പിന്നീട് വെള്ളാട്ടം ഉണ്ടാകും.ആതിനു ശേഷം കൊടിയിലത്തോറ്റം കാണും. തെയ്യം കെട്ടുന്ന കോലക്കാരൻ ദേവതാസ്ഥാനത്തു മുന്നിൽ ചെന്ന് നിന്ന് അരിയും തിരിയും വെച്ച നാക്കില ഏറ്റുവാങ്ങുന്ന ചടങ്ങാണിത്.. 'അന്തിത്തോറ്റം' സന്ധ്യയ്ക്കുശേഷമാണു മിക്ക ദിക്കിലും കണ്ടുവരുന്നത്. ചില ദേവതകൾക്കു 'വെള്ളാട്ട'മാണ്. അതും സന്ധ്യയ്ക്കു മുമ്പായോ രാത്രിയിലോ നടക്കും. ഉത്സവം തുടങ്ങുന്നതറിയിക്കാൻ ചുവപ്പ്, വെള്ള, കറുപ്പ് നിറങ്ങളടങ്ങിയ ഒരു കൊടി ചെമ്പക മരത്തിലൊ കൊടിമരമുണ്ടെങ്കിൽ അതിലോ കയറ്റും. കാവ് അടിച്ചുവാരി ചാണകം തളിക്കും. .[13] പള്ളിയറയിൽ നിന്ന് ഒരു വിളക്കു കത്തിച്ച് അണിയറയിലെ അനുഷ്ഠാന കല്ലിൽ വെയ്ക്കുന്നതോടെ അണിയറ സജീവമാവും.[14]

നട്ടത്തിറ

തിരുത്തുക

ചില പ്രദേശങ്ങളിൽ തെയ്യം നടത്തുന്നതിന്റെ രണ്ടു ദിവസം മുൻപേ “നട്ടത്തിറ“ എന്ന അനുഷ്ഠാനം നടത്താറുണ്ട്‌. പൂജകൾ, ഗുരുതി എന്നിവ ഇതിന്റെ ഭാഗമായി കണ്ടേക്കാം.

വെള്ളാട്ടം

തിരുത്തുക
 
ഗളികൻ തെയ്യത്തിന്റെ വെള്ളാട്ടം

തെയ്യത്തിനുമുമ്പായി നടത്തുന്ന ഒരു അനുഷ്ഠാനമാണു് വെള്ളാട്ടം. തെയ്യാട്ടത്തിനു തലേദിവസം കോലക്കാരൻ ലഘുവായ തോതിൽ വേഷമണിഞ്ഞ് ചെണ്ടകൊട്ടി പാട്ടുപാടുകയും അതിന്റെ അന്ത്യത്തിൽ ഉറഞ്ഞുതുള്ളി നർത്തനം ചെയ്യുകയും പതിവുണ്ട്. തോറ്റക്കാരനോടൊപ്പം മറ്റു പാട്ടുകാരും പാടും. തോറ്റം കെട്ടിയ കലാകാരനും മറ്റുള്ളവരുംകൂടി പാടുന്ന പാട്ടിനെ തോറ്റംപാട്ട് എന്നാണ് പറയുക. 'തോറ്റംപാട്ട്' പാടുന്ന വേഷം 'തോറ്റ'വും, തോറ്റമെന്ന വേഷം (തോറ്റക്കാരൻ)പാടുന്ന അനുഷ്ഠാനഗാനം 'തോറ്റംപാട്ടു'മാകുന്നു. തെയ്യത്തോറ്റങ്ങൾക്കു മാത്രമേ ഈ ലാക്ഷണികമായ അർഥമുള്ളൂ. 'തോറ്റ'മെന്ന പദത്തിന് 'സ്തോത്രം' എന്ന അർഥമുണ്ട്. എന്നാൽ തോന്നുക, സൃഷ്ടിക്കുക, പുനരുജ്ജീവിപ്പിക്കുക എന്നീ അർഥങ്ങളുള്ള ഒരു പഴയ ക്രിയാരൂപമത്രെ 'തോറ്റുക' എന്ന പദം. 'തോറ്റം' എന്ന നാമപദം അതിൽനിന്നുമുണ്ടായതായിരിക്കണം. തോറ്റക്കാരന്റെയോ തെയ്യക്കാരന്റെയോ ശരീരത്തിൽ ദേവത ആവേശിച്ച് വെളിപാടുകൊള്ളുവാനാണ് 'തോറ്റം' പാടുന്നത്. 'വരവിളി' തോറ്റത്തിലൂടെ ദേവതയെ ക്ഷണിച്ചുവരുത്തുകയാണു ചെയ്യുന്നത്. 'തോറ്റ'ത്തിന് ഉച്ചത്തോറ്റം, അന്തിത്തോറ്റം എന്ന തരഭേദം കാണാം. സമയസൂചകങ്ങളാണ് ആ പദങ്ങളെങ്കിലും സമയനിഷ്ഠ പ്രായേണ പാലിച്ചുകാണാറില്ല. തെയ്യം കെട്ടുന്നവർ ചില ചമയങ്ങൾ അണിഞ്ഞും മിക്കപ്പോഴും മുഖമെഴുതിയുമാണ്‌ വെള്ളാട്ടം നടത്തുന്നത്‌. തെയ്യത്തിന്റെ കൗമാരപ്രായമാണ്‌ വെള്ളാട്ടത്തിലൂടെ അവതരിപ്പിക്കുന്നത്.തെയ്യത്തിന്റെ ചെറിയ രൂപമായ 'തോറ്റം' എല്ലാ തെയ്യങ്ങൾക്കും പതിവില്ല. അത്തരം തെയ്യങ്ങൾക്കും തിറകൾക്കും 'വെള്ളാട്ട'മാണ് പതിവ്. 'വെള്ളാട്ട'ത്തിന് 'തോറ്റ' വേഷത്തേക്കാൾ ഉടയാടകളും മെയ്യലങ്കാരങ്ങളും ഉണ്ടാകും. മുഖത്തുതേയ്പും വെള്ളാട്ടത്തിനു പതിവുണ്ട്. രൂപത്തിലും ഭാവത്തിലും അവ തെയ്യത്തോട് അടുക്കുന്നു. സ്ത്രീദേവതകൾക്കെല്ലാം 'തോറ്റ'മുണ്ട്. പുരുഷദേവതകൾക്കു മിക്കതിനും 'തോറ്റം' കാണും. എന്നാൽ വേട്ടയ്ക്കൊരുമകൻ, ഊർപ്പഴച്ചി, പൂമാരുതൻ, വയനാട്ടുകുലവൻ, കണ്ടനാർ കേളൻ, പുലികണ്ടൻ, ബാലി, വൈരജാതൻ, പുലിയൂരുകണ്ണൻ, കന്നിക്കൊരുമകൻ, വടവീരൻ, അങ്കക്കാരൻ, വീരഭദ്രൻ, പൂളോൻ ദൈവം എന്നീ 'കോല'ങ്ങൾക്കു 'വെള്ളാട്ട'മുണ്ട്. വെള്ളാട്ടമുള്ളവയ്ക്ക് 'തോറ്റ'മോ, 'തോറ്റ'മുള്ളവയ്ക്ക് 'വെള്ളാട്ട'മോ സാധാരണ പതിവില്ലെങ്കിലും, കൂടുതൽ നാളുകളിൽ തെയ്യാട്ടം നടത്തപ്പെടുമ്പോൾ, ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളാട്ടവും തോറ്റവും മാറിമാറി കാണാറുണ്ട്.

തോറ്റം പാട്ട്

തിരുത്തുക

തെയ്യങ്ങൾക്കും അവയുമായി ബന്ധപ്പെട്ട തോറ്റം, വെള്ളാട്ടം എന്നിവയുടെ പുറപ്പാടിനും പാടുന്ന അനുഷ്ഠാനപ്പാട്ടുകൾക്ക് തോറ്റംപാട്ടുകൾ എന്നാണു പറയുന്നത്. സ്തോത്രം എന്ന സംസ്കൃതപദത്തിന്റഎ വകഭേദമാണു് തോറ്റം. വരവിളിത്തോറ്റം, സ്തുതികൾ, കീർത്തനങ്ങൾ, അഞ്ചടിത്തോറ്റം, മൂലത്തോറ്റം, പൊലിച്ചുപാട്ട്, ഉറപ്പിൽത്തോറ്റം തുടങ്ങിയ ഘടകങ്ങൾ ഈ തോറ്റംപാട്ടുകൾക്കുണ്ട്. എല്ലാ ദേവതകളുടെ പാട്ടുകളിലും ഈ അംഗങ്ങൾ മുഴുവൻ കണ്ടുവെന്നുവരില്ല. തെയ്യങ്ങൾക്കു 'വരവിളി' പ്രധാനമാണ്. സുദീർഘമായ തോറ്റം പാട്ടുകളൊന്നുമില്ലാത്ത തെയ്യങ്ങൾക്കുപോലും വരവിളിത്തോറ്റമുണ്ടാകും. ഇഷ്ടദേവതയെ വിളിച്ചുവരുത്തുന്ന പാട്ടാണത്. 'വരവിളി'ക്ക് മൂന്ന് ഘട്ടങ്ങളുണ്ട്. "നന്താർ വിളക്കിനും തിരുവായുധത്തിനും അരിയിട്ടു വന്ദിക്ക എന്നാരംഭിച്ച്, "ഹരിവർദ്ധിക്ക വാണരുളും വർധനയും... എന്നാടിയ ശേഷം

 വരിക വരിക വേണം (നരമ്പിൽ ഭഗവതിയമ്മ)
 നിങ്ങളിതോരു പള്ളിയറ നാലുഭാഗം അടിച്ചു തളിച്ചു
 നാലുഭാഗത്തും നാലുപൊന്നിൻ നന്താർ വിളക്കുവച്ച്
 നടുവെയഴകിതോരു പള്ളിശ്രീപീഠമിട്ട്
 ................................................................................
 ഞാൻ നിങ്ങളെതോറ്റത്തെ വര വിളിക്കുന്നേൻ
 ആദിമൂലമായിരിപ്പോരു പരദേവതേ
 തോറ്റത്തെ കേൾക്ക...

എന്നിങ്ങനെ പാടും. ഈ വരവിളി മിക്ക തെയ്യങ്ങൾക്കും പൊതുവിലുള്ളതാണ്. ദേവതയുടെ പേരും ഊരും മാറ്റി പാടുകയാണു ചെയ്യുക. 'തോറ്റം' എന്ന് പൊതുവേ പറയുന്ന അനുഷ്ഠാനപ്പാട്ടുകളിൽ സ്തുതികളും കീർത്തനങ്ങളും ഉൾപ്പെടും. അടിസ്ഥാനപരമായ 'മൂലത്തോറ്റ'ങ്ങൾക്കു പുറമേയാണിവ. 'അഞ്ചടി'കളാണ് തോറ്റംപാട്ടിലെ മറ്റൊരു ഘടകം. സ്തുതിപരമായ പദ്യഖണ്ഡങ്ങളാണവ. വലിയ അഞ്ചടി, ചെറിയ അഞ്ചടി എന്ന് അഞ്ചടികൾക്ക് ചിലപ്പോൾ തരഭേദം കാണാം. സുദീർഘമായ കഥാഖ്യാനത്തിന് അഞ്ചടിയിൽ സ്ഥാനമില്ല. ഉദ്ദിഷ്ടദേവതയെ സ്തുതിക്കുന്നവയും ആ ദേവതയുടെ ചരിതമോ ചരിതാംശങ്ങളോ കഥാസൂചനകളോ രൂപവർണനകളോ അടങ്ങുന്നവയുമാണ് അഞ്ചടിത്തോറ്റങ്ങൾ. തോറ്റംപാട്ടെന്ന മഹാവിഭാഗത്തിൽത്തന്നെ അടിസ്ഥാനപരമായ മൂലത്തോറ്റങ്ങൾ കാണാം. കുട്ടിച്ചാത്തൻ, ഭൈരവൻ, ഗുളികൻ തുടങ്ങിയ ദേവതകൾക്കെല്ലാം മലയർ ഇത്തരം തോറ്റങ്ങൾ പാടാറുണ്ട്.

 കറ്റചെഞ്ചിട മുടിയോ
കറക്കണ്ടൻ മകൻ പിള്ളയോ
ഒറ്റക്കൊമ്പുടയവനേ
ഓമന ഗണപതിയോ
 കാരെള്ളും പുതിയവിൽതേങ്ങ
 കരിമ്പും തേനിളന്നീരാലേ
 കൈയാലേയെടുത്തുടനെ
 വായാലെയമൃത് ചെയ്യോനേ

എന്നാരംഭിക്കുന്ന പാട്ട് ചില തെയ്യങ്ങൾക്ക് 'ഗണപതി തോറ്റ' മായി പാടി കേൾക്കാറുണ്ട്. തോറ്റംപാട്ടുകളുടെ ഒരു അംഗമാണ് 'പൊലിച്ചുപാട്ടു'കൾ. തെയ്യാട്ടത്തിലെ പൊലിച്ചുപാട്ടുകൾ ധർമദേവതകളെ പാടിപ്പുകഴ്ത്തുന്നവയാണ്.

 പൊലിക പൊലിക ദൈവമേ
 പൊലിക ദൈവമേ
 എടുത്തുവച്ച നാൽകാൽ മണിപീഠം
 പൊലിക ദൈവമേ
 മടക്കിയിട്ട പുള്ളിപ്പൂവാടപുലിത്തോൽ
 പൊലിക ദൈവമേ
 കടഞ്ഞുവച്ച ഭിക്ഷാപൂരക്കോൽ
 പൊലിക ദൈവമേ

എന്നാരംഭിക്കുന്ന പാട്ട് ഭൈരവൻതെയ്യത്തിന്റെ പൊലിച്ചുപാട്ടിലുള്ളതാണ്. ചില തെയ്യങ്ങളും തോറ്റങ്ങളും പൊലിച്ചുപാട്ടിന്റെ അന്ത്യത്തിൽത്തന്നെ ഉറഞ്ഞുതുള്ളിത്തുടങ്ങും. എന്നാൽ ചിലവയ്ക്ക് ഉറച്ചിൽത്തോറ്റം പ്രത്യേകമായിത്തന്നെ പാടാറുണ്ട്.

 അത്തിത്തുകിലുടുത്താടുമരൻ മകൾ
 മുക്കണ്ണി ചാമുണ്ഡിയമ്മേ, ഭയങ്കരീ,
 ശക്തി സ്വരൂപത്തിലാരൂഢമായ് വന്ന
 രക്തചാമുണ്ഡി നീ മുമ്പിൽ വരികീശ്വരി
 .................................................................
 വാടാതെ നല്ല സ്തനം നല്ല നാസിക
 ഭൈരവി, തോറ്റുകൊണ്ടിസ്ഥലം വരികമേ

എന്ന ഭാഗം രക്തചാമുണ്ഡിക്ക് (മലയർ) പാടാറുള്ള ഉറച്ചിൽ തോറ്റത്തിലുള്ളതാണ്. ദേവതകളുടെ ഉദ്ഭവം, മഹാത്മ്യം, സഞ്ചാരം, ശക്തിപ്രകടനം, രൂപവിശേഷം തുടങ്ങിയവയെപ്പറ്റി തോറ്റംപാട്ടുകളിൽനിന്നു മനസ്സിലാക്കുവാൻ കഴിയും. വർണനാപ്രധാനങ്ങളായ ഭാഗങ്ങൾ അവയിൽ കുറവല്ല.

 കത്തും കനക സമാന്വിതമായൊരു
 പുത്തൻ നല്ല കീരിടം ചാർത്തി
 മെത്തു മതിന്നുടെ പുറമേ നല്ലൊരു
 വ്യക്തമതായ പുറത്തട്ടതിനുടെ
 ചുറ്റും പീലികൾ കെട്ടി മുറുക്കി
 പട്ടുകൾ പലതരമായ നിറത്തൊടു
 ദൃഷ്ടിക്കമൃതം കാണുന്തോറും
 ശശധരശകല സഹസ്രം ചുറ്റും
 സരസതരം നല്ലുരഗന്മാതം
 ................................................
 തെളിവൊടു ചന്ദ്രക്കലയതു പോലെ
 വെളുവെളെയുള്ളൊരു ദംഷ്ട്രാദികളും

എന്നീ വരികൾ അംബികയുടെ തിരുമിഴിയിൽനിന്ന് ഉദ്ഭവിച്ച കാളി(ചാമുണ്ഡി)യുടെ രൂപവർണനയാണ്. രണദേവതകളും പടവീരന്മാരും തെയ്യാട്ടത്തിന്റെ രംഗത്തുള്ളതിനാൽ യുദ്ധവർണനകൾ സ്വാഭാവികമായും തോറ്റംപാട്ടുകളിൽ കാണാം.

 അടികളാലെയടികൾ കെട്ടി
 മുടിപിടിച്ചിഴക്കയും
 മാർവിടത്തിൽമല്ലുകൊണ്ടു
 കുത്തിയങ്ങു കീറിയും
 ചോരയാറു പോലെയങ്ങു
 മാർവിടേ യൊലിക്കയും
 കൈ തളർന്നു മെയ്കുഴഞ്ഞു
 പോർ പറഞ്ഞങ്ങടുക്കയും
 തള്ളിയുന്തിയിട്ടു ബാലി
 സുഗ്രീവന്റെ മാറതിൽ
 തുള്ളി വീണമർന്നു ബാലി
 കണ്ടുരാമനപ്പൊഴെ

എന്ന ഭാഗം ബാലിത്തോറ്റത്തിലെ ബാലിസുഗ്രീവയുദ്ധ വർണനയാണ്. ദുഃഖഭാവം ആവിഷ്കരിച്ച ഭാഗങ്ങളും തോറ്റംപാട്ടിലുണ്ട്. മാക്കഭഗവതിത്തോറ്റം, കതിവന്നൂർവീരൻതോറ്റം, ബാലിത്തോറ്റം തുടങ്ങിയവയിൽ കരുണരസപ്രധാനമായ ഭാഗങ്ങൾ കാണാം. ഭക്തിയും വിശ്വാസവും സാമാന്യജനങ്ങളിൽപ്പോലും വളർത്തുവാൻ തെയ്യാട്ടത്തിലൂടെ സാധിക്കുന്നു. തോറ്റംപാട്ടുകൾ ഒരതിർത്തിയോളം ഇതിനു സഹായകമാണ്.

 പുലി മുതുകേറി പുലിവാൽ പിടിച്ചുടൻ
 പ്രത്യക്ഷമാകിയ പരദേവതേ തൊഴാം
 എള്ളിലെ എണ്ണപോൽ പാലിലെ വെണ്ണപോൽ
 എല്ലാടവും നിറഞ്ഞകമായി നിൽപ്പവൻ
 വന്ദിച്ചവർക്കു വരത്തെ കൊടുപ്പവൻ
 നിന്ദിച്ചവരെ നിറം കൊടുത്തീടുവോൻ'
 എന്നിങ്ങനെയുള്ള സ്തുതികൾ ആ ധർമമാണ് നിർവഹിക്കുന്നത്

ചില തെയ്യങ്ങൾ കെട്ടിയാടുമ്പോൾ 'കലശക്കാരൻ' പ്രത്യേക പാദചലനങ്ങളോടെ ഉറഞ്ഞുതുള്ളാറുണ്ട്‌.

ബീത്ത്‌

തിരുത്തുക

ചില തെയ്യങ്ങൾ പ്രസാദമായി ചെറിയ കിണ്ടിയിൽ(മൊന്ത) കള്ള് നൽകാറുണ്ട്‌ - ഇതിനെ ചില സ്ഥലങ്ങളിൽ “ബീത്ത്‌“ എന്നു വിളിക്കുന്നു.

ആയുധങ്ങൾ

തിരുത്തുക

തിറയാട്ടസമയത്ത്‌ ചില തെയ്യങ്ങൾ, ആയുധങ്ങളുമായി യുദ്ധം ചെയ്യുന്നതിനെ പ്രതിനിധീകരിക്കുന്ന ചുവടുകൾ വെക്കാറുണ്ട്‌ - വാളും പരിചയും, അമ്പും വില്ലും, ഗദ, ശൂലം എന്നീ ആയുധങ്ങളുടെ പ്രതിരൂപങ്ങളാണ്‌ ഉപയോഗിച്ചുവരുന്നത്‌.

 
കണ്ടനാർകേളൻ തെയ്യത്തിന്റെ മേലേരി കൈയ്യേറൽ

തെയ്യത്തിനോ വെളിച്ചപ്പാടിനൊ തീയിൽ ചാടുന്നതിനോ മറ്റു രീതിയിൽ തീയിൽ പ്രവേശിക്കുന്നതിനോ വേണ്ടി ഉണ്ടാക്കുന്ന കനൽകൂമ്പാരമാണ് മേലേരി

തെയ്യം പുറപ്പാട്

തിരുത്തുക

കോലക്കാരുടെ വ്രതം

തിരുത്തുക

തെയ്യം കെട്ടുന്ന കോലധാരികളും നോറ്റിരിക്കുന്ന കോമരവും സ്ഥാനികരും വ്രതനിഷ്ഠയോടെയിരിക്കണം. കർമസന്നദ്ധതയ്ക്കു വേണ്ടി ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തി ശുദ്ധീകരിച്ചെടുക്കുവാൻ വ്രതാനുഷ്ഠാനങ്ങൾ സഹായിക്കുമത്രെ. കോലക്കാരൻ ദേവതാഭേദമനുസരിച്ച് മൂന്ന് ദിവസം, അഞ്ച് ദിവസം, ഏഴ് ദിവസം എന്നിങ്ങനെ നിശ്ചിതകാലം വ്രതമെടുക്കും. 'ഒറ്റക്കോലം' തുടങ്ങിയ തീക്കോലങ്ങൾക്കും ഭാരമേറിയ മുടി തലയിൽ വഹിക്കേണ്ട തെയ്യങ്ങൾക്കും മറ്റും കൂടുതൽ നാളുകൾ വ്രതമെടുത്തിരിക്കണം. വ്രതമെടുത്തിരിക്കുന്ന സമയത്ത് പ്രത്യേകം കെട്ടിയ കുടിലിൽ വസിച്ച് ശുദ്ധമായ ഭക്ഷണം കഴിക്കണമെന്നാണ് നിയമം. മത്സ്യമാംസാദികളെല്ലാം വർജ്ജിക്കണം. മദ്യം കഴിക്കുന്ന തെയ്യമാണെങ്കിൽപ്പോലും തെയ്യാട്ടത്തിന്റെ കർമാംശമായിട്ടേ മദ്യം കഴിക്കാവൂ.

തെയ്യാട്ടത്തിന് കോലധാരിയെ കുറേനാളുകൾക്കു മുമ്പേ തീരുമാനിക്കും. ആ ചടങ്ങിന് 'അടയാളം കൊടുക്കൽ' എന്നാണ് പറയുക. ദേവതാസ്ഥാനത്തിനു മുന്നിൽവച്ചാണ് ആ ചടങ്ങ് നടത്തേണ്ടത്. വെറ്റിലയും അടയ്ക്കയും പണവും കോലക്കാരന് നല്കി ഇന്ന കോലം കെട്ടണമെന്ന് ആചാരപ്പേരു പറഞ്ഞ് ഏല്പിക്കണം. വ്രതമെടുക്കേണ്ട കോലമാണെങ്കിൽ അതോടെ വ്രതാനുഷ്ഠാനവും ആരംഭിക്കണം.

വേഷം അണിയൽ

തിരുത്തുക

തെയ്യങ്ങൾക്ക് വേഷമണിയുവാൻ അണിയറയുണ്ടാകും. സ്ഥിരമായി പുര പണിതിട്ടില്ലാത്ത സ്ഥാനങ്ങളിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ മറകെട്ടി അണിയറയുണ്ടാക്കും. മുഖത്തെഴുത്തും അണിഞ്ഞൊരുങ്ങലുമൊക്കെ പ്രായേണ അണിയറയിൽ നിന്നുതന്നെയാണ് പതിവ്. ചെറിയ മുടിവയ്ക്കുന്ന തെയ്യങ്ങളെല്ലാം അണിയറയിൽനിന്നു കെട്ടിപ്പുറപ്പെട്ടുവരും. എന്നാൽ, വലിയ മുടി വയ്ക്കേണ്ട തെയ്യങ്ങൾ പള്ളിയറയ്ക്കു മുമ്പിൽ വന്ന ശേഷമാണ് മുടി വയ്ക്കുക. പള്ളിയറയ്ക്കു മുമ്പിൽ വന്ന് അരിയും തിരിയും വച്ച നാക്കില വാങ്ങിയശേഷം, വടക്കോട്ടു തിരിഞ്ഞ് നാക്കിലവച്ച്, 'വരവിളിത്തോറ്റം' പാടുവാൻ തുടങ്ങും. വച്ചുകെട്ടുവാൻ ശേഷിച്ച അണിയലങ്ങൾ അപ്പോൾ അലങ്കരിക്കും. മുടി അണിയിക്കുന്നതും ആ സന്ദർഭത്തിലത്രെ. ഒടുവിൽ മുകുരദർശനമാണ്. ദേവതാരൂപം കോലക്കാരൻ കണ്ണാടിയിൽ നോക്കിക്കാണുന്നു. താൻ ദേവതയായി മാറിയെന്ന ഭാവം കോലക്കാരനിൽ ജനിപ്പിക്കുവാൻ പ്രസ്തുത ചടങ്ങിനു കഴിയും. സ്ഥാനത്തു നിന്ന് കർമി അരിയെറിയുന്നതും ആ സന്ദർഭത്തിലായിരിക്കും. അതോടെ കോലക്കാരൻ തെയ്യമായി ഉറഞ്ഞുതുള്ളുവാൻ തുടങ്ങും. കുരുതിതർപ്പണം ആ സന്ദർഭത്തിൽ നടത്താറുണ്ട്. തെയ്യം കെട്ടി പുറപ്പെട്ടാൽ നർത്തനവും കലാശാദികളും നടക്കും. അതുകഴിഞ്ഞാൽ ചില തെയ്യങ്ങൾ ശകുനം നോക്കാറുണ്ട്. വെറ്റില, അടയ്ക്ക, നാളികേരം എന്നിവയെറിഞ്ഞ് അതിന്റെ ഗതിനോക്കുകയാണ് ആ ചടങ്ങ്. ചില തെയ്യങ്ങൾ പൊയ്മുഖം വെച്ചാടും. ചില തെയ്യങ്ങൾക്ക് 'കലശം' ഉണ്ട്. കലാശത്തോടൊപ്പമോ അതിനുശേഷമോ ആണ് 'കലശമെഴുന്നള്ളിപ്പ്'. മദ്യം നിറച്ച മൺകുംഭങ്ങളാണ് 'കലശം'. അനേകം കുംഭങ്ങൾ മേൽക്കുമേലെവച്ച് കുരുത്തോലകൊണ്ട് അലങ്കരിച്ചിരിക്കും. അത് ഒരുക്കി വയ്ക്കുവാൻ കലശത്തറയുണ്ടാകും. കലശം തയ്യാറാക്കുകയും അത് തലയിൽ എഴുന്നള്ളിക്കുകയും ചെയ്യേണ്ടത് തീയസമുദായത്തിൽപ്പെട്ട വ്യക്തിയാണ്. 'കലശക്കാരൻ' എന്നാണ് അയാളെ വിളിക്കുക. അത് ആചാരപ്പേരാണ്. തെയ്യത്തിനഭിമുഖമായി നിന്നുകൊണ്ട്, തെയ്യത്തിന്റെ നർത്തനത്തിനനുഗുണമായി കലശക്കാരൻ പിറകോട്ടു നീങ്ങുകയാണ് കലശമെഴുന്നള്ളിപ്പിന്റെ സ്വഭാവം. തെയ്യങ്ങൾക്ക് 'മുമ്പുസ്ഥാനം പറയുക' എന്നൊരു പതിവുണ്ട്. ദേവതകളുടെ ഉദ്ഭവചരിതങ്ങളും സഞ്ചാരകഥകളും സൂചിപ്പിക്കുന്ന സ്വഗതാഖ്യാന രീതിയിലുള്ള താളനിബദ്ധമായ ഗദ്യമാണ് മുമ്പുസ്ഥാനം. ചില തെയ്യങ്ങൾക്ക് 'കുലസ്ഥാനം', 'കീഴാചാരം' എന്നിവ പതിവുണ്ട്. മുമ്പുസ്ഥാനത്തിന്റെ മട്ടിലുള്ളവതന്നെയാണിവയും. കീഴാചാരത്തിന് ചിലേടങ്ങളിൽ 'സ്വരൂപവിചാരം' എന്നും പറയും. കേരളത്തിലെ പഴയ 'സ്വരൂപ'ങ്ങളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ് 'സ്വരൂപ വിചാരം'. വൈരജാതൻ, ക്ഷേത്രപാലൻ തുടങ്ങിയവയ്ക്ക് 'സ്വരൂപവിചാരം' പ്രധാനമാണ്.

 
ബാലി തെയ്യം വെള്ളാട്ടം

അനുഗ്രഹം നൽകൽ

തിരുത്തുക

ഭക്തജനങ്ങൾക്ക് കുറികൊടുത്ത് അനുഗ്രഹം ചൊരിയുകയെന്നത് തെയ്യാട്ടത്തിലെ ശ്രദ്ധേയമായ മൂഹൂർത്തമാണ്. പ്രസാദമായി നല്കുന്നതാണ് 'കുറി'. ഭഗവതിമാർ മഞ്ഞക്കുറിയാണ് കൊടുക്കുക. അരിയും മഞ്ഞളും പൊടിച്ചാണ് അതുണ്ടാക്കുന്നത്. ഔഷധവീര്യമുള്ള ഈ പ്രസാദം രോഗപീഡ അനുഭവിക്കുന്നവർക്ക് ഗുണം വരുത്താതിരിക്കില്ല. മുത്തപ്പൻ, വെളുത്തഭൂതം, ഊർപ്പഴച്ചി, വേട്ടയ്ക്കൊരുമകൻ തുടങ്ങിയവർ പ്രസാദമായി ഉണക്കലരിയാണ് നല്കുക. ഭൈരവാദികളായ (ശിവാംശഭൂതങ്ങളായ) ദേവതമാർ ഭസ്മം 'കുറി'യായി കൊടുക്കും. കുറികൊടുക്കുമ്പോൾ ഭക്തജനങ്ങൾ തെയ്യങ്ങൾക്ക് പണം കൊടുക്കും. 'കുറി തൊടാൻ കൊടുക്കുക' എന്നാണ് ഇതിനു പറയുക. 'ഗുണംവരട്ടെ' എന്ന് തെയ്യം അനുഗ്രഹം ചൊരിയും. ചിലപ്പോൾ കൂടുതൽ കാര്യങ്ങൾ മൊഴിഞ്ഞുവെന്നും വരാം. ഭക്തന്മാർ അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും ആവശ്യങ്ങളും തെയ്യത്തോടുണർത്തിക്കും. അവയ്ക്കുള്ള പരിഹാരമാർഗങ്ങൾ തെയ്യം അരുളിച്ചെയ്യും. തെയ്യങ്ങളുടെ മൊഴികളെ 'ഉരിയാട്ടു കേൾപ്പിക്കൽ' എന്നും പറയാറുണ്ട്.

നേർച്ചകൾ നൽകൽ

തിരുത്തുക

തെയ്യങ്ങൾക്കു നേർച്ചകൾ നല്കുന്ന പതിവുണ്ട്. കണ്ണ്, മൂക്ക്, ചെവി, കൈ, കാല് മുതലായ അവയവങ്ങളുടെ രൂപങ്ങളും ആൾരൂപങ്ങളും വെള്ളികൊണ്ടോ സ്വർണംകൊണ്ടോ നിർമിച്ചുവച്ചിരിക്കും. കാവിലോ കഴകത്തിലോ കളിയാട്ടം നടക്കുമ്പോൾ ചെറിയ തുക കൊടുത്താൽ ഭക്തന്മാർക്ക് ഇവ ലഭിക്കും. അത് വാങ്ങി തെയ്യത്തിനു നേരിട്ടു സമർപ്പിക്കാം. ഏതെങ്കിലും അവയവത്തിനോ ശരീരത്തിനു മൊത്തമായോ അസുഖമുണ്ടായാലാണ് ഇത്തരം നേർച്ചകൾ സമർപ്പിക്കപ്പെടുന്നത്. സന്താനലഭ്യത്തിനുവേണ്ടി 'തൊട്ടിലും കുഞ്ഞും' (മാതൃക) സമർപ്പിക്കുന്ന പതിവുമുണ്ട്. ഭഗവതിമാർക്കു നേർച്ചയായി പട്ട് ഒപ്പിക്കൽ നടത്തുന്നു. കോഴി, ആട് എന്നിവയെ ചില രൌദ്രദേവതമാർക്കു നേർച്ചയായി കൊടുക്കാറുണ്ട്. പന്തം വച്ചാടുന്ന തെയ്യങ്ങൾക്ക് പന്തത്തിന് വെളിച്ചെണ്ണ കൊടുക്കുകയെന്നതും സാധാരണമാണ്. കോഴിയറവ് പല തെയ്യങ്ങൾക്കും പ്രധാനമാണ്. ശാക്തേയക്കാവുകളിൽ അതിനു പ്രത്യേക സ്ഥാനമുണ്ടാകും. ചില കാവുകളിൽ തെയ്യംതന്നെ കുരുതിതർപ്പണം നടത്തും. 'കോഴിയും കുരുതിയും' വേണ്ടാത്ത തെയ്യങ്ങൾക്ക് 'പാരണ'യ്ക്കുള്ള വസ്തുക്കൾ ഒരു വലിയ തട്ടിലാക്കി സമർപ്പിക്കും. 'പാരണ'യില്ലാത്ത തെയ്യങ്ങൾക്കാകട്ടെ ചന്ദനം, പണക്കിഴി, അരി, നാളികേരം, തണ്ണീനമൃത്, വെറ്റില, അടയ്ക്ക എന്നിവ ഒരു പാത്രത്തിലാക്കി സമർപ്പിക്കുകയാണു വേണ്ടത്. മദ്യപിക്കുന്ന തെയ്യങ്ങൾക്ക് മദ്യം നല്കും. മുത്തപ്പൻ, കതിവന്നൂർ വീരൻ എന്നീ തെയ്യങ്ങൾ അതിനു ദൃഷ്ടാന്തമാണ്. നായാട്ടു ദേവതകൾക്ക് തെയ്യാട്ടത്തോടനുബന്ധിച്ച് നായാട്ടു നടത്തുകയെന്ന ചടങ്ങ് നിർബന്ധമാണ്. വ്രതമെടുത്ത കുറേപ്പേർ നായാട്ടു നടത്തി കൊണ്ടുവരുന്ന മാംസം തെയ്യത്തിനു കാഴ്ചവയ്ക്കണം. പിന്നീടതു പാകം ചെയ്ത് ഭക്തജനങ്ങൾക്ക് പ്രസാദമായി നല്കാം. വയനാട്ടു കുലവൻ തെയ്യത്തിന് നായാട്ട് പ്രധാനമാണ്. ചില കാവുകളിൽ 'മീനമൃതാ'ണ് തെയ്യത്തിനു കാഴ്ചയായി സമർപ്പിക്കേണ്ടത്. വ്രതമെടുത്തു ശുദ്ധിയോടിരിക്കുന്ന കുറേപ്പേർ അടുത്തുള്ള പുഴയിൽ ആഘോഷപൂർവം ചെന്ന് മത്സ്യങ്ങളെ പിടിച്ചു കാഴ്ചയായി കൊണ്ടുവരും. കീഴറക്കോവിലകം, തിരുവർകാട്ടുകാവ്, അഷ്ടമിച്ചാൽ ഭഗവതിസ്ഥാനം എന്നിവിടങ്ങളിൽ 'മീനമൃത്' പ്രധാനമാണ്.

തെയ്യം സമാപിക്കൽ

തിരുത്തുക

തെയ്യം സമാപിക്കുന്ന ചടങ്ങിന് 'മുടിയെടുക്കൽ' എന്നാണ് പേര്. അതിനുമുമ്പ് 'ആത്മം കൊടുക്കും'. കോലക്കാരനിലെ ദേവതാചൈതന്യം ദേവതാസ്ഥാനത്തേക്കുതന്നെ സമർപ്പിക്കുന്നുവെന്നാണ് അതിലെ സങ്കല്പം. കർമിയോടും കോമരത്തോടും ഭക്തജനങ്ങളോടും 'ആത്മം കൊടുക്കട്ടെ' എന്ന് ചോദിച്ചതിനുശേഷമാണ് തെയ്യങ്ങൾ വിടവാങ്ങുന്നത്.

തെയ്യത്തിന്റെ നടനം

തിരുത്തുക
ചെണ്ടമേളം

വാദ്യം, ഗീതം (തോറ്റംപാട്ട്) എന്നിവ ചേർന്നുള്ള അനുഷ്ഠാന നടന കലാരൂപമാണ് തെയ്യം. ചെണ്ട, ഇലത്താളം, ചീനിക്കുഴൽ തുടങ്ങിയ വാദ്യങ്ങളുടെ താളമേളങ്ങൾക്കനുഗുണമായാണ് തെയ്യങ്ങൾ ആടുന്നത്. പുലയരും മാവിലരും തുടി ഉപയോഗിക്കും. ഓരോ തെയ്യത്തിന്റെയും ഓരോ തോറ്റത്തിന്റെയും നടനരീതിക്ക് വ്യത്യാസം കാണാം. നർത്തനങ്ങൾക്കു പ്രത്യേക താളക്രമമുണ്ട്. ഉറഞ്ഞുതുള്ളുക, കാവിന്റെ (സ്ഥാനത്തിന്റെ) തിരുമുറ്റത്ത് പ്രത്യേക രീതിയിൽ ആടുക, നർത്തനം ചെയ്തുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നീങ്ങുക, പള്ളിയറയ്ക്കു നൃത്തപ്രദക്ഷിണം ചെയ്യുക, കലശത്തറയ്ക്കു ചുറ്റും നർത്തനം ചെയ്യുക, കലശമെഴുന്നള്ളിക്കുമ്പോൾ ലാസ്യം ചെയ്തുകൊണ്ട് നീങ്ങുക, വിവിധ കലാശങ്ങൾ ചവിട്ടുക എന്നീ പ്രകാരം വിവിധ നർത്തനരീതികൾ തെയ്യാട്ടത്തിൽ പതിവുള്ളതാണ്. നർത്തനത്തിന്റെ താളവട്ടങ്ങൾ വായ്ത്താരിയായി പഠിക്കാറുണ്ട്. ദീർഘകാല പരിശീലനംകൊണ്ടു മാത്രമേ നല്ലൊരു കോലക്കാരനാകുവാൻ സാധിക്കൂ. തെയ്യങ്ങളുടെ നൃത്തകലാശാദികൾ ചില പ്രത്യേക ആശയങ്ങളെ പ്രതിരൂപാത്മകമായി പ്രതിഫലിപ്പിക്കുന്ന സന്ദർഭങ്ങൾ വിരളമല്ല. ഭഗവതി, കാളി, ഭദ്രകാളി എന്നീ വിഭാഗങ്ങളിൽപ്പെടുന്ന തെയ്യങ്ങൾക്ക് 'അസുരാട്ടക്കലാശം' എന്ന നർത്തനവിശേഷം പൊതുവേയുള്ളതാണ്. അസുരാന്തകിമാരാണ് ആ ദേവതമാരെന്നാണ് അതിന്റെ പിന്നിലുള്ള സങ്കല്പം. വലിയമുടി തെയ്യങ്ങൾക്ക് ഉഗ്രതാണ്ഡവത്തെക്കാൾ ലാസ്യപ്രധാനമായ ചലനമാണ് കാണുക. തെയ്യങ്ങൾ സംഘമായും ഒറ്റയ്ക്കും ആടും. പന്തം വച്ചാടുന്ന ചില തെയ്യങ്ങളുമുണ്ട്. ഉഗ്രദേവതകളാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. 'മേലേരി'(തീക്കൂമ്പാരം)യിൽ വീഴുന്ന തെയ്യങ്ങളെയും കാണാം. 'ഒറ്റക്കോലം' എന്ന് വിശേഷിപ്പിക്കാറുള്ള വിഷ്ണുമൂർത്തിയും പൊട്ടൻ തെയ്യവും തീയിൽ വീഴുക പതിവാണ്. ഉച്ചിട്ട എന്ന തെയ്യം കനലിൽ ഇരിക്കും. പന്തം വച്ചാടുന്ന തെയ്യങ്ങൾ രാത്രിയുടെ അന്ത്യയാമത്തിലാണ് പ്രായേണ പുറപ്പെടുന്നത്. കൈകളിൽ പന്തങ്ങൾ വഹിച്ചുകൊണ്ടാടുന്ന തെയ്യങ്ങളുമുണ്ട്. മുച്ചിലോട്ടുഭഗവതി അതിനു തെളിവാണ്. വിരലുകളിൽ പച്ചയോല ചുറ്റി തിരിവച്ച് തീകൊളുത്തി ഉഗ്രനർത്തനം ചെയ്യുന്ന തെയ്യമാണ് പുള്ളിബ്ഭഗവതി. തിരികൾ കടിച്ചുകൊണ്ട് നർത്തനം ചെയ്യുന്ന തെയ്യമാണ് കുണ്ഡോറച്ചാമുണ്ഡി. മുഖാവരണം അണിഞ്ഞും കൈകളിൽ ഓലച്ചൂട്ടുകൾ കത്തിച്ചുപിടിച്ചും നർത്തനം ചെയ്യുന്ന തെയ്യങ്ങളാണ് മടയിൽ ചാമുണ്ഡി, കുണ്ഡോറച്ചാമുണ്ഡി തുടങ്ങിയവ. പല തെയ്യങ്ങളും ആയുധങ്ങളെടുത്തുകൊണ്ടാണ് നർത്തനം ചെയ്യുന്നത്. ഭഗവതിമാരും വീരപുരുഷ സങ്കല്പത്തിലുള്ള തെയ്യങ്ങളും വാൾ, പരിച എന്നിവ എടുക്കും. കതിവന്നൂർ വീരൻ തെയ്യത്തെപ്പോലുള്ള വീരന്മാർ പയറ്റുമുറകൾ പ്രകടിപ്പിക്കാറുണ്ട്. വാളും പരിചയും വിവിധങ്ങളായ ആകൃതികളിൽ കാണാറുണ്ട്. ശൂലമാണ് ഗുളികന്റെ ആയുധം. പൊട്ടനും കുറത്തിയും ചെറിയ കത്തി കയ്യിലെടുക്കും. നായാട്ടുധർമമുള്ള തെയ്യങ്ങൾ വില്ലും ശരവുമാണ് എടുക്കുന്നത്. വയനാട്ടുകുലവൻ, കണ്ടനാർ കേളൻ, മുത്തപ്പൻ, വിഷ്ണുമൂർത്തി തുടങ്ങിയ തെയ്യങ്ങൾ അതിൽപ്പെടുന്നു. 'ഒപ്പനപ്പൊന്തി'എന്ന ആയുധമാണ് പെരുമ്പുഴയച്ചനും പൂമാരുതനും മറ്റും എടുക്കുന്നത്. കാവുകളിലും കഴകങ്ങളിലും സ്ഥാനങ്ങളിലും തറവാടുകളിലും ഇത്തരം ആയുധങ്ങൾ വച്ചു പൂജിക്കും. തെയ്യങ്ങൾ പുറപ്പെടുമ്പോൾ അവ 'സ്ഥാന'ത്തു നിന്നു കൊടുക്കുന്ന പതിവുണ്ട്. ഉലക്ക കൈയിലേന്തി, നെല്ലുകുത്തുന്നതുപോലെ അഭിനയിച്ചുകൊണ്ട് ആടുന്ന തെയ്യമാണ് 'മോന്തിക്കോലം'. ചാമുണ്ഡി കുണ്ഡോറപ്പന്റെ ദാസിയായിരുന്ന ഒരവസ്ഥയെ സൂചിപ്പിക്കുന്ന രംഗമത്രെ അത്. പടയ്ക്കെത്തി ഭഗവതി കൈകളിൽ ഉലക്ക, മുറം, ഏറ്റുകത്തി, അടിമാച്ചി (ചൂല്) തുടങ്ങിയ സാധനങ്ങൾ എടുക്കും. ചതുർവിധാഭിനയങ്ങളിൽ ആംഗികാഭിനയം തെയ്യാട്ടത്തിൽ കുറവാണ്. എങ്കിലും ചില തെയ്യങ്ങൾക്ക് ആംഗികാഭിനയമുണ്ട്. ബാലിതെയ്യം പുറപ്പെട്ടാൽ, ബാലിസുഗ്രീവയുദ്ധത്തെ ഓർമിപ്പിക്കുന്ന ചില അഭിനയങ്ങൾ പതിവുണ്ട്. വിഷ്ണുമൂർത്തി തെയ്യമാകട്ടെ, ഹിരണ്യകശിപുവിനെ വധിച്ച നരസിംഹമൂർത്തിയുടെ ഭാവങ്ങൾ അഭിനയിച്ചുകാട്ടും. ദക്ഷയാഗം കഥയിലെ യാഗശാല തകർക്കുന്ന രംഗമാണ് വീരഭദ്രൻ തെയ്യം അഭിനയത്തിലൂടെ കാട്ടുന്നത്.

തെയ്യാട്ടത്തിലെ ദേവതകൾ

തിരുത്തുക

പ്രകൃതിയിലെ പ്രതിഭാസങ്ങളെ ഭയത്തോടും ഭക്ത്യാരാധനയോടേയും നോക്കികണ്ടതിൽ നിന്നുമാണു് പ്രകൃതിശക്തികളെ പ്രീതിപ്പെടുത്താനെന്ന പേരിൽ തെയ്യം കെട്ടിയാടുവാൻ തുടങ്ങിയതു്. പരേതരോടുള്ള ആരാധന, അമ്മമാരോടുള്ള ആരാധന, വീരരോടുള്ള ആരാധന എന്നിവയാണു് തെയ്യം കെട്ടിയാടലിൽ പ്രധാനമായും കാണുന്നതു്. തങ്ങളെ അടിച്ചമർത്തുന്ന സാമൂഹ്യവ്യവസ്ഥിതിക്കെതിരെയുള്ള അധഃസ്ഥിതവർഗ്ഗത്തിന്റെ രോഷപ്രകടനവും തെയ്യത്തിൽ കാണാവുന്നതാണു്. ഈ അനുഷ്ഠാനകലയ്ക്കുണ്ട്. കാവുകളും വൃക്ഷങ്ങളുമായുള്ള ബന്ധവും ശ്രദ്ധേയമാണ്. ഇന്നാട്ടിലെ ജനങ്ങളെല്ലാം തങ്ങളുടെ കീഴിലാണെന്ന ബ്രാഹ്മണ മേധാവിത്വചിന്തയും പ്രവർത്തനവും ഫലമായി, തെയ്യത്തിലും ബ്രാഹ്മണബന്ധമുണ്ടാക്കിയെടുക്കുവാൻ ശ്രമമുണ്ടായിട്ടുണ്ടു്. ചില തെയ്യങ്ങളിൽ കാണുന്ന വിഷ്ണവാരാധനയും, ശിവാരാധയും അത്തരത്തിൽ വന്നതാണു്. അമ്മദൈവങ്ങളിൽ ദുർഗ്ഗാബന്ധവും അത്തരത്തിൽ ആരോപിക്കപ്പെട്ടവയാണ്. ഭാരതീയ സാംസ്കാരിക ചരിത്രത്തിൽ സ്ത്രീ ദൈവ സങ്കൽപ്പത്തിന് വളരെ പ്രാധാന്യം ഉള്ളതാണ്. തെയ്യത്തിലെ ദേവതകൾ എന്നതുകൊണ്ട് തെയ്യാട്ടത്തിൽ അവതരിപ്പിക്കപ്പെടുന്ന ദേവതാ സങ്കല്പങ്ങളെയാണ് അർത്ഥമാക്കുന്നത്.

അമ്മ ദൈവങ്ങൾ

തിരുത്തുക

അമാനുഷ മാതൃദേവതാ പൂജ'യാണ് പില്ക്കാലത്ത് ശക്ത്യാരാധനയായി മാറിയതെന്ന് കരുതപ്പെടുന്നു. കാളിയും കാളിയുടെ സങ്കല്പഭേദങ്ങളുമായി അനേകം ദേവതകൾ തെയ്യാട്ടത്തിൽ പ്രത്യക്ഷപ്പെടുന്നു. ഭഗവതി, കാളിച്ചാമുണ്ഡി, ഈശ്വരി എന്നീ പൊതു പേരുകളിലുള്ള തെയ്യങ്ങളിൽ മിക്കതും ശക്തിസ്വരൂപിണികളാണ്. ഈ ദേവതകളിൽ നല്ലൊരു ഭാഗം 'അമ്മ'മാരുമാണ്. എങ്കിലും 'അമ്മ ദൈവ'(തായി)ങ്ങളിൽ 'തായിപ്പരദേവത' എന്നു വിളിക്കപ്പെടുന്ന തിരുവാർക്കാട്ടു ഭഗവതി പ്രമുഖസ്ഥാനമലങ്കരിക്കുന്നു. കോലത്തിരിരാജാവിന്റെ മുഖ്യ ആരാധനാദേവത കൂടിയാണ് ഈ അമ്മ. ഈ അമ്മയെ 'മാടായിക്കാവിലച്ചി' എന്നു ഗ്രാമീണർ വിളിക്കുന്നു. പരമേശ്വരന്റെ തൃക്കണ്ണിൽനിന്നു ജനിച്ച 'തായി', ദാരികാന്തകിയാണ്. തായിപ്പരദേവതയ്ക്ക് അനേകം പേർ പകർച്ചകളുണ്ട്. 'കാളി' എന്നു പ്രത്യേകം പേർചൊല്ലി വിളിക്കുന്ന തെയ്യങ്ങളുണ്ട്. ഭദ്രകാളി,വീരർകാളി, കരിങ്കാളി, പുള്ളിക്കാളി,ചുടലഭദ്രകാളി,പുലിയുരുകാളി എന്നീ തെയ്യങ്ങൾ പ്രധാനപ്പെട്ടവയാണ്. ചണ്ഡമുണ്ഡന്മാരെ വധിക്കുകയും രക്തബീജാസുരന്റെ രക്തം ഭൂമിയിൽവീഴാതെ എഴുന്നേറ്റു കുടിക്കുകയും ചെയ്ത കാളിതന്നെയാണ് ചാമുണ്ഡി. രക്തത്തിൽ മുഴുകിയതിനാലാണ് ചാമുണ്ഡിയെ രക്തചാമുണ്ഡിയെന്നുംരക്തേശ്വരിയെന്നും വിളിക്കുന്നത്. ചണ്ഡമുണ്ഡന്മാരുമായുള്ള യുദ്ധത്തിൽ കാളി ആകാശപാതാളങ്ങളിൽ അവരെ പിന്തുടർന്നുചെന്ന് യുദ്ധം ചെയ്തിട്ടുണ്ട്. പാതാളത്തിൽ പോയതു കൊണ്ടത്രെ പാതാളമൂർത്തി (മടയിൽ ചാമുണ്ഡി) എന്നു വിളിക്കുന്നത്.

യുദ്ധ ദേവതകൾ

തിരുത്തുക

കാളി, ചാമുണ്ഡി, ഭഗവതി എന്നീ വിഭാഗങ്ങളിൽപ്പെട്ട പല ദേവതകളും അസുരകുലാന്തകിമാരാണെന്നപോലെ ഭൂമിയിലുള്ള ചില വഴക്കുകളിലും പടകളിലും പങ്കെടുത്തവരാണെന്നാണു സങ്കല്പം. അങ്കകുളങ്ങര ഭഗവതി, രക്തചാമുണ്ഡി, ചൂളിയാർ ഭഗവതി, മൂവാളം കുഴിച്ചാമുണ്ഡി, ഒറവങ്കര ഭഗവതി എന്നീ സ്ത്രീദേവതകൾ മാത്രമല്ല ക്ഷേത്രപാലൻ, വൈരജാതൻ,വേട്ടയ്ക്കൊരുമകൻ, പടവീരൻ, വിഷ്ണുമൂർത്തി തുടങ്ങിയ പുരുഷദേവതകളും ചില പടകളിൽ പങ്കെടുത്തവരത്രെ.

രോഗദേവതകൾ

തിരുത്തുക

രോഗങ്ങൾ ദേവകോപമാണെന്ന് സങ്കല്പം ചെയ്യുന്ന പതിവ് പണ്ടുണ്ടായിരുന്നു. തെയ്യാട്ടത്തിൽ രോഗദേവതകളെ കാണാം. ഇവരിൽ രോഗം വിതയ്ക്കുന്നവരെന്നും രോഗശമനം വരുത്തുന്നവരെന്നും രണ്ടുതരമുണ്ട്. ചീറുമ്പമാർ (മൂത്തഭഗവതി,ഇളയഭഗവതി),ദണ്ഡദേവൻ, കണ്ഠാകർണൻ, വസൂരിമാല എന്നിവ രോഗമുണ്ടാക്കുന്നവരാണ്. പുതിയഭഗവതി അത്തരം രോഗങ്ങളെ മാറ്റുന്ന ദേവതയാണെന്നാണ് സങ്കല്പം. തൂവക്കാളി, തൂവക്കാരൻ, മാരി തുടങ്ങി വേറെയും രോഗദേവതകളുണ്ട്.

ആരിയർനാട് തുടങ്ങിയ അന്യദേശങ്ങളിൽനിന്നു മരക്കലം വഴി ഇവിടെ ദേവതകൾ എത്തിച്ചേർന്നിട്ടുണ്ടെന്നാണു വിശ്വാസം. അത്തരം 'മരക്കല ദേവത'കളിൽ ചിലത് തെയ്യാട്ടത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആര്യപ്പൂങ്കന്നി, ആര്യയ്ക്കരഭഗവതി, ആയിത്തിഭഗവതി, അസുരാളൻ ദൈവം, വടക്കേൻ കോടിവീരൻ, പൂമാരുതൻ ബപ്പിരിയൻ, ശ്രീശൂല കുഠാരിയമ്മ (മരക്കലത്തമ്മ), ചുഴലിഭഗവതി എന്നീ തെയ്യങ്ങൾ 'മരക്കല ദേവത'മാരിൽപ്പെടുന്നു.

നാഗ-മൃഗ ദേവതകൾ

തിരുത്തുക
 
നാഗകണ്ഠനും നാഗകന്നിയും

നാഗങ്ങളെയും മൃഗങ്ങളെയും ദേവതകളായി സങ്കല്പിച്ചുകൊണ്ടുള്ള ആരാധന തെയ്യാട്ടത്തിൽ നിലനില്ക്കുന്നു. നാഗകണ്ഠൻ, നാഗകന്നി, നാഗക്കാമൻ (കുറുന്തിനിക്കാമൻ),നാഗഭഗവതി തുടങ്ങി ഏതാനും നാഗത്തെയ്യങ്ങളുണ്ട്. മൃഗദേവതകളിൽ പുലിദൈവങ്ങൾക്കാണ് പ്രാമുഖ്യം. പുലിരൂപമെടുക്കുന്ന പാർവതീപരമേശ്വരന്മാരുടെ സങ്കല്പത്തിലുള്ളതാണ് പുലിയുരുകാളിയും പുലിക്കണ്ടനും. കണ്ടപ്പുലി, മാരപ്പുലി, പുലിമാരുതൻ, കാളപ്പുലി, പുലിയുരുകണ്ണൻ, പുള്ളിക്കരിങ്കാളി എന്നീ ദേവതകൾ അവരുടെ സന്തതികളാണെന്നാണു പുരാസങ്കല്പം.

ഭൂത-യക്ഷി ദേവതകൾ

തിരുത്തുക

ഭൂതാരാധനയ്ക്ക് തുളുനാട്ടിലുള്ള പ്രാധാന്യം കേരളത്തിലില്ല. എങ്കിലും തെയ്യാട്ടത്തിന്റെ രംഗത്ത് ഭൂതാരാധനയും നിലനില്ക്കുന്നു. വെളുത്തഭൂതം, കരിംപൂതം, ചുവന്നഭൂതം എന്നീ തെയ്യങ്ങൾ ശിവാംശഭൂതങ്ങളാണ്. ദുർമൃതിയടഞ്ഞ പ്രേതപിശാചുക്കളിൽ ചിലതും 'ഭൂത'മെന്ന വിഭാഗത്തിൽ വരുന്നുണ്ട്. അണങ്ങ്ഭൂതം,കാളർഭൂതം, വട്ടിപ്പൂതം എന്നിവ അതിനു തെളിവാണ്.എന്നാൽ തെയ്യത്തിലെ ചില ദേവതകളെ (പഞ്ചുരുളി തുടങ്ങിയവർ ) ഭൂതക്കോലങ്ങളായി കെട്ടിയാടിക്കുമ്പോൾ ഭൂതം എന്ന് അവരെയും വിശേഷിപ്പിക്കാറുണ്ട്.(ഉദാ:പഞ്ചുരുളി ഭൂതം ) 'യക്ഷി' എന്ന പേരിലുള്ള ദേവതയൊന്നും തെയ്യത്തിൽ കാണുന്നില്ലെങ്കിലും ചില ഭഗവതിമാരും ചാമുണ്ഡികളും യക്ഷീസങ്കല്പത്തിലുള്ളവയാണെന്നാണു പുരാസങ്കല്പം. കരിഞ്ചാമുണ്ഡി ഒരു യക്ഷിത്തെയ്യമാണെന്നു കരുതപ്പെടുന്നു. പൈതങ്ങളെയും കോഴികളെയും പിടിച്ചു ഭക്ഷിക്കുന്ന ഒരു ഭീകര ദേവതയാണെന്നു മാത്രമേ തോറ്റംപാട്ടിൽ പറയുന്നുള്ളൂ. വേലന്മാർ കെട്ടിയാടാറുള്ള പുള്ളിച്ചാമുണ്ഡി എന്ന തെയ്യം വണ്ണാന്മാർ കെട്ടിയാടുന്ന കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ സങ്കല്പത്തിലുള്ളതു തന്നെയാണ്. പുള്ളിഭഗവതിയും യക്ഷി സങ്കല്പത്തിലുള്ളതാണെന്നു കരുതി വരുന്നു. കരിഞ്ചാമുണ്ഡിയുടെ കൂട്ടുകാരികളിലൊന്നത്രെ ആ ഉഗ്രദേവത. കാമൻ, ഗന്ധർവൻ എന്നീ സങ്കല്പങ്ങളിലും തെയ്യങ്ങൾ കെട്ടിയാടാറുണ്ട്.

വനമൂർത്തികൾ-നായാട്ട് ദേവതകൾ

തിരുത്തുക

വനമൂർത്തികളെയും നായാട്ടുദേവതകളെയും തെയ്യമായി കെട്ടിയാടിക്കുക പതിവാണ്. മേലേതലച്ചിൽ, പൂതാടിദൈവം, പൂവില്ലി, ഇളവില്ലി, വലപ്പിലവൻ എന്നിങ്ങനെ ചില തെയ്യങ്ങൾ വനദേവതകളാണെന്നു വിശ്വസിക്കപ്പെടുന്നു. പള്ളക്കരിവേടൻ, പുള്ളിപ്പുളോൻ എന്നീ ദേവതകൾ കാവേരി മലയിൽനിന്ന് ഇറങ്ങിവന്നവരത്രെ. മുത്തപ്പൻതെയ്യം ഒരു നായാട്ടുദേവതയാണ്. മാവിലർ കെട്ടിയാടുന്ന വീരഭദ്രൻ, വീരമ്പിനാർ എന്നീ തെയ്യങ്ങളും നായാട്ടു ധർമ്മ്മുള്ളവയാണ്. വേലന്മാരുടെ അയ്യപ്പൻ തെയ്യമാണ് മറ്റൊരു നായാട്ടുദേവത. കാട്ടുമടന്ത, ചോന്നമ്മ എന്നീ സ്ത്രീദേവകളും വനദേവതാസങ്കല്പം ഉൾക്കൊള്ളുന്ന തെയ്യങ്ങളാണ്.

ഉർവര ദേവതകൾ

തിരുത്തുക

കാർഷികസംസ്കാരവുമായി ബന്ധപ്പെട്ട ദേവതകളാണ് ഉർവരദേവതകൾ. കാലിച്ചേകോൻ, ഉച്ചാർ തെയ്യങ്ങൾ (പുലിത്തെയ്യങ്ങൾ), ഗോദാവരി എന്നിവ ഉർവരദേവതകളാണ്. ആയന്മാരോടുകൂടി പശുപാലകനായി നടന്ന ദൈവമത്രെ വണ്ണാന്മാർ കെട്ടിയാടുന്ന കാലിച്ചേകോൻ തെയ്യം. എന്നാൽ, പുലയരുടെ കാലിച്ചേകോൻ തെയ്യം കൈലാസത്തിൽനിന്ന് ഭൂമിയിലേക്കിറങ്ങിവന്ന ദേവതയാണ്.

മന്ത്രമൂർത്തികൾ

തിരുത്തുക
 
വടക്കൻ ഗുളികൻ

മന്ത്രവാദികളും മറ്റും പൂജിക്കുകയും മന്ത്രോപാസന നടത്തുകയും ചെയ്യുന്ന ദേവതകളെ 'മന്ത്രമൂർത്തികൾ'എന്ന് സാമാന്യമായിപ്പറയാം. 'ഭൈരവാദി മന്ത്രമൂർത്തികൾ' പ്രശസ്തരാണ്. ഭൈരവൻ, കുട്ടിച്ചാത്തൻ, പൊട്ടൻ തെയ്യം, ഗുളികൻ, ഉച്ചിട്ട എന്നീ ദേവതകളാണ് പഞ്ചമൂർത്തികൾ. ശിവയോഗി സങ്കല്പത്തിലുള്ള തെയ്യമാണ് ഭൈരവൻ. മലയരുടെ കരിങ്കുട്ടിച്ചാത്തൻ ശിവാംശഭൂതമായ ദേവതയാണ്. എന്നാൽ പൂക്കുട്ടിച്ചാത്തൻ വിഷ്ണുമായയത്രെ. ശിവാംശഭൂതമായ തെയ്യമാണ് പൊട്ടൻ. ഗുളികനാകട്ടെ പരമേശ്വരന്റെ ഇടത്തെ കാൽ പെരുവിരലിൽനിന്നു പൊട്ടിപ്പിളർന്നുണ്ടായി എന്നാണു പുരാസങ്കല്പം. പതിനെട്ടു സമ്പ്രദായങ്ങളിലും കുടികൊള്ളുന്ന ഉച്ചിട്ട സുഖപ്രസവത്തിന് അനുഗ്രഹമരുളുന്ന 'വടക്കിനേൽ ഭഗവതി'യത്രെ.കുറത്തിയും മന്ത്രമൂർത്തികളിൽപ്പെടും. കുഞ്ഞാർകുറത്തി, പുള്ളിക്കുറത്തി, മലങ്കുറത്തി, തെക്കൻകുറത്തി എന്നിങ്ങനെ പതിനെട്ടുതരം കുറത്തിമാരുണ്ട്. അവയിൽ ചിലതിനു മാത്രമേ കെട്ടിക്കോലമുള്ളൂ. കണ്ഠാകർണനെ ചിലർ മന്ത്രമൂർത്തിയായി ഉപവസിക്കുന്നു.

വൈഷ്ണവ മൂർത്തികൾ

തിരുത്തുക

ഇതിഹാസ-പുരാണ കഥാപാത്രങ്ങളുടെ സങ്കല്പങ്ങളിലുള്ള ചില തെയ്യങ്ങളുണ്ട്. വൈഷ്ണവസങ്കല്പത്തിലുള്ളവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. നരസിംഹാവതാരസങ്കല്പത്തിലുള്ള വിഷ്ണുമൂർത്തി, മത്സ്യാവതാരസങ്കല്പത്തിലുള്ള പാലോട്ടു ദൈവം, ശ്രീരാമാവതാരസങ്കല്പത്തിലുള്ള അണ്ടലൂർ ദൈവം, ലക്ഷ്മണസങ്കല്പത്തിലുള്ള അങ്കദൈവം എന്നിവ പ്രധാനങ്ങളാണ്. ഊർപ്പഴച്ചിദൈവം വൈഷ്ണവാംശഭൂതമായ തെയ്യമാണ്. ലവ-കുശ സങ്കല്പത്തിലാണ് മുരിക്കന്മാരെ (കരിമുരിക്കൻ, ബമ്മുരിക്കൻ എന്നീ തെയ്യങ്ങളെ) കെട്ടിയാടിക്കുന്നത്. 'നിടുബാലിയൻ ദൈവം' ബാലിയുടെ സങ്കല്പത്തിലും, 'കിഴക്കേൻ ദൈവം' സുഗ്രീവസങ്കല്പത്തിലുമുള്ള തെയ്യങ്ങളാണ്. ശ്രീരാമൻ, സീത എന്നിവരുടെ സങ്കല്പത്തിൽ മണവാളൻ, മണവാട്ടി എന്നീ തെയ്യങ്ങൾ കെട്ടിയാടുന്നു.

പരേതാത്മാക്കൾ

തിരുത്തുക
 
കുടിവീരൻ തെയ്യം

പൂർവികാരാധന, പരേതാരാധന, വീരാരാധന എന്നിവയ്ക്കും തെയ്യാട്ടത്തിൽ പ്രധാന സ്ഥാനമാണുള്ളത്. മരിച്ച മനുഷ്യjർ തെയ്യത്തിലൂടെ കെട്ടിയാടപ്പെടുന്നു. മരണാനന്തരം മനുഷ്യർ ചിലപ്പോൾ ദൈവമായി മാറുമെന്ന വിശ്വാസം കാരണമാണു് ഇതു് ചെയ്യുന്നതു്. കതിവനൂർ വീരൻ, കുടിവീരൻ, പടവീരൻ, കരിന്തിരിനായർ, മുരിക്കഞ്ചേരികേളു, തച്ചോളി ഒതേനൻ, പയ്യമ്പള്ളിച്ചന്തു തുടങ്ങിയ വീരപരാക്രമികളുടെ സങ്കല്പങ്ങളിലുള്ള തെയ്യക്കോലങ്ങളുണ്ട്. പരേതരായ വീരവനിതകളും തെയ്യമായി മാറിയിട്ടുണ്ട്. മാക്കഭഗവതി, മനയിൽ ഭഗവതി, തോട്ടുകര ഭഗവതി, മുച്ചിലോട്ടു ഭഗവതി, വണ്ണാത്തി ഭഗവതി, കാപ്പാളത്തിച്ചാമുണ്ഡി, മാണിക്ക ഭഗവതി തുടങ്ങിയ തെയ്യങ്ങൾ ഇത്തരത്തിലുള്ളവയാണ്. മന്ത്രവാദത്തിലോ വൈദ്യത്തിലോ മുഴുകിയവരുടെ പേരിലും തെയ്യങ്ങളുണ്ട്. കുരിക്കൾ തെയ്യം, പൊന്ന്വൻ തൊണ്ടച്ചൻ, വിഷകണ്ഠൻ എന്നീ തെയ്യങ്ങൾ ഇത്തരത്തിലുള്ളവയാണ്.. ദൈവഭക്തനും കോമരങ്ങളുമായിരുന്നവരുടെ പേരിലുള്ള മുന്നായരീശ്വരൻ, പാലന്തായിക്കണ്ണൻ എന്നീ തെയ്യങ്ങളും പ്രശസ്തങ്ങളാണ്.

ദുർമൃതിയടഞ്ഞ മനുഷ്യരുടെ പേരിലുളഅള തെയ്യങ്ങളാണു്. കണ്ടനാർകേളൻ, പെരുമ്പുഴയച്ചൻ തെയ്യം, പൊൻമലക്കാരൻ, കമ്മാരൻ തെയ്യം, പെരിയാട്ടു കണ്ടൻ, മലവീരൻ തുടങ്ങിയവ.. പാമ്പുകടിയേറ്റ് തീയിൽ വീണു മരിച്ച കേളനെ [വയനാട്ടു കുലവനാണ് ദൈവമാക്കി മാറ്റിയത്. കിഴക്കൻ പെരുമാളുടെ കോപംകൊണ്ട് പെരിയ പിഴച്ചു പെരുമ്പുഴയിൽ വീണു മരിച്ച ഒരാളുടെ സങ്കല്പിച്ചുള്ള തെയ്യമാണ് പെരുമ്പുഴയച്ചൻ. തൂപ്പൊടിച്ചുനായാട്ടിനും നഞ്ചിട്ടുനായാട്ടിനും പോയി മടങ്ങി വരാതിരുന്ന രണ്ടു കാരണവന്മാരെ പ്രതിനിധാനം ചെയ്യുന്ന തെയ്യങ്ങളാണ് പൊൻമലക്കാരൻ തെയ്യവും കമ്മാരൻ തെയ്യവും. ദൈവത്താൽ കൊല്ലപ്പെടുന്ന മനുഷ്യർ ദൈവമായിത്തീരുമെന്ന വിശ്വാസവും നിലവിലുണ്ടു്. ഐതിഹ്യപ്രകാരം ഭദ്രകാളിയാൽ കൊല്ലപ്പെട്ട ചിണ്ടനെ മലവീരൻ തെയ്യമായി കെട്ടിയാടിക്കുന്നു. പുതിയ ഭഗവതിയാൽ കൊല്ലപ്പെട്ടുവെന്നു് പറയപ്പെടുന്ന 'ചാത്തിര' നാണ് പാടാർകുളങ്ങരവീരൻ എന്ന തെയ്യമായത്. മണത്തണ ഭഗവതിയാൽ കൊല്ലപ്പെട്ട ഒരാളുടെ പോരിലുള്ളതത്രെ രുധിരപാലൻ തെയ്യം.

ഗുരുപൂജയ്ക്കൊപ്പം പരേതാരാധനയും പുലയവിഭാഗത്തിൽ ശക്തമാണ്. അവരുടെ 'തൊണ്ടച്ചൻ ദൈവ'ങ്ങളിൽ പ്രമുഖൻ പുലിമറഞ്ഞ തൊണ്ടച്ചനാണ്. പതിനെട്ടു കളരികളിലും പഠിച്ചശേഷം കാരി ചോയിക്കളരിയിൽനിന്ന് ആൾമാറാട്ടവിദ്യയും പഠിച്ചു. അള്ളടം മൂത്ത തമ്പുരാന്റെ ഭ്രാന്തു മാറ്റിയ ആ ഗുരുനാഥൻ തമ്പുരാക്കന്മാരുടെ നിർദ്ദേശമനുസരിച്ച് പുലിവാലും പുലിച്ചിടയും കൊണ്ടുവരുവാൻ പുലിവേഷം ധരിച്ചു പോയി. തിരിച്ചുവരുമ്പോൾ പ്രതിക്രിയ ചെയ്യാമെന്നേറ്റ ഭാര്യ ഭയന്നു പുറത്തിറങ്ങിയില്ല. അതിനാൽ പുലിവേഷത്തോടെ കാരിക്കുരിക്കൾ അപ്രത്യക്ഷമാവുകയാണുണ്ടായത്. പനയാർ കുരിക്കൾ, വട്ടിയൻ പൊള്ള, പിത്താരി (ഐപ്പള്ളിത്തെയ്യം), വെള്ളൂക്കുരിക്കൾ, അമ്പിലേരി കുരിക്കൾ, ചിറ്റോത്ത് കുരിക്കൾ, പൊല്ലാലൻ കുരിക്കൾ, വളയങ്ങാടൻ തൊണ്ടച്ചൻ തുടങ്ങി അനേകം കാരണവന്മാരെയും ഗുരുക്കന്മാരെയും പുലയർ തെയ്യം കെട്ടിയാരാധിക്കുന്നു.

മറ്റ് ദേവ സങ്കൽപ്പങ്ങൾ

തിരുത്തുക

കാവുകളിലും കഴകങ്ങളിലും സ്ഥാനങ്ങളിലും തറവാടുകളിലും കെട്ടിയാടുന്ന തെയ്യങ്ങൾക്കു പുറമേ ഭവനംതോറും ചെന്ന് ആടുന്ന ചില 'കുട്ടിത്തെയ്യങ്ങ'ളുണ്ട്. തുലാപ്പത്ത് മുതൽ എടവ മാസാന്ത്യം വരെയാണു തെയ്യാട്ടക്കാലമെങ്കിലും ഈ സഞ്ചരിക്കുന്ന തെയ്യങ്ങൾക്ക് ആ കാലപരിധി ബാധകമല്ല. തെയ്യാട്ടത്തിലെ ദേവതകൾക്കുള്ളത്ര ദേവതാചൈതന്യാരോപവും ഈ സഞ്ചരിക്കുന്ന കുട്ടിത്തെയ്യങ്ങൾക്കില്ല. മഴ കോരിച്ചൊരിയുന്ന കർക്കടകത്തിലാണ് ഇത്തരം തെയ്യങ്ങൾ ഭവനംതോറും ചെന്ന് കൊട്ടിപ്പാടുന്നത്. മറ്റു തൊഴിലുകളൊന്നുമില്ലാത്ത ആ കാലത്ത് തെയ്യം കലാകാരന്മാർക്ക് ഒരു വരുമാനമാർഗ്ഗം കൂടിയാണ് ഇത്. വേടൻ, കർക്കടോത്തി, കന്നിമതെ, ഗളിഞ്ചൽ, കലിയൻ, കലിച്ചി തുടങ്ങിയവയാണ് കർക്കടകമാസത്തിലെ തെയ്യങ്ങൾ. ഈതിബാധകളകറ്റുകയെന്ന ലക്ഷ്യം ഈ തെയ്യങ്ങളുടെ ആട്ടത്തിനുണ്ട്. ഓണക്കാലത്ത് 'ഓണത്താറ്' എന്ന തെയ്യമാണ് ഭവനംതോറും സന്ദർശിക്കുന്നത്. മഹാബലിയുടെ സങ്കല്പം ഈ തെയ്യത്തിനുണ്ട്.

പ്രധാന തെയ്യങ്ങൾ

തിരുത്തുക

കതിവനൂർ വീരൻ

തിരുത്തുക
 
Kathivanoor Veeran Theyyam

വടക്കേ മലബാറിൽ തെയ്യകോലങ്ങളിൽ വച്ച് ഏറ്റവും വലിയ യോദ്ധാവ് ആയിരുന്ന മന്ദപ്പൻ ചേകവർ എന്ന വീരൻ പിന്നീട് തെയ്യമായി മാറിയതാണ് കതിവന്നൂർ വീരൻ.[15]

വിഷ്ണുമൂർത്തി

തിരുത്തുക
 
Vishnumoorthy Theyyam

തീയ്യർ, നായർ സമുദായത്തിന്റെ കാവുകളിലും ദേവസ്ഥാനങ്ങളിലും കെട്ടിയാടുന്ന ഒരു പ്രധാന തെയ്യമാണ് പരദേവത എന്നുകൂടി അറിയപ്പെടുന്ന വിഷ്ണുമൂർത്തി. വൈഷ്ണവ സങ്കൽപം ആണ് ഈ തെയ്യത്തിന് ഉള്ളത്.[15]

മുത്തപ്പൻ

തിരുത്തുക
 
Thiruvappana or Valiya Muttapan (Vishnu) on left and the Vellatom or Cheriya Muttapan (Shiva) on right

കേരളത്തിലെ മിക്കവാറും ഹൈന്ദവ കുടുംബങ്ങളിൽ ആരാധന ഉള്ള തെയ്യമാണ് മുത്തപ്പൻ സംഹാര മൂർത്തിയായ പരമശിവന്റെ ഭൂത ഗണത്തിൽ ഒന്നാണ് മുത്തപ്പൻ എന്നാണു പറയപ്പെടുന്നത്. പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടനം കേന്ദ്രം കൂടിയാണ്.[15]

പടമടക്കി ഭഗവതി

തിരുത്തുക

കോറോത്ത് ക്ഷേത്രത്തിലാണ് ഇത് നടത്തുന്നത്. കർണ്ണാടകയിൽ നിന്ന് ആക്രമണം നടത്തുന്ന സൈന്യത്തിൽ നിന്ന് സഹായം അഭ്യർത്ഥിച്ച് നീലേശ്വരർ രാജാവ് ദേവിയോട് പ്രാർത്ഥിക്കുകയും ദേവി പടമടക്കി ഭഗവതിയെ സഹായത്തിനായി അയച്ചുവെന്നുമാണ് പടമടക്കത്തി ഭഗവതി തെയ്യത്തിന് പിന്നിലെ ഐതിഹ്യം. പടമടക്കത്തി ഭഗവതിയെ ദർശിച്ചപ്പോൾ ആക്രമിച്ച സൈന്യം ബോധരഹിതരായി, അങ്ങനെ യുദ്ധം ഒഴിവായി ഐതിഹ്യം.[15]

ചിത്രശാല

തിരുത്തുക

തെയ്യത്തിനുപയോഗിക്കുന്ന ആടയാഭരണങ്ങൾ

തിരുത്തുക

കൃഷിയും തെയ്യവുമായുള്ള ബന്ധം

തിരുത്തുക

കൃഷിക്ക്, പ്രത്യേകിച്ച് നെൽക്കൃഷിക്ക് തെയ്യാട്ടവുമായി അഭേദ്യമായ ബന്ധമുണ്ട്. തെയ്യത്തെ ഉൾക്കൊള്ളുന്ന കൂട്ടായ്മയുടെ പ്രധാന ഭക്ഷ്യധാന്യം അരിയാണ്. അരിക്ക് തെയ്യവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണുള്ളത്. കത്തിച്ചുവെച്ച തിരിയോടുകൂടിയ കൊടിയില നോമ്പ് നോറ്റിരിക്കുന്ന കോലധാരി പള്ളിയറയ്ക്ക് മുന്നിൽവെച്ച് കർമിയിൽ നിന്ന് സ്വീകരിക്കുന്നു. ഇതിനെ തുടങ്ങൽ എന്നാണ് പറയുന്നത്. കൊടിയില സ്വീകരിക്കുമ്പോൾ കോലക്കാരൻ പള്ളിപ്പീഠത്തിലേക്ക് അരിയെറിഞ്ഞ് വന്ദിക്കും. മുടി താഴ്ത്തിയ ശേഷം, അതായത് തെയ്യം സമാപിച്ചശേഷം പീഠത്തിലേക്ക് അരിയെറിഞ്ഞ് വന്ദിക്കുന്നതോടെ ദേവത അതേ സ്ഥാനത്ത് തിരിച്ചെത്തും എന്നാണ് വിശ്വാസം.തെയ്യവും കൃഷിയും തമ്മിലുള്ള ബന്ധത്തിന് ഏറ്റവും നല്ല ഉദാഹരണം കുറത്തി തെയ്യമാണ്. കുറത്തി തെയ്യം കാവുമുറ്റത്തേക്ക് രംഗപ്രവേശനം ചെയ്യുന്നത് കയ്യിൽ അരിവാളും മുറവുമായാണ്. ഈ തെയ്യത്തിന്റെ കൃഷിചെയ്യുന്ന ചുവടുകൾ കണ്ടാൽ നിറഞ്ഞുനിൽക്കുന്ന നെൽവയലും കൊയ്ത്തുമെല്ലാമാണ് കണ്മുന്നിൽ തെളിയുക. തുലാം പത്തിന് തെയ്യം തന്നെ വിത്തുവിതയ്ക്കുന്ന പതിവുണ്ട് ചില വയലുകളിൽ. ആദ്യത്തെ വിളവെടുപ്പിന് തുടക്കമിടുന്നതും തെയ്യങ്ങളായിരിക്കും. പുലയ സമുദായത്തിൽപ്പെട്ടവരായിരിക്കും ഈ തെയ്യം കെട്ടുന്നത്. പുലം എന്നാൽ വയൽ എന്നർഥം. പുലത്തിന്റെ അവകാശികൾ എന്ന അർഥത്തിലാണ് പുലയർ എന്ന വാക്കുതന്നെ രൂപപ്പെട്ടതെന്ന് ചരിത്രകാരന്മാർ പറയുന്നു.[16]

നായാട്ടും തെയ്യവുമായുള്ള ബന്ധം

തിരുത്തുക

കാർഷികവൃത്തിക്ക് മുമ്പ് നായാട്ടായിരുന്നു ജീവിതവൃത്തി. ആ സ്വാധീനം തെയ്യക്കോലങ്ങളിലും കാണാം. വന്യജീവികളിൽ നിന്നുള്ള ആക്രമണം ചെറുക്കാനും മാംസാഹാരത്തിനുമായിരുന്നു ഈ നായാടൽ. ജനജീവിതത്തിന്റെ ഭാഗമായിത്തീർന്ന നായാട്ട് ക്രമേണ അനുഷ്ഠാനമായും രൂപംമാറി. നായാട്ടുദേവതകൾക്ക് ഉദാഹരണങ്ങളാണ് വയനാട്ടുകുലവൻ തെയ്യവും വിഷ്ണുമൂർത്തിയും. ഇതിൽ വയനാട്ടുകുലവൻ ശിവാംശമായും രണ്ടാമത്തേത് നരസിംഹാവതാര സങ്കൽപ്പത്തിലുമാണ്.കാസർകോട് ജില്ലയിൽ വയനാട്ടുകുലവൻ തെയ്യംകെട്ട് നടക്കുമ്പോൾ കാടുകയറിയുള്ള നായാട്ട് നിർബന്ധമാണ്. ഇന്നും അത് തുടർന്നുപോരുന്നുണ്ട്. നായാടിപ്പിടിച്ച മൃഗങ്ങളെ മെരുവം എന്നാണ് പറയാറ്. മെരുവത്തിന്റെ തല തെയ്യത്തിന് കാഴ്ചവെയ്ക്കും. ബാക്കിയുള്ള മാംസം കളിയാട്ട സ്ഥലത്തുതന്നെ പാകം ചെയ്ത് ഭക്തർക്ക് നൽകും. ബപ്പിടൽ എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. വയനാട്ടുകുലവന്റെ സന്തതസഹചാരിയായ കണ്ടനാർ കേളൻ തെയ്യമാണ് ഈ ചടങ്ങ് നടത്തുന്നത്. ഇതേരീതിയിലുള്ള മറ്റൊരു ചടങ്ങുകൂടിയുണ്ട്. ബ്രാഹ്മണരുടെ വസതികളോട് അനുബന്ധമായി നടക്കുന്ന ഘണ്ടാകർണൻ, ചാത്തൻ, ധൂമാ ഭഗവതി പോലുള്ള തെയ്യങ്ങൾ ഇളവൻ (കുമ്പളങ്ങ) ആണ് മുറിച്ച് പ്രസാദ ഊട്ടിന് നല്കുക. വയനാട്ടുകുലവൻ തെയ്യത്തിന് ഒരിക്കലും ഇളവൻ മുറിക്കാറില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കണം.[16]

വൃക്ഷങ്ങൾക്ക് തെയ്യവുമായുള്ള ബന്ധം

തിരുത്തുക

തെയ്യങ്ങൾക്ക് വൃക്ഷങ്ങളുമായി അഭേദ്യമായ ബന്ധമാണുള്ളത്. എല്ലാ മരങ്ങളിലും ദേവതാസാന്നിധ്യമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ട് കളിയാട്ടത്തിനും കോലത്തിന്റെ മുടിയുണ്ടാക്കലും പോലെ തെയ്യത്തിന്റെ ആവശ്യത്തിനായാൽപ്പോലും മരം മുറിക്കേണ്ടിവരുമ്പോൾ മരത്തിൽ നിന്ന് നീങ്ങിനിൽക്കാൻ ദേവതയോട് പ്രാർഥിക്കാറുണ്ട്. തെയ്യങ്ങളുടെ രൂപഘടനയ്ക്കായി ഉപയോഗിക്കുന്ന വസ്തുക്കളും പ്രകൃതിയിൽ നിന്നുതന്നെയാണ്. മുഖത്തെഴുത്തിനും മെയ്യെഴുത്തിനും ഉപയോഗിക്കുന്നവയും അണിയലങ്ങളും മുടികൾ അഥവാ ശിരോലങ്കാരങ്ങളും നിർമിക്കാനുപയോഗിക്കുന്ന വസ്തുക്കളുമെല്ലാം പ്രകൃതിയിൽനിന്നുതന്നെ.തെങ്ങിൻ കുരുത്തോലയ്ക്ക് തെയ്യാട്ടവുമായി അഭേദ്യമായ ബന്ധമുണ്ട്. തെയ്യങ്ങളുടെ ഉടയാടകളിലും അനുഷ്ഠാനങ്ങളിലും കുരുത്തോലയ്ക്ക് ഇടമുണ്ട്. കുരുത്തോല ഭംഗിയായി മുറിച്ച് ചമയമുണ്ടാക്കുന്നത് ഒരു കലതന്നെയാണ്.അരയിൽച്ചുറ്റുന്ന വസ്ത്രത്തിന് ഒട എന്നാണ് പേര്. പന്തം വച്ചാടുന്ന തെയ്യങ്ങൾക്കും തീക്കോലങ്ങൾക്കുമുള്ളത് കുരുത്തോല കൊണ്ടുള്ള ഒടയായിരിക്കും. ഒലിയുടുപ്പ് എന്നാണ് ഇതിനെ വിളിക്കുന്നത്. തലച്ചമയത്തിൽ ഏറ്റവും പ്രാധാന്യം മുടിക്കാണ്. മുടി അണിയുന്നതോടെയാണ് കോലക്കാരന്റെയുള്ളിലെ തെയ്യം പരിപൂർണതയിലെത്തുന്നതെന്നും പറയാം. വൃക്ഷങ്ങളുമായി ചേർത്തും മുടിയെ പറയാം. ആകാശം ലക്ഷ്യമാക്കിയാണ് വൃക്ഷങ്ങൾ വളരുന്നത്. മുടിയും അഭിമുഖീകരിക്കുന്നത് ഇതേ ആകാശം തന്നെ.മുടികളിൽത്തന്നെ പലതരമുണ്ട്. മുള, കവുങ്ങ്, പട്ട്, കുരുത്തോല എന്നിവയാണ് വലിയമുടി നിർമിക്കാൻ ഉപയോഗിക്കുന്നത്. നല്ല വലുപ്പവും ഭാരവുമുണ്ടാവും ഇവയ്ക്ക്. ഭഗവതിമാരിൽ മിക്കവയും വട്ടമുടിയാണ് ഉപയോഗിക്കാറ്. കുരുത്തോലകൊണ്ടുള്ള അലങ്കാരമാണ് ഇവയുടെ പ്രത്യേകത. ചിലവയിൽ ചെറു തീപ്പന്തങ്ങളും കത്തിച്ചുവെയ്ക്കാറുണ്ട്.[16]

കൂടുതൽ അറിവിന്‌

തിരുത്തുക
  1. http://theyyakkolam.com/ Archived 2016-12-21 at the Wayback Machine.
  2. http://www.theyyam.com/ Archived 2006-04-02 at the Wayback Machine.
  3. http://www.malayalamresourcecentre.org/Mrc/culture/artforms/theyyam/theyyam.html Archived 2007-01-21 at the Wayback Machine.
  4. http://www.kannurtourism.org/theyyam.htm Archived 2007-10-08 at the Wayback Machine.
  5. http://kharaaksharangal.blogspot.qa/search/label/തെയ്യം

ഉള്ളടക്കം

തിരുത്തുക
  • ഫോക്ക്‌ലോർ, പയ്യനാട് രാഘവൻ- കേരളാ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്.
  • ഫോക്ക്‌ലോറിന് ഒരു പഠനപദ്ധതി, പയ്യനാട് രാഘവൻ- കേരള സാഹിത്യ അക്കാദമി.
  • പുരാവൃത്തപഠനം, എം.വി.വിഷ്ണുനമ്പൂതിരി- മാതൃഭൂമി ബുക്ക്സ്
  • മലയ സമുദായത്തിന്റെ നാടോടി വിജ്ഞാനം, കോറമംഗലം ഡോ. ഗീത- പുസ്തകഭവൻ, പയ്യന്നൂർ.
  • കല്ലാറ്റ കുറുപ്പന്മാരുടെ കളമെഴുത്തുപാട്ട്, മുണ്ടേക്കാട്ട് ഡോ. ബാബു, ഡിസി.ബുക്സ്
  1. വൈഷ്ണവത തെയ്യങ്ങളിൽ, ദീപേഷ്.വി.കെ. - പേജ്71, ഭക്തപ്രിയ മാസിക,ഏപ്രിൽ 2013
  2. ഡോ.ചേലനാട്ട് അച്യുതമേനോൻ,കേരളത്തിലെ കാളിസേവ,പുറം-70
  3. The Birth of Indian Civilization 1968 p.3039
  4. http://dictionary.reference.com/search?q=Chalcolithic
  5. http://www.thefreedictionary.com/Chalcolithic
  6. [1][പ്രവർത്തിക്കാത്ത കണ്ണി]
  7. കേരളോല്പത്തി - രചന:ഹെർമൻ ഗുണ്ടർട്ട് (1868) (വിക്കിഗ്രന്ഥശാല)
  8. "തെയ്യം കലണ്ടർ - ഒക്ടോബർ". Archived from the original on 2011-12-21. Retrieved 2011-12-23.
  9. കാഴ്ച- മാതൃഭൂമി സപ്ലിമെന്റ്, 2 നവം.2010
  10. https://www.thehindu.com/society/history-and-culture/mirrors-of-malabar/article29468397.ece/amp/
  11. ശ്രീ വി.കെ.സുരേഷ് - മലയാളം വാരിക, പേജ് 241, 2011 ജൂലൈ17
  12. ഇ.വി.ജയകൃഷ്ണൻ, മാതൃഭൂമി കാഴ്ച സപ്ലിമെന്റ്-26ഒക്ടോബർ2010, പേജ് III
  13. രാജേഷ് കോമത്ത് - മലയാളം വാരിക, പേജ് 225, 2011 ജൂലൈ17
  14. രാജേഷ് കോമത്ത് - മലയാളം വാരിക, പേജ് 225, 2011 ജൂലൈ17
  15. 15.0 15.1 15.2 15.3 https://english.mathrubhumi.com/news/kerala/theyyam-season-begins-in-northern-kerala-1.7993544
  16. 16.0 16.1 16.2 "എല്ലാ കലകളുടേയും സങ്കലനം, തലമുറകളിലേക്കിറങ്ങിപ്പടർന്ന ലഹരി | തെയ്യക്കാലം -ഭാഗം 1" (in ഇംഗ്ലീഷ്). Retrieved 2022-12-05.
"https://ml.wikipedia.org/w/index.php?title=തെയ്യം&oldid=4091234" എന്ന താളിൽനിന്ന് ശേഖരിച്ചത്