ശിവൻ

ഹിന്ദു ദൈവം, ശൈവത്തിലെ അടിസ്ഥാന ദൈവം
(Shiva എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാതന കാലം മുതൽക്കേ ആരാധിച്ചു വരുന്ന പിതൃദൈവമാണ് ശിവൻ. ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിൽപ്പെട്ട ഒരു പ്രധാനപ്പെട്ട ദൈവമാണ് ശിവൻ, പരമശിവൻ അഥവാ ശ്രീ പരമേശ്വരൻ. (ദേവനാഗരി: शिव; IAST: Śiva). ആധുനിക ഹിന്ദുമതത്തിലെ ശൈവവിഭാഗം പരമശിവനെ പ്രധാനദൈവമായി, ദേവന്മാരുടെ ദേവനായി, മഹാദേവനായി, ഈശ്വരനായി, ദക്ഷിണാമൂർത്തിയായി, പരമാത്മാവായി ആരാധിക്കുന്നു. ശിവം എന്നാൽ മംഗളകരം എന്നാണ് അർത്ഥം. ശൈവ പുരാണങ്ങൾ പ്രകാരം ശിവൻ ശരീരത്തിലെ ജീവനും പാർവതി ബലവുമായി കണക്കാക്കപ്പെടുന്നു. ശിവ സാന്നിധ്യമില്ലാത്ത ശരീരം ശവസമാനമായി കണക്കാക്കപ്പെടുന്നു. ആപത്തുകളും അകാല മരണവും ഒഴിവാക്കാൻ നിത്യവും മൃത്യുഞ്ജയനായ ശ്രീ പരമേശ്വരനെ ഭജിക്കണം എന്നാണ് ശൈവ, ഹൈന്ദവ വിശ്വാസം. നിത്യവും ശിവാരാധന ചെയ്യുന്ന ഭക്തർ മരണാനന്തരം ശിവനായി തീരുന്നുവെന്നും കൈലാസത്തിൽ ശിവനിൽ ലയിച്ചു മോക്ഷം പ്രാപിക്കുന്നുവെന്നുമാണ് വിശ്വാസം. ഇന്ത്യയിൽ മിക്കവാറും എല്ലായിടത്തും ചെറുതും വലുതുമായ ശിവ ക്ഷേത്രങ്ങൾ കാണാം. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രം വാരാണസി അഥവാ കാശി വിശ്വനാഥക്ഷേത്രം ആണെന്ന് പറയാം. കേരളത്തിൽ തൃശൂർ വടക്കുംന്നാഥ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, കൊട്ടിയൂർ ശിവക്ഷേത്രം, എറണാകുളം ശിവക്ഷേത്രം, ഏറ്റുമാനൂർ ശിവക്ഷേത്രം, കോഴിക്കോട് തളി മഹാദേവ ക്ഷേത്രം തുടങ്ങിയവ അതി പ്രസിദ്ധമായ ശൈവ ആരാധനാ കേന്ദ്രങ്ങളാണ്. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, അങ്ങാടിപ്പുറം തിരുമാന്ധാകുന്ന് ഭഗവതി ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലും തുല്യ പ്രാധാന്യത്തോടെ ശിവാരാധന കാണാം. ശിവപാർവതിമാർ സന്തോഷത്തോടെ ഇരിക്കുന്ന പ്രദോഷകാലമായ വൈകുന്നേരം 5.45 മുതൽ ഹൈന്ദവ വിശ്വാസികൾ വീടുകളിൽ സന്ധ്യക്ക്‌ നിലവിളക്ക് തെളിയിക്കുന്ന ചടങ്ങുകൾ കാണാം. നിലവിളക്ക് ആകട്ടെ ശിവശക്തിമാരുടെ പ്രതീകം ആയി കണക്കാക്കപ്പെടുന്നു. [9][10]

ശിവൻ
ശിവൻ
God of Destruction
The Supreme Being (Shaivism)[1]
Member of Trimurti
Statue of Shiva, Murudeshwara Temple, Karnataka
മറ്റ് പേരുകൾ
പദവി
നിവാസം
മന്ത്രം
ആയുധങ്ങൾ
പ്രതീകം
ദിവസം
ജീവിത പങ്കാളിParvati/Sati[note 1]
മക്കൾ
വാഹനംNandi[7]
ആഘോഷങ്ങൾ

ശൈവ, ഹൈന്ദവ വിശ്വാസപ്രകാരം ത്രിമൂർത്തികളിൽ സംഹാരത്തിന്റെ, മൃത്യു വിജയത്തിന്റെ, ആയുസിന്റെ, മംഗളങ്ങളുടെ അഥവാ ലയനത്തിന്റെ ദൈവമായാണ് ശിവനെ പരാമർശിക്കുന്നത്. ചില വിശ്വാസ സംഹിതകൾ പ്രകാരം സമ്പത്തിന്റെ യഥാർത്ഥ ദൈവവും ശിവൻ തന്നെയാണ്.[11][12] ശൈവസംബ്രദായത്തിലെ വിശ്വാസപ്രകാരം പ്രപഞ്ചം നിർമ്മിക്കുന്നതും പരിപാലിക്കുന്നതും പരിവർത്തനം ചെയ്യുന്നതും സംഹരിക്കുന്നതും എല്ലാം ശിവനും ശക്തിയും ചേർന്നാണ്. വിശ്വാസികൾ പൊതുവേ ആയുസിന്റെ ദൈവമായാണ് മഹാദേവനെ കണക്കാക്കുന്നത്. അതിനാൽ ശിവനെ മൃത്യുഞ്ജയൻ അഥവാ മൃത്യുവിജയി എന്നറിയപ്പെടുന്നു. മരണഭയം അകലുവാനും, ദീർഘായുസ് ഉണ്ടാകുവാനും, അപകടങ്ങൾ, അകാലമരണം എന്നിവ ഒഴിയുവാനും, മഹാരോഗങ്ങൾ അകലുവാനും ഹൈന്ദവർ മൃത്യുഞ്ജയനായ ശിവനെ ആരാധിച്ചു വരുന്നു. രോഗനാശകരനായ ശിവനെ വൈദ്യനാഥൻ എന്ന് വിശ്വാസികൾ വിളിക്കുന്നു.[13][14][15] ശക്തി സമ്പ്രദായത്തിലെ വിശ്വാസപ്രകാരം പ്രപഞ്ച ഊർജ്ജവും ക്രിയാത്മക ശക്തിയും ആദിപരാശക്തി എന്ന സർവേശ്വരിയാണ്. ശിവന്റെ ഭാര്യയും ശക്തിസ്വരൂപിണിയുമായ പാർവ്വതി അഥവാ ദുർഗ്ഗ തന്നെയാണ് ഈ ഭഗവതി. ശ്രീ പാർവ്വതി പരമശിവന്റെ തുല്യ പൂരക പങ്കാളിയും സാക്ഷാൽ ജഗദീശ്വരിയുമാണ് എന്ന് ശൈവപുരാണങ്ങൾ വർണ്ണിക്കുന്നു. അതിനാൽ ഇരുവരെയും ചേർത്തു ശിവശക്തി എന്ന് വിളിക്കപ്പെടുന്നു. ആദിശിവനും ആദിശക്തിയും ചേർന്നാണ് പ്രപഞ്ച സൃഷ്ടി നടത്തിയതെന്നും മറ്റ് ദേവീദേവന്മാർ എല്ലാം ശിവശക്തികളിൽ നിന്നും ഉടലെടുത്തവരാണെന്നും ശൈവർ വിശ്വസിക്കുന്നു. ശിവൻ എന്നാൽ ഒരു ശരീരത്തിലെ ജീവൻ തന്നെ ആണെന്നും പാർവതി ക്രിയാത്മക ശക്തി ആണെന്നും വിശ്വാസമുണ്ട്. അതിനാൽ ശിവൻ (ജീവൻ നഷ്ടപ്പെട്ട) ഇല്ലാത്ത ശരീരം 'ശവം ' എന്നും പറയപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും പ്രധാനപെട്ട ശിവ ക്ഷേത്രവും തീർത്ഥാടന കേന്ദ്രവുമാണ് വാരാണസിയിലെ (കാശി) വിശ്വനാഥ ക്ഷേത്രം. ലോകത്തിന്റെ നാഥൻ എന്ന അർത്ഥത്തിൽ 'വിശ്വനാഥൻ' എന്ന പേര് ശിവന്റെ പര്യായ പദമാണ്. വടക്കേ ഇന്ത്യയിൽ വിശ്വാസികൾ മൃതദേഹങ്ങൾ സംസ്കരിച്ചതിനു ശേഷം മിച്ചം വരുന്നതിൽ അല്പം ഭസ്മം കാശി വിശ്വനാഥ ക്ഷേത്രത്തിൽ അഭിഷേകം ചെയ്യുന്നതായി കാണാം. ഇങ്ങനെ ചെയ്യുന്നത് പരേതാത്മാവിന്റെ പാപങ്ങൾ ക്ഷമിക്കപ്പെടുവാനും ആ വ്യക്തിക്ക് ശിവലോകത്തിൽ ഭഗവാന്റെ സന്നിധിയിൽ മോക്ഷ പ്രാപ്തി ഉണ്ടാകുവാൻ സഹായിക്കും എന്നാണ് വിശ്വാസം.[16][17]

സ്മാർത്ത പാരമ്പര്യത്തിലെ പഞ്ചതാനപൂജയിലുള്ള അഞ്ച് തുല്യ ദൈവങ്ങളിൽ ഒരാളാണ് ശിവൻ. ഹൈന്ദവ വിശ്വാസപ്രകാരം മരണമില്ലാത്തവൻ ആയതിനാലും യമനെ സംഹരിച്ചതിനാലും ഭഗവാന് മൃത്യുഞ്ജയൻ എന്നു നാമമുണ്ട്. ശിവ പുരാണപ്രകാരം മൃത്യുഞ്ജയ മന്ത്രം ചൊല്ലി പ്രാർഥിക്കുന്നവരുടെ തലയിലെഴുത്തായി അപമൃത്യുവോ മാരക പീഡയോ ഉണ്ടെങ്കിൽ മൃത്യുഞ്ജയനായ ഭഗവാൻ അതിനെ മാറ്റി ആ ഭക്തർക്ക് ആയുരാരോഗ്യ സൗഖ്യവും ദീർഘായുസ്സും നൽകും എന്നാണ് വിശ്വാസം. ശിവഭഗവാൻറെ അംഗരാഗം ഭസ്മമാണ്. ഭസ്മം സംഹാരത്തിൻറെ ചിഹ്നവും തത്ത്വവുമാണ്. ഏതൊരു ശിവ ഭക്തനാണോ നിഷ്കളങ്ക ഭക്തിയാൽ ശിവനെ ഭജിക്കുന്നത്, ആ ഭക്തൻ മരിച്ചാൽ ആ ചുടലക്കളത്തിൽ ശിവഭഗവാൻ എത്തി ആ ഭക്തൻറെ ശവഭസ്മം നെറ്റിയിൽ അണിയുമെന്നും അങ്ങനെ അണിഞ്ഞാൽ ആ ആത്മാവിന് ഇനിയൊരു ജന്മം ഇല്ലാതെ ശിവചൈതന്യത്തിൽ ലയിച്ച് മോക്ഷം നേടുമെന്നും വിശ്വസിക്കപ്പെടുന്നു. ഇതാണ് ഭഗവാൻറെ ശവഭസ്മ ധാരണത്തിൻറേയും ശ്മശാന വാസത്തിൻറേയും തത്ത്വാർത്ഥം. സ്ഥിരമായി ഭസ്മം ധരിച്ചുകൊണ്ട് ശിവക്ഷേത്ര ദർശനം നടത്തുന്ന ഭക്തരുടെ അപമൃത്യു മാഞ്ഞു പോകുമെന്നും ആ ഭക്തരോട് ഭഗവാന് അതിരറ്റ ഭക്തവാത്സല്യം ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. [9]

കേരളത്തിലെ നമ്പൂതിരി ഇല്ലങ്ങളിലെ തേവാരമൂർത്തികളിൽ ഒന്നാണ് ശിവൻ. ശിവലിംഗവും സാളഗ്രാമവും ആരാധിയ്ക്കാത്ത നമ്പൂതിരി തറവാടുകൾ അപൂർവ്വമാണ്.

കേരളത്തിലെ മിക നമ്പൂതിരി ഇല്ലങ്ങളിലേയും ആരാധനാ മൂർത്തികളിൽ ശിവലിംഗം ഉണ്ടാവാറുണ്ട്. പ്രസിദ്ധ നമ്പൂതിരി ഗൃഹങ്ങളായ ആഴ്വാഞ്ചേരി മന, കൊളത്താപ്പള്ളി മന, കണ്ണമംഗലം മന, കുറുമാത്തൂർ മന, കൽപ്പുഴ മന, കൈനിക്കര തെക്കേടത്ത് മന, കൈനിക്കര വടക്കേടത്ത് മന, കല്ലൂർ മന, അണ്ടലാടി മന, കാലടി മന, പെരിണ്ടിരി ചേന്നാസ്, പുഴക്കര ചേന്നാസ്, എളേടത്ത് മന, കരുമത്താഴത്ത് മണ്ണൂർ മന, കരുവാട്ട് പട്ടത്ത്, മുല്ലപ്പള്ളി പട്ടേരി, മുല്ലപ്പള്ളി മന, മുല്ലമംഗലം പള്ളിപ്പാട്ട് മന, മുല്ലമംഗലം മന, പുതുവായ മന, പയ്യൂർ മന,കടലായിൽ മന , മുണ്ടയൂർ മന, പൂങ്ങാട്ട് മന, ആമയൂർ മണ്ണൂർ മന, മംഗലം മന, പന്തൽ മന, നാകേരി മന, വടക്കേടത്ത് മന, വരിക്കാശ്ശേരി മന, പെരിമ്പള്ളി മന, മഴുവഞ്ചേരി മന, കൂറ്റംമ്പിള്ളി മന, പന്തൽ മന,തൊഴുവാനൂർ മന, ഏർക്കര മന,കപ്പിയൂർ മന, കപ്ലീങ്ങാട്ട് മന, താമറ്റൂർ മന, മൂത്തേടത്ത് മന, പാടേരി മന തുടങ്ങി അനവധി ഇല്ലങ്ങളിലെ തേവാരമൂർത്തിയാണ് ശിവൻ.

ശൈവ വിശ്വാസം

തിരുത്തുക

ശൈവസംബ്രദായം അനുസരിച്ച് ദൈവത്തിന്റെ പരമോന്നതരൂപം രൂപമില്ലാത്തതും പരിധിയില്ലാത്തതും അതിരില്ലാത്തതും മാറ്റമില്ലാത്തതുമായ കേവല ബ്രഹ്മമാണ്.[18] പ്രപഞ്ചത്തിന്റെ പ്രഥമമായ ആത്മൻ (ആത്മാവാണ്) ഇത്. പാർവതിയാകട്ടെ സർവയിടത്തും നിറഞ്ഞ പ്രകൃതിയും.[19][20][13] ഭയങ്കരമായതും ദയനിറഞ്ഞതുമായ അനേകം വിവരണങ്ങൾ ശിവനെപ്പറ്റി ഉണ്ട്. ദയാപരമായ വിവരണങ്ങളിൽ കൈലാസ പർവതത്തിൽ[11] സന്യാസ ജീവിതം നയിക്കുന്ന യോഗിയായും കൂടാതെ ഭാര്യ പാർവതിയും മക്കളായ ഗണേശനും കാർത്തികേയനും ഉള്ളൊരു ഗൃഹസ്ഥാശ്രമി എന്ന നിലയിലും അദ്ദേഹത്തെ ചിത്രീകരിക്കുന്നു. എന്നാൽ ഭയാനകമായ ചിത്രീകരണങ്ങളിൽ, പലപ്പോഴും ദുഷ്ടശക്തികളെ കൊല്ലുന്നതായി ചിത്രീകരിക്കുന്നു.

ശിവൻ എന്നാൽ “മംഗളകാരി” എന്ന് അർത്ഥമുണ്ട്. “അൻപേ ശിവം” എന്നാൽ സ്നേഹമേ ശിവം എന്നാണ് അർത്ഥം. ത്രിമൂർത്തികൾ ഉൾപ്പെടെ അഞ്ചുമുഖങ്ങളും ചേർന്ന ബ്രഹ്മം അഥവാ പരബ്രഹ്മം ശിവനാകുന്നു. ശിവൻ എന്നാൽ മംഗളകരമായത്, സത്യമായത്, സുന്ദരമായത് എന്നാണ് അർത്ഥം. ശിവന്റെ അഞ്ച് മുഖങ്ങൾ തന്നെ ആണ് സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നീ പഞ്ചകൃത്യങ്ങൾക്ക് ആധാരം. അതിനാൽ ശിവനെ പഞ്ച വക്ത്രൻ എന്ന് വിളിക്കുന്നു. ബ്രഹ്‌മാവ്‌, മഹാവിഷ്ണു, മഹാരുദ്രൻ, മഹേശ്വരൻ, സദാശിവൻ ഇവയാണ് പരബ്രഹ്മമൂർത്തിയായ പരമേശ്വരന്റെ അഞ്ച് മുഖങ്ങൾ. ശിവൻ (മഹാദേവൻ, മഹാകാലേശ്വരൻ, പഞ്ചവക്ത്രൻ) ആദിശിവൻ, ആദിദേവൻ, ആദിയോഗി, ആദിരൂപ, ആദിനാഥ എന്നി അനേക പേരുകളിൽ അറിയപ്പെടുന്നു. പാർവ്വതി(ദുർഗ്ഗ, കാളി, ലളിതതൃപുര സുന്ദരി) ആദിപരാശക്തി, ആദിശക്തി എന്നി അനേക നാമങ്ങളിലും അറിയപ്പെടുന്നു. ശിവൻ പഞ്ചവക്ത്രൻ ആണ് പഞ്ചകൃത്യങ്ങൾ (സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം) നിർവ്വഹിക്കുന്നത് ശിവൻ തന്നെ ആണ്.ശൈവ വിശ്വാസ പ്രകാരം ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ, ഈശ്വരൻ, സദാശിവൻ മഹാശിവന്റെ അഞ്ചു മുഖങ്ങൾ ആകുന്നു.

ഈശാനം, തത്പുരുഷം, അഘോരം, വാമദേവം, സദേ്യാജാതം എന്നിങ്ങനെ പഞ്ച മുഖത്തോടുകൂടിയവനാണ് മഹാദേവന്. അനോകം മൂര്ത്തീഭാവങ്ങ ളില് ഭഗവാനെ ആരാധിക്കുന്നു അതില് – തൃപുരാന്തകമൂര്ത്തി, കാമാന്തകമൂര്ത്തി, ഗജാസുരസംഹാരമൂര്ത്തി കാലാരിമൂര്ത്തി, സരഭേശമൂര്ത്തി, ബ്രഹ്മശിവശ്ചേദമ ൂര്ത്തി, ഭൈരവമൂര്ത്തി, വീരഭദ്രമൂര്ത്തി, ജലന്ധരഹരമൂര്ത്തി, അന്തകാസുരവധമൂര് ത്തി, അഘോരമൂര്ത്തി, മഹാകാലമൂര്ത്തി ഇവയാണ് ശിവന്റെ സംഹാരമൂര്ത്തി ഭാവങ്ങള് ഇതിനുപുറമേ സദാശിവന്, മൃത്യുഞ്ജയന്, ദക്ഷിണാമൂര്ത്തി, കീരാതമൂര്ത്തി, അഘോരമൂര്ത്തി, നീലകണ്ഠന്, ചന്ദ്രശേഖരന്, വിശ്വനാഥന്, ശ്രീകണ്ഠന്, ഉമാമഹേശ്വരന്, സ്ഥാണുമലയന്, നടരാജന്, അന്തിമഹാകാളന് എന്നിങ്ങനെ അസംഖ്യം മൂര്ത്തികളെ കേരളീയക്ഷേത്രങ്ങളില് പ്രതിഷ്ഠിച്ചിട ്ടുണ്ട്. ദക്ഷിണാമൂര്ത്തിഭാവം തന്നെ യോഗദക്ഷിണാമൂര്ത്തിയായും ജ്ഞാനദക്ഷിണാമൂര്ത്തിയായും ഭാവഭേദങ്ങളുണ്ട്. ശുകപുരം ഗ്രാമത്തിലെ ദക്ഷിണാമൂര്ത്തി ക്ഷേത്രം പ്രസിദ്ധമാണ്. അര്ജുനനെ പരീക്ഷിക്കുവാനായി കാട്ടാളരൂപം ധരിച്ച ശിവഭാവമാണ് കീരാതമൂര്ത്തിക ്കുള്ളത്. പാറശാല മഹാദേവനും, എറണാകുളത്തപ്പനും കിരാതഭാവത്തിലുള ്ളതാണ്. കാളകൂടവിഷം പാനം ചെയ്ത് നീലകണ്ഠനായ ഭഗനാനെ നീലകണ്ഠനായി ആരാധിക്കുന്ന ക്ഷേത്രങ്ങള് പലതുണ്ട് കേരളത്തില് ചേര്ത്തലക്ക് സമീപം തിരുവിഴക്ഷേത്രത്തില് നീലകണ്ഠനായി ഭഗവാനെ ആരാധിക്കുന്നു. അവിടെ കൈവിഷശാന്തിക്കായി നടക്കുന്ന ചികിത്സ പ്രസിദ്ധമാണ്. കാസര്ഗോഡ് ഉള്ള നീലശേ്വരത്ത് നീലകണ്ഠനെ നീലേശ്വരന് ആയി ആരാധിക്കുന്നു. ഏറ്റുമാനൂരപ്പൻ ആഘോരമൂര്ത്തിയാണ്. തളിപ്പറമ്പിലെ കാഞ്ഞിരങ്ങാട്ട്‌ വൈദ്യനാഥനായി ഭഗവാനെ പ്രതിഷ്ഠിച്ചിരിക്കുന്നു. തിരുനാവായക്ക് അടുത്തുള്ള പ്രസിദ്ധമായ തൃപ്രങ്ങോട് ശിവന് കാലസംഹാരമൂര്ത്തിയാണ് യമനില് നിന്നും മാര്ക്കണ്ഡേയനെ രക്ഷിച്ചത് ഇവിടെ വച്ചാണ്. കൊല്ലം തൃക്കടവൂരില് ഭഗവാനെ മൃത്യുഞ്ജയനായി ആരാധിക്കുന്നു. വൈക്കം മഹാദേവക്ഷേത്രത്തില് രാവിലെ ദക്ഷിണാമൂര്ത്തിയായും ഉച്ചയ്ക്ക് കിരാതമൂര്ത്തിയായും വൈകിട്ട് പാര്വ്വതീസമേതനായ പരമേശ്വരനുമായാണ് ഭാവസങ്കല്പ്പം. രാവിലെ ദര്ശനം നടത്തിയാല് ജ്ഞാനവും ഉച്ചക്ക് വിജയവും വൈകിട്ട് സിദ്ധിയുമാണ് ഫലം. അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ പ്രധാന വഴിപാട് പ്രാതലാണ്. തൃശൂര് ജില്ലയിലെ പുരാതന ഗുഹാക്ഷേത്രമായ തൃക്കൂര്മഹാദേവക്ഷേത്രത്തില് ദര്ശനം കിഴക്കോട്ടാണെങ്കിലും നടവടക്കുഭാഗത്താണ്. രൌദ്രശിവനായതിനാല് മുന്വശത്ത് നിന്ന് ദര്ശിക്കാന് പാടില്ലാത്തതിനാല് ആണ് നട വടക്കുഭാഗത്തായിരിക്കുന്നത്. അഗ്നിലിംഗമായതിനാല് ഇവിടെ അഭിഷേകമില്ല. മാവേലിക്കര കണ്ടിയൂര് ശിവക്ഷേത്രത്തില് ശിവനെ പാര്വ്വതീശന്, ശ്രീശങ്കരന്, ശ്രീകണ്ഠന്, വിശ്വനാഥന്, മൃത്യുഞ്ജയന് എന്നീ ഭാവങ്ങളില് പ്രധാന്യത്തോടെ പ്രതേ്യകം ശ്രീകോവിലുകളിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രമാണ് തിരുവഞ്ചിക്കുളം ശിവക്ഷേത്രം. ശൈവരുടെ 274 ശൈവതിരുപ്പതികളില് കേരളത്തിലുള്ള ഏക ശൈവതിരുപ്പതിയാണിത് കേരളത്തിലെ ഏറ്റവും കൂടുതല് ഉപദേവതാ പ്രതിഷ്ഠകള് ഉള്ള ക്ഷേത്രവും ഇതാണ്. എറണാകുളം തിരുവൈരാണിക്കുളത്ത് ശിവന് പാര്വ്വതീസമേതനാണ്. ധനുമാസത്തിലെ തിരുവാതിരക്കാലത്ത് മാത്രമേ ഇവിടെ പാര്വ്വതീനട തുറക്കുകയുള്ളു. ചെങ്ങന്നൂരില് പാര്വ്വതീദേവിയെ ഭൂവനേശ്വരീ സങ്കല്പ്പത്തില് പ്രതിഷ്ഠിച്ചിരിക്കുന്നു. 'തൃപ്പൂത്ത്' എന്ന അത്ഭുതകരമായ പ്രതിഭാസം ഈ ദേവിയുടെ പ്രതേ്യകതയാണ്. ശൈവമതത്തിലെ ഏറ്റവും പ്രാധാന്യമര്ഹിക്കുന്ന മറ്റൊരു രൂപകല്പനയാണ്. അര്ദ്ധനാരീശ്വരന് ശിവനും പാര്വ്വതിയും തമ്മിലുള്ള ഭാര്യാഭര്തൃ ബന്ധത്തിന്റെ ദാര്ഢ്യത്തോടൊപ്പം തന്നെ ഇത് മറ്റൊരു ഉദാത്ത സങ്കല്പ്പത്തിലേക്ക് വരല് ചൂണ്ടുണ്ട് ശക്തിയുമായി ചേരുമ്പോഴാണ് ശിവന് കര്മ്മശേഷിയുണ് ടാകുന്നത്. ഭഗവാന് നേരിട്ട് പ്രത്യക്ഷനായ പന്ത്രണ്ട് ജ്യോതിര്ലിംഗക്ഷേത്രങ്ങള് ഭാരതത്തില് ഉണ്ട് ചന്ദ്രന് മോക്ഷം നല്കി അനുഗ്രഹിച്ച 'സോമനാഥം' ഗുജറാത്തിലെ സൌരാഷ്ട്രത്തിലാണ് ആന്ധ്രാപ്രദേശിലെ ശ്രീശൈലത്തുള്ള 'മല്ലികാര്ജുനം' മധ്യപ്രദേശിലെ ഉജ്ജയിനിയില് ഉള്ള 'മഹാകാളേശ്വരം', മധ്യപ്രദേശിലെതന്നെ മാള്വയിലെ 'ഓംകാരേശ്വരം', മഹാരാഷ്ട്രയിലെ 'വൈദ്യനാഥം' മഹാരാഷ്ട്രയിലെ തന്നെ 'ഭീമശങ്കരം' തമിഴ്നാടിലെ 'രാമേശ്വരം' ഗുജറാത്തിലെ 'നാശേശ്വരം', കാശിയിലെ 'വിശ്വനാഥം' നാസികിലുള്ള 'ത്രയ്യംബകേശ്വരം' ഹിമാലയത്തിലുള്ള 'കേദള്നാഥം', ദൌലത്താബാന്ദിലുള്ള 'ഘുശ്മേശ്വരം' ഇവയാണ് ജ്യേതിര്ലിംഗ ക്ഷേത്രങ്ങൾ

ശിവരൂപം

തിരുത്തുക

കഴുത്തിലെ സർപ്പം, അലങ്കരിച്ച ചന്ദ്രക്കല, മുടിയിൽ നിന്ന് ഒഴുകുന്ന ഗംഗാ നദി, നെറ്റിയിലെ മൂന്നാമത്തെ കണ്ണ് , വലത്തെ കയ്യിൽ മഴുവും (പരശു) ഇടത്തെ കൈയിൽ മാൻ കുഞ്ഞും എന്നിവയാണ് ശിവന്റെ പ്രതിരൂപങ്ങൾ. സാധാരണയായി ശിവന് പ്രതിഷ്ഠ ഉണ്ടാകാറില്ല. പകരം ലിംഗത്തിന്റെ രൂപത്തിലാണ് അദ്ദേഹത്തെ ആരാധിക്കുന്നത്.[21]

വിവിധ നാമങ്ങൾ

തിരുത്തുക

പ്രാദേശികമായും അല്ലാതെയും ശിവന് ധാരാളം പേരുകൾ ഉണ്ട്. ശിവന്റെ ഓരോ ഭാവങ്ങൾക്കും സമാനമായി പാർവതിക്കും രൂപഭേദങ്ങൾ വർണ്ണിച്ചു കാണുന്നു. ശിവനെ ആദിദേവൻ, മഹാദേവൻ, ദേവാദിദേവൻ, മഹേശ്വരൻ, പരമേശ്വരൻ, ഭുവനേശ്വരൻ, സദാശിവൻ, ഓംകാരം, പരബ്രഹ്മം, പരബ്രഹ്മമൂർത്തി, മഹാലിംഗേശ്വരൻ, ഈശ്വരൻ, മഹാകാലേശ്വരൻ, ത്രിപുരാന്തകൻ, പഞ്ചവക്ത്രൻ, മൃത്യുഞ്ജയൻ, മഹാകാലൻ, കാലകാലൻ, ചണ്ഡികേശ്വരൻ, രാജരാജേശ്വരൻ, വൈദ്യനാഥൻ, മുനീശ്വരൻ, വീരഭദ്രൻ, ഭൈരവൻ അഥവാ കാലഭൈരവൻ, സർവേശ്വരൻ, ജഗദീശ്വരൻ, ജഗന്നാഥ, പരമാത്മാവ്, സുന്ദരേശ്വരൻ, ഭുവനേശ്വരൻ, ജഗന്നാഥൻ, സർവേശ്വരൻ, നടരാജൻ, വൈദ്യനാഥൻ, ശ്രീകണ്ടെശ്വരൻ, നീലകണ്ഠൻ എന്നും പാർവതിയെ ആദിപരാശക്തി, പ്രകൃതി, മൂലപ്രകൃതി, മഹാദേവി, ദുർഗ്ഗ, പരമേശ്വരി, മഹേശ്വരി, ലളിത, മഹാത്രിപുരസുന്ദരി, മഹാകാളി, കാളിക, കാലരാത്രി, ചണ്ഡിക, ചാമുണ്ഡേശ്വരി, ഭുവനേശ്വരി, രാജരാജേശ്വരി, അന്നപൂർണേശ്വരി, സർവേശ്വരി, മഹാമായ, അപർണ്ണ, കാത്യായനി, ഉമ, ഗൗരി, ജഗദംബിക, ഭഗവതി, ഈശ്വരി, ശിവ, ഭവാനി, ശാകംഭരി, ശ്രീമാതാ, ഭൈരവി, മംഗളാദേവി, ഭഗവതി, ശങ്കരി, മീനാക്ഷി, കാമാക്ഷി എന്നി നാമങ്ങളിൽ സ്തുതിക്കുന്നു. അർദ്ധനാരീശ്വരൻ നിർഗുണ പരബ്രഹ്മമായും കണക്കാക്കപ്പെടുന്നു. യോഗ, ധ്യാനം, കല, (നൃത്തം, സംഗീതം തുടങ്ങിയവ) എന്നിവയുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ശിവനെ ആദിയോഗി ശിവ എന്നും അറിയപ്പെടുന്നു.[22][23][24]

മൃത്യുഞ്ജയൻ

തിരുത്തുക

അപകടത്തിൽ നിന്നും, മരണഭയത്തിൽ നിന്നും മുക്തി നേടുന്നതിന് ഹൈന്ദവർ ആരാധിക്കുന്ന ശിവനാണ് മൃത്യുഞ്ജയൻ അഥവാ മൃത്യുഞ്ജയ മൂർത്തി. മരണത്തെ ജയിച്ച ശിവനെ മൃത്യുവിജയി എന്നറിയപ്പെടുന്നു.

ജനിച്ചാൽ മരണം ഉറപ്പാണ്. എന്നാൽ ആ മരണം ഒരു വെള്ളരി പഴുത്ത് പാകമെത്തി അതിന്റെ ഞെട്ടിൽ നിന്നും സ്വയം വേറിട്ട് വീഴും പോലെ സ്വാഭാവികമായും ദീർഘമായ ആയുസിന് ശേഷം അതിന് കൽപ്പിച്ചിട്ടുള്ള സമയത്തുമേ സംഭവിക്കാവൂ എന്നാണ് ശിവന് സമർപ്പിച്ചിട്ടുള്ള മൃത്യുഞ്ജയ മന്ത്രം എന്ന പ്രാർത്ഥന കൊണ്ടു ഉദ്ദേശിക്കുന്നത്. അതിന് മുൻപ് മരണം സംഭവിക്കരുത് എന്നർത്ഥം. അതായത് അകാലമൃത്യു, അപകടമരണം, അവിചാരിത മരണം തുടങ്ങിയവ ഒന്നും സംഭവിക്കരുത് എന്നാണ് ഭഗവാനോടുള്ള പ്രാർത്ഥന.

മൃത്യുവിന്റെ നടത്തിപ്പുകാരൻ യമദേവനാണ്. ആ കാലനെയും വരുതിക്ക് നിറുത്തുന്ന ശിവനെ കാലന്റെ കാലൻ അഥവാ കാലകാലൻ, മഹാകാലൻ അഥവാ മഹാകാളൻ എന്നു ഭക്തർ വിളിക്കുന്നു. മഹാകാളന്റെ ശക്തിയാണ് മഹാകാളി. ശിവൻ തന്റെ പരമ ഭക്തനായ മാർക്കണ്ടേയൻ എന്ന ബാലനെ അകാല മരണത്തിൽ നിന്ന് രക്ഷിക്കുകയും തന്റെ ആയുസ് നിശ്ചയിക്കാൻ അധികാരം നൽകുകയും കീർത്തിയും ഐശ്വര്യവും നൽകി അനുഗ്രഹിക്കുകയും ചെയ്തു എന്ന് ശിവപുരാണം പറയുന്നു.

വിശേഷ ദിവസങ്ങൾ

തിരുത്തുക

മഹാശിവരാത്രി, ധനുമാസ തിരുവാതിര എന്നിവ വിശേഷ ദിവസങ്ങൾ. ആഴ്ചയിലെ ഞായർ, തിങ്കൾ, പ്രദോഷ ശനിയാഴ്ച തുടങ്ങിയവ ശിവ ക്ഷേത്ര ദർശനത്തിന് പ്രധാന ദിവസങ്ങൾ. പൊതുവേ ഞായറാഴ്ച ആണ് മഹാദേവന് ഏറ്റവും പ്രധാനമായ ദിവസം. ആദിത്യന്റെ ദിവസമായ ഞായറാഴ്ച ശിവാരാധന നടത്തുന്നത് ആയുസും ഐശ്വര്യവും നൽകും എന്നാണ് വിശ്വാസം. ആദിത്യന്റെ അധിദൈവം ശിവനാണ്. സൂര്യശംഭു എന്നറിയപ്പെടുന്നു. തിങ്കളാഴ്ച ശിവപാർവതി പ്രധാനമാണ്. പാർവതി സമേതനായ ശിവനാണ് അന്ന് പ്രാധാന്യം. മനഃശാന്തിക്കും, ഇഷ്ട വിവാഹ ജീവിതത്തിനും അന്ന് തിങ്കളാഴ്ച വ്രതവും ശിവപാർവതി ക്ഷേത്ര ദർശനവും ഉത്തമം എന്ന് വിശ്വാസം. പ്രദോഷം വരുന്ന ശനിയാഴ്ചത്തെ ശിവാരാധന സർവദുരിതമുക്തിക്കും ഉത്തമം എന്ന് വിശ്വാസം. പരമശിവൻ കാളകുടം ഭക്ഷിച്ചത് ഒരു ശനിയാഴ്ചയാണ് എന്ന് പുരാണങ്ങൾ പറയുന്നു. അദ്ദേഹം ആനന്ദതാന്ധവമാടിയ ത്രയോദശിയും ചേർന്ന് വരുന്ന പുണ്യദിനമാണ് മഹാപ്രദോഷം. ശനിയാഴ്ച വരുന്ന മഹാപ്രദോഷ ദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തിയാൽ അഞ്ചു വർഷം ശിവ ക്ഷേത്രത്തിൽ പോയ ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. തുടർച്ചയായി രണ്ടു ശനിപ്രദോഷങ്ങൾ അനുഷ്ടിച്ചാൽ അർദ്ധനാരീശ്വര പ്രദോഷം എന്നു പറയുന്നു. ശിവനും ശക്തിയും ചേർന്നു അർദ്ധനാരീശ്വരരായിട്ടുള്ളതിനാൽ ദാമ്പത്യ പ്രശ്നങ്ങൾ ഒഴിഞ്ഞു പങ്കാളികൾ ഇണങ്ങിച്ചേരുമെന്നും, വിവാഹതടസ്സങ്ങൾ നീങ്ങുമെന്നും ഐശ്വര്യം ഉണ്ടാകുമെന്നും ആണ് വിശ്വാസം. പ്രദോഷവ്രതം ആപത്തുകൾ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു. [25][26]

പ്രതീകാത്മകതയിൽ

തിരുത്തുക
 
 
മീശയുള്ള ശിവന്റെ രൂപം. ഗോവ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽനിന്ന്.

ഗുണങ്ങൾ

തിരുത്തുക
  • ശിവരൂപം: മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ശിവൻ. ശിവന്റെകയ്യിലെപ്പോഴും തൃശ്ശൂലം കാണപ്പെടുന്നു. കൂടാതെ ജടയിൽ ചന്ദ്രക്കല വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും അണിഞ്ഞ നിലയിലാണ് ശിവന്റെ രൂപം.
  • തൃക്കണ്ണ് : ശിവന്റെ മറ്റൊരു പ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽ നിന്നുള്ള അഗ്നികൊണ്ടാണ് ശിവൻ കാമദേവനെ ഭസ്മീകരിച്ചത്[27]. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), എന്ന നാമത്തിലും  അറിയപ്പെടുന്നു.
  • ചന്ദ്രക്കല : ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു എന്നാണ് വിശ്വാസം[28]. അതിനാൽതന്നെ ചന്ദ്രശേഖരൻ[29][30][31] , ചന്ദ്രമൗലി, കലാധരൻ, തിങ്കൾ മന്നൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.
  • ഭസ്മം :ശിവന്റെ ശരീരത്തിൽ ഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും, എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.
  • ജട : ശിവന്റെ കേശം ജടപിടിച്ചതും കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.
  • നീലകണ്ഠം : പാലാഴി മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി.[32][33] അന്നുമുതൽ ശിവൻ നീലകണ്ഠൻ(സംസ്കൃതം नीलकण्ठഃ) എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി. [34][35]
  • ഗംഗാനദി : സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് രാജർഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനുള്ള ഏക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്ഥയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം.[36][37] ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.
  • നാഗങ്ങൾ : നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്[38]. വാസുകി എന്ന നാഗ രാജാവിനെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു. അഷ്ട നാഗങ്ങളും ശിവനെ സേവിക്കുന്നു.
  • മാൻ : കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചിത്തചഞ്ചലതയിൽ നിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞനും നിർവികാരനും നിർവികല്പനുമാണ്.
  • തൃശൂലം : ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ത്വഗുണം, തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു.
  • ഢമരു : ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷ ഉദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു. നൃത്തം ചെയ്യുന്ന ശിവന്റെ രൂപം നടരാജൻ എന്നറിയപ്പെടുന്നു.
  • നന്ദികേശ്വരൻ : ശിവന്റെ വാഹനമായ വൃഷഭമാണ് നന്ദി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. പശു എന്ന വാക്കിന് മൃഗം എന്നാണ് അർഥം. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യരൂപത്തിലും നന്ദിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്.

ഭൂതഗണങ്ങളും പ്രേതങ്ങളും ശിവന്റെ ആജ്ഞാനുവർത്തികളായി കൈലാസത്തിൽ വിരാജിക്കുകയും അഹങ്കാരമില്ലാത്തവരെമാത്രം ശിവസന്നിധിയിൽ (കൈലാസത്തിൽ) പ്രവേശിപ്പിക്കുകയും ചെയ്യുന്നു.

ഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവ്വതം പരമശിവന്റെ വാസസ്ഥലമായി കരുതുന്നു.അദ്ദേഹം തന്റെ പത്നിയായ ശ്രീപാർവ്വതി ദേവിയുമൊത്ത് ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവ്വതം എന്ന് വിശ്വസിക്കുന്നു. വിഷ്ണുപുരാണത്തിൽ കൈലാസപർവ്വതത്തെ കുറിച്ച് പരാമർശമുണ്ട്. പർവ്വതത്തിന്റെ നാലു മുഖങ്ങളിൽ ഓരോന്നും സ്ഫടികം, രത്നം, സ്വർണം, വൈഢൂര്യം എന്നിവകൊണ്ട് നിർമിച്ചതാണെന്ന് പറയുന്നു. കൈലാസപർവതത്തെ വിശ്വത്തിന്റെ തൂണായും പുകഴ്ത്തുന്നു.[39]

ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ ഭാഗമാണ് കൈലാസപർവ്വതം (സംസ്കൃതം :कैलास पर्वतः). എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്. കൈലാസപർവ്വതത്തിനടുതായി മാനസസരോവരവും രക്ഷാസ്ഥൽ തടാകവും സ്ഥിതിചെയ്യുന്നു. ദൽഹിയിൽ നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്.

പ്രധാന ലേഖനം: വാരാണസി

കാശിയെ ശിവന്റെ നഗരം എന്നാണ്‌ അറിയപ്പെടുന്നത്. ശിവക്ഷേത്രമായ കാശി വിശ്വനാഥ ക്ഷേത്രമാണ്‌ ഇവിടത്തെ പ്രധാനപ്പെട്ട ക്ഷേത്രം. ശക്തിപീഠമായ വിശാലാക്ഷി ക്ഷേത്രവും അതോടൊപ്പം നിലകൊള്ളുന്നു. കാശിയുടെ കാവൽദൈവമായ കാലഭൈരവന്റെ ക്ഷേത്രവും കാശിയിൽ കാണാം. ശിവന്റെ ഉഗ്രരൂപമാണ് കാലഭൈരവൻ. ഇവിടെ ഗംഗയുടെ കരയിൽ കൽപ്പടികൾ കെട്ടിയിട്ടുണ്ട്. ഇവയെ ഘാട്ട് എന്നാണ് വിളിക്കുന്നത്. ക്ഷേത്രദർശനത്തിനു മുൻപ് ആളുകൾ ഈ പടികളിൽ നിന്ന് കുളിക്കുന്നു. മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നതും ഇത്തരം പടികളിലാണ്. തുടർന്ന് ചിതാഭസ്മം ഗംഗയിൽ ഒഴുക്കുന്നു. ചില ഘാട്ടുകൾക്ക് പ്രത്യേകതകളുമുണ്ട്. ഇവയിൽ ഒന്നിൽ ബ്രഹ്മാവ് പത്തു കുതിരകളെ ബലികൊടുത്തു എന്നും മറ്റൊന്നിൽ പാർവതിയുടെ കമ്മൽ കളഞ്ഞു പോയതെന്നും വിശ്വാസങ്ങളുണ്ട്. ക്ഷേത്രത്തിനു സമീപമുള്ള ജ്ഞാനക്കിണറിലാണ്‌ (ജ്ഞാനവാപി) ഇവിടത്തെ യഥാർത്ഥ ശിവലിംഗം എന്നും വിശ്വാസമുണ്ട്.

ശിവലിംഗം

തിരുത്തുക
 
ശ്രീരംഗത്തെ ജംബുകേശ്വര ക്ഷേത്രത്തിലെ ശിവലിംഗം

ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. ലിംഗം "എന്ന വാക്കിന്റെ സംസ്കൃത അർഥം അടയാളം (ചിഹ്നം ) എന്നാണ്. ആദ്യം ഉണ്ടായ മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക[അവലംബം ആവശ്യമാണ്]. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗപ്രതിഷ്ഠയുള്ള ക്ഷേത്രം വൈക്കം മഹാദേവക്ഷേത്രം ആണ്.[അവലംബം ആവശ്യമാണ്]

ശിവന്റെ സ്വയംഭൂലിംഗം ആരാധിക്കുന്ന ക്ഷേത്രമാണ് കൊട്ടിയൂർ മഹാദേവക്ഷേത്രം[അവലംബം ആവശ്യമാണ്]

ശൈവസമ്പ്രദായങ്ങൾ

തിരുത്തുക

ഹിന്ദുമതത്തിലെ നാല് പ്രധാന വിഭാഗങ്ങളിൽ ഏറ്റവും പഴക്കമേറിയതാണ് ശൈവസമ്പ്രദായം(സംസ്കൃതം: शैव पंथ). വൈഷ്ണവം, ശാക്തേയം, സ്മാർഥം എന്നിവയാണ് മറ്റ് മൂന്ന് വിഭാഗങ്ങൾ. ശൈവസമ്പ്രദായം അനുവർത്തിച്ചുപോരുന്നവരെ ശൈവർ എന്നും വിളിക്കുന്നു. ശൈവവിശ്വാസപ്രകാരം സംപൂർണ്ണ പ്രപഞ്ചത്തിലെ സർവ്വവും ശിവമയമാണ്.

ഇന്ത്യയിൽ കാശ്മീർ ശൈവിസം, തമിഴ്നാട് നായനാർമാർ, ലിംഗായതം എന്നു മൂന്നാൺ പ്രധാന ശൈവമാർഗ്ഗങ്ങൾ [അവലംബം ആവശ്യമാണ്].

ശിവനെ സംബന്ധിച്ചുള്ള ഒരു ഹൈന്ദവപുരാണമാണ് ശിവപുരാണം.

ജ്യോതിർലിംഗങ്ങൾ

തിരുത്തുക

ശിവനെ ജ്യോതിർലിംഗ ഭാവത്തിൽ ആരാധിക്കുന്ന 12 ശിവക്ഷേത്രങ്ങളാണിവ

ജ്യോതിർലിംഗങ്ങൾ സ്ഥാനം
സോമനാഥ്   സൗരാഷ്ട്ര, ഗുജറാത്ത്
മല്ലികാർജ്ജുനം   ശ്രീശൈലം, ആന്ധ്രാ പ്രദേശ്
മഹാകാലേശ്വരം   ഉജ്ജയിനി, മദ്ധ്യ പ്രദേശ്
ഓംകാരേശ്വരം   ഇൻഡോർ, മദ്ധ്യ പ്രദേശ്
കേദാർനാഥം   കേദാർനാഥ്, ഉത്തരാഖണ്ഡ്
ഭീമാശങ്കരം   പൂന, മഹാരാഷ്ട്ര
വിശ്വനാഥം   ബനാറസ്, ഉത്തർപ്രദേശ്
ത്രയംബകേശ്വരം   നാസിക്ക്, മഹാരാഷ്ട്ര
രാമേശ്വരം   രാമേശ്വരം, തമിഴ്‌നാട്
ഘൃഷ്ണേശ്വരം   എല്ലോറ, മഹാരാഷ്ട്ര
വൈദ്യനാഥം   ദേവ്ഘർ, ഝാർഖണ്ഡ്‌
നാഗേശ്വരം   ദ്വാരക, ഗുജറാത്ത്

പഞ്ചഭൂത ക്ഷേത്രങ്ങൾ

തിരുത്തുക

തെക്കൻ ഭാരതത്തിലെ അഞ്ചു ക്ഷേത്രങ്ങളിൾ ശിവനെ പഞ്ചഭൂതത്തിലധിഷ്ടിതമായ രൂപത്തിലാണ് ആരാധിക്കുന്നത്.

മൂർത്തി പ്രകടഭാവം ക്ഷേത്രം സ്ഥാനം സംസ്ഥാനം
ജംബുകേശ്വർ ജലം ജംബുകേശ്വര ക്ഷേത്രം തിരുവാനായ്കാവൽ തമിഴ്നാട്
അരുണാചലേശ്വർ അഗ്നി അണ്ണാമലയാർ ക്ഷേത്രം തിരുവണ്ണാമല തമിഴ്‌നാട്
കാളഹസ്തേശ്വരൻ വായു കാളഹസ്തി ക്ഷേത്രം ശ്രീകാളഹസ്തി ആന്ധ്രാ പ്രദേശ്
ഏകാംബരേശ്വർ ഭൂമി ഏകാംബരേശ്വര ക്ഷേത്രം കാഞ്ചീപുരം തമിഴ്നാട്
നടരാജൻ ആകാശം ചിദംബരം ക്ഷേത്രം ചിദംബരം തമിഴ്‌നാട്

നൂറ്റെട്ട് ശിവാലയങ്ങൾ

തിരുത്തുക

മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്ന് കേരളഭൂമി വീണ്ടെടുത്ത പരശുരാമൻ കേരളത്തിന്റെ രക്ഷയ്ക്കും അഭിവൃദ്ധിക്കുമായി നൂറ്റെട്ട് ശിവ ക്ഷേത്രങ്ങൾ സ്ഥാപിച്ചതായാണ് ഐതിഹ്യം. ഇവ നൂറ്റെട്ടു ശിവാലയങ്ങൾ എന്നറിയപ്പെടുന്നു.[അവലംബം ആവശ്യമാണ്] തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ തുടങ്ങി ചിറയ്ക്കൽ മഹാദേവക്ഷേത്രത്തിൽ അവസാനിയ്ക്കുന്ന നൂറ്റെട്ട് ക്ഷേത്രങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിൽ ഒരു സ്തോത്രവുമുണ്ട്.

108 മഹാ ശിവ ക്ഷേത്രങ്ങൾ താഴെ കൊടുക്കുന്നു.

1.തൃശ്ശിവപേരൂർ വടക്കുംനാഥ ക്ഷേത്രം 2.ഉദയമ്പേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം 3.രവീശ്വരം മഹാദേവക്ഷേത്രം 4.ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രം 5.ചൊവ്വര ചിദംബരേശ്വര ക്ഷേത്രം 6.മാത്തൂർ ശിവക്ഷേത്രം 7.തൃപ്രങ്ങോട്ട് ശിവക്ഷേത്രം 8.മുണ്ടയൂർ ശിവക്ഷേത്രം 9.തിരുമാന്ധാംകുന്ന് മഹാദേവ ക്ഷേത്രം അഥവാ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം (പ്രസിദ്ധം) 10.ചൊവ്വല്ലൂർ ശിവക്ഷേത്രം 11.പാണഞ്ചേരി മഹാദേവക്ഷേത്രം 12.തൃക്കുരട്ടി മഹാദേവ ക്ഷേത്രം/അന്നമനട മഹാദേവക്ഷേത്രം 13.പുരമുണ്ടേക്കാട്ട് മഹാദേവ ക്ഷേത്രം 14.അവണൂർ ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രം 15.കൊല്ലൂർ മൂകാംബിക ക്ഷേത്രം (ദേവീക്ഷേത്രമായി പ്രസിദ്ധം) 16.തിരുമംഗലം മഹാദേവ ക്ഷേത്രം 17.തൃക്കാരിയൂർ മഹാദേവ ക്ഷേത്രം 18.കുന്നപ്രം കുടപ്പനക്കുന്ന് മഹാദേവ ക്ഷേത്രം 19.ശ്രീവെള്ളൂർ പെരുന്തട്ട മഹാദേവ ക്ഷേത്രം 20.അഷ്ടമംഗലം മഹാദേവ ക്ഷേത്രം 21.ഐരാണിക്കുളം മഹാദേവ ക്ഷേത്രം 22.കൈനൂർ മഹാദേവ ക്ഷേത്രം 23.ഗോകർണ്ണം മഹാബലേശ്വര ക്ഷേത്രം 24.എറണാകുളം ശിവക്ഷേത്രം 25.പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം 26.അടാട്ട് ശിവക്ഷേത്രം 27. പരിപ്പ് മഹാദേവ ക്ഷേത്രം 28. ശാസ്തമംഗലം മഹാദേവ ക്ഷേത്രം 29. പെരുമ്പറമ്പ് മഹാദേവ ക്ഷേത്രം 30. തൃക്കൂർ മഹാദേവ ക്ഷേത്രം 31. പനയൂർ പാലൂർ മഹാദേവ ക്ഷേത്രം 32. വൈറ്റില ശിവ-സുബ്രഹ്മണ്യ ക്ഷേത്രം 33. വൈക്കം മഹാദേവ ക്ഷേത്രം (അഷ്ടമി) 34. കൊല്ലം രാമേശ്വരം മഹാദേവ ക്ഷേത്രം 35. രാമേശ്വരം മഹാദേവ ക്ഷേത്രം അമരവിള 36. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം 37. എടക്കൊളം കാഞ്ഞിലശേരി മഹാദേവ ക്ഷേത്രം 38. ചെമ്മന്തിട്ട മഹാദേവ ക്ഷേത്രം 39. ആലുവ ശിവക്ഷേത്രം (ശിവരാത്രി പ്രസിദ്ധം) 40. തിരുമിറ്റക്കോട്ട് അഞ്ചുമൂർത്തി ക്ഷേത്രം 41. വേളോർവട്ടം മഹാദേവ ക്ഷേത്രം 42. കല്ലാറ്റുപുഴ മഹാദേവ ക്ഷേത്രം 43. തൃക്കുന്ന് മഹാദേവ ക്ഷേത്രം 44. ചെറുവത്തൂർ മഹാദേവ ക്ഷേത്രം 45. പൂങ്കുന്നം ശിവക്ഷേത്രം 46. തൃക്കപാലീശ്വരം മഹാദേവ ക്ഷേത്രം, നിരണം 47. തൃക്കപാലീശ്വരം ശിവക്ഷേത്രം കാടാച്ചിറ 48. തൃക്കപാലീശ്വരം ഇരിങ്ങന്നൂർ ശിവക്ഷേത്രം 49. അവിട്ടത്തൂർ മഹാദേവ ക്ഷേത്രം 50. പരുമല പനയന്നാർകാവ് ശിവക്ഷേത്രം അഥവാ പനയന്നാർകാവ് ദേവി ക്ഷേത്രം 51. ആനന്ദവല്ലീശ്വരം മഹാദേവ ക്ഷേത്രം 52. കാട്ടാകമ്പാൽ മഹാദേവക്ഷേത്രം 53. പഴയന്നൂർ ശിവക്ഷേത്രം 54. പേരകം മഹാദേവ ക്ഷേത്രം 55. ചക്കംകുളങ്ങര മഹാദേവ ക്ഷേത്രം 56. വീരാണിമംഗലം മഹാദേവ ക്ഷേത്രം 57. ചേരാനല്ലൂർ മഹാദേവ ക്ഷേത്രം 58. മണിയൂർ മഹാദേവ ക്ഷേത്രം 59. കോഴിക്കോട് തളിക്ഷേത്രം 60. കടുത്തുരുത്തി തളിക്ഷേത്രം 61. കൊടുങ്ങല്ലൂർ കീഴ്ത്തളി മഹാദേവ ക്ഷേത്രം 62. താഴത്തങ്ങാടി തളിക്കോട്ട ക്ഷേത്രം 63. കൊടുങ്ങല്ലൂർ മഹാദേവ ക്ഷേത്രം അഥവാ ശ്രീകുരുംമ്പ ഭഗവതി ക്ഷേത്രം (പ്രസിദ്ധം) 64. ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രം 65. തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം 66. പടനായർകുളങ്ങര മഹാദേവ ക്ഷേത്രം 67. തൃച്ചാറ്റുകുളം മഹാദേവ ക്ഷേത്രം 68. ആലത്തൂർ പൊക്കുന്നി മഹാദേവ ക്ഷേത്രം 69. കൊട്ടിയൂർ ശിവക്ഷേത്രം (പ്രസിദ്ധം) 70. തൃപ്പാളൂർ മഹാദേവ ക്ഷേത്രം 71. പെരുന്തട്ട മഹാദേവ ക്ഷേത്രം 72. തൃത്താല മഹാദേവ ക്ഷേത്രം 73. തിരുവാറ്റാ മഹാദേവ ക്ഷേത്രം 74. വാഴപ്പള്ളി മഹാക്ഷേത്രം 75. ചങ്ങംകുളങ്ങര മഹാദേവ ക്ഷേത്രം 76. അഞ്ചുമൂർത്തിമംഗലം ക്ഷേത്രം 77. തിരുനക്കര ശിവക്ഷേത്രം 78. അഷ്ടമിച്ചിറ മഹാദേവ ക്ഷേത്രം 79. പട്ടണക്കാട് മഹാദേവ ക്ഷേത്രം 80. ഉളിയന്നൂർ മഹാദേവ ക്ഷേത്രം 81. കിള്ളിക്കുറിശ്ശി മംഗലം മഹാദേവ ക്ഷേത്രം 82. പുത്തൂർ മഹാദേവ ക്ഷേത്രം 83. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം 84. സോമേശ്വരം മഹാദേവ ക്ഷേത്രം 85. വെങ്ങനല്ലൂർ തിരുവിമ്പിലപ്പൻ മഹാശിവക്ഷേത്രം 86. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം (പ്രസിദ്ധം) 87. കണ്ടിയൂർ മഹാദേവ ക്ഷേത്രം 88. പാലയൂർ മഹാദേവ ക്ഷേത്രം (നിലവിലില്ല) 89. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം 90. നെടുമ്പുര കുലശേഖരനെല്ലൂർ മഹാദേവ ക്ഷേത്രം 91. മണ്ണൂർ മഹാദേവ ക്ഷേത്രം 92. തൃശ്ശിലേരി മഹാദേവ ക്ഷേത്രം 93. ശൃംഗപുരം മഹാദേവ ക്ഷേത്രം 94. കരിവെള്ളൂർ മഹാദേവ ക്ഷേത്രം 95. മമ്മിയൂർ മഹാദേവ ക്ഷേത്രം, ഗുരുവായൂർ 96. പറമ്പുന്തളി മഹാദേവ ക്ഷേത്രം 97. തിരുനാവായ മഹാദേവ ക്ഷേത്രം 98. കാരിക്കോട് കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം 99. നാല്പത്തെണ്ണീശ്വരം മഹാദേവ ക്ഷേത്രം 100.കോട്ടപ്പുറം ശിവക്ഷേത്രം 101.മുതുവറ മഹാദേവ ക്ഷേത്രം 102.വെളപ്പായ മഹാദേവ ക്ഷേത്രം 103.കുന്നത്തളി ശിവക്ഷേത്രം 104.തൃക്കണ്ടിയൂർ മഹാദേവ ക്ഷേത്രം 105.പെരുവനം മഹാദേവ ക്ഷേത്രം 106.തിരുവാലൂർ മഹാദേവ ക്ഷേത്രം 107.ചിറയ്ക്കൽ മഹാദേവ ക്ഷേത്രം 108.കൊടുമ്പ് മഹാദേവ ക്ഷേത്രം

കേരളത്തിലെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങൾ

തിരുത്തുക
  1. തൃശൂർ ശ്രീ വടക്കുംനാഥൻ ക്ഷേത്രം
  2. മമ്മിയൂർ മഹാദേവ ക്ഷേത്രം, ഗുരുവായൂർ
  3. എറണാകുളം ശിവ ക്ഷേത്രം
  4. ആലുവ ശിവരാത്രി മണപ്പുറം, എറണാകുളം
  5. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം, ആലുവ
  6. വൈക്കം മഹാദേവ ക്ഷേത്രം, കോട്ടയം
  7. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, കോട്ടയം
  8. കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രം
  9. മലപ്പുറം ത്രിപുരാന്തക ക്ഷേത്രം
  10. തൃപ്പങ്ങോട് ശിവ ക്ഷേത്രം, തിരൂർ, മലപ്പുറം
  11. കൽപ്പാത്തി ശ്രീ വിശ്വനാഥ ക്ഷേത്രം, പാലക്കാട്
  12. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം
  13. കോഴിക്കോട് തളി മഹാദേവ ക്ഷേത്രം
  14. കൊല്ലം ആനന്ദവല്ലീശ്വരം മഹാദേവ ക്ഷേത്രം
  15. ഓച്ചിറ പരബ്രഹ്മ ക്ഷേത്രം
  16. കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ, കണ്ണൂർ
  17. തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം, കണ്ണൂർ
  18. തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രം, കണ്ണൂർ
  19. ശ്രീകണ്ടെശ്വരം മഹാദേവ ക്ഷേത്രം, തിരുവനന്തപുരം
  20. കഴക്കൂട്ടം മഹാദേവ ക്ഷേത്രം, തിരുവനന്തപുരം
  21. വർക്കല ശിവഗിരി ശിവപാർവതി ക്ഷേത്രം, തിരുവനന്തപുരം
  22. ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രം, തിരുവനന്തപുരം
  23. അരുവിപ്പുറം ശിവ ക്ഷേത്രം, നെയ്യാറ്റിൻകര
  24. ആഴിമല ശിവ ക്ഷേത്രം, പുളിങ്കുടി, തിരുവനന്തപുരം
  25. കടുത്തുരുത്തി മഹാദേവ ക്ഷേത്രം, കോട്ടയം
  26. വൈറ്റില ശിവ-സുബ്രമണ്യ ക്ഷേത്രം, എറണാകുളം
  27. തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം, കൊടുങ്ങല്ലൂർ
  28. കാസർഗോഡ് ശ്രീ മല്ലികാർജുന ക്ഷേത്രം
  29. തൃശ്ശിലേരി മഹാദേവ ക്ഷേത്രം, തിരുനെല്ലി, വയനാട്
  30. പടനായർകുളങ്ങര മഹാദേവ ക്ഷേത്രം, കരുനാഗപ്പള്ളി
  31. നടുവത്തൂർ മഹാശിവക്ഷേത്രം.കൊയിലാണ്ടി.കോഴിക്കോട്
  32. കാഞ്ഞില്ലശ്ശേരി മഹാശിവക്ഷേത്രം.തിരുവങ്ങൂർ.കോഴിക്കോട്

പ്രാർത്ഥനാ ശ്ലോകങ്ങൾ

തിരുത്തുക

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം[40]

"അനായാസേന മരണം വിനാ ദൈന്യേന ജീവനം ദേഹീ മെ കൃപയാ ശംഭോ, ത്വയീ ഭക്തീ മചഞ്ചലാം"

(ശിവനെ, ഭക്തനായ എനിക്കു അങ്ങയുടെ കാരുണ്യവും കൃപയും കൊണ്ട് ദീനമില്ലാത്ത ജീവിതവും ജീവിതാവസാനം ആയാസപ്പെടാത്ത അപകടരഹിതമായ സുഖമരണവും നൽകേണമേ എന്നാണ് ശിവനോടുള്ള മറ്റൊരു പ്രാർഥന)

മൃത്യുഞ്ജയ മന്ത്രം

ഹൈന്ദവ, ശൈവ വിശ്വാസപ്രകാരം മൃത്യു ഭയത്തെ അതിജീവിക്കാൻ, അപകടം ഒഴിവാക്കുവാൻ, ശിവന്റെ അനുഗ്രഹത്തിനായി ജപിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രാർത്ഥനാ ശ്ലോകമാണ് മഹാമൃത്യുഞ്ജയ മന്ത്രം. മൃത്യുഭയം അനുഭവിക്കുന്നവർക്ക് മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെയ്യുന്ന മന്ത്രമാണ് ഇത് എന്നാണ് വിശ്വാസം.

മഹാമൃത്യുഞ്ജയ മന്ത്രം:

‘ഓം ത്ര്യംബകം യജാമഹെ സുഗന്ധിം പുഷ്ടി വർധനം ഉർവാരുകമിവ ബന്ധനാത് മൃത്യോർ മുക്ഷീയ മാമൃതാത്’

അർഥം- ത്രിലോചനനായ ശിവഭഗവാനെ ഞങ്ങൾ ധ്യാനിക്കുന്നു. സുഗന്ധത്തെയും അഭിവൃദ്ധിയെയും വർധിപ്പിക്കുന്ന അങ്ങ്, വെള്ളരിക്കയെ അതിന്റെ തണ്ടിൽ നിന്നും വേർപെടുത്തുന്നതു പോലെ മരണത്തിൽ നിന്നു ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷേ അമരത്വത്തിൽ നിന്നല്ല. രോഗങ്ങൾ മാറാനും ദീർഘായുസ്സിനും ധനസമൃദ്ധിക്കും പുത്രപൗത്രാദി സൗഖ്യത്തിനും വിശേഷമാണ് ഈ മന്ത്രജപം എന്ന് ശൈവർ വിശ്വസിക്കുന്നു. അക്ഷര തെറ്റു ഇല്ലാതെ അർഥം മനസ്സിലാക്കി ജപിക്കാൻ സാധിക്കുന്നവർക്ക് ശിവനെ ഗുരുവായി സങ്കല്പിച്ചു ജപിച്ചു തുടങ്ങാം. 108 തവണ ജപിക്കുന്നതാണ് ഉത്തമം. സൗകര്യാർഥം മൂന്ന്, പത്ത് എന്നീ തവണയും ജപിക്കാം. കുറഞ്ഞത് ഒരുതവണ എങ്കിലും ഈ മന്ത്രം ജപിക്കുന്നത് ഗുണകരമാണെന്നാണ് വിശ്വാസം.

ശിവ മംഗളം

ശങ്കരായ ശങ്കരായ ശങ്കരായ മംഗളം

ശങ്കരീ മനോഹരായ ശാശ്വതായ മംഗളം

സുന്ദരേശ മംഗളം സനാതനായ മംഗളം

ചിന്മയായ സന്മയായ തന്മയായ മംഗളം

അനന്തരൂപ മംഗളം ചിരന്തനായ മംഗളം

നിരഞ്ജനായ മംഗളം പുരഞ്ജനായ മംഗളം

അചഞ്ചലായ മംഗളം അകിഞ്ചനായ മംഗളം

ജഗദ് ശിവായ മംഗളം നമഃശിവായ മംഗളം

  1. "Hinduism". Encyclopedia of World Religions. Encyclopaedia Britannica, Inc. 2008. pp. 445–448. ISBN 978-1593394912.
  2. Zimmer 1972, പുറങ്ങൾ. 124–126.
  3. 3.0 3.1 Fuller 2004, പുറം. 58.
  4. Kinsley 1998, പുറം. 35.
  5. Cush, Robinson & York 2008, പുറം. 78.
  6. Williams 1981, പുറം. 62.
  7. Javid 2008, പുറങ്ങൾ. 20–21.
  8. Dalal 2010, പുറങ്ങൾ. 137, 186.
  9. 9.0 9.1 Flood 1996, പുറങ്ങൾ. 17, 153
  10. K. Sivaraman (1973). Śaivism in Philosophical Perspective: A Study of the Formative Concepts, Problems, and Methods of Śaiva Siddhānta. Motilal Banarsidass. p. 131. ISBN 978-81-208-1771-5.
  11. 11.0 11.1 Zimmer (1972) pp. 124-126
  12. Jan Gonda (1969), The Hindu Trinity, Anthropos, Bd 63/64, H 1/2, pages 212–226
  13. 13.0 13.1 Arvind Sharma 2000, പുറം. 65.
  14. Issitt & Main 2014, പുറങ്ങൾ. 147, 168.
  15. Flood 1996, പുറം. 151.
  16. David Kinsley 1988, പുറം. 50, 103–104.
  17. Tracy Pintchman 2015, പുറങ്ങൾ. 113, 119, 144, 171.
  18. Kramrisch 1981, പുറങ്ങൾ. 184–188
  19. Davis, pp. 113–114.
  20. William K. Mahony 1998, പുറം. 14.
  21. Fuller, p. 58.
  22. Shiva Samhita, e.g. translation by Mallinson.
  23. Varenne, p. 82.
  24. Marchand for Jnana Yoga.
  25. Flood 1996, പുറം. 17.
  26. Keay, p.xxvii.
  27. For Shiva as depicted with a third eye, and mention of the story of the destruction of Kama with it, see: Flood (1996), p. 151.
  28. For the moon on the forehead see: Chakravarti, p. 109.
  29. For śekhara as crest or crown, see: Apte, p. 926.
  30. For Candraśekhara as an iconographic form, see: Sivaramamurti (1976), p. 56.
  31. For translation "Having the moon as his crest" see: Kramrisch, p. 472.
  32. For Shiva drinking the poison churned from the world ocean see: Flood (1996), p. 78.
  33. Kramrisch, p. 473.
  34. Sharma 1996, പുറം. 290
  35. See: name #93 in Chidbhavananda, p. 31.
  36. For alternate stories about this feature, and use of the name Gaṅgādhara see: Chakravarti, pp. 59 and 109.
  37. For description of the Gaṅgādhara form, see: Sivaramamurti (1976), p. 8.
  38. Flood (1996), p. 151
  39. Allen, Charles. (1982). A Mountain in Tibet, pp. 21-22. André Deutsch. Reprint: 1991. Futura Publications, London. ISBN 0-7088-2411-0.
  40. 'ക്ഷേത്രാചാരങ്ങൾ', കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം

ഇതും കാണുക

തിരുത്തുക



ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "note" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="note"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=ശിവൻ&oldid=4111024" എന്ന താളിൽനിന്ന് ശേഖരിച്ചത്