ഉത്തരകേരളത്തിലും, കർണ്ണാടകത്തിലും പ്രചാരത്തിലുള്ള അനുഷ്ഠാന കലയാണ് തെയ്യം. കോഴിക്കോട് ജില്ലയുടെ വടക്കൻ ഭാഗങ്ങളായ വടകര, കൊയിലാണ്ടി എന്നീ പ്രദേശങ്ങളിൽ തിറ എന്ന പേരിലും ഇത് അറിയപ്പെടുന്നു. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്റെ അവതരണം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യം അനുഷ്ഠാനത്തിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി ആരാധിക്കുന്നു. ഭാരതീയ ദേവതാ സങ്കൽപ്പത്തിലെ ഏറ്ററ്വും വന്യമായ അവതരണങ്ങളിൽ ഒന്നാണ് തെയ്യം.

മുച്ചിലോട്ടു ഭഗവതി തെയ്യം

പ്രകൃതിയിലെ പ്രതിഭാസങ്ങളെ ഭയത്തോടും ഭക്ത്യാരാധനയോടേയും നോക്കിക്കണ്ടതിൽ നിന്നുമാണു് പ്രകൃതിശക്തികളെ പ്രീതിപ്പെടുത്താനെന്ന പേരിൽ തെയ്യം കെട്ടിയാടുവാൻ തുടങ്ങിയത്. പരേതരോടുള്ള ആരാധന, അമ്മമാരോടുള്ള ആരാധന, വീരരോടുള്ള ആരാധന എന്നിവയാണു് തെയ്യം കെട്ടിയാടലിൽ പ്രധാനമായും കാണുന്നതു്. തങ്ങളെ അടിച്ചമർത്തുന്ന സാമൂഹ്യവ്യവസ്ഥിതിക്കെതിരെയുള്ള അധഃസ്ഥിതവർഗ്ഗത്തിന്റെ രോഷപ്രകടനവും തെയ്യത്തിൽ കാണാവുന്നതാണു്. ഭാരതീയ സാംസ്കാരിക ചരിത്രത്തിൽ സ്ത്രീ ദൈവ സങ്കൽപ്പത്തിന് വളരെ പ്രാധാന്യം ഉള്ളതാണ്. തെയ്യത്തിലെ ദേവതകൾ എന്നതുകൊണ്ട് തെയ്യാട്ടത്തിൽ അവതരിപ്പിക്കപ്പെടുന്ന ദേവതാ സങ്കല്പങ്ങളെയാണ് അർത്ഥമാക്കുന്നത്. [1]

അമ്മ ദൈവങ്ങൾ

തിരുത്തുക

അമാനുഷികമായ മാതൃ ദേവതാ സങ്കല്പങ്ങൾ തെയ്യത്തിൽ കാണാം. കാളിയും കാളിയുടെ സങ്കല്പഭേദങ്ങളുമായി അനേകം ദേവതകൾ തെയ്യത്തിൽ പ്രത്യക്ഷപ്പെടുന്നു. ഭഗവതി, കാളിച്ചാമുണ്ഡി, ഈശ്വരി എന്നീ പൊതു പേരുകളിലുള്ള തെയ്യങ്ങളിൽ മിക്കതും ശക്തിരൂപിണികളാണ്. ഈ ദേവതകളിൽ നല്ലൊരു ഭാഗം അമ്മമാരുമാണ്. അമ്മ ദൈവങ്ങളിൽ തായിപ്പരദേവത എന്നു വിളിക്കപ്പെടുന്ന തിരുവാർക്കാട്ടു ഭഗവതി പ്രധാനപ്പെട്ടതാണ് . കോലത്തിരി രാജാവിന്റെ മുഖ്യ ആരാധനാദേവത കൂടിയാണ് ഈ അമ്മ. ഈ അമ്മയെ 'മാടായിക്കാവിലച്ചി എന്ന് പ്രാദേശികമായിവിളിക്കുന്നു. പരമേശ്വരന്റെ തൃക്കണ്ണിൽനിന്നു ജനിച്ച തായിയാണ് ദാരികനെ വധിച്ചത്. തായിപ്പരദേവതയ്ക്ക് അനേകം പേർ പകർച്ചകളുണ്ട്. 'കാളി' എന്നു പ്രത്യേകം വിളിക്കുന്ന തെയ്യങ്ങളുണ്ട്. ഭദ്രകാളി,വീരർകാളി, കരിങ്കാളി, പുള്ളിക്കാളി,ചുടലഭദ്രകാളി,പുലിയുരുകാളി എന്നീ തെയ്യങ്ങൾ പ്രധാനപ്പെട്ടവയാണ്. ചണ്ഡമുണ്ഡന്മാരെ വധിക്കുകയും രക്തബീജാസുരന്റെ രക്തം ഭൂമിയിൽവീഴാതെ എഴുന്നേറ്റു കുടിക്കുകയും ചെയ്ത കാളിതന്നെയാണ് ചാമുണ്ഡി. രക്തത്തിൽ മുഴുകിയതിനാലാണ് ചാമുണ്ഡിയെ രക്തചാമുണ്ഡിയെന്നുംരക്തേശ്വരിയെന്നും വിളിക്കുന്നത്. ചണ്ഡമുണ്ഡന്മാരുമായുള്ള യുദ്ധത്തിൽ കാളി ആകാശപാതാളങ്ങളിൽ അവരെ പിന്തുടർന്നുചെന്ന് യുദ്ധം ചെയ്തിട്ടുണ്ട്. പാതാളത്തിൽ പോയതു കൊണ്ടത്രെ പാതാളമൂർത്തി (മടയിൽ ചാമുണ്ഡി) എന്നു വിളിക്കുന്നത്. [2]

യുദ്ധ ദേവതകൾ

തിരുത്തുക

കാളി, ചാമുണ്ഡി, ഭഗവതി എന്നീ വിഭാഗങ്ങളിൽപ്പെട്ട പല ദേവതകളും അസുരകുലാന്തകിമാരാണെന്നപോലെ ഭൂമിയിലുള്ള ചില വഴക്കുകളിലും പടകളിലും പങ്കെടുത്തവരാണെന്നാണു സങ്കല്പം. അങ്കകുളങ്ങര ഭഗവതി, രക്തചാമുണ്ഡി, ചൂളിയാർ ഭഗവതി, മൂവാളം കുഴിച്ചാമുണ്ഡി, ഒറവങ്കര ഭഗവതി എന്നിവയാണ് തെയ്യത്തിലെ സ്ത്രീ യുദ്ധദേവതകൾ.

രോഗദേവതകൾ

തിരുത്തുക

രോഗങ്ങൾ ദേവകോപമാണെന്ന് സങ്കല്പം പണ്ടുണ്ടായിരുന്നു. തെയ്യത്തിൽ രോഗദേവതകൾ ഉണ്ട്. ഇവരിൽ രോഗം വിതയ്ക്കുന്നവരെന്നും രോഗശമനം വരുത്തുന്നവരെന്നും രണ്ടുതരമുണ്ട്. ചീറുമ്പമാർ (മൂത്തഭഗവതി,ഇളയഭഗവതി), വസൂരിമാല എന്നീ സ്ത്രീ ദേവതകൾ രോഗമുണ്ടാക്കുന്നവരാണ്. പുതിയഭഗവതി അത്തരം രോഗങ്ങളെ മാറ്റുന്ന ദേവതയാണെന്നാണ് സങ്കല്പം. തൂവക്കാളി, മാരി തുടങ്ങി വേറെയും രോഗദേവതകളുണ്ട്.

മരക്കല ദേവതകൾ

തിരുത്തുക

ആരിയർനാട് തുടങ്ങിയ അന്യദേശങ്ങളിൽനിന്നു മരക്കലം വഴി ഇവിടെ ദേവതകൾ എത്തിച്ചേർന്നിട്ടുണ്ടെന്നാണു വിശ്വാസം. അത്തരം 'മരക്കല ദേവത'കളിൽ ചിലത് തെയ്യാട്ടത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആര്യപ്പൂങ്കന്നി, ആര്യയ്ക്കരഭഗവതി, ആയിത്തിഭഗവതി, ശ്രീശൂല കുഠാരിയമ്മ (മരക്കലത്തമ്മ), ചുഴലിഭഗവതി എന്നീ തെയ്യങ്ങൾ 'മരക്കല ദേവത'മാരിൽപ്പെടുന്നു.

നാഗ-മൃഗ ദേവതകൾ

തിരുത്തുക

നാഗകന്നി,നാഗഭഗവതി തുടങ്ങി ഏതാനും നാഗത്തെയ്യങ്ങളുണ്ട്. മൃഗദേവതകളിൽ പുലിദൈവങ്ങൾക്കാണ് പ്രാമുഖ്യം. പുള്ളിക്കരിങ്കാളി അത്തരത്തിലുള്ള ഒരു  തെയ്യമാണ്.

ഭൂത-യക്ഷി ദേവതകൾ

തിരുത്തുക

തെയ്യത്തിലെ ചില ദേവതകളെ (പഞ്ചുരുളി തുടങ്ങിയവർ ) ഭൂതക്കോലങ്ങളായി കെട്ടിയാടിക്കുമ്പോൾ ഭൂതം എന്ന് അവരെയും വിശേഷിപ്പിക്കാറുണ്ട്.(ഉദാ:പഞ്ചുരുളി ഭൂതം ) 'യക്ഷി' എന്ന പേരിലുള്ള ദേവതയൊന്നും തെയ്യത്തിൽ കാണുന്നില്ലെങ്കിലും ചില ഭഗവതിമാരും ചാമുണ്ഡികളും യക്ഷീസങ്കല്പത്തിലുള്ളവയാണെന്നാണു സങ്കല്പം. കരിഞ്ചാമുണ്ഡി ഒരു യക്ഷിത്തെയ്യമാണെന്നു കരുതപ്പെടുന്നു. പൈതങ്ങളെയും കോഴികളെയും പിടിച്ചു ഭക്ഷിക്കുന്ന ഒരു ഭീകര ദേവതയാണെന്നു മാത്രമേ തോറ്റംപാട്ടിൽ പറയുന്നുള്ളൂ. വേലന്മാർ കെട്ടിയാടാറുള്ള പുള്ളിച്ചാമുണ്ഡി എന്ന തെയ്യം വണ്ണാന്മാർ കെട്ടിയാടുന്ന കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ സങ്കല്പത്തിലുള്ളതു തന്നെയാണ്. പുള്ളിഭഗവതിയും യക്ഷി സങ്കല്പത്തിലുള്ളതാണെന്നു കരുതി വരുന്നു. കരിഞ്ചാമുണ്ഡിയുടെ കൂട്ടുകാരികളിലൊന്നത്രെ ആ ഉഗ്രദേവത.

വനമൂർത്തികൾ-നായാട്ട് ദേവതകൾ

തിരുത്തുക

വനമൂർത്തികളെയും നായാട്ടുദേവതകളെയും തെയ്യമായി കെട്ടിയാടിക്കുക പതിവാണ്. പൂവില്ലി, ഇളവില്ലി,  എന്നിങ്ങനെ ചില തെയ്യങ്ങൾ വനദേവതകളാണെന്നു വിശ്വസിക്കപ്പെടുന്നു. കാട്ടുമടന്ത, ചോന്നമ്മ എന്നീ സ്ത്രീദേവകൾ വനദേവതാസങ്കല്പം ഉൾക്കൊള്ളുന്ന തെയ്യങ്ങളാണ്.

മന്ത്രമൂർത്തികൾ

തിരുത്തുക

കുറത്തി മന്ത്രമൂർത്തിയായി കരുതപ്പെടുന്ന ഒരു തെയ്യമാണ്. കുഞ്ഞാർകുറത്തി, പുള്ളിക്കുറത്തി, മലങ്കുറത്തി, തെക്കൻകുറത്തി എന്നിങ്ങനെ പതിനെട്ടുതരം കുറത്തിമാരുണ്ട്. അവയിൽ ചിലതിനു മാത്രമേ കെട്ടിക്കോലമുള്ളൂ.

പരേതാത്മാക്കൾ

തിരുത്തുക

തെയ്യമായി മാറിയ പരേതാത്മാക്കൾ അനേകമുണ്ട്. ഇതിൽ പ്രധാനപ്പെട്ട സ്ത്രീ ദേവതകളാണ് മാക്കഭഗവതി, മനയിൽ ഭഗവതി, തോട്ടുകര ഭഗവതി, മുച്ചിലോട്ടു ഭഗവതി, വണ്ണാത്തി ഭഗവതി, കാപ്പാളത്തിച്ചാമുണ്ഡി, മാണിക്ക ഭഗവതി തുടങ്ങിയ തെയ്യങ്ങൾ ഇത്തരത്തിലുള്ളവയാണ്.

ചിത്രശാല

തിരുത്തുക
  1. "മാതൃഭൂമി ന്യൂസ്". മാതൃഭൂമി. 21 ഡിസംബർ 2023.
  2. "മാതൃഭൂമി ന്യൂസ്". മാതൃഭൂമി. 11 ജനുവരി 2019.
"https://ml.wikipedia.org/w/index.php?title=തെയ്യത്തിലെ_ദേവതകൾ&oldid=4071013" എന്ന താളിൽനിന്ന് ശേഖരിച്ചത്