തച്ചോളി ഒതേനൻ
തച്ചോളി മേപ്പയിൽ കുഞ്ഞ് ഒതേനൻ അഥവാ തച്ചോളി ഒതേനൻ വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു വീരനായകനാണ്. 16-ആം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്.[1] വടക്കൻ പാട്ടുകൾ അദ്ദേഹത്തിന്റെ ധൈര്യത്തെയും ആയോധന പാടവത്തെയും വാഴ്ത്തുന്നു. അദ്ദേഹത്തിന്റെ ശരിയായ പേര് ഉദയന കുറുപ്പ് എന്നായിരുന്നു. [2] കുറുപ്പ് എന്നത് കളരി അഭ്യാസികൾക്ക് ലഭിക്കുന്ന സ്ഥാനപേരാണ്.
കടത്തനാട് വടകരയ്ക്ക് അടുത്തുള്ള മേപ്പയിൽ മാണിക്കോത്ത് വീട്ടിൽ ജനിച്ചു.[2] പുതുപ്പണം ദേശവാഴിയായിരുന്ന ചീനംവീട്ടിൽ തങ്ങൾ (കോട്ടയാട്ട് കോവിലകത്തു പുതുപ്പണത്തു മൂപ്പിൽ വാഴുന്നോർ) (ക്രി.വ. 1584) അക്കാമ്മ ഉപ്പാട്ടി എന്ന സ്ത്രീയെ സംബന്ധം കഴിച്ചു. ഈ ബന്ധത്തിൽ അവർക്കുണ്ടായ മകൻ ആണ് തച്ചോളി ഒതേനൻ [3]. കോമപ്പകുറുപ്പും ഉണിച്ചാറയുമായിരുന്നു തങ്ങളുടെ മറ്റു രണ്ടു മക്കൾ. ദേശവാഴിയുടെ മകനായിട്ടും ദാരിദ്ര്യത്തിലായിരുന്നു ഒതേനന്റെ കുട്ടിക്കാലം. ഉപ്പാട്ടിയമ്മയുടെയും മക്കളുടെയും സംരക്ഷണത്തിൽ വടകരവാഴുന്നോർ വലിയ ശ്രദ്ധയൊന്നും കാണിച്ചിരുന്നില്ല. തെങ്ങോല വിറ്റും തെങ്ങിൻ മടലു വിറ്റും മറ്റുമായിരുന്നു ഉപ്പാട്ടിയമ്മ മക്കളെ വളർത്തിയിരുന്നത് എന്ന് വടക്കൻ പാട്ടുകളിൽ കാണാം. മാത്രമല്ല അവർ താമസിച്ചിരുന്ന തച്ചോളിമാണിക്കോത്ത് പറമ്പ് കുന്നോൻ കണ്ണക്കുറുപ്പ് എന്ന ജന്മി പാട്ടത്തിനെടുത്തിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പറമ്പിൽ നിന്നും യാതൊരു വിധ ആദായവും അവർക്ക് ലഭിച്ചിരുന്നില്ല. ഒരിക്കൽ പറമ്പിൽ കൂട്ടിയിട്ട തേങ്ങകളിൽ നിന്ന് ഒരു തേങ്ങ അരയ്ക്കാനെടുത്തതിന് കണ്ണക്കുറുപ്പ് തെങ്ങിൻ കുലച്ചിൽ കൊണ്ട് ഉപ്പാട്ടിയമ്മയെ എറിഞ്ഞു. നിറഗർഭിണിയായ ഉപ്പാട്ടിയമ്മയുടെ വയറ്റിലാണ് ആ ഏറ് കൊണ്ടത്. അതുകൊണ്ടാണത്രെ ഒതേനന്റെ ഇടത്തുവാരിയിൽ ജന്മനാ ഒരു വടു ഉണ്ടായിരുന്നു.
അദ്ദേഹം കേരളത്തിന്റെ പുരാതന ആയോധന കലയായ കളരിപ്പയറ്റ് ചെറുപ്പത്തിലേ തന്നെ അഭ്യസിച്ചു തുടങ്ങി. ധൈര്യശാലിയും നിപുണനുമായ ഒരു തികഞ്ഞ അഭ്യാസിയായി ഒതേനൻ വളർന്നു വന്നു. ഐതിഹ്യങ്ങൾ ആരോരുമില്ലാത്തവർക്ക് ഒരു സുഹൃത്തും ശത്രുക്കളോട് ദയയില്ലാത്ത എതിരാളിയുമായി ഒതേനനെ വാഴ്ത്തുന്നു. കോഴിക്കോട്ടെ ശക്തനായ സാമൂതിരി രാജാവുപോലും ഒതേനനെ ബഹുമാനിച്ചിരുന്നു. [2]
ഒതേനന്റെ സന്തതസഹചാരിയായിരുന്നു തീയ്യർ സമുദായ അംഗമായ കണ്ടാച്ചേരി ചാപ്പൻ. മതിലൂർ ഗുരുക്കളായിരുന്നു ഒതേനന്റെ ഗുരു. ഒതേനനെകുറിച്ച് നിരവധികഥകൾ ഉണ്ട്. ഒരിക്കൽ വഴിയൊഴിഞ്ഞു കൊടുക്കാത്തതിന്റെ പേരിൽ മഹാവീരനായ ചിണ്ടൻ നമ്പ്യാർ ഒതേനനുമായി അങ്കം കുറിച്ചു. പയ്യംവെള്ളി ചന്തു എന്ന സുഹൃത്തു പറഞ്ഞു കൊടുത്ത പൂഴിക്കടകൻ അടവുപയോഗിച്ച് പൊന്നിയം കളരിയിൽ വച്ച് ഒതേനൻ നമ്പ്യാരുടെ തലയറഞ്ഞു. പുന്നോറൻ കേളപ്പൻ, പുറമാല നമ്പിക്കുറുപ്പ് തുടങ്ങി നിരവധി പേരെ ഒതേനൻ വധിച്ചു.
ഒതേനനെ അങ്കം വെട്ടി തോൽപിച്ച തേവർ വെള്ളൻ എന്ന പുലയ അഭ്യാസിയെ ഒതേനൻ ഗുരുവായി സ്വീകരിക്കുന്നു . അങ്കത്തിൽ തേവർ വെള്ളൻ അവസാനം ഒതേനനെ കൊല്ലും എന്ന ഘട്ടത്തിൽ ഒതേനൻ മാപ്പ് ചോദിച്ചു ഗുരുവായി കണ്ട് തനിക്ക് വശമില്ലാത്ത വിദ്യകൾ പഠിക്കുന്നു. തേവർ വെള്ളന് വേണ്ടി ഒതേനൻ പണികഴിപ്പിച്ച ഒരു അമ്പലം വടകര ചാനിയംകടവ് റോഡിൽ തിരുവള്ളൂരിൽ ഇന്നും ഉണ്ട്.[4][5]
ലോകനാർക്കാവിലെ ആറാട്ടു ദിവസം കതിരൂർ ഗുരുക്കളുമായി തെറ്റിപ്പിരിയുകയും ഇരുവരും അങ്കം കുറിക്കുകയും ചെയ്തു. അങ്കത്തിൽ ഗുരുക്കളെ വധിച്ച ശേഷം ഒതേനൻ, കളരിയിൽ മറന്നിട്ട കട്ടാരമെടുക്കുവാൻ മടങ്ങിപ്പോവുകയും മായൻകുട്ടി എന്ന മാപ്പിളയുടെ വെടിയേറ്റ് മരിച്ചു. കതിരൂർ ഗുരുക്കളുടെ സുഹൃത്തായിരുന്ന പരുന്തുങ്കൽ എമ്മൻ പണിക്കരാണ് ഈ മാപ്പിളയെ ഏർപ്പാടാക്കിയത്. 32 വയസ്സായിരുന്നു അന്ന് ഒതേനന്.
തച്ചോളി ഒതേനന്റെ സംബന്ധ ബന്ധത്തിൽ ഉള്ള സന്തതി പരമ്പര 'ചാത്തോത് ' എന്ന തറവാട്ടിൽ ഇന്നും ഉണ്ട്. കോഴിക്കോട് കായണ്ണ ആണ് സ്ഥലം. കാരണവർ ചാത്തോതെ ഓറ് എന്ന് അറിയപ്പെടുന്നു. വേറൊരു സംബന്ധ ബന്ധത്തിൽ ഉള്ള പരമ്പര മാഹി മുണ്ടവീട് എന്ന തറവാട്ടിലും കണ്ണൂർ ഏഴിമലയ്ക്കടുത്തും ഇന്നും നിലനിൽക്കുന്നു.തനിക്ക് വശപ്പെടാതെ നിന്ന പെണ്ണിന്റെ ആങ്ങളമാരെ മണ്ണുങ് എന്ന മീനിന്റെ മാല ഉണ്ടാക്കി കഴുത്തിൽ ഇട്ട് കായണ്ണ അങ്ങാടിയിൽ കൂടെ നടത്തി.പിന്നീട് അവർ മണ്ണുങ് നായന്മാർ എന്ന് അറിയപ്പെട്ട ചരിത്രവും ഇതേ നാട്ടിൽ ഉണ്ട്.[6]
ഇതും കാണുക തിരുത്തുക
അവലംബം തിരുത്തുക
- ↑ http://www.india9.com/i9show/Vadakkan-Pattukal-31327.htm
- ↑ 2.0 2.1 2.2 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-05-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-06-16.
- ↑ കേരളവിജ്ഞാന കോശം(1988)
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-05-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-02.
- ↑ https://timesofindia.indiatimes.com/city/kochi/othenan-who/articleshow/60129215.cms
- ↑ [www.mathrubhumi.com/amp/myhome/news/thacholi-othenan-wife-house-mundaveedu-kerala-traditional-homes-1.3717453 www.mathrubhumi.com/amp/myhome/news/thacholi-othenan-wife-house-mundaveedu-kerala-traditional-homes-1.3717453].
{{cite web}}
: Check|url=
value (help); Missing or empty|title=
(help)