ദക്ഷിണ ഭാരതത്തിൽ,പ്രധാനമായും തമിഴ്നാട്‌, കേരളം ഉത്തരകന്നട പ്രദേശങ്ങളിൽ,  ആരാധിച്ചു വരുന്ന അഷ്ട(കുല)നാഗങ്ങളിൽ ഒന്നാണ് ഗുളികൻ. നാഗരാജാക്കളിൽ ഒരുവനായും കരുതപ്പെടുന്നു. അഷ്ടനാഗക്കളത്തിൽ ഗുളികനെ ചിത്രികരിക്കാറുണ്ട്. ജ്യോതിഷത്തിൽ ഏറെ പ്രാധാന്യം കല്പിക്കപ്പെടുന്ന മൂർത്തിയാണ് ഗുളികൻ . മാന്ദി, കുലികൻ, കുളികൻ എന്നീ പേരുകളിലും ഗുളികൻ അറിയപ്പെടുന്നു

ഉല്പത്തി

തിരുത്തുക

കേരളീയ ജ്യോതിഷത്തിന്റെ അനേകം വേറിട്ട വിശേഷങ്ങളിലൊന്നാണ് ഗുളികൻ എന്ന പ്രതിഭാസം. മറ്റ് സംസ്ഥാനങ്ങളിൽ ഗുളികനെക്കുറിച്ച് കാര്യമായ ചിന്തയില്ല. ഗ്രഹനിലയിൽ ഗുളികനെ അടയാളപ്പെടുത്താറുമില്ല. നമ്മുടെ നാട്ടിൽ ജാതകപ്രശ്നാദികളിലെല്ലാം ഗുളികസാന്നിധ്യം പരിഗണിക്കുന്നു. മുഹൂർത്തവിഷയത്തിൽ ഒമ്പത് കാര്യങ്ങൾ ഒഴിവാക്കും. അതിനെ ‘നവദോഷങ്ങൾ’ എന്നാണ് പറയുക. ഗുളികനും നവദോഷങ്ങളിൽ ഒന്നാണ്. ഗ്രഹനിലയിൽ ‘മാ’ എന്ന പേരിൽ ആണ് ഗുളികനെ അടയാളപ്പെടുത്തുന്നത്. മന്ദൻ എന്നത് ശനിയുടെ പേരാകയാൽ ‘മ’ എന്ന അക്ഷരം ശനിയെ കുറിക്കാൻ ഉപയോഗിക്കുന്നു. ശനിയുടെ മകനാണ് ഗുളികൻ എന്നാണ് വിശ്വാസം. അതിനാൽ ‘മന്ദന്റെ മകൻ’ എന്ന അർത്ഥത്തിൽ ‘മാന്ദി’   എന്ന് ഗുളികനെ വിളിക്കുന്നു. അങ്ങനെ ആ പേരിലെ  ആദ്യാക്ഷരമായ ‘മാ’ എന്നത് ഗുളികനെ രേഖപ്പെടുത്തുന്ന അക്ഷരവുമായി മാറി. [1]

മാർക്കണ്ഡേയമോക്ഷത്താൽ ലോകത്തിൽ കാലനില്ലാത്ത അവസ്ഥ സംജാതമായി. കാലൻറെ അഭാവത്താൽ നഷ്ടപെട്ടകാലചക്രത്തിന്റെ സന്തുലനം വീണ്ടെടുക്കാൻ ഋഷിദേവകൾ പരമശിവന്റെ അരുകിൽ പ്രശ്നപരിഹാരത്തിനായി സമീപിച്ചു. പരമശിവൻ തന്റെ വലത് കാലിന്റെ പെരുവിരൽ ഭൂമിയിൽ അമർത്തുകയും വിരൽപൊട്ടി ഗുളികൻ അവതരിക്കുകയും ചെയ്തു. കാലന്റെ കർത്തവ്യം, ഗുളികൻ ഏറ്റെടുക്കുകയും ചെയ്തു. ഗുളികന്റെ സൃഷ്ടിക്കനന്തരം സപ്തര്ഷികളിൽ ഒരുവനായ കശ്യപമഹർഷി സന്താനലബ്ധിക്കായി യജ്ഞം നടത്തുക ഉണ്ടായി. അനന്തരം കശ്യപന്റെ പത്നിയും ദക്ഷപുത്രിയും ആയ കദ്രുവിന്റെ  ഗർഭത്തിലൂടെ ഗുളികൻ ഭൂമിയിൽ നാഗരൂപം കൈക്കൊണ്ടു.  മഹാഭാരതം ആദി പർവത്തിൽ കദ്രുവിന്റെ പുത്രനായി ഗുളികനെ പ്രതിപാദിക്കുന്നു.

    ‘ഗുളികോല്പത്തി’ എന്ന ഒരു ലഘുകാവ്യമുണ്ട്. സംസ്‌കൃതരചനയാണ്. ഗുളികന്റെ ജനനം അതിൽ വിവരിക്കുന്നു. ഒരിക്കൽ ശനിയും വ്യാഴവും തമ്മിൽ ഉഗ്രയുദ്ധമുണ്ടായി. നെറ്റിയിൽ ശരമേറ്റ് നിലംപതിച്ച ശനിയെ ബ്രഹ്മദേവൻ പിടിച്ചെഴുന്നേൽപ്പിക്കുകയും ശരം വലിച്ചെടുക്കുകയും ചെയ്തു. അപ്പോൾ ശനിയുടെ നെറ്റിയിൽ നിന്നും കടുംനീലനിറത്തിലുള്ള ഒരുതുള്ളിച്ചോര താഴെ വീണു. ആ ചോരത്തുള്ളിയിൽ നിന്നും നീലദേഹത്തോടുകൂടിയ ഒരു ഭയങ്കരരൂപം ഉയിരാർന്നുവന്നു. സർപ്പാകൃതിയും പേടിപ്പിക്കുന്ന നോട്ടവും ഉഗ്രവീര്യവുമൊത്ത അവനെ ശനിപുത്രനായി ബ്രഹ്മാവ് പ്രഖ്യാപിച്ചു. വിഷ്ണുവാണ് ‘മാന്ദി’ എന്ന പേരുനൽകിയത്. കുറിയരൂപമാവണം ഗുളികൻ എന്ന പേരിനാസ്പദം. വിഷ്ണു വിഷ്ണു അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു: ‘സമസ്ത ജന്തുക്കളെയും മരിപ്പിക്കുവാൻ ഇവന് ജന്മായത്തമായ കഴിവുള്ളതിനാൽ മൃത്യു എന്ന പേരിലും അറിയപ്പെടും.’ ശനിയുടെ ഉപഗ്രഹം എന്ന പദവിയും ദേവന്മാരാണ് ഗുളികന് നൽകിയത്......

നാരദപുരാണത്തിൽ ഗുളികൻഎന്ന വേടനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. സ്ത്രീകളെയും സ്വത്തുക്കളേയും അപഹരിക്കുന്ന ക്രുരനായ വേടൻ ആയിരുന്നു ഗുളികൻ. ഒരു നാൾ സൌവീരരാജ്യത്തിന്റെ തലസ്ഥാനനഗരിയിൽ എത്തിപ്പെട്ട ഗുളികൻ സ്വർണം മോഷ്ടിക്കുവാൻ ഒരു വിഷ്ണുക്ഷേത്രത്തിൽ പ്രവേശിച്ചു. ക്ഷേത്രത്തിൽ പ്രവേശിച്ച ഗുളികൻ ഏകനായി ധ്യാനത്തിൽ മുഴുകിയിരിക്കുന്ന വേദശിഷ്യനായ ഉത്തംഗമുനിയെ കാണുകയും മുനിയെ വധിക്കാൻ തീരുമാനിക്കുകയും ചെയ്തു. ധ്യാനഭംഗം വന്ന മുനി കണ്ണുതുറന്നപ്പോൾ ഉറയൂരിയ വാളുമായി നിൽകുന്ന വേടനെ കാണുകയും നിഗ്രഹോദ്ദേശ്യം ഗ്രഹിക്കുകയും ചെയ്തു. ഉത്തംഗമുനി ഗുളികനെ തന്റെ നീചപ്രവർത്തികളുടെ പരിണിത ഫലത്തെക്കുറിച്ച് ഗ്രഹിപ്പികുന്നു. തന്റെ കർമ്മത്തിന്റെ അസുരതയെക്കുറിച്ച് ബോധവാനാകുന്ന ഗുളികൻ പശ്ചാത്താപഭാരത്താൽ തൽക്ഷണം മരിക്കുന്നു. അനന്തരം ഉത്തംഗൻ പ്രത്ജ്ഞയറ്റ് കിടക്കുന്ന ഗുളികനിൽ ദിവ്യജലം തളിക്കുകയും ഗുളികൻ വൈകുണ്ഠം പൂകുകയും ചെയ്തു.

തമിഴ് പുരാണങ്ങളിൽ ശനിയുടെ പുത്രന്മാരായി ഗുളികനെയും മാന്ദിയെയും പ്രതിപാദിക്കുനത്. ഗുളികനും മാന്ദിയും ഒന്നാണെന്നും അല്ല രണ്ടു വ്യതസ്ത മൂർത്തി സങ്കല്പം ആണെന്നും ഉള്ള വിശ്വാസവുംനിലനില്കുന്നുണ്ട്. തമിഴ് പുരാണപ്രകാരം, രാവണസുതനായ ഇന്ദ്രജിത്തിൻറെ ജനനസമയം പന്ത്രണ്ടാം ഭാവത്തിൽനിലകൊണ്ട ശനിയുടെ സ്ഥാനം ലങ്കാരാജാവായ രാവണനെ ആശങ്കയിലാഴ്ത്തി. ഈ അശുഭസ്ഥാനത്തിൽ നിന്നിം ശുഭകരമായ പതിനൊന്നാം ഭാവത്തിലേക്കു മാറുവാൻ ശനിയെ രാവണൻ നിർബന്ധിക്കുക ഉണ്ടായി. പതിനൊന്നാം ഭാവത്തിലേക്കു മാറിയെങ്കില്ലും ശനിദേവൻ തൻ്റെ ഒരു പാദം പന്ത്രണ്ടാം ഭാവത്തിൽ വയ്ക്കുക ഉണ്ടായി. ഇതിൽ കുപിതനായ രാവണൻ അപ്പാദം തന്റെ ഖഡ്‍ഗത്താൽ മുറിച്ചുകളയുകയും ചെയ്തു. മുറിഞ്ഞപാദം ഒന്നാം ഭാവത്തിലേക്കു പതിക്കുകയും അതിൽനിന്നും മാന്ദി രൂപമെടുക്കുകയും ചെയ്തു. ഒന്നാം ഭാവത്തിലെ മാന്ദിയുടെ അപഹാരത്താൽ ഇന്ദ്രജിത്തിന്റെ ആയുസ്സ് കുറയാൻ ഇടയാകുകയും ചെയ്തു.

സംസ്കൃതത്തിൽ രചിക്കപെട്ട പ്രാചീനകൃതിയായ സർവാര്ഥ ചിന്താമണി പ്രകാരം മാന്ദി ശനിയുടെ പുത്രനും ഗുളികൻ കാലന്റെപുത്രനും ആണ്. ജ്യോതിശാസ്ത്രംഗ്രന്ഥങ്ങളിൽ ഗുളികനെയും മാന്ദിയെയും ഒറ്റ അപ്രക്ഷഗ്രഹമായോ അല്ലെങ്കിൽ രണ്ടു അപ്രക്ഷഗ്രഹങ്ങൾ ആയോ കണക്കാകുന്നു.

  1. https://malayalam.samayam.com/religion/hinduism/importance-of-gulikan-in-hindu-belief-and-myths-about-gulikan/articleshow/72752413.cms
  2. https://spiritualworld.co.in/dharmic-granth/mahabharat-english/mahabharat-in-english-adi-parva/mahabharat-english-book-1-chapter-65/
  3. Puranic Encyclopaedia: a Comprehensive Dictionary with Special Reference to the Epic and Puranic Literature Motilal Banarsidass Publishers. pp. 240, 815–6. ISBN 978-0-8426-0822-0.
  1. Online, Janmabhumi (2021-06-26). "ഗുളികൻ എന്ന ഉഗ്രശക്തി" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-08-07.
"https://ml.wikipedia.org/w/index.php?title=ഗുളികൻ&oldid=4105866" എന്ന താളിൽനിന്ന് ശേഖരിച്ചത്