വടക്കേ മലബാറിലെ കാവുകളിൽ അരങ്ങേറുന്ന ഒരു തെയ്യമാണ് കരിഞ്ചാമുണ്ഡി തെയ്യം. കരിഞ്ചാമുണ്ഡി ഒരു യക്ഷിതെയ്യം ആണ് എന്ന വിശ്വാസം നിലവിലുണ്ട്. [1] കാട്ടുമൂർത്തി ആയിട്ടാണ് ഈ ദേവതയെ ആരാധിക്കുന്നത്. മുസ്ലീം മതസ്ഥനായ ആലി എന്ന വ്യക്തിയുമായി ഈ തെയ്യത്തിന്റെ പുരാവൃത്തം ബന്ധപ്പെട്ടു കിടക്കന്നു. പൊതുവേ ഏകദൈവ വിശ്വാസികളാണ് മുസ്ലീം മതവിശ്വാസികൾ, എങ്കിലും വടക്കേ മലബാറിലെ തെയ്യം എന്നാ ആരാധനാ രീതിയുമായി പണ്ടുമുതലേ ഇവർ സഹകരിച്ചു വന്നിരുന്നു എന്നതിനുള്ള തെളിവാണ് ഈ തെയ്യത്തിന്റെ പുരാവൃത്തം നൽകുന്നത്. ഇതു കൂടാതെ, ഗ്രാമ്യമായ ഒട്ടുമിക്ക തെയ്യങ്ങളുടെ നടത്തിപ്പിൽ പോലും മുസ്ലീം മതസ്ഥരുടെ സജീവ സാന്നിധ്യം കണ്ടുവരുന്നു.

കരിഞ്ചാമുണ്ഡി കാവും തെയ്യവും
കരിഞ്ചാമുണ്ഡി കാവും തെയ്യവും

ഐതിഹ്യം

തിരുത്തുക

തോറ്റം പാട്ട് അനുസരിച്ച് ,
ചോരത്തിളപ്പുള്ള പൈതങ്ങളെ കണ്ടാലും ,
കൂകിതെളിഞ്ഞ പാർകോയീനെ കണ്ടാലും ,
ഒക്കെ പിടിച്ചു ഭക്ഷിക്കുന്ന ഒരു ഭീകര ദേവതയാണ് എന്ന് കാണാം. ഈ തെയ്യം നടുകുനിച്ച് ആടുന്നത് കാണാം. പണ്ട് ഒരിക്കൽ ഒരു മുസ്ലീംവ്യാപാരിയുടെ ഗർഭിണിയായ ഭാര്യയുടെ ഉദരം പിളർന്നു കുഞ്ഞിനെ കരിഞ്ചാമുണ്ഡി ഭക്ഷിക്കുകയും , പ്രസ്തുത മാപ്പിള ചാമുണ്ഡിയുടെ നടുവിന് ചവിട്ടി എന്നും ഐതിഹ്യം ഉണ്ട്. പക്ഷെ ഈ ഐതിഹ്യം തോറ്റം പാട്ടിൽ പരാമർശിക്കുന്നില്ല. [2]

 
കാവിനകത്ത് തെയ്യത്തിന്റെ താനവും (സ്ഥാനം) പരികർമ്മിയും

പായ്യത്തുമലയിൽ താമസിച്ചു വന്നിരുന്ന ഒരു മാപ്പിളയായിരുന്നു ആലി. ആലിയുടെ ഭാര്യയ്ക്ക് പേറ്റുനോവു തുടങ്ങിയപ്പോൾ ഒരു വയറ്റാട്ടിയെ അന്വേഷിച്ചിറങ്ങിയതാണ് ആലി. മലയടിവാരത്തിൽ വെച്ച് സുന്ദരിയായ യുവതി താൻ വയറ്റാട്ടിയാണെന്നും പറഞ്ഞ് ആലിയോടൊപ്പം കൂടുന്നു. ഭാര്യയുടെ പേറ്റ് നോവിൽ വേദനിച്ച ഹൃദയവുമായിരിക്കുന്ന ആലി മറ്റൊന്നും കരുതാതെ യുവതിയുമായി വീട്ടിലെത്തി, യുവതി വീടിനകത്തു കയറി. ഏറെ സമയമായിട്ടും ഭാര്യയുടെ അടങ്ങാത്ത നിലവിളിയല്ലാതെ മറ്റൊന്നും കേട്ടില്ല. അല്പസമയ ശേഷം നിലവിളിയും ശമിച്ചും. വാതിൽ പടിയോരത്ത് രക്തം ഒലിച്ചിറങ്ങുന്നതു കണ്ട് ആലി ഭയന്നു. അയാൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറി. അവിടെ കണ്ട കാഴ്ച ഭയാനകമായിരുന്നു. ചോരയിൽ കുളിച്ച് വയർപിളർന്ന് കിടക്കുന്ന ഭാര്യയുടെ ചോര കുടിക്കുന്ന ഭീകരരൂപമാണ് ആലി മുന്നിൽ കണ്ടത്.

ആലി സർവ്വശക്തിയും പ്രയോഗിച്ച് അവളെ ആഞ്ഞു ചവിട്ടി വീഴ്ത്തി. അലറിവിളിച്ചുകൊണ്ടവൾ പുറത്തേയ്ക്കോടിപ്പോയി. കുപിതനായി ആലിയും അവളെ പിന്തുടർന്നു. തന്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പുലക്കകൊണ്ട് അയാൾ ആ ഭീകര രൂപത്തെ മർദ്ധിച്ചു. തലയ്ക്കടിയേറ്റ ആ ഭീകരരൂപം അസാമാന്യമായി അലറി. ഗ്രാമം വിറച്ചു നിന്നു. പിന്നീട് ആ രൂപം അവൾ ആലിയെ എടുത്തുകൊണ്ട് പാലമുകളിലേയ്ക്ക് പറന്നുയർന്നു. ആലിയെ കൊന്ന്, അയാളുടെ ചുടു ചോര കുടിച്ചവൾ ശരീരം താഴേയ്ക്കിട്ടു. നാട്ടിൽ കഥ പരന്നപ്പോൾ ഗ്രാമവാസികൾ ഭയപ്പെട്ടു ആലിയുടെ ജീവൻ അപഹരിച്ചിട്ടും ദുർദേവത തൃപ്തിയടഞ്ഞില്ല. പിന്നേയും ദുരന്തങ്ങൾ കാണപ്പെട്ടു. ഒടുവിൽ നാടുവാഴിയുടെ നേതൃത്വത്തിൽ പ്രശ്നം നടത്തി പരിഹാരം കണ്ടെത്തി. ദുർദേവതയെ കാവും സ്ഥാനവും നൽകി ആദരിച്ചു. അതാണത്രേ കരിഞ്ചാമുണ്ഡി എന്ന പേരിലറിയപ്പെടുന്ന തെയ്യം.

  1. # തെയ്യം തിറ തോറ്റങ്ങൾ ഒരു പഠനം , ഡോ.എം.വി.വിഷ്ണു നമ്പൂതിരി , ISBN : 93-86197-42-1 page 99
  2. # തെയ്യം തിറ തോറ്റങ്ങൾ ഒരു പഠനം , ഡോ.എം.വി.വിഷ്ണു നമ്പൂതിരി , ISBN : 93-86197-42-1 page 99
"https://ml.wikipedia.org/w/index.php?title=കരിഞ്ചാമുണ്ഡി&oldid=3725293" എന്ന താളിൽനിന്ന് ശേഖരിച്ചത്