ചെണ്ട
കേരളത്തിന്റെ തനതായ ഒരു തുകൽവാദ്യോപകരണമാണ് ചെണ്ട. ഇംഗ്ലീഷ്: Chenda . [tʃeɳʈa]) ശബ്ദത്തിന്റെ പ്രത്യേകത മൂലം അസുരവാദ്യം എന്നൊരു അപരനാമം ഇതിനുണ്ട്. വൃത്താകൃതിയിൽ ചെത്തിമിനുക്കിയ ഒരു തടിക്കുഴലിൽ (ചെണ്ടക്കുറ്റി) നിന്നാണ് ചെണ്ട ഉണ്ടാക്കുക. ചെണ്ടകൊട്ടുകാരന്റെ കഴുത്തിൽ ലംബമായി തൂക്കിയിടുന്ന ഈ വാദ്യോപകരണത്തിന്റെ രണ്ടറ്റത്തും വ്യത്യസ്തമായ ശബ്ദം പുറപ്പെടുവിക്കുന്നതരത്തിലാണ് നിർമ്മിച്ചിരിക്കുക. ചപ്പങ്ങ പോലുള്ള മരത്തിന്റെ രണ്ട് കോലുകൾ ഉപയോഗിച്ച് ചെണ്ട കൊട്ടുന്നു. ചെണ്ട എന്നുമുതലാണ് ഉപയോഗത്തിൽ വന്നതെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകൾ ഇല്ല. [1]
കേരളീയ വാദ്യകലകളായ ചെണ്ടമേളം, തായമ്പക , കേളി , കഥകളി എന്നിവയിലെ ഏറ്റവും പ്രധാനപ്പെട്ട വാദ്യോപകരണമാണ് ചെണ്ട. കേരളത്തിലെ ഹിന്ദുക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലെയും കണ്യാർകളി, തെയ്യം, തുടങ്ങിയ നാടൻ കലാരൂപങ്ങളിലേയും ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യോപകരണമാണ്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും, തമിഴ് നാട്ടിൽ കന്യാകുമാരി ജില്ലയിലും, കർണാടകത്തിന്റെ തുളുനാടൻ ഭാഗങ്ങളിലും ചെണ്ട ഉപയോഗിക്കുന്നു. കർണാടകത്തിൽ ഇത് ചെണ്ടെ എന്ന് അറിയപ്പെടുന്നു. കർണാടകത്തിലെ യക്ഷഗാനം എന്ന നൃത്ത-നാടക കലാരൂപത്തിലും ചെണ്ട ഉപയോഗിക്കുന്നു. ഇടിമുഴക്കത്തിന്റെ നാദം മുതൽ നേർത്ത ദലമർമ്മരത്തിന്റെ ശബ്ദം വരെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അത്ഭുത വാദ്യോപകരണമാണ് ചെണ്ടയെന്ന് ആസ്വാദകർ പറയാറുണ്ട്. എല്ലാ താളവും ചെണ്ടക്ക് താഴെ എന്നൊരു പഴഞ്ചൊല്ല് ഉള്ളത് അതിന്റെ ശക്തി വിളിച്ചോതുന്നു. അത് കൊണ്ട് തന്നെ ചെണ്ടയെ 18 വാദ്യങ്ങൾക്ക് തുല്യമായി കണക്കാക്കുന്നു.
ചരിത്രം
തിരുത്തുകസിന്ധൂ നദീ തട സംസ്കാരം നില നിന്നിരുന്ന മൊഹെൻജൊദാരോയിൽ നിന്നു കണ്ടെടുത്ത ചില മുദ്രകളിൽ ആണുങ്ങൾ കഴുത്തിൽ തിരശ്ചീനമായി തൂക്കിയിട്ട മദ്ദളം പോലുള്ള വാദ്യോപകരണത്തിന്റെ ചിത്രീകരണം ഉണ്ട്. എങ്കിലും ചെണ്ടയെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ഇല്ല.[2]
തരങ്ങൾ
തിരുത്തുകമേളത്തിൽ രണ്ടുതരം ചെണ്ടകൾ ഉപയോഗിക്കുന്നു. ഉരുട്ടു ചെണ്ടയും വീക്കൻ ചെണ്ടയും. മേളത്തിൽ മുൻനിരയിൽ നിന്ന് വാദകന്മാർ ജതികൾ കൊട്ടുന്നത് ഉരുട്ടുചെണ്ടയിലാണ്. തായമ്പകയിലും കഥകളിമേളക്കാരും ഈ ചെണ്ടയാണുപയോഗിക്കുന്നത്. മേളത്തിനും തായമ്പകയിലും പിന്നണിയിൽ നിന്ന് താളം പിടിക്കാനാണ് വീക്കൻ ചെണ്ട ഉപയോഗിക്കുക.
ചെണ്ട ഉപയോഗിക്കുന്ന വിധം
തിരുത്തുകചെണ്ട ചെണ്ടവാദ്യക്കാരുടെ തോളിൽ കെട്ടിത്തൂക്കിയിടാറാണ് പതിവ്. ഒന്നോ രണ്ടോ ചെണ്ടക്കോലുകൾ കൊണ്ട് ചെണ്ടവാദ്യക്കാർ ചെണ്ടയുടെ മുകളിൽ വലിച്ചുകെട്ടിയ തുകലിൽ കൊട്ടുന്നു. അരിമാവ് കുഴച്ച് ഉണക്കിയുണ്ടാക്കുന്ന ചുറ്റ് ഇടാതെ കൈവിരൽ മാത്രമുപയോഗിച്ചും ചെണ്ട കൊട്ടാറുണ്ട്.[3]
ചെണ്ടയ്ക്ക് രണ്ടു തലയ്ക്കും രണ്ടു പേരാണ് പറയുന്നത് വലന്തലയെന്നും ഇടന്തലയെന്നും. വലന്തലയെ ദേവവാദ്യമായി കണക്കാക്കുന്നു. ഇത് കട്ടി കൂടിയ തുകൽ കൊണ്ടു പൊതിയപ്പെട്ടതാണ്. അതിനാൽ തന്നെ ഇതിൽ നിന്നും താരതമ്യേന ചെറിയ ശബ്ദമാണ് പുറത്തു വരിക. ഇടന്തലയിലാണ് സാധാരണ ചെണ്ട മേളം നടത്തുക. ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കാൻ കഴിയുന്ന ഇടന്തലയെ അസുരവാദ്യമായി കണക്കാക്കുന്നു. ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ സാധാരണയായി വലന്തലയിലാണ് ചെണ്ട കൊട്ടാറുള്ളത്. ശീവേലിസമയത്ത് വലംതല കൊട്ടി അകമ്പടി സേവിയ്ക്കുന്നത് പ്രധാനമാണ്.
കലാമണ്ഡലം പോലുള്ള കലായങ്ങളിൽ ചെണ്ട വാദ്യം പഠിപ്പിക്കുന്നുണ്ട്. ഒരു വർഷകാലത്തെ മൂന്നുമാസമാണ് അഭ്യസനത്തിനു മികച്ചതായി കരുതുന്നത്. ശുക്ലപക്ഷത്തിലെ പ്രഥമ മുതൽ തുടർച്ചയായി അടുത്ത അമാവാസിയുടെ തലേ ദിവസം വരെ അഭ്യസനം നടത്തുന്നു. പ്രാരംഭത്തിൽ പുളിങ്കമ്പുകൊണ്ട് അമ്മിക്കല്ല് അല്ലെങ്കിൽ മരക്കട്ടയിൽ തട്ടിയാണ് പഠനം നടത്തുക. ഗണപതിക്കൈ, തകിട, തരികിട എന്നിവയാണ് ആദ്യം പഠിക്കുന്നത്.
തുടർന്ന് ചെണ്ടയിൽ തന്നെ ചപ്പങ്ങ ഉപയൊഗിച്ച് കൊട്ടിപ്പഠിക്കുന്നു. ക്രമേണ ഇടം കൈ വലം കൈ രീതികൾ ഹൃദിസ്ഥമാക്കുന്നു.
ഗണപതി കൈ.
തിരുത്തുകഗീ.... കാം......
ണ ക ത ര കാം
ധി രി കി ട ത ക ത ര കാം
ണ ക ത ര കാം
ഡ് ക്ക ണ ണ്ണ കാം
ഡ്...........ഡ്.........
ധി രി കി ട ത ക ത ര കാം
ചെണ്ട നിർമ്മിക്കുന്ന വിധം
തിരുത്തുകകേരളത്തിൽ പരമ്പരാഗതമായ പെരുങ്കൊല്ലൻ തറവാട്ടുകാരാണ് ചെണ്ടകൾ നിർമ്മിച്ചുവരുന്നത്. പെരുവെമ്പ്, നെന്മാറ, ലക്കിടി, വെള്ളാറക്കാട്, വലപ്പായ എന്നീ ഗ്രാമങ്ങളിൽ ഈ തറവാട്ടുകാർ ധാരളമായി ഉണ്ട്. വെള്ളാറക്കാട് ഗ്രാമത്തിൽ നിന്നുള്ള ചെണ്ടകൾ ആണ് ഇതിൽ കൂടുതൽ പ്രസിദ്ധം.
വൃത്താകൃതിയിൽ ചെത്തിമിനുക്കിയ ഒരു തടിക്കുഴലിൽ നിന്നാണ് ചെണ്ട ഉണ്ടാക്കുക.ഇതിന് പറ എന്നാണ് പേര്. ചെണ്ടക്കുറ്റി എന്നും പറയും. നല്ല മൂപ്പും ആരടുപ്പവും വണ്ണവുമുള്ള പ്ലാവിന്റെ കൊമ്പാണ് പരമ്പരാഗതമായി ഇതിനുപയോഗിക്കുന്നത്.ചെമ്പകം, കരിങ്ങാലി, പേരാൽ, അരയാൽ, തെങ്ങ്, പന, കണിക്കൊന്ന എന്നീ വൃക്ഷങ്ങളുടെ തടിയും അടുത്തകാലത്തായി ഫൈബർഗ്ലാസ് അക്രിലിക്കും പറ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. വാദ്യമേളങ്ങൾ കേട്ട് ക്ഷേത്രങ്ങൾക്കടുത്ത് വളരുന്ന മരങ്ങൾ ഉപയോഗിച്ചാൽ ചെണ്ടക്ക് ധ്വനിയും നാദശുദ്ധിയും കൂടുമെന്നും വിശ്വാസമുണ്ട്.
രണ്ട് അടി നീളവും ഒരു അടി വ്യാസവുമാണ് സാധാരണ ചെണ്ടയുടെ അളവ്. 18.25 വിരൽ മുതൽ 18.8 വിരൽ വരെ ഉയരവും (കാലുയരം)9.25 വിരൽ മുതൽ 9.75 വിരൽ വരെ വ്യാസവും (വീച്ചിൽ) എന്നാണ് പരമ്പരാഗതമായ കണക്ക്. കുറ്റിയുടെ ഘനം രണ്ടു തലക്കലും 1/2 വിരൽ എങ്കിലും ഉണ്ടായിരിക്കണം. ചെണ്ടവട്ടം ഉണ്ടാക്കുന്നതിനു ഈറപ്പന അല്ലെങ്കിൽ മുളയാണ് ഉപയോഗിക്കുന്നത്. പനച്ചി മരത്തിന്റെ വിത്തിൽ നിന്നു ലഭിക്കുന്ന ഒരു തരം പശ തേച്ചശേഷം ഈറപ്പനയൊ മുളയിലോ ഉണ്ടാക്കിയ മരത്തിന്റെ കോൽ വലിയ പാത്രത്തിൽ ഇറക്കി വച്ച് ഒരു ദിവസത്തോളം തിളപ്പിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ മരത്തിന്റെ കുറ്റിയെ യഥേഷ്ടം വളച്ചെടുക്കാൻ സാധിക്കും. വളയമാക്കിയതിനുശേഷം ഇത് ഉണക്കി ചെണ്ടക്കുറ്റിയുമായി ബന്ധിപ്പിക്കുന്നു. ഇതിലാണ് തുകൽ ഉറപ്പിക്കുന്നത്. ഈ വളയത്തെ പ്രത്യേകമായ ചരടുകൾ ഉപയോഗിച്ച് രണ്ട് വശത്തു നിന്നും ഉറപ്പിച്ചിരിക്കും. [4] ചെണ്ടവട്ടത്തിൽ പന്ത്രണ്ട് സുഷിരങ്ങൾ ഉണ്ട്. ഇവയിലൂടെയാണ് ചരടുകൾ കോർക്കുന്നത് നല്ല പരന്ന ചെണ്ടക്കുറ്റിയിൽ ഈ വളയങ്ങൾ ഉറപ്പിക്കുന്നത് തുകൽ വലിച്ച് ചേർത്തുവക്കുന്നതിനു മാത്രമാണ്. ആദ്യകാലങ്ങളിൽ പിരിച്ചെടുത്ത ചണച്ചരടാണ് ഉപയോഗിച്ചിരുന്നത് എങ്കിൽ ഇന്ന് നൈലോൺ ചരടുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
ചെണ്ടയുടെ രണ്ടുവശങ്ങളും തുകൽ കൊണ്ട് വലിച്ചുകെട്ടിയിരിക്കും. ആറുവയസ്സിനു മുകളിൽ പ്രായം ഉള്ള പശ്ശുവുന്റേയും കാളയുടേയും തോലാണ് ഇതിനു ഉപയോഗിക്കുന്നത്. തുകൽ വെള്ളത്തിലിട്ട് കുതിർത്ത് രോമമെല്ലാം കളഞ്ഞെടുക്കും. പിന്നെ എല്ലാ ഭാഗത്തും ഒരേ കനം വരുന്ന വിധം തുകൽ ചീകിയെടുക്കണം. ഇനി ഇതുപയോഗിച്ച് ചെണ്ടക്കുറ്റി പൊതിയാം. കൊട്ടുന്ന ഇടന്തലയിൽ രണ്ട് പശുത്തോലുകൾ മേൽക്കു മേൽ ഒട്ടിച്ചാണ് ഉണ്ടാക്കുന്നത്. വലന്തലയിലാകട്ടെ കട്ടികൂടിയ കാളയുടെ തോലുകൾ ആണ് ഉപയോഗിക്കുന്നത്. ശബ്ദത്തിന്റെ ഗാംഭീര്യം കൂടുതലുള്ള വലന്തലയിൽ ഏഴ് തോലുകൾ ഒട്ടിച്ചു ചേർക്കുന്നു. പഞ്ചിക്കായിൽ നിന്നെടുക്കുന്ന പഞ്ചിപ്പഴചേർത്ത് തോലുകൾ മിനുസപ്പെടുത്തും.
ഇടന്തലയിലെയും വലന്തലയിലെയും വളയങ്ങൾ ചരടുകൾ ഉപയോഗിച്ച് കെട്ടി മുറുക്കിയശേഷം കുത്തുവാർ എന്നു പറയുന്ന പശുവിന്റെ തോൽ ഉപയോഗിച്ച് ഇത് കെട്ടിയൊരുക്കുന്നു. ഇതാണ് ചെണ്ടയിലെ വിവിധ ഭാഗങ്ങളിൽ വിവിധ നാദവ്യത്യാസം വരുത്താൻ സഹായിക്കുന്നത്.
പതിമുഖം (ചപ്പങ്ങ) എന്ന മരത്തിന്റെ തടി കൊണ്ടാണ് ചെണ്ടക്കോലുണ്ടാക്കുന്നത്.പുളി,മന്ദാരം,സ്വർണമല്ലി,കാശാവ് എന്നിവയുടെ തടിയും ചെണ്ടക്കോലിന് ഉപയോഗിക്കാറുണ്ട്.
വിവിധ തരം ചെണ്ടകൾ
തിരുത്തുക- ഉരുട്ടു ചെണ്ട - നാദത്തിൽ വ്യതിയാനങ്ങൾക്കായി ഉപയോഗിക്കുന്ന ചെണ്ട.
- വീക്കുചെണ്ട - സാധാരണയായി താളത്തിൽ അടിക്കുന്ന ചെണ്ട.
പ്രശസ്തരായ ചെണ്ട വിദ്വാന്മാർ
തിരുത്തുക- മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ.
- പെരുവനം കുട്ടൻ മാരാർ
- കല്ലൂർ രാമൻകുട്ടി മാരാർ
- തിരുവല്ല രാധാകൃഷ്ണൻ
റഫറൻസുകൾ
തിരുത്തുക- ↑ https://iwp.uiowa.edu/silkroutes/city/kolkata/text/indian-drums-history-discovery-and-tradition
- ↑ MONDAL, SONNET. "Indian Drums: History, Discovery, and Tradition". അയോവാ സർവ്വകലാശാല. Retrieved 1/6/2018.
{{cite web}}
: Check date values in:|access-date=
(help) - ↑ ചുറ്റിട്ട് ചെണ്ട കൊട്ടുന്ന മട്ടന്നൂർ ശങ്കരൻകുട്ടി
- ↑ https://www.indianetzone.com/52/chenda.htm