മുടി
സസ്തനികളിൽ മാത്രം കാണപ്പെടുന്ന, പ്രോട്ടീന്റെ പുറത്തേക്കുള്ള വളർച്ചയെ രോമം, മുടി എന്നു പറയുന്നു. മുടി എന്ന വാക്ക് സംസ്കൃതത്തിൽ നിന്നാണ് മലയാളത്തിലേക്ക് സ്വീകരിക്കപ്പെട്ടത്. ത്വക്കിന്റെ അന്തർഭാഗമായ ഡെർമിസിൽ നിന്നും തുടങ്ങുന്നതാണെങ്കിലും ഇവ രോമകൂപങ്ങളിലൂടെ തൊലിക്ക് വെളിയിലെത്തി, ത്വക്കിന്റെ ഏറ്റവും പുറം ഭാഗമായ എപ്പിഡെർമിസിൽ നിന്നും പുറത്തേയ്ക്ക് കാണപ്പെടുന്നു.
മനുഷ്യരിൽതിരുത്തുക
മനുഷ്യരിൽ അസാധാരണ വളർച്ചയുള്ള രോമങ്ങൾ കാണപ്പെടുന്നു. തലയിലാണ് പ്രധാനമായും ഇവ കാണപ്പെടുന്നത്. പല സമൂഹങ്ങളും ഇത് സൗന്ദര്യത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു. തലമുടി വൃത്തിയായും ആകർഷകമായും സൂക്ഷിക്കുന്നത് സർവ സാധാരണമാണ്.
കൗമാരപ്രായത്തോടെ ഗുഹ്യപ്രദേശം, കക്ഷങ്ങൾ, മറ്റ് ശരീരഭാഗങ്ങൾ എന്നിവിടങ്ങളിലും മുടി കാണപ്പെടുന്നുണ്ടെങ്കിലും വളർച്ചയുടെ തോത് തലയിലേത് അപേക്ഷിച്ചു കുറവാണ്. ഗുഹ്യരോമങ്ങൾ ലൈംഗികബന്ധത്തിന്റെ സമയത്ത് ഘർഷണം കുറയ്ക്കാനും അതുവഴി അണുബാധ പടരുന്നത് തടയുവാനും, ചില ജന്തുക്കളിൽ ഫെറോമോണുകളെ ശേഖരിച്ചു വയ്ക്കാനും സഹായിക്കുന്നു. പുരുഷന്മാർക്ക് താടി, മീശ എന്നിവയും കാണപ്പെടുന്നു.[1] പുരുഷന്മാരിലും സ്ത്രീകളിലും മുടിയുടെ വ്യത്യസ്തതയെ ദ്വിതീയ ലിംഗസ്വഭാവം എന്നു പറയുന്നു. ഇത് ശരീരത്തിലെ ഹോർമോൺ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു.[2] പുരുഷഹോർമോണിന്റെ (ആൻഡ്രോജൻ) പ്രവർത്തനം ആണുങ്ങളിൽ തലമുടി കൊഴിയാൻ കാരണമാകാറുണ്ട്. ഇതിനെ കഷണ്ടി എന്നറിയപ്പെടുന്നു.
മനുഷ്യന്റെ തലയിൽ ഒരു ലക്ഷത്തിലധികം രോമങ്ങൾ കാണപ്പെടുന്നു[1]. വിവിധ വംശങ്ങളിൽ ഇതിന് ഏറ്റക്കുറച്ചിലുകളും ഉണ്ട്[1]. തലമുടിയുടെ ശരാശരി വളർച്ച വർഷത്തിൽ 127 മില്ലി മീറ്ററും[1], ആയുസ്സ് ആറ് വർഷവുമാണ്[1]. മെലാനിൻ എന്ന വർണവസ്തു മുടിക്കു കറുപ്പ് നിറം നൽകുന്നു. മുടിക്കും കണ്ണിനും ഏറെ സംരക്ഷണം വേണ്ട സമയമാണ് വേനൽക്കാലം. പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കേണ്ടത് തലമുടിയുടെ വളർച്ചക്ക് ഏറെ അത്യാവശ്യമാണ്. [3]
മൂക്കിനുള്ളിലെ രോമങ്ങൾ, ചെവിയ്ക്കുള്ളിലെ രോമങ്ങൾ, കൺപീലികൾ എന്നിവ അന്യവസ്തുക്കൾ, ചെറുപ്രാണികൾ, പൊടി, രോഗാണുക്കൾ എന്നിവ ഉള്ളിലേക്ക് കടക്കാതെ സംരക്ഷണം നൽകുന്നു.[2]
രസകരമായ വിവരങ്ങൾതിരുത്തുക
- മനുഷ്യരിൽ ഒരു മാസത്തിൽ അര ഇഞ്ചാണ് തലയിലെ മുടി വളരുന്നത്. മുടിയുടെ വളർച്ച ഒരു ദിവസത്തിൽ തന്നെ ഒരു പോലെയല്ല.
- പുരുഷന്റെ മുടിയുടെ ജീവിതകാലം മൂന്നു മുതൽ അഞ്ചുകൊല്ലം വരെയാണ്. എന്നാൽ സ്ത്രീകളിൽ ഇത് ഏഴുകൊല്ലം വരെയാണ്.
- കൺപീലികളുടെ ആയുസ് ആറുമാസമാണ്.
- പ്രായപൂർത്തിയായ പുരുഷന്റെ ത്വക്കിൽ മൂന്നു ലക്ഷം മുതൽ അഞ്ചുലക്ഷം വരെ മുടികളുണ്ട്.[2]
- ഗുഹ്യരോമങ്ങൾ മൂടോടെ ഷേവ് ചെയ്യുന്നത് മൂലമുണ്ടാകുന്ന ത്വക്കിലെ സൂക്ഷ്മമായ മുറിവുകൾ രോഗാണു ബാധകൾ പെട്ടെന്ന് പകരാനുള്ള സാധ്യത ഉണ്ടാക്കുന്നു. പ്രത്യേകിച്ചും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന എച്ച്ഐവി/എയ്ഡ്സ്, എച്ച്പിവി തുടങ്ങിയ രോഗങ്ങൾ എളുപ്പം പടരാം.
- താടിയാണ് മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ വളരുന്ന മുടി.[4]