പുലികണ്ടൻ

(പുലിക്കണ്ടൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലബാറിൽ കെട്ടിയാടപ്പെടുന്ന ഒരു തെയ്യമാണ് പുലികണ്ഠൻ. ശിവനാണ് പുലികണ്ഠനായി പിറവിയെടുത്തതെന്നാണ് ഐതിഹ്യം.

പുലികണ്ഠൻ

ഐതിഹ്യം തിരുത്തുക

 
പുലിയൂർ കാളി

ശിവനും പാർവ്വതിയും തുളൂർവനത്തിലൂടെ സഞ്ചരിക്കുമ്പോൾ രണ്ട് പുലികൾ ഇണചേരുന്നത് കണ്ട് മോഹമുണർന്ന ഇവർ പുലികണ്ഠനും പുള്ളിക്കരിങ്കാളിയും ആയി മാറി. ഇവർ ഇണചേർന്ന് മാസങ്ങൾക്കുശേഷം പുള്ളിക്കരിങ്കാളി താതനാർ കല്ലിന്റെ തായ്മടയിൽ കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിമാരുതൻ, പുലിയൂർ കണ്ണൻ എന്നീ അഞ്ച് ആൺമക്കൾക്ക് ജന്മം നൽകി.

ഒരു പെൺകുട്ടി ഇല്ലാതെ വിഷമിച്ചിരുന്ന പുള്ളിക്കരിങ്കാളി ശ്രീ കൃഷ്ണനെ ജപിച്ച് കിടക്കുകയും, സ്വപ്നത്തിൽ കണ്ണൻ ചോദിച്ചു 'മകൾ ജനിച്ചാൽ നിങ്ങൾ എന്തവൾക്ക് കൊടുക്കും' എന്ന്. 'എന്റെ എല്ലാ അധികാരങ്ങളും, അവകാശങ്ങളും അവൾക്ക് കൊടുക്കും' എന്ന് പുള്ളിക്കരിങ്കാളി മറുപടി പറഞ്ഞു.

ഇതൊന്ന് പരീക്ഷിക്കണമെന്ന് കരുതിയ ഭഗവാൻ തന്നെ ഗർഭസ്ഥശിശുവായി അവതരിച്ചു. ഗർഭിണിയായ പുള്ളിക്കരിങ്കാളി വിശപ്പ് സഹിക്കവയ്യാതെ തളർന്നതുകണ്ട് പുലിമക്കളെല്ലാം ചേർന്ന് പശുക്കളെ തേടി പുറപ്പെട്ടു. കുറുമ്പ്രാന്തിരി വാണവരുടെ തൊഴുത്ത് തകർത്ത് പശുക്കളെ നിഗ്രഹിച്ച് കക്കും, കരളും, അവത്തിറച്ചിയും പുള്ളിക്കരിങ്കാളിക്ക് കൊണ്ടുക്കൊടുത്തു.

പശുക്കളെ കൊന്ന പുലികളെ വകവരുത്താൻ വാണവർ വില്ലാളി വീരനായ കരിന്തിരി നായരെ ചുമതലപ്പെടുത്തി. നായർ കാട്ടിൽ ചെന്ന് ഒളികെട്ടിയിരുന്നു. നായർ കെണിയൊരുക്കിയതറിയാതെ അതുവഴിവന്ന പുലികൾ ഒളിയിൽപ്പെട്ടു. അതേ രാത്രി മാവിന്മേൽ ഒളികെട്ടിയിരുന്ന കരിന്തിരിനായരെ പുലികണ്ഠൻ വൃഷണം പിളർന്ന് കൊന്നു.

പുലികളെ വകവരുത്താൻ പോയ നായരെ കാണാതെ പരിഭ്രമിച്ച വാണവർ തന്റെ ഇഷ്ടദേവിയായ രാജരാജേശ്വരി തുളൂർവനത്ത് ഭഗവതിയെ മനസ്സിൽ ധ്യാനിച്ച് കിടന്നു. സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ദേവി, പുലികണ്ഠൻ പരമേശ്വരനാണെന്നും, പരമേശ്വരനാൽ കൊല്ലപ്പെട്ട കരിന്തിരി നായർ ദൈവക്കരുവായെന്നും എന്റെ അരികത് ഒരു ദൈവമന്ദിരം പണിത് അവരെ കുടിയിരുത്തിയാൽ കഷ്ടദോഷങ്ങൾ അകലുമെന്നും വാണവരോട് പറഞ്ഞു.

ദേവിയുടെ അരുൾപ്രകാരം വാണവർ അവിടെ ഒരു ക്ഷേത്രം പണിയുകയും ദൈവക്കോലങ്ങൾ കെട്ടിയാടിക്കുകയും ചെയ്തു. ഒരു കളിയാട്ട സമയത്ത് തണ്ടയാൻ കന്നുകാലികളെ ഗ്രഹിച്ച് മടങ്ങുമ്പോൾ തണ്ടയാന്റെ ഭക്തികൊണ്ട് അദ്ദേഹത്തിന്റെ കുടയിൽ എല്ലാ പുലിദൈവങ്ങളും കയറി. നിരവധി കാടുകളും കുന്നുകളും പുഴകളും താണ്ടി രാമപുരമെന്ന പുണ്യമായ സ്ഥലത്ത് എത്തിയപ്പോൾ കുട താനെ നൃത്തമാടാൻ തുടങ്ങി. ഇത് കണ്ട് അത്ഭുതപ്പെട്ട അവർ കാരണമെന്തെന്നറിയുവാൻ ജ്യോതിഷപ്രശ്നചിന്ത നടത്തി. കുടയുടെ മുകളിൽ എട്ട് ദൈവങ്ങൾ ഉണ്ടെന്നും ആ ദൈവങ്ങൾക്ക് അവിടെ ഒരു ക്ഷേത്രം പണിയണമെന്നും അവിടെ പുലിദൈവങ്ങളെ കുടിയിരുത്തണമെന്നും പ്രശ്നചിന്തയിൽ തെളിഞ്ഞു.[1]

ഈ സ്ഥലം കൂടാതെ പുലിദൈവങ്ങൾ പനയാന്ദത്ത നായരുടെ വീട്ടിലും താമസിക്കുന്നുണ്ടായിരുന്നു. പക്ഷേ പുലിദൈവങ്ങളുടെ ചേഷ്ടകൾ സഹിക്കാവുന്നതിനപ്പുറമായിരുന്നു. അതുകൊണ്ട് ഒരു ഉത്സവകാലത്ത് അദ്ദേഹം മുച്ചിലോട്ട് ഭഗവതിയോട് പുലിദൈവങ്ങളുടെ ശല്യത്തെക്കുറിച്ച് പരാതിപ്പെട്ടു. പുലിദൈവങ്ങളെ പ്രതിഷ്ഠിച്ചിരുന്ന വിളക്ക് അവിടെ നിന്ന് മുച്ചിലോട്ട് ഭഗവതി പറിച്ചെടുത്ത് കോറോത്ത് മുച്ചിലോട്ട് കാവിന്റെ ഇടത് ഭാഗത്ത് പ്രതിഷ്ഠിച്ചു. അങ്ങനെ മുച്ചിലോട്ട് കാവിലെ സാന്നിധ്യമായി പുലിയൂർ കണ്ണനും പുലിയൂർ കാളിയും. വാണിയ ജാതിക്കാരുടെ തെയ്യമാണ് പുലിയൂർ കണ്ണൻ. എണ്ണയാട്ടുന്ന ചക്കാളങ്ങളിൽ പുലിയൂർ കണ്ണനെ പ്രത്യേകം ആരാധിക്കുന്നു.[2].

പ്രമാണം:പുള്ളിക്കരിങ്കാളിയും പുലിയൂർ കാളിയും.jpg
പുള്ളിക്കരിങ്കാളിയും പുലിയൂർ കാളിയും. പുലിയൂർ കാളി തയ്യാറെടുക്കുന്നു.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. തളിപ്പറമ്പിലെ കുപ്പം എന്ന സ്ഥലത്തുള്ള മരത്തക്കാട് ശ്രീ ഐവർ പരദേവതാ ക്ഷേത്രത്തിലെ 2012ലെ കളിയാട്ടത്തോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുലേഖ
  2. Puli Theyyam
"https://ml.wikipedia.org/w/index.php?title=പുലികണ്ടൻ&oldid=3342870" എന്ന താളിൽനിന്ന് ശേഖരിച്ചത്