പൊട്ടൻ തെയ്യം

സാമൂഹിക പ്രസക്തി

വടക്കൻ കേരളത്തിൽ കെട്ടിയാടിച്ച് വരുന്ന ഒരു തെയ്യമാണ് പൊട്ടൻ തെയ്യം. ജാതീയ ഉച്ചനീചത്വങ്ങൾ വളരെ ശക്തമായിരുന്ന കാലത്ത് മനുഷ്യരെല്ലാം സമന്മാരാണെന്നു വിളിച്ചുപറയാൻ ധൈര്യം കാട്ടിയ ഒരു കീഴ് ജാതിക്കാരന്റെ ഐതിഹ്യമാണു പൊട്ടൻ തെയ്യത്തിനു പിറകിലുള്ളത് . പൊട്ടൻ തെയ്യം മലയൻ, പുലയൻ, ചിറവൻ, പാണൻ തുടങ്ങി പല സമുദായക്കാരും കെട്ടാറുണ്ട്. 3 തരത്തിലുള്ള പൊട്ടൻ ഉണ്ട്.പുല പൊട്ടൻ , പുല മാരുതൻ , പുല ചാമുണ്ഡി എന്നിങ്ങനെ അവ അറിയപ്പെടുന്നു .ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങൾ ചോദിച്ച് കുഴക്കുന്ന ഒരാളെ പൊട്ടൻ എന്നു മുദ്രകുത്തി തന്ത്രപൂർവം ഒഴിഞ്ഞുമാറുന്നതിനാലും, പറയേണ്ട കാര്യങ്ങളെല്ലാം തമാശയും കാര്യവും കൂട്ടിക്കുഴച്ച് പറഞ്ഞ് ഫലിപ്പിക്കുന്ന പൊട്ടങ്കളി കളിക്കുന്നതുകൊണ്ടും ആയിരിക്കാം ഈ ശൈവശക്തിയുള്ളതായി കണക്കാക്കുന്ന തെയ്യത്തിനു ഈ പേർ വന്നത്.

പൊട്ടൻ തെയ്യം
പൊട്ടൻ തെയ്യത്തിന്റെ അഗ്നിപ്രവേശം

ഐതിഹ്യം

തിരുത്തുക

ശ്രീപരമേശ്വരൻ ചണ്ഡാല വേഷധാരിയായി ശങ്കരാചാര്യരെ പരീക്ഷിച്ച പുരാ വൃത്തത്തിന്റെ പശ്ചാത്തലത്തിലുണ്ടായ തെയ്യമാണിത് എന്ന് ചിലർ വിശ്വസിക്കുന്നു.എട്ടാം നൂറ്റാണ്ടിൽ,ശങ്കരാചാര്യരുടെ കൃതി മനീഷാപഞ്ചകത്തിൽ മനീഷാപഞ്ചകത്തിൽ ഈ സംഭവം പരാമർശിക്ക്കുന്നു.[1] എല്ലാ തെയ്യങ്ങളുമായും ബന്ധപ്പെട്ടു പറഞ്ഞുകേൾക്കുന്ന പുരാവൃത്തങ്ങൾ ഏതെങ്കിലും ഗ്രാമകഥയുമായി ചേർന്നു നിൽക്കുന്നതാണു്.ശങ്കരാചാര്യർ അലങ്കാരൻ എന്ന പുലയനുമായി വാഗ്വാദം നടത്തിയത് കണ്ണൂർ ജില്ലയിലെ പുളിങ്ങോം എന്ന പ്രദേശത്ത് വച്ചാണു എന്നു വിശ്വസിക്കപ്പെടുന്നു.അതിപ്രാചീനമായ ശങ്കരനാരായണ ക്ഷേത്രത്തിൽ തലക്കാവേരിയിലേക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹം എത്തിച്ചേർന്നു എന്നും അവിടെ കൂടിയവരോട് അദ്വൈത തത്ത്വത്തെ കുറിച്ച് പ്രഭാഷണം നടത്തവെ അകലെ കുന്നിൻ ചെരുവിൽ ഇരുന്ന് അലങ്കാരൻ എന്ന പുലയ യുവാവ് അത് കേട്ടു എന്നുമാണു വിശ്വാസം. പിറ്റേന്ന് പുലർച്ചെ തലക്കവേരിയിലേക്ക് പുറപ്പെട്ട ആചാര്യനോട് വഴിയിൽ നിന്ന് തീണ്ടലിനെപറ്റി വാഗ്വാദം നടത്തി. അലങ്കാരന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാത്ത ശങ്കരാചാര്യർ സമദർശിയായി മാറി എന്നും കീഴ് ജാതിക്കാരനെ ഗുരുവായി വണങ്ങി എന്നും, കഥക്ക് ഉപോത്ബലകമായി പുളിങ്ങോത്ത് നിന്നും തലക്കാവേരിയിലേക്കുള്ള ഒറ്റയടിപ്പാതയും, ഒരേ വരമ്പിൽ നിന്നും ബ്രാഹ്മണനും പുലയനും സംസാരിക്കുന്നത് ശരിയല്ലെന്ന ശാഠ്യം മാറ്റാൻ അലങ്കാരൻ തന്റെ കൈയിലെ മാടിക്കോൽ വഴിയിൽ കുറുകെ വച്ച് രണ്ടാക്കിയ വരമ്പാണു 'ഇടവരമ്പ്' എന്ന സ്ഥലപ്പേരെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

തെയ്യം നടക്കുന്ന സ്ഥലത്ത് പൊട്ടന്റെ തോറ്റം നടക്കുന്ന സമയത്ത് (വൈകീട്ട് 8 മണിയോടെ) പുളിമരം, ചെമ്പകമരം തുടങ്ങിയ മരങ്ങൾ ഉയരത്തിൽ കൂട്ടിയിട്ട് ഉണ്ടാക്കുന്ന “മേലേരി”ക്ക് തീകൊടുക്കും. രാവിലെ 4-5 മണിയാകുമ്പോഴേക്കും ഇവ ഏകദേശം കത്തി കനലായി തീർന്നിട്ടുണ്ടാകും. ആ സമയത്താണ് പൊട്ടന്റെ തെയ്യം പുറപ്പെടുക. ഇതിനിടെ കനൽ മാത്രം ഒരിടത്തും, കത്തികൊണ്ടിരിക്കുന്നവ മറ്റൊരിടത്തും കൂട്ടിയിടും. പൊട്ടൻ തെയ്യം കത്തുന്ന തീയിലും, കനലിലിലും മാറി മാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യും . തീയെ പ്രതിരോധിക്കുവാൻ കുരുത്തോലകൊണ്ടുള്ള് “ഉട” ഉണ്ടെങ്കിലും വളരെയധികം ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ പൊള്ളലേൽക്കുവാൻ സാധ്യതയുള്ളൊരനുഷ്ഠാനമാണിത്. കത്തുന്ന തീയിൽ ഇരിക്കുമ്പോഴും “കുളിരണ്, വല്ലതെ കുളിരണ്“ എന്നാണ് പൊട്ടൻ തെയ്യം പറയാറ്.

നിവേദ്യം

തിരുത്തുക
 
നിവേദ്യം

തോറ്റം നടക്കുന്നതിനു മുൻപായി പൊട്ടൻ തെയ്യത്തിനുള്ള നിവേദ്യം സമർപ്പിക്കുന്നു. രണ്ടു നിലവിളക്കുകൾക്കു മുന്നിൽ ഉണക്കലരി,പുഴുങ്ങലരി, തേങ്ങ, മലർ,വെറ്റില, അടയ്ക്ക, ഇടിച്ച അവൽ തുടങ്ങിയവ വയ്ക്കുന്നു. പൊട്ടൻ തെയ്യത്തിന്റെ ആയുധമായ കിങ്ങിണിക്കത്തിയും (അരിവാളിനു സമാനമായ ഒരിനം വളഞ്ഞ കത്തി .) നിലവിളക്കിനു മുന്നില് വയ്ക്കും. ചില തറവാടുകളിലും കാവുകളിലും പൊട്ടൻ തെയ്യത്തോടൊപ്പം പുലമാരുതൻ തെയ്യവും കെട്ടാറുണ്ട്. പുലമാരു ത ൻ തെയ്യത്തിന്റെ മുഖപ്പാള കുറച്ചു ചെറുതാണ്. നിവേദ്യം വയ്ക്കുന്നതോടൊപ്പം പൊട്ടന്റെയും പുലമാരുതന്റെയും മുഖപ്പാളകൾ കൂടെ വയ്ക്കുന്നപതിവുണ്ട്

പ്രത്യേകത

തിരുത്തുക
 
പൊട്ടൻ തെയ്യം മുഖം മൂടി ധരിക്കുന്നതിനു മുന്പ്

സാധാരണ തെയ്യങ്ങൾക്കു കണ്ടു വരാറുള്ള് മുഖത്തെഴുത്ത് ഈ തെയ്യത്തിനില്ല പകരം മുഖത്ത് നേരത്തെ തന്നെ തയ്യാറക്കിയ മുഖാവരണം അണിയുകയാണ് പതിവ്.വയറിലും മാറിലും അരി അരച്ചു തേക്കുന്നതും പതിവാണ്. ഉടലിൽ മൂന്ന് കറുത്ത വരകളും ഉണ്ടാകും. തലയിൽ കുരുത്തോല കൊണ്ടുള്ള മുടിയും , അരയിൽ ധരിക്കുന്ന കുരുത്തോലകളും പൊട്ടൻ തെയ്യത്തിന്റെ പ്രത്യേകതയാണ്.

കാഞ്ഞങ്ങാടിനടുത്തുള്ള അതിഞ്ഞാലിലെ കൂർമ്മൽ എഴുത്തച്ഛൻ എന്ന നാട്ടുകവിയാണു പൊട്ടൻ തെയ്യത്തിന്റെ തോറ്റത്തിലെ അർത്ഥഭംഗിയുള്ള വരികൾ പലതും കൂട്ടി ചേർത്തത് എന്നു വിശ്വസിക്കപ്പെടുന്നു.

നിങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ,
നാങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ,
പിന്നെന്ത് ചൊവ്വറു കുലം പിശ്ക്ക്‌ന്ന്,
തീണ്ടിക്കൊണ്ടല്ലേ കുലം പിശ്ക്ക്‌ന്ന്

എന്ന തോറ്റം വരികൾ വളരെ പ്രശസ്തമാണു്.

  • മാർച്ചമയം - അരിച്ചാന്ത്
  • മുഖത്തെഴുത്ത് - മുഖപ്പാള
  • തിരുമുടി - കൊയ്യോല

ഉപദേവതകൾ

തിരുത്തുക
 
പൊലാരൻ തെയ്യം

പൊട്ടൻ തെയ്യത്തിൻറെ കൂടെ കെട്ടിയാടാറുള്ള ഒരു ഉപദേവതയാണ് പൊലാരൻ(പുലമാരുതൻ ) തെയ്യം. പൊലാരൻ തെയ്യത്തിന്റെ മുഖപ്പാള താരതമ്യേന ചെറുതാണ്. ഒരു ചുവന്ന നാട , പൊയ്മുഖത്തിനു തൊട്ടു താഴെ കെട്ടിയിരിക്കും. പൊലാരനും മേലെരിയിൽ ഇരിക്കാറുണ്ട്.കൂടാതെ ചില തറവാടുകളിൽ പൊട്ടൻ തെയ്യത്തിന്റെ കൂടെ ഉണ്ടായിരുന്ന,പുലയസ്ത്രീ വേഷം ധരിച്ച പാർവതീസങ്കല്പത്തിലുള്ള പുലച്ചാമുണ്ഡി തെയ്യവും കെട്ടിയാടാറുണ്ട് .

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ പൊട്ടൻ തെയ്യം (തോറ്റം‌പാട്ട്) എന്ന താളിലുണ്ട്.

പുറമേ നിന്നുള്ള കണ്ണികൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
 
വിക്കി ചൊല്ലുകളിലെ‍ പൊട്ടൻ തെയ്യത്തിന്റെ തോറ്റം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=പൊട്ടൻ_തെയ്യം&oldid=4074864" എന്ന താളിൽനിന്ന് ശേഖരിച്ചത്