വയലപ്ര
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
കണ്ണൂർ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വയലപ്ര.
സമൂഹം
തിരുത്തുകകേവലം വിരലിൽ എണ്ണാവുന്ന വീടുകളാണ് പഴയ കാലത്ത് വയലപ്രയിൽ ഉണ്ടായിരുന്നത്.ഇന്ന് ഇത് ഇരുന്നൂറ്റി അമ്പതോളം ആയി തീർന്നു. കൃഷിയെ ആശ്രയിച്ചുള്ള ജീവിതമാണ് ആദ്യകാലങ്ങളിൽ വയലപ്രനിവാസികളുടെത്.വിരലിൽ എണ്ണാവുന്ന കൃഷിക്കാരും മഹാഭൂരിപക്ഷം വരുന്ന കർഷക തൊഴിലാളികളും(ആൺ/പെൺ)ഉൾപ്പെടുന്നതാണ് ഇവിടത്തെ കാർഷിക സമൂഹം. കോറോക്കാരൻ കുട്ടിയപ്പ,പാറയിൽ മാതി,പാണചിറമ്മൽ ഉറുവാടൻ ഗുരുക്കൾ തുടങ്ങിയ ഭൂവുടമകളുടെ കയ്യിലായിരുന്നു വയപ്രയിലെ കൃഷിയിടങ്ങളിൽ ഭൂരിഭാഗവും.രണ്ടും മൂന്നും കണ്ടങ്ങൾക്ക് ഉടമകളായ ചുരുക്കം കർഷക-കർഷക തൊഴിലാളികളും ഇവിടെ ഉണ്ടായിരുന്നു.ആദ്യകാലത്ത് കൃഷി കഴിഞ്ഞാൽ മറ്റു തൊഴിൽ മേഖലകൾ ചൈനക്ലേ കമ്പനിയും കൈത്തറി നെയ്ത്തും തെങ്ങ് ചെത്തും ആയിരുന്നു. എന്നാൽ അവസാനത്തെ 25 വർഷത്തെ ചരിത്രം പരിശോധിക്കുമ്പോൾ വയലപ്രയിലെ തൊഴിൽ ഘടനയിൽ കാതലായ മാറ്റം വന്നതായി കാണാം.കാലത്തിൻറെ കുത്തൊഴുക്കിൽ ഈ കാർഷിക സംസ്കാരം മാറിമറിയുകയും കൃഷി ഒരു അലങ്കാരത്തിനുള്ള പ്രവൃത്തി മാത്രം ആയിത്തീരുകയും ചെയ്തു.ഇത് നാടിൻറെ തൊഴിൽ സംസ്കാരം തന്നെ മാറ്റി മറിച്ചു.ഗൾഫിൽ ജോലി തേടി പോയും,കേന്ദ്ര-സംസ്ഥാന സർക്കാർ സർവിസുകളിൽ ജോലി നേടിയും,സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിച്ചും,നിർമ്മാണ മേഖലയിൽ തൊഴിൽ തേടിയും ഉപജീവനം നടത്തുകവഴി കാർഷിക പാരമ്പര്യം പൂർണ്ണമായും ഇല്ലാതാക്കി.
ഭൂമിശാസ്ത്രം
തിരുത്തുകവയലപ്രയുടെ സ്ഥലനാമത്തെക്കുറിച്ച് ഇതുവരെ 3 നിഗമനങ്ങൾ ഉണ്ടായി 1)വയലറ എന്ന പദത്തിൽ നിന്ന്.... 2)വയൽപ്പുറം എന്ന പദത്തിൽ നിന്ന്.... 3)ഏതു ഭാഗത്ത് നിന്ന് നോക്കിയാലും വയൽ അപ്പുറമായി കാണുന്നതിനാൽ 'വയൽ അപ്പുറം' എന്നും ഇത് ലോപിച്ച് 'വയലപ്ര' ആയതും. മുൻകാലങ്ങളിൽ വ്യാപകമായി പറഞ്ഞിരുന്നതും ഇപ്പോൾ ജനങ്ങൾ മറന്നു കൊണ്ടിരിക്കുന്നതുമായ വയലപ്രയിലുള്ള ചില സ്ഥലനാമങ്ങൾ ഇവിടെ പരാമർശിക്കട്ടെ.പടിഞ്ഞാറ് നിന്ന് തുടങ്ങിയാൽ ആറോൻറെ ചിറ, പുത്തരിക്കുണ്ട്,കുണ്ടുവളപ്പ്,'പോതീടെ'കയ്പ്പാട്,കരിങ്കൽതാഴെ,കിഴക്കേവയൽ,തെക്കേ വയൽ,കണിയാട്ടി വളപ്പ് കണിയാൻ വളപ്പ്,മലിയിരിക്കുന്നവളപ്പ്, കളരി വളപ്പും മന്ദൻ കുണ്ട് വളപ്പ്,ചാലിയൻ വളപ്പ്,നാവിലെ വളപ്പ്,തൈവളപ്പ്,മാങ്ങാട്ട് വളപ്പ്,വണ്ണാത്തി കുളം,ആശാരി കുളം, മഞ്ചേരി തട്ട്..ഇങ്ങനെ പോകുന്നു സ്ഥല നാമങ്ങൾ.
അതിർത്തികൾ
തിരുത്തുക- കിഴക്ക് : രാമപുരം
- തെക്ക് : രാമപുരം പുഴ എന്ന തെക്കേച്ചാൽ
- പടിഞ്ഞാറ് : ചെമ്പല്ലിക്കുണ്ട്
- വടക്ക് : ഉച്ചൂളി കുന്ന് ഉൾപ്പെടെയുള്ള കുന്നിൻ പ്രദേശം
ഭൂമി ശാസ്ത്രപരമായി തന്നെ പുഴയാലും കുന്നിനാലും സംരക്ഷിക്കപ്പെട്ട പ്രദേശമാണ് ഇത്.സമീപത്തുള്ള പ്രദേശങ്ങൾ അടുത്തില,വെങ്ങര,കൊവ്വൽ,കുഞ്ഞിമംഗലം,എരിപുരം,ഏഴോം തുടങ്ങിയവയാണ്
വിദ്യാഭ്യാസം
തിരുത്തുകവയലപ്രയിലെ ഏക വിദ്യാഭ്യാസ സ്ഥാപനം 1966 ൽ സ്ഥാപിതമായ ശ്രീ വയലപ്ര അണിയക്കര പൂമാല ഭഗവതി ക്ഷേത്രം ദേവസ്വം എൽ.പി. സ്കൂളാണ്. ഈ സ്കൂൾ സ്ഥാപിതമാകുന്നത്തിനു മുന്നേ അടുത്തില L.P.സ്കൂളിനെ ആശ്രയിച്ചായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.ആദ്യകാലത്ത് വിരലിലെണ്ണാവുന്നവർ മാത്രമേ ഉയർന്ന വിദ്യാഭ്യാസം നേടിയിരുന്നുള്ളൂ.കൊറോക്കാരൻ കുട്ടിയപ്പ എന്നയാൾ സൗജന്യമായി നൽകിയ ഭൂമിയിലാണ്ശ്രീ വയലപ്ര അണിയക്കര പൂമാല ഭഗവതി ക്ഷേത്രം ദേവസ്വം എൽ.പി സ്കൂൾ പണിതിരിക്കുന്നത്.ആദ്യകാലത്ത് ഇവിടുത്തെ എല്ലാ കുരുന്നുകളും ആദ്യാക്ഷരം കുറിച്ചത് വയലപ്ര കളരി ദേവസ്ഥാനത്തിൽ ആണ്.
വായന ശാല
തിരുത്തുകആദ്യകാലത്ത് വയലപ്ര അണിയക്കര ക്ഷേത്ര പരിസരത്ത് ദേവീവിലാസം വായന ശാല സ്ഥാപിക്കപെടുകയും പിന്നീടു കാലത്തിൻറെ കുത്തൊഴുക്കിൽ അത് നിർജ്ജീവമാകുകയും ചെയ്തു.എന്നാൽ പുരോഗമന ചിന്താഗതിക്കാരായ ഒരുകൂട്ടം ആളുകളുടെ പരിശ്രമ ഫലമായി പടുത്തുയർത്തിയകൃഷ്ണപ്പിള്ള സ്മാരക വായന ശാല ഇന്ന് എല്ലാരംഗത്തും സജീവമാണ്. പൂർണമായും ശ്രമ ദാനത്തിൽ ആയിരുന്നു ഈ വായനശാലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ എന്നത് ഈ നാടിൻറെ സാമൂഹിക കൂട്ടായ്മയുടെ തെളിവായി കാണാം
ഒരു നാട്ടിൽ ഒരു ക്ഷേത്രം എന്നത് ശരി വയ്ക്കുന്നതാണ് ഈ ക്ഷേത്രം.വയലപ്രയുടെ ചരിത്രം അണിയക്കരയുടെത് കൂടിയാണ്.ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള മരക്കലപ്പാട്ടിലും പൂരക്കളിപാട്ടിലും ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു മിത്ത്(myth) നിറഞ്ഞു നിൽക്കുന്നുണ്ട്. ആര്യാവർത്തത്തിൻറെ അധിപനായ ആര്യരാജൻ തൻറെ മകൾ ദേവതയാണെന്ന് തിരിച്ചറിയുകയും മകളുടെ ആഗ്രഹപ്രകാരം ദൈവത്തിൻറെ സ്വന്തം നാടായ കേരളം കാണാൻ യാത്ര തിരിക്കുന്നതിനു അനുമതി നൽകുകയും ചെയ്തു.ഇതിനുവേണ്ടി വലിയൊരു മരക്കലം [കപ്പൽ] നിർമ്മിക്കുകയും ദേവിക്ക് അകമ്പടിയായി 1000 ഭടന്മാരെ ഏർപ്പെടുത്തുകയും ചെയ്തു.നാടായ നാടുകൾ സഞ്ചരിച്ചു യാത്ര തുടരവേ അറബി നാട്ടിൽ വച്ച് കടൽ കൊള്ളക്കാരായ അറബികൾ ദേവിയുടെ മരക്കലം ആക്രമിക്കാൻ വന്നപ്പോൾ അവരെ അട്ടഹാസം കൊണ്ട് അകറ്റി ഓടിച്ചു ദേവി. യാത്രാ വഴിയെ ദേവ നിയോഗമാനുസരിച്ച് ശിവംശാമായ പൂമാരുതൻഭൂതം അംഗരക്ഷകനായി കപ്പലിൽ കയറി. അതായതു ശക്തിയും ശക്തനുംഒന്നിച്ചു;ശത്രുശല്യം ഇല്ലാതായി.വഴിയിൽ കൂർമ്പതുടങ്ങിയ ദേവാംശങ്ങൾ യാത്രയിൽ പങ്കുചേർന്നു. 107 അഴിമുഖങ്ങളും താണ്ടി ഏഴിമലയിൽ ദേവി കപ്പലടുപ്പിച്ചു. അവിടെ ആദ്യം ദർശിച്ചത് ഒരു ചെത്ത്‌കാരനെ ആയിരുന്നു.അയാൾ ദേവിക്ക് ഇളനീർ കൊടുത്തു സൽക്കരിച്ചു. അതുവഴി ദേവി തീയ്യരുടെ ഇഷ്ട ദൈവമായി. തുടർന്ന് ദേവി കുഞ്ഞിമംഗലം വഴി വിശാലമായ ആഴിപ്പരപ്പിൽ വയലപ്ര പരപ്പ് എത്തി. അവിടെ നൂറ്റിഎട്ടാമത്തെ അഴിയിൽ കപ്പൽ അടുപ്പിച്ചു. തുടർന്ന് മടായിക്കാവിലും രാമപുരം ക്ഷേത്രത്തിലും പോയി അനുമതി നേടി വയലപ്രയിൽ കുടിയിരുന്നു.
അവലംബം
തിരുത്തുക- പൂമാല''സ്മരണിക, ശ്രീ വയലപ്ര അണിയക്കര പൂമാല ഭഗവതി ക്ഷേത്രം 2009
- ഫോക്ലോർ നിഘണ്ടു കേരള ഭാഷൻ ഇൻസ്റ്റിറ്റ്യൂട്ട്
- വിന്ധ്യ ഹിമാലയങ്ങൾക്കിടയിൽ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി
- എം.വി. വിഷ്ണു നമ്പൂതിരി പൂമാല ഭഗവതിയും മരക്കലപ്പാട്ടും-കണിയാർ പാട്ടുകൾ 'ഭാഷാ സാഹിതി'