വടക്കേ മലബാറിൽ കെട്ടിയാടപ്പെടുന്ന ഒരു തെയ്യമാണ്‌ പുതിയ ഭഗവതി', പുതിയോതി'പുതിയോത്ര(പുതിയ ഭഗവതി തിറ ) എന്നീ പേരുകളും ഈ തെയ്യത്തിനുണ്ട് . ചീറുമ്പ ഭഗവതി പുതിയ ഭഗവതിയുടെ അനുജത്തി ആയി കരുതപ്പെടുന്നു. ശ്രീ ഭദ്രകാളിയുടെ കഥയോട് സാമ്യമുള്ളത് കൊണ്ടു തന്നെ ഭദ്രകാളി തന്നെയാണ് പുതിയ ഭഗവതി എന്ന് പൊതുവെ കണക്കാക്കപ്പെടുന്നു.

പുതിയ ഭഗവതി തെയ്യം

പുരാവൃത്തം തിരുത്തുക

ശ്രീ മഹാദേവന്റെ മൂന്നാം കണ്ണിൽ നിന്നും ഉത്ഭവിച്ച ദേവതമാരാണ് ചിറുമ്പമാർ.രണ്ട് പൊന്മക്കളെയും മഹാദേവൻ വാരിയെടുത്തു.അവർ വസൂരിക്കുരിപ്പ് നൽകി.ഇനി ആ മക്കളെ മേൽ ലോകത്ത് നിർത്താനാകില്ലെന്നതിനാൽ പൊൻ ചിലമ്പും തേരും നൽകി കീഴ്ലോകത്തേക്കയക്കുന്നു.മേൽ ലോകത്ത് മഹാദേവന്റെ കുരിപ്പ് വർദ്ധിച്ചിരിക്കുന്നു.ദേവകുലത്തിനും പട്ടരികുലത്തിനും വസൂരി പിടിപെട്ടിരിക്കുന്നു.മൂത്ത പട്ടേരി പരിഹാരത്തിനായി 40 ദിവസം ഹോമം കഴിച്ചു. ഹോമകുണ്ഡത്തിൽ നിന്നുമൊരു പൊന്മകൾ പൊടിച്ചുയർന്നു.അതാണ് പുതിയ ഭഗവതിയെന്ന പുതിയ പോതി .തന്നെ തേറ്റിച്ചമച്ചതെന്തിനെന്ന് ശ്രീമഹാദേവൻ തിരുവടി നല്ലച്ചനോട് ചോദിക്കുന്നു..തന്റെ തൃക്കുരിപ്പും വസൂരിയും തടവിപ്പിടിച്ച് മാറ്റുന്നതിനാണ് അവളെ സൃഷ്ടിച്ചതെന്ന് പറയുന്നു.അതിനായി തന്റെ ദാഹം ആദ്യം തീർത്തുകൊടുക്കണമെന്ന് അപേക്ഷിക്കുന്നു.കോഴിയും കുരുതിയും കൊടുത്ത് ദാഹം തീർക്കുന്നു.ശ്രീമഹാദേവന്റെ മുഖത്തെ തൃക്കുരിപ്പും മാറിടത്തിലെ വസൂരിയും നീക്കി. .ഭൂമിയിൽ ചിറുമ്പമാർ വസൂരി വാരി വിതറി,അതില്ലാതാക്കാൻ പൊന്മകൾ കൂടി കീഴ്ലോകത്തേക്ക് പോകണമെന്ന് മഹാദേവൻ അപേക്ഷിക്കുകയും പുതിയ ഭഗവതി ഭൂമിയിൽ വസൂരി പിടിപ്പെട്ടവരുടെ രോഗം മാറ്റി രക്ഷിക്കുകയും ചെയ്തു.

എന്നാൽ ഇതിനിടെ ദേവിയുടെ സഹായത്തിനായി പരമേശ്വരൻ അയച്ച ആറു ആങ്ങിളമാരെയും ദേവിയെ മോഹിച്ചു തനിക്ക് സ്വന്തമാക്കാൻ വേണ്ടി വന്ന കാർത്ത വീര്യാസുരൻ യുദ്ധത്തിൽ വധിച്ചു കളഞ്ഞു. ക്രുദ്ധയായ ദേവി അസുരനെ കൊന്നു തീയിലിട്ട് ചുട്ടുകരിച്ച് അതിന്റെ കരി കൊണ്ട് തിലകം തൊട്ടു. എന്നിട്ടും ദേഷ്യം തീരാതെ വന്നപ്പോൾ വില്വാപുരം കോട്ട തീയിടുകയും ചെയ്തു. അവിടുന്ൻ (തെക്ക് നിന്ന്) വടക്കൊട്ടെക്ക് യാത്ര തിരിച്ച ദേവി മാന്ത്രിക തറവാടായ മൂലച്ചേരി തറവാട്ടിൽ എത്തി. മൂലച്ചേരി കുറുപ്പ് ദേവിക്ക് പീഠവും സ്ഥാനവും നൽകി. പിന്നീട് കോലത്തിരി മന്നന് ദേവി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടതിൻ പ്രകാരം രാജാവ് ദേവിയെ കോല രൂപത്തിൽ കെട്ടിയാടിക്കുകയും ചെയ്തു.

ഇങ്ങനെയാണ് പുതിയ ഭഗവതി ജനങ്ങളെ അനുഗ്രഹിക്കുക.

ഐതിഹ്യം തിരുത്തുക

 
പുതിയ ഭഗവതി

തീയരുടെയും, നായരുടെയും ആരാധ്യ ദേവതയാണ് “പുതിയോതി” എന്ന പുതിയ ഭഗവതിയെന്ന “പുതിയോത്ര”. ഹോമകുണ്ടത്തിൽ പൊടിച്ചു വന്ന ഈ ഭഗവതി മലയരികെ കൂടെയാണത്രെ കോലത്ത് നാട്ടിലേക്ക് വന്നത്. അങ്ങനെ കടലരികെകൂടി വന്നു വസൂരി വാരി വിതച്ച ശ്രീ കുരുംമ്പയുടെ വസൂരിയൊക്കെ ഇല്ലാതാക്കിയത് മലയരികെ വന്ന ഈ ഭഗവതിയാണത്രേ. ശ്രീ മഹാദേവന്റെ പൊന്മകളായി പിറന്ന പുതിയ ഭഗവതിക്ക് (ഭദ്രകാളി) രോഗ നിവാരണ ദൈവം എന്ന പ്രാധാന്യവും ഉണ്ട്.

തന്റെ ആറു സഹോദരൻമാരെ വധിച്ച കാർത്ത വീരാസുരനെ വെട്ടിക്കൊന്നു കത്തിച്ച് ആ കരികൊണ്ട് കുറി വെച്ച വീരശൌര്യ രണ ദേവതയാണ് പുതിയ ഭഗവതി. തളിപ്പറമ്പത്തപ്പനെ തൊഴാൻ പോയ ബ്രാഹ്മണനെ പാടാർകുളങ്ങരയിൽ വെച്ച് വെട്ടിക്കീറി ചോര കുടിച്ച ഭദ്രയും, കോട്ടിക്കുളത്ത് മുക്കുവരെ കൂട്ടക്കൊല ചെയ്ത ഭയങ്കരിയുമാണ്‌ പുതിയ ഭഗവതിയത്രെ. തനിക്ക് അഹിതം തോന്നിയ മൂലച്ചേരി കുറുപ്പിനെ കിടിലം കൊള്ളിച്ചു കൊണ്ട് മരുമകനെ തീയിൽ ഒളിപ്പിച്ചു കരുത്ത് കാട്ടിയ ഭഗവതി തുളുനാട് മുതൽ കോലത്ത് നാട് വരെ പീഠങ്ങൾ നേടി സർവരുടെയും ആരാധ്യ ദേവതയായി. ഗ്രാമ ദേവതയുടെ കൂട്ടത്തിലാണ് ഈ ദേവിയെ കണക്കാക്കുന്നത്. തറവാടുകളുടെ കുല ദൈവമായും ഗ്രാമത്തിനു മുഴുവൻ അമ്മ ദൈവമായും ശക്തിയുടെ സ്വരൂപമായ അനേകം ഭഗവതിമാർ ഉണ്ട്. അതിലൊന്നാണ് പുതിയ ഭഗവതി. മറ്റ് ഭഗവതിമാർ മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, കക്കറ ഭഗവതി, കൊങ്ങിണിച്ചാൽ ഭഗവതി, തോട്ടുങ്ങര ഭഗവതി, അങ്കകുളങ്ങര ഭഗവതി തുടങ്ങിയ പേരുകളിൽ ഇവർ ധർമ്മദൈവങ്ങളായി പരിലസിക്കുകയാണ്.

അതത് ഗ്രാമത്തിന്റെ ഊര് ഭരണം നടത്തുന്ന ഭഗവതികളായി ഗ്രാമപ്പേര് ചേർത്തും ഭഗവതിമാരുണ്ട്. അവർ ഇവരാണ്: നരമ്പിൽ ഭഗവതി, ചെക്കിപ്പാറ ഭഗവതി, പഴച്ചിയിൽ ഭഗവതി, പയറ്റിയാൽ ഭഗവതി, പാടാർകുളം ഭഗവതി, കക്കറ ഭഗവതി, ചട്ടിയൂർ ഭഗവതി, ഒയോളത്തു ഭഗവതി, പടോളി ഭഗവതി, കമ്മാടത്ത് ഭഗവതി, നീലങ്കൈ ഭഗവതി, പുറമഞ്ചേരി ഭഗവതി, ചെക്കിചേരി ഭഗവതി, പാറോൽ ഭഗവതി, കാട്ടുചെറ ഭഗവതി, ചെറളത്ത് ഭഗവതി എന്നിങ്ങനെ അമ്പതിലേറെ ഗ്രാമ ഭഗവതിമാർ ഉണ്ടത്രേ!.

ഒടയിൽ നാല് കൂറ്റൻ കെട്ടു പന്തങ്ങൾ കത്തിയെരിയിച്ചു കൊണ്ട് നൃത്തമാടുന്ന പുതിയ ഭഗവതിയുടെ വട്ട മുടിയിലും നിറയെ കോൽത്തിരികൾ കാണാം. അത് കൊണ്ട് തന്നെ ഈ ഭഗവതിയെ തീ തെയ്യങ്ങളുടെ ഗണത്തിലും പെടുത്താവുന്നതാണ്.

നാട്ടു പര ദേവതയായ (ഗ്രാമ ദേവതയായ) പുതിയ ഭഗവതിയെ ആരാധിക്കാത്ത ഒരു ഗ്രാമം പോലും കോലത്ത് നാട്ടിൽ ഉണ്ടാകില്ല. അഗ്നി ദേവതയായ ഈ ദേവിയുടെ തിരുമൊഴി തന്നെ നോക്കുക “എത്ര സ്വയം കത്തിയെരിഞ്ഞാലും ഞാൻ എന്നും പുതിയവളാണ്”.

കണ്ണൂരിലെ താളിക്കാവ്, കവിനിശ്ശേരി കൂവപ്രത്ത് കാവ്, മോറാഴ കപ്പോത്ത് കാവ്, മോറാഴ കൂവപ്രത്ത് കാവ്, മോറാഴ പണ്ണേരി കാവ്, തച്ചൻകണ്ടിയാൽ ക്ഷേത്രം പുതിയ ഭഗവതിയെ കെട്ടിയാടുന്ന പ്രശസ്ത കാവുകളാണ്.

വേഷം തിരുത്തുക

മാർച്ചമയം - തിരിയോല, ഒട

മുഖത്തെഴുത്ത് - നാഗം താക്കൽ

തിരുമുടി - വട്ടമുടി

ഇതും കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=പുതിയ_ഭഗവതി&oldid=3911402" എന്ന താളിൽനിന്ന് ശേഖരിച്ചത്