മാർ തോമാ നസ്രാണികൾ

ഇന്ത്യയിലെ പുരാതന ക്രൈസ്തവ വിഭാഗം
(Saint Thomas Christians എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ മലബാർ തീരത്ത്, പ്രധാനാമായും കേരളത്തിൽ, അധിവസിച്ചുവരുന്ന ക്രിസ്ത്യാനികളിലെ ഒരു മതസാമുദായിക വിഭാഗമാണ് മാർ തോമാ നസ്രാണികൾ അഥവാ ഇന്ത്യയിലെ സുറിയാനി ക്രിസ്ത്യാനികൾ. നസ്രാണി മാപ്പിളമാർ എന്നും ഈ സമുദായം അറിയപ്പെടുന്നു.[4] ആഗോളതലത്തിൽ സുറിയാനി ക്രിസ്തീയതയുടെ ഭാഗമായ ഇവർ കൽദായ സുറിയാനി, അന്ത്യോഖ്യൻ സുറിയാനി എന്നീ സഭാ പാരമ്പര്യങ്ങൾ പിന്തുടരുന്നു.[5] യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശ്ലീഹന്മാരിൽ ഒരാളായ തോമാശ്ലീഹായുടെ ഇന്ത്യയിലെ മതപ്രചരണം മൂലമാണ് തങ്ങളുടെ സമുദായം രൂപപ്പെട്ടത് എന്ന് ഇവർ പരമ്പരാഗതമായി വിശ്വസിച്ചു പോരുന്നു.[6][7] കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ നിലവിൽ വടക്കുംഭാഗർ, തെക്കുംഭാഗർ (ക്നാനായക്കാർ) എന്നീ രണ്ട് വംശീയ വിഭാഗങ്ങൾ ഉണ്ട്. ഈ രണ്ട് വിഭാഗത്തെയും ഉൾപ്പെടുത്തിയും അല്ലാതെ വടക്കുംഭാഗക്കാരെ മാത്രം ഉദ്ദേശിച്ചും മാർ തോമാ നസ്രാണികൾ എന്ന പേര് ഉപയോഗിക്കാറുണ്ട്. ചരിത്രപരമായി കിഴക്കിന്റെ സഭയുടെ ഭാഗമായിരുന്ന ഇവർ ഇപ്പോൾ പ്രധാനമായും പൗരസ്ത്യ കത്തോലിക്കാ, ഓറിയന്റൽ ഓർത്തഡോക്സ്, പൗരസ്ത്യ പ്രോട്ടസ്റ്റന്റ് മുതലായ സഭാ വിഭാഗങ്ങളുടെ ഭാഗമാണ്.[5]

മാർത്തോമാ ക്രിസ്ത്യാനികൾ
ഇന്ത്യയിലെ സുറിയാനി ക്രിസ്ത്യാനികൾ
നസ്രാണി മാപ്പിള
മാർ തോമാ നസ്രാണികൾ
മാർത്തോമാ കുരിശ് (പേർഷ്യൻ കുരിശ്)
ഇന്ത്യയിലെ ക്രിസ്തുമതത്തിന്റെ ഏറ്റവും പൗരാണികമായ പുരാവസ്തു തെളിവായ ഇത്തരം കൽക്കുരിശുകൾ മാർ തോമാ നസ്രാണികളുടെ ഏതാനം പുരാതന പള്ളികളിൽ സംരക്ഷിക്കപ്പെടുന്നു.
Total population
ഏകദേശം 6,000,000 (2018)[1]
Regions with significant populations
ഇന്ത്യ (കേരളം, തമിഴ്നാട്, കർണാടക, മുംബൈ, ദില്ലി), യൂറോപ്പ്, ഓഷ്യാനിയ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, പേർഷ്യൻ ഗൾഫ് രാജ്യങ്ങൾ[2]
Languages
മാതൃ ഭാഷ: മലയാളം
സംസാരഭാഷ: മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്
ആരാധനാ ഭാഷ: സുറിയാനി[3]
Religion
ക്രിസ്തുമതം
വിവിധ മാർ തോമാ നസ്രാണി സഭാവിഭാഗങ്ങൾ

പൗരസ്ത്യ കത്തോലിക്കാ സഭകൾ
സിറോ-മലബാർ സഭ (കൽദായ സുറിയാനി ആചാരക്രമം)
സിറോ-മലങ്കര കത്തോലിക്കാ സഭ (അന്ത്യോഖ്യൻ സുറിയാനി ആചാരക്രമം)

ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ
(അന്ത്യോഖ്യൻ സുറിയാനി ആചാരക്രമം)
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
മലബാർ സ്വതന്ത്ര സുറിയാനി സഭ

കിഴക്കിന്റെ അസ്സീറിയൻ സഭ
(കൽദായ സുറിയാനി ആചാരക്രമം)
കൽദായ സുറിയാനി സഭ

പൗരസ്ത്യ നവീകരണ സഭകൾ
(പരിഷ്കൃത അന്ത്യോഖ്യൻ സുറിയാനി ആചാരക്രമം)
മലങ്കര മാർത്തോമാ സുറിയാനി സഭ
സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ

മാർത്തോമാ നസ്രാണികൾ ഉൾപ്പെടുന്ന മറ്റ് സഭാ വിഭാഗങ്ങൾ
ലത്തീൻ കത്തോലിക്കാ സഭ,
ചർച്ച് ഓഫ് സൗത്ത് ഇന്ത്യ,
മറ്റ് ചില പ്രൊട്ടസ്റ്റൻറ്, പെന്തകോസ്തൽ സഭകൾ
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
മലയാളികൾ, ദ്രാവിഡർ, കൊച്ചിൻ ജൂതന്മാർ, അസ്സീറിയർ

ഏഴാം നൂറ്റാണ്ടിൽ ഈ വിഭാഗത്തെ കിഴക്കിന്റെ കാതോലിക്കോസ് ഈശോയാബ് മൂന്നാമൻ സഭയുടെ ഇന്ത്യാ മെത്രാസന പ്രവിശ്യ ആയി സംഘടിപ്പിക്കുകയും പിന്നീട് ഒൻപതാം നൂറ്റാണ്ടോടെ തിമോത്തെയോസ് ഒന്നാമൻ അവരുടെ ഭരണനിർവ്വഹണത്തിനായി ഒരു മെത്രാപ്പോലീത്തയും തദ്ദേശീയനായ അർക്കദിയാക്കോനും ഉള്ള ഒരു ഭരണസംവിധാനം രൂപീകരിക്കുകയും ചെയ്തു.[8][9] പതിനാലാം നൂറ്റാണ്ടിന് ശേഷം കിഴക്കിന്റെ സഭയിലുണ്ടായ തകർച്ചയും പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് റോമൻ കത്തോലിക്കാ മിഷനറിമാരുടെ പ്രവർത്തനവും ഈ സമുദായത്തിൽ ദൂരവ്യാപകമായ മാറ്റങ്ങൾക്ക് ഇടവരുത്തി. ഉദയംപേരൂർ സൂനഹദോസിലൂടെ മാർ തോമാ നസ്രാണികളുടെ അഖിലേന്ത്യാ മെത്രാസനം നിർത്തലാക്കപ്പെടുകയും സഭാപരമായി അവർ പോർച്ചുഗീസ് പദ്രുവാദോ ഭരണത്തിൻ കീഴിൽ ആവുകയും ചെയ്തു.[10][11] ഇതിനെതിരായി കൂനൻ കുരിശ് സത്യം എന്ന സംഭവത്തിലൂടെ നസ്രാണികളിലെ ബഹുഭൂരിപക്ഷം ആളുകളും പ്രതിഷേധിക്കുകയും തങ്ങളെ തന്നെ പോർച്ചുഗീസ് ബന്ധത്തിൽ നിന്ന് സ്വതന്ത്രരാക്കുകയും ചെയ്തു. ഇവരുമായി ഒത്തുതീർപ്പ് നടത്താൻ മാർപ്പാപ്പ കർമ്മലീത്താ മിഷണറിമാരുടെ ഒരു സംഘത്തെ മലബാറിലേക്ക് അയച്ചു. ഇതിനേത്തുടർന്ന് ഈ വിഭാഗത്തിൽ ഉണ്ടായ പിളർപ്പ് പഴയകൂറ്റുകാർ, പുത്തങ്കൂറ്റുകാർ എന്നീ വിഭാഗങ്ങളുടെ രൂപീകരണത്തിന് കാരണമായി.[12]

കത്തോലിക്കാസഭയുമായുള്ള ബന്ധവും പതിനേഴാം നൂറ്റാണ്ടിൽ മാർ തോമാ നസ്രാണികളുടെ ഇടയിൽ ഉപയോഗത്തിൽ ഉണ്ടായിരുന്ന ലത്തീൻവൽക്കരിക്കപ്പെട്ട കൽദായ സുറിയാനി ആരാധനാക്രമവും തുടർന്നവർ പഴയകൂറ്റുകാർ എന്നും ഓറിയന്റൽ ഓർത്തഡോക്സ് സഭയായ സുറിയാനി ഓർത്തഡോക്സ് സഭയുമായി ബന്ധം സ്ഥാപിച്ച് അവരുടെ അന്ത്യോഖ്യൻ സുറിയാനി ആരാധനാക്രമം സ്വീകരിച്ചവർ പുത്തങ്കൂറ്റുകാർ എന്നും അറിയപ്പെട്ടു. സിറോ-മലബാർ സഭ, കൽദായ സുറിയാനി സഭ എന്നിവയാണ് പഴയകൂറ്റുകാരുടെ ആധുനിക പിന്തുടർച്ചക്കാർ. യാക്കോബായ സഭ, ഓർത്തഡോക്സ് സഭ, മാർത്തോമാ സഭ, സിറോ-മലങ്കര സഭ, തൊഴിയൂർ സഭ തുടങ്ങിയവയാണ് പുത്തങ്കൂറ്റുകാരുടെ പ്രധാന പിന്തുടർച്ചക്കാർ.[13][5]

ഇവയിൽ സിറോ-മലബാർ, സിറോ-മലങ്കര സഭകൾ മാർപ്പാപ്പയെ അനുസരിക്കുന്ന പൗരസ്ത്യ കത്തോലിക്കാ സഭകളാണ്. യാക്കോബായ സഭ, ഓർത്തഡോക്സ് സഭ എന്നിവ ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയുടെ ഭാഗമായ സഭകളും തൊഴിയൂർ സഭ സ്വതന്ത്രമായ ഓറിയന്റൽ ഓർത്തഡോക്സ് സഭയുമാണ്. അതേസമയം മാർത്തോമാ സഭ ഒരു കിഴക്കൻ പ്രൊട്ടസ്റ്റൻറ് സഭയാണ്.[5] ചില ചെറു പ്രോട്ടസ്റ്റന്റ് സഭകളും ഈ സമുദായത്തിന്റെ ഭാഗമാണ്. ഇവയ്ക്ക് പുറമേ കുറേയധികം മാർ തോമാ നസ്രാണികൾ ലത്തീൻ സഭ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ മുതലായ സഭകളിലും അംഗങ്ങളാണ്.[14][15]

പേരിനു പിന്നിൽ

മാർ തോമാ നസ്രാണികൾ ആ പേരിൽ അറിയപ്പെടുന്നത് ക്രിസ്തുശിഷ്യനായ തോമാശ്ലീഹായുമായുള്ള അവരുടെ ബന്ധം കാരണമാണ്. തോമാശ്ലീഹാ ആണ് ഇന്ത്യയിൽ ആദ്യമായി ക്രിസ്തുമത സന്ദേശം പ്രചരിപ്പിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. "മാർത്തോമായുടെ മാർഗ്ഗവും വഴിപാടും" എന്നാണ് നസ്രാണികൾ തങ്ങളുടെ മതചര്യയെ വിശേഷിപ്പിച്ചിരുന്നത്. "മാർഗ്ഗം" എന്നതിന് "മതം" എന്നൊരു അർത്ഥമുണ്ട്; അതുപോലെ "വഴിപാട്" എന്ന പദത്തിന് "പാരമ്പര്യം" എന്നൊരു അർത്ഥം പ്രാചീനമലയാളത്തിൽ ഉണ്ടായിരുന്നു.[16] പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യയിലെ പോർച്ചുഗീസ് അധിനിവേശത്തിന്റെ കാലം മുതൽ ഈ സമുദായത്തിൽപെട്ട ആളുകളെ ഈ പേരിൽ വിളിച്ചുവന്നു. ഇതിന് നൂറ്റാണ്ടുകൾ മുമ്പേ ഇവർക്ക് തോമാശ്ലീഹായുമായുള്ള ബന്ധം പ്രത്യേകമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. "മലബാറിലെ കൽദായ ക്രിസ്ത്യാനികൾ" എന്നപേരും പോർച്ചുഗീസ് കാലത്ത് നിലവിൽ വന്നതാണ്. "കൽദായ സഭ" എന്നും അറിയപ്പെട്ടിരുന്ന കിഴക്കിന്റെ സഭയുമായുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. പ്രാദേശികമായി 'നസ്രാണികൾ", "നസ്രാണി മാപ്പിള" എന്നെല്ലാമാണ് ഇവർ അറിയപ്പെട്ടിരുന്നത്.[17] നസ്രാണി എന്ന വാക്കിന്റെ അർത്ഥം നസ്രായന്റെ അനുയായി അഥവാ ക്രിസ്ത്യാനി എന്നാണ്.[18] നസ്രത്ത് സ്വദേശിയായ യേശുക്രിസ്തുവിന്റെ അനുയായികളെ കുറിക്കുന്ന ഈ വാക്ക് അറമായ ഭാഷയിലെ "നസ്രായ", ഹീബ്രു ഭാഷയിലെ "നെത്‌സർ" എന്നീ പദങ്ങളിൽ നിന്ന് രൂപപ്പെട്ടതാണ്.[19] വൈദേശിക ഉൽഭവമുള്ള മതങ്ങളിൽ വിശ്വസിക്കുന്നവരും മധ്യപൂർവ ദേശത്തു നിന്നുള്ള കുടിയേറ്റക്കാരുടെ പിന്മുറക്കാരും അവരുമായി വിവാഹബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നവരും മാപ്പിള എന്ന ബഹുമാനസൂചകമായ ശീർഷകത്തിൽ അറിയപ്പെട്ടിരുന്നു. നസ്രാണികൾക്ക് പുറമേ യഹൂദരും (യൂദൻ മാപ്പിള) മുസ്ലീങ്ങളും (ചൊനക മാപ്പിള) ഉൾപ്പെടെയുള്ളവർക്കും ഈ സ്ഥാനപ്പേര് ഉണ്ടായിരുന്നു.[4][20][21] ഇക്കാലത്തും തിരുവിതാംകൂർ മേഖലയിലെ ചില നസ്രാണികൾ മാപ്പിള എന്ന പേര് തങ്ങളുടെ കുടുംബ പേരായോ മറ്റോ നിലനിർത്തുന്നുണ്ട്.[22] കൊല്ലം തർസ്സാപ്പള്ളി ശാസനത്തിലും മറ്റു ചില രേഖകളിലും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള മറ്റൊരു പേരാണ് "തർസാ" അല്ലെങ്കിൽ തരിസാ എന്നത്. ക്രിസ്ത്യാനികളെ വിളിക്കാൻ പേർഷ്യയിൽ ഉപയോഗിച്ചിരുന്ന വാക്കുകളിൽ ഒന്നാണ് തർസാ എന്നത്.[19]

ഭാരത സർക്കാർ ഈ ജനവിഭാഗത്തിലെ അംഗങ്ങളെ വിശേഷിപ്പിക്കാൻ സുറിയാനി ക്രിസ്ത്യാനികൾ എന്ന പേര് ഔദ്യോഗികമായി ഉപയോഗിച്ചുവരുന്നു. ഈ പേര് ഡച്ച് അധിനിവേശകാലത്ത് പ്രചാരത്തിൽ വന്നതാണ്. കത്തോലിക്കാ മിഷനറിമാരുടെ പ്രവർത്തന ഫലമായി രൂപപ്പെട്ട റോമൻ അഥവാ ലത്തീൻ സഭാപാരമ്പര്യം പിന്തുടരുന്ന ലത്തീൻ ക്രിസ്ത്യാനികളിൽ നിന്ന് കൽദായ സുറിയാനി, അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യങ്ങൾ പിന്തുടരുന്നവരെ വേർതിരിച്ചറിയാനാണ് ഈ പേര് ഡച്ചുകാർ ഉപയോഗിച്ചു തുടങ്ങിയത്.[23] സുറിയാനി എന്ന വാക്ക് രൂപപ്പെട്ടത് സസ്സാനിദ് സാമ്രാജ്യത്തിലെ ക്രൈസ്തവ വംശീയസമൂഹത്തെ കുറിക്കുന്ന പാഹ്ലവി ഭാഷയിലെ സൊറിയാനി എന്ന പദത്തിൽ നിന്നാണ്.[24] എന്നാൽ മാർ തോമാ നസ്രാണികളെ സംബന്ധിച്ചിടത്തോളം സുറിയാനി എന്ന പദം അവരുടെ സമുദായത്തിന്റെ വംശീയതയെ പ്രതിനിധാനം ചെയ്യുന്നതല്ല, മറിച്ച് അവർക്ക് സസ്സാനിദ് സാമ്രാജ്യത്തിലെ പൗരസ്ത്യ സുറിയാനി സഭയുമായി അഥവാ കിഴക്കിന്റെ സഭയുമായി ദീർഘകാലം നിലനിന്നിരുന്ന ചരിത്രപരവും മതപരവും ആരാധനാക്രമപരവുമായ ബന്ധത്തെ സൂചിപ്പിക്കുന്നതാണ്.[20][25]

ചരിത്രം

പാരമ്പര്യം

ഉൽഭവവും മാർത്തോമാ പാരമ്പര്യവും

 
തോമാശ്ലീഹാ

പാരമ്പര്യം അനുസരിച്ച് യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശ്ലീഹന്മാരിൽ ഒരാളായ തോമാശ്ലീഹാ ക്രി. വ. 52ിൽ മലബാറിലെ മുസിരിസിലേക്ക് വന്നു.[26][27][6] മുസിരിസ് ആധുനിക കൊടുങ്ങല്ലൂരിന് തെക്ക് സ്ഥിതിചെയ്യുന്ന പട്ടണം എന്ന ഗ്രാമമാണ് എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.[28] അക്കാലത്ത് മലബാറിൽ പ്രത്യേകിച്ച് മുസിരിസിൽ യഹൂദരുടെ സാന്നിധ്യം ഉണ്ടായിരുന്നു.[7][29] അറമായ ഭാഷ മാതൃഭാഷയായി ഉപയോഗിച്ചിരുന്ന ഗലീലേയൻ യഹൂദനായ തോമാശ്ലീഹായ്ക്ക് ഈ പ്രദേശത്ത് വരാനും അവരുടെ ഇടയിൽ പ്രവർത്തിക്കാനും സാധ്യമായിരുന്നു. യഹൂദരുടെ ഇടയിൽ ആയിരുന്നു തോമാശ്ലീഹായുടെ ആദ്യകാല പ്രവർത്തനങ്ങൾ എന്ന് വിശ്വസിക്കപ്പെടുന്നു.[30]

തോമാശ്ലീഹായെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ആദ്യ ചരിത്രരേഖ രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ എദേസ്സയിൽ വെച്ച് എഴുതപ്പെട്ട തോമായുടെ നടപടികൾ എന്ന പുസ്തകമാണ്. ഇതിൽ ശ്ലീഹായുടെ വടക്ക്-പടിഞ്ഞാറൻ ഇന്ത്യയിലെ, പ്രത്യേകിച്ച് ഗൊണ്ടഫൊറസ് രാജാവിന് കീഴിൽ ഇന്തോ-പാർഥ്യൻ സാമ്രാജ്യത്തിലെ, പ്രവർത്തനങ്ങളാണ് വിവരിക്കപ്പെടുന്നത്.[31]

ഇതിനുപുറമേ മൂന്നാം നൂറ്റാണ്ടിലും നാലാം നൂറ്റാണ്ടിലും ജീവിച്ചിരുന്ന ചില റോമൻ എഴുത്തുകാരും തോമാശ്ലീഹായുടെ ഇന്ത്യൻ പ്രേക്ഷിതത്വം രേഖപ്പെടുത്തുന്നുണ്ട്. മിലാനിലെ അംബ്രോസ്, നസിയാൻസസിലെ ഗ്രിഗോറിയോസ്, ജെറോം, അപ്രേം എന്നിവർ ഇതിൽ ഉൾപ്പെടുന്നു.[32] പന്തേനോസ് എന്ന അലക്സാണ്ട്രിയൻ ക്രൈസ്തവ പണ്ഡിതൻ ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തെ സന്ദർശിക്കുകയും 'ഹെബ്രായ' ഭാഷയിലുള്ള മത്തായിയുടെ സുവിശേഷം അവരുടെ ഇടയിൽ കണ്ടെത്തുകയും ചെയ്തു എന്നും യൗസേബിയോസ് രേഖപ്പെടുത്തിയിരിക്കുന്നു. യൗസേബിയോസ് വിവരിക്കുന്നതനുസരിച്ചുള്ള പന്തേനോസിന്റെ സാക്ഷ്യത്തിൽ എന്നാൽ തോമാശ്ലീഹാ അല്ല ബർത്തലോമിയോ ശ്ലീഹാ ആണ് ഇന്ത്യയിലെ ക്രിസ്തുമതത്തിന്റെ ആദ്യ പ്രചാരകൻ.[33] പ്രാചീനകാലത്ത് യൂറോപ്പ്യന്മാർ സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനം നടന്നിരുന്ന സ്ഥലത്തെയാണ് ഇന്ത്യ എന്ന് വിശേഷിപ്പിച്ചിരുന്നത്. അതിനാൽത്തന്നെ യഥാർത്ഥ ഇന്ത്യക്ക് പുറമേ അറേബ്യൻ ഉപദ്വീപിന്റെ തെക്കൻ മേഖലകളെയും എത്യോപ്യൻ മേഖലയെയും ഇന്ത്യ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഈ ചരിത്രസാക്ഷ്യങ്ങൾ വിലയിരുത്തുന്നതിൽ ഒരു പ്രശ്നം ഈ വസ്തുതയാണ്. എന്നാൽ ജെറോം പന്തേനോസ് ബ്രാഹ്മണരുടെ ഇടയിൽ പ്രവർത്തിച്ചിരുന്നു എന്ന് രേഖപ്പെടുത്തുന്നു. ഇതിലൂടെ ജെറോം ഇന്ത്യ എന്ന് ഉദ്ദേശിക്കുന്നത് ദക്ഷിണേന്ത്യയെ ആണ് എന്ന് വ്യക്തത വരുത്തുന്നുണ്ട്.[34]

 
ഏഴരപ്പള്ളികൾ

തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രവർത്തനത്തെപ്പറ്റിയും മാർത്തോമാ നസ്രാണികളുടെ ഉത്ഭവത്തെപ്പറ്റിയും വിശദമായി വിവരിക്കുന്ന കാവ്യങ്ങളാണ് വീരടിയാൻ പാട്ട്, മാർഗ്ഗംകളിപ്പാട്ട്, തോമാപർവ്വം അഥവാ റമ്പാൻ പാട്ട് തുടങ്ങിയവ. കൂടുതൽ പഴയതും വിശാലവുമായ ഒരു കൃതിയുടെ പരിഷ്കരിക്കപ്പെട്ട ഒരു സംക്ഷിപ്തരൂപം ആണെന്ന് വിശ്വസിക്കപ്പെടുന്ന തോമാപർവ്വത്തിന്റെ നിലവിലുള്ള ആധുനിക രൂപം പതിനേഴാം നൂറ്റാണ്ടിലാണ് എഴുതപ്പെട്ടത്.[35][36] തോമാശ്ലീഹാ മാല്യങ്കരയിൽ കപ്പലിറങ്ങി ഏഴരപ്പള്ളികൾ എന്ന ഏഴ് ക്രൈസ്തവ സമൂഹങ്ങൾക്ക് തുടക്കമിട്ടതിനെ ഇതിൽ വർണ്ണിക്കുന്നു. കൊടുങ്ങല്ലൂർ, കൊല്ലം, പാലയൂർ, കോട്ടക്കാവ്, കൊക്കമംഗലം, നിരണം, ചായൽ എന്നിവയാണ് ഏഴരപ്പള്ളികൾ.[37] തിരുവിതാംകോട്, മലയാറ്റൂർ മുതലായ സ്ഥലങ്ങളെയും തോമാശ്ലീഹായുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്താറുണ്ട്.[38][39][40][41] യഹൂദർ, തദ്ദേശീയരായ ആളുകൾ, നാടുവാഴികൾ തുടങ്ങിയവരെ തോമാശ്ലീഹാ മിശിഹായുടെ മാർഗ്ഗത്തിൽ ചേർത്തതായി തോമാ പർവ്വം വിവരിക്കുന്നു. അക്കാലത്ത് കേരളത്തിൽ ഉണ്ടായിരുന്ന യഹൂദരിൽ ഒരു വിഭാഗം ക്രിസ്ത്യാനികളായി മാറിയിരിക്കാൻ സാധ്യതയുണ്ട്.[30][42] മലബാറിലെ പ്രവർത്തനത്തിന് ശേഷം മൈലാപ്പൂരിൽ എത്തിച്ചേർന്ന അദ്ദേഹം അവിടെ വെച്ച് കൊല്ലപ്പെട്ടതായും വിവരിക്കുന്നു.[43][44] വീരടിയാൻ അഥവാ പാണൻ വിഭാഗത്തിൽപ്പെട്ട ആളുകൾ നസ്രാണികളുടെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട നടത്തിയിരുന്ന ഒരു കലാരൂപമാണ് വീരടിയാൻ പാട്ട്. അതേസമയം ഒരു നസ്രാണി ആചരണമാണ് മാർഗ്ഗംകളി എന്നറിപ്പെടുന്നത്. മാർഗ്ഗംകളിപ്പാട്ടിലെ വിവരണം അനുസരിച്ച് തോമാശ്ലീഹാ ആദ്യം മൈലാപ്പൂരിൽ എത്തി അവിടെ ഒരു ക്രൈസ്തവ സമൂഹത്തെ രൂപീകരിച്ചശേഷമാണ് മലബാറിലേക്ക് പോകുന്നത്. ഇതിനുശേഷം മൈലാപ്പൂരിലേക്ക് മടങ്ങിയ തോമാശ്ലീഹാ അവിടെവെച്ച് രക്തസാക്ഷിത്വം വരിച്ചു എന്നും പ്രതിപാദിക്കുന്നു.[34]

1301ൽ ഇന്ത്യയിലെ മലബാർ തീരത്ത് "ശെംഗല" എന്ന സ്ഥലത്ത് വെച്ച് എഴുതപ്പെട്ടു എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഒരു സുറിയാനി കൈയെഴുത്ത് പ്രതിയിൽ "ഇന്ത്യയിലെ മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിന്റെ അവകാശിയായ" ഇന്ത്യയുടെ മെത്രാപ്പോലീത്ത മാർ യാക്കോവിനെ പരാമർശിക്കുന്നു.[34]

തോമാശ്ലീഹാ ഇന്ത്യയിൽ ആദ്യമായി എത്തിച്ചേർന്ന സ്ഥലം മാർ തോമാ നസ്രാണികൾക്കിടയിൽ പ്രചാരത്തിലിരിക്കുന്ന പാരമ്പര്യം അനുസരിച്ച് മാല്യങ്കര അഥവാ കൊടുങ്ങല്ലൂർ ആണ്. അതേസമയം അദ്ദേഹം മൈലാപ്പൂരിലാണ് ആദ്യമെത്തിയത് എന്നും പാരമ്പര്യം ഉണ്ട്. മൈലാപ്പൂരിൽ നിലനിൽക്കുന്ന അദ്ദേഹത്തിന്റെ കബറിടം കാലാകാലങ്ങളായി ഒരു പ്രമുഖ തീർത്ഥാടനകേന്ദ്രമായി തുടരുന്നു. 1293ൽ മാർക്കോ പോളോ ഇത് രേഖപ്പെടുത്തിയിരിക്കുന്നു. ആദ്യകാല സഞ്ചാരികളുടെയും പോർച്ചുഗീസുകാരുടെയും വിവരണങ്ങൾ ഇതുമായി ചേർന്നു പോകുന്നതാണ്.[45][46]

പ്രചാരത്തിലുള്ള ഐതിഹ്യം അനുസരിച്ച് തോമാശ്ലീഹാ മലബാറിൽ കുറേ ബ്രാഹ്മണ കുടുംബങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്നു. പകലോമറ്റം , ശങ്കരപുരി, കള്ളി, കള്ളിയാങ്കൽ, തുടങ്ങിയവയാണ് അവ.[47][48] ഇവരിൽ ചില കുടുംബങ്ങൾ തലമുറ തലമുറയായി പൗരോഹിത്യ പിന്തുടർച്ച കൈമാറിവന്നു എന്നും പറയപ്പെടുന്നു.[48][49] ഈ ഐതിഹ്യങ്ങളിൽ യാഥാർത്ഥ്യം എത്രയുണ്ട് എന്നതിൽ സംശയ നിലനിൽക്കുമ്പോഴും പതിനാറാം നൂറ്റാണ്ട് വരെ എങ്കിലും മാർത്തോമാ ക്രിസ്ത്യാനികൾ പൂണൂൽ, കുടുമി, മേൽമുണ്ട് തുടങ്ങി ബ്രാഹ്മണരുടേതിന് സമാനമായ ചില ആചാരങ്ങൾ പിന്തുടർന്നിരുന്നതായി തെളിവുകളുണ്ട്.[a]

അതേസമയം ഈ ആചാരാവകശങ്ങൾ മദ്ധ്യകാല കേരളത്തിൽ ബ്രാഹ്മണ മേധാവിത്വത്തിന്റെ കാലത്ത് ക്രിസ്ത്യാനികൾ നേടിയെടുത്തവയാണ് എന്ന് ചരിത്രകാരനായ പയസ് മേലേകണ്ടെത്തിൽ അഭിപ്രായപ്പെടുന്നു. പേർഷ്യൻ ക്രൈസ്തവ വ്യാപാരികളുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന കേരളത്തിലെ നസ്രാണികൾ ഒൻപതാം നൂറ്റാണ്ടോടെ ശക്തരായ ഒരു വ്യാപാരി സമൂഹമായി വളർന്നു. അക്കാലത്ത് മതപരവും രാഷ്ട്രീയവുമായ ആധിപത്യം നേടിയെടുത്ത ബ്രാഹ്മണർ ബൗദ്ധ, ജൈന വ്യാപാര സമൂഹങ്ങളുടെ സ്വാധീനം കുറയ്ക്കുന്നതിന് വേണ്ടി പ്രാദേശിക രാജാക്കന്മാരിലൂടെ ക്രിസ്ത്യാനികൾക്ക് ഇത്തരം അവകാശങ്ങൾ നൽകി എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.[50]

മാണിഗ്രാമക്കാർ

ബ്രാഹ്മണരുമായി മലബാർ തീരത്ത് നസ്രാണികൾക്ക് സമാധാനപരമായ സഹവർത്തിത്വം ഉണ്ടായിരുന്നു എങ്കിലും മറ്റിടങ്ങളിൽ സാഹചര്യം ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ചോഴമണ്ഡല തീരത്ത്, പ്രധാനമായും മൈലാപ്പൂരിൽ, അധിവസിച്ചിരുന്ന നസ്രാണികൾക്ക് അവിടത്തെ ബ്രാഹ്മണരുമായി സംഘർഷങ്ങൾ പതിവായിരുന്നു. സംഘബലത്തിലും രാഷ്ട്രീയസ്വാധീനത്തിലും മതപാണ്ഡിത്യത്തിലും വളരെ പിന്നിലായിരുന്ന നസ്രാണികളിൽ ഒരു വിഭാഗം കാലക്രമേണ മതം മാറുകയും മറ്റുള്ളവർ സുരക്ഷിതമായ സ്ഥലങ്ങൾ തേടി പലായനം ചെയ്യുകയും ചെയ്തു എന്ന് പാരമ്പര്യ ചരിത്രം രേഖപ്പെടുത്തപ്പെട്ട ചില പുരാരേഖകളിലും മറ്റും കാണാനാകും. പ്രധാനമായും മാണിക്യ വാചകർ എന്ന മന്ത്രവാദിയുമായി ബന്ധപ്പെടുത്തിയാണ് ഈ കുടിയേറ്റത്തെ കുറിച്ചുള്ള പാരമ്പര്യങ്ങൾ നിലവിലുള്ളത്. ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തമിഴ് ശൈവ സന്യാസിയും കവിയുമായ മാണിക്യ വാസകർ തന്നെയായിരിക്കാം ഇദ്ദേഹം. മൈലാപൂരിൽ പ്രവർത്തിക്കുകയും ശൈവമത പ്രചരണം നടത്തുകയും ചെയ്തിരുന്ന അദ്ദേഹം അവിടെ ഉണ്ടായിരുന്ന നസ്രാണി സമൂഹത്തിൻറെ ഇടയിൽ മതപരിവർത്തനത്തിന് ശ്രമങ്ങൾ നടത്തി. നിരവധി ആളുകൾ പല കാരണങ്ങളാൽ ക്രിസ്തുമതം ഉപേക്ഷിച്ച് മാണിക്യ വാചകരോടൊപ്പം ചേരുകയും ചെയ്തു. അവശേഷിച്ചവർ മലബാറിലെ നസ്രാണി കേന്ദ്രങ്ങളിലേക്ക് കുടിയേറിപ്പാർത്തു. മാണിക്യ വാചകരുടെ സ്വാധീനത്തിൽപ്പെട്ട നസ്രാണികൾ മാണി ഗ്രാമക്കാർ എന്നു അറിയപ്പെട്ടു. ഹിന്ദുമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും ഒരു സങ്കര രൂപമാണ് ഇവർ പിന്തുടർന്നിരുന്നത്.[51][52] പത്തൊമ്പതാം നൂറ്റാണ്ടുവരെ ഈ സമൂഹം കേരളത്തിൽ കൊല്ലം, കായംകുളം, കടമറ്റം തുടങ്ങിയ സ്ഥലങ്ങളിൽ നിലനിന്നിരുന്നു.[53]

ക്നായി തോമായും തെക്കുംഭാഗക്കാരും

 
ക്നായി തോമായുടെ ഒരു ചിത്രീകരണം

നാലാം നൂറ്റാണ്ടിനോട് അടുത്ത് മെസപ്പൊട്ടാമിയിൽ നിന്ന് ഒരു സംഘം യഹൂദ പാരമ്പര്യം പിന്തുടരുന്ന ക്രിസ്ത്യാനികൾ മലബാറിലേക്ക് കുടിയേറി എന്ന് വിശ്വസിക്കപ്പെടുന്നു. ക്നായി തോമാ എന്ന വർത്തക പ്രമാണിയായിരുന്നു അവരുടെ നേതാവ്. ഇദ്ദേഹം കൊടുങ്ങല്ലൂരിലെ ചേരമാൻ പെരുമാളിൽ നിന്ന് ചില അധികാര അവകാശങ്ങൾ നേടിയെടുത്തു എന്നും വിശ്വസിക്കപ്പെടുന്നു.[54] ക്നായി തോമയ്ക്കും കൂടെ വന്നവർക്കും ചേരമാൻ പെരുമാൾ കൊടുങ്ങല്ലൂരിന്റെ തെക്കൻ ഭാഗത്ത് ഒരു പട്ടണം അനുവദിച്ചു എന്നും കൊടുങ്ങല്ലൂരിൽ ഇതിനുമുമ്പേ അധിവസിച്ചിരുന്ന നസ്രാണികൾ വടക്കൻ മേഖലയിലാണ് കഴിഞ്ഞിരുന്നത് എന്നും വിശ്വസിക്കപ്പെടുന്നു. തെക്കുംഭാഗക്കാർ, വടക്കുംഭാഗക്കാർ എന്നീ വംശീയ വിഭാഗങ്ങളുടെ ഉത്ഭവത്തിന്റെ കാരണം ഇതാണ് എന്ന് അനുമാനങ്ങൾ നിലവിലുണ്ട്.[55] ക്നായി തോമായുടെ ആഗമനം അക്കാലത്ത് പൗരോഹിത്യ നേതൃത്വവും മതപണ്ഡിതരും ഇല്ലാതെ വലഞ്ഞിരുന്ന നസ്രാണികൾക്ക് സഹായകരമായി എന്നും മാണിക്കവാചകരുടെ പ്രവർത്തനങ്ങളെ ചെറുക്കാൻ അവരെ സുശക്തരാക്കി എന്നും മാർ തോമാ നസ്രാണികളുടെ പരമ്പരാഗത ചരിത്രവിവരങ്ങൾ പ്രതിപാദിക്കുന്നു.[56] സുറിയാനി ക്രിസ്തീയതയുടെ ഭാഗമായ പൗരസ്ത്യ സുറിയാനി സഭയുമായി അവരെ യോജിപ്പിച്ചത് ഈ സംഭവമാണെന്നും വിശ്വസിക്കപ്പെടുന്നു.[1][57][58]

ഒമ്പതാം നൂറ്റാണ്ടിലോ അതിനുശേഷമോ ആയിരിക്കാം ക്നായി തോമാ യഥാർത്ഥത്തിൽ വന്നത് എന്നാണ് വിവിധ ആധുനിക ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. ക്നായി തോമായ്ക്ക് കൊടുങ്ങല്ലൂരിലെ ചേരമാൻ പെരുമാളിൽ നിന്ന് ലഭിച്ച അധികാര അവകാശങ്ങൾ ചെമ്പോലകളിൽ രേഖപ്പെടുത്തപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നു. ക്നായി തോമൻ ചെപ്പേടുകൾ എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ച ഇവ പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരുടെ കൈവശം എത്തിച്ചേരുകയും അവരുടെ കൃത്യവിലോപം കൊണ്ട് നഷ്ടപ്പെടുകയും ചെയ്തു. നസ്രാണികളുടെ പൊതുവായ ഉന്നത സാമൂഹിക സ്ഥിതിയ്ക്ക് കാരണമായി നിലനിന്ന ഇവയുടെ നഷ്ടപ്പെടൽ അവർക്ക് വലിയ വൈകാരിക പ്രശ്നമായി.[59][56][60] പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപകുതിയിൽ തെക്കുംഭാഗർ, ക്നാനായ എന്ന പുതിയ പേര് രൂപീകരിച്ച് വ്യാപകമായി ഉപയോഗിക്കാൻ ആരംഭിക്കുന്നതുവരെ, അതേ പേര് മാത്രമാണ് പ്രധാനമായും പ്രചാരത്തിൽ ഉണ്ടായിരുന്നത്. [61]

രേഖപ്പെടുത്തപ്പെട്ട ചരിത്രം

പേർഷ്യൻ ബന്ധം

 
ഇന്ത്യൻ മഹാസമുദ്രത്തിലെ പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്തൻ പ്രവിശ്യകൾ, രൂപതകൾ, സുമുദ്രാന്തര പാതകളിലെ മറ്റ് കേന്ദ്രങ്ങൾ എന്നിവ

ആറാം നൂറ്റാണ്ടിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരവും ശ്രീലങ്ക അടക്കമുള്ള ദ്വീപുകളും സന്ദർശിച്ച അലക്സാണ്ട്രിയക്കാരനായ ഗ്രീക്ക് സഞ്ചാരി കോസ്മാസ് ഇൻഡികോപ്ല്യൂസ്റ്റസ് ആണ് ഇന്ത്യയിലെ ക്രിസ്ത്യാനികളെ പറ്റി ആദ്യ നേർസാക്ഷ്യം എഴുതുന്നത്.[62][63][64] അദ്ദേഹത്തിൻറെ "തോപ്പോഗ്രഫിയാ ക്രിസ്ത്യാനാ" എന്ന പുസ്തകത്തിൽ ഇന്ത്യയിൽ ക്രിസ്ത്യൻ സാന്നിധ്യമുള്ള മൂന്നു പ്രദേശങ്ങളെ പറ്റി രേഖപ്പെടുത്തിയിരിക്കുന്നു. പേർഷ്യയിൽ നിന്ന് നിയമിക്കപ്പെട്ട ഒരു ബിഷപ്പ് പ്രവർത്തിച്ചിരുന്ന കല്യാണ, തപ്രൊബാനെ എന്ന ശ്രീലങ്ക, കുരുമുളക് വിളയുന്ന മാലി പ്രദേശം എന്നിവയാണ് അവ. കിഴക്കിന്റെ കാതോലിക്കോസ് ആബാ 1ാമന്റെ നേതൃത്വത്തിലുള്ള പേർഷ്യൻ ബന്ധമുള്ള ക്രൈസ്തവരുടെ സാന്നിധ്യമാണ് കോസ്മാസ് വിവരിക്കുന്നത്.[b]

കിഴക്കിന്റെ സഭയുടെ ബാഹ്യ സഭാപ്രവിശ്യകളിൽ ഒന്നായ പാർസ് പ്രവിശ്യയുടെ മെത്രാപ്പോലീത്തയാണ് ഇന്ത്യയിലെ സഭ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ സഭാഭരണത്തിന്റെ മേൽനോട്ടം നടത്തിയിരുന്നത്. ആറാം നൂറ്റാണ്ടിൽ റെവ് അർദാശിറിലെ മെത്രാപ്പോലീത്തയായിരുന്ന മാന ഇന്ത്യ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ പള്ളികളിലെ ഉപയോഗത്തിന് പാഹ്ലവി ഭാഷയിൽ എഴുതിയ മതഗ്രന്ഥങ്ങളും ദിയദോറിന്റെയും തിയദോറിന്റെയും ഗ്രീക്കിൽ നിന്ന് സുറിയാനിയിലേക്ക് തർജ്ജമ ചെയ്യപ്പെട്ട കൃതികളും അയച്ചുകൊടുത്തതായി സീർത്തിന്റെ നാളാഗമം സാക്ഷ്യപ്പെടുത്തുന്നു.[65][66]

ഏഴാം നൂറ്റാണ്ടോടെ ഇന്ത്യയിലെ ക്രിസ്ത്യാനികളും റെവ് അർദാശിറിലെ മെത്രാപ്പോലീത്തയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായി. കിഴക്കിന്റെ കാതോലിക്കോസ് ഈശോയാബ് 3ാമനും റെവ് അർദാശിറിലെ ശിമയോനും തമ്മിൽ ഉടലെടുത്ത കലഹത്തിന്റെ കാരണങ്ങളിൽ ഒന്നായി ഇത് മാറി. ഇന്ത്യൻ ക്രിസ്ത്യാനികൾ തന്നെ വ്രണപ്പെടുത്തിയതിനാൽ "ഖാല" എന്ന സ്ഥലത്തേക്ക് ഒരു ബിഷപ്പിനെ നിയമിക്കാൻ ശിമയോൻ വിസമ്മതിച്ചതായും ഇന്ത്യയിലേക്ക് ബിഷപ്പുമാരെയും വൈദികരെയും അയക്കാതെ ജനങ്ങളെ ശിമയോൻ ആത്മീയ അന്ധകാരത്തിൽ നിർത്തി എന്നും ഈശോയാബ് കുറ്റപ്പെടുത്തുന്നു.[67] കാതോലിക്കോസിന് എതിരെ വിമതനിലപാട് തുടർന്ന പാർസിലെ സഭാനേതൃത്വം തങ്ങൾ തോമാശ്ലീഹായിൽ നിന്ന് വിശ്വാസം സ്വീകരിച്ചവരാണെന്നും അതുകൊണ്ട് സെലൂക്യാ-ക്ടെസിഫോണിലെ മാറിയുടെ സിംഹാസനത്തെ തങ്ങൾ അനുസരിക്കേണ്ടകാര്യമില്ല എന്ന് പറഞ്ഞിരുന്നതായി യാക്കോബായ ചരിത്രകാരനായ ഗ്രിഗോറിയോസ് ബർ എബ്രായാ രേഖപ്പെടുത്തിയിരിക്കുന്നു.[68]

ഇന്ത്യാ മെത്രാസനം

സമുദായം വലുതാവുകയും പേർഷ്യൻ ക്രിസ്ത്യാനികളുടെ കുടിയേറ്റം വർദ്ധിക്കുകയും ചെയ്തതോടെ ആദ്യം സെലൂക്യാ-ക്ടെസിഫോണിലും പിന്നീട് ബാഗ്ദാദിലും ആസ്ഥാനമായ കിഴക്കിന്റെ സഭയുമായുള്ള ഇന്ത്യൻ ക്രൈസ്തവരുടെ ബന്ധവും ശക്തിപ്പെട്ടു. എഴാം നൂറ്റാണ്ടിൽ കിഴക്കിന്റെ കാതോലിക്കോസ് ആയിരുന്ന ഈശോയാബ് 3ാമൻ മാർ തോമാ നസ്രാണികളുടെമേലുള്ള സഭയുടെ സ്വാധീനം കൂടുതൽ ശക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നടന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവമായിരുന്നു ഇന്ത്യൻ മെത്രാസനത്തിന്റെ സ്ഥാപനം. അക്കാലഘട്ടം വരെ പാർസിലെ മെത്രാപ്പോലീത്തയുടെ ഭരണത്തിൻ കീഴിൽ ഉണ്ടായിരുന്ന ഇന്ത്യയിലെ ക്രിസ്ത്യാനികൾ ആ സംവിധാനത്തിൽ നിന്ന് വേർതിരിക്കപ്പെടുകയും അവർക്കായി വ്യതിരിക്തമായ ഒരു പുതിയ മെത്രാസന പ്രവിശ്യ രൂപികരിക്കപ്പെടുകയും ചെയ്തു.[69][65] എട്ടാം നൂറ്റാണ്ടിൽ കാതോലിക്കോസ് തിമോത്തെയോസ് 1ാമൻ സഭയുടെ ബാഹ്യ പ്രവിശ്യകളിൽ ഒന്നായി ഇന്ത്യാ മെത്രാസനത്തെ സംഘടിപ്പിക്കുകയും അതിന് സ്വയം ഭരണാധികാരം നൽകുകയും ചെയ്തു.[9] അക്കാലഘട്ടം മുതലെങ്കിലും 'അഖിലേന്ത്യയുടെ ക്രൈസ്തവ സഭ മുഴുവന്റെയും മെത്രാപ്പോലീത്തയും മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിന്റെ അധികാരിയും' എന്ന ശീർഷകത്തിൽ കാതോലിക്കോസ് നിയമിക്കുന്ന മെത്രാപ്പോലീത്തയും തദ്ദേശീയനായ അർക്കദിയാക്കോനും ഉള്ള ഒരു സംവിധാനമായി ഈ മെത്രാസനം മാറി.[5][8] കൊടുങ്ങല്ലൂരോ തോമാശ്ലീഹാ കബറിടം സ്ഥിതിചെയ്യുന്ന മൈലാപ്പൂരിൽ തന്നെയോ ആയിരുന്നിരിക്കാം ഈ മെത്രാപ്പോലീത്തയുടെ ആസ്ഥാനം.[8] 1301ഓടെ മെത്രാപ്പോലീത്തയുടെ ആസ്ഥാനം മലബാറിലെ "ശെംഗല" എന്ന രാജനഗരം ആയിരുന്നു. ആധുനിക കൊടുങ്ങല്ലൂരിന് സമീപമായിരുന്നു ഇത് സ്ഥിതി ചെയ്തിരുന്നത് എന്ന് കരുതപ്പെടുന്നു.[70]

മദ്ധ്യകാലഘട്ടം

 
തരിസാപ്പള്ളി ശാസനം – മദ്ധ്യകാല മലബാറിൽ മാർ തോമാ നസ്രാണികൾ അനുഭവിച്ചിരുന്ന പദവികളുടെയും സ്വാധീനത്തിന്റെയും വിശ്വസനീയമായ തെളിവുകളിലൊന്ന്.[71] ഈ രേഖയിൽ പാഹ്ലവി, കുഫിക്, ഹീബ്രു എന്നീ ലിപികളിൽ ഒപ്പുകൾ ഉണ്ട്.[72] ദക്ഷിണേന്ത്യയിൽ ഒരു പേർഷ്യൻ ക്രിസ്ത്യൻ സമൂഹത്തിന്റെ സാന്നിധ്യം സാക്ഷ്യപ്പെടുത്തുന്ന ഇന്ത്യയിലെ ഏറ്റവും പഴയ രേഖയാണിത്.[73][74]

മാർ തോമാ നസ്രാണികളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായി കുരക്കേണി കൊല്ലം ഇക്കാലത്ത് വളർന്നു വന്നു. തോമാശ്ലീഹാ സ്ഥാപിച്ചു എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്ന ഏഴരപ്പള്ളികളിൽ ഒന്നാണ് കൊല്ലത്തെ പള്ളി.[75] 849ലെ തർസ്സാപ്പള്ളി ശാസനം കൊല്ലത്തെ ചരിത്രപ്രസിദ്ധമായ തർസാപ്പള്ളിയെക്കുറിച്ച് വിവരങ്ങൾ നൽകുന്നു.[74] അക്കാലത്ത് മലബാറിലെത്തി സഭാ ഭരണം നിർവഹിച്ച പേർഷ്യൻ ക്രൈസ്തവ ആചാര്യന്മാരായ സാപോർ, അപ്രോത്ത് എന്നിവരാണ് നശിച്ചുകിടന്നിരുന്ന ഈ പള്ളി പുനർനിർമ്മിച്ചത് എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു.[76] കൊടുങ്ങല്ലൂർ ആസ്ഥാനമായി ഭരിച്ചിരുന്ന ചേര ചക്രവർത്തി സ്ഥാണു രവി കുലശേഖര പെരുമാളിന്റെ സാമന്തനായിരുന്ന അയ്യനടികൾ തിരുവടികൾ എന്ന വേണാട് രാജാവ് ആണ് തർസാപ്പള്ളി ശാസനം നൽകിയത്.[77][78] മറുവാൻ സാപിർ ഈശോ എന്ന പേർഷ്യൻ വാണിജ്യപ്രമുഖനാണ് ഈ ശാസനം നൽകപ്പെട്ടത്.[79][80][81][82][83]

കുരക്കേണി കൊല്ലം തുറമുഖ പട്ടണത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് നിലവിൽ പ്രചാരത്തിലിരിക്കുന്ന കേരളീയ കാലഗണനാ സംവിധാനമായ "കൊല്ലവർഷം" നിലവിൽ വന്നത്.[84] പാണ്ഡ്യ, പല്ലവ മേധാവിത്വത്തിലെത്തിയ സമുദ്രാന്തര വ്യാപാര മേഖലയിൽ ചേര സാമ്രാജ്യത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിൽ കൊല്ലം വഹിച്ച പങ്ക് വലുതായിരുന്നു.[85] കൊല്ലം പട്ടണത്തിന്റെയും സ്ഥാപനവും തർസ്സാപ്പള്ളിയുടെ നിർമ്മാണവും നടത്തിയത് പേർഷ്യയിൽ നിന്ന് അയയ്ക്കപ്പെട്ട സാബോർ, അപ്രോത്ത് എന്നീ മെത്രാന്മാരാണ് എന്നാണ് പരമ്പരാഗത വിശ്വാസം. കൊല്ലം പട്ടണം സ്ഥാപിച്ച് അവിടെ തർസാപ്പള്ളി പുനർനിർമ്മിച്ച അവർ മലബാറിൽ ഉടനീളം സഞ്ചരിക്കുകയും തകർന്നുകിടന്ന പുരാതന പള്ളികൾ പുതുക്കി പണിയുകയും പള്ളികൾ ഇല്ലാത്ത ഇടങ്ങളിൽ പുതിയ പള്ളികൾ സ്ഥാപിക്കുകയും ചെയ്തു. നസ്രാണികളുടെ സാമൂഹികവും മതപരവുമായ വളർച്ചയ്ക്ക് കാരണഭൂതരായ ഇവരെ "കന്ദീശങ്ങൾ" അല്ലെങ്കിൽ "കാദീശങ്ങൾ" എന്നപേരിൽ വിശുദ്ധന്മാരായി നസ്രാണികൾ വണങ്ങുകയും പല സ്ഥലങ്ങളിലും അവരുടെ പേരിൽ പള്ളികൾ നിലവിൽ വരികയും ചെയ്തു. പ്രധാനമായും പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലെ പള്ളികളാണ് സാബോർ, അപ്രോത്ത് എന്നിവരുടെ പേരിൽ അറിയപ്പെട്ടിരുന്നത്. സാധാരണഗതിയിൽ മറുവാൻ സാപിർ ഈശോ (അഥവാ ഈശോദ താപിർ) ഒന്നെങ്കിൽ സാബോർ, അപ്രോത്ത് എന്നീ മെത്രാന്മാരെ കൊല്ലത്ത് എത്തിച്ച ആളായോ അല്ലെങ്കിൽ അവരിലെ മുതിർന്ന ആൾ ആയ സാബോർ തന്നെയായോ ആണ് കണക്കാക്കപ്പെടുന്നത്. അയ്യനടികൾ തിരുവടികളിൽ നിന്ന് മറുവാൻ തർസ്സാപ്പള്ളി ശാസനം വഴി വിദേശ വ്യാപാരത്തിന്റെ മേൽനോട്ടം വഹിക്കാനും പട്ടണത്തിലെ അളവുകളുടെയും തൂക്കങ്ങളുടെയും നിയന്ത്രണം കൈവശം വയ്ക്കാനും നികുതികൾ പിരിക്കാനും ഉള്ള അവകാശം ക്രിസ്ത്യാനികൾക്ക് ലഭിച്ചു.[86] ക്നായി തോമയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിലേക്ക് നടന്നു എന്ന് വിശ്വസിക്കപ്പെടുന്ന കുടിയേറ്റത്തിന് പുറമേ മലബാറിലേക്ക് നടന്ന ഏറ്റവും വലിയ പേർഷ്യൻ ക്രൈസ്തവ കുടിയേറ്റവും ഈ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഉണ്ടായത്. [87]

 
1375ലെ കാറ്റലൻ ഭൂപടം. "കൊളൊംബോയുടെ രാജാവ് (കൊളൊംബോ അഥവാ കൊല്ലം, പതാക:  , ക്രൈസ്തവ പട്ടണം ആണ് എന്ന് സൂചന)[88][89][90] രാജാവിന് മുകളിലുള്ള ശീർഷകം: ക്രിസ്ത്യാനിയായ കൊളംബോ രാജാവാണ് ഇവിടെ ഭരിക്കുന്നത്.[91] തീരങ്ങളിലെ കറുത്ത പതാകകൾ ( ) ദില്ലി സുൽത്താനേറ്റിനെ സൂചിപ്പിക്കുന്നു.

മദ്ധ്യപൂർവ്വദേശത്തെ ഇസ്ലാമിക ഭരണകാലത്തിനിടയിലും പാശ്ചാത്യ ക്രൈസ്തവ ലോകത്തിലേക്ക് ഇന്ത്യയിലെ ക്രിസ്ത്യാനികളെക്കുറിച്ച് അവ്യക്തമായ ചില വിവരങ്ങൾ എത്തിയിരുന്നു [92] 883ൽ ഇംഗ്ലീഷ് രാജാവ് മഹാനായ ആൽഫ്രഡ് ഇന്ത്യയിലെ തോമാശ്ലീഹായുടെ കബറിടത്തിലേക്ക് കാഴ്ചകളുമായി ഒരു സംഘത്തെ അയച്ചു എന്ന് പറയപ്പെടുന്നു.[92] കുരിശുയുദ്ധകാലത്ത് യൂറോപ്യൻ സഞ്ചാരികൾ അക്കാലത്തെ കിഴക്കിന്റെ സഭയുടെ വളർച്ചയെയും ഇന്ത്യയിലെയും മംഗോളിയൻ രാജാക്കന്മാരുടെ ഇടയിലെയും സഭയുടെ ശക്തമായ സ്വാധീനത്തെയും കുറിച്ച് മിഴിവാർന്ന വിവരണങ്ങൾ യൂറോപ്പിൽ എത്തിച്ചു. ക്രൈസ്തവ പുണ്യസ്ഥലങ്ങൾ കൈവശം വെച്ചിരിക്കുന്ന ഇസ്ലാമിക രാജാക്കന്മാർക്കെതിരെ പൗരസ്ത്യ ദേശത്ത് ഒറ്റപ്പെട്ട് കിടക്കുന്ന ഇന്ത്യയിലെ ശക്തനായ ക്രൈസ്തവ രാജാവ് തങ്ങളോടൊപ്പം സഖ്യം ചേരും എന്ന് കുരിശുയുദ്ധക്കാർ പ്രതീക്ഷിച്ചു. പ്രസ്റ്റർ ജോൺ എന്ന യൂറോപ്പ്യൻ ഐതിഹ്യത്തിന്റെ തുടക്കം ഇവിടെയാണ്.[93]

 
കിഴക്കിന്റെ സഭയും പതിനാലാം നൂറ്റാണ്ടിലെ അതിന്റെ പ്രവിശ്യകളും രൂപതകളും സ്വാധീന മേഖലകളും

സഭയുടെ ഹൃദയഭൂമിയായ മെസപ്പൊട്ടാമിയായും ഇന്ത്യയും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ അകലവും അക്കാലത്ത് മദ്ധ്യപൂർവദേശത്ത് അരങ്ങേറി കൊണ്ടിരുന്ന രാഷ്ട്രീയ അസ്ഥിരതയും ഇന്ത്യയിലെ ക്രിസ്ത്യാനികളും കിഴക്കിന്റെ സഭയുടെ നേതൃത്വവും തമ്മിലുള്ള തുടർച്ചയായ ബന്ധം പലപ്പോഴും നിലയ്ക്കുന്നതിന് കാരണമായി.[94][95]

ഇന്ത്യയിൽ നിന്ന് ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും പുരാതനമായ സുറിയാനി കയ്യെഴുത്ത് പ്രതി പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തിലേതാണ്. [5][96] വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളുടെ ഒരു വായനാ പുസ്തകമായ ഇത് 1301ൽ (സെലൂസിഡ് വർഷം 1612) മലബാറിലെ രാജനഗരമായ ശെംഗലയിൽ (സുറിയാനി: ܫܸܢܓܲܲܠܐ) അവിടത്തെ മാർ കുര്യാക്കോസ് സഹദായുടെ നാമധേയത്തിൽ നിലനിന്നിരുന്ന പള്ളിയിൽ വച്ച് എഴുതപ്പെട്ടതാണ്. [96][97][87][98] കിഴക്കിന്റെ സഭയുടെ പരമാദ്ധ്യക്ഷനായ യാഹ്ബാലാഹാ കാതോലിക്കോസിനെയും ഇന്ത്യയിലെ മെത്രാപ്പോലീത്തയായ മാർ യാക്കോവിനെയും ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇതിൽ ഇന്ത്യയുടെ മെത്രാപ്പോലീത്തയുടെ ശീർഷകം ഇപ്രകാരം നൽകിയിരിക്കുന്നു: "മാർത്തോമാ ശ്ലീഹായുടെ പരിശുദ്ധ സിംഹാസനത്തിന്റെ മേൽനോട്ടക്കാരനും ഭരണാധികാരിയും അഥവാ ഞങ്ങളുടെയും ക്രൈസ്തവ ഇന്ത്യയുടെ പരിശുദ്ധ സഭ മുഴുവന്റേയും ഭരണാധികാരിയും".[99][96][100] ഇതിൽ കാതോലിക്കോസ് യാഹ്ബാലാഹാ 3ാമനെ 5ാമൻ എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. [5] സഭാനേതൃത്വത്തെക്കുറിച്ച് വ്യക്തമായ അറിവ് ലഭിക്കാത്തതായിരിക്കാം ഇതിന് കാരണം എന്ന് ചരിത്രകാരനായ ജെ. പി. എം. വാൻഡെർപ്ലോഗ് അഭിപ്രായപ്പെടുന്നു.[101]

പതിനാലാം നൂറ്റാണ്ടോടെ ഏഷ്യയിലെ കിഴക്കിന്റെ സഭയുടെ പ്രധാന സ്വാധീന മേഖലകളിൽ പലയിടത്തും സഭയ്ക്ക് വലിയ തകർച്ച ഉണ്ടായി. ഇക്കാലഘട്ടത്തിൽ ഇന്ത്യയുമായുള്ള ബന്ധം നിലയ്ക്കുകയും അവിടെ ദീർഘകാലമായി മെത്രാപ്പോലീത്തമാർ ആരും ഇല്ലാത്ത അവസ്ഥ വരികയും ചെയ്തു. അർക്കദിയാക്കോൻ പദവിയുടെ അധികാരങ്ങൾ ഇന്ത്യൻ ക്രൈസ്തവരുടെ ഇടയിൽ കൂടുതൽ ശക്തമാകുന്നതിന് ഇത് കാരണമായി.[102]

 
1329–1338 കാലത്ത് ജൊർദാനൂസ് എഴുതിയ മിറാബിലിയ ഡിസ്ക്രിപ്റ്റ.

വെനീഷ്യൻ സഞ്ചാരിയായ മാർക്കോ പോളോ പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ ഇന്ത്യയിലൂടെ നടത്തിയ യാത്രകളുടെ വിവരണത്തിലും ഇന്ത്യയിലെ ക്രിസ്ത്യാനികളെക്കുറിച്ച് ചില പരാമർശങ്ങൾ ഉണ്ട്. കൊല്ലത്ത് ക്രൈസ്തവ സമൂഹം ശക്തമാണെന്ന് അദ്ദേഹം രേഖപ്പെടുത്തി. ശ്രീലങ്കയുമായി അടുത്തുകിടക്കുന്ന ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള പള്ളിയെയും അതിനുള്ളിലെ തോമാശ്ലീഹായുടെ കബറിടത്തെയും കുറിച്ചും അദ്ദേഹം പരാമർശിക്കുന്നു.[103][104]

റോമൻ കത്തോലിക്കാ മിഷനറി ആയിരുന്ന ജൊർദാനൂസ് കാറ്റലാനിയെ 1329ൽ കൊല്ലത്തെ റോമൻ കത്തോലിക്കാ ബിഷപ്പായി ജോൺ 22ാമൻ മാർപ്പാപ്പ നിയമിച്ചു. ഇദ്ദേഹത്തിൻറെ എഴുത്തുകളിൽ മാർ തോമാ നസ്രാണികളെക്കുറിച്ച് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മലബാറിലെ ക്രിസ്ത്യാനികൾ തോമാശ്ലീഹായ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് എന്നും അദ്ദേഹം എഴുതി.[105][106] ജൊർദാനൂസുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മാർപ്പാപ്പ 1330 ഏപ്രിൽ 5ന് കൊല്ലത്തെ 'നസ്രാണി ക്രിസ്ത്യാനി' സമൂഹത്തിന്റെ നേതാവിനെ അഭിസംബോധന ചെയ്ത് ഒരു കത്ത് എഴുതി അയക്കുകയും ചെയ്തു. [107]

ഇറ്റാലിയൻ കത്തോലിക്കാ മിഷനറി ആയിരുന്ന ജിയോവാന്നി ഡി മരിഗ്നോളിയും മാർ തോമാ നസ്രാണികളെക്കുറിച്ച് ഒരു വിവരണം നൽകുന്നുണ്ട്. 1347ൽ കൊല്ലത്ത് എത്തിച്ചേർന്ന അദ്ദേഹം അവിടത്തെ നസ്രാണികളുടെ അതിഥിയായി കുറേക്കാലം കഴിഞ്ഞു. കൊല്ലത്ത് നസ്രാണികൾ സ്വാധീനമുള്ളവരാണെന്നും അവർ 'മൊതലിയാർ' എന്നാണ് അറിയപ്പെടുന്നത് എന്നും കുരുമുളകിൻറെ കൃഷിയും വിപണനവും അവരാണ് നടത്തുന്നത് എന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.[108][109]

പതിനഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും കിഴക്കിന്റെ സഭയുടെ സ്വാധീനം മെസപ്പൊട്ടോമിയയിലെ മലമ്പ്രദേശത്തേക്ക് ചുരുങ്ങിയിരുന്നു. മംഗോളിയൻ ഭരണാധികാരികൾ ഇസ്ലാം മതം സ്വീകരിച്ച ശേഷം ക്രൈസ്തവർക്ക് എതിരേ ആരംഭിച്ച മതമർദ്ദനങ്ങളും പകർച്ചവ്യാധികളും വംശീയപ്രശ്നങ്ങളും എല്ലാമാണ് ഈ അവസ്ഥയിലേക്ക് നയിച്ചത്. ഇക്കാലഘട്ടത്തിൽ സഭയിലെ കാതോലിക്കോസ് സ്ഥാനവും മറ്റ് പല മെത്രാപ്പോലീത്തൻ പദവികളും ചില കുടുംബങ്ങളുടെ നിയന്ത്രണത്തിൽ ആയി. ചൈന, മദ്ധ്യേഷ്യ, പശ്ചിമേഷ്യ എന്നിവടങ്ങളിലെല്ലാം വ്യാപിച്ചുകിടന്ന സഭയുടെ സാന്നിധ്യം ഏതാണ്ട് പൂർണ്ണമായി അപ്രത്യക്ഷമാകുന്നതിനും ഇക്കാലഘട്ടം സാക്ഷിയായി. അപ്പോഴേക്കും ഇന്ത്യയിലെ സഭ പഴയ ബൃഹത്തായ പൗരസ്ത്യ സുറിയാനി സഭാസംവിധാനത്തിന്റെ ഒറ്റപ്പെട്ട തുരുത്തായി മാറിക്കഴിഞ്ഞിരുന്നു. കാതോലിക്കോസുമായി ബന്ധം ഇല്ലാതായ മാർ തോമാ നസ്രാണികൾക്ക് മെത്രാന്മാരോ വൈദികരോ ഇല്ലാത്ത അവസ്ഥ ഉണ്ടായി. ആകെ അവശേഷിച്ച ശെമ്മാശന്മാർ കുർബാന ചൊല്ലൽ അടക്കമുള്ള പുരോഹിതരുടെ കടമകൾ നിറവേറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇതിനേത്തുടർന്ന് 1490ൽ മാർ തോമാ നസ്രാണികളുടെ ഒരു പ്രതിനിധിസംഘം കാതോലിക്കോസ് ശിമയോൻ 4ാമനെ ചെന്ന് കാണുകയും ഇന്ത്യയിലേക്ക് ഒരു മെത്രാനെ അയക്കാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു.[110] അവരിൽ ഗീവർഗ്ഗീസ്, യൗസേപ്പ് എന്നിവർ കാതോലിക്കോസിൽ നിന്ന് പുരോഹിതരായി പട്ടമേൽക്കുകയും ചെയ്തു. മലബാറിലെത്തിശേഷം നസ്രാണികളുടെ അർക്കദിയാക്കോൻ പദവി ഏറ്റെടുത്ത പകലോമറ്റം ഗീവർഗ്ഗീസ്, പോർച്ചുഗീസുകാരോടൊപ്പം റോമിലേക്ക് യാത്ര നടത്തി ഇന്ത്യൻ ക്രൈസ്തവരെക്കുറിച്ച് വിവരണം നൽകിയ ഇന്ത്യാക്കാരൻ യൗസേപ്പ് എന്നിവരാണ് ഇവർ. 1507ൽ പേസി നൊവാമെന്തേ റെത്രോവാത്തിയുടെ നാലാം പുസ്തകത്തിൽ യൗസെപ്പിന്റെ വിവരണം പ്രസിദ്ധീകരിക്കപ്പെട്ടു.[5] കാതോലിക്കോസ് ഇന്ത്യൻ ക്രൈസ്തവരുടെ അഭ്യർത്ഥന മാനിച്ച് മാർ തോമാ, മാർ യോഹന്നാൻ എന്നീ രണ്ട് മെത്രാന്മാരെ ഇന്ത്യയിലേക്ക് നിയമിച്ചു. കിഴക്കിന്റെ സഭയുമായുള്ള നസ്രാണികളുടെ ബന്ധം പുനരുജ്ജീവിപ്പിക്കുന്നതിൽ ഈ സംഭവം നിർണ്ണായകമായി.[111][5][112] തുടർന്ന് മാർ തോമാ കാതോലിക്കോസിനുള്ള നസ്രാണികളുടെ ഉപഹാരങ്ങളുമായി തിരിച്ചുപോയി. 1503ൽ കാതോലിക്കോസ് ഏലിയാ 5ാമൻ മാർ യാഹ്ബാലാഹായെ ഇന്ത്യയുടെ അടുത്ത മെത്രാപ്പോലീത്തയായി നിയമിച്ചു. മാർ തോമായും മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടു. ഈ രണ്ട് മെത്രാപ്പോലീത്താമാരും അവരോടൊപ്പം യാക്കോവ്, ദനഹാ എന്നീ രണ്ട് ബിഷപ്പുമാരും ഇന്ത്യ, ചൈന, ദ്വീപുസമൂഹങ്ങൾ എന്നീ മെത്രാസനങ്ങളുടെ ചുമതലയേൽപ്പിക്കപ്പെട്ട് മലബാറിലേക്ക് അയയ്ക്കപ്പെട്ടു. ഈ നടപടികൾ പൗരസ്ത്യ സുറിയാനി പാത്രിയർക്കാസനവും ഇന്ത്യൻ മെത്രാസനവും തമ്മിലുള്ള പരമ്പരാഗത ബന്ധം പുനരുജ്ജീവിപ്പിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്തു. മലബാറിലെത്തിച്ചേർന്ന പുതിയ ബിഷപ്പുമാർ ഇന്ത്യയിലെ സഭയെക്കുറിച്ചും മാർ തോമാ നസ്രാണികളെക്കുറിച്ചും കാതോലിക്കോസിന് ഒരു വിവരണവും എഴുതി അയച്ചു. ഏലിയാ 5ാമൻ അപ്പോഴേക്കും മരിച്ചുകഴിഞ്ഞിരുന്നതിനാൽ അദ്ദേഹത്തിൻറെ പിൻഗാമി കാതോലിക്കോസ് ശിമയോൻ 5ാമന്റെ പക്കലാണ് ഈ കത്ത് എത്തിച്ചേർന്നത്. ഇക്കാലം ആയപ്പോഴേക്കും ഇന്ത്യയിൽ പോർച്ചുഗീസുകാരുടെ വരവിനെ തുടർന്നുണ്ടായ രാഷ്ട്രീയവും സാമൂഹികവും വാണിജ്യപരവുമായ മാറ്റങ്ങൾക്ക് നസ്രാണികളും അവരുടെ മതാചാര്യന്മാരും വിധേയരാകാൻ തുടങ്ങിയിരുന്നു. മതപരവും സാമുദായികവുമായ തലങ്ങളിലേക്കും ഇത് വ്യാപിച്ചതോടെ പുതിയ പ്രശ്നങ്ങൾക്ക് തുടക്കമായി.[c]

പോർച്ചുഗീസ് കാലഘട്ടം

പോർച്ചുഗീസുകാരുടെ ആഗമനം

കോൺസ്റ്റാന്റിനോപ്പിൾ, മദ്ധ്യപൂർവ്വദേശം, ഈജിപ്ത് തുടങ്ങിയ പ്രദേശങ്ങളിലൂടെ നീണ്ടുകിടന്നിരുന്ന പരമ്പരാഗത വാണിജ്യ പാതകൾ ഇസ്ലാമിക ഖിലാഫത്തുകളുടെ നിയന്ത്രണത്തിൻകീഴിൽ ആയതോടെ യൂറോപ്യൻ ക്രൈസ്തവ രാജ്യങ്ങൾക്ക് ഇന്ത്യയുമായി വ്യാപാരത്തിന് അധിക നികുതി കൊടുക്കേണ്ടതായും നിയന്ത്രണങ്ങളും സംഘർഷകാലങ്ങളിൽ നിരോധനങ്ങളും നേരിടേണ്ടതായും വന്നു. ഈ പ്രതിസന്ധി മറികടക്കാൻ ഇന്ത്യയിലേക്ക് ഒരു പുതിയ സമുദ്രപാത കണ്ടെത്താൻ സ്പാനിഷ്, പോർച്ചുഗീസ് നവികർ ശ്രമം തുടങ്ങി. ഇതിൽ വിജയിച്ചത് 1498ൽ മലബാർ തീരത്ത് എത്തിച്ചേർന്ന പോർട്ടുഗീസ് നാവികനും പര്യവേഷകനുമായ വാസ്കോ ഡ ഗാമയാണ്. എന്നാൽ ആ യാത്രയിൽ മാർ തോമാ നസ്രാണികളുമായി കണ്ടുമുട്ടാൻ അദ്ദേഹത്തിന് സാധിച്ചില്ല. മാർ തോമാ നസ്രാണികൾ പോർച്ചുഗീസുകാരുമായി ആദ്യമായി സമ്പർക്കത്തിൽ എത്തുന്നത് 1502ൽ പെഡ്രൊ അൽവാറീസ് കബ്രാളിന്റെ നേതൃത്വത്തിലുള്ള സംഘവുമായാണ്.[113] തുടക്കത്തിൽ നസ്രാണികളും പോർച്ചുഗീസുകാരും തമ്മിലുള്ള ബന്ധം സൗഹാർദ്ദപരമായിരുന്നു. അക്കാലത്ത് മലബാറിൽ നസ്രാണികൾ രാഷ്ട്രീയമായ അരക്ഷിതാവസ്ഥ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. പ്രദേശിക രാജാക്കന്മാരുടെയും സ്വന്തം നസ്രാണി പടയാളികളുടെയും സംരക്ഷണയിൽ സുഗന്ധവ്യഞ്ജനങ്ങളുടെയും മറ്റും വ്യാപാരം നാൾക്കുനാൾ അഭിവൃദ്ധിപ്പെട്ടു കൊണ്ടിരിന്നപ്പോഴും അവരുടെ രാഷ്ട്രീയസ്വാധീനം ചുരുങ്ങികൊണ്ടിരുന്നു. വ്യാപാര മേഖലയിൽ ഏർപ്പെട്ടിരുന്ന അന്യസമുദായങ്ങളുമായി സഹകരണത്തിൽ ആയിരുന്നു നസ്രാണി സമുദായം മുന്നോട്ടു പോയിരുന്നത്. എങ്കിലും മുസ്ലിം സമുദായവുമായി പലയിടങ്ങളിലും മത്സരങ്ങൾ രൂക്ഷമായി. സാമൂതിരിയുടെ പിന്തുണയും കോഴിക്കോട് തുറമുഖംവഴി നടന്നിരുന്ന വ്യാപാരത്തിന്റെ മേധാവിത്വവും അവർക്കായിരുന്നു. മദ്ധ്യപൂർവ ദേശത്തും പേർഷ്യയിലുമുള്ള അറബി വ്യാപാരികൾ വഴി തങ്ങളുടെ വ്യാപാര ബന്ധങ്ങൾ കൂടുതൽ ബലവത്താക്കുന്നതിൽ വിജയിച്ച അവർ ക്രമേണ തങ്ങളുടെ സ്വാധീനം തെക്കൻ പട്ടണങ്ങളിലേക്കും തുറമുഖങ്ങളിലേക്കും വ്യാപിപ്പിക്കാൻ ശ്രമം തുടങ്ങി. സാമൂതിരിയുടെ അധിനിവേശം താൽപര്യങ്ങളും ഇതിനോട് ചേർന്നപ്പോൾ കൊടുങ്ങല്ലൂർ അടക്കമുള്ള സ്ഥലങ്ങൾ ഏറ്റുമുട്ടലുകൾക്ക് വേദിയായി. അതേസമയം നസ്രാണി സമൂഹത്തിന് പരമ്പരാഗത സമുദ്രാന്തര വ്യാപാര ലക്ഷ്യസ്ഥാനങ്ങളായ പേർഷ്യ, യെമൻ, ഈജിപ്ത് എന്നിവിടങ്ങളിൽ ഉള്ള ബന്ധങ്ങൾ ദുർബലമായിക്കൊണ്ടിരുന്നു. ഈ നിർണ്ണായക സമയത്തുള്ള പോർച്ചുഗീസുകാരുടെ വരവ് ഈ വിടവ് പരിഹരിക്കുന്നതിനുള്ള പുതിയ സാധ്യതകൾ തുറന്നു. പോർച്ചുഗീസുകാരെ സംബന്ധിച്ചിടത്തോളം പ്രാദേശികമായ സ്വാധീനവും വിപണന വസ്തുക്കളുടെ തുടർച്ചയായ ലഭ്യതയും പ്രാദേശിക നസ്രാണി വ്യാപാര സംഘങ്ങൾ ഉറപ്പുനൽകി.[114]

എന്നാൽ സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടത്തിൽ മാത്രമായിരുന്നില്ല, തങ്ങളുടെ സാമ്രാജ്യത്വ താല്പര്യങ്ങൾ നടപ്പിലാക്കാനും റോമൻ കത്തോലിക്കാ ക്രിസ്തുമതം എല്ലായിടത്തും പ്രചരിപ്പിക്കാനും അവർ പരിശ്രമിച്ചുകൊണ്ടിരുന്നു. ഐബീരിയൻ ഉപദ്വീപിന്റെ റീകോൺക്വെസ്റ്റയുടെ കാലത്ത് രൂപപ്പെട്ട തീവ്രചിന്താഗതികളും ഇതിന്റെ ഭാഗമായി. അധികം വൈകാതെ നസ്രാണികളും പോർച്ചുഗീസുകാരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴാൻ തുടങ്ങി. പോർട്ടുഗീസുകാരുടെ കച്ചവട കുത്തകാവകാശത്തിനും രാഷ്ട്രീയ മേധാവിത്വത്തിനും ഉള്ള ശ്രമങ്ങളും നസ്രാണികളുടെ പൗരസ്ത്യ സുറിയാനി സഭാ ബന്ധവും ആയിരുന്നു ഇതിന് കാരണമായത്. യേശുക്രിസ്തുവിൽ ദൈവവും മനുഷ്യനും എന്നീ രണ്ടു വ്യക്തികൾ ഉണ്ട് എന്ന് വിശ്വസിക്കുന്ന "നെസ്തോറിയൻ പാഷണ്ഡതയുടെ" വാക്താക്കളാണ് നസ്രാണികൾ എന്ന ആരോപണം ഉയർത്തിക്കൊണ്ട് അൽവാറീസ് പെന്റേഡോ എന്ന വൈദികൻ രംഗത്തെത്തി. ലത്തീൻ ആരാധനാക്രമണത്തിനും സഭാ പാരമ്പര്യത്തിനും എതിരെന്നു തോന്നുന്ന പൗരസ്ത്യ സുറിയാനി പാരമ്പര്യങ്ങളും ക്രമങ്ങളും പ്രാദേശിക രീതികളും നിർത്തലാക്കാനും പകരം ലത്തീൻ ക്രമങ്ങൾ നടപ്പിൽ വരുത്താനും പോർച്ചുഗീസുകാർ ശ്രമിച്ചുകൊണ്ടിരുന്നു. വിവിധ പൗരസ്ത്യ സഭകളിൽ കത്തോലിക്കാ മിഷണറിമാർ അടിച്ചേൽപ്പിച്ചു കൊണ്ടിരുന്ന "ലത്തീൻവൽക്കരണത്തിന്റെ" ഭാഗമായിരുന്നു ഇവയും.[115]

പോർച്ചുഗീസ് ആധിപത്യവും പദ്രുവാദോ സംവിധാനവും

സമുദ്ര പര്യവേഷണങ്ങളിലൂടെ തങ്ങൾ കണ്ടെത്തിയ ഭൂപ്രദേശങ്ങളിലും ചെന്നെത്തിയ വ്യാപാര കേന്ദ്രങ്ങളിലും കച്ചവടത്തിനും സഭാഭരണത്തിനും ഉള്ള കുത്തകാവകാശം സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ യൂറോപ്യൻ ശക്തികൾക്ക് മാർപ്പാപ്പ അനുവദിച്ചുകൊടുത്തിരുന്നു. അങ്ങനെ പോർച്ചുഗീസ് പദ്രുവാദോ സംവിധാനം ഇതോടെ ഇന്ത്യ ഉൾപ്പെടെയുള്ള കിഴക്കൻ പ്രദേശങ്ങളിൽ നിലവിൽ വന്നു. ഗോവയിൽ പോർച്ചുഗീസ് ഇന്ത്യയുടെ സർക്കാരിനും ഗോവ ആർച്ചുബിഷപ്പിന് കീഴിൽ ഇന്ത്യയിൽ റോമൻ കത്തോലിക്കാ സഭയുടെ സംവിധാനത്തിനും അവർ തുടക്കം കുറിച്ചു.[116] ഇതിനുശേഷം മലബാറിലെ നസ്രാണികളുടെ സഭാ ഭരണത്തിന്റെ കടിഞ്ഞാൺ പിടിച്ചെടുക്കാൻ പോർച്ചുഗീസുകാർ തീവ്രമായ പരിശ്രമം ആരംഭിച്ചു.[117]

യാഹ്‌ബാലാഹാ മെത്രാപ്പോലീത്തയ്ക്ക് ശേഷം കൊടുങ്ങല്ലൂരിൽ നസ്രാണികളുടെ സഭാ ഭരണം ഏറ്റെടുത്ത യാക്കോവ് ആബൂനയുമായി സൗഹൃദം സ്ഥാപിക്കാൻ പോർച്ചുഗീസുകാർക്ക് സാധിച്ചു. കൊടുങ്ങല്ലൂർ അടക്കമുള്ള സ്ഥലങ്ങളിൽ അധിവസിച്ചിരുന്ന നസ്രാണികൾ അക്കാലത്ത് കോഴിക്കോട് സാമൂതിരിയിൽ നിന്നും മുസ്ലിം വ്യാപാരികളിൽ നിന്നും ഭീഷണികൾ നേരിട്ടുകൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. സാമൂതിരിയുടെ ആക്രമണങ്ങൾ അവിടെ പതിവായിരുന്നു. സാമ്പത്തികമായി തകർന്ന അവിടത്തെ നസ്രാണികളെ സഹായിക്കാൻ തന്റെ കൈവശമുണ്ടായിരുന്ന ക്നായി തോമൻ ചെപ്പേടുകൾ അദ്ദേഹം പണയം വെക്കുകപോലും ചെയ്തു. പോർച്ചുഗീസുകാരുമായി ബന്ധം സ്ഥാപിക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് അദ്ദേഹം കണക്കുകൂട്ടി. മാർ യാക്കോവിലൂടെ നസ്രാണികളെ മുഴുവൻ എളുപ്പത്തിൽ തങ്ങളുടെ രാഷ്ട്രീയവും വ്യാപാരപരവും മതപരവും ആയ അധീശത്വത്തിൻ കീഴിൽ കൊണ്ടുവരാൻ സാധിക്കുമെന്ന് അവർ പ്രതീക്ഷിച്ചു. എന്നാൽ ഇത്തരം നീക്കങ്ങൾ മാർ യാക്കോവിനെ നസ്രാണികൾക്കിടയിൽ ഒറ്റപ്പെടുത്തുകയാണ് ഉണ്ടായത്. മലബാറിലെ മറ്റൊരു ബിഷപ്പ് ആയിരുന്ന മാർ ദനഹാ പോർച്ചുഗീസുകാരുടെ ലത്തീൻവൽക്കരണ ശ്രമങ്ങളെ ചെറുക്കുന്നതിന് നേതൃത്വം കൊടുത്തുകൊണ്ടിരുന്നു.[115][118][119]

മധ്യപൂർവ ദേശത്തുനിന്ന് വരുന്ന പൗരസ്ത്യ സുറിയാനി മെത്രാന്മാർ തങ്ങളുടെ ലക്ഷ്യത്തിന് പ്രതിബന്ധം ആണെന്ന് മനസ്സിലാക്കിയ പോർച്ചുഗീസുകാർ അവരുടെ വരവ് തടയാൻ തീരുമാനിച്ചു. എന്നാൽ ഇതിനെയൊക്കെയും അതിജീവിച്ചും സുറിയാനി മെത്രാന്മാർ മലബാറിൽ എത്തിക്കൊണ്ടിരുന്നു. 1552ൽ കിഴക്കിന്റെ സഭയിലെ കാതോലിക്കോസ് പദവിയിലുള്ള കുടുംബാധിപത്യത്തിൽ പ്രതിഷേധിച്ച് ഒരു സംഘം ആളുകൾ കത്തോലിക്കാ സഭയിൽ ചേരുകയും അങ്ങനെ കൽദായ കത്തോലിക്കാ സഭ രൂപീകരിക്കപ്പെടുകയും ചെയ്തു. ഇത് മെസപ്പൊട്ടാമിയയിലെ കിഴക്കിന്റെ സഭയിൽ പിളർപ്പിന് കാരണമാവുകയും സഭയിലെ ഇരുവിഭാഗങ്ങൾക്കും വെവ്വേറെ സഭാദ്ധ്യക്ഷന്മാർ ഒരേസമയം ഉണ്ടാവുകയും ചെയ്തു. കൽദായ കത്തോലിക്കാ സഭയിൽ നിന്ന് മാർപാപ്പയുടെ അംഗീകാരത്തോടുകൂടി മലബാറിൽ എത്തിച്ചേരുന്ന മെത്രാന്മാർ പോർട്ടുഗീസുകാരുടെ പദ്രുവാദോ അവകാശവാദങ്ങൾക്ക് വെല്ലുവിളിയായി. പതിനാറാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ മലബാറിൽ എത്തിച്ചേർന്ന യൗസേപ്പ് സുലാഖ, അബ്രാഹം എന്നീ മെത്രാന്മാർ മാർപാപ്പയുടെ പ്രത്യേക അംഗീകാരത്തോടുകൂടി നസ്രാണികളുടെ ആത്മീയ അധികാരികളായി പ്രവർത്തിക്കുകയും അങ്കമാലി ആസ്ഥാനമായി കൽദായ കത്തോലിക്കാ അതിരൂപത നിലവിൽ വരുകയും ചെയ്തു. [120] ലത്തീൻവത്ക്കരണത്തിനുള്ള പോർച്ചുഗീസുകാരുടെ സമ്മർദ്ദങ്ങൾക്കിടയിലും നസ്രാണികളുടെ പൗരസ്ത്യ സുറിയാനി സഭാബന്ധം നിലനിർത്താൻ ഈ മെത്രാപ്പോലീത്തമാർ പരിശ്രമിച്ചുകൊണ്ടിരുന്നു.[121]

ഉദയംപേരൂർ സൂനഹദോസും പോർച്ചുഗീസ് സഭാഭരണവും

1597ൽ മാർ അബ്രാഹം മരണപ്പെട്ടതോടെ അന്നത്തെ ഗോവൻ ആർച്ച് ബിഷപ്പ് അലക്സിസ് മെനെസിസ് മാർത്തോമാ നസ്രാണികളെ തൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ പദ്രുവാദോ സംവിധാനത്തിന് കീഴിൽ കൊണ്ടുവരാൻ നേരിട്ട് ഇടപെടാൻ തുടങ്ങി. നസ്രാണികളുടെ അക്കാലത്തെ പള്ളികൾ ഉടനീളം സന്ദർശനം നടത്തിയ അദ്ദേഹം പലയിടങ്ങളിലും തൻ്റെ സ്വാധീനം ശക്തമാക്കുകയും കൊച്ചി രാജാവിന്റെ പിന്തുണ നേടിയെടുക്കുകയും ചെയ്തു. അക്കാലത്ത് നസ്രാണികളുടെ സഭാ ഭരണം നിർവഹിച്ചിരുന്ന അർക്കദിയാക്കോൻ ഗീവർഗ്ഗീസ് ഇതിനേത്തുടർന്ന് മെനസിസിന് വിധേയപ്പെടാൻ നിർബന്ധിതനായി.[122] 1599ൽ അലക്സിസ് മെനസിസ് ഉദയംപേരൂരിലെ പള്ളിയിൽ വെച്ച് ഒരു സഭാസമ്മേളനം വിളിച്ചുചേർത്തു. ഉദയംപേരൂർ സൂനഹദോസ് എന്നറിയപ്പെട്ട ഈ സമ്മേളനത്തിൽ വച്ച് നസ്രാണികളുടെ പുരാതന അഖിലേന്ത്യാ മെത്രാസനം നിർത്തലാക്കുകയും അങ്കമാലി അതിരൂപതയെ തരംതാഴ്ത്തി ഗോവ അതിരൂപതയുടെ കീഴിലുള്ള ഒരു സാമന്ത രൂപതയാക്കി പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ അങ്കമാലി രൂപതയുടെ ബിഷപ്പുമാരായി പോർച്ചുഗീസുകാരെ നിയമിക്കുവാനും തീരുമാനമുണ്ടായി. മലബാറിലെ നസ്രാണികളെ പോർച്ചുഗീസ് രാജാവിന്റെ രാഷ്ട്രീയ അധികാരത്തിന് കീഴിലാക്കിയ ഈ സൂനഹദോസ് കിഴക്കിന്റെ കാതോലിക്കോസുമായുള്ള അവരുടെ ബന്ധത്തെ അമർച്ച ചെയ്ത് തൽസ്ഥാനത്ത് മാർപാപ്പയെയും ഗോവൻ ആർച്ചുബിഷപ്പിനെയും പ്രതിഷ്ഠിച്ചു. മലബാറിലെ പള്ളികളിൽ ആരാധനാക്രമവും ഭരണപരവുമായ മാറ്റങ്ങളും ഈ സൂനഹദോസ് അടിച്ചേൽപ്പിച്ചു. ഇതോടൊപ്പം നസ്രാണികൾ പിന്തുടർന്നിരുന്ന കൽദായ ആരാധനാക്രമത്തിൽ വ്യാപകമായി ലത്തീൻവൽക്കരണം നടത്തുകയും പുരാതന ഗ്രന്ഥങ്ങൾ കൂട്ടമായി അഗ്നിക്കിരയാക്കുകയും ചെയ്തു.[123] പരമ്പരാഗത പൗരസ്ത്യ സുറിയാനി വിശുദ്ധരെയും പ്രാദേശിക പുണ്യവാന്മാരെയും വണങ്ങുന്നത് നിരോധിക്കുകയും തലസ്ഥാനത്ത് ലത്തീൻ സഭയുടെ പുണ്യവാന്മാരെ പ്രചരിപ്പിക്കുകയും ചെയ്തു. ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ, ആഭിചാരം എന്നിവ നിരോധിക്കാനും തദേശീയരായ ഹിന്ദുക്കളുടെ മതപരിവർത്തനം എളുപ്പമാക്കാനും സൂനഹദോസ് തീരുമാനമെടുത്തു. [124] എന്നാൽ സൂനഹദോസിന്റെ ഇത്തരം തീരുമാനങ്ങൾ മാർ തോമാ നസ്രാണികളുടെ ജാതീയവും സാമൂഹികവുമായ ഉന്നതപദവി ഇല്ലാതാകുന്നതിന് പലപ്പോഴും കാരണമായി. [125] ഹിന്ദുക്ഷേത്രങ്ങളിൽ പ്രവേശിക്കാനും ബ്രാഹ്മണർ അടക്കമുള്ള വിഭാഗങ്ങളുമായി നേരിട്ട് ഇടപെടാനുള്ള നസ്രാണികളുടെ അവകാശം പലയിടത്തും നിഷേധിക്കപ്പെടാൻ തുടങ്ങി. സഭാഭരണത്തിലും രാഷ്ട്രീയത്തിലും വ്യാപാരത്തിലും പോർച്ചുഗീസുകാർ പുലർത്തിയ അധീശത്വ നിലപാടുകളും ആരാധനാക്രമത്തിലും മതാചാരങ്ങളിലും മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങളും നസ്രാണികളുടെ ഇടയിൽ പ്രതിഷേധങ്ങൾ രൂക്ഷമാക്കി കൊണ്ടിരുന്നു.[126][127][60]

ഉദയംപേരൂർ സൂനഹദോസിനെ തുടർന്ന് അങ്കമാലി ബിഷപ്പായി ചുമതലയേറ്റ പോർച്ചുഗീസ് ഈശോസഭാ മിഷനറിയായ ഫ്രാൻസിസ്കോ റോസാണ് ആണ് ഈ പ്രതിഷേധങ്ങൾ നേരിട്ടത്. ഇതേ തുടർന്ന് അദ്ദേഹം നസ്രാണികളുമായി സഹവർത്തകത്തിന് ശ്രമിച്ചു. ഉദയംപേരൂർ സൂനഹദോസിന്റെ തീരുമാനങ്ങൾ നടപ്പിൽ വരുത്തുന്നതിന് പകരം പുതിയ ഒരു സൂനഹദോസ് അങ്കമാലിയിൽ അദ്ദേഹം വിളിച്ചു ചേർക്കുകയും സഭാ ഭരണത്തിന് പുതിയ നിയമസംവിധാനം കൊണ്ടുവരികയും ചെയ്തു. റോസിയൻ ചട്ടങ്ങൾ എന്ന് ഇത് അറിയപ്പെട്ടു. രാഷ്ട്രീയവും സാമ്പത്തികവും മതപരവുമായ സമ്മർദ്ദങ്ങളിലൂടെയും ഭീഷണിയിലൂടെയും വിളിച്ചു ചേർക്കപ്പെട്ട ഉദയംപേരൂർ സൂനഹദോസിൽ ശരിയായ ചർച്ചകൾ നടന്നിട്ടില്ല എന്നും പല തീരുമാനങ്ങളും അലക്സിസെ മെനസിസ് പിന്നീട് വ്യാജമായി കൂട്ടിച്ചേർക്കുകയാണ് ഉണ്ടായതെന്നും ഫ്രാൻസിസ് റോസ് മാർപാപ്പയ്ക്ക് അയച്ച കത്തിൽ രേഖപ്പെടുത്തുന്നുണ്ട്. റോമൻ കത്തോലിക്കാ ശൈലിയിൽ ബിഷപ്പിൽ അധികാരങ്ങൾ കേന്ദ്രീകരിക്കാൻ റോസ് ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ തദ്ദേശീയനായ അർക്കദിയാക്കോന്റെ അധികാര അവകാശങ്ങൾ അടിയറവുവയ്ക്കാനോ പോർച്ചുഗീസുകാരനായ ഒരു ലത്തീൻ മെത്രാനെ തങ്ങളുടെ അധികാരിയായി സ്വീകരിക്കാനോ നസ്രാണികളിൽ വലിയൊരു വിഭാഗം ഒരുക്കമായിരുന്നില്ല. ഇതേത്തുടർന്ന് ഫ്രാൻസിസ്കോ റോസ് നസ്രാണികളുടെ കേന്ദ്രമായിരുന്ന അങ്കമാലിയിൽ നിന്ന് പോർച്ചുഗീസ് ഭരണത്തിൽ കീഴിലുള്ള കൊടുങ്ങല്ലൂരിലേക്ക് രൂപതാ ആസ്ഥാനം മാറ്റി. റോസിന്റെയും അദ്ദേഹത്തിന്റെ പിൻഗാമിയായ സ്റ്റീഫൻ ബ്രിട്ടോയുടെ കാലത്തും അർക്കദിയാക്കോനുമായുള്ള കലഹം തുടർന്നുകൊണ്ടിരുന്നു. ഇതിനേത്തുടർന്ന് ബ്രിട്ടോ അർക്കദിയാക്കോൻ സ്ഥാനത്തിന്റയ ചില പരമ്പരാഗത അവകാശങ്ങൾ അംഗീകരിച്ചുകൊണ്ട് അർക്കദിയാക്കോൻ ഗീവർഗീസുമായി ഒരു കരാറുണ്ടാക്കി. ഈ കരാർ സംഘർഷത്തിന് താൽക്കാലികമായി ശമനം ഉണ്ടാക്കി.[128][129][130]

വിപ്ലവവും പിളർപ്പും

ഗാർസ്യയും പറമ്പിൽ തോമയും തമ്മിൽ സംഘർഷം

 
സെന്റ് തോമസ് ക്രിസ്ത്യാനികളുടെ ശാഖകളും വിഭാഗങ്ങളും

1641ൽ ഫ്രാൻസിസ്കോ ഗാർസ്യ മെൻഡെസ് കൊടുങ്ങല്ലൂർ മെത്രാപ്പോലീത്ത ആയതോടെ സഭാഭരണത്തിൽ പോർച്ചുഗീസുകാർ പിടിമുറുക്കാൻ ആരംഭിച്ചു. ബ്രിട്ടോയുടെ കരാർ അട്ടിമറിച്ചുകൊണ്ട് അർക്കദിയാക്കോന്റെ അധികാരാവകാശങ്ങളെ തള്ളിക്കളയുന്ന നിലപാടാണ് ഗാർസ്യ എടുത്തിരുന്നത്. അക്കാലത്ത് അർക്കദിയാക്കോൻ സ്ഥാനം വഹിച്ചിരുന്ന പറമ്പിൽ തോമ അദ്ദേഹവുമായി യാതൊരു വിട്ടുവീഴ്ചയും തയ്യാറായിരുന്നില്ല. തുടർന്ന് രണ്ടുപേരും തമ്മിൽ രൂക്ഷമായ അധികാര വടംവലി തുടങ്ങി. പലപ്പോഴും അർക്കദിയാക്കോനുപകരം പോർച്ചുഗീസ് വൈദികരെയും തന്റെ ആജ്ഞാനുവൃത്തികളെയും വികാരി ജനറലായി ഗാർസ്യ നിയമിച്ചു. ഇതും പറമ്പിൽ തോമായെ പ്രകോപിപ്പിച്ചു. 1645ൽ ഇടപ്പള്ളിയിൽ വെച്ച് അർക്കദിയാക്കോനും കുറേ നസ്രാണി വൈദികരും യോഗം ചേരുകയും പണ്ഡിതനായിരുന്ന കടവിൽ ചാണ്ടി എന്ന വൈദികൻ പോർച്ചുഗീസ് ഇന്ത്യയുടെ വൈസ്റോയി ഫിലിപ്പെ മസ്കരേൻസസിന് അവരെ പ്രതിനിധീകരിച്ച് ഒരു പരാതി തയ്യാറാക്കി സമർപ്പിക്കുകയും ചെയ്തു. 1647ൽ മസ്കരേൻസസിന്റെ മദ്ധ്യസ്ഥതയിൽ ഗാർസ്യയും തോമായും ഒത്തുതീർപ്പിൽ എത്തി ഒരു കരാർ ഒപ്പിട്ടു. ആർച്ചുബിഷപ്പ് ഭരണപരമായ ഓരോ കാര്യം ചെയ്യുമ്പോഴും അർക്കദിയാക്കോനുമായി ചർച്ച നടത്തണം എന്ന് ഇതിൽ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ ഇതും നടപ്പായില്ല. ഇടപ്പള്ളിയിൽ താവളമുറപ്പിച്ച തോമാ ഗാർസ്യക്കെതിരെ വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു കൊണ്ടിരിന്നു. അതേസമയം ഗാർസ്യയും സംഘവും തോമായ്ക്ക് എതിരെ അച്ചടക്കനടപടികൾ ആരംഭിച്ചു. ഈ സമയം തോമാ സഹായം അഭ്യർത്ഥിച്ച് കൽദായ പാത്രിയർക്കീസിനും മറ്റും കത്തുകൾ അയച്ചു കൊണ്ടിരുന്നു. തോമായുടെ അർക്കദിയാക്കോൻ സ്ഥാനവും അധികാരവും നാൾക്കുനാൾ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങി. ഈ സമയത്താണ് സ്ഥിതിഗതികളെ തകിടം മറിച്ചുകൊണ്ടും അർക്കദിയാക്കോന് പ്രതീക്ഷ പകർന്നുകൊണ്ടും പൗരസ്ത്യ സഭക്കാരനായ ഒരു മെത്രാപ്പോലീത്ത ഇന്ത്യയിൽ എത്തിച്ചേരുന്നത്.[d]

അഹത്തള്ള

1652 ഡിസംബറിൽ മൈലാപ്പൂരിലെ തോമാശ്ലീഹായുടെ കബറിടം സന്ദർശിച്ച ഏതാനം നസ്രാണി പുരോഹിതർ അവിടെവച്ച് അഹത്തള്ള എന്ന ഒരു സുറിയാനി മെത്രാപ്പോലീത്തയെ കണ്ടു. പകലോമറ്റം ഗീവർഗീസ് എന്ന വൈദികന്റെ നേതൃത്വത്തിൽ ഉള്ള സംഘമായിരുന്നു അവർ. "അഖിലേന്ത്യയുടെയും ചൈനയുടെയും പാത്രിയർക്കീസ്" ആയി മാർപാപ്പയാൽ അന്ത്യോഖ്യൻ സഭയിൽ നിന്ന് അയയ്ക്കപ്പെട്ട "ഇഗ്നാത്തിയോസ് അഹത്തള്ളയാണ്" താൻ എന്ന് അദ്ദേഹം അവരോട് പറഞ്ഞു.[131][132] സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്ന് കത്തോലിക്കാ സഭയിൽ ചേർന്നയാളായിരുന്നു അഹത്തള്ള.[133]

അഹത്തള്ളയുടെ വരവ് മാർ തോമാ നസ്രാണികളുടെ ഇടയിൽ പുത്തൻ ഉണർവായി മാറി. ലത്തീൻ ഭരണത്തിൽ നിന്ന് തങ്ങളെ വിമോചിപ്പിക്കാൻ തങ്ങൾ ദീർഘകാലമായി കാത്തിരുന്ന ഒരു സുറിയാനി മെത്രാപ്പോലീത്ത അവസാനം എത്തിച്ചേർന്നതിൽ അവർ ഉന്മേഷഭരിതരായി. എന്നാൽ പോർച്ചുഗീസുകാർ അഹത്തള്ളയെ എങ്ങനെയെങ്കിലും ഒഴിവാക്കാൻ തീരുമാനിച്ചു. അവർ അദ്ദേഹത്തെ ഗോവയിലേക്കുള്ള ഒരു കപ്പലിൽ കയറ്റി അവിടെനിന്നും യൂറോപ്പിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. അഹത്തള്ളയെ കയറ്റിയ കപ്പൽ കൊച്ചി തുറമുഖത്തിൽ എത്തി എന്നറിഞ്ഞ അർക്കദിയാക്കോൻ തോമായും വലിയൊരു സംഘം നസ്രാണികളും അവിടെയെത്തുകയും അഹത്തള്ളയെ കാണണമെന്നും അദ്ദേഹത്തിൻറെ കൈവശമുള്ള നിയമനരേഖകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പോർച്ചുഗീസുകാർ ഇതിന് കൂട്ടാക്കിയില്ല. അഹത്തള്ളയുമായി വന്ന കപ്പൽ തുറമുഖം വിടുകയും ചെയ്തു.[132] അഹത്തള്ളയെക്കുറിച്ച് പിന്നീട് ഒരു വിവരവും നസ്രാണികൾക്ക് കിട്ടിയില്ല. അദ്ദേഹത്തെ പോർച്ചുഗീസുകാർ കൊലപ്പെടുത്തി എന്ന ഒരു കിംവദന്തി ഇതിനിടയിൽ നസ്രാണികൾക്കിടയിൽ പരന്നു. ഇത്രയും കൂടിയായതോടെ പോർച്ചുഗീസുകാർക്കെതിരായ നസ്രാണികളുടെ വികാരം അണപൊട്ടി.[134][5]

കൂനൻ കുരിശ് സത്യം

അഹത്തള്ളയെ സ്വീകരിക്കാൻ കൊച്ചി തുറമുഖത്ത് എത്തിയ നസ്രാണികളുടെ പ്രതിഷേധം ചെന്നെത്തി നിന്നത് മട്ടാഞ്ചേരിയിലെ പരിശുദ്ധ കന്യകാ മറിയത്തിന്റെ പള്ളിയുടെ മുറ്റത്തെ കുരിശിൻ ചുവട്ടിലാണ്. പോർച്ചുഗീസുകാർ തങ്ങളോട് കാണിക്കുന്ന അടിച്ചമർത്തലും അവജ്ഞയും അവസാനിപ്പിക്കാൻ അവർക്കെതിരെ ശക്തമായ നിലാപടെടുക്കാൻ നസ്രാണികൾ തീരുമാനിച്ചു. 1653 ജനുവരി 3ന് പള്ളിമുറ്റത്തെ കുരിശിൽ ആലാത്ത് (അഥവാ വലിയ വടം) വലിച്ചുകെട്ടിയ നസ്രാണികൾ പോർച്ചുഗീസുകാർക്കെതിരെ ഒരു കൂട്ടപ്രതിജ്ഞ എടുത്തു. ഇത് കൂനൻ കുരിശു സത്യം എന്നറിയപ്പെട്ടു. ഈ പ്രതിജ്ഞയുടെ യഥാർത്ഥ വാചകഘടന ഇന്ന് തർക്കവിഷയം ആണ്.[135] എങ്കിലും രേഖകളിൽ ലഭ്യമായ വിവരണവും വിവിധ വിഭാഗങ്ങളുടെ ഇടയിൽ ഉള്ള പൊതു അഭിപ്രായവും അനുസരിച്ച് പോർച്ചുഗീസ് പദ്രുവാദോ സംവിധാനത്തിനും പ്രത്യേകിച്ച് ഗോവയിലെ സാമ്പാളൂർ ആശ്രമത്തിൽ നിന്നുള്ള ഈശോസഭാ മിഷണറിമാർക്കും വ്യക്തിപരമായി ആർച്ചുബിഷപ്പ് ഫ്രാൻസിസ്കോ ഗാർസ്യക്കും എതിരായാണ് കൂനൻ കുരിശ് സത്യം നടന്നത്.[134]

മട്ടാഞ്ചേരിയിലെ സംഭവവികാസങ്ങൾക്ക് ശേഷം അഹത്തള്ളയുടേത് എന്ന് പറയപ്പെട്ട മൂന്നു കത്തുകൾ നസ്രാണികളുടെ ഇടയിൽ പ്രചരിപ്പിക്കപ്പെട്ടു. 1653 ഫെബ്രുവരി 5ന് ഇടപ്പള്ളിയിൽ ചേർന്ന നസ്രാണികളുടെ യോഗത്തിൽ ഇതിലൊന്ന് വായിക്കപ്പെട്ടു. അതിൽ അർക്കദിയാക്കോന് ആർച്ചുബിഷപ്പിന്റെ ചില അധികാരങ്ങൾ നൽകുന്നതിന് അനുമതി നൽകുന്നുണ്ടായിരുന്നു. ഇത് വായിച്ച ഉടനെ അവിടെ ഉണ്ടായിരുന്നവർ അർക്കദിയാക്കോൻ തോമായെ തങ്ങളുടെ സഭയുടെ ഭരണാധികാരിയായി സ്വീകരിച്ചു.[136] ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തോമൻ, കടവിൽ ചാണ്ടി, പറമ്പിൽ ചാണ്ടി, വേങ്ങൂർ ഗീവർഗീസ് എന്നീ നാല് വൈദികരെ അർക്കദിയാക്കോന്റെ സഹായികളായും യോഗം നിയമിച്ചു. തുടർന്ന് മെയ് 23ന് ആലങ്ങാട്ട് വച്ചു ഒരു യോഗം നടന്നു. അതിൽ അഹത്തള്ളയുടേതെന്ന് പറയപ്പെടുന്ന മറ്റൊരു കത്തും വായിക്കപ്പെട്ടു. മെത്രാന്റെ അസാന്നിധ്യത്തിൽ പന്തണ്ട് വൈദികർ ചേർന്ന് തോമാ അർക്കദിയാക്കോനെ പുതിയ മെത്രാനായി പ്രഖ്യാപിക്കാവുന്നതാണ് എന്ന് ആ കത്തിൽ പരാമർശിച്ചിരുന്നു. ഈ കത്തുകളുടെ യഥാർത്ഥ രചയിതാവ് അഹത്തള്ള തന്നെ ആയിരുന്നോ അല്ലെങ്കിൽ ആരാണ് എന്നുള്ളത് ഇന്നും തർക്ക വിഷയമാണ്. സുറിയാനി വിദഗ്ധനായിരുന്ന ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തോമൻ തന്നെയാണ് ഈ കത്തുകൾ വ്യാജമായി എഴുതി ഉണ്ടാക്കിയത് എന്നും പറയപ്പെടുന്നു.[136] എന്തുതന്നെയായാലും കൂനൻ കുരിശ് സത്യം ചെയ്ത സാധരണക്കാരായ നസ്രാണികൾ ഈ കത്തുകൾ അഹത്തള്ളയുടേത് തന്നെ ആണെന്നാണ് കരുതിയത്. പോർച്ചുഗീസുകാരുടെ പക്കലേക്ക് മടങ്ങിപ്പോകാൻ അവർ ഒരുക്കവും ആയിരുന്നില്ല. കത്തിലെ നടപടിക്രമം അനുസരിച്ച് അർക്കദിയാക്കോൻ പറമ്പിൽ തോമായെ മാർ തോമാ എന്ന പേരിൽ ആലങ്ങാട്ട് പള്ളിയിൽവെച്ച് അവർ തങ്ങളുടെ മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ചു. "ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലീത്ത" എന്ന പരമ്പരാഗത ശീർഷകം തോമാ സ്വീകരിക്കുകയം ചെയ്തു.[137][138][139]

കർമ്മലീത്താ ദൗത്യസംഘവും പുനരൈക്യ ദൗത്യവും

അർക്കദിയാക്കോൻ തോമായെ നസ്രാണികൾ മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ചതോടെ പോർച്ചുഗീസ് മിഷനറിമാർ പുനരൈക്യ പരിശ്രമങ്ങൾ നടത്താൻ തുടങ്ങി. എന്നാൽ ഇത് വിജയിച്ചില്ല. ഇതേത്തുടർന്ന് 1657ൽ അലക്സാണ്ടർ 7ാമൻ മാർപ്പാപ്പ വിഘടിച്ച് നിൽക്കുന്ന മാർത്തോമാ നസ്രാണികളെ സഭയുമായി പുനരൈക്യപ്പെടുത്താൻ അസാധാരണമായ ഒരു നടപടിയെടുത്തു. പോർച്ചുഗീസ് പദ്രുവാദോ സംവിധാനത്തെ മറികടന്ന് വിശ്വാസപ്രചരണ സംഘത്തിന്റെ (പ്രൊപ്പഗാൻദാ ഫിദേ) മേൽനോട്ടത്തിന് കീഴിൽ ഇറ്റാലിയൻ വൈദികനായ ജോസഫ് മരിയ സെബസ്ത്യാനിയുടെ നേതൃത്വത്തിൽ കർമലീത്താ മിഷണറിമാരുടെ ഒരു ദൗത്യസംഘത്തെ മലബാറിലേക്ക് അദ്ദേഹം നിയോഗിച്ച് അയച്ചു.[140] അർക്കദിയാക്കോനെ നസ്രാണി വൈദികർ ചേർന്ന് മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ചത് സഭാ പാരമ്പര്യത്തിനും സഭാ നിയമങ്ങൾക്കും വിരുദ്ധമാണ് എന്ന് മലബാറിലെത്തിയ സെബസ്ത്യാനിയും കർമ്മലീത്താ മിഷണറിമാരും നസ്രാണികളോട് വിശദീകരിക്കാൻ ആരംഭിച്ചു.[141] അർക്കദിയാക്കോൻ തോമായെ പിന്തുണച്ചിരുന്ന കടവിൽ ചാണ്ടി, പറമ്പിൽ ചാണ്ടി, വേങ്ങൂർ ഗീവർഗീസ് എന്നിവർ അടക്കമുള്ള വലിയൊരു വിഭാഗം നസ്രാണികളെ അധികം വൈകാതെ ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിൽ അവർ വിജയിച്ചു. തോമായുടെ പക്ഷത്ത് അണിനിരന്ന നസ്രാണികളിൽ വലിയൊരു പങ്കും ഇത്തരത്തിൽ കൂറുമാറി കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു. ഇതിനിടയിൽ 1659ൽ സെബസ്ത്യാനി റോമിലേക്ക് മടങ്ങി പോവുകയും അവിടെ വെച്ച് ബിഷപ്പായി വാഴിക്കപ്പെടുകയും ചെയ്തു. 1661ൽ "മലബാറിന്റെ വികാരി അപ്പസ്തോലിക്കയായി" നിയമിക്കപ്പെട്ട് സെബസ്ത്യാനി മലബാറിലേക്ക് മടങ്ങിയെത്തി. തദ്ദേശീയനായ ഒരാളെ മെത്രാനായി വാഴിക്കാനുള്ള അധികാരത്തോടെയാണ് അദ്ദേഹം നിയോഗിക്കപ്പെട്ടതെങ്കിലും അർക്കദിയാക്കോനെയോ മറ്റാരെയെങ്കിലുമോ മെത്രാനാക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. 1663ൽ ഡച്ചുകാർ കൊച്ചിയുടെ നിയന്ത്രണം പിടിക്കുകയും പോർച്ചുഗീസുകാരെ മലബാറിൽ നിന്ന് പുറത്താക്കുകയും ചെയ്തു. പോർച്ചുഗീസുകാർക്ക് പുറമേ എല്ലാ വിഭാഗത്തിലും പെട്ട യൂറോപ്യൻ കത്തോലിക്കാ മിഷണറിമാരോടും മലബാറിൽ നിന്ന് മടങ്ങിപ്പോകാൻ ഡച്ചുകാർ നിർദ്ദേശിച്ചു. ഇതോടെ സെബസ്ത്യാനിയും മലബാറിൽ നിന്നും മടങ്ങി പോകാൻ നിർബന്ധിതനായി. മടങ്ങി പോകുന്നതിനു മുമ്പായി 1663 ഫെബ്രുവരി 1ന് കടുത്തുരുത്തി വലിയപള്ളിയിൽ വെച്ച് പറമ്പിൽ ചാണ്ടിയെ അദ്ദേഹം ബിഷപ്പായി വാഴിച്ചു. "മലബാറിന്റെ വികാരി അപ്പസ്തോലിക്ക" എന്ന സ്ഥാനം ഏറ്റെടുത്ത ചാണ്ടി "ഇന്ത്യയുടെ മുഴുവൻ മെത്രാപ്പോലീത്ത" എന്ന പരമ്പരാഗത സ്ഥാനപ്പേരും ഉപയോഗിച്ചു.[142][143]

പഴയകൂറ്റുകാരും പുത്തങ്കൂറ്റുകാരും

പറമ്പിൽ ചാണ്ടി മെത്രാൻ ആയതോടെ പറമ്പിൽ തോമായുടെ അധികാരം പ്രതിസന്ധിയിലായി. തോമായുടെ മെത്രാൻ സ്ഥാനം സംശയത്തിന്റെ നിഴലിലായിരുന്നു. യഥാർത്ഥത്തിൽ മെത്രാഭിഷേകം ലഭിച്ച തദ്ദേശീയനായ ഒരു വ്യക്തിയായി ചാണ്ടി മറിയതോടെ തോമായുടെ പക്ഷത്തുള്ള കൂടുതൽ പള്ളികൾ കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു തുടങ്ങി. ആകെയുണ്ടായിരുന്ന ചെറുതും വലുതുമായ 116 പള്ളികളിൽ 72 എണ്ണം ചാണ്ടിയുടെ അധികാരം അംഗീകരിച്ചു. അപകടം മനസ്സിലാക്കിയ തോമാ തന്നെ സാധുവായ രീതിയിൽ മെത്രാഭിഷേകം ചെയ്യാൻ ഒരു മെത്രാനെ അപേക്ഷിച്ച് വിവിധ പൗരസ്ത്യ സഭകൾക്ക് കത്തുകൾ എഴുതി അയച്ചു. അങ്ങനെയിരിക്കെ 1665ൽ സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്ന് പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് അബ്ദുൽമസിഹ് 1ാമന്റെ നിർദ്ദേശാനുസരണം ഗ്രിഗോറിയോസ് അബ്ദൽ ജലീൽ എന്ന മെത്രാപ്പോലീത്ത മലബാറിൽ എത്തി. തോമായും അദ്ദേഹത്തെ പിന്തുണച്ചിരുന്നവരും അദ്ദേഹത്തെ സ്വീകരിച്ചു.[5] തുടർന്ന് അബ്ദൽ ജലീൽ അർക്കദിയാക്കോൻ തോമായെ കാനോനികമായി മെത്രാഭിഷേകം നടത്തിക്കൊടുത്തു.[e] തോമായോടൊപ്പം നിലകൊണ്ടവർക്ക് ഇടയിൽ തുടർന്നും അന്ത്യോഖ്യൻ സുറിയാനി സഭാ പ്രതിനിധികൾ വന്നുകൊണ്ടിരുന്നു. 1685ൽ ബസേലിയോസ് യൽദോ, യൊവാന്നീസ് ഹിദായത്തല്ല എന്നിവരും തുടർന്ന് മറ്റ് അന്ത്യോഖ്യൻ ദൗത്യസംഘങ്ങളും മലബാറിൽ എത്തിച്ചേർന്നു. ഇവർ കാലക്രമേണ തങ്ങളുടെ അന്ത്യോഖ്യൻ സുറിയാനി രീതികൾ തോമായുടെ വിഭാഗത്തിന്റെ ഇടയിൽ പ്രചരിപ്പിക്കാനും തുടങ്ങി.[144] അങ്ങനെ അതുവരെ ഒരേ സഭാവിഭാഗത്തിലെ പറമ്പിൽ തോമാ, പറമ്പിൽ ചാണ്ടി എന്നീ രണ്ട് വ്യക്തികൾ തമ്മിലുള്ള അധികാരതർക്കം മാത്രമായിരുന്ന പ്രശ്നം സഭയിലെ ആചാരപരവും ദൈവശാസ്ത്രപരവും ആയ ഒരു പിളർപ്പായി രൂപാന്തരപ്പെടാൻ തുടങ്ങി.[5]

തോമായുടെ നേതൃത്വത്തിൽ അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് സഭയുമായി ബന്ധം സ്ഥാപിച്ചവർ "പുത്തങ്കൂറ്റുകാർ" എന്നറിയപ്പെട്ടു. ചാണ്ടിയുടെ നേതൃത്വത്തിൽ കത്തോലിക്കാ ബന്ധത്തിൽ തുടർന്നവർ "പഴയകൂറ്റുകാർ" എന്നുമറിയപ്പെട്ടു.[145][146]

1661നും 1665നു ഇടയിൽ നസ്രാണികളുടെ ആകെയുണ്ടായിരുന്ന 116 പള്ളികളിൽ 72 എണ്ണം പഴയകൂറ്റുകാരുടേതും 32 എണ്ണം പുത്തങ്കൂറ്റുകാരുടേതും ആയി. ശേഷിച്ച 12 പള്ളികളിൽ ഇരുവിഭാഗവും ആരാധന നടത്തിവന്നു.[147] ഉദയംപേരൂർ സൂനഹദോസിന്റെയും കത്തോലിക്കാ മിഷണറിമാരുടെയും പ്രവർത്തനഫലമായി പൗരസ്ത്യ സുറിയാനി ക്രിസ്തുവിജ്ഞാനീയത്തോട് രൂപപ്പെട്ടിരുന്ന എതിർപ്പ് പുത്തങ്കൂറ്റുകാരുടെ ഇടയിൽ ഓറിയൻറൽ ഓർത്തഡോക്സ് ക്രിസ്തുവിജ്ഞാനീയത്തിന് വളക്കൂറുള്ള മണ്ണായി. തുടക്കത്തിൽ ഇരുവിഭാഗങ്ങളും ഉദയംപേരൂർ സൂനഹദോസിന് ശേഷം ലത്തീൻവൽക്കരിക്കപ്പെട്ട കൽദായ സുറിയാനി ആരാധനാക്രമം തന്നെയാണ് പള്ളികളിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ പുത്തങ്കൂറ്റുകാർക്കിടയിൽ അന്ത്യോഖ്യൻ സുറിയാനി ആരാധനാക്രമം പ്രചരിപ്പിക്കപ്പെടാൻ തുടങ്ങി.[148][5] ഇതോടെ ഇരുവിഭാഗങ്ങൾക്കും ഇടയിൽ പങ്കുവയ്ക്കപ്പെട്ടിരുന്ന പള്ളികളിൽ കലഹങ്ങൾ രൂക്ഷമാവുകയും അവിടെയും പള്ളികൾ വീതം വെയ്ക്കപ്പെടുകയും നസ്രാണികൾക്ക് ഇടയിലെ പിളർപ്പ് പൂർണമാവുകയും ചെയ്തു. എന്നാൽ ഇതിനിടെ പല പുനരൈക്യ ശ്രമങ്ങളും ഇരുവിഭാഗങ്ങൾക്കും ഇടയിൽ നടന്നിരുന്നു.

പുത്തങ്കൂറ്റുകാരുടെ ഇടയിൽ അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രതിനിധികൾ നടത്തിയ വിവിധ ഇടപെടലുകൾ പലപ്പോഴും ആഭ്യന്തരമായ പിളർപ്പുകൾക്കും കാരണമായി. ഇതിന് പുറമേ ബ്രിട്ടീഷ് കാലഘട്ടത്തിൽ ആംഗ്ലിക്കൻ മിഷണറിമാരും പത്തൊമ്പതാം നൂറ്റാണ്ട് മുതൽ ഇവരുടെ ഇടയിൽ വ്യാപകമായി പ്രവർത്തിച്ചിരുന്നു. കത്തോലിക്കാസഭയുമായി പുനരൈക്യപ്പെടാനുള്ള ശ്രമങ്ങളും പലപ്പോഴും ഉണ്ടായി. ഇതിന്റെ എല്ലാം ഫലമായി മലബാർ സ്വതന്ത്ര സുറിയാനി സഭ (തൊഴിയൂർ സഭ), മലങ്കര മാർത്തോമാ സുറിയാനി സഭ, മലങ്കര യാക്കോബായ സുറിയാനി സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മലങ്കര സുറിയാനി കത്തോലിക്കാ സഭ എന്നിവ രൂപപ്പെട്ടു.

പഴയകൂറ്റുകാരുടെ തദ്ദേശീയ മെത്രാൻ സ്ഥാനം ചാണ്ടിക്ക് ശേഷം നിർത്തലാവുകയും അതോടെ അവർ കൽദായ കത്തോലിക്കാ ബന്ധം ഏതു വിധേയനെയും പുനസ്ഥാപിക്കാൻ ശ്രമങ്ങൾ തുടങ്ങുകയും ചെയ്തു. എന്നാൽ ഇത്തരം ശ്രമങ്ങളെ പ്രാദേശിക റോമൻ കത്തോലിക്കാ മിഷണറിമാരും റോമിലെ കത്തോലിക്കാ സഭ നേതൃത്വവും ശക്തമായി എതിർത്തു. തുടർന്ന് പത്തൊമ്പതാം നൂറ്റാണ്ടോടെ ഈ വിഭാഗത്തിൽ ആഭ്യന്തരമായ ഒരു പിളർപ്പും ഉണ്ടായി. കത്തോലിക്കാ സഭയുടെ കീഴിൽ കൽദായ പാരമ്പര്യത്തിൽ പെട്ട ഒരു സ്വയാധികാര സഭയായി സിറോ-മലബാർ സഭ സ്ഥാപിക്കപ്പെട്ടു. കൽദായ കത്തോലിക്കാ സഭയുമായി ബന്ധം സ്ഥാപിച്ച ഒരു വിഭാഗം റോമിന്റെ ഇടപെടലിനെ തുടർന്ന് പിന്നീട് കിഴക്കിന്റെ അസീറിയൻ സഭയുടെ കീഴിലായി. ഇവർ കൽദായ സുറിയാനി സഭ എന്ന പേരിൽ അറിയപ്പെട്ടു.

പുനരൈക്യത്തത്തിനുള്ള ശ്രമങ്ങളും പിളർപ്പിന്റെ ശക്തിപ്പെടലും

പൗരസ്ത്യ സുറിയാനി മെത്രാന്മാർ

മാർ തോമാ നസ്രാണികളിലെ ഒരു വിഭാഗം പ്രത്യേകിച്ച് പഴയകൂറ്റുകാർ കൽദായ സുറിയാനി സഭാപാരമ്പര്യം നിലനിർത്താനും കൽദായ സഭയുമായി ബന്ധം പുനഃസ്ഥാപിക്കാനും പരിശ്രമിച്ചിരുന്നു. കത്തോലിക്കാ സഭയുടെ ബാബിലോണിയാ പാത്രിയർക്കീസുമാരും പരമ്പരാഗത കിഴക്കിന്റെ സഭയുടെ കാതോലിക്കോസുമാരും ഇതിനു മറുപടിയായി തങ്ങളുടെ പ്രതിനിധികളെ ഇന്ത്യയിലേക്ക് ഇടയ്ക്കിടയ്ക്ക് അയച്ചിരുന്നു.[149] ഇതിന്റെ ഭാഗമായി പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ശിമയോൻ (മരണം. c. 1720)[150], ഗബ്രിയേൽ എന്നീ പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്തമാർ ഇന്ത്യയിൽ എത്തി.[149] ഇതിൽ ഗബ്രിയേൽ പുത്തങ്കൂറ്റുകാരിൽ നിന്നും പഴയകൂറ്റുകാരിൽ നിന്നും ഒരു വിഭാഗത്തെ ഒരുമിച്ചു കൂട്ടി പരമ്പരാഗത കിഴക്കിന്റെ സഭയുമായി ബന്ധം പുനസ്ഥാപിക്കുന്നതിൽ താൽക്കാലികമായി വിജയിച്ചു. എന്നാൽ പകലോമറ്റം കുടുംബക്കാരായ മെത്രാന്മാരിൽ നിന്നും മലബാറിലെ ലത്തീൻ കത്തോലിക്കാ സഭയുടെ പ്രൊപ്പഗാൻദാ, പദ്രുവാദോ വിഭാഗങ്ങളിലെ വിദേശ മെത്രാന്മാരിൽ നിന്നും അദ്ദേഹത്തിന് കടുത്ത എതിർപ്പ് നേരിടേണ്ടി വരുകയും അദ്ദേഹത്തിൻറെ കാലശേഷം അനുയായികൾ തങ്ങളുടെ പഴയ വിഭാഗങ്ങളിലേക്ക് തിരിച്ചു പോവുകയും ചെയ്തു.[151]

പുത്തങ്കൂറ്റുകാരുടെ ഇടയിലെ ആദ്യ പിളർപ്പും അന്ത്യോഖ്യൻവത്കരണവും

1751ൽ സുറിയാനി ഓർത്തഡോക്സ് പാത്രിയാർക്കീസിന്റെ നിർദ്ദേശപ്രകാരം മഫ്രിയോനോ ബസേലിയോസ് ശക്രള്ള മലബാറിൽ എത്തി.[152] പുത്തങ്കൂർ വിഭാഗത്തിന്റെ ഇടയിൽ അന്ത്യോഖ്യൻ സുറിയാനി പാരമ്പര്യത്തിലെ ആരാധനാക്രമം പ്രചരിപ്പിച്ചത് ഇദ്ദേഹമാണ്.[152] ഗ്രിഗോറിയോസ് യൂഹന്ന, യൊവാന്നീസ് ക്രിസ്തോഫൊറോസ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.[153][152] പുത്തങ്കൂറ്റുകാരുടെ അന്ത്യോഖ്യൻ സഭാ ബന്ധം ശക്തിപ്പെടുത്താനും അക്കാലത്തെ പുത്തങ്കൂർ നേതാവ് പകലോമറ്റം തോമാ 5ാമന്റെ പൗരോഹിത്യ പട്ടങ്ങളും മെത്രാൻ സ്ഥാനവും ക്രമപ്പെടുത്തി അദ്ദേഹത്തെ സഭയ്ക്ക് വിധേയപ്പെടുത്താനും ലക്ഷ്യമിട്ട് സുറിയാനി ഓർത്തഡോക്സ് പാത്രിയാർക്കീസ് അയച്ച പ്രതിനിധികൾ ആയിരുന്നു ഇവർ.[152] ഇവർ തോമാ 5ാമന്റെ അനുമതി കൂടാതെ ആളുകൾക്ക് വൈദിക പട്ടവും മറ്റും കൊടുക്കുകയും സഭാ ഭരണം ഏറ്റെടുക്കാൻ ശ്രമിക്കുകയും തങ്ങളുടെ സ്വാധീനം വ്യാപകമാക്കുകയും ചെയ്തുകൊണ്ടിരുന്നു.[154] എന്നാൽ ഇവർക്ക് കീഴ്പ്പെടാൻ തോമാ 5ാമൻ ഒരുക്കമായില്ല, പകരം തോമാ 6ാമൻ എന്ന പേരിൽ തന്റെ ബന്ധുവിനെ പിൻഗാമിയായി അദ്ദേഹം വാഴിക്കുകയാണ് ഉണ്ടായത്.[152][155] തോമാ 6ാമനും അന്ത്യോഖ്യൻ ദൗത്യസംഘത്തിന്റെ ഇടപെടലുകളെ ആദ്യം ചെറുത്തുനിന്നു.[154] 1764ൽ തന്റെ മരണത്തിന് തൊട്ടുമുമ്പ് കാട്ടുമാങ്ങാട്ട് കുടുംബത്തിൽപെട്ട അബ്രാഹം എന്ന റമ്പാനെ ബിഷപ്പായി അഭിഷേകം ചെയ്തു.[152] 1770ൽ തോമാ 6ാമൻ അന്ത്യോഖ്യൻ ദൗത്യസംഘത്തിലെ അവശേഷിച്ച രണ്ടുപേരുമായി അനുരഞ്ജനപ്പെടുകയും "ദിവന്നാസ്സിയോസ്" എന്ന പേര് സ്വീകരിച്ച് അവരിൽ നിന്ന് തന്റെ പൗരോഹിത്യ പദവികൾ വീണ്ടും സ്വീകരിക്കുകയും ചെയ്തു.[156] എന്നാൽ 1772ഓടെ തോമാ 6ാമൻ അവരുമായി വീണ്ടും കലഹത്തിലായി. ഇതേത്തുടർന്ന് അവർ അബ്രാഹം കൂറിലോസിനെ ദിവന്നാസ്സിയോസിന് ബദലായി മെത്രാപ്പോലീത്തയായി വാഴിച്ചു.[152]

അന്ത്യോഖ്യൻ ദൗത്യസംഘം കൂറിലോസിന്റെ സഹായത്തോടെ പുത്തങ്കൂറ്റുകാരുടെ ഇടയിൽ അന്ത്യോഖ്യൻ സുറിയാനി ആരാധനാക്രമം പ്രചരിപ്പിക്കാനും തുടങ്ങി.[152][154] കൊച്ചി രാജാവ് കൂറിലോസിനെ പുത്തങ്കൂർ നസ്രാണികളുടെ തലവനായി അംഗീകരിച്ചു.[152] എന്നാൽ പഴയകൂറ്റുകാരുടെ സഹായത്തോടെ തിരുവിതാംകൂർ രാജാവിന്റെ പിന്തുണ നേടിയെടുക്കാൻ ദിവന്നാസിയോസിന് കഴിഞ്ഞു. തുടർന്ന് കൂറിലോസിനെ തിരസ്കരിക്കാൻ കൊച്ചി രാജാവിന്റെമേൽ സമ്മർദ്ദമുണ്ടാവുകയും അവസാനം കൂറിലോസിന് തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾക്കെല്ലാം പുറത്ത് സാമൂതിരിയുടെ ഭരണത്തിൻ കീഴിലുള്ള അഞ്ഞൂർ എന്ന സ്ഥലത്തേക്ക് മാറേണ്ടതായും വന്നു.[152] ഇതിനിടെ അന്ത്യോഖ്യൻ സ്വാധീനത്തിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിച്ചിരുന്ന ദിവന്നാസിയോസ് 1796ൽ തന്റെ പിൻഗാമിയായി സ്വന്തം അനന്തരവനെ വാഴിച്ചു. മാർത്തോമാ 7ാമൻ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടത്.[157]

ഇതിനിടെ വടക്കൻ മേഖലയിൽ തൻ്റെ സ്വാധീനമുറപ്പിക്കാൻ അബ്രാഹം കൂറിലോസിന് കഴിഞ്ഞു. കൊച്ചി രാജാവിൻറെ തീരുമാനം അനുസരിച്ച് ദിവന്നാസിയോസിനെ തലവനായി അംഗീകരിച്ചിരുന്ന കുന്നംകുളം പ്രദേശത്തെ പുത്തങ്കൂറ്റകാരുടെ ഇടയിലും ഇദ്ദേഹത്തിന് പിന്തുണ ലഭിച്ചിരുന്നു. പ്രദേശിക പിന്തുണയോടെ തൊഴിയൂർ എന്ന സ്ഥലത്തേക്ക് ഇദ്ദേഹം ആസ്ഥാനം മാറ്റി ഏതാനം വിശ്വാസികളുടെ മേൽ ആത്മീയാധികാരം ചുലത്തുകയും ചെയ്തു വന്നു. ഈ വിഭാഗത്തിൽ അബ്രാഹം കൂറിലോസ്, കൂറിലോസ് ഒന്നാമൻ എന്നറിയപ്പെട്ടു. അദ്ദേഹത്തിൻറെ മരണശേഷം പിൻഗാമിമാരായി തുടർച്ചയായി മെത്രാന്മാർ ചുമതല ഏൽക്കുകയും മെത്രാൻ പരമ്പര തുടർന്നു പോവുകയും ചെയ്തു. ഇവർ അഞ്ഞൂർ സഭ, തൊഴിയൂർ സഭ എന്നിങ്ങനെ അറിയപ്പെട്ടുവന്നു. 1862ലെ മദ്രാസ് ഹൈക്കോടതി വിധിയെത്തുടർന്നാണ് 'മലബാർ സ്വതന്ത്ര സുറിയാനി സഭ' എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ച് സ്വതന്ത്ര സഭയായി ഇവർ മാറിയത്.[f]

ദിവന്നാസിയോസ് 1ാമനും പുനരൈക്യ ശ്രമങ്ങളും

ഇക്കാലയളവിൽ പഴയകൂറ്റുകാർ ലത്തീൻ സഭാ അധികാരികളുടെ അടിച്ചമർത്തൽ കാരണം പ്രതിസന്ധിയിലായിരുന്നു. അന്ത്യോഖ്യൻ പ്രതിനിധികളുടെ ഇടപെടലുകൾ മൂലം ബുദ്ധിമുട്ടിയിരുന്ന ദിവന്നാസ്സിയോസ് ഇവരുമായി കൂടുതൽ അടുത്തു. സ്വന്തം കുടുംബത്തിൻറെ മെത്രാൻ പദവിക്ക് അന്ത്യോഖ്യൻ പ്രതിനിധികൾ ഭീഷണിയാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. പുത്തങ്കൂറ്റുകാരുടെയും പഴയകൂറ്റുകാരുടെയും പുനരേകീകരണം ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്ന് അദ്ദേഹം വിലയിരുത്തി. സാധുവായ രീതിയിൽ മെത്രാഭിഷേകം ലഭിച്ചതിനാൽ ദിവന്നാസ്സിയോസിനെ പൊതുതലവനായി അംഗീകരിക്കാൻ പഴയകൂറ്റുകാരും ഇത് അംഗീകരിക്കപ്പെട്ടാൽ മാർപ്പാപ്പയ്ക്ക് വിധേയപ്പെടാൻ ദിവന്നാസിയോസും ഒരുക്കമായിരുന്നു.[154] തുടർന്ന് ഇരു വിഭാഗങ്ങളുടെയും നേതാക്കൾ തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടത്തുകയും വിദേശ സഭാ പ്രതിനിധികളെ ഒരുമിച്ച് എതിർക്കാനും പിളർന്ന സഭയെ വീണ്ടും ഒന്നിപ്പിക്കാനും തീരുമാനിച്ചു. അത്മായ നേതാവും വാണിജ്യപ്രമുഖനുമായ തച്ചിൽ മാത്തൂത്തരകൻ ഇതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു.[158]

പഴയകൂറ്റുകാരുടെ സഭാഭരണം നിർവ്വഹിച്ചിരുന്ന കർമ്മലീത്താ മിഷണറിമാർ ഈ നീക്കത്തെ ശക്തമായി എതിർത്തു. ദിവന്നാസിയോസ് നസ്രാണികളുടെ മുഴുവൻ മെത്രാപ്പോലീത്തയായി അംഗീകരിക്കപ്പെട്ടാൽ തങ്ങളുടെ അധികാരവും സ്വാധീനവും പൂർണ്ണമായി ഇല്ലാതാകും എന്ന് അവർ വിലയിരുത്തി.[154] അതേസമയം ഇതിനിടെ 1778ൽ ദിവന്നാസ്സിയോസിനെയും നസ്രാണികളെയും പ്രതിനിധീകരിച്ച് മാർപ്പാപ്പയെ കാണാൻ കരിയാറ്റിൽ യൗസേപ്പ്, പാറേമ്മാക്കൽ തോമാ എന്നീ പഴയകൂർ വൈദികർ റോമിലേക്ക് യാത്ര ചെയ്തു.[154] എന്നാൽ മാർപ്പാപ്പയോ റോമൻ സഭാധികാരികളോ അവർക്ക് അനുകൂലമായി പ്രതികരിച്ചില്ല. നിരാശരായി റോമിൽ നിന്ന് മടങ്ങിയ അവർ ലിസ്ബണിൽ പോർച്ചുഗീസ് രാജ്ഞിയെ സന്ദർശിച്ച് സങ്കടം ഉണർത്തിച്ചു. രാജ്ഞി കരിയാറ്റിൽ യൗസേപ്പിന്റെ പാണ്ഡിത്യത്തിലും യോഗ്യതകളിൽ സംതൃപ്തയായി. മലബാറിലെ നസ്രാണികൾക്കിടയിൽ നഷ്ടപ്പെട്ട പദ്രുവാദോ സംവിധാനം പുനഃസ്ഥാപിക്കാൻ ആഗ്രഹിച്ചിരുന്ന അവർ യൗസേപ്പിനെ കൊടുങ്ങല്ലൂർ അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി നിയമിച്ചു. 1782ൽ ലിസ്ബണിൽ വെച്ച് അദ്ദേഹത്തിന്റെ മെത്രാഭിഷേകം നടന്നു.[159] എന്നാൽ ഇതിനുശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ കരിയാറ്റിൽ യൗസേപ്പ് ഗോവയിൽ പോർച്ചുഗീസ് ആശ്രമത്തിൽ വെച്ച് ദുരൂഹമായ സാഹചര്യത്തിൽ മരണപ്പെട്ടു.[160][159][154] 1785ൽ പാറേമ്മാക്കൽ തോമാ എഴുതിയ വർത്തമാനപ്പുസ്തകം ഈ സംഭവങ്ങളുടെ വിവരണം നൽകുന്നു.[159][154] യൗസേപ്പിന്റെ അകാല മരണത്തോടെ ആ പുനരൈക്യ ശ്രമം പരാജയപ്പെട്ടു. പഴയകൂറ്റുകാരുടെ ഇടയിൽ അദ്ദേഹത്തിന്റെ മരണം വലിയ വിവാദത്തിന് തിരികൊളുത്തി. വിവാദം തണുപ്പിക്കാൻ പാറേമ്മാക്കൽ തോമായെ അതിരൂപതയുടെ ഭരണാധിപനായി (ഗൊവർണ്ണദോർ) പോർച്ചുഗീസുകാർ അംഗീകരിച്ചു. 1787ൽ പഴയകൂറ്റുകാരുടെ 84 പള്ളികളിൽ നിന്നുള്ള പ്രതിനിധികൾ അങ്കമാലി വലിയപള്ളിയിൽ യോഗം ചേർന്ന് ലത്തീൻ സഭാഭരണത്തിനെതിരെ നിലപാടെടുത്തു. പാറേമ്മാക്കൽ തോമായെ തങ്ങളുടെ നേതാവായി അംഗീകരിച്ച അവർ തദ്ദേശീയ കൽദായ സുറിയാനി സഭാസംവിധാനം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പ്രാദേശിക റോമൻ കത്തോലിക്കാ അധികാരികൾ തടസ്സം നിന്നാൽ പകരം കൽദായ കത്തോലിക്കാ പാത്രിയർക്കീസ് യൗസേപ്പ് 4ാമനെ സമീപിക്കാനും അവർ തീരുമാനിച്ചു. ഈ തീരുമാനങ്ങൾ അടങ്ങിയ പ്രമേയം "അങ്കമാലി പടിയോല" എന്നറിയപ്പെട്ടു.[154]

എന്നാൽ പഴയകൂറ്റുകാരുടെ ഇത്തരം നീക്കങ്ങളെ അടിച്ചമർത്താനാണ് പ്രൊപ്പഗാൻദാ, പദ്രുവാദോ നേതൃത്വങ്ങൾ ശ്രമിച്ചത്. പാറേമ്മാക്കൽ തോമായെ മെത്രാനായി നിയമിക്കാൻ അവർ ഒരിക്കലും തയ്യാറായില്ല. ഇതിനിടയിൽ മാർപ്പാപ്പയുടെ അനുമതിക്കായി കാത്തുനിൽക്കാതെ ദിവന്നാസിയോസിനെ മെത്രാപ്പോലീത്തയായി അംഗീകരിക്കാനുള്ള ശ്രമങ്ങളും കൽദായ പാത്രിയർക്കീസിന്റെ അടുക്കൽ നിന്ന് മെത്രാനെ ആവശ്യപ്പെടാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരുന്നു. പാറേമ്മാക്കൽ തോമാ എന്നാൽ ഇതിനെ ഒന്നും പിന്തുണച്ചില്ല. ദിവന്നാസിയോസിനെ കത്തോലിക്കാ സഭാ അധികാരികളുടെ അംഗീകാരത്തോടെ സ്വീകരിക്കാൻ അദ്ദേഹം പരിശ്രമിച്ചുകൊണ്ടിരുന്നു.[154]

1796 നവംബറിൽ പൗലോസ് പണ്ടാരിക്കൽ എന്നയാളുടെ നേതൃത്വത്തിൽ തിരുവിതാംകൂർ രാജാവ് രാമവർമ്മയുടെ ഒരു കത്തുമായി യൗസേപ്പ് 4ാമന്റെ അടുക്കലേക്ക് ഒരു പ്രതിനിധി സംഘം പോയി. 1797ൽ അവർ അവിടെ എത്തിച്ചേർന്നപ്പോഴേക്കും യൗസേപ്പ് 4ാമൻ മരണപ്പെട്ടിരുന്നു. തുടർന്ന് 1798ൽ കൽദായ പാത്രിയർക്കാസനത്തിന്റെ ഭരണാധികാരി ആയിരുന്ന യോഹന്നാൻ ഹോർമിസ്ദ് പൗലോസ് പണ്ടാരിയെ "മാർ അബ്രാഹം" എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ച് മലബാറിലേക്ക് തിരിച്ചയച്ചു. അവിഭക്ത മാർ തോമാ നസ്രാണികളുടെ അവസാന സുറിയാനി മെത്രാപ്പോലീത്തായിരുന്ന മാർ അബ്രാഹമിന്റെ സ്മരണ ഉണർത്തിക്കൊണ്ടാണ് ഈ പേര് അദ്ദേഹത്തിന് നൽകപ്പെട്ടത്. ഈ നീക്കങ്ങൾക്കെല്ലാം പ്രചോദനവും സഹായവും നൽകാൻ തച്ചിൽ മാത്തുത്തരകൻ മുൻപന്തിയിൽ നിന്നു.[161]

മലബാറിൽ തിരിച്ചെത്തിയ അബ്രാഹം പണ്ടാരിക്കൽ കൊടുങ്ങല്ലൂർ മെത്രാപ്പോലീത്ത എന്ന സ്ഥാനം സ്വീകരിച്ചു. എന്നാൽ പദ്രുവാദോ മിഷണറിമാരുടെ സമ്മർദ്ദത്തെ തുടർന്ന് പാറേമ്മാക്കൽ തോമാ അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറായില്ല. 1799 മാർച്ച് 19ന് പാറേമ്മാക്കൽ തോമാ മരിച്ചതോടെ പണ്ടാരി മെത്രാപ്പോലീത്ത കൂടുതൽ സജീവമായി. പാറേമ്മാക്കൽ തോമായുടെ മരണശേഷം കൊടുങ്ങല്ലൂർ അതിരൂപതാ ഭരണാധികാരി ആയി അബ്രാഹം കട്ടക്കയം സ്ഥാനമേറ്റതോടെ നസ്രാണി സമുദായ ഐക്യത്തിനും സ്വതന്ത്ര്യത്തിനും പുതിയ നീക്കങ്ങൾ തുടങ്ങി. 1799 മെയ് 20ന് ദിവന്നാസിയോസും അബ്രാഹം പണ്ടാരിയും തമ്മിൽ ഒരു കരാർ രൂപപ്പെടുത്തി. അപ്പോഴേക്കും പുത്തങ്കൂറ്റുകാരുടെ ഇടയിൽ വ്യാപകമായി തുടങ്ങിയിരിക്കുന്ന അന്ത്യോഖ്യൻ സുറിയാനി ആരാധനാക്രമം ഉപേക്ഷിക്കാനും പഴയ കൽദായ സുറിയാനി ആരാധനാക്രമം നടപ്പിൽ വരുത്താനും ദിവന്നാസ്സിയോസ് സമ്മതിച്ചു. 1799 ജൂൺ 11ന് തത്തംപള്ളി പള്ളിയിൽ വെച്ച് അബ്രാഹം പണ്ടാരി മെത്രാപ്പോലീത്തയുടെ മുമ്പാകെ ദിവന്നാസിയോസ് കത്തോലിക്കാ വിശ്വാസം ഏറ്റുപറയുകയും അബ്രാഹം പണ്ടാരി അദ്ദേഹത്തെ കത്തോലിക്കാ സഭയിലേക്ക് സ്വീകരിക്കുകയും ചെയ്തു. അങ്ങനെ പഴയകൂറ്റുകാരും പുത്തങ്കൂറ്റുകാരും സാങ്കേതികമായി ഒരൊറ്റ സഭയായി ഐക്യപ്പെട്ടു. അങ്ങനെ മാർ തോമാ നസ്രാണികൾ ദീർഘകാലത്തെ തങ്ങളുടെ പുനരൈക്യ സ്വപ്നം സഫലീകരിച്ചു. റോമിലെ മാർപ്പാപ്പയെ അംഗീകരിക്കുകയും കൽദായ സുറിയാനി പാരമ്പര്യം പിന്തുടരുകയും ചെയ്യുന്ന രണ്ട് തദ്ദേശീയ മെത്രാന്മാരുടെ കീഴിലുള്ള സഭയായി മാർ തോമാ നസ്രാണികൾ മാറി.[161]

എന്നാൽ ഈ പുനരൈക്യം നേതൃതലത്തിൽ മാത്രം ഒതുങ്ങി നിന്നു. പുത്തങ്കൂറ്റുകാരിൽ വലിയൊരു വിഭാഗം ഇതിനോടകം അന്ത്യോഖ്യൻ പാരമ്പര്യം സ്വീകരിച്ച് പഴയ കൽദായ രീതിയിൽ നിന്ന് അകന്നു കഴിഞ്ഞിരുന്നു. നസ്രാണി വിഭാഗങ്ങളുടെ നേതൃത്വങ്ങൾ തമ്മിൽ തങ്ങളുടെ കൺമുമ്പിൽ തങ്ങളെ പൂർണ്ണമായി അവഗണിച്ച് നടത്തിയ പുനരൈക്യം കണ്ട് റോമൻ കത്തോലിക്കാ മിഷണറിമാർ അടങ്ങിയിരിക്കാൻ തയ്യാറായിരുന്നില്ല. അബ്രാഹം കട്ടക്കക്കയത്തെ കൊടുങ്ങല്ലൂർ അതിരൂപതാ ഭരണാധികാരി എന്ന സ്ഥാനത്ത് നിന്ന് അവർ നീക്കം ചെയ്തു. അബ്രഹാം പണ്ടാരി മെത്രാപ്പോലീത്ത ആകട്ടെ ഇന്ത്യയിൽ നിന്ന് തന്നെ ദുരൂഹമായി അപ്രത്യക്ഷനായി. അദ്ദേഹത്തിന് പിന്നീട് എന്തു സംഭവിച്ചു എന്നത് ഇന്നും നിഗൂഢമായി തുടരുന്നു. ഇതോടെ കത്തോലിക്കാ സഭയിൽ ദിവന്നാസിയോസിന് പിന്തുണയായി ആരുമില്ലാതായി. മാത്രമല്ല ഇതിനോടകം അന്ത്യോഖ്യൻ പാരമ്പര്യത്തിലേക്ക് മാറിയിരുന്ന പുത്തങ്കൂർ വിഭാഗത്തിൽ കൂറിലോസ് മെത്രാന്റെ വളരുന്ന സ്വാധീനം അദ്ദേഹത്തിന് വലിയ ഭിഷണിയായി. സുറിയാനി ഓർത്തഡോക്സ് പ്രതിനിധികൾ പ്രചരിപ്പിച്ച അന്ത്യോഖ്യൻ സഭാപാരമ്പര്യത്തിന്റെ കറകളഞ്ഞ അനുയായി ആയിരുന്ന കൂറിലോസിന് വലിയ പിന്തുണ അവരുടെ സ്വാധീനത്തിൽ എത്തിയ പുത്തങ്കൂറ്റുകാരുടെ ഇടയിൽ ഉണ്ടാകാൻ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ ദിവന്നാസിയോസ് കത്തോലിക്കാ ബന്ധം അവസാനിപ്പിക്കുകയും തിരിച്ച് വന്ന് പുത്തങ്കൂർ വിഭാഗത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു.[162] അതേസമയം ഗീവർഗ്ഗീസ് ശങ്കൂരിക്കൽ എന്ന തദ്ദേശീയനായ വൈദികനെ കൊടുങ്ങല്ലൂർ അതിരൂപതാ ഭരണാധികാരിയായി നിയമിക്കാൻ ഗോവയിലെ പദ്രുവാദോ അധികാരികൾ തയ്യാറായതോടെ പഴയകൂറ്റുകാരുടെ പ്രതിഷേധങ്ങൾ കെട്ടടങ്ങി.[163][164] ഇതേത്തുടർന്ന് ദിവന്നാസിയോസിന്റെ നേതൃത്വത്തിലുള്ള പുത്തങ്കൂർ വിഭാഗം തിരുവിതാംകൂറിലും കൊച്ചിയിലും അക്കാലത്ത് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു കൊണ്ടിരുന്ന ബ്രിട്ടീഷ് ആംഗ്ലിക്കൻ മിഷനറിമാരുമായി പുതിയ സഖ്യത്തിന് ശ്രമിച്ചു.[161]

ബ്രിട്ടീഷ് കാലഘട്ടം

ആംഗ്ലിക്കൻ മിഷനറിമാരും പുത്തങ്കൂറ്റുകാരും

മൈസൂർ ഭരണാധികാരി ടിപ്പുസുൽത്താന്റെ മലബാർ അധിനിവേശത്തെ തുടർന്ന് 1795ഓടെ തിരുവിതാംകൂർ, കൊച്ചി എന്നിവിടങ്ങളിലെ രാജാക്കന്മാർ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി രാഷ്ട്രീയ സഖ്യത്തിൽ എത്തിച്ചേർന്നിരുന്നു. തുടർന്ന് ഈ നാട്ടുരാജ്യങ്ങൾ ബ്രിട്ടീഷുകാരുടെ അധീശത്വം അംഗീകരിക്കുകയും കമ്പനി അധികൃതർക്ക് കപ്പം കൊടുക്കാൻ ആരംഭിക്കുകയും തങ്ങളുടെ സൈന്യത്തെ പിരിച്ചുവിടുകയും ചെയ്തു. ടിപ്പുവിന്റെ ആക്രമണങ്ങളിൽ നിരവധി ജനവാസ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതിനോടൊപ്പം പല പ്രമുഖ നസ്രാണി പള്ളികളും തകർക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിരുന്നു. ബ്രിട്ടീഷ് മേധാവിത്വവും ഇടപെടലുകളും ഈ പ്രദേശങ്ങളിലെ സാമൂഹിക സ്ഥിതിയിലും വലിയ മാറ്റങ്ങൾക്ക് കാരണമായി. കളരി ആയോധനമുറകളിൽ പരിശീലനം സിദ്ധിച്ച് സൈനിക സേവനത്തിൽ ഏർപ്പെട്ടിരുന്ന നസ്രാണികൾക്ക് ഇത് വലിയ തിരിച്ചടിയായി.[165] വ്യാപാര മേഖലയിലും സമുദായത്തിന് വലിയ തകർച്ച നേരിട്ടു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈ പ്രദേശങ്ങൾ സന്ദർശിച്ച യൂറോപ്യന്മാർ മലബാറിലെ നസ്രാണികളുടെ, പ്രത്യേകിച്ച് പുത്തങ്കൂർ വിഭാഗത്തിൽപ്പെട്ടവരുടെ, അക്കാലത്തെ പരിതാപകരമായ അവസ്ഥ വിവരിക്കുന്നുണ്ട്.[166] ആംഗ്ലിക്കൻ സഭ പുത്തങ്കൂറ്റുകാരുമായി ബന്ധം തുടങ്ങുന്നത് ഇക്കാലഘട്ടത്തിലാണ്. ബ്രിട്ടീഷ് മിഷനറിയും ഗവേഷകനുമായ ക്ലോഡിയസ് ബുക്കാനൻ ആണ് ഈ സഹകരണത്തിന് തുടക്കമിട്ടത്.[167] ദിവന്നാസിയോസിന് ശേഷം പുത്തങ്കൂർ വിഭാഗത്തിന്റെ തലവനായി ചുമതലയേറ്റ പകലോമറ്റം തോമാ 7ാമന്റെ കാലത്ത് ബ്രിട്ടീഷുകാരുമായുള്ള സഖ്യം കൂടുതൽ ശക്തമായി. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ബ്രിട്ടീഷ് റസിഡൻറ് ആയിരുന്ന കേണൽ കോളിൻ മെക്കോളെ ഇതിൽ പ്രത്യേക താൽപര്യം കാണിച്ചിരുന്നു. നസ്രാണികളുടെ പുത്തങ്കൂർ, പഴയകൂർ വിഭാഗങ്ങളുടെ പേരിൽ ഈസ്റ്റിന്ത്യാ കമ്പനിയിൽ 3000 പൂവരാഹൻ വീതം അദ്ദേഹം പലിശയ്ക്ക് നിക്ഷേപിച്ചു. വട്ടിപ്പണം എന്ന പേരിൽ അറിയപ്പെട്ട ഈ നിക്ഷേപത്തിന്റെ യഥാർത്ഥ സ്രോതസ്സ് എന്താണെന്ന് ഉള്ളത് ഇന്നും തർക്ക വിഷയമാണ്.[168] യൂറോപ്പ്യൻ കത്തോലിക്കാ മിഷനറിമാരുടെ ഇടപെടലുകളുടെ ഫലമായി പഴയകൂർ വിഭാഗത്തിന് സാമാന്യം ഭേദപ്പെട്ട സാമൂഹിക സ്ഥിതി നിലനിർത്താൻ കഴിഞ്ഞിരുന്നു. മാത്രമല്ല ആംഗ്ലിക്കൻ സഭയും കത്തോലിക്കാസഭയും തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന വൈരം പഴയകൂർ വിഭാഗവും ബ്രിട്ടീഷുകാരും തമ്മിൽ ശക്തമായ സഹകരണം ഉടലെടുക്കുന്നതിന് തടസ്സമായി നിലകൊണ്ടു. അതേസമയം ബ്രിട്ടീഷുകാരുടെ പിന്തുണ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും ആയ ഉനമനത്തിന് തങ്ങളെ സഹായിക്കുമെന്ന് പുത്തങ്കൂറ്റുകാർ വിലയിരുത്തി. പുത്തങ്കൂർ വിഭാഗത്തിന് അക്കാലത്ത് വിദേശ മിഷനറിമാരുടെ സഹായങ്ങൾ ലഭിച്ചിരുന്നില്ല. ഒന്നിന് പുറകെ ഒന്നായി പകലോമറ്റം കുടുംബത്തിൽപ്പെട്ട മുതിർന്ന വൈദികരാണ് ഇവരുടെ സഭാ അധ്യക്ഷന്മാരായി ചുമതല നിർവ്വഹിച്ചിരുന്നത്. മത വിദ്യാഭ്യാസം, വൈദിക പരിശീലനം തുടങ്ങിയ കാര്യങ്ങൾക്കൊന്നും കാര്യക്ഷമമായ സംവിധാനങ്ങൾ അവർക്കുണ്ടായിരുന്നില്ല. റോമൻ കത്തോലിക്കാ മിഷണറിമാർക്കെതിരെ കടുത്ത എതിർപ്പും അവരുടെ ഇടയിൽ വ്യാപകമായിരുന്നു.[169] ഈ സാഹചര്യങ്ങൾ ബ്രിട്ടീഷുകാരും പുത്തങ്കൂർ വിഭാഗവും തമ്മിൽ സുദൃഢമായ ഒരു സഖ്യം രൂപപ്പെടുന്നതിന് കളമൊരുക്കി. കമ്പനി ഭരണത്തിന്റെ തലസ്ഥാനം ആയിരുന്ന കൽക്കട്ടയിലെ ഇന്ത്യാ ആർച്ചുബിഷപ്പിന്റെ ആത്മീയ അധികാരത്തിന് കീഴിൽ പുത്തങ്കൂറ്റുകാരെ ചേർക്കാൻ ബ്രിട്ടീഷുകാർ ആഗ്രഹിച്ചു. ഇതിന് പകലോമറ്റം മെത്രാന്മാർ ഒരു പ്രതിബന്ധമാണെന്ന് ബ്രിട്ടീഷുകാർ ബ്രിട്ടീഷുകാർ 1815ൽ റെസിഡന്റ് കേണൽ ജോൺ മൺറോ തിരുവിതാംകൂർ റാണിയെ സ്വാധീനിച്ച് കോട്ടയത്ത് പുത്തങ്കൂറ്റുകാർക്കായി ആംഗ്ലിക്കൻ മിഷനറിമാരുടെ കീഴിൽ ഒരു സെമിനാരി സ്ഥാപിച്ചു.[170] കുന്നംകുളം സ്വദേശിയും പകലോമറ്റം മെത്രാന്മാരോട് വലിയ ആഭിമുഖ്യം ഇല്ലാത്ത ആളുമായിരുന്ന പുലിക്കോട്ടിൽ ഇട്ടൂപ്പ് റമ്പാൻ ആയിരുന്നു പുത്തങ്കൂർ പക്ഷത്തിൽ നിന്ന് ഈ ഉദ്യമത്തിന് പിന്തുണ കൊടുത്തിരുന്നത്. കോട്ടയത്തെ സെമിനാരിയിൽ ആംഗ്ലിക്കൻ പ്രൊട്ടസ്റ്റൻറ് രീതിയിലുള്ള വൈദിക പരിശീലനത്തിനും മിഷനറിമാർ തുടക്കമിട്ടു.[171][172]

പകലോമറ്റം മെത്രാൻ പരമ്പരയുടെ അന്ത്യം

ബ്രിട്ടീഷുകാരുടെ ഭരണസ്വാധീനം നാൾക്കുനാൾ ശക്തിപ്പെട്ടു കൊണ്ടിരുന്നു. പുത്തങ്കൂറ്റുകാരിലെ പകലോമറ്റം മെത്രാന്മാരുടെ കുടുംബാധിപത്യം ഭീഷണിയിൽ ആകുന്നത് ഇക്കാലഘട്ടത്തിലാണ്. തോമാ 7ാമന്റെ പിൻഗാമിയായി സ്ഥാനമേറ്റ തോമാ 8ാമൻ സാധുവായരീതിയിൽ മെത്രാൻ പട്ടം നേടിയിരുന്നില്ല. നിരവധിയാളുകൾ അദ്ദേഹത്തിന് എതിരെ രംഗത്ത് വന്നു. തൊഴിയൂർ മെത്രാന്മാരെ രഹസ്യമായി പിന്തുണച്ചിരുന്ന കുന്നംകുളംകാരൻ ഇട്ടൂപ്പ് റമ്പാൻ ആയിരുന്നു ഇവരുടെ പ്രധാന നേതാവ്.[173] തോമാ 7ാമന്റെ കാലം മുതൽ പകലോമറ്റം കുടുംബക്കാർ കുറവിലങ്ങാട് പ്രദേശത്തു നിന്നുള്ളവരും പഴയകൂർ വിഭാഗത്തിൽ ജനിച്ചു വളർന്നവരും ആയിരുന്നു. അധികാരത്തിൽ ഇരിക്കുന്ന ആളുടെ മരണശേഷം പിൻഗാമി പുത്തങ്കൂറിലേക്ക് വരുകയാണ് ചെയ്തിരുന്നത്. ഇത് പലരുടെയും അമർഷത്തിന് കാരണമായി. പകലോമറ്റം മെത്രാൻമാർ ആഭിചാരക്രിയകൾ ഉൾപ്പെടെയുള്ള നിരവധി അനാചാരങ്ങൾ നടത്തിയിരുന്നതായും എതിരാളികൾ ആരോപിച്ചു. ഈ സാഹചര്യത്തിൽ കുടുംബാധിപത്യപരമായി പകലോമറ്റം മെത്രാന്മാരിൽ നിക്ഷിപ്തമായിരുന്ന അധികാരം എടുത്തുകളയാനും ബ്രിട്ടീഷുകാർ പരിശ്രമിച്ചു. വടക്കൻ മേഖലയിൽ നിന്നുമുള്ള ഐപ്പ് റമ്പാന്റെയും കൂട്ടാളികളുടെയും മറ്റ് പകലോമറ്റം വിരുദ്ധരുടെയും പിന്തുണ ഈ നീക്കങ്ങൾക്ക് ഉണ്ടായിരുന്നു. പഴയകൂറ്റുകാരുമായുള്ള പുനരൈക്യം സാധ്യമാക്കണമെങ്കിൽ അത് പഴയകൂറിലേക്ക് തങ്ങൾ ചേർന്നുകൊണ്ടല്ല, മറിച്ച് പഴയകൂറ്റുകാർ പുത്തങ്കൂർ സ്വീകരിച്ചുകൊണ്ട് ആകണം എന്ന് ബ്രിട്ടീഷുകാരുടെ ആശിർവാദത്തോടെ പകലോമറ്റം മെത്രാന്മാരുടെ എതിരാളികൾ നിലപാടെടുത്തു. നസ്രാണികളുടെ ഇരുവിഭാഗവും തമ്മിലുള്ള ഭിന്നത രൂഢമൂലമാകുന്നതും പുനരൈക്യ സാധ്യതകൾ ഏതാണ്ട് പൂർണമായും അടയുന്നതും ഈ കാലഘട്ടത്തിലാണ്.[174]

1815ഓടെ ഇട്ടൂപ്പ് റമ്പാൻ അന്നത്തെ തൊഴിയൂർ മെത്രാപ്പോലീത്ത കിടങ്ങൻ ഗീവർഗ്ഗീസ് ഫീലക്സീനോസ് 2ാമനെ സമീപിക്കുകയും ദിവന്നാസ്സിയോസ് 2ാമൻ എന്ന പേരിൽ രഹസ്യമായി മെത്രാൻ പട്ടം ഏൽക്കുകയും ചെയ്തു.[175] 1816ൽ തോമാ 8ാമൻ മരണമടഞ്ഞു. സ്വന്തം മരണത്തിനു മുമ്പ് പിതൃസഹോദരനെ തോമാ 9ാമൻ എന്ന പേരിൽ അദ്ദേഹം മെത്രാനായി അവരോധിച്ചിരുന്നു. എന്നാൽ മണ്റോയുതെ പിന്തുണയോടെ തിരുവിതാംകൂർ സർക്കാരിൽ നിന്ന് തനിക്ക് അനുകൂലമായി സഭാ തലവൻ എന്ന നിലയിലുള്ള അംഗീകാരം വാങ്ങി എടുക്കുന്നതിൽ ദിവന്നാസ്സിയോസ് 2ാമൻ വിജയിച്ചു. സമുദായത്തിന്റെ തലവൻ ആരാണെന്ന് ഔദ്യോഗികമായി തീരുമാനിക്കുന്നത് തിരുവിതാംകൂർ സർക്കാരിന്റെ അധികാരത്തിന്റെ ഭാഗമാകുന്നത് ഈ സംഭവത്തോടെയാണ്.[176] പുത്തങ്കൂർ വിഭാഗത്തിലെ വടക്കൻ മേഖലയിൽ നിന്നുള്ളവരുടെ സമ്പൂർണ്ണമായ പിന്തുണയും തെക്കൻ മേഖലയിലെ പകലോമറ്റം വിരുദ്ധരുടെ പിന്തുണയും ആർജിക്കാൻ ദിവന്നാസ്സിയോസിന് കഴിഞ്ഞു.[177] തോമാ 9ാമൻ ഒറ്റപ്പെടുകയും അതോടെ പകലോമറ്റം മെത്രാൻ പരമ്പര പുത്തങ്കൂർ വിഭാഗത്തിന്റെ ഇടയിൽ പൂർണമായും അവസാനിക്കുകയും ചെയ്തു.[178]

പുത്തങ്കൂറ്റുകാരുടെ ഇടയിലെ ആംഗ്ലിക്കൻ സ്വാധീനവും ആംഗ്ലിക്കൻ സുറിയാനിക്കാരും

ആംഗ്ലിക്കൻ സഭയും പുത്തങ്കൂറ്റുകാരും തമ്മിലുള്ള ബന്ധം ഏറ്റവും ശക്തമാകുന്നതിന് ദിവന്നാസ്സിയോസ് 2ാമന്റെ ഏതാനും മാസങ്ങൾ മാത്രം നീണ്ടുനിന്ന ഭരണകാലം സാക്ഷിയായി. ആംഗ്ലിക്കൻ സഭയുടെ മിഷനറി പ്രസ്ഥാനമായിരുന്ന ചർച്ച് മിഷൻ സൊസൈറ്റി (സി. എം. എസ്.) പുത്തങ്കൂറ്റുകാരുടെ ഇടയിൽ പ്രവർത്തനമാരംഭിക്കുന്നത് ഇക്കാലഘട്ടത്തിലാണ്.[179] ദിവന്നാസ്സിയോസ് 2ാമന്റെ മരണശേഷം ഫീലക്സീനോസ് 2ാമൻ സഭാഭരണം നേരിട്ട് ഏറ്റെടുക്കുകയും പുന്നത്തറ ദിവന്നാസിയോസ്, ചേപ്പാട് ദിവന്നാസിയോസ് എന്നിവരെ തന്റെ സഹായികളായും പിൻഗാമികളായും രണ്ട് വ്യത്യസ്ത സമയങ്ങളിൽ മെത്രാന്മാരായി വാഴിക്കുകയും ചെയ്തു.

 
ആംഗ്ലിക്കൻ സഭയിലെ പുത്തങ്കൂർ സുറിയാനി വൈദികർ (1836ൽ)

സി. എം. എസ്. മിഷനറിമാരുടെ പ്രവർത്തനങ്ങൾ പുത്തങ്കൂർ വിഭാഗത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമായി. പ്രോട്ടസ്റ്റന്റ് ആശയങ്ങൾ പുത്തങ്കൂറ്റുകാരുടെ ഇടയിൽ വ്യാപകമാക്കാനും അവരെ ക്രമേണ ആംഗ്ലിക്കൻ സഭയുടെ ഒരു ഘടകമാക്കിമാറ്റാനുമാണ് മിഷനറിമാർ ആഗ്രഹിച്ചിരുന്നത്. തിരുവിതാംകൂറിൽ പ്രവർത്തിച്ചിരുന്ന സി. എം. ഏസ്. മിഷനറിമാർ ആംഗ്ലിക്കൻ സഭയിലെ നവീകരണ അനുഭാമുള്ള 'അധോസഭ'യുടെ (ഇംഗ്ലീഷ്: Low Church) ആശയങ്ങൾ പിന്തുടരുന്നവരായിരുന്നു. 'വിശ്വാസം മാത്രം', 'തിരുവെഴുത്ത് മാത്രം' (ലത്തീൻ: Sola Scriptura, Sola Fide) എന്ന പ്രൊട്ടസ്റ്റൻറ് ആശയം അടിസ്ഥാനമാക്കി, വിശുദ്ധരോടുള്ള വണക്കം, മരിച്ചവർക്കുള്ള പ്രാർത്ഥനകൾ, പരമ്പരാഗത ആചാരങ്ങൾ എന്നിവയെല്ലാം ഇവർ എതിർത്തു. ചേപ്പാട് ദിവന്നാസിയോസ് 4ാമന്റെ ഭരണകാലത്തിന്റെ ആദ്യപകുതിവരെ ഈ നീക്കം സുഗമമായി മുന്നോട്ടുപോയി.[180] എന്നാൽ ഇതിനുശേഷം അധികം വൈകാതെ പുത്തങ്കൂറ്റുകാരുടെ ഇടയിൽ വിഭാഗീയതയിലേക്കും ഇവ നയിച്ചു. സഭയിലെ ആംഗ്ലിക്കൻ മിഷനറിമാരുടെ ഇടപെടലിനെതിരെ നിലപാടെടുക്കാൻ ദിവന്നാസിയോസ് 4ാമൻ ഇതോടെ നിർബന്ധിതനായി. 1836 ജനുവരിയിൽ ദിവന്നാസ്സിയോസ് 4ാമ

ന്റെ നേതൃത്വത്തിൽ നടന്ന മാവേലിക്കര സുന്നഹദോസ് ആംഗ്ലിക്കൻ സഭയുമായുള്ള ബന്ധം തള്ളിപ്പറയുകയും 'മലങ്കര സഭ' അന്ത്യോഖ്യാ പാത്രിയർക്കീസിനും യാക്കോബായ സഭാപാരമ്പര്യത്തിനും വിധേയരായിരിക്കുമെന്നും പ്രഖ്യാപിച്ചു.[181][182] ഇതോടെ സി. എം. എസ് മിഷനറിമാരുമായി നിലനിന്നിരുന്ന പുത്തങ്കൂറ്റുകാരുടെ സഭാ സഖ്യം അവസാനിച്ചു.[183][184] എന്നാൽ ഇതിനോടകം ആംഗ്ലിക്കൻ ആശയങ്ങളിൽ ആകൃഷ്ടരായ ഒരു വിഭാഗം പുത്തങ്കൂറ്റുകാരിൽ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ഇവരിൽ ഒരു വിഭാഗം ആംഗ്ലിക്കൻ സഭയുടെ ഭാഗമായി മാറി. എന്നാൽ ഇവർ ആംഗ്ലിക്കൻ സഭയിലും തങ്ങളുടെ വ്യതിരിക്തത നിലനിർത്തിയിരുന്നു. ഇവർ ആംഗ്ലിക്കൻ സുറിയാനിക്കാർ എന്ന് അറിയപ്പെട്ടു.[g] ഇവർക്കായി 1879ഓടെ ആംഗ്ലിക്കൻ സഭ തിരുവിതാംകൂർ-കൊച്ചി മഹാ ഇടവക സ്ഥാപിച്ചു.[185][186] 1947ൽ ഇന്ത്യയിലെ ആംഗ്ലിക്കൻ സഭയും മറ്റ് ചില പ്രോട്ടസ്റ്റന്റ് സഭകളും ചേർന്ന് സി. എസ്. ഐ സഭയ്ക്ക് (ഇംഗ്ലീഷ്: Church of South India) രൂപം കൊടുത്തതോടെ ഇവരെല്ലാം അതിൻറെ ഭാഗമായി. അതുകൊണ്ട് സി. എസ്. ഐ. സുറിയാനിക്കാർ എന്നും ഇവർ അറിയപ്പെടുന്നു.[186]

പുത്തങ്കൂറ്റുകാരുടെ ഇടയിലെ സഭാനവീകരണ പ്രസ്ഥാനം, വിഭാഗീയത

അതേസമയം മലങ്കര സഭയുടെ ഭാഗമായി തുടരാനും സുറിയാനി പൈതൃകം തുടരാനും ആഗ്രഹിച്ചിരുന്ന നവീകരണ അനുഭാവികളും പുത്തങ്കൂറ്റുകാരിൽ ഉണ്ടായിരുന്നു. പാലക്കുന്നത്ത് അബ്രഹാം മല്പാൻ എന്ന വൈദികന്റെ നേതൃത്വത്തിൽ ഇവർ സംഘടിച്ചു ഇവർ മലയാളത്തിലേക്ക് കുർബാന വിവർത്തനം ചെയ്യുകയും വിശുദ്ധന്മാരുടെ വണക്കം, മരിച്ചവരോടുള്ള പ്രാർത്ഥനകൾ എന്നിവ അവസാനിപ്പിക്കാൻ ശ്രമിക്കുകയും മിഷനറിമാരുടെ നിർദ്ദേശപ്രകാരം ഏകസ്വഭാവവാദം ആരോപിക്കപ്പെട്ടിരുന്ന പ്രാർത്ഥനാ ഭാഗങ്ങൾ തിരുത്തുകയും ചെയ്തു.[187] പുത്തങ്കൂർ വിഭാഗക്കാരുടെ ഇടയിൽ അക്കാലത്ത് പൊതുവായി ഉപയോഗിക്കപ്പെട്ടിരുന്ന പൗരസ്ത്യ സുറിയാനി ലിപിയും ഉച്ചാരണരീതിയും ഉപേക്ഷിച്ച് പാശ്ചാത്യ സുറിയാനി ലിപിയും ഉച്ചാരണവും നടപ്പിൽ വരുത്താനും അബ്രാഹം മല്പാൻ ശ്രദ്ധ ചെലുത്തി.[188]

എന്നാൽ ഈ നീക്കങ്ങളിൽ പലതും ദിവന്നാസിയോസ് 4ാമനെ ചൊടിപ്പിച്ചു. അദ്ദേഹം അബ്രഹാം മൽപ്പാനെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചു. ഈ സാഹചര്യത്തിൽ തങ്ങളുടെ പക്ഷത്തിന് അനുകൂലമായ നിലപാട് എടുക്കുന്ന ഒരാളെ മെത്രാനായി ലഭിക്കാൻ നവീകരണ പക്ഷക്കാർ ആഗ്രഹിച്ചു. ആംഗ്ലിക്കൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ പാലക്കുന്നത്ത് മാത്തൻ ശെമ്മാശനെ ബ്രിട്ടീഷുകാരുടെ പിന്തുണയോടെ തങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുത്ത അവർ സിറിയയിൽ അന്ത്യോഖ്യാ പാത്രിയാർക്കീസിന്റെ അടുക്കലേക്ക് അയച്ചു. 1842ൽ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് ഏലിയാസ് 2ാമൻ അദ്ദേഹത്തെ മാത്യൂസ് അത്താനാസിയോസ് എന്ന പേരിൽ മെത്രാഭിഷേകം ചെയ്യുകയും ഇന്ത്യയിലേക്ക് ചുമതല ഏൽപ്പിച്ച് തിരിച്ചയക്കുകയും ചെയ്തു. മലബാറിൽ എത്തിച്ചേർന്ന അദ്ദേഹം ദിവന്നാസ്സിയോസ് 4ാമനെതിരെ നിലപാട് എടുത്തു. ബ്രിട്ടീഷുകാരുടെ പിന്തുണ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ദിവന്നാസിയോസ് സിറിയയിലേക്ക് കത്തുകൾ അയക്കുകയും മാത്യൂസ് അത്താനാസിയോസ് ആംഗ്ലിക്കൻ പക്ഷക്കാരൻ ആണ് എന്ന് ആരോപിച്ച് പാത്രിയർക്കീസിൽ നിന്ന് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.[189] തുടർന്ന് യുയാഖീം കൂറിലോസ് എന്ന സിറിയക്കാരനായ മെത്രാനെ പാത്രിയാർക്കീസ് മലബാറിലേക്ക് അയച്ചു. ദിവന്നാസിയോസ് 4ാമൻ തൻ്റെ സഭാദ്ധ്യക്ഷസ്ഥാനം കൂറിലോസിന് കൈമാറുകയും ഇരുവരും ചേർന്ന് അത്താനാസിയോസിന് എതിരെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇതോടെ അധികാര തർക്കം കോടതി വ്യവഹാരത്തിലേക്ക് നീങ്ങി. 1852ൽ തിരുവിതാംകൂർ റോയൽ കോടതി വിധി പ്രകാരം മലങ്കര മെത്രാപ്പോലീത്തയായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത് മാത്യൂസ് അത്താനാസിയോസ് ആയിരുന്നു. യുയാഖീം കൂറിലോസിന്റെ അവകാശവാദങ്ങൾ കെട്ടിച്ചമക്കപ്പെട്ടതാണെന്നും ദിവന്നാസ്സിയോസ് അതിൽ പങ്കാളിയാണെന്നും കോടതി വിധിയെഴുതി. ഇതിനെ തുടർന്ന് കൂറിലോസിനെ തിരുവിതാംകൂർ സർക്കാർ തങ്ങളുടെ അധികാരമേഖലയിൽ നിന്ന് നാടുകടത്തി. [190]

മുളന്തുരുത്തി സുന്നഹദോസ്, മലങ്കര യാക്കോബായ സഭ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയായി മാറുന്നു

മാത്യൂസ് അത്താനാസിയോസിന്റെ ഭരണകാലത്ത് ആംഗ്ലിക്കൻ സഭയുമായുള്ള ബന്ധം പഴയ രീതിയിൽ പുനഃസ്ഥാപിക്കപ്പെട്ടു. പുത്തങ്കൂറ്റുകാരുടെ ഇടയിൽ ആംഗ്ലിക്കൻ മിഷനറിമാർ തങ്ങളുടെ പ്രവർത്തനം വീണ്ടും സജീവമാക്കി. അതേസമയം സഭയിലെ പാരമ്പര്യവാദികൾ അത്താനാസിയോസിന് എതിരായ തങ്ങളുടെ എതിർപ്പ് തുടരുകയും യുയാഖീം കൂറിലോസിനെ തങ്ങളുടെ നേതാവായി സ്വീകരിക്കുകയും ചെയ്തു. ഇവർക്കിടയിൽ പാശ്ചാത്യ സുറിയാനി ലിപിയും ഉച്ചാരണ ശൈലിയും കൂറിലോസ് നടപ്പിലാക്കി. 1865ൽ ഇവർ പുലിക്കോട്ടിൽ ഇട്ടൂപ്പ് എന്ന വൈദികനെ തങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുത്ത് പാത്രിയാർക്കീസിന്റെ അടുക്കലേക്ക് അയച്ചു. അന്നത്തെ യാക്കോബായ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യാക്കൂബ് 2ാമൻ അദ്ദേഹത്തെ ദിവന്നാസിയോസ് ജോസഫ് 2ാമൻ എന്ന പേരിൽ മെത്രാനായി അഭിഷേകം ചെയ്ത് തിരിച്ചയച്ചു. എന്നാൽ ബ്രിട്ടീഷുകാരുടെ പിന്തുണയുണ്ടായിരുന്ന അത്താനാസിയോസിനെ അധികാരത്തിൽനിന്ന് നീക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ദിവന്നാസിയോസിനെ അംഗീകരിക്കാൻ തയ്യാറാകാതിരുന്ന അദ്ദേഹം 1868ൽ തൻ്റെ പിൻഗാമിയായി തോമസ് അത്താനാസിയോസിനെ നിയമിച്ചു. തുടർന്ന് ദിവന്നാസ്സിയോസ് ജോസഫ് 2ാമന്റെ നേതൃത്വത്തിലുള്ള പാരമ്പര്യവാദികളുടെ അഭ്യർത്ഥനയെ തുടർന്ന് 1874ൽ അന്നത്തെ പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് പത്രോസ് 3ാമൻ മലബാറിലേക്ക് വന്നു. 1876ൽ മുളന്തുരുത്തിയിൽ ഒരു സുന്നഹദോസ് പാത്രിയർക്കീസ് വിളിച്ചു ചേർത്തു. എന്നാൽ മാത്യൂസ് അത്താനാസിയോസ് അതിൽ പങ്കെടുക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് പാത്രിയാർക്കീസ് സുന്നഹദോസിൽവെച്ച് അത്താനാസിയോസ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും പകരം മലങ്കര മെത്രാപ്പോലീത്ത ചുമതല ദിവന്നാസിയോസിനെ ഏൽപ്പിക്കുകയും ചെയ്തു. സഭയെ ആറ് ഭദ്രാസനങ്ങളായി പാത്രിയാർക്കീസ് വിഭജിക്കുകയും ഓരോന്നിനും മെത്രാപ്പോലീത്തമാരെ നിയമിക്കുകയും ചെയ്തു. അങ്ങനെ പുത്തങ്കൂർ വിഭാഗത്തെ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഒരു സമ്പൂർണ്ണ ഘടകമാക്കി മാറ്റുന്നതിൽ അദ്ദേഹം വിജയിച്ചു. മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ എന്ന പേര് ഔദ്യോഗികമായി സ്വീകരിക്കപ്പെടുകയും സഭയുടെ ഭരണനിർവഹണത്തിന് അല്മായരുടെയും വൈദികരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വ്യവസ്ഥാപിത സംവിധാനങ്ങൾ കൊണ്ടുവരികയും ചെയ്തു.[h]

ഭിന്നത അടുത്ത പിളർപ്പിലേക്ക്, മലങ്കര മാർത്തോമാ സുറിയാനി സഭ

എന്നാൽ ഈ തീരുമാനങ്ങളെ അംഗീകരിക്കാൻ മാത്യൂസ് അത്താനാസിയോസ് കൂട്ടാക്കിയില്ല. പ്രാദേശിക ബ്രിട്ടീഷ് അധികാരികളുടെ പിന്തുണയോടെ അദ്ദേഹം സഭാദ്ധ്യക്ഷ പദവിയിൽ തുടർന്നു. 1877ൽ അദ്ദേഹം മരണപ്പെട്ടതിനെ തുടർന്ന് പിൻഗാമിയായി തോമസ് അത്താനാസിയോസ് ചുമതലയേറ്റു. ഇത് ദിവന്നാസ്സിയോസിനോ പാത്രിയാർക്കീസ് പക്ഷക്കാർക്കോ ഒരിക്കലും സ്വീകാര്യമായിരുന്നില്ല. അവർ തോമസ് അത്താനാസിയോസിനെതിരെ കോടതിയെ സമീപിച്ചു. 1889ൽ ദിവന്നാസ്സിയോസിന് അനുകൂലമായി തിരുവിതാംകൂർ റോയൽ കോടതിവിധി പുറപ്പെടുവിച്ചു. ഇതോടെ സഭാദ്ധ്യക്ഷ പദവിയും കോട്ടയം സെമിനാരിയും സ്വത്ത് വകകളും പള്ളികളും ഉൾപ്പെടെയുള്ള എല്ലാം നവീകരണ പക്ഷക്കാർക്ക് നഷ്ടമാവുകയും അവയെല്ലാം ദിവന്നാസ്സിയോസിന്റെ നേതൃത്വത്തിലുള്ള പാത്രിയാർക്കീസ് പക്ഷക്കാർക്ക് ലഭിക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങൾക്ക് ശേഷം തോമസ് അത്താനാസിയോസന്റെ നേതൃത്വത്തിൽ നിലകൊണ്ടവർ മലങ്കര മാർത്തോമാ സുറിയാനി സഭ എന്ന പേരിൽ സ്വതന്ത്ര സഭയായി.[188] പാത്രിയർക്കീസിന്റെ പരമാധ്യക്ഷത അംഗീകരിച്ച് ദിവന്നാസ്സിയോസ് ജോസഫ് 2ാമന്റെ നേതൃത്വത്തിൽ നിലകൊണ്ടവർ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ എന്ന പേരിൽ തുടർന്നു.[191][192]

പുത്തങ്കൂറ്റുകാർ വീണ്ടും പിർപ്പിലേക്ക്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ

1908ൽ ദിവന്നാസ്സിയോസ് ജോസഫ് 2ാമന്റെ മരണത്തെ തുടർന്ന് വട്ടശ്ശേരിൽ ദിവന്നാസിയോസ് ഗീവർഗീസിനെ (ദിവന്നാസ്സിയോസ് 6ാമൻ) മലങ്കര മെത്രാപ്പോലീത്തയായും കൊച്ചുപറമ്പിൽ കൂറിലോസ് പൗലോസിനെ മെത്രാപ്പോലീത്തയായും അന്നത്തെ അന്ത്യോഖ്യാ പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് അബ്ദുല്ല 2ാമൻ വാഴിച്ചു. എന്നാൽ അധികം വൈകാതെ മലങ്കര സഭയുടെ സ്വത്തുക്കളുടെ മേലും ദൈനംദിന ഭരണത്തിന്റെ മേലും അന്ത്യോഖ്യാ പാത്രിയർക്കീസും വട്ടശ്ശേരി ദിവന്നാസിയോസും തമ്മിൽ തർക്കം ഉടലെടുത്തു. സഭയിലെ വലിയൊരു വിഭാഗം പാത്രിയാർക്കീസിനെ അനുകൂലിച്ചു. ഇതിനെ തുടർന്ന് 1911ൽ പാത്രിയാർക്കീസ് അബ്ദുല്ല 2ാമൻ ദിവന്നാസ്സിയോസിനെ മുടക്കുകയും സ്ഥാനഭ്രഷ്ടനാക്കുകയും പകരം കൂറിലോസ് പൗലോസിനെ മലങ്കര മെത്രാപ്പോലീത്തയായി നിയമിക്കുകയും ചെയ്തു.[193] ഇത് അംഗീകരിക്കാൻ വട്ടശ്ശേരി ദിവന്നാസിയോസും കൂട്ടരും തയ്യാറായില്ല. ഇതിനെ തുടർന്ന് സഭ രണ്ട് വിഭാഗങ്ങളായി പിളർന്നു. ഇതിനിടയിൽ വട്ടശ്ശേരിയിൽ ദിവന്നാസിയോസും കൂട്ടരും ഏതാനും വർഷങ്ങൾക്കു മുൻപ് തുർക്കി അധികാരികൾ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുൻ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദുൽമസീഹ് 2ാമനെ മലബാറിലേക്ക് ക്ഷണിക്കുകയും അദ്ദേഹത്തിൻറെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.[193] 1912ൽ ഇന്ത്യയിൽ എത്തിച്ചേർന്ന അബ്ദുൽമസിഹ് 2ാമൻ ഇവരുടെ അഭ്യർത്ഥനപ്രകാരം മുറിമറ്റത്തിൽ പൗലോസ് ഇവാനിയോസിനെ മഫ്രിയോനോ അഥവാ കാതോലിക്കോസ് ആയി വാഴിച്ചു.[193] എന്നാൽ ഈ നീക്കം സുറിയാനി ഓർത്തഡോക്സ് സഭ അംഗീകരിച്ചില്ല.[194] മുമ്പ് 1902ൽ അബ്ദുൽമസിഹ് 2ാമൻ പാത്രിയാർക്കീസ് ആയിരിക്കെ ഇതേ ആവശ്യം ഇന്ത്യയിൽ നിന്ന് ഉയർന്നപ്പോൾ അദ്ദേഹം അത് അനുവദിച്ചിരുന്നില്ല.[195] ഈ സംഭവത്തെ തുടർന്ന് ദിവനാസിയോസിന്റെ നേതൃത്വത്തിലുള്ള മെത്രാൻ കക്ഷി വിഭാഗം തങ്ങളുടെ സഭ പാത്രിയർക്കീസിൽ നിന്ന് സ്വതന്ത്രമായ ഒരു സ്വയംശീർഷക ആണ് എന്ന് അവകാശപ്പെടാൻ തുടങ്ങി.[195][193] എന്നാൽ മറുവശത്ത് പാത്രിയർക്കീസിനെ പിന്തുണച്ചിരുന്ന ബാവകക്ഷിക്കാർ ഈ അവകാശവാദങ്ങൾ തള്ളിക്കളയുകയും കൂറിലോസ് പൗലോസിന്റെയും അദ്ദേഹത്തിനുശേഷം അത്താനാസിയോസ് പൗലോസിന്റെയും നേതൃത്വത്തിൽ നിലകൊള്ളുകയും ചെയ്തു.[196][197] പാത്രിയാർക്കീസിന്റെ പരമാധികാരം അംഗീകരിച്ച വിഭാഗം മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ എന്ന പേരിൽ നിലകൊണ്ടു. ബാവ കക്ഷി, പാത്രിയർക്കീസ് കക്ഷി, യാക്കോബായ സഭ എന്നെല്ലാം ഇവർ അറിയപ്പെട്ടു. മറുഭാഗത്ത് വട്ടശ്ശേരി ദിവന്നാസിയോസിന് പിന്തുണച്ചവർ മെത്രാൻ കക്ഷി അല്ലെങ്കിൽ ഓർത്തഡോക്സ് സഭ എന്ന് അറിയപ്പെട്ടു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്ന പേര് സ്വീകരിച്ചു.[193]

പിളർപ്പിനെ തുടർന്ന് ഇരുവിഭാഗവും ദീർഘമായ കോടതി വിപഹാരങ്ങൾക്ക് മുന്നോട്ടു പോയി. കോടതിക്ക് പുറത്ത് തർക്കം ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളും നടന്നു. 1958ൽ ഇരു വിഭാഗത്തിന്റെയും ബിഷപ്പുമാർ പരസ്പരം അനുരഞ്ജനപ്പെടുകയും കാതോലിക്കോസ് ബസേലിയോസ്‌ ഗീവർഗീസ് 2ാമന്റെ നേതൃത്വത്തിൽ ഉള്ള ബിഷപ്പുമാരുടെ സുന്നഹദോസിന്റെ അധികാരം അംഗീകരിച്ചുകൊണ്ട് ഒരു കരാറിൽ എത്തിച്ചേരുകയും ചെയ്തു.[196][198] 1958ൽ മലങ്കര സഭയുടെ സ്വയം ഭരണാധികാരം അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി നൽകിയ വിധി ഈ പുനരൈക്യത്തിന് നിർണായകമായി തീർന്നു. ഇതിനെ തുടർന്ന് 1964ൽ ഗീവർഗീസ് 2ാമൻ കാതോലിക്കരുടെ മരണത്തെ തുടർന്ന് അന്നത്തെ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യാക്കൂബ് 3ാമൻ കേരളത്തിൽ എത്തിച്ചേരുകയും ബസേലിയോസ്‌ ഔഗേൻ 1ാമനെ പുതിയ കാതോലിക്കയായി വാഴിക്കുകയും ചെയ്തു. 1965ൽ അഡിസ് അബാബയിൽ ചേർന്ന ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ ആഗോള സമ്മേളനത്തിൽ പാത്രിയർക്കീസ് യാക്കൂബ് 3ാമന്റെയും കാതോലിക്കോസ് ഔഗേൻ 1ാമന്റെയും നേതൃത്വത്തിൽ ഏകസഭയായി സുറിയാനി ഓർത്തഡോക്സ് സഭ പങ്കെടുത്തു. എന്നാൽ ഈ ഐക്യം അധികം കാലം നിലനിന്നില്ല. ആഭ്യന്തരമായ തർക്കങ്ങൾ തുടർന്നുകൊണ്ടിരുന്നു. സഭയുടെ സ്വാതന്ത്ര്യത്തെയും പാത്രിയാർക്കീസിന്റെ അധികാരത്തിന്റെയും വ്യാപ്തിയെക്കുറിച്ചുള്ള തർക്കങ്ങൾ സഭയെ വീണ്ടും പിളർപ്പിൽ എത്തിച്ചു.[196]

1975ൽ ചേർന്ന് ആഗോള സുറിയാനി ഓർത്തഡോക്സ് സഭാ സുന്നഹദോസ് കാതോലിക്കോസ് ഔഗേൻ 1ാമനെ സ്ഥാനഭൃഷ്ടനാക്കാൻ തീരുമാനിച്ചു.[196] ഇതിനെ തുടർന്ന് സഭ വീണ്ടും പിളരുകയും പാത്രിയർക്കീസിനെ അനുകൂലിക്കുന്നവർക്ക് പുതിയ പ്രാദേശിക തലവനായി കാതോലിക്കോസ് ബസേലിയോസ്‌ പൗലോസ് 2ാമൻ നിയമിക്കപ്പെടുകയും ചെയ്തു. ഇതോടെ കോടതി വ്യവഹാരങ്ങൾ പഴയ രീതിയിൽ വീണ്ടും ശക്തമായി. 1995ലും 2017ലും സഭയുടെ ഐക്യവും മെത്രാൻ കക്ഷി വിഭാഗത്തിന്റെ ഭരണഘടനയുടെ നിയമസാധുതയും മലങ്കര സഭയുടെ സ്വയം ഭരണാധികാരവും ഇവയോടൊപ്പം പാത്രിയർക്കീസിന്റെ സ്ഥാനീക മേൽക്കോയ്മയും ആഗോള പരമാദ്ധ്യക്ഷതയും അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതിയിൽ നിന്ന് വിധികൾ ഉണ്ടായി. എന്നാലും ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നത ഇന്നും തുടരുന്നു. ബാവാ കക്ഷി അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ കീഴിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമായ സ്വയംഭരണ സഭയായി മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ എന്ന പേരിൽ തുടരുന്നു. അതേസമയം സ്വയം ശീർഷകത്വം അവകാശപ്പെടുന്ന മെത്രാൻ കക്ഷി വിഭാഗം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്ന പേരിൽ സ്വതന്ത്ര ഓറിയൻറൽ ഓർത്തഡോക്സ് സഭയായി നിലകൊള്ളുന്നു.[196][193][199][195]

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രൂപീകരണം

ബാവാ കക്ഷി, മെത്രാൻ കക്ഷി വിഭാഗങ്ങൾ തമ്മിൽ നിലനിന്ന കലഹത്തിനിടെ 1930ൽ പണിക്കർവീട്ടിൽ ഗീവർഗ്ഗീസ് ഇവാനിയോസിന്റെ നേതൃത്വത്തിൽ പുത്തങ്കൂറ്റുകാരിൽ ഒരു വിഭാഗം ആളുകൾ കത്തോലിക്കാ സഭയോട് പുനരൈക്യപ്പെട്ടു. ഇവർ മലങ്കര സുറിയാനി കത്തോലിക്കാ സഭ എന്നറിയപ്പെട്ടു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നിന്ന് ഗീവർഗീസ് ഇവാനിയോസിന് പുറമേ യാക്കൂബ് തെയോഫിലോസും ഈ നീക്കത്തിന്റെ ഭാഗമായി. 1932 ജൂൺ 11ന് തിരുവനന്തപുരം ഇവരുടെ ആസ്ഥാന അതിഭദ്രാസനമായും ഇവാനിയോസ് മെത്രാപ്പോലീത്തയായും തിരുവല്ല ഭദ്രാസനം സാമന്തരൂപതയായും തിയോഫിലോസ് അതിന്റെ ബിഷപ്പായും നിയമിക്കപ്പെട്ടു.[200][201] മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ ക്നാനായ മെത്രാപ്പോലീത്ത തോമസ് ദിയസ്കോറസ്, തൊഴിയൂർ സഭയിൽ നിന്ന് പൗലോസ് ഫീലക്സീനോസ് എന്നിവരും കത്തോലിക്കാ സഭയിലേക്ക് ചേർന്നു.

2005 ഫെബ്രുവരി 10ന് ഈ സഭയെ ഒരു മേജർ ആർക്കിഎപിസ്കോപ്പൽ സ്വയാധികാര സഭയായി റോം ഉയർത്തുകയും സഭയുടെ ആദ്യ മേജർ ആർച്ച്ബിഷപ്പായി മുളഞ്ചരുവിൽ സിറിൾ ബസേലിയോസ്‌ സ്ഥാനമേൽക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം സഭാദ്ധ്യക്ഷൻ കാതോലിക്കോസ് എന്ന ശീർഷകം ഔദ്യോഗികമായി ഉപയോഗിക്കാനും ആരംഭിച്ചു.[202]

പഴയകൂറ്റുകാരുടെ ഇടയിലെ സ്വതന്ത്ര കൽദായ സുറിയാനി സഭാസംവിധാനത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ

കൂനൻ കുരിശ് സത്യത്തിന് ശേഷം പറമ്പിൽ ചാണ്ടിയുടെ നേതൃത്വത്തിൽ കത്തോലിക്കാ സഭയുടെ പ്രൊപ്പഗാൻദാ സംവിധാനവുമായി ഐക്യപ്പെട്ട പഴയകൂറ്റുകാരുടെ മേൽ പതിനേഴാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ തന്നെ ലത്തീൻ ആധിപത്യം വീണ്ടും അടിച്ചേൽപ്പിക്കപ്പെട്ടിരുന്നു. പ്രൊപ്പഗാൻദാ സംവിധാനത്തിന്റെ കീഴിലെ കർമ്മലിത്താ മിഷനറിമാരുടെ സഭാ ഭരണം ഉദയംപേരൂർ സൂനഹദോസിനു ശേഷമുള്ള പദ്രുവാദോ ഈശോസഭാ മിഷണറിമാരുടെ ഭരണത്തിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല. തങ്ങളുടെ ഇടവകപള്ളികളുടെ നിയന്ത്രണം നിലനിർത്താൻ കഴിഞ്ഞെങ്കിലും വിദേശികളും തങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായ സഭാപരമ്പര്യം പിന്തുടരുന്നവരും ആയ ലത്തീൻ മെത്രാന്മാരുടെ കുത്തകയായി സഭാഭരണം നിലകൊണ്ടു. ഇതിനെതിരായ പ്രതിഷേധങ്ങൾ പഴയകൂറ്റുകാരുടെ ഇടയിൽ തുടർക്കഥയായി. പുത്തങ്കൂറ്റുകാരുമായി വീണ്ടും ഐക്യപ്പെടാനും കൽദായ കത്തോലിക്കാ സഭയുടെ സംവിധാനം പുനഃസ്ഥാപിക്കാനും അവർ തുടർച്ചയായി ശ്രമിച്ചുകൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കരിയാറ്റിൽ യൗസേപ്പ്, അബ്രാഹം പണ്ടാരിക്കൽ എന്നീ മെത്രാപ്പോലീത്താമാർ പഴയകൂറ്റുകാരുടെ ഭരണാധികാരികളായി ചുമതലയേറ്റിരുന്നു. എന്നാൽ പ്രൊപ്പഗാൻദാ, പദ്രുവാദോ എന്നിവയുടെ ഭാഗമായ പ്രാദേശിക കത്തോലിക്കാ നേതൃത്വങ്ങളും റോമിലെ ആഗോള സഭാനേതൃത്വവവും ഈ നീക്കങ്ങളെ എതിർത്തിരുന്നു. അതുകൊണ്ട് ഈ നീക്കങ്ങളെല്ലാം ഫലമണിയാതെ പരാജയപ്പെട്ടു. എന്നിരുന്നാലും പഴയകൂറ്റുകാരുടെ ഇടയിലെ ലത്തീൻ ഭരണത്തോടുള്ള അസംതൃപ്തിയും കൽദായ ബന്ധത്തിനുള്ള ശ്രമങ്ങളും തുടർന്നുകൊണ്ടേയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ ഈ നീക്കങ്ങൾ അതിൻറെ നിർണായക ഘട്ടത്തിൽ എത്തിച്ചേർന്നു.[i]

പത്തൊമ്പതാം നൂറ്റാണ്ടിലെ നീക്കങ്ങൾ

റോമിൽ മാർപാപ്പയുടെ അടുത്തേക്കും മൊസൂളിലെ കൽദായ കത്തോലിക്ക പാത്രിയാർക്കീസിന്റെ അടുക്കലേക്കും തുടർച്ചയായി നടത്തിയ ദീർഘമായ കത്തിടപാടുകൾക്ക് ഫലം ഒന്നും ഉണ്ടാകാതെ വന്നതിനേത്തുടർന്ന് 1856ൽ പഴയകൂർ വൈദികരുടെ പ്രതിനിധികളായി ഏതാനും പേർ കൽദായ പാത്രിയർക്കീസ് യൗസേപ്പ് 6ാമൻ ഔദോയെ സന്ദർശിക്കാൻ യാത്രയായി. അന്തോണി കുടക്കാച്ചിറ എന്ന വൈദികൻ ആയിരുന്നു അവരുടെ നേതാവ്. ഈ സന്ദർശനത്തിനുശേഷം മലബാറിലേക്ക് മടങ്ങിയ അദ്ദേഹം വീണ്ടും ബാഗ്ദാദിലേക്ക് യാത്ര ചെയ്യുകയും അവിടെവെച്ച് അകാലത്തിൽ മരണപ്പെടുകയും ചെയ്തു. മലബാറിലേക്ക് മെത്രാനെ നിയമിച്ച അയക്കാനുള്ള പാത്രിയാർക്കീസിന്റെ നീക്കങ്ങളെ റോമിലെ പ്രൊപ്പഗാൻദാ തീവ്രമായി എതിർത്തിരുന്നു. മലബാറിലെയും ബാഗ്ദാദിലെയും ലത്തീൻ സഭാ നേതൃത്വവും കൽദായ ബന്ധം പുനസ്ഥാപിക്കുന്നതിന് എതിരെയും തദ്ദേശീയ വൈദികരെ മെത്രാന്മാരാക്കുന്നതിന് എതിരെയും നിലപാടെടുത്തുകൊണ്ടിരുന്നു. മലബാറിലെ പഴയകൂറ്റുകാരുടെ ഇടയിൽ എന്നപോലെ കൽദായ കത്തോലിക്കരുടെ ഇടയിലും ഇത് കടുത്ത അതൃപ്തിയ്ക്ക് കാരണമായി. അന്തോണി കുടക്കാച്ചിറയോടൊപ്പം ബാഗ്ദാദിലേക്കുള്ള ആദ്യ യാത്രയിൽ അനുഗമിച്ചിരുന്ന അന്തോണി തൊണ്ടനാട്ട് എന്ന മലയാളി വൈദികനെ അവർ ഖുദ്ശാനിസിൽ ആസ്ഥാനമാക്കിയ പരമ്പരാഗത അസ്സീറിയൻ പാത്രിയർക്കീസ് ശിമയോൻ 18ാമൻ റൂവേലിന്റെ പക്കലേക്ക് അയച്ചു. അദ്ദേഹം അന്തോണി തൊണ്ടനാട്ടിനെ അബ്ദീശോ എന്ന പേരിൽ ഇന്ത്യയുടെ മെത്രാപ്പോലീത്തയായി നിയമിച്ചു.[149]

തോമാ റോക്കോസും ഏലിയാ മേലൂസും

ഇതിനിടെ 1860ൽ കൽദായ കത്തോലിക്കാ വിശ്വാസികളുടെയും പുരോഹിതരുടെയും നിർബന്ധത്തിനു വഴങ്ങി തോമാ റോക്കോസ് എന്ന വൈദികനെ പാത്രിയർക്കീസ് യൗസേപ്പ് 6ാമൻ മെത്രാനായി വാഴിച്ച് ഇന്ത്യയിലേക്ക് അയച്ചു. 1861ൽ മലബാറിൽ എത്തിയ തോമാ റോക്കോസ് മെത്രാപ്പോലീത്ത ഭൂരിഭാഗം വരുന്ന പഴയകൂർ സുറിയാനി പള്ളികളുടെയും പിന്തുണ നേടിയെടുത്തു. എന്നാൽ ഈ നീക്കത്തോട് ലത്തീൻ സഭാ നേതൃത്വം അതിരൂക്ഷമായ രീതിയിലാണ് പ്രതികരിച്ചത്. മൊസൂളിലെ റോമൻ പ്രതിനിധി ആയിരുന്ന ഹെൻറി അമാന്റൺ കൽദായ കത്തോലിക്കാ പാത്രിയർക്കീസിനെയും സഭയിലെ മുഴുവൻ മെത്രാന്മാരെയും മുടക്കുമെന്നും ശിക്ഷാനടപടികൾക്ക് വിധേയരാക്കും എന്നും ഭീഷണി മുഴക്കി. വരാപ്പുഴയിലെ കർമ്മലീത്താ വികാരി അസ്തോലിക്ക ബർണ്ണദീൻ ബച്ചിനെല്ലിയും രൂക്ഷമായ പ്രതികരണവുമായി മുന്നോട്ടു വന്നു. തോമാ റോക്കോസ് സുറിയാനിക്കാരുടെ ഇടയിൽ ഉണ്ടാക്കുന്ന സ്വാധീനം അവസാനിപ്പിക്കാൻ ചാവറ കുര്യാക്കോസ് ഏലിയാസ് എന്ന തദ്ദേശീയ കർമ്മലീത്താ വൈദികനെ സുറിയാനി പള്ളികൾക്ക് വേണ്ടിയുള്ള വികാരി ജനറലായി അദ്ദേഹം നിയമിച്ചു. ഇതോടെ തോമാ റോക്കോസിന്റെ ജനപിന്തുണയിൽ ഇടിവുണ്ടായി. ഇതിനിടയിൽ അന്നത്തെ മാർപാപ്പ പിയൂസ് 6ാമനും പ്രൊപ്പഗാൻദാ സംഘവും തോമാ റോക്കോസിനെ തിരിച്ചുവിളിക്കാൻ പാത്രിയർക്കീസിനോട് നിർദ്ദേശിച്ചു.[203] അല്ലാത്തപക്ഷം പാത്രിയർക്കീസിനെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും അവർ ഭീഷണിപ്പെടുത്തി. തോമാ റോക്കോസിനെ റോം മഹറോൻ ചെയ്യുകയും ചെയ്തു. ഇതോടെ അദ്ദേഹത്തിന് മലബാറിൽ ലഭിച്ചിരുന്ന പിന്തുണ ദുർബലമാവുകയും പാത്രിയാർക്കീസ് അദ്ദേഹത്തെ തിരിച്ചു വിളിക്കുകയും ചെയ്തു.[149] ചാവറ കുര്യാക്കോസ് ഏലിയാസിന്റെ കാലഘട്ടം പഴയകൂറ്റുകാർക്ക് പുരോഗതിയുടെ കാലഘട്ടമായിരുന്നു. ആംഗ്ലിക്കൻ മിഷനറിമാരുടെ സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങളിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടുകൊണ്ട് വിദ്യാഭ്യാസത്തിൽ അധിഷ്ഠിതമായ നവോത്ഥാന പ്രവർത്തനങ്ങൾ പഴയകൂറ്റുകാരുടെ ഇടയിൽ അദ്ദേഹം വ്യാപകമാക്കി.

അതേസമയം അബ്ദീശോ തൊണ്ടാനാട്ട് മലബാറിലേക്ക് മടങ്ങിയെത്തി. എന്നാൽ അദ്ദേഹം കത്തോലിക്കൻ അല്ലാത്ത അസീറിയൻ പാത്രിയാർക്കീസിന്റെ അടുക്കൽ നിന്നും മെത്രാൻ പട്ടം ഏറ്റതിനാൽ അദ്ദേഹത്തിൻറെ മെത്രാപ്പോലീത്ത സ്ഥാനം അംഗീകരിക്കാൻ നാട്ടുകാർ തയ്യാറായില്ല. പകരം അദ്ദേഹത്തെ ഇടവക വികാരിയായി പ്രവർത്തിക്കുന്നതിന് അനുവദിച്ചു. ഇതിനിടയിൽ കൽദായ പാത്രിയാർക്കീസിന്റെ അടുക്കലേക്ക് പഴയകൂറ്റുകാർ വീണ്ടും കത്തുകൾ എഴുതി അയച്ചു കൊണ്ടിരുന്നു. ഇതിനേത്തുടർന്ന് 1864ൽ യോഹന്നാൻ ഏലിയാ മേലൂസ് എന്ന കൽദായ വൈദികനെ പാത്രിയർക്കീസ് മെത്രാപ്പോലീത്തയായി വാഴിച്ച് ഇന്ത്യയിലേക്ക് അയച്ചു.[204][149][205] എന്നാൽ 1882ൽ റോമിൽ നിന്നുള്ള രൂക്ഷമായ ഇടപെടലിനെ തുടർന്ന് ഇദ്ദേഹത്തിനും മടങ്ങേണ്ടതായി വന്നു. തോമാ റോക്കോസുമായി ബന്ധപ്പെട്ട് നടന്ന നിങ്ങളുടെ തനിയാവർത്തനമാണ് അപ്പോഴും സംഭവിച്ചത്.[206][207]

കൽദായ സുറിയാനി സഭ, അസ്സീറിയൻ സഭാ ബന്ധം പുനഃസ്ഥാപിക്കപ്പെടുന്നു

റോമിൽ നിന്നുള്ള കടുത്ത ഇടപെടൽ മൂലം ഇന്ത്യയിൽ നിന്ന് മടങ്ങി പോകേണ്ടി വന്നെങ്കിലും മിഖായേൽ അഗസ്തീനോസ് എന്ന ഒരു കോറപ്പിസ്കോപ്പയെ മലബാറിൽ ഏലിയാ മേലൂസ് നിലനിർത്തിയിരുന്നു. മേലൂസിനെ അംഗീകരിച്ചിരുന്നവരുടെ നേതൃത്വം ഇദ്ദേഹം ഏറ്റെടുത്തു. അബ്ദീശോ തൊണ്ടാനാട്ട് ഇക്കാലത്ത് മെത്രാപ്പോലീത്ത എന്ന നിലയിലുള്ള തൻ്റെ അധികാരങ്ങൾ വിനിയോഗിക്കാൻ തുടങ്ങി. [208] ഇവർ കൽദായ സുറിയാനി സഭ എന്ന പേരിൽ അറിയപ്പെട്ടു. അബ്ദീശോയുടെ മരണശേഷം അദ്ദേഹത്തിൻറെ പിൻഗാമിയായി 1907ൽ അബിമലേക്ക് തിമോത്തെയോസ് എന്ന മെത്രാപ്പോലീത്തയെ അന്നത്തെ അസ്സീറിയൻ പാത്രിയർക്കീസ് ശിമയോൻ 19ാമൻ ബെന്യാമിൻ അയച്ചു. [209][210] താൻ നിയന്ത്രണ ഏറ്റെടുത്ത പള്ളികളിൽ നിന്ന് കത്തോലിക്കാ സ്വാധീനത്തിന്റെ അവശേഷിപ്പിക്കുകളായ രൂപങ്ങൾ ചിത്രങ്ങൾ മുതലായവ നിർമ്മാർജ്ജനം ചെയ്ത് കിഴക്കിന്റെ അസീറിയൻ സഭയുടെ സഭാ പാരമ്പര്യവും ആചാരക്രമരീതികളും പുനുരുജ്ജീവിപ്പിക്കാൻ അദ്ദേഹം പരിശ്രമിച്ചുകൊണ്ടിരുന്നു.[149][211]

സുറിയാനി കത്തോലിക്കർ ലത്തീൻ ഭരണത്തിൽ നിന്ന് വേർപെടുത്തപ്പെടുന്നു, സിറോ-മലബാർ സഭ

ലത്തീൻ സഭാ സംവിധാനത്തിൽ നിന്ന് സ്വതന്ത്രമാകാനും കൽദായ സുറിയാനി ആചാരക്രമം പാലിക്കുന്ന തദ്ദേശീയ സഭാസംവിധാനം രൂപപ്പെടുത്താനും ഇതിന് ആവശ്യമെങ്കിൽ കൽദായ കത്തോലിക്കാ സഭയുമായി ബന്ധം സ്ഥാപിക്കാനുമുള്ള പഴയകൂറ്റുകാരുടെ നൂറ്റാണ്ടുകളായുള്ള തീർച്ചയായ ശ്രമങ്ങൾ റോമിനെയും പ്രൊപ്പഗാൻദാ സംവിധാനത്തെയും അലോസരപ്പെടുത്തി. അടിച്ചമർത്തലിലൂടെ എല്ലാ കാലത്തും തദ്ദേശീയരായ സുറിയാനി ക്രിസ്ത്യാനികളെ ഭരിക്കാൻ ആവില്ല എന്നും അതിനു ഇനിയും തുനിഞ്ഞാൽ വീണ്ടും സഭയിൽ പിളർപ്പുകൾ ഉണ്ടാകും എന്നും മനസ്സിലാക്കിയ റോമൻ കത്തോലിക്ക നേതൃത്വം മലബാറിലെ സുറിയാനി ക്രിസ്ത്യാനികളെ ലത്തീൻ സഭയുടെ വരാപ്പുഴ വികാരിയാത്തിൽ നിന്ന് വേർപെടുത്താൻ തീരുമാനിച്ചു.

1887ൽ മലബാറിലെ സുറിയാനി കത്തോലിക്കരെ വരാപ്പുഴ അപ്പസ്തോലിക് വികാരിയത്തിൽ നിന്ന് അന്നത്തെ മാർപാപ്പ പിയൂസ് 13ാമൻ സ്വതന്ത്രമാക്കി. ലത്തീൻ ക്രിസ്ത്യാനികളിൽ നിന്ന് തിരിച്ചറിയാൻ സീറോ-മലബാർ കത്തോലിക്കാ സഭ എന്ന പേരും അവർക്ക് കൊടുത്തു. പകരം അവർക്കായി തൃശ്ശൂർ, കോട്ടയം (പിന്നീട് ചങ്ങനാശ്ശേരി) എന്നീ രണ്ട് അപ്പസ്തോലിക് വികാരിയാത്തുകൾ സ്ഥാപിതമായി. അഡോൾഫസ് മെഡ്ലികോട്ട്, ചാൾസ് ലവീഞ്ഞ് എന്നീ വിദേശികളായ ലത്തീൻ മെത്രാന്മാരാണ് ഈ സംവിധാനങ്ങളുടെ അധ്യക്ഷന്മാരായി നിയമിതരായത്. 1896ൽ മാർപാപ്പ ഈ വികാരിയാത്തുകളെ എറണാകുളം, ചങ്ങനാശ്ശേരി, തൃശ്ശൂർ എന്നീ മൂന്ന് പുതിയ വികാരിയാത്തുകളായി പുനക്രമീകരിക്കുകയും യഥാക്രമം ലൂയീസ് പാഴേപ്പറമ്പിൽ, മാത്തായി മാക്കീൽ, യോഹന്നാൻ മേനാച്ചേരി എന്നീ തദ്ദേശീയരെ അവിടങ്ങളിൽ ബിഷപ്പുമാരായി നിയമിക്കുകയും ചെയ്തു. 1911ൽ ക്നാനായ കത്തോലിക്കർക്കായി കോട്ടയം കേന്ദ്രീകരിച്ച് ഒരു പുതിയ വികാരിയാത്ത് സ്ഥാപിതമാവുകയും മത്തായി മാക്കീലിനെ അവിടേക്ക് സ്ഥലം മാറ്റുകയും ചെയ്തു. എന്നാൽ സിറോ-മലബാർ സഭയ്ക്ക് കേന്ദ്രീകൃത ഭരണസംവിധാനമോ നേതൃത്വമോ അനുവദിച്ചിരുന്നില്ല.

1923ൽ അന്നത്തെ മാർപാപ്പ പിയൂസ് 11ാമൻ സിറോ-മലബാർ സഭയ്ക്ക് വ്യവസ്ഥാപിതവും കേന്ദ്രീകൃതവുമായ ഭരണസംവിധാനം സ്ഥാപിച്ചു. വികാരിയാത്തുകളെ രൂപതകൾ ആയി ഉയർത്തുകയും എറണാകുളം രൂപതയെ അതിരൂപതയായും അതിൻറെ അധ്യക്ഷനായിരുന്ന അഗസ്തീനോസ് കണ്ടത്തിലിനെ സഭയുടെ മുഴുവൻ മെത്രാപ്പോലീത്തയായും പ്രഖ്യാപിക്കുകയും ചങ്ങനാശ്ശേരി, തൃശൂർ, കോട്ടയം എന്നിവയെ സാമന്ത രൂപതകൾ ആക്കുകയും ചെയ്തു. 1992ൽ ജോൺ പോൾ 2ാമൻ മാർപ്പാപ്പ എറണാകുളം അതിരൂപതയുടെ അധ്യക്ഷനായിരുന്ന കർദിനാൾ ആന്റണി പടിയറയെ സിറോ-മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി നിയമിച്ചുകൊണ്ട് സഭയെ മേജർ ആർക്കിഎപിസ്കോപ്പൽ പദവിയുള്ള ഒരു സ്വയാധികാര സഭയായി ഉയർത്തി. 2011ൽ അന്നത്തെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ വർക്കി വിതയത്തിലിന്റെ മരണത്തെ തുടർന്ന് സിറോ-മലബാർ സഭയുടെ തദ്ദേശീയമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ തലവനായി കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സ്ഥാനമേറ്റു. തുടർന്ന് സഭയുടെ അധികാര മേഖല ഇന്ത്യ മുഴുവനിലേക്കും വ്യാപിപ്പിക്കപ്പെടുകയും ചെയ്തു.

എന്നാൽ ഇതിനിടയിൽ സഭയുടെ ആചാരക്രമവും പാരമ്പര്യവുമായി ബന്ധപ്പെട്ട് തർക്കങ്ങളും ആഭ്യന്തരമായി ഉടലെടുത്തു. അക്കാലത്ത് നിലനിന്നിരുന്ന ലത്തീൻവൽക്കരിക്കപ്പെട്ട കൽദായ സുറിയാനി ആചാരക്രമം തുടരണമെന്ന് ചിലർ വാദിച്ചപ്പോൾ മറ്റു ചിലർ കൂടുതൽ ശുദ്ധമായ കൽദായ സുറിയാനി ആചാരക്രമം പുനരുദ്ധരിക്കണം എന്ന് നിലപാടെടുത്തു. അതേസമയം മറ്റൊരു വിഭാഗം കൂടുതൽ ലത്തീൻവൽക്കരണം വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടയിൽ ഉത്തരേന്ത്യൻ ബ്രാഹ്മണ രീതികൾ സന്നിവേശിപ്പിച്ച് മറ്റ് ഇന്ത്യൻ സ്വയാധികാര കത്തോലിക്കാ സഭകളെ കൂടി ചേർത്ത് ഒരു ഭാരതീയ ആചാരക്രമം രൂപപ്പെടുത്തണം എന്ന പുതിയ ആശയവുമായി മറ്റൊരു വിഭാഗം രംഗത്തെത്തി. ഈ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും സഭയെ പ്രതിസന്ധിയിലാക്കി മാറ്റി. ഈ പ്രശ്നത്തെ തുടർന്ന് സിറോ-മലബാർ സഭയുടെ ആരാധനാക്രമ വിഷയത്തിൽ ഇടപെട്ട റോം 1934ൽ പരമ്പരാഗത കൽദായ സുറിയാനി ആചാരക്രമം പുനരുദ്ധരിക്കുകയാണ് വേണ്ടത് എന്ന് നിലപാടെടുത്തു. 1964ൽ സമ്മേളിച്ച 2ാം വത്തിക്കാൻ സൂനഹദോസ് പൗരസ്ത്യ കത്തോലിക്കാ സഭകളിലെ ലത്തീൻവൽക്കരണം നിരോധിക്കുകയും പൗരസ്ത്യ ആചാരക്രമങ്ങൾ പുനരുദ്ധരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തതോടെ സീറോ-മലബാർ സഭയിൽ പൗരസ്ത്യ സുറിയാനി ആചാരക്രമം ഉദയംപേരൂർ സൂനഹദോസിന് മുമ്പുണ്ടായിരുന്ന രീതിയിൽ പുനസ്ഥാപിക്കുന്നതിന് ഔദ്യോഗികമായ ശ്രമങ്ങൾ തുടങ്ങി. 2020ഓടെ നെസ്തോറിയസിന്റെയും മോപ്സുവേസ്ത്യയിലെ തെയദോറിന്റെയും പേരുകളിലുള്ള അനാഫോറകൾ പുനരുദ്ധരിക്കപ്പെട്ടത് സഭയുടെ ചരിത്രത്തിലെ നിർണ്ണായക ഏടുകളായി മാറി. അതേസമയം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും എതിർവിഭാഗത്തിൽ നിന്ന് തുടർന്നുകൊണ്ടിരിക്കുന്നു.[159]

വിവിധ സഭകൾ

 
മാർ തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ

ഒറ്റ സമുദായമായി കഴിഞ്ഞിരുന്ന മാർ തോമാ നസ്രാണികൾ കൂനൻ കുരിശു സത്യത്തിനു ശേഷം 1657-65 കാലത്താണു് ആദ്യമായി പിളർന്നതു്. ഇപ്പോൾ ഇവർ സിറോ മലബാർ സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, കൽദായ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ, സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ എന്നിങ്ങനെ വിവിധ സഭകളിലായി ചിതറിക്കിടക്കുന്നു. ഇവരിൽ സിറോ മലബാർ സഭയും സിറോ മലങ്കര സഭയും സ്വയംഭരണാധികാരമുള്ള പൗരസ്ത്യ കത്തോലിക്കാ സഭകളാണ്. സിറോ മലബാർ സഭ പൗരസ്ത്യ സുറിയാനി ആരാധനക്രമവും സിറോ മലങ്കര സഭ പാശ്ചാത്യ സുറിയാനി ആരാധനക്രമവും പിന്തുടരുന്നു. കേരളത്തിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭകളാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും. ഇവയിൽ യാക്കോബായ സുറിയാനി സഭ, സുറിയാനി ഓർത്തഡോക്സ് സഭയുടെ സ്വയംഭരണാധികാരമുള്ള കേരളത്തിലെ പ്രാദേശിക സഭയായി പ്രവർത്തിക്കുന്നു. ഔദ്യോഗികമായി ഓറിയന്റൽ ഓർത്തഡോക്സ് സഭാകുടുംബത്തിലെ അംഗമല്ലെങ്കിലും ഓറിയന്റൽ ഓർത്തഡോക്സ് വിശ്വാസത്തിലും പാരമ്പര്യത്തിലുമുള്ള കേരളത്തിലെ മറ്റൊരു സഭയാണ് മലബാർ സ്വതന്ത്ര സുറിയാനി സഭ. ഈ മൂന്നു സഭകളും പാശ്ചാത്യ സുറിയാനി ആരാധനക്രമം പിന്തുടരുന്നു. പൗരസ്ത്യ നവീകരണ സഭകളായ മാർത്തോമ്മാ സഭയും സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭയും പാശ്ചാത്യ സുറിയാനി ആരാധനക്രമം അവരുടെ നവീകരണ ദർശനങ്ങൾക്കനുസൃതമായ രീതിയിൽ പരിഷ്കരിച്ചുപയോഗിക്കുന്നു. അസ്സീറിയൻ പൗരസ്ത്യ സഭയുടെ കേരളത്തിലെ ശാഖയാണ് കൽദായ സുറിയാനി സഭ. ഇവർ പൗരസ്ത്യ സുറിയാനി ആരാധനക്രമം പിന്തുടരുന്നു.

ഇതും കാണുക

അവലംബം

സൂചിക

  1. 1.0 1.1 Thomas (2018).
  2. "The Stcei". Indianchristianity.com. Retrieved 24 September 2017.
  3. Ross (1979), പുറം. 80-98.
  4. 4.0 4.1 Perczel (2013), പുറം. 416.
  5. 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 5.11 5.12 Brock (2011a).
  6. 6.0 6.1 Fahlbusch, Erwin; Bromiley, Geoffrey William; Lochman, Jan Milic (2008). The Encyclodedia of Christianity. Wm. B. Eerdmans Publishing. p. 285. ISBN 978-0-8028-2417-2.
  7. 7.0 7.1 Israel Museum (1995). The Jews of India: A Story of Three Communities. UPNE. p. 27. ISBN 978-965-278-179-6.
  8. 8.0 8.1 8.2 Baum & Winkler (2003), പുറം. 52.
  9. 9.0 9.1 Bundy, David D. (2011). "Timotheos I". In Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press. Retrieved 22 September 2016.
  10. Frykenberg (2008), പുറം. 111, 134–136.
  11. Frykenberg (2023).
  12. Perczel (2014), പുറം. 291.
  13. "Kerala Syrian Christian, Apostle in India, The tomb of the Apostle, Persian Church, Syond of Diamper – Coonan Cross Oath, Subsequent divisions and the Nasrani People". Kerala Syrian Christian, Apostle in India, The tomb of the Apostle, Persian Church, Syond of Diamper – Coonan Cross Oath, Subsequent divisions and the Nasrani People. 2007. https://www.nasrani.net/amp/2007/02/13/kerala-syrian-christian-the-tomb-of-the-apostle-persian-church-syond-of-diamper-coonan-cross-oath-divisions/. 
  14. Anderson, Allan; Tang, Edmond (2005). Asian and Pentecostal: The Charismatic Face of Christianity in Asia (in ഇംഗ്ലീഷ്). OCMS. pp. 192 to 193, 195 to 196, 203 to 204. ISBN 978-1-870345-43-9.
  15. Bergunder, Michael (6 June 2008). The South Indian Pentecostal Movement in the Twentieth Century (in ഇംഗ്ലീഷ്). Wm. B. Eerdmans Publishing. pp. 15 to 16, 26 to 30, 37 to 57. ISBN 978-0-8028-2734-0.
  16. ഡോ:പി.ജെ. തോമസിന്റെ 'മലയാള സാഹിത്യവും ക്രിസ്ത്യാനികളും' എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ 'ചർച്ചയും പൂരണവും' എന്ന അനുബന്ധ ഭാഗത്തു നിന്നും. ഡി.സി. ബുക്‌സ്. 1989. p. 315.
  17. "Socio-Religious Movements in Kerala: A Reaction to the Capitalist Mode of Production: Part Two". Social Scientist. 6 (72): 28. ജൂലൈ 1978. Retrieved 8 ഓഗസ്റ്റ് 2019.
  18. "The Tradition of St. Thomas". keralatourism.org. Dept of Tourism, Govt of Kerala. Retrieved 12 January 2022. 'Nasrani' means those who follow Nazarene, a name of Christ who was born in Nazareth.
  19. 19.0 19.1 Russell (1991).
  20. 20.0 20.1 Županov (2005), പുറം. 99, അടികുറിപ്പ്.
  21. Malieckal, Bindu (2005). "Muslims, Matriliny, and A Midsummer Night's Dream: European Encounters with the Mappilas of Malabar, India". The Muslim World. 95 (2): 300. doi:10.1111/j.1478-1913.2005.00092.x.
  22. Mathur, P. R. G. (1977). The Mappila fisherfolk of Kerala: a study in inter-relationship between habitat, technology, economy, society, and culture. Kerala Historical Society. p. 1.
  23. വടക്കേക്കര (2007), പുറം. 52.
  24. Perczel (2018), പുറം. 654.
  25. Perczel (2018), പുറം. 654-662.
  26. Johnson, Lynn; Zacharia, Paul. "The Surprisingly Early History of Christianity in India". Smithsonian Magazine.
  27. "Thomas The Apostole". 8 February 2011. Archived from the original on 8 February 2011.
  28. "Search for India's ancient city". 11 June 2006.
  29. Bayly (2004), പുറം. 244.
  30. 30.0 30.1 പുതിയാകുന്നേൽ (1973).
  31. Frykenberg (2008), പുറം. 99; Klijn (2003), പുറം. 15; Childers (2011); Medlycott (1912).
  32. "Indian Christianity".
  33. യൗസേബിയോസ്, Book V Chapter 10 "Pantaenus the Philosopher"; Frykenberg (2008), പുറം. 103; Baum & Winkler (2003), പുറം. 52; Medlycott (1912); Whitehouse (1873), പുറങ്ങൾ. 12–20.
  34. 34.0 34.1 34.2 Perczel (2018), പുറം. 656.
  35. Frykenberg (2008), പുറം. 92.
  36. മേനാച്ചേരി (1998).
  37. Whitehouse (1873), പുറം. 23.
  38. James Arampulickal (1994). The pastoral care of the Syro-Malabar Catholic migrants. Oriental Institute of Religious Studies, India Publications. p. 40.
  39. Orientalia christiana periodica: Commentaril de re orientali ...: Volumes 17–18. Pontificium Institutum Orientalium Studiorum. 1951. p. 233.
  40. Adrian Hastings (15 August 2000). A World History of Christianity. Wm. B. Eerdmans. p. 149. ISBN 978-0-8028-4875-8.
  41. Department of Tourism. "Seven and half Churches (Ezhara Pallikal)".
  42. Muthiah, S. (1999). Madras Rediscovered: A Historical Guide to Looking Around, Supplemented with Tales of 'Once Upon a City'. East West Books. p. 113. ISBN 818-685-222-0.
  43. Frykenberg (2008), പുറം. 99.
  44. മുണ്ടാടൻ & തെക്കേടത്ത് (1982), പുറങ്ങൾ. 30–32.
  45. Perczel (2018), പുറം. 657.
  46. മുണ്ടാടൻ (1984), പുറം. 71-78.
  47. മാണി, തട്ടുങ്കൽ സക്കറിയാ (2016). തോമാശ്ലീഹായുടെ കേരള ക്രൈസ്തസഭ ഒന്നാം നൂറ്റാണ്ടിൽ. T.Z.Mani. p. 14.
  48. 48.0 48.1 Ayyar (1926).
  49. Frykenberg (2008), പുറങ്ങൾ. 101–102.
  50. മേലേക്കണ്ടത്തിൽ (2010), പുറം. 38-61.
  51. Perczel (2018), പുറം. 654, 665–7, 672.
  52. ഗുവേയ (1606), പുറം. 14-16.
  53. Whitehouse (1873), പുറം. 47–50.
  54. Medlycott (1912); Kollaparambil (1992), പുറങ്ങൾ. 1–20; Frykenberg (2010), പുറം. 113; Fahlbusch, Bromiley & Lochman (2008), പുറം. 286.
  55. Frykenberg (2010), പുറം. 113; Baum & Winkler (2003), പുറം. 52; Swiderski (1988).
  56. 56.0 56.1 കൊല്ലംപറമ്പിൽ (2015), പുറം. 129.
  57. Neill (2004), പുറങ്ങൾ. 42–43.
  58. നെടുങ്ങാട്ട് (2001), പുറം. 41: Related with East Syriac Church: The spatial separateness of the St Thomas Christians from Christian centres in other lands was not in every way absolute, as at an early stage of their history they found themselves in rapport with the East Syriac Church. Neither their traditions nor their posterior documents exhibit any sign of constraint or bad blood occasioned by such a relationship. On the other hand everything goes to show that it was a happy working arrangement. Their being in dire straits early on in their history and the arrival on the scene of the progenitors of the present-day "Southists" as benefactors, appears to coincide with the Community's acceptance of fellowship with the East Syriac Church. - ബെനഡിക്ട് വടക്കേക്കര
  59. D'Aguiar, പുറം. 172, 195.
  60. 60.0 60.1 Medlycott (1912).
  61. കൊല്ലാപറമ്പിൽ (1992), പുറം. 134: the traditional name of the community which originated from the immigrants to Cranganore, has been Tekkumbhagar (Southists). The other name in vogue now, namely Knanaya, is of late nineteenth century origin
  62. Perczel (2018), പുറം. 662–674.
  63. Mingana (1926), പുറം. 70–73.
  64. Baum & Winkler (2003), പുറം. 53–58.
  65. 65.0 65.1 Walker (2011).
  66. Mingana (1926), പുറം. 25.
  67. Wilmshurst 2011, പുറം. 121, കൊല്ലമാണ് ആ സ്ഥലം എന്ന് അനുമാനിക്കുന്നു; Baum 2003, പുറം. 53–54, മലാക്ക കടലിടുക്കിലെ ഖലാഹ് (ഖലാങ്) എന്ന പട്ടണത്തോടാണ് ഇതിനെ ബന്ധിപ്പിക്കുന്നത്.
  68. Platt (2017), പുറം. 118.
  69. Baum & Winkler (2003), പുറം. 53.
  70. പുലിയുറുമ്പിൽ (2016).
  71. Avari, Burjor (2007). India, the ancient past. Taylor & Francis. p. 221. ISBN 0-415-35615-6.
  72. Pothan, S.G. (1963). The Syrian Christians of Kerala. Bombay: Asia Publishing House. pp. 102–105.
  73. Werner Sundermann; Almut Hintze; François de Blois (2009). Exegisti Monumenta: Festschrift in Honour of Nicholas Sims-Williams. Otto Harrassowitz Verlag. p. 38. ISBN 978-3-447-05937-4.
  74. 74.0 74.1 Cereti (2009).
  75. Whitehouse (1873), പുറം. 23-42. p25: "Though Cranganore and Quilon are always mentioned amongst their earliest and most important settlements, five other places are named in conjunction with them, viz., Palúr, North Parúr, South Pallipuram, Neranum, and Nellakkul. The whole group are traditionally styled the Seven Churches founded by St. Thomas the Apostle."
  76. ഗുവേയ (1606), പുറം. 6, 20–21, സംശോധാവിന്റെ കുറിപ്പ്.
  77. Rao, T. A. Gopinatha (1986). Travancore Archeological Series. Vol. 2 (I). pp. 60–85.
  78. Narayanan, M. G. S. (2002). Further Studies in the Jewish Copper Plates of Cochin". Indian Historical Review. Vol. 29 (1–2). pp. 66–76. doi:10.1177/037698360202900204. S2CID 142756653.
  79. Narayanan, M. G. S. (2013) [1972]. Perumals of Kerala: Brahmin Oligarchy and Ritual Monarchy. Thrissur (Kerala): CosmoBooks. pp. 277, 278, 295, 435–37. ISBN 9788188765072.
  80. വാര്യർ, എം. ആർ. രാഘവ; വെളുത്താറ്റ്, കേശവൻ (2013). തരിസാപ്പള്ളി പട്ടയം. Thiruvananthapuram (Kerala): National Book Stall.
  81. ശ്രീധരമേനോൻ. കേരളചരിത്രം. p. 59.
  82. Nagam Aiya, V. (1906). Travancore State Manual. p. 244.
  83. Perczel (2018), പുറം. 665-671.
  84. മേലെക്കണ്ടത്തിൽ (2010), പുറം. 43.
  85. "History of Kollam city and Kollam Port". quilon.com.
  86. Yogesh Sharma (2010). Coastal Histories: Society and Ecology in Pre-modern India. Primus Books. p. 78. ISBN 978-93-80607-00-9.
  87. 87.0 87.1 Perczel (2018).
  88. Liščák, Vladimír (2017). "Mapa mondi (Catalan Atlas of 1375), Majorcan cartographic school, and 14th century Asia" (PDF). International Cartographic Association. 1: 4–5. Bibcode:2018PrICA...1...69L. doi:10.5194/ica-proc-1-69-2018.
  89. Massing, Jean Michel; Albuquerque, Luís de; Brown, Jonathan; González, J. J. Martín (1 January 1991). Circa 1492: Art in the Age of Exploration (in ഇംഗ്ലീഷ്). Yale University Press. ISBN 978-0-300-05167-4.
  90. Hiatt, Alfred, ed. (17 June 2021). Cartography between Christian Europe and the Arabic-Islamic World, 1100-1500: Divergent Traditions (in ഇംഗ്ലീഷ്). BRILL. p. 176. ISBN 978-90-04-44603-8.
  91. Liščák, Vladimír (2017). "Mapa mondi (Catalan Atlas of 1375), Majorcan cartographic school, and 14th century Asia" (PDF). International Cartographic Association. 1: 5. Bibcode:2018PrICA...1...69L. doi:10.5194/ica-proc-1-69-2018.
  92. 92.0 92.1 Frykenberg (2008), പുറം. 112.
  93. Silverberg, Robert (1996). The Realm of Prester John. Ohio University Press. pp. 29–34. ISBN 1-84212-409-9.
  94. Fiey, J. M. (1993). Pour un Oriens Christianus novus; répertoire des diocèses Syriaques orientaux et occidentaux. Beirut: Orient-Institut. p. 96.
  95. Wilmshurst (2000), പുറം. 343, 391.
  96. 96.0 96.1 96.2 Van der Ploeg (1983), പുറം. 3.
  97. "MS Vatican Syriac 22".
  98. Mingana (1926), പുറം. 451-452.
  99. Wilmshurst (2000), പുറം. 378.
  100. "MS Vatican Syriac 22 & MS Vatican Syriac 17: Syriac Manuscripts copied in South India". 6 April 2012.
  101. Van der Ploeg (1983), പുറം. 4.
  102. Baum & Winkler (2003), പുറം. 105.
  103. Yule (1871), പുറം. 312.
  104. The Travels of Marco Polo (in ഇംഗ്ലീഷ്). Cosimo, Inc. pp. 293, 297, 301, 317. ISBN 978-1-60206-861-2.
  105. ജൊർദാനൂസ്, പുറം. 23, paragraph 31.
  106. Liščák, Vladimír (2017). Mapa mondi (Catalan Atlas of 1375), Majorcan cartographic school, and 14th century Asia (PDF). International Cartographic Association. pp. 4–5.
  107. ജൊർദാനൂസ്, പുറം. vii.
  108. Yule (1864).
  109. മേനാച്ചേരി, ജോർജ്. പള്ളികളിലെ ചിത്രാഭാസങ്ങൾ (PDF). പഴമ. Vol. 2. London. p. 33-34.
  110. Martin Thomas, Antony (5 June 2010). "The Story of Joseph, the Indian; A Historical Appraisal of the Affairs of St Thomas' Christians in the Pre Portuguese period". The Story of Joseph, the Indian; A Historical Appraisal of the Affairs of St Thomas' Christians in the Pre Portuguese period. https://www.nasrani.net/amp/2010/06/05/the-story-of-joseph-the-indian-with-a-historical-appraisal-of-the-affairs-of-st-thomas-christians/. 
  111. Wilmshurst (2000), പുറം. 20, 347, 398, 406–407.
  112. Baum & Winkler (2003), പുറം. 106–111.
  113. മേലെക്കണ്ടത്തിൽ (2021).
  114. Frykenberg (2008), പുറങ്ങൾ. 122–124.
  115. 115.0 115.1 Perczel (2018), പുറം. 680.
  116. Frykenberg (2008), പുറങ്ങൾ. 127–128.
  117. Fenwick (2008), പുറം. 86-89.
  118. മുണ്ടാടൻ (1984), പുറങ്ങൾ. 287–347.
  119. Perczel (2018b), പുറം. 98-100.
  120. Frykenberg (2008), പുറങ്ങൾ. 125–127, 130–134.
  121. Perczel (2018), പുറം. 680-683.
  122. Neill (2004), പുറങ്ങൾ. 208–210.
  123. "Tracing the heritage of Syrian Christians." The Hindu. 21 February 2011.
  124. Medlycott (1912); Takahashi (2011); Neill (2004), പുറങ്ങൾ. 208–214; വടക്കേക്കര (2007), പുറം. 78; Prasad (2009), പുറം. 484.
  125. Prasad (2009), പുറം. 484.
  126. Frykenberg (2008), പുറം. 136.
  127. Takahashi (2011).
  128. Perczel.
  129. കൊല്ലാപറമ്പിൽ (1981), പുറം. 40-49.
  130. Fenwick (2009), പുറം. 89-103.
  131. Frykenberg (2008), പുറം. 367.
  132. 132.0 132.1 Neill (2004), പുറങ്ങൾ. 316–317.
  133. Perczel (2011), പുറം. 196–197.
  134. 134.0 134.1 Neill (2004), പുറം. 319.
  135. Census of India (1961: Kerala (in ഇംഗ്ലീഷ്). Office of the Registrar General. 1965. p. 111. There are various versions about the wording of swearing, one version being that it was directed against the Portuguese, another that it was directed against Jesuits, yet another that it was directed against the authority of church of Rome.
  136. 136.0 136.1 Neill (2004), പുറം. 320.
  137. Frykenberg (2008), പുറം. 361-368.
  138. Neill (2004), പുറങ്ങൾ. 320–321.
  139. Fenwick (2009), പുറം. 121-27.
  140. മുണ്ടാടൻ & തെക്കേടത്ത് (1982), പുറങ്ങൾ. 96–100.
  141. Neill (2004), പുറം. 323.
  142. Frykenberg (2008), പുറം. 361.
  143. Fenwick (2009), പുറം. 127-37.
  144. Fenwick (2009), പുറം. 145-147.
  145. വടക്കേക്കര (2007), പുറം. 84; Frykenberg (2008), പുറം. 361; Fernando & Gispert-Sauch (2004), പുറം. 79; Chaput (1999), പുറങ്ങൾ. 7–8; Perczel (2013), പുറം. 425.
  146. The Quarterly Journal of the Mythic Society. Vol.3 (in ഇംഗ്ലീഷ്). Mythic Society. 1911. p. 141.
  147. MacKenzie (1901), പുറം. 28.
  148. വടക്കേക്കര (2007), പുറം. 88.
  149. 149.0 149.1 149.2 149.3 149.4 149.5 Brock (2011c).
  150. "Archbishop Simon Dominicus [Catholic-hierarchy]".
  151. Brown (1956), പുറങ്ങൾ. 115–117; മൂക്കൻ (1977), പുറങ്ങൾ. 50–51; മൂക്കൻ (1983), പുറങ്ങൾ. 25–26; Neill (2002), പുറങ്ങൾ. 62–65; Perczel (2013), പുറങ്ങൾ. 428–431.
  152. 152.00 152.01 152.02 152.03 152.04 152.05 152.06 152.07 152.08 152.09 Fenwick (2011a).
  153. Perczel (2013), പുറം. 427 and note.
  154. 154.00 154.01 154.02 154.03 154.04 154.05 154.06 154.07 154.08 154.09 മേലെക്കണ്ടത്തിൽ (2013).
  155. Neill (2002), പുറം. 67.
  156. Neill (2004), പുറം. 67 – 68.
  157. Fenwick (2009), പുറം. 310-311.
  158. Neill (2002), പുറം. 68 – 69.
  159. 159.0 159.1 159.2 159.3 Brock (2011d).
  160. Perczel (2013), പുറം. 431-432.
  161. 161.0 161.1 161.2 Fenwick (2009), പുറം. 256-264.
  162. Perczel (2013), പുറം. 432.
  163. പുലിയുറുമ്പിൽ (1994).
  164. പുലിയുറുമ്പിൽ (2004).
  165. Bayly (2004), പുറങ്ങൾ. 281–286.
  166. Joseph, George (200). The life and times of a Kerala Christian nationalist. Orient Blackswan. p. 33–39. ISBN 81-250-2495-6.
  167. Fenwick (2009), പുറം. 299-310.
  168. Fenwick (2009), പുറം. 311-2.
  169. McKenzie (1906), പുറം. 214.
  170. Neill (2004), പുറം. 241.
  171. Fenwick (2009), പുറം. 331-5.
  172. Mackenzie (1906), പുറം. 214–215.
  173. Fenwick (2009), പുറം. 314.
  174. Fenwick (2009), പുറം. 327-331.
  175. ഫിലിപ്പ്, ഇ. എം. The Indian Church of St. Thomas. p. 177.
  176. Fenwick (2009), പുറം. 333-4.
  177. Fenwick (2009), പുറം. 335-338.
  178. Fenwick (2009), പുറം. 323-324.
  179. Fenwick (2009), പുറം. 338-343.
  180. McKenzie (1906), പുറം. 214-5.
  181. Fenwick (2009), പുറം. 397-402.
  182. Cherian, Dr. C.V., Orthodox Christianity in India. Academic Publishers, College Road, Kottayam. 2003.p. 254-262.
  183. Neill (2002), പുറങ്ങൾ. 247–251.
  184. Bayly (2004), പുറം. 300.
  185. Chatterton, Eyre (1924). "The Diocese of Travancore and Cochin, 1879. The Country of Fiords, Mountains, and Moplahs Bishops". A History of the Church of England in India Since the Early Days of the East India Company. London: SPCK.
  186. 186.0 186.1 "Kerala Window". keralawindow.net.
  187. ജോർജ്ജ് (1919), പുറം. 42.
  188. 188.0 188.1 Fenwick (2011b).
  189. Mackenzie (1906), പുറം. 214-9.
  190. Mackenzie (1906), പുറം. 217-8.
  191. Varghese (2008), പുറം. 363.
  192. N.M. Mathew, History of the Marthoma Church (Malayalam), Volume II.(2007). Page 125.
  193. 193.0 193.1 193.2 193.3 193.4 193.5 Varghese (2011).
  194. Kiraz, George A. (2011b). "ʿAbdulmasīḥ II". ʿAbdulmasīḥ II. https://gedsh.bethmardutho.org/entry/Abdulmasih-II. 
  195. 195.0 195.1 195.2 Kiraz (2011a).
  196. 196.0 196.1 196.2 196.3 196.4 Joseph (2011).
  197. K Mani Rajan (2017). Holy Fathers of The Syrian Orient Entombed in Kerala (PDF). JSC Publications. pp. 111–116.
  198. A History of Eastern Christianity – Taylor & Francis, pp. 372–374
  199. Vadakkekara (2007), പുറം. 94-96.
  200. Cherian, Dr. C.V., Orthodox Christianity in India. Academic Publishers, College Road, Kottayam. 2003.p. 354.
  201. Brock (2011b).
  202. ചേടിയത്ത്, ഗീവർഗ്ഗീസ്. The Malankara Catholic Church (PDF). Vadavathoor: OIRSI publications. pp. 201, 226.
  203. Martina, Giacomo (1986). Pio IX (1851-1866). pp. 372–374. ISBN 8876525432.
  204. Wilmshurst (2000), പുറം. 34.
  205. "Bishop Jean-Élie Mellus [Catholic-Hierarchy]".
  206. "Church of the East - India".
  207. Wilmshurst (2000), പുറം. 75.
  208. മൂക്കൻ (1987).
  209. മൂക്കൻ (1975), പുറം. 11-26.
  210. Perczel (2013), പുറം. 435-436.
  211. വടക്കേക്കര (2007), പുറം. 103.

കുറിപ്പുകൾ

  1. Brown 1956. മേലെക്കണ്ടത്തിൽ 2011. മേലെക്കണ്ടത്തിൽ (2010), പുറം. 38–61. മേനാച്ചേരി (2000)
  2. കോസ്മാസ് ഇൻഡികോപ്ല്യൂസ്റ്റസ്, പുറം. 48, 119–120, 365–366. Walker 2011. Frykenberg 2008, പുറങ്ങൾ. 105, 110. Weerakkody 1997, പുറം. 237 and 244. Mingana 1926, പുറം. 26–29
  3. Wilmshurst 2000, പുറം. 20, 347, 398, 406–407. Brock 2011a. Baum & Winkler 2003, പുറം. 106–111
  4. Toepel 2011, പുറം. 388-392. Perczel 2018, പുറം. 680-683. കൊല്ലാപറമ്പിൽ 1981, പുറം. 60-106. Fenwick 2009, പുറം. 119-20.
  5. ജോസഫ് 2011. മേനാച്ചേരി 1973. മേനാച്ചേരി 1982. മേനാച്ചേരി 1998. പൊടിപ്പാറ 1970. Brown 1956. Tisserant 1941. മുണ്ടാടൻ & തെക്കേടത്ത് 1982.
  6. Mathew, N. M. (2006). History of the Marthoma Church. Vol. 1. pp. 205–207. Kochumon, M.P. Saintly bishops of Kattumangat. pp. 42–44. Varghese Kassessa, K.C. History of Malabar Independent Syrian Church. p. 45. Fenwick 2009, പുറം. 200–246. Burgess, Michael (2005). The Eastern Orthodox Churches. McFarland. p. 175. ISBN 0-7864-2145-2. Fenwick 2011a
  7. Neill 2002, പുറങ്ങൾ. 247–251. "Missionaries led State to renaissance: Pinarayi". The Hindu (in Indian English). 13 November 2016. ISSN 0971-751X."Kerala to celebrate CMS mission". Church Mission Society (in ഇംഗ്ലീഷ്). 9 November 2016. Forrester, Duncan B. (2017). V. Caste Converts and the Kerala Christians. Caste and Christianity: Attitudes and Policies on Caste of Anglo-Saxon Protestant Missions in India. Routledge.
  8. Varghese, Alexander P. (2008). India: History, Religion, Vision and Contribution to the World. India: Atlantic Publishers & Distributors. pp. 357–364. ISBN 9788126909032. വർഗ്ഗീസ് 2011. Pallikunnil, Jameson K. (2017-03-20). The Eucharistic Liturgy: A Liturgical Foundation for Mission in the Malankara Mar Thoma Syrian Church (in ഇംഗ്ലീഷ്). AuthorHouse. ISBN 978-1-5246-7652-0. Mackenzie 1906, പുറം. 218. ജോസഫ് 2011
  9. പുലിയുറുമ്പിൽ 1994. പള്ളത്ത് 2006. പള്ളിപ്പുറത്തുകുന്നേൽ 1982. പെരുന്തോട്ടം 1994. തോണിപ്പാറ 1999. വാരിക്കാട്ട് 1995.

സ്രോതസ്സുകൾ

പ്രാഥമിക സ്രോതസ്സുകൾ

  • യൗസേബിയോസ്. Knight, Kevin (ed.). Church History. Vol. Book V Chapter 10. Translated by McGiffert, Arthur Cushman.
  • T. K. Joseph (ed.). മാർഗ്ഗംകളി പാട്ട് (1931 ed.).
  • മേനാച്ചേരി, ജോർജ്ജ് (ed.). The Song of Thomas Ramban. The Indian Church History Classics. Vol. I (1998 ed.). Ollur. ISBN 81-87133-05-8.
  • ലൂക്കാസ്, പി. യു., ed. (1985) [1910]. പുരാതന പാട്ടുകൾ (6ാം ed.).
  • Klijn, Albertus Frederik Johannes (ed.). The Acts of Thomas: Introduction, Text, and Commentary (2003 ed.). BRILL. ISBN 90-04-12937-5.
  • കോസ്മാസ് ഇൻഡികോപ്ല്യൂസ്റ്റസ്. J. W. McCrindle (ed.). The Christian Topography of Cosmas, an Egyptian Monk: Translated from the Greek, and Edited with Notes and Introduction (2010 ed.). Cambridge University Press. ISBN 978-1-108-01295-9.
  • Addai Scher (ed.). സീർട്ടിന്റെ ദിനവൃത്താന്തം. Histoire nestorienne inédite: Chronique de Séert. Translated by Addai Scher (1908, 1910, 1911, 1919. ed.). pp. PO 4.3, 5.2, 7.2, 13.4.
  • വാര്യർ, എം. ആർ. രാഘവ; വെളുത്താറ്റ്, കേശവൻ (eds.). തരിസാപ്പള്ളിപ്പട്ടയം (ചരിത്രം) (2013 ed.). കോട്ടയം: Sahithya Pravarthaka C. S. Ltd. pp. 109–13.
  • അയ്യർ, എ. എസ്. രാമാനാഥ (ed.). Travancore Archeological Series. Vol. VI/1 (1927 ed.). pp. 68–71, 176–80. Funerary Inscription of the Last Villarvattam King; Kumari-Muṭṭam Tamil Inscription
  • Yule, Henry, ed. (1871). The book of Ser Marco Polo, the Venetian (in ഇംഗ്ലീഷ്). Vol. 2. p. 312.
  • ജൊർദാനൂസ്. Yule, Henry; Parr, Charles McKew donor; Ruth, Parr (eds.). Mirabilia descripta : the wonders of the East (1863 ed.). London: the Hakluyt Society.
  • Yule, Henry, ed. (1864). Cathay and the way thither. Vol. 2. London. p. 342-346.{{cite book}}: CS1 maint: location missing publisher (link)
  • Josephus Simonius Assemani (ed.). പാത്രിയാർക്കീസ് മാർ ഏലിയാ 5ാമന് മാർ തോമാ, മാർ യാഹ്ബല്ലാഹാ, മാർ യാക്കോവ്, മാർ ദെനഹാ എന്നിവർ അയച്ച കത്ത്. Bibliotheca Orientalis Clementino Vaticana. Vol. III/1 (1725 ed.). Rome: Sacrae Congregationis de Propaganda Fide. pp. 589–99.
  • മിശിഹായുടെ ഗീവർഗ്ഗീസ് (1578). Josephus Wicki (ed.). Rev. Georgius de Christo, Archidiaconus Christianorum S. Thomae, P. E. Mercuriano, praep. gen. S. I. Cocino 3 Ianuarii 1578. Documenta Indica XI (1577–1580). (1970 ed.). Institutum Historicum Societatis Iesu. pp. 129–31.
  • ഫ്രാൻസിസ്കോ ദിവന്നൈഷ്യോ (1578). Josephus Wicki (ed.). Relatio P. Francisci Dionysii S. I. De Christianis S. Thomae Cocini 4 Ianuarii 1578. Documenta Indica XI (1577–1580) (1970 ed.). Rome: Institutum Historicum Societatis Iesu. pp. 131–43.
  • da Cunha Rivara, ed. (1992) [1862]. ഉദയംപേരൂർ സൂനഹദോസിന്റെ നടപടികൾ. Archivo Portuguez-Oriental, Fasciculo 4o que contem os Concilios de Goa e o Synodo de Diamper. Nova-Goa: Imprensa Nacional. Reprint: New Delhi: Asian Educational Services. pp. 283–556.
  • ഗുവേയ, അന്തോണിയോ (1606). Jornada do Arcebispo de Goa Dom Frey Aleixo de Menezes Primaz da India Oriental, Religioso da Orden de S. Agostino (in പോർച്ചുഗീസ്). Coimbra: Officina de Diogo Gomez.
    • മേലെക്കണ്ടത്തിൽ, പയസ്, ed. (2003). ഡോം അലെക്സിസ് ഡി മെനെസിസിന്റെ ജോർനാദ (in ഇംഗ്ലീഷ്). Translated by മേലേക്കണ്ടത്തിൽ, പയസ്. കൊച്ചി: L. R. C. Publications. ISBN 9788188979004.
  • റോസ്, ഫ്രാൻസിസ്കോ. De erroribus Nestorianorum qui in hac India orientali versantur.
  • ജ്യൂസെപ്പെ മരിയാ സെബസ്ത്യാനി. ജ്യൂസെപ്പെ മരിയാ സെബസ്ത്യാനിയുടെ മലബാറിലേക്കുള്ള ഒന്നാമത്തെയും രണ്ടാമത്തെയും യാത്രകൾ (in ഇറ്റാലിയൻ).
  • പൗളിനോസ് (1794). ഇന്ത്യാ ഓറിയന്റാലിസ് ക്രിസ്റ്റ്യാന. Typis Salomonianis.
  • Samuel Giamil (ed.). Brevis notitia historica circa Ecclesiae Syro-Chaldaeo-Malabaricae statum. Genuinae relationes inter sedem apostolicam et Assyriorum orientalium seu Chaldaeorum ecclesiam (1902 ed.). Rome: Loe- scher. pp. 552–64.
  • Kaufhold, Hubert (ed.). Syrische Handschriften juristischen Inhalts in südindischen Bibliotheken. Verlag der Österreichischen Akademie der Wissenschaften (in ജർമ്മൻ) (1989 ed.). ISBN 9783700116325.
  • കരിയാറ്റിൽ, യൗസേപ്പ് (1782). "Noticias do Reyno do Malabar " Information of the Kingdom of Malabar. National Library of Paris.
  • പാറേമ്മാക്കൽ, തോമാ (1785). മുത്തേടൻ, തോമസ് (ed.). വർത്തമാനപ്പുസ്തകം (1977 ed.). തേവര: ജനാതാ സർവ്വീസസ്.
  • Whitehouse, Thomas (1873). Lingerings of light in a dark land: Researches into the Syrian church of Malabar (in ഇംഗ്ലീഷ്). William Brown and Co.

ദ്വിതീയ സ്രോതസ്സുകൾ

"https://ml.wikipedia.org/w/index.php?title=മാർ_തോമാ_നസ്രാണികൾ&oldid=4113765" എന്ന താളിൽനിന്ന് ശേഖരിച്ചത്