അലെക്സിസ് മെനെസിസിന്റെ ജൊർണാദ
പോർട്ടുഗീസ് എഴുത്തുകാരനായ ആന്റോണിയോ ഡെ ഗുവേയ എഴുതിയ ഒരു സഞ്ചാരസാഹിത്യ, ചരിത്ര ഗ്രന്ഥമാണ് അലെക്സിസ് ഡി മെനെസിസിന്റെ ജൊർണാദ (പോർച്ചുഗീസ്: Jornada do Arcebispo de Goa Dom Frey Alexio de Menezes...) അഥവാ അലെക്സിസ് മെനസിസിന്റെ സഞ്ചാരം. 1606ൽ പോർട്ടുഗലിലെ കോയ്മ്പ്രയിൽ വെച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം ഗോവയിലെ ലത്തീൻ മെത്രാപ്പോലീത്തയായിരുന്ന അലെക്സിസ് ഡി മെനെസിസിന്റെ യാത്രകളും അനുഭവങ്ങളും പ്രവർത്തനങ്ങളും പ്രതിപാദിക്കുന്നു. ഇതിൽ മെനസിസിന്റെ മലബാറിലെ മാർത്തോമാ നസ്രാണികളുടെ ഇടയിലെ പ്രവർത്തനങ്ങൾ പ്രത്യേക പ്രാധാന്യത്തോടെ വിവരിക്കുന്നുണ്ട്.[1][2][3][4][5]
യഥാർത്ഥ പേര് | Jornada do Arcebispo de Goa Frey Aleixo de Menezes Primaz da India Orientali, Religioso da Ordem de S. Agostinho. Quando foy as Serras do Malavar, & Lugares em que marâo os antigos Christâos de S. Thome & os tirou de muytos erros & obdeiencia da Santa Igreja Romana, da qual passava de mil annos que estavâo & reduzio à nossa Sancta Fè Catholica, & obediencia da Santa Igreja Romana, da qual passava de mil annosqhe estavâo apartados. |
---|---|
പരിഭാഷകർ | ജോഹാന്നസ് ഫാക്കുണ്ഡസ് റൗളിൻ (ലത്തീൻ), പയസ് മേലേക്കണ്ടത്തിൽ (ഇംഗ്ലീഷ്) |
രാജ്യം | പോർട്ടുഗൽ |
ഭാഷ | പോർട്ടുഗീസ് |
പ്രസിദ്ധീകരിച്ച തിയതി | 1606 |
പശ്ചാത്തലം
തിരുത്തുകഇന്ത്യയിലെ ക്രിസ്തുമതം
തിരുത്തുകഇന്ത്യയിലെ തദ്ദേശീയമായ ക്രൈസ്തവ സമൂഹമാണ് മാർത്തോമാ നസ്രാണികൾ. യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശ്ലീഹന്മാരിൽ ഒരാളായ മാർത്തോമാ (സെൻറ് തോമസ് അപ്പസ്തോലൻ) ക്രി. വ. 52ൽ മലബാർ തീരത്തിലെ മുസിരിസ് തുറമുഖത്തിൽ കപ്പലിറങ്ങുകയും തുടർന്ന് യഹൂദ കുടിയേറ്റക്കാരെയും തദ്ദേശീയരെയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തു എന്ന് പാരമ്പര്യ പ്രകാരം വിശ്വസിക്കപ്പെട്ടുപോരുന്നു. ഈ സമൂഹത്തിൻറെ പിന്തുടർച്ചക്കാരാണ് മാർത്തോമാ നസ്രാണികൾ തങ്ങളെത്തന്നെ കണക്കാക്കിവരുന്നത്. പേർഷ്യൻ സസ്സാനിദ് സാമ്രാജ്യത്തിലെ അംഗീകൃത ക്രൈസ്തവ സഭയായ കിഴക്കിന്റെ സഭയുടെ ആത്മീയ നേതാക്കളുടെ സാന്നിധ്യം ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഇടയിൽ 6ാം നൂറ്റാണ്ട് മുതൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റോമൻ കത്തോലിക്കാ സഭാംഗങ്ങളായ പോർട്ടുഗീസ് മിഷനറിമാർ മധ്യകേരളത്തിൽ എത്തുന്നത് വരെ കേരളത്തിലെ ക്രൈസ്തവ സമൂഹം ഈ സഭയുമായാണ് ആധ്യാത്മിക നേതൃത്വത്തിന് ബന്ധപ്പെട്ടിരുന്നത്. കിഴക്കിന്റെ സഭയുടെ ഒരു ബാഹ്യ പ്രവിശ്യയായി ഇന്ത്യ ഗണിക്കപ്പെട്ടു. സഭയുടെ ഔദ്യോഗിക ആരാധനാക്രമവും 'നെസ്തോറിയൻവാദം' എന്ന് പാശ്ചാത്യർ വിശേഷിപ്പിച്ചിരുന്ന തനത് പൗരസ്ത്യ സുറിയാനി ദൈവശാസ്ത്ര വീക്ഷണങ്ങളും മാർത്തോമാ നസ്രാണികളും സ്വീകരിച്ചിരുന്നു.
പോർട്ടുഗീസ് ആഗമനവും തുടർ സംഭവവികാസങ്ങളും
തിരുത്തുകമധ്യപൂർവദേശത്തിന്റെയും കോൺസ്റ്റാന്റിനോപ്പിളിന്റെയും ഇസ്ലാമിക അധിനിവേശത്തിനും ഉസ്മാനിയ ഖിലാഫത്തിന്റെ തുടക്കത്തിനും ശേഷം യൂറോപ്യൻ റോമൻ കത്തോലിക്കാ ക്രൈസ്തവ രാജ്യങ്ങൾക്ക് ഇന്ത്യയുമായി വ്യാപാരത്തിന് നിയന്ത്രണങ്ങളും സംഘർഷകാലങ്ങളിൽ നിരോധനങ്ങളും തുടർക്കഥയായി. ഈ പ്രതിസന്ധി മറികടക്കാൻ ഇസ്ലാമിക അധീനപ്രദേശങ്ങൾ ഒഴിവാക്കി ഇന്ത്യയിലേക്ക് ഒരു പുതിയ സമുദ്രപാത കണ്ടെത്താൻ സ്പെയിനും പോർട്ടുഗലും ശ്രമം തുടങ്ങി. 1498ൽ മലബാർ തീരത്ത് എത്തിച്ചേർന്ന പോർട്ടുഗീസ് നാവികനും പര്യവേഷകനുമായ വാസ്കോ ഡ ഗാമയാണ് മധ്യപൂർവദേശം ഒഴിവാക്കിയുള്ള ഇന്ത്യയിലേക്കുള്ള സമുദ്ര പാത കണ്ടെത്തിയത്. തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രവർത്തനത്തെക്കുറിച്ചും അവിടെ ഒറ്റപ്പെട്ടു കിടക്കുന്ന ക്രൈസ്തവ സമൂഹത്തെ പറ്റിയും വിവിധ കഥകൾ യൂറോപ്പിൽ പ്രചരിച്ചിരുന്നു. എന്നാൽ ആ യാത്രയിൽ തദ്ദേശീയരായ ക്രിസ്തുമത വിശ്വാസികളെ അദ്ദേഹം കണ്ടെത്തിയിരുന്നില്ല. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇന്ത്യയിൽ എത്തിയ പെഡ്റോ അൽവാറീസ് കബ്രാൾ എന്ന പോർട്ടുഗീസ് നാവികനാണ് മലബാർ തീരത്തെ മാർത്തോമാ നസ്രാണികളെ ആദ്യമായി കണ്ടുമുട്ടിയത്.[6]
തുടക്കത്തിൽ വളരെ സൗഹാർദ്ദപരം ആയിരുന്ന പോർട്ടുഗീസുകാരും നസ്രാണികളും തമ്മിലുള്ള ബന്ധം അധികം വൈകാതെ അകൽച്ചയിലേക്കും പിന്നീട് സംഘർഷത്തിലേക്കും വഴിമാറി. പോർട്ടുഗീസുകാരുടെ കച്ചവട-സാമ്രാജ്യത്വ താല്പര്യങ്ങളും നസ്രാണികളുടെ പൗരസ്ത്യ സുറിയാനി സഭാ ബന്ധവും ആയിരുന്നു ഇതിന് കാരണം. യേശുക്രിസ്തുവിൽ ദൈവവും മനുഷ്യനും എന്നീ രണ്ടു വ്യക്തികൾ ഉണ്ട് എന്ന് വിശ്വസിക്കുന്ന നെസ്തോറിയൻ പാഷണ്ഡതയുടെ വാക്താക്കളാണ് നസ്രാണികൾ എന്ന് പോർട്ടുഗീസുകാർ ആരോപിച്ചു. അതേസമയം പോർട്ടുഗീസുകാരുടെ അതീശത്വമനോഭാവവും അടിച്ചമർത്തലും നസ്രാണികളെയും പ്രകോപിപ്പിച്ചു.
നസ്രാണികളുടെ കൊടുങ്ങല്ലൂരിലെ മെത്രാപ്പോലീത്തയായിരുന്നു യാക്കോബ് ആബൂനയുമായി സൗഹാർദത്തിലെത്താൻ പോർട്ടുഗീസുകാർക്ക് സാധിച്ചു. അദ്ദേഹത്തിലൂടെ നസ്രാണികളെ മുഴുവൻ തങ്ങളുടെ രാഷ്ട്രീയവും വ്യാപാരപരവും മതപരവും ആയ അധീനതയ്ക്ക് കീഴിൽ കൊണ്ടുവരാൻ സാധിക്കുമെന്ന് അവർ കണക്കുകൂട്ടി. എന്നാൽ ഇതിനെതിരെ വലിയ വിഭാഗം നസ്രാണികളും നിലപാടെടുത്തു. സമുദ്ര പര്യവേഷണങ്ങളിലൂടെ തങ്ങൾ കണ്ടെത്തിയ ഭൂപ്രദേശങ്ങളിലും ചെന്നെത്തിയ പുതിയ വ്യാപാര കേന്ദ്രങ്ങളിലും ഉള്ള വ്യാപാരപരവും മതപരവുമായ കുത്തക അവകാശം സ്പെയിൻ, പോർട്ടുഗൽ തുടങ്ങിയ യൂറോപ്യൻ ശക്തികൾ അവകാശപ്പെട്ടു. ഇതിൻറെ തുടർച്ചയായി പോർട്ടുഗലിന് ഇന്ത്യ ഉൾപ്പെടെയുള്ള കിഴക്കൻ പ്രദേശങ്ങളിലെ ക്രൈസ്തവസഭാ ഭരണത്തിന്റെ മേൽ അധികാരം നൽകുന്ന പദ്രുവാദോ ഉടമ്പടിയിൽ മാർപാപ്പ ഒപ്പുവച്ചു. ഇതിനുശേഷം മലബാറിലെ നസ്രാണികളുടെ സഭാ ഭരണത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ പോർട്ടുഗീസുകാർ തീവ്രമായ പരിശ്രമം ആരംഭിച്ചു. എന്നാൽ മധ്യപൂർവ ദേശത്തുനിന്ന് തുടർന്നും വന്നുകൊണ്ടിരുന്ന പൗരസ്ത്യ സുറിയാനി മെത്രാന്മാർ അവരുടെ പരിശ്രമങ്ങൾക്ക് വിലങ്ങുതടി ആയി. അതുകൊണ്ട് സുറിയാനി മെത്രാന്മാരുടെ വരവ് തടയാനും എല്ലാ നിരോധനങ്ങളും മറികടന്ന് രഹസ്യമായി എത്തുന്നവരെ തടവിലാക്കാനും പീഡനമുറകൾക്ക് വിധേയരാക്കി നാടുകടത്താനും പോർട്ടുഗീസുകാർ തയ്യാറായി. എന്നാൽ ഇതിനെയൊക്കെയും അതിജീവിച്ചും സുറിയാനി മെത്രാന്മാർ മലബാറിൽ എത്തിക്കൊണ്ടിരുന്നു. 1552ൽ കിഴക്കിന്റെ സഭയിൽ നിന്ന് പിളർന്ന കൽദായ കത്തോലിക്കാ സഭയുടെ രൂപീകരണവും ഈ സഭയിൽ നിന്ന് മാർപാപ്പയുടെ അംഗീകാരത്തോടുകൂടി മലബാറിൽ എത്തിച്ചേരുന്ന മെത്രാന്മാർ പോർട്ടുഗീസുകാരുടെ പദ്രുവാദോ അധികാരങ്ങൾക്ക് കടുത്ത പ്രതിബന്ധമായി. പതിനാറാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ മലബാറിൽ എത്തിച്ചേർന്ന യൗസേപ്പ് സുലാഖ, അബ്രാഹം എന്നീ മെത്രാന്മാർ മാർപാപ്പയുടെ പ്രത്യേക അംഗീകാരത്തോടുകൂടി നസ്രാണികളുടെ ആത്മീയ അധികാരികളായി പ്രവർത്തിച്ചു. ഈ സുറിയാനി മെത്രാൻമാരുടെ കാലശേഷം സഭാ ഭരണം ഏതുവിധേനയും പിടിച്ചെടുക്കാനും കൽദായ സഭയുമായുള്ള നസ്രാണികളുടെ ബന്ധം അവസാനിപ്പിച്ച് സുറിയാനി മെത്രാൻമാരുടെ വരവ് എന്നന്നേക്കുമായി തടയാനും പോർട്ടുഗീസുകാർ കാത്തിരുന്നു.
അലെക്സിസ് മെനെസിസും ഉദയംപേരൂർ സൂനഹദോസും
തിരുത്തുകമലബാറിലെ നസ്രാണികളെ ഏതുവിധേനയും തങ്ങളുടെ പദ്രുവാദോ സഭാഭരണ സംവിധാനത്തിന്റെ പരിധിക്ക് കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യം ഗോവ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പോർച്ചുഗീസുകാർക്ക് ഉണ്ടായിരുന്നു. 1595 ഗോവയുടെ മെത്രാപ്പോലീത്തയും പോർച്ചുഗീസുകാരുടെ പൗരസ്ത്യ ഇന്ത്യയിലെ സഭയുടെ പ്രധാനഭരണാധികാരിയും ആയി അലെക്സിസ് നിയമിക്കപ്പെട്ടതോടെ ഈ ശ്രമങ്ങൾ കൂടുതൽ ശക്തമായി. 35ാമത്തെ വയസ്സിൽ മെത്രാനായി ഗോവയിൽ എത്തിയ അദ്ദേഹം പോർച്ചുഗീസുകാരുടെ രാഷ്ട്രീയ സ്വാധീനം ഇന്ത്യയിൽ ഉടനീളം വ്യാപിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധ ചെലുത്തിക്കൊണ്ടിരുന്നു. മാർത്തോമാ നസ്രാണികളെ പോർച്ചുഗീസ് ഭരണത്തിന് കീഴിലേക്ക് കൊണ്ടുവരാൻ അദ്ദേഹം ഇറങ്ങിത്തിരിച്ചു. അതുവഴി കുരുമുളകിന്റെയും മറ്റ് സുഗന്ധവ്യഞ്ജനങ്ങളുടെയും വ്യാപാരത്തിൽ പോർച്ചുഗീസ് കുത്തക രൂപപ്പെടുത്താനും ഇന്ത്യയിലെ പോർച്ചുഗീസ് സംവിധാനത്തിന് ആവശ്യമായ ധനസ്രോതസ്സും സൈനിക ബലവും ഇന്ത്യക്കാരിൽ നിന്നുതന്നെ ആർജ്ജിക്കാനും കഴിയുമെന്ന് അദ്ദേഹം വിലയിരുത്തി. ഇന്ത്യയിലെ പോർച്ചുഗീസ് മരണത്തെ സുദൃഢമാക്കുന്നതിൽ വിജയിച്ചാൽ തനിക്ക് ലഭിക്കാവുന്ന ഉന്നതമായ സ്ഥാനലബ്ധിയും മെനസിസ്സിന്റെ മനസ്സിൽ ഉണ്ടായിരുന്നു.
ഉള്ളടക്കം
തിരുത്തുകപോർട്ടുഗീസ് ക്രൈസ്തവ സന്യാസിയും എഴുത്തുകാരനുമായ അന്റോണിയോ ഡി ഗുവെയ എഴുതിയ ഒരു കൃതിയാണ് അലെക്സിസ് മെനെസിസിന്റെ ജൊർണാദ. മൂലഭാഷയിൽ ഇതിന്റെ മുഴുവൻ ശീർഷകത്തിന്റെ മലയാള പരിഭാഷ 'ഗോവാ ആർച്ചുബിഷപ്പും പൗരസ്ത്യ ഇന്ത്യയുടെ സഭാമേലധ്യക്ഷനും അഗസ്റ്റീനിയൻ സന്യാസസമൂഹാംഗവുമായ അലെക്സിസ് മെനെസിസിന്റെ യാത്ര' എന്നാണ്. 1595–1612 വർഷങ്ങളിൽ ഗോവയിൽ ആർച്ചുബിഷപ്പായിരുന്ന അലെക്സിസ് മെനെസിസ് മലബാറിലെ മാർത്തോമാ നസ്രാണികളെ റോമൻ കത്തോലിക്കാ സഭയുടെ ഭാഗമാക്കി പദ്രുവാദോ സംവിധാനത്തിന്റെ കീഴിലാക്കാൻ നടത്തിയ നീക്കങ്ങളും അതിനായി 1599ൽ മലബാറിലൂടെ നടത്തിയ യാത്രയുമാണ് ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. മെനസിസിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളെ മഹത്വവൽക്കരിച്ച് യൂറോപ്പ്യൻ പ്രദേശങ്ങളിൽ പ്രചരിപ്പിക്കാനും അവിടങ്ങളിലെ ജനങ്ങളുടെ ഇടയിൽ മതിപ്പ് സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഈ പുസ്തകം എഴുതപ്പെട്ടത്. പൗരസ്ത്യ ദേശങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ, ക്രൈസ്തവ വിശ്വാസത്തിൻറെ വളർച്ചയ്ക്ക് പോർട്ടുഗീസുകാരും അതോടൊപ്പം, എഴുത്തുകാരനും കേന്ദ്ര വ്യക്തിത്വവും അംഗങ്ങളായ, അഗസ്തീനിയൻ സന്യാസസമൂഹവും നൽകുന്ന സംഭാവനകൾ വർണ്ണിക്കുക എന്നതുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം മലബാറിലെ അന്നത്തെ സമൂഹിക രാഷ്ട്രീയ സ്ഥിതി, നസ്രാണികളുടെ സാമൂഹിക പശ്ചാത്തലം എന്നിവയേക്കുറിച്ച് അമൂല്യമായ വിവരങ്ങളും ഈ കൃതി നൽകുന്നു. മലബാറിലെ അന്നത്തെ വിവിധ പള്ളികൾ, നസ്രാണി ആവാസകേന്ദ്രങ്ങൾ, പട്ടണങ്ങൾ എന്നിവയും ഇതിൽ പരാമർശിക്കപ്പെടുന്നുണ്ട്.
മൂന്ന് പുസ്തകങ്ങളിലായാണ് ജൊർണാദ എഴുതപ്പെട്ടിരിക്കുന്നത്. ആദ്യത്തേതിൽ ഇന്ത്യയിലെ നസ്രാണി സമൂഹത്തിന്റെ ഉത്ഭവത്തേക്കുറിച്ചും ചരിപ്രത്തേക്കുറിച്ചും വിവരിക്കുന്നു. ഈ വിഭാഗം നെസ്തോറിയൻ പാഷണ്ഡതയിൽ വീണുപോയവരാണെന്ന് സമർഥിക്കുന്ന ഈ പുസ്തകം അതെങ്ങനെ സംഭവിച്ചു എന്നും വിവരിക്കുന്നു. 1595ൽ മെനെസിസ് ഗോവയുടെ ആർച്ചുബിഷപ്പായി ചുമതലയേറ്റത് വിവരിക്കുന്ന ഈ പുസ്തകം, അതിനുശേഷം അദ്ദേഹം മലബാറിലെ പള്ളികളിലേക്ക് നടത്തുന്ന ആദ്യത്തെ യാത്രയും അതിൽ അദ്ദേഹം നേരിടുന്ന പ്രതിസന്ധികളും നസ്രാണികളിൽ നിന്ന് നേരിട്ട എതിർപ്പുകളും വിശദീകരിക്കുന്നു. ഇതിനുശേഷം ഉദയംപേരൂർ സൂനഹദോസ് വിളിച്ചുചേർക്കുന്നതും അതിൽ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ മെനെസിസ് ബുദ്ധിപൂർവ്വം ചെയ്യുന്ന നടപടികളും അവസാനം സൂനഹദോസിൽ മെനെസിസ് വിജയത്തിന്റെ വെള്ളിക്കൊടി പാറിയ്ക്കുന്നതും പുസ്തകം വിശദമായി വർണ്ണിക്കുന്നു.
ഉദയംപേരൂർ സൂനഹദോസിന് ശേഷം മെനെസിസ് നസ്രാണികളുടെ പള്ളികളിലേക്ക് നടത്തുന്ന സന്ദർശനങ്ങളാണ് രണ്ടാമത്തെ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നത്. സൂനഹദോസിന്റെ തീരുമാനങ്ങൾ നടപ്പിൽ വരുത്തുക എന്നതാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് വിജയശ്രീലാളിതനായ മെനെസിസ് നസ്രാണികളെ മഴുവൻ തന്റെ അധികാരത്തിന് കീഴിൽ കൊണ്ടുവരുന്നത് രണ്ടാം പുസ്തകത്തിൽ വർണ്ണിക്കുന്നു. കാടും മലയും കടന്ന് ഉൾനാടൻ പ്രദേശങ്ങളിലേക്കും മെനെസിസ് യാത്രചെയ്യുന്നു. ഇതിനിടെ പലയിടങ്ങളിലും നസ്രാണികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ചെറുത്തുനിൽപ്പുകളെ ഒറ്റപ്പെട്ട സംഭവങ്ങളായി ഗ്രന്ഥകാരൻ ചിത്രീകരിക്കുന്നു. മെനെസിസ് തന്റെ വ്യക്തിപ്രഭാവം കൊണ്ട് ഇത്തരം ചെറുത്തുനിൽപ്പുകളുടെ മുനയൊടിക്കുന്നതും നസ്രാണികളെ തന്റെ സ്വാധീന വലയത്തിൽ ആക്കുന്നതും ഗ്രന്ഥകാരൻ ഇതോടൊപ്പം വിവരിക്കുന്നു. മെനെസിസിന്റെ എതിരാളികൾ ഒറ്റപ്പെടുന്നതും അവർ ദൈവകോപം ഏറ്റ് ശിക്ഷിക്കപ്പെടുന്നതും മെനെസിസിന്റെ സ്വാധീനത്താൽ നേർവഴിക്ക് തിരിയുന്നതും എല്ലാം ഗ്രന്ഥകാരൻ അതിശയോക്തി കലർത്തി അവതരിപ്പിക്കുന്നു.
മൂന്നാമത്തെ പുസ്തകം മലബാറിൽ നിന്നുള്ള മെനെസിസിന്റെ മടക്കയാത്രയോടെയാണ് തുടങ്ങുന്നത്. മെനെസിസിനെ ഇതിൽനിന്നും പിന്തിരിപ്പിക്കാൻ നസ്രാണികൾ ശ്രമിക്കുന്നതും മെനെസിസ് ഇതിനോട് നടത്തുന്ന ഹാർദ്ദവമായ പ്രതികരണവും ഗ്രന്ഥകാരൻ വൈകാരികമായി അവതരിപ്പിക്കുന്നു. മെനെസിസ് മലബാറിൽ തങ്ങളുടെ മെത്രാൻ ആകണമെന്ന നസ്രാണികളുടെ ആവശ്യത്തിന് മാർപ്പാപ്പയും പോർട്ടുഗീസ് രാജാവും അങ്ങനെ തീരിമാനിച്ചാൽ താൻ സ്വീകരിക്കാമെന്ന് മെനെസിസ് മറുപടി പറയുന്നു. ഇതിനുവേണ്ടി താൻ തന്നെ ഒരു ശുപാർശ അധികാരികൾക്ക് അയയ്ക്കുമെന്നും ഉറപ്പുപറഞ്ഞശേഷം മെനെസിസ് മലബാറിൽ നിന്ന് ഗോവയിലേക്ക് മടങ്ങുന്നു. യാത്രയ്ക്കിടയിൽ കോഴിക്കോട്, മംഗലാപുരം, ബസ്രൂർ, ഹൊണവാർ എന്നിവിടങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങളും മൂന്നാമത്തെ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ആദ്യ രണ്ട് പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമായി അവസാനത്തെ പുസ്തകത്തിൽ പോർട്ടുഗീസുകാരുടെ ഏഷ്യയിലെ വ്യാപകമായ പ്രവർത്തനങ്ങൾക്കൂടി പ്രതിപാദിക്കുന്നു. അറബിക്കടലിലെ സൊക്കോത്ര ദ്വീപിനെക്കുറിച്ചും അവിടത്തെ ബെദൊയിനുകളേക്കുറിച്ചും അവരുടെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ട്. പേർഷ്യയിലെ ഷാ അബ്ബാസ് ഒന്നാമന്റെ അടുക്കലേക്ക് മെനെസിസ് അഗസ്റ്റീനിയൻ സന്യാസികളെ അയയ്ക്കുന്നതും ഈ പുസ്തകം വിവരിക്കുന്നു. എത്യോപ്യയിലെ മിഷണറി പ്രവർത്തനങ്ങളെക്കുറിച്ചും ഇതിൽ പരാമർശമുണ്ട്. ഇന്ത്യയിലെ മാർത്തോമാ നസ്രാണികളെ അധീനതയിൽ എത്തിച്ച മെനെസിസ് അവരുടെ പുരാതന മെത്രാസനത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നിറവേറ്റുന്നത് ഗ്രന്ഥകാരൻ ഇവിടെ സൂചിപ്പിക്കുന്നു.
സ്വാധീനം
തിരുത്തുക16ാം നൂറ്റാണ്ടിലെ പോർച്ചുഗീസ് ഇന്ത്യയുടെ വിവരണം, പ്രത്യേകിച്ച് മലബാറിലെ അഥവാ കേരളത്തിലെ പോർച്ചുഗീസ് നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ, നൽകുന്ന പ്രധാന പ്രഥമിക ചരിത്രരേഖകളിൽ ഒന്നാണ് അലെക്സിസ് മെനസിസിന്റെ ജോർനാദ. അക്കാലത്തെ മലബാറിന്റെ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക പശ്ചാത്തലത്തെക്കുറിച്ച് അമൂല്യമായ വിവരങ്ങൾ ഈ യൂറോപ്യൻ കൃതിയിൽ അടങ്ങിയിരിക്കുന്നു. 16ാം നൂറ്റാണ്ടിലെ മലബാറിലെ നാട്ടുരാജ്യങ്ങളുടെയും അവയ്ക്ക് പോർച്ചുഗീസുകാരുമായുള്ള ബന്ധത്തിന്റെയും അവിടത്തെ ജനജീവിതത്തിന്റെയും പഠനത്തിനുള്ള ആധികാരിക സ്രോതസ്സുകളിൽ ഒന്നായാണ് ജൊർണാദ ഇന്ന് പരിഗണിക്കപ്പെടുന്നത്. അക്കാലത്തെ മലബാറിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചും ഭൂമിശാസ്ത്ര പ്രത്യേകതകളെക്കുറിച്ചും ഈ രേഖ വിവരങ്ങൾ നൽകുന്നു. കേരളത്തിലെ നസ്രാണികളുടെ നിരവധി പള്ളികൾ 16ാം നൂറ്റാണ്ടിലും പഴക്കം അവകാശപ്പെടുന്നുണ്ട് എങ്കിലും ഭൂരിഭാഗവും ആദ്യമായി രേഖപ്പെടുത്തപ്പെടുന്നത് ഈ പുസ്തകത്തിലാണ്.
അവലംബം
തിരുത്തുക- ↑ Rose, Sinu (2018). A Critical Study of Jornada of Dom Alexis De Menezes as a Historical Source and its Problems and Perspectives. Proceedings of South Indian History Congress.
- ↑ "അതിപുരാതനമായ ആലങ്ങാട് സെന്റ് മേരിസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാ മാതാവ് പ്രത്യക്ഷപ്പെട്ടതിൻെറ ഓർമ്മ ദിവസം" (in ഇംഗ്ലീഷ്). 2021-08-14. Retrieved 2023-06-13.
- ↑ Clara, A. B. Joseph (2019). The Jornada: Why a European travelogue labelled anti-colonial Christians as heretics. Christianity in India. Routledge. ISBN 9781351123860.
- ↑ Antony, D. M. (2022). Christianity, Latinization and Resistance: Archbishop Menezes and his Encounters with the St. Thomas Christians of the Serra, 1599. IIAS Review. Vol. 23(1). Summerhill. pp. 38–46.
- ↑ Lach, Donald F.; Kley, Edwin J. Van (2022-07-01). Asia in the Making of Europe, Volume III: A Century of Advance. Book 1: Trade, Missions, Literature (in ഇംഗ്ലീഷ്). University of Chicago Press. p. 321. ISBN 978-0-226-46696-5.
- ↑ മേലേക്കണ്ടത്തിൽ, പയസ് (Feb 1, 2021). "Contextualizing the encounters between portuguese missionaries and the st thomas christians". nasrani.net.