അഹത്തള്ള

ഒരു സുറിയാനി സഭാമേലദ്ധ്യക്ഷൻ (1590 - 1654)

സിറിയക്കാരനായ ഒരു മെത്രാനായിരുന്നു അഹത്തള്ള എന്ന സിറിൾ അഹത്തള്ള ഇബ്ന് ഇസ്സ (1590 - 1654). സുറിയാനി ഓർത്തഡോക്സ് സഭയിൽനിന്ന് കത്തോലിക്കാ സഭയിൽ ചേർന്ന ആദ്യ മെത്രാപ്പോലീത്തമാരിൽ ഒരാളായിരുന്നു അദ്ദേഹം.[2] സുറിയാനി ഓർത്തഡോക്സ് സഭയെ കത്തോലിക്കാ സഭയുടെ ഭാഗമാക്കാൻ ശ്രമിച്ച അദ്ദേഹത്തിന് തുർക്കിഷ് ഭരണാധികാരികളിൽനിന്നും പ്രാദേശിക ജനത്തിൽ നിന്നും എതിർപ്പുകൾ നേരിട്ടു. തുടർന്ന് ദമാസ്കസ്, ആലെപ്പോ, ഹുസ്ന് സിയാദ്, ബാഗ്ദാദ്, ഇസ്ഫഹാൻ, കെയ്റോ എന്നിവിടങ്ങളിൽ തുടർച്ചയായി മാറിതാമസിക്കാൻ നിർബന്ധിതനായി.[3] ഇതിനുശേഷം അദ്ദേഹം 1652-ൽ ഇന്ത്യയിലേക്ക് നടത്തിയ യാത്രയും തുടർസംഭവങ്ങളുമാണ് പ്രധാനമായും അദ്ദേഹത്തെ ചരിത്രത്തിൽ പ്രശസ്തനാക്കുന്നത്. പോർച്ചുഗീസ് ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശവും ദുരൂഹമായ തിരോധാനവും മലബാറിൽ വലിയ കോളിളക്കമുണ്ടാക്കി. അത് പോർച്ചുഗീസുകാരുടെ സഭാഭരണത്തിനെതിരെ മാർത്തോമാ ക്രിസ്ത്യാനികൾ നടത്തിയ കൂനൻ കുരിശ് കലാപത്തിൽ കലാശിച്ചു.[4][5]

മോർ 
സിറിൾ അഹത്തള്ള ഇബ്ന് ഇസ്സ
മാർ അഹത്തള്ള കലാകാരന്റെ ഭാവനയിൽ
മെത്രാഭിഷേകംഇഗ്നാത്തിയോസ് ഹിദായത്ത് ആലോഹോ
പദവിമെത്രാപ്പോലീത്ത
മറ്റുള്ളവദമാസ്കസ്, നിക്കോമേദിയ, ഏമ്സ് (ഹോംസ്) എന്നിവയുടെ യാക്കോബായ മെത്രാപ്പോലീത്ത (1632നുമുമ്പ്)

ദമാസ്കസിന്റെ കത്തോലിക്കാ മെത്രാപ്പോലീത്ത (1633)

ഹുസ്ൻ-സിയാദിന്റെ മെത്രാപ്പോലീത്ത (1638)

ബാഗ്ദാദിന്റെയും പേർഷ്യയുടെയും മെത്രാപ്പോലീത്ത (1640കൾ)
വ്യക്തി വിവരങ്ങൾ
ജനന നാമംഅഹത്തള്ള ഇബ്ന് ഇസ്സ
ജനനം1590നടുത്ത്
ആലെപ്പോ
മരണം26 മാർച്ച് 1654[1]
കബറിടംപാരീസ്
ഉദ്യോഗംമെത്രാപ്പോലീത്ത

അവ്യക്തതകൾ

തിരുത്തുക

വ്യക്തിത്വത്തെയും സഭാംഗത്വത്തെയും സംബന്ധിച്ച്

തിരുത്തുക

അഹത്തള്ളയുടെ പേര്, ജീവചരിത്രം, സഭാബന്ധം, പദവി, അന്ത്യം തുടങ്ങി ഒട്ടുമിക്കവിഷയങ്ങളിലും അവ്യക്തതകളും അഭിപ്രായവ്യത്യാസങ്ങളും നിലവിലുണ്ട്. അദ്ദേഹം ആരായിരുന്നു എന്ന ചോദ്യം വലിയ വിവാദത്തിനും ഭിന്നതയ്ക്കും കാരണമായി മാറി.[4] അഹത്തള്ള, അഹത്തുള്ള, അത്തള്ള, അഡിയോഡാറ്റോ, തിയദോർ,[6] യാഹ്ബാലാഹ എന്നിങ്ങനെയെല്ലാം അദ്ദേഹത്തിന്റെ പേര് വിളിക്കപ്പെടുന്നുണ്ട്. അഹത്തള്ളയെ ഇന്ത്യയിലേക്ക് അയച്ചത് മാർപ്പാപ്പയാണെന്നും കോപ്റ്റിക് പാത്രിയർക്കീസ് ആണെന്നും[7] സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസാണെന്നും[8] കൽദായ പാത്രിയർക്കീസാണെന്നുമെല്ലാം[9] വിവിധ എഴുത്തുകാർ അവകാശപ്പെട്ടിട്ടുണ്ട്.

പദ്രുവാദോ ഉദ്യോഗസ്ഥരുടെ വിവരണങ്ങൾ

തിരുത്തുക

1654ൽ കൊടുങ്ങല്ലൂർ പദ്രുവാദോ മെത്രാപ്പോലീത്ത ഫ്രാൻസിസ്കോ ഗാർസ്യ മെൻഡെസ് എഴുതിയറിപ്പോർട്ടിൽ അഹത്തള്ള ഒരു അർമ്മേനിയൻ വംശജനാണെന്ന് പരാമർശിക്കപ്പെടുന്നു.[10][11] ഗോവയിലെ പോർച്ചുഗീസ് മതവിചാരണ കോടതി നടത്തിപ്പുകാർ 1654ൽ അദ്ദേഹത്തേക്കുറിച്ച് എഴുതിയ ഒരു റിപ്പോർട്ടിൽ അദിയോദാറ്റോ (പോർച്ചുഗീസ്: Adeodato) എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്. അവർക്ക് അഹത്തള്ള ഏത് ദേശക്കാരനാണെന്ന് ധാരണയില്ല. എങ്കിലും അദ്ദേഹം ഒരു ഗ്രീക്കുകാരനാണ് എന്ന് അവർ രേഖപ്പെടുത്തിയിരിക്കുന്നു. അംബുൽക്വെറിലെ (പോർച്ചുഗീസ്: Ambulquer) വിഘടിത പാത്രിയർക്കീസാണ് അദ്ദേഹത്തെ അയച്ചതെന്നും ഈ റിപ്പോർട്ട് പറയുന്നു.[12][13] എന്നാൽ 1656ൽ അവർ എഴുതിയ റിപ്പോർട്ട് പ്രകാരം അദ്ദേഹം ദമാസ്കസിലെ മെത്രാപ്പോലീത്തയായിരുന്ന ഒരു മോറോനായക്കാരൻ ആണ്. അദ്ദേഹത്തെ അയച്ചത് ദിയർബെക്കീറിലെ (പോർച്ചുഗീസ്: Dearburcher) പാത്രിയർക്കീസാണ്. [14][13]

ജോസഫ് സെബാസ്ത്യാനിയുടെ വിവരണം

തിരുത്തുക

കൂനൻ കുരിശു സത്യത്തിന് ശേഷമുള്ള നസ്രാണികളുടെ ഭിന്നിപ്പ് പരിഹരിക്കാൻ റോമിൽ നിന്ന് അയക്കപ്പെട്ട ജോസഫ് മരിയാ സെബസ്ത്യാനിയും അഹത്തള്ളയെപ്പറ്റി വിവരണങ്ങൾ നൽകുന്നുണ്ട്. മിഷനറിമാരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് അഹത്തള്ള ഒരു യക്കോബായക്കാരനാണ്. ആലെപ്പോയിൽ കഴിഞ്ഞിരുന്ന സുറിയാനി യാക്കോബായ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് മാർ ശീമോനിൽനിന്ന് അഹത്തള്ളയെപ്പറ്റി വിവരം ലഭിച്ചതായി സെബസ്ത്യാനി അവകാശപ്പെടുന്നു. സെബാസ്ത്യാനിയുടെ വിവരണമനുസരിച്ച് അഹത്തള്ള ഇടക്കാലത്ത് റോമിൽ ആയിരുന്നു. മടങ്ങി വന്നപ്പോൾ അദ്ദേഹത്തെ പ്രദേശവാസികൾ സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്ന് അദ്ദേഹം മലബാറിലേക്ക് പോയി.[15] പോർച്ചുഗീസുകാരാൽ പിടിയ്ക്കപ്പെട്ട് യൂറോപ്പിൽ എത്തിപ്പെടുകയും പിന്നീട് പാരീസിൽ വെച്ച് മരിക്കുകയും ചെയ്തു.[16] അഹത്തള്ള ഉർബൻ എട്ടാമൻ മാർപ്പാപ്പയാൽ പാത്രിയർക്കീസായി നിയമിക്കപ്പെട്ട് ബാബിലോണിലേക്കും അതിനുശേഷം മലബാറിലേക്കും വന്നയാളാണ് എന്നാണ് നസ്രാണികൾ കരുതിയത്. അതിനു വിരുദ്ധമായ എല്ലാ വിശദാംശങ്ങളും ജനങ്ങളെ വഞ്ചിക്കാനുള്ള ഈശോസഭക്കാരുടെ നുണ പ്രചരണങ്ങളായി അവർ കണക്കാക്കുന്നെന്നും സെബാസ്ത്യാനി പറയുന്നു.[17] 1659ൽ റോമിലെത്തിയ സെബസ്ത്യാനി താഴെപ്പറയുന്ന വിവരണം അവിടത്തെ വിശ്വാസപ്രചരണ സംഘത്തിന് കൊടുത്തു:

ആ സമയത്ത് മൈലാപ്പൂരിൽ എത്തിയ ഒരു സുറിയാനി ശീശ്മക്കാരൻ ബിഷപ്പ്, ഇന്നസെന്റ് പത്താമൻ മാർപ്പാപ്പയാണ് തന്നെ അയച്ചതെന്ന് പറഞ്ഞ്, ഒരു പാത്രിയർക്കീസായി നടിച്ച് മലനാട്ടിലേക്ക് പോകാൻ ശ്രമിച്ചു...... അലപ്പോയിൽ ഞാൻ എത്തിയപ്പോൾ യഥാർത്ഥ സുറിയാനി ശീശ്മക്കാരൻ പാത്രിയർക്കീസിൽ നിന്ന് മേൽപ്പറഞ്ഞ വ്യാജ പാത്രിയാർക്കീസിന്റെ മലബാറിലേക്കുള്ള പോക്കിനേക്കുറിച്ച് മനസ്സിലാക്കി. അത്തള്ളാഹ് (നമ്മുടെ ഇറ്റാലിയൻ ഭാഷയിൽ, അഡിയോഡാറ്റോ) എന്ന് വിളിക്കപ്പെട്ടു, അദ്ദേഹം ഡമാസ്കസിലെ ബിഷപ്പായിരുന്നു, അന്ത്യോഖ്യയിലെ പാത്രിയർക്കാസനത്തിലേക്കുള്ള ഒരു മത്സരാർത്ഥിയായിരുന്നു അദ്ദേഹം. അസ്വസ്ഥനും വിമതനുമായി ആ ഭാഗങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം ആദ്യം ദിയാർബെക്കീറിലേക്കും അവിടെ നിന്ന് അവിടത്തെ പാത്രിയർക്കീസിന്റെ (അതേപോലെ പദവി തട്ടിയെടുത്ത മറ്റൊരാൾ) ഒരു കത്തുമായി മലബാർ സഭയിലെ പുരോഹിതനായി സ്വയം പരിചയപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ഈസ്റ്റ് ഇൻഡീസിലേക്ക് പോയി...... എന്നാൽ പോർച്ചുഗീസുകാരാൽ പിടിയ്ക്കപ്പെട്ട് അയാൾ യൂറോപ്പിലേക്ക് അയക്കപ്പെട്ടു. റോമിലേക്കുള്ള യാത്രാമധ്യേ അയാൾ പാരീസിൽ ഒരു കത്തോലിക്കനായി മരിച്ചുവെന്ന് മിഷനറിമാരിൽ നിന്ന് പിന്നീട് ഞാൻ കേട്ടു.

— ജോസഫ് മരിയ സെബസ്ത്യാനി[18]

സെബാസ്ത്യാനിയുടെ ഈ റിപ്പോർട്ടിന് മറുപടിയായി അഹത്തള്ളയെ തള്ളിപ്പറഞ്ഞുകൊണ്ട് റോമൻ കത്തോലിക്കാ നേതൃത്വം വിശദീകരണക്കുറിപ്പും നൽകി.[19] സെബാസ്ത്യാനി മലബാറിലേക്ക് മടങ്ങിവന്നശേഷം 1661 ഓഗസ്റ്റ് 23ാം തീയ്യതി മുട്ടം പള്ളിയിൽ വെച്ച് ഇത് നസ്രാണികൾക്കായി പരസ്യപ്പെടുത്തി. എന്നാൽ നസ്രാണികളുടെ സംശയങ്ങൾ അപ്പോഴും തീർന്നിരുന്നില്ല. അകപ്പറമ്പ് പള്ളിയുടെ വികാരിയും നസ്രാണിനേതാവുമായിരുന്ന വേങ്ങൂർ ഗീവർഗീസ് കത്തനാരുടെ പ്രസ്താവന ഇത് വ്യക്തമാക്കുന്നു:

"ആ മനുഷ്യനെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല, കാരണം ഞാൻ അദ്ദേഹത്തെ കണ്ടില്ല. ഇഗ്നാത്തിയോസ്, ഇന്ത്യയുടെയും ചൈനയുടെയും പാത്രിയർക്കീസ് എന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ കത്ത് മാത്രമാണ് ഞാൻ കണ്ടത്. അദ്ദേഹം എവിടെ നിന്നാണ് വന്നത്, സ്വന്തം ഇഷ്ടപ്രകാരമോ അതോ ക്ഷണിക്കപ്പെട്ടോ എന്തിനുവേണ്ടിയാണ്, എനിക്കറിയില്ല."

— വേങ്ങൂർ ഗീവർഗീസ്[20]

വിൻസെന്റ് മേരിയുടെ വിവരണം

തിരുത്തുക

കർമ്മലീത്ത വൈദികനായ വിൻസെന്റ് മേരി 1672ൽ കുറേക്കൂടി വിശദമായ ഒരു വിവരണം അഹത്തള്ളയെപ്പറ്റി നൽകി. അതനുസരിച്ച് അഹത്തള്ള "ദമാസ്കസിലെ യാക്കോബായ സഭയെ ഭരിച്ച ശീശ്മക്കാരനായ ഒരു മെത്രാപ്പോലീത്ത ആയിരുന്നു". അലക്സാണ്ഡ്രിയ വഴി കടന്നുപോകവേ, അവിടത്തെ പാത്രിയർക്കീസ് അദ്ദേഹത്തിന് ഉദ്യോഗത്തിനുള്ള ഒരു പുതിയ അവസരം നൽകിക്കൊണ്ട്, മലബാറിലെ അർക്കദിയാക്കോൻ അയച്ച ഒരു കത്ത് അദ്ദേഹത്തിന് കൈമാറി. "തന്നെ തള്ളിക്കളഞ്ഞ തന്റെ സ്വന്തം ജനങ്ങളുള്ള സിറിയയിൽ നിന്ന് ഏതുവിധേനയും അകന്നുപോകാൻ മാത്രം ആഗ്രഹിച്ചിരുന്ന മാർ അഹത്തള്ള, തനിക്ക് നെസ്തോറിയന്മാരുടെ പാത്രിയർക്കീസിൽ നിന്ന് ഒരു പുതിയ നിയോഗവും കത്തുകളും ലഭിച്ച ബാബിലോണിയ വഴി, ഇന്ത്യയിലേക്ക് പുറപ്പെട്ടു". പോർച്ചുഗീസ് സ്വാധീനമേഖലയിൽ കടക്കാതെ മലബാറിലെത്താൻ സുരക്ഷിതമാർഗ്ഗം തേടിയ അദ്ദേഹത്തെ സൂറത്തിൽ വെച്ച് കപ്പൂച്ചിൻ മിഷനറിമാർ ഒരു പാഷണ്ഡതക്കാരനായി സംശയിക്കുകയും ഗോവയിലെ മതവിചാരണക്കോടതിയെ വിവരം അറിയിക്കുകയും ചെയ്തു. മൈലാപ്പൂരിൽ വെച്ച് അറസ്റ്റിലാവുകയും ബന്ധപ്പെട്ട സന്യാസികളുടെ (ഈശോസഭക്കാരുടെ) ആശ്രമത്തിൽ തടങ്കലിൽ പാർപ്പിക്കപ്പെടുകയും ചെയ്ത അദ്ദേഹം തന്റെ ലക്ഷ്യസ്ഥാനമെന്തെന്ന് ഏറ്റുപറയുകയും അർക്കദിയാക്കോന്റെ കത്തും രണ്ട് "അവിശുദ്ധന്മാരുടെ", പാത്രിയർക്കീസുമാരുടെ, നിയോഗപത്രങ്ങളും കാണിക്കുകയും ചെയ്തു. അർക്കദിയാക്കനെ അഭിസംബോധന ചെയ്തുകൊണ്ടും മലബാർ വൈദികർ വഴി അയച്ചതുമായ ഒരു കത്തിൽ അദ്ദേഹം സ്വയം ഇപ്രകാരം അവതരിപ്പിച്ചു, "മലബാറിലെ മാർ തോമാ ക്രിസ്ത്യാനികൾക്കുവേണ്ടി അവരുടെ പ്രതിസന്ധികൾക്ക് പരിഹാരത്തിനായി, പരിശുദ്ധ ഇന്നസെന്റ് പത്താമൻ മാർപ്പാപ്പയാൽ അയയ്ക്കപ്പെട്ട പാത്രിയർക്കീസ് അത്തള്ള."[21][22]

മരണത്തെക്കുറിച്ചുള്ള വിവിധ ഭാഷ്യങ്ങൾ

തിരുത്തുക

ജോസഫ് സെബാസ്ത്യാനിയെ അനുഗമിച്ച ഒരു കർമ്മലീത്താ വൈദികായിരുന്നു ഹയസിന്ത് ഓഫ് സെന്റ് വിൻസെന്റ്. 1666ൽ ഈശോസഭാ വൈദികനായ ബ്രാസ് ഡെ അസെവെഡോ തയ്യാറാക്കിയ ഒരു റിപ്പോർട്ടിനെ അധികരിച്ച് ഹയസിന്ത് ഓഫ് സെന്റ് വിൻസെന്റ് അഹത്തള്ളയുടെ അന്ത്യത്തെക്കുറിച്ച് ഒരു അഭിപ്രായപ്രകടനം നടത്തി: "ആ അർമ്മേനിയക്കാരൻ പാരീസിൽവെച്ച് മരണപ്പെട്ടു, പക്ഷേ ദൈവത്തിനറിയാം എങ്ങനെയെന്ന്". മാർ അഹത്തള്ള കൊല്ലപ്പെട്ടത് പോർച്ചുഗീസുകാരുടെ നിർദ്ദേശപ്രകാരം ഫ്രഞ്ച് ഈശോസഭക്കാർ നടത്തിയ വിഷപ്രയോഗം ഏറ്റാണ് എന്ന പ്രചാരണത്തിന് അങ്ങനെ തുടക്കമായി.[23] ഗോവയിലും ഇത് പ്രചരിച്ചു. അവിടെ ഒരു പെരുന്നാൾ പ്രഭാഷണമധ്യേ ഒരു തിയറ്റീൻ വൈദികൻ അഹത്തള്ളയെ വിഷം കൊണ്ടുള്ള രക്തസാക്ഷി എന്ന് വിശേഷിപ്പിച്ചു.[23] കൊച്ചിയിലെ ഒരു വ്യാപാരിയായിരുന്ന ഫ്രാൻസിസ് ജോർജ്ജ് നൽകിയ പ്രസ്താവനയിൽ അഹത്തള്ള യാത്രാമധ്യേ ഈശോസഭക്കാരുടെ വിഷപ്രയോഗമേറ്റാണ് മരണമടഞ്ഞത് എന്നത് മാർത്തോമാ നസ്രാണികളുടെ ഇടയിൽ പൊതുവായ അറിവാണെന്ന് പറയുന്നു.[24]

മാർ അഹത്തള്ളയെപ്പറ്റി മലബാറിൽ പിൽക്കാലത്ത് ഏറ്റവും പ്രചാരം നേടിയ കഥ, അദ്ദേഹത്തെ പോർച്ചുഗീസുകാർ കടലിൽ മുക്കിക്കൊന്നു എന്നതായിരുന്നു. 1653ൽ മാർ അഹത്തള്ളയെ കൊച്ചി തുറമുഖത്തിൽ ഇറങ്ങാൻ അനുവദിക്കാതെ കപ്പൽ ഗോവയിലേക്ക് വിട്ടതറിഞ്ഞ് മട്ടാഞ്ചേരിയിൽ തടിച്ചുകൂടിയ നസ്രാണികൾ അദ്ദേഹം ഗോവയിൽ നേരിടാനിരിക്കുന്ന ദുർവിധി എന്താകും എന്ന് ചർച്ചചെയ്യുന്നതിനിടെ പല സാധ്യതകൾ മുന്നോട്ടുവെച്ചു. അഹത്തള്ളയെ കാണാൻ തങ്ങളെ അനുവദിക്കാതെ കപ്പൽ ഗോവയിലേക്ക് വിട്ടതിനാൽ അദ്ദേഹം എന്തായാലും കൊച്ചിയിൽ വെച്ച് കൊല്ലപ്പെട്ടിട്ടില്ല എന്ന് നസ്രാണികൾക്ക് ബോധ്യമുണ്ടായിരുന്നു. ഗോവയിൽ വെച്ച് കുറ്റം വിധിയ്ക്കപ്പെട്ടാൽ ഒരുപക്ഷേ അദ്ദേഹം കടലിൽ താഴ്ത്തപ്പെടാം, അല്ലെങ്കിൽ വിറകിൽ ദഹിപ്പിക്കപ്പെടാം.[25] എന്തുതന്നെയായാലും അഹത്തള്ള കൊച്ചിയിൽ വെച്ച് മരിച്ചിട്ടില്ല എന്നും അവിടെനിന്ന് ഗോവയിലേക്കും പിന്നീട് പോർച്ചുഗലിലേക്കും കൊണ്ടുപോകപ്പെട്ടുവെന്നും, ആലങ്ങാട്ട് പള്ളിയിൽ വെച്ച് അർക്കദിയാക്കോൻ പറമ്പിൽ തോമായെ മെത്രാനായി വാഴിക്കാൻ ഉദ്യമിക്കുന്നതിനുമുമ്പേ, നസ്രാണികൾക്ക് വ്യക്തമായി വിവരം ലഭിച്ചിരുന്നു. ആലങ്ങാട്ട് പള്ളി വികാരിയും നസ്രാണി നേതാവുമായിരുന്ന കടവിൽ ചാണ്ടി കത്തനാരുടെയും ഫ്രയർ സെബാസ്റ്റ്യന്റെയും പ്രസ്താവനകൾ ഇത് വ്യക്തമാക്കുന്നു.[26][25] സംഭവവികാസങ്ങളേക്കുറിച്ച് അന്വേഷിക്കാൻ റോം നിയോഗിച്ച കർമ്മലീത്താ മിഷനറി സംഘത്തിന് മുമ്പാകെ 1657ലും 1659ലും 1662ലും സാക്ഷികൾ നടത്തിയ പ്രസ്താവനകളിലും അഹത്തള്ള മുങ്ങിമരിച്ചതായി യാതൊരു പരാമർശവുമുണ്ടായില്ല.[25] അഹത്തള്ളയെ കൊച്ചിയിൽ വെച്ച് കടലിൽ മുക്കിക്കൊന്നു എന്ന പരാമർശം ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1700 കളിൽ മാർ ഗബ്രിയേൽ എന്ന പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്തയുടെ കാലത്താണ്.[27]

1715 ജൂലൈ 20ാം തീയ്യതി കൊച്ചിയിൽ നിന്ന് ട്രാങ്ക്വെബാറിലെ ഒരു ഡാനിഷ് മിഷണറിക്ക് അയച്ചുകിട്ടിയ ഒരു ചരിത്ര വിവരണത്തിൽ, കോട്ടയം ചെറിയപള്ളി കേന്ദ്രമാക്കി നസ്രാണികളുടെ ഇടയിൽ സ്വാധീനമുറപ്പിച്ച മാർ ഗബ്രിയേലിന്റെ സഹായിയും വിശ്വസ്തനുമായ ചമ്പക്കുളം പള്ളി വികാരി വെട്ടിക്കുട്ടേൽ മത്തായി കത്തനാർ, പൗരസ്ത്യ കാതോലിക്കായാൽ അയയ്ക്കപ്പെട്ട മെത്രാനെ പോർച്ചുഗീസുകാർ കൊച്ചിയിൽ കടലിൽ മുക്കിക്കൊന്നു എന്ന് രേഖപ്പെടുത്തി. 1723ൽ മാർ ഗബ്രിയേൽ എഴുതി കൊച്ചിയിലെ ഡച്ച് വൈദികനായ ജാക്കോബൂസ് കാന്റർ വിഷർക്ക് അയച്ചുകൊടുത്ത ചരിത്രവിവരണത്തിലും ഇതേ പരാമർശം ആവർത്തിച്ചു. സുറിയാനിയിലുള്ള ഈ വിവരണത്തിൽ ബിഷപ്പിന്റെ പേര് അഹത്തള്ളയെന്നല്ല, മാർ മത്തായി എന്നാണ്.[27]

അതിനിടയിൽ കാതോലിക്ക പാത്രിയർക്കീസ് അയച്ച മാർ മത്തായി എന്നൊരു പുരോഹിതൻ മൈലാപ്പൂരിൽ വന്നു. പോർച്ചുഗീസുകാർ അദ്ദേഹത്തെ പിടികൂടി പട്ടണത്തിലേക്ക് കൊണ്ടുവന്നു, തുടർന്ന് തുറമുഖത്തേക്ക് വലിച്ചിഴച്ച് വെള്ളത്തിലേക്ക് എറിഞ്ഞു. ഇതുകേട്ട് മലബാറിലെ ക്രിസ്ത്യാനികൾ മാർ തഞ്ചേരി പള്ളിയിൽ ഒത്തുകൂടി, ഒരുമിച്ചു കൂടിയാലോചന നടത്തി, സത്യം ചെയ്ത്, അന്നുമുതൽ വരുന്ന കാലത്തും എന്നെന്നേക്കും പോർച്ചുഗീസുകാരുമായി, നല്ലതോ തിന്മയോ ആയ, ഒന്നും നിലനിൽക്കില്ല എന്ന് പ്രഖ്യാപിക്കുന്ന ഒരു കത്ത് ആദ്യമേ എഴുതി ഒപ്പിട്ടകൊണ്ട്, അങ്ങനെ അവരുടെ കഴുത്തുകളിൽനിന്ന് പോർച്ചുഗീസ് നുകം വലിച്ചെറിഞ്ഞുകളഞ്ഞു.

— മാർ ഗബ്രിയേൽ[28]

1782ൽ ലിസ്ബണിൽ പഴയകൂറ്റകാരുടെ പ്രതിനിധികളായി എത്തിയ കരിയാറ്റിൽ യൗസേപ്പ് മൽപാനും പാറേമ്മാക്കൽ തോമാ കത്തനാരും രാജസദസ്സിൽ സമർപ്പിച്ച അപേക്ഷയിൽ കൽദായ ബിഷപ്പായ മാർ ഇഗ്നാത്തിയോസിനെ ഈശോസഭക്കാർ കഴുത്തിൽ നങ്കൂരംകെട്ടി കടലിലെറിഞ്ഞു എന്ന് പരാമർശിക്കുന്നു.[27]

മുൻകാല ചരിത്രകാരന്മാരുടെ വിവിധ അവലോകനങ്ങൾ

തിരുത്തുക

ഫാദർ വിൻസെന്റ് മേരിയുടെ വിവരണം മാത്രമായിരുന്നു കുറേയധികം കാലം ചരിത്രകാരന്മാർക്ക് അഹത്തള്ളയെപ്പറ്റി ഊഹാപോഹങ്ങൾക്കെങ്കിലുമുള്ള ഏക വിവരസ്രോതസ്സ്. കത്തോലിക്കാ സഭയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തേക്കുറിച്ച് ഇതിൽ യാതൊരു പരാമർശവും ഇല്ലാതെപോയി എന്നുമാത്രമല്ല, സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഒരു യാക്കോബായ മെത്രാനെ ബദ്ധവൈരികളായ കോപ്റ്റിക്-നെസ്തോറിയൻ പാത്രിയർക്കീസുമാർ മലബാറിലെ കത്തോലിക്കാ സഭയ്ക്കുവേണ്ടി നിയോഗിച്ചയച്ചു എന്നിങ്ങനെയുള്ള നിഗമനങ്ങൾ ചരിത്രകാരൻ മാഥുറിൻ വെസ്സീറെ ഡെ ലാ ക്രോസിന് തികച്ചും അവിശ്വസനീയമായാണ് തോന്നിയത്.[29] ഇതെല്ലാം പോർച്ചുഗീസുകാർ മെനഞ്ഞെടുത്ത സാങ്കൽപ്പിക കഥകളാണെന്ന് വാദിച്ച അദ്ദേഹം, മാർ അഹത്തള്ള യഥാർത്ഥത്തിൽ മൊസൂളിലെ നെസ്തോറിയൻ പാത്രിയർക്കീസ് നേരിട്ടയച്ച ഒരു ബിഷപ്പാണെന്ന നിഗമനത്തിലെത്തി. ഇന്നസെന്റ് പത്താമൻ മാർപ്പാപ്പ നിയോഗിച്ച ഒരു പാത്രിയർക്കീസാണ് താൻ എന്ന് അഹത്തള്ള വാദിച്ചു എന്ന ആരോപണം അദ്ദേഹം വിശ്വസിച്ചില്ല എന്നുമാത്രമല്ല അത്തരം വാദങ്ങളെല്ലാം തങ്ങളുടെ കഥകൾക്ക് സത്യത്തിന്റെ പ്രതീതി ജനിപ്പിക്കാൻ പോർച്ചുഗീസ്, ഇറ്റാലിയൻ മിഷനറിമാരുടെ കണ്ടുപിടുത്തങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.[30][22] അതേസമയം വിൻസെന്റ് മേരിയുടെ വിവരണത്തിലെ ചില വരികളെ തെറ്റായി വ്യാഖ്യാനിച്ച ഡെ ലാ ക്രോസ് മാർ അഹത്തള്ളയെ പോർച്ചുഗീസുകാർ ഗോവയിൽ എത്തിച്ച് മതവിചാരണ ചെയ്ത് വധിച്ചു എന്ന വാദത്തിന് തിരികൊളുത്തി. യഥാർത്ഥത്തിൽ വിൻസെന്റ് മേരി ഒരിക്കലും അത്തരം ഒരു പ്രസ്താവന നടത്തുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല, മറിച്ച് പ്രചാരണങ്ങളെ ഉദ്ധരിച്ച് പറയുക മാത്രമാണ് ചെയ്തത്.[31]

1728ൽ ലെബനീസ് പൗരസ്ത്യപണ്ഡിതനായ ജോസഫ് സൈമൺ അസെമാനി, വിൻസെന്റ് മേരിയുടെ വിവരണം ഉദ്ധരിക്കവേ ഡെ ലാ ക്രോസിന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് മാർ അഹത്തള്ള ഒരു നെസ്തോറിയൻ ബിഷപ്പാണെന്ന നിഗമനത്തിലെത്തി. ഗോവയിൽ മതവിചാരണയിൽപെട്ട് ദാരുണമായി അദ്ദേഹം മരണപ്പെട്ടു എന്നും എഴുതി. അതേസമയം ഡെ ലാ ക്രോസിനോട് വിയോജിച്ചുകൊണ്ട് അഹത്തള്ള തന്റെ ഉദ്യമം വിജയിപ്പിക്കാനായി മാർപ്പാപ്പയാൽ അയയ്ക്കപ്പെട്ട ഒരു പാത്രിയർക്കീസായി സ്വയം അവതരിപ്പിച്ച് മലബാറിലെ കത്തോലിക്കരെ കബളിപ്പിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് കൂട്ടിച്ചേർത്തു.[32] അഹത്തള്ള ഗോവയിൽ തടവിലാക്കപ്പെടുകയും അവിടെവെച്ച് തീയിൽ വീഴ്ത്തി കൊല്ലപ്പെടുകയും ചെയ്തെന്ന് 1740ൽ മൈക്കൽ ലെ ക്വയേൻ വിപുലീകരിച്ചു.[33] 1839ൽ ഈ വിഷയത്തേക്കുറിച്ച് എഴുതിയ ജെയിംസ് ഹ്യൂഗ് ഡെ ലാ ക്രോസിന്റെ അഭിപ്രായം പൂർണ്ണമായി അംഗീകരിച്ചു അതോടൊപ്പം അസ്സെമാനിയുടെ വിയോജിപ്പുകൾ പൂർണ്ണമായും തള്ളിക്കളയുകയും ചെയ്തു.[34] 1877ൽ മാർത്തോമാ നസ്രാണികളുടെ ചരിത്രത്തെ കുറിച്ച് എഴുതിയ വിൽഹെം ജെർമാൻ മറ്റൊരു നിഗമനം മുന്നോട്ടുവെച്ചു. കൂർദ്ദിസ്ഥാനിലെ ഉർമ്മിയയിൽ ആസ്ഥനമാക്കിയ കൽദായ കത്തോലിക്കാ പാത്രിയർക്കീസ് മാർ ശിമയോനാണ് അഹത്തള്ളയെ അയച്ചതെന്ന് അദ്ദേഹം വാദിച്ചു.[35] ജെർമാൻ പറയുന്നത് ശരിയെങ്കിൽ പോർച്ചുഗീസുകാർ അഹത്തള്ളയെ അപായപ്പെടുത്തിയെന്നത് തെറ്റായ നിഗമനമാകാനാണ് സാധ്യതയെന്ന് അഡ്രിയാൻ ഫോർട്ടെസ്ക്യൂ അഭിപ്രായപ്പെട്ടു.[36]

മാർ അഹത്തള്ളയുടെ അന്ത്യവുമായി ബന്ധപ്പെട്ട് പ്രചരിച്ച കഥകൾ വ്യാജമാകാനാണ് സാധ്യത എന്ന് ആദ്യമായി കണ്ടെത്തിയത് ജി.റ്റി. മാക്കെൻസിയാണ്. അഹത്തള്ളയെ ഗോവയിൽ നിന്ന് ലിസ്ബണിലേക്ക് കൊണ്ടുപോയിരുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. 1653 ഒക്ടോബർ ഏഴിന് പോർച്ചുഗീസ് രാജാവ് വൈസെറോയിക്ക് അയച്ച ഒരു കത്തും 1656 ജനുവരിയിൽ ഗോവൻ മതവിചാരണക്കാർ എഴുതിയ റിപ്പോർട്ടും അധികരിച്ചാണ് മാക്കെൻസി ഇത് എഴുതിയത്. ഇത് കൂടാതെ, മാർ അഹത്തള്ള ലിസ്ബണിൽനിന്ന് റോമിലേക്കുള്ള യാത്രയ്ക്കിടെ പാരിസിൽ വെച്ച് കാലം ചെയ്തു എന്ന, ഫാദർ യൂസ്റ്റാഷിയോയുടെ പ്രസ്താവനയെയും മാക്കെൻസി തെളിവായി സ്വീകരിച്ചു.[37]

ജീവചരിത്രം

തിരുത്തുക

ജനനവും ആദ്യകാല ജീവിതവും

തിരുത്തുക

1590നടുത്ത് സിറിയയിലെ ആലെപ്പോയിലായിരുന്നു അഹത്തള്ളയുടെ ജനനം.[38] അഹത്തള്ള ഇബ്ന് ഇസ്സ എന്നായിരുന്നു മുഴുവൻ പേര്. ആലെപ്പോ സ്വദേശികളും യാക്കോബായ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. സന്യാസം ജീവിതചര്യയായി തിരഞ്ഞെടുത്ത അദ്ദേഹം മോർ അന്തോണിയോസിന്റെ നാമത്തിലുള്ള സന്യാസികളോടൊപ്പം ചേർന്ന് റമ്പാനായി. തുടർന്ന് സുറിയാനി ഓർത്തഡോക്സ് സഭയുടെ ദമാസ്കസ് മെത്രാപ്പോലീത്തയായി തിരഞ്ഞെടുക്കപ്പെട്ട് അഭിഷേകം ചെയ്യപ്പെട്ടു. ദമാസ്കസ്, നിക്കോമേദിയ, ഏംസ് (ഹോംസ്) എന്നിവയുടെ ആർച്ച്ബിഷപ് എന്ന പദവിയിലെത്തിയ അദ്ദേഹം സിറിൾ എന്ന പേര് സ്വീകരിച്ചു.[39][40]

കത്തോലിക്കാ സഭയിലേക്കുള്ള പരിവർത്തനം

തിരുത്തുക

1620കളിൽ ഫ്രാൻസിസ്കന്മാർ, കപ്പൂച്ചിനുകൾ, കർമ്മലീത്തക്കാർ, ഈശോസഭക്കാർ തുടങ്ങിയ യൂറോപ്യൻ മിഷനറിമാർ ആലെപ്പോയിലും മദ്ധ്യപൂർവ്വദേശത്തെ മറ്റ് സ്ഥലങ്ങളിലും തങ്ങളുടെ മിഷനറി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തുടങ്ങി. അവർ പ്രദേശങ്ങളിലെ റോമൻ കത്തോലിക്കാ ബന്ധമില്ലാത്ത പൗരസ്ത്യ സഭകളിൽ നിന്നും ബിഷപ്പുമാർ ഉൾപെടെയുള്ള അംഗങ്ങളെ കത്തോലിക്കാ സഭയിലേക്ക് ചേർക്കാൻ പരിശ്രമിച്ചിരുന്നു.[41] 1630 മുതൽ അവർ ആലെപ്പോയിലെ ആർച്ച്ബിഷപ്പുമായി, അദ്ദേഹത്തെ കത്തോലിക്കാസഭയിൽ ചേർക്കാമെന്ന പ്രതീക്ഷയോടെ, ആശയവിനിമയം നടത്തിത്തുടങ്ങിയിരുന്നു. പക്ഷേ അവരുടെ ശ്രമങ്ങൾ വിജയിച്ചത് ദമാസ്കസിലെ ആർച്ച്ബിഷപ്പായ സിറിൾ അഹത്തള്ളയിലൂടെയാണ്.[38] 1631 ഒക്ടോബർ 18ാം തീയ്യതി ആലെപ്പോയിലെ നവീകൃത ഫ്രാൻസിസ്കന്മാരുടെ രക്ഷാധികാരി ആയിരുന്ന ജോൺ ഫെർമോയുടെ മുമ്പിൽ അഹത്തള്ള കത്തോലിക്കാ വിശ്വാസം ഏറ്റുപറഞ്ഞു കൊണ്ട് കത്തോലിക്കാ സഭയിൽ ചേർന്നു. ആലെപ്പോയിലെ പരിശുദ്ധ മറിയത്തിന്റെ പള്ളിയിൽ വെച്ച് നടന്ന ചടങ്ങിൽ അഹത്തള്ളയോടൊപ്പം രണ്ട് യാക്കോബായ വൈദികരും കത്തോലിക്കാ സഭയിൽ ചേർന്നിരുന്നു.[42] ഫ്ലോറൻസ് സൂനഹദോസ് നിശ്ചയിച്ചിരുന്നതനുസരിച്ചുള്ള വിശ്വാസ പ്രഖ്യാപനമാണ് അഹത്തള്ള നടത്തിയത്.[43] 1586നുശേഷം ആദ്യമായായിരുന്നു ഒരു യാക്കോബായ ബിഷപ്പ് കത്തോലിക്കാ സഭയിൽ ചേരുന്നത്. അതിനുമുമ്പും സുറിയാനി യാക്കോബായ സഭയ്ക്ക് കത്തോലിക്കാ സഭയുമായി പല കാലങ്ങളിലും കൂട്ടായ്മയ്ക്കുള്ള പരിശ്രമങ്ങൾ നടന്നിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ സഭാഭരണം നടത്തിയ ഇഗ്നാത്തിയോസ് അബ്ദ്-അള്ളാഹ് (1520–1556), ഇഗ്നാത്തിയോസ് നേമത്ത്-അള്ളാഹ് (1557–1576) എന്നീ പാത്രിയർക്കീസുമാർ കത്തോലിക്കാ വിശ്വാസം ഏറ്റുപറഞ്ഞവരായിരുന്നു. പണ്ഡിതനായിരുന്ന നേമത്ത്-അള്ളാഹ് ഒരു മുസ്ലിം-ക്രിസ്ത്യൻ മതാന്തര സംവാദത്തിന് ശേഷം തുർക്കി ഭരണാധികാരികളുടെ അപ്രീതിയ്ക്ക് പാത്രമാവുകയും അതിനുശേഷം റോമിൽ അഭയം തേടുകയും ചെയ്തിരുന്നു. അവിടെവെച്ച് ഗ്രിഗോറിയൻ കലണ്ടർ ക്രമീകരിക്കുന്നിൽ വലിയ സംഭാവനകൾ അദ്ദേഹം ചെയ്തു. തന്റെ പിൻഗാമിയായി സ്ഥാനമേറ്റ സ്വന്തം അനന്തരവൻ ഡേവിഡ്-ഷാ പാത്രിയർക്കീസിനെ (1576–1591) അന്ത്യോഖ്യയുടെ പാത്രിയാർക്കീസായി 1581ൽ മാർപ്പാപ്പയെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചിരുന്നു. പക്ഷേ ഈ പരിശ്രമങ്ങൾ തുടർന്ന് മുന്നോട്ട് പോയിരുന്നില്ല.[3]

വിശ്വാസം പ്രഖ്യാപനത്തിന് ശേഷം അഹത്തള്ള ഉർബൻ എട്ടാമൻ മാർപ്പാപ്പയെ കാണുന്നതിനായി റോമിലേക്ക് പോയി. തന്റെ മെത്രാപ്പോലീത്താ സ്ഥാനം സ്ഥിരീകരിക്കെപ്പെടുന്നതിനും സുറിയാനിക്കാർക്കുവേണ്ടി സഹായങ്ങൾ തേടുന്നതിനുമാണ് അദ്ദേഹം അവിടെ പോയത്.[44] ഏപ്രിൽ 1632 ൽ റോമിൽ എത്തിയ അഹത്തള്ളയ്ക്ക് അവിടെ വെച്ച് വീണ്ടും വിശ്വാസ പ്രഖ്യാപനം നടത്തേണ്ടിവന്നു. അവിടെ വെച്ച് അദ്ദേഹം യാക്കോബായ സഭയുടെ സ്ഥിതിവിവരങ്ങൾ ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. അന്നത്തെ യാക്കോബായ പാത്രിയർക്കീസ് ദിയർബെക്കീറിൽ വസിച്ചിരുന്ന മാർ ഇഗ്നാത്തിയോസ് ഹിദായത്ത്-അള്ളാഹ് ആയിരുന്നു. അദ്ദേഹത്തിനു കീഴിൽ ഇരുപത്തിനാല് മെത്രാപ്പോലീത്തമാരും നാൽപ്പത്തിയെട്ട് എപ്പിസ്കോപ്പമാരും ഉണ്ടായിരുന്നു.[45]

അതിനുശേഷം മാർപ്പാപ്പയെ കണ്ട അഹത്തള്ള സുറിയാനിക്കാർക്ക് വേണ്ടി വിദ്യാഭ്യാസ സഹായങ്ങൾ അഭ്യർത്ഥിച്ചു. യാക്കോബായ ആരാധനക്രമം തിരുത്തി ഉപയോഗിക്കുന്നതിന് അനുമതിയും തേടി. വിശ്വാസപ്രചരണ സംഘത്തിന്റെ സെക്രട്ടറിയായിരുന്ന മോൺസിഞ്ഞോർ ഫ്രാൻസെസ്കോ ഇന്ജോളിയും ഇതിന് അനുകൂലമായിരുന്നു. ഈ വിഷയം പരിഗണിക്കാൻ വിശ്വാസപ്രചരണ സംഘത്തെ മാർപ്പാപ്പ നിയോഗിച്ചു. അതിൻ പ്രകാരം വിഷയം ചർച്ച ചെയ്ത കർദ്ദിനാൾ സംഘം സുറിയാനിയിലുള്ള യാക്കോബായ ആരാധനാക്രമം തർജ്ജമ ചെയ്യാനായി മോറോനായ സഭക്കാരനായ വിക്ടർ അക്കോറെൻസിസ് എന്ന സന്യാസിയെ നിയോഗിച്ചു.[46] ഈ പ്രക്രിയ നീണ്ടുപോയതിനാൽ മാർപ്പാപ്പയുടെ പ്രത്യേക അനുമതിയോടെ മോറോനായ ക്രമത്തിൽ കുർബാനചൊല്ലാൻ അഹത്തള്ള അനുമതി തേടി. ഇത് അംഗീകരിക്കപ്പെട്ടെങ്കിലും കുർബാനയ്ക്കുള്ള അപ്പം നിർമ്മിക്കുന്നതിന് എണ്ണ ഉപയോഗിക്കാൻ പാടില്ല എന്ന ഉപാധി വയ്ക്കപ്പെട്ടു. സുറിയാനി ഓർത്തഡോക്സ് സഭയുടെ ആചാരക്രമം അനുസരിച്ച് എണ്ണ ചേർത്താണ് അപ്പം ഉണ്ടാക്കിയിരുന്നത്. ലത്തീൻ, ഗ്രീക്ക് സഭകളിൽ നിന്ന് വ്യത്യസ്തമായി വറച്ചട്ടിയിൽ ചുട്ടെടുക്കുന്ന ശൈലിയാണ് അവർ അനുവർത്തിച്ചിരുന്നത്.[47] 1633 മാർച്ച് 5ന് അഹത്തള്ളയുടെ അപേക്ഷപ്രകാരം പാത്രിയർക്കീസ് ഹിദായത്ത്-അല്ലാഹിന് കത്തോലിക്കാ സഭയിലേക്കുള്ള ഒരു ക്ഷണക്കത്തും ലഭിച്ചു.[47][48] ആ വർഷംതന്നെ ഈ കത്തും യാത്രാബത്തയുമായി അഹത്തള്ള ഒരു കൽദായ വൈദികനോടൊപ്പം സ്വന്തം നാട്ടിലേക്ക് മടങ്ങി.[47]

ജന്മനാട്ടിലേക്കുള്ള മടങ്ങിവരവും അനന്തരസംഭവങ്ങളും

തിരുത്തുക

ആലെപ്പോയിൽ സുരക്ഷിതനായി എത്തിയ അഹത്തള്ളയ്ക്ക് പക്ഷേ അവിടെ നല്ല സ്വീകരണമല്ല ലഭിച്ചത്. പറങ്കികളുടെ നാട്ടിൽ പോയശേഷം യാക്കോബായക്കാരെ പറങ്കികളാക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് പ്രദേശത്തെ തുർക്കിഷ് അധികാരികൾ അഹത്തള്ളയിൽ നിന്ന് വലിയ തുക പിഴ ഈടാക്കി. 1634 ജൂലൈ 12ന് റോമിലെ വിശ്വാസപ്രചാരണ സംഘത്തിന് സഹായം തേടിക്കൊണ്ട് അഹത്തള്ള ഒരു കത്തെഴുതി. സ്ഥിതിഗതികൾ വിലയിരുത്തിയ ആലെപ്പോയിലെയും ജറുസലേമിലെയും കത്തോലിക്കാ രക്ഷാധികാരികൾ അദ്ദേഹത്തോട് പാത്രിയർക്കീസിനെ സന്ദർശിക്കാൻ ദിയർബെക്കീറിലേക്ക് ഉടനെ പോകേണ്ടതില്ല എന്ന് നിർദ്ദേശിച്ചു. തുർക്കികളും പേർഷ്യക്കാരും തമ്മിൽ ആ പ്രദേശത്ത് ഒരു യുദ്ധം നടന്നുകൊണ്ടിരിക്കുകയായിരുന്നു.[49] അഹത്തള്ളയെ ഇതിനോടകം നാട്ടുകാർ വളരെ കഷ്ടപ്പെടുത്തുകയും സ്വന്തമായുള്ളതെല്ലാം നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈ വിവരങ്ങൾ അറിഞ്ഞ റോമിലെ കർദ്ദിനാൾ സംഘം അഹത്തള്ളയ്ക്ക് പിന്തുണയും സാമ്പത്തിക സഹായവും കൊടുക്കാൻ പ്രാദേശിക സഭാ അധികൃതരോട് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അതൊന്നും നൽകപ്പെട്ടില്ല. പലപ്പോഴും തുർക്കികൾ അദ്ദേഹത്തിൽ നിന്ന് വലിയ പിഴകൾ ഈടാക്കിയിരുന്നു. അങ്ങനെ ഒരിക്കൽ സ്വന്തം എപ്പിസ്ക്കോപ്പൽ വസ്ത്രങ്ങൾ വിറ്റും പലിശയ്ക്ക് കടംവാങ്ങിയും പണംകണ്ടെത്തേണ്ട സാഹചര്യവും അദ്ദേഹത്തിനുണ്ടായി.[49] 1635 ഓഗസ്റ്റ് 28ാം തീയ്യതി ജെറുസലേമിലെ രക്ഷാധികാരി ജിയാസിന്റോ ഡാ വെറോണ റോമിലെ വിശ്വാസപ്രചരണ സംഘത്തിന് എഴുതിയ കത്തിൽ ആലെപ്പോയിൽ സ്വന്തം മുറിയിൽ വെച്ച് മാർ അഹത്തള്ള ആക്രമിക്കപ്പെട്ടെന്നും കൊള്ളയടിക്കപ്പെട്ടെന്നും അറിയിച്ചു. ഇത്തരം പീഡനങ്ങൾ അസഹ്യമായതോടെ 1636ൽ മാർ അഹത്തള്ള മോറോനായ പാത്രിയർക്കീസിനെ സന്ദർശിക്കാനായി ലെബനോനിലേക്ക് പോയി. അവിടെനിന്ന് റോമിലേക്ക് പോകാനായിരുന്നു അദ്ദേഹം തീരുമാനിച്ചിരുന്നത്. എന്നാൽ ലെബനോനിൽ എത്തിയ ശേഷം അദ്ദേഹം റോമിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ദമാസ്കസിലേക്ക് തിരിച്ചു. പക്ഷേ അവിടെയുള്ള സ്വന്തം അതിരൂപതയിലെ ജനങ്ങൾപോലും, മാർപ്പാപ്പയ്ക്ക് വിധേയപ്പെട്ടതുകൊണ്ട്, അദ്ദേഹത്തെ സ്വീകരിക്കാൻ കൂട്ടാക്കിയില്ല. അതുകൊണ്ട് ദമാസ്കസ് വിട്ട് ആലെപ്പോയിലേക്ക് പോകാൻ അദ്ദേഹം തീരുമാനിച്ചു.[50] ഇതിനിടെ മറ്റൊരു ബിഷപ്പ് ദമാസ്കസിലെ സഭാഭരണം അഹത്തള്ളയിൽ നിന്ന് കൈവശപ്പെടുത്താൻ ശ്രമം നടത്തി.[51] തൂർ അബ്ദീൻകാരനായ ശീമോൻ മെത്രാപ്പോലീത്ത ആയിരുന്നിരിക്കാം അദ്ദേഹം.[52] കപ്പൂച്ചിൻ വൈദികനായ എഫ്രേം ഡി നെവേർസ് മാർ ശീമോനെ ദമാസ്കസിൽവെച്ച് സന്ദർശിച്ചതായും അദ്ദേഹം കത്തോലിക്കാ സഭയിൽ ചേരാൻ സമ്മതിച്ചതായും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.[53] ദമാസ്കസിലെ മെത്രാപ്പോലീത്ത പദവി തനിക്ക് കൈമാറിയാൽ ഭാവിൽ പാത്രിയാർക്കീസ് പദവിയിലേക്ക് പിന്തുണയ്ക്കാമെന്ന അദ്ദേഹത്തിന്റെ വാക്കുകേട്ട് അഹത്തള്ള തന്റെ മെത്രാസനഭരണം കൈമാറി.[54][51] അതിനുശേഷം അഹത്തള്ള ജന്മസ്ഥലമായ ആലെപ്പോയിലേക്ക് മടങ്ങി. എന്നാൽ യാത്രയ്ക്കിടെ ഹോംസിനടത്തുവെച്ച് അദ്ദേഹത്തെ ഒരു കൂട്ടം അറബികൾ ആക്രമിച്ച് കൊള്ളയടിച്ചു. അവർ അദ്ദേഹത്തിന്റെ വസ്ത്രമുൾപ്പെടെ അപഹരിച്ചിട്ട് അർദ്ധപ്രാണനാക്കിയിട്ട് വഴിയിൽ ഉപേക്ഷിച്ചു.[50] വളരെ കഷ്ടപ്പെട്ട് ആലെപ്പോയിൽ എത്തിച്ചേർന്ന മാർ അഹത്തള്ള ആരോഗ്യം ഭേദമാകുംവരെ കുറച്ചുകാലം ഒളിച്ചു താമസിച്ചു.[55]

പാത്രിയർക്കീസിന്റെ അടുക്കലേക്ക്

തിരുത്തുക

1637 മാർച്ചിൽ തന്റെ പാത്രിയർക്കീസിനെ കാണാനായി ദിയാർബെക്കീറിലേക്ക് ഒറ്റയ്ക്ക് യാത്രതിരിച്ചു. അവിടെ പാത്രിയർക്കീസ് ഹിദായത്ത്-അള്ളാഹ് അദ്ദേഹത്തെ ഹാർദ്ദവമായി സ്വീകരിച്ചു. രണ്ടുമാസം പാത്രിയർക്കീസിനൊപ്പം താമസിച്ച മാർ അഹത്തള്ള അവിടെവെച്ച് മാർപ്പാപ്പയോട് വിധേയത്വം പ്രഖ്യാപിക്കുന്ന ഒരു കത്ത് എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അത്തരമൊരു കത്ത് തുർക്കികളുടെ കൈവശം ചെന്നുപെട്ടാൽ തനിക്കെതിരെയും പീഡനങ്ങൾ ആരംഭിക്കുമെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. എന്നാൽ തന്റെ പ്രതിനിധിയായി റോമിൽ ഒരിക്കൽകൂടി പോകാനും തനിക്ക് വേണ്ടി മാർപ്പാപ്പയോട് വിധേയത്വം പ്രഖ്യാപിക്കാനുമായി അഹത്തള്ളയെ അദ്ദേഹം ചുമതലപ്പെടുത്തി.[55] 1638 ജൂലൈ 19 ന് വിശ്വാസപ്രചരണ സംഘം അയച്ച നിർദ്ദേശത്തിൽ പാത്രിയർക്കീസ് ഹിദായത്ത്-അള്ളാഹിൽ നിന്ന് ഒരു വിധേയത്വപ്രഖ്യാപനം എഴുതി വാങ്ങിയശേഷം റോമിൽ തിരിച്ചുവന്ന് അദ്ദേഹത്തിന്റെ നാമത്തിൽ വിശ്വാസ പ്രഖ്യാപനം നടത്താൻ അഹത്തള്ളയ്ക്ക് പ്രത്യേക അനുമതി നൽകി.[55] ഇതിനിടെ അഹത്തള്ളയ്ക്ക് ദമാസ്കസിലുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അദ്ദേഹത്തെ ഹുസ്ന്-സിയാദിന്റെ മെത്രാപ്പോലീത്തയായി പാത്രിയർക്കീസ് നിയമിച്ചു. അവിടെ എത്തി സ്ഥാനം ഏറ്റെടുത്ത അദ്ദേഹത്തിന് ഈശോസഭാ മിഷനറിമാർ കാരണം അവിടെയും എതിർപ്പുകളെ നേരിടേണ്ടതായി വന്നു. അദ്ദേഹത്തിന്റെ പള്ളിയിൽ മിഷനറിമാർ മതപ്രഭാഷണത്തിന് വരാൻ ശ്രമിച്ചുകൊണ്ടിരുന്നതും അവിടത്തെ ജനങ്ങൾ ഇതിനെതിരെ രംഗത്തുവന്നതുമായിരുന്നു അതിന് കാരണം. ഇത്തരം ശ്രമങ്ങൾ മിഷനറിമാർ ആവർത്തിക്കാൻ തുടങ്ങിയതോടെ ജനങ്ങൾ അഹത്തള്ളയ്ക്കെതിരേ തിരിഞ്ഞു. അഹത്തള്ള ഇറ്റലിക്കാരുമായി ചേർന്ന് രാജ്യം വരുതിയിലാക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി കുറേ ആളുകൾ പ്രദേശത്തെ ഗവർണറെ സമീപിച്ചു. ഇതേത്തുടർന്ന് അഹത്തള്ള തടവിലാക്കപ്പെടുയും മോചനദ്രവ്യം കൊടുക്കുന്നതുവരെ അവിടെ പീഡിപ്പിക്കപ്പെടുകയും ചെയ്തു.[56]

ഹിദായത്ത്-അള്ളാഹ് പാത്രിയർക്കീസിന്റെ നിര്യാണവും തുടർസംഭവങ്ങളും

തിരുത്തുക

ഇതിനോടകം കടുത്ത രോഗബാധയാൽ മരണശൈയ്യയിലായ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് ഹിദായത്ത്-അള്ളാഹ് 1639 ൽ മരണപ്പെട്ടു. തുടർന്ന് സുറിയാനി യാക്കോബായ ബിഷപ്പുമാർചേർന്ന് ജറുസലേം മെത്രാപ്പോലീത്തയായ മാർ ഗ്രിഗോറിയോസ് ശുക്ര്-അള്ളാഹ് ഇബ്ന് നേമത്ത്-അള്ളാഹ് അദ്-ദബ്ബാഘിനെ അടുത്ത പാത്രിയർക്കീസായി പ്രഖ്യാപിച്ചു.[52] എന്നാൽ ഇത് ചോദ്യം ചെയ്ത് രംഗത്തെത്തിയ തുർ ആബ്ദീൻകാരനായ ശീമോൻ മെത്രാപ്പോലീത്തയും യേശു ഖാമ്ശേഹ് മെത്രാപ്പോലീത്തയും പാത്രിയർക്കീസ് പദവി അവകാശപ്പെടാനും ഇഗ്നാത്തിയോസ് എന്ന സ്ഥാനപ്പേര് ഉപയോഗിക്കാനും തുടങ്ങി. ശീമോൻ മെത്രാപ്പോലീത്ത ആയിരിക്കവേ മൂസ്സലിലെ കപ്പൂച്ചിൻ സന്യാസിമാരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അതോടൊപ്പം റോമൻ കത്തോലിക്കാ സഭയോട് ഐക്യപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. 1638 ജൂലൈ 25 ന് കപ്പൂച്ചിൻ വൈദികൻ ബൊനവെന്തുരെ ഡാ ലൂഡ് രേഖപ്പെടുത്തിയത് അനുസരിച്ച് ആലെപ്പോയിലെ ഒരു സുറിയാനി ബിഷപ്പ് കത്തോലിക്കരോട് വലിയ അടുപ്പം സൂക്ഷിക്കുകയും മൊസ്സൂളിൽ കപ്പൂച്ചിൻ വൈദികരെ സന്ദർശിക്കുകയും അവരിൽ ഒരാളായ ജസ്റ്റസ് ഡെ ബ്യൂവയിസിനോടൊപ്പം മർദ്ദീനിലെ പാത്രിയാർക്കാ ആശ്രമത്തിലേക്ക് പോവുകയും ചെയ്തു. ഡെ ബ്യൂവയിസ് ഒരു അർമ്മേനിയൻവംശജൻ വഴി ആ ബിഷപ്പിനെ അന്നത്തെ സുറിയാനി പാത്രിയർക്കീസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെടാൻ സാഹായിച്ചു. ഈ ബിഷപ്പ് മാർ ശീമോനോ മാർ അഹത്തള്ളയോ ആയിരുന്നിരിക്കാം.[57] മാർ അഹത്തള്ളയും പാത്രിയർക്കീസ് പദവി അവകാശപ്പെട്ടിരിക്കാനും 'ഇഗ്നാത്തിയോസ്' എന്ന പാത്രിയർക്കീസുമാരുടെ സ്ഥാനപ്പേര് സ്വീകരിച്ചിരിക്കാനും സാധ്യതയുണ്ട്.[51][58][2][59] അഹത്തള്ള പാത്രിയർക്കീസ് പദവിയ്ക്കായി മത്സരിച്ചിരുന്നെന്ന് പാത്രിയർക്കീസായ ഇഗ്നാത്തിയോസ് ശീമോൻ 1656ൽ ആലപ്പോയിൽ വെച്ച് ജോസഫ് സെബാസ്ത്യാനിയോട് സ്ഥിരീകരിക്കുന്നുമുണ്ട്.[60] മുൻപ് അഹത്തള്ളയെ പിന്തുണയ്ക്കാമെന്ന് ഉറപ്പ് നൽകിയ മെത്രാപ്പോലീത്ത അദ്ദേഹത്തെ വഞ്ചിക്കുകയും ഒരു തുർക്കി അധികാരിയെ സ്വാധീനിച്ച് അഹത്തള്ളയ്ക്ക് അനുകൂലമായ തിരഞ്ഞെടുപ്പ് അട്ടിമറിച്ച് സ്ഥാനം തട്ടിയെടുക്കുകയും ചെയ്തുവെന്ന് അഹത്തള്ളതന്നെയും സാക്ഷ്യപ്പെടുത്തുന്നു.[54] ഇതിനേത്തുടർന്ന് ആ തുർക്കി അധികാരി അഹത്തള്ളയെ ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തോട് നാടുവിടാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു.[54][51]

പേർഷ്യയിൽ

തിരുത്തുക

ഈ കലഹത്തിനിടെ തുർക്കികളുടെ ഭരണമേഖലയിൽനിന്ന് മാറി നിൽക്കാൻ ആഗ്രഹിച്ച അഹത്തള്ള പാത്രിയർക്കീസ് ഇഗ്നാത്തിയോസ് ശുക്ര്-അള്ളാഹിന്റെ അടുക്കൽചെന്ന് ബാഗ്ദാദിന്റെ മെത്രാപ്പോലീത്തയായി അംഗീകാരം വാങ്ങിയെടുത്തശേഷം അവിടേക്ക് പോയി.[61] ബാഗ്ദാദിൽ, ജസ്റ്റസ് ഡെ ബ്യൂവയിസ് അടക്കമുള്ള കപ്പൂച്ചിൻ മിഷണറിമാരുടെ പ്രവർത്തനം മൂലം, ഇതിനോടകം കത്തോലിക്കാ സഭ ശക്തമായി വേരുറപ്പിച്ചുകഴിഞ്ഞിരുന്നു. അവിടെയുള്ള ലത്തീൻ കത്തോലിക്കാ അധികാരികൾക്ക് അഹത്തള്ളയോട് വലിയ മതിപ്പ് ഇല്ലായിരുന്നു. അതുകൊണ്ട് മറ്റു സ്ഥലങ്ങളിലേക്ക് കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അഹത്തള്ള അവിടെനിന്ന് 1642ൽ പേർഷ്യയിലെ ഇസ്ഫഹാനിലേക്ക് പോയി.[61] എന്നാൽ ഇസ്ഫഹാനിലെ സ്ഥിതിഗതികൾ ബാഗ്ദാദിലേതിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. അവിടെയുള്ള ആളുകൾ അഹത്തള്ളയെ സ്വീകരിക്കാൻ കൂട്ടാക്കിയില്ല. "ഇയാൾ റോമിൽ കത്തോലിക്കനായി. ഇയാൾ ഒരു പറങ്കിയാണ്, അതുകൊണ്ട് ഇയാൾക്ക് പറങ്കികളുടെ അടക്കൽ പോകാം" എന്ന് അവിടെയുള്ള യാക്കോബായ വിശ്വാസികൾ പറഞ്ഞു. അവിടെ അഗസ്തീനിയൻ മിഷണറിമാർ പ്രവർത്തിച്ചിരുന്നു. അവരിൽ ഒരാളായ ജോസെഫ് ഡൊ റൊസാരിയോ അഹത്തള്ളയെ സഹായിക്കാൻ ശ്രമിച്ചു. അതുകൊണ്ട് അവരുടെ ആശ്രമവുമായി ബന്ധപ്പെട്ടവർ അഹത്തള്ളയോട് സഹകരിക്കാൻ തയ്യാറായി.[61] എന്നാൽ ജറുസലേമിലേക്ക് നേർച്ച ശേഖരിക്കാൻ അവിടെയെത്തിയ ഒരു യാക്കോബായ വൈദികന്റെ പ്രേരണകൊണ്ട് പ്രദേശത്തെ മറ്റൊരു വൈദികൻ അഹത്തള്ളയ്ക്കെതിരെ ശക്തമായി രംഗത്തെത്തുകയും അഹത്തള്ളയെയും അദ്ദേഹത്തെ നിയോഗിച്ച് അയച്ച പാത്രിയർക്കീസിനെയും മഹറോൻ ചെയ്യുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ അഹത്തള്ള അഗസ്തീനിയൻ ആശ്രമത്തിൽ അഭയംതേടി. അവിടെയുള്ള മിഷണറിമാർ അദ്ദേഹത്തെ സ്വീകരിച്ചു. അവിടെവച്ച് ഫാദർ റൊസാരിയോയുടെ മുമ്പിൽ അഹത്തള്ള വീണ്ടും കത്തോലിക്കാ വിശ്വാസം ഏറ്റുപറഞ്ഞു. വിശ്വാസത്തിന്റെ അടിസ്ഥാനവിഷയങ്ങൾ അവിടെവെച്ച് അവർ ചർച്ച ചെയ്തിരുന്നു.[61] അഹത്തള്ള ആ ആശ്രമത്തിൽ തുടരാൻ തയ്യാറായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കൈവശം പണമൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് ധരിക്കാൻ ഒരു വസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആശ്രമത്തിലെ മിഷണറിമാരും ദരിദ്രരായിരുന്നു. അതുകൊണ്ട് അഹത്തള്ള റോമിലെ വിശ്വാസപ്രചരണ സംഘത്തിൽ നിന്ന് സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് മോൺസിഞ്ഞോർ ഇന്ജോളിക്ക് കത്തെഴുതി. അഹത്തള്ളയുടെ കത്തിലെ വിവരങ്ങൾ സ്ഥിരീകരിച്ചുകൊണ്ടും അപേക്ഷക്ക് അനുകൂലമായി ശുപാർശ ചെയ്തുകൊണ്ടും റൊസാരിയോയും തുടർന്ന് ഇന്ജോളിക്ക് കത്തെഴുതി.[62]

റോമിലേക്കുള്ള യാത്രയ്ക്കിടെ കയ്റോയിൽ

തിരുത്തുക

തനിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്ന വൈദികനുമായി രമ്യതയിലെത്താൻ കഴിയുമെന്ന് കരുതി കുറച്ച് മാസങ്ങൾ അഹത്തള്ള അഗസ്തീനിയൻ ആശ്രമത്തിൽ തുടർന്നു. എന്നാൽ പ്രതിഷേധം കൂടുതൽ കൂടുതൽ രൂക്ഷമായി വന്നു.[63] ഇതിനിടയിൽ ജുൽഫയിലെ അർമ്മേനിയൻ ആർച്ച്ബിഷപ്പിനെ അടക്കം സ്വാധിനിച്ച് അഹത്തള്ളയ്ക്കെതിരെ ശക്തമായി പ്രതിരോധം തീർക്കാൻ ആ വൈദികൻ ശ്രമിച്ചു കൊണ്ടിരുന്നു.[61] വൃദ്ധനായ ആ വൈദികന്റെ മരണശേഷം അഹത്തള്ളയ്ക്ക് ജനങ്ങളുടെ ഇടയിൽ സ്വീകാര്യത ഉണ്ടാകുമെന്ന് മിഷണറിമാർക്ക് ഉറപ്പുണ്ടായിരുന്നു. എങ്കിലും ഇസ്ഫഹാനിലെ ജനങ്ങൾ ദരിദ്രരായിരുന്നതുകൊണ്ട് അഹത്തള്ളയ്ക്ക് മറ്റെന്തെങ്കിലും സാമ്പത്തിക സഹായം ആവശ്യമാണെന്ന് മിഷണറിമാർ വിലയിരുത്തി. റോമിലേക്ക് അയച്ച കത്തുകൾക്ക് മറുപടി ഒന്നും കിട്ടാത്തതുകൊണ്ട്, റോമിലേക്ക് പോയി അധികൃതരെ നേരിൽകണ്ട് സഹായം തേടാൻ അഹത്തള്ളയെ മിഷണറിമാർ ഉദേശിച്ചു. ഇന്ത്യയിൽ നിന്നും റോമിലേക്കുള്ള തന്റെ യാത്രയ്ക്കിടെ ഇസ്ഫഹാനിലെ ആശ്രമത്തിൽ എത്തിയ സെബാസ്റ്റ്യൻ മാൻറിക്ക് എന്ന അഗസ്തീനിയൻ വൈദികനോടൊപ്പം അഹത്തള്ള റോമിലേക്ക് പോകാൻ ഒരുങ്ങി. 1642 സെപ്റ്റംബർ 13ന് വിശ്വാസപ്രചരണ സംഘത്തെയും ഇന്ജോളിയെയും അഭിസംബോധന ചെയ്ത് റൊസാരിയോ രണ്ടുപേരുടെയും കൈവശം ശുപാർശക്കത്തുകൾ കൊടുത്തുവിടുകയും ചെയ്തു. മാൻറിക്കിന്റെ കൈവശം കൊടുത്ത കത്തിൽ അഹത്തള്ളയുടെ കത്തോലിക്കാ വിശ്വസത്തെക്കുറിച്ച് ബാഗ്ദാദിലെ ലത്തീൻ ബിഷപ്പായ ബെർണാഡ് സംശയം പ്രകടിപ്പിച്ചതിനേക്കുറിച്ചും റൊസാരിയോ എഴുതി.[63] അത് റോമിലെ സംഘത്തിന്റെ വിലയിരുത്തലിന് വിട്ട റൊസാരിയോ, അഹത്തള്ളയുമായുള്ള സ്വന്തം അനുഭവങ്ങൾ വിശദീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വിശ്വാസത്തിലും കൂറിലും തങ്ങൾക്ക് യാതൊരു സംശയവുമില്ലെന്നും കൂട്ടിച്ചേർത്തു.[64] അങ്ങനെ കത്തുകളുമായി അഹത്തള്ളയും മാൻറിക്കും റോമിലേക്ക് യാത്ര തിരിച്ചു.[65]

എന്നാൽ തുർക്കി നികുതി ഉദ്യോഗസ്ഥർ ഈടാക്കാനിടയുള്ള അമിതനികുതി ഒഴിവാക്കാൻ വേണ്ടി അവർ വഴിപിരിഞ്ഞു. മാൻറിക്ക് സയിദയിലേക്ക് പോയി. അവിടെനിന്ന് സൈപ്രസ്, മാൾട്ട, സാറഗോസ, മെസ്സീന അടക്കമുള്ള സ്ഥലങ്ങളിലൂടെ യാത്രചെയ്ത് 1641ൽ അദ്ദേഹം റോമിൽ എത്തിച്ചേർന്നു. എന്നാൽ അഹത്തള്ള എത്തിപ്പെട്ടത് കയ്റോയിലായിരുന്നു. അവിടെനിന്ന് അദ്ദേഹം തന്റെ കൈവശമുള്ള റൊസാരിയോയുടെ കത്തുകൾ റോമിലേക്ക് അയച്ച് കൊടുത്തു.[65] റോമിലെ വിശ്വാസപ്രചരണ സംഘത്തിന് മാൻറിക്ക് തന്റെ കൈവശമുള്ള കത്തുകളും കൈമാറി. ഇതിനിടെ ഫാദർ റൊസാരിയോ ബാഗ്ദാദിലെ കർമ്മലീത്താ വൈദികനായിരുന്ന ബേസിലിനോട് ബിഷപ്പ് ബെർണാഡ് പറഞ്ഞ കാര്യങ്ങൾ കൃത്യമായി മോൺസിഞ്ഞോർ ഇന്ജോളിക്ക് കത്തെഴുതി അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ 1644 ഫെബ്രുവരി 23ാം തീയ്യതി അഹത്തള്ളയേക്കുറിച്ചുള്ള മൂന്ന് കൂട്ടം കത്തുകൾ റോമിൽ വിശ്വാസപ്രചരണ സംഘത്തിന്റെ പരിഗണനയ്ക്കെത്തി.[65] എന്നാൽ റോമിൽ നിന്ന് അഹത്തള്ളയ്ക്ക് അനുകൂലമായി നടപടിയൊന്നും ഉണ്ടായില്ല. അതുകൊണ്ട് അഹത്തള്ള 1645ൽ മോൺസിഞ്ഞോർ ഇന്ജോളിക്ക് മറ്റൊരു കത്ത് എഴുതി അയച്ചു. അതിൽ അഹത്തള്ള തന്റെ കത്തോലിക്കാ വിശ്വാസം കാരണം തനിക്ക് നേരിട്ട സഹനങ്ങൾ വിശദമാക്കി.[66]

ഇത് കണ്ട അഗസ്തീനിയൻ സന്യാസിമാർ എന്നെ അവരുടെ ഭവനത്തിലേക്ക് കൊണ്ടുപോയി, ദൈവം അവർക്ക് പ്രതിഫലം നൽകട്ടെ, നോക്കിനടത്താൻ ആളില്ലാത്തതിനാൽ പേർഷ്യയിലെ ബിഷപ്പ് (ബെർണാർഡ്, ഒസിഡി) ഇസ്ഫഹാനിൽ പണിത പള്ളി മാർപ്പാപ്പയോട് അഭ്യർത്ഥിക്കാൻവേണ്ടി റോമിലേക്ക് മടങ്ങാൻ എന്നെ ഉപദേശിച്ചു. അതിനെ പരിപാലിക്കുക, അതിൽ ജീവിക്കാൻ അല്പം വരുമാനം അഭ്യർത്ഥിക്കുക. അതിനുവേണ്ടി, ഞാൻ ഈജിപ്തിലേക്ക് വന്നു, ഈജിപ്തിൽ നിന്ന് കത്തുകൾ അയച്ച്, അങ്ങയുടെ മറുപടി പ്രതീക്ഷിച്ചു ഇവിടെ ഞാൻ കഴിയുന്നു. തടവറയേക്കാൾ മോശമായ ഒരു സ്ഥലത്ത് ഞാൻ എങ്ങനെ കഴിയുന്നെന്ന് ദൈവത്തിനറിയാം, ഇവിടെയുള്ള ആളുകൾ എന്നെ ദിവസവും ശല്യപ്പെടുത്തുന്നു, "എന്തുകൊണ്ട് നിങ്ങൾ പിന്തുടരുന്ന നിങ്ങളുടെ ആളുകളായ ഇറ്റലിക്കാരുടെ അടുത്തേക്ക് എന്തുകൊണ്ട് നിങ്ങൾ പോകുന്നില്ല." അതിനാൽ മറുപടി പ്രതീക്ഷിച്ച് ഞാൻ ഈജിപ്തിൽ നഗരത്തിനും ആശ്രമത്തിനുമിടയിൽ യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു. നിങ്ങൾ ഇത് വിശ്വസിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് യെരൂശലേമിലെ ഫാ. ഗബ്രിയേൽ ഈജിപ്തിൽ ആയിരുന്നപ്പോൾ എന്നെ കണ്ടത് ഏത് അവസ്ഥയിലാണെന്ന് ചോദിച്ചുനോക്കാം. അതിലുപരി, യേശുക്രിസ്തുവും അവന്റെ പരിശുദ്ധ സഭയും അവന്റെ അനുയായികൾ തകരാൻ അനുവദിക്കുന്നില്ല. നിങ്ങളെ പിന്തുടരുന്നവർ ദുരനുഭവങ്ങൾ ഏൽക്കേണ്ടി വരുന്നത് ശരിയല്ല. മതി! എനിക്ക് കൂടുതൽ പറയാൻ കഴിയില്ല. ഞാൻ തകർന്നിരിക്കുന്നു. യേശു പറഞ്ഞു, "സംഭരിക്കുക, പാഴാക്കരുത്." എനിക്ക് അങ്ങയിൽ വിശ്വാസമുള്ളതിനാൽ, ദയയുള്ളവനായിരിക്കുക; എന്നെ ഇങ്ങനെ ഉപേക്ഷിക്കുന്നത് ശരിയല്ല.[67][68]

ഇതിനേത്തുടർന്ന് അഹത്തള്ളയ്ക്ക് സാമ്പത്തിക സഹായം നൽകാൻ റോമിലെ വിശ്വാസ പ്രചരണസംഘം തത്വത്തിൽ ധാരണയായി.[69] കയ്റോയിലെ കത്തോലിക്കാ മിഷന്റെ നേതാവായിരുന്ന ഫാദർ മാർക്കോ ഡാ ലുക്കാ വഴിയാണ് അഹത്തള്ള ഈ കത്ത് റോമിലേക്ക് അയച്ചുകൊടുത്തത്. അതുകൊണ്ട് 1646 ഫെബ്രുവരി 17ന് അദ്ദേഹത്തോട് റോമൻ സംഘം ഈ വിഷയത്തിൽ അഭിപ്രായം ആരാഞ്ഞുകൊണ്ട് കത്തെഴുതി. ഇതിന് അദ്ദേഹം കൊടുത്ത മറുപടി അഹത്തള്ളയ്ക്ക് പ്രതികൂലമായിരുന്നു. 1646 ഡിസംബർ 8ന് അയച്ച മറുപടിക്കത്തിൽ അഹത്തള്ളയുടെ കത്തോലിക്കാ വിശ്വാസത്തേക്കുറിച്ച് മാർക്കോ ഡാ ലുക്കാ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.[70] ഇതിനേത്തുടർന്ന് അഹത്തള്ളയ്ക്ക് അനുകൂലമായി നടപടികൾ എടുക്കുന്നതിൽ വിശ്വാസപ്രചരണ സംഘത്തിന് മെല്ലെപ്പോക്ക് ഉണ്ടായിത്തുടങ്ങി.[71]

ഈ കാലഘട്ടത്തിൽ ഈജിപ്തിലെ കോപ്റ്റിക് അലക്സാണ്ട്രിയൻ പാത്രിയർക്കീസ് മാർക്കോസ് 6ാമൻ ആയിരുന്നു.[72] അദ്ദേഹം ഈജിപ്തിലെ അന്നത്തെ ഫ്രഞ്ച് കപ്പൂച്ചിൻ മിഷണറിയായ ഏൽസേയാറിയോ ഡെ സാൻസേയിയുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.[73][74] മാർക്കോ ഡാ ലുക്കാ, ഏൽസേയാറിയോ ഡെ സാൻസേയ് എന്നീ മിഷനറിമാർ വഴി റോമിലെ കത്തോലിക്കാ അധികാരികളുമായി സഭൈക്യത്തിന് ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയും ആയിരുന്നു.[72]

മലബാറിലെ സംഭവവികാസങ്ങളും കോപ്റ്റിക് പാത്രിയർക്കീസിന് ലഭിച്ച കത്തും

തിരുത്തുക

അങ്ങനെയിരിക്കെ ഇന്ത്യയിൽ നിന്ന് മാർത്തോമാ നസ്രാണികളുടെ നേതാവായ അർക്കദിയാക്കോൻ പറമ്പിൽ തോമാ എഴുതി അയച്ച ഒരു കത്ത് 1649ൽ കോപ്റ്റിക് പാത്രിയർക്കീസിന്റെ പക്കൽ എത്തിച്ചേർന്നു.[75] പൗരസ്ത്യ സുറിയാനി സഭയുടെ ഭാഗമായി നിലനിന്നിരുന്ന നസ്രാണികൾ 1599ലെ ഉദയംപേരൂർ സൂനഹദോസിനുശേഷം പോർച്ചുഗീസ് പദ്രുവാദോ ലത്തീൻ സഭാസംവിധാനത്തിന്റെ അധികാരത്തിന് കീഴിലാക്കപ്പെട്ടിരിക്കുകയായിരുന്നു. നസ്രാണികളുടെ സമുദായ നേതാക്കന്മാരായ അർക്കദിയാക്കോന്മാരും പോർച്ചുഗീസുകാരായ മെത്രാപ്പോലീത്തമാരും തമ്മിൽ അധികാരവടംവലിയും അനുദിനം രൂക്ഷമായിക്കൊണ്ടിരുന്നു. പറമ്പിൽ തോമാ എന്ന നസ്രാണി വൈദികൻ അർക്കദിയാക്കോനും ഈശോസഭക്കാരനായ ഫ്രാൻസെസ്കോ ഗാർസ്യാ മെൻഡെസ് കൊടുങ്ങല്ലൂർ മെത്രാപ്പോലീത്തയും ആയതോടെ തർക്കങ്ങൾ പൊട്ടിത്തെറിയിലേക്ക് നീങ്ങിത്തുടങ്ങി.[76] അർക്കദിയാക്കോന്റെ പരമ്പരാഗത അധികാരങ്ങളും തന്റെ മുൻഗാമികൾ നസ്രാണികളോട് പുലർത്തിയിരുന്ന സഹിഷ്ണുതയും അനുവദിച്ചു കൊടുക്കാൻ ഗാർസ്യാ ഒട്ടും തയ്യാറായിരുന്നില്ല.[77] പള്ളികളിലേക്കുള്ള വികാരിമാരുടെ നിയമനം, സാമ്പത്തിക കാര്യങ്ങൾ എന്നിവയും തുടർച്ചയായി തർക്കങ്ങൾക്ക് കാരണമായി.[78] പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന ഫിലിപ്പെ മസ്കരേൻഹസും കുറേ നസ്രാണി വൈദികരും ഇടപ്പള്ളി ആസ്ഥാനമായ മാർത്തോമാശ്ലീഹായുടെ സന്യാസ സമൂഹവും മറ്റ് വിദേശ സന്യാസസമൂഹങ്ങളിലെ മിഷനറിമാരിൽ പലരും അർക്കദിയാക്കോനെ പിന്തുണച്ചിരുന്നു.[79] പോർച്ചുഗീസ് രാജാവിന് നേരിട്ട് കത്തെഴുതിക്കൊണ്ട് വൈസ്രോയിയുടെ എതിർപ്പിനെ അതിജീവിച്ച ഗാർസ്യാ കൊച്ചിരാജാവിനെ തന്റെ പക്ഷത്താക്കി. [80] എന്നാൽ വടക്കുംകൂർ, തെക്കുംകൂർ രാജ്യങ്ങളിലും മറ്റും അർക്കദിയാക്കോന്റെ സ്വാധീനം പഴയതുപോലെ തുടർന്നു. എന്നാൽ ഇവിടങ്ങളിലും തന്റെ മെത്രാൻ അധികാരം ഗാർസ്യായ്ക്ക് വലിയ ആനുകൂല്യമായി. വൈദികരെ അഭിഷേകം ചെയ്യാൻ മെത്രാന് മാത്രമേ അധികാരമുള്ളൂ എന്നതിനാൽ തന്നോട് അധികം കാലം പോരടിച്ചു നിൽക്കാൻ അർക്കദിയാക്കോന് കഴിയില്ല എന്ന ബോധ്യം ഗാർസ്യയ്ക്ക് ഉണ്ടായിരുന്നു. അടിയറവ് വെക്കാൻ തയ്യാറാല്ലാതിരുന്ന ആർക്കദിയാക്കോൻ തോമാ 1649 ഡിസംബറിൽ ജോസഫ് അലക്സിസ് എന്ന കർമ്മലീത്താ വൈദികന്റെ പിന്തുണയോടെ മാർപ്പാപ്പയ്ക്കും വിശ്വാസപ്രചരണ സംഘത്തിലെ കർദ്ദിനാൾമാർക്കും ഗോവ, ലിസ്ബൺ, റോം, തുടങ്ങിയ സ്ഥലങ്ങളിലെ മറ്റ് അധികാരികൾക്കും കത്തുകൾ എഴുതി അയച്ചു.[81] റോമിലേക്ക് എഴുതിയ കത്തുകളിൽ ഫ്രാൻസെസ്കോ ഗാർസ്യായെക്കുറിച്ചുള്ള പരാതികൾ വിശദമാക്കിയിരുന്നു. എന്നാൽ കത്തുകൾ കൊണ്ടുപോയ വൈദികന്റെ മരണംമൂലം ഈ കത്തുകൾ ഒന്നും സമയബന്ധിതമായി റോമിൽ എത്തിച്ചേർന്നില്ല. റോമിൽ നിന്ന് നടപടികൾ വൈകിയതോടെ അർക്കദിയാക്കോൻ തോമാ സഹായത്തിനായി മറ്റ് വഴികൾ തേടി. വിവിധ പൗരസ്ത്യ സഭകളുടെ അദ്ധ്യക്ഷന്മാർക്ക് കത്തുകൾ എഴുതി അയച്ചു.[82] 1648–1649 കാലത്ത് എഴുതപ്പെട്ട ഇത്തരം കത്തുകൾ അർക്കദിയാക്കോൻ തോമാ നാല് പേരടങ്ങുന്ന ഒരു പ്രതിനിധി സംഘം മുഖേന മൂന്ന് പൗരസ്ത്യ സഭാ പാത്രിയർക്കീസുമാർക്കായിരുന്നു അയച്ചുകൊടുത്തത്. മെസൊപ്പൊട്ടാമ്യയിലെ കൽദായ പാത്രിയർക്കീസ്, അന്ത്യോഖ്യയിലെ സുറിയാനി പാത്രിയർക്കീസ്, അലക്സാണ്ട്രിയയിലെ കോപ്റ്റിക് പാത്രിയാർക്കീസ് എന്നിവരായിരുന്നു ആ മൂന്ന് സഭാധ്യക്ഷന്മാർ. ഇവരിൽ അലക്സാണ്ട്രിയൻ പാത്രിയർക്കീസ് ഒഴികെയുള്ളവരുടെ പ്രതികരണങ്ങളേക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല.[83] എന്നാൽ അലക്സാണ്ട്രിയാ പാത്രിയർക്കീസ് ഇതിൽ സജീവ താത്പര്യം പ്രകടിപ്പിച്ചു. അദ്ദേഹം തന്റെ കൈവശമുള്ള ആ കത്ത് ഏൽസേയാറിയോ ഡെ സാൻസേയിയെ കാണിച്ചു.[73] അർക്കദിയാക്കോൻ തോമായുടെ അഭ്യർത്ഥന കണക്കിലെടുത്ത് മലബാറിലെ സഭയെ സാഹയിക്കാനുള്ള നടപടികൾ ആവശ്യപ്പെട്ട് താമസിയാതെ തന്നെ ഡെ സാൻസേയ് റോമിലെ കർദ്ദിനാൾ സംഘത്തിന് കത്തയച്ചു.[73] ഡെ സാൻസേയിയുടെ കത്ത് അർക്കദിയാക്കോന്റെ കത്തിലെ ഉള്ളടക്കം വ്യക്തക്കുന്നതാണ്. മെത്രാന്റെ അഭാവവും വൈദികരുടെ ദൗർലഭ്യവും കാരണം ബുദ്ധിമുട്ടുന്ന മലബാറിലെ മാർത്തോമാ നസ്രാണികളെ രക്ഷിക്കാൻ മെത്രാന്മാരെ അയച്ചുതന്ന് സഹായിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്.[84] റോമിലേക്ക് അയച്ച കത്തിൽ ഡെ സാൻസേയ് തന്റേതായി ഒരു ശുപാർശയും മുന്നോട്ട് വെച്ചു. യാക്കോബായ സുറിയാനി സഭയിൽ നിന്ന് കത്തോലിക്കാ സഭയിലേക്ക് ചേർന്ന ആലപ്പോക്കാരാനായ അന്ത്രയോസ് അബ്ദെൽ ഗൽ കയ്റോയിൽ അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്നു. പിന്നീട് 1662ൽ സുറിയാനി കത്തോലിക്കാ സഭയുടെ ആദ്യ പാത്രിയർക്കീസ് ആയ ഇഗ്നാത്തിയോസ് അന്ത്രയോസ് അഖിദ്ജാനാണ് ഇദ്ദേഹം. മോറോനായ പാത്രിയർക്കീസിനേക്കൊണ്ട് അന്ത്രയോസ് അബ്ദെൽ ഗലിനെ ഒരു വൈദികനായും മെത്രാനായും അഭിഷേകം ചെയ്തിട്ട് ഇന്ത്യയിലേക്ക് അയയ്ക്കാമെന്നായിരുന്നു ഡെ സാൻസേയ് മുന്നോട്ടു വെച്ച ശുപാർശ. മെത്രാന് അകമ്പടിയായി രണ്ടോ മൂന്നോ കപ്പൂച്ചിൻ മിഷനറിമാരെ സ്വതന്ത്ര ചുമലയോടെ അയയ്ക്കാമെന്നും ഡെ സാൻസേയ് അഭിപ്രായപ്പെട്ടു. ഇതിനുമുമ്പ് അബ്ദെൽ ഗലിനെ എത്യോപ്യയിലേക്ക് ചുമതല നൽകാൻ ഡെ സാൻസേയ് ശുപാർശ ചെയ്തതിരുന്നു. എന്നാൽ അതിൽ അംഗീകാരം ലഭിച്ചിരുന്നില്ല. ഇന്ത്യയിലേക്ക് അയയ്ക്കുന്നതിന് വേണ്ടി അബ്ദെൽ ഗലിനെ മെത്രാനായി അഭിഷേകം ചെയ്യാൻ തടസ്സമുണ്ടെങ്കിൽ മലബാറിൽ പോയി സ്ഥിതിഗതികൾ വിലയിരുത്തി തുടർനടപടികൾ ശുപാർശ ചെയ്യാൻ ഒരു വൈദികനായി തന്റെ ഒപ്പം ആയച്ചാൽ മതിയാകുമെന്നും ഡെ സാൻസേയ് കൂട്ടിച്ചേർത്തു.[85] എന്നാൽ 1649ൽ ഫ്രാൻസിസ്കോ ഇന്‌ജോളിയുടെ നിര്യാണത്തിനുശേഷം വിശ്വാസപ്രചരണ സംഘത്തിന്റെ നേതൃത്വത്തിൽ എത്തിയവർ ഈ വിഷയത്തിൽ കാര്യമായി ഇടപെടലുകൾ ഒന്നും നടത്തിയില്ല.[86]

അഹത്തള്ള ഇന്ത്യയിലേക്ക് പുറപ്പെടുന്നു

തിരുത്തുക

റോമിൽ നിന്ന് മലബാറിലെ സഭയുടെ വിഷയത്തിൽ പ്രതികരണങ്ങൾ ഒന്നും ഉണ്ടാകുന്നില്ലെന്നും ഏൽസേയാറിയോ ഡെ സാൻസേയിയുടെ ശ്രമങ്ങൾ ഒന്നും ഫലം കാണുന്നില്ലെന്നും കോപ്റ്റിക് പാത്രിയർക്കീസിന് മനസ്സിലായി. റോമിൽ നിന്ന് പ്രതികരണം കാത്ത് കയ്റോയിൽ കഴിഞ്ഞിരുന്ന സിറിൾ അഹത്തളയെ കോപ്റ്റിക് പാത്രിയർക്കീസിന് പരിചയം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പാത്രിയർക്കീസ് തനിക്ക് ഇന്ത്യയിൽ നിന്നും ലഭിച്ച കത്ത് അഹത്തളയ്ക്ക് കൈമാറിയിട്ട് മലബാറിലെ സഭയിലേക്ക് പോകാനുള്ള നിയോഗം അദ്ദേഹത്തെ ഏൽപ്പിച്ചു.[87] മലബാറിലെ സുറിയാനി ക്രിസ്ത്യാനികൾക്ക് ആത്മീയകാര്യങ്ങൾ നടത്തിനൽകാൻ മെത്രാനെ നൽകണമെന്നായിരുന്നു കത്തിൽ ഉണ്ടായിരുന്ന അപേക്ഷ. അയയ്ക്കപ്പെടുന്ന മെത്രാൻ പോർച്ചുഗീസുകാരാൽ പിടിയ്ക്കപ്പെടാതിരിക്കാൻ വ്യാപാരിയെപ്പോലെ വേഷപ്രച്ഛന്നനായി വരണമെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.[75] ഈ കത്ത് സ്വീകരിച്ച അഹത്തള്ള മിക്കവാറും 1651ൽ കയ്റോയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചിരുന്നിരിക്കണം.[75][88]

ഇന്ത്യയിലേക്ക് യാത്ര തിരിക്കും മുമ്പേ അഹത്തള്ള മിക്കവാറും സ്വന്തം സഭാവിഭാഗത്തിലെ ഒരു പാത്രിയർക്കീസിനെ സന്ദർശിച്ച് അനുമതി വാങ്ങിയിരിക്കാൻ വളരെയധികം സാധ്യതയുണ്ട്. ദിയാർബെക്കീറിൽ ആസ്ഥാനമുറപ്പിച്ചിരുന്ന ഇഗ്നാത്തിയോസ് ശുക്ര്-അള്ളാഹ് ആയിരുന്നിരിക്കാം ആ പാത്രിയർക്കീസ്.[കുറിപ്പ് 1][60] അല്ലെങ്കിൽ ഇഗ്നാത്തിയോസ് യേശു ഖാമ്ശേഹ് ആയിരുന്നിരിക്കാനും സാധ്യതയുണ്ട്. യേശു ഖാമ്ശേഹിന്റെ ഇടപെടലുകൾ മൂലം ഇഗ്നാത്തിയോസ് ശീമോൻ ഇതിനോടകം സൈപ്രസിലേക്ക് നാടുകടത്തപ്പെട്ടിരുന്നു.[89][60]

അഹത്തള്ള ഇതിനുശേഷം പേർഷ്യ വഴിയുള്ള യാത്രാമാർഗ്ഗം തിരഞ്ഞെടുത്തിരിക്കാം. അഹത്തള്ള അവിടെ കിഴക്കിന്റെ കാതോലിക്കോസ്-പാത്രിയർക്കീസിനെ സന്ദർശിക്കുകയും ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ മേലുള്ള അദ്ദേഹത്തിന്റെ പരമ്പരാഗതമായ ആത്മീയ അധികാരം മാനിച്ച് അദ്ദേഹത്തിൽ നിന്ന് തനിക്കായി ഇന്ത്യയിലേക്ക് നിയമനം വാങ്ങുകയും ചെയ്തിരിക്കാം. ഇന്ത്യയിലേക്ക് അയയ്ക്കപ്പെട്ടിരുന്ന കൽദായ മെത്രാപ്പോലീത്തമാരുടെ ശീർഷകമായിരുന്ന മുഴുവൻ ഇന്ത്യയുടെയും ചൈനയുടെയും പാത്രിയർക്കീസ് എന്ന സ്ഥാനനാമം അഹത്തള്ളയ്ക്ക് കൈവന്നത് അങ്ങനെയാകാം.[90][കുറിപ്പ് 2] അക്കാലത്ത് കിഴക്കിന്റെ സഭയുടെ ഇരുചേരികളിലായി രണ്ട് കാതോലിക്കോസ്-പാത്രിയർക്കീസുമാർ ഉണ്ടായിരുന്നു. പരമ്പരാഗത ചേരിയായ ആബൂനാ വിഭാഗത്തിന് (ഏലിയാ ശ്രേണി) ഏലിയാസ് എട്ടാമനും പുതിയ ചേരിയായ സൂലാഖാ വിഭാഗത്തിന് (ശീമോൻ ശ്രേണി) ശീമോൻ പതിനൊന്നാമനും ആയിരുന്നു അദ്ധ്യക്ഷന്മാർ. കിഴക്കിന്റെ സഭയിൽ ആബൂനാ ബർമാമാ കുടുംബത്തിന്റെ കുടുംബവാഴ്ചയിൽ പ്രതിഷേധിച്ച് വിമത പാത്രിയർക്കീസിനെ തിരഞ്ഞെടുത്ത് 1552ൽ ജൂലിയസ് മൂന്നാമൻ മാർപ്പാപ്പയുടെ അംഗീകാരം സ്വീകരിച്ച സൂലാഖ വിഭാഗം 1600ൽ കുടുംബവാഴ്ച പുനരാരംഭിച്ചിരുന്നു. ഇതിനേത്തുടർന്ന് സ്ഥാനത്ത് എത്തിയ ശീമോൻ പതിനൊന്നാമൻ ഈശോയാവിനെ കത്തോലിക്കാ സഭാനേതൃത്വം ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല. ഉർമ്മിയായിൽ ആയിരുന്നു അദ്ദേഹത്തിന്റെ ആസ്ഥാനം. തന്റെ പദവിയ്ക്ക് മാർപ്പാപ്പയിൽ നിന്ന് അംഗീകാരം വാങ്ങിയെടുക്കാൻ അദ്ദേഹം നിരന്തരം പരിശ്രമിച്ചിരുന്നെങ്കിലും അത് പൂർണ്ണമായി വിജയിച്ചിരുന്നില്ല.[91][92][93] ആബൂനാ വിഭാഗവും അക്കാലത്ത് കത്തോലിക്കാ സഭയുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അവരുടെ കാതോലിക്കോസ്-പാത്രിയർക്കീസായിരുന്ന ഏലിയാ എട്ടാമൻ ശീമോൻ റോമിലെ മാർപ്പാപ്പയോട് ഔദ്യോഗികമായി വിധേയത്വ പ്രഖ്യാപനം നടത്തിയിരുന്നു. തുടർന്നും റോമുമായി ബന്ധങ്ങൾക്ക് അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും പൂർണ്ണമായ സഭൈക്യം സാധ്യമായിരുന്നില്ല.[94][95][96][97] ചുരുക്കത്തിൽ അന്നത്തെ രണ്ട് കൽദായ പാത്രിയർക്കീസുമാരും കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചവർ അല്ലായിരുന്നു. അതേസമയം ഇരുവിഭാഗവും കത്തോലിക്കാ സഭയുമായി ആശയവിനിമയത്തിൽ ആയിരുന്നുതാനും.[91] അഹത്തള്ള സമീപിച്ചത് ഈ രണ്ടുപേരിൽ ആരെയുമാകാം.[60][കുറിപ്പ് 3]

ഇന്ത്യയിലേക്കുള്ള ആഗമനവും തിരോധാനവും തുടർസംഭവങ്ങളും

തിരുത്തുക

ഒരു സാധാരണ ക്രൈസ്തവ സന്ന്യാസിയുടെ വേഷത്തിൽ സൂറത്ത് തുറമുഖത്തെത്തിയ അഹത്തള്ള അവിടെ നിന്നും ഒരു ഡച്ച് കപ്പലിൽ ഗോവയും കൊച്ചിയും ഒഴിവാക്കി മൈലാപ്പൂരിൽ ഇറങ്ങി. അഹത്തള്ളയുടെ വൈദിക അംഗീകാരത്തെക്കുറിച്ച് സംശയമുള്ളതിനാൽ ഈശോസഭക്കാർ അദ്ദേഹത്തെ പിടികൂടി അവരുടെ നിരീക്ഷണത്തിൽ പാർപ്പിച്ചു. അദ്ദേഹത്തിന്റെ സ്വാതന്ത്യത്തിൻ മേൽ ചില നിയന്ത്രണങ്ങൾ വെച്ചിരുന്നെങ്കിലും അവർ അദ്ദേഹത്തോട് ദയാവായ്പോടെ പെരുമാറി. അതിനാൽ കേരളത്തിൽ നിന്നെത്തിയ മാർത്തോമാ ക്രിസ്ത്യാനികളായ മൂന്ന് പുരോഹിതരുമായി പരിചയപ്പെടാൻ അദ്ദേഹത്തിന് സാധിച്ചു. അവർ മടങ്ങി പോകുന്ന വേളയിൽ അവരുടെ കൈവശം മാർത്തോമാ ക്രിസ്ത്യാനികളുടെ തലവന്മാർക്കായി ഇപ്രകാരം ഒരു കത്ത് കൊടുത്തു വിട്ടു:[99]

ഇതാ, അഖിലേന്ത്യയിലെയും ചൈനയിലെയും പാത്രിയർക്കീസായിരിക്കുന്ന ​​ഇഗ്നാത്തിയോസ്, നിങ്ങളുടെ സ്ഥലത്ത് നിന്ന് ഇവിടെയെത്തിയ പുരോഹിതന്മാർ വഴി നിങ്ങൾക്ക് ഈ കത്ത് അയയ്ക്കുന്നു. നിങ്ങൾ ഈ കത്ത് വായിച്ചുകഴിഞ്ഞാൽ നമുക്കുവേണ്ടി രണ്ട് പുരോഹിതന്മാരെയും നാൽപത് ആളുകളേയും ഉത്സാഹത്തോടെ നിങ്ങൾ അയയ്ക്കുക. അവരെ നിങ്ങളുടെ സ്ഥലത്തുനിന്ന് ജാഗ്രതയോടെയും വേഗത്തിലും അയയ്‌ക്കാനും നിങ്ങൾ സന്നദ്ധരായാൽ നിങ്ങളുടെ ആളുകളെ കണ്ട് ഇവർ നമ്മെ തടയാതെ വിട്ടയക്കും. ധാരാളം ആളുകൾ ഇവിടെയെത്തുന്നുണ്ടെന്നും പുരോഹിതന്മാർ നമ്മെ നിങ്ങളുടെ ദേശത്തേക്ക് സ്ഥലത്തേക്ക് കൊണ്ടുവരുമെന്നും കരുതി നാം മൈലാപ്പൂർ നഗരത്തിലെത്തി. നമ്മുടെ കർത്താവിന്റെ വർഷം 1652-ൽ, ഓഗസ്റ്റ് മാസം, തിങ്കളാഴ്ച, ഞാൻ മൈലാപ്പൂരിൽ ഈശോസഭക്കാരുടെ ആശ്രമത്തിലെത്തി. നാം താമസിക്കുന്ന അതേ ആശ്രമത്തിൽ, അവർ നമ്മെ വളരെയധികം സഹായിക്കുന്നുണ്ട്; അവരുടെ പ്രതിഫലം ഇവിടെയും അവിടെയും വർദ്ധിക്കട്ടെ. അവരോടും നിങ്ങളോടും നമ്മോടും കൂടെ ഇപ്പോഴും എപ്പോഴും സമാധാനമുണ്ടായിരിക്കട്ടെ. ആമേൻ. എന്ന് നാം, ഇഗ്നാത്തിയോസ്, അഖിലേന്ത്യയുടെയും ചൈനയുടെയും പാത്രിയർക്കീസ്[99]

മൈലാപ്പൂരിൽ വെച്ച് അദ്ദേഹം 'ഇഗ്നാത്തിയോസ്' എന്ന നാമവും 'ഇന്ത്യയുടെയും ചൈനയുടെയും പാത്രിയർക്കീസ്' എന്ന പദവിയും സ്വയം സ്വീകരിച്ചതിനൊപ്പം മാർപ്പാപ്പയിൽ നിന്ന് ലഭിച്ച പൂർണ്ണ അധികാരത്തോടുകൂടെയാണ് താൻ എത്തിയിരിക്കുന്നെന്നും അവകാശപ്പെട്ടു.[100] അഹത്തള്ളയുടെ വരവ് മാർത്തോമാ ക്രിസ്ത്യാനികളെ അതിയായി സന്തോഷിപ്പിച്ചു. എന്നിരുന്നാലും, താമസിയാതെ, ഈശോസഭക്കാരനായ മാനോവേൽ ഡി ലെയ്‌റ, അഹത്തള്ളയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പോർച്ചുഗീസ് അധികൃതരെ രഹസ്യമായി വിവരം ധരിപ്പിക്കുകയും അങ്ങനെ അവരുടെ നിർദേശപ്രകാരം അദ്ദേഹത്തെ കൊച്ചി വഴിയായി ഗോവയിലേക്കു പോകുന്ന ഒരു കപ്പലിൽ കയറ്റിവിടുകയും ചെയ്തു.[101] ഇത് അറിഞ്ഞ ഉടനെ ആർച്ച്ഡീക്കൻ തോമാ തന്റെ സായുധ സേനയോടൊപ്പം കൊച്ചിയിലെത്തി. അവിടെവച്ച് അഹത്തള്ളയുമായി കൂടിക്കാഴ്ച നടത്താനും അദ്ദേഹത്തിൻറെ നിയമനപത്രങ്ങൾ പരിശോധിക്കാനും ആർച്ച്ഡീക്കൻ അനുമതി തേടി. എന്നാൽ പോർച്ചുഗീസ് അധികൃതർ വിസമ്മതിച്ചു. പോർച്ചുഗീസുകാരുടെ അംഗീകാരം കൂടാതെ അത്തരം ഒരു മെത്രാനെയും നിയമപരമായി ഇന്ത്യയിലേക്ക് നിയോഗിക്കാൻ കഴിയില്ലെന്നും അഹത്തള്ള ഒരു നെസ്തോറിയൻ ശീശ്മക്കാരനും ഒരു കടന്നുകയറ്റക്കാരനുമാണെന്ന് അവർ പ്രസ്താവിച്ചു. അഹത്തള്ളയെ ഇതിനോടകം ഗോവയിലേക്ക് അയച്ചുകഴിഞ്ഞു എന്നും ആർച്ചുഡീക്കൻ തോമായെ അവർ അറിയിച്ചു.[102]

അസ്വസ്ഥരായ മാർത്തോമാ ക്രിസ്ത്യാനികളാൽ പട്ടണത്തിലുണ്ടാകാവുന്ന ആക്രമണം തടയുന്നതിനായി, നിർഭാഗ്യവാനായ അഹത്തള്ള കടലിൽ ആകസ്മികമായി മുങ്ങിമരിച്ചുവെന്ന കഥ പോർച്ചുഗീസുകാർ പ്രചരിപ്പിച്ചു.[103] ജനത്തെ ശാന്തരാക്കുവാനായി പോർച്ചുഗീസുകാർ പറഞ്ഞ ഈ കള്ളം വാസ്തവത്തിൽ അവരെ ക്ഷുഭിതരാക്കുകയാണ് ചെയ്തത്. അവർ അഹത്തള്ളയെ പോർച്ചുഗീസുകാർ കൊച്ചിക്കടലിൽ മുക്കി കൊലപ്പെടുത്തിയതായി കരുതി.[104]

അഹത്തള്ളയുടെ മരണത്തിന്റെ കിംവദന്തി പരന്നശേഷം മാർത്തോമാ ക്രിസ്ത്യാനികളുടെ പ്രതിനിധികൾ മട്ടാഞ്ചേരിയിലെ കന്യകാമറിയത്തിന്റെ പള്ളിയിൽ ഒത്തുകൂടി തങ്ങൾ ഇനി ഒരിക്കലും പോർച്ചുഗീസുകാരായ ഈശോസഭാ വൈദികർക്ക് (സാമ്പളൂർ പാതിരിമാർക്ക്) വിധേയപ്പെടില്ല എന്ന് പ്രതിജ്ഞചെയ്തു. ഈ നടപടിയിലൂടെ, പോർച്ചുഗീസ് അധീശത്വത്തിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അഹത്തള്ള വഹിക്കുമെന്ന് അവർ നേരത്തെ കരുതിയിരുന്ന മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ആർച്ച്ഡീക്കൻ തോമായെ ഉയർത്തണമെന്ന് അവരുടെ നേതാക്കൾ ഇടപ്പള്ളി പള്ളിയിൽവച്ച് യോഗം ചേർന്ന് തീരുമാനിച്ചു. ഇതിന് നേതൃത്വംനൽകിയ മുതിർന്ന പുരോഹിതന്മാരിലൊരാളായ ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ, അഹത്തള്ളയെഴുതിയത് എന്ന് അവകാശപ്പെടുന്ന രണ്ട് കത്തുകൾ ഹാജരാക്കി, അവയിൽ പന്ത്രണ്ട് കത്തനാർമാർ ചേർന്ന് മെത്രാനെ വാഴിക്കുന്നതിന്, ഒരു ചടങ്ങ് വിശദീകരിച്ചിരുന്നു.[105] ഈ കത്തുകൾ അനുസരിച്ച്, മെത്രാഭിഷേകംചെയ്യാൻ ഒരു മെത്രാനെയും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ, പന്ത്രണ്ട് കത്തനാർമാർ ചേർന്ന് സ്ഥാനാർത്ഥിയുടെ തലയിൽ കൈവയ്പ് നടത്തി മെത്രാഭിഷേകം ചെയ്യാമെന്ന് പരാമർശിച്ചിരുന്നു.[105]എന്നാൽ ഈ കത്തുകൾ മിക്കവാറും ആധികാരികമല്ല, മാത്രമല്ല ഇട്ടിത്തൊമ്മൻ തന്നെ ചമച്ച വ്യാജരേഖകൾ ആകാം എന്ന് സ്റ്റീഫൻ നീൽ അഭിപ്രായപ്പെടുന്നുണ്ട്.[105] വിചിത്രമായ ഈ ചടങ്ങിനെക്കുറിച്ച് ചിലർക്ക് സംശയമുണ്ടായിരുന്നു, പക്ഷേ അഹത്തള്ളയോടുള്ള മതിപ്പും ആവേശകരമായ മാനസികാവസ്ഥയും ചടങ്ങുകൾ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്ന് ഉറപ്പാക്കി. അനുമതിയുടെയും അംഗീകാരത്തിന്റെയും അടയാളമെന്ന നിലയിൽ അഹത്തള്ളയുടെതെന്ന് കരുതപ്പെടുന്ന കത്തുകളിലൊന്ന് ആർച്ചുഡീക്കൻ തോമ്മായുടെ ശിരസ്സിൽ വച്ചശേഷം പന്ത്രണ്ട് വൈദികർ കത്തിൽ പ്രതിപാദിച്ച പ്രകാരമുള്ള അഭിഷേകക്രമം നടത്തി ആർച്ചുഡീക്കനെ മാർത്തോമാ ഒന്നാമൻ എന്ന പേരിൽ മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ചു.[105]

അന്ത്യം

തിരുത്തുക

അഹത്തള്ളയുടെ അന്ത്യത്തെപ്പറ്റി അവ്യക്തതകൾ നിറഞ്ഞ വിവിധ ഭാഷ്യങ്ങൾ നിലനിൽക്കുന്നു. ഗോവയിലേക്കുള്ള യാത്രയിലുണ്ടായ അഹത്തള്ളയുടെ തിരോധാനത്തിന് ശേഷം അദ്ദേഹത്തെപ്പറ്റിയുള്ള ഒരു ആധികാരിക വിവരവും അക്കാലയളവിൽ ഇന്ത്യയിൽ കേട്ടിട്ടില്ല. ആദ്യകാല ചരിത്രകാരന്മാർ അഹത്തള്ളയെ പോർച്ചുഗീസുകാർ 1653-ൽ കടലിൽ മുക്കിക്കൊല്ലുകയാണുണ്ടായത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.[106] എന്നാൽ ചില ആധുനികകാല എഴുത്തുകാർ അഹത്തള്ള 1653-ൽ കൊല്ലപ്പെട്ടിട്ടില്ല എന്നും അദ്ദേഹത്തെ തടവുകാരനായി ലിസ്ബണിലേക്ക് അയക്കുകയും അവിടെ തടവറയിൽ വെച്ച് സ്വാഭാവികമരണം സംഭവിക്കുകയാണ് ഉണ്ടായത് എന്നും പ്രസ്താവിക്കുന്നുണ്ട്.[107] ഗോവയിൽ വെച്ചുള്ള മതവിചാരണയിൽ അഹത്തള്ളയെ മതവിരുദ്ധനായി കുറ്റം വിധിക്കുകയുണ്ടായി എന്ന് കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയും ഗ്രന്ഥകാരനും ആയ മാർ അപ്രേം അഭിപ്രായപ്പെടുന്നു.[108] ജോസഫ് തെക്കേടത്തിന്റെ പഠനറിപ്പോർട്ടുകളെ അടിസ്ഥാനമാക്കി സ്റ്റീഫൻ നീൽ, ഇസ്വാൻ പെർസൽ എന്നിവർ അഹത്തള്ളയുടെ മരണം പാരീസിൽ വെച്ചാണ് എന്ന് അഭിപ്രായപ്പെടുന്നു. നീൽ ഇപ്രകാരം രേഖപ്പെടുത്തുന്നു: "മതവിരുദ്ധതയുടെ ക്രമക്കേടുകൾ സംശയിക്കപ്പെട്ടിട്ടുള്ള മറ്റ് മെത്രാന്മാരെ പോലെ, അദ്ദേഹത്തെ ഗോവയിൽ നിന്നും ലിസ്ബണിലേക്കും അവിടെ നിന്ന് അദ്ദേഹത്തിനെതിരായ ആരോപണത്തിന്റെ വാദം കേട്ട് വിധി പറയേണ്ടതായ റോമിലേക്കും കൊണ്ടുപോകുകയാണുണ്ടായതെന്ന് കരുതുന്നു. പക്ഷേ അദ്ദേഹം റോമിൽ എത്തിച്ചേരുകയുണ്ടായില്ല എന്നത് ഉറപ്പാണ്, യാത്രാമധ്യേ പാരീസിൽ വെച്ച് (1654-ൽ) അന്തരിച്ചു."[109] തെക്കേടത്തിനെ തന്നെ അവലംബമാക്കി ഇസ്വാൻ പെർസൽ ഇപ്രകാരം അഭിപ്രായപ്പെടുന്നു: "മാർത്തോമാ ക്രിസ്ത്യാനികളുമായി ബന്ധം സ്ഥാപിക്കാനായി എത്തിയ അഹത്തള്ളയെ തടയുകയും ചോദ്യം ചെയ്യുകയും ഗോവയിലെ മതവിചാരണക്ക് കൈമാറുകയും ചെയ്തു. ശേഷം അദ്ദേഹത്തെ ലിസ്ബണിലേക്കും റോമിലേക്കും അയച്ചു. ഒടുവിൽ - മിക്കവാറും - പാരീസിൽ വെച്ച് അദ്ദേഹം അന്തരിച്ചു."[110] എന്നാൽ ആധുനികകാല ചരിത്രകാരന്മാരിലൊരാളായ എ. ശ്രീധരമേനോൻ അഹത്തള്ളയുടെ അന്ത്യം ഇന്നും രഹസ്യങ്ങളുടെ മൂടുപടത്തിനുള്ളിലാണെന്ന് പ്രത്യേകം പ്രസ്താവിച്ചിരിക്കുന്നു. അഹത്തള്ളയുടെ അന്ത്യത്തെക്കുറിച്ചുള്ള വിവിധ വാർത്തകൾ അദ്ദേഹം ഇപ്രകാരം ക്രോഡീകരിക്കുന്നു: "കൊച്ചിയിലുള്ള പോർച്ചുഗീസുകാർ അദ്ദേഹത്തെ കടലിലോ കായലിലോ രഹസ്യമായി കെട്ടിത്താഴ്ത്തി എന്നാണൊരു വാർത്ത, വേറൊന്ന് അഹത്തള്ളയെ കൊച്ചിയിൽ നിന്ന് കപ്പൽ മാർഗ്ഗം ഗോവയിൽ കൊണ്ടുപോയി അവിടെ വെച്ച് വൈദികകോടതി അദ്ദേഹത്തെ ഒരു ദൈവവിരോധിയായി മുദ്രകുത്തി 1654-ൽ തൂണിൽ കെട്ടി നിർത്തി ദഹിപ്പിച്ചു എന്നുമാണ്. കാർഡിനൽ ടിസ്സറന്റും ഹൗവും ഈ വാർത്തയാണ് വിശ്വാസയോഗ്യമായി കരുതുന്നത്. എന്നാൽ അഹത്തള്ള ഈ വിധത്തിലൊന്നും വധിക്കപ്പെട്ടില്ല എന്ന് കുറേപ്പേർ വിശ്വസിക്കുന്നു. അദ്ദേഹത്തെ പോർട്ടുഗലിലേക്കും അവിടെ നിന്നും റോമിലേക്കും അയച്ചു എന്നാണ് അവർ കരുതുന്നത്. വേറൊരു വിശ്വാസം, അദ്ദേഹം ലിസ്ബണിലേക്കുള്ള യാത്രാമദ്ധ്യേ പാരീസിൽ വെച്ച് മരണമടഞ്ഞു എന്നാണ്".[111] എന്തായാലും കേരളത്തിന്റെ മണ്ണിൽ ഒരിക്കലും സ്പർശിക്കാതെ തന്നെ കൂനൻ കുരിശുകലാപത്തെ പ്രചോദിപ്പിച്ച പ്രതീകം എന്ന നിലയിൽ അഹത്തള്ള കേരളചരിത്രത്തിന്റെ അവിഭാജ്യഭാഗമായി മാറി.[112]

അവലംബങ്ങൾ

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. പാത്രിയർക്കീസ് ഇഗ്നാത്തിയോസ് ശീമോന്റെ വാക്കുകൾ ഉദ്ധരിച്ചുള്ള സെബാസ്ത്യാനിയുടെ വിവരണത്തിലും ഗോവയിലെ മതവിചാരണ കോടതി നടത്തിപ്പുകാരുടെ വിശദീകരണത്തിലും അഹത്തള്ളയെ ഇന്ത്യയിലേക്ക് അയച്ചത് ദിയാർബെക്കീറിലെ (അമീദിലെ) പാത്രിയർക്കീസാണെന്ന് പറയുന്നുണ്ട്. വിശദാംശങ്ങൾക്ക് കാണൂ § ജോസഫ് സെബസ്ത്യാനിയുടെ വിവരണം, § പദ്രുവാദോ ഉദ്യോഗസ്ഥരുടെ വിവരണങ്ങൾ
  2. ഫാദർ വിൻസെന്റ് മേരി ഒ. സി. ഡി.യുടെ വിവരണം ഇപ്രകാരമാണ്.[21] വിശദാംശങ്ങൾക്ക് കാണൂ § വിൻസെന്റ് മേരിയുടെ വിവരണം
  3. മാഥുറിൻ വെസ്സീറെ ഡെ ലാ ക്രോസ്,[30] ജോസഫ് സൈമൺ അസെമാനി,[32] മൈക്കൽ ലെ ക്വയേൻ,[33] ജെയിംസ് ഹ്യൂഗ്,[34] ഡേവിഡ് വിൽമ്സ്ഹർസ്റ്റ്, ക്രിസ്റ്റൊഫ് ബൗമർ[98] തുടങ്ങിയ ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ അഹത്തള്ളയെ ഇന്ത്യയിലേക്ക് നിയോഗിച്ചത് പാത്രിയർക്കീസ് ഏലിയാ എട്ടാമൻ ശീമോൻ ആണ്. എന്നാൽ പാത്രിയർക്കീസ് ശീമോൻ പതിനൊന്നാമനാണ് അഹത്തള്ളയെ നിയോഗിച്ചത് എന്ന് വിൽഹെം ജെർമാൻ അഭിപ്രായപ്പെട്ടു.[35]
  1. കൊല്ലംപറമ്പിൽ (1981), p. 175.
  2. 2.0 2.1 പെർസൽ (2011), p. 196–197:"പാത്രിയാർക്കീസ് ഇഗ്നേഷ്യസ്” മോർ സിറിൽ അഹത്തള്ളയാണ്. മോർ അഹത്തള്ള യഥാർത്ഥത്തിൽ ഹോംസിലെയും ഡമാസ്കസിലെയും സുറിയാനി ഓർത്തഡോക്സ് ബിഷപ്പായിരുന്നു, അദ്ദേഹം 1631-ൽ അലപ്പോയിൽ നിന്ന് കത്തോലിക്കാ മതം സ്വീകരിക്കുകയും സുറിയാനി ഓർത്തഡോക്സ്കാരെ കത്തോലിക്കാ സഭയിലേക്ക് പരിവർത്തനം ചെയ്യുന്നതിനായി പശ്ചിമേഷ്യയിലേക്ക് തിരിച്ചയക്കപ്പെടുകയും ചെയ്തു. പ്രത്യക്ഷത്തിൽ, ഒരു പ്രത്യേക സമയത്ത്, ഒരു കൂട്ടം സുറിയാനി ഓർത്തഡോക്സ് ബിഷപ്പുമാരാൽ ഇഗ്നേഷ്യസ് എന്ന പേരിൽ അന്ത്യോഖ്യയിലെ പാത്രിയർക്കീസായി തിരഞ്ഞെടുക്കപ്പെട്ടു. എന്നിരുന്നാലും, അവ്യക്തമായ ചില കാരണങ്ങളാൽ, അദ്ദേഹത്തിന് പശ്ചിമേഷ്യ വിട്ട് ഈജിപ്തിലേക്ക് പോകേണ്ടിവന്നു, അവിടെവെച്ച് അദ്ദേഹം ഒരു ബിഷപ്പിനെ ആവശ്യപ്പെട്ട് അലക്സാണ്ട്രിയയിലെ കോപ്റ്റിക് പാത്രിയാർക്കീസിന് മാർ തോമ്മാ എഴുതിയ കത്തിനേക്കുറിച്ച് ബോധവാനായി."
  3. 3.0 3.1 കൊല്ലംപറമ്പിൽ (1981), p. 192.
  4. 4.0 4.1 കൊല്ലംപറമ്പിൽ (1981), p. 168.
  5. വടക്കേക്കര o.f.m. Cap, ബെനഡിക്ട് (2007). Origin of Christianity in India: A Historiographical Critique. ദില്ലി: മീഡിയാ ഹൗസ്. p. 80-81. ISBN 9788174952585..
  6. നീൽ (1984), p. 491: In some of the sources he is called Theodore or Adeodatus. Fr Thekedatu spells the name Atallah
  7. ഫ്രൈക്കൻബർഗ്, റോബർട്ട് എറിക്ക് (2008). Christianity in India From Beginnings to the Present (in ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 367. ISBN 0-19-826377-5. Ahatallah, hailing from the West Syrian Church of Antioch and claiming to be the 'Patriarch of All India and China', arrived in Mylapore at the behest of the Coptic Patriarch
  8. ശ്രീധരമേനോൻ, എ. (2011). Kerala History and Its Makers (in ഇംഗ്ലീഷ്). ഡി.സി. ബുക്സ്. p. 120. The Jacobite Patriach of Antioch responded to the request made to him by Archdeacon Thomas and nominated a Bishop named Ahatallah (which meant God-given) to the Indian See.
  9. ലീലാദേവി, ആർ. (1986). History of Kerala (in ഇംഗ്ലീഷ്). Vidyarthi Mithram Press & Book Depot. p. 251. In 1653 a bishop called Ahathalla was sent to Kerala by the Patriarch of Babylon.
  10. AIRSI, Goa 50, f. 194& v : 1654 December 8 ലെ കത്ത്
  11. കൊല്ലംപറമ്പിൽ (1981), p. 179.
  12. AIRSI, Goa 68 f 56
  13. 13.0 13.1 കൊല്ലംപറമ്പിൽ (1981), p. 180.
  14. AHEI, LM25,f. 108 r & v
  15. APF, SOCG 191, f. 491
  16. APF, SOCG 232, ff. 16 or 213
  17. കൊല്ലംപറമ്പിൽ (1981), p. 181.
  18. കൊല്ലംപറമ്പിൽ (1981), p. 182.
  19. കൊല്ലംപറമ്പിൽ (1981), p. 183.
  20. കൊല്ലംപറമ്പിൽ (1981), p. 185:"I do not know what to say about this man, for I did not see him. I only saw his letter in which he called himself Ignatius, Patriarch of India and China. Where he came from, whether on his own choice or invited, and for what purpose, I absolutely do not know."
  21. 21.0 21.1 Vincenzo Maria discaterinada Seina (Murchio), O.C.D., Il viaggio all Indie orientali (Roma, 1672 ) pp. 153 154; (venetia, 1678 ), p. 162
  22. 22.0 22.1 കൊല്ലംപറമ്പിൽ (1981), p. 186.
  23. 23.0 23.1 കൊല്ലംപറമ്പിൽ (1981), p. 187.
  24. കൊല്ലംപറമ്പിൽ (1981), p. 187-188.
  25. 25.0 25.1 25.2 കൊല്ലംപറമ്പിൽ (1981), p. 189.
  26. ARSI, Goa 68, ff. 491-492
  27. 27.0 27.1 27.2 കൊല്ലംപറമ്പിൽ (1981), p. 190.
  28. Visscher, Jacobus Canter [in ഡച്ച്] (1862). Heber Drury (ed.). "Letter XVI: "The antiquity of the Syrian Christians, and Historical events relating to them"". Letters from Malabar, Tr.: To Which is Added an Account of Travancore, and Fra Bartolomeo's Travels in That Country. By H. Drury: 105–109. In the meantime a priest called Mar Matti came to Maliapore sent by the Catholic Patriarch. The Portuguese apprehended him and brought him into the city, and afterwards dragged him to the harbour and cast him into the water. On hearing this, the Christians of Malabar assembled in the church of Mar Tancheri, took counsel together, bound themselves by oath, and thus threw off the Portuguese yoke from their necks; having first written and signed a letter declaring that from that time forward and for ever, they would have nothing more to do, good or evil, with the Portuguese.
  29. de la Croze, Mathurin Vessiere (1724). Histoire du Christianisme des Indes. La Haye. pp. 357–360.
  30. 30.0 30.1 de la Croze, Mathurin Vessiere (1758). Histoire du Christianisme des Indes. Vol. II. La Haye. pp. 116–119.
  31. കൊല്ലംപറമ്പിൽ (1981), p. 188.
  32. 32.0 32.1 Assemani, Joseph S. (1728). Bibliotheca Orientalis Clementino-Vaticana. Vol. tom. III, pars II. Rome. pp. 461–462.
  33. 33.0 33.1 Le Quien, Michael (1740). Oriens Christianus in quatuor patriarchatus digestus. Vol. tom. II. Paris. p. col. 1282.
  34. 34.0 34.1 Hough, James (1839). The history of Christianity in India. Vol. 2. London. pp. 300–303.
  35. 35.0 35.1 Germann, Wilhelm (1877). Die Kirche der Thomaschristen. Gutersloh. pp. 454-455.{{cite book}}: CS1 maint: location missing publisher (link)
  36. Fortescue, Adrian (1913). The Lesser Eastern Churches. London. pp. 364.{{cite book}}: CS1 maint: location missing publisher (link)
  37. Mackenzie, Gordon Thomson (1906). Christianity in Travancore. Travancore State Manual. Vol. II. Trivandrum. p. 183 - 184.{{cite book}}: CS1 maint: location missing publisher (link)
  38. 38.0 38.1 നീൽ (1984), p. 317.
  39. കൊല്ലംപറമ്പിൽ (1981), p. 192,193.
  40. പെർസൽ (2011), p. 196:"പാത്രിയാർക്കീസ് ഇഗ്നേഷ്യസ്” മോർ സിറിൽ അഹത്തള്ളയാണ്. മോർ അഹത്തള്ള യഥാർത്ഥത്തിൽ ഹോംസിലെയും ഡമാസ്കസിലെയും സുറിയാനി ഓർത്തഡോക്സ് ബിഷപ്പായിരുന്നു, അദ്ദേഹം 1631-ൽ അലപ്പോയിൽ നിന്ന് കത്തോലിക്കാ മതം സ്വീകരിക്കുകയും സുറിയാനി ഓർത്തഡോക്സ്കാരെ കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനായി പശ്ചിമേഷ്യയിലേക്ക് തിരിച്ചയക്കപ്പെടുകയും ചെയ്തു. പ്രത്യക്ഷത്തിൽ, ഒരു പ്രത്യേക സമയത്ത്, ഒരു കൂട്ടം സുറിയാനി ഓർത്തഡോക്സ് ബിഷപ്പുമാരാൽ ഇഗ്നേഷ്യസ് എന്ന പേരിൽ അന്ത്യോഖ്യയിലെ പാത്രിയർക്കീസായി തിരഞ്ഞെടുക്കപ്പെട്ടു. എന്നിരുന്നാലും, അവ്യക്തമായ ചില കാരണങ്ങളാൽ, അദ്ദേഹത്തിന് പശ്ചിമേഷ്യ വിട്ട് ഈജിപ്തിലേക്ക് പോകേണ്ടിവന്നു, അവിടെവെച്ച് അദ്ദേഹം ഒരു ബിഷപ്പിനെ ആവശ്യപ്പെട്ട് അലക്സാണ്ട്രിയയിലെ കോപ്റ്റിക് പാത്രിയാർക്കീസിന് മാർ തോമ്മാ എഴുതിയ കത്തിനേക്കുറിച്ച് ബോധവാനായി."
  41. കൊല്ലംപറമ്പിൽ (1981), p. 192–193.
  42. കൊല്ലംപറമ്പിൽ (1981), p. 193–194.
  43. കൊല്ലംപറമ്പിൽ (1981), p. 194.
  44. കൊല്ലംപറമ്പിൽ (1981), p. 195.
  45. കൊല്ലംപറമ്പിൽ (1981), p. 196-197.
  46. കൊല്ലംപറമ്പിൽ (1981), p. 197.
  47. 47.0 47.1 47.2 കൊല്ലംപറമ്പിൽ (1981), p. 198–200.
  48. നീൽ (1984), p. 317:While there, he made his submission to Rome, and arrived in Rome itself about the middle of the year 1632. During the year and more that he spent in Rome he learned to speak Italian fluently. He asked to be sent back to his own country, promising that he would bring the patriarch Hidayat Allah over to the Roman obedience
  49. 49.0 49.1 കൊല്ലംപറമ്പിൽ (1981), p. 201.
  50. 50.0 50.1 കൊല്ലംപറമ്പിൽ (1981), p. 202.
  51. 51.0 51.1 51.2 51.3 തെക്കേടത്ത് (1972), p. 78.
  52. 52.0 52.1 കൊല്ലംപറമ്പിൽ (1981), p. 205.
  53. Seggiano, Ignazio (1962). L'opera dei Cappucciniper l'unionedei Christiani nel Vicino Oriente durante il secolo XVII. Orientalia Christiana Analecta. Vol. 163. Rome. p. 355.{{cite book}}: CS1 maint: location missing publisher (link)
  54. 54.0 54.1 54.2 ARSI, Goa 21, f. 23, Goa 68-I ff. 82v-83: Relacao da Christandade da Serra; f. 62: Sommaria Relatione della Christianita da Serra
  55. 55.0 55.1 55.2 കൊല്ലംപറമ്പിൽ (1981), p. 203.
  56. കൊല്ലംപറമ്പിൽ (1981), p. 204.
  57. കൊല്ലംപറമ്പിൽ (1981), p. 204–205.
  58. നീൽ 1984, p. 317:"Ahatallah apparently claimed that, after the death of Hidayat Allah, he himself had been elected patriarch and given the title Ignatius, which has been borne by all the Jacobite patriarchs of the East. Since Turkish opposition made it impossible for him to take up this post, he had been despatched to Persia to care for the churches there."
  59. കൊല്ലംപറമ്പിൽ (1981), p. 213.
  60. 60.0 60.1 60.2 60.3 കൊല്ലംപറമ്പിൽ (1981), p. 212.
  61. 61.0 61.1 61.2 61.3 61.4 കൊല്ലംപറമ്പിൽ (1981), p. 206.
  62. കൊല്ലംപറമ്പിൽ (1981), p. 206–207.
  63. 63.0 63.1 കൊല്ലംപറമ്പിൽ (1981), p. 207.
  64. കൊല്ലംപറമ്പിൽ (1981), p. 207–8.
  65. 65.0 65.1 65.2 കൊല്ലംപറമ്പിൽ (1981), p. 208.
  66. കൊല്ലംപറമ്പിൽ (1981), p. 209.
  67. APF, SOCG 128, f. 98 - f. 99
  68. കൊല്ലംപറമ്പിൽ (1981), p. 209-210: Seeing this the Augustinian Friars took me into their house may God reward them and advised me to return to Rome to request from the Pope the church that the Bishop of Persia (Bernard, O.C.D.) has built in Isfahan, as there is no one to take care of it, and to request some income to live in it. Therefore, I came to Egypt, and from Egypt sent the letters, and here I stay expecting the reply from you. God knows how I stay in a place worse than a prison, and the people here harass me everyday saying, "Why don't you go to the Italians, your people whom you have followed." So I stay in Egypt commuting between the city and the monas teries in expectation of the reply. If you don't believe this, you can ask Fr. Gabriel of Jerusalem in what condition he found me when he was here in Egypt. Moreover, Jesus Christ, and His Holy Church do not permit His followers to be broken. It is not right that those who follow you are maltreated. Enough! I cannot say more. I am broken. Jesus said, "store up, and do not waste." Because I have faith in you, be benign; it is not right to abandon me like this.
  69. Hayyek, Ignatius Antony. (1936) Le Relazioni della Chiesa Syro-Giacobita colla Santa Sede dal 1143 al 1656, pp. 198–212
  70. കൊല്ലംപറമ്പിൽ (1981), p. 210–211.
  71. കൊല്ലംപറമ്പിൽ (1981), p. 214.
  72. 72.0 72.1 കൊല്ലംപറമ്പിൽ (1981), p. 101.
  73. 73.0 73.1 73.2 കൊല്ലംപറമ്പിൽ (1981), p. 98.
  74. തെക്കേടത്ത് (1972), p. 80.
  75. 75.0 75.1 75.2 കൊല്ലംപറമ്പിൽ (1981), p. 211.
  76. കൊല്ലംപറമ്പിൽ (1981), p. 60–61.
  77. കൊല്ലംപറമ്പിൽ (1981), p. 61, 93.
  78. കൊല്ലംപറമ്പിൽ (1981), p. 61–68.
  79. കൊല്ലംപറമ്പിൽ (1981), p. 61–68, 94.
  80. കൊല്ലംപറമ്പിൽ (1981), p. 94–95.
  81. കൊല്ലംപറമ്പിൽ (1981), p. 96–97.
  82. കൊല്ലംപറമ്പിൽ (1981), p. 96–98.
  83. നീൽ (1984), p. 316.
  84. കൊല്ലംപറമ്പിൽ (1981), p. 98–99.
  85. കൊല്ലംപറമ്പിൽ (1981), p. 99.
  86. കൊല്ലംപറമ്പിൽ (1981), p. 99–100.
  87. കൊല്ലംപറമ്പിൽ (1981), p. 100, 211.
  88. തെക്കേടത്ത് (1972), p. 77.
  89. Hayyek, Ignatius Antony. (1936) Le Relazioni della Chiesa Syro-Giacobita colla Santa Sede dal 1143 al 1656, pp. 217
  90. കൊല്ലംപറമ്പിൽ (1981), p. 211–212.
  91. 91.0 91.1 വിൽമ്സ്ഹർസ്റ്റ് (2000), p. 25.
  92. ബൗമർ (2016), p. 248.
  93. ബൗമർ, ക്രിസ്റ്റോഫ് (2016). The Church of the East: An Illustrated History of Assyrian Christianity. Bloomsbury Publishing. ISBN 9781838609337.
  94. ബൗമർ (2016), p. 249.
  95. വിൽമ്സ്ഹർസ്റ്റ് (2000), p. 24.
  96. Baum, Wilhelm; Winkler, Dietmar W. (2003). The Church of the East: A Concise History (in ഇംഗ്ലീഷ്). London-New York: Routledge-Curzon. p. 118. ISBN 9781134430192.
  97. വിൽമ്സ്ഹർസ്റ്റ്, ഡേവിഡ് (2000). The Ecclesiastical Organisation of the Church of the East, 1318–1913. Louvain: Peeters Publishers. ISBN 9789042908765.
  98. ബൗമർ (2016), p. 239.
  99. 99.0 99.1 കൊല്ലംപറമ്പിൽ (1981), p. foot note 38.
  100. നീൽ, സ്റ്റീഫൻ (2004). A History of Christianity in India: The Beginnings to AD 1707 (in ഇംഗ്ലീഷ്). കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ്. p. 317. While in Mylapore, Ahatallah put it about that his full title was 'Ignatius, patriarch of the whole of India and of China', and that he had come with full powers from the pope.
  101. Frykenberg, p. 367.
  102. Frykenberg, p. 367–368.
  103. (മാർ), അപ്രേം (1983). The Chaldean Syrian Church of the East (in ഇംഗ്ലീഷ്). I.S.P.C.K. for the National Council of Churches in India. p. 23. In order to prevent any attack on the town, they spread the less palatable story that the unfortunate prelate had been accidently drowned. {{cite book}}: Check |first= value (help)
  104. പെർസൽ (2011), p. 196,197:"The Kerala Christians thought Patriarch Ignatius was murdered by the Portuguese who drowned him in the sea in Cochin, because, from the Portuguese, they got the misleading information that Ignatius fell in the sea and was drowned. This news triggered their revolt. As is often the case, the lie, intended to calm the crowds, on the contrary, incited them to more unrest."
  105. 105.0 105.1 105.2 105.3 നീൽ, സ്റ്റീഫൻ (2004). A History of Christianity in India: The Beginnings to AD 1707 (in ഇംഗ്ലീഷ്). കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ്. p. 317.
  106. (മാർ), അപ്രേം (1987). Mar Abdisho Thondanat-A Biography (in ഇംഗ്ലീഷ്). Mar Narsai Press. p. 67. The earlier historians have recorded that Mar Ahatallah was drowned by the Portuguese which led to the revolt at Coonon Cross in Mattanchery in 1653. {{cite book}}: Check |first= value (help)
  107. (മാർ), അപ്രേം (1987). Mar Abdisho Thondanat-A Biography (in ഇംഗ്ലീഷ്). Mar Narsai Press. p. 67. Some modern writers state that Ahatallah was not killed in 1653 he was sent as a prisoner to Lisbon where he died a natural death in the prison. {{cite book}}: Check |first= value (help)
  108. (മാർ), അപ്രേം (1983). The Chaldean Syrian Church of the East (in ഇംഗ്ലീഷ്). I.S.P.C.K. for the National Council of Churches in India. p. 23. Ahatallah was condemned as a heretic by the Inquisition of Goa. {{cite book}}: Check |first= value (help)
  109. നീൽ, സ്റ്റീഫൻ (2004). A History of Christianity in India: The Beginnings to AD 1707 (in ഇംഗ്ലീഷ്). കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ്. p. 319. Like other bishops suspected of irregularity of heresy, he seems to have been packed off from Goa to Lisbon, en route for Rome where his case could be heard and decided. But in all probability he never reached Rome, having died in Paris (1654) on the way.
  110. പെർസൽ (2011), p. 196-7:"... but was intercepted, interrogated, handed over to the Inquisition in Goa and, then, was sent to Lisbon and Rome. Finally – most probably – he died in Paris. See Joseph Thekkedatthu, S.D.B., The Troubled Days of Francis Garcia S.J., Archbishop of Cranganore (1641-59) /Analecta Gregoriana 187/(Rome: Università Gregoriana Editrice, 1972), 73-79
  111. എ. ശ്രീധരമേനോൻ, . (2009). കേരള ചരിത്രശില്പികൾ. ഡി.സി. ബുക്സ്. p. 137-138. {{cite book}}: |first= has numeric name (help)
  112. തോമസ്, ബോബി (2016). ക്രിസ്ത്യാനികൾ-ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം. ഡി.സി. ബുക്സ്. p. 308.

ഗ്രന്ഥങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അഹത്തള്ള&oldid=3977622" എന്ന താളിൽനിന്ന് ശേഖരിച്ചത്