ചില ക്രൈസ്തവ സഭകളിൽ, എപ്പിസ്ക്കോപ്പായുടെ അഥവാ ബിഷപ്പിന്റെ താഴെയുള്ള ഒരു വൈദിക പദവിയാണ് കോർ-എപ്പിസ്ക്കോപ്പാ (chorepiscopus/chorbishop). ഗ്രാമത്തിന്റെ എപ്പിസ്ക്കോപ്പാ അഥവാ ഗ്രാമത്തിന്റെ ബിഷപ്പ് എന്നാണ് കോർ-എപ്പിസ്ക്കോപ്പാ എന്ന വാക്കിന്റെ അർത്ഥം.

കോറപ്പിസ്കോപ്പ മിഖായേൽ ആഗസ്തീനോസ്, കേരളത്തിലെ അവസാന കൽദായ കത്തോലിക്കാ സഭാനേതാവ്

ചരിത്രം

തിരുത്തുക

കോർ-എപ്പിസ്ക്കോപ്പാ പദവിയെക്കുറിച്ച് സഭാചരിത്രകാരനായിരുന്ന യൂസേബിയസ് രേഖപ്പെടുത്തിയിട്ടുണ്ട്.[1]സഭകളുടെ ആദിമ കാലത്ത് കോർ-എപ്പിസ്ക്കോപ്പമാർക്ക് 'ഗ്രാമത്തിന്റെ ബിഷപ്പ്' എന്ന വിശേഷണം അന്വർത്ഥമാക്കും വിധം ഒരു ബിഷപ്പിനുണ്ടായിരുന്ന ഒട്ടുമിക്ക അധികാരങ്ങളും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ചേർന്ന പല സുന്നഹദോസുകളും കോർ-എപ്പിസ്ക്കോപ്പമാരുടെ അധികാരങ്ങളിൽ പലതും നീക്കം ചെയ്യുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. ചില സഭകളിൽ ഈ സ്ഥാനം തന്നെ ഇല്ലാതെയാവുകയും മറ്റ് ചില സഭകളിൽ ഈ പദവി ഒരു ആലങ്കാരിക സ്ഥാനമായി മാറുകയും ചെയ്തു.

ആധുനിക കാലത്ത്

തിരുത്തുക

പൗരസ്ത്യ ഓർത്തഡോക്സ് സഭയിലും ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലും കിഴക്കിന്റെ സഭയിലും വിവിധ പൗരസ്ത്യ കത്തോലിക്കാ സഭകളിലും കോർ-എപ്പിസ്ക്കോപ്പാ പദവി നിലവിലുണ്ട്. ഓർത്തഡോക്സ് സഭകളിൽ വിവാഹിതരായ വൈദികർക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പൗരോഹിത്യ സ്ഥാനമാണ് കോർ-എപ്പിസ്ക്കോപ്പാ. പാശ്ചാത്യ സുറിയാനി (അന്ത്യോഖ്യൻ) പാരമ്പര്യത്തിലുള്ള ഓർത്തഡോക്സ് സഭകളിൽ ഇവർക്ക് സ്ഥാനചിഹ്നങ്ങളായി കുരിശുമാല, ഉയർന്ന തൊപ്പി, വയലറ്റ്/ചുവപ്പ് നിറത്തിലുള്ള ഇടക്കെട്ട്, വയലറ്റ് ബോർഡറോടു കൂടിയ കറുത്ത കുപ്പായം, കാപ്പാക്ക് പുറമേ ചെറിയ ഒരു കാപ്പ (കുട്ടികാപ്പ) തുടങ്ങിയവ സാധാരണ വൈദികർക്കുള്ളതിനേക്കാൾ അധികമായി നൽകിയിരിക്കുന്നു. മെത്രാന്മാരുടെ (എപ്പിസ്കോപ്പാമാരുടെ) അസാന്നിധ്യത്തിൽ മുഖ്യ കാർമ്മികത്വം കോർ എപ്പിസ്കോപ്പയുടേതായിരിക്കും. റോമൻ കത്തോലിക്കാ സഭ, മാർത്തോമ്മാ, സി.എസ്.ഐ. മുതലായ സഭകളിൽ വികാരി ജനറൽ എന്ന സ്ഥാനമാണ് കോർ-എപ്പിസ്കോപ്പ സ്ഥാനത്തിന് തത്തുല്യമായി നൽകിവരുന്നത്. കിഴക്കിന്റെ സഭയിൽ അർക്കദിയാക്കോൻ സ്ഥാനത്തിന് കീഴിൽ വരുന്ന ഒരു പദവിയാണ് കോറെപ്പിസ്കോപ്പ.

"https://ml.wikipedia.org/w/index.php?title=കോറപ്പിസ്ക്കോപ്പ&oldid=3903616" എന്ന താളിൽനിന്ന് ശേഖരിച്ചത്