വർത്തമാനപ്പുസ്തകം
മലയാളത്തിലെ ഒന്നാം യാത്രാവിവരണരചനയാണ്[ക] വർത്തമാനപ്പുസ്തകം. പാറേമ്മാക്കൽ തോമ്മാക്കത്തനാരാണ് ഈ കൃതി ചമച്ചത്. തോമ്മാക്കത്തനാർ മറ്റൊരു സുറിയാനി കത്തോലിക്കാ പുരോഹിതനായിരുന്ന കരിയാറ്റിൽ മല്പാനോടൊപ്പം 1778-നും 1786-നും ഇടയ്ക്കു നടത്തിയ യൂറോപ്പു പര്യടനത്തെ അധികരിച്ചാണ് ഇതെഴുതിയിരിക്കുന്നത്. തന്നാട്ടുക്രിസ്ത്യാനികളുടെ യോഗക്ഷേമത്തിന് തടസ്സമായി നിന്ന കുഴപ്പങ്ങളുടെയും അയർപ്പുകളുടെയും പോംവഴിയെന്നോണം പോർത്തുഗലിലെ അധികാരികളേയും മാർപ്പാപ്പയേയും കാണ്മാൻ പുറപ്പെട്ട ഈ പട്ടക്കാർക്ക് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളുടെ വിവരണവും, ആഫ്രിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നീ വൻകരകളിലെ പല കരകളുടെ കൗതുകകരവും സജീവവുമായ വർണ്ണനകളും അടങ്ങിയതാണ് ഈ കൃതി. മലയാളത്തിലെന്നല്ല, ഭാരതീയഭാഷകളിൽതന്നെ നടാടെ ഉണ്ടായ സഞ്ചാരവിവരണം ഇതായിരിക്കാമെന്ന് പറയപ്പെടുന്നു. [1]
ഗ്രന്ഥകാർത്താവിന്റെ സഹയാത്രികനായിരുന്ന കരിയാറ്റിൽ മല്പാൻ, പോർത്തുഗലിലെ ലിസ്‌ബണിൽ വച്ച് കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടെങ്കിലും മടക്കയാത്രയിൽ ഗോവയിൽ വച്ച് ദുരൂഹമായ സാഹചര്യങ്ങളിൽ കാലംചെയ്തു.
ഗ്രന്ഥകാരൻ
തിരുത്തുക1738 സെപ്തംബർ 30-ന് കേരളത്തിൽ മീനച്ചിൽ താലൂക്കിലെ കടനാട് എന്ന സ്ഥലത്താണ് തോമ്മാക്കത്തനാർ പിറന്നത്. 1778-ൽ യൂറോപ്യൻ പര്യടനത്തിൽ കരിയാറ്റിൽ മല്പാനോടൊപ്പം ചേരുമ്പോൾ, തോമ്മാക്കത്തനാർ കുടനാട്ടു പള്ളിയിൽ വികാരിയായിരുന്നു. പര്യടനത്തിൽ നിന്ന് തിരികെ വന്ന 1786 മുതൽ 1799 വരെ അദ്ദേഹം കൊടുങ്ങല്ലൂർ കത്തോലിയ്ക്കാ രൂപതയുടെ ഗോവർണ്ണർദോർ (വികാരി ജനറൽ) ആയിരുന്നു. 1799 മാർച്ച് 20-ന് തോമാക്കത്തനാർ അന്തരിച്ചു.
പിന്നാമ്പുറം
തിരുത്തുക1653-ലെ കൂനൻ കുരിശു സത്യത്തോടെ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ വലിയൊരു പങ്ക് കത്തോലിക്കാ സഭയുടെ മേൽക്കോയ്മയിൽ നിന്ന് വിട്ടുമാറി. 1599-ലെ ഉദയമ്പേരൂർ സൂനഹദോസിനു പിന്നെ കേരളത്തിലെ നസ്രാണികൾക്ക് മെത്രാന്മാരെ നിയമിക്കുന്നതിനുള്ള അവകാശം 'പദ്രുവാദോ' സംവിധാനം അനുസരിച്ച് പോർത്തുഗീസുകാർ കയ്യേറ്റിരുന്നു. കൂനൻ കുരിശുസത്യത്തിനുപിന്നെയും റോമൻ കത്തോലിയ്ക്കാ സഭയിൽ തുടർന്ന സുറിയാനി ക്രിസ്ത്യാനികളുടെ മേൽ ഈ അധികാരം പ്രയോഗിക്കാൻ, മാറിയ സാഹചര്യങ്ങളിൽ, പോർത്തുഗീസുകാർക്ക് പറ്റാതെയായി. കേരളത്തിലെ പോർത്തുഗീസ് ആധിപത്യത്തിന് ഡച്ചുകാർ അറുതിവരുത്തിയതും, പോർത്തുഗീസുകാരുടെ വരുതിയിൽ നിന്ന ഈശോസഭക്കാർ സുറിയാനിക്രിസ്ത്യാനികൾക്ക് തീരെ അനഭിമതരായിത്തീർന്നതും മറ്റുമായിരുന്നു ഇതിന് ഇടയായത്. ഈ സാഹചര്യത്തിൽ, റോമിലെ പ്രൊപ്പഗാന്ത സംഘത്തിന്റെ നേരിട്ടുള്ള ഇടപെടൽ മൂലം, കത്തോലിക്കാസഭയിൽ തുടർന്ന സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയനേതൃത്വം കർമ്മലീത്താ വൈദികരുടെ കയ്യിൽ ചെന്നുപെട്ടു. ഇടക്കാലത്തെ പ്രത്യേകസാഹചര്യങ്ങളിൽ അവർക്ക് തന്നാട്ടുകാരനായ ഒരു മെത്രാനുണ്ടാകുവാൻ കർമ്മലീത്താക്കാർ സമ്മതിച്ചെങ്കിലും, അങ്ങനെ കിട്ടിയ മെത്രാൻ, പള്ളിവീട്ടിൽ ചാണ്ടി കത്തനാരുടെ മരണത്തിനു പിന്നെ, സുറിയാനി കത്തോലിക്കരുടെ ആത്മീയനേതൃത്വം പ്രൊപ്പഗാന്ത സംഘം നിയമിക്കുന്ന കർമ്മലീത്തരായ പുറനാട്ടുകാരൻ മെത്രാന്മാരുടെ കയ്യിലായി.
ദൗത്യസംഘം
തിരുത്തുകഈ വിദേശാധിപത്യം അപമാനകരമായ അനുഭവങ്ങളിലേയ്ക്കു നയിച്ചപ്പോൾ, കർമ്മലീത്താ മെത്രന്മാരുടെ ഭരണത്തിൽ നിന്ന് മുക്തികിട്ടാനായി ഒരു നിവേദകസംഘത്തെ യോറോപ്പിലേയ്ക്കയക്കാൻ കേരളത്തിലെ സുറിയാനി കത്തോലിക്കാ പള്ളികളുടെ പ്രതിനിധികൾ തീരുമാനിച്ചു. മാർത്തോമ്മാമെത്രാന്റെ നേതൃത്വത്തിൽ നിന്നിരുന്ന കേരളത്തിലെ സുറിയാനി ക്രിസ്ത്യാനിസഭയെ, സുറിയാനി കത്തോലിക്കാ സഭയുമായി ഐക്യപ്പെടുത്താൻ വഴിതേടുകയെന്നതും ദൗത്യത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. സുറിയാനി ക്രിസ്ത്യാനികളുടെ അനൈക്യമാണ് അവരുടെ അപമാനത്തിന് കാരണം എന്ന ബോധ്യം മൂലമാണ്, സഭാവിഭാഗങ്ങൾ തമ്മിലുള്ള ഐക്യം ദൗത്യത്തിന്റെ ലക്ഷ്യമാക്കിയത്‍. നിവേദക സംഘത്തിന്റെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്, റോമിലെ പ്രൊപ്പഗാന്ത കലാലയത്തിൽ പഠനം നടത്തിയിട്ടുള്ളതിനാൽ യൂറോപ്യൻ ഭാഷകളിലും യൂറോപ്യൻ സഭാരാഷ്ട്രീയത്തിലും അവഗാഹമുണ്ടായിരുന്നു കരിയാറ്റിൽ യൗസേപ്പ് മല്പാനെയാണ്. അദ്ദേഹത്തോടൊപ്പം, പള്ളികളുടെ ചെലവിൽ റോമിൽ പഠനത്തിനായയ്ക്കാൻ രണ്ട് വൈദികവിദ്യാർത്ഥികളേയും തെരഞ്ഞെടുത്തു. ഇവരടക്കം, യാത്രാ സംഘത്തിൽ ആകെ 22 പേരാണ് കരിയാറ്റിൽ മല്പാനെക്കൂടാതെ, തുടക്കത്തിൽ ഉണ്ടായിരുന്നത്.
യാത്രയുടെ തുടക്കം
തിരുത്തുക1778 മേയ് 7-ന് നിന്ന് വലിയസംഘമായി തിരിച്ച അവർ, കായംകുളം, അഞ്ചുതെങ്ങ്, കളച്ചൽ, തിരുവാങ്കോട്ട്, ഉദയഗിരി, വീരപാണ്ഡ്യൻ പട്ടണം, കാരയ്ക്കൽ എന്നീ സ്ഥലങ്ങൾ പിന്നിട്ട്, തരങ്ങൻപാടിയിലെത്തി. അവിടെ സംഘത്തിന് കുറേക്കാലം തങ്ങേണ്ടി വന്നു. അതിനിടെ മേയ് 4-ആം തിയതി കണക്കെടുത്തപ്പോൾ, സംഘത്തിന്റെ കൈവശം ഉണ്ടായിരുന്ന മൊത്തം പണം 43280 ചക്രമായിരുന്നു. ഏറെപ്പേരുടെ യാത്രയ്ക്കും ചെലവിനും അത് മതിയാവുകയില്ലെന്ന് മനസ്സിലായതിനാൽ, വെറും നാലുപേരുള്ളൊരു സംഘം മാത്രം യൂറോപ്പിലേയ്ക്കു പോയാൽ മതിയെന്നു തീരുമാനിച്ചു. കരിയാറ്റിൽ മല്പാനും വൈദിക വിദ്യാർത്ഥികൾക്കും പുറമേ, യാത്രാസംഘത്തിലേയ്ക്ക് അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട നാലാമനാണ് വർത്തമാനപ്പുസ്തകം എഴുതിയ പാറേമാക്കൽ തോമാക്കത്തനാർ. അദ്ദേഹത്തെ തെരഞ്ഞെടുത്തത്, ലത്തീൻ ഭാഷാജ്ഞാനം കണക്കിലെടുത്താണ്. അങ്ങനെ നാലായി ചുരുങ്ങിയ സംഘം, തരങ്ങൻ പാടിയിൽ നിന്ന് മദ്രാസിലെത്തി 1778 നവംബർ 14-ന് "എസ്പെരാസ്സാ" എന്നു പേരുള്ള കപ്പൽ കയറി.
യാത്രാഗതി
തിരുത്തുകയാത്രയുടെ ഈ ആദ്യഘട്ടത്തിൽ സംഘാംഗങ്ങൾ രോഗം മൂലം വലഞ്ഞു. ചൊറി വന്ന് ദേഹം മുഴുവൻ വൃണപ്പെട്ട സംഘനേതാവ് കരിയാറ്റിൽ മല്പാൻ മരണത്തിന്റെ വക്കോളമെത്തിയെങ്കിലും ക്രമേണ അദ്ദേഹം സുഖം പ്രാപിച്ചു. ശുഭപ്രതീക്ഷാമുനമ്പും കടന്നുപോയ അവരുടെ കപ്പൽ, 1779 ഫെബ്രുവരി രണ്ടിന് പടിഞ്ഞാറൻ അംഗോളയിലെ ബെൻഗ്വാലയിലെത്തി. പതിനാലു ദിവസത്തെ താമസത്തിനു ശേഷം അവിടന്ന് തിരിച്ച അവർ, ആദ്യം ബ്രസീലിലെ ബഹിയയിലും തുടർന്ന്, ജൂലൈ 18-ന് അവരുടെ ആദ്യലക്ഷ്യമായിരുന്ന പോർത്തുഗലിലെ ലിസ്‌ബനിലും എത്തി.
ലിസ്‌ബൺ, നിവേദനം
തിരുത്തുകലിസ്ബണിൽ അവർ, പദ്രുവാദോ അധികാരം ഉപയോഗിച്ച് കേരളസഭയിലേയ്ക്ക് മെത്രാന്മാരെ നിയോഗിക്കാൻ മുൻകൈ എടുക്കണമെന്നാവശ്യപ്പെട്ട് പോർത്തുഗീസ് രാജ്ഞിക്ക് വിശദമായ നിവേദനം സമർപ്പിച്ചു. [2] പ്രൊപ്പഗാന്ത സംഘം നിയോഗിക്കുന്ന വിദേശീയരായ കർമ്മലീത്താ മെത്രാന്മാരെ ഒഴിവാക്കാനുള്ള തന്ത്രമായിരുന്നിരിക്കാം ഈ അഭ്യർത്ഥന എങ്കിലും ഇത് ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട്. വലിയ ദേശാഭിമാനിയായി ഗ്രന്ഥത്തിലുടനീളം പ്രത്യക്ഷപ്പെടുന്ന തോമാകത്തനാരുടെ യശസ്സിന്മേൽ നിഴൽ വീഴ്ത്തുന്നതാണ്, കേരളസഭയുടെ മേൽ പോർത്തുഗീസ് കൊളോനിയൽ നിയന്ത്രണം പുനഃസ്ഥാപിക്കാനുള്ള ഈ അഭ്യർത്ഥന എന്ന് ജോസഫ് പുലിക്കുന്നേൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. [3]
റോമിൽ
തിരുത്തുകലിസ്ബണിൽ നിന്ന് 1779 നവംബർ 4-ന് യാത്രതിരിച്ച സംഘം, ഇറ്റലിയിലെ നഗരങ്ങളായ ജെനോവ, ലിബർണോ, പിസാ എന്നിവിടങ്ങൾ വഴി 1780 ജനുവരി 3-ന് റോമിലെത്തി.
റോമിൽ സന്ദർശകർക്കുണ്ടായത് മിക്കവാറും തിക്താനുഭവങ്ങളായിരുന്നു. അവരുടെ കൂടെ പോയിരുന്ന വൈദിക വിദ്യാർത്ഥികളെ പ്രൊപ്പഗാന്ത വിദ്യാലയത്തിൽ സ്വീകരിച്ചെങ്കിലും പ്രൊപ്പഗാന്തയിലെ പൂർവ വിദ്യാർത്ഥിയായിരുന്ന കരിയാറ്റിൽ മല്പാനും, തോമാക്കത്തനാർക്കും അവിടെ താമസിക്കാൻ ഇടം കൊടുക്കാൻ പോലും അധികാരികൾ വിസമ്മതിച്ചു. കേരളത്തിലെ കർമ്മലീത്താക്കാരായ സഭാധികാരികളുടെ സമ്മതമില്ലാതെ വന്ന അവരോട് "വിളിക്കാതെ വന്നവർക്ക് പ്രൊപ്പഗാന്തയിൽ ഇടമില്ല" എന്നാണ് ആദ്യം പറഞ്ഞത്. അങ്ങനെ ആദ്യം അവർക്ക് മറ്റൊരിടത്ത് താമസിക്കേണ്ടി വന്നെങ്കിലും പിന്നീട് പ്രൊപ്പഗാന്തയിൽ താമസം അനുവദിച്ചു.
മാർപ്പാപ്പയ്ക്കുള്ള അപേക്ഷകൾ
തിരുത്തുകമല്പാനും തോമാക്കത്തനാരും ചേർന്ന്, അപ്പോൾ മാർപ്പപ്പയായിരുന്ന പീയൂസ് ആറാമന് കൊടുക്കാൻ രണ്ട് അപേക്ഷകൾ എഴുതിയുണ്ടാക്കി. ആറാം തോമാ മെത്രാനെ സബഹുമാനം കത്തോലിക്കാ സഭയുമായി രമ്യപ്പെടുവാൻ അനുവദിച്ച് [ഖ] കേരളത്തിലെ സുറിയാനി ക്രിസ്ത്യാനി വിഭാഗങ്ങളുടെ ഐക്യത്തിന് അവസരമുണ്ടാക്കണം എന്നായിരുന്നു ആദ്യത്തെ അപേക്ഷയുടെ സാരം. രണ്ടാമത്തെ അപേക്ഷയിൽ പലതരം വിഷയങ്ങൾ ഉണ്ടായിരുന്നു. കേരളത്തിൽ മിഷൻ പ്രവർത്തനത്തിനു വരുന്ന കർമ്മലീത്താ നിഷ്പാദുകരും മറ്റുമായ മിഷനറിമാരെ വരുതിയ്ക്ക് നിർത്തണമെന്നായിരുന്നു അതിലെ ഒരപേക്ഷ. കേരളത്തിലെ രാജാക്കന്മാരെ സംബന്ധിച്ച ശ്രദ്ധേയമായ ഈ അഭ്യർത്ഥനയും അതിൽ ഉണ്ടായിരുന്നു:
“ | മേല്പറഞ്ഞ കാര്യങ്ങൾ കൂടാതെ അങ്ങയുടെ ഭാഗ്യസിംഹാസനത്തിനു മുൻപിൽ ഞങ്ങൾ അപേക്ഷിക്കുന്നത്, മലങ്കരയുള്ള തിരുവിതാംകൂർ, കൊച്ചി രാജാക്കന്മാർക്ക് രണ്ടു കത്തുകൾ വെവ്വേറെ അയക്കണമെന്നാണ്: അവരുടെ രാജ്യങ്ങളിൽ സുവിശേഷപ്രവർത്തനങ്ങൾ നടത്തുവാൻ ഒരു വിഘ്നവും കൂടാതെ അനുവദിക്കുന്നതിനാൽ അവരെ അഭിനന്ദിക്കുകയും അവരുടെ ഭദ്രമായ രാജവാഴ്ചക്ക് യൂറോപ്പിലുള്ള രാജാക്കന്മാരിൽ നിന്ന് വേണ്ട സഹായങ്ങൾ നേടിക്കൊടുക്കാൻ ശ്രമിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്യുന്ന രണ്ടു കത്തുകൾ. അവനവന്റെ രാജാക്കന്മാരെ സ്നേഹിക്കണമെന്നുള്ളത് തിരുസഭാമക്കളുടെ ഒഴിച്ചുകൂടാത്ത കർത്തവ്യമാണല്ലോ. കേരളത്തിലെ സഭാമക്കൾ ആ കർത്തവ്യം യോഗ്യമായ വിധത്തിൽ നിർവഹിക്കുകയും എല്ലാ വിധത്തിലും അവരെ അനുസരിക്കുകയും ചെയ്യുമെന്ന് അവരെ അറിയിക്കുകയും അവിടത്തെ നസ്രാണികളെ ആ രാജാക്കന്മാരുടെ പ്രത്യേക പരിപാലനത്തിന് ഏല്പിച്ചുകൊടുക്കുകയും വേണം.[4] | ” |
മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ച
തിരുത്തുകഈ അപേക്ഷകളും, കേരളത്തിലെ പള്ളിക്കാർ എഴുത്തോലകളിൽ മലയാളത്തിൽ എഴുതി കൊടുത്തിരിക്കുന്ന നിവേദനങ്ങളും അവയുടെ ലത്തീൻ പരിഭാഷകളുമായി ഇരുവരും മാർപ്പാപ്പയെ കാണാനെത്തി. പ്രൊപ്പഗാന്ത സംഘത്തിന്റെ സെക്രട്ടറി മോൺസിഞ്ഞോർ ബോർജ്യായും അവർക്കൊപ്പം ഉണ്ടായിരുന്നു. കേരളത്തിലെ പള്ളികളിൽ ദുഃഖവെള്ളിയാഴ്ച ദിവസം ക്രൂശിതരൂപത്തെ കുമ്പിടുന്നതുപോലെ മൂന്നുതവണ മുട്ടുകുത്തി നമസ്കരിച്ച് പാദം ചുംബിച്ചാണത്രെ സന്ദർശകർ മാർപ്പാപ്പയെ കണ്ടത്. അപേക്ഷകൾ രണ്ടും പള്ളികളുടെ നിവേദനങ്ങളും അവർ മാർപ്പാപ്പയെ ഏല്പിച്ചു. "മലങ്കരയിൽ നാടുവാഴുന്ന രാജാവ് ആരാണെന്നും ക്രിസ്ത്യാനികൾക്ക് വല്ല ദോഷവും ചെയ്യുന്നുണ്ടോ എന്നും അവിടത്തെ കാലാവസ്ഥ നല്ലതാണോ എന്നും അവിടെ നല്ല മത്സ്യം കിട്ടുമോ എന്നും മറ്റുമുള്ള" കുശലങ്ങൾ മാർപ്പാപ്പ സന്ദർശകരോട് ചോദിച്ചു. ഒടുവിൽ തങ്ങളുടെ അപേക്ഷകളെ മാർപ്പാപ്പയുടെ പരിഗണനയ്ക്ക് ഏല്പിച്ച് അവർ വെളിയിൽ വന്നു.
കൂടിക്കാഴ്ചയുടെ പരിണാമം
തിരുത്തുകകൂടിക്കാഴ്ചയ്ക്കു ശേഷം സന്ദർശകർ പുറത്തെ ഹാളിൽ തീകാഞ്ഞ് കാത്തിരിക്കുമ്പോൾ, അവർക്കൊപ്പമുണ്ടായിരുന്ന പ്രൊപ്പഗാന്തയിലെ മോൺസിഞ്ഞോർ ബോർജ്യായും മാർപ്പാപ്പയുടെ മുറിയിൽ നിന്ന് വെളിയിൽ വന്നു. തങ്ങൾ മാർപ്പാപ്പയെ ഏല്പിച്ച അപേക്ഷകൾ ബോർജ്യായുടെ കയ്യിൽ കണ്ടത് അവരെ അത്ഭുതപ്പെടുത്തി.
“ | (ബോർജ്യാ) ഞങ്ങളെ കണ്ടയുടൻ "നിങ്ങൾ ഇത്രയും കാലം രഹസ്യമായി സൂക്ഷിച്ചിരുന്ന മലങ്കരപ്പള്ളിക്കാരുടെ സമ്പത്തൊക്കെയും ഇതല്ലയോ" എന്ന് ആക്ഷേപസ്വരത്തിൽ ചോദിച്ചു. ചിരിച്ചുകൊണ്ട്, (അപേക്ഷകൾ അടങ്ങിയ) പുസ്തകവും എഴുത്തോലകളും പ്രൊപ്പഗാന്തയിൽ ചെല്ലുന്നതുവരെ പിടിച്ചുകൊള്ളുവാൻ ഞങ്ങളെ തന്നെ ഏല്പിച്ചു....ഞങ്ങളെ അദ്ദേഹം പ്രൊപ്പഗാന്തയിൽ കൊണ്ടുവന്ന് ആക്കുകയും ചെയ്തു.[5] | ” |
ഈ അനുഭവത്തെക്കുറിച്ച് ഗ്രന്ഥകാരൻ തുടർന്ന് ഇങ്ങനെ എഴുതുന്നു:
“ | (നിവേദനം) വായിച്ചുനോക്കാതെയും......തുറന്നു നോക്കുക പോലും ചെയ്യാതെയും വിപരീതബുദ്ധിയായ മോണിസിഞ്ഞോർ ബോർജ്യായെ അദ്ദേഹം ഏല്പിച്ചതോർത്താൽ, ആറാം പീയൂസ് എന്നുപേരായ ഈ മാർപ്പാപ്പ ദൈവത്തിന്റെ തിരുസഭയെ എത്ര ഉത്തരവാദിത്തത്തോടെയാണ് ഭരിക്കുന്നതെന്നും നമ്മുടെ ശത്രുക്കൾക്ക് അദ്ദേഹത്തിന്റെ മേൽ എത്ര സ്വാധീനമുണ്ടെന്നും വ്യക്തമാകുമല്ലോ.[5] | ” |
റോം വിടുന്നു
തിരുത്തുകറോമിൽ സന്ദർശകർക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചറിഞ്ഞ പോർത്തുഗലിലെ അധികാരികൾ അവരെ സഹായിക്കാൻ ശ്രമിച്ചു. കരിയാറ്റിൽ മല്പാനെ പാദ്രുവാദോ അധികാരം ഉപയോഗിച്ച് മലങ്കരയിലെ മെത്രപ്പോലീത്തയായി നിയമിക്കാൻ പോർത്തുഗീസ് അധികാരികൾ തീരുമാനിച്ചിരിക്കുന്നുവെന്ന സൂചന റോമിൽ വച്ചു തന്നെ കിട്ടിയത് സന്ദർശകർക്ക് ആശ്വാസമായി. എന്നാൽ സഭാ വിഭാഗങ്ങൾ തമ്മിൽ ഐക്യമുണ്ടാക്കുന്ന കാര്യത്തിൽ പ്രൊപ്പഗാന്ത അധികാരികളെ പ്രേരിപ്പിക്കാൻ സന്ദർശകർ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. മലങ്കരയിലെ പള്ളിക്കാർ സമർപ്പിച്ച നിവേദനത്തിന് മറുപടിയായി ഒരു വരിയെങ്കിലും തങ്ങൾക്ക് എഴുതിത്തരണമെന്ന അവരുടെ അഭ്യർത്ഥനപോലും പ്രൊപ്പഗാന്ത അദ്ധ്യക്ഷൻ തള്ളിക്കളഞ്ഞു. മെത്രനറിയാതെ കൊടുക്കുന്ന നിവേദനങ്ങൾക്ക് മാർപ്പാപ്പ മറുപടി കൊടുക്കാറില്ലെന്നായിരുന്നു അവർക്ക് ലഭിച്ച മറുപടി. ഇതിനെ പരാമർശിച്ച് ഗ്രന്ഥകർത്താവ് ഇങ്ങനെ എഴുതുന്നു:
“ | നമ്മുടെ തലവനായി ഒരു സ്വന്തം മെത്രാൻ ഇല്ലെങ്കിൽ അന്യജാതികളുടെയിടയിലും മാർപ്പാപ്പയുടെ പക്കലും കത്തോലിക്കാ രാജാക്കന്മാരുടെ മുന്നിലും നമ്മുടെ പള്ളിക്കർക്ക് ഒരു വിലയുമില്ലായെന്ന് ഈ പ്രത്യുത്തരത്തിലൂടെ ദൈവം നമുക്കു കാണിച്ചുതരുന്നുണ്ട്.[6] | ” |
1780 ജൂൺ മുപ്പതാം തിയതി സന്ദർശകർ റോമിൽ നിന്നുള്ള മടക്ക യാത്ര ആരംഭിച്ചു.
വീണ്ടും ലിസ്‌ബണിൽ
തിരുത്തുകഇറ്റലിയിലെ അങ്കോണ, ജെനോവ, തെക്കൻ സ്പെയിനിലെ കാർദിസ്, തെക്കൻ പോർത്തുലിലെ തവിരാ എന്നിവിടങ്ങൾ വഴി കരിയാറ്റിൽ മല്പാനും തോമാകത്തനാരും, വീണ്ടും പോർത്തുഗലിന്റെ തലസ്ഥാനമായ ലിസ്‌ബണിലെത്തി. ഇത്തവണ, സംഭവബഹുലമായ അഞ്ചോളം വർഷങ്ങൾ അവർക്ക് അവിടെ താമസിക്കേണ്ടി വന്നു.
കരിയാറ്റി മെത്രാപ്പോലീത്തയാകുന്നു
തിരുത്തുകതങ്ങളുടെ ലക്ഷ്യങ്ങളുടെ പ്രാപ്തിക്കായി സന്ദർശകർ പല വഴിക്ക് ശ്രമിച്ചു. നേരത്തേ അവർ പരിചയപ്പെട്ടിരുന്ന കയത്താനോസ് എന്ന പാതിരിയെ ആദ്യം അവർ ഏറെ ആശ്രയിച്ചിരുന്നു. എന്നാൽ സ്വയം ഗോവയിലെ മെത്രാൻ സ്ഥാനം കാക്ഷിച്ചിരുന്ന കയത്താനോസ് അവരുടെ പേരിൽ നടത്തിയിരുന്ന ശ്രമങ്ങൾ സ്വന്തം കാര്യപ്രാപ്തിക്കായിട്ടാണെന്ന് ബോധ്യമായപ്പോൾ അദ്ദേഹത്തിൽ നിന്ന് അവർ അകന്നു. ഏതായാലും ദീർഘമായ ശ്രമത്തിനൊടുവിൽ 1782 ജൂലൈ പതിനാറാം തിയതി കരിയാറ്റിൽ മല്പാനെ കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാപ്പോലീത്തയായി നിർദ്ദേശിച്ചു കൊണ്ട് പോർത്തുഗീസ് രാജ്ഞി ഉത്തരവിട്ടു. രാജ്ഞിയുടെ നിർദ്ദേശം നടപ്പാക്കിക്കൊണ്ടുള്ള മാർപ്പാപ്പയുടെ ഉത്തരവും മെത്രാൻ പാലിയവും റോമിൽ നിന്ന് വന്നത് 1783 ഫെബ്രുവരി 6-നാണ്. ഫെബ്രുവരി 17-ന്, ലിസ്‌ബണിൽ അവർ താമസിച്ചിരുന്ന ബെനഡിക്ടൈൻ സന്യാസിമാരുടെ സംബന്തു ആശ്രമത്തിൽ വച്ച് കരിയാറ്റിൽ യൗസേപ്പ് മല്പാൻ കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാപ്പോലീത്തയായി അഭിക്ഷേകം ചെയ്യപ്പെട്ടു.
അഭിക്ഷേകത്തിനു ശേഷം
തിരുത്തുകവിവിധകാര്യങ്ങൾക്കായി പിന്നെയും രണ്ടു വർഷത്തോളം അവർക്ക് ലിസ്‌ബണിൽ തങ്ങേണ്ടി വന്നു. ഇതിനിടയ്ക്ക് ആദ്യം തോമാക്കത്തനാരും തുടർന്ന് കരിയാറ്റിയും (ഇപ്പോൾ കരിയാറ്റി മെത്രാപ്പോലീത്ത) വസൂരി രോഗം വന്ന് മരണത്തോടടുത്തെങ്കിലും രക്ഷപെട്ടു. കേരളത്തിലെ സുറിയാനിക്രിസ്ത്യാനിവിഭാഗങ്ങൾ തമ്മിലുള്ള ഐക്യത്തിനുവേണ്ടിയുള്ള ശ്രമം തുടരുകയായിരുന്നു ലിസ്‌ബണിലെ ഈ താമസത്തിനിടെ മുഖ്യമായും അവർ. എന്നാൽ ഈ വഴിക്കുള്ള അവരുടെ ശ്രമങ്ങൾ വിജയം കണ്ടില്ല. കേരളത്തിലെ ക്രിസ്ത്യാനികളുടെ ഐക്യം യോറോപ്പിലേയും കേരളത്തിലെ തന്നെയും വിദേശികളായ സഭാധ്യക്ഷന്മാർ ആഗ്രഹിക്കാതിരുന്നതാണ് ഈ പരാജയത്തിന് കാരണമായി ഗ്രന്ഥകാരൻ പറയുന്നത്.
മടക്കയാത്ര
തിരുത്തുകബഹിയാ വരെ
തിരുത്തുക1785 ഏപ്രിൽ 23-ന് സന്ദർശകർ ലിസ്‌ബണിൽ നിന്നുള്ള മടക്കയാത്ര ആരംഭിച്ചു. വഴിയ്ക് ആദ്യം അവർ ബ്രസീലിലെ ബഹിയായിലാണ്. അവിടെയെത്തുന്നതിനു മുൻപുണ്ടായ ഒരു കൊടുങ്കാറ്റിനോട് കപ്പലിലുള്ളവർ പ്രതികരിച്ചത് തോമ്മാക്കത്തനാർ ഇങ്ങനെ വിവരിയ്ക്കുന്നു:-
“ | കപ്പിത്താൻ പരിഭ്രമിച്ച് ഓടിനടക്കുന്നതും, മാമൂലികൾ വിറച്ചുനിൽക്കുന്നതും, കപ്പലിലുള്ള ജനങ്ങളിൽ ചിലർ ചോരമയം കൂടാതെ ചത്തതുപോലിരിക്കുന്നതും, ചിലർ ഭയംകൊണ്ടു നിലവിളിക്കുന്നതും, മറ്റുചിലർ ക്രൂശിതരൂപം കൈയിൽ പിടിച്ചുകൊണ്ട് സംഭ്രാന്തിയോടെ തങ്ങൾ ചെയ്ത പാപങ്ങളിൽ പശ്ചാത്തപിച്ച് ദൈവസഹായം അപേക്ഷിക്കുന്നതും, വേറെ ചിലർ ഉറച്ച സ്വരത്തിൽ ഉടയതമ്പുരാന്റെ കരുണ യാചിക്കുന്നതും, വേറെ ചിലർ വേദനയടക്കാനാകാതെ ഓടിനടക്കുന്നതും, യൗസേപ്പ് അന്തോനി എന്ന ഗോവക്കാരൻ പാതിരി എല്ലാവരോടും പശ്ചാത്താപപ്രകരണം ചൊല്ലി പ്രാർത്ഥിക്കാൻ ഉപദേശിച്ചുകൊണ്ടു നടക്കുന്നതും, മെത്രാപ്പോലീത്താ കപ്പലിന്റെ മുകൾത്തട്ടിലുള്ള കൂടാരത്തിന്റെ പിൻഭാഗത്ത് വേദനയോടെ നോക്കിയിരുന്നു ദൈവത്തോടു പ്രാർത്ഥിക്കയും ഇടയ്ക്കിടെ കടലിനെ ആശീർവദിക്കുന്നതും....ഞാനും വേറെ ചിലരും മുട്ടുകുത്തി സകലപുണ്യവാന്മാരുടെ ലുത്തിനിയാ ചൊല്ലി ദൈവത്തോടപേക്ഷിക്കുന്നതും, ഇങ്ങനെ കപ്പലിലുണ്ടായ കോലാഹലങ്ങളൊന്നും വർണ്ണിക്കാതിരിക്കുകയാണു ഭേദം.[7] | ” |
ഏതായാലും ജൂൺ 23-ന് കപ്പൽ അപകടമില്ലാതെ ബഹിയയിൽ നങ്കൂരമിട്ടു.
വിവരണാന്ത്യം
തിരുത്തുകബഹിയായിൽ നിന്ന് യാത്ര പുനരാരംഭിച്ചത് 1785 ആഗസ്റ്റ് 30-നായിരുന്നു. ഏറെ വിഷമം പിടിച്ച ഈ യാത്രയിൽ കപ്പലിന് വഴിതെറ്റി എവിടെയാണെന്ന് നിശ്ചയമില്ലാത്ത അവസ്ഥയിലെത്തി. ഒടുവിൽ എങ്ങനെയോ ആഫ്രിക്കയുടെ തെക്കേയറ്റം ചുറ്റി മൗറീഷ്യസിനു സമീപമെത്തിയപ്പോൾ, അവിടെ ഇറങ്ങി കപ്പലിൽ തീരാറായിരുന്ന വെള്ളവും ഭക്ഷണവും മറ്റും എടുക്കാമെന്ന് യാത്രക്കാർ പറഞ്ഞെങ്കിലും കപ്പിത്താൻ സമ്മതിച്ചില്ല. അങ്ങനെ തുടർന്ന യാത്രയിൽ, ഇല്ലായ്മകളും രോഗങ്ങളും കൊണ്ടു വലഞ്ഞ്, കപ്പലിലുണ്ടായിരുന്നവരിൽ 23 കുറ്റപ്പുള്ളികളും എട്ടൊൻപത് യാത്രക്കാരും മരിച്ചു. ഒടുവിൽ 1786 മാർച്ച് 18-ന് അവർക്ക് ചെല്ലമെന്ന ദ്വീപ് കാണാറായി. ചെല്ലം സിലോൺ(ഇന്നത്തെ ശ്രീലങ്ക) ആണെന്ന് കരുതപ്പെടുന്നു. തോമാക്കത്തനാർ യാത്രാ വിവരണം ഇവിടെ അവസാനിപ്പിക്കുന്നു.
ബാക്കി
തിരുത്തുകതോമാക്കത്തനാരുടെ വിവരണം ഈ സാഹസയാത്രയുടെ അന്ത്യത്തെക്കുറിച്ച് ഒന്നും പറയാതെ സമാപിക്കുന്നു. കപ്പൽ ചെല്ലം(സിലോൺ/ശ്രീലങ്ക) ദ്വീപിനെ സമീപിച്ചതിനു ശേഷമുള്ള കാര്യങ്ങൾ നിശ്ചയമില്ല.
കപ്പൽ ശ്രീലങ്കയിലെ ഗാൾ(Galle) തുറമുഖത്ത് ആദ്യം നങ്കൂരമിട്ടെന്നും തുടർന്നു മലബാർ തീരത്തുകൂടിയുള്ള യാത്രയിൽ എന്തുകൊണ്ടോ കൊച്ചിയിലിറങ്ങാതെ ഗോവയ്ക്ക് പോയെന്നും പറയപ്പെടുന്നു. ഗോവയില്‍, രോഗബാധിതനായ കരിയാറ്റി മെത്രാപ്പോലീത്ത, സംശയാസ്പദമായ സാഹചര്യങ്ങളിൽ മരണമടഞ്ഞു. പോർത്തുഗീസുകാർ അദ്ദേഹത്തെ കൊലപ്പെടുത്തുകയാണുണ്ടായതെന്ന് വിശ്വസിക്കുന്നവരുണ്ട്.[ഗ]
വർത്തമാനപ്പുസ്തകത്തിന്റെ രചനാകാലത്തിനടുത്ത് അത് പകർത്തിയെഴുതിയവരിലൊരാൾ, ചേർത്ത അടിക്കുറിപ്പനുസരിച്ച്, കൊച്ചിയിലോ, പിന്നീട് അവർ എത്തിയ കൊല്ലത്തോ മെത്രാപ്പോലീത്തയെ സ്വീകരിക്കാൻ എത്തുമെന്ന് കരുതിയിരുന്ന നാട്ടുകാർ, കപ്പലിൽ നിന്ന് നേരത്തേ അയച്ചിരുന്ന കത്ത് കിട്ടാതെ വന്നതുകൊണ്ടൊ മറ്റോ, എത്താതെ പോയതിനാലാണ് സന്ദർശകർ ഗോവയ്ക്ക് പോയത്. മെത്രാപ്പോലീത്തയ്ക്ക് കിട്ടാനുള്ള ശമ്പളവും മറ്റും ഗോവയിൽ നിന്ന് വാങ്ങുക എന്നതും അവിടേയ്ക്ക് പോകാൻ കാരണമായെന്നെഴുതിയിട്ട് കുറിപ്പ് ഇങ്ങനെ സമാപിക്കുന്നു:
“ | അവിടെ ചെന്നതിന്റെ ശേഷം ഗോവ മാങ്ങ തിന്നു എന്നും അതിനാൽ പനി പിടിച്ചുവെന്നും ഒരു പനി ഉണ്ടായി എന്നും പറയുന്നുണ്ടു. പനിക്ക് കൊടുത്ത അവുഷതികൾ ഒന്നും പനി പൊക്കാൻ അല്ലായിരുന്നു. ബ. പാറെമ്മാക്കൽ തൊമ്മാച്ചനെ ദീനക്കാരനായിരുന്ന മെത്രാപ്പൊലീത്തയെ കാട്ടിയതുമില്ല. മരിച്ചതിന്റെ ശെഷമാണ് കാട്ടിയതു. കണ്ടപ്പോൾ മരിച്ചു കിടന്ന പായും തലെണയും പരിശൊധിച്ചപ്പൊൾ ബ. തൊമ്മാച്ചനെ ഗൊവർണദൊരായി എഴുതിയ ഒരു കടുദാസു കിട്ടി. മെത്രാപ്പോലീഎത്തയുടെ കവറടക്കവും അവിടെ കഴിച്ച തൊമ്മാച്ചൻ നാട്ടിലെക്കു പോന്നു ഗൊവർണദൊരായി. അതുകളെ സംബന്ധിച്ച ബ. തൊമ്മാച്ചനൊടു ചൊദിച്ചാൽ കരയുന്നതല്ലാതെ ഉത്തരമൊന്നും പറയുന്നില്ല എന്ന് അദ്ദെഹത്തിനൊടു ചൊദിച്ചവര പറഞ്ഞ കെൾവിയുള്ളതായി അറിയുന്നു.[8] | ” |
ഭാഷ
തിരുത്തുകവർത്തമാനപ്പുസ്തകത്തിന്റെ ആസ്വാദനത്തിന് ഒരു പ്രധാന തടസ്സമായിരിക്കുന്നത് അതിലെ ഭാഷയുടെ പ്രത്യേകതയാണ്. പതിനെട്ടാം ശതകത്തിന്റെ അന്ത്യപാദത്തിലെ മദ്ധ്യകേരളത്തിൽ, പ്രത്യേകിച്ച് നസ്രാണിസമൂഹത്തിൽ നടപ്പുണ്ടായിരുന്ന വാമൊഴിയുടെ ദർപ്പണമെന്ന് ആ കൃതി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇന്നത്തെ സാധാരണവായനക്കാർക്ക് അപരിചിതമായിരിക്കാവുന്ന ഒട്ടേറെ പദങ്ങൾ അതിൽ കാണാം. ഒപ്രൂശ്മ, ഉറഹായ, കന്തീശങ്ങൾ, ക്യന്താപ്പെരുന്നാൾ, നസ്രാണി, നിവ്യാ, മാർത്ത, മെസ്രേൻ, സഹദാ, ഹൈക്കലാ തുടങ്ങിയ സുറിയാനിപ്പദങ്ങളും; ആസ്യാ, എവുറൊപ്പ, ഒലന്ത്, ഓസ്തറിയാ, കസ്തല്യൻ, കാപ്പ, ഗൊവർണ്ണദൊർ, പൊർത്തുക്കാൽ, ഫ്രഞ്ചിക്കൊസ്, പ്ലെനിപൊത്തെൻസ്യാരൊ, വിഷ്കൊന്തി, സിമൊണിയാ, തുടങ്ങിയ യുറോപ്യൻ ഭാഷാപദങ്ങളും ഇക്കൂട്ടത്തിൽപ്പെടും. സംസ്കൃതത്തിലേയും മലയാളത്തിലെ തന്നേയും ഒട്ടേറെ പദങ്ങൾ ഇതിൽ ആധുനികമലയാളത്തിൽ അവയ്ക്ക് കല്പിക്കപ്പെടുന്നതിൽ നിന്ന് ഭിന്നമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഈ കൃതിയുടെ രചനയിൽ താൻ ലക്ഷ്യം വച്ചതെന്തെന്ന് മുഖവുരയിൽ ഗ്രന്ഥകാരൻ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്[9]:-
“ | എന്നുവരുമ്പൊൾ ആയതിന്റെ അവസ്ഥ വെണ്ടും വണ്ണം നമ്മുടെ ജ്യെഷ്ഠാനുജന്മാരും എണങ്ങരും ബൊധിപ്പാനായിട്ടു നമ്മുടെ നാട്ടിൽ നിന്നു പുറപ്പെട്ടു എവുറൊപ്പയും പൊയ വഴിയിലും പൊർത്തുക്കാൽ രാജ്യത്തും റൊമാനഗരത്തും ശെഷമുള്ള എടങ്ങളിലും നമുക്കുണ്ടായ വർത്തമാനങ്ങളും ഉടയതമ്പുരാന്റെ പ്രത്യെകമുള്ള സഹായങ്ങളും ഈ പുസ്തകത്തിൽ എഴുതി നമ്മുടെ ജ്യെഷ്ഠാനുജന്മാർ എല്ലാവരെയും അറിയിപ്പാൻ നിശ്ചയിക്കുകയും ചെയ്തു. | ” |
പുത്തൻ കൂറ്റുകാരെന്ന വിളിക്കപ്പെട്ട വിഭാഗത്തിന്റെ തലവനായ തോമ്മാ മെത്രാൻ, ഉദയമ്പേരൂർ സൂഹനദോസിന്റെ തീരുമാനങ്ങൾ അംഗീകരിക്കാത്തതാണ് സുറിയാനിക്രിസ്ത്യാനി വിഭാഗങ്ങൾക്കിടയിൽ ഐക്യം ഉണ്ടാക്കുന്നതിനു തടസ്സമായി നിൽക്കുന്നത് എന്ന വാദത്തിന് തോമ്മാക്കത്തനാർ മറുപടി പറയുന്നത് ഈ ഭാഷയിലാണ്:-
“ | ഉദയംപെരുർ സുനഹദൊസ കൈക്കൊള്ളുവാൻ അയാൾക്കു മനസ്സില്ലാ എങ്കിൽ എന്തു. പക്ഷെ ഇതെക്കുറിച്ചുതന്നെ ശുദ്ധമാന വിശ്വാസത്തിൽ കൈക്കൊള്ളാതെ ഇരിക്കാമൊ. മെല. മെല. അതെന്തെന്നാൽ ഉദയംപെരുർ സുനഹദൊസു വിശ്വാസത്തിന്റെ വകുപ്പ ആകുന്നു എന്നും മിശിഹായും ശ്ലീഹന്മാരും പഠിപ്പിച്ചുമില്ല. ശു. പള്ളി ഇപ്പൊഴും പരസ്യപ്പെടുത്തിയതുമില്ല. പല പല നാടുകളിൽ ഉദയംപെരുർ സുനഹദൊസു എന്ന നാമംപൊലും കെട്ടിട്ടില്ലാത്ത ഏറിയ വിശ്വാസികൾ ഉണ്ടു. എന്നു തന്നെ അല്ല നമ്മുടെ മലങ്കരെ തന്നെയുള്ളതിൽ വടക്കുപുറത്തുള്ള പള്ളിക്കാരർ മെല്പറഞ്ഞ സുനഹദൊസു ഉണ്ടായ നാളുകളിൽതന്നെ ആയതു കൈക്കൊണ്ടതുമില്ല; ഇതിന്മണ്ണം ഈ സുനഹദൊസു കൈക്കൊള്ളാത്ത നാടുകൾ പലതുണ്ടു എന്നു വരുമ്പൊൾ അവർ ഒക്കെയും ഇടത്തുട്ടുകാരരൊ. അല്ല.[10] | ” |
കുറിപ്പുകൾ
തിരുത്തുകക. ^ മലയാളത്തിൽ ഒന്നാമതായി അച്ചടിച്ചുപ്രസിദ്ധീകരിക്കപ്പെട്ട യാത്രാവിവരണം പരുമല തിരുമേനി എന്ന പേരിൽ പേരുകേട്ട ഗീവർഗീസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ "ഊർശ്ലേം യാത്രാവിവരണം" ആണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാംപകുതിയിലാണ് അത് അച്ചടിച്ചുപ്രസിദ്ധീകരിക്കുന്നത്. [11]
ഖ. ^ കേരളത്തിൽ നിന്ന് തിരിക്കുന്നതിനു മുൻപ് ആറാം തോമാ മെത്രാനെ കണ്ടിരുന്ന കരിയാറ്റി മല്പാൻ വശം, കത്തോലിയ്ക്കാ സഭയുമായി രമ്യപ്പെടുന്നതിനാവശ്യമായ വിശ്വാസപ്രഖ്യാപനം, തോമാ മെത്രാൻ ഒപ്പിട്ട് കൊടുത്തയച്ചിരുന്നതായും ഗ്രന്ഥകാരൻ പറയുന്നുണ്ട്.
ഗ. ^ പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ പഴയകൂറ്റുകാരും പുത്തൻകൂറ്റുകാരും തമ്മിൽ ഐക്യമുണ്ടാക്കാൻ സംഘടിത പരിശ്രമം നടക്കുകയുണ്ടായി. പഴയകൂറുകാരെ ഭരിച്ചിരുന്ന കർമ്മലീത്താ മിഷനറിമാർക്ക് ഈ നീക്കം ഹിതകരമായിരുന്നില്ല. കേരള ക്രൈസ്തവരുടെ നിവേദനം റോമിൽ നേരിട്ടു സമർപ്പിക്കാൻ കരിയാറ്റിൽ മല്പാനും പാറേമാക്കൽ തോമ്മാക്കത്തനാരും പോർത്തുഗൽ വഴി റോമിലേക്കു പോയി. പ്രസിദ്ധമായ വർത്തമാനപ്പുസ്തകത്തിൽ ഈ വൃത്താന്തമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ക്ലേശകരമായ ഈ യാത്രകൊണ്ട് ഉദ്ദേശിച്ച ഫലമൊന്നും ഉണ്ടായില്ല. കരിയാറ്റിൽ മല്പാൻ കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായെങ്കിലും അദ്ദേഹം കേരളത്തിലെത്തിച്ചേർന്നില്ല. മാർഗ്ഗമദ്ധ്യേ, ഗോവയിൽ വച്ച് അദ്ദേഹം അന്തരിച്ചു. പോർത്തുഗീസുകാർ അദ്ദേഹത്തെ കൊലപ്പെടുത്തുകായാണ് ചെയ്തതെന്ന് മാർത്തോമ്മാ നസ്രാണികളിൽ ഒരു വിഭാഗം വിശ്വസിക്കുന്നു.[12]
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 ഭാഷാസഹിത്യചരിത്രം, സി.ജെ. മണ്ണുമ്മൂട്, പുറം 115
- ↑ വർത്തമാനപ്പുസ്തകം, അദ്ധ്യായം 33, മാത്യു ഉലകം തറയുടെ ആധുനിക ഭാഷ്യം അടങ്ങുന്ന ഓശാന പതിപ്പ്.
- ↑ വർത്തമാനപ്പുസ്തകത്തിന്റെ ഓശാന പതിപ്പിന് ആമുഖമായി ചേർത്തിരിക്കുന്ന ചരിത്രപശ്ചാത്തലം പുറം xvi
- ↑ വർത്തമാനപ്പുസ്തകം - അദ്ധ്യായം 47
- ↑ 5.0 5.1 വർത്തമാനപ്പുസ്തകം - അദ്ധ്യായം 48
- ↑ വർത്തമാനപ്പുസ്തകം, അദ്ധ്യായം 54
- ↑ വർത്തമാനപ്പുസ്തകം, അദ്ധ്യായം 77
- ↑ വർത്തമാനപ്പുസ്തകം ഓശാനപ്പതിപ്പിനൊടുവിൽ ചേർത്തിരിക്കുന്ന "കഥാശേഷം"
- ↑ വർത്തമാനപ്പുസ്തകം ഒരു പഠനം, പ്രൊഫ. കെ.വി. ജോസഫിന്റെ ഗവേഷണപ്രബന്ധം, മഹാത്മഗാന്ധി സർവകലാശാല, ഓൺലൈൻ തീസിസ് ലൈബ്രറി [1] Archived 2009-12-05 at the Wayback Machine.
- ↑ വർത്തമാനപ്പുസ്തകത്തിന്റെ 1933-ലെ ഒന്നാം പതിപ്പ്(പുറങ്ങൾ 508-509), ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകളെക്കെഴുതിയ ഉപോദ്ഘാതത്തിൽ(പുറം 66) സ്കറിയാ സക്കറിയാ ഉദ്ധരിച്ചിരിക്കുന്നത്
- ↑ സെയിന്റ് മേരീസ് ഓർത്തോഡോക്സ് പള്ളി, നിരണം [2] Archived 2009-11-16 at the Wayback Machine.
- ↑ ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾക്ക് സ്കറിയാ സക്കറിയ എഴുതിയ ഉപോത്ഘാതം, പുറം 70