ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളായിരുന്ന തോമാശ്ലീഹയാൽ സ്ഥാപിക്കപ്പെട്ടതായി കരുതപ്പെടുന്ന ദേവാലയങ്ങളാണ് ഏഴരപ്പള്ളികൾ.[1] ക്രി.വ. 50-ൽ ഇദ്ദേഹം കേരളത്തിലെ മുസ്സിരിസ് അഥവാ കൊടുങ്ങല്ലൂരിലെത്തിയതായും ക്രിസ്തുമത പ്രചാരണോദ്ദേശ്യത്തോടെ എട്ടു ദേവാലയങ്ങൾ സ്ഥാപിച്ചതായും വിശ്വസിക്കപ്പെടുന്നു. ഈ ദേവാലയങ്ങളിൽ പലതും യഹൂദന്മാരുടെ ആവാസകേന്ദ്രങ്ങളിലായിരുന്നു. ഏഴരപ്പള്ളികൾ എന്നറിയപ്പെട്ട ഈ പള്ളികളായി കരുതപ്പെടുന്നത് അഴീക്കോട് (കൊടുങ്ങല്ലൂർ), പാലയൂർ ‍(ചാവക്കാട്), കോക്കമംഗലം (ചേർത്തല), പരവൂർ (കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കൽ ‍(ചായൽ), തിരുവിതാംകോട് (കന്യാകുമാരി) എന്നിവയാണ്.[2] മാല്യങ്കരയിൽ പണിത പള്ളി ഇവയിൽ ആദ്യത്തേതാണെന്നു കരുതപ്പെടുന്നു. അതു പോലെ തിരുവിതാംകോടുള്ള പള്ളിയെ അരപ്പള്ളിയായി ഗണിക്കപ്പെടുന്നു. ഏഴരപ്പള്ളികളിൽ കേരളത്തിനു പുറത്തുള്ള ഏക ദേവാലയവും ഇതാണ്. അരപ്പള്ളിയില്ലാതെ ഏഴു പള്ളികളെ മാത്രം ഉൾപ്പെടുത്തിയുള്ള പട്ടികയും നിലവിലുണ്ട്.

തോമാശ്ലീഹയുടെ കപ്പൽ യാത്രയുടെ ഒരു ചിത്രീകരണം

ഏഴരപ്പള്ളികൾതിരുത്തുക

മാർത്തോമാ പള്ളി അഴീക്കോട്തിരുത്തുക

 
കൊടുങ്ങല്ലൂർ പള്ളി

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ അഴീക്കോട് സ്ഥിതി ചെയ്യുന്ന മാർത്തോമാ പള്ളി ക്രി.വ 52-ൽ തോമാശ്ലീഹ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്] തോമാശ്ലീഹ ഇൻഡ്യയിൽ പണികഴിപ്പിച്ച ആദ്യ ക്രിസ്തീയ ആരാധനാലയമാണിതെന്നു കരുതപ്പെടുന്നു. സീറോ മലബാർ കത്തോലിക്കാ സഭയുടെ ഇരിങ്ങാലക്കുട രൂപതയിലുൾപ്പെടുന്നതാണ് ഈ പള്ളി.

പാലയൂർ പള്ളിതിരുത്തുക

പ്രധാന ലേഖനം: പാലയൂർ പള്ളി
 
പാലയൂർ പള്ളി

തൃശ്ശൂർ ജില്ലയിൽ ചാവക്കാടിനടുത്ത് പാലയൂരിൽ സ്ഥിതി ചെയ്യുന്ന പാലയൂർ പള്ളി ക്രി.വ 52-ൽ തോമാശ്ലീഹ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. നൂറ്റെട്ട് ശിവാലയങ്ങളിൽ പറയുന്ന പാലയൂർ മഹാദേവക്ഷേത്രം നിന്നിരുന്നതിനടുത്താണ് പള്ളി നിർമ്മിച്ചത്. ആദ്യം അദ്ദേഹം അവിടെ ഒരു കുരിശ് മാത്രം സ്ഥാപിക്കുകയും പിന്നീട് പള്ളി പണികഴിപ്പിക്കുകയും ചെയ്തുവെന്നുമാണ് വിശ്വാസം. സീറോ മലബാർ കത്തോലിക്കാ സഭയുടെ തൃശൂർ അതിരൂപതയിലുൾപ്പെടുന്നതാണ് ഈ പള്ളി.

കോക്കമംഗലം പള്ളിതിരുത്തുക

പ്രധാന ലേഖനം: കോക്കമംഗലം പള്ളി
 
കോക്കമംഗലം പള്ളി

ആലപ്പുഴ ജില്ലയിൽ ചേർത്തലയ്ക്ക് അടുത്ത് കോക്കമംഗലത്ത് സ്ഥിതി ചെയ്യുന്ന കോക്കമംഗലം പള്ളി ക്രി.വ 53-ൽ തോമാശ്ലീഹ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. തോമാശ്ലീഹാ കോക്കമംഗലത്ത് എത്തി ഏകദേശം ഒരു വർഷത്തോളം വചന പ്രഘോഷണം നടത്തി എന്നാണ് വിശ്വാസം. 1600 പേരോളം അന്ന് ക്രിസ്തുമതം സ്വീകരിച്ചതായി കേരളത്തിലെ പുരാതന ക്രിസ്തീയ ഗാനരൂപമായ റമ്പാൻ പാട്ടിൽ പറയുന്നു. അദ്ദേഹം കോക്കമംഗലത്ത് ഒരു ക്രിസ്തീയ സമൂഹത്തെ വാർത്തെടുക്കുകയും അവർക്കായി ഒരു കുരിശ് വാഴ്ത്തി സ്ഥാപിക്കുകയും ചെയ്തു.

കോട്ടക്കാവ് പള്ളിതിരുത്തുക

 
കോട്ടക്കാവ് പഴയ പള്ളി
 
കോട്ടക്കാവ് പുതിയ പള്ളി

എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിൽ ദേശീയപാത 17-ന് അരുകിലായി പെരിയാറിന്റെ തീരത്താണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്.

നിരണം പള്ളിതിരുത്തുക

പ്രധാന ലേഖനം: നിരണം പള്ളി
 
നിരണം പള്ളി

പത്തനംതിട്ട ജില്ലയിൽ തിരുവല്ലയിൽ നിരണം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നിരണം പള്ളി ക്രി.വ 54-ൽ തോമ്മാശ്ലീഹ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. പിന്നീട് പല പ്രാവശ്യം ഈ ദേവാലയം പുതുക്കിപ്പണിഞ്ഞിട്ടുണ്ട്. ഇപ്പോൾ തിരുവിതാംകൂർ പ്രദേശത്തുള്ള പല പള്ളികളുടെയും തലപ്പള്ളിയാണ് നിരണം പള്ളി. പമ്പാനദിയുടെ ഉപനദിയായ കോലറയാറിന് തീരത്തായി സ്ഥിതി ചെയ്യുന്ന ഈ പള്ളിയിൽ ഹൈന്ദവക്ഷേത്രങ്ങളിലേതുപോലെ കരിങ്കൽ വിളക്കുകളും കൊത്തുപണികളും ഉണ്ട് . വീരാടിയാൻ പാട്ടുകൾ, റമ്പാൻ പാട്ടുകൾ, മാർഗ്ഗംകളിപ്പാട്ടുകൾ തുടങ്ങിയ സാഹിത്യ കൃതികളിൽ പുരാതന നിരണത്തെക്കുറിച്ചും നിരണം പള്ളിയെക്കുറിച്ചുമുള്ള വിവരണങ്ങളുണ്ട്. മലങ്കര ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിന്റെ ആസ്ഥാനദേവാലയം കൂടിയാണ് നിരണം പള്ളി.

നിലയ്ക്കൽ പള്ളിതിരുത്തുക

പ്രധാന ലേഖനം: നിലയ്ക്കൽ പള്ളി
 
നിലയ്ക്കൽ പളളി

പത്തനംതിട്ട ജില്ലയിൽ നിലയ്ക്കൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ പള്ളി വിവിധ സഭകൾക്ക് പങ്കാളിത്തമുള്ള ഒരു എക്യൂമെനിക്കൽ ദേവാലയമാണ്. ലോകത്തിലെ തന്നെ ആദ്യത്തെ എക്യുമെനിക്കൽ ദേവാലയമാണിത്[അവലംബം ആവശ്യമാണ്].

കൊല്ലം പള്ളിതിരുത്തുക

പ്രധാന ലേഖനം: തേവലക്കര പള്ളി

കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പള്ളി.

തിരുവിതാംകോട് പള്ളിതിരുത്തുക

പ്രധാന ലേഖനം: അരപ്പള്ളി
 
തിരുവിതാംകോട് പള്ളി

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ തിരുവിതാംകോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി എന്ന തിരുവിതാംകോട് പള്ളി ക്രി.വ 63-ൽ തോമാശ്ലീഹാ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു.[3][4] ഈ ദേവാലയത്തിന് അരപ്പള്ളി എന്ന വിശേഷണം ലഭിച്ചതിനെപ്പറ്റി വിവിധ അഭിപ്രായങ്ങളുണ്ട്. തോമയാർ കോവിൽ എന്നു കൂടി അറിയപ്പെടുന്ന ഈ പള്ളി തമിഴ്‌നാട്ടിലെ ആദ്യകാല ക്രൈസ്തവ ദേവാലയങ്ങളിലൊന്നായി കരുതപ്പെടുന്നു[അവലംബം ആവശ്യമാണ്].

അവലംബംതിരുത്തുക

  1. HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 28. Cite has empty unknown parameter: |coauthors= (help)
  2. ഹരിശ്രീ ക്ലാസിക്‌സ് - മനുഷ്യരാശിയുടെ വെളിച്ചങ്ങൾ, മാതൃഭൂമി തൊഴിൽ വാർത്താ പ്രസിദ്ധീകരണം, 2010, പു.34
  3. തീർത്ഥാടന കേന്ദ്ര പ്രഖ്യാപനം, വാർത്തയും സംഭവങ്ങളും, മലങ്കര ഓർത്തഡോക്സ് സഭയുടെ വെബ്സൈറ്റ്
  4. തിരുവിതാംകോട് പള്ളി ആഗോള തീർത്ഥാടന കേന്ദ്രമാകുന്നു, ദ് ഹിന്ദു ദിനപത്രം, 2007 ഡിസംബർ 7
"https://ml.wikipedia.org/w/index.php?title=ഏഴരപ്പള്ളികൾ&oldid=3524280" എന്ന താളിൽനിന്ന് ശേഖരിച്ചത്