പതിനെട്ടാം നൂറ്റാണ്ടിനൊടുവിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും [1] കേരളചരിത്രത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച ഒരു വ്യാപാരിപ്രമുഖനായിരുന്നു തച്ചിൽ മാത്തൂത്തരകൻ (കാലം, 1741 - 9 മേയ് 1814). തിരുവിതാംകൂറിലെ രാജനീതിയിലും സുറിയാനിക്രിസ്ത്യാനി സമൂഹത്തിന്റെ നേതൃത്വത്തിലും തരകൻ പങ്കുപറ്റി. അദ്ദേഹം ഉപ്പ്, പുകയില തുടങ്ങിയവയുടെ കച്ചവടക്കരാറുകളേറ്റെടുത്തു നടത്തിയിരുന്നു. തിരുവിതാംകൂറിൽ, വ്യവസ്ഥാപിതഭരണവൃന്ദത്തിനും ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കും എതിരെ വേലുത്തമ്പി ദളവ നയിച്ച കലാപത്തിൽ എതിർപക്ഷത്തുനിന്ന 'ഉപജാപകരുടെ' മൂവർസംഘത്തിലെ അംഗമെന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നു. [2]

തച്ചിൽ മാത്തൂ തരകൻ
തച്ചിൽ മാത്തൂ തരകൻ
ജനനം
ദേശീയതIndian

തുടക്കം

തിരുത്തുക

മാർത്താണ്ഡവർമ്മയുടെ ദിഗ്വിജയത്തിനു മുൻപുള്ള കാലത്തെ പ്രദേശഭരണാധികാരികളിൽ ഒരാളായിരുന്ന ആലങ്ങാട്ടുകർത്തായുടെ കാര്യസ്ഥൻ തച്ചിൽ തര്യതായിരുന്നു[1] തരകന്റെ പിതാവ്. പഴയ കൊച്ചിരാജ്യത്ത്, എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ താലൂക്കിൽ പുത്തൻവേലിക്കരയ്ക്ക് സമീപമുള്ള കുത്തിയതോട് എന്ന സ്ഥലത്തു ജനിച്ച[3] മാത്തൂത്തരകൻ, വ്യാപരത്തിൽ വിജയിച്ച് തിരുവിതാംകൂറിലേയും കൊച്ചിയിലേയും അധികാരസ്ഥാനങ്ങളിൽ സ്വാധീനം കൈവരിച്ചു. മാർത്താണ്ഡവർമ്മയുടെ കീഴിൽ തിരുവിതാംകൂർ സൈന്യാധിപനായിരുന്ന ഡച്ചുകാരൻ ഡിലെനോയ് ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു.

1747 ലെ പ്ലാസി യുദ്ധ വിജയത്തിനു ശേഷം ഇംഗ്ലീഷുകാർക്ക് യുദ്ധക്കപ്പലുകളുടെ ആവശ്യം കൂടി. ഫ്രഞ്ചു വിപ്ലവവും നെപ്പോളിയൻ ബോണപ്പാർട്ടിന്റെ വിജയവും കൂടിയായപ്പോൾ ഇംഗ്ലീഷുകാർ നാവികസേനയുടെ മെച്ചപ്പെടുത്തലിൽ കൂടുതൽ ശ്രദ്ധിച്ചു. യുദ്ധക്കപ്പലുകളുടെ നിർമ്മാണത്തിന് തേക്കുതടി ആവശ്യമായിരുന്നു. അച്ചൻകോവിൽ, മലയാറ്റൂർ വനമേഖലകളിൽ തേക്ക് സമൃദ്ധമായി വളർന്നിരുന്നു. 3000 കുറ്റി തേക്കു തടി വെട്ടി തുറമുഖത്ത് എത്തിക്കാനുള്ള ഓർഡർ മാത്തൂതരകനാണ് ലഭിച്ചത്. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കം നിമിത്തം വളരെ സുഗമമായി തടികൾ അച്ചൻകോവിലിൽ നിന്ന് ആലപ്പുഴ എത്തിക്കാനായതിനാൽ വലിയ ലാഭമാണ് തരകന് ഈ കച്ചവടത്തിൽ ലഭിച്ചത്.[4] ട്രഫാൾഗറിലെ യുദ്ധത്തിൽ അഡ്മിറൽ നെൽസണ് നെപ്പോളിയനെ തോൽപ്പിക്കാൻ കഴിഞ്ഞത് മത്തൂത്തരകൻ കയറ്റി അയച്ച തേക്കു തടിയുടെ ബലത്തിലാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.[5]

അധികാരത്തിൽ

തിരുത്തുക

ബാലരാമവർമ്മ രാജാവായിരിക്കെ, രാജാ കേശവദാസനെ പിന്തുടർന്ന് വലിയ സർവാധികാര്യക്കാരന്റെ പദവിയിലെത്തിയ ജയന്തൻ ശങ്കരൻ നമ്പൂതിരി, ധനമന്ത്രിയായി തക്കല ശങ്കരനാരായണൻ ചെട്ടിയെയും ഉപദേശകനായി മാത്തൂത്തരകനെയും നിയമിച്ചു. അങ്ങനെ തിരുവിതാംകൂർ ഭരണത്തിലെ മുഖ്യപങ്കാളികളിൽ ഒരാളായിത്തീർന്ന മാത്തൂത്തരകൻ ജയന്തൻ ശങ്കരൻ നമ്പൂതിരിക്കും ശങ്കരനാരായണൻ ചെട്ടിക്കുമൊപ്പം ഒരു മൂവർസംഘത്തിന്റെ ഭാഗമായി എണ്ണപ്പെട്ടു. അജ്ഞതയുടേയും, ധൂർത്തിന്റേയും, അത്യാർത്തിയുടേയും കൂട്ടുകെട്ട് [ക] എന്ന് അവരുടെ സംഘം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.

ദളവാ ഭരണം

തിരുത്തുക

ജയന്തൻ നമ്പൂതിരിയുടെ ഭരണത്തെ, ഏ. ശ്രീധരമേനോൻ തുടങ്ങിയ തിരുവിതാംകൂർ ചരിത്രകാരന്മാർ മോശമായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്. ശങ്കരനാരായണനും, തരകനും ജയന്തൻ നമ്പൂതിരിയുടെ സഹായത്തിനുണ്ടായിരുന്നു. ഈ മൂന്നുപേരുടെ കീഴിലുള്ള ദുർഭരണം നിമിത്തം ജനങ്ങൾ പൊറുതിമുട്ടിയെന്നാണ് ഈ ചരിത്രകാരന്മാരുടെ നിലപാട്. തരകൻ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുകയും, ശങ്കരനാരായണൻ നിലങ്ങൾ പലതും സ്വന്തം പേരിലാക്കുകയും ചെയ്തു. ഉപ്പിന്റെ വില വരെ വർദ്ധിപ്പിച്ചതായി ചരിത്രകാരനായ വി. ആർ പരമേശ്വരപിള്ള എഴുതിയിട്ടുണ്ട്. [6] എന്നാൽ ഇത് വെറും 25 ദിവസത്തെ മാത്രം ഭരണമായിരുന്നവെന്നും, അത് അവസരമാക്കി ജനങ്ങളെ ലഹളക്ക് പ്രേരിപ്പിച്ച്ല് ജയന്തനെ തത്സ്ഥാനത്തുനിന്നു മാറ്റുന്നതിൽ വേലുത്തമ്പി വിജയിക്കുകയാണുണ്ടായതെന്ന മറുപക്ഷവുമുണ്ട്.

ലഹളക്കാരിൽ പ്രധാനികളുടെ ആവശ്യപ്രകാരം ചിറയിൻകീഴ് അയ്യപ്പൻ ചെമ്പകരാമൻ പിള്ളയെ വലിയ സർവാധികാര്യക്കാരനായി ജയന്തൻ നമ്പൂതിരിക്ക് പകരം നിയമിച്ചു. അതുപോലെതന്നെ മുളക് മടിശ്ശീല സർവാധികാര്യക്കാരായി (ധനകാര്യമന്ത്രി) വേലുത്തമ്പിയെ നിയമിക്കുകയും ചെയ്തു.[7]

സമുദായനേതാവ്

തിരുത്തുക

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനി സമൂഹത്തിന്റെ നേതൃത്വത്തിൽ തരകൻ പങ്കുപറ്റി. സുറിയാനിക്രിസ്ത്യാനികളിലെ കത്തോലിക്കാ വിഭാഗത്തിന് നാട്ടുകാരായ മെത്രാന്മാരെ നിയമിച്ചുനൽകണമെന്ന ആവശ്യമുന്നയിച്ച അങ്കമാലി പടിയോല പുറപ്പെടുവിച്ച പള്ളിപ്രതിപുരുഷയോഗത്തിന്റെ സംഘാടകരിൽ പ്രധാനിയായിരുന്നു തരകൻ.[8] കൂനൻ കുരിശുസത്യത്തെ തുടർന്ന് വിഭജിതമായ സുറിയാനിക്രിസ്ത്യാനിസമൂഹത്തിലെ പുത്തൻ-പഴയകൂർ വിഭാഗങ്ങൾക്കിടയിൽ ഐക്യം ഉണ്ടാക്കാനുള്ള ശ്രമങ്ങളിലും അദ്ദേഹം മുന്നിട്ടു നിന്നു.[9][10] എന്നാൽ പുത്തങ്കൂർ പക്ഷം, അദ്ദേഹത്തെ, മാർതോമ ആറാമനെ പിടിച്ചു തടവിൽ പാർപിച്ച്, സുറിയാനി കത്തോലിക്കാ കുർബാന ചൊല്ലാൻ നിർബന്ധിപ്പിച്ചയാളായി കാണുന്നു.[11]

1799 ൽ വേലുത്തമ്പിയുടെ നേതൃത്ത്വത്തിൽ നമ്പൂതിരി ഭരണത്തിനെതിരെ നടന്ന കലാപം അവസാനിപ്പിക്കാൻ അദ്ദേഹത്തിന്റ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു "ശങ്കരനാരായണനെയും മാത്തൂത്തരകനെയും പൊതു നിരത്തിൽ വച്ച് ചാട്ട കൊണ്ടടിക്കുകയും അവരുടെ ചെവി അറുത്തു കളയുകയും ചെയ്യുക എന്നത്. മഹാരാജാവ് ആവശ്യം അംഗീകരിച്ച്, ശിക്ഷാനടപടികൾ ഉടൻ നടപ്പാക്കി. മാത്തൂത്തരകനെ ചെവി അറുത്തു കളഞ്ഞ നിലയിൽ തിരുവനന്തപുരം ജയിലിൽ ബന്ധനസ്ഥനാക്കി. അധികാരഭ്രഷ്ടനും അപമാനിതനുമായ തരകന്റെ സ്വത്തുക്കൾ കണ്ടുകെട്ടപ്പെടുകയും ചെയ്തു. വേലുത്തമ്പിയുടെ കാലത്തു നേരിടേണ്ടി വന്ന കർണ്ണഛേദനത്തിനു പരിഹാരമായി രാജാവ് തരകന് പിന്നീട് ഒരു സ്വർണ്ണച്ചെവി സമ്മാനിച്ചതായും പറയപ്പെടുന്നു. 976 വൃശ്ചികം 27 ന് മാത്തൂതരകനെ മുൻപാകെ വരുത്തി "പെഴയ്ക്കും അപമാനത്തിനും ഒന്നിനും ഒരു സംഗതിയില്ലായെന്നുള്ള സാക്ഷ്യത്തിന്റെ ഒറപ്പിന്നായിട്ട്" സ്വർണ്ണം കൊണ്ട് രണ്ടു ചെവി ഉണ്ടാക്കി രാജാവ് സമ്മാനിച്ചതായി എം.ഒ. ജോസഫ് എഴുതിയ തച്ചിൽ മാത്തൂതരകൻ എന്ന പുസ്തകത്തിൽ പറയുന്നു.[12]

തിരുവിതാംകൂറിന്റെ വടക്കൻ ജില്ലകളിലെല്ലാം ധാരാളം എസ്റ്റേറ്റുകളുണ്ടായിരുന്ന തരകനെ, ലഹളയുടെ കുഴപ്പങ്ങളവസാനിച്ചപ്പോൾ പഴയപോലെ കഴിയാനനുവദിച്ചിരുന്നു. എന്നാൽ സർക്കാരിലേക്ക് അടയ്ക്കേണ്ടുന്ന നികുതി കൊടുക്കാതിരുന്നതു കൊണ്ട് അദ്ദേഹത്തിന്റെ സ്ഥലങ്ങൾ കണ്ടുകെട്ടുകയുണ്ടായി. റസിഡന്റിന്റെ മേൽ തനിക്കുണ്ടായിരുന്ന സ്വാധീനം ഉപയോഗപ്പെടുത്തി നികുതിയിളവ് വാങ്ങാൻ തരകൻ ശ്രമിച്ചു. കുറേക്കാലം താൻ തടവുകാരനായി കഴിയുകയായിരുന്നെന്നും തന്റെ പല സാധനങ്ങളും കണ്ടുകെട്ടുകയും അവയുടെ വില വേലുത്തമ്പി അവിഹിതമായി അനുഭവിക്കുകയുണ്ടായിട്ടുണ്ടെന്നമുള്ള വാദമാണ് തരകൻ ഉന്നയിച്ചത്. മെക്കാളെ കണ്ടുകെട്ടൽ റദ്ദാക്കുവാൻ ദിവാനോട് ആവശ്യപ്പെട്ടു. വേലുത്തമ്പി അതിന് തയ്യാറാകാതെ അദ്ദേഹത്തിന്റെ നടപടികൾ വിശദീകരിച്ച് റസിഡന്റിന് കത്തെഴുതി. [13]

1807, മേയ് 12 ന് ദിവാനയച്ച ഔദ്യോഗികക്കുറുപ്പിൽ റസിഡന്റ് ഇങ്ങനെ എഴുതി:

ഈ വിഷയത്തിൽ ഇവർ തമ്മിൽ നിരവധി എഴുത്തുകുത്തുകൾ നടത്തുകയുണ്ടായി.

തരകന്റെ കണ്ടുകെട്ടിയ വസ്തവകകൾ തിരികെ വിട്ടു നൽകുന്ന കാര്യത്തിൽ വേലുത്തമ്പി സ്വീകരിച്ച മെല്ലെപ്പോക്കു നയം മെക്കാളയ്ക്ക് വേലുതമ്പിയോടുള്ള അപ്രീതി വർദ്ധിപ്പിക്കാൻ ഇ‌ടയാക്കി.

1814 ൽ അന്തരിച്ച അദ്ദേഹത്തെ കുത്തിയതോട് കിഴക്കേ പള്ളിക്കകത്ത് സംസ്കരിച്ചു.


നിരണം ഗ്രന്ഥവരിയിൽ

തിരുത്തുക

സുറിയാനി കത്തോലിക്കനായിരുന്ന തരകന്റെ കത്തോലിക്കാവൽക്കരണ പരിശ്രമങ്ങൾ ഫലിക്കാതെപോയതും അതിന് അദ്ദേഹം നടത്തിയ ഗൂഢാലോചനകളും നിരണം ഗ്രന്ഥവരിയിൽ വിവരിക്കുന്നുണ്ട്. ആറാം മാർത്തോമായെയും കൂട്ടരെയും തങ്ങളുടെ കൂട്ടത്തിൽ ചേർക്കാൻ തരകൻ ശ്രമിച്ചു. ഇതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് പാറേമ്മാക്കൽ തോമാ കത്തനാരും കരിയാറ്റിൽ യൗസേഫ് മല്പാനും ചേർന്ന് റോമായാത്ര നടത്തിയത്. തരകൻ പണ്ടാരി പൗലോസ് ശെമ്മാശ്ശനെ മെത്രാനാക്കാൻ ബാഗ്ദാദിലേക്കയച്ചു. അവിടത്തെ കൽദായ സുറിയാനി പാത്രിയാർക്കീസ് അദ്ദേഹത്തെ മെത്രാനാക്കിയെങ്കിലും റോമാസഭ ഈ മെത്രാനെ അംഗീകരിച്ചില്ല. [14]

വ്യത്യസ്ത വീക്ഷണങ്ങൾ

തിരുത്തുക
 • ആലപ്പുഴ നഗരത്തിന്റെ ശില്പികളിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു [15]വെന്ന് ചരിത്ര സെമിനാറുകളിൽ വാദമുയർന്നിരുന്നു.
 • കട്ടക്കയം ചെറിയാൻ മാപ്പിള ഇദ്ദേഹത്തെക്കുറിച്ച് 1924 ൽ മാത്തുതരകൻ എന്നൊരു ദീർഘ കാവ്യം രചിച്ചിരുന്നു.

കുറിപ്പുകൾ

തിരുത്തുക

^ ".....a triumvirate of ignorance, profligacy and rapacity".

അവലംബങ്ങൾ

തിരുത്തുക
 1. 1.0 1.1 "തച്ചിൽ മാത്തൂത്തരകന്റെ 200-ആം ചരമവാർഷികം കത്തോലിക്കാ കോൺഗ്രസ് ആചരിക്കും" (വാർത്ത). ദീപികദിനപത്രം. 2013 മേയ് 8. Archived from the original on 2014-06-06. Retrieved 2013-05-08. {{cite news}}: Check date values in: |date= (help)
 2. A. Sreedhara Menon, Kerala History and its Makers, Velu Thampi Dalawa (പുറങ്ങൾ 189-195)
 3. "Thachil Mathu Tharakan, കുടുംബ വെബ്സൈറ്റ്". Archived from the original on 2018-05-13. Retrieved 2018-05-13.
 4. എൻ.കെ. ജോസ് (2013). "ആലപ്പുഴ പട്ടണം സ്ഥാപിച്ചത് രാജാ കേശവദാസനല്ല". തൻമ. 1 (8): 6–13. {{cite journal}}: |access-date= requires |url= (help); Check date values in: |accessdate= (help)
 5. "Thachil Mathoo Tharakan". thefreedictionary.com. Retrieved 2013 ജൂലൈ 23. {{cite web}}: Check date values in: |accessdate= (help)
 6. വി.ആർ. പരമേശ്വരൻ പിള്ള
 7. വേലുത്തമ്പി ദളവ -- ജോസഫ് ചാഴിക്കാടൻ
 8. അങ്കമാലി സെന്റ് ജോർജ്ജ് ബസിലിക്കായുടെ വെബ്സൈറ്റിൽ പടിയോലയെക്കുറിച്ചുള്ള ലേഖനം Archived 2012-07-23 at the Wayback Machine.
 9. 1966-ൽ, കേരളത്തിലെ കത്തോലിക്കാ സെക്കണ്ടറിസ്കൂളുകളിലെ വേദപഠനത്തിൽ ഉപയോഗിക്കാനായി പാലായിലെ സെന്റ് തോമസ് പ്രസ്സിൽ അച്ചടിച്ച "തിരുസഭാചരിത്രസംഗ്രഹം" (പുറം 101)
 10. ഫാദർ ഗീവർഗീസ് ചേടിയത്ത്, മലങ്കരസഭാ ചരിത്രം (ഒന്നാം ഭാഗം പുറം 56)
 11. പുത്തൻകാവ് കത്തീഡ്രൽ സ്മരണിക. P 175, 183
 12. തച്ചിൽ മാത്തൂതരകൻ. എൻ.ബി.എസ്. p. 327.
 13. പി. ശങ്കുണ്ണിമേനോൻ (1994). തിരുവിതാംകൂർ ചരിത്രം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 262.
 14. മലയാളസാഹിത്യ ചരിത്രം എഴുതപ്പെടാത്ത ഏടുകൾ. നാഷണൽ ബുക്ക് സ്റ്റാൾ. 24.3.2014. p. 142. ISBN 9 780000 194596. {{cite book}}: |first= missing |last= (help); Check date values in: |date= (help)
 15. ഡോ. എം.എസ്. ജയപ്രകാശ് പ്രസംഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു, 2013 മേയ് 11-ൽ മാദ്ധ്യമം ദിനപത്രത്തിൽ വന്ന വാർത്ത

അധിക വായനക്ക്

തിരുത്തുക
 • History of travancore prom the earliest times, P. Shungoonny menon
 • തച്ചിൽ മാത്തൂത്തരകൻ - എം.ഒ. ജോസഫ് നെടുങ്കുന്നം
 • തങ്കക്കൊമ്പൻ - തച്ചിൽ മാത്തൂത്തരകന്റെ തങ്കക്കൊമ്പൻ - ചിത്രമെഴുത്ത് കെ.എം. വർഗ്ഗീസ്, മനോരമ, 1927
"https://ml.wikipedia.org/w/index.php?title=തച്ചിൽ_മാത്തൂ_തരകൻ&oldid=3974375" എന്ന താളിൽനിന്ന് ശേഖരിച്ചത്