പുരാതന കാലത്ത്, ലോകത്തെ ഒരു പ്രധാന വാണിജ്യതുറമുഖമെന്ന് അനുമാനിക്കപ്പെടുന്ന സ്ഥലമാണ് മുസിരിസ്.[1] ചേര രാജാക്കന്മാരുടെ പ്രധാന തുറമുഖ നഗരമായിരുന്ന മുസിരിസ് 2500 കൊല്ലം മുൻപ് ലോകത്തെ പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്നു. സുഗന്ധവ്യഞ്ജനങ്ങൾ മുതൽ അമൂല്യരത്നങ്ങൾ വരെ ഗ്രീക്കുകാർ, റോമാക്കാർ തുടങ്ങിയ പ്രമുഖ വാണിജ്യ രാജ്യങ്ങളുമായി കച്ചവടം ചെയ്തിരുന്നു. മുസിരിസിനെക്കുറിച്ചുള്ള ആദ്യ പരാമർശങ്ങൾ കാണുന്നത് പുരാതന ഗ്രീക്ക് യാത്രാ രേഖയായ പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ എന്ന കൃതിയിലും, അകനാനൂറ് എന്നറിയപ്പെടുന്ന തമിഴ് സംഘകൃതിയിലുമാണ്. ഇവ രണ്ടും രചിക്കപ്പെട്ടത് ക്രിസ്തുവർഷം ആദ്യ നൂറ്റാണ്ടിലാണു. ചേരനഗരമായിരുന്ന ഇന്നത്തെ കൊടുങ്ങല്ലൂരാണ് മുസിരിസ് എന്നായിരുന്നു പുരാവസ്തുഗവേഷകർ കരുതിയിരുന്നത്. പിന്നീട് നടന്ന ഖനനങ്ങൾ പ്രകാരം മുസിരിസ് വടക്കൻ പറവൂരിനടുത്തുള്ള പട്ടണം എന്ന പ്രദേശം ആണെന്ന വാദവുമുണ്ടായി. എന്നാൽ തുറമുഖമെന്ന കേന്ദ്ര പ്രദേശത്തിനോട് ചേർന്ന് വിശാലമായ പ്രദേശത്തു പരന്നുകിടന്നിരുന്ന പട്ടണങ്ങളുടെ ഒരു സാംസ്‌കാരിക സഞ്ചയമാണ് പൊതുവിൽ മുസിരിസ് എന്നാണ് കരുതുന്നത്. ഇന്ന് വടക്കൻ പറവൂർ മുതൽ മതിലകം വരെ മുസിരിസ് ഹെറിറ്റേജ് പ്രദേശത്തിന്റെ ഭാഗമാണ്. [2][3] കന്യാകുമാരി ജില്ലയിലെ 'മുൻചിറ' പുരാതന മുസിരിസ് ആണെന്ന വാദവും ഉയർന്നു വന്നിട്ടുണ്ട്.[1]

മുസിരിസ്
മുചിരി
നാലാം നൂറ്റാണ്ടിലെ പ്രാചീന റോമൻ മാപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്നു
മുസിരിസ് is located in India
മുസിരിസ്
ഇന്ത്യയുടെ
ഭൂപടത്തിൽ ദൃശ്യമാക്കപ്പെടുമ്പോൾ
മറ്റ് പേര്മുയിരിക്കോട്
സ്ഥാനംപട്ടണം, കേരളം, ഇന്ത്യ
മേഖലചേരസാമ്രാജ്യം
തരംപുരാതന നഗരം
റോമും തെക്കു-പടിഞ്ഞാറൻ ഇന്ത്യയുമായി തമ്മിൽ ബന്ധിപ്പിക്കുന്ന ചെങ്കടലിയിലൂടെയുള്ള വാണിജ്യ പാത

പേർഷ്യ, മധ്യേഷ്യ, വടക്കൻ ആഫ്രിക്ക, ഗ്രീക്ക്, റോമൻ സാമ്രാജ്യങ്ങൾക്ക് ദക്ഷിണേന്ത്യയുമായുണ്ടായ വ്യാപാരത്തിൽ സുപ്രധാനമായ പങ്കു വഹിച്ചിരുന്ന പ്രദേശം കൂടിയായിരുന്നു മുസിരിസ്.[4] റോമൻ സാമ്രാജ്യത്തിലെ നാവികനും, ചരിത്രകാരനുമായിരുന്ന പ്ലൈനി ദ എൽഡർ ഇന്ത്യയിലെ ആദ്യത്തെ വാണിജ്യമേഖലയായാണു മുസിരിസിനെ രേഖപ്പെടുത്തിയിരിക്കുന്നത്.[1]

ചരിത്രം

തിരുത്തുക

ഒന്നാം നൂറ്റാണ്ടിലെ പ്രമുഖ വാണിജ്യതുറമുഖ കേന്ദ്രമായിരുന്നു മുസിരിസ്. ദക്ഷിണേന്ത്യയിൽ, കേരളത്തിലെ കൊടുങ്ങല്ലൂരിനോട് ചേർന്നാണ് മുസിരിസ് നില നിന്നിരുന്നത് എന്ന് കരുതപ്പെടുന്നു. കൊടുങ്ങല്ലൂർ ഭരിച്ചിരുന്ന ചേര-പാണ്ഡ്യരാജാക്കന്മാരുടെ കാലഘട്ടത്തിലാണ് മുസിരിസ് പ്രബലമായ വാണിജ്യ കേന്ദ്രമായി രൂപപ്പെടുന്നത്. 9ാം നൂറ്റാണ്ടിൽ പെരിയാർ തീരപ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന 10 വൈഷ്ണവക്ഷേത്രങ്ങൾ അക്കാലഘട്ടത്തിലെ പാണ്ഡ്യരാജാക്കന്മാരുടെ സ്വാധീനത്തിനുള്ള തെളിവാണ്. പൗരാണിക തമിഴ് കൃതികളിലും യൂറോപ്യൻ സഞ്ചാരികളുടെ രചനകളിലും മുസിരിസിനെക്കുറിച്ച് പരാമർശമുണ്ട്. വിഭജിച്ചൊഴുകുക എന്നർത്ഥമുള്ള മുസിരി എന്ന തമിഴ് വാക്കിൽ നിന്നാണ് മുസിരിസ് എന്ന് പേര് ഉരുത്തിരിഞ്ഞത്. അക്കാലത്ത് കൊടുങ്ങല്ലൂർ ഭാഗത്തൂടെ ഒഴുകിയിരുന്ന പെരിയാർ രണ്ടുശാഖകളായൊഴുകിയതിൽ നിന്നാണ് ഈ പദം ലഭിച്ചത് എന്ന് കരുതപ്പെടുന്നു.

ദക്ഷിണേഷ്യയിലെ പ്രമുഖവാണിജ്യ കേന്ദ്രമായിരുന്ന മുസിരിസ്, ഈജിപ്റ്റുകാർ, ഗ്രീക്കുകാർ,ഫിനീഷ്യൻസ്, യമനികൾ ഉൾപ്പെടെയുള്ള അറബികൾ തുടങ്ങിയ പ്രമുഖ വാണിജ്യ നഗരങ്ങളുമായെല്ലാം കച്ചവടം നടത്തിയിരുന്നു. കയറ്റുമതി ചെയ്യപ്പെട്ടവയിൽ  സുഗന്ധവ്യഞ്ജനങ്ങൾ (കുരുമുളക്, ഏലം), മരതകം, മുത്ത്‌ തുടങ്ങിയ അമൂല്യരത്നങ്ങൾ, ആനക്കൊമ്പ്, ചൈനീസ് പട്ട് തുടങ്ങിയവയെല്ലാംമുണ്ടായിരുന്നു.

അഞ്ചാം നൂറ്റാണ്ടിൽ റോമൻ തുറമുഖങ്ങൾ ക്ഷയോന്മുഖമായത് മുതലാണ് മുസിരിസ് പ്രബലമാകുന്ന്ത്. 14ം നൂറ്റാണ്ടിൽ പെരിയാറിലെ പ്രളയത്തിൽ മുസിരിസ് നാമാവശേഷമായി എന്നാണ് ചരിത്രരേഖകൾസാക്ഷ്യപ്പെടുത്തുന്നത്.

പൈതൃക മേഖല

തിരുത്തുക

കേരളത്തിൻറെ സമ്പന്നമായ വാണിജ്യചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് നോർത്ത് പറവൂർ, പട്ടണം, കൊടുങ്ങല്ലൂർ പ്രദേശങ്ങളിൽ ഖനനം ചെയ്തതിലൂടെ ലഭിച്ച പൗരാണിക അവശിഷ്ടങ്ങൾ. ശിലാലിഖിതങ്ങൾ, പൗരാണിക നാണയങ്ങൾ, വസ്ത്രങ്ങൾ, കാർഷികയന്ത്രങ്ങൾ, ചിത്രങ്ങൾ ആലേഖനം ചെയ്ത വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം സമീപപ്രദേശങ്ങളിലെ ഖനനത്തിലൂടെ ലഭിക്കുകയുണ്ടായി. മുസിരിസ് നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്ന പ്രദേശങ്ങളെ പൈതൃകസംരക്ഷണ മേഖലയായി പ്രഖ്യാപിക്കുകയുണ്ടായി. ഏറണാകുളം ജില്ലയിലെ വടക്കൻ പറവൂർ മുതൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ വരെ നീണ്ടു കിടക്കുന്നതാണ് മുസിരിസ്-പൈതൃകസംരക്ഷണമേഖല. ഏറണാകുളം ജില്ലയിൽ ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേക്കര, പള്ളിപ്പുറം പഞ്ചായത്തുകളും തൃശൂർ ജില്ലയിൽ എറിയാട്, മതിലകം, ശ്രീനാരായണപുരം വെള്ളാങ്ങല്ലൂർ പഞ്ചായത്തുകളും ഇതിൽ ഉൾപ്പെടുന്നു.

പ്രസക്തി

തിരുത്തുക

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രാചീനമായ വാണിജ്യതുറമുഖമായിരുന്നു മുസിരിസ്. റോമാക്കാർ, യവനക്കാർ തുടങ്ങിയവർ ആദ്യമായി തെക്കൻ ഏഷ്യൻ  ഭൂഖണ്ഡവുമായി വാണിജ്യബന്ധം സ്ഥാപിച്ചത് മുസിരിസുമായിട്ടാണ് എന്ന് കരുതപ്പെടുന്നു. വിയന്ന മ്യുസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ചുരുളിൽ (Papyrus) അലക്സാന്ദ്രിയയും മുസിരിസും തമ്മിൽ നടത്തിയിരുന്ന വാണിജ്യ കരാറുകളുടെ രേഖകൾ കാണാം. 2500വർഷങ്ങൾക്കു  മുൻപ് നിലനിന്നിരുന്ന അതീവസമ്പന്നമായ ഒരു തുറമുഖ സംസ്കാരത്തിന്റെ അവശേഷിപ്പാണ് മുസിരിസ്.

പരാമർശങ്ങൾ

തിരുത്തുക

പൗരാണിക തമിഴ് സംഘം കൃതികളിൽ വാണിജ്യതുറമുഖമായിരുന്ന മുസിരിയെക്കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്. സംഘം കാലഘട്ടത്തിലെ പ്രമുഖ തമിഴ് കൃതിയായ ‘അകനന്നുറു’ (Aka-Nannuru) വിൽ പെരിയാർ തീരത്തടുക്കുന്ന യവനകപ്പലുകളെക്കുറിച്ച് പരാമർശമുണ്ട്. സംഘം കാലഘട്ടത്തിലെ മറ്റൊരു പ്രമുഖ കൃതിയായ ‘പുരാനന്നുറു’ (Pura-Nannuru) വിൽ മുസിരിയുടെ ജലാശയങ്ങളെക്കുറിച്ചും , വാണിജ്യസംഘങ്ങളെക്കുറിച്ചും പരാമർശമുണ്ട്. തമിഴ് പൗരാണിക കൃതിയായ പത്തിരുപ്പാട്ടിൽ (Pathiruppatu) കടലിൽ കൂടി കൊണ്ടുവന്ന ആഭരങ്ങളും മറ്റും സൂക്ഷിക്കുന്ന തുറമുഖങ്ങളെക്കുറിച്ച് പരാമർശങ്ങളുണ്ട്. പൗരാണിക സഞ്ചാരിയായിരുന്ന പ്ലിനി യുടെ (Pliny the Elder) സഞ്ചാരലേഖനങ്ങളിൽ മുസിരിസിനെക്കുറിച്ചു പരാമർശമുണ്ട്

സ്മാരകങ്ങൾ

തിരുത്തുക

പട്ടണം ഉദ്ഘനനത്തിൽ നിന്നും ലഭിച്ച വിവരങ്ങളിൽ മുസിരിസുമായി ബന്ധപ്പെട്ട നിരവധി സ്മാരകങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം.

പട്ടണം ഉദ്ഘനനപ്രദേശം

തിരുത്തുക

കൊടുങ്ങല്ലൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള എറണാകുളം ജില്ലയിലെ 'പട്ടണം പ്രദേശത്തു നടത്തിയ ഘനനത്തിൽ മഹാശിലായുഗത്തിലെ (Megalithic age) പാത്രങ്ങൾ, ചെമ്പ്-ഇരുമ്പ് നാണയങ്ങൾ, പത്തെമാരികളുടെ അവശിഷ്ടങ്ങൾ, ചെറിയ തടിവള്ളങ്ങളുടെ അവശിഷ്ടങ്ങൾ തുടങ്ങിയ സുപ്രധാന തെളിവുകൾ ലഭിച്ചു.

പള്ളിപ്പുറം കോട്ട

തിരുത്തുക

1503 ൽ പോർട്ടുഗീസുകാർ നിർമ്മിച്ച കോട്ട മുസിരിസ് തുറമുഖത്തെത്തുന്ന കപ്പലുകൾ നന്നാക്കാനും,സാധനങ്ങൾ സൂക്ഷിക്കാനുമുള്ള സ്ഥലമായി ഉപയോഗിച്ചിരുന്നു. ഒരു നിലയിൽ വെടിമരുന്നു സൂക്ഷിക്കുകയും മറ്റൊരു  നില ആശുപത്രിയായും ഉപയോഗിച്ച് വന്നു. 1662 ഡച്ചുകാർ കോട്ട കീഴടക്കുകയുണ്ടായി.

കരൂപ്പടന്ന ചന്ത, കോട്ടപ്പുറം ചന്ത

തിരുത്തുക

തൃശൂരിൽ സ്ഥിതി ചെയ്യുന്ന കരൂപ്പടന്ന ചന്തയും, കോട്ടപ്പുറം ചന്തയും മുസിരിസ് പ്രതാപകാലത്തെ പ്രമുഖ വാണിജ്യ കേന്ദ്രങ്ങളയിരുന്നു. മുസിരിസ് തുറമുഖം വഴിയെത്തിയിരുന്ന വിദേശസാമഗ്രികൾ വ്യാപാരം ചെയ്തിരുന്ന പ്രമുഖ കേന്ദ്രങ്ങൾ കൂടിയായിരുന്നു കരൂപ്പടന്ന ചന്തയും കോട്ടപ്പുറം ചന്തയും.

മുസിരിസ് പൈതൃകസംരക്ഷണപദ്ധതി

തിരുത്തുക

കേരള സർക്കാരിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പദ്ധതി, മൺമറഞ്ഞപോയ മുസിരിസിൻറെ ചരിത്രപരവും സാംസ്കാരികവുമായ ഔന്നത്യം പുറംലോകത്തിനു പ്രകാശനം ചെയ്യാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്. 2006ൽ പട്ടണം ഉദ്ഘനനത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃകസംരക്ഷണപദ്ധതി കൂടിയാണ് മുസിരിസ്.

കൂടുതൽ വിവരങ്ങൾ

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

റഫറൻസുകൾ

തിരുത്തുക
  1. 1.0 1.1 "Lost cities #3 – Muziris: did black pepper cause the demise of India's ancient port?". The Guardian. 2016-08-10. Archived from the original on 2022-07-30. Retrieved 2023-01-25.{{cite web}}: CS1 maint: bot: original URL status unknown (link)
  2. Muthiah, S (2017-04-24). "The ancient ports of India". The Hindu. Archived from the original on 2022-05-26. Retrieved 2023-01-25.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "Pattanam richest Indo-Roman site on Indian Ocean rim". The Hindu. 2009-05-03. Archived from the original on 2022-05-12. Retrieved 2023-01-25.{{cite web}}: CS1 maint: bot: original URL status unknown (link)
  4. Balfour, Edward (1871). Cyclopaedia of India and of Eastern and Southern Asia, Commercial Volume 2. p. 584.
"https://ml.wikipedia.org/w/index.php?title=മുസിരിസ്&oldid=4012328" എന്ന താളിൽനിന്ന് ശേഖരിച്ചത്