കൂനൻ കുരിശുസത്യം

1653-ൽ കേരളത്തിലെ മാർ തോമാ നസ്രാണികൾ എടുത്ത പ്രതിജ്ഞ
(കൂനൻ കുരിശു സത്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കേരളത്തിലെ മാർ തോമാ നസ്രാണികൾ തങ്ങളുടെ സഭയെ പോർച്ചുഗീസുകാരും ജെസ്യൂട്ട് പാതിരികളും റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ വരുത്തുവാൻ നടത്തിയ പീഡനങ്ങൾക്കെതിരായി ഇനി മുതൽ തങ്ങളും തങ്ങളുടെ പിൻഗാമികളും സാമ്പാളൂർ പാതിരിമാരുമായി (ഈശോസഭയുടെ സാൻ പൗളോ ആശ്രമത്തിൽ ആസ്ഥാനമുറപ്പിച്ചവർ) വിധേയപ്പെടുകയില്ല എന്ന് 1653 ജനുവരി 3-ന് കൊച്ചിക്ക് സമീപമുള്ള മട്ടാഞ്ചേരിയിൽ വെച്ച് പരസ്യമായി എടുത്ത പ്രതിജ്ഞയാണ് കൂനൻ കുരിശുസത്യം അഥവാ കൂനൻ കുരിശ് പ്രതിജ്ഞ എന്ന് അറിയപ്പെടുന്നത്. ഈ സംഭവം കൂനൻ കുരിശ് കലാപം എന്നും അറിയപ്പെടുന്നു. ചില ചരിത്രകാരന്മാർ കൂനൻ കുരിശ് സത്യം മുഖ്യമായും പോർട്ടുഗീസുകാർക്കും അവരുടെ വക്താക്കളായ ഈശോസഭക്കാർക്കും എതിരായുള്ള പ്രതിഷേധമായിരുന്നു എന്ന് അഭിപ്രായപ്പെടുമ്പോൾ[1] മറ്റ് ചിലർ ഇത് അന്നത്തെ റോമൻ കത്തോലിക്കാ സഭക്കെതിരെ കൂടിയുള്ള പ്രതിഷേധവും തങ്ങളുടെ പുരാതന സഭയെ അതിന്റെ മുമ്പുണ്ടായിരുന്ന എല്ലാ സ്വാതന്ത്യത്തോടും കൂടി പുനഃസ്ഥാപിക്കുവാനുള്ള മാർ തോമാ നസ്രാണികളുടെ അദമ്യമായ അഭിവാഞ്ജയുടെ പ്രതിഫലനവും ആയിരുന്നു എന്നും നിരീക്ഷിക്കുന്നു.[2] ഒരു പക്ഷേ വൈദേശിക താല്പര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംഘടിത ചെറുത്തുനില്പ് ഇതായിരിക്കാം എന്നും ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.[3]

മട്ടാഞ്ചേരി പള്ളി

പേരിനു പിന്നിൽ

2500-ഓളം വരുന്ന വിശ്വാസികൾ[4] കുരിശിൽ വടം കെട്ടി അതിൽ പിടിച്ച് ഒരേ സമയം സത്യം ചെയ്യുകയും തൽഫലമായി കുരിശു വളഞ്ഞ് കൂനായതു കൊണ്ട് കൂനൻ കുരിശു എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

ചരിത്രം

മാർ തോമാ നസ്രാണികൾ (ചുരുക്കത്തിൽ നസ്രാണികൾ) അഥവാ മാർത്തോമാ ക്രിസ്ത്യാനികൾ എന്ന് അറിയപ്പെട്ടിരുന്ന കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികൾ അധികവും തോമാശ്ലീഹായാൽ ഒന്നാം നൂറ്റാണ്ടിൽ ക്രൈസ്തവരാക്കപ്പെട്ടു എന്ന് വിശ്വസിച്ചിരുന്ന തദ്ദേശിയരും മദ്ധ്യപൗരസ്ത്യ ദേശത്ത് നിന്നും കുടിയേറി വന്നവരുടെ പിന്മുറക്കാരും ആയിരുന്നു. പ്രാദേശികമായ ആചാരങ്ങൾ അവർക്കിടയിൽ വേണ്ടുവോളം ഉണ്ടായിരുന്നു. അന്നത്തെ രാജാക്കന്മാരുടെ കാലത്ത് അവർക്ക് പ്രത്യേകം പരിഗണനകൾ കിട്ടിയിരുന്നു. ഹിന്ദുക്കളായ അദ്ധ്യാപകരുടെ കീഴിൽ വിദ്യ അഭ്യസിക്കുകയും പതിവായിരുന്നു.

പേർഷ്യൻ സഭയുമായുള്ള ബന്ധം

ആദ്യനൂറ്റാണ്ടുകളിൽ തന്നെ കേരളത്തിലെ സഭ പേർഷ്യയിലെ കിഴക്കിന്റെ സഭയുമായുള്ള ബന്ധത്തിലെത്തി എന്ന് കരുതുന്നു. ഇരുസഭകളും തോമാശ്ലീഹയാൽ സ്ഥാപിതമായതായി എന്ന് അവകാശപ്പെടുന്നവയാണ്. എന്നാൽ വ്യാപാരപരമായ ബന്ധങ്ങൾ പേർഷ്യയുമായി അന്നു കൂടുതൽ ഉണ്ടായിരുന്നതും പേർഷ്യയിലെ ഭരണാധികാരികൾ ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്നതിനാൽ നിരവധി മെത്രാന്മാർ ഇന്ത്യയിലേയ്ക്ക് വന്നതുമാണ് കാരണങ്ങൾ എന്ന് ജോസഫ് പുലിക്കുന്നേൽ സമർത്ഥിക്കുന്നു.[5] കിഴക്കിന്റെ കാസോലിക്കാ-പാത്രിയർക്കീസ് നിയോഗിച്ചിരുന്ന മെത്രാന്മാരായിരുന്നു കേരളസഭയെ ഭരിച്ചിരുന്നത്.[അവലംബം ആവശ്യമാണ്] അങ്ങനെ പേർഷ്യയിൽ (ബാബിലോണിൽ) നിന്നുള്ള മെത്രാന്മാർ സഭാപരമായ കാര്യങ്ങളിൽ ആത്മീയാധികാരികളായിരുന്നപ്പോഴും കേരള സഭയുടെ പൊതുഭരണം നിയന്ത്രിച്ചിരുന്നത് അർക്കദ്യാക്കോൻ അഥവാ ആർച്ച്ഡീക്കൻ എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്ന തദ്ദേശീയ പുരോഹിതനായിരുന്നു.[അവലംബം ആവശ്യമാണ്] അദ്ദേഹത്തിനായിരുന്നു മാർ തോമാ നസ്രാണികളുടെ സാമുദായിക നേതൃത്വം. സുറിയാനി ആരാധനാഭാഷയായി ഉപയോഗിച്ചിരുന്നതിനാൽ നസ്രാണികളെ സുറിയാനി ക്രിസ്ത്യാനികൾ എന്നും അറിയപ്പെട്ടിരുന്നു.[അവലംബം ആവശ്യമാണ്]

പോർട്ടുഗീസുകാരുടെ ആഗമനം

മാർ തോമാ നസ്രാണികൾ 1502-ൽ വന്നെത്തിയ വാസ്കോ ഡ ഗാമയുടെ അടുത്ത് തങ്ങളെ പോർത്തുഗൽ രാജാവിന് കീഴിലാക്കണമെന്നും മറ്റും അഭ്യർത്ഥിച്ചു.[അവലംബം ആവശ്യമാണ്] അങ്ങനെ പോർട്ടുഗീസുകാർ അവരുടെ കൂടെ മിഷണറിമാർ കൊണ്ടുവന്നു തുടങ്ങി. ആദ്യം ഇവർ വളരെ സൗഹാർദ്ദപരമായാണ് കഴിഞ്ഞു വന്നത്. ആദ്യകാലങ്ങളിൽ വിശുദ്ധനായ ഫ്രാൻസിസ് സേവ്യറിന്റെ നേതൃത്വത്തിൽ മത പ്രവർത്തനങ്ങൾ നടന്നിരുന്നതൊന്നും ആരും എതിർത്തിരുന്നില്ല.[അവലംബം ആവശ്യമാണ്] എന്നാൽ പിൽക്കാലങ്ങളിൽ കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ പൂർണ്ണമായും തങ്ങളുടെ വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പോർട്ടുഗീസുകാരുടെ ഭാഗത്തുനിന്നുണ്ടായി.[അവലംബം ആവശ്യമാണ്]

1541-ൽ ഫ്രാൻസിസ്കൻ വൈദികർ കൊടുങ്ങല്ലൂരിൽ ദേവാലയം നിർമ്മിച്ചു. 1542- ല് ഈശോസഭക്കാരും (ജെസ്യൂട്ട് / പൗലസ്ത്യർ) 1548-ൽ ഡൊമിനിക്കൻ സഭക്കാരും 1572-ൽ അഗസ്തീനിയൻ സഭക്കാരും ഇന്ത്യയിൽ എത്തി. ഇതിൽ ഈശോ സഭക്കാരുടെ പ്രവർത്തനങ്ങളാണ് ക്രിസ്തുമതത്തിന് ഇവിടെ കൂടുതൽ വേരോട്ടം നൽകിയത്.[അവലംബം ആവശ്യമാണ്] പോർട്ടുഗീസുകാർക്ക് അഭിമതരായിരുന്നു ഈശോ സഭക്കാർ.

1534-ൽ ഗോവാ രൂപത സ്ഥാപിതമായതോടെ ഇന്ത്യയിലെ ക്രൈസ്തവകേന്ദ്രം ഗോവയാക്കിത്തീർക്കാൻ പോർത്തുഗീസുകാർ ശ്രമിച്ചപ്പോൾ അവരുമായി ചേർന്നു ഇശോസഭക്കാരും ആ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. ഗുഡ് ഹോപ്പ് മുനമ്പ് മുതൽ ചൈന വരെ പോർട്ടുഗീസ് സർവ്വാധിപത്യമുള്ള സ്ഥലങ്ങളിലെ സഭാഭരണവും ഗോവയുടെ കീഴിൽ കൊണ്ടുവന്നു.[അവലംബം ആവശ്യമാണ്] ഇവയുടെയെല്ലാം ആത്മീയ പരമാധികാരം റോമിലെ മാർപാപ്പയ്ക്കു തന്നെയായിരുന്നെങ്കിലും, സഭയുടെ ഭരണാധികാരം അഥവാ മെത്രാന്മരെ നിയോഗിക്കലും മറ്റും പോർട്ടുഗീസ് രാജാവിന് വിട്ടു കൊടുത്തുകൊണ്ട് ഒരു ഉടമ്പടി നിലവിൽ വന്നു, ഇതാണ് പാഡ്രുവാഡോ ഉടമ്പടി.[അവലംബം ആവശ്യമാണ്] ഇതനുസരിച്ച് പോർട്ടുഗൽ രാജ്യാധിപനാണ് അവരുടെ ഭരണഭൂവിഭാഗങ്ങളിലെ സഭാഭരണം നടത്തിയിരുന്നത്. എന്നാൽ പാഡ്രുവാഡൊ ഭരണത്തിലല്ലാത്ത സ്ഥലങ്ങളിൽ സഭാഭരണം നടത്താനായി മാർപാപ്പയുടെ മേൽനോട്ടത്തിൽ രൂപീകൃതമായ സമിതിയുണ്ടായിരുന്നു. ഇതാണ് പ്രൊപ്പഗാന്താ തിരുസംഘം.[അവലംബം ആവശ്യമാണ്] എന്നാൽ കേരളത്തിൽ പൂർണ്ണമായും പോർട്ടുഗീസ് ആധിപത്യം ഇല്ലാഞ്ഞതിനാൽ ഇവിടത്തെ നസ്രാണികൾ ഒരു തരം അനിശ്ചിതത്വത്തിൽ ആയിരുന്നു. പാഡ്രുവാഡോ ഭരണത്തിൽ കീഴിൽ ഒരു വിഭാഗം, പ്രൊപ്പഗാന്താ ഭരണത്തിൽ ഒരു വിഭാഗം ഇതല്ലാതെ ബാബിലോണിയൻ പാത്രിയാർക്കീസിന്റെ കീഴിലിരുന്നാൽ മതിയെന്നു വാദിച്ചിരുന്ന യാഥാസ്ഥിതിക വിഭാഗം. അവസാനത്തെ വിഭാഗങ്ങളെ ഇല്ലാതാക്കി പാഡ്രുവാഡോ ഭരണത്തിൽ കീഴിൽ എല്ലാവരെയും കൊണ്ടുവരാനായീ പോർട്ടുഗീസുകാരുടെ ശ്രമം. ഇതിൽ മുൻകൈയെടുത്തു പ്രവർത്തിച്ചിരുന്നത് ഈശോ സഭക്കാരായിരുന്നു. അവർക്ക് കൊടുങ്ങല്ലൂരിലെ അമ്പഴക്കാട് എന്ന സ്ഥലത്ത് വൈദിക പഠനകേന്ദ്രവും ദേവാലയവും ഉണ്ടായിരുന്നു (ഇത് സെൻറ് പോൾസ് എന്നറിയപ്പെട്ടിരുന്നു. പ്രാദേശിക ഭാഷയിൽ ഇത് സെയിന്റ്പൊളൂർ എന്നും പിന്നീട് ഇന്നത്തെ സാമ്പാളൂർ എന്നും ആയി മാറി).[അവലംബം ആവശ്യമാണ്]

1553-ൽ കൊച്ചി രൂപത സ്ഥാപിക്കുകയും ഗോവാ അതിരൂപതയുടെ കീഴിലാക്കുകയും ചെയ്തെങ്കിലും സുറിയാനിക്കാർ അങ്കമാലി അതിരൂപതയുടെ (പൗരസ്ത്യ സുറിയാനി രൂപത) കീഴിൽ തന്നെ സ്വതന്ത്രമായി പ്രവത്തിച്ചു. ഇത് പോർട്ടുഗീസുകാർക്ക് അത്ര ഇഷ്ടമായിരുന്നില്ല.[അവലംബം ആവശ്യമാണ്] അങ്ങനെയിരിക്കെ അങ്കമാലി മെത്രാപ്പോലീത്തയായിരുന്ന മാർ അബ്രാഹം മെത്രാപ്പോലീത്ത അന്തരിച്ചു. ഇത് അവസരപ്പെടുത്തി ഗോവ മെത്രാപ്പോലീത്തയായിരുന്ന ഡോ. അലെക്സിയൂസ് ഡെ മെനസിസ് ഉടനെ കേരളത്തിലെത്തി അങ്കമാലിയെ ഗോവയ്ക്കു കീഴിൽ കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. [6] എന്നാൽ പാരമ്പര്യമനുസരിച്ച് അങ്കമാലി രൂപതയുടെ ഭരണം ഗീവർഗ്ഗീസ് ആർച്ച്ഡീക്കൻ ഏറ്റിരുന്നു. അദ്ദേഹം ഗോവ മെത്രൊപ്പോലീത്തയുടെ മേലധികാരം സമ്മതിക്കാൻ തയ്യാറായില്ല. എന്നാൽ മെനസിസ് അദ്ദേഹത്തെ തന്ത്രപൂർവ്വം തന്റെ വാസസ്ഥലത്തുവച്ച് ഒരു രേഖയിൽ ഒപ്പിടുവിച്ചു. ബാബിലോണിയാ പാത്രിയാർക്കീസുമായി ബന്ധം വിടുവിക്കുന്നതിന്റെ രേഖയായിരുന്നു അത്. അന്ന് കത്തോലിക്കാ വിഭാഗത്തിന്റെ തലവൻ മാർ ശെമയോനും[7] നെസ്തോറിയൻ വിഭാഗത്തിന്റേത് മാർ ഏലിയാസുമായിരുന്നു. എന്നാൽ ബാബേലിലെ എല്ലാവരും നെസ്തോറിയന്മാരാണെന്നും കത്തോലിക്കരല്ലെന്നും വരുത്തിത്തീർക്കാനുള്ള ശ്രമമായിരുന്നു മെനസിസിന്റേത്.[അവലംബം ആവശ്യമാണ്] ഇത് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ അസംതൃപ്തരാക്കിയ സംഭവമായിരുന്നു. അപ്പോഴേക്കും അർക്കദിയാക്കോൻ, മെനസിസിന്റെ കയ്യിലെ പാവ മാത്രമായിത്തീർന്നിരുന്നു.[അവലംബം ആവശ്യമാണ്]

ഉദയംപേരൂർ സുന്നഹദോസും ലത്തീൻവൽക്കരണങ്ങളും

താമസിയാതെ മെനസിസ് മെത്രാപ്പോലീത്ത ഉദയം‍പേരൂർ സുന്നഹദോസ് വിളിച്ചു കൂട്ടി. ഇന്ത്യയിലെ ആദ്യത്തെ സുന്നഹദോസ് ഇതായിരുന്നു.[8] എങ്കിലും ഇതിന് മാർപാപ്പയുടെ അംഗീകാരം ഇല്ലായിരുന്നു.[അവലംബം ആവശ്യമാണ്] ആർച്ച്ഡീക്കനും 153 കത്തനാർമാരും 660 അൽമായ പ്രതിപുരുഷന്മാരും സുറിയാനികളെ പ്രതിനിധാനം ചെയ്തു. തങ്ങളുടെ പരമ്പരാഗതമായ ആചാരങ്ങളിൽ ചിലതെല്ലാം നെസ്തോറിയനാണെന്ന് വരുത്തിത്തീർക്കുകയും അതിനു പകരം ലത്തീൻ ആരാധനാക്രമങ്ങൾ അടിച്ചേൽപ്പിക്കുകയും പാഡ്രുവാഡോ ഭരണത്തിൻ കീഴിൽ അവരെയല്ലാം കൊണ്ടു വരികയായിരുന്നു സുന്നഹദോസിന്റെ ലക്ഷ്യം.[അവലംബം ആവശ്യമാണ്]

പത്തുമാസം കേരളത്തിൽ ചുറ്റി സഞ്ചരിച്ച് ചരിത്ര രേഖകളും പാരമ്പര്യ ഗ്രന്ഥങ്ങളും മറ്റും നശിപ്പിച്ച് ‍മെനസിസ് ഗോവയിലേയ്ക്ക് തിരിച്ചു പോയി. അങ്കമാലി അതിരൂപത പോർട്ടുഗീസുകാരുടെ കീഴിലായി. എന്നാൽ കേരളത്തിലെ നസ്രാണികൾ ഈ നടപടിയിൽ ക്ഷുഭിതരായിരുന്നു.[അവലംബം ആവശ്യമാണ്] 1601-ൽ ഫ്രാൻസിസ് റോസ് മാർത്തോമാ ക്രിസ്ത്യാനികളുടെ ആദ്യ ലത്തീൻ മെത്രാനായി അവരോധിതനായി. അദ്ദേഹത്തിന്റെ നിയമനത്തോടു കൂടി മാർത്തോമാ ക്രിസ്ത്യാനികളുടെ ആരാധനക്രമവും സഭാജീവിതവും ലത്തീൻവത്ക്കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 1624-ൽ റോസ് അന്തരിച്ചു. തുടർന്നു മെത്രാന്മാരായി വന്ന സ്റ്റീഫൻ ബ്രിട്ടോയും ഫ്രാൻസിസ് ഗാർസിയയും അതേ നയം തന്നെ പിന്തുടർന്നു. ആത്യന്തികമായി നൂറ്റാണ്ടുകളിലൂടെ വളർന്ന് വന്ന കേരളത്തിലെ സഭ ഒരു "അധിനിവേശ സഭ"യായി മാറ്റപ്പെട്ടു.[9] ആരാധനാക്രമ ഭാഷ പൗരസ്ത്യ സുറിയാനിയായി തുടർന്നുവെന്നു മാത്രം.[9]

അങ്ങനെ പൗരസ്ത്യ സുറിയാനി ഭാഷയുടെ വേഷഭൂഷാദികളാൽ ആവരണം ചെയ്യപ്പെട്ടിരുന്നെങ്കിലും ലത്തീൻ സഭയുടെ ആരാധനാക്രമത്തിന്റെ മനോഭാവത്തിൽ മാർത്തോമാ ക്രൈസ്തവരുടെ സഭാജീവിതം ചുറ്റിത്തിഞ്ഞു തുടങ്ങി.[9] അവരുടെ പരമ്പരാഗത ആരാധനക്രമം അപ്രധാനമാകുകയും അതിന്റെ സ്ഥാനത്ത് ആരാധനാക്രമവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ഭക്താനുഷ്ഠാനുങ്ങൾ കടന്നു വരികയും ചെയ്തു. 1632-ൽ അവർ ഇടപ്പള്ളിയിൽ വച്ച് ഒരു മഹാ സമ്മേളനം വിളിച്ചു കൂട്ടി. സുറിയാനിക്രമങ്ങൾക്കു പകരം ലത്തീൻ ആരാധനാക്രമങ്ങൾ തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനെതിരായി യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഈശോ സഭക്കാരെ തങ്ങളുടെ ദേവാലയങ്ങളിൽ പ്രവേശിപ്പിക്കരുതെന്നും അർക്കദിയാക്കോന്റെ ഒപ്പ് ഉണ്ടെങ്കിൽ മാത്രമേ മെത്രാപ്പൊലീത്തായുടെ കല്പന അനുസരിക്കേണ്ടതുള്ളു എന്നും മറ്റും യോഗം തീരുമാനിച്ചു. ഇത് പോർട്ടുഗൽ രാജാവിനേയും മാർപാപ്പയുടെ പ്രതിനിധിയേയും അറിയിച്ചു.[അവലംബം ആവശ്യമാണ്]

അഹത്തള്ള ഇന്ത്യയിലെത്തുന്നു

പോർച്ചുഗീസ് പാദ്രുവാദോ ഭരണം മൂലമുള്ള കഷ്ടപ്പാടുകളിൽ നിന്നും ഒരു മോചനം സാധ്യമാകണമെങ്കിൽ തങ്ങൾക്ക് നൂറ്റാണ്ടുകളായി പരിചിതമായിരുന്ന പൗരസ്ത്യസഭയിൽ നിന്നുള്ള ഒരു മെത്രാൻ ഇവിടെയെത്തേണ്ടതുണ്ടെന്ന് മാർത്തോമാ നസ്രാണികളുടെ തലവനായിരുന്ന ആർച്ച്ഡീക്കൻ തോമാക്ക് ബോധ്യമായി.[അവലംബം ആവശ്യമാണ്] ഒരു മെത്രാനെ ലഭിക്കുന്നതിനായി അലക്സാണ്ഡ്രിയയിലെ കോപ്റ്റിക്ക് പാത്രിയാർക്കീസിനും അന്ത്യോക്യയിലെ യാക്കോബായ പാത്രിയർക്കീസിനും ബാബിലോണിയയിലെ നെസ്തോറിയൻ പാത്രിയർക്കീസിനും കത്തുകൾ അയച്ചു. എന്നാൽ അവിടെങ്ങളിൽ നിന്നും മറുപടികൾ ഒന്നും ലഭിച്ചില്ല.[അവലംബം ആവശ്യമാണ്]

അങ്ങനെയിരിക്കെ 1652-ലാണ് അഹത്തള്ള എന്ന ഒരു മെത്രാൻ ഇന്ത്യയിലെത്തുന്നത്. അദ്ദേഹത്തെ ആരാണ് ഇന്ത്യയിലേക്ക് അയച്ചത് എന്നതിനെ പറ്റി ചരിത്രകാരന്മാരുടെ ഇടയിൽ ഏകാഭിപ്രായമില്ല. ആർച്ച്ഡീക്കൻ തോമയുടെ കത്ത് ലഭിച്ചതിൻ പ്രകാരം അലക്സാണ്ഡ്രിയയിലെ പാത്രിയാർക്കീസാണ് അദ്ദേഹത്തെ ഇന്ത്യയിലേക്ക് അയച്ചത് എന്നാണ് സ്കോട്ട്ലൻഡിൽ നിന്നുള്ള ഒരു ആംഗ്ലിക്കൻ പ്രൊട്ടസ്റ്റന്റ് മിഷനറിയും പ്രസിദ്ധ സഭാചരിത്രകാരനുമായ സ്റ്റീഫൻ നീൽ, ചരിത്രകാരനും ഇന്ത്യൻ ചരിത്രത്തിലും സഭാചരിത്രത്തിലുമുള്ള പുസ്തങ്ങൾ രചിച്ചിട്ടുള്ള റോബർട്ട് എറിക്ക് ഫ്രൈക്കൻബർഗ് എന്നിവർ രേഖപ്പെടുത്തിയിരിക്കുന്നത്.[10][11] എന്നാൽ അഹത്തള്ളയെ ഇവിടേക്ക് നിയോഗിച്ചത് അന്ത്യോക്യയിലെ പാത്രിയർക്കീസാണെന്ന് ചില ചരിത്രകാരന്മാരും ബാബിലോണിലെ പാത്രിയർക്കീസ് ആണെന്ന് മറ്റു ചിലരും അഭിപ്രായപ്പെടുന്നു.[അവലംബം ആവശ്യമാണ്]

അഹത്തള്ള ആദ്യം എത്തിയത് സൂറത്ത് തുറമുഖത്തായിരുന്നു.[12] അവിടെ നിന്നും ഒരു ഡച്ച് കപ്പലിൽ കയറി അദ്ദേഹം മൈലാപ്പൂരിൽ എത്തി.[13] പോർട്ടുഗീസുകാർ മൈലാപ്പൂരിൽ വച്ച് അഹത്തള്ളയെ പിടിച്ചു ഈശൊ സഭക്കാരുടെ നിരീക്ഷണത്തിലുള്ള വീട്ടുതടങ്കലിൽ ആക്കി. ഈയവസരത്തിൽ മൈലാപ്പൂരിലേയ്ക്ക് തീർത്ഥാടനത്തിനായി വന്ന ഇട്ടി എന്നും കുര്യൻ എന്നും അറിയപ്പെടുന്ന കേരളത്തിൽ നിന്നുള്ള രണ്ട് ശെമ്മാശന്മാർ അഹത്തള്ളയെ കാണാനിടയായി. അവർ മടങ്ങി പോകുന്ന വേളയിൽ അഹത്തള്ള മാർ തോമാ നസ്രാണികളുടെ തലവന്മാർക്ക് നൽകേണ്ടതിനായി താൻ 'അഖിലേന്ത്യയുടെയും ചൈനയുടെയും പാത്രിയർക്കീസ്' ആണെന്നും രണ്ടു പട്ടക്കാരും നാല്പതു ആളുകളും കൂടെ മൈലാപ്പൂരിൽ നിന്ന് തന്നെ ക്രമപ്രകാരം ആനയിച്ച് നിങ്ങളുടെ സ്ഥലത്തേക്ക് കൊണ്ടുപോകണം എന്നും എഴുതിയ ഒരു കത്ത് കൊടുത്തയച്ചു.[അവലംബം ആവശ്യമാണ്] ഈ വിവരം അറിഞ്ഞ നസ്രാണികൾ ആഹ്ലാദഭരിതരായി അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. എന്നാൽ മൈലാപ്പൂരിലെ ഈശോസഭക്കാർ, അഹത്തള്ളയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പോർച്ചുഗീസ് അധികൃതരെ രഹസ്യമായി വിവരം ധരിപ്പിക്കുകയും അവരുടെ നിർദേശപ്രകാരം അദ്ദേഹത്തെ കൊച്ചി വഴിയായി ഗോവയിലേക്കു പോകുന്ന ഒരു കപ്പലിൽ കയറ്റിവിടുകയും ചെയ്തു.[അവലംബം ആവശ്യമാണ്] ഇതറിഞ്ഞ് ആർച്ച്ഡീക്കനും അനേകം വൈദികരും ആയിരക്കണക്കിന് നസ്രാണികളും കൂടി കൊച്ചിയിലെത്തി അഹത്തള്ളയെ കാണുന്നതിനും അദ്ദേഹത്തിന്റെ അധികാരപത്രങ്ങൾ പരിശോധിക്കുന്നതിന് അനുവദിക്കണമെന്നും രേഖാമൂലം ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം നിരസിക്കപ്പെട്ടു.[14] അഹത്തള്ളയെ ഇതിനോടകം ഗോവയിലേക്ക് അയച്ചു കഴിഞ്ഞു എന്നും ആർച്ച്ഡീക്കൻ തോമായെ അവർ അറിയിച്ചു.[അവലംബം ആവശ്യമാണ്]

കലാപം

എന്നാൽ ഇതേ സമയം അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്ന മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിൽ അഹത്തള്ളയെ പോർട്ടുഗീസുകാർ കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ താഴ്ത്തി എന്ന കിംവദന്തി പരന്നു.[15][16] പട്ടണത്തിലുണ്ടാകാവുന്ന ആക്രമണം തടയുന്നതിനായി, നിർഭാഗ്യവാനായ അഹത്തള്ള ആകസ്മികമായി മുങ്ങിമരിച്ചതാണെന്ന കഥ പോർത്തുഗീസുകാരും പ്രചരിപ്പിച്ചു.[17] ക്ഷുഭിതരായ സുറിയാനി ക്രിസ്ത്യാനികൾ ആർച്ച്ഡീക്കൻ തോമായുടെയും ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ കത്തനാരുടേയും നേതൃത്വത്തിൽ കൊച്ചികോട്ടയിലേയ്ക്ക് ജാഥ നടത്തി.[18] ഒരുകൂട്ടർ കോട്ട വാതിൽ തകർത്തു.[അവലംബം ആവശ്യമാണ്] പോർട്ടുഗീസുകാർ ആയുധങ്ങൾ ഉപയോഗിച്ച് ചെറുത്തു.

തങ്ങളുടെ ദേശത്തക്ക് എത്തിയ മെത്രാനെ ദൂരത്തേക്ക് കടത്തിക്കൊണ്ട് പോയി എന്നറിഞ്ഞ വാർത്ത മാർത്തോമാ ക്രിസ്ത്യാനികളിൽ ഉണ്ടാക്കിയ ഞടുക്കം പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമായിരുന്നു. കത്തനാർമാരും സാധാരണക്കാരായ നസ്രാണികളും ചേർന്ന് കൊച്ചിയിലെ ക്യാപ്റ്റന് എഴുതിയ കത്തിൽ ആ ദയനീയത പ്രകടമാകുന്നുണ്ട്. ആ കത്ത് ഇപ്രകാരം ആയിരുന്നു:[19]

എന്തെങ്കിലും കടുത്ത നടപടികളിലേക്ക് കടക്കുന്നതിന് മുമ്പായി മാർത്തോമാ ക്രിസ്ത്യാനികൾ ഏതെങ്കിലും തരത്തിലുള്ള അനുരഞ്ജനത്തിനു വേണ്ടി ഒരു ശ്രമം കൂടി നടത്തി. അവർ ആർച്ച്ബിഷപ്പ് ഗാർസിയയോട് തങ്ങളെ വന്ന് കാണണമെന്നും ഇല്ലാത്ത പക്ഷം അദ്ദേഹത്തെ ഒരു ഇടയനായി മേലിൽ കാണുകയില്ലന്നും കത്ത് മുഖേനെ അറിയിച്ചു. എന്നാൽ ഗാർസിയ അവരുടെ അഭ്യർത്ഥന നിഷ്കരുണം നിരസിച്ചു.[അവലംബം ആവശ്യമാണ്]

അതോടെ അവർ കൂട്ടം ചേർന്നു മട്ടാഞ്ചേരിയിലെ പഴയ കുരിശിന്റെ മുൻപിൽ കൂട്ടം ചേർന്ന് കുരിശിൽ തൊട്ട്‌ പ്രതിജ്ഞയെടുക്കുവാൻ തീരുമാനിച്ചു. എന്നാൽ എല്ലാവർക്കും ഒരേ സമയം കുരിശിൽ തൊടാൻ കഴിയാത്തതിനാൽ കുരിശിൽ ആലാത്തുകെട്ടി അതിൽ പിടിച്ചു സത്യം ചെയ്തു. ‘മേലാൽ ഈ വർഗ്ഗമുള്ള കാലത്തോളം സാമ്പാളൂർ പാതിരിമാരുടെ കീഴിൽ ഇരിക്കുകയില്ലയില്ല ’ എന്നായിരുന്നു ആ ചരിത്ര വാചകം[20][21]. സത്യം ചെയ്യുന്നതിനിടയിൽ വിശ്വാസികൾ വലിക്കുന്ന ശക്തിയാൽ കുരിശു വളഞ്ഞു പോയി. ഈ സംഭവം കൂനൻ കുരിശു പ്രതിജ്ഞ എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു.[അവലംബം ആവശ്യമാണ്]

ശപഥത്തിന്റെ ഉള്ളടക്കവും വ്യാഖ്യാനങ്ങളും

സ്റ്റീഫൻ നീൽ

ആംഗ്ലീക്കൻ മിഷനറിയും സഭാചരിത്രകാരനും ആയ സ്റ്റീഫൻ നീൽ തന്റെ ഭാരത ക്രൈസ്തവികതയെ കുറിച്ചുള്ള എ ഹിസ്റ്ററി ഓഫ് ക്രിസ്ത്യാനിറ്റി ഇൻ ഇന്ത്യ: ദി ബിഗിനിംഗ്സ് ടു എ.ഡി 1707 എന്ന പുസ്തകത്തിൽ ഇപ്രകാരം കൂനൻ കുരിശു സത്യത്തെ വിവരിക്കുന്നു:[1]

തോമസ് വൈറ്റ്ഹൗസ്

കേരളത്തിൽ പ്രവർത്തിച്ച മറ്റൊരു ആംഗ്ലിക്കൻ മിഷനറിയാണ് തോമസ് വൈറ്റ്ഹൗസ്. മാർത്തോമാ ക്രിസ്ത്യാനികളെക്കുറിച്ച് വിശദമായി എഴുതിയ "ലിംഗെറിംഗ്സ് ഓഫ് ലൈറ്റ് ഇൻ ദ ഡാർക്ക് ലാൻഡ്: മലബാറിലെ സുറിയാനി സഭയിലേക്കുള്ള ഗവേഷണങ്ങൾ" എന്ന പുസ്തകത്തിൽ 1818-19 വർഷത്തെ "ചർച് മിഷനറി സൊസൈറ്റി റിപ്പോർട്ട് പേജ് 317ൽ നിന്ന് ഉദ്ധരിക്കുന്നത്:

"ഈ പോർട്ടുഗീസുകാർ മാർ അഹത്തള്ളയെ കൊലചെയ്തിരിക്കുകയാൽ, ഞങ്ങൾ ഇനി അവരോട് ചേരുകയില്ല. ഞങ്ങൾ അവരെ തള്ളിപ്പറയുന്നു, അതോടൊപ്പം അവരുടെ സ്നേഹമോ മമതയോ ഞങ്ങൾക്ക് ഇനി വേണ്ട. ഇപ്പോഴത്തെ മെത്രാൻ, ഫ്രാൻസിസ്, ഞങ്ങളുടെ ഭരണാധികാരി ആയിരിക്കില്ല. ഞങ്ങൾ അയാളുടെ മക്കളോ അനുയായികളോ ആയിരിക്കുകയില്ല. ഞങ്ങൾ ഇനി ഒരിക്കലും പോർട്ടുഗീസുകാരെ ഞങ്ങളുടെ മെത്രാന്മാരായി അംഗീകരിക്കുകയില്ല."[22]

എറിക് ഫ്രൈക്കൻബർഗ്

ഫ്രൈക്കൻബർഗ് തന്റെ ക്രിസ്ത്യാനിറ്റി ഇൻ ഇന്ത്യ: ഫ്രം ബിഗിനിംഗ്സ് ടു ദ പ്രസന്റ് എന്ന പുസ്തത്തിൽ സമാനമായ ഒരു വിവരണമാണ് നൽകുന്നത്:[2]

അന്നത്തെ ക്രിസ്ത്യാനികൾ പാപ്പായുടെ അധികാരം അംഗീകരിച്ചു കൊടുത്തിരുന്നില്ല എന്ന് ബ്രിട്ടീഷ് പ്രൊട്ടസ്റ്റന്റ് മിഷനറി ക്ലോഡിയസ് ബുക്കാനനും അദ്ദേഹത്തിന്റെ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.[23]

വിവിധ പുത്തങ്കൂർ വ്യാഖ്യാനങ്ങൾ

 • സി. എം. എസിന് പുന്നത്തറ ദിവന്നാസിയോസ് മൂന്നാമൻ അയച്ച കത്തിൽ അവതരിപ്പിച്ച വ്യാഖ്യാനം

പുന്നത്തറ ദിവന്നാസിയോസ് മൂന്നാമൻ (c. മരണം 1825) (പത്തൊമ്പതാം നൂറ്റാണ്ടിലെ മലങ്കര സുറിയാനി സഭയുടെ (പുത്തങ്കൂർ) തലവൻ) ആംഗ്ലീക്കൻ ചർച് മിഷനറി സൊസൈറ്റിയുടെ തലവൻ ലോർഡ് ഗിംബിയറിന് എഴുതിയ കത്തിലെ പ്രസക്തഭാഗം സുറിയാനി മൂലത്തിൽ നിന്ന് 1822ലെ മിഷനറി റെജിസ്റ്ററിയിൽ തർജ്ജമ ചെയ്യപ്പെട്ടത്:

"സിറിയയിലെ അന്ത്യോഖ്യയുടെ അപ്പസ്തോലിക സിംഹാസനത്തിൽ വാഴുന്ന, മിശിഹായുടെ പ്രിയപ്പെട്ടവനായ മാർ ഇഗ്നാത്തിയോസിന്റെ അധികാരത്തിന് കീഴുള്ള മലബാറിലെ യാക്കോബായ സുറിയാനിക്കാരുടെ മെത്രാപ്പോലീത്തയായ മാർ ദിവന്നാസിയോസ്.....
നമ്മുടെ കർത്താവിന്റെ വർഷം 1953ൽ, ഞങ്ങളുടെ അദ്ധ്യാത്മിക പിതാവ്, മാർ ഇഗ്നാത്തിയോസ്, പാത്രിയർക്കീസ്, അന്ത്യോഖ്യയിൽ നിന്നും മലബാറിലേക്ക് വന്നു: പക്ഷേ, പറങ്കികൾ ഇത് അറിഞ്ഞപ്പോൾ, അവർ ആ പുണ്യ പുരുഷനെ കൊച്ചി കോട്ടയിലേക്ക് കൊണ്ടുചെന്നു, അദ്ദേഹത്തെ ഒരു ചെറിയ മുറിയിൽ അടച്ചിട്ടു അതോടൊപ്പം കൊച്ചി രാജാവിന് ഒട്ടും കുറയാതെ പണവും കൊടുത്തു. എന്നിട്ടവർ ആ നല്ല മനുഷ്യനെ പുറത്തെത്തിക്കുകയും, കടലിൽ മുക്കിത്താഴ്ത്തുകയും ചെയ്തു, അങ്ങനെ അവർ അദ്ദേഹത്തെ വധിച്ചു. പക്ഷേ ഞങ്ങൾ ഇതറിഞ്ഞപ്പോൾ, മലബാറിലെ എല്ലാ യാക്കോബായ സുറിയാനിക്കാരും, കൊച്ചിയിലുള്ളതായ, മട്ടാഞ്ചേരി പള്ളിയിൽ അണിനിരക്കുകയും ഇനി മുതൽ പറങ്കികളോട് അടുക്കുകയോ, റോമാ പാപ്പയുടെ വിശ്വാസം സ്വീകരിക്കുകയോ ചെയ്യുകയില്ലെന്ന്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റയും നാമത്തിൽ, ഒരു മഹാ സത്യം ചെയ്തു. ഞങ്ങൾ അങ്ങനെ അവരിൽ നിന്ന് അകന്നു."[24]

ഇവിടെ ശപഥത്തെ മാർപ്പാപ്പയ്ക്ക് എതിരായാണ് അവതരിപ്പിക്കുന്നത്.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ പുന്നത്തറ ദിവന്നാസിയോസിന്റെ ഈ വ്യാഖ്യാനം പൂർണമായും അംഗീകരിക്കുന്നു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ തുടങ്ങിയ മറ്റ് പുത്തങ്കൂർ സഭകൾ ചില മാറ്റങ്ങളോടെ ഇത് അംഗീകരിക്കുന്നു.

 • മട്ടാഞ്ചേരി പടിയോലയിൽ നിന്നുള്ള ഇ. എം. ഫിലിപ്പിന്റെ വ്യാഖ്യാനം

ക്നാനായ സുറിയാനി ഓർത്തഡോക്സ് ചരിത്രകാരനും എഴുത്തുകാരനുമായ ഇ. എം. ഫിലിപ്പ് 1896ൽ പ്രസിദ്ധീകരിച്ച ഇടവകപത്രിക മാസികയിൽ (പുസ്തകം 5, ലക്കം 3, മീനം) , അച്ചടിച്ച മട്ടാഞ്ചേരി പടിയോല കൂനൻ കുരിശു സത്യത്തെ അവതരിപ്പിക്കുന്നത് ഇങ്ങനെ:

“മോറാൻ ഈശോമശിഹാ പിറന്നിട്ട് 1653-ാമത് മകരമാസം 3-ാം തീയതി വെള്ളിയാഴ്ചനാൾ അർക്കദിയാക്കോൻ അച്ഛനും മലങ്കര ഇടവകയിലുള്ള പള്ളികളിലെ വികാരിമാരും ദേശത്തു പട്ടക്കാരും എല്ലാവരുംകൂടി മട്ടാഞ്ചേരിൽ പള്ളിയിൽ വച്ച് നിശ്ചയിച്ച് കല്പിച്ച കാര്യം അതായത് ശുദ്ധമാന കാതോലിക്കാ പള്ളി കല്പിച്ച് നമുക്കായിട്ട് മലങ്കരയ്ക്ക് യാത്രയാക്കിയ പാത്രിയർക്കീസിനെ ബലത്താലെ മെത്രാനും സാമ്പാളൂർ പാതിരിമാരും കൂടി പിടിച്ച് നമുക്ക് അനുഭവിക്കരുതെന്ന് കല്പിച്ചത് കൊണ്ടും ആ പാത്രിയർക്കീസ് മലങ്കരയ്ക്ക് വന്ന് നമ്മുടെ കണ്ണുംമുന്നിൽ കാലത്തോളം നേരം (പൊടിവ്) ഇപ്പോൾ മലങ്കര വാഴുന്ന മാർ ഫ്രഞ്ചിയൂസ് മെത്രാൻ നമുക്ക് മെത്രാനല്ല, നാം അയാളുടെ ഇടവകയിലുള്ള പ്രജകളുമല്ല എന്ന് ഒന്മ. ശുദ്ധമായ പള്ളിയുടെ ക്രമത്തിൽ തക്കവണ്ണം നമ്മുടെ എടവക വാഴുവാൻ മേല്പട്ടക്കാരൻ വേണ്ടുന്നതിന് ഇപ്പോൾ തൊട്ട് തോമ്മാ അർക്കദിയാക്കോൻ തന്നെ വാണുകൊള്ളുകയും വേണമെന്ന് ഒന്മ. ഇതിന് വിചാരമായിട്ട് കല്ലിശ്ശേരി പള്ളിയിൽ ഇട്ടിത്തോമൻ കത്തനാരും കടുത്തുരുത്തി പള്ളിയിൽ കടവിൽ ചാണ്ടിക്കത്തനാരും അങ്കമാലി പള്ളിയിൽ വേങ്ങൂർ ഗീവറുഗീസ് കത്തനാരും കുറവിലങ്ങാട്ടു പള്ളിയിൽ പള്ളിവീട്ടിൽ ചാണ്ടിക്കത്തനാരും ഇവർ നാലുപേരും വിചാരക്കാരായിരുന്ന് മൂവാണ്ടിൽ മൂവാണ്ടിൽ കൂടിവിചാരിച്ച് കല്പിച്ചു കൊള്ളുകയും വേണമെന്ന് ഒന്മ. ഈ കല്പിച്ച മേക്ക് കടവിൽ ചാണ്ടിക്കത്തനാർ കയ്യെഴുത്ത്"[25]

സാംപാളൂർ എന്നത് വൈപ്പിക്കോട്ടയിലെ ഈശോസഭാ മിഷനറിമാരുടെ ആസ്ഥാനമാണ്.[26]

കൂനൻ കുരിശിനു ശേഷം

ഈ കാലത്ത് അഹത്തള്ള അയച്ചത് എന്ന പേരിൽ ചില കത്തുകൾ പ്രചരിച്ചു. 1653 ഫെബ്രുവരി 5-ന് ഇടപ്പള്ളിയിൽ കൂടിയ ഒരു സമ്മേളനത്തിൽ അത്തരത്തിലുള്ള ഒരു കത്ത് വായിച്ചു. ആർച്ച്ഡീക്കന് തോമാക്ക് ആർച്ച് ബിഷപ്പിന്റേതായ ചില പദവികൾ അനുവദിച്ച് നൽകുന്നതായിരുന്നു അതിന്റെ ഉള്ളടക്കം. ഇതു കേട്ട് അവിടെ കൂടിയിരുന്ന ജനം വലിയ സന്തോഷത്തോടെ ആർച്ച്ഡീക്കൻ തോമായെ തങ്ങളുടെ സഭയുടെ ഗവർണായി അംഗീകരിക്കുകയും നാലു മുതിർന്ന കത്തനാർമാരെ അദ്ദേഹത്തിന്റെ ഉപദേശകരായി നിയമിക്കുകയും ചെയ്തു. ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ കത്തനാർ, പറമ്പിൽ ചാണ്ടി കത്തനാർ, കടവിൽ ചാണ്ടി കത്തനാർ, വേങ്ങൂർ ഗീവർഗീസ് കത്തനാർ എന്നിവരായിരുന്നു ആ ഉപദേശകർ.

1653 മേയ് 23-ന് ആലങ്ങാട്ട് കൂടിയ സമ്മേളനത്തിൽ അഹത്തള്ളയുടേതെന്ന പ്രസ്താവിച്ച മറ്റൊരു കത്ത് വായിച്ചു. അതിൽ തന്നെ കപ്പലിറങ്ങാനും മാർത്തോമാ ക്രിസ്ത്യാനികളുടെ മെത്രാപ്പോലീത്തയായി പ്രവർത്തിക്കാനും പോർട്ടുഗീസുകാർ അനുവദിച്ചില്ലെങ്കിൽ ആർച്ച്ഡീക്കൻ തോമ്മായെ പന്ത്രണ്ടു വൈദികർ ചേർന്ന് ഇതേ കത്ത് ശിരസ്സിൽ വച്ച് മെതാനായി അഭിഷേകം നടത്തണം എന്നും എഴുതിയിരുന്നു.[27] എന്നാൽ അന്ത്യോക്യൻ സഭയിലോ പേർഷ്യൻ സഭയിലോ ഇത്തരം കൈവയ്പ്പ് ക്രമം നിലവിലില്ലെന്നും അതിനാൽതന്നെ ഈ കത്ത് വ്യാജവും കെട്ടിച്ചമച്ചതുമാണെന്നും പറയപ്പെടുന്നു [28] ഒരു മെത്രാനുമാത്രമേ മറ്റൊരു വൈദികനെ മെത്രാനായി വാഴിക്കാനുള്ള അധികാരം ഉണ്ടായിരുന്നുള്ളൂ. ഈ കത്ത് ഇട്ടിത്തൊമ്മൻ കത്തനാർ തന്നെ ചമച്ച വ്യാജരേഖയാവാം എന്ന് സ്റ്റീഫൻ നീൽ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ പുരോഹിതന്മാരുടെ കൈവെയ്പോടെ ഒരു പുരോഹിതനെ പാത്രിയർക്കീസായി വാഴിക്കുന്ന ഒരു പുരാതന കീഴ്‌വഴക്കം അലക്സാസാണ്ഡ്രിയൻ സഭയിൽ നിലനിന്നിരുന്നതായി ആദിമസഭാ പിതാക്കളിലൊരാളായ ജെറോം പറഞ്ഞിട്ടുണ്ട് എന്ന് നീൽ അംഗീകരിക്കുന്നുണ്ട്. അവിടെ പാത്രിയർക്കീസ് മരണമടയുമ്പോൾ നഗരത്തിലെ ദേവാലയങ്ങളിലെ 12 പുരോഹിതന്മാർ (പ്രെസ്‌ബിസ്റ്റർമാർ) അവരിൽ ഒരാളെ പാത്രിയർക്കീസായി തെരഞ്ഞെടുക്കുകയും മറ്റ് 11 പേരും അവരുടെ കൈകൾ തെരഞ്ഞെടുക്കപ്പെട്ട ആളുകളുടെ ശിരസ്സിൽ വെച്ച് പാത്രിയർക്കീസായി വാഴിക്കുകയും ഉടനെ തന്നെ മറ്റൊരാളെ പ്രസ്ബിസ്റ്ററായി തെരഞ്ഞെടുത്ത് അവരുടെ സംഘബലം എപ്പോഴും 12 ആയി നിലനിർത്തുകയും ചെയ്യുമായിരുന്നു.[29]

അസാധാരണമായ ഈ ചടങ്ങിനെക്കുറിച്ച് ചിലർക്ക് സംശയമുണ്ടായിരുന്നു. പക്ഷേ അഹത്തള്ളയോടുള്ള മതിപ്പും ആവേശകരമായ മാനസികാവസ്ഥയും ചടങ്ങുകൾ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് കൊണ്ടുപോയി. അഹത്തള്ളയുടെതെന്ന് കരുതപ്പെടുന്ന കത്തുകളിലൊന്ന് ആർച്ച്ഡീക്കൻ തോമ്മായുടെ ശിരസ്സിൽ വച്ചശേഷം പന്ത്രണ്ട് വൈദികർ കത്തിൽ പ്രതിപാദിച്ച പ്രകാരമുള്ള അഭിഷേകക്രമം നടത്തി ആർച്ച്ഡീക്കനെ മാർത്തോമാ ഒന്നാമൻ എന്ന പേരിൽ മെത്രാപ്പോലീത്തയായി പ്രഖ്യാപിച്ചു.[30]

വിവരങ്ങൾ കേട്ടറിഞ്ഞ് ഗോവയിൽ നിന്ന് അന്വേഷണ സംഘം (inquisition) ഒരു കമ്മീഷനെ കേരളത്തിലേയ്ക്ക് അയച്ചു. അവർ മാർത്തോമ്മാ ഒന്നാമനെയും അനുയായികളെയും അനുനയിപ്പിക്കാൻ ഒരു ശ്രമം നടത്തി. ശരിയായ കൈവയ്പില്ലാതെ മെത്രാൻ പട്ടം സ്വീകരിച്ചതായും അധികാരവും വേഷവും ഉപയോഗിച്ചതായും മാർത്തോമ്മാ ഒന്നാമൻ സമ്മതിച്ചു.[അവലംബം ആവശ്യമാണ്] കമ്മീഷൻ മറ്റൊരാളെ ബദൽ ആർച്ച്ഡീക്കനായി കോണ്ടുവന്നു. ഇതോടെ സുറിയാനികളുടെ ഇടയിലുള്ള പിളർപ്പ് പൂർത്തിയായി. പിന്നീട് വന്ന മാർ ജോസഫ് സെബസ്തീനി കൊടുങ്ങല്ലൂർ മെത്രാസനത്തിലിരുന്നു കൊണ്ട് മാർത്തോമ്മാ ഒന്നാമന്റെ കൂടെ പോയ പലരെയും തിരിച്ചു കൊണ്ടുവന്നു. അന്ന് നിലവിലുണ്ടായിരുന്ന 116 പള്ളികളിൽ 84 എണ്ണം മാർ സെബസ്തീനിയുടെ പക്ഷത്തായി 32 പള്ളികൾ മാത്രം മാർത്തോമ്മായുടെ പക്ഷത്തു അവശേഷിച്ചു.

പഴയകൂറ്റുകാരും പുത്തൻ കൂറ്റുകാരും

മാർത്തോമ്മാ ഒന്നാമൻ തനിക്ക് ശരിയായ കൈവയ്പ് അഭിഷേകം ലഭിക്കാനായി പൗരസ്ത്യദേശങ്ങളിലേക്ക് എഴുത്തുകുത്തുകൾ നടത്തിവരികയായിരുന്നു. പോർത്തുഗീസുകാർ സമുദ്രമാർഗ്ഗമുള്ള യാത്രകൾ നിയന്ത്രിച്ചിരുന്നതിനാൽ അവരുടെ കണ്ണുകൾ വെട്ടിച്ച് അവിടെ നിന്നും ഒരു മെത്രാന് ഇവിടെയെത്തുക പ്രയാസമായിരുന്നു. എന്നാൽ 1665-ൽ പാലസ്തീനിൽ നിന്ന് യെരുശലേമിന്റെ മെത്രാപ്പൊലിത്ത എന്ന പദവിയുള്ള മാർ ഗ്രിഗോറിയോസ് അബ്ദുൾ ജലീൽ എന്ന സുറിയാനി ഓർത്തഡോക്സ് മെത്രാൻ കേരളത്തിൽ വന്നു. അദ്ദേഹത്തിന്റെ കൈവശം മാർത്തോമ്മാ ഒന്നാമന്റെ അധികാരം ഉറപ്പിക്കാൻ ഉള്ള അന്ത്യോക്യാ പാത്രിയാർക്കിസിന്റെ അനുമതിപത്രം ഉണ്ടായിരുന്നു. അദ്ദേഹത്തിൽ നിന്നും മാർത്തോമാ ഒന്നാമൻ തനിക്ക് വേണ്ടിയിരുന്ന കൈവെയ്പ് നേടുകയും അതുവഴി അന്ത്യോക്യയിലെ പാത്രിയർക്കീസിനൊപ്പം ചേരുകയുമുണ്ടായി. മാർ ഗ്രിഗോറിയോസ് കേരളത്തിൽ തന്നെ താമസിച്ച് മാർത്തോമാ ഒന്നാമനൊപ്പം പുതുതായി രൂപീകരിക്കപ്പെട്ട യാക്കോബായ മലങ്കര സഭയുടെ ഭരണം സംയുക്തമായി നിർവ്വഹിച്ചു. ഇതോടെ മാർത്തോമാ നസ്രാണികളുടെ ഇടയിൽ നെടുകെയുണ്ടായതായ പിളർപ്പ് പൂർണ്ണമായി. ഉദയമ്പേരൂർ സുന്നഹദോസിൻ പ്രകാരം കഴിഞ്ഞ 54 വർഷക്കാലം തുടർന്നതുപോലെ റോമാ സഭയോട് ചേർന്ന് നിന്നവർ പഴയകൂറ്റുകാർ അഥവാ റോമാ സുറിയാനികൾ എന്നും കൂനൻ കുരിശു സത്യത്തിന് ശേഷം മാർ ഗ്രിഗോറിയോസ് അബ്ദുൾ ജലീലിലൂടെ അന്ത്യോക്യയുടെ ആത്മീയാമേധാവിത്വം അംഗീകരിച്ചവർ പുത്തൻ കൂറ്റുകാർ അഥവാ യാക്കോബായ സുറിയാനികൾ എന്നും അറിയപ്പെട്ടു.[31][32] എന്നാൽ പുത്തൻകൂർ-പഴയകൂർ എന്നീ സംജ്ഞകൾ തന്നെ വിരോധാഭാസവും[33] ചരിത്രപരമായി തകരാറുള്ളതും[34] ആണെന്ന് ഫ്രൈക്കൻബർഗ് അഭിപ്രായപ്പെടുന്നു. സത്യത്തിൽ "പുത്തൻ" എന്ന് വിളിക്കപ്പെട്ടവർ പഴയ പൗരസ്ത്യ ഓർത്തഡോക്സ് സഭയും എന്നാൽ "പഴയ" എന്ന് വിളിക്കപ്പെട്ടവർ മാർത്തോമാ ക്രിസ്ത്യാനികളുടെ മേലുള്ള കത്തോലിക്കാ അധിനിവേശവുമാണെന്ന് ഫ്രൈക്കൻബർഗ് വാദിക്കുന്നു.[33] എന്നാൽ ഫ്രൈക്കൻബർഗിന്റെ ഈ വാദം പൂർണ്ണമായും നിലനിൽക്കുന്നതല്ല. കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികൾക്ക് ഫ്രൈക്കൻബർഗ് വാദിച്ചതുപോലെ പൗരസ്ത്യ ഓർത്തഡോക്സ് സഭയുമായി ആയിരുന്നില്ല ബന്ധം ഉണ്ടായിരുന്നത്, മറിച്ച് പുത്തങ്കൂറ്റുകാർ ബന്ധം സ്ഥാപിച്ച ഓറിയന്റൽ ഓർത്തഡോക്സ് സഭകളുമായി നേരിട്ട് ഏറ്റുമുട്ടലിലായിരുന്ന പേർഷ്യയിലെ കിഴക്കിന്റെ സഭയുമായി ആയിരുന്നു.[35][36][37][38]

മാർത്തോമാ ക്രിസ്ത്യാനികൾ പിന്നീടും സാംസ്കാരികവും വംശീയവുമായി ഒരു സമുദായമായി തന്നെ നിലകൊണ്ടെങ്കിലും സഭാപരവും അനുഷ്ഠാനപരവുമായ കാര്യങ്ങളിൽ വിഭിന്നരായി മാറി. പുത്തൻകൂർ വിഭാഗത്തിന് ക്രമേണ അവരുടെ പൗരസ്ത്യസുറിയാനി ആരാധനക്രമം ഉപേക്ഷിച്ച് പാശ്ചാത്യ സുറിയാനി അഥവാ അന്ത്യോക്യൻ ആരാധനാക്രമം സ്വീകരിക്കേണ്ടതായി വന്നു.[39] അതു പോലെ തന്നെ പഴയകൂർ കത്തോലിക്കർക്ക് അവരുടെ "പൗരസ്ത്യ" , "മലബാർ" , അല്ലെങ്കിൽ "സുറിയാനി" പാരമ്പര്യം, ബന്ധം ആരാധന എന്നിവയിലുണ്ടായ നഷ്ടവുമായി ഒരിക്കലും പൂർണമായി പൊരുത്തപ്പെടുവാനുമായില്ല. അവരിലേറെ പേർക്കും പൂർണ്ണ സ്വയംഭരണാധികാരവും തദ്ദേശീയരായ മെത്രാന്മാരെയും പുരോഹിതരെയും ആണ് വേണ്ടിയിരുന്നത്.[40]തങ്ങളുടെ പഴയകാല ആരാധനക്രമം അതിന്റെ അവികലരൂപത്തിൽ പുനഃസ്ഥാപിക്കുവാനുള്ള റോമിനോടുള്ള അപേക്ഷ ഇവർ തുടർന്നു കൊണ്ടിരുന്നു.[41]

സഭാപരമായ ഭിന്നിപ്പുകൾ വീണ്ടും തുടർന്നു കൊണ്ടിരുന്നു. തൽഫലമായി മാർത്തോമാ ക്രിസ്ത്യാനികളെ ഇന്ന് കേരളത്തിൽ നിലവിലുള്ള ഏഴ് സുറിയാനി സഭകളാക്കി മാറ്റി. പരമ്പരാഗതമായ കൽദായ ആരാധനാക്രമം പിന്തുടർന്ന പഴയകൂറ്റുകാർ സിറോ-മലബാർ സഭ, കൽദായ സുറിയാനി സഭ എന്നിവയായും അന്ത്യോഖ്യൻ ആരാധനാക്രമം സ്വീകരിച്ച പുത്തൻകൂറ്റുകാർ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മലങ്കര സുറിയാനി കത്തോലിക്കാ സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ എന്നിവയായും പരിണമിച്ചു.[42]19-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ 400 വർഷത്തെ ഇടവേളക്കു ശേഷം കൽദായ സുറിയാനി സഭയുടെ രൂപീകരണത്തോടെയാണ് കിഴക്കിന്റെ സഭയുമായുള്ള ബന്ധം പുനരാരംഭിക്കപ്പെടുന്നത്.[43]

അവലംബം

 1. 1.0 1.1 നീൽ, സ്റ്റീഫൻ (2004). A History of Christianity in India: The Beginnings to AD 1707 (ഭാഷ: ഇംഗ്ലീഷ്). കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ്. p. 319-320. On 3 January 1653 priests and people assembled in the church of Our Lady at Mattanceri, and standing in front of a crucifix and lighted candles swore upon the holy Gospel that they would no longer obey Garcia, and that they would have nothing further to do with the Jesuits; they would recognise the archdeacon as the governor of their church.....The Thomas Christians did not at any point suggest that they wished to separate themselves from the pope. They could no longer tolerate the arrogance of Garcia. And their detestation of the Jesuits, to whose overbearing attitude and lack of sympathy they attributed all their troubles, breathes through all the documents of the time. But let the pope send them a true bishop not a Jesuit, and they will be pleased to receive and obey him.
 2. 2.0 2.1 ഫ്രൈക്കൻബർഗ്, റോബർട്ട് എറിക്ക് (2008). Christianity in India From Beginnings to the Present (ഭാഷ: ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 360. At Koonen Cross, the assembly of priests (kattanars) and people formally stood before a crucifix and lighted candles and solemnly swore an oath upon the Gospel that they would strive, henceforth, to restore their ancient Church to its former full independence and that they would no longer obey Francis Garcia (SJ) or any other prelate sent by the Pfarangi Church of Rome.
 3. S. C. Bhatt, Gopal, K. Bhargav (2006). Land and People of Indian States and Union Territories:a. Gyan Publishing House.
 4. http://kottayamad.org/knanaya-history/
 5. ജോസഫ് പുലിക്കുന്നേൽ; കേരള ക്രൈസ്തവ ചരിത്രം- വിയോജനക്കുറിപ്പുകൾ, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം. 1999
 6. എൻസൈക്ലോപീഡിയ ബ്രീട്ടാനിക്കയിൽ ഉദയം‍പേരൂർ സുന്നഹദോസിനെക്കുറിച്ചുള്ള ഭാഗം
 7. നെസ്റ്റോറീയൻ പാത്രിയാർക്കുകളെപറ്റി
 8. http://www.synodofdiamper.com/synod.php
 9. 9.0 9.1 9.2 എഴുത്തുപുരക്കൽ കപ്പൂച്ചിൻ, ജോസഫ് (2016). സിറോ-മലബാർ ആരാധനാക്രമവും ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയും. മീഡിയഹൗസ്. p. 80-81.
 10. Neill, p. 317
 11. ഫ്രൈക്കൻബർഗ്, റോബർട്ട് എറിക്ക് (2008). Christianity in India From Beginnings to the Present (ഭാഷ: ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 3607. Ahatallah, hailing from the West Syrian Church of Antioch and claiming to be the ‘Patriarch of All India and China’, arrived in Mylapore at the behest of the Coptic Patriarch
 12. Neill, p. 316.
 13. Neill, pp. 316–317.
 14. Frykenberg, p. 367–368.
 15. Neill, p. 316.
 16. Vadakkekara, p. 81.
 17. (മാർ), അപ്രേം (1983). The Chaldean Syrian Church of the East (ഭാഷ: ഇംഗ്ലീഷ്). I.S.P.C.K. for the National Council of Churches in India. p. 23. In order to prevent any attack on the town, they spread the less palatable story that the unfortunate prelate had been accidently drowned.
 18. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2005-04-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-01-01.
 19. നീൽ, സ്റ്റീഫൻ (2004). A History of Christianity in India: The Beginnings to AD 1707 (ഭാഷ: ഇംഗ്ലീഷ്). കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ്. p. 319. in case the patriarch cannot be produced, he having been killed by the Paulists [Jesuits], let any other person of the four religious orders come here by order of the supreme pontiff, a man who knows Syriac, and can teach us in our offices, except the Paulists, whom we do not at all desire, because they are enemies of us and of the church of Rome; with that exception let anybody come, and we are ready to obey without hesitation
 20. Stephen Neill, A History of Christianity in India: The Beginnings to AD 1707, pp. 319-20, Publisher: Cambridge University Press, Year: 1984, ISBN:9780521548854, 0521548853
 21. പ്രൊ: മാത്യു ഉലകംതറ; നവകേരള ശില്പികൾ- അർണ്ണോസ് പാതിരി, പ്രസാധകർ: കേരള ഹിസ്റ്ററി അസോസിയേഷൻ, എറണാകുളം, കേരള; 1982
 22. Whitehouse, Thomas (1873). Lingerings of light in a dark land: Researches into the Syrian church of Malabar (ഭാഷ: ഇംഗ്ലീഷ്). William Brown and Co. p. 306.
 23. ഡോ. ക്ലോഡിയസ് ബുക്കാനൻ, ഡോ. കുരിയാക്കോസ് കോർഎപ്പിസ്ക്കോപ്പ മൂലയിൽ; Four Historic Documents; മോർ ആദായ് സ്റ്റഡി സെന്റർ . 2002
 24. Professor Lee, ed. (October 1822). "Letter from Punnathara Dionysious (Thoma XI) to the Head of the Church Mission Society". The Missionary Register. M DCCC XXII: 431–432.
 25. ചീരൻ, ജോസഫ് (2013). പാലൂർ-കുന്നംകുളം ഇടവകകൾ: ചരിത്രവും സംസ്കാരവും. കുന്നംകുളം: M. J. D. Publishing House. p. 53.
 26. Whitehouse (1873), p. 169.
 27. Neill, pp.320-321
 28. Vadakkekara, p. 82.
 29. നീൽ, സ്റ്റീഫൻ (2004). A History of Christianity in India: The Beginnings to AD 1707 (ഭാഷ: ഇംഗ്ലീഷ്). കേംബ്രിഡ്ജ് സർവ്വകലാശാലാ പ്രസ്സ്. p. 320. Jerome was the ancient custom of the church of Alexandria. There, when the patriarch died, the twelve priests of the city churches would elect one of their number as patriarch; the eleven would then lay hands on the elected person and thus consecrate him as their patriarch, and would also immediately elect another presbyter, so that the college should never consist of less than twelve persons.
 30. Neill, pp. 320–321.
 31. The Quarterly Journal of the Mythic Society. Vol.3 (ഭാഷ: ഇംഗ്ലീഷ്). മിത്തിക്ക് സൊസൈറ്റി. 1911. p. 141. This incident marks an epoch in the history of the Syrian Church, and led to a separation of the community into parties, namely the Pazhayakuru ( the Romo - Syrians ) who adhered to the Church of Rome according to the Synod at Diamper ; and the Puttankuru , the Jacobite Syrians , who after the oath of the Coonan Cross got Mar Gregory from Antioch, acknowledged the spiritual supremacy thereof. The former owed its foundation to the Archbishop Menezes and the Synod at Diamper in 1599 and its reconciliation after the revolt to the Carmelite Bishop Father Joseph of St.Mary whom the Pope appointed in 1659.
 32. ഫ്രൈക്കൻബർഗ്, റോബർട്ട് എറിക്ക്ട് (2008). Christianity in India From Beginnings to the Present (ഭാഷ: ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 369. Once Mar Thoma I had been consecrated and joined to the Patriarchate of Antioch, Mar Gregorios himself stayed on in Malabar as joint ruler over the newly formed Jacoba Malankara Church. This joint rule, lasting twenty years (when they both died), made permanent the ‘vertical’ split between Malabar Christians linked to Rome and Malankara Christians linked to Antioch (in Mardin). Those of the ‘new allegiance’, known as Puthankuttukar, were led by metrans who looked to the Jacoba Patriarch of Antioch in Mardin.
 33. 33.0 33.1 ഫ്രൈക്കൻബർഗ്, റോബർട്ട് എറിക്ക് (2008). Christianity in India From Beginnings to the Present (ഭാഷ: ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 369. The irony of these names lies in the fact the so-called ‘new’ were, in reality, the older Orthodox Church of the East, while the so-called ‘old’ were in reality the newer, Catholic imposition upon Thomas Christians.
 34. തോമസ്, ബോബി (2016). ക്രിസ്ത്യാനികൾ-ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം. ഡി.സി. ബുക്സ്. p. 309-310. നാടകീയ സംഭവവികാസങ്ങളുടെ പരമ്പരകൾ വീണ്ടും തുടർന്നു കൊണ്ടിരുന്നു. പുത്തൻ കൂറ്റുകാരും പഴയ കൂറ്റുകാരും പള്ളികൾ പിടിക്കാനുള്ള മത്സരം ശക്തമാക്കി. അവരുടെ ഈ പേരുകൾ തന്നെ തകരാറുള്ളതാണ്. പോർച്ചുഗീസുകാർ ഇവിടെ വന്നതിന് ശേഷം മാത്രം കേരളത്തിൽ സ്ഥാപിതമായ കത്തോലിക്കാസഭ എങ്ങനെ പഴയ കൂറ്റാകും? അവരും പുത്തൻ കൂറ്റ് തന്നെ. കത്തോലിക്കാ ഇതരപക്ഷം അന്ത്യോക്യൻ പക്ഷത്ത് ചേർന്ന് യാക്കോബായക്കാർ ആയതോടെ അവരും പുത്തൻ കൂറ്റുകാർ തന്നെയാണായത്. പാശ്ചാത്യ സുറിയാനി പാരമ്പര്യമാണ് അന്ത്യോക്യയുടേത്. ബാബിലോണിലെ പൗരസ്ത്യ സുറിയാനി കൽദായ പാരമ്പര്യം എന്ന നസ്രാണികളുടെ യഥാർത്ഥ പഴയകൂറ്റ് അപ്പോഴേക്കും വിസ്മൃതിയിലേക്ക് തള്ളപ്പെട്ടിരുന്നു. അതിനാൽ കത്തോലിക്കാ പക്ഷത്തെയും കത്തോലിക്കാ ഇതരപക്ഷത്തെയും യഥാക്രമം പുത്തൻകൂറ്റ്-എ, പുത്തൻകൂറ്റ്-ബി എന്നോ മറ്റോ വിശേഷിപ്പിക്കുന്നതാവും ചരിത്രപരമായി കൂടുതൽ ശരിയാവുക.
 35. Cardinal Tisserant, Eugene (1957). Eastern Christianity in India. Longmans, Green and Co. p. 17.
 36. Malancharuvil, Cyril (1973). The Syro Malankara Church. p. 7.
 37. Rev. Dr. Varghese, T. I. മലങ്കര അന്ത്യോഖ്യൻ ബന്ധം പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ സൃഷ്ടി [Malankara-Antioch Relation a Nineteenth Century Creation] (ഭാഷ: Malayalam).CS1 maint: unrecognized language (link)
 38. ബ്രോക്ക് (2011). harv error: multiple targets (3×): CITEREFബ്രോക്ക്2011 (help)
 39. ബ്രോക്ക്, സെബാസ്റ്റ്യൻ പി. (2011). "Thomas Christians". എന്നതിൽ Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press. ശേഖരിച്ചത് 14 June 2021. Contact in due course was made by the adherents of Thomas with a Syr. Orth. bp., Mar Gregorios, in 1665, and links with the Syr. Orth. Church were further strengthened in 1685,....... In this way the W.-Syr. liturgical tradition (and script) was gradually introduced into Malabar, and seems to have been fully effected by the end of the first quarter of the 19th cent.
 40. ഫ്രൈക്കൻബർഗ്, റോബർട്ട് എറിക്ക് (2008). Christianity in India From Beginnings to the Present (ഭാഷ: ഇംഗ്ലീഷ്). ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. p. 369. The Yet,those who were Catholic never became fully reconciled to the loss of their ‘Eastern’, ‘Malabar’, or ‘Syrian’ heritage, connection, or rite. Most of all they wanted their own fully autonomous and ethnically distinct bishops and clergy.
 41. എഴുത്തുപുരക്കൽ കപ്പൂച്ചിൻ, ജോസഫ് (2016). സിറോ-മലബാർ ആരാധനാക്രമവും ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയും. മീഡിയഹൗസ്. p. 93. ഉദയംപേരൂർ സുന്നഹദോസ് കഴിഞ്ഞതു മുതൽ മലബാർ സഭയുടെ ആരാധനാക്രമം പുനഃസ്ഥാപിക്കുന്നതിനായി റോമിനോട് ആവർത്തിച്ച് അപേക്ഷിച്ച് കൊണ്ടിരുന്നു. 1908-ൽ അവരുടെ അപേക്ഷയോട് അനുകൂലമായി പ്രതികരിക്കുവാൻ റോം സന്നദ്ധത പ്രകടിപ്പിച്ചു....1957-ൽ പിയൂസ് പന്ത്രണ്ടാമൻ മാർപ്പാപ്പ മാർ അദ്ദായിയുടെയും മാറിയുടെയും അനാഫൊറയോട് കൂടി പരിഷ്കരിച്ച മലബാർ സഭയുടെ വി. കുർബാനക്ക് അംഗീകാരം നൽകി.
 42. ബ്രോക്ക്, സെബാസ്റ്റ്യൻ പി. (2011). "Thomas Christians". എന്നതിൽ Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press. ശേഖരിച്ചത് 14 June 2021. however, successive divisions have taken place, with the result that today in Kerala there are seven different Churches of Syriac tradition: those of the original E.-Syr. liturgical tradition are: the Malabar Catholic Church and the Chaldean Syrian Church (the latter belonging to the Ch. of E., and not the Chaldean Catholic Church); and of W.-Syr. liturgical tradition: the Malankara Syriac Orthodox Church, under the Patriarchate of Antioch; the independent Malankara Orthodox Syrian Church; the Malankara Catholic Church; the small Malabar Independent Syrian Church, and the reformed Mar Thoma Syrian Church.
 43. ബ്രോക്ക്, സെബാസ്റ്റ്യൻ പി. (2011). "Thomas Christians". എന്നതിൽ Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press. ശേഖരിച്ചത് 14 June 2021. The second half of the 19th cent. also witnessed the renewal, after a break of some 400 years, of the ancient link with the Ch. of E., with the emergence of the Chaldean Syrian Church
"https://ml.wikipedia.org/w/index.php?title=കൂനൻ_കുരിശുസത്യം&oldid=3677390" എന്ന താളിൽനിന്ന് ശേഖരിച്ചത്