ശെംഗലയിലെ യാക്കോവ്

ഇന്ത്യയുടെ മെത്രാപ്പോലീത്ത (1301)

പതിനാലാം നൂറ്റാണ്ടിൽ ഇന്ത്യയിലെ മാർത്തോമാ നസ്രാണികളുടെ ഒരു മെത്രാപ്പോലീത്ത ആയിരുന്നു മാർ യാക്കോവ്. ശെംഗലയിലെ മാർ യാക്കോവ്, ഇന്ത്യയിലെ മാർ യാക്കോബ് എന്നിങ്ങനെയും ഇദ്ദേഹം അറിയപ്പെടുന്നു.[1] ഇന്ത്യയിൽ നിന്ന് ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴയ സുറിയാനി കയ്യെഴുത്ത് പ്രതിയിൽ നിന്നാണ് ഇദ്ദേഹത്തെപറ്റിയുള്ള വിവരം ലഭിക്കുന്നത്. ക്രി. വ. 1301ൽ എഴുതപ്പെട്ട ഈ രേഖയിൽ മാർ യാക്കോവിനെ അഖിലേന്ത്യയുടെ മെത്രാപ്പോലീത്തയായും മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിന്റെ അവകാശിയായും വിശേഷിപ്പിക്കുന്നു.[2][3]

മാർ യാക്കോബ് മെത്രാപ്പോലീത്ത
മാർ തോമാ ശ്ലീഹായുടെ പരിശുദ്ധ സിംഹാസനത്തിന്റെ മെത്രാപ്പോലീത്തയും ഭരണാധിപനും
ക്രൈസ്തവ ഇന്ത്യയുടെ പരിശുദ്ധ സഭ മുഴുവന്റേയും മഹാനായകനും ഭരണാധിപനും
സഭകിഴക്കിന്റെ സഭ
ഭദ്രാസനംഇന്ത്യ
വൈദിക പട്ടത്വംയാഹ്ബാലാഹാ 3ാമൻ (1245–1317)
മെത്രാഭിഷേകംയാഹ്ബാലാഹാ 3ാമൻ
പദവിമെത്രാപ്പോലീത്ത
വ്യക്തി വിവരങ്ങൾ
വിഭാഗംസുറിയാനി ക്രിസ്തീയത
ഭവനംമാർ കുര്യാക്കോസ് സഹദായുടെ പള്ളി, ശെംഗല, മലബാർ, ഇന്ത്യ

ചരിത്രപരത തിരുത്തുക

പതിനാറാം നൂറ്റാണ്ടിന് മുമ്പുള്ള ഇന്ത്യയിലെ സുറിയാനി മെത്രാന്മാരെപ്പറ്റി വ്യക്തമായ രേഖപ്പെടുത്തലുകൾ ലഭിച്ചിട്ടില്ല. ഇക്കാലഘട്ടത്തിലെ മാർത്തോമാ നസ്രാണികളുടെ ചരിത്രവും നിഗൂഢത നിറഞ്ഞതാണ്. വിദേശ സഞ്ചാരികൾ നൽകിയിട്ടുള്ള ചില വിവരണങ്ങളും കിഴക്കിന്റെ സഭയുടെ അധികാരികളുടെയും എഴുത്തുകാരുടെയും ചില രേഖപ്പെടുത്തലുകളും തദ്ദേശീയമായ കൽ കുരിശുകൾ അവയിൽ കൊത്തിയിട്ടുള്ള പാഹ്ലവി ലിഖിതങ്ങൾ, ചില രാജശാസനങ്ങൾ എന്നിവ ഇക്കാലഘട്ടത്തിലെ നസ്രാണികളുടെ ചരിത്രത്തിലെ പ്രധാന ഏടുകളാണ്. സജീവമായി നിലനിൽക്കുന്നതോ പിൽക്കാലത്ത് എപ്പോഴെങ്കിലും രേഖപ്പെടുത്തപ്പെട്ടതോ ആയ പാരമ്പര്യ ചരിത്രങ്ങളുടെ സഹായത്തോടെ ആണ് പൊതുവേ ചരിത്രകാരന്മാർ ഇക്കാലഘട്ടത്തിലെ നസ്രാണികളുടെ ചരിത്രത്തെ അനാവരണം ചെയ്യാൻ ശ്രമിക്കുന്നത്. ഇന്ത്യയിൽ പ്രത്യേകിച്ച് അതിൻറെ തെക്ക്-പടിഞ്ഞാറൻ കടൽത്തീര പ്രദേശമായ മലബാറിൽ, മാർത്തോമാ നസ്രാണികളുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്തമാരിൽ വ്യക്തമായി രേഖപ്പെടുത്തപ്പെട്ടയാളാണ് മാർ യാക്കോവ് മെത്രാപ്പോലീത്ത. വത്തിക്കാൻ ഗ്രന്ഥാലയത്തിൽ സൂക്ഷിച്ചിരിക്കുന്ന 'വത്തിക്കാൻ സിറിയാക് 22' എന്ന സുറിയാനി കൈയ്യെഴുത്തുപ്രതിയിലാണ് ഇദ്ദേഹത്തെപറ്റിയുള്ള വിവരണം ഉള്ളത്. സെലൂസിഡ് വർഷം 1612 ജൂൺ മാസത്തിൽ എഴുതപ്പെട്ട ഇത് വിശുദ്ധ പൗലോസിന്റെ ലേഖന ഭാഗങ്ങളുടെ ആരാധനാവശ്യങ്ങൾക്ക് അനുസൃതമായുള്ള ഒരു സമാഹാരമാണ്. സെലൂസിഡ് വർഷത്തിലുള്ള കണക്ക് ഗ്രിഗോറിയൻ കാലഗണനം അനുസരിച്ച് 1301ാമാണ്ട് ആണ്.

ഈ രേഖയിൽ മാർ യാക്കോവിനെ പരാമർശിക്കുന്നത് ഇപ്രകാരമാണ്.

കിഴക്കിന്റെ പരിശുദ്ധ കാതോലിക സഭയുടെ പ്രധാന നായകനും നിയന്താവും... ആയിരിക്കുന്ന നമ്മുടെ അനുഗ്രഹീതനും പരിശുദ്ധ പിതാവുമായ മാർ യാഹ്ബാലാഹാ അഞ്ചാമന്റെ കാലത്തും മെത്രാപ്പോലീത്തയും മാർ തോമാ ശ്ലീഹായുടെ പരിശുദ്ധ സിംഹാസനത്തിന്റെ മേൽനോട്ടക്കാരനും, എന്നുപറഞ്ഞാൽ നമ്മുടെ വലിയ നേതാവും ക്രൈസ്തവ ഇന്ത്യയിലെ പരിശുദ്ധ സഭ മുഴുവൻ മേൽനോട്ടക്കാരനും, ആയ ബിഷപ് മാർ യാക്കോവിന്റെ കാലത്തും മലബാറിലെ രാജകീയവും പുകൾപെറ്റതും പ്രസിദ്ധവുമായ ശെൻഗല നഗരത്തിൽ വെച്ച് ഈ പരിശുദ്ധ ഗ്രന്ഥം എഴുതപ്പെട്ടു.[4][5][6][7]

പുസ്തകത്തിന്റെ മുഖവുരയിൽ മലബാറിലെ പ്രസിദ്ധവും പുകൾപെറ്റതും രാജകീയ നഗരവുമായ ശെംഗലയിലെ (സുറിയാനി: ܫܸܢܓܲܲܠܐ) മാർ കുര്യാക്കോസ് സഹാദായുടെ പള്ളിയിൽ വെച്ചാണ് അത് പകർത്തിയെഴുതപ്പെട്ടത് എന്ന് വ്യക്തമാക്കുന്നുണ്ട്. മലബാറിലെ യഹൂദരുടെയും ക്രിസ്ത്യാനികളുടെയും ചരിത്രരേഖകളിൽ പ്രത്യേകമായി വർണിക്കപ്പെട്ടിരിക്കുന്ന പട്ടണമാണ് ശെംഗല അഥവാ ശിൻജ്ലി. ഇത് ചേരസാമ്രാജ്യ ആസ്ഥാനമായ കൊടുങ്ങല്ലൂർ പട്ടണം ആണ് എന്നാണ് പൊതുവേ അനുമാനിക്കപ്പെടുന്നത്. എന്നാൽ ഇതിൽ ചരിത്രകാരന്മാരുടെ ഇടയിൽ എതിരഭിപ്രായങ്ങളുമുണ്ട്.

കൊടുങ്ങല്ലൂരിലെ ക്രൈസ്തവ സാന്നിധ്യം വളരെ പഴക്കമുള്ളതാണ്. തോമാ ശ്ലീഹ മലബാറിലെ പ്രവർത്തനങ്ങൾ ആരംഭിച്ചത് കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയാണ് എന്നാണ് മാർത്തോമാ നസ്രാണികളുടെ പാരമ്പര്യം. തോമാശ്ലീഹാ സ്ഥാപിച്ചത് എന്ന് പറയപ്പെടുന്ന ഏഴര പള്ളികളിൽ ഒന്നാമത്തേത് കൊടുങ്ങല്ലൂരാണ്. പതിനേഴാം നൂറ്റാണ്ടിൽ ഉദയംപേരൂർ സൂനഹദോസിനു ശേഷം നസ്രാണികളുടെ ആദ്യ ലത്തീൻ മെത്രാനായി ചുമതലയേറ്റ ഫ്രാൻസിസ്കോ റോസ് കൊടുങ്ങല്ലൂരിലെ പള്ളികളെ പറ്റി ഒരു വിവരണം ഉദ്ധരിച്ചിട്ടുണ്ട്. അവിടെ കന്യകാമറിയത്തിന്റെയും തോമാശ്ലീഹായുടെയും വിശുദ്ധ കുര്യാക്കോസിന്റെയും നാമധേയത്തിൽ മൂന്ന് പള്ളികൾ ഉണ്ടായിരുന്നതായി ഇതിൽ നിന്ന് വിവരം ലഭിക്കുന്നു. ശെംഗലയിലെ കുര്യാക്കോസ് സഹദായുടെ പള്ളി ഇതിൽ പരാമർശിക്കപ്പെടുന്ന കൊടുങ്ങല്ലൂരിലെ കുര്യാക്കോസ് പള്ളി തന്നെയാകാൻ ഇടയുണ്ട്. ഈ വസ്തുത ശെംഗല കൊടുങ്ങല്ലൂർ ആയിരുന്നിരിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

പൗരസ്ത്യ കാതോലിക്കോസ് പാത്രിയർക്കീസ് തുർക്കി വംശജനായ മാർ യാഹ്ബാലാഹായുടെയും അഖിലേന്ത്യയുടെ മെത്രാപ്പോലീത്തയായ മാർ യാക്കോവിന്റെയും കാലത്താണ് ഇത് എഴുതപ്പെട്ടത് എന്നും പുസ്തകത്തിന്റെ പകർത്തിയെഴുത്തുകാരനായ സഖറിയാ ബർ യൗസേപ്പ് ബർ സഖറിയാ രേഖപ്പെടുത്തിയിരിക്കുന്നു.[8] യാക്കോവ് മെത്രാപ്പോലീത്തയുടെ കീഴിൽ ശെമ്മാശനായി പ്രവർത്തിച്ചുവന്ന ഒരു പതിനാലുവയസ്സുകാരനാണ് സഖറിയാ. മാർ യാക്കോവിന്റെ ഒരു ശിഷ്യനായാണ് അദ്ദേഹം സ്വയം അവതരിപ്പിച്ചിരിക്കുന്നത്.[8] ഒരു പതിനാലുവയസ്സുകാരൻ ഒരു സുറിയാനി പുസ്തകം മുഴുവൻ പകർത്തിയെഴുതി എന്നത് കൗതുകകരമായി നോക്കിക്കാണുന്നവരുണ്ട്.

കാതോലിക്കോസ് യാഹ്ബാലാഹാ 3ാമനും സഭാ സംവിധാനവും തിരുത്തുക

1301 ജൂണിൽ ശെംഗലയിലെ മാർ കുര്യാക്കോസ് പള്ളിയിൽ എഴുതപ്പെട്ടു എന്ന് രേഖപ്പെടുത്തിയിരിക്കുന്ന മേൽപ്പറഞ്ഞ സുറിയാനി കൈയ്യെഴുത്തുപ്രതിയിൽ അക്കാലത്തെ കിഴക്കിന്റെ സഭയുടെ പരമാധ്യക്ഷൻ ആയിരുന്ന കാതോലിക്കോസ് പാത്രിയാർക്കീസ് യാഹ്ബലാഹ 3ാമനെ വളരെ വാഴ്ത്തി സംസാരിക്കുന്നുണ്ട്. പൗരസ്ത്യ സഭകളിൽ പൊതുവായി ഉപയോഗിക്കപ്പെട്ടുവരുന്ന സാഹിത്യ ശൈലിയാണ് ഇത്. എന്നാൽ അദ്ദേഹത്തെ മൂന്നാമൻ എന്നതിനെ പകരം അഞ്ചാമൻ എന്നാണ് ഈ ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നത്. ലഭ്യമായിരിക്കുന്ന മറ്റ് വിവരണങ്ങളിൽ ഒന്നും അദ്ദേഹത്തെ അഞ്ചാമൻ എന്ന് വിശേഷിപ്പിച്ചു കാണുന്നില്ല. അതുകൊണ്ട് ഇത് എഴുത്തുകാരന്റെ ഭാഗത്തെ തെറ്റാണ് എന്ന് വിലയിരുത്താനാകും. കാതോലിക്കോസിനെ അതിയായി ബഹുമാനിക്കുമ്പോഴും അദ്ദേഹത്തെ പറ്റി വ്യക്തമായ ധാരണ വിദൂര ദേശമായ ഇന്ത്യയിലെ സഭാംഗങ്ങൾക്ക് ഇല്ലായിരുന്നു എന്നുള്ള സൂചനയും ഇതിൽ നിന്ന് ലഭിക്കുന്നുണ്ട്. അതേസമയം കാതോലിക്കോസ് ഒരു തുർക്കി വംശജനാണ് എന്ന് വ്യക്തമായി ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. കിഴക്കിന്റെ സഭയുടെ വളരെ വിശാലമായ പ്രവർത്തന മേഖലകളിൽ അക്കാലത്ത് പ്രധാനപ്പെട്ടതായിരുന്നു മദ്ധ്യേഷ്യയിൽ നിന്നുള്ള വ്യക്തിയായിരുന്നു മുമ്പ് റമ്പാൻ മർക്കോസ് എന്നറിയപ്പെട്ടിരുന്ന മാർ യാഹ്ബാലാഹാ. സഭയുടെ ഏറ്റവും പ്രസിദ്ധരായ അദ്ധ്യക്ഷന്മാരിൽ ഒരാളാണ് ഇദ്ദേഹം.

കയ്യെഴുത്ത് പ്രതിയിൽ മാർ യാഹ്ബാലാഹായെക്കുറിച്ച് നൽകുന്ന വിവരണം താഴെപ്പറയുന്ന വിധത്തിലാണ്.

കിഴക്കിന്റെ അപ്പസ്തോലിക സഭയുടെ തക്കോലിന്റെ അധികാരിയും അതിന്റെ പ്രദേശങ്ങളെ മുഴുവൻ പ്രകാശിപ്പിക്കുന്ന ശോഭയേറിയ വിളക്കും പുരോഹിതശ്രേഷഠന്മാരുടെ ശ്രേഷ്ഠനും പിതാക്കന്മാരുടെ പിതാവും ആയ മഹാ ഭരണാധിപൻ, നമ്മുടെ അനുഗ്രഹീതനും പരിശുദ്ധ പിതാവുമായ, മാർ യാഹ്ബാലാഹാ അഞ്ചാമൻ തുർക്കി, കാതോലിക സഭയുടെ മുകളിൽ ഒരു വിളക്കുകാലായി നിന്നുകൊണ്ട് അതിന്റെ ശുശ്രൂഷകർക്ക് പ്രകാശം നൽകാനും അതിന്റെ പേടികൾ അകറ്റാനും മറ്റ് ദിക്കുകളെ നയിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്ന, ലോകത്തിന്റെ മുഖ്യ ദിക്ക് ആയ കിഴക്കിന്റെ കാതോലിക്കോസ് പാത്രിയാർക്കീസ് ആയിരുന്ന കാലത്ത്...[9][10][11]

ഈ കയ്യെഴുത്ത് പ്രതിയുടെ പ്രസക്തമായ ഈ ആമുഖം മലബാറിലെ സഭയും സെലൂക്യാ-ക്ടെസിഫോൺ പാത്രിയാർക്കാസനവും തമ്മിൽ അക്കാലത്ത് നിലനിന്നിരുന്ന ബന്ധത്തിന് തെളിവാണ്. ഇന്ത്യൻ ഉപദ്വീപിലെ ക്രൈസ്തവ സാന്നിധ്യത്തിന് ഒന്നാം നൂറ്റാണ്ട് മുതലുള്ള പഴക്കം അനുമാനിക്കപ്പെടുന്നു. പ്രത്യേകിച്ച് മലബാർ തീരത്തെ മാർത്തോമാ നസ്രാണികൾ ക്രിസ്തു ശിഷ്യനായ മാർത്തോമാ ശ്ലീഹായുടെ പ്രവർത്തനത്താലാണ് തങ്ങൾ രൂപപ്പെട്ടത് എന്ന പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരാണ്. ആറാം നൂറ്റാണ്ടിൽ ഇന്ത്യൻ തീരങ്ങളിൽ സന്ദർശനം നടത്തിയ കോസ്മാസ് ഇൻഡികോപ്ല്യൂസ്റ്റസ് എന്ന് ഗ്രീക്ക് സഞ്ചാരി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ക്രൈസ്തവ സമൂഹങ്ങൾ ഉണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഏഴാം നൂറ്റാണ്ട് വരെ ഇന്ത്യയിലെ ഈ ക്രൈസ്തവ സമൂഹങ്ങൾ പാർസിലെ മെത്രാപ്പോലീത്തയുടെ ആത്മീയ മേൽനോട്ടത്തിന് കീഴിലായിരുന്നു എന്നാണ് പൊതുവേ അനുമാനിക്കപ്പെടുന്നത്. ഏഴാം നൂറ്റാണ്ടിൽ കിഴക്കിന്റെ സഭയിൽ ഉടലെടുത്ത ഭിന്നതയുടെയും ഇന്ത്യയിലെ സഭയും റെവ് അർദാശിറിലെ ശിമയോൻ എന്ന പാർസ് മെത്രാപ്പോലീത്തയും തമ്മിൽ ഉടലെടുത്ത കലഹത്തിന്റെയും പശ്ചാത്തലത്തിൽ അന്നത്തെ കാതോലിക്കോസ് ഈശോയാബ് 3ാമനാണ് ഇന്ത്യയിലെ ക്രൈസ്തവ സഭയ്ക്ക് സ്വതന്ത്ര മെത്രാസന പദവി നൽകിയത്. എന്നാൽ ഇത് പൂർണമായി നടപ്പാക്കാൻ അദ്ദേഹത്തിനോ തിമോത്തെയോസ് 1ാമൻ കാതോലിക്കോസിന് തൊട്ടുമുമ്പ് വരെയുള്ള അദ്ദേഹത്തിന്റെ പിൻഗാമികൾക്കോ കഴിഞ്ഞിരുന്നില്ല.[12][13] മാർത്തോമാ ശ്ലീഹായുടെ പൈതൃകം അവകാശപ്പെടുന്നതിൽ ഇന്ത്യയിലെ സഭാസമൂഹത്തെ പോലെ തന്നെ തൽപരരായിരുന്നു പാർസിലെ ക്രൈസ്തവ സമൂഹവും. പാർസിലെ മെത്രാപ്പോലീത്തമാരും കിഴക്കിന്റെ കാതോലിക്കാമാരും തമ്മിൽ നിലനിന്നിരുന്ന തർക്കത്തിന്റെ കാലത്ത് പാർസിലെ ക്രൈസ്തവർ തങ്ങൾ മാർത്തോമായുടെ പൈതൃകം പിന്തുടരുന്നവരായതിനാൽ കാതോലിക്കോസിന് വിധേയപ്പെടാൻ ഒരുക്കമല്ല എന്ന് പറഞ്ഞിരുന്നതായി യാക്കോബായ ചരിത്രകാരനായ ഗ്രിഗോറിയോസ് ബാർ എബ്രായ തന്റെ സഭാചരിത്ര രചനയിൽ പരാമർശിക്കുന്നുണ്ട്. ഇന്ത്യയിലെ ക്രിസ്ത്യാനികൾ മാർത്തോമാ പൈതൃകം അവകാശപ്പെടുന്നതിന്റെ ചരിത്ര രേഖകളിൽ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നാണ് 1301ലെ സുറിയാനി കൈയ്യെഴുത്തുപ്രതി. അതിനുമുമ്പ് ഇന്ത്യയിൽ സന്ദർശനം നടത്തിയ ചില വിദേശ സഞ്ചാരികൾ മാർത്തോമൻ പാരമ്പര്യം വിവരിച്ചിട്ടുണ്ട്. മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിന്റെ അധികാരി എന്ന് മാർ യാക്കോവ് മെത്രാപ്പോലീത്തയെ അഭിസംബോധന ചെയ്യുന്നതിലൂടെ ഈ പാരമ്പര്യത്തിന്റെ സഭാപരമായ ഒരു പ്രകടനം ദൃശ്യമാകുന്നുണ്ട്. കിഴക്കിന്റെ സഭയുടെ സഭാ സംവിധാനത്തിൽ ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ മാർത്തോമാ പൈതൃകം അംഗീകരിക്കപ്പെട്ടിരുന്നു എന്നതിന്റെ സൂചനയും ഇത് നൽകുന്നു. പാർസിലെ സഭയിൽ മാർത്തോമാ പൈതൃകം കാതോലിക്കോസുമായുള്ള ഐക്യത്തിന് വിഘാതം ആയപ്പോൾ ഇന്ത്യയിലെ സഭയിൽ അത് സഭാസംവിധാനത്തിന്റെ സ്വീകാര്യതയ്ക്കും പരസ്പര അംഗീകാരത്തിനും കാരണമായി എന്നത് ഇതിലെ വിരോധാഭാസമാണ്.

കാതോലിക്കോസ് യാഹ്ബാലാഹായെ ബഹുമാനിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്ന പദഘടനയിൽ കിഴക്കിന് മറ്റു ദിക്കുകളുടെ മേലുള്ള പ്രാമുഖ്യം എടുത്തുപറയുന്നുണ്ട്. ക്രൈസ്തവസഭകളിൽ പ്രത്യേകിച്ച് ലത്തീൻ സഭയിൽ റോമിലെ മാർപാപ്പയ്ക്ക് അഥവാ പാശ്ചാത്യ പാത്രിയർക്കീസിന് ലഭിച്ചിരുന്ന പ്രാമുഖ്യത്തിന് ഘടക വിരുദ്ധമായ ഒരു ആശയമായി ഇതിനെ കാണാൻ കഴിയും. കിഴക്കിന്റെ സഭയുടെ, പ്രത്യേകിച്ച് ഇന്ത്യൻ സഭയുടെയും നസ്രാണി സമൂഹത്തിന്റെയും, ആത്മാവബോധവും അധികാരസംവിധാനത്തിന്റെ വ്യാഖ്യാനവും എപ്രകാരമുള്ളതായിരുന്നു എന്നതിൻറെ സൂചന ഇത് നൽകുന്നു. എന്നാൽ രസകരമായ മറ്റൊരു വസ്തുത ഇതിൽ പരാമർശിക്കപ്പെടുന്ന യാഹ്ബാലാഹാ കാതോലിക്കോസ് ഏതാനം വർഷങ്ങൾക്ക് ശേഷം, 1304ൽ, കുരിശു യുദ്ധത്തിൻറെ ഭാഗമായി എത്തിയ മിഷണറിമാരുടെ സ്വാധീനത്തിന്റെ ഫലമായി റോമിലെ മാർപാപ്പയുടെ പ്രാമുഖ്യം അംഗീകരിച്ച ആളാണ് എന്നുള്ളതാണ്. ഇവിടെയാണ് ഈ കയ്യെഴുത്ത് പ്രതിയുടെ പ്രസക്തിയും വർദ്ധിക്കുന്നത്. വിവിധ സഭാ ചരിത്രകാരന്മാർ യാഹ്ബാലാഹാ റോമിലെ മാർപാപ്പയുടെ അധികാരം അംഗീകരിച്ചതിന്റെ പ്രാധാന്യത്തെക്കുറിച്ച് തർക്കിച്ചിരുന്നു. 1304ൽ യാഹ്ബാലാഹാ മാർപാപ്പയ്ക്ക് നൽകിയ ഈ അംഗീകാരം പ്രായോഗികതലത്തിൽ കാര്യമായ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നും രാഷ്ട്രീയവും മധ്യപൂർവ ദേശത്തെ ക്രൈസ്തവരുടെ സാന്ദർഭികവുമായ പല കാരണങ്ങളാണ് ഇതിലേക്ക് നയിച്ചത് എന്നും ഉള്ള സൂചനയാണ് ഇത് നൽകുന്നത്. മാർപാപ്പയ്ക്കും റോമൻ സഭയ്ക്കും പത്രോസ് ശ്ലീഹായുടെ സിംഹാസന പിന്തുടർച്ചയുടെ പേരിൽ സഭാപരമായ പ്രാമുഖ്യം യാഹ്ബാലാഹാ അംഗീകരിച്ചെങ്കിലും പൗരസ്ത്യ സുറിയാനി ക്രിസ്ത്യാനികൾ ഒരിക്കലും പടിഞ്ഞാറൻ സഭയ്ക്ക് തങ്ങളുടെ മേൽ എന്തെങ്കിലും അധികാരം ഉള്ളതായി കണക്കാക്കിയിരുന്നില്ല എന്ന് ഈ കൈയെഴുത്ത് വിവരണം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല നെസ്തോറിയസിനെ വിശുദ്ധനായി പരിഗണിക്കുന്നതിന്റെ പേരിൽ റോമൻ സഭാപ്രതിനിധികളും പൗരസ്ത്യ സുറിയാനി സഭാനേതാക്കളും തമ്മിൽ അധികം വൈകാതെ തർക്കം ഉടലെടുക്കുകയും യാഹ്ബാലാഹായുടെ ഈ നടപടി അപ്രായോഗികമായി മാറുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു.[14]

അവലംബം തിരുത്തുക

സൂചിക തിരുത്തുക

  1. MS Vat. Syr.22, David Wilmshurst (2000). The Ecclesiastical Organisation of the Church of the East, 1318-1913. London: Peeters Publishers, 01-Jan-2000. p. 343. ISBN 9789042908765.{{cite book}}: CS1 maint: numeric names: authors list (link)
  2. MS Vat. Syr.22, William Henry Paine Hatch, Lucas van Rompay (2002). An Album of Dated Syriac Manuscripts. Gorgias Press LLC, 2002. p. 226. ISBN 9781931956536.{{cite book}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)[പ്രവർത്തിക്കാത്ത കണ്ണി]
  3. MS Vat. Syr.22, Paul M. Collins (2006). Context, Culture and Worship: The Quest for "Indian-ness". ISPCK, 2006. p. 218. ISBN 9788172149376.{{cite book}}: CS1 maint: numeric names: authors list (link)
  4. MS Vat Syr 22; Wilmshurst, EOCE, 343 and 391.
  5. Origin of Christianity in India: a historiographical critique By Benedict Vadakkekara
  6. The Christians of St. Thomas in South India and their Syriac manuscripts by J. P. M. van der Ploeg –page 187.
  7. The rise and decline of the Indian Church of the Thomas Christians by Placid J. Podipara page 15
  8. 8.0 8.1 Wilmshurst (2000), പുറം. 343, 391.
  9. MS Vat Syr 22; Wilmshurst, EOCE, 343 and 391.
  10. Origin of Christianity in India: a historiographical critique By Benedict Vadakkekara
  11. The Christians of St. Thomas in South India and their Syriac manuscripts by J. P. M. van der Ploeg –page 187.
  12. Christian inculturation in India by Paul M. Collins page 142
  13. Origin of Christianity in India: a historiographical critique By Benedict Vadakkekara
  14. Phillips, p. 123

സ്രോതസ്സുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശെംഗലയിലെ_യാക്കോവ്&oldid=4015928" എന്ന താളിൽനിന്ന് ശേഖരിച്ചത്