രണ്ടാം വത്തിക്കാൻ സൂനഹദോസ്


രണ്ടാം വത്തിക്കാൻ സൂനഹദോസ് എന്ന പേരിൽ സാധാരണയായി അറിയപ്പെടുന്ന വത്തിക്കാനിലെ രണ്ടാമത്തെ സാർവലൗകിക സൂനഹദോസ്, കത്തോലിക്കാ സഭയുടെ ഇരുപത്തിയൊന്നാമത്തെ ആഗോള സൂനഹദോസായിരുന്നു. ആധുനിക ലോകത്തിന്റെ വെല്ലുവിളികൾ നേരിടാൻ കത്തോലിക്കാ സഭയെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വ്യാപകമായ പരിഷ്കാരങ്ങൾക്ക് ഈ സഭാസമ്മേളനം തുടക്കമിട്ടു. യോഹന്നാൻ ഇരുപത്തി മൂന്നാമൻ മാർപ്പാപ്പ 1962 ഒക്ടോബർ 11-ന് ഉദ്ഘാടനം ചെയ്ത ഈ സം‌രംഭം, അദ്ദേഹത്തെ പിന്തുടർന്നുവന്ന പോൾ ആറാമൻ മാർപ്പാപ്പയുടെ നേതൃത്വത്തിൽ 1965 ഡിസംബർ 8-നാണ് സമാപിച്ചത്. നാലു പിൽക്കാല-മാർപ്പാപ്പമാരെങ്കിലും സൂനഹദോസിന്റെ പ്രാരംഭസമ്മേളനത്തിൽ പങ്കെടുത്തു: യോഹന്നാൻ 23-ആമൻ മാർപ്പാപ്പയുടെ മരണത്തെ തുടർന്ന് സൂനഹദോസിനിടെ പോൾ ആറാമൻ എന്ന പേരിൽ മാർപ്പാപ്പയായ ജിയോവാനി ബറ്റീസ്റ്റാ കർദ്ദിനാൾ മൊണ്ടീനി; പിന്നീട് യോഹന്നാൻ പൗലോസ് ഒന്നാമൻ മാർപ്പാപ്പയായ അൽബീനോ ലൂസിയാനി മെത്രാൻ; യോഹന്നാൻ പൗലോസ് രണ്ടാമൻ മാർപ്പാപ്പയായ കരോൾ വൊയ്‌റ്റീവാ മെത്രാൻ; ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയായിത്തീർന്ന ജോസഫ് റാറ്റ്സിഞ്ഞർ എന്നിവരാണ് സൂനഹദോസിൽ പങ്കെടുത്ത പിൽക്കാല മാർപ്പാപ്പമാർ. [1][2]

രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ തുടക്കം

പശ്ചാത്തലം തിരുത്തുക

 
Foto: Lothar Wolleh

ഒരു നൂറ്റാണ്ടു മുൻപ് (1869-70) നടന്ന ഒന്നാം വത്തിക്കാൻ സൂനഹദോസിനും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ദൈവശാസ്ത്രത്തിലെ ആധുനികവാദത്തിനെതിരായി പത്താം പീയൂസ് മാർപ്പാപ്പയുടെ നേതൃത്വത്തിൽ സഭ സ്വീകരിച്ച നിലപാടിനും ശേഷം ഒരു തരം നവ-സ്കോളാസ്റ്റിസിസവും ബൈബിളിന്റെ അക്ഷരാർത്ഥവ്യാഖ്യാനവും കത്തോലിക്കാസഭയുടെ ഔദ്യോഗിക നിലപാടുകളായി കരുതപ്പെട്ടിരുന്നു. എന്നാൽ, 1950-കളിലുടനീളം കത്തോലിക്കാ ചിന്തകന്മാരിൽ പലരും ഈ യാഥാസ്ഥിതികതയിൽ നിന്ന് വ്യതിചലിക്കാൻ തുടങ്ങിയിരുന്നു. കാൾ റാനർ, മൈക്കൾ ഹെർബർട്ട്, കോർട്ട്നി മുറേ തുടങ്ങിയ ദൈവശസ്ത്രജ്ഞന്മാരിൽ ഈ വ്യതിചലനം പ്രകടമായി. ക്രിസ്തീയ ചിന്തയെ ആധുനികജീവിതത്തിലെ മനുഷ്യാനുഭവവുമായി അനുരഞ്ജിപ്പിക്കാൻ അവർ ആഗ്രഹിച്ചു. യ്വെസ് കോങ്കാർ, പിന്നീട് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയായിത്തീർന്ന ജോസഫ് രാറ്റ്സിഞ്ഞർ, ഹെൻറി ലൂബാക്ക് തുടങ്ങിയവരും ഈ മാറ്റത്തെ പ്രതിനിധാനം ചെയ്തു.

 
Foto: Lothar Wolleh

ലോകമെമ്പാടുമുള്ള പ്രദേശികസഭാനേതൃത്വങ്ങൾക്ക്, രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക-സാങ്കേതിക രംഗങ്ങളിലെ പരിവർത്തനങ്ങൾ കൊണ്ടുവന്ന പ്രശ്നങ്ങളെ നേരിടേണ്ടി വന്നു. പുതിയ പ്രശ്നങ്ങളെ നേരിടാൻ പുതിയ മാർഗ്ഗങ്ങൾ ആവശ്യമാണെന്ന് മെത്രാന്മാരിൽ പലർക്കും തോന്നി. ഒരു നൂറ്റാണ്ടുമുൻപ് നടന്ന ഒന്നാം വത്തിക്കാൻ സൂനഹദോസ്, ഇറ്റലിയുടെ ഏകീകരണത്തെ തുടർന്ന് ഇറ്റാലിയൻ സൈന്യം റോമിൽ പ്രവേശിച്ചതിനാൽ പൂർത്തിയാകും മുൻപ് പിരിഞ്ഞുപോകേണ്ടി വന്നു. മാർപ്പാപ്പയുടെ സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ മാത്രമേ ആ സൂനഹദോസിന് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നുള്ളു. സഭയെ മുഴുവൻ ബാധിക്കുന്ന അജപാലന-സൈദ്ധാന്തിക വിഷയങ്ങൾ പരിഗണിക്കാനായില്ല.[3][4]

1958 ഒക്ടോബർ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ജോൺ 23-ആമൻ, അധികാരമേറ്റ് മൂന്നു മാസം തികയുന്നതിനു മുൻപ്, ഒരു സാർവലൗകിക സൂനഹദോസ് വിളിച്ചുകൂട്ടാനുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചു.[5] മാർപ്പാപ്പയുടെ ഭരണസമിതിയിലെ അംഗങ്ങളെ തന്നെ അത്ഭുതപ്പെടുത്തിയ ഈ പ്രഖ്യാപനത്തിന് സഭയ്ക്കുള്ളിലെ കാര്യങ്ങൾ അറിയാവുന്നവരിൽ നിന്ന് കാര്യമായ പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. കത്തോലിക്കാ സഭയ്ക്കു പുറത്തുള്ള മത-മതേതര നേതൃത്വങ്ങൾ ഈ പ്രഖ്യാപനത്തോട് വ്യാപകമായി പ്രതികരിച്ചു.[6] മിക്കവാറും പ്രതികരണങ്ങൾ അനുകൂലഭാവത്തിലായിരുന്നു. "ഹ്യൂമാനേ സല്യൂട്ടിസ്" എന്ന ശ്ലൈഹിക ലിഖിതത്തിലൂടെ 1961 ഡിസംബർ 25-ന് സൂനഹദോസ് ഔപചാരികമായി വിളംബരം ചെയ്യപ്പെട്ടു.[7][8] സൂനഹദോസിനു മുൻപ് നടന്ന ചർച്ചകളിൽ യോഹന്നാൻ 23-ആമൻ മാർപ്പാപ്പ പറഞ്ഞത്, സഭയുടെ ജനാലകൾ തുറന്ന് അല്പം ശുദ്ധവായു അകത്തു കയറ്റാൻ സമയമായി എന്നായിരുന്നു.[9] കത്തോലിക്കാ സഭയുക്കു പുറത്തുള്ള ക്രിസ്തീയവിഭാഗങ്ങളെ, സൂനഹദോസിലേയ്ക്ക് നിരീക്ഷകരെ അയക്കാൻ മാർപ്പാപ്പ ക്ഷണിച്ചു. പ്രൊട്ടസ്റ്റന്റ് സഭയിലെ വിഭാഗങ്ങളും ഓർത്തഡോക്സ് സഭയും ആ ക്ഷണം സ്വീകരിച്ചു.

അവലംബം തിരുത്തുക

  1. "Vatican Council II". പുതിയ കത്തോലിക്കാ വിജ്ഞാനകോശം. Vol. XIV (1 ed.). New York: McGraw-Hill. 1967. p. 563. OCLC 34184550. {{cite encyclopedia}}: Cite has empty unknown parameters: |month= and |coauthors= (help); Unknown parameter |എഡിറ്റർ= ignored (help)
  2. Alberigo, ഗിയൂസേപ്പേ (2006). വത്തിക്കാൻ രണ്ടിന്റെ ലഘുചരിത്രം. Maryknoll: Orbis Books. pp. 69. ISBN 1570756384. {{cite book}}: Unknown parameter |coauthor= ignored (|author= suggested) (help)
  3. Bokenkotter, Thomas (2005). A Concise History of the Catholic Church. New York: Image. p. 337. ISBN 0385516134.
  4. Hahnenberg, Edward (2007). A Concise Guide to the Documents of Vatican II. City: Saint Anthony Messenger Press. p. 44. ISBN 0867165529.
  5. Alberigo, Giuseppe (2006). A Brief History of Vatican II. Maryknoll: Orbis Books. pp. 1. ISBN 1570756384. {{cite book}}: Unknown parameter |coauthor= ignored (|author= suggested) (help)
  6. Alberigo, Giuseppe (2006). A Brief History of Vatican II. Maryknoll: Orbis Books. pp. 4-7. ISBN 1570756384. {{cite book}}: Unknown parameter |coauthor= ignored (|author= suggested) (help)
  7. "Vatican II: 40 years later". National Catholic Register. Archived from the original on 2009-02-16. Retrieved 2009-11-25.
  8. "1961". Archived from the original on 2006-02-08. Retrieved 2009-11-25.
  9. Sullivan, Maureen (2002). 101 Questions and Answers on Vatican II. New York: Paulist Press. pp. 17. ISBN 0809141337.