എ.ഡി. 347 മുതൽ 420 വരെ ജീവിച്ചിരുന്ന പ്രമുഖ ക്രൈസ്തവ പണ്ഡിതനും താപസനുമായിരുന്നു ജെറോം. ഇംഗ്ലീഷ്: Saint Jerome. ലത്തീൻ:Eusebius Sophronius Hieronymus (യൂസേബിയൂസ് സോപ്രോണിയൂസ് ഹേയ്റോണിമൂസ്) കിഴക്കൻ യൂറോപ്പിലെ സ്ട്രിഡോയിലാണ് അദ്ദേഹം ജനിച്ചതെന്നു കരുതുന്നു. അപാരമായ പാണ്ഡിത്യവും ഭാഷാജ്ഞാനവും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ജെറോമിൻറെ മുഖ്യസംഭാവനയെന്നു കരുതുന്നത് ബൈബിളിന്റെ, 'വുൾഗാത്ത' എന്ന പേരിൽ പ്രസിദ്ധമായ ലത്തീൻ പരിഭാഷയാണ്. കത്തോലിക്കാ സഭ ജെറോമിനെ വിശുദ്ധപദവിയിൽ വണങ്ങുകയും വേദപാരംഗതന്മാരുടെ പട്ടികയിൽ പെടുത്തി ബഹുമാനിക്കുകയും ചെയ്യുന്നു. 'വൾഗെയ്റ്റ്' ബൈബിൾ പരിഭാഷക്ക് ഇന്നും കത്തോലിക്കാസഭ പ്രാമാണികത കല്പിക്കുന്നു. പൗരസ്ത്യ ഓർത്തഡോക്സ് സഭ യും ജെറോമിനെ വിശുദ്ധനായി അംഗീകരിക്കുന്നു. സ്ട്രിഡോണിയത്തിലെ ജെറോം, അനുഗൃഹീതനായ ജെറോം എന്നീ പേരുകളിലാണ് ആ സഭയിൽ അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ അനുസ്മരണദിനം സെപ്റ്റംബർ 30 ആണ്.

ജെറോം - ലൂക്കാസ് വാൻ ലീഡന്റെ ചിത്രം

തുടക്കം

തിരുത്തുക
 
ജെറോം, കരവാജ്യോയുടെ 1606-ലെ രചന
 
വാഷിങ്ടൺ, ഡി.സി.യിലെ ക്രൊയേഷ്യൻ സ്ഥാനപതികാര്യാലയത്തിനു മുൻപിലുള്ള ജെറോമിന്റെ പ്രതിമ, ക്രൊയേഷ്യൻ ശില്പി ഇവാൻ മെസ്ട്രോവിച്ചിന്റെ(1883-1962) സൃഷ്ടി

റോമാസാമ്രാജ്യത്തിലെ പ്രവിശ്യകളായിരുന്ന പന്നോനിയ, ഡാൽമേഷ എന്നിവയുടേയും ഇറ്റലിയുടേയും ഇടയിൽ, അക്വലെയക്ക് സമീപമുള്ള സ്ട്രിഡോൻ എന്ന സ്ഥലത്താണ് ജെറോം ജനിച്ചത്.[1] ഇലിറിയൻ ക്രിസ്ത്യാനികളായിരുന്നു മാതാപിതാക്കളെങ്കിലും ശൈവവത്തിനുശേഷമാണ് ജെറോം ജ്ഞാനസ്നാനപ്പെട്ടത്.

റോം, ഗോൾ

തിരുത്തുക

ക്രി.വ. 360-ലോ 366-ലോ, ബൊണോസസിനൊപ്പം പ്രസംഗകലയും തത്ത്വശാസ്ത്രവും പഠിക്കാൻ അദ്ദേഹം റോമിലെക്ക് പോയി. അവിടെ, വൈയാകരണൻ ഡൊണാറ്റസിന് ശിഷ്യപ്പെട്ട ജെറോം, ഗ്രീക്ക്, ലത്തീൻ ഭാഷകളിൽ അവഹാഗം നേടി.[1] റോമിൽ വിദ്യാർത്ഥിയായിരിക്കെ പാപത്തിന്റേയും പശ്ചാത്താപത്തിന്റേയും നാളുകളിലൂടെ ജെറോം കടന്നുപോയി. മനഃസാക്ഷിയെ സമാധാനിപ്പിക്കാൻ ഞായറാഴ്ചകളിൽ കാറ്റകോമ്പുകളിൽ രക്തസാക്ഷികളുടെ ശവകുടീരങ്ങൾ സന്ദർശിക്കുന്നത് അദ്ദേഹം പതിവാക്കി.[2]

റോമിൽ കുറേ വർഷങ്ങൾ കഴിഞ്ഞ ശേഷം ജെറോം സുഹൃത്ത് ബൊണോസസിനൊപ്പം ഗോളിലേക്ക് പോയി ഇന്ന് തെക്കുപടിഞ്ഞാറൻ ജർമ്മനിയിൽ പെടുന്ന ട്രീയർ എന്ന സ്ഥലത്ത് താമസമാക്കി. മതവിഷയങ്ങളുടെ ഗൗരവപൂർവമുള്ള പഠനം അദ്ദേഹം തുടങ്ങിയത് ഇക്കാലത്താണ്. റൂഫിനസ് എന്ന സുഹൃത്തിനുവേണ്ടി പോയ്ട്യേയിലെ ഹിലരിയുടെ (Hilary of Poitiers)സങ്കീർത്തനവ്യാഖ്യാനം അദ്ദേഹം പകർത്തിയെഴുതി. തുടർന്ന് റൂഫിനസിനൊപ്പം ഏതാനും വർഷങ്ങൾ ജെറോം അക്വെലയിൽ താമസമാക്കി. അവിടെ ക്രിസ്ത്യാനികളുടെ ഒരു സുഹൃദ്‌വലയം അദ്ദേഹത്ത കേന്ദ്രമാക്കി രൂപം കൊണ്ടു.

ദേശാടനം, രോഗം, ദർശനം

തിരുത്തുക
 
പർണ്ണശാലയിൽ പഠനത്തിൽ മുഴുകിയിരിക്കുന്ന ജെറോം - ജിയോവാനി ബെല്ലിനിയുടെ രചന

373-ആം ആണ്ടിൽ ത്രേസ്, ഏഷ്യാമൈനർ എന്നിവിടങ്ങൾ വഴി ചില സുഹൃത്തുക്കൾക്കൊപ്പം ജെറോം വടക്കൻ സിറിയയിലെത്തി. ഏറെക്കാലം അദ്ദേഹം താമസിച്ചത് അന്തിയോക്കിയയിലാണ്. അവിടെവച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ ചിലർ, കാലാവസ്ഥയുടെ കാഠിന്യം സഹിക്കാഞ്ഞ് മരിച്ചു. ജെറോം തന്നെ ഒന്നിലേറെ വട്ടം ഗുരുതരമായ രോഗാവസ്ഥയിലായി. അത്തരം അവസ്ഥകളിലൊന്നിൽ അദ്ദേഹത്തിന്, സിസറോയുടേയും വിർജിലിന്റേയും രചനകൾ പോലുള്ള മതേതര സാഹിത്യം ആസ്വദിക്കുന്നത് നിർത്തി ദൈവികവിഷയങ്ങളുടെ പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുവാൻ പ്രേരിപ്പിക്കുന്ന ഒരു ദർശനമുണ്ടായി. മരണാനന്തരം നിത്യവിധിയാളന്റെ മുൻപിൽ താൻ നിൽക്കുന്നതായാണ് ജെറോം കണ്ടത്. സ്വന്തം ജീവിതത്തെ ന്യായീകരിക്കാൻ ആവശ്യപ്പെട്ടതനുസരിച്ച് താൻ ക്രിസ്ത്യാനിയാണെന്ന് അദ്ദേഹം ബോധിപ്പിച്ചു. "നീ നുണപറയുന്നു; നീ ക്രിസ്ത്യാനിയല്ല, സിസറോണിയനാണ്" എന്ന ശകാരവും തുടർന്ന് ബോധം കെടുത്തും വിധമുള്ള ചാട്ടവാറടിയുമാണ് ഇതിനു പ്രതികരണമായി ന്യായാസനത്തിൽ നിന്ന് കിട്ടിയത്.[ക] ഇതേതുടർന്ന് വർഷങ്ങളോളം ജെറോം ക്ലാസിക്കുകൾ വായിക്കുന്നത് നിർത്തി ബൈബിളിന്റെ തീവ്രപഠനത്തിൽ മുഴുകി.

ഇക്കാലത്ത്, താപസന്റെ പ്രായശ്ചിത്ത ജീവിതം ലക്‌ഷ്യമാക്കി ജെറോം അന്തിയോക്കിയക്ക് തെക്കുപടിഞ്ഞാറുള്ള കാൽസിസ് മരുഭൂമിയിൽ കുറേക്കാലം താമസിച്ചു. വേറേയും ധാരാളം താപസന്മാർ അവിടെയുണ്ടായിരുന്നു. അവിടേയും അദ്ദേഹം എഴുത്തും വായനയും തുടർന്നു. പരിവർത്തിതനായ ഒരു യഹൂദന്റെ സഹായത്തോടെ അദ്ദേഹം എബ്രായ ഭാഷ പഠിക്കാൻ തുടങ്ങിയത് അവിടെവച്ചാണ്. അന്തിയോക്കിയയിലെ യഹൂദവംശജരായ ക്രിസ്ത്യാനികളുമായി ജെറോം എഴുത്തുകുത്തുകൾ നടത്തുകയും പുതിയനിയമത്തിന്റെ അംഗീകൃത സം‌ഹിതയിലുൾപ്പെട്ട മത്തായിയുടെ സുവിശേഷത്തിന്റെ സ്രോതസ്സായി അവർ കണക്കാക്കിയിരുന്ന "എബ്രായരുടെ സുവിശേഷം" എന്ന അകാനോനിക രചനയിൽ താത്പര്യം കാട്ടുകയും ചെയ്തു.

റോം, വിവാദങ്ങൾ, തീർത്ഥാടനം

തിരുത്തുക

378-379-ൽ അന്തിയോക്കിയയിൽ മടങ്ങിയെത്തിയ ജെറോമിന് പൗളീനോസ് മെത്രാൻ പുരോഹിത്യം നൽകി. തന്റെ സംന്യാസജീവിതത്തിന് ഇത് വിരാമമിടുകയില്ല എന്ന ഉറപ്പുവാങ്ങിയാണ് ജെറോം ഇതിന് അരമനസ്സോടെയാണെങ്കിലും വഴങ്ങിയത്. താമസിയാതെ കപ്പദോച്ചിയൻ പിതാക്കന്മാരിൽ ഒരാളായിരുന്ന നസിയാൻസസിലെ ഗ്രിഗറിയുടെ കീഴിൽ ബൈബിൾ പഠനത്തിന് കോൺസ്റ്റാന്റിനോപ്പിളിലേക്കുപോയ ജെറോം അവിടെ രണ്ടുവർഷം കഴിഞ്ഞു; തുടർന്നുള്ള മൂന്നുവർഷം (382-385) ജെറോം ഒന്നാം ഡമാസ്യൂസ് മാർപ്പാപ്പയുടെ കാര്യദർശിയായി റോമിലായിരുന്നു. അന്തിയോക്കിയായിലെ മതഭിന്നത (Schism) അവസാനിപ്പിക്കാൻ ഉദ്ദേശിച്ചുള്ള 382-ലെ സൂനഹദോസിൽ പങ്കെടുക്കാൻ ക്ഷണം കിട്ടി റോമിലെത്തിയ ജെറോം ക്രമേണ മാർപ്പാപ്പായുടെ വിശ്വസ്തന്മാരിലൊരാളായി മാറുകയും അദ്ദേഹത്തിന്റെ അലോചനാസംഘത്തിലെ പ്രമുഖരിലൊരാളായി അവിടെ തുടരുകയുമാണ് ചെയ്തത്.

ഇക്കാലത്ത് മറ്റു ജോലികൾക്കിടയിൽ ജെറോം ബൈബിളിന്റെ പഴയ ലത്തീൻ പരിഭാഷയുടെ പരിഷ്കരണത്തിന് തുടക്കമിട്ടു. ഗ്രീക്ക് മൂലത്തെ ആശ്രയിച്ചുള്ള പുതിയനിയമപരിഭാഷയായിരുന്നു ആദ്യം. പുരാതന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിനെ ആശ്രയിച്ചുള്ള പഴയ സങ്കീർത്തനപരിഭാഷയുടെ പരിഷ്കരണമായിരുന്നു പിന്നെ. ജെറോമിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവനയായി കരുതപ്പെടുന്ന 'വൾഗെയ്റ്റ്' ബൈബിൾ പരിഭാഷയുടെ തുടക്കം ഇതായിരുന്നു. ഈ സം‌രംഭം പൂർത്തിയാകാൻ ഏറെ വർഷങ്ങളെടുത്തു.

 
മാൾട്ടായിൽ വലേറ്റയിലെ വിശുദ്ധ യോഹന്നാന്റെ സഹഭദ്രാസനപ്പള്ളിയിലുള്ള ജെറോമിന്റെ ചിത്രം: കരവാജ്യോയുടെ 1607-ലെ രചന

റോമിൽ കുലീനകുടുംബങ്ങളിൽ പെട്ട അഭ്യസ്തവിദ്യരായ ഒരുപറ്റം പട്രീഷ്യൻ വനിതകൾ അദ്ദേഹത്തിന്റെ അനുയായികളായി. വിധവകളായ മാർസെല്ല, പൗള; അവരുടെ മക്കൾ ബ്ലെസില്ല, യുസ്റ്റോക്കിയം എന്നിവർ അവരിൽ പ്രമുഖരായിരുന്നു. ജെറോമിന്റെ ആശയങ്ങളുടെ സ്വാധീനത്തിൽ ആ വനിതകൾ സംന്യാസജീവിതത്തിൽ തത്പരരായതും സംന്യാസേതരപൗരോഹിത്യത്തിനു നേരെയുള്ള ജെറോമിന്റെ നിശിതവിമർശനങ്ങളും, റോമിലെ പുരോഹിതപ്രമുഖന്മാരേയും അവരുടെ പിന്തുണക്കാരേയും അദ്ദേഹത്തിന്റെ ശത്രുക്കളാക്കി. 384-ആം വർഷം ആശ്രയദാതാവായിരുന്ന ഡമാസ്യൂസ് മാർപ്പാപ്പയുടെ മരണത്തിനുശേഷം ജെറോമിന്റെ ശത്രുക്കൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. സുഹൃദ്‌വലയത്തിലെ വനിത പൗളയുമായി അദ്ദേഹത്തിന് ആനുചിതമായ ബന്ധമുണ്ടെന്ന് അവർ ആരോപിച്ചു. താമസിയാതെ റോമിലെ പദവികൾ ഉപേക്ഷിച്ച് അദ്ദേഹത്തിന് അവിടം വിട്ടുപോകേണ്ടി വന്നു.

385-ആം ആണ്ട് ഓഗസ്റ്റ് മാസം സഹോദരൻ പൗളീനിയാനൂസിനും അനേകം സുഹൃത്തുക്കൾക്കുമൊപ്പം ജെറോം അന്ത്യോക്കിയയിലെത്തി. തങ്ങളുടെ ശിഷ്ടജീവിതം വിശുദ്ധനാട്ടിൽ ചെലവഴിക്കാൻ തീരുമാനിച്ചിരുന്ന പൗളയും യുസ്റ്റോക്കിയവും താമസിയാതെ അദ്ദേഹത്തിനൊപ്പം ചേർന്നു. ജെറോം അവർക്ക് ആത്മീയോപദേഷ്ടാവായി. അന്ത്യോക്യയിലെ മെത്രാൻ പൗളീനൂസിനൊപ്പം തീർത്ഥാടകരായി അവർ യെരുശലേം, ബെത്‌ലഹേം, എന്നിവിടങ്ങളും ഗലീലായിലെ വിശുദ്ധസ്ഥലങ്ങളും സന്ദർശിച്ചു. താപസജീവിതത്തിലെ ധീരന്മാരുടെ നാടായി കരുതപ്പെട്ടിരുന്ന ഈജിപ്തും അവർ സന്ദർശിച്ചു.

ബെത്‌ലഹേം

തിരുത്തുക

അലക്സാൻഡ്രിയയിലെ വേദവിദ്യാലയത്തിൽ ജെറോം അന്ധനായിരുന്ന വേദാദ്ധ്യാപകൻ ദിതീമൂസ് ഹോശെയായുടെ പ്രവചനങ്ങൾ വ്യാഖ്യാനിക്കുന്നതു ശ്രവിച്ചു. മുപ്പതുവർഷം മുൻപ് മരിച്ച മഹാതാപസൻ ഈജിപ്തിലെ അന്തോനീസിന്റെ അപദാനങ്ങളും ദിതീമൂസ് ജെറോമിന് വർണ്ണിച്ചുകൊടുത്തു. നൈട്രിയൻ മരുഭൂമിയിലെത്തിയ അദ്ദേഹം "കർത്താവിന്റെ ആ നഗരത്തിൽ" താപസസമൂഹങ്ങളുടെ ചിട്ടയോടുകൂടിയ ജീവിതം ആദരവോടെ നിരീക്ഷിച്ചു. എന്നാൽ അവർക്കിടയിലും ജെറോം "ഒളിഞ്ഞിരിക്കുന്ന സർപ്പങ്ങളെ" കണ്ടു. അപ്പോഴേക്ക് പാഷണ്ഡത കല്പ്പിക്കപ്പെട്ട അലക്സാണ്ഡ്രിയയിലെ ഒരിജന്റെ ആശയങ്ങൾ പിന്തുടരുന്നവരെയാണ് അദ്ദേഹം ഇങ്ങനെ വിശേഷിപ്പിച്ചത്. 388-ആം ആണ്ടിലെ ഗ്രീഷ്മകാലത്ത് പലസ്തീനയിലെത്തിയ ജെറോം അവശേഷിച്ച ജീവിതകാലം ബെത്‌ലഹേമിനടുത്ത് ഒരു പർണ്ണശാലയിൽ താപസജീവിചം നയിച്ചു. ആത്മീയപുത്രിമാരായ പൗളയ്ക്കും യുസ്റ്റോക്കിയത്തിനും പുറമേ മറ്റു ചില സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.

രചനാസമൃദ്ധി

തിരുത്തുക
 
പീറ്റർ പോൾ റൂബൻസ്(1625–1630) വരച്ച വിശുദ്ധ ജെറോം

ആജീവനത്തിനും വലിയൊരു ഗ്രന്ഥശേഖരം ഉണ്ടാക്കാനും വേണ്ടത്ര പണം കൊടുത്ത് ജെറോമിനെ പൗള സഹായിച്ചിരുന്നു. രചനയുടെ ലോകത്ത് കർമ്മനിരതനായി അല്ലലില്ലാതെ ജീവിക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു. ജീവിതത്തിന്റെ ഒടുവിലെ മുപ്പത്തിനാല് വർഷങ്ങളിലാണ് ജെറോമിന്റെ മുഖ്യരചനകളായ, ഹെബ്രായ പാഠത്തിൽ നിന്നുള്ള പഴയനിയമ പരിഭാഷ, വിശുദ്ധലിഖിതവ്യാഖ്യാനങ്ങൾ, ക്രിസ്തീയലേഖകന്മാരുടെ പട്ടിക തുടങ്ങിയവ രൂപപ്പെട്ടത്. പെലാജിയൻ വാദം[ഖ] എന്ന വിരുദ്ധവിശ്വാസത്തെ വിമർശിച്ച് ഇക്കാലത്തെഴുതിയ സം‌വാദങ്ങളുടെ(dialogues) സാഹിത്യമികവ് ജെറോമിന്റെ ശത്രുക്കൾ പോലും അംഗീകരിച്ചു. ഓർത്തൊഡോക്സ് സഭാപിതാക്കന്മാർക്കിടയിൽ ജെറോമിനെ ശ്രദ്ധേയനാക്കിയ താർക്കികരചനകളും(Polemics) ഇതേകാലത്ത് എഴുതിയവയാണ്. യെരുശലേമിലെ മെത്രാൻ യോഹന്നാൻ രണ്ടാമനേയും പഴയ സുഹൃത്ത് റൂഫിനസിനേയും, അലക്സാണ്ഡ്രിയയിലെ ഒരിജന്റെ സിദ്ധാന്തങ്ങളെ പിന്തുടർന്നതിന്റെ പേരിൽ വിമർശിക്കുന്ന രചനകളും ഇക്കൂട്ടത്തിൽ പെടും. പെലാജിയൻ വാദത്തിനെതിരായ ജെറോമിന്റെ നിലപാടിൽ കുപിതരായ ഒരു വിഭാഗം അദ്ദേഹത്തിന്റെ ആശ്രമത്തിൽ അതിക്രമിച്ചുകടക്കുകയും കെട്ടിടങ്ങൾക്കു തീവക്കുകയും ചെയ്തു. അവരുടെ ആക്രമണത്തിൽ അന്തേവാസികളിൽ ഉൾപ്പെട്ട ഒരു ശമ്മാശൻ കൊല്ലപ്പെടുകപോലുമുണ്ടായി. 416-ആം ആണ്ടിൽ ഇതു സംഭവിച്ചപ്പോൾ ജെറോമിന് അടുത്തുള്ള ഒരു കോട്ടയിൽ അഭയം തേടേണ്ടി വന്നു.

420-ആമാണ്ട് സെപ്റ്റംബർ 30-ന് ജെറോം ബെത്‌ലഹേമിൽ മരിച്ചു. അക്വിറ്റേയ്നിലെ പ്രോസ്പറുടെ ദിനവൃത്താന്തത്തിൽ('Chronicon') ഈ തിയതി രേഖപ്പെടുത്തിയിട്ടുണ്ട്. ബെത്‌ലഹമിലാണ് ജെറോമിന്റെ ഭൗതികാവശിഷ്ടം ആദ്യം സംസ്കരിക്കപ്പെട്ടത്. പിന്നീടത് റോമിലെ വിശുദ്ധമാതാവിന്റെ മഗിയോർ ബസിലിക്കായിലേക്ക് അത് മാറ്റപ്പെട്ടതായി പറയുന്നുണ്ടെങ്കിലും ഭൗതികാവശിഷ്ടത്തിന്റെ അംശങ്ങൾ ഉൾക്കൊള്ളുന്നതായി അവകാശപ്പെടുന്ന മറ്റുദേവാലയങ്ങളും പാശ്ചാത്യലോകത്തുണ്ട്. ഇറ്റലിയിൽ നേപ്പിയിലെ ഭദ്രാസനവും സ്പെയിനിലെ രാജാക്കന്മാരുടെ കൊട്ടാരങ്ങളിൽ ഒന്നായിരുന്ന എസ്കോറിയലും ജെറോമിന്റെ ശിരസ് ഉൾക്കൊള്ളുന്നതായി അവകാശപ്പെടുന്നുണ്ട്.

എഴുത്തുകാരനായ ജെറോം

തിരുത്തുക

ബൈബിൾ പരിഭാഷ, വ്യാഖ്യാനങ്ങൾ

തിരുത്തുക
 
ഗൗഡൻസിയോ ഫെറാറിയുടെ ജെറോം

382-ആം ആണ്ടിൽ പുതിയനിയമത്തിന്റെ വീറ്റസ് ലാറ്റിന എന്ന പേരിലറിയപ്പെട്ടിരുന്ന പഴയ ലത്തീൻ പരിഭാഷയുടെ പരിഷ്കരണത്തിലാണ് ജെറോം 'വുൾഗേയ്റ്റ്' തുടങ്ങിയത്. പിന്നീട് 390-ൽ ആരംഭിച്ച എബ്രായ ബൈബിൾ പരിഭാഷ പൂർത്തിയായത് 405-ലാണ്. വൾഗെയ്റ്റിനു മുൻപുള്ള പഴയനിയമപരിഭാഷകളെല്ലാം ഗ്രീക്ക് സെപ്ത്വജിന്റിനെ ആശ്രയിച്ചായിരുന്നു. ജെറോം തന്റെ പരിഭാഷക്ക് പഴയനിയമത്തിന്റെ എബ്രായ മൂലത്തെ ആധാരമാക്കിയത്, ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിനെ ദൈവനിവേശിതരചനയായി കരുതിയിരുന്ന ഹിപ്പോയിലെ അഗസ്റ്റിൻ ഉൾപ്പെടയുള്ളവരുടെ ഉപദേശത്തെ മറികടന്നാണ്. എന്നാൽ ജെറോമിന്റ് പരിഭാഷ എബ്രായ മൂലത്തെ ആശ്രയിക്കുന്നത് ഏതളവുവരെയാണെന്നതിനെക്കുറിച്ചും അദ്ദേഹത്തിന്റെ എബ്രായ ഭാഷാജ്ഞാനത്തെക്കുറിച്ചുതന്നെയും ആധുനിക പണ്ഡിതന്മാർ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ജെറോമിന്റെ "എബ്രായഭാഷയിൽ നിന്നുള്ള" പഴയനിയമപരിഭാഷ മുഖ്യമായും ഒരിജന്റെ ഹെക്സാപ്ലായിലെ(Hexapla)[ഗ] ഗ്രീക്ക് പാഠത്തെ ആശ്രയിച്ചുള്ളതാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[3]

പഴയനിയമത്തിലെ എബ്രായ മൂലം ലഭ്യമല്ലാത്ത ഗ്രന്ഥങ്ങളെ എബ്രായമൂലമുള്ള പൂർവകാനോനിക ഗ്രന്ഥങ്ങളിൽ നിന്ന് വ്യത്യമായി കണ്ട ജെറോമിന് എബ്രായ മൂലത്തിൽ ഇല്ലാത്ത ഗ്രന്ഥങ്ങളോട് മതിപ്പ് കുറവായിരുന്നു. തോബിത്, യൂദിത്ത് പുസ്തകങ്ങൾക്ക് അദ്ദേഹമെഴുതിയ അവതാരിക തന്നെ ഇതിനു തെളിവാണ്. സാമുവേലിന്റെ പുസ്തകങ്ങൾക്കെഴുതിയ അവതാരികയിലും ഈ നിലപാട് പ്രതിഫലിക്കുന്നുണ്ട്.[4] പ്രാചീന ഗ്രീക് പരിഭാഷയായ സെപ്ത്വജിന്റിൽ മാത്രമുള്ള അത്തരം പുസ്തകങ്ങളെ അദ്ദേഹം തന്റെ പരിഭാഷയിൽ ഒരു പ്രത്യേക വിഭാഗമാക്കി അപ്പോക്രിഫ എന്നു വിളിച്ചു.

തന്റെ പരിഭാഷാ യത്നത്തിൽ ജെറോം യഹൂദ പന്ധിതന്മാരുടെ സഹായം തേടിയിരുന്നു. അതിന്റെ പേരിൽ വൾഗെയ്റ്റിന്റെ വിശ്വനീയത ആദ്യമൊക്ക പലരും ചോദ്യം ചെയ്തിരുന്നു. ജെറോമിന്റെ പരിഭാഷയെ ക്രിസ്തുമതത്തിനെതിരായ യഹൂദനിലപാടുകൾ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് ആരോപിക്കപ്പെട്ടത്. ഒടുവിൽ അഗസ്റ്റിനെപ്പോലെയുള്ള അംഗീകൃത പന്ധിതന്മാരുടെ പിന്തുണ മൂലം വൾഗെയ്റ്റ് സ്വീകരിക്കപ്പെട്ടു.

ബൈബിൾ പരിഭാഷ പൂർത്തിയാക്കിയതിനെ തുടർന്ന് മരണം വരെയുള്ള പതിനഞ്ചുവർഷം ജെറോം, ബൈബിൾ ഗ്രന്ഥങ്ങളുടെ അനേകം വ്യാഖ്യാനങ്ങൾ എഴുതി. ഇവയിൽ പലതിനും തന്റെ പരിഭാഷയിലെ തെരഞ്ഞെടുപ്പുകളെ അദ്ദേഹം നീതീകരിച്ചു. യഹൂദപാരമ്പര്യം പിന്തുടരുന്ന ഈ വ്യാഖ്യാങ്ങൾ, ഫിലോയുടേയും മറ്റും വ്യാഖ്യാനങ്ങളെപ്പോലെ, ഗ്രന്ഥപാഠങ്ങളിൽ അന്യാപദേശപരവും ഗൂഢാത്മകവുമായ അർത്ഥം അന്വേഷിച്ചു.

ചരിത്രപരമായ രചനകൾ

തിരുത്തുക
 
ജെറോം, ബിഗറ്റ് ട്രോഫൈമിന്റെ(1579-1650) രചന
  • ചരിത്രരചനയിലെ ജെറോമിന്റെ ആദ്യസം‌രംഭം കേസറിയായിലെ യൂസീബിയസിന്റെ വിശ്വചരിത്രനാളാഗമം രണ്ടാം ഭാഗത്തിന്റെ പരിഭാഷയായിരുന്നു. 325 മുതൽ 379 വരെയുള്ള വർഷങ്ങളിലെ ചരിത്രം പറയുന്ന ഒരനുബന്ധവും ഉൾപ്പെടുത്തിയ ഈ പരിഭാഷ ജെറോം നിർവഹിച്ചത് 380-ൽ കോൺസ്റ്റാന്റിനോപ്പിളിൽ വച്ചാണ്. യുസീബിയത്തിന്റെ മൂലത്തിലുണ്ടായിരുന്നതും ജെറോം തന്നെ വരുത്തിവച്ചതുമായ അബദ്ധങ്ങൾ ഉണ്ടെങ്കിലും വിലപ്പെട്ട ഒരു രചനയാണിത്. പിൽക്കാലചരിത്രകാരന്മാർക്ക് ഇത് ആശ്രയവും പ്രേരണയുമായി.
  • എന്നാൽ ജെറോമിന്റെ ചരിത്രരചനകളിൽ ഏറ്റവും പ്രധാനമായത് 392-ൽ ബെത്‌ലഹേമിൽ വച്ച് എഴുതിയ ക്രിസ്തീയലേഖകന്മാരെക്കുറിച്ചുള്ള De Viris Illustribus എന്ന ഗ്രന്ഥമാണ്. ഈ കൃതിയുടെ ക്രമീകരണവും പേരുതന്നെയും സ്യൂട്ടോണിയസ് എഴുതിയ പന്ത്രണ്ടു സീസർമാരുടെ ജീവിതം എന്ന കൃതിയെ ആശ്രയിച്ചുള്ളതാണ്. പത്രോസ് അപ്പസ്തോലൻ മുതൽ താൻ(ജെറോം) വരെയുള്ള 135 എഴുത്തുകാരുടെ ലഘുജീവചരിത്രങ്ങളും സാഹിത്യക്കുറിപ്പുകളുമാണ് ഈ കൃതിയിലുള്ളത്. ആദ്യത്തെ 78 എഴുത്തുകാരുടെ കാര്യത്തിൽ ജെറോം യൂസീബിയസിന്റെ സഭാചരിത്രത്തെ മുഖ്യമായും ആശ്രയിക്കുന്നു. അർണൊബിയസിലും ലാക്റ്റാന്റിയസിലും തുടങ്ങുന്ന രണ്ടാം ഭാഗത്തിൽ ജെറോം സ്വന്തം അറിവിനേയും മറ്റു പാശ്ചാത്യലേഖകൻമാരെയും ആശ്രയിക്കുന്നു.
  • അപദാനവർണ്ണനകൾ എന്നുപറയാവുന്ന തഴെപ്പറയുന്ന മൂന്നു രചനകളും അദ്ദേഹത്തിന്റേതായുണ്ട്:
    • ഈജിപ്ഷ്യൻ താപസപാരമ്പര്യത്തെക്കുറിച്ചുള്ള Vita Pauli monachi എന്ന കൃതി അന്ത്യോക്യയിലേക്കുള്ള ആദ്യയാത്രയിൽ എഴുതിയതാണ്.
    • തീബ്സിലെ വിശുദ്ധ പൗലോസിന്റെ ജീവചരിത്രം.
    • കാൽസിസ് മരുഭൂമിയിൽ മാൽക്കസ് എന്ന വൃദ്ധതാപസനുമായി നടന്ന സംഭാഷണത്തെ ആശ്രയിക്കുന്ന മട്ടിലുള്ള 391-ലെ രചന ഒരു പൂർവരചനയെ ആശ്രയിച്ചുള്ളതാകാം.
    • വിശുദ്ധ ഹിലാരിയന്റെ ജീവചരിത്രം എപ്പിഫാനസ് എഴുതിയ ജീവചരിത്രത്തേയും വാമൊഴിയായുള്ള ചരിത്രത്തേയും ആശ്രയിച്ചെഴുതിയതാണ്.
  • ജെറോമിന്റെ പേരിൽ അറിയപ്പെടുന്ന ഒരു രക്തസാക്ഷിചരിത്രം ഉണ്ടെങ്കിലും അത് കപടരചനയാണ്.

കത്തുകൾ

തിരുത്തുക
 
എൽ ഗ്രെക്കോയുടെ ജെറോം

ജെറോമിന്റെ കത്തുകൾ അവയുടെ വിഷയവൈവിദ്ധ്യവും ശൈലീഗുണവും മൂലം അദ്ദേഹത്തിന്റെ രചനാസഞ്ചയത്തിന്റെ ഏറ്റവും ആകർഷകമായ ഭാഗമായിരിക്കുന്നു. കത്തുകളിൽ പണ്ഡിതോചിതമായ ചർച്ചകളിൽ ഏർപ്പെടുകയും, മനഃസാക്ഷിയെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുകയും, ആകുലർക്ക് ആശ്വാസം പകരുകയും, സുഹൃത്തുക്കളുമായി മധുരഭാഷണം നടത്തുകയും, തിന്മയും അഴിമതിയും നിറഞ്ഞ യുഗത്തിനെതിരെ ആഞ്ഞടിക്കുകയും, ലോകപരിത്യാഗം ഉപദേശിക്കുകയും, ദൈവശാസ്ത്രത്തിലെ എതിരാളികളോടിടയുകയും ചെയ്യുമ്പോൾ ജെറോം സ്വന്തം മനസ്സിന്റേതെന്ന പോലെ ജീവിച്ച കാലഘട്ടത്തിന്റേയും വിശേഷതകൾ പ്രതിഫലിപ്പിച്ചു.

ഏറെ പ്രചാരം ലഭിച്ച കത്തുകൾ ധാർമ്മികമായ ആഹ്വാനങ്ങൾ അടങ്ങുന്നവയാണ്. താപസജീവിതത്തിന്റെ മഹത്ത്വം വർണ്ണിച്ച് ഹീലിയോഡൊറസിന് എഴുതിയ 14-ആം ലേഖനം കാന്യാവസ്ഥയെ പുകഴ്ത്തി ആത്മീയപുത്രി യൂസ്റ്റോക്കിയമിന് എഴുതിയ 22-ആം ലേഖനം, പൗരോഹിത്യത്തിന്റെ ചുമതലകൾ വിവരിച്ച് ഹീലിയോഡോറസിന്റെ അനന്തരവൻ നെപ്പോഷിയന് എഴുതിയ 52-ആം ലേഖനം, വിശുദ്ധഗ്രന്ഥപഠനത്തെക്കുറിച്ച് പൗളീനോസിനെഴുതിയ 53-ആം ലേഖനം, സ്വന്തം പരിഭാഷാ രീതിയെ ന്യായീകരിച്ച് പമ്മാക്കിയൂസിനെഴുതിയ 57-ആം ലേഖനം, അക്രൈസ്തവലേഖകന്മാരിൽ നിന്നുള്ള ഉദ്ധരണികൾ ഉപയോഗിക്കുന്ന തന്റെ പതിവിനെ ന്യായീകരിച്ച് റോമിലെ പ്രഭാഷകനായിരുന്ന മാഗ്നസിനെഴുതിയ 70-ആം ലേഖനം, പൗളയുടെ മരുമകൾ ലായെറ്റക്ക് അവളുടെ മകളെ സന്യാസിനിയുടെ ജീവിതാവസ്ഥയിൽ എത്താൻ കഴിയും വിധം വളർത്തേണ്ടത് എങ്ങനെയെന്ന് ഉപദേശിച്ച് എഴുതിയ 107-ആം ലേഖനം തുടങ്ങിയവ പ്രധാനമാണ്.[5] [1]

ദൈവശാസ്ത്രപരമായ രചനകൾ

തിരുത്തുക

ജെറോമിന്റെ സൈദ്ധാന്തികരചനകളെല്ലാം തന്നെ കടുത്ത തർക്കസ്വഭാവം കാട്ടുന്നവയും വ്യവസ്ഥാപിത നിലപാടുകളുടെ എതിരാളികളെ ആക്രമിക്കുന്നവയുമാണ്. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള അന്ധനായ ദിതീമൂസിന്റെ പ്രബന്ധത്തിന്റെ പരിഭാഷയുടെ തുടക്കം പോലും ആരിയനിസത്തിന്റെ വിമർശനത്തോടെയാണ്. കടുത്ത താർക്കികസ്വഭാവം കാട്ടുന്ന രചനകളുടെ മാതൃകകൾ അദ്ദേഹത്തിന്റെ എല്ലാക്കാലത്തേയും കൃതികളിലുണ്ട്. അന്ത്യോക്യയിലും കോൺസ്റ്റാന്റിനോപ്പിളിലും കഴിഞ്ഞ ഇടവേളകളിൽ വിമർശനത്തിന്റെ പ്രധാനലക്‌ഷ്യം ആരിയൻ വിശ്വാസമായിരുന്നു. 383-ആം ആണ്ടിൽ റോമിലായിരിക്കുമ്പോഴത്തെ രചനകളിലൊന്ന് യേശുവിന്റെ അമ്മ മറിയത്തിന്റെ നിത്യകന്യാവസ്ഥയിൽ സംശയം പ്രകടിപ്പിച്ച ഹെൽവിഡിയസിനെ വിമർശിച്ചും വിവാഹാവസ്ഥയേക്കാൾ മേന്മ ബ്രഹ്മചര്യത്തിനാണെന്ന് സ്ഥാപിച്ചും ആയിരുന്നു. രക്തസാക്ഷികളുടെ വണക്കം, തിരുശേഷിപ്പുകളുടെ ബഹുമാനം, ദാരിദ്ര്യവൃതം, പുരോഹിതബ്രഹ്മചര്യം തുടങ്ങിയ കത്തോലിക്കാ രീതികളെ എതിർത്ത വിജിലാന്റിയസിനെയാണ് മറ്റൊരു രചനയിൽ വിമർശിച്ചത്. ഏറെ തർക്കസ്വഭാവം കാട്ടിയ രചനകളിൽ ചിലത് ഒരിജന്റെ അയാഥാസ്ഥിതികസിദ്ധാന്തങ്ങളെ പിന്തുണച്ചവരെ വിമർശിക്കുന്നവയാണ്. താർക്കികരചനകളിൽ ഏറ്റവും ഒടുവിലത്തേത് 415-ആം ആണ്ടിൽ പെലാജിയൻ സിദ്ധാന്തത്തെ വിമർശിച്ച് എഴുതിയതാണ്.

ജെറോം കലയിൽ

തിരുത്തുക
 
ചിത്രങ്ങളിൽ ജെറോമിനൊപ്പം ഒരു സിംഹത്തേയും ചേർക്കുക പതിവാണ്. ജെറോം, സിംഹത്തിന്റെ കാല്പത്തിയിൽ നിന്ന് മുള്ള് നീക്കുന്നു - നിക്കോളോ അന്തോണിയോ കൊളാന്റോണിയോയുടെ രചന

കലാകാരന്മാരുടെ ഇഷ്ടവിഷയമായിരുന്നു ജെറോം. ലത്തീൻസഭയിലെ നാലു വേദപാരംഗതന്മാരിലൊരാളായി, ഹിപ്പോയിലെ ആഗസ്തീനോസ്‍, മിലാനിലെ അംബ്രോസ് ഗ്രിഗോറിയോസ് ഒന്നാമൻ മാർപ്പാപ്പ എന്നിവർക്കൊപ്പം അദ്ദേഹത്തെ ചിത്രീകരിക്കുക പതിവാണ്. റോമൻ സഭയിലെ പുരോഹിതന്മാർക്കിടയിൽ ജെറോമിനുള്ള സ്ഥാനം എടുത്തുകാട്ടാൻ, കർദ്ദിനാളിന്റെ പദവിയിൽ, പിൽക്കാലത്ത് നിലവിൽ വന്ന വേഷചിഹ്നങ്ങളുടെ അകമ്പടിയോടെ അദ്ദേഹത്തെ ചിത്രീകരിക്കുക സാധാരണമാണ്.[6] അലങ്കാരത്തിന് കുരിശും, തലയോടും, വിശുദ്ധഗ്രന്ഥവും മാത്രമുള്ള അറയിൽ അർത്ഥനഗ്നനായ താപസനായി ചിത്രീകരിക്കുമ്പോഴും, കർദ്ദിനാളിന്റെ പദവി സൂചിപ്പിക്കാൻ ചുവന്ന തോപ്പിയോ മറ്റെന്തെങ്കിലും ചിഹ്നമോ ചിത്രത്തിലെവിടെയെങ്കിലും ഉണ്ടായിരിക്കാൻ കലാകാരന്മാർ ശ്രദ്ധിച്ചു. ചിത്രങ്ങളിൽ പലപ്പോഴും അദ്ദേഹത്തോടൊപ്പം ഒരു സിംഹവും കാണാറുണ്ട്. ഏകാന്ത താപസനായി കഴിയവേ ഒരിക്കൽ ജെറോം ഒരു സിംഹത്തിന്റെ കാല്പത്തിയിൽ കയറിയിരുന്ന മുള്ള് എടുത്ത് മാറ്റി എന്ന മദ്ധ്യകാല കഥയെയാണ് ഇത്തരം ചിത്രങ്ങൾ പിന്തുടരുന്നത്. [7] ചിലപ്പോൾ ജ്ഞാനത്തിന്റെ ചിഹ്നമായ മൂങ്ങയും ജെറോമിന്റെ ചിത്രങ്ങളിൽ കാണാറുണ്ട്.[8] എഴുത്തുസാമഗ്രികളും അന്ത്യവിധിയുടെ കാഹളവും ഒപ്പം ചേർത്തും ജെറോമിന്റെ ചിത്രങ്ങളുണ്ട്.[8]

വിലയിരുത്തൽ

തിരുത്തുക
 
ജെറോം, എൽ ഗ്രെക്കോയുടെ മറ്റൊരു രചന

ഒരു എബ്രായ ക്രൈസ്തവന്റെ കീഴിൽ പഠിച്ച് എബ്രായ ഭാഷയിൽ അവഗാഹം നേടിയ ജെറോം, പഴയനിയമത്തിന്റെ ദൈവനിവേശിതമായ പാഠം സെപ്ത്വജിന്റല്ല എബ്രായ മൂലമാണ് എന്നു വാദിച്ചു. അക്കാലത്തെ ക്രൈസ്തവസഭയിൽ ഇത് അസാധാരണമായ നിലപാടായിരുന്നെങ്കിലും 'വൾഗെയ്റ്റ്' പരിഭാഷക്ക് കാലക്രമത്തിൽ കത്തോലിക്കാസഭയിൽ സ്വീകാര്യത കിട്ടി. 'വൾഗെയ്റ്റ്' പരിഭാഷ ജെറോമിന്റെ എബ്രായഭാഷാജ്ഞാനത്തിന്റെ ഫലമാണെണെന്നാണ് പരമ്പരാഗത നിലപാട്.[9] ആ നിലയ്ക്കുനോക്കുമ്പോൾ, ക്രിസ്തീയലോകം എബ്രായഭാഷാപഠനത്തിന് പിന്നീടു നൽകിയ പ്രാധാന്യത്തിന്റെ പ്രചോദകൻ ജെറോമായിരുന്നെന്നു പറയാം. അതേസമയം ജെറോമിന്റെ എബ്രായഭാഷാജ്ഞാനത്തെ ചോദ്യം ചെയ്യുന്ന ആധുനിക ഗവേഷകന്മാരിൽ ചിലർ വൾഗെയ്റ്റിന് ജെറോം ആശ്രയിച്ചത് ഒരിജന്റെ ഹെക്സാപ്ലയിലെ ഗ്രീക്ക് പാഠമാണെന്ന് വാദിക്കുന്നു.[10]

ഗർവിഷ്ഠനും എതിരാളികളെ പ്രതിപക്ഷബഹുമാനമില്ലാതെ വിലകുറച്ചുകാട്ടുന്നവനുമെന്ന് ജെറോം വിമർശിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹവും ഏറെ ആക്രമിക്കപ്പെട്ടു. വായിച്ചിട്ടുള്ളതായി അവകാശപ്പെട്ട പുസ്തകങ്ങൾ പലതും ജെറോം കണ്ടിട്ടുപോലുമില്ലെന്ന് റൂഫിനസ് ചൂണ്ടിക്കാട്ടി. കുപ്രസിദ്ധമായൊരുദാഹരണം[10] പൈതഗോറസിന്റെ കൃതികൾ വായിച്ചെന്ന ജെറോം അവകാശപ്പെട്ടതാണ്. പൈതഗോറസ് ഒന്നും എഴുതിയിട്ടില്ലെന്ന് റൂഫിനസ് ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെക്കുറിച്ച് തത്ത്വചിന്തകൻ ബ്രൂട്ടസ് എഴുതിയതാണ് താൻ വായിച്ചതെന്ന് ജെറോം തിരുത്തി. എന്നാൽ ബ്രൂട്ടസിന്റെ തന്നെ രചനകൾ നൂറ്റാണ്ടുകൾക്കുമുൻപേ നഷ്ടമായിരുന്നു.

തത്ത്വചിന്തയിലെന്നതിനേക്കാൾ ഉത്തമതപോജീവിതത്തെക്കുറിച്ചുള്ള ചിന്തയിലാണ് ജെറോം താത്പര്യം കാട്ടിയത്. അദ്ദേഹത്തെ നിശിതമായി വിലയിരുത്താൻ മാർട്ടിൻ ലൂഥറെ പ്രേരിപ്പിച്ചത് ഇതാണ്. ജെറോമിന്റെ രചനകൾ പ്രൊട്ടസ്റ്റന്റുകൾ പൊതുവേ അംഗീകരിക്കുന്നില്ല.

ഈ വിമർശനങ്ങളൊക്ക് നിലനിൽക്കുമ്പോഴും പാശ്ചാത്യസഭയിലെ ആദ്യകാലപിതാക്കന്മാർക്കിടയിൽ മുമ്പനായിത്തന്നെ ജെറോം നിൽക്കുന്നു. സഭയിലെ ചിന്താവികാസത്തിന്മേൽ അദ്ദേഹത്തിന്റെ ബൈബിൾ പരിഭാഷ ചെലുത്തിയ സ്വാധീനം ഈ സ്ഥാനം നിലനിർത്താൻ മതിയായതാണ്.

വിശുദ്ധ അഗസ്റ്റിൻ അംബ്രോസ് തുടങ്ങിയർ ജെറോമിന്റെ സമകാലീനരും സമശീർഷരും ആയിരുന്നു. 1298-ൽ അഗസ്റ്റിൻ, അംബ്രോസ്, മഹനായ ഗ്രിഗറി മാർപ്പാപ്പ എന്നിവർക്കൊപ്പം ജെറോമും പാശ്ചാത്യ സഭയുടെ വേദപാരംഗതൻമാരിൽ ഒരാളായി പ്രഖ്യാപിക്കപ്പെട്ടു. ആദ്യകാല സഭാപിതാക്കന്മാർക്കിടയിൽ രചനാബാഹുല്യത്തിൽ അദ്ദേഹത്തെ വെല്ലുന്നതായി അഗസ്റ്റിൻ മാത്രമേയുള്ളൂ. റോമൻ കത്തോലിക്കാ സഭ അദ്ദേഹത്തെ പരിഭാഷകന്മാരുടേയും, ലൈബ്രേറിയാന്മാരുടേയും, വിജ്ഞാനകോശരചയിതാക്കളുടേയും മധ്യസ്ഥനായി കണക്കാക്കുന്നു.

നുറുങ്ങുകൾ

തിരുത്തുക
 
യൂസ്റ്റോക്കിയവും അമ്മ പൗളായും ജെറോമിനൊപ്പം - ഫ്രാൻസിസ്കോ സുർബരാന്റെ രചന(17-ആം നൂറ്റാണ്ട്
  • ആത്മീയപുത്രിയായ യൂസ്റ്റോക്കിയമിന് കന്യാവസ്ഥയുടെ മേന്മ വിശദീകരിച്ച് ജെറോം എഴുതിയ 22-ആം ലേഖനം കൗതുകകരമാണ്. അതിൽ അദ്ദേഹം ഇങ്ങനെ എഴുതി:
  • വിവാഹത്തെ ജെറോം ഒരു മുൾച്ചെടിയോടുപമിച്ചു. അതിൽ കന്യാപുഷ്പങ്ങൾ പിറക്കുന്നു എന്നത് മാത്രമാണ് അതിനുള്ള മേന്മ. യൂസ്റ്റോക്കിയം കന്യാവ്രതത്തിൽ ദൈവത്തിന് സമർപ്പിതയായതോടെ അവളുടെ അമ്മ പൗള ദൈവത്തിന്റെ അമ്മായിയമ്മയായെന്നും ജെറോം യൂസ്റ്റോക്കിയമിന് എഴുതി.
  • ഹൂണന്മാരുടേയും വാൻഡലുകളുടേയും ഗോത്തുകളുടേയും ഭീഷണി റോമിന്റെ പടിവാതിലിൽ മുഴങ്ങിയപ്പോൾ ജെറോമിനേയും അഗസ്റ്റിനേയും അംബ്രോസിനേയും പൊലുള്ള പ്രതിഭാശാലികൾ സാമ്രാജ്യത്തെ രക്ഷിക്കാനുള്ള ഫലപ്രദമായ മാർഗ്ഗമെന്തെന്ന് ചിന്തിച്ചതേയില്ലെന്ന് ബെർട്രൻഡ് റസ്സൽ കുറ്റപ്പെടുത്തുന്നു. പെൺകുട്ടികൾക്ക് കന്യാവസ്ഥാപരിപാലത്തിനുവേണ്ട ഉപദേശം നൽകുന്നതാണ് ജെറോമിന് അപ്പോഴും പ്രധാനമായിരുന്നത്. അഗസ്റ്റിനാവട്ടെ, നാശത്തിനുവിധേയമായ ഭൗമികനഗരത്തിൽ ആശവക്കാതെ സ്വർഗത്തിലെ ദൈവനഗരത്തെ ലക്‌ഷ്യമാക്കി ജീവിക്കുകയാണ് വേണ്ടതെന്ന് വാദിച്ച് "ദൈവനഗരം" (City of God) എന്ന പ്രഖ്യാതഗ്രന്ഥം എഴുതി. സാമ്രാജ്യത്തിലെ ഓജസുറ്റ മനസ്സുകൾ പ്രായോഗികകാര്യങ്ങളിൽ നിന്ന് ഇത്രയെറെ ദൂരം പുലർത്തിയപ്പോൾ സാമ്രാജ്യം തകർന്നടിഞ്ഞതിൽ അത്ഭുതപ്പെടാനില്ലെന്ന് റസ്സൽ പറയുന്നു.[11]
  • പൊതുവേ എല്ലാവരുമായി കലഹിച്ചിരുന്ന ജെറോം ഹിപ്പോയിലെ മെത്രാനും പ്രഖ്യാതചിന്തകനുമായ അഗസ്റ്റിനുമായി പ്രത്യേകതരം ബന്ധമാണ് പുലർത്തിയത്. ജെറോമിന്റെ ചില നിലപാടുകളെ വിമർശിച്ച് അഗസ്റ്റിൻ എഴുതിയ കത്ത് ജെറോമിന്റെ കയ്യിൽ കിട്ടുന്നതിനു മുൻപ് അതിന്റെ പ്രതികൾ റോമിൽ പ്രചരിച്ചു. അതുമനസ്സിലാക്കിയ ജെറോം അഗസ്റ്റിന് എഴുതിയ കത്ത് സമാപിക്കുന്നത് ഇങ്ങനെയാണ്:[12]

കുറിപ്പുകൾ

തിരുത്തുക

ക. ^ ഇത് അലസമധുരമായ സ്വപ്നമായിരുന്നില്ലെന്ന് ജെറോം എഴുതിയിട്ടുണ്ട്. ഉറക്കമുണർന്നപ്പോൾ തന്റെ തോളുകളിൽ കരിനീലിച്ചിരുന്നെന്നും ഏറെ നാളുകൾ ചാട്ടവാറടിയുടെ വേദന താൻ കൊണ്ടു നടന്നെന്നും അദ്ദേഹം പറയുന്നു.[13]

ഖ. ^ പെലാജിയസ് എന്നൊരാൾ അവതരിപ്പിച്ച ദൈവശാസ്ത്ര സിദ്ധാന്തമാണിത്. എല്ലാ മനുഷ്യരും, ദൈവകല്പന ലംഘിച്ച ആദിമാതാപിതാക്കളുടെ പാപത്തിന്റെ പിന്തുടർച്ച ഉത്ഭവപാപമായി പേറിയാണ് ജനിക്കുന്നത് എന്ന വിശ്വാസത്തെ നിഷേധിക്കുകയാണ് പെലാജിയസ് ചെയ്തത്. ജെറോമിനെപ്പോലെ ഹിപ്പോയിലെ അഗസ്റ്റിനും ‍പെലാജിയനിസത്തിന്റെ നിശിതവിമർശകനായിരുന്നു.

ഗ. ^ ബൈബിളിന്റെ, പ്രത്യേകിച്ച് പഴയനിയമത്തിന്റെ ആറുപാഠങ്ങൾ ഒന്നിച്ചു ചേർത്ത്, താരതമ്യം എളുപ്പമാക്കും വിധം എഴുതിയതാണ് ഹെക്സാപ്ല(Hexapla).

ഘ. ^ ബൈബിളിലെ ഉത്തമഗീതത്തെ ആശ്രയിച്ചെഴുതിയ വരികളാണിവ.

  1. 1.0 1.1 Michael Walsh, ed. Butler's Lives of the Saints. (HarperCollins Publishers: New York, 1991) pp 307.
  2. Robert Payne, The Fathers of the Western Church, (New York: Viking Press, 1951) pp 91.
  3. Pierre Nautin, article Hieronymus, in: Theologische Realenzyklopädie, Vol. 15, Walter de Gruyter, Berlin - New York 1986, p. 304-315, here p. 309-310.
  4. http://www.bible-researcher.com/jerome.html
  5. Fathers of the Church,Letters of St. Jerome - http://www.newadvent.org/fathers/3001.htm
  6. Saint Jerome and some library lions
  7. The lion episode, in Vita Divi Hieronymi (Migne Pat. Lat. XXII, c. 209ff.) was translated by Helen Waddell Beasts and Saints (NY: Henry Holt) 1934) (on-line retelling Archived 2006-10-12 at the Wayback Machine.).
  8. 8.0 8.1 The Collection: St. Jerome Archived 2012-10-22 at the Wayback Machine., gallery of the religious art collection of New Mexico State University, with explanations.
  9. Stefan Rebenich, Jerome (New York: Routlage, 2002), pp. 52-59
  10. 10.0 10.1 "Jerome: The "Vir Trilinguis" and the "Hebraica Veritas"". Retrieved 2008-12-17.
  11. Three Doctors of the Church - പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം - Bertrand Russel
  12. Augustine, A New Biography by James J. O'Donnell
  13. സംസ്കാരത്തിന്റെ കഥ നാലാം ഭാഗം- വിശ്വാസത്തിന്റെ യുഗം, വിൽ ഡുറാന്റ്

പുറത്തെക്കുള്ള കണ്ണികൾ

തിരുത്തുക

ലത്തീൻ പാഠങ്ങൾ

തിരുത്തുക

ഗൂഗിൽ ബുക്ക്‌സ് ഫാക്സിമിലികൾ

തിരുത്തുക

ഇംഗ്ലീഷ് പരിഭാഷകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജെറോം&oldid=4078044" എന്ന താളിൽനിന്ന് ശേഖരിച്ചത്