ഇടുക്കി ജില്ല
കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് ഇടുക്കി. ആസ്ഥാനം പൈനാവ്.. തൊടുപുഴ, കട്ടപ്പന, അടിമാലി നെടുങ്കണ്ടം, ചെറുതോണി എന്നിവയാണ് ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങൾ. 4,612 ച.കി. വിസ്തീർണ്ണമുള്ള (ഇത് കേരള സംസ്ഥാനത്തിന്റെ 11 ശതമാനം വരും) ഇടുക്കി ജില്ലയാണ് കേരളത്തിലെ ഏറ്റവും വലിയ ജില്ല (2023ൽ കുട്ടമ്പുഴ പഞ്ചായത്ത് ഉൾപ്പെടുതിയത്തിന് ശേഷം) (ഏറ്റവും വലിയ രണ്ടാമത്തെ ജില്ല പാലക്കാട് ജില്ല)[3]. ഇടുക്കി ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകളിൽ ഒന്നാണ് ഇത് (മറ്റേത്) വയനാട്). രാജവാഴ്ച കാലത്ത് വേണാട് സമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇടുക്കി. ദേവികുളം, തൊടുപുഴ, ഉടുമ്പൻചോല, പീരുമേട്, ഇടുക്കി എന്നിവയാണ് ജില്ലയിലെ താലൂക്കുകൾ. തൊടുപുഴയും കട്ടപ്പനയുമാണ് ജില്ലയിലെ നഗരസഭകൾ. 8 ബ്ലോക്ക് പഞ്ചായത്തുകളും 51 ഗ്രാമ പഞ്ചായത്തുകളും ഉണ്ട്. ഇത് കൂടാതെ, കേരളത്തിലെ പ്രഥമ ആദിവാസി പഞ്ചായത്തായ ഇടമലക്കുടി 2010 നവംബർ ഒന്നിന് പ്രാബല്യത്തിൽ വന്നു. മൂന്നാർ പഞ്ചായത്തിന്റെ പതിമൂന്നാം വാർഡ് അടർത്തി മാറ്റിയാണ് ഇടമലക്കുടി രൂപീകരിക്കപ്പെട്ടത്. ദേവികുളം, അടിമാലി, നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, ഇടുക്കി, കട്ടപ്പന, അഴുത എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകൾ.
ഇടുക്കി ജില്ല | |
---|---|
ജില്ല | |
Nickname(s): സുഗന്ധവ്യഞ്ജനങ്ങളുടെ കലവറ | |
കേരളത്തിൽ ഇടുക്കി ജില്ല | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ആസ്ഥാനം | പൈനാവ് |
• ഭരണസമിതി | ജില്ലാ പഞ്ചായത്ത് ജില്ലാ കളക്ട്രേറ്റ് |
• ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് | ജിജി കെ ഫിലിപ്പ് [1] |
• ജില്ലാ കലക്ടർ | വി .വിഘ്നേശ്വരി.എ.എസ്[2] |
• ആകെ | 4,612 ച.കി.മീ.(1,781 ച മൈ) |
ഉയരം | 1,200 മീ(3,900 അടി) |
(2011) | |
• ആകെ | 1,108,974 |
• ജനസാന്ദ്രത | 259/ച.കി.മീ.(670/ച മൈ) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
• ന്യൂനപക്ഷം | തമിഴ് |
സമയമേഖല | UTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം) |
ISO കോഡ് | IN-KL-IDU |
വാഹന റെജിസ്ട്രേഷൻ |
|
വെബ്സൈറ്റ് | idukki |
ഇടുക്കി അണക്കെട്ട്, തേക്കടി, മൂന്നാർ, മാട്ടുപ്പെട്ടി |
വൈദ്യുതോൽപ്പാദനത്തിന് പേരുകേട്ടതാണ് ഈ ജില്ല. കേരള സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 66 ശതമാനവും ഈ ജില്ലയിലെ ജല വൈദ്യുത പദ്ധതികളിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടായ ഇടുക്കി അണക്കെട്ട് (ഏഷ്യയിലെ ഏറ്റവും വലിയ അണകെട്ടുകളിൽ ഒന്നാണ്) ഇവിടെയാണ്. ഇത് ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ്. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയും ഇതാണ്. വിനോദസഞ്ചാരമേഖലയാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത.
അതിർത്തികൾ
തിരുത്തുകവടക്ക് കോയമ്പത്തൂർ ജില്ല, തിരുപ്പൂർ ജില്ല കിഴക്ക് തമിഴ്‌നാട്ടിലെ തേനി ജില്ല, ദിണ്ടികൽ ജില്ല, മധുര ജില്ല, തെങ്കാശി ജില്ല പടിഞ്ഞാറ് എറണാകുളം, കോട്ടയം ജില്ലകൾ, തെക്ക് പത്തനംതിട്ട ജില്ലയുമാണ് ഇടുക്കി ജില്ലയുടെ അതിർത്തികൾ.
ഭരണ സംവിധാനം
തിരുത്തുകറവന്യൂ ഭരണം
തിരുത്തുകഇടുക്കി ജില്ലാ ഭരണകൂടത്തിൻ്റെ ആസ്ഥാനമായ കലക്ട്രേറ്റ് സ്ഥിതിചെയ്യുന്നത് പൈനാവിൽ ആണ്. ജില്ലാ കളക്ടർ ആണ് ജില്ലാ ഭരണകൂടത്തിൻ്റെ തലവൻ. ജില്ലയുടെ റവന്യൂ ഭരണം, പൊതുഭരണം, ക്രമസമാധാനപാലനം തുടങ്ങിയവ ജില്ലാ ഭരണകൂടത്തിൻ്റെ ചുമതലയാണ്. ഭരണ സൗകര്യത്തിനായി ജില്ലയെ ഇടുക്കി, ദേവികുളം എന്നിങ്ങനെ 2 റവന്യൂ ഡിവിഷനുകൾ ആയി തിരിച്ചിട്ടുണ്ട്. റവന്യൂ ഡിവിഷനുകൾക്ക് നേതൃതം നൽകുന്നത് റവന്യൂ ഡിവിഷണൽ ഓഫീസർമാർ (ആർഡിഒ) ആണ്. റവന്യൂ ഭരണത്തിന്റെ എളുപ്പത്തിനും വികേന്ദ്രീകരണത്തിനുമായി ഇടുക്കി ജില്ലയെ 5 താലൂക്കുകൾ ആയി തിരിച്ചിരിക്കുന്നു. ഇടുക്കി റവന്യൂ ഡിവിഷനു കീഴിൽ ആയി തൊടുപുഴ, ഇടുക്കി എന്നീ താലൂക്കുകളും ദേവികുളം ഡിവിഷന് കീഴിൽ ആയി ദേവികുളം, ഉടുംബചോല, പീരുമേട് എന്നീ താലൂക്കുകളും ഉൾപ്പടെ ജില്ലയിൽ മൊത്തം 5 താലൂക്കുകൾ ആണ് ഉള്ളത്. ഈ 5 താലൂക്ക്കളിൽ ആയി 68 റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്നു. ജില്ലയിലെ തിരഞ്ഞെടുപ്പ്, ദുരന്തനിവാരണം, ക്രമസമാധാനം തുടങ്ങീ ചുമതലകൾ കൂടി ജില്ലാ ഭരണകൂടത്തിന് ഉണ്ട്.
താലൂക്കുകൾ
തിരുത്തുകതദ്ദേശസ്വയംഭരണം
തിരുത്തുകജില്ലയിലെ ഗ്രാമീണപ്രദേശങ്ങളുടെ ഭരണത്തിനായി ജില്ലാതലത്തിൽ ജില്ലാ പഞ്ചായത്തും ബ്ലോക്ക് തലത്തിൽ ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമതലത്തിൽ ഗ്രാമപഞ്ചായത്തുകൾ എന്നിങ്ങനെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമുണ്ട്.
ജില്ലയിലെ നഗരപ്രദേശങ്ങളുടെ ഭരണത്തിനായി മുനിസിപ്പാലിറ്റികളും (നഗരസഭകൾ) ഉണ്ട്.
നഗരതലത്തിൽ
ജില്ലയിൽ ആകെ 2 നഗരസഭകൾ ആണ് ഉള്ളത്. കട്ടപ്പന, തൊടുപുഴ എന്നീ രണ്ട് നഗരസഭകൾ ആണ് ജില്ലയിലെ പ്രധാന 2 പട്ടണങ്ങളായ കട്ടപ്പനയും തൊടുപുഴയും ഭരിക്കുന്നത്.
ഗ്രാമീണ തലത്തിൽ
ജില്ലയിലെ ഗ്രാമീണ ഭരണത്തിന് നേതൃത്വം നൽകുന്നത് ഇടുക്കി ജില്ലാപഞ്ചായത്ത് ആണ്. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇടുക്കി ജില്ലയെ എട്ട് CD ബ്ലോക്കുകളായി (ബ്ലോക്ക് പഞ്ചായത്തുകൾ) തിരിച്ചിരിക്കുന്നു. ബ്ലോക്ക് പഞ്ചായത്തുകൾ ആണ് ബ്ലോക്ക് തല ഭരണത്തിന് നേതൃത്വം നൽകുന്നത്. ഒട്ടനേകം പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ഒരു ബ്ലോക്ക്. 52 ഗ്രാമപഞ്ചായത്തുകൾ ജില്ലയില് ഉണ്ട്. ഗ്രാമീണ തലത്തിൽ ഭരണം നടത്തുന്നത് ഗ്രാമപഞ്ചായത്തുകൾ ആണ്.
ബ്ലോക്ക് പഞ്ചായത്തുകൾ
തിരുത്തുക- അടിമാലി ബ്ലോക്ക് പഞ്ചായത്ത്
- അഴുത ബ്ലോക്ക് പഞ്ചായത്ത്
- ദേവികുളം ബ്ലോക്ക് പഞ്ചായത്ത്
- ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്
- ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്
- കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്
- നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്
- തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്
പ്രാചീന ചരിത്രം
തിരുത്തുകഇടുക്കി ജില്ലയിലെ മനുഷ്യവാസം ആരംഭിക്കുന്നത് നവീന ശിലായുഗത്തെ തുടർന്ന് വന്ന, പെരിങ്കൽ പരിഷ്കൃതിയുടെ കാലഘട്ടം മുതൽ കേരളത്തിലെ മറ്റെല്ലാ സ്ഥലങ്ങൾക്കൊപ്പം ഇടുക്കി ജില്ലയിലും ജനവാസമുണ്ടായിരുന്നുവെന്ന് റേഡിയോ കാർബൺ പരീക്ഷണങ്ങൾ തെളിയിക്കുന്നു. മഹാ ശിലായുഗ സംസ്കാരത്തിന്റെ കാലം മുതൽ B C അഞ്ചാം നൂറ്റാണ്ടു മുതൽ ഇരുമ്പ് ഉപയോഗിച്ചിരുന്നു. ഇടുക്കിയുടെ മലയോരങ്ങളിലും താഴ്വരകളിലമുള്ള ശവസംസ്കാരസ്മാരകങ്ങളിലധികവും, നന്നങ്ങാടികളും, മുനിയറകളുമാണെങ്കിലും അപൂർവ്വമായി കുടക്കല്ലകളും, നടുക്കലുകളും, തൊപ്പിക്കല്ലുകളും, കാണപ്പെട്ടിട്ടുണ്ട്. വിവിധ വലിപ്പത്തിലുള്ള മൺപാത്രങ്ങൾ, ആയുധങ്ങൾ,കൽപാളികൾ, തുടങ്ങിയവയൊക്കെയാണ് ഇവിടെ നിന്നും കണ്ടെത്തിയിട്ടുള്ള മറ്റു ശിലാവശിഷ്ടങ്ങൾ. ശിലായുഗ മനുഷ്യവിഭാഗമായിരുന്ന ചുടുവോർ,ഇടുവോർ എന്നീ വിഭാഗങ്ങളുടെ ശരീരാവശിഷ്ടങ്ങൾ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും കണ്ടെത്തുവാൻ കഴിഞ്ഞിട്ടുണ്ട്. മൃതദേഹം അടക്കം ചെയ്തിരുന്ന ശ്മശാനഭൂമികളാണ് ശിലായുഗത്തിലെ അവശേഷിപ്പുകളിലേറെയും. പത്തോ പതിനഞ്ചോ, അതിലധികമോ മൃതദേഹങ്ങൾ അടക്കം ചെയ്തിരുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങൾ, അന്നത്തെ ചുടുകാടായിരുന്നുവെന്ന് കരുതുന്നു. മറയൂർ, ചെമ്പകപാറ, മുനിയറ, കട്ടപ്പന, പുറ്റടി, കള്ളിപ്പാറ, തോപ്രാംകുടി എന്നിവടങ്ങളിലാണ് ഇത്തരത്തിലുള്ള ശവപ്പറമ്പുകൾ കണ്ടെത്തിയിട്ടുള്ളതെങ്കിലും, ജില്ലയുടെ മറ്റെല്ലാ ഭാഗങ്ങളിലും ഒറ്റതിരിഞ്ഞ മഹാ ശിലായുഗ സ്മാരകങ്ങൾ കാണപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തിലധികം വർഷങ്ങളെ അതിജീവിച്ച ശിലായുഗ സ്മാരകമായ മുനിയറകൾ ഇടുക്കിയിലെ മറയൂരിൽ മാത്രം കാണപ്പെടുന്നു. അഗ്നികുണ്ഡമുപയോഗിച്ച് ചുട്ടുപഴുപ്പിക്കുന്ന പാറകളിൽ തണുത്ത വെള്ളമെഴിക്കുമ്പോൾ അടർന്നു വരുന്ന കുറ്റൻ ശിലാപാളിയുപയോഗിച്ചാണ് മുനിയറ അടക്കമുള്ള എല്ലാ പ്രാചീന ശവക്കല്ലറകളും നിർമ്മിച്ചിരിക്കുന്നത്. നാല് അടിയിലേറെ വലിപ്പമുള്ള നന്നങ്ങാടിയെന്നും മുതുമക്കച്ചാടിയെന്നും പറയപ്പെടുന്ന വലിയ മൺകലങ്ങൾ ജില്ലയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. മറയൂർ, ഉടുമ്പൻചോല, അടിമാലി, അമരാവതി, അണക്കര, തോപ്രാംകുടി,കാഞ്ചിയാർ, മുരിക്കാട്ടുകുടി മേരികുളം ഉപ്പുതറ, കമ്പിളികണ്ടം, കൊമ്പെടിഞ്ഞാൽ എന്നിവടങ്ങളിൽ നിന്നെല്ലാം നന്നങ്ങാടികൾ കണ്ടെത്തിയിട്ടുണ്ട്.ഇവ ധാരാളമായി കണ്ടെത്തിയിട്ടുള്ളത് കട്ടപ്പനക്കടുത്തുള്ള ചെമ്പകപാറ പ്രദേശത്താണ്. ഇടുക്കി ജില്ലയിലെ തങ്കമണിക്കടുത്തുള്ള അമ്പലമേട്ടിൽ കണ്ടെത്തിയ ശിലായുഗ ഗുഹക്ക്, ഗുരുവായൂരിലെ അരിയന്നൂരിലും തൃശൂർ ജില്ലയിലെ ചില ഭാഗങ്ങളിലും കണ്ടെത്തിയ ചെങ്കൽ ഗുഹകളോട് സാമ്യമുണ്ട്. ഒന്നിലധികം അറകളുള്ള ഗുഹാ ശ്മശാനങ്ങളിൽ നിന്നും, ഇരുമ്പു കൊണ്ടുള്ള ആയുധങ്ങളും ധാരാളം മൺപാത്രങ്ങളും ലഭിക്കുകയുണ്ടായി. നടുക്കല്ലുകൾ അഥവാ പുലച്ചിക്കല്ലുകളാണ് ഇടുക്കി ജില്ലയിൽ നിന്നും കണ്ടെത്തിയ മറ്റൊരു മഹാ ശിലായുഗ സ്മാരകം.മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത സ്ഥലത്ത് നാട്ടുന്ന ഒറ്റക്കല്ലുകളാണിത്. അയ്യപ്പൻകോവിലിലും,ചെമ്പക പാറക്കടുത്തുള്ള കൊച്ചു കാമാക്ഷിയിലും, തൂക്കുപാലത്തിനടുത്തുള്ള ബാലഗ്രാമിലും, മുണ്ടിയെരുമയിലും കണ്ടെത്തിയ നടുക്കല്ലുകൾ ശിലായുഗത്തിലെ മറ്റൊരു ശവസംസ്കാകാര രീതിയെ സൂചിപ്പിക്കുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവിടെത്തെ മനുഷ്യവാസത്തിന് മൂവായിരം വർഷത്തെ പഴക്കമുണ്ടന്ന് ചരിത്രകാരൻമാർ അഭിപ്രയപ്പെടുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വാസമുറപ്പിച്ച ജനങ്ങളുടെ ജീവിത രീതിയും ആചാരനുഷ്ഠാനങ്ങളും തമ്മിൽ പ്രകടമായ പ്രാദേശിക ഭേദം നിലനിന്നിരുന്നു. മുനിയറകൾ കല്ലറകൾ, നന്നങ്ങാടികൾ തുടങ്ങിവയെല്ലാം ചില സ്ഥലങ്ങളിൽ കാണപ്പെട്ടതിന്റെ കാരണ വും ഇതാണ്.[4]
ഗോത്ര സംസ്കാരം
തിരുത്തുകശിലായുഗ സംസ്കാരത്തിനു ശേഷം ഇടുക്കിയിലെ മലഞ്ചെരുവുകളിൽ സ്ഥാപിക്കപ്പെട്ട മറ്റൊരു സംസ്കൃതിയാണ് ഗോത്രവർഗ്ഗങ്ങളുടേത്.ശിലായുഗത്തിൽ നിലനിന്ന സാമൂഹികാംശങ്ങളിൽ പലതും ഇവിടെത്തെ ആദിവാസി സംസ്കാരത്തിൽ കാണാമെങ്കിലും, വ്യത്യസ്തതമായ രണ്ട് കാലഘട്ടത്തെയാണ് ഇരുകൂട്ടരും പ്രതിധാനം ചെയ്യുന്നത്.ശിലായുഗക്കാർ പിന്നീട് എവിടെപ്പോയി എന്നതിന് വ്യക്തമായ തെളിവുകൾ ലഭ്യമല്ല. കാലാവസ്ഥ, ജീവിത സാഹചര്യത്തിലുണ്ടായ ബുദ്ധിമുട്ടുകൾ, എന്നിവ നിമിത്തം മലയിറങ്ങിയിരിക്കാം എന്നും കരുതുന്നു. മന്നാൻ,മുതുവാൻ, പളിയർ, ഊരാളി,മലയരയൻ, മലപ്പുലയൻ, ഉള്ളാടൻ എന്നിവരാണ് ഇടുക്കിയിലുള്ളത്. ഗോത്ര സംസ്കാരവുമായി ബന്ധപ്പെട്ട വാമൊഴി രൂപങ്ങളെയും, ആചാരാനുഷ്ടാനങ്ങളെയും കുറിച്ച് പഠനം നടത്തിയിട്ടുള്ളവരുടെ നിഗമനത്തിൽ ബി.സി 13 - 15 കാലഘട്ടത്തിലാണ് ആദിവാസി ജീവിതം ഇടുക്കിയിൽ ആരംഭിക്കുന്നത്.[5] തമിഴ് സംസ്കാരവുമായി ബന്ധം പുലർത്തുന്ന ഗോത്രവർഗ്ഗക്കാർ ഇടുക്കിയിലെത്തിയത് ഇന്നത്തെ കോയമ്പത്തൂർ, മധുര, രാമനാഥപുരം ജില്ലകളിൽ നിന്നുമാണന്ന്, ഇവരുടെ ഭാഷയും, ആചാരാനുഷ്ടാനങ്ങളും, കലാരൂപങ്ങളും തെളിയിക്കുന്നു. ആധുനിക നരവംശശാസ്ത്രജ്ഞരുടെ നിയമനത്തിൽ ഇവിടത്തെ ആദിവാസികൾ പ്രോട്ടോ- അസ്ത്രലോയ്ഡ് (Proto australoid) വംശത്തിൽപ്പെടുന്നു. ഇവരുടെ (ഇടുക്കി) മലകയറ്റത്തെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. പാണ്ഡ്യരാജ വംശത്തെ സഹായിച്ചതിന് പ്രതിഫലമായി വനാധിപതികൾ എന്ന സ്ഥാനം നൽകി എന്നതാണ് ഒന്ന്. ഒരു ഘട്ടത്തിൽ മധുരയിൽ നിന്നും നാടുവിടേണ്ടി വന്ന ഇവർ പൂഞ്ഞാർ രാജാവിന്റെ സഹായത്തോടെ തമിഴ്നാട്ടിലെ ഗുഡല്ലൂർ വഴി കുമളിയിലൂടെ ഇടുക്കിയിൽ എത്തിയെന്നും മറ്റൊരു കഥ പ്രചാരത്തിലുണ്ട്. നാട്ടുരാജാക്കന്മാർക്കു വേണ്ടി വനോൽപ്പന്നങ്ങൾ ശേഖരിക്കുവാൻ നിയുക്തരായവർ കാലക്രമേണ ഇവിടെ ജീവിതമുറപ്പിച്ചതെന്നും കരുതുന്നു. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ തേടി ഇവിടെക്ക് കുടിയേറിയവരായിക്കാം ഇവിടത്തെ ഗോത്ര വംശം.ഓരോ ഗോത്ര ഗ്രാമത്തിലുമുള്ള കുടുംബങ്ങളുടെ എണ്ണം വർദ്ധിക്കുമ്പോൾ പുതിയ ഒരു കൂടിയിരിപ്പ് സൃഷ്ടിക്കപ്പെടുന്നു.ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ അരായാഞ്ഞിലി ചതച്ചുണ്ടാക്കിയ മരവുരിയായിരുന്നു.മൃഗത്തോൽ ഉപയോഗിച്ച് വാദ്യ ഉപകരണങ്ങളും ഇവർ നിർമ്മിച്ചിരുന്നു. ഈറ്റപ്പൊളിയുപയോഗിച്ച് ഗൃഹോപകരണങ്ങൾ നെയ്തെതെടുക്കാനുള്ള ആദിവാസികൾക്കുള്ള കഴിവ് വലുതാണ്. പ്രകൃതിശക്തികളെയും വൃക്ഷങ്ങളെയും ഇവർ ആരാധിച്ചിരുന്നു. ഗോത്രവർഗ്ഗങ്ങൾക്കെല്ലാം തങ്ങളുടേതായ ഭരണ സംവിധാനമുണ്ടായിരുന്നു. കുടിയിരുന്നുകളുടെ തലവൻമാർ വർഗ്ഗ ഭേദമനുസരിച്ച് മൂപ്പനെന്നോ കാണിയെന്നോ ആണ് അറിയപ്പെടുന്നത്. മന്നാൻമാർക്കിടയിൽ ഇത് രാജാവാണ്. ഇടുക്കിയിലെ മലങ്കാടുകളിലേക്ക് ആദ്യം കുടിയേറിപ്പാർത്ത ഗോത്രവർഗ്ഗം ഊരാളികളായിരിക്കുമെന്നാണ് കരുതുന്നത്.മഹാ ശിലായുഗത്തിലെ ചില ആചാരങ്ങൾ നാമമാത്രമായാ രീതിയിൽ ഇപ്പോഴും അനുവർത്തിക്കുന്നവരാണ് ഊരാളിമാർ. ശവസംസ്കാരത്തിനു ശേഷം കുഴിമാടത്തിനു മീതെ നാട്ടുന്ന കരിങ്കല്ല് ശിലായുഗത്തിലെ പുലച്ചിക്കല്ലിന്റെ പിൻതുടർച്ചയാണന്ന് കരുതുന്നു. വെൺമണി, മുള്ളരിങ്ങാട്, നാടുകാണി, കുറുക്കനാട്, കൂവക്കണ്ടം, കണ്ണംപടി, മുത്തംപടി, കിഴക്കേമാട്ടുക്കട്ട, വെള്ളള്ള്, മേമാരിക്കുടി,പൂവന്തിക്കുടി തുടങ്ങി 33 ഗോത്രസങ്കേതങ്ങൾ ഇടുക്കിയിലുണ്ട്. പിൻ കാലത്ത് മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്ന വനത്തിൽ നിന്നും ബ്രിട്ടീഷുകാരുടെയും തമിഴ് വംശകരുടെയും കുടിയേറ്റത്തോടെ കൃഷി ഉപേക്ഷിച്ച് പാലായനം ചെയ്തവരായിരുന്നു പൂവന്തിക്കുടി (അയ്യപ്പൻകോവിൽ) പ്രദേശത്ത് എത്തിയവർ. അതിമഹത്തായ സാംസ്കാരിക പാരമ്പര്യത്തിന്റെ ഉടമകളായിരുന്നു എല്ലാ ആദിവാസി ഗോത്രങ്ങളും, ഉൾവനങ്ങളിൽ ആടിയുംപാടിയും കരകൗശല വേലകളിൽ ഏർപ്പെട്ടും തങ്ങളുടേത് മാത്രമായ രീതിയിൽ ജീവിതത്തെ ക്രമപ്പെടുത്തിയും പ്രാചീന സംസ്കൃതിയുടെ അനേകം അപൂർവ്വ ചാരുതകൾ നിർമ്മിച്ചെടുക്കുകയും ചെയ്തവരായിരുന്നു ഗോത്രവർഗ്ഗങ്ങൾ. വിവിധങ്ങളായ അധിനിവേശത്തിലൂടെ തകർത്തെറിയപ്പെട്ട ജീവിത സ്വത്വത്തിന്റെ ഉടമകളായിരുന്നു പശ്ചിമഘട്ടത്തിലെ മിക്കവാറും എല്ലാ ആദിവാസി ഗോത്രങ്ങളും. ഇടുക്കിയിൽ കാപ്പിയും, തേയിലയും ഏലവും വച്ചുപിടിപ്പിക്കുവാൻ ബ്രിട്ടീഷ് പ്ലാന്റർമാർ കണ്ടെത്തിയ ഭൂപ്രദേശങ്ങൾ ഏറെയും ആദിവാസി ഗോത്രങ്ങൾ യഥേഷ്ടം വിഹരിച്ചിരുന്ന ഭൂപ്രദേശങ്ങളിലായിരുന്നു.മലകൾ ഒന്നൊന്നായി വെട്ടി വെളുപ്പിച്ച് മാറുന്നതിനനുസരിച്ച് പിന്നിലേക്ക് ത ള്ളപ്പെടുകയായിരുന്നു ഓരോ ഗോത്ര സമൂഹവും.[6]
ഇടുക്കി രാജഭരണത്തിലൂടെ
തിരുത്തുകശിലായുഗത്തിലെ പ്രാകൃത ഗോത്ര വ്യവസ്ഥയെ തുടർന്ന് വന്ന സംഘകാലത്ത് ചേരരാജാക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്നു കേരളം.എ.ഡി 75-ൽ രാജ്യഭരണമേറ്റ ചേരരാജാവായ നെടും ചേരലാതനും അദ്ദേഹത്തിന്റെ അനുജനായ പൽയാനെ ചൊൽകുഴു കുട്ടുവനും കൂടി ഒന്നാം ചേരസാമ്രാജ്യത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചതായി സംഘകാല കൃതിയായ പതിറ്റുപ്പത്തിൽ പറയുന്നു.ഇക്കാലത്ത് ചേര സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്ന ആയിരമല തേക്കടി വന്യജീവി സങ്കേതത്തിനുള്ളിലെ പർവ്വതനിരകളിലാണന്ന് ചരിത്രകാരൻമാർ പറയുന്നു.[7] പതിറ്റുപ്പത്തി പോലുള്ള പ്രാചീന കൃതികളിൽ നിന്നും ലഭ്യമായ സൂചനകൾ പ്രകാരം എ.ഡി.ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടിയായിരിക്കണം, ഇന്നത്തെ ഇടുക്കി ജില്ലയുൾപ്പെടെയുള്ള പ്രദേശങ്ങൾ ചേരസാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നത്. എ.ഡി ആദ്യത്തെ മൂന്നു നൂറ്റാണ്ടുകൾ അവസാനിച്ചതോടെ ഒന്നാം ചേരസാമ്രാജ്യത്തിന്റെ പ്രതാപകാലം അവസാനിച്ചു. പിന്നീട് എ.ഡി. 800- മുതൽ 1102 വരെ കേരളവും തമിഴ്നാടുമുൾപ്പെടുന്ന പ്രദേശങ്ങൾ രണ്ടാം ചേരസാമ്രാജിന്റെ കീഴിലായി.(കുലശേഖര സാമ്രാജ്യം) AD 1102 രണ്ടാം ചേരസാമ്രാജ്യത്തിന്റെ പ്രതാപം അവസാനിക്കുകയും കുലശേഖര രാജാക്കൻമാരുടെ നിയന്ത്രണത്തിലിരുന്ന നാടുവാഴികളെല്ലാം സ്വതന്ത്രമാവുകയും ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടോടു കൂടി ഇടുക്കി ജില്ലയുടെ നല്ല ഭാഗവും തെക്കുംകൂർ രാജാക്കൻമാരുടെ അധീനതയിലായി.കീഴ്മലൈനാടും (തൊടുപുഴ ഭാഗം) ചെങ്ങമനാട് ദേവസ്വവും (അടിമാലി, മൂന്നാർ, ദേവികുളം മലനിരകൾ) ഭരണം നടത്തിവന്നു. ഇടുക്കിയുടെ ചരിത്രത്തിൽ വഴിത്തിവ് സൃഷ്ടിച്ച പൂഞ്ഞാർ രാജവംശം 1160-ൽ സ്ഥാപിക്കപ്പെട്ടിരുന്നു. മധുര ആസ്ഥാനമായി ഭരണം നടത്തിയിരുന്ന ചിരായുവർമ്മൻ (മാനവ വിക്രമ കുലശേഖര പെരുമാൾ)എന്ന പാണ്ഡ്യരാജാവായിരുന്നു പൂഞ്ഞാർ രാജവംശത്തിന്റെ സ്ഥാപകൻ. മാനവവിക്രമൻ തെക്കുകൂർ രാജാവിൽ നിന്നും 750 ച.കി.മി സ്ഥലം വിലക്കു വാങ്ങുകയായിരുന്നു. ദീർഘകാലത്തെ ശ്രമഫലമായി ഇന്നത്തെ ഇടുക്കി ഉൾപ്പെട്ട കൂടുതൽ സ്ഥലങ്ങൾ വിലക്കു വാങ്ങുവാൻ മാനവവിക്രമനും സംഘത്തിനും കഴിഞ്ഞു.കേരളത്തിൽ തന്നെ 6000 ച.കി.മി സ്ഥലം മൂന്ന് നൂറ്റാണ്ടുകൾ കൊണ്ട് ഇവർ നേടി. പൂഞ്ഞാർ രാജാക്കൻമാരുമായി ബന്ധപ്പെട്ട് ലഭ്യമായിട്ടുള്ള ഏറ്റവും പഴയ രേഖ 1189- മാർച്ച് (കൊല്ലവർഷം 364 മീനം) എഴുതപ്പെട്ട പ്രമാണമാണ്. ചെങ്ങമനാട് ദേവസ്വത്തിൽ നിന്നും ഭൂമി വാങ്ങുന്നതു സംബന്ധിച്ച് പരാമർശിക്കുന്ന രേഖകൾ പ്രകാരം ഇന്നത്തെ ചിന്നക്കനാൽ, പൂപ്പാറ, ശാന്തൻപാറ, രാജാക്കാട്, രാജകുമാരി, സേനാപതി, കൊന്നത്തടി, ബൈസൺവാലി, പൊട്ടൻകാട്, വെള്ളത്തൂവൽ തുടങ്ങിയ പ്രദേശങ്ങൾ പൂഞ്ഞാർ രാജാക്കൻമാരുടേതായിത്തീർന്നു.1252- ഏപ്രിൽ (കൊല്ലവർഷം 427- മേടം) എഴുതപ്പെട്ട രേഖ പ്രകാരം, ഇന്നത്തെ അഞ്ചനാട് താഴ്വരയും കണ്ണൻദേവൻ മലനിരകളും കീഴ്മലൈ നാട്ടിലെ കോത വർമ്മൻ കോവിലധികാരികളിൽ നിന്നും പൂഞ്ഞാർ രാജാവ് വില കൊടുത്ത് വാങ്ങുന്നു.ഇതോടെ ഇടുക്കി ജില്ലയുടെ വടക്കുഭാഗങ്ങർ പൂഞ്ഞാർ രാജാവിന്റെ കൈവശമായി. 1419-ൽ എഴുതപ്പെട്ട രേഖകൾ പ്രകാരം തെക്കുംകൂറിൽ നിന്നും ഇന്നത്തെ പീരുമേട് താലൂക്കും, ഉടുമ്പൻചോല താലൂക്കിന്റെ ഏതാനും ഭാഗങ്ങളും പൂഞ്ഞാറിനോട് കൂട്ടിച്ചേക്കപ്പെട്ടു. 1500- ൽ ഇന്നത്തെ തൊടുപുഴ ഒഴികയുള്ള ഇടുക്കി ജില്ലയുടെ മുഴുവൻ ഭാഗങ്ങളും പൂഞ്ഞാർ രാജ്യത്തിലായി. 1771-ൽ പൂഞ്ഞാർ ദേശത്തിൽ ഉൾപ്പെട്ട തമിഴ്നാട് പ്രദേശങ്ങൾ കീഴടക്കിയ ഹൈദ്രാലി സുൽത്താൻ ഇന്നത്തെ കുമളിക്ക് സമീപമുള്ള മംഗളാദേവി ക്ഷേത്രം കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു.തുടർന്ന് ഹൈദ്രാലിയും പൂഞ്ഞാർ രാജാവും തമ്മിൽ ഒരു കരാറിൽ ഒപ്പുവച്ചു.1793-ൽ പൂഞ്ഞാർ രാജാവ് രാമവർമ്മ തിരുവതാംകൂർ മഹാരാജാവിനെയും രാജാകേശവദാസനെയും സന്ദർശിച്ച് മേൽക്കോയ്മക്ക് വിധേയപ്പെടേണ്ടതായി വന്നു. തിരുവതാംകൂറിന് വിധേയപ്പെട്ട പൂഞ്ഞാർ രാജവംശത്തിന് തുടക്കത്തിൽ സ്വാതന്ത്രവും താമസിക്കാതെ ഭൂവുടമാവകാശവും നഷ്ടപ്പെട്ടു. 1877-ൽ ജൂലൈ പതിനൊന്നാം തീയതി പൂഞ്ഞാർ രാജാവായ കേരളവർമ്മ ജോൺ ഡാനിയേൽ മൺറോ എന്ന ഇംഗ്ലീഷുകാരന് കണ്ണൻദേവൻ മലനിരകളും സമീപപ്രദേശങ്ങളും പാട്ടത്തിന് നൽകി.1900 ആയപ്പോൾ 12000 ച.കി.മി വിസ്തൃതിയുണ്ടായിരുന്ന പൂഞ്ഞാർ രാജ്യം 130 ച.കി.മി ആയി പരിണമിച്ചു.
കുടിയേറ്റം
തിരുത്തുകശിലായുഗ ജനതയ്ക്കും ഗോത്രവർഗ്ഗങ്ങൾക്കും ശേഷം ഇടുക്കിയിൽ കുടിയേറിവർ അഞ്ചു നാടൻ തമിഴരാണ്.തുടർന്ന് തിരുവതാംകൂർ കർഷകരും, തമിഴ് തൊഴിലാളികളും, ഇംഗ്ലീഷുകാരും ,ഇടുക്കിയിലേക്ക് കുടിയേറി. 1850-ൽ പാശ്ചാത്യ മിഷനറിയായ ഹെൻട്രി ബേക്കർ(ജൂനിയർ),സഹോദരൻ ജോർജ് ബേക്കറും ജില്ലയുടെ പടിഞ്ഞാറൻ ചെരുവിലെ കാടുകളിലുണ്ടായിരുന്ന ഗോത്രവർഗ്ഗമായ മലയരൻമാരുടെ ക്ഷണപ്രകാരം മുണ്ടക്കയത്ത് എത്തി. അവിടെ താമസിച്ചു കൊണ്ട് ദുർഘടമായ മലങ്കെട്ടുകളിലൂടെ കുട്ടിക്കാനം,വണ്ടിപെരിയാർ, ഏലപ്പാറ എന്നിവടങ്ങളിൽ എത്തിച്ചേർന്നു. ഹെൻട്രി കണ്ട പീരുമേട് തടം സമൃദ്ധിയുടെ താഴ്വരയായിരുന്നു. തന്റെ മൂത്ത പുത്രനായ ഹാരി ബേക്കർക്ക് വേണ്ടി തിരുവതാംകൂർ രാജാവിൽ നിന്നും ഈ പ്രദേശം സൗജന്യമായി വാങ്ങുവാൻ ഹെൻട്രിക്ക് കഴിഞ്ഞു. ആദ്യ എസ്റ്റേറ്റ് ട്വിഫോഡ് 1860-ൽ ആരംഭിച്ചു.കാപ്പിയായിരുന്നു ആദ്യ കാലത്തെ കൃഷി.1872-ൽ കോട്ടയം മുതൽ പീരുമേട് വരെയും 1885-ൽ വണ്ടിപ്പെരിയാർ - കുമളി- ഗൂഡല്ലൂരിലേക്കും ചെറിയ ഒരു കാളവണ്ടിപ്പാത നിർമ്മിച്ചു. കുട്ടിക്കാനത്തു നിന്നും ഏലപ്പാറ വഴി ചീന്തലാറിലേക്കുള്ള പാത നിർമ്മിച്ചത് ജെ.ഡി മൺറോ ആയിരുന്നു. പിന്നീട് കാലാവസ്ഥ അനുയോജ്യമാകാത്തതിനാൽ തേയില കൃഷിയായി. ഒരു മലമ്പാത ഉണ്ടായപ്പോൾ കൂടുതൽ ബ്രിട്ടീഷ് പ്ലാൻറ്റുമാരും തദ്ദേശസമ്പന്നരും ഇവിടെ തോട്ടങ്ങൾ സ്ഥാപിച്ചു. ബോണാമി, വാളാർഡി, ഗ്ലെൻമേരി, ഫെയർ ഫീൽഡ്, ലാഡ്രം, മേരി ആൻ, വാഗമൺ, കോട്ടമല, പെരിയാർ - കണ്ണിമാറ, ഹെവൻ വാലി, ചിന്നാർ, പശുപ്പാറ, തുടങ്ങിയ എസ്റ്റേറ്റുകൾ ഇങ്ങനെയാണ് ആരംഭിക്കുന്നത്.1877-ൽ മൂന്നാർ മലകൾ ജോൺ ഡാനിയേൽ മൺറോ, പൂഞ്ഞാർ രാജാവിൽ നിന്നും പാട്ടത്തിനെടുത്തു. മൂന്നാർ മലകൾ ഇംഗ്ലീഷുകാർക്ക് വഴി കാണിച്ച് കൊടുത്തത് അഞ്ചുനാടൻ തമിഴരുടെ സംഘത്തലവനായ കണ്ണൻ തേവൻ ആയിരുന്നു. പിന്നീട് മൂന്നാർ മലനിരകൾ കണ്ണൻദേവൻ ഹിൽസ് എന്ന പേരിലറിയപ്പെട്ടു.പീരുമേട്ടിലെപ്പോലെ കാപ്പിയായിരുന്നു ആദ്യ കൃഷി. 1894-ൽ എ.എച്ച്.ഷാർപ്പ് സ്ഥാപിച്ച പാർവ്വതി എസ്റ്റേറിലാണ് ആദ്യ തേയില കൃഷിയുടെ തുടക്കം.1924 ജൂലൈ മാസത്തിൽ മൂന്നാർ മലകളിൽ ഉണ്ടായ കനത്ത മഴയിലും, വെള്ളപൊക്കത്തിലും മൂന്നാർനാമാവിശേഷമായി (കൊല്ലവർഷം 1099-ൽ ആയിരുന്നതിനാൽ 99-ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്നു) മലമ്പാതകളും റെയിൽവേയും റോപ് വേയും എല്ലാം നശിക്കപ്പെട്ടു. ഇടുക്കി ജില്ലയിൽ ഇംഗ്ലീഷുകാരുടെ തോട്ടങ്ങളിൽ പണിയെടുക്കുവാനെത്തിയിരുന്നത് തമിഴ് തൊഴിലാളികളായിരുന്നു.ഇവർ തേയില തോട്ടങ്ങളുടെ സമീപമുള്ള സ്ഥലങ്ങളിൽ സ്ഥിരതാമസമാക്കി. ഹൈറേഞ്ചിലെ കാടുകളിൽ വിളഞ്ഞിരുന്ന ഏലം വിളവെടുക്കുവാൻ തിരുവതാംകൂർ സൈന്യത്തിൽ നിന്നും ആളെത്തിയിരുന്നു. ഇവർ കൊണ്ടുവന്ന തമിഴരും പിന്നീട് മടങ്ങിയില്ല. തമിഴരുടെ കൈയ്യേറ്റം വ്യാപകമായതോടെ 1896 ജൂലൈ 17-ാം തീയതി അനുവാദം കൂടാതെ ഏലമലക്കാടുകളിൽ പ്രവേശിക്കാൻ പാടില്ലന്ന് തിരുവതാംകൂർ രാജാവ് ഉത്തരവിട്ടു.1905-ൽ തിരുവതാംകൂർ ദിവാൻ കൃഷ്ണസ്വാമി റാവു ഹൈറേഞ്ചിലെ ഏലക്കാടുകൾക്ക് പട്ടയം (ചെമ്പ് പട്ടയം)നൽകി തുടങ്ങി.1920- ൽ തമിഴ് സ്വാധീനം ക്രമാതീതമാകുമെന്ന് മനസ്സിലാക്കിയ തിരുവതാംകൂർ മഹാരാജാവ്, തിരുവതാംകൂറിൽ ഉള്ളവർക്ക് മാത്രം ഹൈറേഞ്ചിൽ ഭൂമി നൽകിയാൽ മതിയെന്ന് ഉത്തരവിട്ടു. ഇതോടെ നാമമാത്രമായ മലയാളികളും ഹൈറേഞ്ചിലേക്ക് കുടിയേറിത്തുടങ്ങി.1940 ആയപ്പോളേക്കും ഹൈറേഞ്ചിന്റെ പല ഭാഗങ്ങളിലും തിരുവതാംകൂർ കർഷകർ കുടിയേറിക്കഴിഞ്ഞിരുന്നു. ഉപ്പുതറയും മന്നാംകണ്ടം(അടിമാലി) തുടങ്ങിയവയെക്കെ ഇടത്താവളങ്ങളായി.ഏലക്കാടുകളിൽ വിളവെടുക്കുന്നതിനായി തിരുവതാംകൂർ സൈന്യം ഉണ്ടാക്കിയ വഴിത്താരകളും, കമ്പം സ്വദേശി ആങ്കൂർ റാവുത്തർ പണികഴിപ്പിച്ച കൂപ്പു റോഡുകളും കുടിയേറ്റക്കാരെ വളരെയധികം സഹായിച്ചു.തമിഴ്നാട്ടിലെ കമ്പംദേശത്ത് രാജകൊട്ടാരത്തിനാവശ്യമായ പാൽ ലഭ്യമാക്കിയിരുന്നത്, ആങ്കൂർ റാവുത്തറായിരുന്നു.ഇതിൽ സന്തുഷ്ടനായ മഹാരാജാവ് കുമളി മേഖലയിൽ 498 ഏക്കർ വനഭൂമി കാലികളെ മേയിക്കുവാനും കരമൊഴിയായി കൊടുത്തിരുന്നു. ചില പ്രദേശങ്ങളിലെ മരങ്ങൾ വെട്ടിയെടുക്കുവാനുള്ള അനുവാദം നേടുവാനും റാവുത്തർക്ക് കഴിഞ്ഞു. ഇതിന്റെ മറവിൽ അനധികൃതമായി ഈട്ടി, തേക്ക്, തുടങ്ങിയവ വെട്ടിമാറ്റപ്പെട്ടു. കുമളിയിൽ നിന്നും കട്ടപ്പന _അയ്യപ്പൻകോവിൽവരെയും ഇദ്ദേഹമെത്തി. കാട്ടിലെ മരങ്ങൾ മുറിച്ച് മലയടിവാരത്ത് എത്തിച്ചിരുന്നത് കാളവണ്ടികളിൽ ആയിരുന്നു. ഇപ്രകാരം നിർമ്മിക്കപ്പെട്ട കാട്ടുപാതയായിരുന്നു കട്ടപ്പന - അയ്യപ്പൻകോവിൽപാത.[8] 1957-ലെ ഭൂപരിഷ്കരണ നിയമത്തോടെ റാവുത്തർ കുടുംബത്തിന് ഈ ഭൂമേഖലയിലുണ്ടായിരുന്ന സ്വാധീനം നഷ്ടമായി.[9]
കുടിയേറ്റം രണ്ടാം ഘട്ടം
തിരുത്തുകരണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി 1946-ൽ സർക്കാർ ഊർജ്ജിത ഭക്ഷ്യോത്പാദന പദ്ധതിക്ക് (Grow more food programe) രൂപം നൽകി. ആദ്യഘട്ടത്തിൽ അയ്യപ്പൻകോവിൽ,അടിമാലി മേഖലയിൽ 10000 ഏക്കർ വനഭൂമി കർഷകർക്ക് പതിച്ചു നൽകി.ഓരോ ഘട്ടത്തിലും അനുവദിക്കപ്പെട്ടതിനേക്കാൾ ഏറെ ഭൂമി തെളിച്ചെടുക്കപ്പെട്ടു. 1951 ൽ കട്ടപ്പന മേഖലയിൽ 3000 ഏക്കർ സ്ഥലം (600 അലോട്ടുമെന്റുകൾ) കൃഷിക്ക് വിട്ടുകൊടുത്തു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനർവിഭജനം നടത്തണമെന്ന വാദവും ഇക്കാലത്ത് ശക്തമായി.തമിഴർക്ക് സ്വാധീനമുള്ള ഹൈറേഞ്ച് മേഖല തമിഴ്നാടിന്റെ ഭാഗമാകുമെന്ന് വന്നപ്പോൾ ഹൈറേഞ്ച് കൊളനൈസേഷൻ സ്കീം അനുസരിച്ച് 1954-55 തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയുടെ കാലത്ത് പട്ടം താണുപിള്ള മറയൂർ, കാന്തല്ലൂർ, ദേവിയാർ കോളനികൾ സ്ഥാപിക്കപ്പെട്ടു. 1955 ജനുവരി 20-ന് മന്ത്രി സഭയിലെ പി.ജെ കുഞ്ഞു സാഹിബ് കല്ലാർ പട്ടം കോളനി ഉദ്ഘാടനം ചെയ്തു.6860 ഏക്കർ വിസ്തീർണ്ണമുള്ള കല്ലാർ പട്ടം കോളനി 1386 ബ്ലോക്കുകളായും, മറയൂരിലെ 220 ഏക്കർ സ്ഥലം 45 ബ്ലോക്കുകളായും, ദേവിയാറിൽ 246 ഏക്കർ 77 ബ്ലോക്കുകളായും പതിച്ചു നൽകി. കുടിയേറ്റ ഭൂമിയിൽ മലയാളികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ഹൈറേഞ്ച് മേഖല തമിഴ്നാടിനോട് ചേർക്കണമെന്ന വാദം നിലച്ചു.1950-70 കാലഘട്ടങ്ങളിൽ ഹൈറേഞ്ച് കൊളനൈസേഷൻ പദ്ധതിയെ തുടർന്ന് നെടുംകണ്ടം, കൂട്ടാർ, കമ്പംമെട്ട്, അണക്കര, ഇരട്ടയാർ, തങ്കമണി, വെള്ളത്തൂവൽ, എന്നിവടങ്ങളിലെല്ലാം വൻതോതിൽ കയ്യേറ്റം നടന്നു.1957-60- ൽ കഞ്ഞിക്കുഴി,വാത്തിക്കുടി പഞ്ചായത്തുകളിലും 1959-ൽ ചെമ്പകപാറ, ഈട്ടിത്തോപ്പ്, ചിന്നാർ മേഖലകളിലും കുടിയേറപ്പെട്ടു. 1962-ൽ വണ്ടൻമേട്, ചക്കുപള്ളം, വില്ലേജുകളിലും 63-ൽ കൊന്നത്തടി, കൽക്കൂന്തൽ വില്ലേജുകളിലു മായി 15000 ഏക്കർ സ്ഥലം കർഷകർക്ക് പതിച്ചു നൽകി. 1958-ൽ ഈരാറ്റുപേട്ടയിൽ നിന്നും അയ്യപ്പൻകോവിലേക്ക് ബസ്സ് സർവ്വീസ് ആരംഭിച്ചു.1963-67 കാലത്ത് നിർമ്മിക്കപ്പെട്ട തൊടുപുഴ- പുളിയൻമല റോഡും വാഹനയോഗ്യമായി.1961 മെയ് രണ്ടിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടുക്കി ജലവൈദ്യുതി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതോടെ കേരളത്തിലെ ഏറ്റവും വലിയ കുടിയിറക്ക് അയ്യപ്പൻകോവിലിൽ നടന്നു.
ആധുനിക ചരിത്രം
തിരുത്തുകകോട്ടയം ജില്ലയിൽ ഉൾപ്പെട്ടിരുന്ന ഉടുമ്പഞ്ചോല, പീരുമേട്, ദേവികുളം എന്നീ താലൂക്കുകളേയും എറണാകുളം ജില്ലയിൽ ആയിരുന്ന തൊടുപുഴ താലൂക്കിലെ മഞ്ഞല്ലൂരും കല്ലൂർക്കാടും ഒഴികെയുള്ള പ്രദേശങ്ങളെയും കൂട്ടിച്ചേർത്ത് 1972 ജനുവരി 26നു് രൂപീകരിക്കപ്പെട്ട ഇടിക്കി ജില്ലയുടെ പേര് ഇടുക്കി ജില്ല എന്നാക്കിക്കൊണ്ടു പിന്നീട് സർക്കാർ വിജ്ഞാപനമിറക്കി[10]. തുടക്കത്തിൽ കോട്ടയമായിരുന്നു ജില്ലാ ആസ്ഥാനം. 1976 ലാണ് തൊടുപുഴ താലൂക്കിലെ പൈനാവിലേക്ക് ജില്ലാ ആസ്ഥാനം മാറ്റിയത്.
കുറവൻ, കുറത്തി എന്നീ മലകൾക്കിടയിലുള്ള ഇടുക്കിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കമാനാകാര അണക്കെട്ടായ ഇടുക്കി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഇടുക്ക് എന്ന വാക്കിൽ നിന്നാണ് ഇടുക്കി എന്ന പേര് ഉണ്ടായത്.
ഭൂപ്രകൃതി
തിരുത്തുകകേരളത്തിലെ വയനാടൊഴികെയുള്ള മറ്റു ജില്ലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഈ ജില്ലക്കുള്ളത്. ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. താഴ്ന്ന ഭൂപ്രദേശങ്ങൾ തീരെ ഇല്ല. 50% പ്രദേശവും കാടുകളാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ചന്ദനക്കാടുകൾ കാണപ്പെടുന്ന പ്രദേശമായ മറയൂർ ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികൾ ഇവിടെയുണ്ട്. ഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടികളായ ആനമുടിയും, മീശപ്പുലിമലയും മൂന്നാർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം ഭൂപ്രകൃതിയായതിനാൽ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും പരമ്പരാഗത കൃഷിരീതികൾക്ക് അനുയോജ്യമല്ല. എന്നാൽ സുഗന്ധദ്രവ്യങ്ങളുടെ കൃഷിക്ക് യോജിച്ച ഭൂപ്രകൃതിയാണ്.
എരവിമല, കാത്തുമല, ചെന്തവര, കുമരിക്കൽ, കരിങ്കുളം, ദേവിമല, പെരുമാൾ, ഗുഡൂർ, കബുല, ദേവികുളം, അഞ്ചനാട്, കരിമല, എന്നിവയാണ് പ്രധാന മലകൾ.
നദികളും അണക്കെട്ടുകളും
തിരുത്തുകപെരിയാർ, തൊടുപുഴയാർ, കാളിയാർ എന്നിവയാണ് ജില്ലയിലെ പ്രധാന നദികൾ. പമ്പാനദി ഉൽഭവിക്കുന്നതും ഇടുക്കി ജില്ലയിൽ നിന്നാണ്. പെരിയാർ ജില്ലയുടെ തെക്കു കിഴക്ക് ഭാഗത്തുള്ള ശിവഗിരിയിൽ നിന്നും ഉൽഭവിച്ച് ജില്ലയിലെ എല്ലാ താലൂക്കുകളിലൂടെയും കടന്നു പോകുന്നു. വൈദ്യുതിക്കും കൃഷിക്കുമായി നിരവധി അണക്കെട്ടുകൾ പെരിയാറിനു കുറുകേ നിർമ്മിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട്, ഇടുക്കി അണക്കെട്ട്, ലോവർപെരിയാർ അണക്കെട്ട്, ഭൂതത്താൻകെട്ട് അണക്കെട്ട് മുതലായവ പെരിയാറിനു കുറുകെയുള്ള അണക്കെട്ടുകളാണ്.
കുണ്ടള അണക്കെട്ട്, മാട്ടുപ്പെട്ടി അണക്കെട്ട്, ആനയിറങ്കൽ അണക്കെട്ട്, പൊന്മുടി അണക്കെട്ട്, കല്ലാർകുട്ടി അണക്കെട്ട്, ഇടമലയാർ അണക്കെട്ട് തുടങ്ങിയവ പെരിയാറിന്റെ പോഷകനദികളിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടുകളാണ്. ദേവികുളം താലൂക്കിലെ ഇരവികുളം, ദേവികുളം തടാകങ്ങൾ, തൊടുപുഴ താലൂക്കിലെ ഇലവീഴാപൂഞ്ചിറ എന്നിവ പ്രകൃതിദത്ത തടാകങ്ങളാണ്.
സാമ്പത്തീകം കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനോപാധി. ഇതിനു പുറമേ കാലി വളർത്തലും ഒരു വരുമാനമാർഗ്ഗമാണ്. പുഷ്പങ്ങൾ, കൂൺ , മരുന്നുചെടികൾ, വാനില മുതലായവയും ചില കർഷകർ ഈയിടെയായി കൃഷിചെയ്തു വരുന്നു.
കാർഷിക വിളകൾ
തിരുത്തുകസുഗന്ധദ്രവ്യങ്ങളുടെ ജില്ലയായാണ് ഇടുക്കി അറിയപ്പെടുന്നത്. ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും തോട്ടവിളകൾക്ക് ഏറ്റവും അനുയോജ്യമാണ്. തേയില, കാപ്പി, റബ്ബറ്, തെങ്ങ്, ഏലം, കുരുമുളക് എന്നിവയാണ് പ്രധാന വിളകൾ. കാർഷികോൽപ്പാദനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് ഇടുക്കി ജില്ല. ചെറുകിടകർഷകരാണ് കൂടുതലെങ്കിലും തേയില, ഏലം മുതലായ തോട്ടങ്ങൾ നടത്തുന്നത് വൻകിട കാർഷിക കമ്പനികളാണ്.
കാലി വളർത്തൽ
തിരുത്തുകഇവിടുത്തെ സവിശേഷ കാലാവസ്ഥ കാലിവളർത്തലിന് അനുയോജ്യമാണ്. പശു, എരുമ, ആട് മുതലായവയാണ് പ്രധാന വളർത്തു മൃഗങ്ങൾ. മാട്ടുപ്പെട്ടിയിലെ കാലിവളർത്തൽ കേന്ദ്രം ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. കന്നുകാലികളുടെ വംശ വർധനവിനും അതുവഴി മെച്ചപ്പെട്ട ക്ഷീരോത്പാദനത്തിനുമായി തയ്യാറാക്കിയ മാട്ടുപ്പെട്ടി കന്നുകാലി വികസനകേന്ദ്രം ഇവിടെയാണ്.
വിനോദസഞ്ചാരം
തിരുത്തുകകേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, അണക്കെട്ടുകൾ, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ. മൂന്നാർ ഹിൽ സ്റ്റേഷൻ,ഇടുക്കി അണക്കെട്ട്, തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം, പീരുമേട് വാഗമൺ, കാല്വരിമൌണ്ട് എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ. കൂടാതെ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന ധാരാളം സ്ഥലങ്ങൾ വേറെയുമുണ്ട്.
പാൽക്കുളംമേട്, മീനുളിയാൻപാറ, രാമക്കൽമേട്, ചതുരംഗപ്പാറ, രാജാപ്പാറ, ആനയിറങ്കൽ, പഴയ ദേവികുളം, ചീയപ്പാറ/വാളറ വെള്ളച്ചാട്ടം , തൊമ്മൻ കുത്ത്, കരിമ്പൻകുത്ത്, പുന്നയാർ വെള്ളച്ചാട്ടങ്ങൾ, നാടുകാണി വ്യൂ പോയിന്റ്, പരുന്തുമ്പാറ, അഞ്ചുരുളി, കല്ല്യാണത്തണ്ട്, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ, ചിന്നാറ് വന്യമൃഗസങ്കേതം, രാജമല, തുടങ്ങിയവ ഇവയിൽ ചിലത് മാത്രം. സമീപകാലത്തായി ഫാം ടൂറിസവും പ്രശസ്തിയാർജ്ജിച്ചുവരുന്നുണ്ട്. ജില്ലയിലെ കുമളിക്ക് അടുത്തുള്ള അണക്കരയെ ഗ്ലോബൽ ടൂറിസം വില്ലേജായി പ്രഖ്യാപിച്ചിട്ടുണ്ട്.
- മൂന്നാർ, ഇടുക്കി, തേക്കടി, എന്നീ പ്രധാന കേന്ദ്രങ്ങളെയാണ് വിനോദ സഞ്ചാരത്തിൻറെ സുവർണ്ണ ത്രികോണം എന്ന് വിളിക്കുന്നത്.
- മൂന്നാർ തേയിലത്തോട്ടങ്ങൾ നിറഞ്ഞ മലമടക്കിലെ സുഖവാസകേന്ദ്രം കൊച്ചിയിൽ നിന്നു 136 കി.മീ. അകലെ. നീലക്കുറിഞ്ഞി പൂക്കുന്ന
സ്ഥലമെന്ന പ്രശസ്തിയുമുണ്ട്. - തേക്കടി: പെരിയാർ തടാകവും വന്യമൃഗസംരക്ഷണ കേന്ദ്രവുമടങ്ങുന്നതാണ് തേക്കടി. പെരിയാർ നദിക്ക് കുറുകെ മുൻ മദ്രാസ് ഗവൺമെൻറ് 1895-ൽ അണകെട്ടിയപ്പോൾ രൂപം കൊണ്ടതാണ് തടാകം. ശ്രീചിത്തിര തിരുന്നാൾ മഹാരാജാവ് 1934-ൽ സ്ഥാപിച്ച വന്യമൃഗ സംരക്ഷണ കേന്ദ്രം വിസ്തീർണ്ണം 777 ച.കി.മീ. 1978-ൽ ഇത് കടുവ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കപ്പെട്ടു.
- കുമളി: തേക്കടിയുടെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. കുമളിയിൽ നിന്ന് 13.കി.മീ. സഞ്ചരിച്ചാൽ ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിലെത്താം.
- പീരുമേട്: പീർ മുഹമ്മദ് എന്ന സൂഫി സന്ന്യാസിയുടെ ശവകുടീരം ഇവിടെയുണ്ട്. ശ്രീമൂലം തിരുനാൾ മഹാരാജാവ് നിർമ്മിച്ച ഒരു ശ്രീകൃഷ്ണ ക്ഷേത്രമുണ്ട്.
- രാമക്കൽമേട്: ഇടുക്കി ജില്ലയുടെ അതിർത്തി ഗ്രാമമായ രാമക്കൽമേട് മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. സമുദ്ര നിരപ്പിൽനിന്നും 3334 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന രാമക്കൽ മലയിൽനിന്നും താഴെ തമിഴ്നാട്ടിലെ കാഴ്ചകൾ നന്നായി ആസ്വദിക്കാൻ കഴിയും.
- പാഞ്ചാലിമേട്: മുണ്ടക്കയത്തു നിന്നും ഏകദേശം പതിനഞ്ചു കിലോമീറ്റർ അകലെയാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. മുണ്ടക്കയത്തു നിന്നും കൃത്യം പതിനാറു കിലോമീറ്റർ അകലെയുള്ള വള്ളിയാങ്കാവ് ശ്രീഭദ്രകാളി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണിവിടം.
പ്രധാന വെള്ളച്ചാട്ടങ്ങൾ
തിരുത്തുകഇടുക്കിയിൽ നിരവധി വെള്ളച്ചാട്ടങ്ങളുണ്ടങ്കിലും,അവയിൽ മിക്കതും മഴക്കാലത്ത് മാത്രം സജീവമാകുന്നവയാണ്.
- ചീയപ്പാറ വെള്ളച്ചാട്ടം നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലുള്ള കൊച്ചി - മധുര ഹൈവേയിലാണ് (ദേശീയപാത 49) ചീയപ്പാറ വെള്ളച്ചാട്ടം. ചീയപ്പാറ വെള്ളച്ചാട്ടം ഏഴ് തട്ടുകളായി കാണപ്പെടുന്നു. ഈ സ്ഥലം ട്രെക്കിംഗിന് പേരുകേട്ടതാണ്.
- തൊമ്മൻകുത്ത് വെള്ളച്ചാട്ടം തൊടുപുഴയ്ക്കടുത്തുള്ള മനോഹരമായ വെള്ളച്ചാട്ടമാണ് തൊമ്മൻകുത്ത് വെള്ളച്ചാട്ടം. ഇടുക്കി ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നാണിത്.
- കീഴാർകുത്ത് വെള്ളച്ചാട്ടം
ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും 25 കിലോമീറ്റർ ദൂരത്തായി വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കീഴ്ക്കാം തൂക്കായ വെള്ളച്ചാട്ടമാണ് കീഴാർകുത്ത് വെള്ളച്ചാട്ടം.
- തൂവാനം വെള്ളച്ചാട്ടം ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് തൂവാനം വെള്ളച്ചാട്ടം.
പ്രധാന ആരാധനാലയങ്ങൾ
തിരുത്തുകക്രൈസ്തവ ദേവാലയങ്ങൾ
തിരുത്തുക- മുതലകോടം വിശുദ്ധ ഗീവര്ഗീ സിന്റെ ദേവാലയം
- വാഗമൺ കുരിശുമല
- രാജാകുമാരി പള്ളി
- പുണ്യതപോഗിരി പഴയവിടുതി പള്ളി
- പട്ടുമലപള്ളി
- പള്ളിക്കുന്ന് പള്ളി
- നാലുമുക്ക് പള്ളി
- മൂന്നാർ സി എസ് ഐ പള്ളി
ഹൈന്ദവ ക്ഷേത്രങ്ങൾ
തിരുത്തുക- തേക്കടി മംഗളാദേവി ക്ഷേത്രം, കുമളി (ചിത്രപൗർണമി മഹോത്സവം പ്രസിദ്ധം)
- വളളിയാംകാവ് ദേവീക്ഷേത്രം, പാലൂർക്കാവ്, പെരുവന്താനം (പ്രസിദ്ധമായ ഭഗവതി ക്ഷേത്രം)
- തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- ഇടവെട്ടി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം, തൊടുപുഴ (കർക്കിടക ഔഷധസേവ പ്രസിദ്ധം)
- കാരിക്കോട് ഭഗവതി ക്ഷേത്രം, തൊടുപുഴ
- അമരങ്കാവ് വനദുർഗ്ഗാ ദേവിക്ഷേത്രം, കോലാനി
- വാഗമൺ മുരുകമല
- കട്ടപ്പന ശ്രീ ധർമ്മശാസ്താ ക്ഷേത്രം
- മൂന്നാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
- അടിമാലി ഭഗവതി വൈഷ്ണവ മഹാദേവ ക്ഷേത്രം
- നരിയംപാറ പുതിയകാവ് ദേവി ക്ഷേത്രം, കട്ടപ്പന
- ദേവികുളം ധർമ്മശാസ്താ ക്ഷേത്രം
- നെടുങ്കണ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- കല്യാണത്തണ്ഡ് കൈലാസനാഥ ക്ഷേത്രം
- അയ്യപ്പൻ കോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം
- രാമക്കൽ മേട് ശ്രീരാമ-ദുർഗ്ഗാ ഭഗവതി ക്ഷേത്രം, നെടുംകണ്ടം
- കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം, തൊടുപുഴ
- ഉറവപ്പാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, തൊടുപുഴ
- മണക്കാട് നരസിംഹമൂർത്തി ക്ഷേത്രം, തൊടുപുഴ
- ചാറ്റുപാറ സരസ്വതി മഹാദേവ ക്ഷേത്രം, അടിമാലി (നവരാത്രി വിദ്യാരംഭം )
- ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രം, അടിമാലി
- ചെറുതോണി ധർമ്മശാസ്താ ക്ഷേത്രം
- മണിതൂക്കാംമേട് ശ്രീ മഹാദേവ ക്ഷേത്രം, സേനാപതി
ഇസ്ലാമിക ആരാധനാലയങ്ങൾ
തിരുത്തുക- തങ്ങൾപാറ
- പീർമുഹമ്മദിന്റെ ശവകുടീരം
മുതലായവ ഇടുക്കിയിലെ പ്രധാന ആരാധനാ കേന്ദ്രങ്ങൾ കൂടിയാണ്.
ഗതാഗതം
തിരുത്തുകതീവണ്ടിപ്പാത ഇല്ലാത്തതിനാൽ റോഡുമാർഗ്ഗം മാത്രമേ ഇടുക്കി ജില്ലയിലേക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. ദേശീയപാത 85 ഉം ദേശീയപാത 220ഉം, Adimaly kumaly NH 185 , SH 40, 43 8,13,[അവലംബം ആവശ്യമാണ്] 14, 17,18, 19, 21 എന്നീ സംസ്ഥാനപാതകളും ജില്ലയിലൂടെ കടന്നുപോകുന്നു.
അടുത്തുള്ള വിമാനത്താവളങ്ങൾ
തിരുത്തുകഅടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകൾ
തിരുത്തുക- ഗവർമെന്റ് കോളേജ് കട്ടപ്പന
- ഗവർെമെന്റ് കോളേജ് മൂന്നാർ
- പാവനാത്മ കോളേജ് മുരിക്കാശ്ശേരി
- ന്യൂമാൻ കോളേജ് തൊടുപുഴ
- മരിയൻ കോളേജ് കുട്ടിക്കാനം
- അൽ അസ്ഹർ കോളേജ് തൊടുപുഴ
- മാർ സ്ലീവാ കോളേജ് രാജമുടി, മുരിക്കാശ്ശേരി
- മാർ ബസേലിയോസ് കോളേജ് അടിമാലി
- കാർമ്മൽ ഗിരി കോളേജ് അടിമാലി
- എം. ഇ. എസ് കോളേജ് നെടുംകണ്ടം
- സാൻജോ കോളേജ് രാജാക്കാട്
- എസ്. എൻ. ഡി. പി കോളേജ് പുല്ലുകണ്ടം
- സഹ്യജ്യോതി കോളേജ് കുമളി
- കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ നെടുംകണ്ടം
- കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ കുമളി
- കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ തൊടുപുഴ
- സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ മൈലക്കൊമ്പ്
- എസ്. എൻ. ഡി. പി. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ അടിമാലി.
- എസ്. എൻ കോളേജ് തൊടുപുഴ
- എൻ. എസ്. എസ്. കോളേജ് രാജകുമാരി
- ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ രാജാക്കാട്
- ഏകലവ്യ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂൾ പൈനാവ് -ഇടുക്കി
- ഹോളി ഫാമിലി യു.പി സ്കൂൾ കിളിയാർ കണ്ടം
എഞ്ചിനീയറിംഗ് കോളേജുകൾ
തിരുത്തുകഇതും കാണുക
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകചിത്രശാല
തിരുത്തുക-
മാട്ടുപ്പെട്ടി തടാകം
-
മാട്ടുപ്പെട്ടി ഡാം
-
മാട്ടുപ്പെട്ടി ഡാമിന്റെ മുകൾവശം
-
മാട്ടുപ്പെട്ടി ഡാമിന്റെ റിസർവോയർ
-
ഒരു തേയിലതോട്ടം
പെരിഞ്ചാംകുട്ടി മല
അവലംബം
തിരുത്തുക- ↑ https://web.lsgkerala.gov.in/reports/lbMembers.php?lbid=158[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://idukki.gov.in/about-district/collectorsprofile/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://alappuzha.nic.in/dist_wise_popu.htm
- ↑ kazhcha Books Kattappa.ഇടുക്കി: ചരിത്രവും ചരിത്രാതീതവും
- ↑ ഇടുക്കിയിലെ ഗോത്രകലകളും സംസ്കാരവും: വി.ബി.രാജൻ, കാഞ്ചിയാർ രാജൻ
- ↑ ലേഖനം _കാട്ടിലും നാട്ടിലുമല്ലാത്ത ജീവിതങ്ങൾ: കാഞ്ചിയാർ രാജൻ
- ↑ The cera kings of the sangan period:K G Syeshayya
- ↑ https://samadarsi.com/2021/06/30/sa306202113/
- ↑ ഇടുക്കി ചരിത്രവും ചരിത്രാതീതവും: മനോജ് മാതിരപ്പള്ളി
- ↑ കഥ ഇതുവരെ (ജൂൺ 2012) - ഡി. ബാബു പോൾ - DC Books ISBN 978-81-264-2085-8 (ഇടുക്കി ജില്ലയുടെ ഉദ്ഘാടനം എന്ന ചിത്രത്തിന്റെ അടിക്കുറിപ്പു്)
- ↑ thomas, sijo (16-08-2019). "pavanatmacollege". pavanatmacollege. Archived from the original on 2019-08-16. Retrieved 2019-08-16.
{{cite web}}
: Check date values in:|date=
(help)