മൃതദേഹങ്ങൾ അടക്കംചെയ്യുന്നതിന് മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന വലിയ മൺപാത്രം (ഒരുതരം ശവക്കല്ലറ) ആണു നന്നങ്ങാടി. ഗ്രാമ്യമായി ചാറ എന്ന പേരിലും അറിയപ്പെടുന്നു. മൃതദേഹം ഭരണികളിലാക്കി മണ്ണിനടിയിൽ കുഴിച്ചിടുകയായിരുന്നു പതിവ്. മുതുമക്കച്ചാടി, മുതുമക്കത്താഴി, മുതുമക്കപ്പാടി എന്നും പേരുണ്ട്. മൃതദേഹങ്ങളുടെ കൂടെ ആയുധങ്ങൾ, പാത്രങ്ങൾ എന്നിവയും അടക്കം ചെയ്തിരുന്നു. നന്നങ്ങാടികളിൽ ശവം അടക്കുന്നത് മഹാശിലാ സംസ്കാരകാലത്തെ വിവിധ ശവസംസ്കാരരീതികളിൽ ഒന്നായിരുന്നു. കേരളത്തിൽനിന്ന് മാത്രമല്ല ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും നന്നങ്ങാടികൾ ലഭിച്ചിട്ടുണ്ട്; തമിഴ്നാട്ടിലെ ആദിച്ചനെല്ലൂരിൽനിന്നും ധാരാളം നന്നങ്ങാടികൾ കണ്ടെടുത്തിട്ടുണ്ട്. ചെറുമരുടെ ശവകുടീരങ്ങളെയാണ് പുതുമക്കച്ചാടി എന്നു പറയുന്നത് എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.[1]

നന്നങ്ങാടിയായി ഉപയോഗിച്ച മൺകുടം
പാലക്കാടു ജില്ലയിലെ ഒറ്റപ്പാലത്തു പൂക്കോട്ടുകാവു പഞ്ചാ യത്തിലെ കാട്ടുകുളം എന്ന സ്ഥലത്ത് കാണുന്ന നന്നങ്ങാടികൾ
നന്നങ്ങാടികൾ

കേരളത്തിൽ നന്നങ്ങാടികൾ അധികവും കണ്ടെത്തിയിട്ടുള്ളത് തീരപ്രദേശങ്ങളിലാണ്. മണ്ണ് മാറ്റിക്കൊണ്ടിരിക്കുമ്പോഴോ കുഴിക്കുമ്പോഴോ ആണ് അവ കാണാറ്. ഏങ്ങണ്ടിയൂർ മുതൽ കൊടുങ്ങല്ലൂർ വരെയുള്ള പ്രദേശങ്ങളിൽനിന്ന് ചെറുതും വലുതുമായ ധാരാളം നന്നങ്ങാടികൾ കിട്ടിയിട്ടുണ്ട് ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് വനങ്ങൾ ,കുന്നത്തൂർ താലൂക്കിലെ പൂതംകര, തൃശൂർ ജില്ലയിലെ ചാലക്കുടി,ചൊവ്വന്നൂർ, കണ്ടാണശ്ശേരി, പോർക്കളം, ഇയ്യാൽ, കാട്ടകാമ്പൽ, ചെറുമനങ്ങാട്, വയനാട്ടിലെ എടക്കൽ,ഗുരുവായൂരിനടുത്ത് അരിയന്നൂർ, പാലക്കാടു ജില്ലയിലെ ഒറ്റപ്പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ കൂടുതലായുള്ളത്. 1958-ൽ മഴയുടെ ശക്തികൊണ്ട് ഒരു റോഡു പൊട്ടി ഒലിച്ചപ്പോഴാണ് എങ്ങണ്ടിയൂരിൽ ആദ്യമായി നന്നങ്ങാടികൾ കണ്ടെത്തിയത്. നിരനിരയായി വലുതും ചെറുതുമായ ഒട്ടേറെ നന്നങ്ങാടികൾ കാണുകയുണ്ടായി. ഈ നന്നങ്ങാടികളിൽ എല്ലിൻകഷണങ്ങൾ, ചെറുപാത്രങ്ങൾ, ധാന്യങ്ങളുടെ ദ്രവിച്ച അവശിഷ്ടങ്ങൾ, ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ, ജപമണികൾ എന്നിവ ഉണ്ടായിരുന്നു. എല്ലാ നന്നങ്ങാടികൾക്കും അടപ്പുകളും അടപ്പിന്റെ മധ്യത്തിലായി ദ്വാരവും ഉണ്ടായിരുന്നു. ചെറുപാത്രങ്ങളിൽ ഉണ്ടായിരുന്നത് പരേതന് ഇഷ്ടപ്പെട്ട വിഭവങ്ങളാകാം. അടപ്പിലുള്ള ദ്വാരം നിവേദ്യങ്ങൾ സ്വീകരിക്കാൻ ആത്മാവിനു വരുവാനുള്ള മാർഗ്ഗമായിരിക്കാം. അകം കറുത്തും പുറം ചുവന്നും ഇരിക്കുന്ന ഈ മൺഭരണികളിൽ ചിലതിൽ അറുപതു മുതൽ എഴുപത് വരെ ലിറ്റർ വെള്ളം കൊള്ളും. ഏങ്ങണ്ടിയൂരിൽനിന്നു ലഭിച്ച ഈ കൂറ്റൻ മൺഭരണികളിൽ ചിലത് തൃശ്ശൂർ പുരാവസ്തു മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂരിൽനിന്ന് ലഭിച്ച നന്നങ്ങാടിക്ക് രണ്ടായിരം വർഷത്തെ പഴക്കമുണ്ടെന്ന് പരീക്ഷണഫലങ്ങൾ തെളിയിച്ചു. തൃശ്ശൂർ നഗരത്തിൽനിന്നും ഇത്തരം നന്നങ്ങാടികൾ ലഭിച്ചിട്ടുണ്ട്[2].

നന്നങ്ങാടികൾ

മൃതദേഹങ്ങൾ അടക്കുന്ന കല്ലറകളേയും നന്നങ്ങാടികൾ എന്നുവിശേഷിപ്പിക്കാറുണ്ട്. പുറനാനൂറ്, മണിമേഖല എന്നീ പ്രാചീന തമിഴ് കൃതികളിൽ ഇതേക്കുറിച്ചുള്ള സൂചനകൾ കാണാം. ശുടുവോർ (ശവം ദഹിപ്പിക്കുന്നവർ), ഇടുവോർ (മൃതശരീരം പക്ഷി മൃഗാദികൾക്ക് ഇട്ടുകൊടുക്കുന്നവർ) തൊടുകുളിപ്പത്പ്പോർ (ശവം കുഴിച്ചിടുന്നവർ) തൽവായിൽ അടപ്പോർ (കല്ലറകളിൽ അടക്കം ചെയ്യുന്നവർ) താഴിയിൽ കവിപ്പോർ (നന്നങ്ങാടിയിൽ നിക്ഷേപിച്ച് കുഴിച്ചുമൂടുന്നവർ) എന്നിങ്ങനെ ദക്ഷിണേന്ത്യയിൽ അഞ്ചുതരം ശവസംസ്കാര രീതികൾ നിലനിന്നിരുന്നതായി മണിമേഖലയിൽ പറയുന്നു.[2]


വിവിധ തരത്തിലുള്ള താഴെപറയുന്ന മഹാശിലായുഗസ്മാരകങ്ങളാണ് കേരളത്തിൽ കണ്ട് വരുന്നത്.

  • 1.കല്ലറകൾ(Dolmenoid cists)
  • 2.മേശക്കല്ലുകൾ(Capstone flush)
  • 3.കൽ വൃത്തങ്ങൾ(Cairn circles)
  • 4.കുടക്കല്ലുകൾ(Umbrella stones)
  • 5.തൊപ്പിക്കല്ലുകൾ(Hood stones)
  • 6.നടുകല്ലുകൾ
  • 7.നന്നങ്ങാടികൾ അഥവ താഴികൾ

അവലംബം തിരുത്തുക

  1. എസ്. കെ വസന്തൻ (2005). കേരള സംസ്കാര ചരിത്ര നിഘണ്ടു (വിജ്ഞാനകോശം). വാള്യം. 1 (2 പതിപ്പ്.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട. പുറം. 11. ISBN 9788176386395.
  2. 2.0 2.1 വേലായുധൻ പണിക്കശ്ശേരി (13/01/2011). "നന്നങ്ങാടി". സർവവിജ്ഞാനകോശം. ശേഖരിച്ചത് 22/ഓഗസ്റ്റ്/2016. {{cite web}}: Check date values in: |access-date= and |date= (help)

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=നന്നങ്ങാടി&oldid=3805439" എന്ന താളിൽനിന്ന് ശേഖരിച്ചത്