ജില്ലാ പഞ്ചായത്ത്
ഇന്ത്യയിലെ ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ ജില്ലാ തലത്തിലൂള്ള തദ്ദേശസ്വയംഭരണ സ്ഥാപനമാണ് ജില്ലാ പഞ്ചായത്ത് അഥവാ ജില്ലാ പരിഷത്. ത്രിതല സംവധാനത്തിലെ ഏറ്റവും മുകളിലത്തെ കണ്ണിയാണിത്. ജില്ലാ പഞ്ചായത്ത് ജില്ലയിലെ ഗ്രാമീണ പ്രദേശങ്ങളെ (പഞ്ചായത്ത് പ്രദേശങ്ങളെ) മാത്രം പ്രതിനിധീകരിക്കുന്നു, മാത്രമല്ല ഗ്രാമീണ മേഖലകളുടെ ഉന്നമനത്തിനും വികസനത്തിനും വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജില്ലയിലെ നഗരപ്രദേശങ്ങളെ പ്രതിനിധീകരിച്ച് നഗരസഭകളുമുണ്ട് (Municipalities and Corporations).
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും |
|
ഇന്ത്യാ കവാടം · രാഷ്ട്രീയം കവാടം |
ചരിത്രം
തിരുത്തുകസ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തിൽ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിലവിൽ വന്നെങ്കിലും, ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കല്പ്പത്തിലൂന്നിയ സർക്കാരുകൾ രൂപവത്കരിക്കുന്നത് സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഭരണഘടനയിലെ നിർദ്ദേശക തത്ത്വങ്ങളിൽ പ്രാദേശിക സർക്കാരുകളായ വില്ലേജ് പഞ്ചായത്തുകൾഎന്നിവ, സംസ്ഥാനങ്ങളുടെ ഇംഗിതമനുസരിച്ച് രൂപവത്കരിക്കുവാൻ മാത്രമേ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. ഇതിനനുസരിച്ച് സംസ്ഥാനങ്ങളിൽ അതതു സ്ഥലങ്ങളിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് പഞ്ചായത്തുകൾ നിലവിൽ വന്നു. എന്നാൽ ഗാന്ധിജിയുടെ കാഴ്ചപ്പാടിലുള്ള പഞ്ചായത്തുകൾ നിലവിൽ വരുന്നതിന് ഭരണഘടന ഭേദഗതിചെയ്യേണ്ടിവന്നു. 1992-ൽ ഇന്ത്യൻ ഭരണഘടനയിൽ 73,74 ഭേദഗതികൾ വരുത്തി, ഗ്രാമങ്ങളിൽ ഗ്രാമപഞ്ചായത്തുകളും നഗരങ്ങളിൽ നഗരപാലികാ സ്ഥാപനങ്ങളും രൂപവത്കരിച്ചു. ഇതിലേക്കായി 11,12 എന്നീ പട്ടികകളും ഉൾപ്പെടുത്തി. കേരളത്തിൽ ത്രിതലപഞ്ചായത്ത് സംവിധാനം രൂപവത്കരിച്ചുകൊണ്ട് 1994-ലെ കേരളാ പഞ്ചായത്തീരാജ് നിയമം പാസ്സാക്കുകയും ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ 1995 ഒക്ടോബർ 2ന് നിലവിൽ വരികയും ചെയ്തു.
ഘടന
തിരുത്തുകജില്ലാ പഞ്ചായത്തിന് നേതൃത്വം നൽകുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നിവരാണ്. ജില്ലാ പഞ്ചായത്തിൻറെ ദൈനംദിന കാര്യങ്ങൾ നോക്കുന്നതിനായി ഒരു സെക്രട്ടറിയെ സംസ്ഥാന സർക്കാർ നിയമിച്ചിട്ടുണ്ട്, അദ്ദേഹം ജില്ലാ പഞ്ചായത്തിൻറെ തീരുമാനങ്ങളും പദ്ധതികളും നടപ്പിലാക്കുന്നു. സെക്രട്ടറിയെ സഹായിക്കാനായി വിവിധ വിഭാഗങ്ങളുടെ ഉദ്യോഗസ്ഥന്മാരും ഉണ്ട്.
സ്ഥിരം സമിതികൾ
തിരുത്തുക5 സ്റ്റാൻഡിങ് കമ്മിറ്റികൾ ഉൾപ്പെടുന്നതാണ് ജില്ലാ പഞ്ചായത്ത് ഭരണ സമിതി. ചെയർ പേഴ്സൺ ആണ് ഇതിന് നേതൃത്വം നൽകുന്നത്. ഓരോ ജില്ലാ പഞ്ചായത്ത് അംഗവും ഏതെങ്കിലും ഒരു കമ്മിറ്റിയിൽ അംഗം ആയിരിക്കും.
- ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
- വികസന സ്റ്റാൻഡിങ് കമ്മിറ്റി
- പൊതു മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി
- ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി
- ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി
തിരഞ്ഞെടുപ്പ്
തിരുത്തുക- ജില്ലയിലെ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ ആണ് ജില്ലാ പഞ്ചായത്ത് പരിധി പ്രദേശം എന്ന് പറയുന്നത്. ജില്ലയിലെ നഗരസഭാ പ്രദേശങ്ങൾ ഒഴിച്ചുള്ള എല്ലാ പ്രദേശങ്ങളും ജില്ലാ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്നു.
- ജില്ലാ പഞ്ചായത്ത് പ്രദേശത്തെ ഓരോ ഡിവിഷനുകൾ ആയി തിരിച്ച്, ഓരോ ഡിവിഷനിൽ നിന്നും ഒരു മെമ്പറെ തിരഞ്ഞെടുക്കുന്നു.
- ജില്ലാ പഞ്ചായത്ത് മെമ്പർമാർ (അംഗങ്ങൾ) ചേർന്ന് പ്രസിഡൻ്റ്, വൈസ് പ്രസിഡണ്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചയർപേഴ്സൺ എന്നിവരെ തിരഞ്ഞെടുക്കുന്നു.
ചുമതലകൾ
തിരുത്തുകജില്ലാതല വികസന പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക:
- കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ജില്ലയുടെ മൊത്തത്തിലുള്ള വികസനത്തിന് പദ്ധതികൾ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് ജില്ലാ പഞ്ചായത്തുകളുടെ ഉത്തരവാദിത്തമാണ്.
അവശ്യ സേവനങ്ങൾ നൽകൽ:
- ജില്ലയിലെ ജനങ്ങൾക്ക് ജലവിതരണം, ശുചിത്വം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ അവശ്യ സേവനങ്ങൾ നൽകുന്നതിന് ജില്ലാ പഞ്ചായത്തുകൾ ഉത്തരവാദികളാണ്.
നിരീക്ഷണവും മേൽനോട്ടവും:
- ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്തുകൾ തുടങ്ങിയ താഴ്ന്ന തലത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം ജില്ലാ പഞ്ചായത്തുകൾ മേൽനോട്ടം വഹിക്കുകയും നിരീക്ഷിക്കുകയും അവ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
ഫണ്ട് മാനേജ്മെന്റ്:
- സംസ്ഥാന, കേന്ദ്ര സർക്കാരുകൾ തുടങ്ങിയ വിവിധ സ്രോതസ്സുകളിൽ നിന്ന് ജില്ലാ പഞ്ചായത്തുകൾക്ക് ഫണ്ട് ലഭിക്കുന്നു, ഈ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിനും വിവിധ വികസന പദ്ധതികൾക്കായി വിനിയോഗിക്കുന്നതിനും അവർ ഉത്തരവാദികളാണ്.
സർക്കാർ പദ്ധതികളുടെ നടത്തിപ്പ്: :പ്രധാനമന്ത്രി ഗ്രാമസഡക് യോജന, സംയോജിത നീർത്തട പരിപാലന പരിപാടി, രാഷ്ട്രീയ കൃഷി വികാസ് യോജന തുടങ്ങി വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ പദ്ധതികളും പരിപാടികളും ജില്ലാതലത്തിൽ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം ജില്ലാ പഞ്ചായത്തുകൾക്കാണ്.
ദുരന്തനിവാരണം:
- ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ജില്ലാ പഞ്ചായത്തുകൾ നിർണായക പങ്ക് വഹിക്കുന്നു.
പ്രാദേശിക വ്യവസായങ്ങളുടെ പ്രോത്സാഹനം:
- ജില്ലാ പഞ്ചായത്തുകൾ പ്രാദേശിക വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ജില്ലയിൽ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
- സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാകുന്ന സാങ്കേതിക വൈദഗ്ദ്ധ്യം സമാഹരിക്കുക.
- ബ്ലോക്ക് പഞ്ചായത്തുകൾക്കും ഗ്രാമപഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും സാങ്കേതിക സഹായം നൽകുക.
- ആവർത്തനം ഒഴിവാക്കുന്നതിനായി ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും പദ്ധതികൾ കണക്കിലെടുത്തശേഷം പദ്ധതികൾ തയ്യാറാക്കുകയും ഫോർവേഡ്/ബാക്ക്‌വേഡ് ലിങ്കേജ് നൽകുകയും ചെയ്യുക. [1][2][3] [4]
മേഖലാടിസ്ഥാനത്തിലുള്ള ചുമതലകൾ
തിരുത്തുകകൃഷി
തിരുത്തുക- മേഖലാ കൃഷിയിടങ്ങളും ഗവേഷണ കേന്ദ്രങ്ങളും ഒഴികെയുള്ള കൃഷിയിടങ്ങൾ നടത്തുക.
- ഒന്നിലധികം ബ്ളോക്ക് പഞ്ചായത്ത് പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന നീർമറികളിൽ സംയോജിത നീർമറികൾ നടത്തുക.
- കാർഷിക നിവേശങ്ങൾക്ക് വ്യവസ്ഥ ചെയ്യുക.
- മണ്ണ് പരിശോധിക്കുക.
- കീടങ്ങളെ നിയന്ത്രിക്കുക.
- കാർഷികോല്പന്നങ്ങളുടെ വിപണനം നടത്തുക.
- അലങ്കാര ചെടികൾ കൃഷി ചെയ്യുക
- കാർഷിക സഹകരണം ചെയ്യുക
- വാണിജ്യ വിളകളെ വികസിപ്പിക്കുക
- ബയോടെക്നോളജി പ്രയോഗിക്കുക.
- പുതുമയുള്ള ഫീൽഡ് ട്രയലുകളും #പൈലറ്റ് പ്രൊജക്ടുകളും പ്രചരിപ്പിക്കുക.
- തദ്ദേശീയമായി ആവശ്യമായ ഗവേഷണവും വികസനവും നടത്തുക.
മൃഗസംരക്ഷണവും ക്ഷീരോല്പാദനവും
തിരുത്തുക- ജില്ലാതല മൃഗാശുപത്രികളും പരീക്ഷണശാലകളും നടത്തുക.
- ക്ഷീര വികസന യൂണിറ്റുകൾ നടത്തുക.
- ക്ഷീരോല്പാദന സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുക.
- പ്രാദേശിക ഫാമുകളല്ലാത്ത ഫാമുകളും ബ്രീഡിംഗ് ഫാമുകളും ഗവേഷണ കേന്ദ്രങ്ങളും നടത്തുക.
- ജില്ലാതല പരിശീലനം നടത്തുക
- രോഗ പ്രതിരോധ പരിപാടികൾ നടത്തുക.
- ഫീൽഡ് ട്രയലുകളുടെയും പൈലറ്റ് പദ്ധതികളുടെയും നൂതന മാർഗ്ഗങ്ങൾ പ്രചരിപ്പിക്കുക.
- പ്രാദേശിക പ്രസക്തിയുള്ള ഗവേഷണവും വികസനവും.
വിദ്യാഭ്യാസം
തിരുത്തുക- സർക്കാർ ഹൈസ്കൂളുകളുടെ നടത്തിപ്പ് (ഹൈസ്കൂളുകളോടുകൂടിയ ലോവർ പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകൾ) ഉൾപ്പെടെ നടത്തിപ്പ് (നഗസഭാ പ്രദേശങ്ങളിലെ ഒഴിച്ച്)
- സർക്കാർ ഹയർ സെക്കന്ററി സ്കൂളുകളുടെ നടത്തിപ്പ് (നഗരസഭ പ്രദേശങ്ങളിലെ സ്കൂളുകൾ ഒഴികെ).
- സർക്കാർ സാങ്കേതിക സ്കൂളുകളുടെ നടത്തിപ്പ്.
- സർക്കാർ തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളുടെയും പോളിടെക്നിക്കുകളുടെയും നടത്തിപ്പ്.
- സർക്കാർ തൊഴിലധിഷ്ഠിത ഹയർ സെക്കന്ററി സ്കൂളുകളുടെ നടത്തിപ്പ്.
- വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമുള്ള #ജില്ലാ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ നടത്തിപ്പ്.
- വിദ്യാഭ്യാസം സംബന്ധിച്ച കേന്ദ്ര-സംസ്ഥാന സ്പോൺസേർഡ് പരിപാടികളെ ഏകോപിപ്പിക്കുക.
ആരോഗ്യം
തിരുത്തുക- എല്ലാ ചികിത്സാ സമ്പ്രദായങ്ങളിലുമുള്ള ജില്ലാ ആശുപത്രികളുടെ നടത്തിപ്പ്, പരിപാലനം.
- പ്രത്യേക വിഭാഗത്തിൽപെട്ട വികലാംഗരുടെയും മാനസിക രോഗികളുടെയും സംരക്ഷണത്തിനായി കേന്ദ്രങ്ങൾ സ്ഥാപിക്കുക.
- കേന്ദ്ര-സംസ്ഥാന സ്പോൺസേർഡ് പരിപാടികളെ ജില്ലാ തലത്തിൽ ഏകോപിപ്പിക്കുക.
സാമൂഹ്യക്ഷേമം
തിരുത്തുക- അനാഥാലയങ്ങൾക്ക് ഗ്രാന്റുകൾ നൽകുക.
- വികലാംഗർ, അഗതികൾ മുതലയാവർക്കായി ക്ഷേമകേന്ദ്രങ്ങൾ സ്ഥാപിക്കുക.
ദാരിദ്ര്യ നിർമ്മാർജ്ജനം
തിരുത്തുക- സ്വയം തൊഴിൽ പരിപാടികൾക്കായി അടിസ്ഥാന സൌകര്യങ്ങൾ.
പട്ടികജാതി-പട്ടികവർഗ്ഗ വികസനം
തിരുത്തുക- പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെ നടത്തിപ്പ്
- പട്ടികജാതി-പട്ടികവർഗ്ഗങ്ങൾക്കായുള്ള തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളുടെ നിയന്ത്രണം.
കായിക വിനോദവും സാംസ്കാരിക കാര്യങ്ങളും
തിരുത്തുക- സ്റ്റേഡിയങ്ങൾ നിർമ്മിക്കുക
പൊതുമരാമത്ത്
തിരുത്തുക- പ്രധാന ജില്ലാ റോഡുകൾ ഒഴികെയുള്ള, ജില്ലാ പഞ്ചായത്തിൽ നിക്ഷിപ്തമായ എല്ലാ ജില്ലാ റോഡുകളും നിർമ്മിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
- കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങൾക്കായി കെട്ടിടങ്ങൾ നിർമ്മിക്കുക.
വിദ്യുച്ഛക്തിയും ഊർജ്ജവും
തിരുത്തുക- മൈക്രോ-ഹൈഡൽ പദ്ധതികൾ ഏറ്റെടുക്കുക.
- വിദ്യുച്ഛക്തി വികസനത്തിനായി മുൻഗണന നൽകേണ്ട സ്ഥലങ്ങൾ തീരുമാനിക്കുക.
ചെറുകിട വ്യവസായം
തിരുത്തുക- ജില്ലാ വ്യവസായ കേന്ദ്രങ്ങൾ നിയന്ത്രിക്കുക
- ചെറുകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുക.
- വ്യവസായ എസ്റ്റേറ്റുകൾ സ്ഥാപിക്കുക.
- ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനായി പ്രദർശനങ്ങൾ സംഘടിപ്പിക്കുക
- വ്യവസായ സംരംഭ വികസന പരിപാടികൾ നടത്തുക
- ഉല്പന്നങ്ങളുടെ വിപണനം നടത്തുക.
- പരിശീലനം നൽകുക
- ഇൻപുട്ട് സർവ്വീസും കോമൺഫെസിലിറ്റി സെന്ററുകളും ഉണ്ടാക്കുക.
- വ്യവസായ വികസന വായ്പാ പദ്ധതികൾ നടപ്പാക്കുക.
ഭവന നിർമ്മാണം
തിരുത്തുക- കെട്ടിട സമുച്ചയവും അടിസ്ഥാന സൌകര്യവികസനവും നടപ്പാക്കുക.
- ഭവന നിർമ്മാണത്തിനുള്ള പണം സ്വരൂപിക്കുക.
ജലവിതരണം
തിരുത്തുക- ഒന്നിലധികം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ജലവിതരണ പദ്ധതികൾ നടപ്പാക്കുക.
- ഒന്നിലധികം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ജലവിതരണ പദ്ധതികൾ ഏറ്റെടുക്കുക.
മത്സ്യബന്ധനം
തിരുത്തുക- മത്സ്യ വിപണനത്തിനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുക.
- മത്സ്യകൃഷി വികസന ഏജൻസികളെ നിയന്ത്രിക്കുക.
- ജില്ലാതല മീൻവളർത്തൽ കേന്ദ്രങ്ങൾ, വല നിർമ്മാണ യൂണിറ്റുകൾ, മത്സ്യ വിപണന കേന്ദ്രങ്ങൾ, തീറ്റ മില്ലുകൾ, ഐസ് പ്ളാന്റുകൾ ശീതീകരിണികൾ ഇവ നിയന്ത്രിക്കുക.
- ഫിഷറീസ് സ്കൂളുകൾ നിയന്ത്രിക്കുക.
- നൂതന സാങ്കേതിക വിദ്യകൾ ഏർപ്പെടുത്തുക.
- മത്സ്യതൊഴിലാളി സഹകരണ സംഘങ്ങൾ പ്രോത്സാഹിപ്പിക്കുക.
ഇതു കൂടി കാണുക
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ജില്ലാ പഞ്ചായത്തുകളുടെ ചുമതലകൾ lsgkerala.inൽ Archived 2015-06-18 at the Wayback Machine.
- ↑ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വിവിധ ചുമതലകൾ കൈമാറിയ ഉത്തരവ്;http://dop.lsgkerala.gov.in/system/files/article/Transfer%20of%20Functions.pdf
- ↑ കൃഷി വകുപ്പിൽ നിന്നും ഉദ്യോഗസ്ഥരെയും ചുമതലകളും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയ ഉത്തരവ്; http://dop.lsgkerala.gov.in/system/files/article/TFAgr.pdf
- ↑ വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഉദ്യോഗസ്ഥരെയും ചുമതലകളും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയ സർക്കാർ ഉത്തരവ്. http://dop.lsgkerala.gov.in/system/files/article/TFEdn.pdf
- ↑ "തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വിവിധ ചുമതലകൾ കൈമാറിയ സർക്കാര് ഉത്തരവ്" (PDF). തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വിവിധ ചുമതലകൾ കൈമാറിയ ഉത്തരവ്. 2010.
{{cite journal}}
:|first=
missing|last=
(help)