ശബരിമല ധർമ്മശാസ്താക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ അയ്യപ്പക്ഷേത്രം
(ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാർ കടുവ സംരക്ഷിത പ്രദേശത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാനപ്പെട്ട ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് ശബരിമല ശ്രീ അയ്യപ്പക്ഷേത്രം അഥവാ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം.[1] ഒരു പ്രത്യേക കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. ഏകദേശം മൂന്നു കോടിയിലധികം പേരാണ് ഓരോ വർഷവും ഇവിടം സന്ദർശിക്കുന്നത്.[2] ചില കണക്കുകൾ ഇവ അഞ്ചു കോടിയോളം വരുമെന്നു പറയുന്നു.[3] ഹരിഹരപുത്രനായ (ശിവൻ, വിഷ്ണു എന്നിവരുടെ മകനായ) അയ്യപ്പനാണ് (ധർമ്മശാസ്താവ്) ഇവിടുത്തെ പ്രധാന പ്രതിഷ്ഠ എന്നാണ് വിശ്വസിക്കുന്നത്.[4] കൂടാതെ അടുത്ത് പ്രത്യേകം ക്ഷേത്രത്തിൽ മാളികപ്പുറത്തമ്മ എന്നു പേരുള്ള ശക്തിസ്വരൂപിണിയായ ഒരു ഭഗവതി സങ്കല്പവും തുല്യപ്രാധാന്യത്തിൽ കുടികൊള്ളുന്നു. ഉപദേവതകളായി ആദിമൂല ഗണപതി, മഹാദേവൻ, വലിയ കടുത്തസ്വാമി, കൊച്ചു കടുത്തസ്വാമി, കറുപ്പുസ്വാമി, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവർക്കും പ്രത്യേകം സന്നിധികളുണ്ട്. ശബരിമലയിലെ ആചാരങ്ങൾ ശൈവമതം, വൈഷ്ണവമതം, ശാക്തേയം, ശ്രമണമതം എന്നിവയുടെ ഒരു സമ്മിശ്രണമാണ്. വേദവാക്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രാചാരമുള്ള തത്ത്വമസി (അത് നീയാകുന്നു) എന്ന മഹാവാക്യം ഈ ക്ഷേത്രത്തിന് മുൻപിലായി വലിയ അക്ഷരത്തിൽ എഴുതിവച്ചിട്ടുണ്ട്. [5]

ശബരിമല
ശബരിമല ശ്രീകോവിൽ
അടിസ്ഥാന വിവരങ്ങൾ
സ്ഥലംപെരുനാട്
മതവിഭാഗംഹിന്ദുയിസം
ജില്ലപത്തനംതിട്ട
രാജ്യംIndia
വെബ്സൈറ്റ്www.sabarimala.kerala.gov.in
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംകേരളീയ ക്ഷേത്രനിർമ്മാണശൈലി
സ്ഥാപകൻഅജ്ഞാതം
ഉയരം1,260 മീ (4,134 അടി)

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1,260 മീറ്റർ (4,134 അടി) ഉയരത്തിൽ 18 മലകൾക്കു നടുവിലായാണ് ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഞ്ചലോഹത്തിൽ പൊതിഞ്ഞ പതിനെട്ട് കരിങ്കൽ പടികളോടുകൂടിയ ചെറിയൊരു ക്ഷേത്രവും അതിനുമുകളിലുള്ള സ്വർണ്ണം പൊതിഞ്ഞ രണ്ട് ചതുരശ്രീകോവിലുകളുമാണ് ശബരിമലയിലുള്ളത്. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ പമ്പാ നദിയുടെ ഉദ്ഭവം ശബരിമലയ്ക്കടുത്തുനിന്നാണ്. ക്ഷേത്രത്തിൽ നിന്ന് ഏകദേശം അഞ്ചുകിലോമീറ്റർ തെക്കുപടിഞ്ഞാറു ഭാഗത്തായി പമ്പാനദിയിൽ ഒരു സ്നാനഘട്ടമുണ്ട്. ഇവിടെ കുളിച്ച് കുടുംബത്തിലെ മരിച്ചവരുടെ പിതൃക്കൾക്ക് ബലിയിട്ടാണ് ഭക്തർ മല ചവിട്ടുന്നത്. നാനാ ജാതിമതസ്ഥർക്കും ഇവിടെ പ്രവേശനം അനുവദനീയമാണ്. എന്നാൽ ഇരുമുടിക്കെട്ടുമായി വരുന്നവരെ മാത്രമേ 18 പടികൾ കയറാൻ അനുവദിക്കൂ. "നെയ്യഭിഷേകമാണ്" ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതാണ് ഈ ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രമാണിത്.[അവലംബം ആവശ്യമാണ്]

മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വർഷത്തിൽ എല്ലാ ദിവസവും ഇവിടെ പൂജയോ തീർത്ഥാടനമോ നടക്കുന്നില്ല. നവംബർ-ഡിസംബർ മാസങ്ങളിൽ, വൃശ്ചികം ഒന്നുമുതൽ ധനു പതിനൊന്നുവരെ നീളുന്നതും മണ്ഡലക്കാലം എന്നറിയപ്പെടുന്നതുമായ 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീർത്ഥാടനകാലയളവ്.[6] ഇതിനുപുറമേ എല്ലാ മലയാളമാസങ്ങളിലേയും ആദ്യത്തെ അഞ്ചുദിവസങ്ങളിലും ഇവിടെ സന്ദർശനമനുവദിക്കുന്നു. ഇത് തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. മീനമാസത്തിലെ ഉത്രം നക്ഷത്രത്തിൽ (പങ്കുനി ഉത്രം) ആറാട്ടായി പത്തുദിവസം ഉത്സവം ക്ഷേത്രത്തിൽ നടന്നുവരുന്നുണ്ട്. കൂടാതെ, വിഷു, ഓണം, വിജയദശമി, ദീപാവലി, ശിവരാത്രി തുടങ്ങിയ വിശേഷ ദിവസങ്ങളിലും ഇവിടെ നടതുറന്ന് പൂജയുണ്ടാകാറുണ്ട്. വ്രതമെടുക്കാതെയും ചലച്ചിത്ര നിർമ്മാണത്തിനുമായി വാണിജ്യപരമായ നീക്കങ്ങളെ തുടർന്ന് കേരള ഹൈക്കൊടതി ഋതുമതി പ്രായത്തിലുള്ള (10 മുതൽ 50 വയസ്സു വരെ) സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ പാടില്ല എന്ന വിധി 1992-ൽ പുറപ്പെടുവിച്ചിരുന്നു. എന്നാൽ 2018 സെപ്റ്റംബർ 28-ന് സുപ്രീം കോടതിയുടെ ചരിത്രപരമായ ഒരു വിധിയനുസരിച്ച് സ്ത്രീ പുരുഷ പ്രായഭേദമന്യേ എല്ലാവർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാവുന്നതാണ്.[7] ഈ വിധി വൻ വിവാദങ്ങൾക്ക് വഴിതെളിച്ചു. ഇതിനോടനുബന്ധിച്ചുണ്ടായ പ്രശ്നങ്ങൾ മാസങ്ങളോളം നീണ്ടുനിന്നു.

ഐതിഹ്യങ്ങൾ

തിരുത്തുക

സ്ഥലനാമം

തിരുത്തുക

രാമായണവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഒരു കഥ ശബരിമല എന്ന പേരുമായി ബന്ധപ്പെട്ടിരിക്കുന്നു. ആദിവാസി സമുദായത്തിൽപ്പെട്ട മഹാതപസ്വിനിയായിരുന്ന ശബരി എന്ന തപസ്വിനി, ശ്രീരാമഭഗവാന്റെ വരവും കാത്ത് തപസ്സനുഷ്ഠിച്ച സ്ഥലമാണിതെന്ന് പറയപ്പെടുന്നു. സീതാന്വേഷണത്തിന് പോകുന്ന വഴിയിൽ ശ്രീരാമനും അദ്ദേഹത്തിൻറെ അനുജനായ ലക്ഷ്മണനും ശബരിയുടെ ആശ്രമത്തിലെത്തുകയും സന്തുഷ്ടയായ ശബരി അവർക്ക് താൻ രുചിച്ചുനോക്കിയ നെല്ലിക്കകൾ നൽകുകയും തന്റെ ജീവിതലക്ഷ്യം സഫലമായതിന്റെ ധന്യതയിൽ അവർ യാഗാഗ്നിയിൽ ശരീരം ഉപേക്ഷിച്ചതുമായ ഐതിഹ്യം പ്രസിദ്ധമാണ്. ശബരിയെ അനുഗ്രഹിച്ച ഭഗവാൻ ശ്രീരാമൻ, ഇനി ഈ സ്ഥലം അവരുടെ പേരിൽ പ്രസിദ്ധമാകും എന്ന് പറഞ്ഞുവത്രേ. ഇതാണ് ഈ സ്ഥലത്തിനു 'ശബരിമല' എന്ന പേര് വരാൻ കാരണമായി പറയുന്ന കഥ. ശബരി ശരീരമുപേക്ഷിച്ച സ്ഥലത്താണ് ഇന്ന് ഭസ്മക്കുളം സ്ഥിതിചെയ്യുന്നതെന്നും ഐതിഹ്യമുണ്ട്.[അവലംബം ആവശ്യമാണ്]

അയ്യപ്പന്റെ അവതാരം

തിരുത്തുക

അയ്യപ്പന്റെ അവതാരത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങൾ നിലനിൽക്കുന്നു. പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമാണ് അവയിൽ ഏറ്റവും പ്രസിദ്ധമായത്. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന തികഞ്ഞ ശിവഭക്തനായ പന്തളം രാജാവ് രാജശേഖരപാണ്ഡ്യൻ മഹാദേവനെ ആരാധിച്ചുവരവേ, ഒരിക്കൽ നായാട്ടിനായി വനത്തിലെത്തുകയും പമ്പാതീരത്ത് വച്ച് കഴുത്തിൽ മണി കെട്ടിയ സുന്ദരനായ ഒരാൺകുഞ്ഞിനെ കാണുകയും ചെയ്തു. ശിവന് മോഹിനിരൂപത്തിലുള്ള വിഷ്ണുവിൽ ജനിച്ച പുത്രനാണിതെന്ന് വിശ്വാസം. കഴുത്തിൽ സ്വർണ്ണമണിമാല ഉണ്ടായിരുന്നതുകൊണ്ട് ശിശുവിനു “മണികണ്ഠൻ“ എന്നു പേരിട്ട രാജാവ് ശിവപാർവതിമാരുടെ അനുഗ്രഹത്തോടെ കുട്ടിയെ രാജകൊട്ടാരത്തിലേക്ക് എടുത്തുകൊണ്ടുപോയി. എന്നാൽ പിന്നീട് രാജ്ഞി ഒരു ആൺ കുഞ്ഞിന് ജന്മം നൽകുക ഉണ്ടായി.

ആയോധനകലയിലും വിദ്യകളിലും അഗ്രഗണ്യനായ അയ്യപ്പനെ യുവരാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. എന്നാൽ സ്വന്തം മകനെ യുവരാജാവാക്കുവാനായി മഹാറാണി തന്ത്രങ്ങൾ ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി രാജ്ഞി മന്ത്രിയെ വശത്താക്കുകയും, അവരുടെ ഗൂഢപദ്ധതി പ്രകാരം രാജ്ഞി കപടമായി വയറുവേദന അഭിനയിക്കുകയും കൊട്ടാരവൈദ്യൻ രോഗത്തിനു പുലിപ്പാൽ മരുന്നായി നിശ്ചയിക്കുകയും ചെയ്തു. ഗൂഢപദ്ധതിയനുസരിച്ച് പുലിപ്പാൽ കാട്ടിൽ നിന്നും കൊണ്ടുവരാൻ നിയുക്തനായത് രാജകുമാരനായ മണികണ്ഠനാണ്. അങ്ങനെയാണ് പുലിപ്പാലിനായി അയ്യപ്പനെ കൊടുംകാട്ടിലേക്ക് വളർത്തമ്മയായ രാജ്ഞി പറഞ്ഞയക്കുന്നത്. എന്നാൽ, ലോകോപദ്രവകാരിണിയും പരമദുഷ്ടയുമായ മഹിഷിയെ വധിച്ച് പുലിപ്പുറത്തേറി അയ്യപ്പൻ വിജയശ്രീലാളിതനായി പന്തളദേശത്തു മടങ്ങിയെത്തി. അയ്യപ്പൻ ദൈവമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവ് അയ്യപ്പന്റെ നിർദ്ദേശപ്രകാരം ശബരിമലയിൽ ക്ഷേത്രം നിർമ്മിച്ച് നൽകുകയായിരുന്നു.

പുലിപ്പാൽ കൊണ്ടുവരാൻ കാട്ടിലേക്ക് പോകുമ്പോൾ തയ്യാറാക്കിയതാണ് “ഇരുമുടിക്കെട്ട്” എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് രാജ്ഞിയും മന്ത്രിയും ചെയ്ത പാപത്തിൽ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വർഷംതോറുമുള്ള തീർത്ഥയാത്രയും എന്നാണ് ഐതിഹ്യം. ജീവാത്മാവായ ഭക്തൻ പരമാത്മാവായ ഭഗവാന് സമർപ്പിക്കുന്ന വസ്തു എന്ന തലത്തിലും ഇരുമുടികെട്ടിനെ വിശേഷിപ്പിക്കാറുണ്ട്.

ശാസ്താവിൽ വിലയം പ്രാപിച്ച വീരയോദ്ധാവായി അയ്യപ്പനെ ചിത്രീകരിക്കുന്ന ഐതിഹ്യവും പ്രചാരത്തിലുണ്ട്. കാട്ടിൽ നിന്നും ലഭിച്ച അയ്യപ്പനെ യുദ്ധതന്ത്രങ്ങളെല്ലാം പഠിപ്പിച്ച് പന്തളം രാജാവ് മുഖ്യസേനാനിയാക്കി. വാവരുമായി യുദ്ധമുണ്ടായെങ്കിലും പിന്നീട് ഇവർ ഉറ്റ ചങ്ങാതിമാരായി. വാവരുടെയും കടുത്തയുടെയും തലപ്പാറ മല്ലൻ, ഉടുമ്പാറ വില്ലൻ മുതലായവരുടെ സഹായത്തോടെ അയ്യപ്പൻ പന്തളം രാജ്യത്തെ ശത്രുക്കളിൽ നിന്നും രക്ഷിച്ചു. ചോളരുടെ സൈന്യമായ മറവപ്പട നശിപ്പിച്ച ശബരിമല ക്ഷേത്രം പുതുക്കി പണിയുകയും ചോളപ്പടയുടെ തലവനായ ഉദയനനെയും മഹിഷിയെയും വധിക്കുകയും ചെയ്തു. പടയോട്ടത്തിന്റെ ഒടുവിൽ അയ്യപ്പൻ ശബരിമലയിലെ ധർമ്മ ശാസ്താവിൽ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. ശബരിമലയിലെ അയ്യപ്പൻറെ സമാധി സ്ഥലം മണി മണ്ഡപം എന്ന പേരിൽ അറിയപ്പെടുന്നു.

പമ്പാനദിയുടെ തീരത്ത് കഴിഞ്ഞിരുന്ന ബുദ്ധമതാനുയായി ആയിരുന്നു അയ്യപ്പൻ എന്നും ചിലർ വിശ്വസിക്കുന്നു. ശത്രുക്കളെ ഭയന്ന് രാജ്യം വിട്ടോടിയ പാണ്ഡ്യരാജാവിനെ രാജ്യം വീണ്ടെടുക്കാൻ അയ്യപ്പൻ സഹായിച്ചത്രേ.

വീരന്മാരെ ആരാധിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്ന സംഘകാലത്ത് വീരാരാധനയിലൂടെ ദേവത്വം പകർന്നു വന്ന അയ്യപ്പൻ, പരശുരാമൻ കേരള രക്ഷയ്ക്കുവേണ്ടിപ്രതിഷ്ഠിച്ച ശബരിമല [8] ശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ ലയിച്ചു ചേർന്നു എന്നാണ് മറ്റൊരു ഐതിഹ്യം.

അയ്യപ്പൻ ശാസ്താവാണെന്നും ധർമ്മ ശാസ്താവിന് ഭാര്യമാരും മക്കളും ഉണ്ടായിരുന്നെന്നും സത്യവാങ്മൂലം സമർത്ഥിക്കുന്നു. ഭാര്യയും മക്കളുമുണ്ടായിരുന്ന ശാസ്താവ് ഒരിക്കലും സ്ത്രീ വിരോധിയായിരുന്നില്ലെന്നാണ് നിലപാട്. അഷ്ടോത്തര ശതകം അനുസരിച്ച് പൂർണ്ണ, പുഷ്കല എന്നീ ഭാര്യമാരും സത്യകൻ എന്ന മകനും ശാസ്താവിനുണ്ടായിരുന്നെന്നാണ് ഐതിഹ്യം[9].

അയ്യപ്പന്റെ ബാല്യകാലം പന്തളമായി മാറാനും ചില കാരണങ്ങളുണ്ട്. ശബരിമലയിൽ ശാസ്താവിഗ്രഹം പ്രതിഷ്ഠിക്കാനായി കൊണ്ടു വന്നെങ്കിലും ദുർഘടമായ പാത അതിന് തടസമായിരുന്നു. പാത ശരിയാകുന്നതുവരെ പന്തളം രാജാവ് അത് സൂക്ഷിക്കാമെന്നേറ്റു. നദീതീരത്ത് ഒരു ക്ഷേത്രം പണിത് അതിൽ ശാസ്താവിനെ പ്രതിഷ്ഠിക്കുകയും പൂജകൾ നടത്തുകയും ചെയ്തു.

ശബരിമലയെ ചുറ്റിയുള്ള ഓരോ മലമുകളിലും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. നിലക്കൽ, കാളകെട്ടി, കരിമല തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നും ക്ഷേത്രങ്ങൾ കാണാം. മറ്റ് മലകളിൽ ക്ഷേത്രാവശിഷ്ടങ്ങളും. അയ്യപ്പൻ മഹിഷിയെ വധിച്ച ശേഷം ധ്യാനത്തിലിരുന്നത് ശബരിമലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലെ 18 മലദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പക്ഷേത്രമെന്നും ഇത് സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിന് മുന്നിലുള്ള 18 പടികൾ എന്നൊരു വിശ്വാസമുണ്ട്. മറ്റൊരു വിശ്വാസപ്രകാരം 18 പടികൾ ആത്മീയമായ 18 കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. 18 പടികൾ അഥവാ 18 അവസ്ഥകൾ തരണം ചെയ്തു ഭക്തർ ഈശ്വരനിൽ എത്തിച്ചേരുന്നു അഥവാ മോക്ഷം പ്രാപിക്കുന്നു എന്ന സങ്കൽപ്പമാണ് ഇതിൽ ഉള്ളത്.

ചരിത്രം

തിരുത്തുക
 
അയ്യനാർ ഭാര്യമാരായ പൂർണ്ണ, പുഷ്ക്കല എന്നിവരോടൊപ്പം.

ശാസ്താവ്‌ അഥവാ അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും, അതിനു മുന്ന് അത് ഒരു ദ്രാവിഡ ദേവനായിരുന്നു എന്നും വിശ്വസിക്കുന്നു. പണ്ടുകാലം മുതൽക്കേ ഇവിടെ മലദൈവമായിരുന്ന ചാത്തൻ അഥവാ ചാത്തപ്പന് ആരാധന ഉണ്ടായിരുന്നു. ചാത്തനാണ് ശാസ്താവായി മാറിയതെന്ന് പറയപ്പെടുന്നു. [10] ശബരിമല ക്ഷേത്രവും കേരളത്തിലെ പല ശാസ്താ-ദുർഗ്ഗക്ഷേത്രങ്ങളും, അഥവാ കാവുകളും ഹൈന്ദവപരിണാമം പ്രാപിച്ച ആദി ദ്രാവിഡ-ബൗദ്ധ ക്ഷേത്രങ്ങളാണെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു[11] [12] നിർമ്മാണത്തിന്റെ പ്രാക്തനകാലം മുതൽക്കേ നാട്ടുകാരായ സാധാരണ ജനങ്ങൾ സംഘങ്ങളായിച്ചേർന്ന് വ്രതാനുഷ്ഠാനത്തോടെ പച്ചരിയും തേങ്ങയും നെയ്യും ഉപ്പും കുരുമുളകും ചേർന്ന നിവേദ്യങ്ങളുമായി ക്ഷേത്രവിഹാരങ്ങളിൽ താമസിച്ചിരുന്ന ബുദ്ധഭിക്ഷുക്കൾ തീർത്ഥാടനം ചെയ്ത് നിവേദ്യങ്ങൾ നൽകി അവരുടെ ഉപദേശങ്ങൾ ശ്രവിച്ച് തിരിച്ചു വരുമായിരുന്നു. ബുദ്ധമതാനുയായികളുടെ ശരണം വിളിയും അയ്യപ്പ ശരണം വിളിയും തമ്മിലുള്ള സാമ്യം ഈ വാദത്തെ ന്യായീകരിക്കുന്നു. അയ്യപ്പൻ വിഷ്ണുവിന്റേയും ശിവന്റേയും പുത്രനായാണു കരുതപ്പെടുന്നത്. ഇതു ശൈവ-വൈഷ്ണവ ഐക്യത്തെ സൂചിപ്പിക്കുന്നു എന്ന വാദവും നിലവിലുണ്ട്. രാമായണത്തിൽ ശബരിപീഠം എന്നും കൂടാതെ ശബരി ആശ്രമം എന്നും പറയുന്നു.[13]


അഗസ്ത്യമുനി ഹിന്ദുമതത്തിന്റെ പ്രചരണത്തിനു ബുദ്ധമതത്തെ നശിപ്പിക്കുന്നതിനുമായി തമിഴ് പഠിച്ച് ബുദ്ധവിഹാരങ്ങളിൽ കടന്നു കൂടിയെന്നും അതിനെ പതിയെ താന്ത്രിക ബുദ്ധമതത്തിലേക്ക് പരിണാമപ്പെടുത്തുന്നതിലും വിവിധ ഗ്രന്ഥങ്ങളിൽ സംസ്കൃത വ്യാകരണങ്ങളിൽ പിശക് വരുത്തുന്നതിനും ഇടയാക്കി എന്നും ചില പിൽകാല ബുദ്ധ ഗ്രന്ഥങ്ങളിൽ പറയുന്നു. ഇത് മുതലെടൂത്ത് കുമാരീല ഭട്ടൻ എന്ന വൈഷണവ സന്യാസി ബുദ്ധമത പണ്ഡിതരെ പില്കാലത്ത് വാഗ്വാദത്തിൽ തോല്പിക്കുന്നു. പ്രധാനമായും അതിനു കാരണമായത് ബുദ്ധമത ഗ്രന്ഥങ്ങളിലെ വ്യാകരണ പ്രശ്നങ്ങൾ ആയിരുന്നു. പിന്നീട് ബുദ്ധ വിഹാരങ്ങളെല്ലാം സംബന്ധമൂർത്തി നയനാർ എന്ന സൈന്യാധിപന്റെ നേതൃത്വത്തിലുള്ള മറവപ്പട തമിഴ്നാട്ടിലെ ചോള രാജാക്കന്മാരുടെ പിന്തുണയോടെ തച്ചുടക്കുകയും നിരവധി സന്യാസിമാരെ ഈ മലകളിലെ വിഹാരങ്ങളിലും കേരളത്തിലെ മറ്റിടങ്ങളിലുള്ള വിഹാരങ്ങളിലും വച്ച് കൊന്നടുക്കുകയും അതിനു വർഷാവർഷം ആവർത്തനം ചെയ്ത് ഗരുഡൻ തൂക്കം പോലുള്ള അനുഷ്ഠാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. [14]

ക്ഷേത്രങ്ങളിൽ താല്പര്യമില്ലായിരുന്ന ശൈവ വൈഷ്ണവ പ്രയോക്താക്കൾ താമസിയാതെ ഈ ക്ഷെത്രങ്ങളെ ഉപേക്ഷിച്ചു മടങ്ങി എങ്കിലും ആ പ്രദേശത്തു ജീവിച്ചിരുന്ന മലയരയർ ക്ഷേത്രാരാധനകൾ തുടർന്ന് പോന്നു.

പിന്നീട് വളരെക്കാലം കഴിഞ്ഞ് 16 നൂറ്റാണ്ടിൽ ഗുപ്ത സാമ്രാജ്യകാലത്ത് ഹിന്ദുമതത്തിനു പുത്തനുണർവ്വ് ഉണ്ടാകുകയും ശൈവ വൈഷ്ണവ പ്രസ്ഥാനങ്ങൾ ഒന്നാകുകയും ഇന്ത്യയിലുള്ള നിരവധി നാട്ടു ദൈവങ്ങളെയും അവരെ ചുറ്റുപ്പറ്റിയുള്ള കഥകളും മറ്റും ഹിന്ദുമതത്തിലേക്ക് സ്വാംശീകരിക്കപ്പെടുകയും ചെയ്യുന്ന സമയത്താണ് ഈ ക്ഷേത്രവും ഹിന്ദുക്കൾ കൈവശപ്പെടുത്തുന്നത്. മലയർ ഈ സമയർത്ത് ഈ ക്ഷേത്രങ്ങളുടെ പൂർണ്ണ അവകാശികളായിരുന്നു.

പന്തളം രാജവംശം ഈ സമയത്തിനുള്ളിൽ ക്ഷത്രിയരാക്കപ്പെടുകയും ബുദ്ധഭിക്ഷുക്കൾക്ക് അവരുടെ സംരക്ഷകനെ നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതൊക്കെയാണെങ്കിലും ശബരിമല തീർത്ഥാടനം തുടർന്നു പോന്നു.

2008 ൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം കേരള സർക്കാർ ഇത് പുരാതന കാലത്ത് ബുദ്ധക്ഷേത്രമാണെന്ന് പറഞ്ഞിരിക്കുന്നു.‌ [15]. ബുദ്ധക്ഷേത്രം എന്നാണ് ഹൈന്ദവവത്കരിക്കപ്പെട്ടതെന്ന് കൃത്യമായി പറയാൻ സാധിക്കയില്ല എങ്കിലും ലഭ്യമായ ചരിത്രവസ്തുതകൾ പരിഗണിക്കുമ്പോൾ 15-16 നൂറ്റാണ്ടുകളിൽ ശൈവ-വൈഷ്ണവ പ്രസ്ഥാനങ്ങളുറ്റെ രമ്യതക്കു ശേഷമാണ് ഇതുണ്ടായതെന്ന് അനുമാനിക്കാൻ സാധിക്കുന്നു. ഏതാണ്ട് ഇതേ കാലത്ത് തന്നെ നമ്പൂതിരിമാരായ ആചാര്യന്മാർ ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾ ചെയ്യുന്നതിൽ നിന്ന് പിന്മാറുകയും ചെമ്പകശ്ശേരി രാജവംശത്തിന് ക്ഷേത്രാധികാരത്തിൽ കൂടുതൽ സ്വാധീനം ലഭിക്കുന്നതും. കുറച്ചു കാലത്തേക്ക് ബുദ്ധമതാരചങ്ങൾ തുടർന്നു എങ്കിലും അയ്യപ്പനേയും ബുദ്ധനേയും പിന്നീടു വന്ന തലമുറകളിലെ തീർത്ഥാടകർ ഇവർ തമ്മിലുള്ള വ്യത്യാസത്തെ പരിഗണിക്കാതെ രണ്ടുപേരും ഒന്നായി കണ്ടു എന്നു കരുതണം.  കേരള ഹൈക്കോടതിയിൽ വാവരുടെ പിൻഗാമി സമർപ്പിച്ച തെളിവുകൾക്ക് 1708 വർഷത്തോളം കാലപ്പ്ഴക്കമുണ്ടെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. ചീരപ്പഞ്ചിറ കുടുംബവർക്കുള്ള പ്രകാരവും ക്ഷേത്രത്തിൽ വീണ്ടും തീർത്ഥാടനം ആരംഭിച്ചത് 15-16 നൂറ്റാണ്ടോടെയാണെന്നു കാണുന്നു.

കുലദൈവമായ ശാസ്താവിനെ ക്ഷത്രിയന്മാർ അച്ഛനെന്നാണ് വിളിച്ചിരുന്നത്. ബുദ്ധനെ അച്ഛൻ എന്നും അപ്പൻ എന്നും അയ്യൻ എന്നും വിളിച്ചിരുന്നു. അയ്യോ എന്ന് വിളിക്കുന്നത് അയ്യപ്പനെ ഉദ്ദേശിച്ചാണ് എന്ന് പറയപ്പെടുന്നു.

സ്വാമി അയ്യപ്പൻ
തമിഴിൽஐயப்பன்
Affiliationദേവൻ
നിവാസംശബരിമല
മന്ത്രംസ്വാമിയേ ശരണം അയ്യപ്പാ
ആയുധംഅമ്പും വില്ലും
Mountകുതിര[അവലംബം ആവശ്യമാണ്]

ക്രിസ്തുവർഷം 1821-ൽ പന്തളം രാജവംശം തിരുവിതാം കൂറുമായി ലയിക്കപ്പെട്ടതോടെ ഈ ക്ഷേത്രവും 48 മറ്റു ക്ഷേത്രങ്ങളും തിരുവിതാംകൂറുമായി ചേർക്കപ്പെട്ടു. [16] ഈ ക്ഷേത്രം നിരവധി പ്രാവശ്യം തകർക്കപ്പെട്ടിട്ടുമുണ്ട്. ഈ നൂറ്റാണ്ടിൽ 1902-ലും 1950-ലും ക്ഷേത്രം അഗ്നിബാധക്കിരയാക്കപ്പെട്ടു [17]1902 ൽ ഉണ്ടായ അഗ്നിബാധക്ക് ശേഷം 1910-ൽ പുനരുദ്ധാരണം ചെയ്തു. 1950-ൽ ക്രിസ്തീയ മതമൗലികവാദികൾ ക്ഷേത്രം തീവയ്ക്കുകയും വിഗ്രഹം തകർക്കുകയും ചെയ്തു. [18] തുടർന്ന് പുനരുദ്ധാരണം നടത്തിയാണ് ഇന്നത്തെ പഞ്ചലോഹവിഗ്രഹം (ഏതാണ്ട് സ്വർണ്ണം എന്നും പറയാം) നിർമ്മിച്ച് പ്രതിഷ്ഠിച്ചത്. ചെങ്ങന്നൂരിലെ പ്രസിദ്ധ വിശ്വകർമ്മ കുടുംബമായ തട്ടാവിള കുടുംബത്തിലെ അംഗങ്ങളായിരുന്ന നീലകണ്ഠപണിക്കരും അയ്യപ്പപ്പണിക്കരും ചേർന്നാണ് തകർത്ത വിഗ്രഹത്തിന്റെ അതേ മാതൃകയിലുള്ള നിലവിലെ വിഗ്രഹം നിർമ്മിച്ചത്. 1951 മേയ് 17-ന് പുനഃപ്രതിഷ്ഠ നടത്തി.

സുപ്രീം കോടതി വിധി 2018

തിരുത്തുക

28 വർഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം സുപ്രീം കോടതി ശബരിമലയിൽ എല്ലാം പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് വിധി പ്രഖ്യാപിച്ചു. [19] 2006 ൽ സുപ്രീംകോടതിയിലെത്തിയ കേസിൽ 12 വർഷത്തിന് ശേഷമാണ് ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് ആചാരങ്ങൾക്കും വിശ്വാസത്തിനും എതിരാണെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു പറഞ്ഞ് 1991 ഏപ്രിൽ അഞ്ചിന് ശബരിമലയിലെ സ്ത്രീപ്രവേശനം നിരോധിച്ചുകൊണ്ട് ഹൈക്കോടതി വിധി വന്നു. 2019 ജനുവരി രണ്ടാം തീയതി ശബരിമലയിൽ അമ്പതു വയസിനു താഴെയുള്ള യുവതികൾ പ്രവേശിച്ചു. ബിന്ദു, കനകദുർഗ്ഗ എന്നീ . ഈ വിവരമറിഞ്ഞ്അർബൻ ജെപിയുടെയും ശബരിവെച്ച് പുലർത്തുന്നമല കർമ്മസമിതിയുടെയും നേതൃത്വത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം . [20]

15 വർഷത്തിന് ശേഷം 2006ൽ യംങ് ലോയേഴ്സ് അസോസിയേഷൻ ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി.[21]. [22][23]

മണ്ഡലകാല തീർത്ഥാടനം

തിരുത്തുക

കൊല്ലവർഷം വൃശ്ചിക മാസം ഒന്നാം തീയതി മുതൽ ശബരിമല തീർത്ഥാടനത്തിന് തുടക്കം കുറിക്കുന്നു. ധനു മാസം പതിനൊന്നാം തീയതി അവസാനിക്കുകയും ചെയ്യുന്നു. വൃശ്ചിക മാസം ഒന്നാം തീയതി മുതൽ മുതൽ ധനു മാസം പതിനൊന്നാം തീയതിവരെയുള്ള 41 ദിവസം നീണ്ടു നില്ക്കുന്ന ഈ തീർത്ഥാടനകാലമാണ് മണ്ഡല കാലം. ഡിസംബർ-ജനുവരി മാസങ്ങളിലായിട്ടാണ് ഈ കാലം.[24] ശബരിമലയാത്രക്കു മുൻപ്, തീർത്ഥാടകർ 41 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്നു. ഇതിനു മുന്നോടിയായി അവർ അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി തുളസിമുത്തുകൾ കൊണ്ടോ രുദ്രാക്ഷം കൊണ്ടോ ഉണ്ടാക്കിയ ഒരു മുദ്രമാല ധരിക്കുന്നു. ഇതിനെ തുടർന്ന് ഇവർ അയ്യപ്പൻ അഥവാ സ്വാമി എന്നറിയപ്പെടുന്നു. സ്ത്രീകൾ ആണെങ്കിൽ മാളികപ്പുറത്തമ്മ എന്ന് വിളിക്കുന്നു. ശേഷം മത്സ്യമാംസാദികൾ, മദ്യം, പുകയില, ലൈംഗികബന്ധം തുടങ്ങിയവയും ദുഷ്ചിന്തകളും ഉപേക്ഷിച്ച് ബ്രഹ്മചര്യം സ്വീകരിക്കുന്നു. തുടർന്ന് നാല്പത്തിയൊന്നാമത്തെ ദിവസം ഗുരുസ്വാമിയുടെ നേതൃത്വത്തിൽ കെട്ടു നിറച്ച് ശബരിമലയ്ക്ക് യാത്രയാകുന്നു.

വാഹന ഗതാഗതം പമ്പ വരെ മാത്രമേയുള്ളൂ. പമ്പാ നദിയിൽ കുളിച്ചു മരിച്ചുപോയവരുടെ പിതൃക്കൾക്ക് ബലിയിട്ട ശേഷം, പമ്പയിലെ ഗണപതി ക്ഷേത്രത്തിൽ നാളികേരം ഉടച്ച ശേഷമാണ് മല കയറ്റം ആരംഭിക്കുന്നത്. അതിനുശേഷം തീർത്ഥാടകർ കാൽനടയായാണ് ക്ഷേത്രത്തിലേക്കെത്തുന്നത്.

ഇരുമുടിക്കെട്ട്

തിരുത്തുക

പുണ്യവും പാപവും ഉൾക്കൊള്ളുന്നതായി സങ്കൽപ്പിക്കപ്പെടുന്നതും അയ്യപ്പഭക്തന്മാർ മണ്ഡലകാലത്ത് തങ്ങളുടെ തലയിലേറ്റിക്കൊണ്ടു പോകുന്നതുമായ ഒരു ഭാണ്ഡമാണ് ഇരുമുടിക്കെട്ട്. ശബരിമല തീർത്ഥാടകർ, പള്ളികെട്ട് അഥവാ ഇരുമുടിക്കെട്ട് എന്നറിപ്പെടുന്ന കെട്ടിനുള്ളിൽ ശബരിമലയിലേക്കുള്ള പൂജാദ്രവ്യങ്ങൾ കൊണ്ടുപോകും. ഇരുമുടിക്കെട്ടുമേന്തി മലചവിട്ടുന്നത് ജീവിതത്തിലെ പുണ്യമായാണ് ഭക്തർ കണക്കാക്കുന്നത്. നിരവധിയായ ചടങ്ങുകളോടെയും ആചാരങ്ങളൊടെയുമാണ് ഈ കെട്ടു നിറയ്ക്കാറുള്ളത്. കന്നി അയ്യപ്പന്മാരുടെ ഇരുമുടിക്കെട്ട് ചുവന്ന പട്ടുകൊണ്ടുള്ളതായിരക്കണം. അല്ലാത്തവർക്ക് കറുപ്പ, നീല നിറങ്ങളിലുള്ള തുണികൾ ഉപയോഗിച്ചു ഇരുമുടിക്കെട്ടു തയ്യാറാക്കാവുന്നതാണ്. സാധാരണയായി ഇരുമുടികെട്ടിനുള്ളിൽ നെയ്ത്തേങ്ങ (തേങ്ങയ്കുള്ളിലെ വെള്ളം മാറ്റിപകരം നെയ്യ് നിറയ്ക്കുന്നു, ഇത് നെയ്യഭിഷേകത്തിന് ഉപയോഗിക്കുന്നു), അരി, അവൽ, മലർ, തേങ്ങ, കർപ്പൂരം, മഞ്ഞൾപൊടി (നാഗയക്ഷി, നാഗരാജാവ് എന്നവർക്ക് അർപ്പിക്കാനുള്ളത്), കുരുമുളക്, പുകയില, ഉണക്കമുന്തിരി, കൽക്കണ്ടം, മറ്റ് പൂജാസാധനങ്ങൾ എന്നിവയാണ് കൊണ്ടു പോകാറുള്ളത്. വെറ്റിലയും അടയ്ക്കയും തേങ്ങയും നെയ്ത്തേങ്ങയുമാണ് ആദ്യമായി കെട്ടിനുള്ളിൽ നിറയ്ക്കേണ്ടത്. ഇതു നിറക്കുന്ന സമയം ശരണം വിളികൾ അന്തരീക്ഷം മുഖരിതമാകുന്നു. അയ്യപ്പനു നിവേദ്യത്തിനുള്ള ഉണക്കലരി, കദളിവാഴപ്പഴം, ശർക്കര എന്നിവയും ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്താറുണ്ട്. വഴിപാടു സാധനങ്ങളോടൊപ്പം യാത്രാവേളയിൽ ഭക്തന്മാർക്കു കഴിക്കാനുള്ള ഭക്ഷ്യവസ്തുക്കളും ഇതിൽ ഉൾപ്പെടുത്തുന്നു.

സ്വാമി ശരണം അർത്ഥം

തിരുത്തുക

ബുദ്ധമതത്തിലെ ശരണത്രയങ്ങൾ ആണു ശബരിമലയിലെ ശരണം വിളിയിൽ നിഴലിക്കുന്നതെന്ന് ചരിത്രകാരന്മാരുടെയും ഗവേഷകരുടേയും അഭിപ്രായം. മോക്ഷമാർഗ്ഗത്തിലേക്കുള്ള വഴികൾ തേടിയുള്ള യാത്രയിൽ ഒരു ബുദ്ധസന്യാസിയോ സാധാരണക്കാരനായ അനുയായിയോ വിളിക്കേണ്ട മന്ത്രോച്ചാരണമാണ് ബുദ്ധം ശരണം സംഘം ശരണം ബുദ്ധം ശരണം എന്ന മന്ത്രം. ബുദ്ധം എന്നത് ജ്ഞാനത്തിന്റെ പര്യായമായും ശ്രീബുദ്ധന്റെ പര്യായമായും ഉപയോഗിക്കാറുണ്ട്. കേരളത്തിൽ ബുദ്ധനെ ബുദ്ധരച്ചൻ എന്നും അയ്യൻ എന്നും അയ്യന്മാരുടെ പിതാവ് എന്നർത്ഥത്തിൽ അയ്യപ്പൻ എന്നും വിളിച്ചിരുന്നു. ധർമ്മശാസ്താവ് എന്നതും ബുദ്ധന്റെ പര്യായമാണ്.

``സ്വാ കാരോച്ചാര മാത്രേണ
സ്വാകാരം ദീപ്യതേ മുഖേ
മകാരാന്ത ശിവം പ്രോക്തം
ഇകാരം ശക്തി രൂപ്യതേ

`സ്വാ' എന്ന പദം `ആത്മ'ബോധത്തെ സൂചിപ്പിക്കുന്നു. [അവലംബം ആവശ്യമാണ്]

`മ' സൂചിപ്പിക്കുന്നത്‌ ശിവനേയും `ഇ' ശക്തിയേയുമാണ്‌.[അവലംബം ആവശ്യമാണ്] രണ്ടുംകൂടി ചേർന്ന്‌ `മി' ആകുമ്പോൾ `ശിവശക്തി' സാന്നിധ്യമാകുന്നു.[അവലംബം ആവശ്യമാണ്] ശിവശക്തി മുൻപറഞ്ഞ `സ്വാ'യോടൊപ്പം ചേർന്നു തീർഥാടകന്‌ ആത്മസാക്ഷാത്‌ക്കാരം നേടാൻ സഹായിക്കുന്നു.[അവലംബം ആവശ്യമാണ്]

``ശം ബീജം ശത്രുസംഹാരം
രേഫം ജ്ഞാനാഗ്‌നി വാചകം
ണകാരം സിദ്ധിതം ശാന്തം
മുദ്രാ വിനയ സാധനം.

`ശരണം' എന്ന വാക്കിലെ ആദ്യാക്ഷരമായ `ശ' ഉച്ചാരണ മാത്രയിൽ തന്നെ ശത്രുവിനെ ഇല്ലാതാക്കുന്നതാണ്‌.[അവലംബം ആവശ്യമാണ്] അഗ്‌നിയെ ജ്വലിപ്പിക്കുന്ന `ര' എന്ന അക്ഷരം ജ്ഞാനത്തെ സൂചിപ്പിക്കുന്നു.[അവലംബം ആവശ്യമാണ്] `ണം' ശബ്ദം ഇതിനെല്ലാറ്റിനും ദൈവികത കൈവരുത്തി ശാന്തി പ്രദാനം ചെയ്യുന്നു.[അവലംബം ആവശ്യമാണ്] മനുഷ്യനിൽ എളിമ വിരിയിക്കേണ്ട ഒരു സൂത്രവാക്യം കൂടിയാണിത്‌. പതിനെട്ടാം പടി കയറുന്നവൻ വിനയമുള്ളവനായിരിക്കണം എന്നും അവൻ അഹങ്കാരം നിലനിർത്താത്തവൻ ആയിരിക്കണം എന്നുള്ളതിന്റെ പൊരുളും ഇവിടെ വ്യക്തമാകും.[അവലംബം ആവശ്യമാണ്]

വാവരുടെ കഥ

തിരുത്തുക
 
വാവരുടെ പള്ളി

അയ്യപ്പന്റെ ഉറ്റമിത്രമായി ഐതിഹ്യത്തിൽ നിറഞ്ഞു നിൽക്കുന്ന വാവരുടെ പള്ളിയിൽ ദർശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പഭക്തന്മാർ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്. മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി വാവരുടെ പള്ളിയും അയ്യപ്പന്റെയും ക്ഷേത്രവും ശബരിമലയിൽ നിലകൊള്ളുന്നു. പന്തളം രാജ്യം ആക്രമിക്കാൻ വന്ന വാവർ അയ്യപ്പനുമായി ഏറ്റുമുട്ടി പരാജയപ്പെടുകയും പിന്നീട് അയ്യപ്പന്റെ ഉറ്റ സുഹൃത്തായിത്തീരുകയും ചെയ്തയാളാണ് വാവർ എന്ന കഥയ്ക്കാണ് പ്രചാരം കൂടുതൽ.

മക്കംപുരയിൽ ഇസ്മയിൽ ഗോത്രത്തിൽ പാത്തുമ്മയുടെ പുത്രനായി ജനിച്ചയാളാണ് വാവരെന്ന് ' ബാവർ മാഹാത്മ്യം' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. വാവരായിരുന്നത് ബാബർ തന്നെയായിരുന്നു എന്നും ചിലർ വാദിക്കുന്നു. ശാസ്താവിന്റെ അംഗരക്ഷകനായി വാവർക്ക് പന്തളം രാജാവ് ക്ഷേത്രം പണിതു നൽകിയതായി ചില സംസ്കൃതഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. കാട്ടിലൂടെ കടന്നുപോകുന്നവർക്ക് ദുഷ്ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കുവാൻ അയ്യപ്പൻ വാവരെ ചുമതലപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു.

കുരുമുളകാണ് വാവർ പള്ളിയിലെ പ്രധാന വഴിപാട്. കാണിക്കയും നെല്ല്, ചന്ദനം, സാമ്പ്രാണി, പനിനീർ, നെയ്യ്, നാളികേരം, എന്നിവയും ഇവിടെയുള്ള വഴിപാടുകളാണ്. എരുമേലിയിലും ഒരു വാവർ പള്ളിയുണ്ട്. [25]

എന്നാൽ, ഈ കഥയ്ക്ക് ഒരു എതിർവാദവുമുണ്ട്. ശിവഭൂതഗണങ്ങളിൽ പെട്ട വാപരനാണ് യഥാർത്ഥത്തിൽ അയ്യപ്പനെ സഹായിച്ചതെന്നും, വാവർ ഒരു നാടകകഥാപാത്രം മാത്രമാണെന്നുമാണ് ഈ വാദം ഉന്നയിയ്ക്കുന്നവർ പറയുന്നത്. ശ്രീ ഭൂതനാഥോപാഖ്യാനം കിളിപ്പാട്ട് അടക്കമുള്ള കൃതികൾ ഇതിന്റെ തെളിവായി ഇവർ എടുത്തുകാട്ടുന്നു. എന്നാൽ, ഈ വാദങ്ങൾക്ക് കൃത്യമായ ഒരു അടിത്തറ ഇതുവരെ ലഭിച്ചിട്ടില്ല. മാത്രവുമല്ല, ഭൂതനാഥോപാഖ്യാനം ഒഴിച്ചുനിർത്തിയാൽ വാപരനെക്കുറിച്ച് എവിടെയും കഥകളില്ല.

മകരജ്യോതി

തിരുത്തുക
പ്രധാന ലേഖനം: മകരജ്യോതി

ശബരിമലയുടെ മൂലസ്ഥനം പൊന്നമ്പലമേട്ടിലായിരുന്നു എന്നൊരു വിശ്വാസമുണ്ട്. ശബരിമലയിൽ നിന്ന് ഏകദേശം 10-16 കിലോമീറ്റർ ദൂരമുള്ള പൊന്നമ്പലമേട്ടിൽ പരശുരാമൻ സ്ഥാപിച്ച മറ്റൊരു ശാസ്താക്ഷേത്രം ഉണ്ടായിരുന്നെന്നും അവിടെയുള്ള ജ്യോതിമണ്ഡപത്തിൽ മലവേടന്മാർ മകരസംക്രമദിവസം ദീപാരാധന നടത്തിയിരുന്നതാണ് മകരജ്യോതിയായി കണ്ടിരുന്നതെന്നും വിശ്വാസമുണ്ട്. ഇവിടത്തെ മലവേടന്മാരുടെ ആഘോഷവേളയിൽ കത്തിച്ചിരുന്ന കർപൂരമാണ് മകരജ്യോതി എന്നു പറയുന്നവരും ഉണ്ട്. എന്നാൽ മകരജ്യോതി എന്നത് ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘവും ചേർന്ന് പോലീസ് സംരക്ഷണയിൽ പൊന്നമ്പലമേട്ടിൽ കർപ്പൂരം കത്തിക്കുന്നതാണെന്നാണ് ശബരിമലയിലെ മുതിർന്ന തന്ത്രി കണ്‌ഠർ മഹേശ്വരർ സമ്മതിക്കുകയുണ്ടായി[26],[27][28]

മകരസംക്രമദിനത്തിലാണ് ഉത്തരായനപിറവി. പൊന്നമ്പലമേട്ടിൽ ഉള്ള ക്ഷേത്രത്തിൻറെ മുകളിൽ തെളിഞ്ഞുകത്തിയിരുന്ന നക്ഷത്രമാണ് മകരജ്യോതി എന്ന അഭിപ്രായവുമുണ്ട്.എന്നാൽ ഇതിനു പറയത്തക്കതെളിവില്ല. ഈ നക്ഷത്രത്തിൻറെ ഒരു ചിത്രവും ലഭ്യമല്ല.

 
പതിനെട്ടു തൃപ്പടികൾ

പതിനെട്ടുപടികൾ

തിരുത്തുക

ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലേ 18 മലദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പൻ എന്നൊരു വിശ്വാസമുണ്ട്. ഇതിൻറെ പ്രതീകമാണ് 18 പടികൾ. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് “പടിപൂജ“ അഥവാ “ഗിരിദേവതാപൂജ“ നടത്തിവരുന്നതു എന്നൊരു ഐതിഹ്യമുണ്ട്. പണ്ട് മണ്ഡലകാലത്തിനുശേഷം ശബരിമല വിട്ടുപോകുന്ന പോലീസുകാർ പതിനെട്ടാം പടിക്കുതാഴെ പൂജനടത്തിയിരുന്നുവെന്നും ഇതാണ് പിന്നീട് പടിപൂജയായി പരിണമിച്ചതെന്നുമാണ് മറ്റൊരു വിശ്വാസം. അയ്യപ്പൻറെ പൂങ്കാവനം ഈ 18 മലകളാണെന്നും 18 മലകൾ 18 പുരാണങ്ങളാണെന്നും അഭിപ്രായമുണ്ട്. ജീവൻ, സത്, രജസ്, തമസ് എന്നീ മൂന്നു ഗുണങ്ങളും ഈരേഴു പതിനാലു ലോകങ്ങളുമാണ് പതിനെട്ടു പടികൾ എന്നൊരു വിശ്വാസവും ഇതിനുണ്ട്[29].

18 മലകൾ : ശബരിമല, പൊന്നമ്പലമേട്, ഗൌണ്ഡൽമല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖൽഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവർമല, നിലയ്ക്കൽമല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല.[30]

 
ശ്രീകോവിൽ

ശ്രീകോവിൽ

തിരുത്തുക

ശബരിമല ശ്രീകോവിലിന് ഏഴ് കോൽ ഏഴ് അംഗുലം ദീർഘവും മൂന്നു കോൽ പതിനെട്ട് അംഗുലം വിസ്താരവും ഉണ്ട്. ജഗതിപ്പുറം എട്ട് കോൽ പത്ത് അംഗുലം ദീർഘവും നാലുകോൽ പത്ത് അംഗുലം വിസ്താരവുമുണ്ട്. പാദുകപ്പുറം എട്ടുകോൽ പതിനൊന്നര അംഗുലം ദീർഘവും നാലു കോൽ പതിനൊന്നര അംഗുലം വിസ്താരവുമുണ്ട്. വലിയമ്പലത്തിന് 22 കോൽ പതിനെട്ട് അംഗുലം ദീർഘവും ആറ് കോൽ രണ്ട് അംഗുലം വിസ്താരവും ഉണ്ട്. ശ്രീകോവിലിന്റെ പ്രവേശനദ്വാരത്തിന് ഇരു വശവും ദ്വാരപാലകരുണ്ട്. ചുറ്റും ശബരിമല ശാസ്താവിന്റെ ചരിതം കൊത്തിവച്ചിട്ടുണ്ട്. 1998-ൽ ശ്രീകോവിലിന്റെ മേൽക്കൂരയും ചുമരുകളും വാതിലും സ്വർണ്ണം പൂശി. പ്രമുഖ വ്യവസായിയായിരുന്ന വിജയ് മല്ല്യയുടെ വഴിപാടായാണ് സ്വർണ്ണം പൂശിയത്.

പ്രതിഷ്ഠ

തിരുത്തുക

ശബരിമലക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തി ധർമ്മശാസ്താവിന്റെ അവതാരമായ ശ്രീ അയ്യപ്പനാണ്. ധ്യാനഭാവത്തിൽ കിഴക്കോട്ട് ദർശനമായി അയ്യപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. യോഗപട്ടാസനത്തിൽ വലതുകയ്യിൽ ചിന്മുദ്രയും ഇടതുകൈ മുട്ടിൽ വച്ചിരിയ്ക്കുന്നതുമായതാണ് വിഗ്രഹം. സ്വർണത്തിന് പ്രാധാന്യം നൽകി നിർമിച്ച ഒന്നരയടി ഉയരം വരുന്ന പഞ്ചലോഹവിഗ്രഹമാണ് ഇവിടെയുള്ളത്. ആദ്യമുണ്ടായിരുന്ന ശിലാവിഗ്രഹം പിൽക്കാലത്ത് തകർക്കപ്പെടുകയും ക്ഷേത്രത്തിന് തീവയ്ക്കുകയും ചെയ്തശേഷമാണ് ഇപ്പോഴത്തെ വിഗ്രഹം പണിത് പ്രതിഷ്ഠിച്ചത്. സന്ന്യാസിഭാവത്തിലുള്ള ശാസ്താവായതുകൊണ്ടാണ് നിത്യപൂജ അനുവദിച്ചിട്ടില്ലാത്തത്. മുഖ്യ ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ഏകദേശം ഇരുനൂറ് മീറ്റർ മാറിയാണ് മാളികപ്പുറം ഭഗവതി ക്ഷേത്രം. മാളികപ്പുറത്തമ്മയെ തുല്യപ്രാധാന്യമുള്ള ദേവിയായി കരുതുന്നു. രണ്ടുനിലയിലുള്ള മാളികയുടെ പുറത്താണ് മാളികപ്പുറത്തമ്മ വിരാജിക്കുന്നത്. ഇതുമൂലമാണ് ദേവിക്ക് ഈ പേരുവന്നത്. മഹിഷിക്ക് മോക്ഷം കിട്ടിയപ്പോൾ അവതരിച്ച ദേവിയാണെന്നും അതല്ല ആദിപരാശക്തിയായ മധുര മീനാക്ഷിയാണ് മാളികപ്പുറത്തമ്മയെന്നും രണ്ട് അഭിപ്രായമുണ്ട്. ഭഗവതിസേവ പ്രധാന വഴിപാടാണ്. ലളിതാസഹസ്രനാമം ഇവിടെ ജപിച്ചു കാണാറുണ്ട്. ക്ഷേത്രത്തിലെ പ്രധാന ഉപപ്രതിഷ്ഠ കന്നിമൂല ഗണപതിയാണ്. അയ്യപ്പന്റെ ശ്രീകോവിലിന്റെ കന്നിമൂലയിൽ (തെക്കുപടിഞ്ഞാറ്) പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ഈ പ്രതിഷ്ഠ. കഷ്ടിച്ച് അരയടി മാത്രം ഉയരം വരുന്ന ചെറിയൊരു വിഗ്രഹമാണ് ഇവിടെ. പണ്ട് ഇവിടെയാണ് ആഴി കൂട്ടിയിരുന്നത്. പിൽക്കാലത്ത് പുറത്തേയ്ക്ക് മാറ്റുകയായിരുന്നു. ഗണപതിയ്ക്കൊപ്പം ഇവിടെ സുബ്രഹ്മണ്യനും പണ്ട് സാന്നിദ്ധ്യമായിരുന്നു. ഇപ്പോൾ ഈ പ്രതിഷ്ഠയുടെ കാര്യം അജ്ഞാതമാണ്. ഗണപതിയെക്കൂടാതെ നാഗദൈവങ്ങളുടെയും, വാവരുസ്വാമിയുടെയും[31] കടുത്തസ്വാമിയുടെയും സാന്നിദ്ധ്യവും അവിടെയുണ്ട്. മാളികപ്പുറത്തമ്മയുടെ മതിലകത്ത് ശ്രീകോവിലിനോടുചേർന്ന് മറ്റൊരു ഗണപതിപ്രതിഷ്ഠയും കാണാം. ഇത് 2021-ലാണ് വന്നത്. കൂടാതെ കൊച്ചുകടുത്തസ്വാമി, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ തുടങ്ങിയവരുടെ പ്രതിഷ്ഠയും ഇവിടെത്തന്നെയാണ്. അയ്യപ്പന്റെ മൂലസ്ഥാനമായ മണിമണ്ഡപവും ഇവിടെത്തന്നെ.

ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടായ നെയ്യഭിഷേകമാകട്ടെ അയ്യപ്പന്റെ പ്രിയപ്പെട്ട വഴിപാടായി കരുതിവരുന്നു. ഭക്തർ നിറച്ചുകൊണ്ടുവരുന്ന ഇരുമുടിക്കെട്ടിൽ നെയ്ത്തേങ്ങയുമുണ്ടാകും. സന്നിധാനത്തെത്തുന്നതോടെ മേൽശാന്തി തേങ്ങയുടച്ച് നെയ്യ് പുറത്തെടുത്ത് വിഗ്രഹത്തിൽ അഭിഷേകം ചെയ്യും. തുടർന്നുള്ള തേങ്ങ കിഴക്കേ നടയിലെ ആഴിയിൽ എറിയുന്നു. അഭിഷേകം ചെയ്ത നെയ്യ് ഭക്തർക്ക് പ്രസാദമായി നൽകുന്നു. നട തുറന്നിരിയ്ക്കുന്ന ദിവസങ്ങളിൽ ഉഷഃപൂജ കഴിഞ്ഞാൽ നടയടയ്ക്കുന്നതുവരെ തുടർച്ചയായി നെയ്യഭിഷേകമുണ്ടാകാറുണ്ട്. കൂടാതെ അപ്പം, അരവണപ്പായസം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം, നീരാജനം, പടിപൂജ, വെടിവഴിപാട് എന്നിവയും അതിവിശേഷമാണ്.

ശബരിമലയിലേക്കുള്ള വഴി

തിരുത്തുക
 
തീർത്ഥാടകർ ദർശനത്തിനായി വരി നിൽക്കുന്നു

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 115 കിലോമീറ്റർ അകലത്തിലും കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 106 കിലോമീറ്റർ അകലത്തിലുമാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. തീർത്ഥാടനകാലത്ത് ചാലക്കയം വഴിയോ അല്ലെങ്കിൽ എരുമേലി വഴി കരിമല നടന്നു കയറിയോ (ഏകദേശം 50 കിലോമീറ്റർ ) ഇവിടെയെത്താം. ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ കോട്ടയവും ചെങ്ങന്നൂരുമാണ്.

പ്രധാന വഴികൾ

തിരുത്തുക
  1. കോട്ടയത്തു നിന്നു എരുമേലി വഴി പമ്പ; (മണിമല വഴി കോട്ടയത്തു നിന്ന് പമ്പയിലേക്ക് 136 കിലോമീറ്റർ) പമ്പയിൽ നിന്ന് കാൽനടയായി ശബരിമല.
  2. എരുമേലിയിൽ നിന്ന് കാളകെട്ടി, അഴുത, ഇഞ്ചിപ്പാറ, കരിമല വഴി പമ്പ - 45 കിലോമീറ്റർ. പമ്പയിൽ നിന്ന് ശബരിമലയിലേക്ക് കാൽനടയായി (ഇതാണ് പരമ്പരാഗത പാത).
  3. എരുമേലിയിൽ നിന്ന് മുക്കൂട്ടുതറ, മുട്ടപ്പള്ളി, പാണപിലാവ്, കണമല വഴിയുള്ള ഗതാഗതയോഗ്യമായ പാത - 46 കിലോമീറ്റർ (28.6 മൈൽ)
  4. വണ്ടിപ്പെരിയാർ മുതൽ മൗണ്ട് എസ്റ്റേറ്റ് വരെ വാഹനത്തിൽ. ശേഷം കാൽനടയായി ശബരിമലയിലേക്ക്
  5. വണ്ടിപ്പെരിയാർ മുതൽ കോഴിക്കാനംവരെ 15 കിലോമീറ്റർ; കോഴിക്കാനത്ത് നിന്ന് ഉപ്പുപാറ വരെ 10 കിലോമീറ്റർ; ഉപ്പുപാറ മുതൽ ശബരിമല വരെ 3.5 കിലോമീറ്റർ. (ഉപ്പുപാറ വരെ വാഹനഗതാഗതം സാധ്യമാണ്).
  6. ചെങ്ങന്നൂർ റയിൽവെസ്റ്റേഷനിൽ നിന്നും- കോഴഞ്ചേരി വരെ( 12 കിലോമീറ്റർ); കോഴഞ്ചേരിയിൽനിന്നും റാന്നിക്ക് (13 കിലോമീറ്റർ); റാന്നി-എരുമേലി- ശബരിമല( 62 കിലോമീറ്റർ) (ആകെ: 87 കിലോമീറ്റർ)

വിവിധ സ്ഥലങ്ങളിൽ നിന്നും പമ്പയിലേക്കുള്ള ദൂരം കിലോമീറ്ററിൽ:

അടൂർ- 81 തിരുവനന്തപുരം-179 കിളിമാനൂർ-134 കൊല്ലം-135 പുനലൂർ-105 പന്തളം- 85 ചെങ്ങന്നൂർ- 89 കൊട്ടാരക്കര- 106 ഗുരുവായൂർ- 288 തൃശ്ശൂർ- 260 പാലക്കാട്- 330 കണ്ണൂർ- 486 കോഴിക്കോട്- 388 കോട്ടയം- 123 എരുമേലി- 46 കുമളി- 180 പത്തനംതിട്ട- 65 റാന്നി- 62

പരമ്പരാഗത പാത

തിരുത്തുക

എരുമേലിയിൽ നിന്ന്‌ പമ്പയിലേക്കുള്ള ഉദ്ദേശം 51 കിലോമീറ്റർ ദൈർഘ്യം വരുന്ന പരമ്പരാഗതമായ കാനനപാത വളരെ പ്രാധാന്യമർഹിക്കുന്നതാണ്‌. ഒട്ടേറെ പുണ്യസ്ഥലങ്ങൾ താണ്ടി കാനനത്തിലൂടെ കാൽനടയായുള്ള ഈ യാത്ര ഭക്തർക്ക്‌ ആത്മനിർവൃതിയേകുന്ന ഒന്നാണ്‌. പേരൂർ തോട്‌, ഇരുമ്പൂന്നിക്കര, അരശുമുടിക്കോട്ട, കാളകെട്ടി, അഴുതാനദി, കല്ലിടാംകുന്ന്‌, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, കരിയിലാം തോട്‌, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവയാണ്‌ എരുമേലിയ്‌ക്കും പമ്പയ്‌ക്കും ഇടയ്‌ക്കുള്ള പുണ്യസങ്കേതങ്ങൾ. എരുമേലിയിൽ നിന്ന്‌ കാളകെട്ടി വരെ 11 കിലോമീറ്ററും കാളകെട്ടിയിൽ നിന്ന്‌ അഴുതയിലേയ്‌ക്ക്‌ രണ്ടര കിലോമീറ്ററും അഴുതയിൽ നിന്ന്‌ പമ്പവരെ 37 കിലോമീറ്ററുമാണ്‌ ദൂരം. പേരൂർ തോടിൽ നിന്ന്‌ ഇരുമ്പൂന്നിക്കരയിലേയ്‌ക്ക്‌ മൂന്നു കിലോമീറ്ററുണ്ട്‌. ഇരുമ്പൂന്നിക്കരയിൽ നിന്ന്‌ കാനനം ആരംഭിക്കുന്നു. ഇരുമ്പൂന്നിക്കരയിൽ നിന്ന്‌ അരശുമുടിക്കോട്ടയിലേക്കും മൂന്ന്‌ കിലോമീറ്ററാണ്‌ ദൂരം. അവിടെ നിന്ന്‌ കാളകെട്ടിയ്‌ക്ക്‌ 5 കിലോമീറ്ററും. അയ്യപ്പഭക്തന്മാർ ആദ്യമെത്തുന്ന പുണ്യസങ്കേതമാണ്‌ എരുമേലി. പന്തളരാജാവായിരുന്ന രാജശേഖരപാണ്ഡ്യൻ നിർമ്മിച്ച ഒരു ശാസ്‌താക്ഷേത്രം ഇവിടെയുണ്ട്‌. ശാസ്‌താക്ഷേത്രത്തിൽ നിന്നും അധികം അകലെയല്ലാതെ അയ്യപ്പന്റെ വിശ്വസ്‌ത അനുയായിയും മുസ്ലീം യോദ്ധാവുമായിരുന്ന വാവരുടെ പള്ളി കാണാം. എരുമേലിയിൽ നിന്നും കാൽനടയായി പുറപ്പെട്ട്‌ പുണ്യസങ്കേതമായ പേരൂർ തോട്ടിലെത്തുന്ന തീർത്ഥാടകർ അവിടെ വിശ്രമിച്ചശേഷം യാത്ര തുടരുന്നു. തുടർന്ന്‌ ഇരുമ്പൂന്നിക്കരയും അരശുമുടിയും താണ്ടി ഭക്തർ കാളകെട്ടിയിലെത്തുന്നു. മണികണ്‌ഠന്റെ മഹിഷീനിഗ്രഹത്തിന്‌ സാക്ഷ്യം വഹിക്കാനെത്തിയ ശ്രീപരമേശ്വരൻ തന്റെ കാളയെ കെട്ടിയിട്ട സ്ഥലമാണത്രേ കാളകെട്ടി. കാളകെട്ടിയിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം ഭക്തർ പ്രകൃതിസുന്ദരമായ അഴുതാനദിക്കരയിലെത്തി വിശ്രമിക്കുന്നു. അടുത്തദിവസം രാവിലെ അഴുതാനദിയിൽ മുങ്ങിക്കുളിച്ച്‌ ഒരു ചെറിയ കല്ലുമെടുത്ത്‌ യാത്ര തുടരുന്ന അയ്യപ്പഭക്തർ കാനനപാത താണ്ടി കല്ലിടാംകുന്നിലെത്തുന്നു. മണികണ്‌ഠൻ മഹിഷിയുടെ ഭൗതികദേഹം കല്ലും മണ്ണും വാരിയിട്ട്‌ സംസ്‌ക്കരിച്ചതിന്റെ ഓർമ്മയ്‌ക്ക്‌ അഴുതയിൽ നിന്നെടുത്ത കല്ല്‌ ഭക്തർ ഇവിടെ ഇടുന്നു. തുടർന്ന്‌ കാട്ടുവഴിയിലൂടെ നടന്ന്‌ മുക്കുഴിയിലെത്തി വിശ്രമിക്കുന്നു. പിറ്റേദിവസം രാവിലെ കരിയിലാംതോടും കടന്ന്‌ കരിമലയുടെ അടിവാരത്തെത്തുന്നു. മണ്ണിന്‌ കറുപ്പുനിറമായതുകൊണ്ടാണ്‌ ഈ മലയ്‌ക്ക്‌ കരിമല എന്ന്‌ പേരുവന്നതത്രേ. തുടർന്ന്‌ ഭക്തർ ശരണംവിളിച്ചുകൊണ്ട്‌ കഠിനമായ കരിമല കയറ്റം ആരംഭിക്കുന്നു. കരിമലമുകളിൽ കരിമലനാഥനെ വണങ്ങി യാത്രതുടരുന്ന അയ്യപ്പന്മാർ ചെറിയാനവട്ടം, പെരിയാനവട്ടം എന്നീ സ്ഥലങ്ങൾ പിന്നിട്ട്‌ പുണ്യനദിയായ പമ്പയുടെ തീരത്ത്‌ എത്തിച്ചേരുന്നു.

പ്രധാനപ്പെട്ട ഇടത്താവളങ്ങൾ

തിരുത്തുക

മലയാത്രയ്‌ക്കിടയിൽ അയ്യപ്പന്മാർ വിരിവെക്കാനും വിശ്രമിക്കാനും ചില ക്ഷേത്രങ്ങൾ തിരഞ്ഞെടുക്കാറുണ്ട്‌. മധ്യതിരുവിതാംകൂറിലെ ചില പ്രധാന ക്ഷേത്രങ്ങളാണ്‌ മണ്‌ഡല-മകര വിളക്കു കാലത്ത്‌ അയ്യപ്പന്മാരുടെ ഇടത്താവളങ്ങളാകുക. വൈക്കം മഹാദേവക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം, കടപ്പാട്ടൂർ മഹാദേവക്ഷേത്രം; പാല, ഇളംകുളം ശ്രീ ധർമ്മ ശാസ്താക്ഷേത്രം, പുതിയകാവ് ദേവി ക്ഷേത്രം, പൊൻകുന്നം, തിരുനക്കര മഹാദേവ ക്ഷേത്രം, കൊടുങ്ങുർ ദേവി ക്ഷേത്രം, വാഴൂർ, മണക്കാട്ടു ദേവി ക്ഷേത്രം, ചിറക്കടവ് മഹാദേവ ക്ഷേത്രം, എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രം (വലിയമ്പലം), നിലയ്‌ക്കൽ മഹാദേവ ക്ഷേത്രം, ആറന്മുള പാർത്ഥസാരഥി ക്ഷേത്രം, പന്തളം വലിയ കോയിക്കൽ ധർമശാസ്‌താക്ഷേത്രം മുതലായ ക്ഷേത്രങ്ങൾ അയ്യപ്പഭക്തരുടെ പ്രധാന ഇടത്താവളങ്ങളാണ്.

വിരി വെയ്ക്കാനുള്ള സ്ഥല സൗകര്യവും, കുളിയ്ക്കുവാനും മറ്റു പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിയ്ക്കാനും ഉള്ള സൌകര്യങ്ങളും ആണ് പ്രധാനമായും ഭക്തരെ ഇവിടങ്ങളിലേയ്ക്ക് ആകർഷിക്കുന്നത്. വൈക്കം മുതലായ മഹാ ക്ഷേത്രങ്ങളിൽ പതിവുള്ള അന്നദാനത്തിനു പുറമേ, ശബരിമല തീർത്ഥാടന കാലത്ത് മിക്ക ക്ഷേത്രങ്ങളിലും അയ്യപ്പഭക്തരെ ഉദ്ദേശിച്ച് അന്നദാനം നടത്തുന്നു.

തിരുവാഭരണം

തിരുത്തുക
 
2010ലെ ഭക്തജനത്തിരക്ക്

അയ്യപ്പന്റെ വളർത്തച്‌ഛനായ പന്തളത്തു തമ്പുരാൻ തന്റെ മകന്റെ ശരീരത്തിൽ അണിയിക്കാനായി പണികഴിപ്പിച്ച സ്വർ‌ണ്ണാഭരണങ്ങളാണ് തിരുവാഭരണം എന്ന പേരിൽ അറിയപ്പെടുന്നത്. ഇവ പന്തളത്ത് വലിയകോയിക്കൽ ക്ഷേത്രത്തിനു സമീപത്തുള്ള ശ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നു. എല്ലാ വർഷവും ഈ തിരുവാഭരണങ്ങൾ ശബരിമലയിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുന്നു. കൊട്ടാരത്തിൽ നിന്നും വലിയതമ്പുരാൻ നിർ‌ദ്ദേശിക്കുന്ന രാജപ്രതിനിധി തിരുവാഭരണത്തെ അനുഗമിക്കുന്നു. പന്തളത്തു തമ്പുരാന് അയ്യപ്പന്റെ അച്‌ഛന്റെ സ്ഥാനമായതിനാൽ അദ്ദേഹം നേരിട്ട് ശബരിമലയിൽ എത്തിയാൽ ദൈവമായ അയ്യപ്പൻ എഴുന്നേറ്റുവണങ്ങേണ്ടി വരും എന്നാണ് വിശ്വാസം. അതിനാൽ വലിയ തമ്പുരാനാകുന്ന വ്യക്തി പിന്നീട് മല ചവിട്ടാറില്ല. അതിനാലാണ് പകരക്കാരനായി രാജപ്രതിനിധി തിരുവാഭരണത്തെ അനുഗമിക്കുന്നത്.

വർഷം തോറും ധനു മാസം 28-നു തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെടുന്നു. പരമ്പരാഗത തിരുവാഭരണപാതയിലൂടെ യാത്ര ചെയ്ത് ഘോഷയാത്ര മകരമാസം 1-നു ശബരിമലയിൽ എത്തിച്ചേരുന്നു. പതിനെട്ടാം‌പടിക്കു മുകളിൽ വെച്ച് സ്വീകരിക്കപ്പെടുന്ന തിരുവാഭരണങ്ങൾ ചാർത്തിയാണ് അന്നു വൈകുന്നേരത്തെ ദീപാരാധന. ദീപാരാധനയ്ക്കു ശേഷം പൊന്നമ്പലമേട്ടിൽ പ്രത്യക്ഷമാകുന്ന ജ്യോതിയാണ് മകരജ്യോതി. മകരജ്യോതി കണ്ടു തൊഴാൻ വർഷം തോറും ഈ ദിവസം ലക്ഷക്കണക്കിന് ഭക്തർ ശബരിമലയിൽ എത്തിച്ചേരാറുണ്ട്.

തങ്കയങ്കി

തിരുത്തുക
പ്രധാന ലേഖനം: തങ്കയങ്കി

തിരുവിതാംകൂർ മഹാരാജാവ്‌ ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ 1973-ൽ ക്ഷേത്രത്തിന് സംഭാവന നൽകിയ 420 പവൻ തൂക്കമുള്ള തങ്കയങ്കി മണ്‌ഡലപൂജയ്‌ക്കാണ്‌ ശബരിമലമുകളിലെ അയ്യപ്പവിഗ്രഹത്തിൽ അണിയിക്കുന്നത്. മണ്‌ഡലപൂജയ്‌ക്ക്‌ രണ്ടുനാൾ മുമ്പാണ്‌ തങ്കയങ്കി വഹിച്ചുകൊണ്ടുള്ള രഥയാത്ര ആറന്മുളയിൽ നിന്നു പുറപ്പെടുന്നത്‌.

തത്ത്വമസി

തിരുത്തുക

ശബരിമലയിൽ വ്രതമനുഷ്ടിച്ച് കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ എത്തിച്ചേരുന്ന തീർഥാടകനുള്ള സന്ദേശം 'തത്ത്വമസി' എന്നാണ്. സാമവേദത്തിന്റെ സാരമായ ഈ സംസ്കൃതപദത്തിന്റെ അർഥം 'തത്-ത്വം-അസി' അഥവാ 'അത് നീ ആകുന്നു' എന്നാണ്. നിങ്ങൾ ആരെയാണോ കാണാൻ വന്നിരിക്കുന്നത് അത് നിങ്ങൾ തന്നെയാണ്. അവനവന്റെയുള്ളിലെ പരമാത്മാവിനെയും ജീവാത്മാ-പരമാത്മാ ബന്ധത്തേയും ഇവ സൂചിപ്പിക്കുന്നു.

പ്രസാദങ്ങൾ

തിരുത്തുക

അരവണപ്പായസവും കൂട്ടപ്പവുമാണ് ശബരിമലയിലെ പ്രധാന പ്രസാദങ്ങൾ. ഇവ ക്ഷേത്രത്തിനടുത്തുള്ള വിതരണ കൗണ്ടറുകൾ വഴിയാ‍ണ് വിതരണം ചെയ്യുന്നത്. സ്ത്രീകൾ ഋതുമതിയാകുമ്പോൾ പണ്ട് കാലങ്ങളിൽ വയ്ക്കാറൂള്ള ഋതുമതികഞ്ഞിയാണ് അരവണപ്പായസമായി മാറിയത്. അരവണപ്പായസത്തിനായുള്ള അരി തിരുവിതാംകൂർ ദേവസ്വത്തിനു തന്നെ കീഴിലുള്ള ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ നിന്നുമാണ് കൊണ്ടുവരുന്നത്.

ശബരിമല വ്രതാനുഷ്ഠാനം

തിരുത്തുക

ബുദ്ധമതത്തിലെ തത്ത്വങ്ങൾ ആണു വ്രതനിഷ്ഠയ്ക്കും ആചാരങ്ങളും അവലംബമായിട്ടുള്ളത് എന്ന് ചരിത്രകാരന്മാരും ക്ഷേത്രങ്ങളെക്കുറിച്ച് പഠിക്കുന്നവരും പറയുന്നു. ബൗദ്ധ മതത്തിലെ ചതുര സത്യങ്ങൾ പ്രധാനമായ തത്ത്വങ്ങളാണ് ചതുര സത്യങ്ങൾ. ഈ സത്യങ്ങൾ തിരിച്ചറിയുന്നവനാണു മോക്ഷം എന്നാണു സങ്കല്പം. ഈ സത്യങ്ങളെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ അഷ്ടമാർഗ്ഗങ്ങൾ എന്നറിയപ്പെടുന്നവയാണ്.

1) ശരിയായ വീക്ഷണം 2) ശരിയായ ലക്‌ഷ്യം 3)ശരിയായ ഭാഷണം 4) ശരിയായ പ്രവൃത്തി 5) ശരിയായ ഉപജീവന മാർഗ്ഗം 6) ശരിയായ അവധാനത 7) ശരിയായ ഏകാഗ്രത 8) ശരിയായ പരിശ്രമം എന്നിവയാണവ ഈ മാർഗ്ഗങ്ങൾ സ്വീകരിച്ച് ചതുര സത്യങ്ങൾ അറിയാൻ തീരുമാനിക്കുന്നവർ ചെയ്യേണ്ട അഞ്ച് ശീലങ്ങളാണ് എല്ലാവരും പൊതുവിൽ പഞ്ച ശീലങ്ങൾ എന്നറിയപ്പെടുന്നു.1)ജന്തു ഹിംസ ഒഴിവാക്കുക 2)മോഷ്ടിക്കാതിരിക്കുക.3)ബ്രഹ്മചര്യഭംഗം ഒഴിവാക്കുക.4)അസത്യം പറയാതിരിക്കുക.5)ലഹരി വർജ്ജിക്കുക എന്നിവ. ഈ അഞ്ച് നിഷേധാത്മക നിയമങ്ങളിൽ ആദ്യത്തെ നാലും യമങ്ങൾ എന്ന പേരിൽ യോഗ ശാസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്നവ തന്നെയാണ്. ഇത്തരത്തിൽ ഒരു സത്യാൻവേഷകൻ തന്റെ യാത്ര തിരിക്കുമ്പോൾ കൂടെ കൂട്ടേണ്ട മന്ത്രങ്ങളെ ശരണത്രയങ്ങൾ എന്നു വിളിക്കുന്നു. ഇങ്ങനെ 4 സത്യങ്ങൾ 8 മാർഗ്ഗങ്ങൾ 5 ശീലങ്ങൾ എന്നിവയിലൂടെയാണ് മോക്ഷം ലഭിക്കുക എന്നാണു വിശ്വാസം. ഈ പതിനേഴും പിന്നെ പരമമായ മോക്ഷവും ചേർന്ന പടികളാണ് പതിനെട്ടാം പടികൾ എന്ന് അറിയപ്പെട്ടിരുന്നത്.

കാലപ്രവാഹത്തിൽ 8 നൂറ്റാണ്ടിനു ശേഷം ബൗദ്ധസന്യാസിമാർ കേരളത്തിൽ നിന്ന് അപ്രത്യക്ഷമായതോടെ ക്ഷേത്രവും അതിനു ചുറ്റിയുള്ള വിഹാരങ്ങളും കാനന വാസികളായ മലയരയുടെ അധീനതയിൽ വന്നു ചേർന്നു. അവർ പഴയ ആചാരങ്ങൾക്ക ഭംഗവരുത്താതെ തുടർന്നുവെങ്കിലും പല അനുഷ്ഠാനങ്ങളും ആദ്യകാലത്തേതിൽ നിന്നും വ്യത്യസ്തവും പ്രാകൃതവും ആയിത്തീർന്നു. 8 നൂറ്റാണ്ടുകൾക്ക് ശേഷം ഹിന്ദുമതത്തിനെ നവോത്ഥാനം ഗുപ്തസാമ്രാജ്യകാലത്ത് തുടങ്ങിയ ശേഷമാണ് കേരളത്തിലെയും പഴയകാല കാവുകളും വിഹാരങ്ങളും ഹിന്ദുമതത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹിന്ദു വത്കരിക്കപ്പെട്ടതും ബ്രാഹമണർ തങ്ങളുടെ പരമ്പാരാഗത തൊഴിലായ യാഗങ്ങളും ഭിക്ഷാടനങ്ങൾക്കും പുറമേ ക്ഷേത്രങ്ങളുടെ താന്ത്രിക മേൽനോട്ടങ്ങൾ സ്വീകരിക്കുന്നതും ഇക്കാലത്താണ്.

ലഭ്യമായ സർക്കാർ രേഖകൾ പ്രകാരം 1992 നു ശേഷം പത്തിനും അമ്പതിനും ഇടയ്ക്ക്[അവലംബം ആവശ്യമാണ്] വയസുള്ള സ്ത്രീകളെ മലച്ചവിട്ടാൻ അനുവദിച്ചിരുന്നില്ല. ചില പ്രമുഖരായുള്ള സ്ത്രീകൾ സ്ന്നിധാനത്ത് നൃത്തം ചെയ്യുകയും ചലച്ചിത്രപ്രവത്തനം തുടങ്ങിയവ നടക്കുകയും ചെയ്തത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതോടെയാണ് ഇത് ഉണ്ടായത്. എന്നാൽ അതിനുശേഷം 12 വർഷക്കാലം നടന്ന വ്യവഹാരത്തിനൊടുവിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾ‍ക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധിയുണ്ടായു. സ്ത്രീകളെ ശബരിമലയിൽ കയറാൻ അനുവദിക്കാത്തത് ഭരണഘടനാപരമായി നിലനിൽക്കുന്നതല്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.[32]

കുറഞ്ഞത് 41 ദിവസത്തെ വ്രതാനുഷ്ഠാനം വേണം മലകയറാൻ എന്നാണ് അലിഖിതമായ നിയമം എങ്കിലും പലരും അത് സ്വീകരിച്ചു കൊള്ളണമെന്നില്ല. എന്നാൽ. അതിലും കടുത്ത വ്രതങ്ങൾ നോക്കുന്നവരും ഉണ്ട്. എന്നാൽ കൃത്യമായ വൃതങ്ങൾ അനുഷ്ഠിക്കണമെന്ന കടും പിടുത്തം ഉള്ളതായി കാണുന്നില്ല. ആദ്യമായി മലകയറാൻ വ്രതം തുടങ്ങുന്ന ആളെ 'കന്നി അയ്യപ്പൻ' അഥവ 'കന്നിസ്വാമി' എന്നു വിളിക്കുന്നു. ഒരു പെരിയസ്വാമി അഥവാ ഗുരുസ്വാമിയെ കണ്ടുപിടിക്കുകയാണ് ആദ്യം കന്നി അയ്യപ്പൻ ചെയ്യേണ്ടത്. 18 കൊല്ലമെങ്കിലും മല ചവിട്ടിയ ആളായിരിയ്ക്കും ഗുരുസ്വാമി . അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ, വൃശ്ചികമാസം ഒന്നാം തിയതി ക്ഷേത്രസന്നിധിയിൽ വച്ച് മാലയിടുന്നു. അതിരാവിലെ കുളിച്ചു ശുദ്ധമായി കറുത്ത വസ്ത്രം ധരിച്ചു ശരണംവിളിയോടെ രുദ്രാക്ഷമാല ധരിക്കുന്നു. മാലയിൽ സ്വാമി അയ്യപ്പൻറെ രൂപം ഉൾക്കൊള്ളുന്ന ലോക്കറ്റ് ഉണ്ടായിരിക്കണം. വൃശ്ചിക ഒന്നുമുതൽ ധനു 11 വരെ വ്രതാനുഷ്ഠാനങൾ തെറ്റാതെ അനുഷ്ഠിക്കണം. മണ്ഡലകാലത്ത് 'വെള്ളംകുടി (ആഴിപൂജ, പടുക്ക)' എന്ന ചടങ്ങ് നടത്തുന്നു. ശബരിമലക്ക് പോകും മുമ്പായി ' കെട്ടുനിറ ' അഥവാ 'കെട്ടുമുറുക്ക് ' എന്ന കർമ്മം നടത്തുന്നു. ഗുരുസ്വാമിയുടെ നേതൃത്വത്തിൽ അയ്യപ്പന്മാർ ഇരുമുടിക്കെട്ടുനിറയ്ക്കുന്നു. കെട്ടുനിറ വീട്ടിൽ വച്ചോ അടുത്ത ക്ഷേത്രത്തിൽ വെച്ചോ ആകാം. കെട്ടുനിറച്ച്, നാളികേരം ഉടച്ച്, പിന്തിരിഞ്ഞു നോക്കാതെ, ശരണം വിളിയോടെ അയ്യപ്പന്മാർ യാത്ര പുറപെടുന്നു. എരുമേലി എത്തിയാൽ അവിടെ വച്ച് പേട്ടതുള്ളൽ എന്ന ചടങ്ങ് നടത്തുന്നു. പേട്ടതുള്ളൽ കഴിഞ്ഞാൽ എരുമേലി വലിയമ്പലം ശാസ്താക്ഷേത്രത്തിന്റെ മുൻവശത്തുള്ള ജലാശയത്തിൽ സ്നാനം ചെയ്തു ക്ഷേത്ര ദർശനം നടത്തി കാണിക്കയിട്ടു തൊഴുതു നാളികേരം എറിഞ്ഞു കെട്ടുതാങ്ങി 'സ്വാമിയുടെ കോട്ടപ്പടി' എന്ന ആ സ്ഥാനം കടക്കുന്നു. തുടർന്ന് വാവരുസ്വാമി നടയിലും തൊഴുത് പേരൂർതോട് കടന്ന് കാളകെട്ടി വഴി അഴുതയിലെത്തുന്നു. പിന്നീട് അഴുതാനദിയിലെ സ്നാനമാണ്. പമ്പാനദിയുടെ ഒരു പോഷകനദിയാണ് അഴുതാനദി. കന്നി അയ്യപ്പന്മാർ അഴുതയിൽ മുങ്ങി ഒരു കല്ലെടുത്ത്‌ വസ്ത്രത്തിന്റെ തുമ്പിൽ കെട്ടിയിടുന്നു. പിന്നീട് കല്ലിടാംകുന്നിലെത്തി ശേഖരിച്ച കല്ലുകൾ അവിടെ നിക്ഷേപിക്കുന്നു. മുക്കുഴിതീർത്ഥവും കരിയിലംതോടും കടന്ന്, അതികഠിനമായ കരിമല കയറി, വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് പമ്പാനദിക്കരയിൽ എത്തുന്നു. അവിടെവച്ച് പമ്പവിളക്കൊരുക്കും. തുടർന്ന് പമ്പാനദിയിൽ മുങ്ങിക്കുളിച്ചു പമ്പസദ്യ ഒരുക്കും. ഗുരുസ്വാമിയ്ക്കുള്ള ദക്ഷിണ ഇവിടെവച്ച് നൽകണം. പമ്പസദ്യയുണ്ട് പമ്പയിലെ ഗണപതിക്ഷേത്രത്തിൽ തൊഴുത് നീലിമലകയറ്റം തുടങ്ങുന്നു. പിന്നീടുള്ള യാത്ര മദ്ധ്യേ അപ്പാച്ചിമേടും, ഇപ്പാച്ചിമേടും കാണാം.അവിടെ അരിയുണ്ടയും ശർക്കരയുണ്ടയും എറിയുന്നു. ശബരിപീഠം പിന്നീടു ശരംകുത്തിയിൽ എത്തി അവിടെ കന്നി അയ്യപ്പൻമാർ ശരക്കോൽ നിക്ഷേപിക്കുന്നു. അല്പനേരം കഴിഞ്ഞാൽ പരമപവിത്രമായ ശബരീശസന്നിധിയിൽ ഭക്തരെത്തുന്നു. പതിനെട്ടാം പടി കയറുന്നതിന് മുമ്പ് ഇരുമുടിക്കെട്ടിൽനിന്നും നെയ്യ് നിറയ്ക്കാത്ത തേങ്ങയെടുത്ത് പടിയുടെ അടുത്തുള്ള കല്ലിൽ എറിഞ്ഞുടയ്ക്കുന്നു. പിന്നെ പതിനെട്ടാംപടി കയറി ക്ഷേത്രനടയിലെത്തി ഇരുമുടിക്കെട്ട് അയ്യപ്പന് കാണിച്ചു കൊടുക്കുന്നു. തുടർന്ന്, കെട്ടഴിച്ച് നെയ്തേങ്ങ പുറത്തെടുത്ത് ഉടച്ച്, തേങ്ങയുടെ ഉള്ളിൽ നിറച്ച നെയ്യ് ഒരു പത്രത്തിൽ ഒഴിച്ച് ഭഗവാന് അഭിഷേകം ചെയ്യാൻ കൊടുക്കുന്നു. നെയ്യ് ജീവാത്മാവും തേങ്ങ ശരീരവുമാണെന്നാണ് വിശ്വാസം. അതിനാൽ, നെയ്യ് പുറത്തെടുക്കുന്നതോടെ തേങ്ങ ജഡമായതായി സങ്കല്പിയ്ക്കപ്പെടുന്നു. ഇങ്ങനെ മുറിച്ച തേങ്ങകൾ പിന്നീട് പതിനെട്ടാം പടിയ്ക്കടുത്തുള്ള ആഴിയിൽ നിക്ഷേപിയ്ക്കുന്നു.

തുടർന്ന്, പ്രദക്ഷിണമായി വന്ന് കന്നിമൂല ഗണപതിയെയും നാഗദൈവങ്ങളെയും തൊഴുത് ഭക്തർ അടുത്തുള്ള മാളികപ്പുറത്തേയ്ക്ക് പോകുന്നു. പോകുന്ന വഴിയിലാണ് ഭസ്മക്കുളം. ഭക്തർ ഇവിടെയും കുളിയ്ക്കുന്നു. മാളികപ്പുറത്തമ്മയുടെ നടയിൽ യഥാവിധി വഴിപാടുകൾ കഴിച്ച് സമീപത്തുള്ള കൊച്ചുകടുത്ത, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവരെയും വണങ്ങുന്ന ഭക്തർ തുടർന്ന് അവശേഷിച്ച നാളികേരങ്ങൾ നടയിൽ ഉരുട്ടുന്നു. അയ്യപ്പന്റെ മൂലസ്ഥാനമായ മണിമണ്ഡപവും ഇവിടെയാണ്. മണിമണ്ഡപമുറ്റത്ത് നടത്തുന്ന പറകൊട്ടിപ്പാട്ട് പ്രശസ്തമാണ്. വേലൻ സമുദായത്തിൽ പെട്ടവരാണ് ഈ ആചാരം നടത്തുന്നത്. സ്വാമിമാരുടെയും മാളികപ്പുറങ്ങളുടെയും സമസ്തദോഷങ്ങളും ഇതോടെ തീർന്നുവെന്നാണ് വിശ്വാസം. പിന്നീട്, വീണ്ടും അയ്യപ്പന് മുന്നിലെത്തി വണങ്ങുന്ന ഭക്തർ സന്നിധാനത്തെ വാവരുനടയിലും തൊഴുത് അരവണപ്പായസവും ഉണ്ണിയപ്പവും മറ്റ് പ്രസാദങ്ങളും വാങ്ങി മടക്കയാത്ര തുടങ്ങുന്നു. വീട്ടിലെത്തി കുളിച്ച് ശരണംവിളിച്ച് മാലയൂരുന്നതോടെ വ്രതം അവസാനിയ്ക്കുന്നു.

വിശേഷദിവസങ്ങൾ

തിരുത്തുക

ശബരിമല ക്ഷേത്രത്തിൽ എല്ലാ മലയാളമാസത്തിലും മകരവിളക്കിനും മണ്ഡലകാലത്തും മാത്രമേ തുറന്ന് പൂജ നടത്തിയിരുന്നുള്ളു. എന്നാൽ ഭക്തജനങ്ങളുടെ തിരക്ക് വർദ്ധിച്ചപ്പോൾ അതിൽ മാറ്റങ്ങൾ ഉണ്ടായി. ഇന്ന് എല്ലാ മലയാളമാസവും ഒന്ന് മുതൽ അഞ്ചാം തിയതി വരെയും, മണ്ഡല കാലത്ത് 41 ദിവസവും, മകരം ഒന്നിനു മുമ്പ് 9 ദിവസവും, മേടം ഒന്നിനു മുമ്പ് 4 ദിവസവും എടവത്തിൽ ഉത്രം, അത്തം, തിരുവോണം നാളുകളും നടതുറക്കുന്ന ദിവസങ്ങളാണ്. എടവത്തിലെ അത്തമാണ്‌‍ പ്രതിഷ്ഠാദിവസം.

ശബരിമല ക്ഷേത്രത്തിലെ ഉത്സവം പത്തുദിവസമാണ്. മീനമാസത്തിലെ കാർത്തികനാളിൽ കൊടികയറും. അയ്യപ്പന്റെ പിറന്നാളായ പൈങ്കുനി ഉത്രം നാളിൽ പമ്പാനദിയിലാണ് ആറാട്ട്. ശനി പീഡ കൊണ്ടു ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഇവിടെ ശനിയാഴ്ച ദിവസം ദർശനം നടത്തുന്നത് വിശേഷമായി കരുതുന്നു.

മകരജ്യോതി ദർശനം

തിരുത്തുക
പ്രധാന ലേഖനം: മകര വിളക്ക്

ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകരജ്യോതി ദർശനം. മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയതിയാണ് ഈ ഉത്സവം നടക്കുന്നത്. അന്നേദിവസം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു. അയ്യപ്പന്റെ തിരുവാഭരണം ചാർത്തി ദീപാരാധനക്ക് ശേഷമാണ് മകരജ്യോതി തെളിക്കുന്നതും മകര വിളക്ക് സമയത്താണ്. ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവർത്തകരും പോലീസ് സംരക്ഷണയിൽ പൊന്നമ്പലമേട്ടിലെത്തി കർപ്പൂരം കത്തിക്കുന്നതാണ് മകരജ്യോതി.[33]

ഹരിവരാസനം

തിരുത്തുക
പ്രധാന ലേഖനം: ഹരിവരാസനം

ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം[34] ഭക്തർക്കുള്ള ദർശനത്തിനുശേഷം ഭഗവാനെ പള്ളിയുറക്കാനുള്ള ഒരു ഗീതമാണ് ഇതെന്നാണ് വിശ്വാസം. കമ്പക്കുടി കുളത്തൂർ സുന്ദരേശയ്യർ ആണ് ഈ ഉറക്കുപാട്ട് കണ്ടെത്തി പ്രസിദ്ധീകരിച്ചത്. ഈ രചനയിൽ 352 അക്ഷരങ്ങളും 108 വാക്കുകളും 32 വരികളുമുണ്ട്. 1950 ലുണ്ടായ വൻ തീപ്പിടുത്തത്തിനുശേഷം പുനഃപ്രതിഷ്ഠ നടത്തിയ ദിവസമാണ് ആദ്യം ഈ ഗാനം ആലപിച്ചത്. ആദ്യകാലത്ത് അത്ര പ്രസിദ്ധമല്ലാതിരുന്ന ഈ ഗാനം 1975ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ പ്രസിദ്ധി നേടി.

ക്ഷേത്രനട അടയ്ക്കുന്നതിന് മുന്നോടിയായി തന്ത്രിയും ശാന്തിക്കാരും വിഗ്രഹത്തിന്റെ ഇരുപുറത്തുമായി ഇരിയ്ക്കും. തുടർന്ന് പാട്ടിലെ ഓരോ വരിയും അവസാനിയ്ക്കുന്നതിന് അനുസരിച്ച് വിഗ്രഹത്തിന്റെ ഇടതുഭാഗത്തെ ഓരോ വിളക്കും അണച്ചുകൊണ്ടിരിയ്ക്കും. അവസാനം വിഗ്രഹത്തിന്റെ വലതുഭാഗത്തെ വലിയ വിളക്കും അണച്ചശേഷം തന്ത്രിയും ശാന്തിക്കാരും പുറത്തിറങ്ങും. ഇതേ സമയം 1984ൽ ഹരിഹരസുത അഷ്ടോത്തരശതം എന്ന ആൽബത്തിനുവേണ്ടി കെ.ജെ. യേശുദാസ് ആലപിച്ച ഹരിവരാസനം പുറത്തുള്ളവർക്കുവേണ്ടി പ്രക്ഷേപണം ചെയ്യുന്നുണ്ടാകും. ഹരിവരാസനമെന്ന കീർത്തനത്തിന്റെ രചയിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാണ് കുളത്തൂർ സുന്ദരേശയ്യർ. ഹരിവരാസനം ശാസ്താവിന്റെ ഉറക്കുപാട്ട് എന്ന നിലയിൽ പ്രസിദ്ധമാണ്. അഷ്ടകം എന്ന ശ്ലോക ക്രമത്തിലാണ് ഇതിന്റെ രചന. ശബരിമല നവീകരണംകഴിഞ്ഞ വേളയിൽ അന്നത്തെ മേൽശാന്തി വടാക്കം ഈശ്വരൻ നമ്പൂതിരി അത്താഴ പൂജക്കു ശേഷം തിരുമുമ്പിൽ ആലപിച്ചുകൊണ്ട് അത് ഇന്നും തുടർന്നു വരുന്നു. തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ്‌ കമ്പക്കുടി.

1963 നവംബറിൽ തിരുവനന്തപുരം ചാലയിലെ ജയചന്ദ്രാ ബുക്ക് ഡിപ്പോയിൽ നിന്നു പുറത്തിറക്കിയ ‘ഹരിവരാസനം വിശ്വമോഹനം’ എന്ന കീർത്തനസമാഹാരം പിന്നീട് ഇതേ പറ്റി അന്വേഷിച്ചവർക്ക് കണ്ടെത്താൻ സാധിച്ചിരുന്നു. ഇതിന്റെ 78ാം പേജിൽ ‘ഹരിഹരാത്മജാഷ്‌ടകം’ എന്ന തലക്കെട്ടിൽ ഈ കീർത്തനം അച്ചടിച്ചിട്ടുണ്ട്. ഇതിൽ ‘സമ്പാദകൻ’ എന്നാണ് ഇദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. സമ്പാദകൻ ഒരിക്കലും രചയിതാവാകില്ല എന്നുണ്ട്. യഥാർഥ രചയിതാവ് ശാസ്താംകോട്ട കോന്നകത്ത് ജാനകിയമ്മയാണ് എന്ന വാദം നിലവിൽ ഉണ്ട്. ജാനകിയമ്മ എഴുതിയ 'ഹരിവരാസനം' ഗാനത്തിന്റെ കൈയെഴുത്തുപ്രതി കണ്ടെടുത്ത അവരുടെ ബന്ധുക്കൾ ഇപ്പോൾ തെളിവുകളുമായി രംഗത്തുണ്ട് എന്നതും ശ്രദ്ധേയമാണ്.

  1. "Religion and Women's Rights Clash, Violently, at a Shrine in India". The New York Times. 18 October 2018.
  2. "Record collection at Sabarimala". The Hindu. 2014-12-27.
  3. "Women to enter Sabarimala temple today: Weird laws against women from all over the world". India Today. 2018-09-28.
  4. "Legend of Sabarimala: Love story that kept women from Lord Ayyappa". India Today. 2018-09-28.
  5. "The Buddhist Connection: Sabarimala and the Tibetans". Rediff. 1997-12-31.
  6. "ശബരിമല ധർമ്മശാസ്താക്ഷേത്രം".
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-12. Retrieved 2016-04-11.
  8. http://www.sabarimalaayyappan.com/
  9. ശബരിമല[പ്രവർത്തിക്കാത്ത കണ്ണി]മറ്റൊരു ഐതിഹ്യം
  10. കൃഷ്ണചൈതന്യ. പി.ജി. പുരുഷോത്തമൻ പിള്ള (ed.). ഇന്ത്യയുടെ ആത്മാവ് (1996 ed.). ന്യൂഡൽഹി: നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യ. ISBN 81-237-1849-7. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
  11. വി.വി.കെ. വാലത്ത്; കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തിരുവനന്തപുരം ജില്ല. കേരളസാഹിത്യ അക്കാദമി. തൃശൂർ
  12. മുകുന്ദൻ സി., മേനോൻ (2017 മാർച്ച് 5). "Hinduism and Talibanism". {{cite web}}: Check date values in: |date= (help)
  13. Hirosaka, Shu. The Potiyil Mountain in Tamil Nadu and the origin of the Avalokiteśvara cult
  14. സദാശിവൻ, എസ്, എൻ. സോഷ്യൽ ഹിസ്റ്ററി ഓഫ് സൗത്ത് ഇന്ത്യ.{{cite book}}: CS1 maint: multiple names: authors list (link)
  15. https://www.news18.com/news/india/sabarimala-a-buddhist-shrine-govt-thinks-so-282430.html
  16. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-17. Retrieved 2017-03-29.
  17. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-13. Retrieved 2017-03-29.
  18. https://books.google.ae/books?id=Be3PCvzf-BYC&pg=PA109&lpg=PA109&dq=sambandhamoorthi&source=bl&ots=9kanUiqhxo&sig=27CTQ0Gg7Q-5m6a0CZD_kgSK8z8&hl=en&sa=X&ved=0ahUKEwj_yoGW-PvSAhUCQBoKHZn1BGcQ6AEILzAG#v=onepage&q=sambandhamoorthi&f=false
  19. https://supremecourtofindia.nic.in/supremecourt/2006/18956/18956_2006_Judgement_28-Sep-2018.pdf
  20. "Samarimala Sthree Praveshanam".
  21. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2018-02-19. Retrieved 2018-10-14.
  22. https://www.manoramanews.com/news/kerala/2018/09/28/a-controversy-start-from-a-image-in-sabarimala.html
  23. https://www.asianetnews.com/news/government-cancelled-brewer-ypermission-pgiqfg
  24. "Sabarimala Mandala Kalam 2019 Dates".
  25. വാവരുടെ കഥ[പ്രവർത്തിക്കാത്ത കണ്ണി] വാവരുടെ കഥ
  26. [http://mangalam.com/index.php?page=detail&nid=43285 മംഗളം വാർത്ത മകരവിളക്ക്‌ സ്വയം തെളിയുന്നതല്ല: തന്ത്രി മഹേശ്വര്‌
  27. "മകരവിളക്ക് മനുഷ്യൻ കത്തിക്കുന്നതു തന്നെ". tejus. Retrieved 19 ഫെബ്രുവരി 2015.[പ്രവർത്തിക്കാത്ത കണ്ണി]
  28. "ശബരിമല മകരവിളക്ക് വിശേഷങ്ങൾ..." Retrieved 19 ഫെബ്രുവരി 2015.
  29. മലയാളം വെബ് ദുനിയയിൽ നിന്നും ശേഖരിച്ചത് 18 ഫെബ്രുവരി 2010
  30. പി.ജി.രാജേന്ദ്രൻ രചിച്ച “ക്ഷേത്ര വിജ്ഞാനകോശം”
  31. http://www.sabarimalaayyappan.com/temple.htm
  32. http://zeenews.india.com/news/india/sc-questions-ban-on-womens-entry-in-sabarimala-temple-asks-if-tradition-is-above-constitution_1874867.html
  33. "Makaravilakku is lit by hand: Tantri". The Hindu. 28 മെയ് 2008. Archived from the original on 2011-08-25. Retrieved 14 ജനുവരി 2011. {{cite news}}: Check date values in: |date= (help)
  34. "ശബരിമലയിലെ ദിവസ പൂജ". Archived from the original on 2008-05-15. Retrieved 2008-05-28.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രസഞ്ചയം

തിരുത്തുക

ഇതും കൂടി കാണുക

തിരുത്തുക