കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലുക്കിൽ ഹരിപ്പടിനു കിഴക്ക് പള്ളിപ്പാട് ഗ്രാമത്തിൻറെ തെക്കേ അതിർത്തിയായ മുട്ടത്തു നിന്നും (നങ്ങ്യാർകുളങ്ങര--മാവേലിക്കര റോഡിൽ പള്ളിപ്പാട് ജങ്ഷനിൽനിന്ന്) ഏകദേശം അര കി.മി. വടക്ക് മാറി തെക്കുംമുറി കരയിൽ ആണ് മണക്കാട്ട്‌ ദേവി ക്ഷേത്രം സ്ഥിതി ചെയുന്നത്. പള്ളിപ്പാട്ടെ തെക്കുംമുറി, കൊട്ടകകം, നടുവട്ടം, തെക്കെകര കിഴക്ക് ദേശക്കാരുടെ സർവസ്വവുമാണ് ശ്രീ മണക്കാട്ട് ദേവി ക്ഷേത്രം. പഞ്ചവർഗ്ഗതറയിൽ തടിയിൽ നിർമിച്ചതാണ് ഭഗവതീക്ഷേത്രത്തിൻറെ ശ്രീകോവിലും ചുറ്റമ്പലവും. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. 112, 113, 98, 109 എന്നീ എൻ.എസ്.എസ്. കരയോഗങ്ങളുടെ ഭരണത്തിൻ കീഴിൽ ആണ് ക്ഷേത്രം സ്തിഥി ചെയ്യുന്നത്. തന്ത്രകർമ്മങ്ങൾക്ക് അധികാരം താഴമൺ തന്ത്രികൾക്കാണ് .

മണക്കാട്ട്‌ ദേവി ക്ഷേത്രം
മണക്കാട്ട്‌ ദേവി ക്ഷേത്രം
മണക്കാട്ട്‌ ദേവി ക്ഷേത്രം
സ്ഥാനം
പ്രദേശം:ആലപ്പുഴ ജില്ല, കേരളം
സ്ഥാനം:പള്ളിപ്പാട്, ഹരിപ്പാട്
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഭുവനേശ്വരി
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം, പറയ്ക്കെഴുന്നള്ളത്
വാസ്തുശൈലി:തെക്കെ ഇന്ത്യൻ, കേരളീയ രീതി
ചരിത്രം
ക്ഷേത്രഭരണസമിതി:നാല് NSS കരയോഗങ്ങളുടെ മേൽനോട്ടത്തിൽ ആണ് ക്ഷേത്രത്തിന്റ ഭരണം
വെബ്സൈറ്റ്:www.manakkattudevitemple.com

ഐതിഹ്യം

തിരുത്തുക

ദ്വാപരയുഗത്തിൽ ഖാന്ധവദാഹനത്തിൽ ഇവിടുത്തെ പുരാതന ക്ഷേത്രം നശിക്കുകയും വിഗ്രഹം ഭൂമിയിൽ മറഞ്ഞു പോകുകയും ചെയ്തു. പിന്നീടുള്ള കാലം ഈ പ്രദേശം വനമായി മാറി. വലിയമണക്കാട്ട്‌കാവ് എന്ന പ്രദേശത്താണ് വിഗ്രഹം മറഞ്ഞു കിടന്നിരുന്നത്. ഇതിനടുത്തുള്ള നെൽപ്പാടത്ത് കൊയ്ത്തിനു വന്ന പുലയ സ്ത്രീ അവിടെ കണ്ട ഒരു ശിലയിൽ തന്റെ അരിവാൾ തേച്ചു. കല്ലിൽ നിന്നും രക്തം വരുന്നത് കണ്ടു ഭയന്ന് പോയ ആ സ്ത്രീ വിവരം പെട്ടെന്ന് വയലിൻറെയും കാവിൻറെയും ഉടമസ്ഥനായ മുട്ടം പെരുമ്പാറ ഇല്ലത്തെ ബ്രാഹ്മണനെ അറിയിച്ചു. ഉടനെ അവിടെയെത്തിയ ബ്രാഹ്മണൻ സ്ത്രീ അരിവാൾ തേച്ചത് ദേവി വിഗ്രഹത്തിൽ ആണെന്ന് മനസ്സിലാക്കുകയും, വിഗ്രഹമെടുത്ത്‌ സ്വന്തം ഇല്ലത്ത് കൊണ്ടുവന്ന് വെച്ച് ആരാധിക്കുകയും ചെയ്തു. ആ കാലത്ത് ആരാധിക്കാനും പരദേവതയില്ലാതിരുന്ന പള്ളിപ്പാട്ടെ തെക്കുംമുറി, കോട്ടയ്ക്കകം, നടുവട്ടം, തെക്കേക്കരകിഴക്ക് എന്നീ കരക്കാർ തങ്ങളുടെ ആഗ്രഹവും സങ്കടവും ബ്രാഹ്മണനോട് അറിയിച്ചപ്പോൾ, പുരാതനമായ ശ്രീ ധർമ്മശാസ്താ ക്ഷേത്രമുള്ള മണക്കാട്ട്‌ കാവ് വെട്ടിത്തെളിച്ച് ഭഗവതിയെ പ്രതിഷ്ഠ നടത്തി ആരാധിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.

 
പ്രധാന ക്ഷേത്രം

മണക്കാട്ട്‌ കാവ് വെട്ടിത്തെളിച്ച കരക്കാർ അവിടെ ക്ഷേത്രം പണിത് വൈക്കത്തെ പ്രശസ്തമായ ചാതുവള്ളി മനയിലെ തന്ത്രിയെക്കൊണ്ട് പ്രതിഷ്ഠ നടത്തി. വിഗ്രഹം കാട്ടിക്കൊടുത്ത സ്ത്രീക്ക് മണക്കാട്ട്‌കാവ് ദാനം നല്കി എന്നാണു ചരിത്രം.

ഭഗവതീക്ഷേത്രത്തിൻറെ ശ്രീകോവിലും ചുറ്റമ്പലവും പഞ്ചവർഗ്ഗതറയിൽ തടിയിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ഭദ്രഭഗവതിയുടെ ഉത്സവചടങ്ങുകളും, ഭുവനേശ്വരിയുടെ പൂജാവിധികളുമായി പരാശക്തിയുടെ വിവിധ ഭാവങ്ങൾ സമന്വയിപ്പിക്കുന്ന ആചാരമാണ് ഇവിടെയുള്ളത്.‍ ഋഷഭമാണ് ഭഗവതിയുടെ വാഹനം. കായംകുളം രാജാവിൻറെയും, തിരുവിതാംകൂർ രാജാവിൻറെയും ശ്രദ്ധയും ഭക്തിയും ഈ ക്ഷേത്രം മദ്ധ്യ തിരുവിതാംകൂറിൽ പ്രഥമ സ്ഥാനത്തിനു കാരണമായി. താഴമൺ മഠം ബ്രഹ്മശ്രീ കണ്ഠരര് രാജീവര് ആണ് ക്ഷേത്രം തന്ത്രി. പള്ളിപ്പാട് ഗ്രാമത്തിലെ തെക്കുംമുറി എൻ.എസ്.എസ്. കരയോഗം നമ്പർ 112, കോട്ടയ്ക്കകം എൻ.എസ്.എസ്. കരയോഗം നമ്പർ 113, നടുവട്ടം എൻ.എസ്.എസ്. കരയോഗം നമ്പർ 98, തെക്കേക്കരകിഴക്ക് എൻ.എസ്.എസ്. കരയോഗം നമ്പർ 109 എന്നീ ഭരണത്തിന് കീഴിൽ ആണ് ശ്രീ മണക്കാട് ദേവി ക്ഷേത്രം.

വല്യച്ഛൻ ( ശ്രീ കുഞ്ചേകുട്ടി പിള്ള സർവ്വാദി കാര്യക്കാർ )

തിരുത്തുക

ശ്രീ മണക്കാട് ദേവി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉപദേവനാണ് വലിയച്ചൻ. ധർമ്മരാജ കാർത്തിക തിരുനാൾ രാമവർമ്മയുടെ സൈനിക മേധാവിയും ടിപ്പു സുൽത്താന്റെ മേൽ വിജയം നേടിയ പ്രധാന വ്യക്തിയുമായിരുന്നു അദ്ദേഹം. കുഞ്ഞേ കുട്ടി പിള്ള ജനിച്ചത് ഏവൂരിലാണ്, പക്ഷേ അമ്മയുടെ വീട് മണക്കാട്ട് ദേവി ക്ഷേത്രത്തിനടുത്തുള്ള നടാലിക്കൽ മാടമായിരുന്നു. മണക്കാട്ട് അമ്മയുടെ ഏറ്റവും വിശ്വസ്തനായ ഭക്തനായിരുന്നു വലിയച്ചൻ. ഐതിഹ മലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി അദ്ദേഹത്തിന്റെ ചരിത്രം രേഖപ്പെടുത്തി. തിരുവിതാംകൂർ സൈന്യത്തിലെ സേവനത്തിനുശേഷം വല്യച്ഛൻ വാനപ്രസ്ഥത്തിൽ പോകുന്നതുവരെ മണക്കാട്ട് അമ്മയുടെ ദാസനായി ജീവിക്കാൻ തിരഞ്ഞെടുത്തു. വാനപ്രസ്ഥത്തിൽ അദ്ദേഹം മോക്ഷം സ്വീകരിച്ചതായി വിശ്വസിക്കപ്പെടുന്നു.

വല്യച്ഛൻ മണക്കാട്ട് ദേവീ ക്ഷേത്രത്തിലെ ഒരു നിത്യ സാന്നിധ്യമാണ്. വല്യച്ചനെക്കുറിച്ച് പ്രത്യക്ഷമായ പണ്ടും ഈ കാലത്തും പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നടാലിക്കൽ ക്ഷേത്രം എന്നറിയപ്പെടുന്ന നടാലിക്കൽ മഠത്തിന് സമീപം വല്യച്ചന് മറ്റൊരു ക്ഷേത്രമുണ്ട്. അടുത്ത കാലം വരെ, ക്ഷേത്രം അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചു പോന്നിരുന്നു . കൂടാതെ, കുടുംബത്തിലെ മുതിർന്ന വ്യക്തി എല്ലായ്പ്പോഴും വല്യച്ചന്റെ ആത്മനിയന്ത്രണത്തിൽ ആയിരിക്കുകയും പ്രവർത്തിക്കുകയും ചെയ്തു പോന്നിരുന്നു . അദ്ദേഹം വാല്യച്ചന്റെ വാൾ കൊണ്ട് അലങ്കരിച്ച വാഴയിൽ സ്പർശിക്കുകായും പക്ഷേ കുലകൾ രണ്ടായി മുറിയുകയും ചെയ്തിരുന്നു . ഒരു ഉത്സവ വേളയിൽ, ചിലർ വല്യച്ചനെ പരീക്ഷിക്കാൻ ശ്രമിക്കുകയും , അവർ ഉലക്ക വാഴത്തണ്ടിനുള്ളിൽ വച്ചു. വല്യച്ചന്റെ ആത്മാവിന്റെ നിയന്ത്രണത്തിലായിരുന്നയാൾ ഉല്സവത്തിന്റെ അവസാനത്തോടെ രോഷം കൊല്ലുകയും , തന്റെ മുന്നിൽ വളരെ കൃത്യമായി ഉലക്ക വെച്ചിരുന്ന വാഴ കൊണ്ടുവരാൻ ആജ്ഞാപിച്ചു, തണ്ടിനുള്ളിൽ വെച്ചിരുന്ന ഉലക്ക രണ്ടായി മുറിഞ്ഞിരിക്കുന്നത് കണ്ടു എല്ലാവരും അത്ഭുതപ്പെട്ടു. എന്നിരുന്നാലും, അത്തരമൊരു പരിപാടി ആവശ്യമില്ലെന്നും നടാലിക്കൽ ക്ഷേത്രത്തിലെ ഉത്സവം എന്നെന്നേക്കുമായി നിർത്തലാക്കി എന്നും വല്യച്ചൻ അവിടെ വെച്ച് പ്രഖ്യാപിച്ചു . ഇത് നേരിട്ട് കണ്ട ആളുകൾ ഇപ്പോഴും മുട്ടത്തു നാട്ടിൽ ഉണ്ട്.

ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

തിരുത്തുക

അമ്മയെ പ്രതിഷ്ഠിക്കുന്നതിനും മുൻപ് തന്നെ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം മുമ്പ് ഉണ്ടായിരുന്നു. ശ്രീ പരശു രാമനാണ് ശ്രീ ധർമ്മ ശാസ്താവിനെ പ്രതിഷ്ഠിച്ചതെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കപ്പെടുന്നു.

ഉപദേവതകൾ

തിരുത്തുക
  • മാടസ്വാമി
  • യക്ഷിയമ്മ
  • രക്ഷസ്
  • മൂർത്തി
  • സർപ്പസ്ഥാനം

വിശേഷ ദിവസങ്ങൾ

തിരുത്തുക

വൃശ്ചികമാസം ഒന്ന് മുതൽ ധനുമാസത്തിലെ പതിനൊന്നു വരെയുള്ള നാല്പ്പതോന്നു ദിനങ്ങൾ മണക്കാട്ട്‌ ദേവി ക്ഷേത്രൽ മണ്ഡല കാലമായി ആഘോഷിക്കുന്നു. വൃശ്ചിക മാസം 24 മുതൽ എട്ടു ദിവസമാണ്‌ ഈ ക്ഷേത്രത്തിലെ കൊടിയേറ്റ് ഉൽസവം. ധനു 1നു ആണ് ആറാട്ട്‌. അരയാകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കാണ് ആറാട്ട്‌. മകരഭരണിദിനം ആണ് പറയെടുപ്പ് ഉത്സവം നടക്കുന്നത്. പ്രഭാതത്തിൽ ജീവത എഴുന്നള്ളിച്ച് തെക്കേക്കരകിഴക്ക് കരയിലെ അരയാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി കൈനീട്ടപ്പറ സ്വീകരിക്കുന്നതോടെ പറയ്ക്കെഴുന്നള്ളിപ്പ് ആരംഭിക്കുന്നു.
നവരാത്രി പൂജയും ദുർഗ്ഗാഷ്ടമിയും പൂജവെപ്പും എല്ലാം ആഘോഷിക്കുന്നു. വിജയദശമി ദിവസം രാവിലെ പുസ്തകങ്ങളും ആയുധങ്ങളും പൂജകഴിഞ്ഞ് തിരിച്ചെടുക്കുന്നു.
കർക്കിടക മാസം ക്ഷേത്രത്തിൽ രാമായണ മാസമായി ആചരിക്കുന്നു. ഈ ദിവസങ്ങളിലെല്ലാം ക്ഷേത്രത്തിൽ രാമായണപാരായണം ഉണ്ടായിരിയ്ക്കും. വിനായകചതുർത്ഥിദിവസം ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നുവരുന്നു. എല്ലാ മലയാള മാസം ഒന്നാം തീയതി അന്നദാനവുമുണ്ട്.

മറ്റു പ്രധാന ദിവസങ്ങൾ
തിരുത്തുക
 
കൊടിയേറ്റ് ഉത്സവ നാളിലെ വേലകളി
ചിങ്ങം 1 നിറപുത്തരി
നവരാത്രി കാലം നവരാത്രി പൂജ
വൃശ്ചികം 1 മുതൽ മണ്ഡലചിറപ്പ് മഹോത്സവം
വൃശ്ചികം 21,22 കോലം വഴിപാടു
വൃശ്ചികം 24 തൃക്കൊടിയേറ്റ്
ധനു 1 തിരു ആറാട്ട്‌
മകരഭരണി പറയ്ക്കെഴുന്നള്ളത് ആരംഭം (ഹരിപ്പാട് ഭാഗം)
മഹാ ശിവരാത്രി പറയ്ക്കെഴുന്നള്ളത് തെക്കേക്കര കിഴക്ക്
മീനത്തിലെ അശ്വതി പൊങ്കാല
മിഥുനം 13 ശ്രീമദ് ഭാഗവത സപ്താഹയജ്ഞം (ആരംഭം)
മിഥുനം 21 ശ്രീമദ് ഭാഗവത സപ്താഹയജ്ഞം (സമാപനം)
മിഥുനം 21 പ്രതിഷ്ടാ വാർഷികം, വലിയ ഗുരുതി

പറയെടുപ്പ് (ഭഗവതിപ്പറ)

തിരുത്തുക

മണക്കാട്ട്‌ ദേവി ക്ഷേത്രത്തിലെ പറയെടുപ്പ് ഉത്സവത്തിനു വളരെയേറെ പഴക്കം ഉണ്ട്. മകര മാസത്തിലെ ഭരണി നാളിൽ തെക്കേക്കര കിഴക്ക് കരയിലെ അരയാകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തി കൈനീട്ടപ്പറ സ്വീകരിക്കുന്നതോടെ ആ കൊല്ലത്തെ പറയെടുപ്പ് ഉത്സവത്തിനു തുടക്കം ആകും.ശിവരാത്രി ദിവസം തെക്കേകരകിഴക്ക് തുടർന്നുള്ള വെള്ളിയാഴ്ചകളിൽ നടുവട്ടം, കോട്ടയ്ക്കകം, തെക്കുംമുറി തുടങ്ങിയ കരകളിലും, പ്രത്യേകമായി നിശ്ചയിക്കുന്ന ദിവസങ്ങളിൽ സമീപത്തുള്ള മറ്റു പ്രദേശങ്ങളിലും എഴുന്നള്ളത് നടത്തുന്നു. മസ്തകാകൃതിയിലുള്ള സ്വർണ്ണമുഖപ്പറ്റും, 18 ആറന്മുള കണ്ണാടിയും,പട്ടുടയാടകളും, പുടവകളും ചേർത്തണിയിച്ചോരുക്കുന്ന കെട്ടുജീവതയിൽ ഭഗവതിയുടെ കർമ്മബിംബം എഴുന്നള്ളിച്ചാണ് പറയ്ക്കെഴുന്നള്ളത് നടത്തുന്നത്. വീക്കുചെണ്ട, ഉരുട്ടുചെണ്ട, ഇലത്താളം, തകിൽ, കൊമ്പ്, കുഴൽ എന്നീ മേളക്കൂട്ടുകളും പാണിവിളക്കും, മെയ്‌വട്ടക്കുടകളും എഴുന്നള്ളത്തിനു അകമ്പടിയായി ഉണ്ടാകും. ചാണകം മെഴുകിയ തറയിൽ തൂശനില വെച്ച് നിറപറയും നിലവിളക്കുമായി ഓരോ ഭവനങ്ങളിലും അമ്മയെ സ്വീകരിക്കുന്നു.

 
ഭഗവതിപ്പറ

പറയെടുപ്പ് ഉത്സവത്തിന്റെ പ്രധാന ആകർഷണം താലപ്പൊലി വഴിപാടു ആണ്. താലപ്പൊലി എന്തിയ ബാലികമാരുടെ അകമ്പടിയോടെ അമ്മയെ ഭവനത്തിലേക്ക്‌ സ്വീകരിക്കുന്ന ചടങ്ങാണ് ഇത്. ഉദ്ദിഷ്ടകാര്യലബ്ദിക്കും, സൗഭാഗ്യത്തിനും ഉള്ള ഉത്തമമായ വഴിപാടാണിത്. എഴുന്നള്ളത്തിൻറെ രണ്ടാം ദിവസം സന്ധ്യക്ക്‌ കരയുടെ അതൃത്തിയിൽ തിങ്ങി നിറഞ്ഞ ആബാലവൃദ്ധം ജനങ്ങളോടുംയാത്ര ചോദിക്കുന്ന യാത്രയയപ്പ് എന്ന ചടങ്ങ് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. മീനഭരണി ദിനത്തിനു മുൻപ് അകത്തെഴുന്നള്ളിക്കണം എന്ന വ്യവസ്ഥയും നിലവിലുണ്ട്.

കൂടുതൽ വായനക്ക് Archived 2015-04-14 at the Wayback Machine.

എത്തിച്ചേരുവാനുള്ള വഴി

തിരുത്തുക
  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ - ഹരിപ്പാട് - 4 കിലോമീറ്റർ അകലെ.
  • ഏറ്റവും അടുത്തുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷൻ - കായംകുളം - 7 കിലോമീറ്റർ അകലെ.
  • കെ.എസ്.ആർ.ടി.സി ബസ്‌ സ്റ്റാന്റ് ഹരിപ്പാട് - 4 കിലോമീറ്റർ അകലെ.
  • ഏറ്റവും അടുത്തുള്ള പട്ടണം - ഹരിപ്പാട്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. ക്ഷേത്രത്തിന്റെ വെബ്സൈറ്റ് Archived 2013-08-11 at the Wayback Machine.
  2. ക്ഷേത്രത്തിന്റെ ഫേസ്ബുക്ക്‌ പേജ്
  3. യൂട്യൂബ് വീഡിയോകൾ