അഗസ്ത്യൻ

(അഗസ്ത്യമുനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാവൃത്ത പ്രസിദ്ധനായ ഒരു ഋഷിയാണ് അഗസ്ത്യൻ. അഗസ്ത്യന്റെ ഉദ്ഭവത്തെപ്പറ്റി പല പൗരാണികകഥകളും പ്രചാരത്തിലിരിക്കുന്നു. ഉർവശി എന്ന അപ്സരസിന്റെ സൗന്ദര്യം കണ്ടു മോഹിതരായിത്തീർന്ന മിത്രനും വരുണനും ധാതുസ്ഖലനം ഉണ്ടായി എന്നും ആ ധാതു ഒരു കുടത്തിൽ നിക്ഷേപിച്ചുവെന്നും അതിൽനിന്ന് പിന്നീട് അഗസ്ത്യൻ പിറന്നു എന്നുമാണ് കഥ. ഈ കഥയുടെ പരാമർശം ഋഗ്വേദത്തിലുണ്ട് (ഋഗ്വേദം 7/33/13).

അഗസ്ത്യൻ
Agastya as a bearded, pot-bellied Hindu sage.
ദേവനാഗരിअगस्त्य
തമിഴ് ലിപിയിൽஅகத்தியர்
AffiliationRishi (sage), Saptarshi (seven sages)
ജീവിത പങ്കാളിLopamudra

പേരിനു പിന്നിൽ

തിരുത്തുക
 
അഗസ്ത്യമുനി

കുംഭത്തിൽ നിന്നും ഉദ്ഭവിച്ചവനാകയാൽ കുംഭജൻ, കുംഭസംഭവൻ, ഘടോദ്ഭവൻ എന്നീ പേരുകളിലും അഗസ്ത്യൻ അറിയപ്പെടുന്നു. മാതാപിതാക്കളുടെ നാമങ്ങളുമായി ബന്ധപ്പെടുത്തി മൈത്രാ വരുണി, ഔർവശീയൻ എന്നീ പേരുകളും അഗസ്ത്യന് ലഭിച്ചിട്ടുണ്ട്. പർവ്വതം, കുടം എന്നീ അർത്ഥങ്ങളുള്ള 'അഗം' എന്ന പദത്തിൽ അഗസ്ത്യൻ എന്ന പേര് കണ്ടെത്തുന്നവരും ദുർലഭമല്ല. അഗത്തെ സ്തംഭിപ്പിച്ചവൻ, അഗ(കുട)ത്തിൽനിന്ന് സ്ത്യായനം ചെയ്യ (കൂട്ടിച്ചേർക്ക)പ്പെട്ടവൻ എന്നെല്ലാമാണ് ഈ വ്യാഖ്യാനത്തിന്റെ നിദാനം. സുമേരുപർവതത്തെ പ്രദക്ഷിണം ചെയ്യാൻ എല്ലാവർക്കും കഴിയുമെങ്കിലും തന്നെ മറികടക്കുവാൻ ലോകത്താർക്കും സാധ്യമല്ല എന്ന് അഹങ്കരിച്ച വിന്ധ്യപർവതത്തിന്റെ ഗർവു തകർത്തവൻ എന്ന നിലയിലാണ് 'പർവതത്തെ സ്തംഭിപ്പിച്ചവൻ' എന്ന അർത്ഥത്തിൽ അഗസ്ത്യൻ എന്ന പേർ ഇദ്ദേഹത്തിന് ലഭിച്ചത്.

അഗസ്ത്യ ശാപങ്ങൾ

തിരുത്തുക
 
ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു അഗസ്ത്യ ശിൽ‌പ്പം
 
അഗസ്ത്യകൂടത്തിലെ അഗസ്ത്യമുനിയുടെ പ്രതിഷ്ഠ

ദേവാസുര യുദ്ധവേളയിൽ തന്റെ ഉൾഭാഗത്ത് ഒളിച്ചിരിക്കുവാൻ അസുരൻമാർക്ക് സൗകര്യം നല്കിയ സമുദ്രത്തോട് കുപിതനായിത്തീർന്ന അഗസ്ത്യൻ സാഗരജലം മുഴുവൻ കൈക്കുള്ളിലൊതുക്കി കുടിച്ചുകളഞ്ഞു എന്ന് മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. നഹുഷനെ തന്റെ ശാപംമൂലം പെരുമ്പാമ്പാക്കിയതും വാതാപി എന്നു പേരുളള രാക്ഷസനെ ഭക്ഷിച്ചതും വാതാപിയുടെ സഹോദരനായ ഇല്വലനെ നേത്രാഗ്നിയിൽ ഭസ്മീകരിച്ചതും, ക്രൗഞ്ചനെ പർവതമാക്കി മാറ്റിയതും ഇന്ദ്രദ്യുമ്നനെ ശപിച്ച് ആനയാക്കിയതും അഗസ്ത്യന്റെ അത്ഭുതസിദ്ധികൾക്ക് ഉദാഹരണങ്ങളാണ്. രാവണനുമായുള്ള യുദ്ധത്തിൽ പരവശനായിത്തീർന്ന ശ്രീരാമന് ആദിത്യഹൃദയമന്ത്രം ഉപദേശിച്ചുകൊടുത്ത് അദ്ദേഹത്തിന്റെ ആത്മവീര്യവും സമരോത്സാഹവും അഗസ്ത്യൻ വർദ്ധിപ്പിച്ചുവെന്ന് രാമായണത്തിൽ പറയുന്നു.

ബ്രഹ്മപുരാണം അനുസരിച്ച് അഗസ്ത്യൻ, പുലസ്ത്യ മഹർഷിയുടെ പുത്രനാണ്. അഗസ്ത്യൻ വളരെക്കാലം നിത്യബ്രഹ്മചാരിയായി കഴിഞ്ഞുവെന്നും ഒടുവിൽ പിതൃക്കളുടെ പുണ്യകർമാനുഷ്ഠാനങ്ങൾക്ക് പിൻഗാമികളില്ലാതെ വന്നതു നിമിത്തം വിവാഹിതനായി എന്നും പുരാണ പരാമർശങ്ങൾ കാണുന്നു. അഗസ്ത്യൻ തന്റെ തപ:ശ്ശക്തികൊണ്ട് ഒരു ബാലികയെ സൃഷ്ടിച്ച്, സന്താനലാഭം കൊതിച്ചു കഴിഞ്ഞിരുന്ന വിദർഭരാജാവിന് സമർപ്പിച്ചു. ഈ ബാലിക ലോപാമുദ്രയെന്ന പേരിൽ സുന്ദരിയായ ഒരു യുവതിയായി വളർന്നപ്പോൾ അഗസ്ത്യൻ അവളെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് ദൃഢസ്യു എന്നു പേരുളള ഒരു പുത്രനുണ്ടായി.

വിന്ധ്യപർവതത്തിന്റെ തെക്കു ഭാഗത്തുള്ള കുഞ്ജര പർവതത്തിലെ ഒരു കുടീരത്തിലാണ് അഗസ്ത്യമുനി പാർത്തിരുന്നത്. ഈ കുടീരം സഹ്യപർവതത്തിലെ അഗസ്ത്യകൂടമാണെന്ന് ഒരു വിശ്വാസമുണ്ട്.

 
കാവേരി നദിയുടെ കരയിലെ അഗസ്ത്യശില്പം

തമിഴ് സാഹിത്യത്തിൽ പല അഗസ്ത്യൻമാരെപ്പറ്റി പരാമർശമുണ്ടെങ്കിലും വൈദ്യശാസ്ത്രത്തിന്റെയും ജ്യോതിഷത്തിന്റെയും ആചാര്യനായി ആരാധിച്ചുപോരുന്നത് കുംഭോദ്ഭവനെന്നു കരുതപ്പെടുന്ന അഗസ്ത്യനെ തന്നെയാണ്. തമിഴ് ഭാഷയുടെ അക്ഷരമാല നിർമ്മിച്ചതും ആദ്യത്തെ വ്യാകരണം രചിച്ചതും ഈ അഗസ്ത്യമഹർഷിയാണെന്ന് വിശ്വസിച്ചുപോരുന്നു. പ്രസിദ്ധ തമിഴ് വ്യാകരണമായ തൊൽക്കാപ്പിയം രചിച്ച തൊൽക്കാപ്യർ അഗസ്ത്യമുനിയുടെ പ്രഥമശിഷ്യനായിരുന്നു എന്നാണ് ഐതിഹ്യം. 12,000 സൂത്രങ്ങളുള്ള അകത്തിയം എന്ന വിശ്രുത ഗ്രന്ഥം രചിച്ചത് ഈ അഗസ്ത്യമുനിയാണെന്നും അല്ലെന്നും ഭിന്നമതങ്ങൾ നിലവിലിരിക്കുന്നു. വൈദികകാലത്തും രാമായണകാലത്തും മഹാഭാരതകാലത്തും പല അഗസ്ത്യൻമാർ ജീവിച്ചിരുന്നതായി പരാമർശങ്ങളുണ്ട്. ഇവരിൽ ആരാണ് അകത്തിയം രചിച്ചതെന്നോ തമിഴ് ഭാഷയെ സമുദ്ധരിച്ചതെന്നോ വ്യക്തമായി കാണിക്കുന്ന ചരിത്രരേഖകളൊന്നും തന്നെ ലഭിച്ചിട്ടില്ല. എങ്കിലും രാമായണത്തിലും രാമായണത്തെ ഉപജീവിച്ചു രചിക്കപ്പെട്ടിട്ടുള്ള ഇതരകാവ്യങ്ങളിലും അഗസ്ത്യൻ പരാമൃഷ്ടനായിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കാവുന്നതല്ല.

വരാഹപുരാണത്തിലെ അഗസ്ത്യഗീത, പഞ്ചരാത്രത്തിലെയും സ്കന്ദപുരാണത്തിലെയും അഗസ്ത്യസംഹിതകൾ തുടങ്ങി പല പുരാണഭാഗങ്ങളുടെയും കർതൃത്വം അഗസ്ത്യമുനിയിൽ നിക്ഷിപ്തമായിട്ടുണ്ട്. അഗസ്ത്യകൂടത്തിനു പുറമേ, അഗസ്ത്യതീർഥം, അഗസ്ത്യഗിരി, അഗസ്ത്യവടം, അഗസ്ത്യസരസ്സ്, അഗസ്ത്യാശ്രമം, അഗസ്ത്യകൂടം, അഗസ്തീശ്വരം തുടങ്ങി ഈ മുനിയുടെ പേര് ഉപസർഗമായിട്ടുള്ള പല സ്ഥലനാമങ്ങളും ഇന്ത്യയിൽ പലയിടത്തും കാണപ്പെടുന്നു; ദക്ഷിണേന്ത്യയിലാണ് ഇവയിൽ ഭൂരിഭാഗവും. അഗസ്ത്യരസായനം എന്ന ആയുർവേദ ഔഷധം വിധിച്ചിട്ടുള്ളത് ഈ മഹർഷിയാണെന്ന് വിശ്വസിക്കപ്പെടുന്നു.

അകത്തിയരുടെ വ്യാകരണനിർമിതിയെ പുരസ്കരിച്ച് അകത്തിയൻ പന്തയ ചെഞ്ചൊൽ ആരണങ്കു എന്ന് തമിഴ് ഭാഷയെപ്പറ്റി പ്രസ്താവമുണ്ട്. അകത്തിയരെ ഈശ്വരനായി സങ്കല്പിച്ച് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നു. ആ പേരിനോട് ബന്ധപ്പെട്ട ചില സ്ഥലങ്ങളുമുണ്ട്. ഇദ്ദേഹം ജീവിച്ചിരുന്നത് ഒന്നാം സംഘകാലത്താണെന്ന് പറയപ്പെടുന്നു. അകത്തിയം എന്നാണ് ഇദ്ദേഹം എഴുതിയ പ്രധാന കൃതിയുടെ പേര്. അതിലെ സൂത്രങ്ങൾ അത്ര പ്രാചീനമല്ലെന്നും അഭിപ്രായം ഇല്ലാതില്ല.[1]

ചിലപ്പതികാരം, മണിമേഖല, പരിപാടൽ മുതലായ ഗ്രന്ഥങ്ങളിൽ അകത്തിയരെപ്പറ്റി പരാമർശങ്ങളുണ്ട്. വേൾവിക്കുടി ചിന്നമനൂർ ചെപ്പേടിൽ പാണ്ഡ്യരുടെ പുരോഹിതൻ അകത്തിയരായിരുന്നുവെന്നു കാണുന്നു.

ഇറൈയനാർ അകപ്പൊരുൾ ഉരൈയിൽ നിന്ന്, തലൈച്ചങ്ക(ഒന്നാംസംഘ)ത്തിൽ അകത്തിയർ എന്നൊരു പുലവർ (പണ്ഡിതൻ) ഉണ്ടായിരുന്നുവെന്നും അദ്ദേഹം രചിച്ച അകത്തിയം എന്ന ലക്ഷണഗ്രന്ഥം അക്കാലത്തെ അംഗീകൃത വ്യാകരണ ഗ്രന്ഥമായിരുന്നുവെന്നും കാണാം. അതിൽ പന്തീരായിരം സൂത്രങ്ങൾ അടങ്ങിയിട്ടുണ്ട്. ഇയൽ, ഇശൈ, നാടകം എന്നിവയെപ്പറ്റിയാണ് അതിൽ പ്രതിപാദിക്കുന്നത്. ഉരൈയാശിരിയർ അവിടവിടെ ഉദ്ധരിച്ചിട്ടുള്ളവയല്ലാതെ അതിലെ സൂത്രങ്ങൾ പലതും ലഭ്യമല്ല. രാമായണം, ഭാരതം മുതലായ പ്രാചീന കൃതികളിൽ കാണുന്ന അഗസ്ത്യമുനിയാണോ തമിഴ് വൈയാകരണനായ അകത്തിയർ എന്നതിനെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ട്. അഗസ്ത്യൻ പൊതിയമലൈയിൽ വസിച്ചുകൊണ്ട് തമിഴിനെ പോഷിപ്പിച്ചുവെന്ന് വാല്മീകിരാമായണത്തിൽ സൂചനയുണ്ട്. പില്ക്കാലത്തെ 18 സിദ്ധൻമാരുടെ കൂട്ടത്തിലും ഒരു അകത്തിയരുണ്ട്. അനേകം വൈദ്യഗ്രന്ഥങ്ങളുടെ കർതൃത്വവും ചിലർ അകത്തിയർക്ക് നൽകുന്നു.[2]

അകത്തിയരിൽനിന്ന് വ്യാകരണം (ഇലക്കണം) പഠിച്ചവരാണ് തൊൽക്കാപ്പിയർ, ആതങ്കോട്ടാശാൻ, പനമ്പാരനാർ, അവിനയനാർ, കാക്കൈപാടിനിയാർ, നറ്റത്തനാർ, തുരാലിങ്കർ, വൈയാപികർ, വായ്പ്പിയർ, കഴാരമ്പർ, ചെമ്പൂട് ചേയ്, വാമനർ എന്നീ പന്ത്രണ്ടു പണ്ഡിതന്മാർ. ഇവർ പന്ത്രണ്ടുപേരും ചേർന്ന് പുറപ്പൊരുട് പന്നിരുപടലം എന്നൊരു ഗ്രന്ഥം രചിച്ചുവെന്നു പറയപ്പെടുന്നു. അവരിൽ നാലുപേർ തങ്ങളുടെ പേരിൽ നിർമിച്ച ലക്ഷണ ഗ്രന്ഥങ്ങളാണ് തൊൽകാപ്പിയം, അവിനയം, കാക്കൈപാടിനീയം, നറ്റത്തം എന്നിവ. ഇവയിൽ തൊൽകാപ്പിയം ഒരുത്തമ വ്യാകരണഗ്രന്ഥമെന്നനിലയിൽ ഇന്നും ആദരിക്കപ്പെടുന്നു.[3]

നക്ഷത്രം

തിരുത്തുക

ആകാശത്തിന്റെ ഈശാനകോണിൽ ഉദിക്കുന്ന കാനോപസ് (Canopus) പൗരസ്ത്യജ്യോതിശ്ശാസ്ത്രത്തിൽ അഗസ്ത്യനക്ഷത്രമായി അറിയപ്പെടുന്നു.

അവലംബങ്ങൾ

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അകത്തിയർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗസ്ത്യൻ&oldid=3775437" എന്ന താളിൽനിന്ന് ശേഖരിച്ചത്