പമ്പ
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു നിന്നും 55 കിലോമീറ്റർ അകലെ പെരിയാർ കടുവ സംരക്ഷിത പ്രദേശത്തിന്റെ ഭാഗമായ ശബരിമലക്കാടുകളോട് ചേർന്നു കിടക്കുന്ന ഒരു സ്ഥലമാണ് പമ്പ. ശബരിമല ധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും 4.6 കിലോമീറ്റർ അകലയായാണ് പമ്പ സ്ഥിതി ചെയുന്നത്. പമ്പാനദിയുടേയും കക്കിയാറിന്റെയും സംഗമസ്ഥാനവുമാണ് ഇവിടം. പമ്പാ ഗണപതിക്ഷേത്രമാണ് പമ്പയിലെ പ്രധാന ആരാധനാലയം. കന്നിമൂല ഗണപതി ക്ഷേത്രവും പമ്പയിലുണ്ട്.
പമ്പ | |
---|---|
ഗ്രാമം | |
പമ്പയിലെ സ്നാനഘട്ടങ്ങൾ (ഫെബ്രുവരി 2017) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
• ഭരണസമിതി | സീതത്തോട് ഗ്രാമപഞ്ചായത്ത് |
• ഔദ്യോഗികം | മലയാളം |
സമയമേഖല | UTC+5:30 (IST) |
അടുത്ത പട്ടണങ്ങൾ | ചിറ്റാർ, ആങ്ങമൂഴി |
ലോക്‌സഭാ മണ്ഡലം | പത്തനംതിട്ട |
കാലാവസ്ഥ | ട്രോപ്പിക്കൽ മൺസൂൺ |
അടുത്ത വിമാനത്താവളം | കൊച്ചി |
ശബരിമലയുമായുള്ള ബന്ധം
തിരുത്തുകസാധാരണ വാഹനങ്ങൾക്ക് എത്താനാവുന്ന, ശബരിമലക്ക് ഏറ്റവും അടുത്ത പ്രദേശമാണ് പമ്പ. ശബരിമല ദർശനത്തിനെത്തുന്ന ഭൂരിഭാഗം ആൾക്കാരും പമ്പ വഴിയാണ് ശബരിമലയിലേക്ക് പ്രവേശിക്കുന്നത്. പ്രധാനമായും നീലിമല നടപ്പാത, സ്വാമി അയ്യപ്പൻ റോഡ് എന്നീ രണ്ടു പാതകൾ ശബരിമലയേയും പമ്പയെയും തമ്മിൽ ബന്ധിപ്പിക്കുന്നു. മണ്ഡലകാല ഉത്സവത്തിന് ശേഷം ശബരിമല ധർമ്മശാസ്താവിന്റെ ആറാട്ട് നടക്കുന്നത് പമ്പയിൽ, പമ്പാനദിയിൽ വെച്ചാണ്. പമ്പ വഴി ശബരിമലയിലേക്ക് പ്രവേശിക്കുന്ന ഭക്തർ പമ്പയിൽ കുളിക്കുന്ന പതിവുണ്ട്. ഇതിനായി പമ്പയിൽ പമ്പാനദിയിൽ തടയണ നിർമ്മിച്ച് സ്നാനഘട്ടവും ജലലഭ്യതക്കായി നദിയിൽ മുകളിൽ ചെറിയ അണക്കെട്ടും സജ്ജമാക്കിയിട്ടുണ്ട്. ശബരിമലയുടെ ബേസ് ക്യാമ്പ് ആയി പമ്പ വർത്തിക്കുന്നു.
ആലങ്ങാട്ട്, അമ്പലപ്പുഴ സംഘങ്ങൾ എരുമേലിയിൽ പേട്ടതുള്ളി എത്തുമ്പോൾ പമ്പയിൽ നൽകുന്ന സദ്യയെ പമ്പാസദ്യ എന്ന് പറയുന്നു. അന്നുതന്നെ പമ്പയിൽ ഗോപുരവിളക്ക് ഒഴുക്കുന്ന ചടങ്ങും നടത്തുന്നു, ഇതിനെ പമ്പവിളക്ക് എന്ന് വിളിക്കുന്നു.
തീർത്ഥാടനകാലത്ത് പമ്പയിൽ പമ്പാനദി വളരെയധികം മലിനീകരിക്കപ്പെടുകയും ജലത്തിൽ കോളീഫോം ബാക്ടീരിയയുടെ തോത് വളരെ അപകടകരമായ നിലയിൽ എത്താറും ഉണ്ട്.
സുപ്രീം കോടതി ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ച ശേഷം, തുലാമാസപ്പൂജയ്ക്ക് (2018) നടതുറന്നപ്പോൾ, വിധിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ കേന്ദ്രമായിരുന്നു പമ്പ. പ്രതിഷേധം അക്രമാസക്തമായപ്പോൾ പമ്പയിലും നിലയ്ക്കലും പോലീസ് ലാത്തിച്ചാർജ്ജ് നടത്തിയിരുന്നു[1].
സ്ഥാപനങ്ങളും നിർമ്മിതികളും
തിരുത്തുകശബരിമലയിലേക്കെത്തുന്ന വാഹനങ്ങളുടെ പാർക്കിങ് ഗ്രൗണ്ട്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പ്, പമ്പാ പോലീസ് സ്റ്റേഷൻ, പമ്പാ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, വിവിധ ബാങ്കുകൾ, വ്യാപാരസ്ഥാപനങ്ങൾ, വനംവകുപ്പിന്റെ ഇൻസ്പെക്ഷൻ ബംഗ്ലാവ്, സർക്കാർ ആശുപത്രി, ജലസേചനവകുപ്പ് ഓഫീസ് തുടങ്ങിയവ പമ്പയിൽ സ്ഥിതി ചെയ്യുന്നു. പമ്പയും കക്കിയാറും സംഗമിക്കുന്ന സ്ഥാനത്തെ ത്രിവേണി സംഗമം എന്ന് വിളിക്കാറുണ്ട്. ഇതിന് സമീപത്തുള്ള പാലം ത്രിവേണി പാലം എന്ന് അറിയപ്പെടുന്നു. കേരളത്തിൽ 2018-ൽ ഉണ്ടായ പ്രളയത്തിൽ പമ്പയിൽ കനത്ത നാശനഷ്ടങ്ങളുണ്ടാവുകയും പമ്പ ഗതിമാറി ഒഴുകുകയും ത്രിവേണി പാലം അടക്കമുള്ള നിർമ്മിതികൾ ഒലിച്ചെത്തിയ മണ്ണിനടിയിൽ മൂടപ്പെടുകയും ചെയ്തിരുന്നു[2]. പ്രളയത്തിൽ പമ്പയിലെ ശുചിമുറികൾ, വിശ്രമ കേന്ദ്രങ്ങൾ, ജലവിതരണ സംവിധാനം, വൈദ്യുതി തുടങ്ങി എല്ലാ അടിസ്ഥാനസൗകര്യങ്ങളും നശിച്ചിരുന്നു[3].
അവലംബം
തിരുത്തുക- ↑ "നിലയ്ക്കലും പമ്പയിലും ലാത്തിച്ചാർജ്; സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി". ഏഷ്യാനെറ്റ്. 17 ഒക്ടോബർ 2018. Archived from the original on 6 ജനുവരി 2019. Retrieved 30 ജനുവരി 2019.
- ↑ "പമ്പ ത്രിവേണി പാലം മണ്ണിനടിയിൽ കണ്ടെത്തി". മലയാള മനോരമ. Archived from the original on 2 സെപ്റ്റംബർ 2018. Retrieved 30 ജനുവരി 2019.
- ↑ "സർവ്വം തകർന്ന് പമ്പ; പുഴ ബാക്കി വച്ചത് മണൽ മാത്രം; ചിത്രങ്ങൾ കാണാം". ഇന്ത്യൻ എക്സ്സ്പ്രസ്സ്. 27 ഓഗസ്റ്റ് 2018. Archived from the original on 30 ജനുവരി 2019. Retrieved 30 ജനുവരി 2019.