ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം

(ആറന്മുള പാർത്ഥസാരഥി ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പുണ്യനദിയായ പമ്പാനദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ത്രിമൂർത്തികളിൽ ഒരാളും പരബ്രഹ്മനുമായ ഭഗവാൻ മഹാവിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. എന്നിരുന്നാലും ഭഗവാന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ പേരിലാണ് ഈ ക്ഷേത്രത്തിന്റെ പ്രസിദ്ധി. ചതുർബാഹു പ്രതിഷ്ഠ ആണ്. സമാനമായ പ്രതിഷ്ഠ ഗുരുവായൂർ ക്ഷേത്രത്തിലും കാണാം. തിരുവാറന്മുളയപ്പൻ എന്ന്‌ ഇവിടുത്തെ ഭഗവാൻ അറിയപ്പെടുന്നു. കേരളത്തിലെ ഏറ്റവും പേരുകേട്ട അഞ്ച് ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നാണിത്. ആറടിയിലധികം ഉയരം വരുന്ന വിഗ്രഹം, തന്റെ ഭക്തനായ അർജ്ജുനന് വിശ്വരൂപം കാണിച്ചുകൊടുക്കുന്ന സങ്കല്പത്തിലാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കേരളത്തിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഏറ്റവും വലിയ പ്രതിഷ്ഠ ഉള്ളത് ആറന്മുളയിലാണ്. ക്ഷേത്രം ആറന്മുള പഞ്ചായത്തിലും ക്ഷേത്ര മുൻഭാഗം മല്ലപ്പുഴശ്ശേരി പഞ്ചായത്തിലുമാണ്.[1] ആഗ്രഹസാഫല്യത്തിനായി നടത്തുന്ന ആറന്മുള വള്ളസദ്യ ഇവിടത്തെ പ്രധാന വഴിപാടാണ്. തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ളസദ്യയും ആറന്മുള ഉത്രട്ടാതി വള്ളംകളിയും ഇവിടത്തെ പ്രധാന പരിപാടികളാണ്. ആറന്മുള കണ്ണാടി പ്രശസ്തമാണ്.

ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം
പേരുകൾ
ശരിയായ പേര്:ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം
സ്ഥാനം
സ്ഥാനം:ആറന്മുള
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ആദിനാരായണൻ(മഹാവിഷ്‌ണു)/ശ്രീകൃഷ്‌‌ണൻ
വാസ്തുശൈലി:ക്ഷേത്രം

എല്ലാ വർഷവും ശബരിമലയിലെ അയ്യപ്പ പ്രതിഷ്ഠയിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് ഈ ക്ഷേത്രത്തിൽ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറന്മുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരൻമാർ വരച്ച നിരവധി ചുമർചിത്രങ്ങളും ക്ഷേത്രത്തിൽ കാണാം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം

തിരുത്തുക

ചതുർബാഹുവായ മഹാവിഷ്ണുവിന്റേതാണ് ആറന്മുള വിഗ്രഹം. കുരുക്ഷേത്രയുദ്ധത്തിൽ വച്ച് ഗീതോപദേശത്തിനിടയിൽ അർജ്ജുനനു കാണിച്ചുകൊടുത്ത് വിശ്വരൂപത്തിന്റെ നിലയിലാണെന്നു വിഗ്രഹമെന്നാണ് വിശ്വാസം. ആറന്മുള ക്ഷേത്രം നിർമ്മിച്ചതും അർജ്ജുനൻ തന്നെയാണ് എന്ന് പറയപ്പെടുന്നു. യുദ്ധക്കളത്തിൽ നിരായുധനായ കർണ്ണനെ കൊന്നതിലുള്ള പാപഭാരം തീർക്കാനാണ് അർജുനൻ ഈ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് ഐതിഹ്യം. എന്നാൽ ഈ വിഗ്രഹം ആദ്യം പ്രതിഷ്ഠിച്ചിരുന്നത് നിലയ്ക്കൽ എന്ന സ്ഥലത്തായിരുന്നു എന്നും കഥയുണ്ട്. ഈ സ്ഥലത്തേക്ക് എത്തിച്ചേരുന്ന ഭക്തർക്കും ക്രിസ്ത്യാനികൾ ഉൾപ്പെട്ട നാട്ടുകാരുമടക്കം കാട്ടുജീവികളുടെ ഭീഷണി മുൻ നിർത്തി നിലക്കൽ ഉപേക്ഷിച്ച് കാഞ്ഞിരപ്പള്ളിയിലും കടമ്പനാട്ടും വാസമുറപ്പിച്ചു. ഇതോടൊപ്പം ആരാധനാമൂർത്തിയേയും ഭക്തർ കൊണ്ടുപോന്നു. ചാക്കന്മാർ ആറുമുളകൾ കെട്ടിയ ചങ്ങാടത്തിൽ വിഗ്രഹം കൊണ്ട് പോരുന്ന വഴിയിൽ ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്തു നിന്നും അല്പം പടിഞ്ഞാറായി തെക്കേക്കരയിൽ ഒരു മാടത്തിൽ വിളക്കു കണ്ട് ചങ്ങാടം അടുപ്പിച്ചു, വിഗ്രഹം അവിടെക്കൊണ്ടു വച്ചു. വിളക്ക് കണ്ട സ്ഥലത്തിന് ഇന്ന് വിളക്കുമാടം എന്നാണ് പേര്. വിഗ്രഹം ആറു മുളന്തണ്ടുകളിൽ കൊണ്ടു വന്നതിനാൽ സ്ഥലത്തെ ആറന്മുള എന്നും വിളിക്കുന്നതായാണ് ഐതിഹ്യം. എന്നാൽ പാർത്ഥസാരഥി ക്ഷേത്രപ്പറ്റി വിവരണമുള്ള പുരാതന കാവ്യമായ തിരുനിഴൽമാലയിൽ ഈ ഐതിഹ്യത്തെപറ്റിയോ വിഗ്രഹപ്രതിഷ്ഠയെപ്പറ്റിയോ ഉള്ള യാതൊരു സൂചനയും ഇല്ല.

ആറന്മുള ആശാൻ എന്നറിയപ്പെടുന്ന ചെറുകോൽ നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ രചിച്ച ആറന്മുളവിലാസം ഹംസപ്പാട്ടിൽ ബ്രഹ്മചാരി രൂപമെടുത്ത്, നദിക്കരയിൽ നിന്ന കൃഷ്ണഭഗവാനെ ചാക്കന്മാർ മുളകൾ കെട്ടിയ ചങ്ങാടത്തിൽ കയറ്റി വിളക്കുമാടത്തിൽ എത്തിച്ചു എന്നു വിവരിക്കുന്നു. [2] വിളക്കുമാടത്തിനടുത്ത് കീഴ് തൃക്കോവിലിനു തെക്കുഭാഗത്ത് മണ്ണിട്ട് ഉയർത്തിയ സ്ഥലത്ത് ആറന്മുള ക്ഷേത്രം സ്ഥാപിച്ചു എന്നും ആശാൻ വിവരിക്കുന്നു. ക്ഷേത്രത്തിലേക്ക് മണ്ണെടുത്തു എന്നു കരുതി വന്നിരുന്ന ഒരു കുഴി അടുത്തകാലം വരെ അവിടെ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. കൊട്ടകൾ തല്ലി മണ്ണുകളഞ്ഞ സ്ഥലം കൊട്ടതട്ടിമാലി എന്നറിയപ്പെട്ടു എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ചരിത്രം

തിരുത്തുക

ക്ഷേത്രത്തെ കുറിച്ചുള്ള ആദ്യ വിവരണം ലഭിക്കുന്നത് പ്രാചീന കൃതിയായ നമ്മാഴ്വാരുടെ തിരുവായ്മൊഴിയിൽ നിന്നാണ്. ദ്രാവിഡവേദമെന്നാണ് ഈ കൃതി അറിയപ്പെടുന്നത്. എഴാം ശതകത്തിനും എട്ടാം ശതകത്തിനും ഇടക്കാണ് നമ്മാഴ്വാർ ജീവിച്ചിരുന്നതെന്നു കരുതുന്നു. ക്ഷേത്രത്തിനു അതിനേക്കാൾ ഏറെ പഴക്കവുമുണ്ടെന്ന് ഇകാരണത്താൽ ഊഹിക്കാവുന്നതാണ്.

ആറന്മുള വിലാസം ഹംസപ്പാട്ടിൽ കൊല്ലവർഷം 926 ൽ (ക്രി.വ. 1751) ആറന്മുള ഉൾപ്പെട്ട പ്രദേശം മാർത്താണ്ഡ വർമ്മ മഹാരാജാവ് പിടിച്ചടക്കിയതായും. തിരുവിതാംകൂർ രാജാക്കന്മാർക്ക് ക്ഷേത്രകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. 1751 ൽ മാർത്താണ്ഡവർമ്മയാണ് ക്ഷേത്രത്തിനു ചുറ്റുമതിൽ സ്ഥാപിച്ചത്. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്ത് പന്ത്രണ്ട് കളഭം ആരംഭിച്ചു. വൃശ്ചികം ഒന്നു മുതൽ ഒരോ ദിവസവും ഓരോ അവതാര രൂപത്തിൽ കളഭചാർത്ത് നടത്തുന്നത് ഇന്നും മുടക്കം വരാതെ നടത്തിവരുന്നു. [3]1812അതിനുശേഷം കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് ഇന്നു കാണുന്ന മണ്ഡപം പണികഴിപ്പിച്ചു. കേണൽ മൺറോയുടെ വിളംബരം അനുസരിച്ച് മറ്റ് ക്ഷേത്രങ്ങളോടൊപ്പം ഈ ക്ഷേത്രവും സർക്കാരിനധീനമായി. അതിമനോഹരങ്ങളായ ചിത്രപ്പണികൾ ഈ മണ്ഡപത്തിലുണ്ട്. 1895 ൽ മൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് ചെമ്പ് കൊടിമരം മാറ്റി തൽസ്ഥാനത്ത് സ്വർണം പൂശിയ കൊടിമരം സ്ഥാപിച്ചു.

വാസ്തുശില്പരീതി

തിരുത്തുക
 
ആറന്മുള ക്ഷേത്ര ഗോപുരം

കേരളീയ വാസ്തുവിദ്യയിൽ നിർമ്മിച്ച കെട്ടിടങ്ങൾക്ക് ഒരു നല്ല ഉദാഹരണമാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രം. ഇവിടത്തെ പാർത്ഥസാരഥി വിഗ്രഹത്തിന് ആറടി പൊക്കമുണ്ട്. കിഴക്കോട്ടാണ് ദർശനം. കുരുക്ഷേത്രയുദ്ധത്തിനിടയിൽ അർജുനന് വിശ്വരൂപം കാട്ടിക്കൊടുക്കുന്ന ഭാവത്തിലുള്ള പ്രതിഷ്ഠയാണ്. അതിനാൽ, ഉഗ്രഭാവത്തിലുള്ള ഭഗവാനായാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഏറ്റവും ഉയരം കൂടിയ വിഗ്രഹം ഇവിടെയാണ്.[അവലംബം ആവശ്യമാണ്]

 
തെക്കേ ഗോപുരം

ഗോപുരങ്ങൾ

തിരുത്തുക

കേരളീയ വാസ്തുശില്പകലയുടെ നിദർശനമാണ് ആറന്മുള ക്ഷേത്രം. നാലു ഗോപുരങ്ങളും നാലു മാതൃക പിന്തുടർന്നിരിക്കുന്നു. കിഴക്കേ ഗോപുരം കലാസൗന്ദര്യം പ്രകടമാക്കുന്ന തരത്തിൽ ദാരുശില്പങ്ങൾ നിറഞ്ഞതാണ്. കരിങ്കൽ തൂണുകളിലും കൊത്തുപണികൾ ഉണ്ട്. ബലിക്കൽ പുരയിൽ കരിങ്കല്ലിൽ കൊത്തിവച്ചിരിക്കുന്നത് വ്യാളികളുടെ പ്രതിമയാണ്. കേരളീയ ശില്പകലാവൈഭവം പ്രതിഫലിക്കുന്നതാണിവ. ക്ഷേത്രത്തിൻറെ ചുമരുകളെല്ലാം പതിനെട്ടാം നൂറ്റാണ്ടിൽ വരച്ച മനോഹരമായ ചിത്രങ്ങളാൽ അലങ്കൃതമാണ്.. കിഴക്കൻ ഗോപുരത്തിലേക്ക് പതിനെട്ട് പടികളാണുള്ളത്. ചുറ്റുപാടും നിന്നുള്ള മണ്ണുകൊണ്ട് ഉയർത്തിയെടുത്ത പ്രതലത്തിലാണ് ക്ഷേത്രം. പമ്പാനദിയിൽ മഴവെള്ളം നിരയുമ്പോൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാതിരിക്കാനായാണ് അടിത്തറ ഉയർത്തിയിരിക്കുന്നത്. എന്നാൽ, 2018 ഓഗസ്റ്റിൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ ക്ഷേത്രമതിലകം വരെ വെള്ളം കയറിയിരുന്നു.

വിശാലമായ ക്ഷേത്രപരിസരത്തിലേക്ക് പ്രവേശിക്കുന്നതിൻ നാലുവശത്തും നാലു കവാടങ്ങളുണ്ട്. നാലു ഗോപുരങ്ങളിൽ നാലു മലദൈവങ്ങൾ കാവൽ നിൽകുന്നു എന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് പുന്നന്തോട്ട് ഭഗവതിയും ഇടപ്പാറമലയും പടിഞ്ഞാറേ ഗോപുരത്തിന് ചെറുപുഴക്കാട്ട് ഭഗവതിയും പുലിക്കുന്നു മലയും വടക്കേ ഗോപുരത്തിന് പൂതിക്കുന്ന് ദേവിയും കടപ്രമലയും തെക്കേ ഗോപുരത്തിന് പള്ളിമുക്കത്ത് ഭഗവതിയും കാനക്കൊഴമലയും അരിങ്ങോട്ടുമലയും കാവൽ നിൽകുന്നു എന്ന് സങ്കല്പം.

ആനയ്ക്ക് ചവിട്ടിക്കയറുവാൻ സാധിക്കുന്നതരത്തിൽ വീതിയുള്ള പതിനെട്ട് വലിയ പടികൾ കിഴക്കേ ഗോപുരത്തിൽ സ്ഥാപിച്ചിരിക്കുന്നു. വടക്കേ ഗോപുരത്തിൽ നിന്ന് പമ്പയിലേക്കിറങ്ങാൻ 57 പടികളാണ് ഉള്ളത്. എട്ട് ആനകൾക്ക് നിരന്നു നിൽകാനുള്ള സൗകര്യം ആനക്കൊട്ടിലിനുണ്ട്.

കൊടിമരം

തിരുത്തുക

ആനക്കൊട്ടിലിനരികെ സ്വർണ്ണം പൂശിയ കൊടിമരം സ്ഥിതിചെയ്യുന്നു. 160 അടി ഉയരം വരുന്ന ഈ കൊടിമരം കേരളത്തിലെ ഏറ്റവും വലിയ കൊടിമരങ്ങളിൽ പെടുന്നു. തേക്കിന്തടിയിൽ തീർത്ത് സ്വർണ്ണം പൂശിയ ഈ കൊടിമരത്തിൽ ഏഴ് സ്വർണ്ണപ്പറകൾ കാണാം. അടിയിൽ അഷ് ഇതിനു മുന്നിലായി പ്രധാന ബലിക്കല്ല് ഉണ്ട്.

ശ്രീകോവിൽ

തിരുത്തുക

ചതുരാകൃതിയിലാണ് ചുറ്റമ്പലമെങ്കിലും ശ്രീകോവിൽ വൃത്താകൃതിയിലാണ്. ഇത് ചെമ്പു മേഞ്ഞിരിക്കുന്നു. ശ്രീകോവിലിന്റെ വെളിയിലുള്ള ചുവരും നമസ്കാരമണ്ഡപവും ചിത്രപ്പണികളാല് അലങ്കൃതമാണ്. ശ്രീകോവിലിനും രണ്ടു ചുവരുകൾ ഉണ്ട്. അവക്കുള്ളിൽ ഗർഭഗൃഹവും സ്ഥിതിചെയ്യുന്നു.

വിഗ്രഹം

തിരുത്തുക

കരിങ്കല്ലിൽ തീർത്ത പ്രധാന വിഗ്രഹംത്തിന് അഞ്ചടിയിലധികം ഉയരം കണക്കാക്കപ്പെടുന്നു. എന്നാൽ വിഗ്രഹം നീലാഞ്ജനത്താൽ ഉണ്ടാക്കിയതെന്നു ചിലർ അഭിപ്രയപ്പെടുപ്പോൾ കടുശർക്കരയോഗം കൊണ്ടാണുണ്ടാക്കിയിരിക്കുന്നതെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു. സങ്കല്പം പാർത്ഥസാരഥിയുടേതാനെങ്കിലും വിഗ്രഹത്തിൽ നാലു കൈകൾ ഉണ്ട്. മുകളിലേക്ക് ഉയർത്തിപ്പിടിച്ചിരിക്കുന്ന വലംകയ്യിൽ സുദർശനചക്രവും ഇടംകയ്യിൽ ശംഖും താഴെ ഇടംകയ്യിൽ ഗദയും വലംകയ്യിൽ താമരപ്പൂവമാണ് ഉള്ളത്.

പാർശ്വത്തിൽ ലക്ഷ്മിയും ഭൂമിദേവിയും (ശ്രീദേവി) ഭഗവാനെ പരിസേവിക്കുന്ന തരത്തിൽ നിലകൊള്ളുന്നു. തന്ത്രസമുച്ചയഗ്രന്ഥത്തിൽ പറയപ്പെടുന്ന സർവ്വലക്ഷണങ്ങളും തികഞ്ഞതാണീ വിഗ്രഹം എന്ന് പലരും കരുതുന്നു. എന്നാൽ വിഗ്രഹത്തിനു കാലത്തിന്റേതായ വൈകല്യങ്ങൾ വന്നു ചേർന്നിട്ടുണ്ടെന്ന് പഴയ തന്ത്രിമാരിൽ ചിലർ രേഖപ്പെടുത്തുന്നു. [4] പീഠത്തിന് അഞ്ചടി ഉയരവും അതിൽ നിന്ന് വിഗ്രത്തിനു നാലരയടിയോളവും ഉയരം കാണുമത്രെ. പുറത്തു നിന്ന് നോക്കിയാൽ അതുകൊണ്ട് അഞ്ചടിയുടെ ഉയരം തോന്നിക്കുന്നു.

ഉപക്ഷേത്രങ്ങൾ

തിരുത്തുക

1919 നവമ്പർ 14 ലെ തിരിവിതാകോട്ട് സർക്കാർ ഉത്തരവിന്റെ പ്രകാരം ആറന്മുള ക്ഷേത്രത്തിൽ നാല് ഉപക്ഷേത്രങ്ങളും പതിനേഴ് കീഴിടുകളും ചേർന്നിരിക്കുന്നു. കീഴ് ക്ഷേത്രങ്ങൾ 1) കീഴ് തൃക്കോവിൽ 2) ശാസ്താവ് 3) മായയക്ഷി 4) ഏറങ്കാവിൽ ഭഗവതി എന്നിവരാണ്. ഇവയെല്ലാം ക്ഷേത്രമതിൽക്കകത്തു തന്നെയാണ്.

പതിനേഴ് കീഴിടമ്പലങ്ങൾ

  1. തോട്ടമൺ
  2. മാടമൺ
  3. കുമരമ്പേരൂർ പിറയാറ്
  4. അയിരൂർ സുബ്രമണ്യസ്വാമിക്ഷേത്രം
  5. നാറണത്തമ്പലം
  6. നാരങ്ങറത്ത്
  7. മേൽക്കൊഴൂർ
  8. കാട്ടൂർമഠം
  9. കണ്ണങ്ങാട്ടുമഠം
  10. കയംതാങ്ങി ഭഗവതി
  11. കൈപ്പുഴ ദേവൻ
  12. കുർമുളക്കാവു
  13. മാതളവേലി
  14. മാരാമൺ ഇടച്ചിറമല
  15. പാലക്കാട്ടുമഠം
  16. അയിരൂർ പുതിയകാവ്
  17. പുന്നന്തോട്ടം

ഉപദേവതകൾ

തിരുത്തുക

ഗണപതി, പരമശിവൻ, ശ്രീ ഭഗവതി (ദുർഗ്ഗ), അയ്യപ്പൻ,നാഗങ്ങൾ എന്നിവരാണ് ഉപപ്രതിഷ്ഠകൾ.

ശ്രീകോവിലിന്റെ തെക്കുഭാഗത്ത് തെക്കോട്ട് ദർശനമായി ഗണപതിയുടെ ഒരു രൂപം കൊത്തിവച്ചിട്ടുണ്ട്. വായുകോണിൽ ബലഭദ്രസ്വാമിയും ഈശാന കോണിൽ നാഗദേവതമാരും പ്രതിഷ്ഠയാണ്. തെക്കുപടിഞ്ഞാറേ മൂലയിൽ കിഴക്കോട്ട് ദർശനമായി ശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്നു. അതിനു സമീപം കിഴക്ക് ദർശനമായി യക്ഷിയേയും വടക്കുപടിഞ്ഞാറേ മൂലയിൽ ശ്രീഭഗവതിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ വടക്കുവശത്തുള്ള കീഴ്‌തൃക്കോവിൽ ക്ഷേത്രനിരപ്പിൽ നിന്നും 18 അടി താഴെയാണ്. ബലരാമനും പരമശിവനും ഗണപതിയുമാണ് ഇവിടത്തെ പ്രതിഷ്ഠകൾ. പുരാതനമായ ബലരാമക്ഷേത്രം സ്വതന്ത്രക്ഷേത്രമായിരുന്നു എന്നും അതിനെ കേന്ദ്രീകരിച്ചാണ് ഇന്നത്തെ ക്ഷേത്ര സമുച്ചയം ഉയർന്നു വന്നത് എന്നും വിശ്വാസമുണ്ട്. വടക്കുകിഴക്കേ മൂലസ്ഥനത്ത് നാഗരാജാവിന്റേയും നാഗയക്ഷിയുടേയും പ്രതിഷ്ഠ കാണാം.

ഉച്ചപൂജ

തിരുത്തുക

ക്ഷേത്രത്തിൽ നിത്യേന അഞ്ചുപൂജകളുണ്ടെങ്കിലും ഉച്ചപൂജക്കാണ് അവയിൽ പ്രാധാന്യം. അർജ്ജുനൻ ഉച്ചപൂജ ചെയ്യറുണ്ടായിരുന്നുവെന്നും ആ സമയത്ത് ഭഗവാന്റെ ചൈതന്യം കൂടുതൽ ഉണ്ടാവുമെന്നുമാണ് വിശ്വാസം. ഉച്ചപൂജ സമത്ത് ക്ഷേത്രപരിസരത്ത് എവിടെ ഉണ്ടായിരുന്നാലും അതിന്റെ ഫലസിദ്ധി ഉണ്ടാവും എന്ന് പറയപ്പെടുന്നു. ഉപ്പുമാങ്ങയും വഴുതനങ്ങ മെഴുക്കുപുരട്ടിയും നിവേദ്യമുണ്ട്.

ഊരാണ്മക്കാർ

തിരുത്തുക

ക്ഷേത്രങ്ങളിൽ കൂടുതലും ഊരാൺമാ ക്ഷേത്രങ്ങൾ ആണ്. ഈ സ്ഥാനങ്ങൾ ആറില്ലം എട്ടില്ലം പത്തില്ലം എന്നിങ്ങനെയുള്ള സ്ഥാനക്കാരാണ്. ആറന്മുളയുടെ ഊരാണ്മക്കാർ പത്തില്ലത്തിൽ പോറ്റിമാരായിരുന്നു. ഇതിൽ പ്രമുഖമായ ഒരില്ലം ചെറുകരയില്ലമാണ് എന്ന് തിരുനിഴൽമാല വിവരിക്കുന്നു. ചെറുകര, ആലക്കോന്തിട്ട, ചെമ്പകമംഗലം, നകരൂർ, ചെമ്പകപ്പറമ്പിൽ മുല്ലമംഗലം എന്നിങ്ങനെ ആറു ഊരാളഭവനങ്ങളാണെന്ന് തിരുനിഴൽമാല രചയിതാവ് സൂചിപ്പിക്കുന്നു.ഊരാളന്മാർ മാടമ്പിമാരും അഭ്യാസികളും ആയിരുന്നുവെന്ന് ഈ കൃതിയിൽ നിന്ന് തെളിവ് കിട്ടുന്നു. ഊരാള സഭയിൽ തമ്മിൽ തല്ല് ഉണ്ടായിരുന്നതായും തെളിവുകൾ ഉണ്ട്. ഹംസപ്പാട്ടിൽ ഊരാണ്മക്കാരുടെ സങ്കുചിതചിന്താഗതികളെപ്പറ്റി വിവരിക്കുന്നു. ആറന്മുള ക്ഷേത്തിലെ നിത്യാവശ്യങ്ങൾക്കായി മൂന്ന് ഇല്ലക്കാരെ ദത്തെടുക്കുന്നുണ്ട്. തെക്കേടത്ത് ഇല്ലം, വടക്കേടത്ത് ഇല്ലം, പുത്തേഴത്ത് ഇല്ലം എന്നിവയാണവ. ഇവരാണ് ഇവിടത്തെ കൈക്കാർ. മൂസ്സത് എന്ന് ഇവർ അറിയപ്പെടുന്നു. ശീവേലിക്കെഴുന്നള്ളിക്കുക, ഗരുഡവാഹനം എഴുന്നള്ളിക്കുക, മാലകൾ, ഭക്ഷണം എന്നിവയാണിവർക്കുള്ള അവകാശം. ശ്രീകോവിലിനകത്ത് കയറാനിവർക്ക് അവകാശമില്ല. ആറന്മുള ക്ഷേത്രം സർക്കാർ എറ്റെടുത്തതിനു ശേഷം അവശേഷിക്കുന്ന രണ്ട് ഊരാണ്മക്കാരായ ചെറുകരയില്ലവും ചെങ്ങഴശ്ശേരി ഇല്ലവും ആചാരാനുഷ്ഠാനങ്ങൾക്കായി മാത്രം ക്ഷേത്രത്തിൽ വരാറുണ്ട്. എന്നാൽ കൈക്കാരായ മൂസ്സതുമാർ ഇപ്പോഴും ഉണ്ട്. പില്കാലത്ത് ക്ഷേത്രത്തിന്റെ നടത്തിപ്പ് നായന്മാരിൽ വന്ന് ചേർന്ന ശേഷം ക്ഷത്രിയരും വാര്യരും ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളിൽ ഇടപെടുന്നുണ്ട്.

താന്ത്രികാവകാശം

തിരുത്തുക

ആറന്മുള ക്ഷേത്രത്തിലെ തന്ത്രവിദ്യ പാരമ്പര്യമായി നടത്തിപോരുന്നത് തുകശ്ശേരി പറമ്പൂർ, തറയിൽ കുഴിക്കാട്ട്, തെക്കേടത്ത് കുഴിക്കാട്ട് എന്നീ ഇല്ലങ്ങൾക്കാണ്.

മലയരയരുമായുള്ള ബന്ധം

തിരുത്തുക

മലയരയർ എന്ന ഗോത്രസമൂഹത്തിണ് അഭേദ്യമായുള്ള ബന്ധമാണ് ആറന്മുള ക്ഷേത്രവുമായുള്ളത്. മലബാറിൽ മലയർക്കിടയിൽ പ്രചാരത്തിലുള്ള പാട്ടുകളിൽ ആറന്മുളയപ്പനെ പരാമർശിക്കുന്നുണ്ട്. ഇത് മലയർ ആറന്മുളക്കാവിൽ നടത്തിവന്നിരുന്ന ബലിയെപ്പറ്റി പ്രതിപാദിക്കുന്നതാണ്. തിരുവാറന്മുളയപ്പന്റെ പിണിയൊഴിപ്പിക്കൻ നടത്തുന്ന അനുഷ്ഠാന ചടങ്ങുകൾ കണ്ണേറു മന്ത്രവാദം എന്നും അറിയപ്പെടുന്നു. ഇത് ഇടക്കാലത്ത് മുടങ്ങിയെങ്കിലും 2009 മുതൽ പുനഃരാരംഭിച്ചു.

ക്രിസ്തീയ ബന്ധം

തിരുത്തുക

സാധു കൊച്ചുകുഞ്ഞ് ഉപദേശി എന്ന ഇലന്തൂർ നിവാസിയായ ചെകോട്ട് ആശാൻ ആണ് ആറന്മുളയപ്പനെകുറിച്ചുള്ള ഏറ്റവും പ്രശസ്തമായ കീർത്തനം രചിച്ചത്. ക്ഷേത്രവിഗ്രഹം നേരിട്ടു കണ്ടിട്ടില്ലാത്തതുകൊണ്ട് അദ്ദേഹം വിഗ്രഹത്തെ അനന്തശായിയായാണ് ചിത്രീകരിക്കുന്നത്. ഇരുപത്തെട്ടുകരകളിലും ഭാഗവതപാരായണത്തിനും മറ്റും ഹിന്ദുക്കൾ തുടക്കം കുറിക്കുന്നത് ഈ കീർത്തനം ആലപിച്ചുകൊണ്ടാണ്.

മകരമാസത്തിലാണ് ഉത്സവം. അത്തം നാളിൽ കൊടിയേറി തിരുവോണം നാളിൽ സമാപിക്കുന്ന ഉത്സവം പത്തുനാൾ നീണ്ട് നിൽക്കുന്നു. പ്രധാന ചടങ്ങ് അഞ്ചാം ഉത്സവനാളിൽ നടത്തുന്ന ഗരുഡവാഹനം എഴുന്നള്ളിപ്പാണ്. ഇത് അഞ്ചാം പുറപ്പാട് എന്നും അറിയപ്പെടുന്നു. ഇത് സ്ഥലവാസികൾക്കും ഉത്സവമാൺ്. ഭക്തർ വാഹനദർശനത്തിനു എല്ലാ കരകളിലും നിന്നും വന്നു ചേരുന്നു. ഗരുഡവാഹനത്തിൽ വിഗ്രഹ തിടമ്പ് എഴുന്നള്ളത്ത് നടത്തുന്നു. അഞ്ചാം ഉത്സവത്തിനു പഞ്ചപാണ്ഡവർ എല്ലാവരും ചേർന്ന് ഭഗവാനെ അഭിമുഖം ചെയ്യുന്ന ആചാരമുണ്ട്.

മറ്റ് അനുഷ്ഠാനങ്ങളും ആചാരങ്ങളും

തിരുത്തുക

ഗരുഡവാഹനമെഴുന്നള്ളിപ്പ്

തിരുത്തുക

എല്ലാ മലയാളമാസത്തിലേയും ഉത്തൃട്ടാതി നാളിലും വെളുത്തപക്ഷ ഏകാദശിനാളിലും ഈ എഴുന്നള്ളിപ്പ് നടത്താറുണ്ട്. ഗരുഡവാഹത്തിന്റെ ശില്പ ഭംഗി പ്രത്യേകം പരാമർശമർഹിക്കുന്നു. മുന്നോട്ടു നീട്ടിയ കൈകളും വശങ്ങളിൽ ചിറകുകളും ദംഷ്ട്രകളോടു കൂടിയ വായും ഗാംഭീര്യം തുടിക്കുന്ന മുഖവും കൊത്തുപണികളോടു കൂടിയ കിരീടവും അടങ്ങുന്നതാണ് ഗരുഡവാഹനം

മുകളിൽ പത്തുകിലോ വരുന്ന സ്വർണ്ണ അങ്കി ഉറപ്പിക്കുന്നതിനുള്ള സ്വർണ്ണപ്രഭ, നവരത്നങ്ങൾ പതിച്ച മാലകൾ, താമരപതക്കം, സ്വർണ്ണത്തിലും വെള്ളിയിലും ഉള്ള പൂക്കൾ അലങ്കാരത്തിനുണ്ട്.

ദശാവതാരച്ചാർത്ത്

തിരുത്തുക

വൃശ്ചികം ഒന്നുമുതൽ പന്ത്രണ്ടു ദിവസം ക്ഷേത്രത്തിൽ ദശാവതാരച്ചാർത്ത് നടത്തിവരുന്നു. ഇത് പന്ത്രണ്ടുകളഭം എന്ന പേരിൽ അറിയപ്പെടുന്നുന്നു. ബ്രഹ്മഹത്യാപാപം പരിഹരിക്കുന്നതിനായി മാർത്താണ്ഡവർമ്മ അനിഴം തിരുനാൾ രാമവർമ്മയാണ് ഇത് ഏർപ്പെടുത്തിയത്.

ധനുമാസക്കമ്പം

തിരുത്തുക

ആറന്മുള ദേശത്തുള്ള കുട്ടികൾ വർഷം തോറും ധനുമാസം ആദ്യം മുതൽ അവസാനം വരെ തണുങ്ങുകൾ പെറുക്കി സൂക്ഷിക്കുന്നു. കരസംക്രമത്തിന്റെ തലേന്ന് ബാലന്മാർ ഒത്തു ചെർന്ന് വെട്ടിക്കൊണ്ടു വന്ന കമുകിൻ തണുങ്ങുകൾ നാട്ടുന്നു. ഇത് വെച്ചുകെട്ടി ഒരു വനത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നു. രാത്രി രണ്ടുമണിയോടെ വാദ്യങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിൽ നിന്ന് പൂജാരി തീയ് ഒരുക്കിക്കൊടൂക്കുന്നു. ഈ ദീപവുമായി ബാലന്മാർ വഞ്ചിപ്പാട്ട് പാടി കവുങ്ങുകൾക്ക് സമീപത്തെത്തി ആചാരങ്ങൾ ചെയ്തശേഷം വനത്തിനും തീകൊളുത്തുന്നു. ഇത് ധനുമാസക്കമ്പം എന്നറിയപ്പെടുത്തുന്നു.

ആറന്മുള ഊട്ട്

തിരുത്തുക
 
ആറന്മുള ഉത്രട്ടാതി വള്ളം കളി

ആറന്മുളയപ്പന്റെ പ്രീതിക്കുവേണ്ടി നടത്തുന്ന വഴിപാടാണിത്. കൊച്ച് കുട്ടികൾക്ക് തേച്ചു കുളിയും വിഭവസമൃദ്ധമായ സദ്യയും നൽകലാണ് ഈ വഴിപാട്. നടത്തേണ്ട വ്യക്തിയുടെ ആണ്ടുപിറന്നാൾ അല്ലെങ്കിൽ പക്കപ്പിറന്നാൾ ദിനത്തിലോ ആണിത് നടത്തുന്നത്. ഊട്ട് നടത്തുന്ന വീട്ടുകാർ തലേന്ന് തന്നെ കുട്ടികളെ അവരുടെ വീടുകളിൽ ചെന്ന് ക്ഷണിക്കുന്നു. 3 മുതൽ 10 വയസ്സുവരെയുള്ള കുട്ടികളെയാണ് ക്ഷണിക്കുക, ഇതിൽ ജാതി നോക്കാറില്ല. പിറ്റേന്ന് കുട്ടികൾ എത്തുമ്പോൾ അവർക്ക് പാൽകഞ്ഞിയും പപ്പടവും നൽകുന്നു. ക്ഷേത്രക്കുളത്തിൽ കുളി കഴിഞ്ഞുവരുന്ന കുട്ടികൾക്ക് ഉടുക്കാൻ കോടിവസ്ത്രവും നൽകി ഭസ്മവും ചന്ദനവും തൊടുവിക്കുന്നു. അതിനുശേഷം പന്തലിൽ ഊണിനിരുത്തുന്നു. പന്തിയിൽ ഒരു വിളക്ക് കത്തിച്ചശേഷമേ ഭക്ഷണം വിളമ്പുകയുള്ളൂ. ഇതിനു മുമ്പ് സ്ത്രീകൾ കുരവയിടുകയും പുരുഷന്മാർ ആർപ്പ് വിളിക്കുകയും ചെയ്യുന്നു.

ഉത്രട്ടാതി വള്ളംകളി

തിരുത്തുക
 
വള്ളസദ്യയുടെ വിഭവങ്ങൾ

ആറന്മുളക്കുചുറ്റുമുള്ള 28 കരകളുടേയും പ്രധാന ക്ഷേത്രം പാർത്ഥസാരഥീക്ഷേത്രമാണ്. ഈ കരകളുടെ ഏകോപനത്തിനായി അടിസ്ഥാനമായി നിൽകുന്നത് ക്ഷേത്രവും അതുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളുമാണ്. സാംസ്കാരികമായ ഒരു കൂട്ടായ്മ അത് ഉണ്ടാക്കിയെടുക്കുന്നു. ഇതിൽ പ്രധാനം ഉത്തൃട്ടാതി വള്ളം കളിയാണ്. ജാതി മത വ്യത്യാസമില്ലാതെ ആറന്മുളക്കാർ ക്ഷേത്രത്തോട് ബന്ധം പുലർത്തുന്നു.ഈ വള്ളം കളിയിൽ മുക്കുവരും ക്രിസ്ത്യാനികളും തച്ചന്മാരും ഈഴവരും പുലയരും ചാക്കന്മാരും എല്ലാം പങ്കെടുക്കുന്നു.

വള്ളസദ്യ

തിരുത്തുക

അഷ്ടമരോഹിണി നാളിൽ സമൂഹസദ്യയൊരുക്കുന്നു. 52 പള്ളിയോടങ്ങൾക്കും അതോടൊപ്പം വരുന്ന ഭക്തജനങ്ങൾക്കും സമൂഹസദ്യയിൽ പങ്കുകൊള്ളാൻ സാധിക്കുന്നു.. അഷ്ടമിരോഹിണി വള്ളസദ്യ (സമൂഹസദ്യ)-യ്ക്ക്  സാധാരണ വള്ളസദ്യക്ക് വിളമ്പുന്നതിനേക്കാൾ വിഭവങ്ങൾ കുറവായിരിക്കും.എല്ലാവർഷവും ജൂലായ്  പകുതിയോടെ (15 -ന്) തുടങ്ങുന്ന വള്ളസദ്യ അവസാനിക്കുന്നത് ഒക്ടോബർ 2- ന്  ആണ്. 51- വിഭവങ്ങൾ ചെർന്ന വിഭവസമൃദ്ധിയാർന്ന സദ്യയാണിത്. ഉപ്പേരികൾ തന്നെ നിരവധി തരമുണ്ടാകും. വിവിധതരം പായസങ്ങൾ, പാളത്തൈർ എന്നിവ പ്രത്യേക ശ്രദ്ധയർഹിക്കുന്നു. ഏതു വിഭവം എപ്പോൾ ചോദിച്ചാലും വിളമ്പുന്ന സദ്യയാണ് വള്ള സദ്യ എന്ന് പറയപ്പെടുന്നു. വള്ളക്കാർ വിഭവങ്ങൾ ചോദിക്കുന്നതും പാടിതന്നെയാണ്..

ഉദാ : ചോറ് വിളക്കത്തു വിളമ്പിക്കഴിഞ്ഞ ശേഷം വള്ളക്കാർക്കു വിളമ്പാൻ താമസിച്ചാൽ ഇങ്ങനെ പാടും.......

ചോറ്, പരിപ്പ്, പപ്പടം, പപ്പടവട, നെയ്യ്, അവിയൽ, സാമ്പാർ, തോരൻ, പച്ചടി, കിച്ചടി, നാരങ്ങാ കറി, ഇഞ്ചിപ്പുളി, ഉപ്പുമാങ്ങ, എരിശ്ശേരി, കാളൻ, ഓലൻ, രസം (കറി), പാളതൈര്, മോര്, അടപ്രഥമൻ, പഴം പ്രഥമൻ, കടലപ്രഥമൻ, പാൽപ്പായസം, ഉപ്പേരി (നാലുകൂട്ടം), കദളി വാഴപ്പഴം, എള്ളുണ്ട, ഉഴുന്നുവട, ഉണ്ണിയപ്പം, കൽക്കണ്ടം, ശർക്കര, നെല്ലിക്കാ അച്ചാർ, തേൻ, പഴം നുറുക്ക്, മുന്തിരിങ്ങ, കരിമ്പ്, മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി, തകരയിലക്കറി, മാങ്ങാപ്പഴക്കറി, ചേമ്പില തോരൻ, ചുക്ക്വെള്ളം എന്നിവയാണ് പ്രധാന വിഭവങങ്ങൾ

വള്ളസദ്യ ക്ഷേത്രങ്കണത്തിൽ വെച്ചാണ് നടത്തുന്നത്. പമ്പാനദിയിലുള്ള വള്ളം കളിക്ക് ശേഷം അഷ്ടമംഗല്യവും നിറപറയും നിലവിളക്കും വെച്ച് വഴിപാടുകാർ വള്ളക്കാരെ സ്വീകരിച്ചാനയിക്കുന്നു. വള്ളക്കാർ തുഴ ഉയർത്തിപ്പിടിച്ച് വള്ളപ്പാട്ട് പാടിക്കൊണ്ട് ക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കുന്നു. അതിനുശേഷമാണ് സദ്യയിൽ പങ്കുകൊള്ളുന്നത്. സന്താനലാഭത്തിനും രോഗശമനത്തിനും ശത്രുദോഷത്തിനുമായാണ് കരക്കാർ ഇത് വഴിപാടായി നടത്തുന്നത്. സദ്യ കഴിഞ്ഞ് വിശ്രമത്തിനുശേഷം കരക്കാർ യാത്രയാകുമ്പോൾ കളഭം, പനിനീർ എന്നിവ കൊടുത്തും വെറ്റില പുകയില എന്നിവ ചവക്കാൻ നൽകിയും യാത്രയയക്കുന്നു. വള്ളസദ്യയുണ്ണാൻ വരുന്നവർക്കൊപ്പം ഭഗവാനും ഉണ്ടായിരിക്കും എന്ന വിശ്വാസത്തിൽ എല്ലാവരേയും നല്ല പോലെ സൽകരിക്കുന്നു.

സദ്യപ്പാട്ടുകൾ

തിരുത്തുക

വള്ളസദ്യക്കെത്തുന്ന വള്ളക്കാർ സദ്യപ്പാട്ടുകൾ അഥവാ കറിശ്ലോകങ്ങൾ ചൊല്ലുന്നു. അവർക്കാവശ്യമുള്ള വിഭവങ്ങൾ പാട്ടിലൂടെ വർണ്ണിക്കുന്ന പതിവാണിത്. ഒരു വള്ളപ്പാട്ട് താഴെ കൊടുത്തിരിക്കുന്നു.

വഴിപാടുകൾ

തിരുത്തുക
  • കൊടിമരച്ചുവട്ടിൽ മഞ്ചാടി നിക്ഷേപിക്കുക
  • ആറ്റുകടവിലുള്ള മത്സ്യങ്ങൾക്ക് അരിയും തേങ്ങാപ്പൂളും നൽകുക
  • വള്ളക്കാർക്ക് അവല്പൊതിയും മുറുക്കാനും കൊടുക്കുക
  • പെരുവങ്കുളത്തിനു വെള്ളംകുടി നടത്തുക

മുക്കുവരുടെ വരവ്

തിരുത്തുക

വർഷം തോറൂം ഉത്സകാലത്ത് മുക്കുവർ നേർച്ചകളുമായി വരുന്ന ചടങ്ങുണ്ട്. അവരെ ക്ഷേത്രാധികാരികൾഅവരെ യഥാരീതിയിൽ സ്വീകരിക്കയും അവർ സ്വർണ്ണത്തിലും വെള്ളിയിലും ഉണ്ടാക്കിയ വല, നയമ്പ്, വള്ളം എന്നു സമർപ്പിക്കുന്നു. സമുദ്രത്തിലെ അപകടങ്ങളിൽ നിന്ന് തങ്ങലെ കരകയറ്റുന്നതിനുള്ള പ്രതിവിധിയാണ് ഇതിനെ കാണുന്നത്.

 
Pampa river at Aranmula

അവലംബങ്ങൾ

തിരുത്തുക
  1. http://www.eastcoastdaily.com/2016/02/20/aranmula-parthasarathi-kshethram/
  2. ഭാസ്കരമാരാർ 1966 :23
  3. ആർ. ഭാസ്കരമാരാർ. 1966:32
  4. ശങ്കരൻപോറ്റി,(70) ചെമ്പകശ്ശേരി ഇല്ലം ചെറുകോൽ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക