തുഞ്ചത്തെഴുത്തച്ഛൻ
ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീനകവിത്രയത്തിലെ ഭക്തകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ( ഉച്ചാരണം). അദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനുമിടയിലായിരുന്നിരിക്കണം ജീവിച്ചിരുന്നതെന്നു വിശ്വസിച്ചുപോരുന്നു.[1] എഴുത്തച്ഛന്റെ യഥാർത്ഥനാമം രാമാനുജൻ എന്നും കൃഷ്ണൻ എന്നും ചില[ആര്?] വിദഗ്‌ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. എഴുത്തച്ഛന്റെ യഥാർത്ഥനാമം 'തുഞ്ചൻ' (ഏറ്റവുമിളയആൾ എന്ന അർത്ഥത്തിൽ) എന്നായിരുന്നെന്ന്, തുഞ്ചൻപറമ്പ് (തുഞ്ചൻ + പറമ്പ്) എന്ന സ്ഥലനാമത്തെ അടിസ്ഥാനമാക്കി കെ. ബാലകൃഷ്ണ കുറുപ്പ് നിരീക്ഷിക്കുന്നു.[2] ഇന്നത്തെ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനടുത്തുളള, തുഞ്ചൻപറമ്പാണു കവിയുടെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്നു.[1] എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടുകിടക്കുകയാണ്.
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ | |
---|---|
ജനനം | പതിനാറാം നൂറ്റാണ്ട് തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനടുത്തുള്ള തുഞ്ചൻപറമ്പ്, തിരൂർ, മലപ്പുറം ജില്ല |
മരണം | ഗുരുമഠം, തെക്കെ ഗ്രാമം, ചിറ്റൂർ - തത്തമംഗലം, പാലക്കാട് |
തൂലികാ നാമം | എഴുത്തച്ഛൻ |
തൊഴിൽ | കവി |
ഭാഷ | മലയാളം |
അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജൻ എഴുത്തച്ഛൻ, നാനാദിക്കിലേക്കുള്ള ദേശാടനങ്ങൾക്കുശേഷം ചിറ്റൂരിൽ താമസമാക്കിയെന്നു കരുതപ്പെടുന്നു.[1] [3]
വേട്ടത്ത്‌നാട്ടിലെ തൃക്കണ്ടിയൂർ അംശത്തിൽ നായന്മാരിലെ എണ്ണയാട്ടി അമ്പലങ്ങൾക്ക് കൊടുക്കുന്ന ഒരു വട്ടക്കാട്ട് നായർ കുടുംബത്തിൽ ആയിരുന്നു അദ്ദേഹം പിറന്നത് എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു[4],ഉള്ളൂർ എസ് പരമേശ്വരയ്യർ[5] , വില്ല്യം ലോഗൻ[6], കൊട്ടാരത്തിൽ ശങ്കുണ്ണി എന്നിങ്ങനെ പല പ്രമുഖരും ഈ അഭിപ്രായക്കാരാണ്[7].പ്രശസ്ത നോവലിസ്റ്റ് സി രാധാകൃഷ്ണൻ തന്റെ കുടുംബം എഴുത്തഛന്റെ പിൻമുറക്കാരാണെന്ന് അഭിപ്രായപ്പെട്ടിരുന്നു[8].നായന്മാരിലെയും സമാന സമുദായങ്ങളിലേയും അധ്യാപകരെ പണ്ട് എഴുത്തച്ഛൻ എന്നായിരുന്നു വിളിച്ചിരുന്നത്[9]
സംസ്കൃതം, ജ്യോതിഷം എന്നിവയിൽ മികച്ച അറിവുണ്ടായിരുന്ന[10][11], അക്കാലത്തെ അബ്രാഹ്മണർക്കു വിദ്യാഭ്യാസം നൽകിയിരുന്ന, അപൂർവ്വം ചില സമുദായങ്ങൾക്കൊപ്പം, എഴുത്തച്ഛൻ സമുദായത്തിലെ പലരുമുണ്ടായിരുന്നു. അതിനാൽ അവരിലൊരാളായിരുന്നു അദ്ദേഹമെന്ന വാദത്തിനും അടിസ്ഥാനമുള്ളതായി കണക്കാക്കപ്പടുന്നു.[12][13][14] കവിയുടെ കുടുംബപരമ്പരയിൽപ്പെട്ട ചിലരാണ്, പെരിങ്ങോടിനടുത്തെ ആമക്കാവ് ക്ഷേത്രപരിസരത്തു വസിച്ചുപോരുന്നതെന്നും വിശ്വാസങ്ങളുണ്ട്. അതേസമയം, അദ്ദേഹം ഒരഖണ്ഡബ്രഹ്മചാരിയായിരുന്നെന്നു ചിലർ വിശ്വസിക്കുന്നു.[15][16]
മറ്റു ചരിത്രലേഖകർ, അദ്ദേഹത്തെ ജാതിപ്രകാരം, കണിയാർ ആയിട്ടാണു കണക്കാക്കുന്നത്.[17][18][19][20] പഴയകാലത്ത്, പ്രാദേശികകരകളിലെ കളരികളുടെ (ആയോധനകലയുടെയും സാക്ഷരതയുടെയും) ഗുരുക്കന്മാരായിരുന്ന[21] പരമ്പരാഗതജ്യോതിഷികളുടെ ഈ വിഭാഗം, സംസ്കൃതത്തിലും മലയാളത്തിലും പൊതുവെ നല്ല പാണ്ഡിത്യമുള്ളവരായിരുന്നു.[22][23] ജ്യോതിഷം, ഗണിതം, പുരാണം, ആയുർവേദം എന്നിവയിൽ നല്ല അവഗാഹമുള്ളവരായിരുന്ന ഇവർ[24] എഴുത്തുകളരികൾ നടത്തിയിരുന്നതിനാൽ പൊതുവേ എഴുത്താശാൻ, ആശാൻ, പണിക്കർ എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകളിലായിരുന്നു മലയാളനാട്ടിൽ അറിയപ്പെട്ടിരുന്നത്.1575ൽ ആണ് എഴുത്ത്തച്ഛൻ മരണമടഞ്ഞതെന്ന് വിശ്വസിക്കുന്നു.
കിളിപ്പാട്ടുപ്രസ്ഥാനം
തിരുത്തുകകവിയുടെ അഭ്യർത്ഥനമാനിച്ച്, കിളി ചൊല്ലുന്ന രീതിയിലുള്ള അവതരണശൈലിയാണ് കിളിപ്പാട്ടുകൾ എന്നറിയപ്പെടുന്നത്. എഴുത്തച്ഛനാണ് കിളിപ്പാട്ടുപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. ഭാഷാപിതാവായ അദ്ദേഹത്തിന്റെ കൃതികൾ കിളിപ്പാട്ടുകളാണ്. ശാരികപ്പൈതലിനെ വിളിച്ചുവരുത്തി, ഭഗവൽക്കഥകൾ പറയാനാവശ്യപ്പെടുന്നരീതിയിലുള്ള രചനയാണിത്. കിളിപ്പാട്ടുപ്രസ്ഥാനമെന്നപേരിലാണ് ഇതറിയപ്പെടുന്നത്.
അധ്യാത്മരാമായണം കിളിപ്പാട്ടിന്റെ ആരംഭം
ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലിടൂ മടിയാതെ
ശാരികപ്പൈതൽതാനും വന്ദിച്ചു, വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങുകയാണ്
മഹാഭാരതം കിളിപ്പാട്ട്
ശ്രീമയമായ രൂപംതേടും പൈങ്കിളിപ്പെണ്ണേ
സീമയില്ലാതസുഖം നല്കണമെനിക്കുനീ
ഈ രീതിയിൽ തത്തയെക്കൊണ്ടു പാടിക്കുന്നതായിട്ടാണ് കിളിപ്പാട്ടുകളിൽ കാണുന്നത്.
പ്രത്യേകതകൾ
രാമചരിതത്തിൽനിന്ന് എഴുത്തച്ഛനിലെത്തുമ്പോൾ മലയാളഭാഷയുടെ വികാസപരിണാമങ്ങളിൽ സംസ്കൃതത്തിന്റെ സ്വാധീനം വ്യക്തമായിക്കാണാവുന്നതാണ്. മണിപ്രവാള ഭാഷയും പാട്ടിന്റെ വൃത്തരീതിയുംചേർന്ന രചനാരീതി കണ്ണശ്ശന്മാരിലുണ്ടെങ്കിലും അത് എഴുത്തച്ഛനിലെത്തുമ്പോൾ കുറേക്കൂടെ വികസിതമാകുന്നു. അതേവരെയുള്ള കാവ്യങ്ങളുടെ നല്ലഗുണങ്ങളെയെല്ലാം സമ്മേളിപ്പിക്കാൻകഴിഞ്ഞെന്നതാണ്, എഴുത്തച്ഛന്റെ പ്രത്യേകത. അതു്, കിളിപ്പാട്ടുപ്രസ്ഥാനമായി വികസിക്കുകയുംചെയ്തു. നിരവധി കവികൾ ഈ രീതിയിൽ രചനനിർവഹിച്ചിട്ടുണ്ട്. കിളിമാത്രമല്ല, അരയന്നവും വണ്ടും ഓക്കെ കഥപറഞ്ഞിട്ടുണ്ട്.
കിളി പാടുന്നതിനുള്ള കാരണങ്ങൾ
ഇതിനുള്ള കാരണം പലതരത്തിലും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യരചനയുമായി ബന്ധപ്പെട്ട്, സാധാരണയായി അറംപറ്റുക എന്നു പ്രയോഗിക്കാറുണ്ട്. കാവ്യത്തിലൂടെപറഞ്ഞ കാര്യങ്ങൾ കവിക്കു ദോഷകരമായി സംഭവിക്കുന്നതിനെയാണ് അറംപറ്റുകയെന്നു പറയാറ്. ഇത്തരത്തിലുള്ള ദോഷം, രചയിതാവിനെ ബാധിക്കാതിരിക്കുന്നതിനു് കിളി പറയുന്നതായി സങ്കല്പിക്കുകയും കാവ്യരചനനിർവഹിക്കുകയും ചെയ്യുന്നു. വാഗ്ദേവിയുടെ കൈയിലിരിക്കുന്ന തത്തയെക്കൊണ്ടു കഥപറയിക്കുമ്പോൾ അതിനു കൂടുതൽ ഉൽകൃഷ്ടതയുണ്ടാവുമെന്ന വിശ്വാസവും, ഈശ്വരൻ എഴുത്തച്ഛനോടു ശുകരൂപത്തിലെത്തി ആവശ്യപ്പെട്ടു. അതുകൊണ്ട് കിളിയെക്കൊണ്ടു കഥപറയിച്ചു എന്ന വിശ്വാസവും ഇതോടൊപ്പം പറഞ്ഞുവരുന്നുണ്ട്. ഈ രീതി മലയാളത്തിലാദ്യമുപയോഗിക്കുന്നത് എഴുത്തച്ഛനാണ്. കിളിപ്പാട്ടുസങ്കേതം തമിഴിലുണ്ടെങ്കിലും അതു ഭിന്നമാണ്. കിളിദൂത്, കിളിവിടുത്ത് എന്നെല്ലാംപറയുന്ന അതിൽ, കവി കിളിയോടു കഥ പറയുകയാണുചെയ്യുന്നത്. കിളിപ്പാട്ടുപ്രസ്ഥാനത്തിലെ കിളി ശുകമഹർഷിയുടെ കൈയിലെ കിളിയാണെന്നും ഒരു വിശ്വാസമുണ്ട് .
പ്രധാനപ്പെട്ട കിളിപ്പാട്ടുവൃത്തങ്ങൾ
ഐതിഹ്യം
തിരുത്തുകപ്രാചീന കവിത്രയം |
---|
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രസിദ്ധമായ ഐതിഹ്യമാലയിൽ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതത്തെക്കുറിച്ച് ഒരു കഥയുണ്ട്. കീഴാളനായ എഴുത്തച്ഛനെ ബ്രാഹ്മണവൽക്കരിക്കാനുള്ള ശ്രമത്തിന്റ ഭാഗമാണ് ഈ ഐതിഹ്യം. അതിങ്ങനെ: വാല്മീകി മഹർഷിയാലെഴുതപ്പെട്ട രാമായണത്തോടുപമിക്കുമ്പോൾ, അദ്ധ്യാത്മരാമായണം ഋഷിപ്രോക്തമല്ലെന്നാണു വിശ്വസിക്കപ്പെടുന്നത്. കാരണം വാല്മീകിരാമായണത്തിലുംമറ്റും രാമൻ വിഷ്ണുവിന്റെ അവതാരമാണെങ്കിലും മഹാനായൊരു രാജാവായി ചിത്രീകരിക്കുമ്പോൾ അദ്ധ്യാത്മരാമായണം രാമൻ ഈശ്വരനാണെന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനു കാരണമായി പറയുന്നത് വിഷ്ണു ഭക്തനായൊരു ബ്രാഹ്മണനാണ് ഇതെഴുതിയതെന്നതാണ്. അദ്ദേഹം തന്റെ അദ്ധ്യാത്മരാമായണം മറ്റുള്ളവരാൽ സ്വീകരിക്കപ്പെടാൻ കഴിവതും ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. എല്ലാ പണ്ഡിതരും അദ്ദേഹത്തെ പുച്ഛിച്ചുതള്ളി. അദ്ദേഹത്തിന്റെ വിഷമംകണ്ട ഒരു ഗന്ധർവൻ, ഗോകർണ്ണത്തു വച്ച് ഒരു തേജസ്വിയായ ബ്രാഹ്മണനും നാലുപട്ടികളും ശിവരാത്രി നാളിൽ വരുമെന്നും അദ്ദേഹത്തെക്കണ്ട് ഗ്രന്ഥമേൽപ്പിച്ചാൽ അതിനു പ്രചാരം സിദ്ധിക്കുമെന്നും അദ്ദേഹത്തെയുപദേശിച്ചു. ബ്രാഹ്മണൻ അതുപോലെതന്നെ പ്രവർത്തിച്ചു. എന്നാൽ ആ തേജസ്വിയായ ബ്രാഹ്മണൻ വേദവ്യാസനും പട്ടികൾ വേദങ്ങളുമായിരുന്നു. അദ്ദേഹം ഗ്രന്ഥത്തെ അനുഗ്രഹിച്ചെങ്കിലും ഗന്ധർവനെ ശൂദ്രനായി ജനിക്കാൻ ശപിക്കുകയും ചെയ്തു. അദ്ധ്യാത്മരാമായണം പ്രസിദ്ധമായി. പക്ഷേ ഗന്ധർവ്വൻ ശൂദ്രനായി ജനിച്ചു. അതാണ് തുഞ്ചത്ത് എഴുത്തച്ഛൻ എന്നാണ് ഐതിഹ്യം[25] അതാണ്, എഴുത്തച്ഛൻ രാമായണം കിളിപ്പാട്ടെഴുതാൻ അദ്ധ്യാത്മരാമായണം തന്നെ സ്വീകരിക്കാനുണ്ടായ കാരണമെന്നും പറയപ്പെടുന്നു. ഈ ഐതിഹ്യത്തിൽ കഴമ്പില്ല; ശൂദ്രനായ എഴുത്തച്ഛനേയും ബ്രാഹ്മണ/ഉന്നതകുലവത്‌കരിക്കാനുള്ള ശ്രമമാണിതെന്ന് ചരിത്രപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.
ആധുനികമലയാളഭാഷയുടെ പിതാവ്
തിരുത്തുകഎഴുത്തച്ഛനുമുമ്പും മലയാളത്തിൽ ചെറുശ്ശേരി നമ്പൂതിരിപോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങൾ കേരളദേശത്തു വന്നിരുന്നിട്ടും എഴുത്തച്ഛനെ ആധുനികമലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരികചിഹ്നമായും കരുതുന്നു. എഴുത്തച്ഛനാണ് 30 അക്ഷരങ്ങളുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരങ്ങളുള്ള മലയാളലിപി പ്രയോഗത്തിൽ വരുത്തിയതെന്നു കരുതുന്നു. പ്രൊഫസർ കെ.പി. നാരായണ പിഷാരടിയുടെ നിരീക്ഷണത്തിൽ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്തു കുട്ടികൾക്കു പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛൻ തുടങ്ങിയതാണ്. എഴുത്തച്ഛനെന്ന സ്ഥാനപ്പേര്, ഒരു പക്ഷേ അദ്ദേഹമിപ്രകാരം വിദ്യ പകർന്നുനൽകിയതിനു ബഹുമാനസൂചകമായി വിളിച്ചുപോന്നതുമാകാം. തീക്കടൽ കടഞ്ഞ് തിരുമധുരം ( ജീവചരിത്രാഖ്യായിക), തുഞ്ചത്തെഴുത്തച്ഛൻ (ജീവചരിത്രം), വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ (ഉപന്യാസസമാഹാരം) തുടങ്ങിയകൃതികൾ എഴുത്തച്ഛനെയറിയാൻ ആശ്രയിക്കാവുന്നതാണ്.
എഴുത്തച്ഛന്റെ കാവ്യങ്ങൾ തനിമലയാളത്തിലായിരുന്നില്ല. സംസ്കൃതം പദങ്ങൾ അദ്ദേഹം തന്റെ കാവ്യങ്ങളിൽ യഥേഷ്ടം ഉപയോഗിച്ചു കാണുന്നുണ്ട്. എന്നിരുന്നാലും കവനരീതിയിൽ നാടോടിയീണങ്ങൾ ആവിഷ്കരിച്ചതിലൂടെ, കവിത കുറേക്കൂടെ ജനകീയമാക്കുകയായിരുന്നു എഴുത്തച്ഛൻ ചെയ്തത്. ഇതുവഴിയാണ്, അദ്ദേഹം വിശ്വസിച്ചുപോന്നിരുന്ന ഭക്തിപ്രസ്ഥാനമൂല്യങ്ങൾ ആവിഷ്കരിച്ചതും. കിളിയെ കൊണ്ടു കഥാകഥനം നടത്തുന്ന രീതിയോടെ സ്വതേ പ്രശസ്തമായിരുന്ന ഭാരതത്തിലെ ഇതിഹാസങ്ങൾ കുറേകൂടെ ജനങ്ങൾക്കു സ്വീകാര്യമായെന്നുവേണം കരുതുവാൻ. മലയാളഭാഷയ്ക്കനുയോജ്യമായ അക്ഷരമാല ഉപയോഗിച്ചതിലൂടെയും സാമാന്യജനത്തിന്, എളുപ്പം സ്വീകരിക്കാവുന്ന രീതിയിൽ ഇതിഹാസങ്ങളുടെ സാരാംശം വർണ്ണിച്ച് ഭാഷാകവിതകൾക്കു ജനഹൃദയങ്ങളിൽ ഇടം വരുത്തുവാൻ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണ് എഴുത്തച്ഛനു സാദ്ധ്യമായത്. സ്തുത്യർഹമായ ഈ സേവനങ്ങൾ മറ്റാരേക്കാളുംമുമ്പേ എഴുത്തച്ഛനു സാദ്ധ്യമായതിനെപ്രതി ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്ന് ഐകകണ്ഠേന വിശേഷിപ്പിച്ചുപോരുന്നു.
എഴുത്തച്ഛന്റെ കൃതികൾ
തിരുത്തുകഅദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നീ സാമാന്യം വലുതായ കിളിപ്പാട്ട് രചനകൾ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റേതായിട്ടുണ്ട്. പ്രസ്തുതകൃതികളാകട്ടെ യഥാക്രമം ഭാരതത്തിലെ ഇതിഹാസകാവ്യങ്ങളായ വാല്മീകി രാമായണം, വ്യാസഭാരതം എന്നിവയുടെ സ്വതന്ത്രപരിഭാഷകളായിരുന്നു. ഈ രണ്ടു കൃതികൾക്ക് പുറമേ ഹരിനാമകീർത്തനം, ഭാഗവതം കിളിപ്പാട്ട്, ചിന്താരത്നം, ബ്രഹ്മാണ്ഡപുരാണം, ശിവപുരാണം, ദേവീ മാഹാത്മ്യം, ഉത്തരരാമയണം, ശതമുഖരാമായണം, കൈവല്യനവനീതം എന്നീ കാവ്യങ്ങളും എഴുത്തച്ഛന്റേതായിട്ടുണ്ടെന്നു കരുതപ്പെടുന്നു. ഇരുപത്തിനാലു വൃത്തം എന്ന കൃതി എഴുത്തച്ഛന്റേതാണെന്നു് ഇരുപതാംനൂറ്റാണ്ടുവരെ പലരും[ആര്?] വിശ്വസിച്ചിരുന്നുവെങ്കിലും ഉള്ളൂർ, എൻ. കൃഷ്ണപിള്ള, എ. കൃഷ്ണപിഷാരടി തുടങ്ങിയവർ ഈ വാദം തെറ്റാണെന്നു് ശക്തമായ രചനാലക്ഷണങ്ങൾ ചൂണ്ടിക്കാട്ടി സമർത്ഥിച്ചിട്ടുണ്ടു്. ഭാഗവതം കിളിപ്പാട്ടിലാകട്ടെ ദശമസ്കന്ധത്തിൽ മാത്രമേ എഴുത്തച്ഛന്റെ ശൈലി ദൃശ്യമായിട്ടുള്ളൂ, ഈ കൃതിയുടെ രചയിതാവിന്റെ കാര്യത്തിൽ ഇപ്പോഴും അഭ്യൂഹങ്ങൾ തുടരുന്നുണ്ട്. ഉത്തരരാമായണം കിളിപ്പാട്ട് എഴുത്തച്ഛന്റെ കൃതിയായി കരുതിപ്പോരുന്നുണ്ടെങ്കിലും, കെ. എൻ. എഴുത്തച്ഛൻ തുഞ്ചത്തെഴുത്തച്ഛന്റെ കൃതികളിൽ നടത്തിയ പഠനങ്ങളിൽ നിന്ന് ഉത്തരരാമായണം കിളിപ്പാട്ട് എഴുത്തച്ഛന്റെ ശിഷ്യരിൽ ആരുടെയോ രചനയാണെന്ന് സമർത്ഥിക്കുന്നു.[26] ആത്യന്തികമായി ഭക്തകവിയായിരുന്നുവെങ്കിലും ഏതാനും ചില കീർത്തനങ്ങൾ എഴുതുന്നതിലുപരിയായി എഴുത്തച്ഛന്റെ കാവ്യസപര്യ നിലനിന്നിരുന്നു. ഇതിഹാസങ്ങളുടെ സാരാംശങ്ങൾ ജനഹൃദയങ്ങളിലേക്ക് പകർന്നു നൽകുന്നതിലായിരുന്നു എഴുത്തച്ഛന്റെ കാവ്യധർമ്മം ഏറെയും ശ്രദ്ധ പതിപ്പിച്ചതു്.
അദ്ധ്യാത്മരാമായണം, അയോദ്ധ്യാകാണ്ഡം - ശ്രീരാമൻ ലക്ഷ്മണനുപദേശിക്കുന്നത്:
“ | മാതാപിതൃഭ്രാതൃമിത്രസഖികളെ ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാൻ ക്രോധം മൂലം മനസ്താപമുണ്ടായ് വരും ക്രോധമൂലം നൃണാം സംസാരബന്ധനം ക്രോധമല്ലോ നിജധർമ്മക്ഷയകരം ക്രോധം പരിത്യജിക്കേണം ബുധജനം ക്രോധമല്ലോ യമനായതു നിർണ്ണയം വൈതരണ്യാഖ്യയാവുന്നതു തൃഷ്ണയും സന്തോഷമാകുന്നതു നന്ദനം വനം... |
” |
ഭാരതത്തിൽ അതിശ്രേഷ്ഠമായി കരുതപ്പെടുന്ന ഇതിഹാസങ്ങളുടെ കേവലം തർജ്ജമകളായിരുന്നില്ല എഴുത്തച്ഛന്റെ രാമായണവും, മഹാഭാരതവും. കാവ്യരചനയുടെ പല ഘട്ടങ്ങളിലും യഥാർത്ഥ കൃതികളിലെ ആഖ്യാനങ്ങൾ ചുരുക്കിപ്പറയുവാനും സംഭവങ്ങൾക്കും സന്ദർഭങ്ങൾക്കും സ്വന്തമായി ആഖ്യാനങ്ങൾ എഴുതിച്ചേർക്കുവാനും എഴുത്തച്ഛൻ സ്വാതന്ത്ര്യം എടുത്തുകാണുന്നുണ്ട്. കേരളത്തിൽ അന്നു നിലനിന്നിരുന്ന ഭക്തിപ്രസ്ഥാനവുമായും ജനജീവിതവുമായും സ്വരൈക്യം ലഭിക്കുവാൻ ഈ സ്വാതന്ത്ര്യം അദ്ദേഹം സൗകര്യപൂർവ്വം വിനിയോഗിക്കുകയും ചെയ്തിരിക്കുന്നു.
ആരണ്യകാണ്ഡം - സീതാപഹരണവേളയിൽ മാരീചനിഗ്രഹം കഴിച്ചുവരുന്ന രാമൻ, ലക്ഷ്മണനെ ദൂരെപ്പാർത്തു അവതാരലക്ഷ്യം മറച്ചുവയ്ക്കുന്ന രംഗം:
“ | ലക്ഷ്മണൻ വരുന്നതു കണ്ടു രാഘവൻതാനു- മുൾക്കാമ്പിൽ നിരൂപിച്ചു കൽപിച്ചു കരണീയം. "ലക്ഷ്മണനേതുമറിഞ്ഞീലല്ലോ പരമാർത്ഥ- മിക്കാലമിവനേയും വഞ്ചിക്കെന്നതേവരൂ. രക്ഷോനായകൻ കൊണ്ടുപോയതു മായാസീതാ- ലക്ഷ്മീദേവിയെയുണ്ടോ മറ്റാർക്കും ലഭിക്കുന്നു? അഗ്നിമണ്ഡലത്തിങ്കൽ വാഴുന്ന സീതതന്നെ ലക്ഷ്മണനറിഞ്ഞാലിക്കാര്യവും വന്നുകൂടാ. ദുഃഖിച്ചുകൊളളൂ ഞാനും പ്രാകൃതനെന്നപോലെ മൈക്കണ്ണിതന്നെത്തിരഞ്ഞാശു പോയ് ചെല്ലാമല്ലോ രക്ഷോനായകനുടെ രാജ്യത്തി,ലെന്നാൽ പിന്നെ- ത്തൽക്കുലത്തോടുംകൂടെ രാവണൻതന്നെക്കൊന്നാൽ അഗ്നിമണ്ഡലേ വാഴും സീതയെസ്സത്യവ്യാജാൽ കൈക്കൊണ്ടുപോകാമയോദ്ധ്യയ്ക്കു വൈകാതെ, പിന്നെ അക്ഷയധർമ്മമോടു രാജ്യത്തെ വഴിപോലെ രക്ഷിച്ചു കിഞ്ചിൽ കാലം ഭൂമിയിൽ വസിച്ചീടാം. പുഷ്കരോൽഭവനിത്ഥം പ്രാർത്ഥിക്കനിമിത്തമാ- യർക്കവംശത്തിങ്കൽ ഞാൻ മർത്ത്യനായ്പിറന്നതും. മായാമാനുഷനാകുമെന്നുടെ ചരിതവും മായാവൈഭവങ്ങളും കേൾക്കയും ചൊല്ലുകയും ഭക്തിമാർഗ്ഗേണ ചെയ്യും മർത്ത്യനപ്രയാസേന മുക്തിയും സിദ്ധിച്ചീടുമില്ല സംശയമേതും. ആകയാലിവനേയും വഞ്ചിച്ചു ദുഃഖിപ്പു ഞാൻ പ്രാകൃതപുരുഷനെപ്പോലെ"യെന്നകതാരിൽ നിർണ്ണയിച്ചവരജനോടരുൾചെയ്തീടിനാൻ |
” |
വാല്മീകി രാമായണത്തിൽ ഇത്തരമൊരു വർണ്ണന കാണില്ല, സീതയെ കുറിച്ച് വ്യാകുലപ്പെടുന്ന രാമനെയാണ് കാണാനാകുക. മൂലകൃതിയായ വാല്മീകി രാമായണത്തിൽ രാമൻ ദൈവികപരിവേഷങ്ങളില്ലാത്ത മനുഷ്യരൂപനാണെങ്കിൽ എഴുത്തച്ഛന്റെ രാമായണത്തിൽ, രാമൻ ത്രികാലങ്ങൾ അറിയുന്നവനും തന്റെ ദൈവികവും ധാർമികവുമായ ധർമ്മങ്ങളെ കുറിച്ച് ഉത്തമബോധ്യമുള്ളവനുമാണ്.
രാമായണം എഴുതുവാൻ എഴുത്തച്ഛൻ തിരഞ്ഞെടുത്തിരിക്കുന്ന വൃത്തങ്ങളും ശ്രദ്ധേയമാണ്. ദ്രാവിഡനാടോടിഗാനങ്ങളിൽ നിന്നും, ആര്യാവർത്തികളുടെ സംസ്കൃത ഛന്ദസ്സുകളിൽ നിന്നും വ്യത്യസ്തമായി പ്രാചീനദ്രാവിഡ കവനരീതിയാണ് എഴുത്തച്ഛൻ അവലംബിച്ചിരിക്കുന്നത്. കഥാഗതിയുടെ അനുക്രമമനുസരിച്ച് ആഖ്യാനത്തിൽ താളബോധം വരുത്തുവാനെന്നോളം ഓരോ കാണ്ഡങ്ങൾക്കും അനുയോജ്യമായ വൃത്തങ്ങളാണ് എഴുത്തച്ഛൻ ഉപയോഗിച്ചിരിക്കുന്നത്. ബാലകാണ്ഡത്തിലും ആരണ്യകാണ്ഡത്തിലും കേക വൃത്തമാണെങ്കിൽ അയോദ്ധ്യാകാണ്ഡത്തിനും യുദ്ധകാണ്ഡത്തിനും കാകളിയും ഇടയിൽ സുന്ദരകാണ്ഡത്തിനുമാത്രമായി കളകാഞ്ചിയും ഉപയോഗിച്ചിരിക്കുന്നു. പാരായണത്തിൽ ആസ്വാദ്യമായ താളം വരുത്തുവാൻ ഇത്തരം പ്രയോഗത്തിലൂടെ എഴുത്തച്ഛനു സാധിച്ചിരുന്നു.
എഴുത്തച്ഛന്റെ കൃതികൾ അവയുടെ കാവ്യമൂല്യങ്ങൾക്കപ്പുറം സാംസ്കാരികപരിച്ഛേദങ്ങൾക്ക് പ്രശസ്തമാവുകയാണുണ്ടായത്. മലയാളഭാഷയുടെ സംശ്ലേഷകൻ എന്നതിലുപരി എഴുത്തച്ഛനു സാംസ്കാരികനായകന്റെ പരിവേഷം നൽകുവാനും അദ്ദേഹത്തിന്റെ കാവ്യങ്ങൾക്കായിരുന്നു.[27][28]
വിശകലനം
തിരുത്തുകപൊതുവെ ഭക്തകവികളെ കുറിച്ചുള്ള വിമർശനങ്ങൾ എഴുത്തച്ഛന്റെ കവിതകളെ കുറിച്ചും നിരൂപകർ പരാമർശിച്ചുകാണുവാറുണ്ട്. അതിലൊന്നു രാമനെയോ കൃഷ്ണനെയോ കുറിച്ചുള്ള വർണ്ണനകളിൽ (പൊതുവെ ദേവരെ കുറിച്ചുള്ള വർണ്ണനകളിൽ) അത്യധികം വിശേഷണരൂപങ്ങളും അലങ്കാരവാക്കുകളും പ്രയോഗിക്കുന്നതിനെ കുറിച്ചാണ:
“ | രാഘവം പ്രണതാർത്തിഹാരിണം ഘൃണാകരം രാകേന്ദുമുഖം ഭവഭഞ്ജനം ഭയഹരം. ഇന്ദിരാരമണമിന്ദീവരദളശ്യാമ- മിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതപദം സുന്ദരം സുകുമാരം സുകൃതിജനമനോ- മന്ദിരം രാമചന്ദ്രം ജഗതാമഭിരാമം |
” |
എന്നാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ആരണ്യകാണ്ഡത്തിലെ "വിരാധവധം" എന്ന ഭാഗത്തിൽ ശ്രീരാമനെ കവി പ്രകീർത്തിക്കുന്നത്.
എങ്കിലും ശ്രദ്ധേയമായ വസ്തുതയെന്തെന്നാൽ ഭക്തിപ്രസ്ഥാനത്തിനോടുള്ള സ്വകാര്യവും തീക്ഷ്ണവുമായുള്ള അനുഭാവം എഴുത്തച്ഛന്റെ വരികളുടെ കാവ്യാത്മകത കെടുത്തുന്നില്ലെന്നതാണ്.
ചെറുശ്ശേരിയിൽ നിന്നു എഴുത്തച്ഛനിലേക്കുള്ള മലയാളം കവിതയുടെ വളർച്ച മദ്ധ്യകാലത്തുനിന്നു് ആധുനികകാലത്തേക്കുള്ള വളർച്ചയായി കരുതാവുന്നതാണ്. രാവണൻ, ദുര്യോധനൻ എന്നീ നായകവിരുദ്ധസ്വഭാവം പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളെപ്പോലും തികഞ്ഞമാന്യതയോടും സംശുദ്ധിയോടും കൂടി അവതരിപ്പിക്കുകയാണ് എഴുത്തച്ഛൻ ചെയ്തത്. ആത്മീയതയും സാഹിത്യചിന്തയും ഒരേ അളവിൽ ചേർത്തായിരുന്നു എഴുത്തച്ഛന്റെ സാഹിത്യരചന. അദ്ദേഹം കഥപറയുന്നതിൽ എടുത്ത സ്വാതന്ത്ര്യമാകട്ടെ അന്നുവരെ കാണാതിരുന്ന രസങ്ങളെയും ഭാവങ്ങളെയും കവിതയിൽ അനന്യസാധാരണമായ ശൈലിയിൽ വർണ്ണിക്കുവാനും അദ്ദേഹത്തിനു സഹായകരമായി.
ചിറ്റൂരിലെ ഗുരുമഠം
തിരുത്തുകശോകനാശിനിപ്പുഴ അഥവാ ചിറ്റൂർ പുഴയുടെ തീരത്തുള്ള എഴുത്തച്ഛന്റെ വാസസ്ഥാനത്തായിരുന്നു ഭാഗവതം കിളിപ്പാട്ടിന്റെ രചന, അദ്ദേഹത്തിൻറെ ശിഷ്യൻ സൂര്യനാരായണൻ നിർവഹിച്ചത്. ദേശസഞ്ചാരം കഴിഞ്ഞ് സ്വദേശത്തതു തിരിച്ചു വന്ന എഴുത്തച്ഛൻ ജീവിതാവസാനകാലത്ത് സന്യാസം സ്വീകരിച്ച് ചിറ്റൂരിൽ ഒരു ഗുരു മഠം സ്ഥാപിച്ചതായും കരുതുന്നു. പാലക്കാട്ടു ജില്ലയിലെ ചിറ്റൂരിൽ ഭാരതപ്പുഴയുടെ തീരത്താണ് ഗുരുമഠം. രാമാനന്ദാശ്രമത്തിൽ അദ്ദേഹത്തിന്റെ മെതിയടിയും യോഗദണ്ഡം സൂക്ഷിച്ചുവച്ചിട്ടുണ്ട്. എഴുത്തച്ഛന്റെ സമാധി ചിറ്റൂരിലെ മഠത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ചിറ്റൂരിൽ മഠം തീർത്ത് ആധ്യാത്മികജീവിതം നയിക്കുകയാണ് എഴുത്തച്ഛൻ അവസാനകാലം ചെയ്തത്.
തുഞ്ചൻസ്‌മാരകം / തുഞ്ചൻപറമ്പ്
തിരുത്തുക1964 ജനുവരി 15ന് തുഞ്ചൻസ്‌മാരകം ഉദ്‌ഘാടനം ചെയ്യപ്പെട്ടു. എഴുത്തച്ഛന്റെ സ്‌മരണ നിലനിർത്താനായി ഇവിടെ എല്ലാവർഷവും തുഞ്ചൻദിനം ആഘോഷിക്കുന്നു. കെ.പി. കേശവമേനോൻ ആയിരുന്നു ആദ്യ ചെയർമാൻ. ഇപ്പോൾ എം.ടി വാസുദേവൻ നായരാണ് ചെയർമാൻ. മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്‍ഥലമാണ് തിരൂർ തൃക്കണ്ടിയൂരിന്നടുത്ത അന്നാര എന്ന സ്ഥലം. "തുഞ്ചൻ പറമ്പ്" (ഇംഗ്ലീഷ്: Thunjan Parambu or Thunchan Parambu) എന്ന പേരിൽ ഇപ്പോൾ ഈ സ്‍ഥലം അറിയപ്പെടുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏതാണ്ട് 1.5 കി.മീ. ദൂരത്തിലാണു തുഞ്ചൻ പറമ്പ് സ്ഥിതിചെയ്യുന്നത്. തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മാരകമായി ഇന്ന് മലപ്പുറം ജില്ലയിൽ തിരൂർ-പൂങ്ങോട്ടുകുളം കൂട്ടായി റോഡിൽ സ്ഥിതി ചെയ്യുന്ന തുഞ്ചൻ സ്മാരകം ആണ് തുഞ്ചൻ പറമ്പ് എന്ന് അറിയപെടുന്നത്. എല്ലാ വിദ്യാരംഭ വർഷവും മലയാളത്തിന്റെ ഹരിശ്രീ കുറിക്കാൻ അനേകം കുട്ടികൾ ഇവിടെ എത്താറുണ്ട്.
തുഞ്ചൻ ദിനം
തിരുത്തുകതുഞ്ചത്തെഴുത്തച്ഛന്റെ സ്മരണയ്ക്ക് എല്ലാ വർഷവും ഡിസംബർ 31 ന് തുഞ്ചൻ ദിനമായി ആചരിക്കുന്നു. ഈ ദിവസം വളരെ വിപുലമായ പരിപാടികളോടെ തിരൂരിലെ തുഞ്ചൻ സ്മാരകത്തിൽ ആഘോഷിക്കുന്നു.[29]
ചിത്രശാല
തിരുത്തുക-
തുഞ്ചൻ സ്മാരകത്തിലെ എഴുത്താണിയുടേയും എഴുത്തോലയുടേയും തത്തയുടേയും ശില്പം
-
തുഞ്ചൻ പറമ്പിലെ മണ്ഡപവും ഓഡിറ്റോറിയവും
-
തുഞ്ചൻ പറമ്പിലെ കയ്ക്കാത്ത കാഞ്ഞിരമരം.
-
നൃത്ത മണ്ഡപം .
Thunjan Parambu | |
---|---|
Village | |
Skyline of Thunjan Parambu | |
Coordinates: 10°54′0″N 75°54′0″E / 10.90000°N 75.90000°E | |
Country | India |
State | Kerala |
District | Malappuram |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Ezhuthachan Father of literary tradition in Malayalam". Times of India online. 5 July 2003. Archived from the original on 12 March 2017. Retrieved 6 March 2018.
- ↑ കുറുപ്പ്, കെ.ബാലകൃഷ്ണ (January 2000) [May 1998]. വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ (2 ed.). മാതൃഭൂമി പബ്ലിഷിംഗ് കമ്പനി. p. 34.
അദ്ദേഹം ജനിച്ച സ്ഥലത്തിന്, തുഞ്ചൻപറമ്പ് എന്നാണ് ഇപ്പോഴും പേരുപറഞ്ഞുവരുന്നത്. എഴുത്തച്ഛന്റെ പേര് തുഞ്ചൻ എന്നായിരുന്നില്ലെങ്കിൽ 'തുഞ്ചൻപറമ്പ്' 'തുഞ്ചത്തുപറമ്പ്' എന്നറിയപ്പെടുമായിരുന്നു.
- ↑ "Thunchath Ezhuthachan's memorial starved of funds - KERALA - The Hindu". The Hindu online. 14 June 2011. Archived from the original on 2018-03-08. Retrieved 8 March 2018.
- ↑ Tarakan, Ke Eṃ (1990). A Brief Survey of Malayalam Literature: History of Literature (in ഇംഗ്ലീഷ്). K.M. Tharakan. p. 26.
- ↑ Madhubālā Sinhā: (2009). Encyclopaedia of South Indian Literature. India. Anmol Publications. p. 212.
{{cite book}}
: CS1 maint: extra punctuation (link) - ↑ Logan, William (1887). Malabar Manual, Vol. 1. Servants of Knowledge. Superintendent, Government Press (Madras). ISBN 978-81-206-0446-9.
- ↑ Sankunni, Kottarathil (2009-08-01). Eithihyamala (2nd ed.). Kottayam: D. C. Books. ISBN 978-8126422906.
- ↑ February 1939Chamravattam, Name C. RadhakrishnanRole writerBorn 15; Tirur; Kerala; Writer, IndiaOccupation; Author; Ottayadipathakal, film directorMovies; Pushyaraagam; Pinnilavu; Madhu, KanalaattamSimilar People (2017-08-18). "C Radhakrishnan - Alchetron, The Free Social Encyclopedia" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-10-03.
{{cite web}}
:|last5=
has generic name (help)CS1 maint: numeric names: authors list (link) - ↑ Sankunni, Kottarathil (2009-08-01). Eithihyamala (2nd ed.). Kottayam: D. C. Books. ISBN 978-8126422906.
- ↑ Edgard Thurston, K. Rangachari. Castes and Tribes of Southern India: Volume 1,2001. p. 186
- ↑ Ranjit Kumar Bhattacharya, Nava Kishor Das. Anthropological Survey of India: Anthropology of Weaker Sections, 1993, p. 590
- ↑ Origin and Development of Caste’’ by Govinda Krishna Pillai, page 103 ,162
- ↑ Studies in Indian history: with special reference to Tamil Nādu by Kolappa Pillay, Kanaka Sabhapathi Pillay, page 103
- ↑ A Social History Of India By S. N. Sadasivan ,Page 371
- ↑
കുറുപ്പ്, കെ.ബാലകൃഷ്ണ (January 2000) [May 1998]. വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ (2 ed.). മാതൃഭൂമി പബ്ലിഷിംഗ് കമ്പനി. p. 39.
അദ്ദേഹം (എഴുത്തച്ഛൻ) ബ്രഹ്മചാരിയായിരുന്നെന്ന് ഒരുകൂട്ടരും ഗൃഹസ്ഥാശ്രമികയിരുന്നെന്നു മറ്റൊരുകൂട്ടരും വിശ്വസിക്കുന്നു. ഗൃഹസ്ഥാശ്രമിയായിരുന്നുവെന്നതിന് അനുകൂലമായ സാഹചര്യത്തെളിവുകളൊന്നും കാണാനില്ല മറിച്ച് സന്യാസജീവിതമാണ് എഴുത്തച്ഛൻ നയിച്ചിരുന്നതെന്നതിന് അദ്ദേഹത്തിന്റ ചിറ്റൂരിലെ ആശ്രമവും അദ്ദേഹത്തിന്റെ കവിതകളിലെ ധാരാളം പ്രയോഗങ്ങളും സാക്ഷ്യംവഹിക്കുന്നു.“
ഇന്ദ്രിയനിഗ്രഹമുള്ള പുരുഷന്നുവന്നുകൂടും നിജസൗഖ്യങ്ങളൊക്കവേ
” എന്നും
“
സത്സംഗംകൊണ്ടു ലഭിച്ചീടിന ഭക്തിയോടും
തൽസേവാരതന്മാരാം മാനുഷർ മെല്ലെമെല്ലെ
ത്വന്മയാരചിതമാം സംസാരപാരാവാരം
തന്മറുകരയേറിടുന്നു കാലംകൊണ്ടേ
ത്വൽജ്ഞാനപരന്മാരാം മാനുഷജനങ്ങൾക്കു-
ള്ള ജ്ഞാനം നീക്കുവൊരു സല്ഗുരു ലഭിച്ചിടും
” എന്നുംപറയുന്ന എഴുത്തച്ഛൻ അധ്യാത്മകാചാര്യപദവിയിൽ ശിഷ്യഗണങ്ങൾക്കുപദേശം നല്കിക്കൊണ്ടു ജീവിച്ചുവെന്നുതന്നെ കരുതാം.
“
ഭക്തിസംയുക്തന്മാരാം യോഗീന്ദ്രന്മാർക്കു നൂനം
ഹസ്തസംസ്ഥിതിയല്ലോ മുക്തിയെന്നറിഞ്ഞാലും
” “
രമിച്ചുവസിച്ചോളം വിരക്തിവരുമെന്ന-
തൊരുത്തൻ ധരിക്കേണ്ട വർദ്ധിക്കും ദിനംപ്രതി
” എന്നു രാമായണത്തിലും
“ സേവിച്ചോളവും നന്നായ് വർദ്ധിച്ചുവരും കാമം
” എന്ന് ഭാരതത്തിലുമെഴുതിയ മഹാത്മാവ് ഗൃഹസ്ഥാശ്രമിയായിരിക്കാനിടയില്ലെന്നേ പറയാൻവയ്ക്കു.
- ↑
എഴുത്തച്ഛൻ, വിദ്വാൻ കുറുവാൻ തൊടിയിൽ ശങ്കരൻ (1926) [1926]. തുഞ്ചത്തെഴുത്തച്ഛൻ (1 ed.). വി. ടി. രാമൻ ഭട്ടതിരിപ്പാടു്, മംഗളോദയം പവർ പ്രസ്, തൃശൂർ. p. 50, 51.
മഹാകവിയുടെ ഗൃഹജീവിതത്തെക്കുറിച്ചു് അധികമായൊന്നും കേട്ടിട്ടില്ല. അദ്ദേഹം ആജീവനാന്തം ഒരഖണ്ഡബ്രഹ്മചാരിയായിരുന്നുവെന്നൊരു പക്ഷമുണ്ട്. ഇതിന്നെതിരായി എഴുത്തച്ഛൻ വിവാഹം കഴിച്ചിരുന്നുവെന്നും, അദ്ദേഹം തന്റെ മകൾക്കുപദേശിച്ചതാണു "ചിന്താരത്ന"മെന്ന വിശിഷ്ടഗ്രന്ഥമെന്നും മറുപക്ഷക്കാർ വാദിയ്ക്കുന്നു. - ↑ Origin and Development of Caste’’ by Govinda Krishna Pillai, p. 103, 162
- ↑ A Social History of India’’ by SN Sadasivan, p. 371
- ↑ Studies in Indian history: with Special Reference to Tamil Nādu by Kolappa Pillay and Kanaka Sabhapathi Pillay, p. 103
- ↑ India Without Misrepresentation - Book 3: Origin and Development of Caste by GK Pillai, Director of the Centre of Indology, Allahabad, Kitab Mahal 1959, p. 162
- ↑ Raja, Dileep.G (2005). "Of an old school of teachers". Thiruvananthapuram: The Hindu. Archived from the original on 2014-10-15. Retrieved 2019-11-12.
- ↑ Edgard Thurston, K Rangachari. Castes and Tribes of Southern India: Volume 1, 2001. p. 186
- ↑ Ranjit Kumar Bhattacharya, Nava Kishor Das. Anthropological Survey of India: Anthropology of Weaker Sections, 1993, p. 590
- ↑ Studies in Indian history: with special Reference to Tamil Nādu by Kolappa Pillay and Kanaka Sabhapathi Pillay, p. 103
- ↑ കൊട്ടാരത്തിൽ, ശങ്കുണ്ണി (1994) [1909-1934]. ഐതിഹ്യമാല. 1-8 (6th ed.). കറന്റ് ബുക്സ്. ISBN 81-240-00107.
{{cite book}}
: Cite has empty unknown parameters:|accessyear=
,|origmonth=
,|accessmonth=
,|chapterurl=
,|origdate=
, and|coauthors=
(help) - ↑ ഡോ.കെ. എൻ. എഴുത്തച്ഛൻ (1984). എഴുത്തച്ഛന്റെ അധ്യാത്മരാമായണം - ഒരു പഠനം. കോട്ടയം: നാഷണൽ ബുക്ക് സ്റ്റാൾ.
- ↑ നാരായണൻ, എം.ജി.എസ് (2017). കേരളം ചരിത്രവഴിയിലെ വെളിച്ചങ്ങൾ. കോട്ടയം: സാഹിത്യ പ്രവർത്തക കോ-ഓപറേറ്റിവ് സൊസൈറ്റി. p. 106. ISBN 978-93-87439-08-5.
കവിതയുടെ ഇന്ദ്രജാലത്തിലൂടെ നിരക്ഷരകുക്ഷികളായ നായർപ്പടയാളിക്കൂട്ടങ്ങൾക്ക് രാമായണഭാരതാദി കഥകളിലെ നായികാനായകന്മാരെ നാട്ടിലെ അയൽവാസികളെപ്പോലെ പരിചയപ്പെടുത്തുവാൻ എഴുത്തച്ഛനു സാധിച്ചു. ആര്യസംസ്കാരത്തിലെ ധർമശാസ്ത്രമൂല്യങ്ങൾ മലയാളികളുടെ മനസ്സിൽ അദ്ദേഹം ശക്തമായി അവതരിപ്പിച്ചു. ലൈംഗികാരാജകത്വം കൂത്താടിയ ശൂദ്രസമുദായത്തിൽ പാതിവൃത്യമാതൃകയായി സീതാദേവിയെ പ്രതിഷ്ഠിക്കുവാനും പിതൃഭക്തി, ഭ്രാതൃസ്നേഹം, ധാർമ്മികരോഷം മുതലായ സങ്കല്പങ്ങൾക്ക് ഭാഷയിൽ രൂപം കൊടുക്കാനും എഴുത്തച്ഛനു സാധിച്ചു. അതിനുമുമ്പ് ബ്രാഹ്മണരുടെ കുത്തകയായിരുന്ന പൗരാണികജ്ഞാനം ബ്രാഹ്മണേതരസമുദായങ്ങൾക്കിടയിൽ പ്രചരിപ്പിച്ചതിലൂടെ ആര്യ-ദ്രാവിഡ സമന്വയത്തിന്റെ സൃഷ്ടിയായ ആധൂനിക മലയാളഭാഷയും സംസ്കാരവും കേരളത്തിനു സ്വായത്തമാക്കുവാൻ എഴുത്തച്ഛന്റെ പള്ളിക്കൂടമാണ് സഹായിച്ചത്. ഓരോ തറവാട്ടിലും രാമായണാദി പുരാണേതിഹാസഗ്രന്ഥങ്ങളുടെ താളിയോലപ്പകർപ്പുകൾ സൂക്ഷിക്കുവാനും ധനസ്ഥിതിയുള്ളേടത്ത് എഴുത്തച്ഛന്മാരെ നിശ്ചയിച്ച് പള്ളിക്കൂടങ്ങൾ സ്ഥാപിക്കുവാനും അങ്ങനെ കേരളത്തിൽ ജനകീയസാക്ഷരതക്ക് തുടക്കംകുറയ്ക്കുവാനും എഴുത്തച്ഛന്റെ പ്രയത്നമാണ് വഴിവെച്ചത്. അതിന്റെ ഫലമായി പാരായണത്തിലൂടെയും കേൾവിയിലൂടെയും വളർന്ന സംസ്കാരമാണ് കേരളത്തിന് ഭാരതസംസ്കാരത്തിലേക്ക് എത്തിനോക്കാൻ ഒരു കിളിവാതിൽ സമ്മാനിച്ചത്.
- ↑ "Ezhuthachan opposed social evils: Vysakhan". ദ ഹിന്ദു ഓൺലൈൻ. 3 January 2024. Archived from the original on 4 September 2018. Retrieved 4 September 2018.
- ↑ "തുഞ്ചൻദിനം".