മൂവാറ്റുപുഴയാർ
കോതയാർ, കാളിയാർ, തൊടുപുഴയാർ എന്നീ മൂന്നു നദികൾ സംഗമിച്ചുണ്ടാകുന്ന നദിയാണ് മൂവാറ്റുപുഴയാർ. കേരളത്തിലെ പ്രധാനപ്പെട്ട നദികളിലൊന്നായ മൂവാറ്റുപുഴയാർ മൂവാറ്റുപുഴ, പിറവം, തലയോലപ്പറമ്പ്, വെള്ളൂർ, വൈക്കം എന്നീ സ്ഥലങ്ങളിലൂടെ ഒഴുകുന്നു. പശ്ചിമഘട്ടത്തിലെ കാനം, തരംഗം കുന്നുകളിൽ നിന്നുമാണ് നദിയുടെ ഉത്ഭവം. ആകെ 121 കിലോമീറ്റർ നീളമുള്ള നദിയുടെ വൃഷ്ടി പ്രദേശം 1555 കിലോമീറ്ററാണ്. എറണാകുളം, കോട്ടയം ജില്ലകളിലൂടെ ഒഴുകുന്ന ഈ നദി മുറിഞ്ഞപുഴ, ഇത്തിപ്പുഴ എന്നിങ്ങനെ രണ്ടു ശാഖകളായി വേർപിരിഞ്ഞ് വൈക്കത്തിനടുത്തുവച്ച് വേമ്പനാട്ടുകായലിൽ പതിക്കുന്നു.
പ്രസിദ്ധ ഹൈന്ദവദേവാലയങ്ങളായ രാമമംഗലം പെരുംതൃക്കോവിൽ നരസിംഹസ്വാമിക്ഷേത്രം, പാഴൂർ പെരുംതൃക്കോവിൽക്ഷേത്രം, വെള്ളൂർ വാമനസ്വാമി ക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം തുടങ്ങിയവ, ജ്യോതിഷത്തിന് പ്രസിദ്ധമായ പാഴൂർ പടിപ്പുര എന്നിവ മൂവാറ്റുപുഴയാറിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്.