വി.കെ.എൻ.

ഇന്ത്യന്‍ രചയിതാവ്‌

സവിശേഷമായൊരു രചനാശൈലി കൊണ്ട്‌ മലയാള സാഹിത്യത്തിൽ വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ അഥവാ വി. കെ. എൻ. (ഏപ്രിൽ 7, 1929 - ജനുവരി 25, 2004) . ഹാസ്യ രചനകൾക്കൊണ്ട്‌ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ എഴുത്തുകാരൻ ആർക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ്‌ അക്ഷരസഞ്ചാരം നടത്തിയത്‌. ശുദ്ധഹാസ്യത്തിൻ്റെ പൂത്തിരിവെട്ടത്തിൽ മാറിയിരുന്ന് ചുറ്റുപാടുകളെ നോക്കിക്കാണാൻ മലയാളികളെ പഠിപ്പിച്ച എഴുത്തുകാരനായിരുന്നു വി. കെ. എൻ. സ്വന്തം ജീവിതാനുഭവങ്ങൾ പയ്യൻ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും കഥകളുമാണ്‌ അദ്ദേഹത്തെ മലയാളസാഹിത്യത്തിൽ അനശ്വരനാക്കിയത്‌. കഥയും നോവലുകളുമായി ഇരുപത്തഞ്ചിലേറെ കൃതികൾ വി. കെ. എൻ എഴുതിയിട്ടുണ്ട്.. രണ്ടു നോവലുകളും ഏതാനും കഥകളും ഇംഗ്ലീഷിലേക്കും മറ്റ്‌ ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്തു. ഇംഗ്ലീഷ്‌ വിവർത്തനത്തിന്‌ വഴങ്ങാത്ത അത്യപൂർവ്വ ശൈലിയിലായിരുന്നു വി. കെ. എൻ. കഥകൾ പറഞ്ഞിരുന്നത്‌. അല്പം ബുദ്ധികൂടിയ നർമ്മമായതിനാൽ വി. കെ. എൻ. കഥകൾ വായനക്കാരുടെ ഒരു പ്രത്യേക വലയത്തിലൊതുങ്ങുകയും ചെയ്തു.

വി.കെ.എൻ
ജനനം(1929-04-07)7 ഏപ്രിൽ 1929
മരണം25 ജനുവരി 2004(2004-01-25) (പ്രായം 74)
തൊഴിൽനോവലിസ്റ്റ്,കഥാകൃത്ത്
ദേശീയതഭാരതീയൻ
പൗരത്വംindian
പങ്കാളിവേദവതി അമ്മ
കുട്ടികൾബാലചന്ദ്രൻ,രഞ്ജന

ജീവചരിത്രം

തിരുത്തുക

തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ 1929 ഏപ്രിൽ ഏഴിനാണ്‌ വി കെ എൻ ജനിച്ചത് (മീനമാസത്തിലെ ചതയം നാളിൽ). മെട്രിക്കുലേഷൻ കഴിഞ്ഞ്‌ 1951 മുതൽ എട്ടു വർഷത്തോളം മലബാർ ദേവസ്വം ബോർഡിൽ ഗുമസ്തനായി. പാലക്കാട്ടായിരുന്നു ആദ്യ നിയമനം. എന്നാൽ അദ്ദേഹമെഴുതിയ ദ്‌ ട്വിൻ ഗോഡ്‌ അറൈവ്‌സ്‌ എന്ന ലേഖനം ദേവസ്വം കമ്മീഷണറെ പരിഹസിക്കുന്നതാണെന്ന കുറ്റം ചുമത്തി കോയമ്പത്തൂരിലേക്കു സ്ഥലം മാറ്റപ്പെട്ടു. കുറെക്കാലത്തിനു ശേഷം മലപ്പുറം ജില്ലയിലെ പുളിക്കൽ അമ്പലത്തിൽ മാനേജരായി നിയമിതനായി. എന്നാൽ, പ്രസ്തുത അമ്പലം ഒരു സ്വകാര്യ ട്രസ്റ്റിന്‌ സർക്കാർ കൈമാറിയപ്പോൾ ജോലി നഷ്ടപ്പെട്ടു.

ഡൽഹിയിലേക്ക്‌

തിരുത്തുക

ദേവസ്വം വകുപ്പിലെ ജോലിനഷ്ടം ഒരർഥത്തിൽ വി കെ എന്നിന്റെ സാഹിത്യ ജീവിതത്തെ പരിപോഷിപ്പിക്കാൻ നിമിത്തമായി. ജോലിയന്വേഷിച്ച്‌ ഡൽഹിയിലെത്തിയതോടെ രചനയ്ക്കുള്ള മറ്റൊരു അനുഭവലോകവും അദ്ദേഹത്തിൻറെ മുന്നിൽത്തെളിഞ്ഞു. 1959-ലാണ്‌ അദ്ദേഹം ഡൽഹിയിലെത്തിയത്‌. പത്രപ്രവർത്തനത്തോടൊപ്പം അക്കാലത്ത്‌ പ്രസിദ്ധമായിരുന്ന ശങ്കേഴ്സ്‌ വീക്കിലിയിലും ലേഖനങ്ങളെഴുതി. വാർത്താ ഏജൻസിയായ യു. എൻ. ഐ. ആകാശവാണി എന്നിവിടങ്ങളിലായിരുന്നു പത്രപ്രവർത്തനജീവിതം. പത്തുവർഷക്കാലത്തെ ഡൽഹി ജീവിതം ഒട്ടേറെ സാഹിത്യ സൗഹൃദവും അദ്ദേഹത്തിനു സമ്മാനിച്ചു. ഒ. വി. വിജയൻ, കാക്കനാടൻ, എം. മുകുന്ദൻ എന്നിവരായിരുന്നു അക്കാലത്തെ പ്രധാന സുഹൃത്തുക്കൾ. 1969-ൽ ഡൽഹി ജീവിതം അവസാനിപ്പിച്ച്‌ തിരുവില്വാമലയിൽ തിരിച്ചെത്തി. എഴുത്തും വായനയുമായി വി കെ എൻ ജന്മനാട്ടിൽ തൻറേതായ ഒരു ലോകം സൃഷ്ടിച്ചു. 75-ആമത്തെ വയസ്സിൽ 2004 ജനുവരി 25-ന്‌ തിരുവില്വാമലയിലെ സ്വവസതിയിൽവച്ച്‌ മരണമടഞ്ഞു. മസ്തിഷ്കാർബുദമായിരുന്നു മരണകാരണം.

പ്രധാന സാഹിത്യസൃഷ്ടികൾ

തിരുത്തുക

കവിതയും നാടകവുമൊഴികെ മറ്റെല്ലാ സാഹിത്യ വിഭാഗങ്ങളിലും വി. കെ. എൻ കൈവെച്ചിട്ടുണ്ട്‌. ചില രചനകൾ ഒരു ഗണത്തിലും പെടുത്താനുമാവില്ല. ഹിസ്റ്റോറിക്കൽ സറ്റയർ (historical satire) എന്ന സാഹിത്യരൂപം (genre) അദ്ദേഹത്തിന്റെ സൃഷ്ടിയാണ്.[അവലംബം ആവശ്യമാണ്] ഉദാഹരണം: മഞ്ചൽ, പെൺപട, പിതാമഹൻ. "ആരോഹണം" എന്ന നോവൽ, Bovine Bugles എന്ന പേരിൽ അദ്ദേഹം തന്നെ വിവർത്തനം ചെയ്തിട്ടുണ്ട്. തിരക്കഥ: അപ്പുണ്ണി.

കഥാസമാഹാരങ്ങൾ

  1. മന്ദഹാസം
  2. പയ്യൻ
  3. ക്ലിയൊപാട്ര
  4. പയ്യന്റെ കാലം
  5. കാലഘട്ടത്തിലെ പയ്യൻ
  6. പയ്യന്റെ സമരം
  7. പയ്യന്റെ യാത്രകൾ
  8. കുഞ്ഞൻമേനോൻ
  9. അതികായൻ
  1. ചാത്തൻസ്‌
  2. ചൂർണാനന്ദൻ
  3. സർ ചാത്തുവിന്റെ റൂളിംഗ്‌
  4. വികെഎൻ കഥകൾ
  5. പയ്യൻ കഥകൾ
  6. ഹാജ്യാര്‌
  7. മാനാഞ്ചിറ ടെസ്റ്റ്‌
  8. ഒരാഴ്ച
  9. പയ്യന്റെ ഡയറി

നോവലുകൾ

  1. അസുരവാണി
  2. മഞ്ചൽ
  3. ആരോഹണം
  4. ഒരാഴ്ച
  5. സിൻഡിക്കേറ്റ്‌
  6. ജനറൽ ചാത്തൻസ്‌
  7. പയ്യന്റെ രാജാവ്‌
  1. പെൺപട
  2. പിതാമഹൻ
  3. കുടിനീർ
  4. നാണ്വാര്‌
  5. അധികാരം
  6. അനന്തരം

നോവലൈറ്റ്‌

അമ്മൂമ്മക്കഥ

നർമ്മലേഖനം

അയ്യായിരവും കോപ്പും

രചനാശൈലി

തിരുത്തുക

അധികാര വ്യവസ്ഥയ്ക്കെതിരായ അനുരഞ്ജനരഹിതമായ വിമർശനങ്ങളായിരുന്നു വികെഎന്നിൻറെ പ്രധാന രചനകളെല്ലാം. സിൻഡിക്കേറ്റ്‌, ആരോഹണം, പയ്യൻ കഥകൾ തുടങ്ങിയ രചനകൾ അധികാരത്തിൻറെ ഇടനാഴികളിലൂടെയുള്ള വിമർശന യാത്രകളാണ്‌. ഭക്ഷണം, ഇര, ഇണ, സ്ഥാനമാനങ്ങൾ തുടങ്ങിയ ഘട്ടങ്ങളിലൂടെ കയറിപ്പോകുന്ന പയ്യൻ ഒടുവിൽ അധികാരത്തെ തന്നെയാണ്‌ തുറന്നുകാട്ടിയത്‌. പയ്യൻ എന്ന കഥാപാത്രം അദ്ദേഹത്തിൻറെ തന്നെ ആത്മാവാണെന്നു പറയാം. ഡൽഹി ജീവിതത്തിനിടയ്ക്ക്‌ ഇന്ത്യയുടെ തലസ്ഥാനനഗരിയിൽ അരങ്ങേറുന്ന രാഷ്ട്രീയനാടകങ്ങൾ വി. കെ. എൻ-ൽ ഉണർത്തിയ രോഷമാണ്‌ പയ്യൻറെ നർമ്മങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പുറത്തുവരുന്നത്‌.

തുള്ളൽ കൃതികളിലൂടെ മലയാളസാഹിത്യത്തിൽ ഹാസ്യത്തിൻറെ ഐശ്വര്യം വിതറിയ കുഞ്ചൻ നമ്പ്യാരുടെ നാട്ടുകാരനായിരുന്നു വി. കെ. എൻ. ചുറ്റും നടക്കുന്നതിൽനിന്നൊക്കെയും മാറിനിന്ന് അവ നർമ്മത്തിൽ ചാലിച്ച്‌ അനുവാചകർക്കു മുന്നിൽ അവതരിപ്പിച്ചാണ്‌ നമ്പ്യാർ ഓട്ടൻതുള്ളൽ എന്ന കലയെ ജനകീയമാക്കിയത്‌. നർമ്മരചനയുടെ കാര്യത്തിൽ വി. കെ. എൻ ചെയ്തതും ഇതുതന്നെ. സമകാലിക സംഭവങ്ങളെ മാറിനിന്നു നോക്കിക്കണ്ട്‌ അവ നർമ്മത്തിൽ ചാലിച്ച നിരീക്ഷണങ്ങളായി മലയാള സാഹിത്യലോകത്ത്‌ അദ്ദേഹം സമർഥമായി വിളമ്പി.

ലോകചരിത്രം, സാമ്പത്തിക ശാസ്ത്രം, രാജ്യാന്തര രാഷ്ട്രീയ സംഭവവികാസങ്ങൾ, ഭാരതത്തിലെ പുരാണകൃതികൾ എന്നീ വിഷയങ്ങളിലുള്ള പരന്ന വായനയുടെ പിൻബലവും വി. കെ. എൻ കൃതികളുടെ പ്രത്യേകതയാണ്‌. അതുകൊണ്ടുതന്നെ തന്റെ കാലഘട്ടത്തിലെ ഏതു ഭൂകമ്പത്തെയും അനായാസമായി അവതരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

പുരസ്കാരങ്ങൾ

തിരുത്തുക

ആരോഹണം 1969ലെ കേരള സാഹിത്യ അക്കാദമി അവാർഡിനർഹമായി. 1978-ൽ മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവന കണക്കിലെടുത്ത് എം.പി.പോൾ അവാർഡ്. 1982-ൽ പയ്യൻ കഥകൾക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്. 1997-ൽ പിതാമഹൻ എന്ന കൃതിക്ക്  മുട്ടത്തു വർക്കി അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

അനുബന്ധം:

  • മലയാളം വാരിക[1] Archived 1999-04-28 at the Wayback Machine. വികെഎൻ സ്പെഷൽ പതിപ്പിലെ (2004 ഫെബ്രുവരി 6) ലേഖനങ്ങൾ.
  • വികെഎൻ: മൺമറഞ്ഞ നർമ്മം - ദാറ്റ്‌സ്‌ മലയാളം ലേഖനം [2] Archived 2005-11-28 at the Wayback Machine..
  • വികെഎൻ:അനന്യതയുടെ പര്യായം - വെബ്‌ലോകം ലേഖനം [3] Archived 2005-11-28 at the Wayback Machine..

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വി.കെ.എൻ.&oldid=3728372" എന്ന താളിൽനിന്ന് ശേഖരിച്ചത്